ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ

28. ബാപ്പുവിന്റെ വേദന അയിത്തജാതിക്കാരടക്കം എല്ലാ ഹിന്ദുക്കൾക്കും തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനമനുവദിച്ചുകൊണ്ടുള്ള രാജകീയ സർക്കാറിന്റെ വിളംബരം ആഘോഷിക്കാനായി ഗാന്ധിജി തന്നെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. 1937 ജനുവരി 12ന് കന്യാകുമാരിയിൽനിന്ന് എത്തിയ ഗാന്ധിക്ക് വൈകീട്ട് നഗരത്തിൽ സ്വീകരണ സമ്മേളനം നടന്നു. ‘‘നാളെ ആദ്യമായി തിരുവിതാംകൂറിലെ ഒരു ക്ഷേത്രത്തിൽ ഞാൻ പ്രവേശിക്കുന്നുണ്ട്. എന്റെ ഒപ്പം ഹരിജനങ്ങളുമുണ്ടാകും’’, അദ്ദേഹം ആ യോഗത്തിൽ പ്രഖ്യാപിച്ചു. ഉറച്ച ഹിന്ദുമതവിശ്വാസിയെങ്കിലും ക്ഷേത്രങ്ങളിൽ പോകുന്ന ആളായിരുന്നില്ല ഗാന്ധിജി. പക്ഷേ, താൻ നേതൃത്വം നൽകിയ ഒരു മഹായജ്ഞത്തിന്റെ ...

28. ബാപ്പുവിന്റെ വേദന

അയിത്തജാതിക്കാരടക്കം എല്ലാ ഹിന്ദുക്കൾക്കും തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനമനുവദിച്ചുകൊണ്ടുള്ള രാജകീയ സർക്കാറിന്റെ വിളംബരം ആഘോഷിക്കാനായി ഗാന്ധിജി തന്നെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. 1937 ജനുവരി 12ന് കന്യാകുമാരിയിൽനിന്ന് എത്തിയ ഗാന്ധിക്ക് വൈകീട്ട് നഗരത്തിൽ സ്വീകരണ സമ്മേളനം നടന്നു. ‘‘നാളെ ആദ്യമായി തിരുവിതാംകൂറിലെ ഒരു ക്ഷേത്രത്തിൽ ഞാൻ പ്രവേശിക്കുന്നുണ്ട്.

എന്റെ ഒപ്പം ഹരിജനങ്ങളുമുണ്ടാകും’’, അദ്ദേഹം ആ യോഗത്തിൽ പ്രഖ്യാപിച്ചു. ഉറച്ച ഹിന്ദുമതവിശ്വാസിയെങ്കിലും ക്ഷേത്രങ്ങളിൽ പോകുന്ന ആളായിരുന്നില്ല ഗാന്ധിജി. പക്ഷേ, താൻ നേതൃത്വം നൽകിയ ഒരു മഹായജ്ഞത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ട ചരിത്രമുഹൂർത്തത്തിൽ പങ്കെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. ജനുവരി 13ന് രാവിലെ ഒരു സംഘം ഹരിജനങ്ങൾക്കൊപ്പം ഗാന്ധിജി പ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചു. ഏതാനും വർഷം മുമ്പ് മാത്രം ജവഹർലാൽ നെഹ്റുവിനും കുടുംബത്തിനും പ്രവേശനം നിഷേധിച്ച ക്ഷേത്രമായിരുന്നു അത്. ജാതിയുടെ പേരിലല്ല, കടൽ കടന്നുപോയവർക്കൊക്കെയുള്ള ഹിന്ദുമത ഭ്രഷ്ട് മൂലമായിരുന്നു അതെന്ന് മാത്രം.

ആ തിരുവിതാംകൂർ സന്ദർശനത്തിൽ ഇരുപത്തിയഞ്ച് ഇടങ്ങളിൽ ഗാന്ധി പ്രസംഗിച്ചു. ക്ഷേത്രപ്രവേശനം അനുവദിച്ച രാജകീയ കുടുംബത്തെയും ദിവാൻ സർ സി.പി. രാമസ്വാമി അയ്യരെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. പിന്നാക്കജാതിക്കാരായ ഈഴവർ തങ്ങളെക്കാൾ ‘താണവരെന്ന്’ കൽപിക്കപ്പെട്ട പുലയ-പറയ വിഭാഗങ്ങളോട് അയിത്തം പുലർത്തുന്നതിനെ ഗാന്ധി ശക്തമായി വിമർശിച്ചു.

നഗരത്തിൽ ഹരിജന വിദ്യാർഥികൾക്കുള്ള ഒരു ഹോസ്റ്റൽ സന്ദർശിച്ച അദ്ദേഹം ആ കുട്ടികൾക്കൊപ്പമാണോ താങ്കൾ ഭക്ഷണം കഴിക്കാറുള്ളതെന്ന് ഉയർന്ന ജാതിക്കാരനായ ഹോസ്റ്റൽ സൂപ്രണ്ടിനോട് ആരാഞ്ഞു. കുട്ടികൾക്ക് ആവശ്യമായ പാൽ ലഭിക്കുന്നില്ലെന്ന് അറിഞ്ഞപ്പോൾ, ക്ഷേത്രപ്രവേശനം പ്രഖ്യാപിച്ചനിലക്ക് ബ്രാഹ്മണർക്കായി സ്വർണപ്പാത്രങ്ങളിൽ പാൽ നൽകുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി കുറച്ച് മോരെങ്കിലും ഹരിജൻ കുട്ടികൾക്ക് എത്തിച്ചുകൊടുത്തുകൂടേ എന്നും ചോദിച്ചു.

തലേ വർഷവും ഗാന്ധി തെക്കേ ഇന്ത്യ സന്ദർശിച്ചിരുന്നു. രക്തസമ്മർദം വർധിച്ചതിനാൽ വിശ്രമത്തിനായി ബാംഗ്ലൂരിനടുത്തുള്ള നന്തി കുന്നുകളിൽ ഒരു മാസത്തിലേറെക്കാലം അദ്ദേഹം താമസിച്ചു. ഒപ്പം വല്ലഭ്ഭായ് പട്ടേലും. മലമുകളിലെ കണ്ണിങ്ഹാം ലോഡ്ജിലായിരുന്നു അവർ തങ്ങിയത്. കുറച്ചു വർഷം മുമ്പും ഗാന്ധി വിശ്രമത്തിനെത്തിയിരുന്ന നന്തികുന്ന് അദ്ദേഹത്തിന് വളരെ പ്രിയങ്കരമായിരുന്നു. പ്രകൃതിഭംഗിയും ശാന്തതയും നിറഞ്ഞ ഈ ഇടത്ത് ഒരു വാഹനംപോലും വരാറില്ലെന്ന് അദ്ദേഹം തന്റെ ശിഷ്യയായ രാജകുമാരി അമൃത് കൗറിന് എഴുതി. ഇവിടെ ഗാന്ധിയെ കാണാനെത്തിയവരിൽ ആറു വർഷം മുമ്പ് ഊർജതന്ത്രത്തിൽ നൊബേൽ സമ്മാനിതനായ സി.വി. രാമനും ഉൾപ്പെട്ടു. ശാസ്ത്രത്തിൽ നൊബേൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ആഗോള പ്രശസ്തനായ ആ ശാസ്ത്രജ്ഞൻ.

അനാരോഗ്യവും ഒറ്റപ്പെടലുംകൊണ്ട് നീറിയിരുന്ന എസ്തറിനെ ആശ്വസിപ്പിച്ചുകൊണ്ട് സേവാഗ്രാമിൽനിന്ന് എഴുതി. ഉടൻ താൻ നന്തികുന്നുകളിലെത്തുന്നുണ്ടെന്നും അവിടേക്ക് വന്നാൽ തമ്മിൽ കാണാമെന്നുമദ്ദേഹം അറിയിച്ചു. പക്ഷേ, നന്തിയിലേക്ക് പോകാൻ എസ്തറിനായില്ല. നന്തിയിൽനിന്ന് നാനും തങ്കയ്ക്കും എഴുതാനും ബാപ്പു സമയം കണ്ടെത്തി. മേയ് 14ന് അദ്ദേഹം എഴുതി.

പ്രിയപ്പെട്ട കുട്ടികളെ,

നിങ്ങൾ എനിക്ക് കത്തയച്ചിരുന്ന കാലമുണ്ടായിരുന്നത് ഓർക്കുന്നുണ്ടോ? ഇപ്പോൾ നിങ്ങൾ വളരുകയും കൂടുതൽ വിവരമുള്ളവരാകുകയുംചെയ്ത സ്ഥിതിക്ക് ഇനിയും എഴുതിക്കൂടെ? തങ്കയ് യുടെ രോഗവിവരം എന്നെ വിഷമിപ്പിക്കുന്നു. എപ്പോഴും തൊപ്പി ധരിക്കാൻ മറക്കരുത്. ഞാൻ ഇപ്പോൾ എവിടെയാണെന്ന് എസ്തർ പറഞ്ഞുതരും.

സ്നേഹവും ഉമ്മകളും

ബാപ്പു.

കൊടൈക്കനാൽപോലെ തണുപ്പുള്ള ഇടത്ത് വന്നിട്ടും എസ്തറിനും കുട്ടികൾക്കും ഇടക്കിടെ രോഗബാധ ഉണ്ടാകുന്നതിൽ ബാപ്പു ആശങ്ക പ്രകടിപ്പിച്ചു. ബാപ്പുവിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ ശിഷ്യയായ സരസ്വതി അംബുജമ്മാൾ മദിരാശിയിൽനിന്ന് കൊടൈക്കനാലിൽ പോയി എസ്തറുടെ സുഖവിവരങ്ങൾ അന്വേഷിച്ചു. ഇടക്കിടക്ക് ഇത് ചെയ്യണമെന്നും ബാപ്പു അമ്മാളിനോട് പറഞ്ഞിരുന്നു.

ഗാന്ധി നന്തിയിൽ താമസിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത വന്നത്. 48കാരനായ മൂത്ത മകൻ ഹരിലാലിന്റെ മതംമാറ്റം. അച്ഛനുമായി ദീർഘനാളായി പിണങ്ങിക്കഴിഞ്ഞിരുന്ന ഹരിലാൽ അദ്ദേഹത്തിനെതിരെ പ്രതികാരമെന്ന നിലക്കായിരുന്നു ഇസ്‍ലാം മതത്തിലേക്ക് മാറിയത്. മദ്യപാനം, സാമ്പത്തിക തിരിമറികൾ, സദാചാരപരമായ ദുർനടത്തം എന്നിങ്ങനെയുള്ള കൃത്യങ്ങളിൽ ഹരിലാൽ പരസ്യമായി തന്നെ ഉൾപ്പെട്ടിരുന്നു.

ഇടക്ക് വഞ്ചനാക്കുറ്റത്തിന് അറസ്റ്റിലുമായി. ഇഷ്ടമുള്ളത് പഠിക്കാനും താൽപര്യമുള്ള ജോലി സ്വീകരിക്കാനും പ്രണയിച്ച ആളെ വിവാഹംചെയ്യാനും ഒന്നും അച്ഛൻ അനുവദിച്ചില്ലെന്നായിരുന്നു എന്നും ഹരിലാലിന്റെ പരാതി. അതിനൊക്കെയുള്ള പ്രതികാരമായിരുന്നു അച്ഛൻ ഉയർത്തിപ്പിടിച്ച എല്ലാ മൂല്യങ്ങൾക്കുമെതിരെ പ്രവർത്തിച്ച ഹരിലാലിന്റെ ജീവിതം. എല്ലാ തരം മതംമാറ്റങ്ങൾക്കും പരസ്യമായിതന്നെ എതിരായിരുന്നുവല്ലോ ഗാന്ധി.

മേയ് 29ന് ബോംബെ ജുമാമസ്ജിദിൽ ഒരു വലിയ സമ്മേളനത്തിൽ നടന്ന ഹരിലാലിന്റെ മതംമാറ്റം വലിയ ആഘോഷമാക്കി മാറ്റി ഇസ്‍ലാം മതനേതൃത്വം. അബ്ദുല്ല എന്ന പേര് ഹരിലാൽ സ്വീകരിച്ചു. തികഞ്ഞ ആത്മസംയമനത്തോടെയാണ് ഗാന്ധി ഈ വാർത്ത കേട്ടത്. നന്തിയിൽനിന്ന് അദ്ദേഹം തന്റെ മൂന്നാമത്തെ മകൻ ദേവദാസിനെഴുതി; ‘‘നിസ്വാർഥ ലക്ഷ്യങ്ങളോടെയും പൂർണമായ ധാരണയോടെയുമാണ് അവൻ ഇസ്‍ലാമിലേക്ക് മാറിയതെങ്കിൽ ഒരു കുഴപ്പവുമില്ല. പക്ഷേ, അവന്റെ ആർത്തി പണത്തോടും ലൈംഗികസുഖങ്ങളോടുമാണ്.’’ പണം വാങ്ങിയാണ് മകൻ മതംമാറിയതെന്ന് ഗാന്ധി വിശ്വസിച്ചു.

ഇതേ നിലപാട് ഗാന്ധി വീണ്ടും ഒരു പത്രക്കുറിപ്പിലൂടെയും ആവർത്തിച്ചു. “ആത്മാർഥമായും ഭൗതിക താൽപര്യങ്ങൾക്ക് അതീതവുമായാണ് അവൻ ഇത് ചെയ്തതെങ്കിൽ എനിക്ക് ഒരു വിരോധവുമില്ല. കാരണം, എന്റെ മതത്തെപ്പോലെതന്നെ സത്യസന്ധമായ മറ്റൊരു മതമാണ് ഇസ്‍ലാം എന്നാണ് എന്റെ വിശ്വാസം.’’ മകന്റെ “മദ്യപാനശീലവും ചീത്തപ്പേരുള്ള ഗൃഹങ്ങളിലെ സന്ദർശനങ്ങളും” ഒക്കെ ഗാന്ധി അതിലും പരാമർശിച്ചു. ബോംബെയിൽ പലിശക്ക് കടംകൊടുക്കുന്ന പഠാണികൾക്ക് പണം തിരിച്ചുനൽകാനാകാതെ വന്ന ഹരിലാൽ ജീവഭയംകൊണ്ടുമാണ് മതം മാറിയതെന്നും ഗാന്ധി കരുതി. ‘‘ഇപ്പോളിതാ അവൻ ആ നഗരത്തിൽ ഒരു താരമായിരിക്കുന്നു’’, അദ്ദേഹം പരിഹസിച്ചു.

‘‘അത്ഭുതപ്രവർത്തകനായ ദൈവത്തിന് പാറപോലെ പരുക്കനായ മനസ്സുകളെപ്പോലും മാറ്റാനാകും. പാപികളെ പുണ്യവാളരാക്കാനും അവന് കഴിയും. പക്ഷേ, ഹരിലാലിന്റെ മതംമാറ്റത്തിൽ അതിനൊന്നും തെളിവില്ല. അലസജീവിതത്തിലും ഇന്ദ്രിയസുഖങ്ങളിലുമാണ് അവന്റെ താൽപര്യം’’, ഗാന്ധി എഴുതി. ശുദ്ധമായ മനസ്സോടെയാണോ ഹരിലാൽ മതംമാറിയതെന്ന് പരിശോധിക്കാൻ തന്റെ മുസ്‍ലിം സുഹൃത്തുക്കളോട് അദ്ദേഹം അഭ്യർഥിച്ചു. “അവൻ ഹരിലാലെന്നോ അബ്ദുല്ലയെന്നോ അറിയപ്പെടുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. ദൈവത്തിന്റെ യഥാർഥ ഭക്തനായാൽ മതി.

ആ രണ്ട് പേരുകളുടെയും അർഥമതാണ്.’’ പക്ഷേ, വിവരമറിഞ്ഞ് ഹൃദയം തകർന്ന കസ്തൂർബാ മതംമാറ്റത്തിലൂടെ തന്റെ മഹാനായ അച്ഛനെ അപമാനിക്കാൻ ശ്രമിച്ചതിന് ഹരിലാലിനെ അതിനിശിതമായി വിമർശിച്ചുകൊണ്ട് കത്തെഴുതി. “നിരന്തരം സ്വന്തം പിതാവിനെ അപഹസിക്കുകയാണ് നീ. ഒരിക്കൽ മദ്യപിച്ച് ബഹളംവെച്ച നിന്നെ കോടതി വെറുതെവിട്ടത് നിന്റെ അച്ഛനെ ഓർത്താണെന്ന് മറക്കേണ്ട” –അവർ മകന് എഴുതി.

ഗാന്ധിയെ വല്ലാതെ ഉലച്ച മറ്റൊരു സംഭവവും അദ്ദേഹം നന്തിയിൽ കഴിയുമ്പോൾ ഉണ്ടായി. പ്രിയ സുഹൃത്തും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഡോ. എം.എ. അൻസാരിയുടെ നിര്യാണം. ഹിന്ദു-മുസ്‍ലിം ബന്ധങ്ങൾ സംബന്ധിച്ച് തന്റെ വഴികാട്ടിയായിരുന്നു ഡോക്ടർ എന്ന് ദുഃഖഭാരത്തോടെ അദ്ദേഹം അനുസ്മരിച്ചു. വിശ്രമത്തിനായി എത്തിയ നന്തികുന്നുകളിലെ 45 ദിവസത്തെ മനസ്സ് ഉലച്ച ജീവിതത്തിനുശേഷം ബാപ്പുവും സംഘവും മേയ് 31ന് വാർധയിലേക്ക് മടങ്ങി.

പക്ഷേ, വ്യക്തിപരമായി ഇത്ര വേദനജനകമായ അനുഭവങ്ങൾ നേരിടുമ്പോഴും മറ്റുള്ളവർക്കായുള്ള തന്റെ ജോലികളൊന്നും ഗാന്ധി മാറ്റിവെച്ചില്ല. ഹരിലാലിന്റെ മതംമാറ്റത്തിന് രണ്ട് ആഴ്ചക്കുശേഷം എസ്തറിന് എഴുതിയ കത്തിൽ അവളെ ആശ്വസിപ്പിക്കാനും തെല്ലൊന്നു കളിയാക്കാനും ഗാന്ധി ശ്രദ്ധിച്ചു. ‘‘പ്രിയപ്പെട്ട കുഞ്ഞേ, നീ ഒരു വികൃതിക്കുട്ടിയാണ്. ഒരു കടലാസിന്റെ മാർജിനുകൾക്കുള്ളിലടക്കം എല്ലായിടത്തും നീ കുത്തിക്കുറിച്ചാൽ എനിക്ക് എങ്ങനെ വായിക്കാനാകും? എന്തുകൊണ്ട് ഒരു കടലാസുകൂടി ഉപയോഗിക്കുന്നില്ല? പക്ഷേ ഇനി എനിക്ക് പരാതികൾ വേണ്ട. കെ (മേനോൻ) നേരിടുന്ന സങ്കടം കഷ്ടമാണ്. എനിക്ക് കത്ത് എഴുതാൻ കുട്ടികളോട് ആവശ്യപ്പെടേണ്ട. അവർക്ക് സ്വയം തോന്നുമ്പോൾ മാത്രം ചെയ്യട്ടെ.’’

ഗുജറാത്തിലെ സബർമതി ആശ്രമം അദ്ദേഹം സ്ഥാപിച്ച ഹരിജൻ സേവാ സമിതിക്ക് വിട്ടുകൊടുത്ത ഗാന്ധി മഹാരാഷ്ട്രയിലെ വാർധ ഗ്രാമത്തിൽ ആരംഭിച്ച സേവാഗ്രാം എന്ന പുതിയ ആശ്രമത്തിലേക്ക് തന്റെ കേന്ദ്രം മാറ്റിയിരുന്നു. ഗാന്ധിയുടെ ഉറ്റ സുഹൃത്തായ വ്യവസായി ജംനാലാൽ ബജാജ് സംഭാവന ചെയ്തതായിരുന്നു ഈ സ്ഥലം.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നേറ്റത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു ആ കാലഘട്ടം. നെഹ്റുവിന്റെ നേതൃത്വത്തിൽ ചെറുപ്പക്കാരും സോഷ്യലിസ്റ്റുകളും സംഘടനയിൽ മേൽക്കൈ സ്ഥാപിച്ചു. 1930ൽ പൂർണസ്വരാജിൽ കുറഞ്ഞ ഒന്നിനും തയാറല്ലെന്ന് കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, പരമാവധി അനുവദിക്കാനാവുക ‘പുത്രികാ പദവി’ മാത്രമെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്.

അതായത് ബ്രിട്ടന്റെ കീഴിൽ പരിമിതമായ സ്വയം ഭരണാവകാശം. പക്ഷേ, ഇന്ത്യൻ ജനതയുടെ ആവശ്യങ്ങൾക്ക് നേരെ പൂർണമായും കണ്ണടക്കാനാവില്ലെന്ന് ബ്രിട്ടൻ തിരിച്ചറിഞ്ഞതിന്റെ തെളിവായി ബ്രിട്ടീഷ് സർക്കാർ പാസാക്കിയ 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ നിയമം. കോൺഗ്രസ് ആവശ്യപ്പെട്ട പൂർണസ്വരാജോ പുത്രികാപദവി പോലുമോ ഈ നിയമത്തിലൂടെ അനുവദിച്ചില്ലെങ്കിലും വിവിധ പ്രാദേശിക പ്രവിശ്യകളിൽ തെരഞ്ഞെടുപ്പ് നടത്തി വിജയികൾക്ക് പരിമിതമായ ഭരണാവകാശം നൽകാൻ തീരുമാനിക്കപ്പെട്ടു. പരിമിതമായ അധികാരം മാത്രം അനുവദിക്കുന്ന ഈ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം വാദിച്ചെങ്കിലും അത് തള്ളിക്കൊണ്ട് പങ്കെടുക്കാനും മത്സരിക്കാനുമായി അവസാന തീരുമാനം.

ഗാന്ധി ഇതിനോട് യോജിച്ചെങ്കിലും രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം പങ്കെടുത്തില്ല. ഗാന്ധി തന്റെ പിൻഗാമികളെന്നു പ്രഖ്യാപിച്ച നെഹ്റുവിനും സർദാർ പട്ടേലിനും ആയിരുന്നു തെരഞ്ഞെടുപ്പിന്റെ ചുക്കാൻ. തെരഞ്ഞെടുപ്പ് നടന്ന പതിനൊന്ന് പ്രവിശ്യകളിലും മുസ്‍ലിം ലീഗും മറ്റ് വിവിധ പ്രാദേശിക കക്ഷികളും തമ്മിലായിരുന്നു കോൺഗ്രസിന്റെ മത്സരം. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പതിനൊന്നിൽ ഏഴിലും വിജയിച്ചുകൊണ്ട് കോൺഗ്രസ് ചരിത്രം കുറിച്ചു. വിവിധ നേതാക്കൾ പ്രവിശ്യകളിൽ പ്രധാന മന്ത്രിമാരായി. മദിരാശിയിൽ സ്ഥാനമേറ്റത് ഗാന്ധിയുടെ ഉറ്റ അനുചരൻ സി. രാജഗോപാലാചാരി എന്ന രാജാജി.

കോൺഗ്രസിന്റെ വൻ വിജയത്തെക്കുറിച്ച് അറിഞ്ഞ് ഡെന്മാർക്കിൽ ഒരാൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ആൻ മേരി. മൂന്നു വർഷം മുമ്പ് മോശമായിവന്ന ആരോഗ്യവും സാമ്പത്തികാവസ്ഥക്കും പരിഹാരം തേടി ഡെന്മാർക്കിലെത്തിയതാണ് അവർ. പക്ഷേ, മുമ്പെന്നപോലെ ഇക്കുറിയും തിരിച്ച് ഇന്ത്യയിൽ പ്രവേശിക്കാൻ ബ്രിട്ടീഷ് അധികാരികൾ അവരെ അനുവദിച്ചിരുന്നില്ല. കോൺഗ്രസും ഗാന്ധിയുമായി ആൻ മേരിയുടെ അടുത്ത ബന്ധംതന്നെ കാരണം. മുമ്പൊരിക്കൽ വിസ നിഷേധിച്ചിട്ടും അവർ ഇന്ത്യയിൽ പ്രവേശിച്ചിരുന്നു. പക്ഷേ, ഇപ്പോൾ പ്രായവും അനാരോഗ്യവുംമൂലം അങ്ങനെയൊരു സാഹസത്തിന് സ്വയം മടിച്ചില്ലെങ്കിലും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആൻ മേരിയെ അതിനനുവദിച്ചില്ല.

പക്ഷേ, മദിരാശി പ്രധാനമന്ത്രിയായി തന്റെ ചിരകാല സുഹൃത്തായ രാജാജി അധികാരമേറ്റതോടെ ഇനി ഇന്ത്യയിലേക്കുള്ള പുനഃപ്രവേശം പ്രശ്നമേ ആകില്ലെന്ന് ആൻ മേരിക്ക് ഉറപ്പായിരുന്നു. പുനഃപ്രവേശം മാത്രമല്ല അതിനുമപ്പുറമുള്ള തന്റെ മറ്റൊരു ലക്ഷ്യംകൂടി സാക്ഷാത്കരിക്കാനുള്ള സമയവും ഇതാണെന്ന് അവർ തീരുമാനിച്ചു. ഇന്ത്യൻ പൗരത്വം നേടുക എന്ന ലക്ഷ്യം. ഇന്ത്യക്കും ഇന്ത്യക്കാർക്കുംവേണ്ടി അല്ലാതെ ഇനി തന്റെ ജീവിതത്തിൽ ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന് ആൻ മേരി നിശ്ചയിച്ചിരുന്നു.

പക്ഷേ, ഇന്ത്യൻ പൗരത്വമെടുക്കുക എന്നാൽ ഹിന്ദു ആകുക എന്നായിരുന്നില്ല ആൻ മേരിയുടെ ഉദ്ദേശ്യം. സമ്പൂർണമായും സ്വതന്ത്രയായ ഇന്ത്യയിൽ ക്രിസ്തീയ മിഷനറിയായ ഇന്ത്യക്കാരിയായി ജീവിക്കുക. ഇന്ത്യക്കാരെ അവരുടെ ദേശീയവും സാംസ്കാരികവുമായ എല്ലാ തനിമയോടുംകൂടി തന്നെ ക്രിസ്തീയ മാർഗത്തിലേക്ക് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം എന്നവർ തുറന്നുപറഞ്ഞു. “ഇന്ത്യയിലെ എല്ലാ ക്രിസ്തീയരെയും ദേശീയവാദികളാക്കുക, എല്ലാ ദേശീയവാദികളെയും ക്രിസ്തീയരാക്കുക” അതായിരുന്നു ആൻ മേരിയുടെ സ്വപ്നം. തന്റെ ആഗ്രഹങ്ങളൊക്കെ ഉടൻതന്നെ ആൻ മേരി രാജാജിയെ എഴുതി അറിയിച്ചു.

അൽപം വൈകിയാണ് ലഭിച്ചതെങ്കിലും രാജാജിയുടെ മറുപടി ആൻ മേരിയെ സന്തോഷിപ്പിച്ചു. “പ്രിയ സഹോദരി, താങ്കളുടെ കത്ത് കിട്ടാൻ വൈകിയതിനാലാണ് മറുപടി നീണ്ടത്. വിസ സംബന്ധിച്ച നിർദേശം ലണ്ടനിലെ ഇന്ത്യാ ഓഫിസിലേക്ക് നൽകിയിട്ടുണ്ട്. അവിടെ അപേക്ഷ നൽകിയാൽ മതി.’’

തന്റെ മടക്കം അറിയിച്ച മേനോനും ബാപ്പുവിനും ആൻ മേരി എഴുതി. “ഇനിയെങ്കിലും മുൻ വാതിലിലൂടെ തന്നെ ഇന്ത്യയിൽ പ്രവേശിക്കാമല്ലോ” എന്നായിരുന്നു മേനോന്റെ നർമം കലർന്ന പ്രതികരണം. അനാരോഗ്യവും ജോലിത്തിരക്കുംമൂലം ഗാന്ധിക്ക് വേണ്ടി മീരാബെഹ്ൻ ആണ് മറുപടി എഴുതിയത്. ആൻ മേരിയുടെ വരവ് അറിഞ്ഞ ബാപ്പു അത്യധികം സന്തുഷ്ടനാണെന്ന് മീര എഴുതി.

അധികം വൈകാതെ ആൻ മേരി കോപൻഹേഗനിൽനിന്ന് ഇന്ത്യക്ക് കപ്പൽ കയറി. സിലോണിലെ കൊളംബ് വഴിയായിരുന്നു യാത്ര. പക്ഷേ, ദിവസങ്ങളോളം നീണ്ട ക്ലേശകരമായ യാത്രക്കു ശേഷം ക്ഷീണിതയായി ഇന്ത്യയിൽ ഇറങ്ങിയ ആൻ മേരിയെ കാത്തിരുന്നത് അപ്രതീക്ഷിതമായ അനുഭവമായിരുന്നു. പൊലീസ് അവരെ തടഞ്ഞു. അവരുടെ പേര് ഇപ്പോഴും വിലക്കപ്പെട്ടവരുടെ കരിമ്പട്ടികയിൽ ആണെന്നായിരുന്നു പൊലീസിന്റെ നിലപാട്.

അമ്പരന്നുപോയ ആൻ മേരി രാജാജിക്കും മേനോനും കാര്യമറിയിച്ചുകൊണ്ട് കമ്പി അയച്ചു. പക്ഷേ, ഞായറാഴ്ചയായതിനാൽ അടിയന്തരമായി പ്രതികരണമൊന്നും ഉണ്ടായില്ല. പൊലീസ് കാവലിൽ തീവണ്ടി സ്റ്റേഷനിലെ ബെഞ്ചിലായിരുന്നു ആൻമേരി അന്ന് രാത്രി ചെലവിട്ടത്. ഒരു ആപ്പിൾ ആയിരുന്നു അത്താഴം. പിറ്റേന്ന് ആൻ മേരിക്കുള്ള പ്രവേശനാനുമതി നൽകാനുള്ള കമ്പിസന്ദേശം എത്തി. വാഗ്ദത്ത ഭൂമിയിൽ പ്രവേശനം ഒരിക്കലും അനായാസമാകില്ലല്ലോ, ആൻ മേരി മനസ്സിൽ കരുതി.

29. മറിയ മോണ്ടിസോറി

മദിരാശിയിൽ അർധരാത്രി തിരിച്ച തീവണ്ടി തഞ്ചാവൂരിലെത്തിയപ്പോൾ പിറ്റേന്ന് രാത്രി ഒമ്പത് മണി കഴിഞ്ഞു. അവിടെ സ്റ്റേഷനിൽ ആൻ മേരിയെ ഡോ. മേനോൻ കാത്തിരിക്കുന്നുണ്ടായിരുന്നു. മൂന്നിലേറെ വർഷത്തിനുശേഷം കാണുന്ന മേനോനെ ആൻ മേരി സ്നേഹാതിരേകത്തോടെ ആശ്ലേഷിച്ചു. അവിടെനിന്ന് ഒരു കാറിൽ അവർ യാത്ര തുടർന്നു. “വിശപ്പുണ്ടോ?” എന്ന് ചോദിച്ച മേനോനോട് തീവണ്ടിയിൽനിന്ന് സാമ്പാർ ചോറ് കിട്ടിയെന്ന് ആൻ മേരി പറഞ്ഞു. “മൂന്ന് വർഷത്തിന് ശേഷമാണ് തെക്കേ ഇന്ത്യൻ ഭക്ഷണം കഴിച്ചത്. എന്ത് സ്വാദായിരുന്നു! വിലയോ, വെറും രണ്ട് അണ.”

ആൻ മേരിയുടെയും മേനോന്റെയും റോഡ് യാത്ര മായാവരംവരെ തുടർന്നു. അപ്പോഴേക്കും പതിനൊന്ന് മണി കഴിഞ്ഞിരുന്നു. അവിടെനിന്നാണ് പുലർച്ചെ പോർട്ടോനോവോക്കുള്ള തീവണ്ടി. പുലരുംവരെ സ്റ്റേഷനിലെ വെയ്റ്റിങ് മുറിയിൽ ഇരുവരും വർത്തമാനം പറഞ്ഞിരുന്നു. ഒരുപാട് വിശേഷം ഇരുവർക്കും കൈമാറാനുണ്ടായിരുന്നു. പുലർച്ചെ മൂന്നരയോടെ മേനോൻ തഞ്ചാവൂരിലേക്ക് മടങ്ങി. പോർട്ടോനോവോക്കുള്ള പാസഞ്ചർ തീവണ്ടി അഞ്ചു മണിക്കായിരുന്നു. വണ്ടി വരുന്നതുവരെ ഒരു മണിക്കൂർ ആൻ മേരി മയങ്ങി.

പോർട്ടോനോവോയിലെ സേവാമന്ദിറിൽ ആൻ മേരിയെ എതിരേൽക്കാൻ കൊടൈക്കനാലിൽനിന്ന് എസ്തറും മക്കളും എത്തിയിരുന്നു. പെരിയമ്മയെ സ്വാഗതംചെയ്യാൻ സേവാമന്ദിർ ആകെ ഒരുങ്ങിയിരുന്നു. സ്കൂളിലേക്കുള്ള പൂന്തോട്ടത്തിന്റെ ഇരുവശത്തും പെൺകുട്ടികൾ നിരയായി നിന്ന് പാട്ട് പാടിക്കൊണ്ട്, പെരിയമ്മ നടന്നുവരുന്ന വഴിയിൽ പൂക്കൾ വിതറുകയും പനിനീര് തളിക്കുകയുംചെയ്തു. മുമ്പ് താൻ ഡെന്മാർക്കിൽനിന്നും മടങ്ങിവന്നപ്പോഴുള്ള സേവാമന്ദിർ എത്രമാത്രം മാറിയെന്ന് ആൻ മേരി അത്ഭുതപ്പെട്ടു. അന്ന് ഏതാനും കുട്ടികളും ഒഴിഞ്ഞ ഇടങ്ങളുമായി നിരാശ ബാധിച്ചതുപോലെയായിരുന്നുവെങ്കിൽ ഇന്ന് എല്ലായിടത്തും ഉത്സാഹവും ഉന്മേഷവും. സന്തുഷ്ടരായ കുട്ടികൾ.

താൻ നട്ട ചെടികളൊക്കെ വളർന്നു പൂവിട്ടു. എങ്ങും പച്ചപ്പ്. 1920ൽ സ്കൂൾ സ്ഥാപിച്ച വേളയിൽ ആൻ മേരി നട്ട ആൽമരത്തിന്റെ തൈ വളർന്നുതഴച്ച് സുഖശീതളമായ തണൽ വിരിച്ചുനിൽക്കുന്നു. പുതിയ ഒട്ടേറെ കുട്ടികൾക്കൊപ്പം നാട്ടുകാരായ രണ്ട് പുതിയ അധ്യാപികമാർ ചേർന്നിരുന്നു. അവരാണ് കുട്ടികളെ സംഗീതവും മറ്റും അഭ്യസിപ്പിച്ചത്. താൻ അയച്ചുകൊടുത്തിരുന്ന പണം വൃഥാവിലായില്ലെന്നതിൽ ആൻ മേരിക്ക് നിറഞ്ഞ ചാരിതാർഥ്യം തോന്നി.

മുമ്പ് എപ്പോഴും ഭയവും അടിമത്തഭാവവും നിഴലിച്ചിരുന്ന നാട്ടുകാരുടെ മുഖത്തും പുതിയൊരു ആത്മവിശ്വാസവും പ്രസരിപ്പും ആൻ മേരി കണ്ടു. പുതിയ തെരഞ്ഞെടുപ്പ് വിജയത്തോടെ സ്വാതന്ത്ര്യത്തിലേക്ക് അടുക്കുന്ന ഒരു ജനതയുടെ പുതിയ ഭാവമായി ഈ മാറ്റം എന്ന് അവർക്ക് തോന്നി. പുതിയ ഇന്ത്യയുടെ വിദ്യാഭ്യാസ നയം കരുപ്പിടിപ്പിക്കാൻ തന്നെ തനിക്ക് സംഭാവന ചെയ്യാനാകുമെന്ന് ആൻ മേരി കരുതി. ഏതാനും മാസം കഴിഞ്ഞപ്പോൾ പതിവുള്ള കൊടൈക്കനാൽ യാത്രയിൽ ആൻ മേരി സേവാമന്ദിറിലെ 12 പെൺകുട്ടികളെ ഒപ്പംകൂട്ടി.

അവിടെ എസ്തർ അവരുടെ ആതിഥേയയായി. കുട്ടികൾ കൊടൈക്കനാലിൽ ഒട്ടേറെ ഇടങ്ങളിൽ ഗംഭീരമായ കലാവിരുന്നുകൾ അവതരിപ്പിച്ചു. വിദേശികളും മിഷനറിമാരും നാട്ടുകാരുമൊക്കെ അവ ആസ്വദിച്ചു. ആ പെൺകുട്ടികളുടെ സംഗീതവും വീണാവാദനവും അഭിനയവുമൊക്കെ വലിയ പ്രശംസ പിടിച്ചുപറ്റി. ഒരു നേരത്തെ ഭക്ഷണമോ വസ്ത്രമോ പോലുമില്ലാത്ത അതിദരിദ്ര പശ്ചാത്തലത്തിൽനിന്നും വന്ന കുഞ്ഞുങ്ങളാണവർ എന്നു വിശ്വസിക്കാൻ മിക്കവർക്കും കഴിഞ്ഞില്ല. സേവാമന്ദിറിലെ ജീവിതവും പഠനവും ചാരക്കട്ടകളിൽനിന്നും അവരെ ഉജ്ജ്വല വജ്രങ്ങളാക്കിത്തീർത്തിരുന്നു.

1939ൽ കൊടൈക്കനാലിൽ എസ്തറിന് മറ്റൊരു പ്രമുഖ അതിഥി എത്തിച്ചേർന്നു. ഇറ്റലിക്കാരിയായ വിഖ്യാത വിദ്യാഭ്യാസ വിദഗ്ധ മറിയ മോണ്ടിസോറി. 1931ൽ വട്ടമേശ സമ്മേളനത്തിന് ലണ്ടനിൽ എത്തിയ ഗാന്ധിജിയെ കാണാൻ മോണ്ടിസോറി എത്തിയിരുന്നു. അവർക്ക് ഇന്ത്യയിലെ തിയോസഫിക്കൽ സൊസൈറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അന്നാണ് എസ്തർ അവരെ പരിചയപ്പെട്ടത്. ലണ്ടനിൽ അധ്യാപകർക്കുള്ള മോണ്ടിസോറിയുടെ പരിശീലനകേന്ദ്രം അന്ന് ഉദ്ഘാടനം ചെയ്യാൻ ബാപ്പുവിനെ ക്ഷണിക്കാനായിരുന്നു അവർ വന്നത്.


 



പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കടുത്ത വിമർശക ആയിരുന്നു സ്ത്രീകൾക്ക് വൈദ്യവിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഇറ്റലിയിലെ ആദ്യ വനിതാ ഭിഷഗ്വരയായ മോണ്ടിസോറി. പുരുഷന്മാരായ സഹപാഠികളിൽനിന്നും അധ്യാപകരിൽനിന്നുമൊക്കെ നേരിട്ട കടുത്ത ലിംഗവിവേചനം അതിജീവിച്ചാണ് മറിയ ഉന്നതവിജയം നേടിയത്. വിദ്യാഭ്യാസം സംബന്ധിച്ച ഗാന്ധിയുടെ സമീപനവുമായി മോണ്ടിസോറിയുടെ വിപ്ലവകരമായ സമ്പ്രദായത്തിന് സാമ്യമുണ്ടായിരുന്നു. സമപ്രായക്കാരുമായിരുന്ന ഗാന്ധിയും മോണ്ടിസോറിയും വളരെ വേഗം ചിരകാല സുഹൃത്തുക്കളെപ്പോലെയായി. ലണ്ടനിൽനിന്ന് മടങ്ങുന്നവഴി റോമിൽ ഇറങ്ങിയ ഗാന്ധി മോണ്ടിസോറിയുടെ വിദ്യാലയങ്ങൾ സന്ദർശിച്ചു.

ശിശുകേന്ദ്രീകൃതമാകണം വിദ്യാഭ്യാസം എന്നും അവരുടെ സ്വാഭാവികമായ വ്യക്തിത്വവികസനത്തിനാണ് ഊന്നൽ നൽകേണ്ടതെന്നും മോണ്ടിസോറി വിശ്വസിച്ചു. കുട്ടികളുടെ വിവേകത്തിൽനിന്നും പ്രായമുള്ളവർ പഠിക്കുകയാണ് വേണ്ടത്. മറിച്ചല്ല. ഇറ്റലിയിൽ ഈ പുതിയ കാഴ്ചപ്പാട് പ്രാവർത്തികമാക്കുന്ന സ്കൂളുകൾ അവർ സ്ഥാപിച്ചു. അധ്യാപകർക്ക് പുതിയ വീക്ഷണമനുസരിച്ചുള്ള പരിശീലനത്തിന് അവർ പരമപ്രാധാന്യം നൽകി. വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയ മോണ്ടിസോറി വ്യവസ്ഥ ക്രമേണ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും അമേരിക്കയിലും വ്യാപിച്ചു.

ഇന്ത്യയിൽ ടാഗോർ കൽക്കത്തയിൽ സ്ഥാപിച്ച ശാന്തിനികേതനം മോണ്ടിസോറി സമ്പ്രദായത്തിലെ വിവിധ വശങ്ങൾ ഉൾക്കൊണ്ടിരുന്നു. പക്ഷേ, ഇറ്റലിയിലെ സ്വേച്ഛാധിപതി മുസ്സോളിനി അച്ചടക്കത്തിന് പ്രാമുഖ്യം നൽകുന്ന സൈനിക വിദ്യാഭ്യാസം എല്ലാ സ്കൂളുകളിലും നൽകണമെന്ന് ഉത്തരവിട്ടപ്പോൾ യുദ്ധവിരുദ്ധയായ മോണ്ടിസോറി തന്റെ വിദ്യാലയങ്ങൾ അടച്ചുപൂട്ടി രാജ്യംവിട്ടു.

മദിരാശിയിലെ തിയോസഫിക്കൽ സൊസൈറ്റിയുടെ ക്ഷണപ്രകാരം 1939ൽ മറിയ മോണ്ടിസോറി മകൻ മാറിയോയുമൊത്ത് ഇന്ത്യയിലെത്തി. അധ്യാപക പരിശീലന പദ്ധതി നടത്തുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, മോണ്ടിസോറി ഇന്ത്യയിലെത്തിയപ്പോഴേക്കും രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു. മുസ്സോളിനിയുടെ ഇറ്റലിയും ഹിറ്റ്ലറുടെ ജർമനിയും ഉൾപ്പെട്ട ചേരി ഒരു വശത്തും ബ്രിട്ടനും അമേരിക്കയും സോവിയറ്റ് യൂനിയനും അടങ്ങിയ സഖ്യശക്തികൾ മറുവശത്തും.

ഇറ്റലി ശത്രുപക്ഷത്തായതിനാൽ ഇന്ത്യയിൽ അപ്പോൾ ഉണ്ടായിരുന്ന ഇറ്റലിക്കാർക്ക് സഞ്ചാരവിലക്ക് ഏർപ്പെടുത്തപ്പെട്ടു. മുസ്സോളിനിയുടെ എതിർപക്ഷത്തായിട്ടും മോണ്ടിസോറിക്കും മകനും ഈ നടപടിയിൽനിന്ന് രക്ഷപ്പെടാനായില്ല. അങ്ങനെ ഏഴ് നീണ്ട വർഷങ്ങൾ അവർ ഇന്ത്യയിൽ കഴിഞ്ഞു. മോണ്ടിസോറി വിദ്യാലയങ്ങൾ സ്ഥാപിക്കാനും അധ്യാപക പരിശീലനത്തിനുമൊന്നും വിലക്കുണ്ടായില്ല.

മദിരാശിയിലെ ചൂട് അസഹ്യമായതിനെ തുടർന്ന് മോണ്ടിസോറി കൊടൈക്കനാലിലേക്ക് താമസം മാറി. അപ്പോഴാണ് പഴയ സുഹൃത്ത് എസ്തറുമായി വീണ്ടും അടുക്കാൻ ഇടയായത്. ഗാന്ധിജിയോടുള്ള ആദരത്തിലും വ്യത്യസ്തമായ വിദ്യാഭ്യാസ സമ്പ്രദായവിഷയത്തിലുമൊക്കെ ഇരുവരും ഒരേ നിലപാടുള്ളവരുമായിരുന്നുവല്ലോ. എസ്തറിന് ഏറെ ആശ്വാസവും സന്തോഷവുമായി മോണ്ടെസോറിയുടെ വരവ്. കൊടൈക്കനാലിൽ മോണ്ടിസോറി സ്കൂൾ ആരംഭിച്ചപ്പോൾ എസ്തർ രണ്ട് മക്കളെയും അവിടെ ചേർത്തു.

പക്ഷേ, എസ്തർ ക്രമേണ കൂടുതൽ കൂടുതൽ ഉൾവലിയുകയായിരുന്നു. കൊടൈക്കനാലിന് പുറത്തുള്ള ലോകത്തുനിന്നും അവൾ ഏറക്കുറെ പൂർണമായും അകന്നുനിന്നു. മേനോൻ ഇടക്ക് എസ്തറെയും മക്കളെയും സന്ദർശിച്ചെങ്കിലും സ്ഥിരമായി തഞ്ചാവൂരിൽതന്നെ തുടർന്നു. അമ്പത് വയസ്സ് കടന്നതേ ഉള്ളൂ എങ്കിലും അസുഖങ്ങളിൽനിന്ന് ഒരിക്കലും അവൾ മോചിതയായില്ല.

പുറമേ താൻ ഏറ്റവും ആഗ്രഹിച്ചിരുന്ന പ്രവർത്തനങ്ങളിൽ നിന്നൊക്കെ അകന്നതും എസ്തറിന്റെ ഉത്സാഹക്കുറവിന് കാരണമായി. ഇന്ത്യയിലും ഡെന്മാർക്കിലുമുള്ള സുഹൃത്തുക്കളുമായുള്ള എഴുത്തുകുത്തുകളൊക്കെ തീരെക്കുറഞ്ഞു. ബാപ്പുവിനുപോലും അവൾ എഴുതാതെയായി. അക്കാലത്ത് ബാപ്പു ആൻ മേരിക്ക് എഴുതി: “എസ്തർ എന്നെ പൂർണമായും മറന്നുവെന്ന് തോന്നുന്നു. അവൾ എനിക്ക് എഴുതിയിട്ട് എത്രയോ കാലമായിരിക്കുന്നു. എന്തായാലും നിങ്ങൾ തമ്മിൽ കാണുമ്പോൾ അവളോട് എന്റെ അന്വേഷണം പറയുമല്ലോ.’’ അക്കാലത്ത് ഡെന്മാർക്കിലെ ഒരു സുഹൃത്തിന് എസ്തർ എഴുതി: ഞാൻ പ്രത്യക്ഷമായോ പരോക്ഷമായോ പോലും ഇന്ന് മിഷനറി പ്രവർത്തനത്തിലില്ല.

വാസ്തവത്തിൽ മിഷനറി ആയിരുന്നെങ്കിൽ ഒരു സ്വതന്ത്ര രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ എല്ലാ ചുവടുവെപ്പിലും സന്തോഷപൂർവം പങ്കെടുക്കുമായിരുന്നു. പക്ഷേ, ഒരിക്കൽ പൊള്ളലേറ്റ എനിക്ക് ഇനിയും ആ വഴി പോകാൻ വയ്യ.’’ താൻ നിത്യജീവിതത്തിൽ ഒരു മലവാസിയും ആത്മീയജീവിതത്തിൽ ഗുഹാവാസിയുമായെന്ന് അവൾ എഴുതി.

1939ൽ തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയുമായുള്ള എല്ലാ ബന്ധവും മേനോൻ അവസാനിപ്പിച്ചിരുന്നു. തന്റെ സ്വന്തം ചെറിയ ആശുപത്രിയിൽ അദ്ദേഹം മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിച്ചു. സാമ്പത്തികമായി നില അൽപം ഭേദമായതോടെ എസ്തറിനും മക്കൾക്കും കൂടുതൽ പണമയക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

1940 മാർച്ചു മാസം 26ന് വാർധയിൽനിന്ന് ബാപ്പു എസ്തറിന് എഴുതി.

എന്റെ പ്രിയപ്പെട്ട കുഞ്ഞേ,

എനിക്ക് നീ എഴുതിയിട്ട് ഒരു യുഗം ആയപോലെ തോന്നുന്നു. അതുകൊണ്ട് ചാർലിക്ക് (സി.എഫ്. ആൻഡ്രൂസ്) നീ അയച്ച കത്ത് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി. ചാർലി എനിക്ക് അത് അയച്ചുതന്നു. എന്തുകൊണ്ട് നീ എനിക്ക് എഴുതുന്നില്ല? ഒരുപക്ഷേ ഞാൻ തിരക്കിലാണെന്ന് നീ വിചാരിക്കുന്നതുകൊണ്ടാകാം. എങ്കിലും വല്ലപ്പോഴുമെങ്കിലും നീ എനിക്ക് എഴുതണം. രണ്ട് പെൺമക്കളെയും നോക്കുന്നത് നിനക്ക് വലിയ ഭാരമാകാം. പക്ഷേ, ദൈവത്തിൽ എല്ലാം അർപ്പിച്ച് മുന്നോട്ട് പോകുക. നമുക്ക് പരിഹരിക്കാനാവാത്ത പ്രശ്നങ്ങളെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുക. ഇപ്പോൾ യൂറോപ്പിൽ അരങ്ങേറുന്ന മഹാദുരന്തത്തിന് (യുദ്ധം) മുന്നിൽ മറ്റെല്ലാം നിസ്സാരമാണെന്ന് ഓർക്കുക.

1942 ആഗസ്റ്റിൽ ഗാന്ധി ‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭത്തിന് ആഹ്വാനംചെയ്തു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഏറ്റവും അവസാനത്തെ മഹാപ്രക്ഷോഭമായിരുന്നു അത്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതായിരുന്നു ഗാന്ധി മുന്നോട്ടുവെച്ച മുദ്രാവാക്യം. ഇതേ തുടർന്ന് രാജ്യമാകെ സമരം ആളിപ്പടർന്നു. ഗാന്ധിയും കസ്തൂർബായുമടക്കം പതിനായിരക്കണക്കിന് പേർ അറസ്റ്റ് വരിച്ചു. ഗാന്ധിയെയും കസ്തൂർബയെയും തടവിൽ പാർപ്പിച്ചത് പുണെയിലെ ആഗാഖാൻ കൊട്ടാരത്തിലാണ്. ഇവിടെ കഴിയുമ്പോൾ കസ്തൂർബക്ക് രണ്ടുതവണ ഹൃദയാഘാതം ഉണ്ടായി.

1944 ഫെബ്രുവരി 22ന് സന്ധ്യക്ക് കസ്തൂർബ 74ാം വയസ്സിൽ ലോകംവെടിയുമ്പോൾ ഗാന്ധിയും മകൻ ദേവദാസും അടുത്ത് ഉണ്ടായിരുന്നു. ആറു പതിറ്റാണ്ട് നീണ്ട ആ ദാമ്പത്യം അവസാനിക്കുമ്പോൾ ഗാന്ധി ഒരായിരം ഓർമകളിൽ നുറുങ്ങി. തടവിൽനിന്ന് മോചിതനാകുന്നതിന് മുമ്പ് മറ്റൊരു കനത്ത ആഘാതംകൂടി ഗാന്ധിയെ തേടിവന്നു. സ്വന്തം മക്കളേക്കാൾ പ്രിയങ്കരനും വലംകൈയുമായിരുന്ന പ്രൈവറ്റ് സെക്രട്ടറി മഹാദേവ് ദേശായിയുടെ അപ്രതീക്ഷിത നിര്യാണം.

വലിയ സാമ്പത്തികഭാരത്തിലായിരുന്ന ആൻ മേരി സ്കൂളിലെ അധ്യാപകർക്ക് ശമ്പളം നൽകാൻതന്നെ ബുദ്ധിമുട്ടി. അവസാനം അവരെ പറഞ്ഞുവിടുകയും ചെയ്തു. അതിദരിദ്രരായിരുന്ന കുട്ടികളെ അവരുടെ വീടുകളിലേക്ക് അയക്കാൻ നിർവാഹമുണ്ടായിരുന്നില്ല. സ്കൂൾ കെട്ടിടമാകട്ടെ അറ്റകുറ്റപ്പണി വൈകിയതിനാൽ മോശമായ സ്ഥിതിയിലായി.

പ്രധാനമന്ത്രി രാജഗോപാലാചാരിയുമായി ഉറ്റ സൗഹൃദമുണ്ടായിട്ടും സർക്കാറിന്റെ സാമ്പത്തികസഹായം ആൻ മേരിയുടെ സേവാമന്ദിറിന് ലഭിച്ചില്ല. രാജാജിയെയും കോൺഗ്രസിനെയും ഭരിച്ചിരുന്ന ഹിന്ദുപക്ഷപാതവും ക്രിസ്തീയ മിഷനറിമാരോടുള്ള എതിർപ്പും അതിന്റെ പിന്നിലുണ്ടായിരുന്നു. കസ്തൂർബാ ഗാന്ധിയുടെ സ്മരണക്കായുള്ള ട്രസ്റ്റിന്റെ സഹായം അഭ്യർഥിച്ചിട്ടും പ്രയോജനമുണ്ടായില്ല. മതംമാറ്റം നടത്തില്ലെന്ന് രേഖാമൂലം ഉറപ്പുനൽകാൻ വിസമ്മതിച്ചതായിരുന്നു കാരണം. ആൻ മേരിയെ കടുത്ത നിരാശയിൽ ആഴ്ത്തി ഈ സംഭവം. പൂർണമായും ഇന്ത്യൻ സംസ്കാരത്തിൽതന്നെ കുട്ടികളെ പഠിപ്പിച്ച സേവാമന്ദിറിനും തനിക്കും ഇത് അപമാനകരമായി അവർക്ക് തോന്നി.

ഇന്ത്യക്കും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനും ഗാന്ധിജിക്കും ഒക്കെ വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതിനാൽ ബ്രിട്ടീഷ് അധികൃതരിൽനിന്നും നടപടികൾ നേരിടുക മാത്രമല്ല സ്വന്തം മിഷനിൽനിന്നും ഒറ്റപ്പെടൽ അനുഭവിച്ചതായിരുന്നു ആൻ മേരിയുടെ ക്ലേശഭരിതമായ ജീവിതം. അവസാനം ക്രിസ്ത്യാനി ആയതിന്റെ പേരിൽ ഇന്ത്യൻ നേതൃത്വത്തിൽനിന്നും വിവേചനം നേരിട്ട അസാധാരണ വിധി.

ഇതേക്കുറിച്ച് ദേഷ്യത്തിലും വിഷമത്തിലും ആൻ മേരി ബാപ്പുവിന് എഴുതി. കാത്തിരുന്നു കിട്ടുന്ന സ്വരാജ് ഹിന്ദുരാജ് ആകുമോ എന്ന് ക്രിസ്ത്യാനികളും മുഹമ്മദീയരും ഭയന്നേക്കുമെന്ന് അവർ സംശയം പ്രകടിപ്പിച്ചു. സേവാമന്ദിർ ക്രിസ്ത്യൻ സ്ഥാപനമായത് ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തിനു തടസ്സമല്ലെന്നായിരുന്നു ഗാന്ധിയുടെ മറുപടി. “പ്രിയ മറിയ, പാതി രോഷത്തിലും പാതി സ്നേഹത്തിലും എഴുതിയ നിന്റെ കത്ത് കിട്ടി. വല്ലവരും പറയുന്നതു വിശ്വസിക്കുന്ന മടയത്തം എന്തിനാണ് നീ കാണിക്കുന്നത്? കസ്തൂർബ ട്രസ്റ്റ് പ്രത്യേകിച്ച് ഒരു മതത്തോടും പക്ഷപാതമില്ലാത്ത സ്ഥാപനമാണ്.’’ ട്രസ്റ്റിന്റെ പ്രധാന പ്രവർത്തകരായ ആര്യനായകവും രാജകുമാരി അമൃത് കൗറും ക്രി​സ്ത്യാനികളാണെന്നും റൈഹാന തയബ്ജി മുസ്‍ലിം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പക്ഷേ, മതംമാറ്റത്തിൽ ഏർപ്പെടില്ലെന്ന് എഴുതിക്കൊടുക്കാൻ ആൻ മേരിയുടെ അഭിമാനം അനുവദിച്ചില്ല. ക്രിസ്ത്യാനി ആകണമെന്ന് ആഗ്രഹിക്കുന്നവരെ താൻ വിലക്കുകയും ഇല്ലെന്ന് അവർ എഴുതി. ഗാന്ധിയുടെ സെക്രട്ടറി അമൃത് കൗർ ആണ് ഇക്കാര്യം ആൻ മേരിയോട് ആവശ്യപ്പെട്ടത്. ഇന്ത്യൻ സംസ്കാരത്തെയും ദേശീയ പ്രസ്ഥാനത്തെയും ഗാന്ധിജിയെയും ഇത്രയധികം സ്നേഹിച്ചിട്ടും അതിനായി ഒട്ടേറെ നഷ്ടങ്ങൾ സഹിച്ചിട്ടും ബാപ്പു നയിക്കുന്ന ട്രസ്റ്റിന്റെ തന്നോടുള്ള സമീപനം വ്യക്തിപരമായി പൊറുക്കാനാകുന്നില്ലെന്നും മിഷനറി എന്ന തന്റെ സ്വത്വത്തിനു തന്നെ ഇത് വെല്ലുവിളിയാണെന്നും അമൃത് കൗറിന് ആൻ മേരി തുറന്നെഴുതി. ഈ അവസ്ഥയിൽ തൽക്കാലം സേവാമന്ദിർ അടച്ച് താൻ കോപൻഹേഗനിലേക്ക് പോവുകയാണെന്നും അവർ അറിയിച്ചു.

ഇത് ബാപ്പുവിന് ഇഷ്ടപ്പെട്ടില്ല. പുണെയിൽനിന്ന് 1945 ഒക്ടോബറിൽ ഗാന്ധി ആൻ മേരിക്ക് എഴുതി. “പ്രിയ മറിയ, രാജ്കുമാരിക്ക് നീ അയച്ച കത്ത് ഞാൻ കണ്ടു. അത് തൃപ്തികരമല്ലെന്ന് അറിയിക്കട്ടെ. സ്കൂൾ അടച്ച് ഡെന്മാർക്കിലേക്ക് പോകുന്നത് തന്നെ സാമ്പത്തികസഹായത്തിനുള്ള അഭ്യർഥന പിൻവലിക്കുന്നതിന് മതിയായ കാരണമാണ്. മതംമാറ്റമെന്ന വിഷയം ഇങ്ങനെ ഉയർത്തിയതിന്റെ ആവശ്യമുണ്ടായിരുന്നോ? വർഷങ്ങൾക്ക് മുമ്പ് നീയും എസ്തറും എന്നെ ആദ്യമായി കാണാൻ വന്നപ്പോൾതന്നെ മതംമാറ്റം എത്ര അനാവശ്യവും വേദനജനകവും ആണെന്ന് നമുക്ക് ഏകാഭിപ്രായമായിരുന്നില്ലേ? ഒരു മതം വിശാലമാകുന്നത് അതിന്റെ ആഭ്യന്തരമായ തെറ്റുകൾ നീക്കുമ്പോഴും മറ്റ് മതത്തിലെ ശരികൾ ഉൾക്കൊള്ളുമ്പോഴുമാണ്.

നിനക്ക് വ്യത്യസ്തമായ അഭിപ്രായം വെച്ചുപുലർത്താൻ അവകാശമുണ്ട്. എന്റെ വിഷയം ലളിതമാണ്. അപ്രസക്തമായ ഒരു കാര്യം ഉന്നയിക്കുന്നതിന് പകരം അപേക്ഷ പിൻവലിക്കാൻ മതിയായ ഒരു കാരണം നിനക്ക് ഉണ്ടായിരുന്നു. ഡെന്മാർക്കിൽ നിനക്ക് സന്തുഷ്ട ദിവസങ്ങൾ ആശംസിക്കുന്നു. കൂടുതൽ സന്തോഷത്തോടെയും ആരോഗ്യത്തോടെയും മടങ്ങിവരിക.’’

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.