എ.കെ.ജി

ഞങ്ങളൊരിക്കലും ഭരണവർഗങ്ങൾക്ക് കീഴടങ്ങില്ല

അടിയന്തരാവസ്​ഥ പ്രഖ്യാപിക്കപ്പട്ട ശേഷം, ഒരു മാസത്തി​നുശേഷം നടന്ന പാർലമെന്റ് സമ്മേളനത്തിൽ 1975 ജൂലൈ 21ന്​ എ.കെ. ഗോപാലൻ നടത്തിയ പ്രസംഗം ചരിത്രപ്രാധാന്യമുള്ളതാണ്​. രാജ്യത്തി​ന്റെ അവസ്​ഥകൾ ആ ചരിത്ര പ്രസംഗത്തിൽ വ്യക്തമാണ്​. ഇംഗ്ലീഷിൽ നടത്തിയ പ്രസംഗത്തി​ന്റെ പ്രസക്ത ഭാഗങ്ങളാണ്​ ചുവടെയുള്ളത്​.

ചെയർമാൻ, ജഗ്ജീവൻ റാമിന്റെ പ്രസംഗം ഞാൻ കേട്ടു. ഒരു മന്ത്രിയുടെ വാക്കുകളാണോയെന്ന് എനിക്ക് ഭയം തോന്നുന്നു, അദ്ദേഹം പലപ്പോഴും​ പ്രധാനമന്ത്രിയെ നോക്കി​ക്കൊണ്ടിരിക്കുന്നത് ഞാൻ കണ്ടതാണ്. എന്തിന് നോക്കുന്നുവെന്ന കാരണം എനിക്കറിയാം. അതിൽ ഞാൻ അദ്ദേഹത്തോട് അനുതപിക്കുന്നു. അസാധാരണവും പരിതാപകരവുമായ ഒരു സാഹചര്യത്തിലാണ് ഞാനിവിടെ സംസാരിക്കുന്നത്. കാരണം, 34 പാർലമെന്റ് അംഗങ്ങൾ നിലവിൽ സഭയിലില്ല. അവർ സ്വയം ഇഷ്ടപ്രകാരം അവധിയിലായതല്ല. അവരെ, വിചാരണ കൂടാ​തെ തടവിലാക്കിയതാണ്. പാർലമെന്റിനെ പോലും ഒരു പ്രഹസനവും പരിഹാസവസ്തുവുമായി ശ്രീമതി ഇന്ദിര ഗാന്ധിയും അവരുടെ പാർട്ടിയും മാറ്റിയിരിക്കുന്നു.

ഞാൻപോലും ​അറസ്റ്റ് ചെയ്യപ്പെട്ട് ഒരാഴ്ച ജയിലിലടക്കപ്പെട്ടിരുന്നുവെന്ന് ഇവിടെ ​പറയേണ്ടിവരുകയാണ്. നിങ്ങൾക്ക് നന്നായറിയുന്ന ജ്യോതിർമയി ബസു, ഞങ്ങളുടെ പാർട്ടിയിലെതന്നെ അംഗം നൂറുൽ ഹുദാ എന്നിവരും അറസ്റ്റിലായിരുന്നു. ഞാനിന്ന് പക്ഷേ, ഏറെയൊന്നും സംസാരിക്കാനാവാത്തത്ര വയോധികനായ ഒരാളാണ്. എന്നെ വിട്ടയച്ചപ്പോൾ അവരെ ഇരുവരെയും ജയിലിൽ തന്നെയാക്കി. കാരണം വ്യക്തം; എനിക്ക് ജയിലുകൾ ഭയമില്ല. കാരണം, അവസാന 45 വർഷങ്ങളിൽ 17 വർഷവും ഞാൻ ജയിലിൽതന്നെ കഴിഞ്ഞതാണ്. എന്നാലും, ജയിലിൽ കഴിഞ്ഞ രണ്ടുദിവസം എനിക്കുനേരെയുണ്ടായ മനുഷ്യത്വരഹിതമായ പെരുമാറ്റം അതീവ ദുഃഖകരമാണ്. അവിടെ ഞാൻ സത്യഗ്രഹ സമരമിരിക്കേണ്ടിവന്നു. അവിടെവെച്ച് സ്പീക്കർക്ക് ഞാനൊരു ടെലിഗ്രാം അയച്ചു. അതിനുശേഷമാണ് കാര്യങ്ങൾ മാറിയത്.

സാർ, ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിൽനിന്ന് അറസ്റ്റ് വരിക്കുകയും ഒട്ടുവളരെ പീഡനങ്ങളേറ്റുവാങ്ങുകയും ചെയ്ത ഒരു കോൺഗ്രസുകാരനായിരുന്നിട്ടും ഇത്ര ഹീനമായ പെരുമാറ്റം നേരിടേണ്ടിവന്നത് സങ്കടകരമാണ്. രണ്ടു ദിവസം മുമ്പ് മാത്രമാണ് ഞാൻ ജയിൽ മോചിതനായത്. കാരണം എനിക്കറിയാം. പക്ഷേ, ഇപ്പോഴും അഴിയെണ്ണുന്ന എന്റെ 2000-3000 സഖാക്കളുടെ കാര്യമോ? എന്തുകൊണ്ടാണ് എന്നെയും നമ്പൂതിരിപ്പാടിനെയും വിട്ടയച്ചത്? മാർക്സിസ്റ്റ്, ഇടത് പാർട്ടി അണികളോ നേതാക്കളോ അറസ്റ്റിലായിട്ടില്ലെന്നും വിപ്ലവകാരികളെ മാത്രമാണ് പിടികൂടിയതെന്നും ലോകത്തെ കാണിക്കാനാണത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. ഇതു ഞാൻ പറയുന്നത്, നേരത്തേ കോൺഗ്രസിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ച നേതാവെന്ന നിലക്ക് എനിക്ക് എന്റേതായ വികാരങ്ങളുണ്ട്.

അതുകൊണ്ടാണ്, അറസ്റ്റിലായ ഉടൻ ഏൽക്കേണ്ടിവന്ന പീഡനങ്ങളെ കുറിച്ച് ഞാൻ വികാരപ്രകടനം നടത്തിയത്. എന്റെ സഖാക്കൾ തടഞ്ഞില്ലായിരുന്നെങ്കിൽ പൊലീസുകാർ എന്റെ തല പൊട്ടിക്കു​മായിരുന്നു. അവർ രക്ഷപ്പെടുത്തിയതിനാൽ പരിക്കുകളുമായി രക്ഷപ്പെട്ടു. അവർ രക്ഷക്കെത്തിയില്ലെങ്കിൽ മരണത്തിന് കീഴടങ്ങേണ്ടിവരും. അതാകട്ടെ, രാജ്യ​ത്തെ തൊഴിലാളി വർഗത്തിനായുള്ള പോരാട്ടത്തിൽ, രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുള്ള സമരത്തിൽ മരണം പുൽകുകയെന്ന മഹത്തായ ഭാഗ്യത്തിനുടമയാക്കും. നിർഭാഗ്യവശാൽ അങ്ങനെ മരണം സംഭവിച്ചില്ല. അതുകൊണ്ടിപ്പോൾ വികാരങ്ങൾ പങ്കുവെക്കാൻ ഞാനിവിടെയുണ്ട്.

സാർ, ഇത് സർക്കാർ കാര്യങ്ങൾ നടത്തിയെടുക്കാനായി വിശിഷ്യാ, ആഭ്യന്തര സുരക്ഷയുടെ പേരിൽ പ്രസിഡന്റിന്റെ ജൂൺ 26ലെ അടിയന്തരാവസ്ഥക്കായുള്ള പുതിയ ഉത്തരവ് പാസാക്കിയെടുക്കായി വിളി​ച്ചുചേർത്ത പാർലമെന്റിന്റെ അടിയന്തര സെഷനാണ്. പ്രതിപക്ഷം അവരുടെ ​പങ്ക് നിർവഹിക്കുന്നതിൽനിന്ന് തടയപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണിത്?

മന്ത്രി ജഗ്ജീവൻ റാം ചിത്രത്തിന്റെ ഒരു വശമാണ് ഇവിടെ നൽകിയിരിക്കുന്നത്. മറുവശം അവതരിപ്പിക്കുകയാണ് ഞാൻ. അടിയന്തരാവസ്ഥയെ കുറിച്ച് പ്രതിപക്ഷം എന്താണ് ചിന്തിക്കുന്നത്, എന്തിന് അടിയന്തരാവസ്ഥ നടപ്പാക്കി, രാജ്യത്ത് എന്ത് നടക്കുന്നു... എന്നിങ്ങനെയുള്ള വിഷയങ്ങൾ. എനിക്ക് പ്രഭാഷണം അവസാനിപ്പിക്കാൻ അൽപം സമയം നീട്ടിനൽകണമെന്ന് ഞാൻ അധ്യക്ഷനോട് ആവശ്യപ്പെടുകയാണ്. ആറു മണിക്കൂറാണ് ആകെ അനുവദിച്ചതെന്ന് അങ്ങ് പറഞ്ഞു. അടിയന്തരാവസ്ഥയെ കുറിച്ചും അത് പ്രഖ്യാപിച്ചതിനുശേഷം എന്തു സംഭവിച്ചുവെന്നും എന്റെ പാർട്ടിയുടെ നിലപാട് അറിയിക്കുകയാണ് എന്റെ ലക്ഷ്യം.

 

ഞാൻ പറഞ്ഞതുപോലെ, ഈ പ്രഖ്യാപനം ആഭ്യന്തര സുരക്ഷക്കുണ്ടായ അടിയന്തര പ്രശ്നങ്ങളുടെ പേരിലുള്ളതല്ല. പകരം അലഹബാദ് ഹൈകോടതി വിധിക്കു പിറകെയുണ്ടായതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിന്റെ പേരിലാണ്. സുപ്രീം കോടതി അന്തിമ വിധി പറയുംവരെ പ്രധാനമന്ത്രിപദം ഒഴിയാനുള്ള ഇന്ദിര ഗാന്ധിയുടെ വിസമ്മതത്തിന്റെയാണ്. രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ തകർത്തുതരിപ്പണമാക്കിയതാണ് ഇന്ദിര ഗാന്ധിയുടെ നേതൃത്വം. കുത്തക മുതലാളിത്ത വികസനമെന്ന പാപ്പരത്തത്തിന്റെ വഴി പിന്തുടർന്ന് സമ്പന്നനെ കൂടുതൽ സമ്പന്നനും പാവപ്പെട്ടവനെ കൂടുതൽ അബലനുമാക്കിയിരിക്കുകയാണ്.

1971 മുതൽ നാം അടിയന്തരാവസ്ഥക്ക് നടുവിലാണ്. ഇനിയെന്തിനാണ് ഇപ്പോൾ മറ്റൊരു അടിയന്തരാവസ്ഥ പ്രഖ്യാപനമുണ്ടായിരിക്കുന്നത്? ആ അടിയന്തരാവസ്ഥക്കു കീഴിൽ തന്നെ അധികാരങ്ങൾ കൂടുതലായിരുന്നു. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങും നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് പുതിയ അടിയന്തരാവസ്ഥ പ്രഖ്യാപനം. എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതിന്റെ വിശദാംശങ്ങളിലേക്കും ഞാൻ പോകുന്നില്ല.

തൊഴിലാളി സംഘടനകൾ, മറ്റ് ​ജനാധിപത്യ പ്രസ്ഥാനങ്ങൾ, സി.പി.എം പോലുള്ള പ്രതിപക്ഷ പാർട്ടികൾ എന്നിവയെ നിയന്ത്രിക്കാനും അടിച്ചമർത്താനും അത് നിലനിർത്തിയും ഉപയോഗിച്ചും ​വരുന്നുണ്ട്. പ്രതിപക്ഷ കക്ഷികൾക്കും ശക്തികൾക്കുമെതിരെ ഡി.ഐ.ആർ, ‘മിസ’ നിയമങ്ങൾ സ്വൈരമായി ഉപയോഗിക്കപ്പെട്ടുവരുകയാണ്. റെയിൽവേ സമരം അടിച്ചമർത്താനും ത്രിപുര നിയമസഭയിലെ പ്രതിപക്ഷ നേതാവിനെയും എം.എൽ.എമാരെയും ഒപ്പം സർക്കാർ ജീവനക്കാരെയും നേതാക്കളെയും അറസ്റ്റ് ചെയ്യാനും ‘മിസ’യും ഡി.ഐ.ആറും പ്രയോഗിച്ചത് ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ്.

ഏകാധിപത്യ, ഏക പാർട്ടി സ്വേച്ഛാധിപത്യ പ്രവണത വർധിച്ചുവരുകയാണെന്ന് കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങളുടെ പാർട്ടി മുന്നറിയിപ്പ് നൽകിയതിപ്പോൾ പുതിയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ സാധൂകരിക്കപ്പെടുകയാണ്. ഇതുവഴി പാർലമെന്ററി ജനാധിപത്യം മാറ്റിനിർത്തി ഒരു കക്ഷിയുടെ നേതാവിന്റെ കൈകളിൽ സമ്പൂർണ അധികാരമുള്ള ഏകാധിപത്യം നടപ്പാക്കപ്പെട്ടിരിക്കുന്നു. ഇത് ഭരണകക്ഷിയുടെ ശക്തിപ്രകടനമല്ല. പകരം, ആ പാർട്ടിയുടെയും ഭരണവർഗങ്ങളുടെയും കടുത്ത ദൗർബല്യം ഉറക്കെ വെളിപ്പെടുത്തലാണ്. ജനാധിപത്യം വിട്ട് ഒറ്റയടിക്ക് ഏകാധിപത്യത്തിലേക്കുള്ള ചുവടുമാറ്റം ഭരണകക്ഷിയും ഭരണവർഗവും ചെന്നുപതിച്ച പ്രതിസന്ധി കടക്കാനും ഒപ്പം, അവരെ അധികാരത്തിൽ നിലനിർത്താനും ലക്ഷ്യമിട്ടുള്ളതാണ്.

കാരണം, പാർലമെന്ററി ജനാധിപത്യത്തിനു കീഴിൽ തൊഴിലാളി വർഗവും ജനങ്ങളും അർഹിക്കുന്ന ജനാധിപത്യപരമായ അവകാശങ്ങൾ അവരുടെ അധികാരത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. അതുകൊണ്ടാണ്, തൊഴിലാളി സംഘടനക്കും ജനാധിപത്യ അവകാശങ്ങൾക്കും ​നേരെ വർധിച്ചുവരുന്ന ആക്രമണവും പ്രതിപക്ഷ ശക്തികളെ അടിച്ചമർത്തലും നാം കാണുന്നത്.

അർധ ഫാഷിസവും പശ്ചിമ ബംഗാളിൽ കണ്ടതുപോലുള്ള തെരഞ്ഞെടുപ്പ് കൃത്രിമവും അടിയന്തരാവസ്ഥ തുടരലും ‘മിസ’പോലുള്ള പ്രത്യേക അധികാരങ്ങളും വേണം ഇനിയവരെ അധികാരത്തിൽ നിലനിർത്താൻ. സ്വേച്ഛാധിപത്യത്തിന്റെ ഈ വളർച്ച പ്രത്യക്ഷമായി കുത്തക മുതലാളിത്ത വളർച്ചയുടെ തുടർച്ചയാണ്. ചൂഷക വിഭാഗങ്ങൾ സാധാരണക്കാർക്കുമേൽ കൂടുതൽ ശക്തമായി നടത്തുന്ന ചൂഷണങ്ങൾക്കെതിരെ ചെറുത്തുനിൽപ് ശക്തിയാർജിക്കുന്നതും ഇതിനു കാരണമാണ്.

മുമ്പ് കോൺഗ്രസിലെ ചില അണികൾ ഉയർത്തിയ ഒരു നേതാവ്, ഒരു പാർട്ടി, ഒറ്റ രാജ്യം എന്ന മുദ്രാവാക്യം സ്വേച്ഛാധിപത്യ പ്രവണതയുടെ രാഷ്ട്രീയ പ്രതിഫലനമായിരുന്നു. അലഹബാദ് ഹൈകോടതി, സുപ്രീംകോടതി വിധികൾ എതിരായപ്പോൾ കോൺഗ്രസ് അധ്യക്ഷൻ ഈ മുദ്രാവാക്യം ഒന്ന് ചെറുതായി മാറ്റി ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്നാക്കിയിരിക്കുന്നുവെന്നു മാത്രം. എന്നുവെച്ചാൽ, ജീവിതകാലം മുഴുക്കെ അവർതന്നെ നേതാവായി തുടരുമെന്നും ജനാധിപത്യം, പാർലമെന്റ്, പ്രതിപക്ഷം, തെരഞ്ഞെടുപ്പ് എന്നിവയുടെയൊന്നും ആവശ്യമില്ലെന്നുമാണ്. നടുക്കടലിൽനിന്ന് ‘ഞാൻ കാണുന്ന ലോകത്തിന്റെ​െയല്ലാം അധിപൻ ഞാൻ തന്നെ. എതിരുപറയാൻ ഇവിടെ ആരുമില്ല’ എന്ന് പറയുന്ന കസബിയൻകയുടെ കഥ ഇവിടെ ഞാൻ ഓർത്തുപോകുകയാണ്.

 

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പേരിൽ ഈ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെയും അതിന് സഭ അംഗീകാരം ചാർത്തിയതിനെയും ഞാൻ എതിർപ്പ് അറിയിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരാളും അറസ്റ്റിനും തടവിനും അതീതനാണെന്ന് നമു​ക്കേവർക്കുമറിയാം. കോൺ​ഗ്രസുകാരടക്കം നൂറുകണക്കിനു പേർ ജയിലറകളിലുണ്ടെന്ന് ഞാൻ നേരത്തേ പറഞ്ഞുകഴിഞ്ഞതാണ്. (തടസ്സപ്പെടുന്നു).

ഞാൻ ജയിലിലായപ്പോൾ ശ്രീ ജഗ്ജീവൻ റാമും ശ്രീ ചവാനും വീട്ടുതടങ്കലിലായിരുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. അത് ശരിയാണോ തെറ്റായിരുന്നോ എന്ന് എനിക്കറിയില്ല. (നിരവധി പ്രതിപക്ഷ നേതാക്കളും 39 പാർല​മെന്റ് അംഗങ്ങളും ജയിലഴികൾക്കുള്ളിലാണ്. ജനതാൽപര്യങ്ങളെ പൂർണമായി തമസ്കരിച്ച് രാജ്യത്ത് ജനാധിപത്യത്തിന്റെ എല്ലാ തൂണുകളെയും –വ്യക്തി സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം, മാധ്യമ ​സ്വാതന്ത്ര്യം, സർക്കാറി​നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം, ജനവിധി മാനിക്കുന്ന മറ്റൊരു സർക്കാറിനെ കൊണ്ടുവരാൻ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ– ഉന്മൂലനം ചെയ്യുന്നതിന് അംഗീകാരം നൽകാനാകില്ല.

സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു വാക്ക് പറയാതെ വയ്യ. എന്താണ് സ്വാതന്ത്ര്യം? പലതുണ്ട് പക്ഷങ്ങൾ. ഭരണകൂട പക്ഷത്തുനിന്ന് പറയുമ്പോൾ സർക്കാർ ചെയ്യുന്നതെന്തിനും പിന്തുണ നൽകുകയും വിമർശിക്കാതിരിക്കുകയും ചെയ്യലാകും. അതിൽ പക്ഷേ, ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞങ്ങൾ പറയുന്ന സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യമാണ്. സർക്കാർ നയങ്ങളെ കുറിച്ച് പ്രതിപ​ക്ഷവും കോൺഗ്രസുകാരടക്കം രാജ്യത്തെ ജനങ്ങളും എന്ത് ചിന്തിക്കുന്നുവോ അത് പ്രകടിപ്പിക്കാനുള്ള അവകാശംകൂടി വേണം. അതാണിവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ജനാധിപത്യത്തിനു നേരെയുള്ള ഈ അറുകൊല എങ്ങനെയാണ് സാർ നീതീകരിക്കുക? എന്തു ന്യായമാണ് ഇതിനായി ഇന്ദിര ഗാന്ധി അവതരിപ്പിക്കുന്നത്? വലതുപക്ഷ പ്രതികരണങ്ങളും ഇടതുപക്ഷ തീവ്രവാദികളെയും തോൽപിക്കാനാണിതെന്നാണ് അവർ പറയുന്നത്. എല്ലാം ഇടതിനുമേൽ ചാർത്തുന്ന ഈ രീതി രാജ്യത്തിനകത്തും പുറത്തും പൊതുജനാഭിപ്രായ​ത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഗൂഢാലോചനയും അട്ടിമറിയുമെന്ന് ആരോപിച്ചുള്ള പ്രചാരണങ്ങളുടെ ലക്ഷ്യവും ഇതുമാത്രമാണ്. ഉന്നതതലങ്ങളിൽ വിരിഞ്ഞ ഈ പ്രചാരണ പ്രഹസനത്തിലെ ​യാഥാർഥ്യമെന്താണ്? നിരോധിക്കപ്പെട്ട ആനന്ദ മാർഗികൾ, ആർ.എസ്.എസ് എന്നിവയുടെ കാര്യം മാത്രമെടുക്കാം. ഇവയോ​ടുള്ള സമീപനം കാലാകാലങ്ങളിൽ സൗകര്യാനുസൃതം മാറിക്കൊണ്ടിരിക്കുകയാണെന്ന് കാണാം.

1965ൽ ഇന്ത്യ- പാക് യുദ്ധകാലത്ത് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ഡൽഹിയിൽ പൗരസംരക്ഷണ ചുമതലകൾ ആർ.എസ്.എസിന് നൽകി. നിലവിലെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആർ.എസ്.എസ് അധ്യക്ഷൻ ഗോൾവാൾക്കറിന് സഭയിൽ വലിയ ആദരമർപ്പിച്ചു (തടസ്സപ്പെടുന്നു). അത് രേഖയല്ല, നടപടിക്രമങ്ങളിലൂടെ നിങ്ങൾ കണ്ണോടിച്ചാൽ... (തടസ്സപ്പെടുന്നു). എന്നാൽ, എന്നോട് ചോദിച്ചാൽ, രേഖകൾ പ​രിശോധിച്ചാൽ ഉത്തരം ലഭിക്കും (തടസ്സപ്പെടുന്നു). നിങ്ങൾക്ക് എല്ലാം മുറിച്ചുമാറ്റാനാകും. ഒന്നും പുറത്തുപോകില്ല. ഒന്നും പ്രിന്റ് ചെയ്യപ്പെടുകയുമില്ല. അത് രേഖയിലുണ്ട്– ചരമവുമായി ബന്ധപ്പെട്ടായിരുന്നു അത്.

ജനകീയാടിത്തറയില്ലാത്ത ഈ സംഘടനകൾ പെട്ടെന്നൊരുനാൾ ദേശസുരക്ഷക്ക് ഭീഷണിയായിത്തീർന്നുവെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേ അതിനെ നേരിടാനാകൂ എന്നും ജനം വിശ്വസിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. ഈ പാർട്ടികളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും അതേരീതിയിൽത്തന്നെ ചെറുത്തുതോൽപിക്കപ്പെടേണ്ടതാണ്. അവർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ക്രിമിനൽ നടപടികൾ അവർക്കെതിരെ ഉണ്ടാകുകയും വേണം. എന്നാൽ, ആരെയാണ് സർക്കാർ നടപടികൾ പ്രത്യക്ഷമായി ലക്ഷ്യംവെക്കുന്നത്? അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുടൻ സർക്കാർ സ്വീകരിച്ച നടപടികൾ സംശയലേശമെന്യേ തെളിയിക്കുന്നത് അത് ജനങ്ങൾക്കെതിരെയാണെന്നാണ്. ജനങ്ങൾക്ക് ലഭ്യമായ എല്ലാ ജനാധിപത്യ അവകാശങ്ങളും സമ്പൂർണമായി എടുത്തുകളയപ്പെട്ടിരിക്കുന്നു. മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ മൂന്നാം അധ്യായം അടഞ്ഞ അധ്യായമായി മാറിയിരിക്കുന്നു.

14, 22 വകുപ്പുകൾ തൽക്കാലം പ്രയോഗത്തിലില്ലാതായി മാറിയിരിക്കുന്നു. ഇന്നത്തെ പത്രങ്ങൾ പറയുന്നത് ഭരണഘടനയുടെ കൂടുതൽ വകുപ്പുകൾ എടുത്തുകളയാൻ പോകുകയാണെന്നാണ്. എന്തേ, ഭരണഘടന മൊത്തമായി മാറ്റിനിർത്തി അധികാരം പ്രധാനമന്ത്രിയുടെ കൈകളിലാക്കാതിരുന്നത്? അതുകൊണ്ടല്ലേ ഓരോ നാളും ഓരോ മണിക്കൂറും ഭരണഘടന ഭേദഗതികൾ വേണ്ടിവരുന്നത്. എന്നുവെച്ചാൽ, നിയമത്തിനു മുന്നിലെ സമത്വംപോലും ഇല്ലാതായിവരുന്നു. ഉദ്യോഗസ്ഥവൃന്ദത്തിന് ഏതുതരം വിവേചനവും നിലവിൽ സാധ്യമാണ്.

അറസ്റ്റിലാകുന്നയാളെ കോടതിക്കു മുന്നിൽ ഹാജരാക്കേണ്ടതില്ല. അയാളുടെ അറസ്റ്റ് വിവരങ്ങൾ, സ്ഥലകാലങ്ങൾ, സ്ഥിതിഗതികൾ എന്നിവയെല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ്. പൊലീസിന് വേണമെങ്കിൽ അയാളെ കൊലപ്പെടുത്താം. അതുപോലും ഒരാളും അറിയാൻ പോകുന്നില്ല. അതാണിന്ന് അവസ്ഥ. യോഗങ്ങളും പ്രകടനങ്ങളും രാജ്യത്തെവിടെയും നിരോധിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ ഓരോ ജില്ലയിലും ഓരോ ഗ്രാമത്തിലും 144 പാസാക്കിയിരിക്കുന്നു. അഞ്ചു പേരിൽ കൂടുതൽ അവിടെയെങ്ങും കൂടാൻ പാടില്ല. സിനിമ തിയറ്ററുകളിൽ സെക്കൻഡ് ഷോകൾ നിർത്തി. കാരണം, ചിലയിടത്ത് എട്ടു മണിക്കുശേഷം ആളുകൾക്ക് പുറത്തിറങ്ങാൻപോലും പാടില്ല. ഇത്രയുമാണ് സ്ഥിതി.

ഭരണകൂടത്തെയോ കോൺഗ്രസ് പാർട്ടിയെയോ വിമർശനമരുത്. അതെത്ര നിസ്സാരമായിട്ടാണെങ്കിലും പ്രസിദ്ധീകരിച്ചുവരാൻ പാടില്ല. നിക്ഷിപ്ത താൽപര്യക്കാർ സാധാരണക്കാരനെയും കുത്തക മുതലാളിമാർ തൊഴിലാളികളെയും ചൂഷണം ചെയ്യുന്ന വാർത്തയിൽ സർക്കാറിനെതിരെ അതിവിദൂര വിമർശനമുണ്ടാകാമെന്ന കാരണത്താൽ അച്ചടിച്ചുവരരുത്. തൊഴിലാളികൾ, കർഷകർ, കാർഷിക ജോലിക്കാർ തുടങ്ങിയവ​രുടെയൊന്നും കൂട്ടായ്മകൾ പാടില്ല. ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നുവെന്ന പേരുപറഞ്ഞാണ് നടപടി.

ഇതേ കാരണത്താൽ സമരങ്ങളും ഉണ്ടാകാൻ പാടില്ല. എന്നാൽ, എനിക്ക് പറയാനുള്ളത് നിരവധി ഫാക്ടറികളിൽ ലോക്കൗട്ടും ലേഓഫും നടപ്പാക്കിക്കഴിഞ്ഞു. സർക്കാർ സ്ഥാപനങ്ങളുമുണ്ട് ഇവയിൽ. അവ എടുത്തുകളയാൻ സർക്കാർ വല്ല നടപടിയും സ്വീകരിക്കുമോ? രണ്ടു ദിവസം മുമ്പാണ് തൊഴിൽ മന്ത്രിക്ക് ചില ഫാക്ടറികളിലെ ലേഓഫ് ചൂണ്ടിക്കാട്ടി ഞാൻ ടെലിഗ്രാം അയച്ചത്. ബംഗാളിൽ നിരവധി ഫാക്ടറികളിൽ ലോക്കൗട്ടും ലേ​ഓഫുമുള്ളത് എനിക്കറിയാം. എന്നുവെച്ചാൽ അത് രണ്ടും ഇപ്പോഴും തുടരുകതന്നെയാണ്.

ആരുടെ താൽപര്യത്തിലാണ് ഈ ഏകാധിപത്യം അടിച്ചേൽപിച്ചിരിക്കുന്നത്? ആരുടെ താൽപര്യമാണ് അത് സംരക്ഷിക്കുക? തൊഴിലാളികളുടെയല്ല. മധ്യവർഗ തൊഴിലാളികളുടെയുമല്ല. കാർഷിക മേഖലയിലെ ജീവനക്കാരുടെയുമല്ല. പ്രധാനമന്ത്രിയെ ചെന്നുകണ്ട് പിന്തുണ അറിയിച്ച ചേംബേഴ്സ് ഓഫ് കോമേഴ്സ് അംഗങ്ങളുടെ താൽപര്യമാണത്. ഒരു വ്യവസായവും ദേശസാത്കരിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ടു. ‘അതിനാൽ ദേശസാത്കരണം ഇനി വരുമെന്ന് ഭയം വേണ്ടെന്നും’.

അടിയന്തരാവസ്ഥയുടെ പുകമറ ആകെ ഉപയോഗിക്കപ്പെട്ടത് ആർക്കെ​തിരെയാണെന്ന് വെളിപ്പെടുത്തുന്നതാണ് ആയിരക്കണക്കിന് സി.പി.എം, മറ്റ് ഇടത് ജനാധിപത്യ കക്ഷി നേതാക്കളുടെയും തൊഴിലാളികളുടെയും അറസ്റ്റ്. ജനങ്ങൾക്കെതിരെ എങ്ങനെയും പ്രവർത്തിക്കാൻ പൊലീസിന് സർവതന്ത്ര സ്വാതന്ത്ര്യമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന്, കേരളത്തിൽ സി.പി.എം, കേരള കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ ആയിരക്കണക്കിന് രാഷ്ട്രീയ പ്രവർത്തകരാണ് അറസ്റ്റിലായി പൊലീസിന്റെ അതിക്രൂര പീഡനങ്ങൾക്കിരയായത്. ഒരു എം.എൽ.എ ജയിലിലടക്കപ്പെട്ടപ്പോൾ വസ്ത്രമുരിഞ്ഞ് ‘ലങ്കോട്ടി’യിൽ മാത്രം നിൽക്കേണ്ടിവന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിയോട് ഞാൻ ആവശ്യപ്പെടുകയാണ്. അങ്ങനെയായിരുന്നു അദ്ദേഹത്തോട് അവരുടെ പെരുമാറ്റം.

എന്നോടൊപ്പം അറസ്റ്റിലായവരെ ഉച്ച ഒരു മണിക്ക് എസ്.ഐ പൊലീസ് സ്റ്റേഷനിലെത്തിക്കുന്നു. എന്നിട്ട്, അദ്ദേഹം പറഞ്ഞു: ‘‘നിങ്ങൾ ഉച്ചഭക്ഷണം കഴിച്ചില്ലല്ലോ. മൂന്നും നാലും പേരായി പോകാം. ഞാൻ കൊണ്ടുപോയ്ക്കോളും’’. ഇങ്ങനെ കൊണ്ടുപോയവർ മർദനമേൽക്കുകയും വസ്ത്രമുരിഞ്ഞ് റോഡരികിൽ ഉപേക്ഷിക്കപ്പെടുകയുമായിരുന്നു. 23 പേരാണ് ഇങ്ങനെ എന്നോടൊപ്പം അറസ്റ്റിലാകുന്നത്. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയി അവർക്ക് കിട്ടിയത് ഈ ഭക്ഷണമായിരുന്നു. ഒരു എം.എൽ.എ അറസ്റ്റിലായി വിവസ്ത്രനാക്കപ്പെട്ടത് ആറു മാസം മുമ്പ് സഭയിൽ വന്നിരുന്നു. അദ്ദേഹത്തിന്റെ ലങ്കോട്ടി പോലും അഴിച്ചുനീക്കി. അടിയേറ്റ അദ്ദേഹത്തിന് റോഡരികിൽ നിൽക്കേണ്ടിവന്നു.

ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അവിടത്തെ ആഭ്യന്തര മന്ത്രി ഉദാരനായ ഒരു മനുഷ്യനായതുകൊണ്ടാണ്. മനുഷ്യർ പിറന്നപടി കാണണമെന്ന് അദ്ദേഹം അഭിലഷിക്കുന്നു. അങ്ങനെയൊരു പ്രദർശനം ജനങ്ങൾക്കായി നടത്താനായി ആളുകളെ നഗ്നരാക്കി നിർത്തുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇതാണിപ്പോൾ സംഭവിക്കുന്നത്. അടിയന്തരാവസ്ഥ നിലനിൽക്കുന്നു. ചില വകുപ്പുകൾ എടുത്തുകളഞ്ഞിരിക്കുന്നു. ഇത്രയും നിലനിൽക്കുമ്പോൾ എ​ന്തെങ്കിലും മാനുഷിക പരിഗണനകൾക്ക് സാധ്യതയുണ്ടോ? പ്രതിപക്ഷത്തുമില്ലേ മനുഷ്യർ? അറസ്റ്റിലായവരിൽ വലിയ പങ്കും പൊലീസിന്റെ ക്രൂര മർദനമേൽക്കേണ്ടിവന്നവരാണ്. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഇ.എം.എസ് നമ്പൂതിരപ്പാട്, കെ.എം ജോർജ്, ആർ. ബാലകൃഷ്ണപിള്ള എം.പി തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ ‘മിസ’ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. ‘സി’ ക്ലാസ് പരിഗണന നൽകപ്പെ​ട്ടുവെന്ന് മാത്രമല്ല, ബ്രിട്ടീഷ് കാല മർദനമുറകളെ അനുസ്മരിപ്പിക്കുന്ന പീഡനങ്ങളാണ് ഏൽക്കേണ്ടിവന്നത്.

ഉൽപാദനക്ഷമത പറഞ്ഞ് വ്യവസായികൾക്ക് തൊഴിലാളിക്കു മേൽ എത്ര വേണേലും ജോലി ഭാരം അടിച്ചേൽപിക്കാമെന്നതാണ് സ്ഥിതി. ഏതുതരം പ്രതിഷേധവും അടിച്ചമർത്തും. വേതനവും ​ക്ഷാമബത്തയും വെട്ടിക്കുറക്കാം. അതിനെതിരായ ചെറുത്തുനിൽപും ഇല്ലായ്മ ചെയ്യും. തൊഴിൽ സാഹചര്യം എത്ര മോശമായാലും പ്രതിഷേധം അനുവദിക്കില്ല. ഈ കൊടിയ ചൂഷണങ്ങൾക്കെതിരെ ഒരു സംഘാടനവും സമ്മതിക്കില്ല. ഗ്രാമീണ മേഖലകളിലും മെച്ചപ്പെട്ട വേതനത്തിനായി പൊരുതുന്ന കാർഷിക തൊഴിലാളികളും കുടിയിറക്കിനെതിരെ പോരാട്ട മുഖത്തുള്ള കുടിയാന്മാരും ഇതേ വിധി തന്നെ നേരിടുന്നു.

ഭരണകൂടം നീണ്ട 27 വർഷമായി തുടരുന്ന ജനവിരുദ്ധ നയങ്ങളുടെ അനിവാര്യമായ പര്യവസാനമാണിത്. കുത്തക മുതലാളിമാർ, ജന്മിമാർ എന്നിവരെ സാധാരണക്കാരന്റെ ചെലവിൽ നിർബാധം വളരാനും തടിച്ചുകൊഴുക്കാനുമാണ് ഇത്രയും കാലം ഭരണകൂടം സഹായിച്ചത്. സോഷ്യലിസം, ‘ഗരീബീ ഹഠാവോ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉറക്കെയുറക്കെ വിളിക്കപ്പെടുമ്പോഴും ആരാണിവിടെ തഴച്ചുവളർന്നത്. കുത്തകമുതലാളിമാരുടെ സ്ഥാപനങ്ങൾക്കാണ് വളർച്ച ലഭിച്ചത്. ജന്മിമാർ അതിസമ്പന്നരായി, ഗ്രാമീണ മേഖലകളിൽ അതിശക്തരുമായി. വൻതോതിൽ കുടിയിറക്കൽ അരങ്ങേറി.

ലഡജെൻസ്കി​യുടേത് പോലുള്ള അന്വേഷണങ്ങളും ഔദ്യോഗിക റിപ്പോർട്ടുകളും ഇത് സമ്മതിക്കുന്നുണ്ട്. കിടപ്പാടമില്ലാത്ത തൊഴിലാളികളുടെ എണ്ണം കുത്തനെ കുമിയുകയാണ്. തുടർച്ചയായ കാനേഷുമാരികൾ ഇത് തെളിയിക്കുന്നു. കൈത്തൊഴിലുകാർ, കൈത്തറി-യന്ത്രത്തറി തൊഴിലാളികൾ, കയർ തൊഴിലാളികൾ എന്നിവരും ചെറുകിട വ്യവസായികളും ഒരുപോലെ നാശത്തിന്റെ വക്കിലാണ്. വിലക്കയറ്റം ഞെട്ടിക്കുന്ന ഉയരങ്ങളിലാണ്.

സാർ, പ്രതിദിനം കൂപ്പുകുത്തുന്ന ജീവിത സാഹചര്യങ്ങൾക്കെതിരെ പൊതുജന സമരത്തിൽ മുൻനിരയിൽ നിൽക്കുന്നവരാണ് ഞങ്ങളുടെ പാർട്ടി. അവരുടെ ജീവിതം തിരികെ പിടിക്കാനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടിയാണ് ഈ സമരം. ഇതിന്റെ പേരിലാണ് വർഷങ്ങളായി ഞങ്ങൾ നിരന്തര അടിച്ചമർത്തൽ നേരിടുന്നത്.

ഇന്നിപ്പോൾ ഈ അർധ ഫാഷിസ്റ്റ് ഭീകരതക്കും വഞ്ചനക്കും എതിരെ നിൽക്കുന്ന ജനതയും ശക്തികളും യഥാർഥ പ്രതിലോമ ശക്തികളല്ല. മറിച്ച് തൊഴിലാളികൾ, കർഷകർ, ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ, അഭയാർഥികൾ, സ്ത്രീകൾ, അവശ വിഭാഗങ്ങൾ എന്നിവരെ പ്രതിനിധാനം ചെയ്യുന്ന ഇടത് ജനാധിപത്യ ശക്തികളാണ്. പശ്ചിമ ബംഗാളിൽ വലതുപക്ഷ പ്രതിലോമ ശക്തികൾ അപ്രസക്തരാണെന്ന് മുഖ്യമന്ത്രി സമ്മതിക്കുമ്പോൾ തന്നെ ഇടത്, ജനാധിപത്യ ശക്തികൾക്കെതിരെ അർധ ഫാഷിസ്റ്റ് ഭീകരതയും ആക്രമണങ്ങളും ശക്തമായി തുടരുകയാണ്. രാജ്യത്തിനകത്തും പുറത്തും വ്യവസ്ഥാപിതമായി വ്യാജ പ്രചാരണം വഴി ഭരണകക്ഷിയും സർക്കാറും ഈ വികൃത സത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണ്.

 

അതുതന്നെയാണ് കേരളത്തിലേക്കും വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നത്. 1959ൽ എന്താണ് നടന്നതെന്ന് ഞാൻ നേരത്തേ പറഞ്ഞതാണ്. ഈ അടിച്ചമർത്തൽ നേരിട്ടുകൊണ്ടുതന്നെ രണ്ടു സംസ്ഥാനങ്ങളിലും പ്രസ്ഥാനം വളർച്ച പ്രാപിച്ചതിനൊപ്പം മറ്റിടങ്ങളിലേക്കുകൂടി വ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഭരണാധികാരികൾക്ക് ജനതയെ ഒരുപാട് കാലം കബളിപ്പിക്കാനാകില്ല. ഏറെ മുന്നോട്ടുപോയ അവർ ‘ഗരീബീ ഹഠാവോ’, ‘ബേകാരി ഹഠാവോ’ തുടങ്ങിയവ അസംബന്ധമാണെന്ന് വിളിച്ചുപറയുകയാണ്. തെരഞ്ഞെടുപ്പ് നേരിടണമെന്ന ശ്രീമതി ഗാന്ധിയുടെ വെല്ലുവിളി ശ്രീ ജയപ്രകാശ് നാരായൺ നേതൃത്വം നൽകുന്ന പ്രസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. അതിനായുള്ള ഒരുക്കത്തിലുമായിരുന്നു അവർ. എന്നാൽ, ഗുജറാത്തിലെ വിധി വന്നതോടെ നടപടികൾ തണുപ്പിച്ചത് ശ്രീമതി ഗാന്ധിയാണ്. ഗുജറാത്ത്, ബിഹാർ സംസ്ഥാനങ്ങളിൽ ഭരണകക്ഷിയായ കോൺഗ്രസിലെതന്നെ കുറെ വിഭാഗങ്ങൾ പങ്കാളികളായിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായ വിമത നീക്കങ്ങൾ കേന്ദ്രത്തിനെതിരായി തിരിഞ്ഞിട്ടുണ്ട്. അലഹബാദ് വിധിക്കും സുപ്രീംകോടതി ഉത്തരവിനും ശേഷം ഇന്ദിര ഗാന്ധിക്ക് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതൃത്വത്തിൽ കനത്ത വെല്ലുവിളി ഉയർന്നുവെന്നതും രഹസ്യമല്ല. കോൺഗ്രസ് അധികാരക്കുത്തകക്കേറ്റ ഭീഷണിയും പാർട്ടിയിലും ഭരണത്തിലും ഇന്ദിര ​ഗാന്ധിയുടെ പദവി നേരിട്ട ഭീഷണിയും സമം ചേർന്നപ്പോഴാണ് ജനാധിപത്യത്തെ പരസ്യമായി വ്യഭിചരിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അതിന്റെ ദീർഘകാല ലക്ഷ്യം സാധാരണ ജനതയെ നിർദയം അടിച്ചമർത്തൽ തന്നെ.

ഇന്നത്തെ പത്രത്തിൽ ഞാൻ വായിക്കാനിടയായി, കേരളത്തിൽ സെപ്റ്റംബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് നീട്ടിവെച്ചുവെന്ന്. നിലവിലെ സഭക്ക് കാലാവധി ആറു മാസംകൂടി നീട്ടിനൽകിയെന്നും. ഇതെന്തിന് ചെയ്യുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇന്നിപ്പോൾ ജനത്തെ പറ്റിക്കാൻ, ശ്രീമതി ഗാന്ധി 20 ഇന പരിപാടിയുമായി രംഗത്തുവന്നിട്ടുണ്ട്. അതിൽ പക്ഷേ, എന്താണ് പുതിയതുള്ളത്? മേൽത്തട്ട് നിയമങ്ങൾ നടപ്പാക്കുന്നത് ഈ കാലമത്രയും ആരാണ് തടഞ്ഞുനിർത്തിയത്?

ഞങ്ങളുടെ പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല അവർ നേരിടുന്ന കടുത്ത അപായങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയും സംഘടിപ്പിക്കുകയും ചെയ്യലാണ്. ഒപ്പം, അടിയന്തരാവസ്ഥ പിൻവലിച്ച്, അവർ ഇതുവരെയും അനുഭവിച്ച ജനാധിപത്യ അവകാശങ്ങൾ തിരിച്ചുപിടിക്കാനുള്ള സമരത്തിന് അവരെ രംഗത്തിറക്കണം. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിപദം രാജിവെക്കുകയും ഒപ്പം എല്ലാ രാഷ്ട്രീയ തടവുകാരുടെയും മോചനം സാധ്യമാക്കുകയും ചെയ്യും വരെ ഈ സമരം വേണം. എല്ലാ ജനാധിപത്യ ശക്തികളോടും സുമനസ്സുകളോടും ഈ സമരത്തിൽ ഞങ്ങൾക്കൊപ്പം ചേരണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്.

എത്ര വില കൊടുക്കേണ്ടിവന്നാലും ഞങ്ങൾ ജനങ്ങൾക്കൊപ്പമുണ്ടാകും. കാരണം, സി.പി.എമ്മിന് ജനങ്ങളുടെ താൽപര്യങ്ങളിൽകവിഞ്ഞ് താൽപര്യമൊന്നുമില്ല. ജനഹിതം ആവശ്യപ്പെടുന്നത് അടിയന്തരാവസ്ഥക്കും അതിന്റെ പേരിൽ സ്വീകരിക്കപ്പെട്ട എല്ലാ കടുത്ത നടപടികൾക്കും സമ്പൂർണ ജനാധിപത്യ നിഷേധത്തിനുമെതിരെ പോരാട്ടം നയിക്കണമെന്നാണ്. അതും കൂട്ടായ പോരാട്ടമാകണം. ജനശക്തി ഉപയോഗിച്ച് എല്ലാതരം ചൂഷകർക്കെതിരെയും പൊരുതണം. ഞങ്ങളൊരിക്കലും ഭരണവർഗങ്ങൾക്ക് കീഴടങ്ങില്ല. തൊഴിലാളി വർഗത്തെ ഞങ്ങൾ വഞ്ചിക്കില്ല; രാജ്യത്തെ ജനാധിപത്യ ശക്തികളെയും. ചരിത്രം ഞങ്ങൾ ശരിയുടെ പക്ഷത്തായിരുന്നുവെന്ന് തെളിയിക്കും.

മൊഴിമാറ്റം: കെ.പി. മൻസൂർ അലി

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT