ഒറ്റാലും തെറ്റാലിയും

എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ വിജു വി. നായർ എഴുതുന്ന ‘ഒറ്റാലും തെറ്റാലിയും’ പംക്​തിയിലെ ആദ്യ കുറിപ്പാണിത്​. അ​തൃ​പ്തി​യു​ടെ ധാ​രാ​ളി​മ കു​മി​ഞ്ഞു​കൂ​ട്ടു​ക​യാ​ണോ വി​ര​ൽ​ത്തു​ഞ്ച​ത്തെ വി​നി​മ​യ​പ്ര​പ​ഞ്ചം?ആയുധം, അതേന്തുന്നവന് ആത്മബലമേകും, ആശങ്കയും. രക്ഷാബോധത്തിന്റെ സയാമീസ് ഇരട്ടയാണ് അപായഭീതി. മറിച്ചല്ല മൊബൈൽ ഫോണിന്റെയും പ്രകൃതവിധി. ലോകം സദാ വിരൽത്തുമ്പിൽ ഭ്രമിക്കുമ്പോഴും ആധിയാണ് –വല്ലതും ‘മിസ്സാ’യോ? സമൂഹമാധ്യമ നീരാളിപ്പിടിയിൽ ഈ മനോവ്യാധി പിടിപെട്ടവർക്കാണ് മൃഗീയ ഭൂരിപക്ഷം. അങ്ങനെ പെട്ടവർതന്നെയാണ് സമൂഹത്തിലും ഭൂരിപക്ഷം, മൃഗീയ. ഒട്ടുമേ പുതുതല്ല...

എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ വിജു വി. നായർ എഴുതുന്ന ‘ഒറ്റാലും തെറ്റാലിയും’ പംക്​തിയിലെ ആദ്യ കുറിപ്പാണിത്​. അ​തൃ​പ്തി​യു​ടെ ധാ​രാ​ളി​മ കു​മി​ഞ്ഞു​കൂ​ട്ടു​ക​യാ​ണോ വി​ര​ൽ​ത്തു​ഞ്ച​ത്തെ വി​നി​മ​യ​പ്ര​പ​ഞ്ചം?

ആയുധം, അതേന്തുന്നവന് ആത്മബലമേകും, ആശങ്കയും. രക്ഷാബോധത്തിന്റെ സയാമീസ് ഇരട്ടയാണ് അപായഭീതി. മറിച്ചല്ല മൊബൈൽ ഫോണിന്റെയും പ്രകൃതവിധി. ലോകം സദാ വിരൽത്തുമ്പിൽ ഭ്രമിക്കുമ്പോഴും ആധിയാണ് –വല്ലതും ‘മിസ്സാ’യോ? സമൂഹമാധ്യമ നീരാളിപ്പിടിയിൽ ഈ മനോവ്യാധി പിടിപെട്ടവർക്കാണ് മൃഗീയ ഭൂരിപക്ഷം. അങ്ങനെ പെട്ടവർതന്നെയാണ് സമൂഹത്തിലും ഭൂരിപക്ഷം, മൃഗീയ.

ഒട്ടുമേ പുതുതല്ല ‘നഷ്ടബോധ’ത്തിന്റെ വ്യഗ്രതക്കഥ. ഫേസ്ബുക്കിൽ മനുഷ്യർ പഴയ ചങ്ങാതികളെ തപ്പിത്തുടങ്ങുന്നതിനും എത്രയോ മുമ്പേ ഈ അശാന്തിക്കുമേൽ പുസ്തകങ്ങളുണ്ടായി. സ്റ്റെന്താളും ബ്രോണ്ടിയുമൊക്കെ നഷ്ടപ്പെടുത്തിയ ജീവിതാവസരങ്ങളിലാണ് വിലപിച്ചത്. ‘നഷ്ടവസന്തത്തിൻ തപ്തനിശ്വാസം’ കാത്ത കവികളെത്രയോ മലയാളക്കരയിലുമുണ്ട്. ഇന്ന് പക്ഷേ നഷ്ടങ്ങൾ നിമിഷംപ്രതിയാണ്. വിവരവിശേഷങ്ങളുടെ ഹിമപാതത്തിൽ അതിനില്ല താപ്പും താരിപ്പും. ഈ കുറിപ്പൊന്ന് വായിക്കാൻ മെനക്കെടുന്നവർക്ക് ഈ നിമിഷം നഷ്ടപ്പെടുന്നത് ഏതെങ്കിലും ചങ്ങാതിയുടെ സന്ദേശം. അല്ലെങ്കിൽ വാട്സ്ആപ് കൂട്ടായ്മയിലെ നടപ്പുസൊറ. അതുമല്ലെങ്കിൽ വൈറൽ കാറ്റത്തെ പുതിയ പരാഗണം.

ആകർഷകമായ വ്യക്തിത്വം ചമക്കാനാണ് ഏതു നെറ്റിസെന്റെയും പ്രഥമത്വര. അതുതന്നെയാണ് ഇപ്പറഞ്ഞ വ്യഗ്രതക്ക് വീറു പകരുന്നതും. ഹൃദയംഗമത്വം നിർവചിക്കുന്നതിൽ യന്ത്രസരസ്വതി മുഖ്യ പരികർമിയായിരിക്കുന്ന നടപ്പുകഥ പറയുന്ന പുസ്തകങ്ങൾതന്നെയുണ്ട്. അവയൊക്കെ ധ്വനിപ്പിക്കുന്നത്​ ഏതാണ്ട്​ ഒരേ കാര്യം –ഹൃദയംഗമത്തിന്​ നാം കൂടുതൽ കൂടുതൽ പ്രതീക്ഷ യന്ത്രത്തിലർപ്പിക്കുന്നു, മനുഷ്യരിൽ മറിച്ചും. സമൂഹമാധ്യമ ശൃംഖലകളിലെ നൂറുകണക്കിന് ‘സുഹൃത്തു’ക്കളെ ജീവിതത്തിൽ യഥാർഥത്തിലുള്ള ചുരുക്കം ചങ്ങാതികളുമായി നാം കൂട്ടിക്കുഴക്കുന്നു. ഈ കൃത്രിമസമൃദ്ധിക്ക് കൊടുക്കുന്നൊരു ചേതവിലയുണ്ട് –യഥാർഥ ഹൃദയബന്ധങ്ങളുടെ ക്ഷയം.

അത് പുതിയൊരുതരം ഏകാകിതക്ക് പിറവിയേകുന്നു. യഥാർഥത്തിലുള്ള ബന്ധങ്ങളിൽ ദുർബലരും അടുപ്പത്തിന് സദാ കൊതിക്കുന്നവരുമായ ഏകാകികൾ. കൂടുതൽ കൂടുതൽ ബന്ധങ്ങൾക്കായി യന്ത്രത്തെ അഭയം പ്രാപിക്കുന്നു. അതേസമയം, ഉള്ള യഥാർഥ ബന്ധങ്ങൾക്കുനേരെ കവചം പടുക്കുന്നു. അകലങ്ങളോട് ‘കണക്ടിവിറ്റി’ കൂട്ടിയെടുക്കുമ്പോൾ അരികത്ത് ‘ഡിസ്കണക്ടഡാ’വുന്നു. ഇതൊരു കാലികവിധിയാണ്, ബന്ധങ്ങളുടെ പ്രതീതിവലയിൽ അകപ്പെട്ടിരിക്കുന്ന നവീന മനുഷ്യന്റെ.

ഇവിടെ ഒരു ചോദ്യമുയരുന്നു: ഒരാൾക്ക് എത്ര ചങ്ങാതി വേണ്ടതുണ്ട്? വസ്തുനിഷ്ഠമായി നോക്കിയാൽ ഒരു കൂട്ടത്തിലെ 100-150 പേർക്കപ്പുറം ആളുകളെ വേർതിരിച്ച് ഉൾക്കൊള്ളാൻ ധൈഷണികമോ വൈകാരികമോ ആയ ശേഷി മനുഷ്യനില്ല. 150 എന്നുവെച്ചാൽ, നവീന ശിലായുഗത്തിലെ ഒരു ഗ്രാമജനതയുടെ ശരാശരി. നിത്യം ഏതാണ്ട് 100 ടെക്സ്റ്റ് മെസേജ് കുത്തിവിടുന്ന യുവത്വത്തോട് അതിനെയൊന്ന് തട്ടിച്ചുനോക്കുക –മാസം 3000 സന്ദേശങ്ങൾ! മറുപടി ഉടനടി കൊടുക്കാത്തപക്ഷം ബന്ധവലയത്തിൽനിന്ന് ഭ്രഷ്ടമാവുമോയെന്ന വ്യഗ്രതയാണ് മനുഷ്യരെക്കൊണ്ട് ഈ അധ്വാനമെടുപ്പിക്കുന്നത്. മറുപടി ഉടനടി കിട്ടാത്തപക്ഷവും കുറവൊന്നുമില്ല, ഈ ആധിവ്യഥക്ക്.

ഒഴിവോ കിഴിവോ ഇല്ലാത്ത കെണിയാണ് ഇന്ന് ഫോൺ. ആദ്യം ഫോൺ, പിന്നെ ആപ്, പിന്നെ അവ വെക്കുന്ന ആപ്പ്. ഈ ചക്രത്തിനുള്ളിലല്ലാതെ നിത്യവിനിമയം ഏറക്കുറെ അസാധ്യം. അല്ലെങ്കിൽപിന്നെ ചരിത്രത്തിന് പുറത്ത് ജീവിക്കണം. അതിന് വേണം വിപദിധൈര്യം, ബോധിധർമന്റെ. അല്ലെങ്കിൽ വേണം സരളമാനസം, മൈക്കൽ -കെയുടെ. തഥാഗതനോ കൂറ്റ്സേയുടെ കഥാപാത്രമോ അല്ലായ്കകൊണ്ട് മനുഷ്യർ അടിപ്പെട്ടുപോകുന്നു, ഈ വല്ലായ്കക്ക്. ഉപകരണത്തെ ഉടമയല്ല, മറിച്ചാണ് കൈകാര്യം ചെയ്യുന്നത് –ഉപകരണം ഉടയോനും ഉടമ അടിയാനും.

 

ഹെർബേട്ട് സൈമൺ,റിച്ചാർഡ് ഓവറി

സൗകര്യ വികസനമെന്ന പേരിൽ അവതരിക്കുന്ന വിവിധ ആപ്പുകൾ ഈ അടിമത്തത്തിന്റെ കൈവിലങ്ങും കാൽച്ചങ്ങലയുമാകുന്നു. മനുഷ്യനെ അവ നിർന്നിമിഷം ഫോണിലാക്കുന്നു, നിരന്തരം. കുടുംബകത്ത്, അയൽപക്കത്ത്, തീവണ്ടിമുറികളിൽ, തെരുവീഥികളിൽ, ചങ്ങാതിക്കൂട്ടത്തിൽ, ചാക്കാലച്ചടങ്ങിൽ... എവിടെയും. മനുഷ്യൻ അടുത്തിരിക്കെ അകന്നിരിക്കുന്നു –പ്രകാശവർഷങ്ങളുടെ അകലത്ത്, ചിലപ്പോൾ. ഒക്കെ കൈഫോണിന്റെ മായാകേളി. വേദാന്തി തിരുത്തുക, ആൻഡ്രോയ്ഡ് സത്യം ജഗന്മിഥ്യ.

വിവരപ്രളയം. വിലപിടിച്ചൊരു വിഭവത്തെ നിശ്ശബ്ദം മുക്കിക്കൊല്ലുന്നുണ്ട് –ശ്രദ്ധ. മുമ്പേതന്നെ ഗണ്യമായി ശുഷ്കിച്ചുവന്ന ആ വിഭവത്തിന്മേൽ പുത്തൻ വിനിമയോപാധികൾ ചുമത്തുന്ന ഭാരം ചില്ലറയല്ല. മുൻഗണനാക്രമം നിശ്ചയിക്കുന്നതിൽ മാത്രമല്ല പ്രശ്നം. വന്നുവീണുകൊണ്ടേയിരിക്കുന്ന വിവരങ്ങളത്രയും ഉൾക്കൊള്ളാനും പാകപ്പെടുത്താനും നമുക്ക് ഭൗതികശേഷിയില്ല. അതുകൊണ്ട്, വിവരസാഗരത്തിൽ നിലകിട്ടാതെ നിലവിളിക്കുകയാണ് മനസ്സ്, രക്ഷക്ക്. പരന്നുപരന്ന് പോകുന്ന ഉപരിതലത്തിലെ ‘കണക്ടിവിറ്റി’യും സൈറ്റിൽനിന്ന് സൈറ്റിലേക്കും ആപ്പിൽനിന്ന് ആപ്പിലേക്കുമുള്ള ആഴ്ന്നുപോക്കും. ഇതാണ് ശ്രദ്ധക്കുള്ള വാരിക്കുഴി. ഹൃദയംഗമത്വവും ആത്മാർഥതയും ഏറക്കുറെ അപ്രായോഗികമാക്കിക്കൊണ്ട് നമ്മെ ബന്ധ(ന)വലയത്തിലെ ഏകാകികളാക്കുന്ന ചുഴലി.

നേരാണ് കൈപ്പിടിയിലെ വിനിമയയന്ത്രത്തിൽനിന്ന് പിടിവിട്ട് നിൽക്കുക അപ്രായോഗികം. ജീവിതത്തിന് കൈവന്നിരിക്കുന്ന ഭ്രാന്താവേഗത്തിനിടെ പലതും കൈവിട്ടേക്കുമെന്ന ആശങ്കയാണ് യന്ത്രാടിമത്തത്തിന്റെ ഈ പ്രായോഗികതക്ക് നാന്ദി. തമാശയുണ്ട് –അങ്ങനെ കൈവിടുന്നത് തീർത്തും സ്വാഭാവികമാണെന്ന തിരിച്ചറിവാണ് യന്ത്രമുക്തിക്കും നാന്ദി. ഇപ്പറഞ്ഞ രണ്ടാം നാന്ദിക്ക് മനസ്സുകൊടുത്താൽ അലിഞ്ഞുതുടങ്ങും ആശങ്ക, കൈവിടലിന്റെ വ്യഗ്രത.

സമ്പദ്ശാസ്ത്ര നൊ​േബൽ കിട്ടിയ ഹെർബേർട്ട് സൈമൺ സമ്മാനിച്ച ഒരു വാക്കുണ്ട്: Satisfice. തൃപ്തിപ്പെടലും (Satisfy) മതിയാകലും (Suffice) കൂട്ടിത്തുന്നിയപ്പോൾ കിട്ടിയ അർഥവല്ലരി. നിഷ്പത്തി ലളിതം –നമ്മുടെ പ്രയോജനങ്ങൾ പരമാവധിയാക്കാൻ കിണയുന്നതിന് പകരം തൃപ്തികരമായ ഫലങ്ങൾ തേടുക. കാരണം, സങ്കീർണമായ തിരഞ്ഞെടുപ്പുകൾക്കുവേണ്ട സിരാശേഷിയില്ല, പൊതുവേ മനുഷ്യന്. ലഭ്യമായ മുഴുവൻ സാധ്യതകളും സാധ്യമായ മുഴുവൻ പരിണതഫലങ്ങളും പാകം ചെയ്യാൻ നമുക്കാവില്ല.

കിണയുന്നത് നവസാങ്കേതികവലക്ക് അകത്തായാലും പുറത്തായാലും. ഹെർബർട്ടിന്റെ ആത്മകഥ പറയുന്നുണ്ട്, അക്കഥ: തന്റെ ജീവിതം ഒറ്റയൊറ്റ നിശ്ചയങ്ങളുടെ പരമ്പരയാണെന്ന്, ഓരോ നിശ്ചയവും ലഭ്യമായ സാധ്യതകളിൽനിന്ന് തരക്കേടില്ലാത്തതിനെ തിരഞ്ഞെടുക്കലായിരുന്നെന്ന്. ഏറ്റവും മികച്ചത് മാത്രം തിരഞ്ഞെടുക്കുന്നപക്ഷം അത് നേടിക്കൊള്ളണമെന്നില്ല. അതിനുവേണ്ടിയുള്ള യാതനയായിത്തീരുന്നു, ജീവിതം പിന്നെ. അതൃപ്തി നിത്യാനുഭവവും. നേട്ടപ്പട്ടിക നോക്കുമ്പോൾ ചുറ്റിലുമുള്ളവരുടേതിലും എളിയ നേട്ടങ്ങളാവും സ്വന്തം സഞ്ചികയിൽ. പക്ഷേ പെരിയ നേട്ടക്കാരേക്കാൾ പെരുത്തുണ്ടാകും സംതൃപ്തി. അവരുടെ നിരാശകൾ മിക്കതും ഉണ്ടാവില്ലതാനും.

തൃപ്തമായത്ര മതി എന്നത് കേവലമൊരു നയമല്ല, ലോകവീക്ഷണവും ജീവിതരീതിയുമാണ്. ചിലരിലെങ്കിലും അതൊരു ജനിതക സ്വഭാവമായി പരിണമിച്ചെന്നും വരാം. സംഗതി കൊള്ളാം, പക്ഷേ അപ്രായോഗികം –സത്വര പ്രതികരണത്തിന്റെ ല.സാ.ഗു ഇങ്ങനെയാവും. നിൽക്ക് നിൽക്ക്, അത് തിരുത്തുന്ന ഉ.സാ.ഘയുണ്ട് കൺമുന്നിൽ. ഓഹരിച്ചന്തയിലെ കാളയോട്ടങ്ങൾക്കിടയിലും മൂലധന നിക്ഷേപകർ പറയാറില്ലേ, വിലയേറ്റത്തിന്റെ നെറുകയിൽ വിൽക്കുന്നതിലും നന്ന്. തൃപ്തികരമായ മെച്ചം കിട്ടിയപാടേ വിറ്റൊഴിക്കുന്നതാണെന്ന്? അത് അവരുടെ പ്രായോഗിക നയമാണ്. കാരണം, തൃപ്തികരാവസ്ഥയിലും മതിവരാത്ത കമ്പനികളുടെ മൃതദേഹങ്ങൾ യഥേഷ്ടമുണ്ട് കോർപറേറ്റ് ശ്മശാനങ്ങളിൽ.

പ്രായോഗികതയുടെ ജീവന്മരണവേദി എടുക്കാം: യുദ്ധം. രണ്ടാം ലോകയുദ്ധത്തിന്റെ ഫലങ്ങൾ അപഗ്രഥിച്ച് ചരിത്രകാരൻ റിച്ചഡ് ഒവേറി പ്രശസ്തമാക്കിയ പുസ്തകം –‘Why the Allies Won’. ഒവേറിയുടെ കണ്ണിൽ അന്നത്തെ പ്രത്യക്ഷഫലങ്ങൾ യുദ്ധത്തിന്റെ സ്വാഭാവിക ഫലങ്ങളല്ല. പട ജയിക്കാനുള്ള ആയുധശേഖരമുണ്ടായിരുന്നു, ജർമനിക്ക്. പക്ഷേ, പടവെട്ടിനുള്ള ശേഷിക്ക് പകരംവെച്ചു ശേഖരത്തെ. ഒരുഘട്ടത്തിൽ അവർക്ക് 425 തരം യുദ്ധവിമാനങ്ങളും 151 തരം ട്രക്കുകളും 150 തരം ബൈക്കുകളുമുണ്ടായിരുന്നതാണ്. അത്രക്ക് വൻതോതിലുള്ള യന്ത്രോൽപാദനം അന്ന് ശത്രുരാജ്യങ്ങൾക്ക് ദുഷ്കരമായിരുന്നു. അങ്ങനെ ജർമനിയുടെ ശേഖരത്തിന് തന്ത്രപ്രധാന മേൽക്കൈ കിട്ടി. റഷ്യയിൽ നടത്തിയ നിർണായകമായ ആക്രമണത്തിൽ ഈ യന്ത്രക്കൂമ്പാരത്തിനുവേണ്ട 10 ലക്ഷം സ്പെയർപാർട്ടുകൾ ചുമക്കേണ്ടിവന്നു ജർമൻപടക്ക്. റഷ്യക്കാവട്ടെ രണ്ടുതരം ടാങ്കേയുള്ളൂ. അറ്റകുറ്റപ്പണി നന്നേ കുറവ്​. ഫലം: ജർമനി തോറ്റമ്പി, ചരിത്രം മറിഞ്ഞുമാറി.

വൈകാരിക ജീവിതത്തിൽനിന്നാണ് തൃപ്തിയുടെ അടുത്ത ചുവരെഴുത്ത്: കുഞ്ഞിന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചുകൊടുക്കുന്ന അമ്മ കാലഹരണപ്പെട്ടു –വളരുന്ന കുഞ്ഞിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിൽ എല്ലായ്പോഴും വിജയിക്കുന്ന ആ പഴയ അമ്മസങ്കൽപം. പരാജയപ്പെടുമ്പോൾ അമ്മ കുഞ്ഞിനെ പാകപ്പെടുത്തുകയാണ് ജീവിതയാഥാർഥ്യത്തിലേക്ക്. യഥാർഥ ലോകത്ത് വേണ്ടതൊക്കെ സദാ കിട്ടിക്കോളണമെന്നില്ല എന്ന നേരിലേക്ക്. അങ്ങനെ സമ്പൂർണ ആഗ്രഹനിവൃത്തി നീട്ടിവെക്കാൻ കുഞ്ഞ് ശീലിക്കുന്നു. മുതിർന്ന മനുഷ്യന്റെ സാഫല്യത്തിന് അവശ്യം വേണ്ടുന്ന ശീലം.

മറ്റൊരു ചുവരെഴുത്തിതാ: ഏറ്റവും മികച്ച പങ്കാളിയെ തരാമെന്ന് ദല്ലാൾ കമ്പനിയുടെ പരസ്യം. രണ്ടു വ്യക്തികളുടെ തരക്കേടില്ലാത്ത ചേർച്ചയാണ് ദാമ്പത്യം. കിട്ടിയതിലും മികച്ച പങ്കാളി പുറത്തുണ്ടാവാം. എന്നുകരുതി മികച്ചത്​ മാത്രം തേടിത്തേടി ആയുസ്സ് മെനക്കെടുത്തുമോ –ചെക്കനോ പെണ്ണോ മൂന്നാനോ?

അതൃപ്തിയുടെ ധാരാളിമ കുമിഞ്ഞുകൂട്ടുകയാണ് വിരൽത്തുഞ്ചത്തെ വിനിമയപ്രപഞ്ചം. ആരും അടിച്ചേൽപിക്കാതെ ഓരോരുത്തരും സ്വയം വരിക്കുന്ന വ്യഗ്രതയുടെ മുതൽക്കൂട്ട്. മനസ്സിമക്കാതെ ആ പ്രതീതി ലോകത്ത് മരുവുന്ന മനുഷ്യൻ നഷ്ടപ്പേടിയുടെ ഉദകപ്പോളയിൽ നിമിഷം കഴിക്കുമ്പോൾ ജീവിതം അതിന്റെ പച്ച നേര് പറഞ്ഞുതരുന്നുണ്ട് സമൗനം: നഷ്ടപ്പെടുന്ന ഓരോന്നിനും കിട്ടുന്നുണ്ട് മറ്റൊന്ന്, നേടുന്ന ഓരോന്നിനും നഷ്ടപ്പെടുന്നുണ്ട് മറ്റൊന്ന്.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT