26. സേവസദനിലേക്ക് വീണ്ടും
സ്വാഭാവിക ജലാശയങ്ങളും വീഞ്ഞുമുന്തിരിത്തോട്ടങ്ങളുമൊക്കെയായി വടക്കൻ ഡെന്മാർക്കിലെ സുന്ദരമായ ചെറുപട്ടണമായിരുന്നു സ്റ്റോവ്റിങ്. അവിടെയായിരുന്നു പോർട്ടോനോവോ മിഷന്റെ 1933ലെ വാർഷിക യോഗം. ആ ആഗസ്റ്റിൽ ഇംഗ്ലണ്ടിൽനിന്നും സി.എഫ്. ആൻഡ്രൂസിനൊപ്പം മിഷന്റെ അക്കൊല്ലത്തെ വാർഷികയോഗത്തിൽ പങ്കെടുക്കാൻ പോയത് എസ്തർ ആയിരുന്നു. മേനോൻ ഇംഗ്ലണ്ടിൽ കുറച്ചുകൂടി തുടരേണ്ടതിനായി ആ യോഗത്തിലും ആൻഡ്രൂസ് ശക്തിയായി വാദിച്ചു. “ഡോ. മേനോന്റെ ആശുപത്രിയിൽ പോയി നിരീക്ഷിക്കാൻ എനിക്ക് ഇടയായി.
ഒന്നാംതരം സർജൻ ആയി വരുകയാണദ്ദേഹം. എല്ലാവർക്കും അയാളെ വലിയ കാര്യമാണ്. സർജറിയിൽ ഏറ്റവും മികച്ച പരിശീലനം മേനോൻ നേടേണ്ടതുണ്ട്. അയാളുടെ ആ സിദ്ധി നല്ല സർജൻമാരുടെ അഭാവമുള്ള തെക്കേ ഇന്ത്യക്ക് ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കോളറ, വസൂരി, ക്ഷയം, കുഷ്ഠം തുടങ്ങി പാശ്ചാത്യലോകത്ത് നിയന്ത്രണാധീനമായിക്കഴിഞ്ഞ മഹാരോഗങ്ങളൊക്കെ വ്യാപകമാണ് ഇന്ത്യയിൽ. യൂറോപ്പിൽ ശരാശരി ആയിരം പേർക്ക് ഒരു ഡോക്ടർ എന്നാണ് അനുപാതമെങ്കിൽ ഇന്ത്യയിൽ അത് പതിനാലായിരത്തിന് ഒരാൾ ആണെ’’ന്നും ആൻഡ്രൂസ് കണക്കുകൾ അവതരിപ്പിച്ചു.
എന്തായാലും ശരത്കാലമായപ്പോഴേക്കും ഇന്ത്യയിലേക്ക് തിരിക്കാൻ എസ്തറും മേനോനും ഒരുങ്ങി. അപ്പോൾ മറ്റൊരു പ്രശ്നം ഉയർന്നു. പോർട്ടോനോവോ മിഷന് അവരുടെ ഭാരിച്ച യാത്രച്ചെലവ് താങ്ങാൻ ബുദ്ധിമുട്ടായി. പക്ഷേ, ഇന്ത്യയിലെത്തിയാൽ വിവിധ മിഷനുകളിൽ പ്രവർത്തിക്കാൻ അവസരം മേനോനുണ്ടാക്കി പോർട്ടോനോവോ മിഷന്റെ സാമ്പത്തികപ്രയാസം കുറച്ചുകൊടുക്കാമെന്ന് ആൻഡ്രൂസ് ഏറ്റു. എന്നാൽ ആൻ മേരിക്ക് അതിനോട് യോജിപ്പുണ്ടായില്ല. മേനോന്റെ വിദ്യാഭ്യാസച്ചെലവ് മുഴുവൻ വഹിച്ച പോർട്ടോനോവോ മിഷനുതന്നെ അദ്ദേഹത്തിന്റെ സേവനം പൂർണമായും ലഭിക്കണമെന്നായിരുന്നു ആൻ മേരിയുടെ അഭിപ്രായം.
എത്രയുംവേഗം ഇന്ത്യയിൽ എത്താൻ ആഗ്രഹിച്ചെങ്കിലും സമയം ചെല്ലുംതോറും അവൾക്ക് ഒരു ഉത്കണ്ഠ ഏറിവന്നു. തന്റെ മക്കൾ എങ്ങനെ മദിരാശിയിലെ കടുത്ത ചൂട് സഹിക്കും?
അതിനിടെ, സന്ധിവാതം രൂക്ഷമായതിനെ തുടർന്ന് ക്വേക്കർ വിഭാഗത്തിലെ ഒരു കൂട്ടുകാരിയുടെ സഹായപ്രകാരം എസ്തർ വെസ്റ്റ് മാൾവെൻ എന്ന മലയോര ഗ്രാമത്തിൽ കുറച്ചുനാൾ വിശ്രമത്തിനെത്തിയിരുന്നു. രോഗംമൂലം അവളുടെ പല്ലുകളെല്ലാം നീക്കം ചെയ്യേണ്ടിവന്നിരുന്നു. ഉടൻ കുടുംബത്തിനൊപ്പം ഇന്ത്യയിലേക്ക് തിരിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു എസ്തർ. പക്ഷേ, മാൾവെനിലെ ബ്രൂംഹിൽ എന്ന വസതിയിൽ നിന്ന് അവൾ ബാപ്പുവിന് എഴുതി; “പ്രിയ ബാപ്പുജി, തെക്കേ ഇന്ത്യയിലെ കൊടുംചൂട് എങ്ങനെ സഹിക്കാനാകുമെന്നതിൽ എന്റെ ആശങ്ക അങ്ങയോട് ഒളിച്ചുവെക്കുന്നില്ല.
പ്രത്യേകിച്ച് എന്റെ കൊച്ചു കുഞ്ഞുങ്ങൾക്ക് വീണ്ടും മലേറിയയും മറ്റ് ഉഷ്ണമേഖലാ രോഗങ്ങളും പിടികൂടിയാലോ? ഇപ്പോൾ അവർ തികച്ചും ആരോഗ്യവതികളാണ്. ഒരു അമ്മക്ക് സ്വന്തം കുഞ്ഞുങ്ങളോടുള്ള സ്നേഹം ഒരേസമയം സ്വാർഥവും നിസ്വാർഥവുമാണെന്ന് തോന്നുന്നു. അവർക്ക് എന്തെങ്കിലും വേദന ഉണ്ടാകുന്നത് എനിക്ക് സഹിക്കാനാവില്ല.
എന്റെ ജീവിതത്തിൽ അവർ സന്തോഷം മാത്രമേ നൽകിയിട്ടുള്ളൂ. കൊച്ചു പ്രായത്തിൽപോലും മുതിർന്നവരെപ്പോലെ എല്ലാ കാര്യങ്ങളും കരുതലോടെ മനസ്സിലാക്കുന്നവളാണ് എന്റെ നാൻ. തങ്കയ് ആകട്ടെ ഉറച്ച നിലപാടുകളുള്ളവളാണ്. അവൾ ഈയിടെ എന്നോട് ചോദിക്കുകയാണ്, “അമ്മേ, സ്വർഗത്തിലുള്ള നമ്മുടെ പിതാവേ, എന്നെന്തിനാണ് നാം പറയുന്നത്? സ്വർഗത്തിലുള്ള നമ്മുടെ മാതാവേ എന്നെ ഞാൻ പറയൂ. അച്ഛനേക്കാൾ എത്രയോ കൂടുതൽ പ്രധാനപ്പെട്ട ആളാണ് അമ്മ. എനിക്ക് അച്ഛനേക്കാൾ ഇഷ്ടവും അമ്മയോടാണ്.”
മേനോന്റെ സാന്നിധ്യം കുടുംബത്തിൽ വേണ്ടത്ര ഇല്ലെന്ന വിഷമം എസ്തറിനെയും അലട്ടുന്ന നാളുകളായിരുന്നു. കുട്ടികളെ വളർത്തുന്നതിൽ അച്ഛനും അമ്മക്കും ഒരുപോലെ പങ്ക് വഹിക്കേണ്ടതില്ലേ എന്നവൾ ബാപ്പുവിനോട് ആരാഞ്ഞു. “തങ്കയ് അവളുടെ അച്ഛനെ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. ഒരു അതിഥി എന്നപോലെ വല്ലപ്പോഴും മാത്രമേ അദ്ദേഹം അവളുടെ ജീവിതത്തിൽ കടന്നുവരുന്നുള്ളൂ.” ശരീരത്തിനൊപ്പം മനസ്സിന്റെയും വലിയ വിഷമതകളിലൂടെ കടന്നുപോകുകയായിരുന്നു എസ്തർ. ഇന്ത്യയിലേക്കുള്ള യാത്ര വൈകുമെന്നും അവൾ സൂചിപ്പിച്ചു. സങ്കടങ്ങളിലും സഹനത്തിലും സന്തോഷം കണ്ടെത്തേണ്ടത് ഓർമിപ്പിച്ചുകൊണ്ട് ബാപ്പു അവളെ ആശ്വസിപ്പിച്ചു.
വോട്ടവകാശത്തിനുവേണ്ടിയുള്ള ബ്രിട്ടനിലെ വനിതകളുടെ പ്രസ്ഥാനത്തെക്കുറിച്ചുള്ള പുസ്തകം വായിക്കുകയാണ് താൻ എന്നും അത് തന്നെ ആകെ ആവേശഭരിതയാക്കുന്നെന്നും അവൾ അറിയിച്ചു. ബാപ്പുവിന്റെ നിർദേശപ്രകാരം ഹൈദരാബാദിൽനിന്ന് എസ്തർ ഒരു മുസ്‍ലിം പെൺകുട്ടിയെ –മുംതാസ്–ദത്ത് എടുത്ത് ഇംഗ്ലണ്ടിൽ പഠിപ്പിക്കുന്നുണ്ടായിരുന്നു. അവളെക്കുറിച്ചും സന്തോഷത്തോടെ ബാപ്പുവിന് എഴുതി.
1934 ജനുവരിയിൽ മേനോൻ കുടുംബത്തെ ഇന്ത്യക്ക് അയക്കാനുള്ള ചെലവ് വഹിക്കാൻ തയാറാണെന്ന് പോർട്ടോനോവോ മിഷൻ അധികൃതർ അറിയിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഏഴു വർഷങ്ങൾക്കുശേഷം ജനുവരി 17ന് അവർ വീണ്ടും ഇന്ത്യക്ക് കപ്പൽ കയറി. വിവരം അറിയിച്ച് മേനോന്റെ കമ്പി കിട്ടിയതോടെ ആൻ മേരിയുടെ ഉള്ളിൽ സന്തോഷം മാത്രമല്ല പരിഭ്രമവും നിറഞ്ഞു. വർഷങ്ങളായുള്ള കാത്തിരിപ്പ് സഫലമാകുന്നതിലായിരുന്നു സന്തോഷം. എന്നാൽ, നാലുപേരും മടങ്ങുന്നതോടെ അവർക്കു വേണ്ട സൗകര്യങ്ങൾ പരിമിതമാണല്ലോ എന്ന് ഓർത്തായിരുന്നു പരിഭ്രമം. കൊളംബോ വഴി വരുന്ന കപ്പൽ ബോംബെയിൽ ഫെബ്രുവരി എട്ടിനോ ഒമ്പതിനോ എത്തുമെന്നായിരുന്നു കുഞ്ഞിയുടെ സന്ദേശം. അപ്പോഴേക്കും ഗാന്ധിയും ആ പ്രദേശം സന്ദർശിക്കുമെന്നതും ആൻ മേരിയുടെ സന്തോഷവും പരിഭ്രമവും പലമടങ്ങ് വർധിപ്പിച്ചു.
ബോംബെയിൽനിന്ന് മദിരാശിക്ക് തീവണ്ടി മാർഗമായിരുന്നു മേനോൻ കുടുംബത്തിന്റെ യാത്ര. ആർക്കും രാത്രി ഒരു പോള കണ്ണടക്കാനായില്ല. കൊതുക് അടക്കം പലതരം പ്രാണികളായിരുന്നു തീവണ്ടിമുറി നിറയെ. മുകളിലെ സ്ലീപ്പറിൽ കിടക്കാൻ വലിയ ഇഷ്ടമുള്ള തങ്കയ് പോലും കുറച്ചുകഴിഞ്ഞപ്പോൾ കൊതുകുകടി സഹിക്കാനാവാതെ താഴെ ഇറങ്ങിവന്നു. അർധരാത്രി ഒരു മണിയോടെ വണ്ടി പോർട്ടോനോവോ സ്റ്റേഷനിൽ എത്തിച്ചേർന്നപ്പോൾ ആൻ മേരി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
സാധാരണ ആ ചെറിയ സ്റ്റേഷനിൽ നിർത്താത്ത മദിരാശിക്കുള്ള ആ രാത്രിവണ്ടി അവർക്കുവേണ്ടി മാത്രമായിരുന്നു അവിടെ നിർത്തിയത്. പ്ലാറ്റ്ഫോമിലെ അരണ്ട നിലാവെളിച്ചത്തിൽ വെള്ള ഖദർസാരി ധരിച്ചു നിന്ന ആൻ മേരിയെ കണ്ടപ്പോൾ ആളൽപം വിളറിപ്പോയോ എന്ന് എസ്തറിനു തോന്നി. പക്ഷേ, ആ കണ്ണുകളിലെ ശാന്തിയും കാരുണ്യവും ഒട്ടും മാഞ്ഞിരുന്നില്ല. വണ്ടിയിൽനിന്നിറങ്ങിയ പാടെ നാനും തങ്കയും ആൻ മേരിയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അത് കണ്ടാൽ അവർ തമ്മിൽ പിരിഞ്ഞിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആയിരുന്നുള്ളൂ എന്നുതോന്നും, എസ്തർ മനസ്സിൽ കരുതി. എസ്തറെയും മേനോനെയും ആൻ ആശ്ലേഷിച്ചപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. വികാരഭരിതമായിരുന്നു ആ കൂടിക്കാഴ്ച.
ഡാനിഷ് മിഷന്റെ ഇന്ത്യയിലെ പഴയ തലവൻ ബിറ്റ്മാൻ ആൻ മേരിക്ക് നൽകിയ കാറിലായിരുന്നു സ്റ്റേഷനിൽനിന്ന് സേവാസദനിലേക്കുള്ള പരിചിതവഴിയിലൂടെ യാത്ര. പതിവുപോലെ കനത്ത മഴ. കുണ്ടും കുഴിയും ചളിയും കടന്ന് കാർ കിതച്ച് നീങ്ങി. അർധരാത്രിയും കുട്ടികളെല്ലാം ഉറങ്ങാതെ അതിഥികളെ കാത്തിരുന്നു. എല്ലാവരെയും മാലയിട്ട് അവർ സ്വീകരിച്ചു. നേരം വളരെ വൈകിയതിനാൽ ആർക്കും വിശപ്പുണ്ടായിരുന്നില്ല.
മക്കൾ നാനും തങ്കയും കുഞ്ഞികൃഷ്ണ മേനോനൊപ്പം ചിദംബരത്ത് കഴിയുേമ്പാൾ
ഓരോ കപ്പ് പാലു മാത്രം കുടിച്ചശേഷം അവർ കിടക്കാൻ പോയി. മേനോന്റെയും എസ്തറുടെയും പഴയ മുറി ആൻ മേരി പുതിയ വെള്ള വിരിപ്പുകളും പൂക്കളുമൊക്കെയായി അവർക്കായി ഒരുക്കിവെച്ചിരുന്നു. ഏഴുവർഷം മുമ്പ് തങ്കയ് ജനിച്ച അതേ മുറിയിൽ കൊതുകുവലയുടെ സുരക്ഷിതത്വത്തിൽ രണ്ട് കുഞ്ഞുങ്ങളും നിമിഷങ്ങൾക്കകം ഉറക്കമായി. അവർക്കടുത്ത് കിടന്നപാടെ തങ്ങളും ഉറങ്ങിപ്പോയത് കഠിനമായിരുന്ന ദീർഘയാത്രയുടെ ക്ഷീണത്തിൽ മേനോനും എസ്തറും അറിഞ്ഞില്ല. നേരം അപ്പോഴേക്കും പുലരാറായിരുന്നു.
ആദ്യമേതന്നെ നാനും തങ്കയ് യും ഒട്ടും വിഷമമില്ലാതെ തന്നെ പുതിയ പരിസരത്തോട് ഇണങ്ങിയത് എസ്തറെയും മേനോനെയുംപോലും അത്ഭുതപ്പെടുത്തി. മറ്റ് കുട്ടികളുമായി അടുക്കാൻ അവർ ഒട്ടും താമസിച്ചില്ല. അവരെപ്പോലെ വാഴയിലയിൽ വിളമ്പിയ ഭക്ഷണം വിരലുകൾ ഉപയോഗിച്ച് കഴിക്കാൻ നാനും തങ്കയ് ക്കും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. “അല്ലെങ്കിലും ഡെന്മാർക്കിൽ പോകുന്നതിനു മുമ്പുതന്നെ നാൻ തനി ഇന്ത്യക്കാരിയായിരുന്നല്ലോ”, എസ്തർ ഭർത്താവിനോട് പറഞ്ഞു.
ഇന്ത്യൻ കൂട്ടുകാരികളുമൊത്ത് ആടാനും പാടാനും കളിക്കാനുമൊക്കെ അവർ വലിയ താൽപര്യം കാണിച്ചു. എത്ര സ്നേഹത്തോടെയാണ് സേവാമന്ദിറിലെ പാവപ്പെട്ട കുട്ടികളെ ആൻ മേരി നോക്കുന്നതെന്ന് കണ്ട് എസ്തർ വികാരഭരിതയായി. സ്കൂളിലെ തുണി അലക്കിയിരുന്ന ചെറുപ്പക്കാരി മരിച്ചതിനെ തുടർന്ന് അനാഥരായ അവരുടെ മക്കളെ ആൻ മേരി ഏറ്റെടുത്തിരുന്നു. എല്ലാവരും സ്നേഹാദരപൂർവം ആൻ മേരിയെ പെരിയമ്മ എന്നാണ് വിളിച്ചിരുന്നത്.
ജോലി ആരംഭിക്കാൻ ധൃതിപ്പെടുകയായിരുന്നു മേനോൻ. “കുനി, പോർട്ടോനോവോയിൽ ക്ലിനിക് തുടങ്ങാൻ സൗകര്യമില്ല. കടലൂർ പട്ടണമായിരിക്കും പറ്റിയത്. അത് ഇവിടെനിന്ന് അധികം അകലെയല്ലാത്തതിനാൽ ഞങ്ങൾക്ക് എപ്പോഴും നിന്റെ സേവനം ലഭ്യമാകുകയും ചെയ്യുമല്ലോ”, മേനോനോട് ആൻ മേരി പറഞ്ഞു. പക്ഷേ, ഏതെങ്കിലും പ്രധാന ആശുപത്രിയോട് ചേർന്നു പ്രവർത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മദിരാശിയിൽ ആരോഗ്യ വകുപ്പിന് അവസരങ്ങളെക്കുറിച്ച് അന്വേഷിച്ച് മേനോൻ എഴുതുകയുംചെയ്തു. പക്ഷേ, ഫലമുണ്ടായില്ല.
അവസാനം തഞ്ചാവൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ ചേരാൻ സന്ദേശം ലഭിച്ചു. പോർട്ടോനോവോയിൽനിന്നും നൂറോളം മൈൽ അകലെയായിരുന്നു തഞ്ചാവൂർ. കേണൽ ലോറിമർ എന്ന സ്കോട്ലൻഡുകാരൻ ഡോക്ടറായിരുന്നു ആശുപത്രിയുടെ മേധാവി. “ഈ നശിച്ച ഇടത്തു ജോലിചെയ്യാൻ അവസാനം ഒരാൾ വന്നല്ലോ. എന്റെ പ്രാർഥന ഒടുക്കം ദൈവം കേട്ടു” –ഇതായിരുന്നു മേനോൻ എത്തിയപ്പോൾ ലോറിമറുടെ ഭാര്യയുടെ പ്രതികരണം.
മേനോൻ ചുമതലയേറ്റ് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ഡോ. ലോറിമർ അസുഖബാധിതനായി. അധികം വൈകാതെ അദ്ദേഹവും ഭാര്യയും ഇംഗ്ലണ്ടിലേക്ക് മടങ്ങുകയുംചെയ്തു. ആശുപത്രിയിൽ ഓണററി സർജൻ എന്നതായിരുന്നു മേനോന്റെ തസ്തിക. ശമ്പളമില്ലാത്ത സൗജന്യസേവനം എന്നർഥം. പക്ഷേ, സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്നതിന് പുറമെ തന്റെ രോഗികളെ ആശുപത്രിയിൽ കൊണ്ടുവന്ന് അവിടത്തെ സൗകര്യങ്ങളുപയോഗിച്ച് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്താം. അതല്ലായിരുന്നെങ്കിൽ വലിയ വീട് വാടകക്ക് എടുക്കേണ്ടിവരുകയും അവിടെ ശസ്ത്രക്രിയാ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്യേണ്ടിവരുമായിരുന്നു. ആ വലിയ ചെലവ് ഒഴിവാക്കിയതായിരുന്നു മെച്ചം. കുറഞ്ഞ വാടകക്ക് ഒരു വീടുകൂടി കിട്ടിയപ്പോൾ ആഗസ്റ്റിൽ എസ്തറും മക്കളും തഞ്ചാവൂരിൽ മേനോനോടൊപ്പം ചേർന്നു.
അതിനിടെ കോൺഗ്രസിനുള്ളിൽ വലിയ ചില സംഭവവികാസങ്ങൾ മൂർച്ഛിച്ചുവന്നു. രാഷ്ട്രീയ പ്രശ്നങ്ങളെക്കാൾ സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള സൃഷ്ടിപര പരിപാടികൾ ഗാന്ധി മുന്നോട്ടുവെച്ചു. അയിത്തോച്ചാടനം, ഖാദി പ്രചാരണം, ഹിന്ദു-മുസ്‍ലിം മൈത്രി, ഹരിജനോദ്ധാരണം, ഗ്രാമീണ വ്യവസായങ്ങൾ, മദ്യനിരോധനം, അടിസ്ഥാന വിദ്യാഭ്യാസം, സ്ത്രീ പദവി തുടങ്ങി 13 പരിപാടികളാണ് അവയിൽ ഉൾപ്പെട്ടത്. ഹരിജനോദ്ധാരണം മുൻനിർത്തി അദ്ദേഹം രാജ്യമാകെ പര്യടനം നടത്തി. അതിനിടയിൽ പുണെയിൽ അദ്ദേഹത്തിനുനേരെ യാഥാസ്ഥിതിക ഹിന്ദു വിഭാഗങ്ങളിൽനിന്ന് വധശ്രമംപോലും നടന്നു.
നഗരസഭാ ഹാളിൽ ഒരു യോഗത്തിന് പോകുന്ന വഴി അദ്ദേഹവും കസ്തൂർബയും സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ബോംബേറിൽനിന്ന് ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഗാന്ധിയുടെ കാർ എത്താൻ അപ്രതീക്ഷിതമായി അൽപം വൈകിയതിനാൽ മുന്നിൽ പോയ കാറിനടുത്ത് വീണ് ബോംബ് പൊട്ടുകയായിരുന്നു. ആ കാറിൽ സഞ്ചരിച്ചിരുന്നവർക്കൊക്കെ സാരമായ പരിക്കേറ്റു. 1934 ജൂൺ 25നായിരുന്നു സംഭവം. ബാപ്പുവിന് നേരെയുണ്ടായ ആദ്യത്തെ വധശ്രമം. പ്രസംഗത്തിൽ ഇക്കാര്യം അദ്ദേഹം പരാമർശിച്ചേയില്ല.
വൈകുന്നേരം ബോംബെക്ക് മടങ്ങിപ്പോകുന്ന നേരം കോൺഗ്രസ് നേതാവ് കാക്കാസാഹബ് ഗാഡ്ഗിലിനെ അടുത്ത വിളിച്ച് ബാപ്പു പറഞ്ഞു: “അത് ചെയ്തവരെ പിടിക്കുകയാണെങ്കിൽ ഞാൻ അവരോട് ക്ഷമിച്ചുവെന്ന് പറഞ്ഞേക്കണം.” താൻമൂലം ബോംബേറിൽ മറ്റുള്ളവർക്ക് പരിക്കേറ്റതിന്റെ പശ്ചാത്താപമായി അദ്ദേഹം ഏഴു ദിവസം ഉപവാസവുമനുഷ്ഠിച്ചു.
ഹരിജനങ്ങൾ എന്ന് ഗാന്ധി വിളിച്ച വിഭാഗങ്ങളുടെ ക്ഷേമത്തിൽ അദ്ദേഹത്തിന്റെ ആത്മാർഥതക്കെതിരെ അംേബദ്കർ ഉന്നയിച്ച സംശയങ്ങൾ അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു. അതിനു മറുപടി എന്ന നിലയിൽ ആയിരുന്നില്ലെങ്കിലും അതും ഗാന്ധിയുടെ പുതിയ നീക്കങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നു. പക്ഷേ, അവ അതിനകം ആവേശഭരിതമായി വന്നിരുന്ന സ്വാതന്ത്ര്യസമരത്തിന്റെ ശക്തി കുറക്കുമെന്ന് കോൺഗ്രസിനുള്ളിൽതന്നെ അഭിപ്രായം ബലപ്പെട്ടിരുന്നു.
ഗാന്ധിയുടെ ഏറ്റവും അടുത്ത ശിഷ്യനായ നെഹ്റു അടക്കമുള്ള യുവതലമുറക്കായിരുന്നു ഗാന്ധിയുടെ വീക്ഷണങ്ങളോട് കാതലായ അഭിപ്രായവ്യത്യാസം. ഇരുപക്ഷത്തുനിന്നും ഉണ്ടായ അഭിപ്രായഭിന്നതകൾ ചെന്നെത്തിയത് രാഷ്ട്രീയത്തിൽനിന്നും കോൺഗ്രസിൽനിന്നും വിരമിക്കുക എന്ന ഗാന്ധിയുടെ ഞെട്ടിപ്പിക്കുന്ന തീരുമാനത്തിലാണ്. 1934 ഒക്ടോബർ 28നു ഗാന്ധി കോൺഗ്രസിൽനിന്നു രാജിവെച്ചു. കോൺഗ്രസിനോട് എന്തെങ്കിലും വിരോധംകൊണ്ടല്ല നിർമാണാത്മക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നത് എന്നായിരുന്നു ഗാന്ധിയുടെ വിശദീകരണം.
ഈ തിരക്കുകൾക്കിടയിലും എസ്തറിന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ കൃത്യമായി ഗാന്ധി അന്വേഷിക്കുന്നുണ്ടായിരുന്നു. എസ്തറുടെ അനാരോഗ്യവും മാനസികവിഷമങ്ങളും അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തി. തഞ്ചാവൂരിൽ താമസമായപ്പോഴേക്കും തങ്കയ് ക്കും പനി പതിവായി. ശുദ്ധമായ കുടിവെള്ളംപോലും കിട്ടാൻ അവർ വിഷമിച്ചു. ഗാന്ധി അഹ്മദാബാദിൽനിന്ന് പഴങ്ങളും തേനും ഹിന്ദി-തമിഴ് ഭാഷാസഹായി പുസ്തകങ്ങളും ഒക്കെ എസ്തറിന് അയച്ചുകൊടുത്തു.
ഇതിനിടക്കും എസ്തറും ബാപ്പുവും ഗൗരവതരമായ ചില വിഷയങ്ങളെക്കുറിച്ചും കത്തുകളിലൂടെ ചർച്ചചെയ്തിരുന്നു. സ്ത്രീകളുടെ സാമൂഹിക പദവി ആയിരുന്നു ഒരു മുഖ്യവിഷയം. വാർധയിൽ ബാപ്പുവിന്റെ സുഹൃത്ത് ജംനലാൽ ബജാജിന്റെ വസതി ആകെ വൃത്തിയില്ലാതെ കിടക്കുന്ന കാര്യം എസ്തർ അദ്ദേഹത്തിനെഴുതി. “ഒരു സ്ത്രീയുടെ സ്പർശം” അവിടെ ഇല്ലാതെപോയതാണ് അതിനു കാരണമെന്നും അവൾ എഴുതി. ഇതിനോട് ഗാന്ധി ശക്തിയായി വിയോജിച്ചു. “ഇത് തെറ്റായ ധാരണയാണ്. സ്ത്രീക്കും പുരുഷനും നാം നൽകുന്ന തെറ്റായ തൊഴിൽവിഭജനംമൂലമാണ് ഈ ധാരണ. വിഭജനം വേണം. പക്ഷേ, സ്ത്രീയുടെ അഭാവത്തിൽ വീട് വൃത്തിയാക്കാൻ കഴിയില്ലെന്ന പുരുഷന്റെയും പുരുഷന്റെ സഹായമില്ലാതെ ജീവിക്കാനാവില്ലെന്ന സ്ത്രീയുടെയും (പടിഞ്ഞാറൻ രാജ്യങ്ങളെക്കാൾ ഇവിടെ) നിസ്സഹായാവസ്ഥ തെറ്റായ രീതിയിൽ കുട്ടികളെ വളർത്തുന്നതുകൊണ്ടാണ്.
ഒരു സ്ത്രീ ഇല്ലെങ്കിൽ വീട് നന്നാക്കിവെക്കാനാവില്ലെന്ന പുരുഷന്റെ അലസവിചാരമെന്തിനാണ്? അതുപോലെ പുരുഷന്റെ സംരക്ഷണയിൽ മാത്രമേ ജീവിക്കാനാവൂ എന്ന സ്ത്രീയുടെ വിചാരം? സ്ത്രീക്ക് പ്രാഥമികമായി വീട്ടുകാര്യം നോക്കാൻ മാത്രമേ കഴിയുകയുള്ളൂ എന്നും എപ്പോഴും സംരക്ഷണം ആവശ്യമായ ദുർബലയാണെന്ന് തോന്നുന്നവിധം അവൾ ഒതുങ്ങിക്കഴിയണമെന്നും കാണുന്ന ശീലമാണ് ഈ വിചാരവൈകല്യത്തിന്റെ പിന്നിൽ. ആശ്രമത്തിൽ മറ്റൊരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞങ്ങളുടെ ശ്രമം. അതത്ര എളുപ്പമല്ല. പക്ഷേ, തീർച്ചയായും ശ്രമിച്ചുനോക്കാൻ അർഹമായ കാര്യമാണ്.”
ഇത് വായിച്ച് എസ്തർ അത്ഭുതംകൂറി. “സ്ത്രീ-പുരുഷ സമത്വത്തിന്റെ കാര്യത്തിലും നാൽപത് വയസ്സ് കഴിഞ്ഞ നമ്മെക്കാൾ ഒക്കെ എത്രയോ ആധുനികവും പുരോഗമനപരവുമാണ് അറുപത് പിന്നിട്ട ബാപ്പുവിന്റെ കാഴ്ചപ്പാട്” –അവൾ മേനോനെ ബാപ്പുവിന്റെ കത്ത് കാണിച്ചുകൊണ്ട് പറഞ്ഞു.
27. പൊള്ളിച്ച തഞ്ചാവൂർ
തഞ്ചാവൂരിൽ മേനോന്റെ ജീവിതം അത്യന്തം തിരക്കേറിയതായി. പലതരം രോഗങ്ങളുടെ വിളനിലമായിരുന്നു ആ പ്രദേശം. നിരന്തരം പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികൾ. വെള്ളത്തിലും വായുവിലും ഒക്കെ രോഗാണുക്കൾ. ക്രമേണ അദ്ദേഹം വീട്ടിൽ ഒരു ചെറിയ ക്ലിനിക് ആരംഭിച്ചു. രോഗികളുടെ വമ്പിച്ച തിരക്കായെങ്കിലും സാമ്പത്തികമായി മേനോന് വലിയ ഗുണമൊന്നും ഉണ്ടായില്ലെന്ന് മാത്രം. ജനങ്ങളുടെ കൊടും ദാരിദ്ര്യമായിരുന്നു കാരണം. ഡോക്ടർക്ക് കൊടുക്കാൻ പണഖമുള്ളവർ തീരെ പരിമിതമായിരുന്നു. പക്ഷേ, രാപ്പകലില്ലാതെ മേനോൻ മുഴുവൻനേരവും ആശുപത്രിയിൽതന്നെയായി.
ഇതിനിടെ എസ്തറുടെയും കുട്ടികളുടെയും ജീവിതം ദുസ്സഹമായി വന്നത് മേനോൻ മനസ്സിലാക്കിയെങ്കിലും എന്തെങ്കിലും ചെയ്യുന്നതിൽ അദ്ദേഹം നിസ്സഹായനായിരുന്നു. കൊടുംചൂട് സഹിക്കാനാവാതെ നിരന്തരം കുട്ടികൾക്ക് പനി പിടിപെട്ടപ്പോൾ ഒട്ടും ഇഷ്ടമില്ലാതെയാണെങ്കിലും എസ്തർ അവരെ നീലഗിരിക്കുന്നുകളിലെ കൊടൈക്കനാലിൽ കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകൾ നടത്തിയ കോൺവെന്റ് സ്കൂളിൽ കൊണ്ടുപോയി ചേർത്തു. മേനോന് ഒന്നും പറയാനുണ്ടായിരുന്നില്ല. പക്ഷേ, ശാരീരികവും മാനസികവുമായി ഏറെക്കാലമായി ക്ലേശിച്ചിരുന്ന എസ്തർ അതോടെ ഏറക്കുറെ ഒറ്റക്കായി. ജോലിത്തിരക്കുമൂലം മേനോന് എസ്തറിനൊപ്പം ചെലവിടാൻ തീരെ സമയമുണ്ടായിരുന്നില്ല. പരസ്പരം അവർ സംസാരിക്കുന്നതുതന്നെ കുറഞ്ഞുവന്നു.
തന്റെ കടുത്ത മാനസിക വേദനകളെപ്പറ്റി എസ്തർ സുഹൃത്ത് ക്ലാരക്ക് എഴുതി; ‘‘എന്റെ ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയതുപോലെ തോന്നുന്നു. ഇത്ര വേദന ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ല. കുഞ്ഞുങ്ങളെ കാണാനോ കേൾക്കാനോ അവരെ ലാളിക്കാനോ കഴിയാത്തത് എനിക്ക് സഹിക്കാനാവുന്നില്ല. കുറെ ദിവസങ്ങൾ എനിക്ക് ഉറങ്ങാൻതന്നെ കഴിഞ്ഞില്ല. എപ്പോഴും അവരാണ് മനസ്സിൽ.’’
ജീവിതത്തിൽ ഇതുവരെയുള്ള പ്രയാസങ്ങളെല്ലാം താൻ അതിജീവിച്ചത് എല്ലാം ദൈവശുശ്രൂഷക്കുവേണ്ടി ആണല്ലോ എന്ന ആശ്വാസത്തിലാണ്. പക്ഷേ, ഇക്കാര്യത്തിൽ അതിനും തനിക്ക് കഴിയുന്നില്ല. ‘‘കടുത്ത ഉഷ്ണ കാലാവസ്ഥയുള്ള നാട്ടിൽനിന്നുള്ള ഒരാളെ ഞാൻ വിവാഹം ചെയ്തതുകൊണ്ടാണല്ലോ ആ ബന്ധത്തിൽ പിറന്ന ഞങ്ങളുടെ കുട്ടികൾക്ക് ദുസ്സഹമായ ഒരു ജീവിതം അനുഭവിക്കേണ്ടിവന്നത്” –എസ്തർ പരിതപിച്ചു.
എല്ലാ കാര്യങ്ങളും എസ്തർ കൃത്യമായി ബാപ്പുവിന് എഴുതി അറിയിക്കുന്നുണ്ടായിരുന്നു. കുട്ടികളെ ഇംഗ്ലണ്ടിലേക്കോ ഡെന്മാർക്കിലേക്കോ അയക്കാൻ ആലോചിക്കുകയാണെന്നും അവൾ എഴുതി. പക്ഷേ, അതിനാവശ്യമായ സാമ്പത്തിക ചെലവ് അവർക്ക് താങ്ങാനാവുമായിരുന്നില്ല. ദൈവം നൽകുന്ന ഓരോ പരീക്ഷണവും അനുഗ്രഹമായി കരുതണമെന്നും നിരാശപ്പെടുന്നത് ദൈവവിരുദ്ധമാണെന്നും ഓർമിക്കുകയായിരുന്നു ബാപ്പുവിന്റെ പ്രതികരണം. “നീയോ മേനോനോ കൂടുതൽ സഹതാപം അർഹിക്കുന്നതെന്ന് എനിക്ക് പിടികിട്ടുന്നില്ല. ആവശ്യത്തിന് പണം കിട്ടാത്തതിനാൽ മേനോന് തനിക്ക് ഇഷ്ടമായ രീതിയിൽ വൈദ്യസേവനം ചെയ്യാനാവുന്നില്ലെന്നത് കഷ്ടമാണ്.
പലപ്പോഴും ഏറ്റവും നല്ലകാര്യമെന്ന് നാം കരുതുന്നതുപോലെ ദൈവത്തിനു തോന്നണമെന്നില്ല. വാസ്തവത്തിൽ നമ്മുടെ തോന്നൽ തെറ്റാകാം. എന്തായാലും നിന്റെ രോഗവിവരങ്ങൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. നാം തമ്മിൽ ആദ്യം കണ്ടപ്പോളെന്നപോലെ ആരോഗ്യവതിയായി നിന്നെ കാണാൻ ഞാൻ കൊതിക്കുകയാണ്. അന്ന് ഒരിക്കലും നീ ഒരു രോഗിയാകുമെന്ന് എനിക്ക് ചിന്തിക്കാൻപോലും ആകുമായിരുന്നില്ല.” മേനോന് കുറച്ചുകൂടി വരുമാനം ലഭിക്കാവുന്ന ജോലികൾ സംഘടിപ്പിക്കാനും ബാപ്പു ശ്രമിച്ചു. പക്ഷേ, ഒന്നും നടന്നില്ല. മൈസൂർ രാജാവിന്റെ ദിവാൻ സർ മിർസ ഇസ്മായിലിന് മേനോന് ജോലിക്കുവേണ്ടി ശിപാർശ ചെയ്യാൻ എസ്തർ അഭ്യർഥിച്ചിരുന്നു. പക്ഷേ, വ്യക്തിപരമായ ശിപാർശയെക്കാൾ നല്ലത് മേനോൻതന്നെ നേരിട്ട് അപേക്ഷിക്കുകയാണെന്നായിരുന്നു ബാപ്പുവിന്റെ മറുപടി.
മറ്റൊരു കത്തിൽ ബാപ്പു എസ്തറെ ഒരു തമിഴ് പഴഞ്ചൊല്ല് ഓർമിപ്പിച്ചു. “ദിക്കറ്റവനുക്ക് ദൈവമേ തുണൈ” എന്ന തമിഴ് ചൊല്ല് നീ കേട്ടിട്ടുണ്ടോ? നിന്റെ കത്ത് വായിച്ച് എന്റെ ഹൃദയം ഉരുകുകയാണ്. പക്ഷേ, ദൈവത്തിൽ എല്ലാം അർപ്പിക്കുക. നിനക്ക് സമാധാനം കൊണ്ടുവരും.’’
മക്കൾക്കുവേണ്ടി പോലും സമയം കിട്ടാത്ത മേനോനുമായുള്ള അവരുടെയും തന്റെയും ബന്ധം ഉലയുന്ന കാര്യം അവൾ ബാപ്പുവിനോട് സൂചിപ്പിച്ചു. “നീ കുട്ടികളുടെ വിഷമം മേനോനെ അറിയിക്കുക. എന്തായാലും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. നിങ്ങളുടെ വിവാഹത്തിന് പിന്നിൽ ദൈവത്തിനും ഒരു ലക്ഷ്യമുണ്ടായിരിക്കണമെന്നത് മറക്കരുത്. നീ സ്വയം തോറ്റുപോയെന്നൊന്നും ചിന്തിക്കാതിരിക്കുക” –അദ്ദേഹം ഓർമിപ്പിച്ചു.
ഡെന്മാർക്കിലേക്കോ ഇംഗ്ലണ്ടിലേക്കോ കുട്ടികളെ അയക്കാനുള്ള എസ്തറിന്റെ ആഗ്രഹത്തോടും ബാപ്പു യോജിച്ചു. “ആ കാലാവസ്ഥ നിനക്ക് പറ്റിയില്ലെങ്കിൽ കുട്ടികളെ നോക്കാൻ തയാറുള്ളവരെ ഏൽപിച്ച് നീ ഇന്ത്യക്ക് മടങ്ങുക. ഇനി അങ്ങോട്ടു പോകാൻ സാമ്പത്തിക സൗകര്യമില്ലെങ്കിൽ ശീതകാലാവസ്ഥയുള്ള ഇവിടത്തെ ഏതെങ്കിലും മേഖലയിലേക്ക് സ്ഥിരമായി മാറുക. പക്ഷേ, ഇന്ത്യയിലാണ് കുട്ടികൾ വളരുന്നതെങ്കിൽ അവരെ ഇന്ത്യൻ സാഹചര്യങ്ങളിൽതന്നെ വളരാൻ അനുവദിക്കുക. ഇവിടെ ഒരു യൂറോപ്യൻ സ്കൂളിൽ അവരെ അയക്കുന്നത് അവരുടെ ധാർമിക വളർച്ചക്ക് ഗുരുതരമായ ആഘാതമേൽപിക്കുകയേ ഉള്ളൂ.”
തന്റെ ആശ്രമത്തിൽ എസ്തറെയും മക്കളെയും സ്വീകരിക്കാൻ സന്തോഷമേ ഉള്ളൂ എങ്കിലും അവിടെ കാലാവസ്ഥ അവർക്ക് ഒട്ടും ശരിയാകില്ലെന്ന് ഗാന്ധി അറിയിച്ചു. മേനോന് ഒരു മികച്ച ജോലി സംഘടിപ്പിക്കാൻ താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം എഴുതി. മേനോൻ ആഗ്രഹിക്കുന്ന ശമ്പളം ഉറപ്പാക്കാനാകാതിരുന്നതിനാലായിരുന്നു അത്. തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ ബാപ്പു മറ്റൊരു കാര്യവും നിർദേശിച്ചു. ‘‘നിന്റെയും കുട്ടികളുടെയും ചെലവ് ഒഴിവായാൽ ശമ്പളം അൽപം കുറഞ്ഞ ഉദ്യോഗം അദ്ദേഹത്തിന് ഏറ്റെടുത്തുകൊണ്ട് ആവശ്യമായ പരിശീലനം നേടാനാവും.’’
അക്കൊല്ലം തഞ്ചാവൂരിലെ കാലാവസ്ഥക്ക് പതിവിലേറെയായിരുന്നു ചൂട്. എസ്തറിനും അത് താങ്ങാനായില്ല. അതോടെ 1936ലെ ആ മാർച്ചിൽ എസ്തറും കൊടൈക്കനാലിലേക്ക് താമസം മാറ്റി. മേനോൻ ഒറ്റക്കായി.
കുട്ടികൾക്കൊപ്പം എത്തിയത് ആശ്വാസമായെങ്കിലും അങ്ങനെ പോകേണ്ടിവന്നത് തന്റെ വ്യക്തിപരമായ ഒരു പരാജയമായാണ് എസ്തറിന് സ്വയം തോന്നിയത്. അതിനെപ്പറ്റി എസ്തറുടെ ഒരു കൂട്ടുകാരി ഡെന്മാർക്കിലായിരുന്ന ആൻ മേരിക്ക് എഴുതി; “ഒരേസമയം ബ്രിട്ടീഷ് സർക്കാറിന്റെയും ഡാനിഷ് മിഷന്റെയും രോഷം സ്വന്തം ഇച്ഛാശക്തികൊണ്ട് നേരിട്ടവളാണല്ലോ അവൾ. ആത്മാവിന്റെ ആധാരങ്ങളെ പോലും പിടിച്ചുകുലുക്കിയ പ്രതിസന്ധികളെ അവൾ സധൈര്യം അതിജീവിച്ചു. പക്ഷേ ഇപ്പോഴത്തെ ശാരീരികവും മാനസികവുമായ ദൗർബല്യങ്ങൾ മൂലം താൻ ഇന്നുവരെ എന്തിനൊക്കെ വേണ്ടി ജീവിച്ചുവോ, എന്തിനെയൊക്കെ സ്നേഹിച്ചുവോ അവയെല്ലാം ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നുവെന്നാണ് അവളുടെ വിചാരം.’’
പക്ഷേ, കൊടൈക്കനാലിലെത്തിയ എസ്തറുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ ഉണ്ടായി. ഒരുദിവസം നാനും തങ്കയും ചേർന്നിരുന്ന കോൺവെന്റ് സ്കൂളിൽ ചെന്നപ്പോൾ എസ്തറിനോട് പ്രിൻസിപ്പലായിരുന്ന അയർലൻഡുകാരി സിസ്റ്റർ ബിയാട്രീസ് ചോദിച്ചു; ‘‘ഈ സ്കൂളിൽ അധ്യാപികയാകാൻ താൽപര്യമുണ്ടോ?” പ്രതീക്ഷിക്കാത്ത ചോദ്യം എസ്തറെ ഒന്ന് അമ്പരപ്പിച്ചു. ‘‘ഒന്നാലോചിക്കട്ടെ’’ എന്നായിരുന്നു അവളുടെ മറുപടി. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ ജനിച്ച് അതിന്റെ കീഴിലുള്ള മിഷനറി പ്രവർത്തനത്തിന് സ്വയം സമർപ്പിച്ച താൻ കത്തോലിക്കാസഭയുടെ സ്ഥാപനത്തിൽ ചേരുകയോ? എസ്തറിന് ഒരു തീരുമാനമെടുക്കാനായില്ല.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ സിസ്റ്റർ ബിയാട്രീസ് എസ്തറെ വിളിപ്പിച്ചു. “ഒരു അത്യാവശ്യം. എനിക്ക് കുറച്ച് നാളത്തേക്ക് അയർലൻഡിലേക്ക് പോകണം. മടങ്ങുന്നതുവരെ എന്റെ ചുമതലകൾ ഏറ്റെടുത്ത് സഹായിക്കാമോ?” ഇത് കേട്ട ഉടൻ എസ്തർ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു.
പ്രിൻസിപ്പലിന്റെ ചുമതല മാത്രമല്ല, അധ്യാപനവൃത്തിയും എസ്തർ ഏറ്റെടുത്തു. എന്നും അവൾ ഇഷ്ടപ്പെട്ടിരുന്നതാണ് അധ്യാപനം. ടാഗോറിന്റെ ശാന്തിനികേതനത്തിൽ കുറേക്കാലം അവൾ അത് സന്തോഷപൂർവം ചെയ്തിരുന്നു. കോൺവെന്റിൽ ചരിത്രവും ഫ്രഞ്ച്, ലാറ്റിൻ ഭാഷകളുമാണ് എസ്തർ പഠിപ്പിക്കാൻ തിരഞ്ഞെടുത്തത്. പ്രതിമാസം ശമ്പളം നാൽപത് രൂപ ആവശ്യമാണെന്ന് അവൾ അറിയിച്ചു.
കന്യാസ്ത്രീകളായ മറ്റ് അധ്യാപികമാരുടെ ശമ്പളം അതിലും കുറവായിരുന്നു. പക്ഷേ അവരെക്കാൾ തന്റെ ജീവിതച്ചെലവ് വളരെ കൂടുതലായിരുന്നു എന്ന് എസ്തർ സ്വയം ന്യായീകരിച്ചു. രണ്ട് വീടുകളിലെ (തഞ്ചാവൂരിലും കൊടൈക്കനാലിലും) സഹായിയായി വരുന്ന സ്ത്രീകളുടെ ശമ്പളം എസ്തറാണ് കൊടുത്തിരുന്നത്. മേനോന്റെ വരുമാനം ആശുപത്രി നടത്തിക്കൊണ്ടുപോകാൻ തന്നെ തികഞ്ഞിരുന്നില്ല. കുട്ടികളുടെ ചെലവും നിസ്സാരമായിരുന്നില്ല. സ്കൂൾ പുസ്തകങ്ങൾ, ബുക്കുകൾ തുടങ്ങിയവക്ക് പുറമെ വസ്ത്രം, ഷൂസുകൾ എന്നിവക്കൊക്കെ ശീതമേഖലയായതിനാൽ ചെലവ് കൂടുതലായിരുന്നു.
തഞ്ചാവൂരിലാകട്ടെ, രോഗികളുടെ തിരക്കും പരിമിതമായ ചികിത്സാ സൗകര്യങ്ങളും പണമില്ലായ്മയും എസ്തറുടെയും മക്കളുടെയും അഭാവവുമൊക്കെയായി മേനോനും മനഃസമാധാനമില്ലായിരുന്നു.
സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നിരുന്ന ഗാന്ധിജി പൂർണമായും ഹരിജനോദ്ധാരണ യജ്ഞത്തിനായി സ്വയം സമർപ്പിച്ചു. പാർട്ടി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് പ്രവർത്തനങ്ങളിലേക്ക് അദ്ദേഹം മടങ്ങിയില്ല. രാഷ്ട്രീയ സമരങ്ങളിലും തെരഞ്ഞെടുപ്പ് മത്സരങ്ങളിലും മാത്രമായി പ്രവർത്തിക്കുന്നതിന് പകരം ഗ്രാമങ്ങളിൽ ചെന്ന് സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളിലേക്കും കടക്കണമെന്ന് അദ്ദേഹം കോൺഗ്രസുകാരെ ഉപദേശിച്ചു. അതിനിടെ ഗാന്ധിജിക്ക് അത്യധികം സന്തോഷം നൽകിയ ഒരു സംഭവമുണ്ടായി.
1936 നവംബർ 12 ന് തിരുവിതാംകൂർ രാജകീയ സർക്കാർ പിന്നാക്ക ജാതിക്കാർക്കടക്കം എല്ലാ ഹിന്ദുക്കൾക്കുമായി ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്. ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ദശാബ്ദം മുമ്പ് നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ വിജയമായിരുന്നു അത്.
വൈക്കത്ത് ക്ഷേത്രത്തിനുള്ളിൽ കയറാനല്ല അതിന് ചുറ്റുമുള്ള നിരത്തുകളിൽ അയിത്ത ജാതിക്കാർക്കുള്ള വിലക്ക് നീക്കാനാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. തിരുവിതാംകൂർ രാജകീയ ഭരണകൂടവും സവർണ യാഥാസ്ഥിതികരും ഇതിനെ ശക്തിയായി എതിർത്തു. പക്ഷേ സമരത്തിന് ഒരു ദശാബ്ദം കഴിഞ്ഞപ്പോൾ ക്ഷേത്രത്തിനുള്ളിലേക്ക് തന്നെ പ്രവേശനം ലഭിച്ചു. ഇന്ത്യയിൽ ഏറ്റവും യാഥാസ്ഥിതികമായ ജാതിവിവേചനം രൂക്ഷവുമായിരുന്ന തിരുവിതാംകൂറിൽ ഇത് സംഭവിച്ചത് രാജ്യമാകെ വലിയ വാർത്തയായി.
ആഹ്ലാദഭരിതനായ ഗാന്ധി പ്രസ്താവിച്ചു: ‘‘ഈ യാഥാർഥ്യം എല്ലാ പ്രതീക്ഷകളെയും മറികടന്നിരിക്കുന്നു. ഹരിജനങ്ങളുടെ ഉത്സാഹം, ജാതിശ്രേണിയിലെ ഏറ്റവും ഉന്നതവിഭാഗങ്ങളിൽനിന്നുപോലും ഉണ്ടായ സമ്മതം, പുരോഹിതരുടെ ആത്മാർഥസഹകരണം തുടങ്ങിയവയൊക്കെ ഈ മഹത്തായ പരിഷ്കാരത്തിന്റെ മാഹാത്മ്യം വീണ്ടും വർധിപ്പിക്കുന്നു. മനുഷ്യന് അസാധ്യമെന്ന് തോന്നിയത് ദൈവം സാധ്യമാക്കിയിരിക്കുന്നു.’’
പക്ഷേ, ഈ വിഷയത്തിൽ എസ്തറിന് ശക്തമായ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. ബാപ്പുവിനോടുള്ള തന്റെ അദമ്യമായ സ്നേഹവും ആദരവും ഒന്നും അദ്ദേഹത്തിന് ഏറ്റവും പ്രധാനമായ ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനമെന്ന വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നുതന്നെ പ്രകടിപ്പിക്കാൻ എസ്തറിന് തടസ്സമായില്ല. ക്ഷേത്രപ്രവേശനത്തെക്കാൾ അവർക്ക് വേണ്ടത് വിദ്യാഭ്യാസം ആണെന്നായിരുന്നു എസ്തറിന്റെ നിലപാട്. 1934ൽതന്നെ തഞ്ചാവൂരിൽ താമസിക്കുമ്പോൾ എസ്തർ ബാപ്പുവിന് എഴുതി.
“പ്രിയപ്പെട്ട ബാപ്പുജി, ഇന്ത്യയിൽ മടങ്ങിയെത്തിയത് മുതൽ അയിത്ത വിഭാഗക്കാർക്ക് ക്ഷേത്രപ്രവേശനത്തെക്കുറിച്ച് ഞാൻ ഗാഢമായി ആലോചിക്കാറുണ്ട്. തീർച്ചയായും മതപരവും സാമൂഹികവുമായ കാഴ്ചപ്പാടിൽ നോക്കിയാൽ മറ്റു ഹിന്ദുക്കൾക്ക് തുല്യമായ അവകാശങ്ങൾക്ക് അവർണജാതിക്കാർക്കും അർഹതയുണ്ട്. പക്ഷേ, മറ്റൊരു കാഴ്ചപ്പാടിൽ ഞാൻ നോക്കുമ്പോൾ അവർക്ക് വിദ്യാഭ്യാസമല്ലേ കൂടുതൽ ആവശ്യം? ദൈവം മനുഷ്യരുണ്ടാക്കുന്ന ക്ഷേത്രങ്ങളിൽ വസിക്കുകയോ അവർ കൽപിക്കുന്ന രൂപം കൈക്കൊള്ളുകയോ ചെയ്യുന്നില്ലല്ലോ. ആത്മാവിൽ പരിശുദ്ധരായവർ അനുഗൃഹീതർ, എന്തെന്നാൽ സ്വർഗരാജ്യം അവർക്കുള്ളതാണ് എന്നല്ലേ ക്രിസ്തുവചനം.’’
തഞ്ചാവൂരിൽ വലുതും ചെറുതുമായ എണ്ണമറ്റ ക്ഷേത്രങ്ങളിൽ പലതും മാലിന്യത്തിന്റെയും വൃത്തിയില്ലായ്മയുടെയും കേദാരങ്ങളാണ് എന്ന് എസ്തർ ഗാന്ധിക്ക് എഴുതി. “അങ്ങനെയുള്ള ഇടങ്ങളിൽ ദൈവം വസിക്കുമോ? എവിടെ സ്നേഹമുണ്ടോ അവിടെയല്ലേ ദൈവം ഉണ്ടാകുക? ദൈവത്തിനായി സ്വന്തം ഹൃദയം തുറന്നുകൊടുക്കുന്ന ഏറ്റവും അധഃകൃതന്റെ ചെറ്റക്കുടിലിലും ദൈവം സന്നിഹിതനാകും. ഇന്നത്തെ ആധുനിക ഹിന്ദുവിന് ക്ഷേത്രം എന്നാൽ എന്താണ്? ഒന്നുമല്ല. സ്വന്തമായി ഒരു കഴിവും ഇല്ലെങ്കിലും ഒരു പ്രത്യേക ജാതിയിൽ പിറന്നതിന്റെ പേരിൽ മാത്രം അഹങ്കരിക്കുന്ന യാഥാസ്ഥിതിക ബ്രാഹ്മണർക്ക് മാത്രമാണ് ക്ഷേത്രത്തിന്റെ ആവശ്യം. എന്നിട്ട് തങ്ങളെക്കാൾ താണവരെന്ന് അവർ കരുതുന്ന സഹോദരന്മാർക്ക് തങ്ങൾ അനുഭവിക്കുന്ന അവകാശങ്ങൾ നിഷേധിക്കുക. സത്യത്തിന്റെയും സ്നേഹത്തിന്റെയും നീതിയുടെയും ഈ നഗ്നമായ ലംഘനത്തിന് മതത്തിന്റെ അംഗീകാരം നേടുക.
ജനനം, തൊഴിൽ തുടങ്ങി ഒന്നിന്റെയും പേരിൽ മറ്റൊരാളെ താണവരായി കാണാനാർക്കും അവകാശമില്ല. പണ്ട് ജൂതർ ചെയ്തപോലെ ബ്രാഹ്മണർ ദൈവത്തെ ചെറിയ മനസ്സിന്റെ ഉടമയും പക്ഷപാതിയുമാക്കിത്തീർത്തു. തന്റെ നാട്ടിൽ പരീശന്മാരും ചുങ്കക്കാരും ഇങ്ങനെ ചുരുക്കിക്കളഞ്ഞ ദൈവത്തെ യേശു അംഗീകരിച്ചില്ല. ഇക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ബ്രാഹ്മണർക്കെതിരെ അദ്ദേഹം പോരാടുമായിരുന്നു. ക്ഷേത്രങ്ങളിൽ കച്ചവടം നടത്തുന്നവരെ അദ്ദേഹം ആട്ടിപ്പുറത്താക്കുമായിരുന്നു. എന്നിട്ട് അദ്ദേഹം അരുളിച്ചെയ്യും; എന്റെ ഭവനം പ്രാർഥനയുടെ ആലയമാണ്. അതിനെ നിങ്ങൾ കള്ളന്മാരുടെ മടയാക്കി. എനിക്ക് പശുക്കളും ആടുകളും ഒന്നും ബലി നൽകേണ്ട. നാളികേരമോ പുഷ്പങ്ങളോ സുഗന്ധദ്രവ്യങ്ങളോ ഒന്നും വേണ്ട. എനിക്ക് സ്നേഹവും എളിമയാർന്ന ഹൃദയവും മാത്രം മതി.”
താൻ ഇന്നത്തെ ഇന്ത്യയിൽ ഒരു അവർണജാതിക്കാരിയായിരുന്നെങ്കിൽ ക്ഷേത്രപ്രവേശനത്തെ ചൊല്ലി ഒരിക്കലും ആധികൊള്ളുകയില്ലായിരുന്നെന്ന് എസ്തർ ബാപ്പുവിന് എഴുതി. “കാരണം, എന്റെ ഉള്ളിൽനിന്ന് ഒരു ശബ്ദം ഇങ്ങനെ പറയും; ദൈവം ക്ഷേത്രങ്ങളിൽ വസിക്കുന്നില്ല. എന്റെ ഹൃദയത്തിനുള്ളിലും എന്റെ കൊച്ചു വീടിനുള്ളിലും അവനുണ്ട്. കുഞ്ഞുങ്ങൾ കളിക്കുന്ന ഇടത്ത് അവനുണ്ട്. അധ്വാനിക്കുന്നവരുടെ പണിശാലകളിൽ അവനുണ്ട്. ഈ മഹത്തായ സുന്ദരപ്രകൃതിയിൽ അവനുണ്ട്. പാവപ്പെട്ടവരുടെയും വേദനിക്കുന്നവരുടെയും ഒപ്പം അവനുണ്ട്.’’
ഡോ. കുഞ്ഞികൃഷ്ണ മേനോൻ -അവസാന കാലത്ത്
പക്ഷേ, ഇതിനർഥം ക്രിസ്തുമതത്തിലെ നിരവധിയായ തെറ്റുകളോടും കുറവുകളോടും താൻ കണ്ണടക്കുന്നുവെന്നല്ല എന്നും എസ്തർ ബാപ്പുവിനെ ഓർമിപ്പിച്ചു. “ഞാനടക്കം ഉള്ളവരിൽ ഇത് കാണുമ്പോൾതന്നെ അതിനെതിരെ ഞാൻ യുദ്ധംചെയ്യാറുണ്ട്. വിപ്ലവം നടന്ന റഷ്യയുടെ കാര്യം എസ്തർ ചൂണ്ടിക്കാട്ടി. “റഷ്യയിലേക്ക് നോക്കൂ, അവിടെ സാധാരണക്കാരന്റെ അവകാശങ്ങൾ നിഷേധിക്കാൻ കൂട്ടുനിന്ന പള്ളിയെയും സഭയെയും അവർ ഉപേക്ഷിച്ചു.”
ബാപ്പുവിന് ഏറ്റവും പ്രിയപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് ഭിന്നാഭിപ്രായം പറയേണ്ടിവന്നതിൽ എസ്തറിന് വിഷമം ഉണ്ടായിരുന്നു. അവൾ എഴുതി; “പ്രിയപ്പെട്ട ബാപ്പുജി, കഴിഞ്ഞ 20 വർഷമായി അങ്ങ് എനിക്ക് എത്ര പ്രധാനപ്പെട്ട ആളാണെന്ന് അങ്ങേക്ക് അറിയാമല്ലോ. ഇപ്പോഴും അതിലൊരു മാറ്റവുമില്ല. ഞാൻ ഇന്ത്യക്ക് മടങ്ങിവന്നത് അങ്ങയുമായി മതവിഷയങ്ങളിൽ തർക്കിക്കാനുമല്ല. പക്ഷേ, ഞാൻ എന്നോട് തന്നെ സത്യസന്ധയായില്ലെങ്കിൽ എല്ലാറ്റിനും മീതെ സത്യത്തെക്കാണുന്ന അങ്ങയോട് എങ്ങനെ സത്യം പുലർത്താനാകും? അതുകൊണ്ടാണ് എത്രയും വിനയത്തോടെയും എന്റെ മനഃസാക്ഷിയോടുമാത്രം ആലോചിച്ചും ഈ കത്ത് എഴുതുന്നത്.
ത്യാഗത്തിനും സേവനത്തിനും ദരിദ്രരോടുള്ള കരുതലിനും ഒക്കെയുള്ള അങ്ങയുടെ കഴിവ് എനിക്കില്ല. പക്ഷേ, സ്വന്തം ജീവിതത്തിൽ മാത്രമല്ല ലോകമാകെ കൂടുതൽ വെളിച്ചത്തിനും സ്നേഹത്തിനും സത്യത്തിനുംവേണ്ടി യത്നിക്കുന്ന അങ്ങയുടെ അനേകം മക്കളിൽ ഒരാളായി എന്നെയും അങ്ങ് കാണുന്നുണ്ടെന്ന് എനിക്ക് അറിയാം. അതിനാൽ എന്റെ അഭിപ്രായങ്ങളോടുള്ള അങ്ങയുടെ പ്രതികരണം അഭ്യർഥിക്കുകയാണ്. എനിക്ക് തെറ്റുപറ്റിയിട്ടുണ്ടെകിൽ തിരുത്താനും അപേക്ഷ.”
ഹ്രസ്വവും അത്യന്തം ആലോചനാമൃതവുമായിരുന്നു ഈ വിഷയത്തിലുള്ള ബാപ്പുവിന്റെ മറുപടി. 1935ൽ ദില്ലിയിലെ കൊടും തണുപ്പുള്ള ജനുവരിയിൽ പുലർച്ചെ നാലുമണിയുടെ പ്രാർഥനക്കു പോകുംമുമ്പ് അദ്ദേഹം നവവത്സരാശംസകൾ അറിയിച്ചുകൊണ്ട് എസ്തറിന് എഴുതി: “പ്രിയപ്പെട്ട കുഞ്ഞേ, ശരിയാണ്. ഹരിജനങ്ങൾക്ക് ആത്മീയമായ സംതൃപ്തിക്ക് ക്ഷേത്രപ്രവേശനം മാത്രം പോരാ. വാസ്തവത്തിൽ അവരെക്കാൾ അതിന്റെ ആവശ്യം അവർക്ക് പ്രവേശനം നിഷേധിക്കുന്ന അഹങ്കാരികളായ സവർണ ഹിന്ദുക്കൾക്കാണ്. ഒരേ മതത്തിൽ വിശ്വസിക്കുന്ന ഒരു വിഭാഗത്തിന് പ്രാർഥിക്കാനുള്ള അവകാശം നിഷേധിക്കുന്നതിലൂടെ അവർക്ക് ദൈവകൃപ ഒരിക്കലും ലഭ്യമല്ലാതെ പോകുമായിരുന്നു. ഇപ്പോൾ കാര്യം വ്യക്തമല്ലേ?
സ്നേഹത്തോടെയും കുട്ടികൾക്ക് ഉമ്മകളോടെയും...
സ്വന്തം, ബാപ്പു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.