കേരളത്തിൽ നടി ആക്രമണ കേസ് ഒരിക്കൽകൂടി ചർച്ചയാവുകയാണ്. ഇൗ കേസിൽ സർക്കാറിന്റെയും നീതിന്യായ വ്യവസ്ഥയുടെയും മാധ്യമങ്ങളുടെയുമൊക്കെ പങ്ക് വിമർശിക്കപ്പെടുന്നുണ്ട്. നടി ആക്രമണ കേസിൽ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുന്നതിനൊപ്പം ഇത്തരം ലൈംഗിക അതിക്രമങ്ങൾ തടയാൻ എന്താണ് വഴി? -വിശകലനം.
സിനിമാ മേഖലയിൽ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ നാടകീയതകൾക്കു ശേഷം അടുത്തിടെ പുറത്തുവന്നു. ഹേമ കമ്മിറ്റിയെ നിേയാഗിക്കാൻ ഇടയാക്കിയത് 2017 ഫെബ്രുവരിയിൽ, മലയാള സിനിമയിലെ ജനപ്രിയ നടി ഒരു സിനിമാ ചിത്രീകരണത്തിൽനിന്ന് മടങ്ങുമ്പോൾ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട സംഭവമാണ്. ഇത് വ്യാപകരോഷത്തിനും നീതിക്കായി മുറവിളികള്‍ ഉയരാനും ഇടയായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയുംചെയ്തു.
നടി ആക്രമണ-ലൈംഗികാതിക്രമ കേസിന്റെ വിചാരണക്ക് കാര്യമായ മാധ്യമശ്രദ്ധ ലഭിച്ചു. ലിംഗാധിഷ്ഠിത അക്രമവും സിനിമയിലെ സ്ത്രീകളുടെ സുരക്ഷയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അതിക്രമത്തെ അതിജീവിച്ച നടിയുടെ സിനിമയിലെ സുഹൃത്തുക്കളും രാജ്യത്തുടനീളമുള്ള പ്രവർത്തകരും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വിമൻ ഇൻ സിനിമ കലക്ടിവ് (WCC) രൂപവത്കരിക്കുകയും ചെയ്തു.
WCC അവരുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി സോഷ്യൽ മീഡിയയിൽ തുടങ്ങിയ ‘അവൾക്കൊപ്പം’ കാമ്പയിൻ കാട്ടുതീപോലെ പടരുന്നു. വിചാരണ വേളയിൽ 85 ദിവസം ജയിലില്‍ കിടന്ന കുറ്റാരോപിതനായ നടന് ജാമ്യം ലഭിച്ചു പുറത്തുവന്നു. അദ്ദേഹം ത്യാഗിയും, സിനിമയിലും ജീവിതത്തിലും വീണ്ടും നായകനുമാവുകയുംചെയ്തു. ശാരീരിക-മാനസിക പീഡനങ്ങള്‍ അനുഭവിച്ച അതിജീവിതയെയും, സാക്ഷിയായ കാലത്തെയുംതന്നെ അവഹേളിക്കുംവിധം നിലവിലുള്ള നിയമനടപടികളിലൂടെ കേസ് ഇപ്പോഴും തീര്‍പ്പാകാതെ തുടരുന്നു.
നടൻ ദിലീപ് ഉൾപ്പെട്ട നടി ലൈംഗികാതിക്രമക്കേസ് ജുഡീഷ്യൽ പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള വ്യാപകമായ ചർച്ചകൾക്കും സൂക്ഷ്മപരിശോധനക്കും കാരണമായി. ലൈംഗികാതിക്രമത്തെ അതിജീവിച്ചവർക്ക് നീതി ലഭ്യമാക്കുന്നതിൽ നീതിന്യായ വ്യവസ്ഥയുടെ ഫലപ്രാപ്തിയെക്കുറിച്ച് പ്രസക്തമായ ചോദ്യങ്ങൾ ഉയർന്നു. ജുഡീഷ്യൽ നടപടികളുടെ ബഹുമുഖ മാനങ്ങൾ, തെളിവുകൾ നശിപ്പിക്കപ്പെടുെന്നന്ന ആരോപണങ്ങൾ, വിശാലമായ സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവ പര്യവേക്ഷണംചെയ്തു നടി ലൈംഗികാതിക്രമ കേസിന്റെ സമഗ്രമായ വിശകലനം നൽകാൻ ഈ എഴുത്ത് ശ്രമിക്കുന്നു.
പ്രത്യക്ഷത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാരണം: 1998 മുതൽ 2015 വരെ പ്രതിയായ ദിലീപ് നടി മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തുടര്‍ന്നു. വിവാഹത്തിനുശേഷം മഞ്ജു വാര്യർ അഭിനയത്തിൽനിന്ന് താല്‍ക്കാലികമായെങ്കിലും വിരമിച്ചു. 2015ൽ ഇരുവരും വേർപിരിഞ്ഞിട്ടും മഞ്ജുവും അതിജീവിതയും അടുത്ത സുഹൃത്തുക്കളായി തുടർന്നു. പിന്നീട് ദിലീപിനെ വിവാഹം കഴിച്ച നടി കാവ്യാ മാധവനുമായുള്ള ദിലീപിന്റെ മുമ്പുണ്ടായ ബന്ധത്തെ കുറിച്ച് അതിജീവിതയാണ് മഞ്ജുവിനെ അറിയിച്ചതെന്നാണ് പറയപ്പെട്ടത്. വിവാഹമോചന കാലയളവിലുടനീളം അതിജീവിത മഞ്ജുവിന്റെ പക്ഷത്തായിരുന്നു. ഇത് പ്രതിയുടെ പ്രതികാരബുദ്ധിക്ക് കാരണമായതായി പറയപ്പെടുന്നു.
ക്രിമിനൽ ഗൂഢാലോചന: പൊലീസ് ഭാഷ്യമനുസരിച്ച് ഇരയോടുള്ള പ്രതികാരം തീർക്കാൻ, ദിലീപ് ഒന്നാം പ്രതിയുമായി ഗൂഢാലോചന നടത്തി. ഇരയെ തട്ടിക്കൊണ്ടുപോയി, ആ പ്രവൃത്തി വിഡിയോയിൽ പകർത്തി. ഇതിനായി ഒന്നാം പ്രതിയായ പൾസർ സുനിക്ക് ഒന്നര കോടി രൂപ ദിലീപ് നൽകിയെന്നും 2015 ഡിസംബറിൽ ഒന്നാം പ്രതിക്ക് അഡ്വാൻസായി 10,000 രൂപ നൽകിയെന്നുമാണ് പൊലീസ് പറയുന്നത്.
മെമ്മറി കാർഡ് ദുരൂഹത: നടിലൈംഗികാതിക്രമക്കേസിലെ മെമ്മറി കാർഡ് സംബന്ധിച്ച് കാര്യമായ ആശങ്ക ഉയർന്നിട്ടുണ്ട്. ഇന്റർനാഷനൽ സൈബർ സെക്യൂരിറ്റി സ്പെഷലിസ്റ്റ് സംഗമേശ്വരൻ മാണിക്യം അയ്യർ മെമ്മറി കാർഡിന്റെ സീരിയൽ നമ്പറിന്റെ അഭാവം എടുത്തുകാണിച്ചു, അതിന്റെ ആധികാരികതയിൽ സംശയം ജനിപ്പിച്ചു. അത് മാറ്റുകയോ പകർത്തുകയോ ചെയ്തിരിക്കാം എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. മെമ്മറി കാർഡിന്റെ ഹാഷ് മൂല്യം മാറിയെന്ന് ഫോറൻസിക് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കൂടാതെ, മെമ്മറി കാർഡിലെ ഫോറൻസിക് അനാലിസിസ് റിപ്പോർട്ട് തടഞ്ഞുെവച്ചതുൾപ്പെടെ ജഡ്ജി ഹണി എം. വർഗീസ് മോശമായി പെരുമാറിയെന്ന് ഹൈകോടതിയിൽ അതിജീവിത ഹരജി നല്കുകയുണ്ടായി. ദിലീപിന്റെ അഭിഭാഷകരും ഭരണമുന്നണിയിലെ രാഷ്ട്രീയ ഇടപെടലും അന്വേഷണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുള്ള ഗൂഢാലോചനയും സംബന്ധിച്ച ആശങ്കകൾ ഈ ഹരജിയിൽ ഉന്നയിച്ചിരുന്നു.
ഫോറൻസിക് റിപ്പോർട്ടുകളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പൊരുത്തക്കേടുകൾക്കൊപ്പം, കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ഒന്നിലധികം കോടതികളിലേക്കും ഫോറൻസിക് ലാബുകളിലേക്കുമുള്ള മെമ്മറി കാർഡിലെ ഉള്ളടക്കം എത്തപ്പെട്ടത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. പ്രതിയുടെ സഹോദരനും ചില കോടതി ജീവനക്കാരും വിഡിയോ കണ്ടതായി കരുതുന്നു, ഇത് അതിജീവിതയുടെ സ്വകാര്യതയുടെ നഗ്നമായ ലംഘനമായിരുന്നിട്ടും സംഭവത്തിനെതിരെ എഫ്.ഐ.ആർപോലും ഫയൽ ചെയ്തിട്ടില്ല. അതിജീവിത സമർപ്പിച്ച അന്വേഷണ ഹരജിയിന്മേല് ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈകോടതി തന്നെ വിസമ്മതിച്ചു.
കുറ്റാരോപിതരോടുള്ള കോടതിയുടെ സമീപനം: അതിജീവിതയുടെ അഭിഭാഷകയുടെ അഭിപ്രായത്തില്‍, ഈ കേസില്‍ വ്യക്തമായും കാണപ്പെട്ട പ്രതികളോടുള്ള കോടതിയുടെ പക്ഷപാതപരമായ നിലപാടുകള്‍ നീതിതേടുന്ന ജുഡീഷ്യൽ പ്രക്രിയക്ക് തുരങ്കംവെക്കാനും നിഷ്പക്ഷമായി നീതി നൽകാനുള്ള നിയമവ്യവസ്ഥയുടെ കഴിവിലുള്ള വിശ്വാസത്തെ ഇല്ലാതാക്കാനും സാധ്യതയുണ്ട്.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ രാജി: സെഷൻസ് കോടതി ജഡ്ജി ഹണി വർഗീസിനെ മാറ്റണമെന്ന അതിജീവിതയുടെ ഹരജി ഹൈകോടതി തള്ളിയതിനെ തുടർന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സുരേശൻ രാജിവെച്ചു. കോടതിയിലെ പ്രതികൂല അന്തരീക്ഷം ചൂണ്ടിക്കാട്ടി മുൻ സി.ബി.ഐ പ്രോസിക്യൂട്ടർ ആയിരുന്ന അനിൽകുമാറും രാജിെവച്ചു. കേസിലെ ഉയർന്നുവരുന്ന സംഭവവികാസങ്ങൾക്കിടയിലുള്ള ഈ രാജികൾ, നടപടികളിലുള്ള അതൃപ്തിയെ സൂചിപ്പിക്കുന്നതായി വ്യാപകമായി കരുതപ്പെടുന്നു. ഈ രാജികൾ നീതിന്യായ വ്യവസ്ഥയുടെ സത്യസന്ധതയിൽ സംശയം ഉളവാക്കുകയും കുറ്റാരോപിതർക്ക് അനുകൂലമായി മാറിയ സാധ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു.
ഗാഗ് ഓർഡർ ദുരൂഹത: ട്രയലിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ടവരെക്കുറിച്ചോ പരസ്യമായി സംസാരിക്കുന്നതിൽനിന്ന് ഒരു ‘ഗാഗ് ഓർഡർ’ കുറ്റാരോപിതരെ തടയുന്നു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കെതിരെയാണ് ദിലീപ് കോടതിയിൽനിന്ന് ഇങ്ങനെ ഒരു ഓര്‍ഡര്‍ നേടിയെടുത്തത്. ഗാഗ് ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് നിരവധി മാധ്യമ സ്ഥാപനങ്ങൾക്കെതിരെ അദ്ദേഹം പിന്നീട് ഹരജി നൽകി.
മാധ്യമ കവറേജ് പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ ഗാഗ് ഓർഡറുകൾ, പ്രത്യേകിച്ച് ലൈംഗികാതിക്രമ കേസുകളിൽ, അതിജീവിതകളുടെ മാനസികാരോഗ്യം തളര്‍ത്തുകയും, കുറ്റാരോപിതര്‍ക്ക് ചിലപ്പോഴെങ്കിലും അനാവശ്യ നിയമ പരിരക്ഷ ഒരുക്കയുംചെയ്യുന്നു. അത്തരം നിയന്ത്രണങ്ങൾ അതിജീവിതയിൽ നാണക്കേടിന്റെയും ഒറ്റപ്പെടലിന്റെയും മാനസിക വിഷമം ആഴത്തിലാക്കുകയും സമൂഹത്തിനുള്ളിൽ അവരുടെ പാർശ്വവത്കരണം വർധിപ്പിക്കുകയുംചെയ്യും. മാത്രമല്ല, അവ സുതാര്യതക്കും മാധ്യമങ്ങളുടെ ഉത്തരവാദിത്തത്തിനും അപകടസാധ്യത സൃഷ്ടിക്കുന്നു, ദൂരവ്യാപകമായി ഇത് ഇരക്ക് നീതി ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയുംചെയ്യാം.
പൾസർ സുനിയുമായുള്ള ബന്ധം: ക്രിമിനലുമായുള്ള കുറ്റാരോപിതന്റെ ബന്ധം സംശയാസ്പദമായി തുടരുന്നു. കുറ്റകൃത്യത്തിന്റെ പിന്നിലുള്ള ബുദ്ധി അദ്ദേഹമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിക്കുകയുണ്ടായി. അഞ്ച് പ്രത്യേക സ്ഥലങ്ങളിൽ വെച്ച് ദിലീപ് ഒന്നാം പ്രതിയെ കാണുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇത് തെളിയിക്കാൻ പ്രോസിക്യൂഷൻ ഹോട്ടൽ രേഖകൾ ഹാജരാക്കിയിട്ടുണ്ട്. ദിലീപിന്റെ പേരിൽ തന്നെയാണ് മുറിയെടുത്തത്. ഇത് തെളിയിക്കാൻ സാക്ഷികളെ പൊലീസ് ഹാജരാക്കി.
ദിലീപിന് പൾസർ സുനിയുടെ കത്ത്: മുൻകൂർ നിശ്ചയിച്ച തുക ദിലീപിൽനിന്ന് ഈടാക്കാൻ ലക്ഷ്യമിട്ട് ഒന്നാം പ്രതി എഴുതിയ ഭീഷണിക്കത്ത് പൊലീസ് കണ്ടെത്തി. കത്തിൽ നാദിർഷായെയും വിഷ്ണുവിനെയും പരാമർശിച്ചിരുന്നു. ദിലീപും മുഖ്യപ്രതിയും തമ്മിലുള്ള ബന്ധം തുടരുന്നതായി ഇത് സൂചിപ്പിക്കുന്നു. മുഖ്യപ്രതിയുടെ പരസ്പരബന്ധിതമായ കാളുകളും പൊലീസ് കണ്ടെത്തി.
മാച്ചിങ് ടവർ ലൊക്കേഷനുകൾ: അഡ്വാൻസ് തുകയുടെ ഗൂഢാലോചനയും കൈമാറ്റവും നടക്കുമ്പോൾ ദിലീപും ഒന്നാം പ്രതിയും ഒരേ ടവർ ലൊക്കേഷനിലാണെന്ന് പൊലീസ് കണ്ടെത്തി.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന: ദിലീപിനെതിരെ കേസന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെത്തുടർന്ന് കേരള പൊലീസ് ക്രൈംബ്രാഞ്ച് കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനെയും സംഘാംഗങ്ങളെയും ഉന്മൂലനം ചെയ്യാൻ നടൻ ഗൂഢാലോചന നടത്തിയെന്ന് ചലച്ചിത്രസംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് മുമ്പാകെ സമർപ്പിച്ച എഫ്.ഐ.ആറിനെ തുടർന്നുള്ള പുതിയ എഫ്.ഐ.ആറിൽ ദിലീപിന്റെ സഹോദരൻ അനൂപ്, ഭാര്യാ സഹോദരൻ സൂരജ് എന്നിവരുൾപ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഐ.പി.സി 116, 118, 120 (ബി), 506, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യർ ഉൾപ്പെടെ 355 പേരുടെ മൊഴിയെടുത്തു. ഇവരിൽ 33 പേർ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ദിലീപും സുനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കൂടാതെ വിവിധ ശാസ്ത്രീയ പരിശോധനകളുടെ ഫലമുൾപ്പെടെ നാനൂറോളം രേഖകളും കുറ്റപത്രത്തിലുണ്ട്. സുനിൽ കുമാർ, പൾസർ സുനി, വിജീഷ്, മണികണ്ഠൻ, മാർട്ടിൻ ജോസഫ്, പർദീപ്, സലിം, ചാർലി തോമസ് എന്നിവരാണ് രേഖയിലെ പ്രതികൾ.
തുടക്കത്തിൽ ഐ.പി.സി സെക്ഷൻ 102 (ബി), 342, 366, 376 (ഡി), 411, 506 (1), 201, 212, 34, സെക്ഷൻ 66 (ഇ), 67 (എ) എന്നീ വകുപ്പുകൾ പ്രകാരം നടന് ദിലീപ് 11ാം പ്രതിയായിരുന്നു. ഐ.ടി ആക്ട്, 2008 പ്രകാരവും പിന്നീട് ദിലീപിനും ശരത് നായർ ഉൾപ്പെടെ അഞ്ച് പേർക്കുമെതിരെ ഐ.പി.സി സെക്ഷൻ 116 (പ്രേരണ), 118 (കുറ്റം ചെയ്യാനുള്ള രൂപരേഖ മറച്ചുവെക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു), കൂടാതെ 34 (നിരവധി ആളുകൾ ചെയ്ത ക്രിമിനൽ പ്രവൃത്തി). കൂടാതെ, ഐ.പി.സി സെക്ഷൻ 201 പ്രകാരം (കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനു കാരണമാകുന്നതിന്), 204 (ഇലക്ട്രോണിക് റെക്കോഡ് അല്ലെങ്കിൽ രേഖ നശിപ്പിക്കൽ) എന്നിവയും നടനെതിരെയും അദ്ദേഹത്തിന്റെ വ്യവസായി സുഹൃത്തുമായ ശരത്തിനെതിരെയും ചുമത്തിയിട്ടുണ്ട്.
നിരവധി വർഷങ്ങളായി, അപര്യാപ്തമായ ധനസഹായം കാരണവും വിഭവങ്ങളുടെ അഭാവവും കാരണം ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ കാലഹരണപ്പെട്ടുപോയതായും ബലാത്സംഗത്തെ അതിജീവിക്കുന്നവർക്ക് വൈദ്യസഹായവും നീതിയും ലഭിക്കാത്തതിലേക്ക് ഈ അവസ്ഥ നയിച്ചതായും വ്യക്തമായി കാണാം. 10 ബലാത്സംഗങ്ങളിൽ 4 എണ്ണം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്ന് പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു, പ്രധാനമായും ഇന്ത്യൻ സമൂഹത്തിന്റെ ആഴത്തിൽ വേരൂന്നിയ യാഥാസ്ഥിതികത കാരണം, അതിൽ ഇരകളായ പലരും അവരുടെ കുടുംബവും സമൂഹവും ‘നാണക്കേട്’ ഭയന്ന് മുന്നോട്ടു വരാൻ ഭയപ്പെടുന്നു.
“പൊലീസ് സംവിധാനത്തിന്റെ പോരായ്മകൾ പ്രകടമാണ്, പ്രത്യേകിച്ച് അതിന്റെ മനോഭാവങ്ങളിൽ”, ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ വനിതാ അവകാശ ഗവേഷകയായ അരുണ കശ്യപിന്റെ വാക്കുകളാണിവ. ‘‘പല ഗവൺമെന്റ് ഉദ്യോഗസ്ഥരും, പ്രത്യേകിച്ച് പൊലീസ് സേനക്കുള്ളിൽ, ബലാത്സംഗത്തെ അതിജീവിച്ചവർ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നതിനെക്കുറിച്ചുള്ള ദ്രോഹകരമായ മുന്‍ധാരണകള്‍ ധിക്കാൻ കാരണമായി.’’ 2012 ഡിസംബറിൽ നടന്ന ഒരു സംഭവം കശ്യപ് ഉദ്ധരിച്ചു, ഒരു ഗ്രാമത്തിലെ 17 വയസ്സുള്ള പെൺകുട്ടിയെ വടക്കൻ പഞ്ചാബിലെ ഒരു വയലിൽ കുറഞ്ഞത് രണ്ട് പേരെങ്കിലും മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
പൊലീസ് അവളുടെ പരാതി ഗൗരവമായി എടുത്തില്ല, ഇത് ഇരയുടെ ജീവൻ അപഹരിക്കുന്ന ദാരുണമായ ഫലത്തിലേക്ക് നയിച്ചു. ഇരയുടെ അഭിഭാഷകൻ ഉന്നയിച്ച എല്ലാ ആശങ്കകളും ഉണ്ടായിരുന്നിട്ടും, സമീപ വർഷങ്ങളിൽ, ബഹുമാനപ്പെട്ട കോടതികളുടെ ഭയാനകമായ നിരവധി വിധിന്യായങ്ങൾ രോഷം ആളിക്കത്തിക്കുകയും ബലാത്സംഗത്തെ അതിജീവിച്ചവർ രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ നേരിടുന്ന വെല്ലുവിളികളെ ഉയർത്തിക്കാട്ടുകയുംചെയ്തു. ഈ കേസുകൾ നീതിയുടെയും സമത്വത്തിന്റെയും തത്ത്വങ്ങളെ ദുർബലപ്പെടുത്തുന്ന ധാർമികവും സ്ത്രീവിരുദ്ധവുമായ വ്യാഖ്യാനങ്ങളുടെ അസ്വസ്ഥജനകമായ പ്രവണത സൃഷ്ടിച്ചു.
മോഹിത് സുഭാഷ് ചവാൻ V സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര: ഈ കേസില്‍ പ്രായപൂർത്തിയാകാത്ത ഇരയെ പ്രതി വിവാഹം കഴിക്കണമെന്ന് നിർദേശിച്ച് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് രാജ്യത്തെ തന്നെ ഞെട്ടിച്ചു. ഈ നിർദേശം കുറ്റകൃത്യത്തിന്റെ കാഠിന്യത്തെ നിസ്സാരവത്കരിക്കുക മാത്രമല്ല, വിവാഹംകൊണ്ട് ഇര അതുവരെ അനുഭവിച്ച വേദനയും ആഘാതവും പരിഹരിക്കാമെന്ന ദോഷകരമായ ചിന്തയെ മുന്നോട്ടുവെക്കുകയും ചെയ്തു. ഇന്ത്യൻ നിയമവ്യവസ്ഥ 21ാം നൂറ്റാണ്ടിലേക്ക് സ്വയം നവീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരായി കണക്കാക്കപ്പെട്ടിരുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോഴും ജീവിക്കുന്നതെന്നും ഈ വിധി വ്യാഖ്യാനിക്കപ്പെട്ടു.
‘രാഖി’ ഉത്തരവ്: അടുത്തിടെ, ഇര പ്രതികൾക്ക് രാഖി കെട്ടണമെന്ന് ആവശ്യപ്പെട്ട മധ്യപ്രദേശ് ഹൈകോടതിയുടെ ജാമ്യവ്യവസ്ഥ രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഇത് കുറ്റവാളികളെ അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാക്കുന്നതിനേക്കാൾ, സംരക്ഷണത്തിന്റെ ഭാരം സ്ത്രീകളുടെ മേൽ അടിച്ചേൽപിക്കുന്ന ആഴത്തിൽ വേരൂന്നിയ പുരുഷാധിപത്യ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. സഹോദരന്മാർ സഹോദരിമാർക്ക് നൽകുന്ന പതിവ് വാഗ്ദാനത്തിന്റെ ഭാഗമായി പരാതിക്കാരന് ഇരക്ക് 11,000 രൂപ നൽകാനും കോടതി ആവശ്യപ്പെട്ടു.
വസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങാനായി ഇരയുടെ മകന് 5,000 രൂപ നൽകുകയും അവളുടെ അനുഗ്രഹം തേടാനും ജസ്റ്റിസ് രോഹിത് ആര്യയുടെ സിംഗിൾ ബെഞ്ച് 2020 ജൂലൈ 30ന് പ്രതി വിക്രം ബാഗ്രിക്ക് ഉപാധികളോടെ ജാമ്യം നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീട് സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കി.
സ്റ്റേറ്റ് V ശ്രീ രാകേഷ് ബി: 2020 ജൂൺ 22ന്, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പ്രതിനിധാനംചെയ്യുന്ന കർണാടക ഹൈകോടതി, വിവാഹമെന്ന വ്യാജേന ഒരു സ്ത്രീയെ ബലാത്സംഗംചെയ്തുവെന്ന ആരോപണം നേരിട്ട രാകേഷ് ബി എന്ന വ്യക്തിക്ക് മുൻകൂർ ജാമ്യം നൽകി. ആക്രമിക്കപ്പെട്ടശേഷം ഒരു സ്ത്രീ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് കോടതി പരാമർശിക്കുകയുണ്ടായി. ഈ കേസില്‍, ഇര രാത്രി വൈകി ഓഫിസിൽ പോയെന്നും പ്രതിക്കൊപ്പം മദ്യപിക്കുന്നതിനെ എതിർത്തില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിനാസ്പദമായ സംഭവത്തിനുശേഷം അവര്‍ ഉടൻ പ്രതികരിച്ചില്ല എന്നതും കോടതി ജാമ്യം നല്‍കാനായുള്ള ന്യായമായി പറഞ്ഞു.
‘ദുർബലമായ വിസമ്മതം’ എന്നതിന് ‘അതെ’ എന്ന് അർഥമാക്കാം –ഡൽഹി ഹൈകോടതി: സ്റ്റേറ്റ് V മഹ്മൂദ് ഫാറൂഖി എന്ന കേസിൽ ചലച്ചിത്ര നിർമാതാവും പീപ്ലി ലൈവിന്റെ സഹസംവിധായകനുമായ മഹമൂദ് ഫാറൂഖി, 30 വയസ്സുള്ള ഗവേഷണ വിദ്യാർഥിയെ ബലാത്സംഗം ചെയ്തതിനാല്‍ ഏഴു വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. പിന്നീട് ഈ ശിക്ഷാവിധി അസാധുവാക്കുകയും ആരോപണങ്ങളിൽനിന്ന് വെറുതെ വിടുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന പെൺകുട്ടിയുമായി ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് വിചാരണക്കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ഫാറൂഖിയുടെ ശിക്ഷ റദ്ദാക്കിയ വിധിയിൽ, പരിചയക്കാർ ഉൾപ്പെടുന്ന ബലാത്സംഗ കേസുകളിൽ സമ്മതം നിർണയിക്കുന്നത് സങ്കീർണമാണെന്ന് ജസ്റ്റിസ് അശുതോഷ് കുമാർ ഊന്നിപ്പറഞ്ഞു. കേവലം ‘ദുർബലമായ ഇല്ല’ എന്നത് സമ്മതത്തിന്റെ അഭാവത്തെ സൂചിപ്പിക്കേണ്ടതില്ലെന്നും കാര്യമായ പ്രതിരോധത്തിന്റെ അഭാവം സന്നദ്ധതയെ സൂചിപ്പിക്കുമെന്നും വിധി പ്രസ്താവിച്ചു.
ഒരു ‘ഇന്ത്യൻ സ്ത്രീ’ ആയിരിക്കാനുള്ള സുപ്രീംകോടതിയുടെ മാർഗനിർദേശം: ഭരവാദ ഭോഗിൻഭായ് ഹിർജിഭായ് V ഗുജറാത്ത് സ്റ്റേറ്റ് എന്ന കേസില്‍, അവിശ്വസനീയമാംവിധം, ‘ഇന്ത്യൻ സ്ത്രീകൾ’ അവരുടെ സാക്ഷ്യത്തിന്റെ വിശ്വാസ്യതയെ ഊട്ടിയുറപ്പിക്കാനായി ഒരുകൂട്ടം സ്വഭാവ സവിശേഷതകള്‍ പാലിച്ചാല്‍ മതിയാവുമെന്ന് പരമോന്നത കോടതി പറയുകയുണ്ടായി. ‘പാശ്ചാത്യ സ്ത്രീകളുമായി’ താരതമ്യപ്പെടുത്തുമ്പോൾ സാമൂഹികമായ അവഹേളനം, ബഹിഷ്കരണം, തങ്ങളുടെ സമൂഹത്തിൽനിന്നും പ്രിയപ്പെട്ടവരിൽനിന്നുമുള്ള ബഹുമാനം നഷ്ടപ്പെടുമെന്ന ഭയംമൂലം പരമ്പരാഗത ഇന്ത്യൻ സമൂഹത്തിലെ സ്ത്രീകൾ ബലാത്സംഗം റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നുണ്ടെന്ന് കോടതി തറപ്പിച്ചുപറഞ്ഞു.
പ്രബലമായ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായ ലൈംഗിക പെരുമാറ്റമുള്ള ഒരു സ്ത്രീയെക്കാൾ ‘ഹിന്ദു കന്യക’യായ മകളുടെ അല്ലെങ്കിൽ ‘വിശ്വസ്തയായ ഭാര്യ’യുടെ സാക്ഷ്യം കോടതികളിൽ കൂടുതൽ വിശ്വസനീയമായിരിക്കുമെന്നു പറയുകയുണ്ടായി. നേരെമറിച്ച്, സാമ്പത്തിക ലക്ഷ്യങ്ങൾ, അസൂയ, പ്രതികാരം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാശ്ചാത്യ സ്ത്രീകൾ വ്യാജ കേസുകൾ ഫയൽ ചെയ്യാൻ കൂടുതൽ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ബലാത്സംഗ വിധികളിൽ ഇന്ത്യൻ കോടതികൾ ചരിത്രപരമായി സ്ത്രീകളെ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് ഈ ദയനീയമായ വിധികൾ തന്നെ കാണിക്കുന്നു. ഈ വിധിന്യായങ്ങൾ നിയമത്തിന്റെയും നീതിയുടെയും തത്ത്വങ്ങൾ പാലിക്കുന്നതിനു പകരം ധാർമികവും സ്ത്രീവിരുദ്ധവുമായ കാരണങ്ങളെ ആശ്രയിക്കുന്നതായി വ്യക്തമാണ്. നടിയുടെ ലൈംഗികാതിക്രമ കേസും നിരാശജനകമാണെങ്കിലും അത്ഭുതപ്പെടുത്തുന്നില്ല.
ഇന്ത്യയിൽ മാധ്യമശ്രദ്ധ ലഭിച്ച ലൈംഗികാതിക്രമ കേസുകളിൽ ചിലതെങ്കിലും അന്വേഷണത്തിനവസാനം കുറ്റത്തില്‍ നേരിട്ട് പങ്കാളിയായ കുറ്റവാളിയിലേക്ക് മാത്രമായി ഒതുങ്ങാറുണ്ട്, അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടാതെ സ്വാധീനമുള്ളവര്‍ നിയമത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെടാറുണ്ട്. ഉന്നാവോ കേസിൽ ശക്തനായ ഒരു ബി.ജെ.പി രാഷ്ട്രീയക്കാരന്റെ പങ്കാളിത്തം ഉണ്ടായിരുന്നു, പ്രജ്വൽ രേവണ്ണക്കെതിരായ ആരോപണങ്ങളും ദാരുണമായ കഠ് വ ബലാത്സംഗവും കൊലപാതകവും രാജ്യത്ത് നിലനിൽക്കുന്നതും വ്യാപകവുമായ ലൈംഗിക അതിക്രമങ്ങളുടെ പ്രശ്നത്തെ എടുത്തുകാണിക്കുന്നു.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ അടുത്തിടെയുള്ള ഒന്നിലധികം ആരോപണങ്ങൾ ഉയര്‍ന്നുവന്നതും അത്തരം കുറ്റകൃത്യങ്ങളുടെ ഭയാനകമായ ക്രമം അടിവരയിടുന്നു. കുപ്രസിദ്ധമായ 2012ലെ നിർഭയ കേസിനെത്തുടർന്ന് വർധിച്ച അവബോധവും കർശനമായ നിയമങ്ങളും ഉണ്ടായിരുന്നിട്ടും, ഈ കേസുകളിലെല്ലാം, ഏറെ സ്വാധീനമുള്ളവര്‍ ഇരകൾക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുന്നതിൽ നിലവിലുള്ള വ്യവസ്ഥയെ വെല്ലുവിളിക്കുന്നു. ഇത് ലൈംഗിക അതിക്രമങ്ങളോടുള്ള ഇന്ത്യയുടെ നിയമപരവും സാമൂഹികവുമായ പ്രതികരണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് നിർണായക ചോദ്യങ്ങൾ ബാക്കിവെക്കുന്നു.
അടുത്തിടെ പ്രാബല്യത്തില്‍ വന്ന പുതിയ നിയമവ്യവസ്ഥയില്‍ സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങൾക്കെതിരെ പ്രത്യേകമായ ഒരു ചാപ്റ്റര്‍ തന്നെ നിര്‍മിക്കുകയുണ്ടായി. എന്നാല്‍, സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കൊപ്പം ഭീഷണിപ്പെടുത്തലിനായി കൃത്യത്തിന്റെ വിഡിയോ റെക്കോഡ് ചെയ്യുന്ന ഹീനമായ പ്രവൃത്തി ഏറ്റവും കർക്കശമായ രീതിയില്‍ നിയമം തടയാത്തത്, സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും രൂപകൽപന ചെയ്ത നിയമനിർമാണ ചട്ടക്കൂടുകളിലെ വ്യക്തമായ വിടവ് അടിവരയിടുന്നതാണ്.
ഈ ഗുരുതരമായ അനീതി തടയുന്നതിനും കണ്ടെത്തുന്നതിനും പ്രോസിക്യൂഷൻ ചെയ്യുന്നതിനും ഫലപ്രദമായ സംവിധാനങ്ങൾ സ്ഥാപിക്കുന്ന കർശനമായ നിയമനിർമാണം ആവശ്യമാണ്. ആളുകളെ ഭീഷണിപ്പെടുത്തുന്നതിനോ നിയന്ത്രിക്കുന്നതിനോ വേണ്ടി മാത്രം ലൈംഗിക കുറ്റകൃത്യങ്ങൾ റെക്കോഡു ചെയ്യുന്നതും പങ്കിടുന്നതും വ്യക്തമായി പരാമർശിക്കുന്ന കർശനമായ നിയമങ്ങൾ ഉണ്ടാക്കുന്നത് ഭാവിയില്‍ നടന്നേക്കാവുന്ന ഇത്തരം പ്രവൃത്തികള്‍ തടയാൻ ഒരു പരിധി വരെ സഹായിച്ചേക്കാം.
സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നത് ധാർമികമായ ഒരു അനിവാര്യത മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കും ക്ഷേമത്തിനും ഉത്തേജകമാണ്. വ്യാപകമായി സ്വാധീനം ചെലുത്താവുന്ന ഇത്തരം കേസുകളില്‍, സമൂഹത്തിന്റെ മുൻവിധികൾ സ്വാധീനിക്കപ്പെട്ട പക്ഷപാതപരമായ വ്യാഖ്യാനങ്ങളേക്കാൾ, തെളിവുകളുടെയും നിയമപരമായ മുന്‍വിധികളുടെയും അടിസ്ഥാനത്തിൽ കോടതികൾ സൂക്ഷ്മമായി പരിശോധിക്കുകയും വിധി പറയുകയും ചെയ്യണമായിരുന്നു.
ലിംഗഭേദമില്ലാതെ ഓരോ വ്യക്തിയുടെയും അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കാനും ഭരണഘടന വിഭാവനംചെയ്യുന്ന തുല്യതയുടെയും നീതിയുടെയും തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാനും കോടതിക്ക് ഉത്തരവാദിത്തമുണ്ട്. ലിംഗാധിഷ്ഠിത അക്രമവും വിവേചനവും, ഇന്നും നിലനില്‍ക്കുന്ന പുരുഷാധിപത്യ മാനദണ്ഡങ്ങളെയും മനോഭാവങ്ങളെയും വെല്ലുവിളിക്കുന്നതിനും തകർക്കുന്നതിനുമുള്ള യോജിച്ച ശ്രമം ഇതിന് ആവശ്യമാണ്. ലൈംഗികാക്രമണങ്ങളെ അതിജീവിച്ചവരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന, ഇരകളെ കേന്ദ്രീകരിച്ചുള്ള സമീപനം സ്വീകരിക്കാൻ നീതിന്യായ വ്യവസ്ഥയിൽ യോജിച്ച മാറ്റം വരുത്തുകയും, തലമുറകളെ നിർബന്ധിത പരിശീലനത്തിന് വിധേയമാക്കുകയും വേണം.
അതിലൂടെ എല്ലാവർക്കും നീതിയുടെയും സമത്വത്തിന്റെയും താൽപര്യങ്ങൾ നിറവേറ്റുന്ന ഒരു നിയമസംവിധാനം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മറിച്ചാണെങ്കില്‍, വൈകിവരുന്ന നീതി നിരാശയിലേക്കും അതുവഴി ദേഷ്യത്തിലേക്കും അക്രമത്തിലേക്കും നയിച്ചേക്കാം. ഒരിക്കല്‍ മാർട്ടിൻ ലൂഥർ കിങ് ജൂനിയര്‍ പറഞ്ഞപോലെ, “അനീതി എല്ലായിടത്തും നീതിക്ക് ഭീഷണിയാണ്!”
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.