സിദ്ധാന്തം വന്ന വഴിയിലൂടെ

സിദ്ധാന്തപഠനത്തിന് ഒരാമുഖമാണിത്​. സിദ്ധാന്തവും വിമർശനവും തമ്മിലെ വ്യത്യാസം, ഉദാര മാനവികതയുടെ തുടക്കം, പരിണാമം, സിദ്ധാന്തത്തിന്റെ ഉദയങ്ങൾ, അതിന്റെ സ്വഭാവസവിശേഷതകൾ, പരിണാമവും വർത്തമാന അവസ്​ഥയും എന്നിവയൊക്കെ വിശദമായി പ്രതിപാദിക്കുകയാണ്​ ഇൗ പഠനലേഖനത്തിൽ അക്കാദമിക വിചക്ഷണൻ കൂടിയായ ലേഖകൻ.സാഹിത്യപഠനം സാഹിത്യചരിത്രവും നിരൂപണവും സിദ്ധാന്തവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുകാലത്ത്, നിരൂപണത്തെ ആഴത്തില്‍ അറിയാനും വിലയിരുത്താനുമുള്ള ഒരു മാര്‍ഗം മാത്രമായിരുന്നു, സിദ്ധാന്തം. സാഹിത്യകൃതിയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നത് നിരൂപണമാണെന്നും സിദ്ധാന്തം അതില്‍നിന്നും ഏറെ...

സിദ്ധാന്തപഠനത്തിന് ഒരാമുഖമാണിത്​. സിദ്ധാന്തവും വിമർശനവും തമ്മിലെ വ്യത്യാസം, ഉദാര മാനവികതയുടെ തുടക്കം, പരിണാമം, സിദ്ധാന്തത്തിന്റെ ഉദയങ്ങൾ, അതിന്റെ സ്വഭാവസവിശേഷതകൾ, പരിണാമവും വർത്തമാന അവസ്​ഥയും എന്നിവയൊക്കെ വിശദമായി പ്രതിപാദിക്കുകയാണ്​ ഇൗ പഠനലേഖനത്തിൽ അക്കാദമിക വിചക്ഷണൻ കൂടിയായ ലേഖകൻ.

സാഹിത്യപഠനം സാഹിത്യചരിത്രവും നിരൂപണവും സിദ്ധാന്തവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുകാലത്ത്, നിരൂപണത്തെ ആഴത്തില്‍ അറിയാനും വിലയിരുത്താനുമുള്ള ഒരു മാര്‍ഗം മാത്രമായിരുന്നു, സിദ്ധാന്തം. സാഹിത്യകൃതിയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നത് നിരൂപണമാണെന്നും സിദ്ധാന്തം അതില്‍നിന്നും ഏറെ അകലം പാലിക്കുന്നുവെന്നുമുള്ള നിലപാടിന് സ്വീകാര്യതയേറിയിരുന്നു. സാഹിത്യകൃതി സൃഷ്ടിക്കുന്ന അനുഭൂതിയുടെ അനുരണനങ്ങള്‍ സിദ്ധാന്തവത്കരണത്തിലൂടെ ദുര്‍ബലമാകുന്നുവെന്ന ധാരണ എല്ലാകാലവും ശക്തമാണ്. സിദ്ധാന്തം സൗന്ദര്യാനുഭൂതിയുടെ ഊഷരഭൂമിയായി സാഹിത്യത്തെ മാറ്റുന്നു, എന്നാണ് അതിനെതിരെയുള്ള ആരോപണം. സാഹിത്യത്തിലെ മാനുഷികഭാവങ്ങളെ അത് പാര്‍ശ്വവത്കരിക്കുന്നുവെന്നും പരാതിയുണ്ട്. അത് വെറുമൊരു ബൗദ്ധികവ്യാപാരം മാത്രമായി ചുരുങ്ങിപ്പോകുന്നുവത്രേ.

സാഹിത്യകൃതിയുടെ സൂക്ഷ്മവായനയും വിലയിരുത്തലുമാണ് സാഹിത്യവിമര്‍ശനം സാധ്യമാക്കുന്നതെങ്കില്‍ വായനയുടെ നിലപാടുകളും കാഴ്ചപ്പാടുകളും സാഹിത്യസിദ്ധാന്തങ്ങളിലൂടെയാണ് വ്യക്തമാക്കപ്പെടുന്നത്. സിദ്ധാന്തം, എഴുത്തുകാരനെക്കുറിച്ചും സാഹിത്യമൂല്യങ്ങളെക്കുറിച്ചും എഴുത്തിന്‍റെയും വായനയുടെയും സന്ദര്‍ഭങ്ങളെക്കുറിച്ചും സാഹിത്യത്തിന്‍റെ നിര്‍വചനത്തെക്കുറിച്ചും അടിസ്ഥാനപരമായ സന്ദേഹങ്ങള്‍ ഉയര്‍ത്തുന്നു. ഒരു വായനയും പൂര്‍ണമായി വസ്തുനിഷ്ഠമാണെന്ന് അത് അംഗീകരിക്കുന്നില്ല. സാഹിത്യ കൃതികളിലല്ല, അതിനെ നിര്‍വചിക്കുന്ന പൊതുവായ ആശയങ്ങളിലാണ് സിദ്ധാന്തത്തിന് താൽപര്യം. സാഹിത്യകൃതിയുടെ ഘടന, വായനക്കാരില്‍ അതുണ്ടാക്കുന്ന ചലനങ്ങള്‍, അതിന്‍റെ ഭാഷ, അതിലെ രാഷ്ട്രീയം, അതിന്‍റെ രചനയുടെ സ്വഭാവം -ഇതെല്ലാമാണ് സൈദ്ധാന്തികരെ ആകര്‍ഷിക്കുന്നത്.

ഒരു ലളിതവത്കരണം സാധ്യമാണെങ്കില്‍ സിദ്ധാന്തത്തിന്‍റെ വ്യത്യസ്തരൂപങ്ങള്‍ക്ക് ആധാരമായ ചില അടിസ്ഥാനപ്രമാണങ്ങളെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. സൈദ്ധാന്തികന്‍റെ കാഴ്ചപ്പാടില്‍, നിലനിൽപിനെക്കുറിച്ചുള്ള അടിസ്ഥാനതത്ത്വങ്ങള്‍ അസ്ഥിരമാണ്. അതൊരിക്കലും സുസ്ഥിരവും സുദൃഢവുമല്ല. അനുഭവങ്ങളുടെയും വസ്തുതകളുടെയും ലോകത്ത് അതിന് അസ്തിത്വവുമില്ല. അത് സാമൂഹിക നിര്‍മിതിയാണ്. സാമൂഹികവും രാഷ്ട്രീയവുമായ ശക്തികളെ ആശ്രയിച്ചാണ് അത് നിലനില്‍ക്കുന്നത്. കാഴ്ചയുടെയും വിചിന്തനത്തിന്‍റെയും സൃഷ്ടിയായ അവയൊക്കെ താല്‍ക്കാലികവുമാണ്, ഒരിക്കലും ആത്യന്തികവും പൂര്‍ണവുമല്ല. സുസ്ഥിരമായ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സത്യങ്ങളുമല്ല അവ. ബൗദ്ധികാന്വേഷണങ്ങളുടെ പാഠങ്ങളൊക്കെ തീര്‍ത്തും അയഥാര്‍ഥവും താല്‍ക്കാലികവുമാണെന്നുവരുന്നു. സത്താവാദത്തെയാണ് സിദ്ധാന്തം എതിര്‍ക്കുന്നത്. സിദ്ധാന്തത്തിനടിസ്ഥാനം സത്താവാദവിരുദ്ധതയാണ്.

വസ്തുനിഷ്ഠമായ അന്വേഷണം അസാധ്യമാണെന്നാണ് സിദ്ധാന്തം സൂചിപ്പിക്കുന്നത്. സാഹിത്യവിമര്‍ശനത്തിലെ എല്ലാ പ്രായോഗിക പദ്ധതികളും സൈദ്ധാന്തിക വീക്ഷണകോണിലൂടെയാണ് രൂപപ്പെടുന്നത്. അതുകൊണ്ട് സാധ്യമാകുന്നത് ഒരുതരം ആപേക്ഷികത മാത്രമാണ്. ഏതെങ്കിലും തരത്തിലുള്ള പ്രതിബദ്ധതയെ സാധ്യമാക്കുന്നതാണ് ഈ നിലപാട്.

യാഥാര്‍ഥ്യം ഭാഷയുടെ സൃഷ്ടിയാണ്. അതുകൊണ്ടുതന്നെ എല്ലാം പ്രശ്നവത്കരിക്കപ്പെടുന്നു. ഭാഷ യാഥാര്‍ഥ്യത്തെ രേഖപ്പെടുത്തുകയല്ല, അതിനെ രൂപപ്പെടുത്തുകയാണ്; സൃഷ്ടിക്കുകയാണ്. പ്രപഞ്ചം തന്നെ ഭാഷയുടെ ഉൽപന്നമാണ്. അത് പാഠാധിഷ്ഠിതവുമാണ്. സൈദ്ധാന്തികന്‍റെ കാഴ്ചപ്പാടില്‍ വായനക്കാരനും എഴുത്തുകാരനും സംയുക്തമായാണ് അര്‍ഥത്തെ ഉൽപാദിപ്പിക്കുന്നത്. അര്‍ഥം ആര്‍ക്കുവേണ്ടിയും കാത്തിരിക്കുന്നില്ല. രചനാവേളയില്‍ വായനക്കാരന്‍റെ ഇടപെടലില്‍ മാത്രമാണ് അത് ആവിഷ്കൃതമാകുന്നത്. സാഹിത്യരചനയുടെ പൊരുള്‍ ഒരിക്കലും സ്ഥിരമോ വിശ്വസനീയമോ ആയിരിക്കില്ല. അത് ബഹുമുഖവും സന്ദിഗ്ധവുമായിരിക്കും. ഭാഷ നാനാര്‍ഥങ്ങളുടെ അനന്തമായ വലകള്‍ നെയ്യുകയാണ്, സാഹിത്യരചനയില്‍. സൈദ്ധാന്തികന്, ഒരു സാഹിത്യകൃതി, ഭാഷയുടെ സ്വതന്ത്രമായ ഘടനകളാണ്. അവിടെ പാഠങ്ങള്‍ സംഘര്‍ഷാത്മകബന്ധം പുലര്‍ത്തുന്നു. എഴുത്തുകാരന്‍റെ മരണവും അസാന്നിധ്യവും സൈദ്ധാന്തികന്‍ ആഘോഷിക്കുന്നു.

എല്ലാ സാമാന്യവത്കരണത്തെയും സിദ്ധാന്തം തള്ളിക്കളയുന്നു. സ്വയംപര്യാപ്തമായ, സുനിശ്ചിതമായ അര്‍ഥതലങ്ങളുള്ള ഒന്നാണ് മഹദ് ഗ്രന്ഥം എന്ന ആശയത്തെ സ്വീകരിക്കാന്‍ സൈദ്ധാന്തികര്‍ തയാറല്ല. ഒരു പ്രത്യേക സാമൂഹിക രാഷ്ട്രീയസാഹചര്യത്തിന്‍റെ ഉൽപന്നമാകാം ഒരു സാഹിത്യകൃതി. അത് മഹത്വവത്കരിക്കപ്പെടുമ്പോള്‍, ഈ സാഹചര്യങ്ങള്‍ തമസ്കരിക്കപ്പെടാന്‍ പാടില്ല. മനുഷ്യസ്വഭാവത്തെ വംശത്തെയും ലിംഗഭേദത്തെയും വര്‍ഗത്തെയും മറികടക്കുന്ന ഒരു സാമാന്യവത്കരണമായി കാണാന്‍ സിദ്ധാന്തം അനുവദിക്കുന്നില്ല.

യുദ്ധാനന്തര കാലത്തെ സിദ്ധാന്തത്തിന്‍റെ വളര്‍ച്ചയെ തിരമാലകളോട് ഉപമിക്കാവുന്നതാണ്. വിവിധ സൈദ്ധാന്തിക നിലപാടുകള്‍ വിവിധ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. സൈദ്ധാന്തിക വിപ്ലവം യഥാര്‍ഥത്തില്‍ സാഹിത്യത്തിന്‍റെ സിദ്ധാന്തവത്കരണമോ സാഹിത്യവിമര്‍ശനത്തെക്കുറിച്ചുള്ള വിചിന്തനമോ ആയിരുന്നില്ല. സാഹിത്യബാഹ്യമായ വിഷയങ്ങള്‍ പെട്ടെന്ന് സാഹിത്യത്തെക്കാള്‍ പ്രാധാന്യമുള്ളതായി മാറി. അധികാരം, വര്‍ഗം, വംശം, ലൈംഗികത, മനസ്സ്, ചരിത്രനിര്‍മിതി, വിഷയങ്ങളുടെ അതിരുകള്‍, ഭാഷാചിഹ്നത്തിന്‍റെ സ്വഭാവം എന്നിവയെക്കുറിച്ച് പുതിയ സമീപനങ്ങളും ചിന്താസരണികളും തുറക്കപ്പെട്ടു. സിദ്ധാന്തം വിപ്ലവകരമായത് സാഹിത്യകൃതികളുടെയും വിഷയങ്ങളുടെ അതിരുകളുടെയും പുനര്‍വിന്യാസത്തിലൂടെയാണ്.

പരമ്പരാഗത സാഹിത്യ പണ്ഡിതന്മാരില്‍നിന്നും വിമര്‍ശകരില്‍നിന്നും ഉണ്ടായ എതിര്‍പ്പ് അപ്രതീക്ഷിതമായിരുന്നില്ല. മുമ്പെങ്ങും ഇല്ലാത്ത രീതിയില്‍ സാഹിത്യപഠനവുമായി പുലബന്ധംപോലുമില്ലാത്ത നരവംശ ശാസ്ത്രം, ഭാഷാശാസ്ത്രം, തത്ത്വശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ മേഖലകളിലേക്ക് സിദ്ധാന്തം കടന്നുകയറ്റം നടത്തിയതാണ് ഈ എതിര്‍പ്പിനു കാരണം.

പുനര്‍ജന്മമെടുത്ത മാര്‍ക്സിസ്റ്റ് വിമര്‍ശനവും മനഃശാസ്ത്രവിമര്‍ശനവും ഭാഷാധിഷ്ഠിതവിമര്‍ശനവും പില്‍ക്കാലത്ത് കൂടുതല്‍ കരുത്താര്‍ജിച്ച സ്ത്രീപക്ഷവിമര്‍ശനവും സൈദ്ധാന്തികവിപ്ലവത്തിന് നാന്ദികുറിച്ചു. 1970കളില്‍ ഇംഗ്ലീഷ് പഠനവകുപ്പില്‍, ഒരാഭ്യന്തര കലഹം സൃഷ്ടിച്ചുകൊണ്ട് അവിടേക്ക്, ഫ്രാന്‍സില്‍നിന്നും ഘടനാവാദവും ഘടനാനന്തരവാദവും എത്തി. സാഹിത്യചരിത്രവും സാഹിത്യരചനയുടെ സന്ദര്‍ഭവുമായിരുന്നില്ല ഈ സമീപനങ്ങള്‍ അന്വേഷിച്ചത്. ഭാഷയും തത്ത്വശാസ്ത്രവുമാണ് അതിനെ ആകര്‍ഷിച്ചത്. എണ്‍പതുകളില്‍ ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കിനെ അടയാളപ്പെടുത്തിക്കൊണ്ട്, വിമര്‍ശന പദ്ധതികളുടെ കേന്ദ്രസ്ഥാനത്ത് ചരിത്രവും രാഷ്ട്രീയവും പുനഃസ്ഥാപിക്കപ്പെട്ടു. അങ്ങനെയാണ് ഘടനാവാദത്തിന്‍റെയും ഘടനാനന്തരവാദത്തിന്‍റെയും ഉള്‍ക്കാഴ്ചകളോടെ നവചരിത്രവാദവും സാംസ്കാരിക ഭൗതികവാദവും ഉടലെടുത്തത്. 1990കളില്‍ മാര്‍ക്സിസ്റ്റ് വിശകലനങ്ങളുടെ സാര്‍വകാലികതയെ ചോദ്യംചെയ്തുകൊണ്ട് അധിനിവേശാനന്തര വിമര്‍ശനം രംഗപ്രവേശംചെയ്തു. സമകാലിക സംസ്കാരത്തിന്‍റെ ശൈഥില്യത്തിന്‍റെ പ്രതീകമായി ഉത്തരാധുനികതയും സ്ത്രീപക്ഷപഠനത്തിന് പുതിയ മാനങ്ങളുമായി സ്ത്രീപക്ഷ നിരൂപണ സിദ്ധാന്തവും പിറവിയെടുത്തു.

അമേരിക്കയിലും ബ്രിട്ടനിലും, അറുപതുകള്‍ അനുദിനം വികസിച്ചുവരുന്ന ഉപഭോഗസംസ്കാരത്തിന്‍റെയും ജനാധിപത്യ പാരമ്പര്യത്തിന്‍റെയും വിവരസാങ്കേതികവിദ്യയുടെയും ദശകങ്ങളായിരുന്നു. അധിനിവേശ വ്യവസ്ഥിതിയില്‍നിന്നുള്ള പിന്മാറ്റവും പുതിയ സ്വത്വാധിഷ്ഠിത രാഷ്ട്രീയവും നൂതനസംസ്കാരങ്ങളുടെ വരവും വരിഷ്ഠസംസ്കാരവും ജനകീയസംസ്കാരവും തമ്മിലുള്ള വ്യത്യാസത്തിന്‍റെ തിരോധാനവും ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതകളായിരുന്നു. ബൗദ്ധിക ചിന്തകളെ രൂപപ്പെടുത്തുന്നതില്‍ ഭാഷാശാസ്ത്രത്തിന്‍റെ പങ്കും ആധുനികതയുടെ ഉൽപന്നമായ ശാസ്ത്രപുരോഗതിയോടും യുക്തിബോധത്തോടുമുള്ള സന്ദേഹം കലര്‍ന്ന നിലപാടുകളും ഈ ദശകങ്ങളെ വ്യത്യസ്തമാക്കിയ വാഴ്വിനെ ചൂഴ്ന്നുനില്‍ക്കുന്ന ഹിംസയും അനീതിയും അസ്ഥിരതയും ശൈഥില്യവും അതിന്‍റെ നിഗൂഢതകളുയര്‍ത്തുന്ന വെല്ലുവിളികളും പുതിയ തിരിച്ചറിവിലേക്കും സൈദ്ധാന്തിക സാധ്യതകളിലേക്കുമുള്ള വാതില്‍ തുറക്കുകയായിരുന്നു.

വിജ്ഞാനത്തിന്‍റെ വഴികളില്‍ ഘടനാപരമായ വിപ്ലവങ്ങള്‍ ഉണ്ടായി. ലോകത്തെ കാണുന്ന രീതി തന്നെ മാറുന്നു. കൃത്യതയും സൂക്ഷ്മതയും സൂചിപ്പിക്കുന്ന ശാസ്ത്രീയ പദങ്ങള്‍ക്ക് അര്‍ഥവ്യതിയാനം സംഭവിക്കുന്നു. പലപ്പോഴും, ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ക്ക് വസ്തുനിഷ്ഠതയും സുസ്ഥിരതയും നഷ്ടമാകുന്നു, മാനവിക വിഷയങ്ങള്‍ക്ക് സംഭവിക്കുന്നതുപോലെ. സമീപകാലത്തെ സാഹിത്യപഠനത്തിന്‍റെ സിദ്ധാന്തവത്കരണം അതിന്‍റെ പദാവലിയും ആശയവും കടമെടുത്തത് ഭാഷാശാസ്ത്രം, മനഃശാസ്ത്രം, തത്ത്വചിന്ത, മാര്‍ക്സിസം തുടങ്ങിയ വിജ്ഞാനശാഖകളില്‍നിന്നാണ്. അങ്ങനെയാണ് സാഹിത്യവിമര്‍ശനത്തില്‍ വ്യത്യസ്ത ചിന്താധാരകള്‍ കടന്നുവന്നത്.

ആധുനിക സാഹിത്യസിദ്ധാന്തങ്ങള്‍ ഉദാരമാനവികതാവാദത്തോട് (ലിബറല്‍ ഹ്യൂമനിസം) കലഹിക്കുന്നതായും അതിന്‍റെ പ്രസക്തിയെ ചോദ്യംചെയ്യുന്നതായും കാണാം. മറ്റൊരര്‍ഥത്തില്‍ ഉദാരമാനവികതാവാദത്തിനെതിരെയുള്ള മുന്നേറ്റമാണ് സിദ്ധാന്തം. ഉദാരമാനവികതാവാദത്തോടുള്ള നിഷേധാത്മക നിലപാടാണ് സാഹിത്യസിദ്ധാന്തത്തിന് ഊര്‍ജം പകരുന്നത്.

 

എന്താണ് ഉദാരമാനവികതാ വാദം? സിദ്ധാന്തത്തിനുമുമ്പ് നിലനിന്നിരുന്ന സിദ്ധാന്തമായിരുന്നു, അത് എന്ന നിര്‍വചനത്തെ എതിര്‍ക്കുന്നവരുണ്ട്. സിദ്ധാന്തത്തിന്‍റെ വരവിനുമുമ്പ് നിലനിന്നിരുന്ന വിമര്‍ശനരീതിയെ വിശേഷിപ്പിക്കുവാന്‍ അതിനോട് ആഭിമുഖ്യമില്ലാത്തവര്‍ ഉപയോഗിച്ച പദമാണ് ഉദാര മാനവികതാവാദം എന്ന വിശദീകരണത്തിന് സ്വീകാര്യതയുണ്ട്. രാഷ്ട്രീയ കാര്യങ്ങളില്‍ സമൂലപരിവര്‍ത്തനം ആഗ്രഹിക്കാത്ത, ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറുന്ന, ഒന്നിനും വ്യക്തമായ അഭിപ്രായം പറയാത്തവരെയാണ്, ഉദാരമാനവികതാവാദത്തിന്‍റെ വക്താക്കളായി കണക്കാക്കിയിരുന്നത്. അവരെ മാര്‍ക്സിസ്റ്റ് എന്നോ, സ്ത്രീപക്ഷവാദിയെന്നോ സൈദ്ധാന്തികരെന്നോ വിശേഷിപ്പിക്കാന്‍ കഴിയില്ല. മനുഷ്യസ്വഭാവം സുസ്ഥിരവും അചഞ്ചലവുമാണെന്നും ഉത്തമസാഹിത്യകൃതികള്‍ അതിനെ ആവിഷ്കരിക്കുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. ഉദാരമാനവികതാ വാദത്തിന്‍റെ പ്രയോക്താക്കള്‍ സ്വയം പരിചയപ്പെടുത്താന്‍ ആ വിശേഷണം ഉപയോഗിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍, സാഹിത്യവിമര്‍ശനം നടത്തുന്ന ഒരാള്‍ മാര്‍ക്സിസ്റ്റ് നിരൂപകനെന്നോ ഘടനാവാദ വിമര്‍ശകനെന്നോ മനഃശാസ്ത്ര വിമര്‍ശകനെന്നോ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അയാള്‍ ഉദാരമാനവികതാ വാദത്തിന്‍റെ വക്താവും പ്രയോക്താവും തന്നെയാണ് എന്ന കാഴ്ചപ്പാട് കരുത്താര്‍ജിച്ചു.

ഉദാരമാനവികതാ വാദത്തിന് ഇംഗ്ലീഷ് ഭാഷയുടെയും സാഹിത്യത്തിന്‍റെയും പഠനത്തിന്‍റെയും ചരിത്രപരമായ വികാസപരിണാമവുമായി അഭേദ്യമായ ബന്ധമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങള്‍ വരെ ഓക്സ്ഫഡിലും കേംബ്രിജിലും ഗ്രീക്-ലാറ്റിന്‍ ക്ലാസിക്കുകളും ഗണിതശാസ്ത്രവും ദൈവശാസ്ത്രവും മാത്രമേ പഠിച്ചിരുന്നുള്ളൂ. 1826ല്‍ നിലവില്‍വന്ന ലണ്ടന്‍ സര്‍വകലാശാലയില്‍ 1828ല്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിപ്പിച്ചുതുടങ്ങി. എന്നാല്‍, ഇംഗ്ലീഷ് ഭാഷക്കായിരുന്നു, അവിടെ പ്രാമുഖ്യം ലഭിച്ചത്. ലണ്ടനിലെ കിങ്സ് കോളജില്‍ ആദ്യമായി ഇംഗ്ലീഷ് സാഹിത്യം പഠനവിഷയമായി അംഗീകരിക്കപ്പെട്ടു. സാഹിത്യം ദുഷിച്ച ശീലങ്ങളില്‍നിന്നും മനുഷ്യരാശിക്ക് മോചനം നല്‍കുമെന്നും നന്മയുടെ സാംസ്കാരികമൂല്യങ്ങളോട് അത് മനുഷ്യനെ അടുപ്പിക്കുമെന്നുമുള്ള വിശ്വാസം ശക്തിപ്രാപിച്ചു. എന്നാല്‍, ഇംഗ്ലീഷ് സാഹിത്യപഠനം, ആദ്യകാലത്ത് മതപഠനത്തില്‍നിന്നും വ്യത്യസ്തമല്ലായിരുന്നുവെന്ന് കാണാന്‍ കഴിയും.

ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് 1920കളിലെ കേംബ്രിജ് വിപ്ലവത്തിലൂടെയാണ്. അതിന് നേതൃത്വം നല്‍കിയത് ഐ.എ. റിച്ചാര്‍ഡ്സും വില്യം എംപ്സണും എഫ്.ആര്‍. ലീവിസുമായിരുന്നു. ഇംഗ്ലീഷ് പഠനത്തിന് പുതിയ ദിശാബോധം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു. പ്രായോഗികവിമര്‍ശനത്തിന്‍റെ (പ്രാക്ടിക്കല്‍ ക്രിട്ടിസിസം) ഉപജ്ഞാതാവായിരുന്നു ഐ.എ. റിച്ചാര്‍ഡ്സ്. അദ്ദേഹം ചിട്ടപ്പെടുത്തിയ ഇംഗ്ലീഷ് സാഹിത്യപഠനരീതിയുടെ പ്രസക്തി ഒരിക്കലും നഷ്ടപ്പെട്ടിരുന്നില്ല. സാഹിത്യപഠനത്തില്‍ സാഹിത്യകൃതിയെ അതിന്‍റെ സന്ദര്‍ഭങ്ങളില്‍നിന്നും ചരിത്രത്തില്‍നിന്നും വേര്‍പെടുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം കണ്ടെത്തി. സാഹിത്യകൃതിയുടെ ഗാഢവായനയും വാക്കുകളുടെ ആഴത്തിലുള്ള വിശകലനവും സാഹിത്യവിമര്‍ശനത്തിന് പുതിയ സാധ്യതകള്‍ പ്രദാനംചെയ്തു. അവ്യക്തതയുടെ അഴകാര്‍ന്ന രൂപകപ്രവാഹത്തെ സാഹിത്യവിമര്‍ശനമെന്ന് വിളിച്ചവര്‍ പുതിയ വായനാരീതിയെ സംശയത്തോടെ കണ്ടു.

റിച്ചാര്‍ഡ്സിന്‍റെ പ്രശസ്തനായ വിദ്യാര്‍ഥി എംപ്സണ്‍ തന്‍റെ ‘സെവന്‍ ടൈപ്സ് ഓഫ് ആംബിഗ്വിറ്റി’ എന്ന രചനയില്‍ ഗാഢവായനക്ക് ഗണിതശാസ്ത്രത്തിന്‍റെ കൃത്യത നൽകാന്‍ ശ്രമിച്ചു. അതുകൊണ്ടുതന്നെ ലീവിസും എലിയറ്റും എംപ്സന്‍റെ വിമര്‍ശനരീതിയില്‍നിന്നും സുരക്ഷിതമായ അകലം പാലിച്ചു. ലീവിസ് ഗാഢവായനയുടെ സാധ്യതകള്‍ കവിതയില്‍ മാത്രമല്ല, നോവലുകളിലും പരീക്ഷിച്ചു. ധാര്‍മികമൂല്യങ്ങള്‍ക്കും ജീവിതദര്‍ശനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ഒരു വിമര്‍ശന സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്.

ഉദാരമാനവികതാ വാദത്തില്‍ അധിഷ്ഠിതമായ സാഹിത്യപഠനത്തിന്‍റെ വികാസപരിണാമങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട്. അത് ഭാഷാപഠനം, ചരിത്രപരമായ അന്വേഷണം, ദാര്‍ശനിക വിശകലനം എന്നിവയുടെ സ്വാധീനത്തില്‍നിന്നും സ്വതന്ത്രമായിരുന്നു. ഒരുകാലത്ത്, അപ്രസക്തമായിരുന്ന ഈ വിഷയങ്ങളെ സാഹിത്യപഠനവുമായി പുതിയ രീതിയില്‍ ബന്ധിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് സിദ്ധാന്തങ്ങളില്‍ കാണുന്നത്.

സിദ്ധാന്തത്തിനു മുമ്പുള്ള സിദ്ധാന്തം തുടങ്ങുന്നത്, ഒരുപക്ഷേ അരിസ്റ്റോട്ടിലില്‍നിന്നായിരിക്കും. എന്നാല്‍, കലയെയും സാഹിത്യത്തെയും സംബന്ധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ച് സൈദ്ധാന്തികതലത്തില്‍, ഗൗരവമേറിയ അന്വേഷണം ആദ്യം നടത്തിയത് പ്ലേറ്റോ ആയിരുന്നു. ഹോമറിനെപ്പോലെയുള്ള പൗരാണിക യവനസാഹിത്യകാരന്മാരുടെ കൃതികളാണ് പ്ലേറ്റോ, തന്‍റെ പഠനത്തിന് വിധേയമാക്കിയത്. ഒരു പ്രത്യേകതരം പ്രപഞ്ചവീക്ഷണത്തിന്‍റെ സൃഷ്ടികളായി ഈ കൃതികളെ കാണാനും അവയുടെ ധാര്‍മികമൂല്യങ്ങളുടെ പ്രസക്തി വിലയിരുത്താനും അദ്ദേഹം ശ്രമിച്ചു.

പ്രപഞ്ചത്തെക്കുറിച്ച് മൗലികമായ കണ്ടെത്തലുകള്‍ നടത്താനും അതിന്‍റെ അടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ ആശയങ്ങള്‍ക്ക് രൂപംനല്‍കാനും ഒരുമ്പെടുമ്പോള്‍ത്തന്നെ, അദ്ദേഹം തന്‍റെ കാലത്തെ കവികളുടെ കാഴ്ചപ്പാടുകളുമായി നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. തങ്ങളുടെ പ്രപഞ്ചദര്‍ശനം സത്യത്തിന്‍റെ ആവിഷ്കാരമാണെന്ന് കവികള്‍ അവകാശപ്പെട്ടു. എന്നാല്‍, പ്രപഞ്ചസത്യങ്ങള്‍ ആവിഷ്കരിക്കാനുള്ള യോഗ്യത അവര്‍ക്കില്ലെന്ന് പ്ലേറ്റോ സമര്‍ഥിച്ചു. പ്രപഞ്ചത്തെക്കുറിച്ച് വേണ്ടത്ര ജ്ഞാനം ഇല്ലാത്ത കവികള്‍ അസത്യത്തെ സത്യമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. ഇങ്ങനെയുള്ള സാഹിത്യം പ്രചരിപ്പിക്കുന്ന തെറ്റായ ആശയങ്ങള്‍ പ്രേക്ഷകരും വായനക്കാരും ആന്തരവത്കരിക്കുമെന്നും അവരുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും അത് പ്രതികൂലമായി സ്വാധീനിക്കുമെന്നുമാണ് അദ്ദേഹം കണ്ടെത്തിയത്.

പ്ലേറ്റോയുടെ സാഹിത്യസിദ്ധാന്തങ്ങള്‍ അദ്ദേഹത്തിന്‍റെ ആശയവാദസിദ്ധാന്തങ്ങളുടെ പ്രതിഫലനമാണ്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ യാഥാര്‍ഥ്യം, മനുഷ്യന് അപ്രാപ്യമായ അതിഭൗതികതലത്തിലാണ് കുടികൊള്ളുന്നത്. അതിസങ്കീര്‍ണമായ ദാര്‍ശനിക പ്രക്രിയയിലൂടെ മാത്രം പ്രാപ്യമാകുന്ന ഒന്നാണത്. ഇന്ദ്രിയവേദ്യമായ പ്രപഞ്ചവും അവിടത്തെ മനുഷ്യരും അനുഭവങ്ങളുമൊന്നും യഥാര്‍ഥമല്ല. അവക്ക് യാഥാര്‍ഥ്യത്തിന്‍റെ സാദൃശ്യം മാത്രമേയുള്ളൂ. അവ നിഴലുപോലെയാണ്, കോപ്പികള്‍ മാത്രമാണ്.

സാഹിത്യസൃഷ്ടി മറ്റ് കലാരൂപങ്ങളെപോലെ അനുകരണം മാത്രമാണെന്ന് പ്ലേറ്റോ ‘റിപ്പബ്ലിക്കി’ല്‍ വ്യക്തമാക്കുന്നുണ്ട്. സാഹിത്യകാരന്‍ കാണുകയും കേള്‍ക്കുകയും അറിയുകയുംചെയ്യുന്ന ഭൗതികലോകത്തിലെ വസ്തുക്കളുടെയും മനുഷ്യരുടെയും സംഭവങ്ങളുടെയും കലാപരമായ പ്രതിനിധാനമാണ് സാഹിത്യരചന. അതൊരിക്കലും സത്യത്തിന്‍റെ ആവിഷ്കാരമാകുന്നില്ല. സത്യം സാഹിത്യകാരന് അപ്രാപ്യമാണ്. അയാള്‍ നിര്‍മിക്കുന്നതും അസത്യത്തിന്‍റെ, മിഥ്യയുടെ ലോകത്തെയാണ്. യാഥാര്‍ഥ്യത്തില്‍നിന്നും പലവുരു നാടുകടത്തപ്പെട്ടതാണത്. ഇപ്രകാരമാണ് പ്ലേറ്റോയുടെ വാദഗതികള്‍ പോകുന്നത്. താന്‍ വിഭാവനംചെയ്യുന്ന ആദര്‍ശരാഷ്ട്രത്തില്‍നിന്ന് കവികളെ പുറത്താക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.

 

അരിസ്റ്റോട്ടിലിന്‍റെ ‘പോയറ്റിക്സ്’ ആദ്യത്തെ ലക്ഷണമൊത്ത സാഹിത്യസിദ്ധാന്തമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യത്തിന്‍റെ പൊതുസ്വഭാവമാണ് അതില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. കവിത യാഥാര്‍ഥ്യത്തിന്‍റെ ഭാവനാത്മകമായ പുനര്‍നിര്‍മിതിയാണെന്നും അതുകൊണ്ടുതന്നെ, അത് യാഥാര്‍ഥ്യത്തോട് കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം സമര്‍ഥിച്ചു. അനുകരണത്തെ, സര്‍ഗാത്മക പ്രക്രിയയായി, അദ്ദേഹം പുനര്‍വ്യാഖ്യാനിക്കുകയായിരുന്നു.

ദുരന്തനാടകത്തെക്കുറിച്ചുള്ള അരിസ്റ്റോട്ടിലിന്‍റെ പ്രസിദ്ധമായ നിര്‍വചനം വിശകലനംചെയ്യുമ്പോള്‍, സാഹിത്യകൃതിയില്‍ അദ്ദേഹം കഥാപാത്രത്തിന് പ്രമേയഘടനക്കൊപ്പം പ്രാമുഖ്യം നല്‍കുന്നതായി കാണാവുന്നതാണ്. കഥാപാത്രത്തിന്‍റെ സ്വഭാവസവിശേഷതകളും അയാളെ വിടാതെ പിന്തുടരുന്ന വിധിവൈപരീത്യവും ചുരുളഴിയുന്നത് പ്രവൃത്തികളിലൂടെയാണ്. പ്രമേയഘടനയുടെ വികാസപരിണാമങ്ങള്‍, അരിസ്റ്റോട്ടില്‍ സൂക്ഷ്മതയോടെ വരച്ചുകാട്ടുന്നുണ്ട്.

നാടകം പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന മാനസികവും വൈകാരികവുമായ അസ്വസ്ഥതകളെയും പിരിമുറുക്കങ്ങളെയുംകുറിച്ച് അരിസ്റ്റോട്ടില്‍ ബോധവാനായിരുന്നു. ദുരന്തനാടകം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്‍, ‘കഥാര്‍സിസ്’ എന്ന് അരിസ്റ്റോട്ടില്‍ വിശേഷിപ്പിക്കുന്ന ഒരു വിരേചനപ്രക്രിയക്ക് വിധേയനാകുന്നു. ഒരുപക്ഷേ, വായനക്കാരനെ കേന്ദ്രീകരിച്ചുള്ള ആദ്യത്തെ വിമര്‍ശനസിദ്ധാന്തത്തിന് രൂപംനല്‍കിയത് അരിസ്റ്റോട്ടില്‍ ആയിരിക്കും. പ്രേക്ഷകന്‍റെ മനസ്സില്‍ അനുകമ്പയും ഭീതിയും ഉണരുന്നു. അയാള്‍ ദുരന്തനായകന്‍റെ അനുഭവങ്ങളുമായി താദാത്മ്യംപ്രാപിക്കുന്നു. മനസ്സിലുയരുന്ന അനഭിലഷണീയ വികാരങ്ങളായ അനുകമ്പയില്‍നിന്നും ഭീതിയില്‍നിന്നും മോചനം നേടുന്ന പ്രേക്ഷകന്‍ അനിര്‍വചനീയമായ ശാന്തിയും സമാധാനവും അനുഭവിക്കുന്നു.

ഇംഗ്ലീഷ് ഭാഷയില്‍ ആദ്യമായി സാഹിത്യത്തെക്കുറിച്ച് ഗൗരവമേറിയ നിരീക്ഷണങ്ങള്‍ നടത്തിയത് സര്‍ ഫിലിപ് സിഡ്നി ആയിരുന്നു. അരിസ്റ്റോട്ടിലിന്‍റെ സിദ്ധാന്തങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന സിഡ്നിയുടെ കാവ്യദര്‍ശനം ഒരിക്കലും അന്ധമായ അനുകരണമായിരുന്നില്ല. അരിസ്റ്റോട്ടിലിന് കവിത അനുകരണത്തിന്‍റെ കലയാണ്. അനുകരണം ആനന്ദകരമായ അനുഭവമാണെന്ന് അദ്ദേഹം കരുതിയിരുന്നു. സിഡ്നിക്കും കവിത അനുകരണത്തിന്‍റെ കലതന്നെയാണ്. എന്നാല്‍, ആനന്ദിപ്പിക്കുന്നതോടൊപ്പം അത് അനുവാചകനെ ചിലതൊക്കെ പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. സാഹിത്യകൃതിയുടെ വായന പ്രാഥമികമായി സന്തോഷദായകമാണെന്ന ആശയം ഇവിടെ സ്പഷ്ടമാവുകയാണ്.

 

സർ ഫിലിപ് സിഡ്നി,വില്യം എംപ്സൺ

തത്ത്വചിന്ത ഉദാത്തമാണെങ്കിലും ആനന്ദം നല്‍കുന്നില്ല എന്നു സ്ഥാപിക്കാന്‍ സിഡ്നി ശ്രമിക്കുന്നുണ്ട്, അദ്ദേഹത്തിന്‍റെ ‘അപ്പോളജി ഫോര്‍ പോയട്രി’യില്‍ (1580). വായനക്കാരനെ ആനന്ദിപ്പിക്കുകയാണ് സാഹിത്യത്തിന്‍റെ മുഖ്യധര്‍മമെന്നും ധാര്‍മികമൂല്യങ്ങള്‍ പകരുന്നതിന് അത്രതന്നെ പ്രാധാന്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇതൊരു ധീരമായ നിലപാടായിരുന്നു, അക്കാലത്ത്. സാഹിത്യത്തിന്‍റെ എല്ലാ രൂപങ്ങളെയും സംശയത്തോടെ വീക്ഷിച്ചിരുന്ന, മതവിശ്വാസം പ്രബലമായിരുന്ന ഒരു കാലഘട്ടത്തില്‍, സാഹിത്യത്തെ വിശ്വാസത്തിന്‍റെ ചങ്ങലയില്‍നിന്നും മോചിപ്പിക്കുവാന്‍ അസാധാരണമായ ധൈര്യം ആവശ്യമായിരുന്നുവെന്നു കാണാന്‍ പ്രയാസമില്ല. സിഡ്നി സാഹിത്യത്തിന്‍റെ പൊതുസ്വഭാവത്തെക്കുറിച്ചാണ്, തികഞ്ഞ ഉള്‍ക്കാഴ്ചയോടെ, തന്‍റെ നിരീക്ഷണങ്ങള്‍ നടത്തിയത്. ഏതെങ്കിലും ഒരു പ്രത്യേക സാഹിത്യകൃതിയെ വിശകലനംചെയ്യുകയായിരുന്നില്ല അദ്ദേഹം. സാഹിത്യസിദ്ധാന്തം അദ്ദേഹത്തിലൂടെ വളരുകയായിരുന്നുവെന്നതാണ് സത്യം.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT