ഒരു ജാമ്യത്തിന്റെ കഥയും മറക്കാനാകാത്ത മുഹൂർത്തങ്ങളും

‘‘കൃത്യം ചെയ്തിട്ടുണ്ട്. എന്നാൽ, കുറ്റംചെയ്തിട്ടില്ല’’ –അനാരോഗ്യവും പ്രായാധിക്യവും തളർത്താത്ത ശബ്ദത്തിൽ എനിക്ക് മുഖാമുഖം ഇരുന്നുകൊണ്ട് ആ ‘കൊലക്കേസ്’ പ്രതി പറഞ്ഞു. ഒരുപക്ഷേ, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നിഷ്കളങ്കനായ കൊലക്കേസു പ്രതിയായിരിക്കണം അയാൾ. 1970 ഫെബ്രുവരി 18ന് തിരുനെല്ലി കാടുകളിൽവെച്ച് വിപ്ലവ രാഷ്ട്രീയ പ്രവർത്തനം നടത്തിയ നക്സൽ നേതാവ് വർഗീസിനെ മേലധികാരികളുടെ നിർദേശമനുസരിച്ച് താനാണ് വെടിവെച്ചുകൊന്നതെന്ന് പതിറ്റാണ്ടുകൾക്കുശേഷം ഏറ്റുപറഞ്ഞ രാമചന്ദ്രൻ നായരായിരുന്നു അയാൾ. സത്യം വെളിപ്പെടുത്താതെ പതിറ്റാണ്ടുകളോളം ഉറക്കം നഷ്ടപ്പെട്ട ആ മനുഷ്യൻ പശ്ചാത്താപത്തിനും...

‘‘കൃത്യം ചെയ്തിട്ടുണ്ട്. എന്നാൽ, കുറ്റംചെയ്തിട്ടില്ല’’ –അനാരോഗ്യവും പ്രായാധിക്യവും തളർത്താത്ത ശബ്ദത്തിൽ എനിക്ക് മുഖാമുഖം ഇരുന്നുകൊണ്ട് ആ ‘കൊലക്കേസ്’ പ്രതി പറഞ്ഞു. ഒരുപക്ഷേ, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നിഷ്കളങ്കനായ കൊലക്കേസു പ്രതിയായിരിക്കണം അയാൾ.

1970 ഫെബ്രുവരി 18ന് തിരുനെല്ലി കാടുകളിൽവെച്ച് വിപ്ലവ രാഷ്ട്രീയ പ്രവർത്തനം നടത്തിയ നക്സൽ നേതാവ് വർഗീസിനെ മേലധികാരികളുടെ നിർദേശമനുസരിച്ച് താനാണ് വെടിവെച്ചുകൊന്നതെന്ന് പതിറ്റാണ്ടുകൾക്കുശേഷം ഏറ്റുപറഞ്ഞ രാമചന്ദ്രൻ നായരായിരുന്നു അയാൾ. സത്യം വെളിപ്പെടുത്താതെ പതിറ്റാണ്ടുകളോളം ഉറക്കം നഷ്ടപ്പെട്ട ആ മനുഷ്യൻ പശ്ചാത്താപത്തിനും പ്രായശ്ചിത്തത്തിനും തികച്ചും നിസ്തുലമായ ഒരു അനുഭവസാക്ഷ്യം നൽകുകയായിരുന്നു.

താൻതന്നെ ഈ കൃത്യം നിർവഹിക്കണമെന്ന ഔദ്യോഗികതലത്തിലെ ഉന്നതരുടെ ശാഠ്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ രാമചന്ദ്രൻ നായർ എന്ന പൊലീസ് കോൺസ്റ്റബിൾ വിറച്ച കൈകൊണ്ട് തോക്കിന്റെ കാഞ്ചി വലിച്ചപ്പോൾ അത് വർഗീസിന്റെ ദേഹം തുളച്ചു. സ്വന്തം രാഷ്ട്രീയവിശ്വാസങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വർഗീസ് രക്തസാക്ഷിയായി.

അദ്ദേഹം അവലംബിച്ച മാർഗങ്ങളെ എതിർക്കുന്നവർക്കും അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ചോദ്യംചെയ്യാൻ കഴിയില്ല. എന്നാൽ, കേരളത്തിലും ഇന്ത്യയിലാകെയും ഹിംസയിൽ അധിഷ്ഠിതമായ തീവ്രവാദ രാഷ്ട്രീയം അതിന്റെ ഹിംസാത്മകതയൊന്നുകൊണ്ടുതന്നെ പരാജയപ്പെട്ടു എന്നതും യാഥാർഥ്യമാണ്. രാമചന്ദ്രൻ നായരിലേക്കുതന്നെ വരാം. താനാണ് വെടിവെച്ചതെന്ന് അദ്ദേഹം കേരള ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി.

അതേതുടർന്ന് ജസ്റ്റിസ് സി.എസ്. രാജനാണ് അപ്പോഴേക്കും 27ൽപരം വർഷങ്ങൾ കഴിഞ്ഞുപോയ ഒരു വ്യാജ ഏറ്റുമുട്ടൽ കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അതിന് വഴിവെച്ചതാകട്ടെ, രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലും. പിന്നീട് വർഷങ്ങളെടുത്ത് അന്വേഷണം നടത്തിയ സി.ബി.ഐ 2003ലാണ് കുറ്റപത്രം സമർപ്പിച്ചത്. അതിൽ രാമചന്ദ്രൻ നായർ പ്രതിയായി.

മേലുദ്യോഗസ്ഥർ കൂട്ടുപ്രതികളും. ആ കേസിൽ രാമചന്ദ്രൻ നായരെ റിമാൻഡ് ചെയ്തപ്പോൾ ഹൈകോടതിയിൽനിന്ന് ജാമ്യം എടുക്കേണ്ടതായി വന്നു. ആ കേസിലാണ് ഞാൻ രാമചന്ദ്രൻ നായർക്കുവേണ്ടി ഹാജരായത്. ആ ജാമ്യഹരജി പരിഗണിച്ചത് ജസ്റ്റിസ് പത്മനാഭൻ നായർ ആയിരുന്നു. മൂന്നുനാലു ദിവസങ്ങൾ നീണ്ട റിമാൻഡ് കാലത്ത് രാമചന്ദ്രൻ നായർ ജയിലിൽ കിടന്നു. അതിനുശേഷം ജസ്റ്റിസ് പത്മനാഭൻ നായർ ഹരജി പരിഗണിച്ച ഉടനെതന്നെ ജാമ്യം അനുവദിക്കുകയുംചെയ്തു.

സ്വന്തം മനഃസാക്ഷിയുടെ നിർബന്ധത്തിന് വഴങ്ങി സത്യം വിളിച്ചുപറഞ്ഞ, സർവിസിൽനിന്ന് വിരമിച്ച ഒരു വൃദ്ധനായ പൊലീസുകാരൻ അതിന്റെ പേരിൽ ജയിലിൽ കിടക്കാൻ പാടില്ലെന്ന് ജസ്റ്റിസ് പത്മനാഭൻ നായർ ചിന്തിച്ചിരിക്കണം. അതിനാൽതന്നെ പെട്ടെന്നുതന്നെ ജയിലിൽനിന്ന് പുറത്തിറങ്ങാൻ രാമചന്ദ്രൻ നായർക്ക് കഴിഞ്ഞു. അതിനുശേഷമാണ് അദ്ദേഹം വക്കീലാപ്പീസിൽ എത്തി ആ ഏറ്റുപറച്ചിൽ ആവർത്തിച്ചത്: ‘‘കൃത്യം ചെയ്തിട്ടുണ്ട്; എന്നാൽ കുറ്റം ചെയ്തിട്ടില്ല.’’

 

ഇതുതന്നെയായിരുന്നേനെ, ജാമ്യഹരജിയിലെന്നപോലെ വിചാരണ കോടതിയിലും രാമചന്ദ്രൻ നായരുടെ പ്രതിരോധം. എന്നാൽ, വിചാരണക്ക് കാത്തുനിൽക്കാതെ രാമചന്ദ്രൻ നായർ ഈ ലോകം വിട്ടുപോയി. കേസിൽ സി.ബി.ഐ പ്രത്യേക കോടതി 2010ൽ വിധിപറഞ്ഞു. അപ്പോഴേക്കും 40 വർഷങ്ങൾ പിന്നിട്ട ആ കേസിൽ മുൻ ഇൻസ്​പെക്ടർ ജനറൽ കെ. ലക്ഷ്മണയെ വിചാരണ കോടതി ശിക്ഷിച്ചു. മറ്റൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ വിജയനെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ടു. ഇതെല്ലാം ചരിത്രത്തിന്റെ ഭാഗം.

 

എന്നാൽ, ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു കാര്യംകൂടി രാമചന്ദ്രൻ നായർ എന്നോട് പറഞ്ഞു. 1970ലെ നടുക്കുന്ന ​ആ വെടിവെപ്പിനുശേഷം ഉറക്കം നഷ്ടപ്പെട്ട ആ മനുഷ്യന് സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞത് ഈ കേസിൽ അദ്ദേഹം ജയിലിൽ കിടന്ന മൂന്നുനാലു ദിവസങ്ങളിലായിരുന്നുവെന്ന്. മനുഷ്യ മനഃസാക്ഷിയുടെ നിരന്തരമായ സമ്മർദം കാരണം തന്റേതല്ലാത്ത തീരുമാനങ്ങളുടെ ഇരയാകേണ്ടിവന്ന രാമചന്ദ്രൻ നായരുടെ സ്ഥാനം വക്കീലാപ്പീസോ കോടതിമുറിയോ അല്ല എന്നതിനാലാകണം ദൈവം അദ്ദേഹത്തെ വിചാരണക്കു മുമ്പുതന്നെ തിരികെ വിളിച്ചത്.

സംവിധാനങ്ങളുടെയും അധികാരസ്ഥാപനങ്ങളുടെയും അവ കൈയാളുന്നവരുടെയും കൈയിൽ കേവലം ഉപകരണങ്ങളായിത്തീരുന്ന നിസ്സഹായരായ മനുഷ്യരുടെ പ്രതിനിധിയെന്ന നിലയിൽ സർവശക്തൻ അദ്ദേഹത്തെ തന്നോട് അടുപ്പിച്ചുനിർത്തിയിരിക്കണം. ഈ അടുപ്പത്താൽ അദ്ദേഹം വിശുദ്ധനായിത്തീർന്നിരിക്കണം.

*****

പ്രമാദമായ എസ്.എൻ.സി ലാവലിൻ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹരജികൾ കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കുകയുണ്ടായി. അതിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കേസ് ഇപ്പോഴും അവസാനിച്ചിട്ടുമില്ല.

ലാവലിൻ കമ്പനിയുമായുള്ള ഇടപാടുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജികൾ ഹൈകോടതിയിൽ വന്നതിനെ തുടർന്ന് വിഷയം കേന്ദ്ര ഏജൻസിയായ സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ടി. ആസഫലിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച പീപ്ൾസ് കൗൺസിൽ ഫോർ സിവിൽ റൈറ്റ്സ് ആയിരുന്നു ഹരജിക്കാരൻ. ഈ സംഘടനക്കുവേണ്ടിയാണ് ഞാൻ കോടതിയിൽ വാദിച്ചത്.

വേറെയും ഹരജിക്കാരും അഭിഭാഷകരും ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായും വിദ്യുച്ഛക്തി വകുപ്പുമന്ത്രിയായും പ്രവർത്തിച്ച, പിന്നീട് മുഖ്യമന്ത്രിപദമേറ്റെടുത്ത പിണറായി വിജയൻ പ്രതിയായ ഒരു കേസിൽ സി.ബി.ഐ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ഹൈകോടതിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. എന്നാൽ, നിയമപ്രശ്നങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല.

ഈ കേസിൽ പിണറായിയെയും മറ്റും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകേണ്ടത് കേരള ഗവർണർ ആയിരുന്നു. അന്നത്തെ ഇടതുപക്ഷ സർക്കാറിന്റെ കാബിനറ്റ് ഈ കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകരുത് എന്നാണ് ഗവർണറോട് ശിപാർശ ചെയ്തത്. ആ ശിപാർശ അനുസരിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടോ എന്ന വിഷയത്തിൽ നിയമലോകത്തുതന്നെ വലിയ സംവാദങ്ങളും തർക്കങ്ങളും ഉണ്ടായി. ഒടുവിൽ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിൽതന്നെ ആ വിഷയവും വ്യവഹാര രൂപത്തിൽ എത്തി.

ആ കേസിലും പീപ്ൾസ് കൗൺസിലിനും ആസഫലിക്കും വേണ്ടി ഹാജരായി. ഒടുവിൽ സർക്കാർ ശിപാർശയെന്തായിരുന്നാലും ഗവർണർ ഇക്കാര്യത്തിൽ സ്വന്തം വിവേചനാധികാരം ഉപയോഗിച്ചുകൊണ്ട് സ്വതന്ത്രമായ തീരുമാനം കൈക്കൊള്ളണമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഭരണഘടനയുടെ 163ാം അനുഛേദത്തെ വ്യാഖ്യാനിച്ചുകൊണ്ട് മുമ്പ് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ ഈ കേസിലെ വിധിക്ക് ആധാരമായിത്തീർന്നു.

പിന്നീട് ഗവർണർ ഗവായ് പ്രോസിക്യൂഷന് അനുമതി നൽകി ഉത്തരവിട്ടു. തുടർന്നാണ് ലാവലിൻ കേസ് വിചാരണ കോടതിയിലെത്തിയത്. പിണറായി വിജയനെയും മറ്റും പിന്നീട് വിചാരണ കൂടാതെ കുറ്റമുക്തരാക്കി. ഈ ഉത്തരവ് പുറപ്പെടുവിച്ച കേരള ഹൈകോടതി വിധി സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. ചുരുക്കത്തിൽ ലാവലിൻ കേസ് ഇപ്പോഴും കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽനിന്ന് മാഞ്ഞുപോയിട്ടില്ല.

ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോട് പ്രത്യേകമായ ആഭിമുഖ്യം കാണിക്കാതെയാണ് നാളിതുവരെയും അഭിഭാഷകവൃത്തി തുടർന്നുപോന്നത്. ഈ രീതിയിൽ മാത്രമേ ഇനി മുന്നോട്ടുപോകാനും കഴിയൂ. അതിനാൽതന്നെ രാഷ്ട്രീയശത്രുക്കളും മിത്രങ്ങളും കുറവാണ്. എല്ലാവിധത്തിൽപെട്ട രാഷ്ട്രീയ പാർട്ടികളിലെയും ആളുകൾ കക്ഷികളായി വരുമായിരുന്നു.

ഈ ‘അരാഷ്ട്രീയത’ തൊഴിൽപരമായ കെട്ടുറപ്പ് നിലനിർത്താനാണ് സഹായിച്ചത്. ലാവലിൻ കേസ് നടത്തിയതിന്റെ പേരിൽ മാർക്സിസ്റ്റ് പാർട്ടിക്കാർ വെറുക്കുകയോ കോൺഗ്രസുകാർ അമിതമായി അടുക്കുകയോ ഉണ്ടായില്ല. അതിനു മുമ്പും പിമ്പും നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും ചിട്ടവട്ടങ്ങൾക്കനുസൃതമായി മാത്രം വ്യവഹാരങ്ങളെ സമീപിക്കാൻ ശ്രമിച്ചത് വലിയ തുണയായി. ആത്യന്തികമായി വിശ്വാസത്തിൽ അധിഷ്ഠിതമായി മാത്രം നിലനിൽക്കുന്നതാണ് അഭിഭാഷകവൃത്തി.

*****

ഇത്തരം അറിയപ്പെട്ട കേസുകളേക്കാൾ ഏറെയൊന്നും അറിയപ്പെടാത്ത നിരവധി വ്യവഹാരങ്ങൾ ഹൈകോടതിയിൽ വന്ന ശേഷം –വിശേഷിച്ചും 1999നുശേഷം ഉണ്ടായി. സാധാരണ മനുഷ്യർ നടത്തുന്ന സാധാരണ വ്യവഹാരങ്ങളിലൂടെയാകാം പലപ്പോഴും​ ശ്രദ്ധേയമായ നിയമതത്ത്വങ്ങൾ ഉരുത്തിരിയുന്നത്.

അവ പലപ്പോഴും നീതിയുടെ വിളംബരങ്ങളായിത്തീരുന്നു. ജനങ്ങളെ കുടിയൊഴിപ്പിച്ചു നടത്തിയ വികസനത്തിനെതിരെ എറണാകുളത്ത് നടന്ന സമരത്തിൽ ഇരുനൂറിൽപരം പ്രതികളുണ്ടായപ്പോൾ ശിക്ഷാനിയമത്തിലെ വകുപ്പുകൾ വ്യാഖ്യാനിച്ചുകൊണ്ട് ജസ്റ്റിസ് സതീഷ് ചന്ദ്രൻ അവർക്കെതിരായ കേസ് റദ്ദാക്കിയതോർക്കുന്നു.

*****

ചില മനുഷ്യർ തികച്ചും അസാധാരണമായിട്ടാകും പെരുമാറുക. ഏതാണ്ട് 25 വർഷങ്ങൾക്കു മുമ്പ് പയ്യന്നൂരിൽവെച്ച് നടത്തിയ കേസ് ജയിച്ചിട്ടും ഒരുറുപ്പികപോലും ഫീസ് തരാതെ പോയ ഒരാൾ പിന്നീട് എറണാകുളത്ത് എന്നെ തേടിവന്നിട്ടാണ് ആ ഫീസ് ഏൽപിച്ചത്. 25 വർഷങ്ങൾക്കുശേഷവും അദ്ദേഹത്തെ അങ്ങനെ തോന്നിപ്പിച്ചത് എന്തായിരിക്കും? നന്ദിയും നന്ദികേടും സ്നേഹവും സ്നേഹരാഹിത്യവും വിശ്വാസവും അവിശ്വാസവുമെല്ലാം നിരന്തരം നേരിട്ടുകൊണ്ടാണ് ഓരോ അഭിഭാഷകനും തന്റെ ജീവിതയാത്ര നടത്തുന്നതെന്ന് തോന്നിയിട്ടുണ്ട്.

അഭിഭാഷകവൃത്തി നൽകുന്ന ഈ അനുഭവസമ്പത്ത് വലുതാണ്. എന്നാൽ, അഭിഭാഷകവൃത്തിയിൽ മാത്രമായി ഒതുങ്ങുന്നവർ ജീവിതം നൽകുന്ന ഇതര അനുഭവങ്ങളെ തിരസ്കരിക്കുകയല്ലേ ചെയ്യുന്നത് എന്നും ചിന്തിക്കാവുന്നതാണ്. ധിഷണാശാലിയായ ഫിലിപ്പ് എം. പ്രസാദിനോട് കേരളത്തിലെ പ്രശസ്തനായ ഒരു ക്രിമിനൽ അഭിഭാഷകൻ ഒരിക്കൽ പറഞ്ഞു: ‘‘അഭിഭാഷകവൃത്തിയിൽ വരാതെ നീണ്ട ഇരുപതിലേറെ വർഷങ്ങൾ നിങ്ങൾ നഷ്ടപ്പെടുത്തി.’’ ഫിലിപ്പ് എം. പ്രസാദിന്റെ മറുപടി ഇങ്ങനെ: ‘‘അഭിഭാഷകവൃത്തിയിൽ വന്നതു കാരണം താങ്കൾ താങ്കളുടെ മുഴുവൻ ജീവിതവും നഷ്ടപ്പെടുത്തി!.’’ശരിയാണ്. ഒരു ജീവിതം ഒരായിരം തരത്തിൽ ജീവിക്കാവുന്നതാണ്.

 

പയ്യന്നൂരിൽനിന്ന് എറണാകുളത്തേക്ക് വന്നതിന്റെ അപരിചിതത്വം കുറക്കാൻ സഹായിച്ചത് ടി.എ. രാമദാസ് എന്ന, തലശ്ശേരിയിൽനിന്ന് എറണാകുളത്തേക്ക് വന്ന് പ്രാക്ടിസ് ചെയ്യുമായിരുന്ന സീനിയർ അഭിഭാഷകനുമായുള്ള സൗഹൃദമാണ്. വിചിത്രമെന്ന് പറയട്ടെ, പയ്യന്നൂരിൽനിന്ന് എഴുതിയ ഒരു നിയമലേഖനമാണ് ഈ സൗഹൃദത്തിന് അടിസ്ഥാനമായത്.

അമിതമായി വാടക വാങ്ങുന്ന കെട്ടിട ഉടമകൾക്കെതിരെ പ്രയോഗിക്കാമായിരുന്ന വാടക നിയന്ത്രണ നിയമത്തിലെ 5ാം വകുപ്പ് കേരള ഹൈകോടതിയുടെ ഫുൾബെഞ്ച് ഐസക് നൈനാൻ കേസിൽ (1995) റദ്ദാക്കിയിരുന്നു.

ആ വിധി കെട്ടിടങ്ങൾ വാടകക്ക് എടുത്ത് കഴിയുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുകൾക്കിടവരുത്തുമെന്നും ഉടമകൾക്ക് എങ്ങനെയും എപ്പോഴും എത്ര വേണമെങ്കിലും കെട്ടിട വാടക കൂട്ടാമെന്നുവന്നാൽ അത് സംസ്ഥാനത്തെ വാടകക്കാരുടെ സുരക്ഷിതത്വത്തിനുതന്നെ ഭീഷണിയാകുമെന്നും കാണിച്ച് കേരള ‘ലോ ടൈംസി’ൽ ഒരു ഹ്രസ്വലേഖനം ഞാനെഴുതിയത് പയ്യന്നൂരിൽ പ്രാക്ടിസ് ചെയ്യുമ്പോഴായിരുന്നു. സമാനമായ വ്യവസ്ഥകളെ മുമ്പൊരു കേസിൽ സുപ്രീംകോടതി സാധൂകരിച്ചിട്ടുണ്ടെന്നും ആ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചു.

ആ ലേഖനത്തിൽ മതിപ്പ് പ്രകടിപ്പിച്ചുകൊണ്ട് അഡ്വ. ടി.എ. രാമദാസ് എനിക്കൊരു കത്തെഴുതി. തികഞ്ഞ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. തത്ത്വത്തിൽ മാത്രമല്ല, പ്രായോഗിക ജീവിതത്തിലും സോഷ്യലിസ്റ്റ് ആശയങ്ങൾ സ്വാംശീകരിച്ച വലിയ മനുഷ്യനായിരുന്നു അദ്ദേഹം. കൂടാതെ, ജസ്റ്റിസ് കൃഷ്ണയ്യരുടെ ആത്മമിത്രംകൂടിയായിരുന്നു.

ഒരാഴ്ചയിൽ രണ്ടോ മൂന്നോ ദിവസം എറണാകുളത്തുവന്ന് തിരിച്ച് തലശ്ശേരിയിലേക്ക് പോയി അവിടെയും പ്രാക്ടിസ് ചെയ്യുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. കക്ഷികളിൽനിന്ന് മിതമായ ഫീസ് മാത്രം വാങ്ങുന്ന പഴയ തലമുറയിൽപെട്ട ഒരുകൂട്ടം അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം.

സ്റ്റാമ്പിന്റെയും മറ്റും വിലയായ പത്തു രൂപയുടെയും കോടതിയിൽ നോട്ടീസയക്കാനായി വെച്ച അഞ്ചുരൂപയുടെയും കണക്കുകൾ കാണിച്ചുകൊണ്ട് കക്ഷികൾക്ക് നൽകിയ ബില്ലുകൾ തൊഴിൽപരമായ നൈതികതയുടെ നിത്യമാതൃകകൾ കൂടിയാണ്. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള അഭിഭാഷകർ കേരളത്തിൽ ജീവിച്ചിരുന്നുവെന്നു പറഞ്ഞാൽ പലരും വിശ്വസിക്കുകപോലും ഇല്ല. സ്വന്തം സീനിയറായ ഗോവിന്ദൻ നമ്പ്യാരും സമാനമായ സമ്പ്രദായം തന്നെയാണ് പിന്തുടർന്നത്.

മറ്റൊരു കാര്യംകൂടി രാമദാസ് വക്കീലിനെക്കുറിച്ചു പറയണം. അദ്ദേഹം ഹൈകോടതിയിലും തലശ്ശേരി ബാറിലും മികച്ച അഭിഭാഷകനായി വിളങ്ങിനിന്ന കാലത്തുതന്നെയാണ് മകളായ ഉമ താരതമ്യേന ചെറിയ വേതനം പറ്റി തലശ്ശേരി ടെലിഫോൺ എക്സ്ചേഞ്ചിൽ ഒാപറേറ്റർ ആയി ജോലിചെയ്തത്. സോഷ്യലിസ്റ്റായ രാമദാസ് വക്കീൽ അതിനെ എതിർത്തില്ലെന്ന് മാത്രമല്ല, പ്രോത്സാഹിപ്പിക്കുകയുംചെയ്തു. ഏതു തൊഴിലും മഹത്തരമാണെന്ന് വിശ്വസിച്ച ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. ഉമ ടെലിഫോൺ എക്സ്ചേഞ്ചിൽ എന്റെ സഹപ്രവർത്തകയായി. പിന്നീട് പ്രശസ്തമായൊരു ബാങ്കിൽ ജോലിയിൽ പ്രവേശിച്ചതായി കേട്ടു.

ഇന്ന് അഭിഭാഷകവൃത്തിയിൽ ഒട്ടേറെ മികച്ച ഉദാഹരണങ്ങൾ ഉണ്ടെന്നത് നേര്. എന്നാൽ, ടി.എ. രാമദാസിനെപ്പോലുള്ളവർ ഉദാഹരണങ്ങളെന്നതിനേക്കാൾ മാതൃകകൾ തന്നെയായിരുന്നു. സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹരജികൾക്കുപോലും തികച്ചും ന്യായമായ നിശ്ചിത തുക മാത്രം ഫീസായി വാങ്ങുമായിരുന്ന മഹാനായ എം.സി. സെതൽവാദിനെക്കുറിച്ച് പിന്നീടൊരിക്കൽ ഞാൻ ‘ഹിന്ദു’വിലെഴുതിയ ലേഖനത്തിൽ പരാമർശിക്കുകയുണ്ടായി. കേരളത്തിലും ഇത്തരം മഹദ്‍വ്യക്തികൾ ഉണ്ടായിരുന്നുവെന്ന് നമ്മെ നിരന്തരം ഓർമിപ്പിക്കുന്നതാണ് എം.പി. ഗോവിന്ദൻ നമ്പ്യാരുടെയും ടി.എ. രാമദാസിന്റെയും തൊഴിൽജീവിതങ്ങൾ.

* * * *

പതിറ്റാണ്ടുകൾ കഴിഞ്ഞ് ഫീസ് നൽകാൻ വന്ന ഒരു കക്ഷിയെക്കുറിച്ച് നേരത്തേ പറഞ്ഞല്ലോ. വിശ്വാസത്തിന്റെ പേരിൽ തുകയെഴുതാതെ ചെക്ക് നൽകിയ കക്ഷികളും ഉണ്ട്. ‘‘എത്രയാണ് ഫീസ് എന്ന് നിശ്ചയിച്ച് വക്കീൽതന്നെ ചെക്ക് പൂരിപ്പിച്ച് ബാങ്കിൽനിന്ന് തുകയെടുത്തോളൂ’’ എന്നു പറഞ്ഞുകൊണ്ട് ചെക്ക് ഒപ്പിട്ട് നൽകിയ ആ കക്ഷി പിന്നീട് സംസ്ഥാനത്തെ പ്രോസിക്യൂഷൻ ജനറൽ ആയിത്തീർന്നു. അത് മറ്റാരുമല്ല, ലാവലിൻ കേസിലെ ഹരജിക്കാരനായ അഡ്വ.ടി. ആസഫലി തന്നെയായിരുന്നു.

(തു​ട​രും) 

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT