30. മകളുടെ പ്രണയം
കൊടൈക്കനാലിലെ മോണ്ടിസോറി വിദ്യാലയത്തിൽ അന്ന് ഒരു സായാഹ്ന വിരുന്ന് നടക്കുകയായിരുന്നു. പ്രധാന സംഘാടകർ എസ്തറും മക്കളും. മലമുകളിലെ ആ പട്ടണത്തിലെ പ്രധാനികളെല്ലാവരും വിരുന്നിനെത്തി. അവരിലൊരാളായിരുന്നു കൊടൈക്കനാലിലെ ബ്രിട്ടീഷ് സേനാവിഭാഗത്തിൽ അംഗമായിരുന്ന യുവ മേജർ കീത്ത് ആബട്ട്. സൽക്കാരത്തിലെ സജീവ സാന്നിധ്യമായ എസ്തറെയും മക്കളെയും ആദരവോടെ ശ്രദ്ധിച്ചു അദ്ദേഹം. അമ്മയെയും മക്കളെയും പരിചയപ്പെട്ട ആബട്ട് അധികം വൈകാതെ അവരുടെ അടുത്ത സുഹൃത്തായി. എസ്തറുടെ വീട്ടിലെ പതിവ് സന്ദർശകനുമായ ആബട്ട് 23കാരിയായ നാനുമായി പ്രത്യേകം അടുത്തത് പെട്ടെന്നാണ്. അവർ പ്രണയബദ്ധരാകാനും വിവാഹിതരാകാനും അധികം വൈകിയില്ല.
1943ൽ യുദ്ധസേവനത്തിനായി ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നിരുന്നതിനാൽ മേനോന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല. മേജർ പദവി ലഭിച്ച അദ്ദേഹത്തിന് അനുവദിച്ച സേവനമേഖല അസമും ബർമയുമായിരുന്നു. യുദ്ധശേഷം ഒരു വർഷം ബംഗാളിലെ ഒരു സൈനിക ആശുപത്രിയിലും അദ്ദേഹം സേവനംചെയ്തു. സാമ്പത്തികനില അനുവദിക്കാതിരുന്നതിനാൽ ആൻ മേരിക്കും എത്താനായില്ല. പിന്നീട് 1945 ജൂണിൽ കൊടൈക്കനാലിൽ എത്തിയ ആൻ മേരിയെ എസ്തർ അത്താഴത്തിനു ക്ഷണിച്ചുകൊണ്ടുപോയപ്പോഴാണ് നാനിനെയും കീത്തിനെയും അവർ കണ്ടത്.
യുദ്ധം കഴിഞ്ഞതോടെ ഭർത്താവുമൊത്ത് നാൻ ഇംഗ്ലണ്ടിലേക്ക് പോയി. എസ്തർ തങ്കയുമൊത്ത് കോപൻഹേഗനിലേക്കും. ഏതാനും വർഷങ്ങൾക്കുശേഷം തങ്കയും വിവാഹിതയായി. ഡെന്മാർക്കുകാരനായ ശിൽപി ഹെൽജെ ക്രിസ്റ്റോഫ്സൻ ആയിരുന്നു തങ്കയിയുടെ കൂട്ടുകാരൻ. 1946ൽ ഡെന്മാർക്കിലെത്തിയ ആൻ മേരി മിഷന്റെ വാർഷികസമ്മേളനത്തിന് എസ്തറെ ക്ഷണിച്ചെങ്കിലും അനാരോഗ്യംമൂലം അവർ പങ്കെടുത്തില്ല. മക്കൾ രണ്ടുപേർക്കും ഇന്ത്യയോട് ഇപ്പോഴും വലിയ ഇഷ്ടമാണ് എന്നും എസ്തർ ആൻ മേരിയോട് പറഞ്ഞു. “കീത്തും നാനും ഇന്ത്യയിൽ നിയമനം കിട്ടിയാൽ പോകാൻ ആഗ്രഹിക്കുന്നുവെന്നും തങ്കയ്ക്ക് ‘സൂര്യപ്രകാശത്തിന്റെ നാടായ’ അവളുടെ അച്ഛന്റെ സ്വദേശത്ത് പോകണമെന്നും പറയാറുണ്ട്.” മക്കളുടെ ലോകത്തിലേക്ക് ഒതുങ്ങിയ എസ്തറുടെ ബാപ്പുവുമായുള്ള കത്തിടപാട് ഏറക്കുറെ അവസാനിച്ചിരുന്നു. യുദ്ധസേവനത്തിനുശേഷം മേനോൻ തഞ്ചാവൂരിൽതന്നെ തുടർന്നു.
ഇരുപത്തിയാറാം വയസ്സിൽ എസ്തർ ഡെന്മാർക്ക് വിട്ട് ഇന്ത്യക്ക് തിരിക്കുമ്പോൾ യൂറോപ് ഒന്നാം ലോകയുദ്ധത്തിന്റെ നടുവിലായിരുന്നു. മുപ്പതോളം വർഷങ്ങൾക്കുശേഷം ഇപ്പോൾ ഇന്ത്യയോട് ഏറക്കുറെ യാത്രപറഞ്ഞ് തിരിച്ചെത്തുമ്പോൾ രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിലായിരുന്നു ഡെന്മാർക്. ഒന്നാം യുദ്ധമെന്നപോലെ രണ്ടാം ലോകയുദ്ധത്തിനും കാരണമായത് അയൽരാജ്യമായ ജർമനി.
ഈ രണ്ട് യുദ്ധങ്ങൾക്കുമിടയിലുള്ള കാലത്ത് തന്റെ ജീവിതം എത്ര അപ്രതീക്ഷിതമായ മാറ്റങ്ങൾക്കാണ് വിധേയമായതെന്ന് എസ്തർ സ്വയം അത്ഭുതംകൂറി. തന്റെ സ്വന്തം നാട്ടിൽനിന്നും ജീവിതത്തിൽനിന്നും അതിവിദൂരമായിരുന്ന ഒരു നാടും അവിടത്തെ ചില വ്യക്തികളും തന്റെ സ്വകാര്യലോകത്തെ ഇങ്ങനെ മാറ്റിമറിക്കുമെന്ന് എസ്തർ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. വിധി എത്ര വിചിത്രമാണ്!
ഒന്നാം ലോകയുദ്ധത്തിലെന്നപോലെ ഇക്കുറിയും ഡെന്മാർക് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. പക്ഷേ, അന്നത്തെപ്പോലെ യുദ്ധത്തിന്റെ ജ്വാലകളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഇക്കുറി ഡെന്മാർക്കിനായില്ല. ഹിറ്റ്ലർ തന്ത്രപ്രധാന രാജ്യമായ നോർവേ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ മാർഗമധ്യേയുള്ള കൊച്ച് ഡെന്മാർക്കും കൈയേറി. 1940 ഏപ്രിൽ ഒമ്പതിന് നേരം പുലരും മുമ്പായിരുന്നു അപ്രതീക്ഷിതമായി ജർമൻ കപ്പലുകളിൽ എത്തിയ നാസിപ്പട കോപൻഹേഗൻ തുറമുഖത്ത് ഇറങ്ങി അധിനിവേശം ആരംഭിച്ചത്. ചെറുത്തുനിൽപിനൊന്നുമുള്ള ഒരുക്കങ്ങളില്ലാതിരുന്ന ഡെന്മാർക് വളരെ വേഗംതന്നെ കീഴടങ്ങി.
പക്ഷേ, മറ്റിടങ്ങളിലെപ്പോലെ നാസികൾ ഡെന്മാർക്കിൽ ആദ്യമൊന്നും കടുത്ത അക്രമം അഴിച്ചുവിട്ടില്ല. ഡെന്മാർക്കിലെ രാജാവിനെയും ജനാധിപത്യ ഭരണകൂടത്തെയും തങ്ങളുടെ മേൽനോട്ടത്തിൽ തുടരാൻ ജർമനി അനുവദിച്ചു. എന്നാൽ, മൂന്നുവർഷം കഴിഞ്ഞപ്പോൾ നാസികളുടെ ഭാവം മാറി. ബലപ്രയോഗവും ഭീഷണികളും ഒക്കെ തുടങ്ങി. സർക്കാറും സമ്പന്ന വിഭാഗങ്ങളും ഔദ്യോഗിക ലൂഥറൻ സഭയും നാസികൾക്കൊപ്പം ചേർന്നെങ്കിലും കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ഒരുവിഭാഗം അധിനിവേശത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുതുടങ്ങി.
നാസികളുടെ നിർദേശപ്രകാരം ഡെന്മാർക് സർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചുകൊണ്ട് നൂറുകണക്കിന് പ്രവർത്തകരെ തടവിലാക്കി. അതിനിടെ നാസിവിരുദ്ധർക്ക് ഭൂരിപക്ഷമുള്ള പുതിയ സർക്കാർ തെരഞ്ഞെടുക്കപ്പെട്ടു. അതോടെ ജൂതർക്കെതിരെ വിവേചനം വേണമെന്നും മറ്റുമുള്ള നാസി സമ്മർദങ്ങളെ ചെറുക്കാൻ സർക്കാറും തുടങ്ങി. അതിനിടെ നാസികളുടെ നോട്ടപ്പുള്ളികളായിരുന്ന ഡെന്മാർക്കിലെ ആയിരക്കണക്കിന് ജൂതരെ മത്സ്യത്തൊഴിലാളികൾ സാഹസികമായി തോണികളിൽ കയറ്റി സ്വീഡനിലേക്ക് രക്ഷപ്പെടുത്തി.
ക്രമേണ ഡെന്മാർക്കിൽ ജർമനിക്കെതിരായ പ്രതിഷേധം വ്യാപകമായി. പലയിടത്തും നാസികളും പ്രതിരോധപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നൂറുകണക്കിന് ജീവൻ പൊലിഞ്ഞു. സഭയുടെ ഔദ്യോഗിക നേതൃത്വം നാസിവിരുദ്ധ പ്രതിരോധത്തിൽനിന്ന് വിട്ടുനിന്നെങ്കിലും ഒട്ടേറെ പുരോഹിതർ വ്യക്തിപരമായി അതിൽ സജീവമായി. ഇതിലേറ്റവും പ്രമുഖനായിരുന്നു രക്തസാക്ഷിയായ നാടകകൃത്തും ലൂഥറൻ പുരോഹിതനുമായിരുന്ന കായ് മൻക്. 1944 ജനുവരി നാലിന് നാസികൾ അറസ്റ്റ് ചെയ്ത മൻകിന്റെ ജഡം പിറ്റേന്ന് സിൽക്േബാർഗ് പട്ടണത്തിലെ ഒരു തെരുവിൽനിന്ന് കണ്ടെത്തുകയായിരുന്നു.
1943 ആഗസ്റ്റിൽ തങ്ങളുടെ ഉത്തരവുകൾ അവഗണിച്ച ഡെന്മാർക് സർക്കാറിനെ നാസികൾ പിരിച്ചുവിട്ടു. പക്ഷേ, തന്റെ നാട്ടുകാർക്കൊപ്പം നിന്ന ഡെന്മാർക് രാജാവ് ക്രിസ്ത്യൻ പത്താമൻ പിരിച്ചുവിടൽ അംഗീകരിച്ചില്ല. അതോടെ, രാജാവിനെ നാസികൾ തടവിലാക്കി. പക്ഷേ, 1945 പകുതി ആയപ്പോഴേക്കും രണ്ടാം ലോകയുദ്ധത്തിൽ ജർമനിയുടെ നേതൃത്വത്തിലുള്ള അച്ചുതണ്ട് സഖ്യം പരാജയം സമ്മതിച്ചു. മേയ് മാസത്തോടെ സോവിയറ്റ് യൂനിയന്റെയും ബ്രിട്ടന്റെയും നേതൃത്വത്തിലുളള സഖ്യസേനകൾ ഡെന്മാർക്കിനെ പൂർണമായും നാസികളിൽനിന്നും മോചിപ്പിച്ചു.
എസ്തർ ഈ സംഭവവികാസങ്ങളെയൊക്കെ അതീവ താൽപര്യത്തോടെ ശ്രദ്ധിച്ചിരുന്നു. കായ് മൻകിന്റെ രക്തസാക്ഷിത്വം അവരെ വല്ലാതെ ഉലച്ചു. പ്രായവും അനാരോഗ്യവും ഈ ആവേശകരമായ ചെറുത്തുനിൽപിൽ പങ്കെടുക്കാൻ തന്നെ അനുവദിച്ചില്ലല്ലോ എന്ന് അവൾ കഠിനമായി പരിതപിച്ചു.
1946ൽ ആൻ മേരി വീണ്ടും ഇന്ത്യയിൽനിന്ന് ഡെന്മാർക്കിലേക്ക് തിരിച്ചു. ഇക്കുറി അനാരോഗ്യവും പ്രായവുംമൂലം ആൻ മേരിക്ക് ആദ്യമായി വിമാനത്തിൽ പോകാൻ ഡാനിഷ് മിഷൻ സൗകര്യം ചെയ്തുകൊടുത്തു, താൻ പോകുമ്പോൾ സേവാമന്ദിർ അടക്കേണ്ടിവരുമെന്ന് ഭയന്നിരുന്നെങ്കിലും അതുണ്ടായില്ല. അപ്പോഴേക്കും ഒരു പുതിയ പ്രിൻസിപ്പലിനെ ആൻ മേരിക്ക് ലഭിച്ചു.
മലയാളിയായ മേരി ചാക്കോ. ബിരുദധാരിയും അധ്യാപക പരിശീലനം കഴിഞ്ഞ ആളുമായിരുന്നു കോട്ടയംകാരി മേരി. ജബൽപൂരിൽ ഒരു സെമിനാരിയിൽ പ്രവർത്തിക്കുകയായിരുന്ന മേരിയുടെ കാര്യപ്രാപ്തിയും പെരുമാറ്റവും ആൻ മേരിക്ക് ഏറെ ഇഷ്ടമായി. കുറേ ദിവസം കഴിഞ്ഞപ്പോൾ തിരുവിതാംകൂറിൽനിന്ന് എലിസബത്ത് തോമസ് എന്നൊരു അധ്യാപിക കൂടി സേവാമന്ദിറിൽ ചേർന്നു. സ്കൂളിലെ കുട്ടികളടക്കം അവരെല്ലാവരും മദിരാശിയിൽ പെരിയമ്മയെ യാത്ര അയക്കാൻ എത്തിയിരുന്നു.
അനാരോഗ്യം ശല്യംചെയ്ത വാർധക്യകാലത്ത് ആൻ മേരിക്ക് എല്ലാ ജീവിതസൗകര്യങ്ങളോടെയും സമാധാനമായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഡെന്മാർക്കിൽ ചെലവഴിക്കാമായിരുന്നു. പക്ഷേ, ഇന്ത്യയോടുള്ള അദമ്യമായ സ്നേഹം അവരെ വീണ്ടും ദാരിദ്ര്യവും കഷ്ടതയും കൊടും ചൂടുമുള്ള മദിരാശിയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു. സമ്പന്നമായ ഡെന്മാർക്കിലെ സുഖകരമായ ജീവിതം അവരെ നിരന്തരം ഓർമിപ്പിച്ചത് ഇന്ത്യയിലെ ജനതയുടെ ദുരിതങ്ങളും കഷ്ടതയുമാണ്. “നാം ഇവിടെ ഭക്ഷണം പാഴാക്കുമ്പോൾ ഇന്ത്യയിൽ എന്റെ കുട്ടികൾ വിശന്നു മരിക്കുകയാണ്.
അമേരിക്കയിൽ അധികം വന്ന ഗോതമ്പ് കത്തിച്ചുകളയുകയാണ്. ഡെന്മാർക്കിൽ നാം പാൽ പന്നികൾക്ക് കൊടുക്കുന്നു. ഇപ്പോഴാകട്ടെ ഇന്ത്യയിൽ ഒരു കൊടും ഭക്ഷ്യക്ഷാമവുംകൂടി ദുരിതം വിതച്ചിരിക്കുന്നു. ആർക്ക് വിശന്നാലും ദാഹിച്ചാലും അത് അനുഭവിക്കുന്നത് ഞാനാണെന്ന യേശുവചനം എനിക്ക് മറക്കാനാവില്ല. എനിക്ക് പോയേ തീരൂ” –അസുഖവും പ്രായവുമൊക്കെ അവഗണിച്ച് ഇന്ത്യയിലേക്ക് വീണ്ടും പോകുന്നതിനെ വിലക്കിയ സുഹൃത്തുക്കളോട് ആൻ മേരി പറഞ്ഞു.
ആൻ മേരി ഡിസംബറിൽ മടങ്ങിയെത്തിയപ്പോഴേക്കും ഇന്ത്യ പൂർണസ്വാതന്ത്ര്യം നേടിയിരുന്നു. ബോംബെയിൽ വിമാനമിറങ്ങിയപ്പോൾതന്നെ എല്ലായിടത്തും ത്രിവർണ പതാക പാറിപ്പറന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ താജ് മഹലിൽ കണ്ട വെള്ളക്കാരുടെ മുഖത്തുപോലും പഴയ അഹങ്കാരമില്ല, ആൻ മേരിക്ക് തോന്നി. പിറ്റേന്ന് മദിരാശിയിൽ വിമാനമിറങ്ങിയ ‘പെരിയമ്മയെ’ മേരി ചാക്കോയും മറ്റും കാത്തുനിന്നിരുന്നു. തുടർന്ന് പോർട്ടോനോവോക്ക് പഴയതുപോലെ ക്ലേശകരമായ തീവണ്ടിയാത്ര. സേവാമന്ദിറിൽ എത്തിയ പെരിയമ്മക്ക് നാട്ടുകാരും കുട്ടികളും ഒക്കെ ചേർന്നു വലിയ സ്വീകരണം ഒരുക്കിയിരുന്നു.
സേവാമന്ദിർ മേരി ചാക്കോയുടെ നേതൃത്വത്തിൽ പെട്ടെന്ന് പുരോഗതി നേടിയത് കണ്ട് ആൻ മേരിക്ക് സന്തോഷമായി. മുമ്പ് എസ്തറെന്നപോലെ എല്ലാവർക്കും ചിന്നമ്മ ആയിക്കഴിഞ്ഞിരുന്നു മേരി. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി ഏറ്റവും ഗംഭീരമായി ആഘോഷിക്കാൻ സേവാമന്ദിർ മുന്നിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം സ്കൂളിന് മദിരാശി സർക്കാറിന്റെ സഹായങ്ങളും ലഭ്യമായി. പുതിയ വിദ്യാഭ്യാസനയത്തിന്റെ മാതൃകയായി തന്നെ സേവാമന്ദിർ പരിഗണിക്കപ്പെട്ടു. കസ്തൂർബാ ട്രസ്റ്റിന് കഴിഞ്ഞില്ലെങ്കിലും ഗാന്ധിയും വ്യക്തിപരമായി ആൻ മേരിക്ക് ചെറിയ ധനസഹായം അയച്ചുകൊടുത്തിരുന്നു.
ആൻ മേരി മടങ്ങിയെത്തിക്കഴിഞ്ഞാൽ ജോലിയിൽനിന്നും വിരമിച്ച് വിശ്രമജീവിതത്തിനായി തിരുവിതാംകൂറിലേക്ക് തിരിച്ചുപോകാനായിരുന്നു മേരി ചാക്കോയുടെ തീരുമാനം. പക്ഷേ, ഇതറിഞ്ഞ പെരിയമ്മ അമ്പരന്നുപോയി. “അയ്യോ, മേരി എന്താണ് പറയുന്നത്? മേരി പോയാൽ പിന്നെ ഞാനും ഇവിടെയുണ്ടാകില്ല” ആൻ മേരി പറഞ്ഞു. ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും പെരിയമ്മയുടെ സ്നേഹപൂർവമായ നിർബന്ധത്തിന് അവസാനം അവർ വഴങ്ങി.
1948. കോപൻഹേഗനിൽ പുതുവർഷം പിറന്നത് പതിവുള്ള കൊടും തണുപ്പിനൊപ്പം ഇടതടവില്ലാതെ പെയ്യുന്ന ചാറ്റൽമഴയും മഞ്ഞും ആയിട്ടാണ്. അന്തരീക്ഷം എപ്പോഴും മൂടിക്കെട്ടിനിന്നു. എവിടെയും മഞ്ഞിൽ മൂടി ഇല കൊഴിഞ്ഞു നരച്ച മരങ്ങൾ. എവിടെയും വിഷാദം തളംകെട്ടിയ മട്ട്. ചെറുതായി ചൂടു പിടിപ്പിച്ച മുറിയിൽ എന്തെങ്കിലും ഒക്കെ വായിച്ചുകൊണ്ട് ഏറെനേരവും എസ്തർ മൂടിപ്പുതച്ചിരുന്നു. തണുപ്പ് വർധിച്ചതോടെ സന്ധികളിലെ വേദന ഏറിയതിന്റെ ശല്യം വേറെ. ആ ദിവസങ്ങളിലൊന്നിൽ പത്രത്തിൽ വന്ന ഒരു വാർത്ത എസ്തറെ ഞെട്ടിച്ചു. ബാപ്പു വീണ്ടും സത്യഗ്രഹം ആരംഭിച്ചിരിക്കുന്നുവത്രേ. എഴുപത്തെട്ടാമത്തെ വയസ്സിൽ ഇതെങ്ങനെ അദ്ദേഹത്തിന്റെ ശരീരം താങ്ങും? എസ്തറിന് ഉറക്കം നഷ്ടപ്പെട്ടു.
ദീർഘകാലം നീണ്ട മഹാപ്രക്ഷോഭത്തിനുശേഷം സ്വതന്ത്രയായ ഇന്ത്യ വിഭജനത്തെ തുടർന്ന് വർഗീയലഹളയുടെ കൊടും തീയിൽപെട്ടിരുന്നു. രാജ്യത്തെ കീറിമുറിച്ചതോടെതന്നെ ഹൃദയം തകർന്ന ബാപ്പു, ലക്ഷക്കണക്കിനു പേരുടെ കുരുതിക്കു വഴിവെച്ച ഹിന്ദു-മുസ്‍ലിം കലാപം കൂടിയായപ്പോൾ തനിക്കിനി എത്രയും വേഗം മരണം മാത്രമേ വേണ്ടൂ എന്നായിരുന്നു അക്കൊല്ലത്തെ ജന്മദിനവേളയിൽ അദ്ദേഹത്തിന്റെ പ്രതികരണം.
എണ്ണമില്ലാത്ത അഭയാർഥികൾ ഇരു രാജ്യങ്ങളിലേക്കും ദുരിതക്കടൽ താണ്ടി ഒഴുകി. മൂന്ന് ദശാബ്ദങ്ങളായി ജീവിതം സ്വയം സമർപ്പിച്ചു നേടിയ സ്വാതന്ത്ര്യം തരിമ്പുപോലും ബാപ്പുവിന് സന്തോഷം നൽകിയില്ല. രാഷ്ട്രമാകെ സ്വാതന്ത്ര്യലബ്ധി ആഘോഷിക്കുന്ന വേളയിലും കത്തിപ്പടർന്ന വർഗീയകലാപം അവസാനിപ്പിക്കാൻ അദ്ദേഹം ബംഗാളിലെ ഗ്രാമങ്ങളിൽ അലഞ്ഞു. അവിടെ അദ്ദേഹത്തിനു കലാപം അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും ഡൽഹിയിലെ തെരുവുകളിൽ അക്രമങ്ങൾ കൊടുമ്പിരിക്കൊണ്ടു. പാകിസ്താനിലെ കറാച്ചിയിലും കൽക്കത്തയിലും ഹിന്ദുക്കളും സിഖുകാരുമായിരുന്നു പ്രധാന ഇരകളെങ്കിൽ തലസ്ഥാനത്ത് അത് മുസ്‍ലിം സമുദായമായിരുന്നു.
ഡൽഹിയിലെ തന്റെ താമസസ്ഥലമായ ബിർലാ മന്ദിറിൽ ജനുവരി 12നു വൈകുന്നേരം പതിവ് പ്രാർഥനാ സമ്മേളനത്തിൽ ഗാന്ധി എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ആ പ്രഖ്യാപനം നടത്തി. നാളെ ഞാൻ മരണംവരെ ഉപവാസം ആരംഭിക്കുന്നു. നെഹ്റുവും പട്ടേലും മകൻ ദേവദാസും അടക്കം ആരുമായും ചർച്ച ചെയ്യാതെയായിരുന്നു ആ പ്രഖ്യാപനം. പിറ്റേന്ന് മുതൽ ബിർലാ മന്ദിറിലേക്ക് നേതാക്കൾ അടക്കം ജനം ഒഴുകി. ഹിന്ദു വർഗീയവാദികൾ “ഗാന്ധി മരിക്കട്ടെ” എന്നു മുദ്രാവാക്യം മുഴക്കി ബിർലാ മന്ദിറിന് മുന്നിലൂടെ പ്രകടനം നടത്തി. വിഭജനത്തെ തുടർന്ന് പാകിസ്താന് നൽകാമെന്ന് ഏറ്റെങ്കിലും കശ്മീർ ആക്രമിച്ചതിനു ശിക്ഷയായി ഇന്ത്യ തടഞ്ഞുവെച്ച 55 കോടി രൂപ ഗാന്ധി ആവശ്യപ്പെട്ടതുപ്രകാരം ഉടൻ കൈമാറാമെന്ന് നെഹ്രു സർക്കാർ സമ്മതിച്ചു.
ജനുവരി 18ന് ഉപവാസം ആറാം ദിവസമെത്തിയപ്പോഴേക്കും ബാപ്പു തീരെ അവശനായിരുന്നു. പക്ഷേ ആ ദിവസം ഹിന്ദു-മുസ്‍ലിം സമുദായ നേതാക്കളെത്തി വർഗീയ ലഹള അവസാനിപ്പിക്കാൻ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും അംഗീകരിച്ചു. അതോടെ, ഗാന്ധി ഉപവാസം പിൻവലിച്ചു. ഗാന്ധിയുടെ ജീവൻ അപായത്തിലായതിനെ തുടർന്ന് കടുത്ത ഉത്കണ്ഠയുടെ മുൾമുനയിലായ രാജ്യം ആശ്വാസംകൊണ്ടു.
പക്ഷേ, ആശ്വാസം ഹ്രസ്വായുസ്സായിരുന്നു. ജനുവരി 30നു വൈകുന്നേരം പ്രാർഥനായോഗത്തിനെത്തിയ ബാപ്പു ഒരു ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് ഇഹലോകവാസം വെടിഞ്ഞു. ലോകമാകെ ഞെട്ടിത്തെറിച്ചു. ഗാന്ധിയുടെ മുസ്‍ലിം പ്രീണനത്തിനെതിരായ ശിക്ഷ എന്നായിരുന്നു ഘാതകനായ നാഥുറാം ഗോദ്സെയുടെ വിശദീകരണം.
നിമിഷങ്ങൾക്കകം ലോകമാകെ കാട്ടുതീപോലെ വ്യാപിച്ച വാർത്ത എസ്തറിന്റെ കാതുകളിലുമെത്തി. കേട്ട ഉടൻ അവളുടെ മനസ്സിൽ നിറഞ്ഞത് വികാരരഹിതമായ ഒരു ശൂന്യതയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ വാർത്തയുടെ ഗൗരവം ഒരു കൊള്ളിയാൻപോലെ ഉള്ളിൽ മിന്നിയപ്പോൾ അത് ഒരു കിംവദന്തിയാണെന്നു തന്നെ അവൾ വിശ്വസിച്ചു. അവൾക്ക് സത്യം ബോധ്യപ്പെടാൻ പിന്നെയും സമയമെടുത്തു. അതോടെ, അന്ധകാരത്തിന്റെ അവസാനമില്ലാത്ത ആഴങ്ങളിലേക്ക് അവൾ താഴ്ന്നു.
എസ്തറെപ്പോലെ തന്നെ ഗാന്ധിജിയാൽ ജീവിതം മാറ്റിമറിക്കപ്പെട്ട ആൻ മേരി ഡെന്മാർക്കിലെ തന്റെ സുഹൃത്തുക്കൾക്ക് എഴുതി:
“എനിക്ക് ഒന്നും എഴുതാനാവുന്നില്ല. ആ മരണത്തിനു കാരണമായ പിന്നിലെ ക്രൂരത എന്റെ സപ്തനാഡികളെയും സ്തംഭിപ്പിച്ചിരിക്കുന്നു. പക്ഷേ, നാം ഇങ്ങനെ സ്തംഭിച്ചിരിക്കുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ആൾ ബാപ്പു ആകണം. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ നാം എല്ലാ പ്രതീക്ഷയും അവസാനിച്ചുവെന്ന മട്ടിൽ കൈയും കെട്ടി മരവിച്ചിരിക്കുന്നത് അദ്ദേഹം ഒരിക്കലും ആഗ്രഹിക്കില്ല. മരണം ഒരിക്കലും ശത്രു അല്ലെന്നും മിത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മരണം എപ്പോൾ വന്നാലും അതൊരു അനുഗ്രഹമാണ്. എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ ആ അനുഗ്രഹം ഇരട്ടിയാണ്. കാരണം, സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിനിടയിലാണ് അദ്ദേഹത്തിന്റെ അന്ത്യം. മരണം നൽകുന്നത് ഒരു പുതിയ അവസരവും പ്രത്യാശയുമാണ്! ഞാൻ ചെയ്തുതീർക്കേണ്ട കടമ എന്താണെന്ന് തീരുമാനിക്കൻ ദൈവത്തിനറിയാം. ദൈവമേൽപിക്കുന്ന ആ കടമ നിർവഹിച്ചുകഴിഞ്ഞാൽ ഒരു നിമിഷംപോലും ഞാൻ ഈ ലോകത്ത് തുടരേണ്ടതില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ചുമതല അവസാനിച്ചെന്ന് കരുതാം. എത്ര മഹത്തരമായിരുന്നു ആ കർമജീവിതം! അതിന്റെ ഫലപ്രാപ്തിക്ക് സാക്ഷിയാകാനും അദ്ദേഹത്തെ ദൈവം അനുവദിച്ചു. ഇന്ത്യ സ്വതന്ത്രയാകുന്നത് അദ്ദേഹം കണ്ടു.
രാധാകൃഷ്ണൻ എം.ജി,തോലിൽ സുരേഷ്
ഒരു മഹാപ്രക്ഷോഭത്തിലൂടെ അദ്ദേഹം അത് സാക്ഷാത്കരിച്ചത് കൊലപാതകങ്ങൾ ആയുധമാക്കിയല്ല. സത്യഗ്രഹത്തിലൂടെയാണ്. സ്നേഹം വെറുപ്പിനെയും ഭിന്നതയെയും ജയിക്കുന്നത് അദ്ദേഹം കണ്ടു. ഇന്ത്യയുടെ ഹൃദയം അദ്ദേഹത്തിന് സ്വന്തമായി. വലിയവരും ചെറിയവരും പണ്ഡിതരും പാമരരും ഒരുപോലെ അദ്ദേഹത്തെ സ്നേഹിച്ചു. അവർ അദ്ദേഹത്തെ അച്ഛൻ എന്ന അർഥമുള്ള ബാപ്പു എന്നു വിളിച്ചു. ഇന്ത്യയുടെ ആത്മാവിന്റെ എല്ലാ മഹത്തായ അംശങ്ങളും അദ്ദേഹത്തിൽ സമ്മേളിച്ചു. അങ്ങനെയാണ് അദ്ദേഹം മഹാത്മാവായത്. ഇന്ത്യയുടെ ആത്മീയ പിതാവ്.”
31. വിട
1950ലെ ആ ഡിസംബർ മാസം പതിവില്ലാതെ തുടർച്ചയായി മൂന്നുദിവസം പോർട്ടോനോവോയിൽ മഴ തിമർത്തുപെയ്തു. വടക്കു കിഴക്കൻ കാലവർഷം ഇത്രയും കനിയുന്നത് മൂന്നുവർഷത്തിന് ശേഷമായിരുന്നു. അതോടെ, സ്ഥലത്തെ കിണറുകളും ജലാശയങ്ങളും സമൃദ്ധമായി. അന്തരീക്ഷം തണുത്തു; എങ്ങും പച്ചപ്പ്. സേവാമന്ദിറിൽ പെരിയമ്മയുടെ (ആൻ മേരി) പൂന്തോട്ടമാകെ ബഹുവർണത്തിലുള്ള പൂക്കൾ നിറഞ്ഞു. ആദ്യമായി തന്റെ തോട്ടം ഇത്രയധികം മനോഹരിയായി കണ്ട ആൻ മേരിയുടെ മനസ്സും കുളിർത്തു.
അക്കൊല്ലം ക്രിസ്മസ് ഗംഭീരമായി ആഘോഷിക്കണമെന്ന് ആൻ മേരിക്ക് നിർബന്ധമായിരുന്നു. ചേരിയിൽനിന്നുള്ള കുട്ടികൾക്കൊക്കെ പുതിയ വസ്ത്രങ്ങൾ അവർതന്നെ നേരത്തേ തുന്നാൻ തുടങ്ങി. പക്ഷേ, പതിവുള്ള സ്കൂൾ ഇൻസ്പെക്ഷൻ വൈകിയതിനാൽ ആഘോഷവും വൈകി. ക്രിസ്മസ് ഒഴിവിന് സ്വന്തം വീടുകളിൽ പോകാൻ കാത്തിരുന്ന കുട്ടികളോടും അധ്യാപകരോടും ഒരു ദിവസംകൂടി കഴിഞ്ഞുപോയാൽ മതിയെന്ന് ആൻ മേരി നിർദേശിച്ചു. ഡിസംബർ 22ന് വൈകീട്ട് ആയിരുന്നു പൂക്കളും വർണവിളക്കുകളുംകൊണ്ട് അലങ്കരിച്ച ഹാളിൽ ആഘോഷം. പെരിയമ്മതന്നെ തന്റെ മൃദുശബ്ദത്തിൽ പ്രാർഥന നയിച്ചു. വിരുന്നിനുശേഷം കൊച്ചു കുട്ടികൾക്കൊക്കെ സമ്മാനങ്ങൾ നൽകി. ക്രിസ്മസ് ദിവസം സമീപത്തുള്ള ആൻ മേരിയുടെ ചില സുഹൃത്തുക്കൾക്കും തഞ്ചാവൂരിൽനിന്ന് എത്തിയ ഡോ. മേനോനും ഒന്നിച്ചായിരുന്നു ആൻ മേരിയുടെ അത്താഴം.
പിറ്റേന്ന് തന്നെ മേനോൻ തഞ്ചാവൂരിലേക്ക് മടങ്ങി. വൈകീട്ടായപ്പോൾ ആൻ മേരിക്ക് അസുഖകരമായ ഒരു കുളിരും ക്ഷീണവും തോന്നി. രാത്രിയായപ്പോൾ പനി ആയെന്ന് ആൻ മേരിക്ക് മനസ്സിലായി. അടുത്തദിവസം രാവിലെ സ്ഥലത്തെ ഡോക്ടർ വന്ന് പരിശോധിച്ചു. സന്നിപാതജ്വരം (ടൈഫോയ്ഡ്) ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക നിഗമനം. പിറ്റേന്ന് തന്നെ വിവരമറിഞ്ഞ് തഞ്ചാവൂരിൽനിന്നെത്തിയ മേനോൻ അത് സ്ഥിരീകരിച്ചു. അദ്ദേഹം പെൻസിലിൻ ഗുളിക കൊടുത്തു.
നാലഞ്ചുമാസം മുമ്പ് കോത്തഗിരിയിലായിരുന്നപ്പോൾ പനി ബാധിച്ച ആൻ മേരിയോട് ആരോഗ്യം സൂക്ഷിക്കണമെന്ന് മേനോൻ പറഞ്ഞിരുന്നു. അൽപം തമാശയായി അന്ന് മേനോൻ അവരോട് പറഞ്ഞു: “താങ്കളുടെ ദീർഘകാല യത്നങ്ങളെല്ലാം ഫലപ്രാപ്തിയിലെത്തിയതുകൊണ്ട് ഇനി എപ്പോൾ വേണമെങ്കിലും ദൈവത്തിനു തിരിച്ചുവിളിക്കാം. പക്ഷേ, കുറച്ചുകാലംകൂടി ജീവിച്ചിരിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.”
ആൻ മേരിയെ കണ്ട് മടങ്ങുമ്പോൾ മേനോൻ നിർദേശിച്ചു; പനി മാറുന്നില്ലെങ്കിൽ ഉടൻ തിരുക്കൊയിലൂരിലെ മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. അടുത്തദിവസം ആംബുലൻസിൽ ആൻ മേരിയെ തിരുക്കൊയിലൂരിലേക്ക് കൊണ്ടുപോയി. അവരുടെ സുഹൃത്തും ആശുപത്രി മേധാവിയുമായ ഡോ. കാൾസൺ കാത്തിരിക്കുകയായിരുന്നു. ചികിത്സ തുടങ്ങി രണ്ടു ദിവസങ്ങൾക്കുള്ളിൽ ആൻ മേരിയുടെ നില ഭേദപ്പെട്ടു. പക്ഷേ, ജനുവരി എട്ടിന് വൈകുന്നേരം പെട്ടെന്ന് ആൻ മേരിയുടെ നില വഷളായി. രാത്രിയോടെ ആൻ മേരി അന്ത്യശ്വാസം വലിച്ചു.
തനിക്ക് ഏറ്റവും പ്രിയങ്കരമായ സേവാമന്ദിറിൽതന്നെയായിരുന്നു വാവിട്ട് നിലവിളിച്ച കുട്ടികളുടെയും അധ്യാപകരുടെയും നൂറുകണക്കിന് നാട്ടുകാരുടെയും സാക്ഷ്യത്തിൽ അവരുടെ അടക്കം. മേരി ചാക്കോ നിശ്ചലയായ ആൻ മേരിയെ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട വെള്ള ഖദർ സാരി ധരിപ്പിച്ചിരുന്നു. ഡെന്മാർക്കിന്റെ നിറങ്ങളായ ചുവപ്പും വെള്ളയും വരകളുള്ള ഇന്ത്യൻ സാരി ഉടുത്തായിരുന്നു ഇന്ത്യയെ ഹൃദയത്തിലേറ്റെടുത്ത വെള്ളക്കാരി മിഷനറിയുടെ അവസാന യാത്ര.
വിവരമറിഞ്ഞ എസ്തർ അഗാധ ദുഃഖത്തിലാണ്ടു. 70 വയസ്സും അനാരോഗ്യവും ഒക്കെ ഉണ്ടായിരുന്നെങ്കിലും ആൻ മേരിയുടെ മരണം തീരെ അപ്രതീക്ഷിതമായിരുന്നു. തന്നെ ബാപ്പുവിൽ എത്തിച്ചതും അദ്ദേഹം കഴിഞ്ഞാൽ തന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചതുമായ ആളാണ് യാത്രയായത്. ഗുരുവും വഴികാട്ടിയും മാത്രമല്ല, എസ്തറിന് ചെറുപ്പത്തിലേ നഷ്ടപ്പെട്ട അമ്മ ആയിരുന്നു ആൻ മേരി. ഏറ്റവും വലിയ പ്രതിസന്ധികളിൽ എല്ലാവരും അകന്നപ്പോഴും അവളുടെ ഒപ്പം ഉറച്ചുനിന്ന ഏക ആലംബം.
എത്രയും വേഗം ഇന്ത്യയിലെത്താൻ അവൾ വെമ്പി. മേനോനും അവളെ കാത്തിരിക്കുകയായിരുന്നു. അതേ സമയം ബാപ്പുവും ആൻ മേരിയും ഇല്ലാത്ത ഇന്ത്യയിൽ എത്തുന്നത് അവൾക്ക് ഹൃദയഭേദകവുമായിരുന്നു. ജൂണിൽ എത്തിയ എസ്തറെ മദിരാശി വിമാനത്താവളത്തിൽ മേനോൻ ദീർഘമായി ആശ്ലേഷിച്ചുകൊണ്ട് സ്വീകരിച്ചു. ഒരുപാട് കാലത്തിനു ശേഷമായിരുന്നു വികാരതീവ്രമായ ആ സമാഗമം. ഇരുവരുടെയും ജീവിതം മാത്രമല്ല പരസ്പരബന്ധവും അതിനിടെ വല്ലാതെ മാറിമറിഞ്ഞിരുന്നു.
ഇരുവരും മദിരാശിയിൽനിന്ന് തീവണ്ടിയിൽ പോർട്ടോനോവോയിലെത്തി. സേവാമന്ദിറിൽ എത്തി ആൻ മേരിയുടെ ശവകുടീരത്തിൽ ആദരമർപ്പിക്കുമ്പോൾ അതുവരെ എസ്തർ പിടിച്ചുനിർത്തിയ വികാരങ്ങൾ അണപൊട്ടി. തളർന്നുപോയ എസ്തറുടെ കണ്ണീർ അടങ്ങിയത് മണിക്കൂറുകൾക്കു ശേഷമാണ്.
ഒരാഴ്ചക്കു ശേഷം എസ്തർ കോത്തഗിരിക്ക് പോയി. തന്നെ കാത്തിരിക്കുന്ന രോഗികൾക്കായി മേനോന് തഞ്ചാവൂരിൽ എത്തേണ്ടിയിരുന്നു. കോത്തഗിരിയിൽ എസ്തറുടെ ഒട്ടേറെ സുഹൃത്തുക്കൾ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവിടെവെച്ചാണ് ഗാന്ധിയുടെ കടുത്ത ആരാധകനും കോൺഗ്രസ് നേതാവുമൊക്കെയായ ഡി.എസ്. രാമചന്ദ്ര റാവുവിനെ എസ്തർ പരിചയപ്പെടുന്നത്. സ്വാഭാവികമായും അവരുടെ സംഭാഷണം ഇരുവർക്കും പ്രിയങ്കരമായ വിഷയത്തെക്കുറിച്ചായി –ബാപ്പു. ഒരുദിവസം ബാപ്പുവിനെക്കുറിച്ച് നടന്ന ഒരു യോഗത്തിനുശേഷം ഒന്നിച്ച് മടങ്ങുമ്പോൾ എസ്തർ അൽപം മടിച്ചുകൊണ്ട് റാവുവിനോട് പറഞ്ഞു: “ബാപ്പുവിന് എന്നോട് വളരെ സ്നേഹമായിരുന്നു. അദ്ദേഹത്തിന് മകളെപ്പോലെയായിരുന്നു ഞാൻ. നിരന്തരമായി അദ്ദേഹം എനിക്ക് കത്തെഴുതി. അതെല്ലാം ഇപ്പോഴും എന്റെ കൈയിലുണ്ട്. എനിക്ക് അമൂല്യമായ നിധിയാണത്.”
തന്നെപ്പോലെ ഒരു സാധാരണക്കാരിക്കുവേണ്ടി ഇത്രയധികം സമയം ചെലവഴിക്കാൻ രാജ്യത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ചുമലിലേറ്റിയ ആ മഹാന് എങ്ങനെ കഴിഞ്ഞുവെന്ന് താൻ അത്ഭുതപ്പെടാറുണ്ടെന്ന് എസ്തർ പറഞ്ഞു. “ഇത്രമാത്രം സ്നേഹവും വാത്സല്യവും എന്നിൽ ചൊരിഞ്ഞതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായിട്ടേയില്ല.” തന്റെ വസതിയുടെ മുന്നിൽ എത്തിയനേരം എസ്തർ റാവുവിനോട് ചോദിച്ചു; “അങ്ങേക്ക് ആ കത്തുകൾ വായിക്കണോ?”
‘‘തീർച്ചയായും. അതിലും വലിയൊരു ബഹുമതിയില്ല” റാവു പ്രതിവചിച്ചു. തന്റെ പെട്ടിയിൽ ഒരു വലിയ കവറിൽ ഭദ്രമായി സൂക്ഷിച്ച കത്തുകളിൽനിന്ന് ഒരു കെട്ട് കത്തുകൾ എസ്തർ റാവുവിനെ ഏൽപിച്ചു. “വായിച്ചിട്ട് മടക്കിത്തന്നാൽ മതി.”
ആ കത്തുകൾ വായിക്കുക റാവുവിന് അത്ര എളുപ്പമായിരുന്നില്ല. പഴക്കംമൂലം പലതിലും മഷി പടർന്നു അക്ഷരങ്ങൾ അവ്യക്തമായിരുന്നു. കൈകൾകൊണ്ട് നിർമിച്ചവയായതിനാൽ കടലാസുകൾ പൊടിഞ്ഞിരുന്നു. പലകത്തുകളും തീവണ്ടിയാത്രക്കിടയിലോ വണ്ടി കാത്തിരിക്കുമ്പോഴോ പെൻസിൽകൊണ്ട് കുത്തിക്കുറിക്കപ്പെട്ടവ. പലതും ലോകം മുഴുവൻ ഉറങ്ങുന്ന അർധരാത്രികളിലോ പുലരുമ്പോഴോ എഴുതിയവ. വ്യക്തമായി വായിക്കാനാവുന്നവയും ഉണ്ടായിരുന്നു. ചിലതെല്ലാം ടൈപ് ചെയ്തവ. പക്ഷേ, രണ്ടുദിവസംകൊണ്ട് എല്ലാ കത്തുകളും ഒറ്റയിരിപ്പിന് തന്നെ വായിച്ചുതീർത്തു. അവയിൽ നിറഞ്ഞ കാരുണ്യത്തിലും കനിവിലും അറിവിലും കരുതലിലുമൊക്കെ അദ്ദേഹം വ്യാമുഗ്ധനായി.
മൂന്നാം ദിവസം കത്തുകൾ മടക്കിക്കൊണ്ടുവന്ന റാവുവിനോട് എസ്തർ ചോദിച്ചു: “എന്ത് പറയുന്നു?’’ ഒരു സംശയവുമില്ല, അമൂല്യനിധി തന്നെ, അദ്ദേഹം പറഞ്ഞു. “പക്ഷേ ഇത് നിങ്ങൾ മാത്രമായി വെക്കരുത്. ലോകവുമായി ഇവ പങ്കിടണം. ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യ ലോകത്തും ഇവ വായിക്കുന്നതുകൊണ്ട് വലിയ പ്രയോജനം ഉണ്ടാകുന്ന ഒട്ടേറെപ്പേർ ഉണ്ട്.”
ആദ്യമൊന്നും റാവു നിർദേശിച്ചതിന്റെ പ്രസക്തി എസ്തറിന് ബോധ്യപ്പെട്ടില്ല. ഈ കത്തുകളുടെ മൂല്യം എത്രപേർക്ക് തിരിച്ചറിയാനാവും? തികച്ചും വ്യക്തിപരമാണ് കത്തുകളേറെയും എന്നതിനാൽ അത് പരസ്യമാക്കാമോ? ബാപ്പുവിന് അത് ഇഷ്ടമാകുമായിരുന്നുവോ? അവ വലിയ തെറ്റിദ്ധാരണകൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടം നൽകില്ലേ? ഈ ചോദ്യങ്ങൾ ദിവസങ്ങളോളം എസ്തറെ മഥിച്ചു. പക്ഷേ, അവസാനം എസ്തർ തീരുമാനിച്ചത് അവ ലോകത്തിനു മുന്നിൽ എത്തിക്കാനാണ്. 1917 മുതൽ 32 വരെയുള്ള 15 വർഷക്കാലം ബാപ്പു തനിക്ക് എഴുതിയ 129 കത്തുകൾ എസ്തർ തന്റെ സുഹൃത്ത് ആലീസ് എം. ബാർനെസിനെ എഡിറ്റ് ചെയ്യാൻ ഏൽപിച്ചു.
1956ൽ തന്നെ കത്തുകളുടെ സമാഹാരം –എന്റെ പ്രിയപ്പെട്ട കുഞ്ഞേ (My Dear Child)– ഗാന്ധിജി 1929ൽ സ്ഥാപിച്ച അഹ്മദാബാദിലെ നവജീവൻ ട്രസ്റ്റ് പ്രസിദ്ധീകരിച്ചു. തന്റെ രണ്ട് മക്കൾക്കും ഇന്ത്യയിൽനിന്നുള്ള അവരുടെ മഹത്തായ പൈതൃകം എന്ന വിശേഷണത്തോടെ എസ്തർ സമർപ്പിച്ച പുസ്തകത്തിന്റെ മുഖവുരയിൽ അവർ എഴുതി: “ബാപ്പുജിയുടെ കത്തുകൾ എനിക്ക് എത്രയും അമൂല്യവും പവിത്രവുമാണ്. വാസ്തവത്തിൽ അതാണ് എന്റെ ഒരേ ഒരു സ്വത്ത്. സത്യത്തിൽ അൽപം വൈമുഖ്യത്തോടെയാണ് ഇത് ഞാൻ പ്രസിദ്ധീകരിക്കുന്നത്. പക്ഷേ, ഇവ ബാപ്പുജിയുടെ നാട്ടുകാർക്ക്, മറ്റ് രാജ്യങ്ങളിലെ എണ്ണമറ്റ ജനങ്ങളുമായി പങ്കുവെക്കുന്നത് എന്റെ കടമയും അഭിമാനവുമാണെന്ന് ഞാൻ കരുതുന്നു.
ബാപ്പുജിയെപ്പറ്റി, വ്യക്തിത്വത്തെക്കുറിച്ച് നേരിട്ടറിഞ്ഞ ഒരാളുടെ അനുഭവം അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കാൻ സഹായകമാകും. വ്യക്തികളോട് അദ്ദേഹം പുലർത്തിയ സ്നേഹം, കുഞ്ഞുങ്ങളെ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്, അഗാധമായ മതബോധം തുടങ്ങിയവയൊക്കെ ഈ കത്തുകളിൽ കാണാം. ഈ കൊച്ചു പുസ്തകം ലോകത്തിന്റെ മുന്നിലേക്ക് എത്തിക്കുന്നത്, അദ്ദേഹത്തെ കൂടുതൽ നന്നായി മനസ്സിലാക്കാനും സേവനത്തിനും സ്നേഹത്തിനുമുള്ള അദ്ദേഹത്തിന്റെ അത്ഭുതസിദ്ധി ഒരുപരിധിവരെയെങ്കിലും തിരിച്ചറിയാനും വായനക്കാരെ സഹായിക്കുമെന്ന് ഞാൻ പ്രത്യാശിക്കുകയും അതിനായി പ്രാർഥിക്കുകയുംചെയ്യുന്നു.”
1951 ആഗസ്റ്റിൽ എസ്തർ കോപൻഹേഗനിലേക്ക് മടങ്ങിപ്പോയി. എസ്തറുടെ വാർധക്യജീവിതം വീട്ടിനുള്ളിൽ മാത്രമായി ഒതുങ്ങി. ഇന്ത്യയും ബാപ്പുവും നിറഞ്ഞ, പ്രതിസന്ധിഭരിതമെങ്കിലും ആവേശകരമായ ഇന്ത്യൻ ജീവിതത്തിന്റെ ഓർമകളായിരുന്നു അവരുടെ സന്തോഷം, സങ്കടവും.
* * *
1962. അമ്പതോളം വർഷം മുമ്പ് എസ്തറിന്റെ ജീവിതം മാറ്റിമറിച്ച ഇന്ത്യൻ ജീവിതത്തിന് തിരിച്ച നാളുകളെപ്പോലെ കോപൻഹേഗൻ നഗരം നിറങ്ങളിൽ കുളിച്ചുനിന്ന ഒരു ശരത്കാലം. എസ്തറിന് പതിവിലേറെ ക്ഷീണം തോന്നിയ ഒരു പ്രഭാതമായിരുന്നു അത്. കുറച്ചുദിവസമായി ഭക്ഷണത്തോട് വിരക്തി തോന്നിയിരുന്ന എസ്തറെ തങ്കയ് ഒരു കവിൾ ഓറഞ്ചുനീര് നിർബന്ധിച്ച് കുടിപ്പിച്ചു. മതിയെന്ന് ആംഗ്യം കാണിച്ച് വീണ്ടും മയക്കത്തിലേക്ക് പോയ എസ്തർ പിന്നെ ഉണർന്നില്ല.
സംഭവബഹുലമായ ആ അസാധാരണജീവിതം അങ്ങനെ അവസാനിക്കുമ്പോൾ എസ്തർ പുറംലോകത്തിന് ഏറക്കുറെ പൂർണമായും വിസ്മൃതയായിരുന്നു. പോർട്ടോനോവോ മിഷന്റെ പ്രസിദ്ധീകരണത്തിൽ മാത്രം വന്ന ഒരു ചെറുകുറിപ്പിൽ ഇന്ത്യയോടുള്ള എസ്തറിന്റെ അദമ്യമായ സ്നേഹത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. “ധീരവും സത്യസന്ധവുമായ തന്റെ യൗവനകാലത്ത് തന്റെ ജീവിതം മിഷനറി പ്രവർത്തനത്തിനോ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനോ എന്ന വലിയ ചോദ്യം എസ്തർ നേരിട്ടു. അധികം പേർ അനുഭവിച്ചിട്ടില്ലാത്തവിധം വീരോചിതവും അതേസമയം ദുരന്തപൂർണവുമായ ഒരു അസാമാന്യ ജീവിതം.”
എസ്തറുടെ വിയോഗമറിഞ്ഞ മേനോൻ ഉടൻ കോപൻഹേഗനിലേക്ക് പറന്നു. രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ജനിച്ചു വളർന്ന് ഒന്നായിത്തീർന്ന തങ്ങളുടെ വിചിത്രവിധിയെപ്പറ്റി ആയിരുന്നു വിമാനയാത്രയിൽ ഉടനീളം അദ്ദേഹത്തിന്റെ ചിന്തകൾ. രാഷ്ട്രീയവും മതപരവും വംശീയവും വ്യക്തിപരവുമായ എണ്ണമറ്റ ചുഴികളും മലരികളും താണ്ടി ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തോടും അതിന്റെ മഹാനായകനുമായും ബന്ധപ്പെട്ട് ഒഴുകിയ തങ്ങളുടെ അസാധാരണ പ്രണയം. ഓർമകളുടെ തിരത്തള്ളലടക്കി അദ്ദേഹം മുന്നിൽ നിശ്ചലയായി കിടന്ന പ്രേയസ്സിയുടെ മൂർധാവിൽ അന്ത്യചുംബനം അർപ്പിച്ചു. വിതുമ്പിനിന്ന രണ്ടു മക്കളെയും ആശ്ലേഷിച്ചു. ഏതാനും മാസങ്ങൾ രണ്ട് മക്കളുടെയും പേരക്കുട്ടികളുടെയും ഒപ്പം താമസിച്ചശേഷമാണ് മേനോൻ ഇന്ത്യയിലേക്ക് മടങ്ങിയത്.
1971 സെപ്റ്റംബറിൽ തങ്കയ്ക്ക് കൊച്ചിയിൽനിന്നുമൊരു കത്ത് കിട്ടി. അവളുടെ അച്ഛന്റെ സഹോദരൻ ഇ. രാമൻ മേനോന്റെയായിരുന്നു സെപ്റ്റംബർ 28ന് അയച്ച കത്ത്.
പ്രിയപ്പെട്ട തങ്കയ്,
നിന്റെ അച്ഛനും എന്റെ സഹോദരനുമായ ഡോ. ഇ.കെ. മേനോൻ സെപ്റ്റംബർ 25നു പുലർച്ചെ അഞ്ചരമണിക്ക് അന്തരിച്ച വിവരം അതീവ വ്യസനത്തോടെ അറിയിക്കട്ടെ. കുറച്ചുകാലമായി സുഖമില്ലാതിരുന്ന അദ്ദേഹം പോണ്ടിച്ചേരി ജനറൽ ആശുപത്രിയിലായിരുന്നു മരിച്ചത്. 17ാം തീയതി പോർട്ടോനോവോയിൽ വെച്ച് അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായി. ഉടനെ പോണ്ടിച്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നെ തലച്ചോറിൽ രക്തസ്രാവം വന്നു. തുടർന്ന് വൃക്കകളും തകരാറിലായി. ഒമ്പതാം ദിവസം അദ്ദേഹം യാത്രയായി. ആദ്യം മുതൽ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ദയവ് ചെയ്ത് നാനിനെയും അറിയിക്കുമല്ലോ. എന്തായാലും സഹോദരൻ കുറച്ചുദിവസം മുമ്പ് തന്ന മേൽവിലാസത്തിൽ ഞാൻ അവൾക്കും എഴുതിക്കൊള്ളാം.
സ്നേഹപൂർവം
(ഒപ്പ്)
രാമൻ മേനോൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.