സെപ്റ്റംബർ 12ന് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയേതാടെ വലിയൊരു കാലംകൂടി അസ്തമിക്കുകയാണ്. എന്തായിരുന്നു സി.പി.എമ്മിനും രാജ്യത്തിനും യെച്ചൂരിയുടെ സംഭാവന? യെച്ചൂരിക്ക് ഒപ്പവും ഇനി യെച്ചൂരി ഇല്ലാതെയും സി.പി.എം എങ്ങോട്ടാണ് ചലിക്കുക? എവിടെയൊക്കെയാണ് ചുവടുകൾ പിഴച്ചത്? -മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകന്റെ വിശകലനം.
‘‘ഇത്തിരിവട്ടം മാത്രം കാണുകയും ഇത്തിരിവട്ടം ചിന്തിക്കുകയും ചെയ്യുന്ന അധോമുഖ വാനരന്മാരുടെ കാലമാണ് നമ്മുടേത്’’ എന്ന് പരിഹസിച്ചത് കവി വൈലോപ്പിള്ളിയാണ്. അങ്ങനെയുള്ള ഒരു കാലത്തെ ജനനേതാക്കളും അങ്ങനെയായിപ്പോകുന്നതിൽ അത്ഭുതമില്ല. പഴയകാലത്തെച്ചൊല്ലിയുള്ള നഷ്ടബോധം വർത്തമാനകാലത്തിന്റെ മുഖമുദ്രയാണ്. എന്നാൽ, സാങ്കൽപികമായ ഒരു സുവർണഭൂതകാലത്തേക്കുറിച്ചുള്ള നഷ്ടസ്മൃതി എക്കാലത്തും മനുഷ്യസഹജവും യുക്തിരഹിതവുമായ ഗൃഹാതുരത മാത്രമാണെന്നത് ശക്തമായ വാദമാണ്. പക്ഷേ, സീതാറാം യെച്ചൂരിയെപ്പോലുള്ളവർ യാത്രയാകുമ്പോൾ “യുക്തിരഹിതവും വൈകാരികവും” ആയ നഷ്ടബോധത്തിന് കീഴടങ്ങിപ്പോകാതെ വയ്യ. യെച്ചൂരി പഴയ നേതാവല്ല, പുതിയ തലമുറയിലും പഴയ ഗാന്ധിയൻ തലമുറയിലും നാം അറിഞ്ഞ സവിശേഷതകൾ സ്വന്തമായിരുന്ന ഒരാളാണ്. വർത്തമാനകാലത്ത് ആ സവിശേഷതകൾ നേരിടുന്ന പൊതു ദൗർലഭ്യവും യെച്ചൂരിയെ ശ്രദ്ധേയനാക്കുന്നുണ്ടാകാം. ഇരുണ്ട ആകാശത്താണല്ലോ നക്ഷത്രം പലമടങ്ങ് മിന്നിത്തിളങ്ങുക.
ആദർശവും അക്ഷരവും ആവശ്യമെങ്കിൽ ആയുധവും ഒരുപോലെ കൈക്കൊണ്ടവർ ആയിരുന്നു പഴയ നേതാക്കൾ. സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിത ലോകം സ്വയം ഉപേക്ഷിച്ച് കഷ്ടപ്പെടുന്നവർക്കായി സംഘർഷവും ക്ലേശവും സ്വയം വരിച്ച നിസ്വാർഥ കർമയോഗികൾ. പഠനത്തിലും ബൗദ്ധികതയിലും കൈവരിച്ച ഔന്നത്യം സ്വന്തം മുന്നേറ്റത്തിനല്ല സമൂഹത്തിനാകണമെന്ന് ഉറപ്പിച്ച ത്യാഗികൾ. വിശ്വസിച്ച ആദർശ പ്രമാണങ്ങൾക്കായി ജീവിതാവസാനം വരെ പോരാളികളായവർ. എടുക്കുന്നതിലേറെ കൊടുക്കുന്നതിൽ ആനന്ദം കണ്ടവർ.
യെച്ചൂരിയെപ്പോലെ ഒരു നേതാവിന്റെ വിയോഗം ഏതൊരു സംഘടനക്കും എത്രയും കനത്തതാണ്. പക്ഷേ, സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അത് മാരകമാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ദുർബലകാലത്താണ് അതിന്റെ ഏറ്റവും പൊതുസമ്മതനായ നായകന്റെ തിരോധാനം. നിലനിൽപിനായുള്ള ജീവൻ മരണ സമരത്തിനിടെ പടനായകൻ വീണുപോയ സ്ഥിതി. രണ്ട് ദശാബ്ദങ്ങളായി മോദിയുടെ നേതൃത്വത്തിൽ ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തിയ അപാരമായ വെല്ലുവിളികളുടെ മുന്നിൽ പ്രതിരോധം ശക്തമാക്കിത്തുടങ്ങിയ മതേതര ഇന്ത്യക്കും ഈ നഷ്ടം അപരിഹാര്യം.
യെച്ചൂരിയെപ്പോലെ ബഹുമുഖ സിദ്ധികൾ സ്വായത്തമായിരുന്ന മറ്റൊരു ഇന്ത്യൻ ഇടതുപക്ഷ നേതാവ് എന്നെങ്കിലും ഉണ്ടായിരുന്നുവോ? അദ്ദേഹത്തിലേറെ പലമടങ്ങ് ഐതിഹാസിക ജീവിതവും പ്രവർത്തനവും സ്വന്തമായിരുന്ന നേതാക്കൾ ഉണ്ടായിട്ടുണ്ട്. വ്യത്യസ്ത രംഗങ്ങളിൽ യെച്ചൂരിയെക്കാൾ മികവ് പുലർത്തിയവർ. എം.എൻ. റോയ് മുതൽ ആരംഭിക്കുന്ന ആ ഉജ്ജ്വല പരമ്പരയിൽ ധാരാളം പേരുണ്ട്. പാർട്ടി ചെറുതെങ്കിലും ഇന്ത്യ മുഴുവൻ ആദരവോടെ കാണുകയും കേൾക്കുകയും ചെയ്ത ബുദ്ധിശാലികളും ആദർശനിഷ്ഠരും ആയ ആ കമ്യൂണിസ്റ്റ് നേതാക്കളുടെ പട്ടികയിൽ ഇന്ന് അവശേഷിക്കുന്ന ഒരാളായിരുന്നു യെച്ചൂരി. പക്ഷേ, അവരിലും ഇത്രയധികം സിദ്ധികൾ ഒരുപോലെ ഒത്തിണങ്ങിയവർ അധികമുണ്ടെന്ന് തോന്നുന്നില്ല.
പ്രത്യയശാസ്ത്ര അവഗാഹം, പ്രക്ഷോഭ സന്നദ്ധത, സംഘാടനശേഷി, പ്രഭാഷണ പ്രാഗല്ഭ്യം, പ്രായോഗിക രാഷ്ട്രീയ തന്ത്രജ്ഞത, എതിർപക്ഷത്തോടും ബഹുജനമാധ്യമങ്ങളോടുമുള്ള ജനാധിപത്യ മര്യാദ, നിസ്വാർഥത എന്നിങ്ങനെ വിവിധ സിദ്ധികളിൽ ഒരുപോലെ മികച്ചുനിന്നു യെച്ചൂരി. ധാർഷ്ട്യമോ അഹങ്കാരമോ തൊട്ടുതെറിക്കാത്ത അദ്ദേഹത്തിന്റെ ലാളിത്യവും സൗമ്യതയും സമഭാവവും ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളിൽപോലും വിരളം. കടുത്ത സംഘർഷ വേളകളിൽപോലും തട്ടിക്കയറുകയോ ഓടിക്കളയുകയോ ചെയ്യാതെ, പ്രകോപിതനാകാതെ, പ്രസന്നഭാവത്തോടെ മാധ്യമങ്ങളോട് സ്വന്തം നിലപാടുകൾ വ്യക്തമായി വിശദീകരിച്ചതിന്റെയും പിന്നിൽ അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ ജനാധിപത്യ വിശ്വാസമായിരുന്നു.
ചിരിക്കാൻ മാത്രമല്ല, സ്വയം പരിഹസിച്ച് ചിരിക്കാനും കഴിഞ്ഞ അപൂർവ നേതാവ്. പലപ്പോഴും കമ്യൂണിസ്റ്റുകാർ ബൂർഷ്വാ ജനാധിപത്യ ശൈലിയെന്ന് പുച്ഛിക്കുന്നവയാണ് ഇവയിൽ പലതും എന്നതും സത്യം. താനൊരു ജെന്റിൽമാൻ അല്ല കമ്യൂണിസ്റ്റാണെന്ന് ഉദ്ഘോഷിച്ച ആദർശശാലിയായ അശോക് മിത്രയെ ഓർക്കുക. ‘ദൃശ്യത’ക്ക് (optics) മറ്റെന്നേക്കാളും പ്രാധാന്യമുള്ള വർത്തമാന കാലത്ത് യെച്ചൂരിയെപ്പോലെ തിളങ്ങിയ ഇടതുനേതാക്കൾ അധികം ഇല്ലായിരുന്നുവെന്നതും ശ്രദ്ധേയം. ചില പാർട്ടി മൗലികവാദികൾക്ക് അദ്ദേഹം ആക്ഷേപാർഹനായതിനും കാരണം മറ്റൊന്നല്ല.
വിദ്യാർഥി പ്രസ്ഥാനത്തിൽനിന്ന് നേരെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയർത്തപ്പെട്ട അധികം പേർ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായിട്ടില്ല. സമരങ്ങളുടെയും പീഡനങ്ങളുടെയും സഹനത്തിന്റെയും സംഘടനാ പ്രവർത്തനത്തിന്റെയും സുദീർഘമായ അനുഭവങ്ങൾക്കുശേഷമാണ് നേതാക്കൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത് എത്തുക. അതിനാൽ തന്നെയാണ് കമ്യൂണിസ്റ്റ് നേതൃത്വം പലപ്പോഴും വന്ദ്യവയോധികവൃന്ദമെന്ന് പരിഹസിക്കപ്പെട്ടിട്ടുള്ളത്. ഇത് ഇവിടെ മാത്രമല്ല, ലോകമാകെ കമ്യൂണിസ്റ്റ് പാർട്ടികളുടെ സവിശേഷതയാണ്. ഈ പാരമ്പര്യം സി.പി.എം ലംഘിക്കുന്നത് 1980കളിലാണ്. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ യുവതലമുറയിലെ നേതാക്കൾ ഒരു സംഘം അക്കാലത്ത് പാർട്ടിയുടെ തലപ്പത്തേക്ക് വന്നു. യെച്ചൂരിയും പ്രകാശ് കാരാട്ടും എസ്.എഫ്.ഐ വിട്ട് പ്രവേശിച്ചത് സി.പി.എം കേന്ദ്ര കമ്മിറ്റിയിലാണ്.
പിറ്റെക്കൊല്ലം കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്കരിക്കപ്പെടുമ്പോൾ അതിലുമവർ ഉൾപ്പെട്ടു. അക്കാലത്തുതന്നെ ബംഗാളിൽ പ്രമോദ് ദാസ്ഗുപ്ത കണ്ടെടുത്ത ബുദ്ധദേവ് ഭട്ടാചാര്യ, ബിമൻ ബസു, അനിൽ ബിശ്വാസ്, സുഭാഷ് ചക്രവർത്തി എന്നീ യുവതുർക്കികൾ സംസ്ഥാന നേതൃത്വത്തിലേക്ക് വന്നു. യുവാക്കളിൽ ഒരു വലിയ വിഭാഗം നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടപ്പോൾ പാർട്ടിയിൽ ഉറച്ചുനിൽക്കുകയും സിദ്ധാർഥ് ശങ്കർ റായിയുടെ അടിയന്തരാവസ്ഥക്കാലത്തെ മർദകഭരണത്തെ അതിജീവിക്കുകയും ചെയ്തവർക്കുള്ള അംഗീകാരമായിരുന്നു അത്. അത് സി.പി.എമ്മിൽ തലമുറമാറ്റം കുറിച്ചു.
പല ഘട്ടങ്ങളിൽ ജന്മിക്കും രാജാവിനും വിദേശിക്കുമെതിരെ പോരാടി കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി പതംവന്നവർക്കു ശേഷം സ്വാതന്ത്ര്യലബ്ധിക്ക് പിന്നാലെ പിറന്ന ഒരു തലമുറ ആദ്യമായി നായകനിരയിൽ കടന്നുവന്നു. സായുധവിപ്ലവത്തിന് പകരം പാർലമെന്ററി പ്രവർത്തനവും അധികാര പങ്കാളിത്തവും പാർട്ടിയുടെ പ്രധാന ലക്ഷ്യവും മാർഗവും ആയിത്തീർന്നതും അക്കാലത്ത് തന്നെ.
1992ൽ പതിനാലാം പാർട്ടി കോൺഗ്രസിൽ പോളിറ്റ്ബ്യൂറോയിൽ പ്രവേശിക്കുമ്പോൾ കാരാട്ടിന് 44ഉം യെച്ചൂരിക്ക് 40ഉം മാത്രം പ്രായം. ചരിത്രത്തിൽ അപൂർവമായിരുന്നു അത്. അന്ന് ഒപ്പമുള്ള മറ്റ് അംഗങ്ങൾ അവരുടെ എഴുപതുകളിലും എൺപതുകളിലുമായിരുന്നു. സി.പി.എമ്മിലെ ‘കാമ്പസ് റിക്രൂട്ടുകൾ’ എന്ന് അക്കാലത്ത് മാധ്യമങ്ങൾ ഈ യുവദ്വയത്തെക്കുറിച്ച് ഫലിതം കാച്ചി. രാജ്യം പിടിക്കാനായില്ലെങ്കിലും രാജ്യത്തെ ഏറ്റവും വലിയ സർവകലാശാലയെങ്കിലും ഇടതുപക്ഷത്തിനായി പിടിച്ചെടുത്ത യുവസഖാക്കൾ എന്നും ചിലർ പാതി ഗൗരവത്തിലും പാതി നർമത്തിലും പറഞ്ഞു. പാർട്ടിയിൽ കാരാട്ടും ബൃന്ദയും എ.കെ.ജിയോടും സുന്ദരയ്യയോടുമാണ് വ്യക്തിപരമായ ബന്ധം കൂടുതൽ പുലർത്തിയതെങ്കിൽ യെച്ചൂരിയുടെ മുഖ്യ ഗുരുനാഥർ ഇ.എം.എസും ബസവ പുന്നയ്യയും ആയിരുന്നു. അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഇ.എം.എസിന്റെ സഹചാരിയായി അദ്ദേഹം.
ഇന്ത്യൻ രാഷ്ട്രീയം മൗലികമായി മാറിയ കാലത്താണ് ഈ പുതിയ തലമുറയുടെ പ്രവേശം. 1970കളുടെ അവസാനത്തോടെ അടിയന്തരാവസ്ഥയെ നേരിട്ട പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തിൽ കോൺഗ്രസിനെതിരെ പുതിയൊരു മുന്നണി രാഷ്ട്രീയം രൂപംകൊണ്ടു. സി.പി.എം ആദ്യമായി ദേശീയതലത്തിൽ ബൂർഷ്വാ പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുക മാത്രമല്ല അധികാരത്തിൽ പരോക്ഷമായെങ്കിലും പങ്കാളികളാവുകയും ചെയ്ത കാലം. അതോടെ, സമരങ്ങളുടെയും സഹനങ്ങളുടെയും അനുഭവ സമ്പത്തുള്ള മുൻതലമുറയിൽനിന്ന് വ്യത്യസ്തമായി പാർലമെന്ററി/ അധികാര രാഷ്ട്രീയമായി സ്വാതന്ത്ര്യാനന്തരം പിറന്ന പുതിയ തലമുറയുടെ പ്രധാന കർമഭൂമി.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അതിരുകളിൽനിന്ന് കേന്ദ്രത്തിലേക്ക് ബി.ജെ.പിയും മതരാഷ്ട്രീയവും പ്രവേശിക്കുന്നതും ഇക്കാലത്തുതന്നെ. ബാബരി മസ്ജിദ് തകർച്ചയും ശ്രീരാമ ജന്മഭൂമി പ്രസ്ഥാനവും ഇന്ത്യൻ രാഷ്ട്രീയത്തെ മാത്രമല്ല, ജനതയുടെ മൂല്യ പ്രമാണങ്ങളെയും ഇളക്കിമറിച്ചു. മുഖ്യശത്രു കോൺഗ്രസോ ബി.ജെ.പിയോ എന്ന സമസ്യയിൽ കുഴങ്ങി ഇടതുപക്ഷം. കോൺഗ്രസ് ആകട്ടെ, നെഹ്റുവിയൻ സോഷ്യലിസ്റ്റ് പാത പൂർണമായും വിട്ട് സമ്പൂർണ മുതലാളിത്തത്തിലേക്ക് കൂറുമാറി. ഇന്ത്യയുടെ പുതിയ സാമാന്യബോധവും സമവായവും വലതു ദിശയിലേക്ക് നീങ്ങിയ കാലം. മണ്ഡൽ അഴിച്ചുവിട്ട സ്വത്വ രാഷ്ട്രീയം വർഗരാഷ്ട്രീയത്തിന് പുതിയ വെല്ലുവിളിയായി.
1970കളുടെ അവസാനം ജനതാ പാർട്ടിയുമായും 1980കളിലും 90കളിലും ദേശീയ മുന്നണിയുമായും ഐക്യ മുന്നണിയുമായും 2004ൽ ഐക്യ പുരോഗമന മുന്നണിയുമായും (യു.പി.എ) സഖ്യരാഷ്ട്രീയത്തിലെ മുഖ്യപങ്കാളിയായി ഇടതുപക്ഷം. ഈ പ്രായോഗിക ബൂർഷ്വാതന്ത്രങ്ങളിൽ ചാണക്യനായിരുന്നു ഇടതുപക്ഷത്തെ ഒരു മുതിർന്ന നേതാവ് –ഹർകിഷൻ സുർജിത്.
ഈ സുർജിത് കളരിയിലാണ് കാരാട്ടിന്റെയും യെച്ചൂരിയുടെയും രാഷ്ട്രീയ സമാവർത്തനം. പ്രായത്തിൽ മൂപ്പനെങ്കിലും പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ മുരടൻ മൂശയിൽ വാർക്കപ്പെട്ട കാരാട്ടിനെക്കാൾ തന്ത്രജ്ഞതയിലും സഹിഷ്ണുതയിലും മാധ്യമബന്ധത്തിലും ആശയവിനിമയത്തിലും (ബൂർഷ്വാ ജനാധിപത്യ ബോധത്തിലും) യെച്ചൂരി ആയിരുന്നു മുമ്പൻ. മുതിർന്നവരുടെ കാലം കഴിഞ്ഞതോടെ ദേശീയ രാഷ്ട്രീയ ചതുരംഗത്തിൽ ഇടതുപക്ഷത്തിന്റെ നേതൃത്വം സ്വാതന്ത്ര്യസമരത്തിനും കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനും ഒക്കെ ശേഷം രാഷ്ട്രീയപ്രവേശം നേടിയവരുടെ ചുമലുകളിൽ ആയി.
ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ ഏറ്റവും ശക്തമായ സാന്നിധ്യം കുറിക്കാൻ ഈ പുത്തൻ തലമുറക്ക് 2004ൽ കഴിഞ്ഞത് ഇവരുടെ വലിയ നേട്ടമായി. ഇന്ത്യൻ ജനതക്ക് നിർണായകമായ പല അവകാശങ്ങളും സാധ്യമാക്കിയ ഒന്നാം യു.പി.എയുടെ ചരിത്രപ്രധാനമായ പൊതുമിനിമം പരിപാടി പി. ചിദംബരത്തോടൊപ്പം തയാറാക്കിയത് ഇന്ത്യൻ ജനാധിപത്യത്തിന് യെച്ചൂരിയുടെ പ്രധാന സംഭാവനയായി. സി.പി.എം പ്രധാനമന്ത്രി പദത്തിന് അടുത്തെത്തിയ കാലം. ഇന്ത്യൻ ഭരണകൂടത്തെ നിർണായകമായി സ്വാധീനിക്കാൻ സി.പി.എമ്മിന് കഴിഞ്ഞ ആദ്യ സന്ദർഭം.
പക്ഷേ, അത് തന്നെയായിരുന്നു ആ സ്വാധീനത്തിന്റെ കൊടുമുടി. കയറ്റംപോലെ തന്നെ പിന്നെ കണ്ടത് ചരിത്രത്തിൽ ഏറ്റവും വലിയ ഇറക്കം. ഈ കുത്തനെയുള്ള പതനത്തിന്റെ കാലത്ത് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകാനുള്ള വിധിയാണ് യെച്ചൂരിക്ക് ഉണ്ടായത്. അന്നുവരെ കുതിപ്പിന്റെ ചരിത്രംമാത്രം കുറിച്ച അദ്ദേഹത്തിന് 2015 മുതൽ മരണംവരെ തുടരെ മൂന്ന് തവണ ജനറൽ സെക്രട്ടറി പദം നിർവഹിച്ചകാലം കിതപ്പിന്റെ കാലമായി.
അത് യെച്ചൂരിയുടെ വ്യക്തിപരമായ എന്തെങ്കിലും കുറവു മൂലമായിരുന്നില്ല. സോവിയറ്റ് തകർച്ച മുതൽ ശേഷം ലോകമാകെയും ഇന്ത്യയിലും മാറി വീശിയ കൊടുങ്കാറ്റുകൾക്കിടയിൽ മറ്റൊരു സാധ്യതയും ഉണ്ടായിരുന്നില്ല. പാർലമെന്റിൽ അടിക്കടി അംഗബലം കുറഞ്ഞ് ദേശീയപാർട്ടി പദവി നഷ്ടത്തിന്റെ പടിവാതിലിലാണ് ഇന്ന് സി.പി.എം. ചെങ്കൊടിക്കീഴിൽ മൂന്ന് ദശാബ്ദം കഴിഞ്ഞ ബംഗാളും ത്രിപുരയും ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് തോന്നിക്കും വിധം നഷ്ടമായി. അധികാരത്തിന്റെ ഒറ്റത്തുരുത്തായ കേരളത്തിലും ഇന്ന് അഭൂതപൂർവമായ പ്രതിസന്ധികൾ വേട്ടയാടുന്നു.
ഈ മഹാ പ്രതിസന്ധിയിൽ യെച്ചൂരി എന്തുചെയ്തു എന്നതാണ് ചരിത്രം അദ്ദേഹത്തെ വിലയിരുത്തുമ്പോൾ കണക്കിലെടുക്കുന്ന പ്രധാന കാര്യം. ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ തകർച്ചയുടെ പ്രധാനകാരണം ഒന്നാം ഐക്യ പുരോഗമന മുന്നണി (യു.പി.എ) സർക്കാറിന് പിന്തുണ പിൻവലിച്ചതാണെന്ന് ശക്തമായ ഒരു വാദമുണ്ട്. 2009ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും ജയിക്കുകയും ഇടതുപക്ഷത്തിന്റെ വലിയ തകർച്ച ആരംഭിക്കുകയും ചെയ്തു. തുടർന്ന് കേരളത്തിലൊഴികെ ഭീമമായ തിരിച്ചടികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
അമേരിക്കയുമായുള്ള ആണവ ഉടമ്പടിക്കാര്യത്തിൽ യു.പി.എക്കുള്ള പിന്തുണ പിൻവലിച്ചത് ഏറെയും സിദ്ധാന്ത വാശിക്കാരനായ ജനറൽ സെക്രട്ടറി കാരാട്ടിന്റെ തീരുമാനമായിരുന്നെന്നും, പ്രായോഗികബുദ്ധിയായ യെച്ചൂരിക്ക് ഭിന്നാഭിപ്രായമായിരുന്നുവെന്നും പറയുന്നുണ്ട്. ജ്യോതിബസുവിന് കോൺഗ്രസ് നീട്ടിയ പ്രധാനമന്ത്രിപദം തിരസ്കരിച്ചതും സ്പീക്കർ സോമനാഥ് ചാറ്റർജിയെ പാർട്ടിയിൽനിന്ന് പുറംതള്ളിയതും കാരാട്ടിന്റെ നിർബന്ധവും കോൺഗ്രസ് വിരോധവുംമൂലമായിരുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിപദം തിരസ്കരിച്ചത് ഹിമാലയൻ വങ്കത്തമാണെന്ന് ബസുവും ആണവ ഉടമ്പടിക്കാര്യത്തിൽ യു.പി.എ സർക്കാറിന് പിന്തുണ പിൻവലിച്ചത് ശരിയായില്ലെന്ന് യെച്ചൂരിയും പിന്നീട് പറഞ്ഞു. കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് അത് ചെയ്തിരുന്നെങ്കിൽ കൂടുതൽ ജനപിന്തുണ ലഭിക്കുമായിരുന്നു എന്നായിരുന്നു യെച്ചൂരിയുടെ പക്ഷം.
പക്ഷേ, ഇതൊക്കെയാണ് ഇടതുപക്ഷത്തിന്റെ തളർച്ചയുടെ മുഖ്യകാരണം എന്ന വാദം അതിലളിതവത്കരണമാണ്. 2009നുശേഷം കോൺഗ്രസിന് ഉണ്ടായതും സമാനമോ കൂടുതൽ ഭീമമോ ആയ തകർച്ചയാണ്. ബി.ജെ.പിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും തേരോട്ടത്തിൽ എതിർപക്ഷത്തെ ആർക്കും നിലനിൽക്കാനാവുമായിരുന്നില്ല. അത് ഇന്ത്യൻ ജനതയുടെ മൗലിക ചോദനകളിൽ വന്ന ദിശാമാറ്റത്തിന്റെ പ്രകടനമാണ്. ബസു കുറച്ചുനാൾ പ്രധാനമന്ത്രി ആവുകയും ആണവ ഉടമ്പടിയെ സി.പി.എം പിന്തുണക്കുകയും ചെയ്തിരുന്നെങ്കിൽ ഇടതുപക്ഷത്തിന്റെ സ്ഥിതി ഇതിലും പരിതാപകരം ആയിരുന്നിരിക്കാനും ഇടയുണ്ട്.
ആദ്യം കാരാട്ടിനും തുടർന്ന് യെച്ചൂരിക്കും ഉണ്ടായ കനത്ത പരാജയം മറ്റൊന്നാണ്. ബംഗാളിൽ പാർട്ടിക്കും സർക്കാറിനും സംഭവിച്ച വലിയ പിഴവുകളും ആഭ്യന്തര ജീർണതയും തടയുന്നതിലും തിരുത്തുന്നതിലും വന്ന അവരുടെ വീഴ്ചയാണത്. ബുദ്ധദേവിന്റെ പുതിയ രാഷ്ട്രീയം വഴിതെറ്റുന്നത് അതിനകം സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചിരുന്ന ബസുപോലും ചൂണ്ടിക്കാട്ടി. പക്ഷേ, ബുദ്ധയുടെ തലമുറക്കാർ തന്നെയായ കാരാട്ടിനും യെച്ചൂരിക്കും അത് കഴിഞ്ഞില്ല.
ഇനി കേരളത്തിലെ കാര്യമെടുക്കാം. സംസ്ഥാന സി.പി.എമ്മിൽ 1990കളോടെ മൂർച്ഛിച്ചു തുടങ്ങിയ വിഭാഗീയതയുടെ ആദ്യഘട്ടം (വി.എസ് x സി.ഐ.ടി.യു) മുതിർന്ന തലമുറ സജീവമായിരുന്ന കാലത്തായതിനാൽ കാരാട്ടിനെയും യെച്ചൂരിയെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പക്ഷേ വി.എസ് x പിണറായി ഘട്ടമായപ്പോൾ അവർ കേന്ദ്ര നേതൃത്വത്തിലെ പ്രധാനികളായിരുന്നു. തീർച്ചയായും വിഭാഗീയത പൊട്ടിത്തെറിയായപ്പോൾ വി.എസിനും പിണറായിക്കും എതിരെ നടപടികൾ ഉണ്ടായെങ്കിലും ദിനം പ്രതി അത് വഷളായി വളർന്നപ്പോൾ അവർക്ക് എന്തെങ്കിലും ചെയ്യാനായോ? മാത്രമല്ല, രണ്ടു തവണ വി.എസിന് തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിക്കുകയും പിന്നീട് പൊതുജന സമ്മർദത്തെ തുടർന്ന് അത് രണ്ട് തവണയും തിരുത്തുകയും ചെയ്തുകൊണ്ട് പാർട്ടിയുടെ ചരിത്രത്തിൽ നേതൃത്വം ആദ്യമായി പരിഹാസ്യരാവുകയും ചെയ്തു.
പുറമെ വിഭാഗീയ പോരാട്ടത്തിൽ കാരാട്ട് പിണറായിക്കും യെച്ചൂരി വി.എസിനും ഒപ്പം ചേരിപിടിച്ചെന്ന തോന്നലും ഉയർന്നു. പക്ഷേ വി.എസിന് എതിരെ പാർട്ടിഅച്ചടക്കം യാന്ത്രികമായി നടപ്പാക്കുകയായിരുന്നു കാരാട്ട്. വി.എസിനെപ്പോലെ ഒരു മുതിർന്ന നേതാവിനോട് പുലർത്തേണ്ട മനുഷ്യത്വം സ്വതഃസിദ്ധമായ ശൈലിയിൽ പ്രകടിപ്പിച്ചതാണ് യെച്ചൂരി എന്നും കരുതാം. (പാർട്ടിയിൽനിന്നുള്ള നടപടി നേരിട്ട് ഒറ്റപ്പെട്ട മറ്റൊരു നേതാവിനോടും യെച്ചൂരി പുലർത്തിയ മനുഷ്യപ്പറ്റ് ഈ ലേഖകന് വ്യക്തിപരമായും അറിയാം.)
അതിനപ്പുറം കാരാട്ടോ യെച്ചൂരിയോ കേരള പാർട്ടിയിൽ ഏതെങ്കിലും ചേരിപിടിച്ചുവെന്നത് അതിശയോക്തിയാണ്. കാരാട്ടിനൊപ്പം കേരള സി.പി.എമ്മും യെച്ചൂരിക്കൊപ്പം ബംഗാൾ സി.പി.എമ്മും എന്ന വ്യാഖ്യാനവും എത്രമാത്രം ശരിയായിരുന്നുവെന്ന് വ്യക്തമല്ല. അതേസമയം, കേരളത്തിലെ പാർട്ടിക്കെന്നപോലെ കാരാട്ടിന് മുഖ്യശത്രു കോൺഗ്രസും ബംഗാൾ ഘടകത്തിനെന്നപോലെ യെച്ചൂരിയുടെ മുഖ്യശത്രു ബി.ജെ.പിയും എന്ന ദ്വന്ദ്വം ഇടതുപക്ഷത്തിനുള്ളിലെ വർത്തമാനകാല ആശയക്കുഴപ്പത്തിലേക്കും വിരൽചൂണ്ടി എന്നത് ശരിയാണ്.
ദേശീയതലത്തിൽതന്നെ ഇടതുപക്ഷം തകർച്ചയുടെ നെല്ലിപ്പലക കണ്ട യെച്ചൂരിക്കാലത്ത് തലയുയർത്തി നിൽക്കാനായത് കേരളത്തിലെ സി.പി.എമ്മിനുമാത്രം. 2011 ലെ നേരിയ പരാജയം ഒഴിച്ചാൽ 2006 മുതൽ നിയമസഭാ തെരഞ്ഞെടുകളിൽ നിരന്തരം നടത്തിയ മുന്നേറ്റത്തിന്റെ കൊടുമുടി ആയിരുന്നു 2021ൽ നേടിയ അഭൂതപൂർവമായ തുടർവിജയം. പക്ഷേ, അതോടെ കേരളത്തിലെ പാർട്ടിയും അതിന്റെ ചോദ്യംചെയ്യാനാവാത്ത നായകനും കേന്ദ്ര നേതൃത്വത്തെപ്പോലും അരികുവത്കരിച്ചുകൊണ്ട് ഭീമാകാരം പൂണ്ടു. പാർട്ടിയുടെ നിലനിൽപ്പു തന്നെ കേരള ഘടകത്തിന്റെ തണലിലായി.
കഴിഞ്ഞ വർഷങ്ങൾ കേരള സി.പി.എമ്മിൽ അധികാര കേന്ദ്രീകരണത്തിന്റെയും ഉൾപാർട്ടി ജനാധിപത്യത്തിന്റെ തകർച്ചയുടെയും കാലമാണ്. ഇന്ന് പാർട്ടിയും സർക്കാറും നേരിടുന്ന കുഴപ്പങ്ങളുടെ അടിവേര് അവയിലാണ്. പുരപ്പുറത്തേക്ക് ചായുന്ന മരം ഒരുപക്ഷേ വൈകാതെ കടപുഴകാം. അതോടെ, ഇടതുപക്ഷത്തിന്റെ അവസാന തുരുത്തും നഷ്ടമായേക്കാം. അടുത്തുവരുന്ന ഈ ദുരന്തത്തെ തടയാൻ ഒന്നും ചെയ്യാനാവാതെ വന്ന നിസ്സഹായാവസ്ഥ യെച്ചൂരിക്ക് ഒരു ദുരന്തനായകന്റെ ഛായ നൽകിയോ?
ജനാധിപത്യലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയാണ് ഇന്ന് സി.പി.എം. ഇത് പാർട്ടിയുടെ വലുപ്പത്തിലേറെ കമ്യൂണിസത്തിന്റെ ആഗോളതലത്തിലുള്ള ഗതികേടിന്റെ സൂചനയായി കാണുന്നവർ ഏറെ. ഇന്ത്യൻ ഇടതുപക്ഷത്തിൽനിന്ന് ഇടതുപക്ഷ ചിന്തക്കും പ്രയോഗത്തിനും മൗലികമായ സംഭാവനകൾ ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലുമുണ്ട്. പക്ഷേ, ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും അതിന്റെ നായകരുടെയും ഒരു മൗലികമായ സംഭാവനയുണ്ട്. അത് പാർലമെന്ററി ജനാധിപത്യ പ്രവർത്തനത്തിന്റെ ഏറ്റവും ദീർഘകാല അനുഭവമാണ്. മറ്റ് കമ്യൂണിസ്റ്റ് പാർട്ടികൾക്കൊന്നും അവകാശപ്പെടാനാവാത്ത അനുഭവസമ്പത്ത്. ഇതിൽ യെച്ചൂരിയുടെ പങ്കും ചെറുതല്ല. ഭൂരിപക്ഷ മതാധിപത്യം ഇന്ത്യയെന്ന ആശയത്തെ വിഴുങ്ങുന്ന വർത്തമാനകാലത്ത് മറ്റെല്ലാറ്റിലും ഉപരി പരിഗണന അതിനെ ചെറുക്കുന്നതിനാകണം എന്ന് ഉറച്ചുവിശ്വസിക്കുകയും വിട്ടുവീഴ്ച ഇല്ലാതെ പോരാടുകയും ചെയ്തതും യെച്ചൂരിയുടെ സംഭാവന.
പക്ഷേ, ഈ ലേഖകന്റെ കാഴ്ചപ്പാടിൽ യെച്ചൂരിക്ക് സാക്ഷാത്കരിക്കാൻ കഴിയാതെപോയ ഏറ്റവും മഹത്തായ ഒരു ദൗത്യമുണ്ട്. ഈ സോഷ്യലിസ്റ്റ് അനന്തരകാലത്ത് ഇന്ത്യൻ ഇടതുപക്ഷത്തെ പുതുക്കിപ്പണിയുന്ന ദൗത്യം. ആഗോളതലത്തിൽ പുതിയ ഇടതുപക്ഷം ഇന്ന് ഏറ്റെടുത്തിട്ടുള്ള ഹരിതപക്ഷ-സ്ത്രീപക്ഷ-ദലിത-മതന്യൂനപക്ഷ-ലൈംഗിക ന്യൂനപക്ഷ ധാരകൾ ഒക്കെ ഉൾപ്പെടുന്ന സൂക്ഷ്മരാഷ്ട്രീയവുമായി കണ്ണിചേർത്തുകൊണ്ട് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പുനർഭാവനക്ക് നേതൃത്വം നൽകാൻ മറ്റാരെക്കാൾ അദ്ദേഹത്തിന് കഴിയുമായിരുന്നു.
എന്നാൽ, സ്വാതന്ത്ര്യപൂർവകാലത്തെ ഐതിഹാസികരുടെ തലമുറക്കുശേഷം ഇടതു നേതൃത്വത്തിൽ എത്തിയ കാരാട്ടും യെച്ചൂരിയും ബൃന്ദയും സുധാകർ റെഡ്ഡിയും ഡി. രാജയും മറ്റും തങ്ങളുടെ പ്രതിഭാസമ്പന്നമായ യുവ ഊർജം മൗലികമായ നവീന ചിന്തകൾക്കും പ്രയോഗങ്ങൾക്കും പകരം അധികാര രാഷ്ട്രീയത്തിലെ ചതുരംഗക്കളിക്കായി മാത്രം ധൂർത്തടിച്ചുപോയോ എന്ന് സംശയിച്ചുപോകുന്നു. ഒരുപക്ഷേ വർത്തമാനകാല ഇന്ത്യയിലെ അഭൂതപൂർവമായ പ്രതിസന്ധികൾ സൃഷ്ടിച്ച നിസ്സഹായതയാകാം മുഖ്യകാരണം. അത് യെച്ചൂരിയുടെ ദുരന്തനായക സ്വരൂപത്തെ കൂടുതൽ ഇരുണ്ടതാക്കുന്നു. ആ നഷ്ടം കൂടുതൽ കനത്തതാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.