ഗസ്സയിലെ ചോരപ്പുഴകൾ

ഇസ്രായേലി​ന്റെ നിഷ്​ഠുരമായ സൈനിക ആക്രമണം ഫലസ്​തീനുമേൽ ഇപ്പോഴും തുടരുകയാണ്. നിസ്സഹായരായ ഫലസ്​തീൻ ജനത കനത്ത ആൾനാശത്തിനു​ം നഷ്​ടങ്ങൾക്കുമിടയിൽ പിടിച്ചുനിൽക്കുകയാണ്​. ഗസ്സയിൽ എന്താണ്​ നടക്കുന്നതെന്നും ഫലസ്​തീ​ന്റെ ചരിത്രവും വർത്തമാനവും എന്തെന്നും വിശദമാക്കുകയാണ്​ ഇൗ ലേഖനം.സങ്കീർണമായ ചരിത്ര പശ്ചാത്തലത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതാണ് ഗസ്സ പ്രതിസന്ധി. ഫലസ്​തീ​ന്റെ ഏകദേശ ചരിത്രം നമുക്ക്​ ആദ്യം ഹ്രസ്വമായി ഒന്ന് പരിശോധിക്കാം.ഒന്നാം ലോകയുദ്ധത്തിനു മുമ്പ്, മുസ്‍ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരുമായി വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ ഒന്നിച്ചുകഴിഞ്ഞ ഓട്ടോമൻ സാമ്രാജ്യത്തിന്റെ...

ഇസ്രായേലി​ന്റെ നിഷ്​ഠുരമായ സൈനിക ആക്രമണം ഫലസ്​തീനുമേൽ ഇപ്പോഴും തുടരുകയാണ്. നിസ്സഹായരായ ഫലസ്​തീൻ ജനത കനത്ത ആൾനാശത്തിനു​ം നഷ്​ടങ്ങൾക്കുമിടയിൽ പിടിച്ചുനിൽക്കുകയാണ്​. ഗസ്സയിൽ എന്താണ്​ നടക്കുന്നതെന്നും ഫലസ്​തീ​ന്റെ ചരിത്രവും വർത്തമാനവും എന്തെന്നും വിശദമാക്കുകയാണ്​ ഇൗ ലേഖനം.

സങ്കീർണമായ ചരിത്ര പശ്ചാത്തലത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതാണ് ഗസ്സ പ്രതിസന്ധി. ഫലസ്​തീ​ന്റെ ഏകദേശ ചരിത്രം നമുക്ക്​ ആദ്യം ഹ്രസ്വമായി ഒന്ന് പരിശോധിക്കാം.ഒന്നാം ലോകയുദ്ധത്തിനു മുമ്പ്, മുസ്‍ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരുമായി വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ ഒന്നിച്ചുകഴിഞ്ഞ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഗസ്സ. ഒന്നാം ലോകയുദ്ധാനന്തരം ഓട്ടോമൻ സാമ്രാജ്യ പതനത്തിനുശേഷം പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. പിന്നീടുള്ള കാലയളവിൽ ജൂത-അറബ് സമൂഹങ്ങൾ തമ്മിൽ സംഘർഷം വർധിച്ചു.

1947ലെ യു.എൻ വിഭജന പദ്ധതിയുടെ തുടർച്ചയായി പ്രത്യേക ജൂത-അറബ് രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടു. അതോടെ, സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഗസ്സ ഈജിപ്തിന്റെ അധീനതയിലായി. സംഘർഷത്തിൽ പലായനംചെയ്ത ഫലസ്തീനികളിൽ ഏറെയും ഗസ്സയിൽ അഭയം തേടി.

1967ലെ ആറുദിന യുദ്ധത്തിലൂടെ ഇസ്രായേൽ ഈജിപ്തിൽനിന്ന് ഗസ്സ പിടിച്ചെടുക്കുകയും 2005 വരെ നീണ്ടുനിന്ന സൈനിക അധിനിവേശം തുടങ്ങുകയുംചെയ്തു. ഈ അധിനിവേശം പിരിമുറുക്കം വർധിപ്പിക്കുകയും അക്രമപരമ്പരകളുടെ ഒരു അഴിയാവൃത്തത്തിന് നാന്ദിയാകുകയും​ചെയ്തു.

ഓസ്​ലോ ഉടമ്പടികൾ (1993) സമാധാനത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു. ഫലസ്തീൻ അതോറിറ്റി (പി.എ) സ്ഥാപിതമാകുകയും ഗസ്സയടങ്ങുന്ന ഫലസ്തീനിൽ പരിമിതമായ സ്വയംഭരണം ലഭിക്കുകയും ചെയ്തു. എന്നിരുന്നാലും, ജറൂസലമിന്റെ പദവിയും ഫലസ്തീൻ അതിർത്തികളുമുൾപ്പെടെ നിരവധി പ്രശ്നങ്ങൾ കരാറുകളിൽ പരിഹരിക്കപ്പെടാതെ വിട്ടു.

ചാവേർ സ്‌ഫോടനങ്ങളും സൈനികാക്രമണങ്ങളുംകൊണ്ട് അടയാളപ്പെട്ട രണ്ടാം ഇൻതിഫാദ (2000-2005) എന്നറിയപ്പെടുന്ന കാലത്ത്​ ഇസ്രായേലികൾക്കും ഫലസ്തീനികൾക്കുമിടയിൽ തീവ്രമായ അക്രമത്തിന്റെ കാലമായി. ഈ സമയത്ത് സ്ഥിതി കൂടുതൽ വഷളായി.

2005ൽ ഇസ്രായേൽ ഏകപക്ഷീയമായി കുടിയേറ്റക്കാരെയും സൈന്യത്തെയും പിൻവലിച്ചു. എന്നാൽ കര, വ്യോമ, സമുദ്രാതിർത്തികളുടെ നിയന്ത്രണം വിട്ടുനൽകിയില്ല. പിന്മാറ്റം ഗസ്സയിലെ ഒരു പ്രബല രാഷ്ട്രീയ-സൈനിക ശക്തിയായി ഹമാസിന്റെ ഉയർച്ചയിലേക്ക് നയിച്ചു. 2006ലെ ഫലസ്തീൻ തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചു. ഈ വിജയം കൂടുതൽ മതേതര പാർട്ടിയായ ഫതഹുമായി അക്രമാസക്തമായ പിളർപ്പിലേക്ക് നയിച്ചു. അതിന്റെ തുടർച്ചയായി ഗസ്സ ഹമാസ് ഭരിക്കുകയും വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം പി.എ നിലനിർത്തുകയുംചെയ്തു.

ഇസ്രായേൽ ഗസ്സയിൽ ഉപരോധം ഏർപ്പെടുത്തി. ഗതാഗതവും ചരക്കുകടത്തും പരിമിതപ്പെടുത്തി. ഇത് മേഖലയിൽ ഗുരുതരമായ മാനുഷിക പ്രശ്‌നങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും കാരണമായി. ഹമാസും ഇസ്രായേലും തമ്മിലുള്ള സമീപകാല സംഘർഷങ്ങൾ ഒന്നിലധികം സംഘട്ടനങ്ങളിൽ കലാശിച്ചു. ഇരുവശത്തും കാര്യമായ നാശനഷ്ടങ്ങളും ഉണ്ടായി. ഈ സംഘർഷങ്ങൾ ഗസ്സയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കി.

പ്രധാന പ്രശ്നങ്ങൾ

ഗസ്സയും അതിർത്തികളും പ്രധാന തർക്കവിഷയമായി തുടരുന്നു. ഉപരോധങ്ങളും ആവർത്തിച്ചുള്ള സംഘട്ടനങ്ങളും ഗസ്സയിലെ മനുഷ്യരെ കടുത്ത സാമ്പത്തിക, ജീവിത സാഹചര്യങ്ങളിലേക്ക് തള്ളിവിട്ടു. ഹമാസും ഫതഹും തമ്മിൽ തുടരുന്ന ഭിന്നത ഫലസ്തീൻ രാഷ്ട്രീയ ഐക്യത്തെയും ഇസ്രായേലുമായുള്ള ചർച്ചകളെയും സങ്കീർണമാക്കി.

അങ്ങനെ, പരസ്പരം സന്ധിയില്ലാത്ത ദേശീയതകളും പ്രദേശിക തർക്കങ്ങളും പരിഹരിക്കപ്പെടാത്ത രാഷ്ട്രീയ പ്രശ്നങ്ങളുമായി ഒരു നൂറ്റാണ്ട് നീണ്ട സംഘർഷത്തിന്റെ ഫലമാണ് ഗസ്സ പ്രതിസന്ധി. ആഴത്തിലുള്ള ചരിത്രപരമായ വേരുകളും പ്രാദേശികവും ആഗോളവുമായ രാഷ്ട്രീയത്തിന് കാര്യമായ പ്രത്യാഘാതങ്ങളുള്ള ഒരു ബഹുതല സ്പർശിയായ സംഘട്ടനമാണിത്.

എന്തുകൊണ്ട് ഗസ്സ​യോടിത്?

ഗസ്സക്ക്​ നേരെയു​ള്ള സൈനിക അടിച്ചമർത്തൽ സുരക്ഷ ആകുലതകൾ, രാഷ്ട്രീയ ബലതന്ത്രം, മാനുഷിക പരിഗണനകൾ എന്നിവ അടങ്ങുന്ന സങ്കീർണവും ബഹുമുഖവുമായ പ്രശ്നമാണ്. എന്തുകൊണ്ടാണ് ഗസ്സക്കുമേൽ ഈ ​ൈസെനിക അതിക്രമം എന്നതിനെ കുറിച്ച് നമുക്ക്​ ഒന്ന്​ നോക്കാം.

2007ൽ ഹമാസ് ഗസ്സയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തി. ഹമാസിനെ ഒരു ഭീകര സംഘടനയായാണ് ഇസ്രായേൽ കാണുന്നത്. തങ്ങളുടെ സുരക്ഷ നിലനിർത്താനും ഹമാസ് ശക്തിപ്രാപിക്കുന്നത് തടയാനും ഉപരോധം അനിവാര്യമാണെന്നാണ് ഇസ്രായേൽ വാദം. മറുവശത്ത്, ഉപരോധത്തെ തങ്ങളുടെ കഷ്ടപ്പാടുകൾ വർധിപ്പിക്കുന്ന കൂട്ടായ ശിക്ഷയായി ഫലസ്തീനികൾ കാണുന്നു. ഈജിപ്തും ഉപരോധത്തിൽ പങ്കാളികളായിട്ടുണ്ട്. പ്രത്യേകിച്ച് ഗസ്സയുടെ തെക്കൻ അതിർത്തിയിൽ.

ഉപരോധവും സൈനിക അധിനിവേശവും ഗസ്സയിൽ ഗുരുതര സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിച്ചു. ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, അവശ്യവസ്തുക്കൾ, സേവനങ്ങൾ എന്നിവയുടെ പരിമിതമായ ലഭ്യത, തകർന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ആളുകളുടെയും ചരക്കുകളുടെയും സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങൾ, ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ദൗർലഭ്യം ഉൾപ്പെടെ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ചു. ഉപരോധം സിവിലിയൻ ജനതയെ ബാധിക്കുന്നതായി അന്താരാഷ്ട്ര സംഘടനകൾ വിമർശിക്കുന്നു.

 

അന്താരാഷ്ട്ര പ്രതികരണം

ഉപരോധവും സൈനിക അധിനിവേശവും സൃഷ്ടിക്കുന്ന മാനുഷിക ദുരന്തങ്ങളുടെ പേരിൽ ഐക്യരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശ സംഘടനകളും വ്യാപകമായി ഇസ്രായേലിനെ വിമർശിച്ചു. എന്നാൽ, ഹമാസിനെ ഭീകരരായി ഉയർത്തിക്കാട്ടുന്ന ചില അന്താരാഷ്ട്ര സഖ്യകക്ഷികളിൽനിന്ന് ഇസ്രായേലിന് പിന്തുണ ലഭിക്കുന്നുണ്ട്​.

സൈനിക അടിച്ചമർത്തൽ അവസാനിപ്പിക്കാനും ഗസ്സയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും വിവിധ അന്താരാഷ്ട്ര ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, നിലവിലെ സംഘർഷങ്ങളും രാഷ്ട്രീയ സങ്കീർണതകളും കാരണം സമഗ്രമായ ഒരു പോംവഴി അനിശ്ചിതമായി തുടരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഉപരോധത്തിന്റെ നിയമസാധുതയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്​. രാജ്യാന്തര മാനുഷിക ചട്ടക്കൂടുകൾ ഒരിക്കലും അനുവദിക്കാത്ത കൂട്ടായ ശിക്ഷയാണിതെന്ന് വിമർശകർ പറയുന്നു.

ഫലസ്തീനിലെ രാഷ്ട്രീയം

ഗസ്സ-വെസ്റ്റ് ബാങ്ക് പിളർപ്പ്: ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയും ഫലസ്തീൻ അതോറിറ്റിയുടെ (പി.എ) നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കും തമ്മിൽ നിലനിൽക്കുന്ന ഭിന്നത ഉപരോധം പരിഹരിക്കാനുള്ള ശ്രമങ്ങളെ സങ്കീർണമാക്കുന്നു. ആഭ്യന്തര രാഷ്ട്രീയ വിള്ളൽ ഇസ്രായേലുമായും മറ്റ് അന്താരാഷ്ട്ര മധ്യവർത്തികളുമായും ഫലപ്രദമായി ചർച്ച നടത്തുന്നതിൽ ഫലസ്തീൻ നേതൃത്വത്തെ വിലക്കുന്നു.

വഷളാകുന്ന സാഹചര്യങ്ങൾ

വർഷങ്ങളായി ഗസ്സയിലെ സ്ഥിതി വിവിധ ഘട്ടങ്ങളിൽ വഷളായിട്ടുണ്ട്. നിരവധി പ്രധാന നിമിഷങ്ങൾ പ്രതിസന്ധി ഗണ്യമായി വർധിപ്പിക്കാനും ഇടയാക്കി. ഗസ്സയിലെ സ്ഥിതിഗതികൾ വഷളായ ചില ശ്രദ്ധേയ കാലഘട്ടങ്ങൾ ഇവയാണ്:

1. 2007ലെ ഹമാസ് ഏറ്റെടുക്കൽ: 2007 ജൂണിൽ ഫലസ്തീൻ അതോറിറ്റിയിൽനിന്ന് ഗസ്സയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തു. ഈ ഏറ്റെടുക്കൽ ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സക്കും ഫതഹ് നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിനുമിടയിൽ രാഷ്ട്രീയവും ഭരണപരവുമായ അകൽച്ചക്ക് കാരണമായി. പിന്നാലെ, ഇസ്രായേൽ ഗസ്സക്കുമേൽ ഉപരോധം ശക്തമാക്കി. ഗസ്സയിലേക്കും പുറത്തേക്കും ആളുകളുടെയും ചരക്കുകളുടെയും നീക്കത്തിന് കടുത്ത നിയന്ത്രണങ്ങൾക്ക് ഇത് തുടക്കമിട്ടു.

2. 2008-2009 ഗസ്സ ആക്രമണം (ഓപറേഷൻ കാസ്റ്റ് ലീഡ്): ഗസ്സയിൽനിന്നുള്ള റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയെന്ന പേരിൽ 2008 ഡിസംബറിൽ ഇസ്രായേൽ ഓപറേഷൻ കാസ്റ്റ് ലീഡ് ആരംഭിച്ചു. 2009 ജനുവരി വരെ നീണ്ടുനിന്ന സംഘർഷം ഗസ്സയിൽ കാര്യമായ ആളപായത്തിനും നാശത്തിനും കാരണമായി.

യുദ്ധം മാനുഷിക പ്രതിസന്ധി രൂക്ഷമാക്കി. അടിസ്ഥാന സൗകര്യങ്ങൾക്കും വീടുകൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. ഗസ്സ നിവാസികൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടുതൽ ആഴത്തിലാക്കി.

 

3. 2012, 2014 ഗസ്സ സംഘർഷങ്ങൾ: 2012: ഗസ്സയിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തിന് മറുപടിയെന്ന പേരിൽ 2012 നവംബറിൽ ഇസ്രായേൽ ഓപറേഷൻ പില്ലർ ഓഫ് ഡിഫൻസ് ആരംഭിച്ചു. ആക്രമണം എട്ട് ദിവസം നീണ്ടുനിന്നു. ഇത് കാര്യമായ ആളപായത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി.

2014: 2014 ജൂലൈയിൽ ആരംഭിച്ച ഓപറേഷൻ പ്രൊട്ടക്ടിവ് എഡ്ജും ഗസ്സയിലെ മാനുഷിക ദുരന്തം ഇരട്ടിയാക്കി. അത്യുഗ്ര ശേഷിയുള്ള വ്യോമാക്രമണങ്ങളും കര ഓപറേഷനും അടയാളപ്പെടുത്തിയ ആക്രമണം ഏഴാഴ്ച നീണ്ടുനിന്നു. ഗസ്സയിൽ കാര്യമായ ജീവഹാനിയും വ്യാപക നാശവുമുണ്ടായി.

4. 2017-2018ലെ മാനുഷിക പ്രതിസന്ധി 2017 ആയപ്പോഴേക്കും ഉപരോധവും ആവർത്തിച്ചുള്ള ആക്രമണങ്ങളും കാരണം അവശ്യ സാധനങ്ങൾ, ആതുര സേവനങ്ങൾ, വൈദ്യുതി എന്നിവയുടെ കടുത്ത ക്ഷാമം മാനുഷിക സാഹചര്യം കൂടുതൽ വഷളാക്കി.

ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ (2018): 2018 മാർച്ചിൽ ഗസ്സയിലെ ഫലസ്തീനികൾ ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ എന്ന പേരിൽ പ്രതിഷേധ പരമ്പര ആരംഭിച്ചു. തങ്ങളുടെ പൂർവികർ പാർത്ത ഭൂമിയിലേക്ക് മടങ്ങാനുള്ള അവകാശവും ഉപരോധം അവസാനിപ്പിക്കലുമായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ഇസ്രായേലി സേന അക്രമാസക്തമായ പ്രതികരണവുമായി ഇറങ്ങി. ഇത് നിരവധിപേരുടെ ജീവനെടുത്തു. മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കുകയുംചെയ്തു.

5. 2021 ഗസ്സ സംഘർഷം: കിഴക്കൻ ജറൂസലമിലെ സംഘർഷത്തെത്തുടർന്ന് 2021 മേയിൽ ഇസ്രായേലും ഹമാസും തമ്മിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. ‘ഓപറേഷൻ ഗാർഡിയൻ ഓഫ് ദ വാൾസ്’ എന്നു പേരിട്ട ആക്രമണം 11 ദിവസം നീണ്ടുനിന്നു. സംഘർഷം ഗസ്സയിൽ കാര്യമായ നാശനഷ്ടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും കൂടുതൽ മോശമായ ജീവിത സാഹചര്യങ്ങൾക്കും കാരണമായി.

6. തുടരുന്ന ഉപരോധവും സാമ്പത്തിക ബുദ്ധിമുട്ടും: വർഷങ്ങളായി തുടരുന്ന ഉപരോധം ഗസ്സയിൽ സാമ്പത്തിക തകർച്ചക്കിടയാക്കി. ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, ദാരിദ്ര്യം, മോശമായ പൊതുജനാരോഗ്യ സംവിധാനം. വിഭവ ദൗർലഭ്യം, പരിമിതമായ സാമ്പത്തിക അവസരങ്ങൾ, ആവർത്തിച്ചുള്ള സംഘർഷങ്ങൾ എന്നിവയെല്ലാം ചേർന്ന് ഗസ്സയിലെ മാനുഷിക പ്രതിസന്ധി ആഴത്തിലാക്കി.

ഈ ഓരോ സംഭവങ്ങളും ഗസ്സയിലെ സ്ഥിതിഗതികൾ വഷളാകുന്നതിന് കാരണമായി. സൈനിക സംഘട്ടനങ്ങൾ, ഉപരോധങ്ങൾ, ആഭ്യന്തര രാഷ്ട്രീയ ഭിന്നതകൾ എന്നിവയെല്ലാം ചേർന്ന ഒരു മാനുഷിക ദുരന്തമായി ഗസ്സ അവശേഷിക്കുന്നു.

എന്താണ്​ പരിഹാരം?

ഗസ്സ പ്രതിസന്ധി പരിഹരിക്കൽ സങ്കീർണതകൾ നിറഞ്ഞ വെല്ലുവിളിയാണ്. അതിൽ രാഷ്ട്രീയവും മാനുഷികവും സുരക്ഷാപരവുമായ നിരവധി മാനങ്ങൾ ഉൾപ്പെടുന്നു. സാഹചര്യം മെച്ചപ്പെടുത്താൻ ചില സാധ്യമായ പരിഹാരങ്ങളും സമീപനങ്ങളും ഇങ്ങനെ സംഗ്രഹിക്കാം:

1. രാഷ്ട്രീയ പരിഹാരം: ഹമാസ്-ഫതഹ് പ്രതിനിധികളുടെ ​​പ്രാതിനിധ്യത്തോടെ ഇസ്രായേലും ഫലസ്തീനും തമ്മിൽ പുതിയ സമാധാന ചർച്ചകൾതന്നെ ആദ്യമാർഗം. അതിർത്തികൾ, സുരക്ഷ, ജറൂസലമിന്റെ പദവി തുടങ്ങിയ കാതലായ പ്രശ്നങ്ങൾ പരിഹരിക്കാനാകണം. ചർച്ചകളിലൂടെ ഒത്തുതീർപ്പിലെത്തുന്നത് സുസ്ഥിരമായ പരിഹാരം സാധ്യമാക്കിയേക്കും.

ദ്വിരാഷ്ട്ര പരിഹാരം: പരസ്പരം സമ്മതിച്ച അതിർത്തികളോടും സുരക്ഷാ ക്രമീകരണങ്ങളോടും കൂടി പ്രായോഗിക ഫലസ്തീൻ രാഷ്ട്ര സ്ഥാപനം നിരന്തര സംഘർഷത്തിനിടയാക്കുന്ന ചില അടിസ്ഥാന പ്രശ്‌നങ്ങൾ ഇല്ലാതാക്കും. ഇതിനുപക്ഷേ, കാര്യമായ വിട്ടുവീഴ്ചകളും അന്താരാഷ്ട്ര പിന്തുണയും ഉണ്ടാകണം.

2. സൈനിക അധിനിവേശം അവസാനിപ്പിക്കൽ: ഭക്ഷണം, മരുന്ന്, നിർമാണ സാമഗ്രികൾ തുടങ്ങിയ അവശ്യ സാധനങ്ങൾ ഉൾപ്പെടെ ചരക്കുകളുടെയും സേവനങ്ങളുടെയും ഒഴുക്ക് സുഗമമാക്കി ഗസ്സയിലെ സൈനിക അധിനിവേശവും ഉപരോധവും അവസാനിപ്പിക്കുന്നത് മാനുഷിക പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കും. സുരക്ഷാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇത് ശ്രദ്ധാപൂർവം കൈകാര്യംചെയ്യേണ്ടതുണ്ട്.

3. അന്താരാഷ്ട്ര സഹായം: അടിസ്ഥാന സൗകര്യ പുനർനിർമാണം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ ഗസ്സയിലെ മാനുഷിക പദ്ധതികൾക്കുള്ള അന്താരാഷ്ട്ര സഹായവും പിന്തുണയും വർധിപ്പിക്കുന്നത് ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തും. ഫലപ്രദമായ സഹായ വിതരണത്തിന് അന്താരാഷ്ട്ര സംഘടനകളുമായും എൻ.ജി.ഒകളുമായും ഏകോപനം നിർണായകമാണ്.

4. സാമ്പത്തിക വളർച്ച: നിക്ഷേപം, വ്യാപാരം, വികസന പദ്ധതികൾ എന്നിവയിലൂടെ ഗസ്സയിൽ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നത് ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറക്കാൻ സഹായിക്കും. അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണവും വ്യവസായങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനവും ഉൾപ്പെടുത്താനാകണം.

നാമാവശേഷമായി കിടക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ വീണ്ടെടുക്കാനും സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കാനും സംഘർഷാനന്തര പുനർനിർമാണവും വികസന പരിപാടികളും സഹായിക്കും. ഇവ്വിഷയകമായി സുസ്ഥിരത ഉറപ്പാക്കാൻ സാമ്പത്തിക സ്രോതസ്സുകളും തന്ത്രപരമായ ആസൂത്രണവും ആവശ്യമാണ്.

5. സുരക്ഷാ ക്രമീകരണങ്ങൾ: ഫലസ്തീൻ ആവശ്യങ്ങളും ഇസ്രായേൽ സുരക്ഷാ ആശങ്കകളും പരിഹരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അക്രമം തടയുന്നതിനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അന്താരാഷ്ട്ര നിരീക്ഷണവും സഹകരണവും ഇതി​ന്റെ ഭാഗമായി വേണം.

6. ഫലസ്തീനി സംഘടനകൾക്കിടയിലെ ഐക്യം: അവിച്ഛിന്നമായ ഫലസ്തീൻ നേതൃത്വം സാധ്യമാക്കുന്നതിന് ഹമാസും ഫതഹും തമ്മിൽ അനുരഞ്ജനം സാധ്യമാക്കണം. അത് ഫലസ്തീനികൾക്കായുള്ള ചർച്ചകളിൽ നിലപാടുകൾക്ക് ബലം നൽകാനും ഗസ്സയിലെ ഭരണം മെച്ചപ്പെടുത്താനും സഹായിക്കും. അനുരഞ്ജന ​ശ്രമങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണ ഈ പ്രക്രിയ സുഗമമാക്കും.

7. അന്താരാഷ്ട്ര ഇടപെടലും മധ്യസ്ഥതയും: ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂനിയൻ, മറ്റ് മധ്യസ്ഥർ എന്നിവരുൾപ്പെടെ വിവിധ രാജ്യാന്തര കക്ഷികൾക്ക് ചർച്ചകൾ സുഗമമാക്കുന്നതിലും കരാറുകൾ നിരീക്ഷിക്കുന്നതിലും അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിലും പങ്കുവഹിക്കാനാകും.

ഉടമ്പടികൾ പാലിക്കാനും മനുഷ്യാവകാശങ്ങൾ മാനിക്കാനും എല്ലാ കക്ഷികളുടെയും മേലുള്ള അന്താരാഷ്ട്ര സമ്മർദം സമാധാനത്തിന് കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും. സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്യുന്ന നീക്കങ്ങൾക്ക് പിന്തുണയും അത്യന്താപേക്ഷിതമാണ്.

 

8. മനുഷ്യാവകാശങ്ങളും നിയമപരമായ പരിഗണനകളും: എല്ലാ കക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും മനുഷ്യാവകാശ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ നിർണായകമാണ്. സിവിലിയന്മാരോടുള്ള പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, അവ ലംഘിക്കുന്നവർ ഉത്തരവാദികളാകൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

വെല്ലുവിളികൾ

രാഷ്ട്രീയ പരിഹാരങ്ങൾ സാക്ഷാത്കരിക്കുന്നതിൽ എല്ലാ കക്ഷികളുടെ ഭാഗത്തുനിന്നും കാര്യമാത്രമായ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ഇത് വേരോട്ടമുള്ള സ്ഥാനങ്ങളും തുടർച്ചയായ അക്രമങ്ങളും കണക്കിലെടുക്കുമ്പോൾ ബുദ്ധിമുട്ടായിരിക്കും.

പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷം ഇരുപക്ഷത്തും പരസ്പരവിശ്വാസം നഷ്ടപ്പെടുത്തിയതിനാൽ ഇസ്രായേൽ-ഫലസ്തീൻ നേതൃത്വങ്ങൾക്കിടയിൽ പരസ്പര വിശ്വാസം കെട്ടിപ്പടുക്കൽ പ്രധാന തടസ്സമാണ്. അയൽ രാജ്യങ്ങളും മേഖലയിലെ ശക്തികളും പങ്കാളികളായും വിശാലാർഥത്തിലുള്ള ​പ്രാദേശിക വിഷയങ്ങൾ പോംവഴികളെയും സാധ്യമായ പരിഹാരങ്ങളെയും സ്വാധീനിക്കുന്നവയാണ്.

ചുരുക്കത്തിൽ, ഗസ്സ പ്രതിസന്ധി നേരിടാൻ രാഷ്ട്രീയ ചർച്ചകൾ, മാനുഷിക സഹായം, സാമ്പത്തിക വികസനം, സുരക്ഷാ ക്രമീകരണങ്ങൾ, അന്താരാഷ്ട്ര ഇടപെടൽ എന്നിവ സമന്വയിക്കുന്ന ഒരു ബഹുമുഖ സമീപനം ആവശ്യമാണ്. ഓരോ ഘടകവും പരസ്പരം ഇഴചേർന്നുനിൽക്കുന്നു, ഒരു മേഖലയിലെ പുരോഗതി പലപ്പോഴും മറ്റുള്ളവയുടെ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു.

മൊഴിമാറ്റം: കെ.പി. മൻസൂർ അലി

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT