ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടുള്ള ഭരണകൂട കടന്നുകയറ്റത്തിനും അവകാശ നിഷേധത്തിനുമെതിരെ ജനതാൽപര്യാർഥം കോടതിയിൽ വാദിച്ചതിെൻറ ഒാർമ പങ്കുെവക്കുന്നു.
ലാവലിൻ കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച വിഷയം ഇന്നത്തെ സാഹചര്യത്തിൽ വലിയ രാഷ്ടീയ, നിയമ സമസ്യകൾ ഉയർത്തിയേക്കാം. ഗവർണർമാർ ഇത്തരം സന്ദർഭങ്ങളിൽ താരതമ്യേന വസ്തുനിഷ്ഠമായും നീതിയുക്തമായും ആയിരിക്കും തീരുമാനമെടുക്കുക എന്ന വിശ്വാസം ജനങ്ങൾക്ക് മാത്രമല്ല, കോടതികൾക്കും ഉണ്ടായിരുന്നു. ഒരു മന്ത്രിയെ അഥവാ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഇടംവലം നോക്കാതെ, കാര്യങ്ങൾ പഠിക്കാതെ ഒരു ഗവർണറും ഉത്തരവിടില്ല എന്ന ശരിയായ വിശ്വാസമായിരുന്നു, അത്.
ലാവലിൻ കേസിലെ വിധിയിൽ കേരള ഹൈകോടതിയിൽ നടന്ന വാദത്തിന്റെ അടിസ്ഥാനം തന്നെ മധ്യപ്രദേശ് സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് കേസിലെ (2004) സുപ്രീംകോടതി വിധിയായിരുന്നു. പൊതുവെ ഗവർണർമാർ കാബിനറ്റ് പറയുന്നതനുസരിച്ചാണ് പ്രവർത്തിക്കുകയെങ്കിലും ഗവർണർമാർക്ക് വിവേചനം പ്രയോഗിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടിവരുന്ന സന്ദർഭങ്ങളെക്കുറിച്ചും ഭരണഘടന പറയുന്നുണ്ടെന്ന് ആ കേസിൽ സുപ്രീംകോടതി മുമ്പാകെ അഭിഭാഷകനായ സോളി സൊറാബ്ജി വാദിക്കുകയുണ്ടായി.
കാബിനറ്റിന്റെ പരമാധികാരത്തെക്കുറിച്ച് പറയുന്ന ഷംസീർ സിങ്ങിന്റെ കേസിലെ വിധിയിൽ (1974) പോലും ഈ വിവേചനം പ്രയോഗിക്കേണ്ട ചുരുക്കം ചില സന്ദർഭങ്ങളെക്കുറിച്ച് പറയുന്നുണ്ട് എന്നും അദ്ദേഹം വാദിച്ചു. മധ്യപ്രദേശിലെ രണ്ടു മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിച്ച ഗവർണറുടെ തീരുമാനത്തെ ചോദ്യംചെയ്തുകൊണ്ട് ആ മന്ത്രിമാർ നൽകിയ കേസായിരുന്നു അത്. ഹൈകോടതിയിൽ മന്ത്രിമാർ വിജയിച്ചു. എന്നാൽ, സുപ്രീംകോടതി ആ ഹൈകോടതി വിധികൾ റദ്ദാക്കി.
ഈ വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്ന വിഷയത്തിൽ ഗവർണർമാർക്ക് സ്വന്തംനിലക്ക് തീരുമാനമെടുക്കാമെന്നും അതിന് കാബിനറ്റിന്റെ അനുമതി ആവശ്യമില്ലെന്നും പ്രഖ്യാപിക്കപ്പെട്ടു. ഒരു കാബിനറ്റും അതിന്റെ ഭാഗമായ ഒരു മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പറയില്ലെന്നതും സാമാന്യമായി ഊഹിക്കാവുന്നതേയുള്ളൂ. അതിനാൽതന്നെ, മധ്യപ്രദേശ് കേസിലെ സുപ്രീംകോടതി വിധി പൂർണമായും ശരിയായിരുന്നു.
ഏതായാലും ഈ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലാവലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണോ എന്ന കാര്യം തീരുമാനിക്കാൻ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് സംസ്ഥാന ഗവർണറോട് ആവശ്യപ്പെട്ടത്. വസ്തുനിഷ്ഠമായും യുക്തിഭദ്രമായും കാര്യങ്ങൾ സമഗ്രമായി പരിശോധിച്ചും വേണം തീരുമാനമെടുക്കാൻ എന്നും ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹൈകോടതി വിധിക്ക്, നിയമപരമായി സുശക്തമായ അടിത്തറയുണ്ടായിരുന്നു.
ഇന്നത്തെ അവസ്ഥയിൽ ഗവർണർമാരെക്കുറിച്ച് ജനങ്ങളും കോടതികളും ഇത്തരം വിശ്വാസം വെച്ചുപുലർത്തുന്നുണ്ടോ? കേന്ദ്രത്തിന്റെ രാഷ്ട്രീയ ചട്ടുകങ്ങളായി പ്രവർത്തിക്കുന്നവരാണ് പല ഗവർണർമാരും എന്ന ആക്ഷേപം വ്യാപകമാണ്. കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങളിലെ ദൈനംദിന ഭരണത്തിൽപോലും ഇടപെട്ടുകൊണ്ട് ഗവർണർമാർ പുതിയതരം നാട്ടുനടപ്പുതന്നെ സൃഷ്ടിച്ചു.
സംസ്ഥാന സർക്കാറുമായും മന്ത്രിമാരുമായും അവർ പരസ്യമായിത്തന്നെ കൊമ്പുകോർത്തു. ഇത്തരം സന്ദർഭങ്ങളിൽ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ ഇന്നുള്ള ഗവർണർമാർക്ക് എത്രമാത്രം നീതിയുക്തമായി ഇടപെടാൻ കഴിയും എന്ന ചോദ്യം, കേന്ദ്രത്തിന് എതിരുനിൽക്കുന്ന രാഷ്ട്രീയ കക്ഷികൾ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും പ്രസക്തമാണ്. കാലഘട്ടങ്ങൾ മാറുമ്പോൾ നാട്ടുനടപ്പുകളും രാജ്യത്തിന്റെ അനുഭവങ്ങളും മാറിമറയുന്നു. നിയമ തത്ത്വങ്ങളും ഇത്തരം മാറ്റങ്ങൾക്ക് വിധേയമായിത്തീരുന്നു.
വിചിത്രവും കൗതുകകരവുമായ കേസുകൾ ഹൈകോടതിയിൽ എന്നെത്തേടിയെത്തി. ഒരുദിവസം അധ്യാപകനും നാടകപ്രവർത്തകനുമായ ഡോ. രാമചന്ദ്രൻ മൊകേരി ഓഫിസിൽ വന്നത് അദ്ദേഹത്തിനും അദ്ദേഹം പഠിപ്പിച്ച തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾക്കുമെതിരെ പൊലീസ് എടുത്ത കേസിൽ എന്തുചെയ്യാൻ കഴിയും എന്ന് അന്വേഷിച്ചുകൊണ്ടായിരുന്നു.
സ്കൂൾ ഓഫ് ഡ്രാമയിലെ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ ‘ഫ്രീഡം 2003’ എന്ന പേരിൽ ഒരു നാടകം അവതരിപ്പിച്ചു. അത് ജനങ്ങൾക്കിടയിലേക്കിറങ്ങി തെരുവിൽ അവതരിപ്പിച്ച നാടകമായിരുന്നു. ‘എൻവയൺമെന്റൽ തിയറ്റർ’ എന്ന ഗണത്തിൽപെടുന്ന നാടകത്തിലൂടെ കഥാപാത്രങ്ങളും ജനങ്ങളും തമ്മിൽ സംവാദത്തിനുള്ള സാധ്യതകളും ആരായുന്ന വിധത്തിലായിരുന്നു നാടകം. സിലബസിന്റെ ഭാഗംകൂടിയായിരുന്നു ആ നാടകപ്രവർത്തനമെന്നതും ഓർക്കണം.
നഗരത്തിൽ ഇറങ്ങിയ നാടക വിദ്യാർഥികൾക്കൊപ്പം മറ്റൊരു തിയറ്റർ ഗ്രൂപ്പും ചേർന്നു. 2003ലെ സ്വാതന്ത്ര്യദിനമായിരുന്നു, നാടകാവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ദിവസം. ഒരു ഉന്തുവണ്ടിയിൽ പ്രതീകാത്മകമായി മരിച്ചുപോയ സ്വാതന്ത്ര്യത്തെ കാണിക്കുന്ന രൂപവുമായി നാടകപ്രവർത്തകർ നടന്നുനീങ്ങി.
ഇക്കാര്യത്തിലാണ് അധ്യാപകനും വിദ്യാർഥികൾക്കും മറ്റ് നാടകപ്രവർത്തകർക്കുമെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. അന്യായമായ സംഘംചേരൽ, മാർഗതടസ്സം സൃഷ്ടിക്കൽ, പൊതുശല്യം സൃഷ്ടിക്കൽ തുടങ്ങിയവയെ സംബന്ധിച്ച ശിക്ഷാനിയമ വ്യവസ്ഥകളും ഒപ്പം കേരള പൊലീസ് നിയമത്തിലെ വ്യവസ്ഥകളുമാണ് കേസിൽ ആരോപിക്കപ്പെട്ടത്.
ഈ കേസ് റദ്ദു ചെയ്യാനായി ഹൈകോടതിയിൽ ഹരജി നൽകി. നാടകം ഒരു ക്രിമിനൽ കുറ്റമല്ലെന്നും തെരുവുനാടകത്തിനോട് സാദൃശ്യമുള്ള ഒരു കലാരൂപത്തെ ഹാളിനകത്തുവെച്ച് അവതരിപ്പിക്കാൻ കഴിയില്ലെന്നും പൊലീസ് കേസ് പ്രതികളുടെ മൗലികാവകാശ ലംഘനമാണെന്നുമുള്ള വാദങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. പ്രഥമ വിവര റിപ്പോർട്ടുതന്നെ കോടതി റദ്ദാക്കി. ജസ്റ്റിസ് ഹാറൂൺ അൽ റഷീദാണ് ഹരജി അനുവദിച്ചത്. (സുനിലും സ്റ്റേറ്റ് ഓഫ് കേരളയും തമ്മിലുള്ള കേസ്, 2009). കേസിലെ തുടർനടപടികൾക്ക് ആദ്യംതൊട്ടുതന്നെ സ്റ്റേ ഉണ്ടായിരുന്നതിനാൽ ഡോ. മൊകേരിക്കും വിദ്യാർഥികൾക്കും നാടകപ്രവർത്തകർക്കും ഒരു ക്രിമിനൽ കേസിലെ വിചാരണ നേരിടേണ്ടിവന്നില്ല.
വിദ്യാർഥികൾക്ക് എതിരെ മാത്രമല്ല, സാധാരണ പൗരന്മാർക്കും ആക്ടിവിസ്റ്റുകൾക്കും രാഷ്ട്രീയ നേതാക്കൾക്കുമെതിരെ എന്നും പ്രയോഗിക്കപ്പെടുന്നത് ഇത്തരം സാധാരണ നിയമങ്ങളാണ്.മുദ്രാവാക്യം വിളിച്ചുവെന്നതിെന്റ പേരിൽ, ആക്റ്റിവിസ്റ്റായ അമൂല്യ ലിയോണക്ക് എതിരെയും സന്ദേശങ്ങൾ സൂക്ഷിച്ചുവെച്ചുവെന്ന ആരോപണത്തിെന്റ പേരിൽ കാലാവസ്ഥാ പ്രവർത്തക ദിശാരവിക്കെതിരെയും ശിക്ഷാനിയമ വ്യവസ്ഥകൾ പ്രയോഗിക്കപ്പെട്ടു.
ഒരു തെരഞ്ഞെടുപ്പ് പ്രസംഗത്തിലെ ചില വാചകങ്ങൾ അടർത്തിമാറ്റിയാണ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്യപ്പെട്ടത്. ആ കേസിലായിരുന്നു, അദ്ദേഹത്തെ ശിക്ഷിച്ചതും പിന്നീട് ലോക്സഭാംഗത്വം തന്നെ റദ്ദാക്കപ്പെട്ടതും. പിന്നീടത് സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് വീണ്ടെടുക്കാനായത്.
അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും എപ്പോഴും സ്വാഭാവികമായി വകവെച്ചുകിട്ടണമെന്നില്ല. ഭരണകൂടത്തിന് സ്വാതന്ത്ര്യനിഷേധത്തിന് വ്യത്യസ്ത ന്യായങ്ങളും ‘കാരണങ്ങളും’ ഉണ്ടാകാം. ഉണർന്നിരിക്കുന്ന ഒരു ജനതക്കുപോലും സ്വാതന്ത്ര്യം പ്രാപ്യമാകണമെങ്കിൽ കോടതിപോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും. എന്നാൽ, ഈ ഒടുവിലത്തെ ആശ്രയകേന്ദ്രങ്ങൾ എല്ലായ്പോഴും സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരാകുന്നുണ്ടോ?
‘വികസന’ പ്രവർത്തനങ്ങൾക്കുവേണ്ടി ഭൂമിയേറ്റെടുക്കുമ്പോൾ അതിനെതിരെ വലിയ ജനകീയ സമരങ്ങൾ ഉണ്ടാകാറുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ എന്നിവക്കായി സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ എറണാകുളം ജില്ലയിലും ഒട്ടേറെ ബഹുജന പ്രക്ഷോഭങ്ങൾ നടക്കുകയുണ്ടായി.
സ്ഥലം ഏറ്റെടുക്കുമ്പോൾ ഇരകളുടെ കൂടി അഭിപ്രായം തേടണമെന്നും സാമൂഹികാഘാതപഠനം നടത്തണമെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നും അക്വിസിഷൻ നടപടികൾ സുതാര്യമായിരിക്കണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് 2013ലെ ലാൻഡ് അക്വിസിഷൻ സംബന്ധിച്ച കേന്ദ്രനിയമം വന്നത്. 1894ലെ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഏകപക്ഷീയമായി നടപ്പാക്കിപ്പോന്ന ലാൻഡ് അക്വിസിഷൻ നിയമത്തെ ഈ വിപ്ലവകരമായ നിയമം പ്രതിസ്ഥാപനംചെയ്തു. രണ്ടാം യു.പി.എ സർക്കാർ കാലത്ത് വന്ന വിപ്ലവകരമായ നിയമങ്ങളിലൊന്നായിരുന്നു അതെന്നതിൽ സംശയമില്ല.
ഭൂമിയേറ്റെടുക്കലിനെതിരെ അങ്കമാലിയിൽ നടന്ന ഒരു ബഹുജന പ്രക്ഷോഭത്തിന്റെ പേരിൽ 212 ആളുകൾക്കെതിരെ പൊലീസ് കേസെടുത്തു. അന്യായമായി സംഘംചേരൽ, പൊതുറോഡ് തടസ്സപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നിവയായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങൾ. ഇങ്ങനെ കേസ് എടുത്തത് സമാധാനപരമായി സംഘംചേരാനുള്ള പൗരന്മാരുടെ അവകാശങ്ങളെ നിഹനിക്കുന്നതാണെന്നാരോപിച്ച് കെ.കെ. പൗലാസ് എന്ന പൊതുപ്രവർത്തകനുവേണ്ടി ഹൈകോടതിയിൽ ഹാജരായി വാദിക്കാനിടവന്നു.
ഒരു ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിക്കുന്ന വിധത്തിൽ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമുള്ള കേസ് എടുക്കാൻ കഴിയൂ എന്നതായിരുന്നു പ്രധാനവാദം. അതുപോലെ, ആളുകൾ കൂടിയാൽ മാത്രമല്ല, ആ ആൾക്കൂട്ടം അന്യായമായി സംഘം ചേർന്നതുവഴി ഉണ്ടായതാണെന്ന് പ്രോസിക്യൂഷന് പരാതിയുണ്ടെങ്കിൽ മാത്രമേ അത്തരം കേസ് എടുക്കാനാവൂ എന്നും വാദിച്ചു. റോഡരികിൽ സമരം കണ്ടുനിന്നവരെപ്പോലും പ്രതികളാക്കിയതു കാരണം 212 പേർ കേസിൽപെട്ടു.
മതിയായ ഗൃഹപാഠം ചെയ്യാതെ, കുറ്റകൃത്യങ്ങൾക്കാധാരമായ ഘടകങ്ങൾപോലും പരാമർശിക്കാതെ കേസെടുത്ത നടപടി കോടതിയുടെ സമയം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ എന്നും നടപടികളുടെ ദുരുപയോഗമാണിതെന്നും അതിനാൽ ഇതുസംബന്ധിച്ച് ആലുവയിലെ മജിസ്ട്രേറ്റ് കോടതി മുമ്പാകെയുള്ള കേസ് അപ്പടി റദ്ദാക്കണമെന്നുമായിരുന്നു കോടതിയിൽ ഉന്നയിക്കപ്പെട്ട ആവശ്യം. വിചാരണ നടത്തിക്കഴിഞ്ഞാലും കുറ്റാരോപണ പത്രികയിലില്ലാത്ത കാര്യങ്ങളുടെ പേരിൽ ശിക്ഷ വിധിക്കാനാവില്ല എന്ന വാദവും ഉന്നയിക്കപ്പെട്ടു.
ജസ്റ്റിസ്. സതീഷ് ചന്ദ്രൻ ഇൗ കേസാണ് പരിഗണിച്ചത്. നിയമപരമായി അവശ്യം ഉണ്ടായിരിക്കേണ്ട ഘടകങ്ങൾ ഇല്ലാത്തതിന്റെ പേരിലും സർക്കാർ ഉദ്യോഗസ്ഥന്റെ പരാതിയുടെ ബലത്തിലല്ല കേസ് എടുത്തത് എന്നതിന്റെ പേരിലും കേസ് മുഴുവനായും റദ്ദാക്കുകയാണ് ഹൈകോടതി ചെയ്തത്. അങ്ങനെ പൗലോസിനു മാത്രമല്ല കേസിൽപെട്ട, എന്നാൽ, ഹൈകോടതിയിൽ വരാൻ കഴിയാതിരുന്ന ബാക്കി 211 പേരുംകൂടി കേസിൽനിന്നും ഒഴിവായി.
മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കപ്പെട്ടു (പൗലോസ് കെ.കെയും സ്റ്റേറ്റ് ഓഫ് കേരളയും തമ്മിലുള്ള കേസ് (2012). സമാധാനപരമായി സമരംചെയ്യുന്ന സാധാരണ മനുഷ്യരെ ക്രിമിനൽ കേസിൽ കുടുക്കി ഭയപ്പെടുത്തുന്ന സർക്കാർ നയങ്ങൾക്കെതിരായ തിരിച്ചടികൂടിയായിരുന്നു ഈ വിധി.
ഇതെഴുതുമ്പോൾ മുന്നിലുള്ളത് രണ്ട് വലിയ അഭിഭാഷകർ എഴുതിയ ആത്മകഥാപരമായ രചനകളാണ്. ഒന്ന്, ആന്ധ്രപ്രദേശിലെ സീനിയർ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.ജി. കണ്ണബിരാന്റെ ‘ദ സ്പീക്കിങ് കോൺസ്റ്റിറ്റ്യൂഷൻ’ (ഹാർപർ കോളിൻസ്, 2022) എന്ന പുസ്തകം. രണ്ടാമത്തേത് മനുഷ്യാവകാശ രംഗത്തുതന്നെ വ്യക്തിമുദ്ര പതിപ്പിച്ച നന്ദിത ഹസ്കറിന്റെ ‘ദ കളേഴ്സ് ഓഫ് നാഷനലിസം’ (സ്പീക്കിങ് ടൈഗർ, 2024) . അഭിഭാഷകവൃത്തിയെ മനുഷ്യാവകാശത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രീയപദ്ധതിയായി വികസിപ്പിച്ചവരാണിവർ.
ആന്ധ്രപ്രദേശിലെ തീവ്ര ഇടതുപക്ഷക്കാർക്കെതിരെ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകൾക്കും കൊലപാതകങ്ങൾക്കുമെതിരെ കണ്ണബിരാൻ കോടതികൾക്കത്തും പുറത്തും നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. അറുപതുകളിൽ തുടങ്ങി ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകംവരെ നീണ്ട ആ യാത്രക്കിടയിലായിരുന്നു, അടിയന്തരാവസ്ഥ വന്നത്.
അടിയന്തരാവസ്ഥക്കെതിരെ രാജ്യത്തെമ്പാടുമെന്നപോലെ ആന്ധ്രപ്രദേശിലും ബഹുജന പ്രക്ഷോഭങ്ങൾ ആഞ്ഞടിച്ചു. അടിയന്തരാവസ്ഥയുടെ നിയമപരതയും ‘മിസ’യുടെ (MISA -Maintenance of Internal security Act) ഭരണഘടനാപരതയും അതിന്റെ ദുരുപയോഗവും മറ്റും ചോദ്യംചെയ്യപ്പെട്ടു. അന്യായമായ അറസ്റ്റിനും തടങ്കലിനും വെടിവെപ്പുകൾക്കുമെതിരെ അക്കാലത്ത് കണ്ണബിരാൻ വിജയകരമായി നടത്തിയ നിയമയുദ്ധങ്ങൾക്ക് സമാനതകൾ ഇല്ല. ഇതേ കാലയളവിൽ കേരള ഹൈകോടതിയിലും തമ്പാൻ തോമസിനെപ്പോലുള്ള സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ അഭിഭാഷകർ നീതിനിഷേധത്തിനെതിരെ പോരാടി; ത്യാഗങ്ങൾ സഹിച്ചു.
ഇക്കാലത്ത് ഞാൻ ഒരു സ്കൂൾ വിദ്യാർഥി മാത്രമായിരുന്നുവെന്ന് മുമ്പ് എഴുതിയിരുന്നുവല്ലോ. എന്നാൽ, അഭിഭാഷകവൃത്തിയുമായി ഹൈകോടതിയിൽ വന്നപ്പോഴും അടിയന്തരാവസ്ഥ കഴിഞ്ഞിരുന്നുവെങ്കിലും മനുഷ്യാവകാശ ധ്വംസനത്തിന്റെ പരമ്പര അവസാനിച്ചിരുന്നില്ല.
അത്തരത്തിലൊന്നായിരുന്നു, മുത്തങ്ങയിലെ ആദിവാസികൾക്കുവേണ്ടി സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ അടിച്ചമർത്താനായി പൊലീസ് കൈക്കൊണ്ട നടപടികൾ. ഒരു പൊലീസുദ്യോഗസ്ഥനും ഒരു ആദിവാസി യുവാവും കൊല്ലപ്പെട്ട സംഭവത്തിൽ തികച്ചും അന്യായവും ഏകപക്ഷീയവുമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പൊലീസിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് എടുത്ത അധികൃതർ ആദിവാസി യുവാവിന്റെ മരണത്തെ കൊലപാതകമായി കാണാൻ കൂട്ടാക്കിയില്ല.
ആദിവാസി ആക്ടിവിസ്റ്റുകൾക്കെതിരെ സി.ബി.ഐ കേസുകളുമായി മുന്നോട്ടുപോയപ്പോൾ ചെറിയ കുട്ടികളടക്കം മുത്തങ്ങയിലെ സാധാരണ ആദിവാസികൾക്കെതിരെ പൊലീസ് അഴിച്ചുവിട്ട അക്രമങ്ങൾ കേവലം ‘നിയമപാലന’ത്തിന്റെ ഭാഗം മാത്രമായിരുന്നു എന്ന നിലപാടായിരുന്നു അധികൃതരുടേത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നൽകിയ റിട്ട് ഹരജിയിൽ വാദിക്കാൻ അവസരമുണ്ടായി. അന്ന് ജസ്റ്റിസ് ബസന്തിന്റെ കോടതിയിലാണ് കേസ് വന്നത്. ദിവസങ്ങൾ നീണ്ടുനിന്ന വാദത്തിന്റെയൊടുവിൽ പൊലീസ് നടത്തിയ നരനായാട്ടിന്റെ വിഡിയോ ദൃശ്യങ്ങളും ജസ്റ്റിസ് ബസന്ത് കാണുകയുണ്ടായി.
ക്ഷമാപൂർവം അദ്ദേഹം മുഴുവൻ വാദങ്ങളും കേട്ടു. എന്നാൽ, കുട്ടികൾക്കെതിരായ പൊലീസ് അതിക്രമങ്ങളുടെ കാര്യത്തിലൊഴിച്ച് എന്തെങ്കിലും സമഗ്രാന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹം നിർദേശിച്ചില്ല. പിന്നീട് ആ വിധിക്കെതിരെ ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ െബഞ്ച് മുമ്പാകെ അപ്പീൽ നൽകി വാദിച്ചു. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമീഷൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചുകൊണ്ടാണ് ഡിവിഷൻ െബഞ്ച് അപ്പീൽ തീർപ്പു കൽപിച്ചത്.
അധികാരികൾ സൗകര്യപൂർവം വിസ്മൃതിയിൽ ആഴ്ത്താൻ ശ്രമിച്ച പച്ചയായ മനുഷ്യാവകാശ ധ്വംസനത്തിൽ ഒരു അന്വേഷണം വേണമെന്ന് ഹൈകോടതി പറഞ്ഞുവെന്നതുപോലും വലിയ സമാശ്വാസമായിരുന്നു. പാർശ്വവത്കൃത ജനങ്ങളുടെ കാര്യത്തിൽ വളരെ ചുരുക്കം ഇടപെടലുകൾ മാത്രമാണ് കോടതികളുടെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ളത്.
അതിനിടെ കൗതുകകരവും എന്നാൽ, പ്രസക്തവുമായ മറ്റൊരു കാര്യംകൂടി നടന്നു. അന്നത്തെ സർക്കാറും ആദിവാസി ആക്ടിവിസ്റ്റുകളും തമ്മിലുണ്ടാക്കിയ കരാറിലെ ലംഘനത്തെത്തുടർന്നാണല്ലോ മുത്തങ്ങ സമരം ഉണ്ടായത്. ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തെത്തുടർന്നാണ് ഈ കരാർ ഉണ്ടായത്. ഈ കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ആദിവാസി യുവാവ് കേരള ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. അതിൽ ഹരജിക്കാരനുവേണ്ടി ഹാജരായി.
കരാറിൽ പറഞ്ഞപ്രകാരം ആദിവാസികൾക്ക് ഭൂവിതരണം നടത്തുന്നതിൽ സർക്കാർ വീഴ്ചവരുത്തിയതിനാൽ ഭരണഘടനാ കോടതിക്ക് വിഷയത്തിൽ ഇടപെടാൻ കഴിയുമെന്നും കരാർ നടപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് കോടതി നിർദേശിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. അത് അംഗീകരിച്ച കോടതി കരാറിലെ വ്യവസ്ഥകൾ സമയബന്ധിതമായി നടപ്പാക്കണമെന്ന് കേരള സർക്കാറിന് നിർദേശം നൽകി. ഇക്കാര്യത്തിൽ കുറെയൊക്കെ തുടർനടപടികൾ ഉണ്ടായെങ്കിലും ഭൂ വിതരണം പൂർണമായും നടപ്പിലായി എന്നു പറയാനാകില്ല. അതിനുള്ള നിയമപോരാട്ടങ്ങൾ തുടരേണ്ടിവരും.
ഇപ്പോൾ പിണറായി സർക്കാറിൽ വൈദ്യുതി വകുപ്പ് മന്ത്രിയായ കൃഷ്ണൻ കുട്ടി, കുറേ വർഷങ്ങൾക്കുമുമ്പ് ആദിവാസി ഭൂ വിതരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഫയൽചെയ്യാൻ വേണ്ടി ഒരു പാലക്കാട്ടുകാരനെ സഹായിച്ചിരുന്നു. അന്ന് കൃഷ്ണൻ കുട്ടി മന്ത്രിയായിരുന്നില്ല. ഈ പാലക്കാട്ടുകാരനുവേണ്ടി ഹൈകോടതിയിൽ വാദിച്ചപ്പോൾ ആധാരമായി എടുത്തത് ന്യായമായും ക്രമമായും ആദിവാസി ഭൂമി വിതരണംചെയ്യാൻ നിർദേശിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയായിരുന്നു.
കേരളത്തിൽനിന്നുതന്നെയുള്ള ഒരു കേസിൽ ആയിരുന്നു സുപ്രീംകോടതി ആ വിധി പുറപ്പെടുവിച്ചത്. എ.എക്സ്. വർഗീസായിരുന്നു ആ കേസ് സുപ്രീംകോടതിയിൽ വാദിച്ചത്. ഹൈകോടതിയിൽ ആ കേസിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് ആശ വിധി പറഞ്ഞു. ഇക്കാര്യത്തിലും ചില നടപടികൾ സ്വീകരിക്കപ്പെട്ടുവെങ്കിലും പരിപൂർണമായും കാര്യങ്ങൾ ഇന്നും നടപ്പായിട്ടില്ല.
തികച്ചും മാനുഷികവും ഭരണഘടനാപരവുമായ സമീപനത്തിലൂടെ നീതിയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകയാണീ ന്യായാധിപർ ചെയ്തത്. കോടതികളിൽനിന്നും വരുന്ന ഇത്തരം നിർദേശങ്ങളാണ് ഭരണഘടനാ ധാർമികതയെ സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളാക്കി മാറ്റുക. ജനാധിപത്യത്തിൽ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും നീതിന്യായ കോടതികളും അദൃശ്യമായ തരത്തിൽ പരസ്പരം ചേർന്നുനിൽക്കുന്നവയാകണം. ഇവയെ ചേർത്തുനിർത്തുന്ന കണ്ണിയാകട്ടെ, ഭരണഘടനതന്നെയാണ്. ഇങ്ങനെ സംഭവിക്കുമ്പോഴാണ് തൊഴിലനുഭവങ്ങൾ സുദീപ്തമാകുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.