ഇങ്ങനെയും ചിലർ ജനാധിപത്യത്തിന് ആവശ്യമുണ്ട്

‘‘പ്ര​ത്യ​യ​ശാ​സ്ത്ര​ത്താ​ൽ നി​ർ​വ​ചി​ത​വും എ​ന്നാ​ൽ, പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ ബ​ന്ധി​ത​മ​ല്ലാ​ത്ത​തു​മാ​യ രാ​ഷ്ട്രീ​യ​ജീ​വി​ത​മാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടേ​ത്. 19ാം നൂ​റ്റാ​ണ്ടി​ൽ ഉ​രു​ത്തി​രി​ഞ്ഞ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്റെ 21ാം നൂ​റ്റാ​ണ്ടി​ലെ സൗ​മ്യ​വും ദീ​പ്ത​വു​മാ​യ മു​ഖ​മാ​യി​രു​ന്നു സീ​താ​റാം യെ​ച്ചൂ​രി’’- മാധ്യമപ്രവർത്തകനും രാഷ്​ട്രീയ നിരീക്ഷകനുമായ ലേഖകൻ സീതറാം യെച്ചൂരിയെ അനുസ്​മരിക്കുന്നു.2008ൽ സീതാറാം യെച്ചൂരിയായിരുന്നു സി.പി.എം ജനറൽ സെക്രട്ടറിയെങ്കിൽ യു.പി.എ മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിക്കില്ലായിരുന്നു. ഹർകിഷൻ സിങ് സുർജിത് രാഷ്ട്രീയമായി രൂപപ്പെടുത്തിയ...

‘‘പ്ര​ത്യ​യ​ശാ​സ്ത്ര​ത്താ​ൽ നി​ർ​വ​ചി​ത​വും എ​ന്നാ​ൽ, പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ ബ​ന്ധി​ത​മ​ല്ലാ​ത്ത​തു​മാ​യ രാ​ഷ്ട്രീ​യ​ജീ​വി​ത​മാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടേ​ത്. 19ാം നൂ​റ്റാ​ണ്ടി​ൽ ഉ​രു​ത്തി​രി​ഞ്ഞ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്റെ 21ാം നൂ​റ്റാ​ണ്ടി​ലെ സൗ​മ്യ​വും ദീ​പ്ത​വു​മാ​യ മു​ഖ​മാ​യി​രു​ന്നു സീ​താ​റാം യെ​ച്ചൂ​രി’’- മാധ്യമപ്രവർത്തകനും രാഷ്​ട്രീയ നിരീക്ഷകനുമായ ലേഖകൻ സീതറാം യെച്ചൂരിയെ അനുസ്​മരിക്കുന്നു.

2008ൽ സീതാറാം യെച്ചൂരിയായിരുന്നു സി.പി.എം ജനറൽ സെക്രട്ടറിയെങ്കിൽ യു.പി.എ മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിക്കില്ലായിരുന്നു. ഹർകിഷൻ സിങ് സുർജിത് രാഷ്ട്രീയമായി രൂപപ്പെടുത്തിയ യു.പി.എ സഖ്യത്തെ പ്രവർത്തനക്ഷമമാക്കിയത് യെച്ചൂരി മുഖ്യശിൽപിയായി രൂപപ്പെടുത്തിയെടുത്ത പൊതുമിനിമം പരിപാടിയായിരുന്നു. അതായിരുന്നു യു.പി.എയുടെ ഇന്ധനം. വിവരാവകാശ നിയമം മുതൽ തൊഴിലുറപ്പും ഭക്ഷ്യസുരക്ഷയും വരെയുള്ള നിയമങ്ങളുടെ നിർമാണത്തിൽ ഇടതുപക്ഷത്തിന്റെ കൈയൊപ്പു പതിഞ്ഞത് യെച്ചൂരിയുടെ ക്രാന്തദർശിത്വവും നയചാതുരിയും നിമിത്തമായിരുന്നു. അമേരിക്കയുമായുള്ള ആണവ സഹകരണത്തിന്റെ പേരിൽ മൻമോഹൻ സിങ്ങിനുള്ള പിന്തുണ പിൻവലിക്കാനുള്ള സി.പി.എം തീരുമാനം അപക്വവും അപകടകരവുമാണെന്ന തിരിച്ചറിവ് യെച്ചൂരിക്കുണ്ടായിരുന്നു.

കരാർ എപ്രകാരമാണ് ഇന്ത്യക്ക് ദോഷകരമാകുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ പാർട്ടിക്ക് കഴിയാതെ വരുമെന്ന് യെച്ചൂരി അന്ന് മുന്നറിയിപ്പ് നൽകി. പകരം വിലക്കയറ്റം ഉൾപ്പെടെ ജനങ്ങൾക്ക് മനസ്സിലാകുന്ന ഏതെങ്കിലും വിഷയം മുൻനിർത്തി ഉചിതമായ സമയത്ത് ബന്ധം അവസാനിപ്പിക്കാമെന്ന നിലപാടായിരുന്നു യെച്ചൂരിയുടേത്. പാർട്ടിയിലെ കോൺഗ്രസ് വിരുദ്ധ ലൈൻ ആധിപത്യം നേടിയപ്പോൾ സംജാതമായ പ്രതിസന്ധിയെ പണത്തിന്റെ കരുത്തിൽ കോൺഗ്രസ് അതിജീവിച്ചു. അന്ന് യു.പി.എയെ നിലനിർത്തേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു. കാരാട്ടിനെ പിന്തുടർന്ന് അമരക്കാരനായി യെച്ചൂരി എത്തുമ്പോൾ പാർട്ടിയുടെ അപചയവും അധോഗതിയും ആരംഭിച്ചുകഴിഞ്ഞിരുന്നു. പാർലമെന്ററി രംഗത്ത് പാർട്ടിയുടെ സാന്നിധ്യം നാമമാത്രമായി. കേരളത്തിൽ പിണറായി വിജയനു ലഭിച്ച തുടർഭരണം മാത്രമാണ് ഈ കാലയളവിൽ പാർട്ടിക്ക് ചൂണ്ടിക്കാണിക്കാവുന്ന നേട്ടം.

സംഖ്യാബലത്തിൽ കവിഞ്ഞ സ്വാധീനം കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ കക്ഷികൾക്കും ഇന്ത്യയുടെ പാർലമെന്ററി ക്രമത്തിൽ ഉണ്ടാകുന്നത് ആശയത്തിന്റെ ഗരിമ നിമിത്തമാണ്. ഔദ്യോഗികമായി പ്രതിപക്ഷ നേതാവാകാനുള്ള ആൾബലം ഇല്ലാതിരുന്നിട്ടും എ.കെ. ഗോപാലനെ അന്നത്തെ പ്രധാനമന്ത്രി ആദരവോടെ ശ്രദ്ധിച്ചിരുന്നത് അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ആശയത്തിന്റെ ഗാംഭീര്യവും അതിന്റെ അനിവാര്യതയെക്കുറിച്ചുള്ള ചരിത്രപരമായ തിരിച്ചറിവും നിമിത്തമായിരുന്നു.

സോമനാഥ ചാറ്റർജി ഉൾപ്പെടെയുള്ള പ്രഗല്ഭരിലൂടെ തുടർന്ന മഹത്തായ ആ പാർലമെന്ററി പാരമ്പര്യത്തിന്റെ ഇങ്ങേത്തലക്കൽ സീതാറാം യെച്ചൂരി ഉണ്ടായിരുന്നു. രാജ്യസഭയിലെ യെച്ചൂരിയുടെ 12 വർഷങ്ങൾ ആ ശ്രേഷ്ഠസഭയുടെ ചരിത്രത്തിലെ അവിസ്മരണീയമായ കാലമാണ്. ഔപചാരികമായ വേദികളിൽ മാത്രമല്ല, അനൗപചാരികമായ സംഭാഷണങ്ങളിലും യെച്ചൂരിയുടെ നയചാതുരി പ്രകടമായിരുന്നു. മാധ്യമപ്രവർത്തകരെ മാർഗതടസ്സമുണ്ടാക്കുന്ന ശല്യക്കാരായോ അസൗകര്യമുളവാക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന പ്രശ്നക്കാരായോ അദ്ദേഹം കണ്ടില്ല.

അസൗകര്യമുള്ള അവസ്ഥകളിലും നൽകാൻ കഴിയുന്ന ഉത്തരങ്ങൾ നൽകി ചോദ്യകർത്താക്കളെ തൃപ്തരാക്കിക്കൊണ്ടാണ് അദ്ദേഹം മുന്നോട്ടുപോയിരുന്നത്. അദ്ദേഹം ആരോടും കലഹിച്ചില്ല. മറിച്ച് എല്ലാവരുടെയും ഇഷ്ടക്കാരനായി. കമ്യൂണിസ്റ്റുകാരോടുള്ള സാമാന്യജനത്തിന്റെ ഭയം മാറാൻ തുടങ്ങിയത് ഇത്തരം ജനപ്രിയനേതാക്കന്മാരെ കണ്ടുതുടങ്ങിയപ്പോഴാണ്.

നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് എതിരാളികളെ കീഴ്പ്പെടുത്തിയെന്ന് അവർക്ക് തോന്നാതെ കീഴ്പ്പെടുത്തുന്ന യെച്ചൂരിയുടെ നയചാതുരി പ്രസിദ്ധമാണ്. പാണ്ഡിത്യത്തിന്റെ ഗർവ് പ്രകടിപ്പിക്കാതെ ഗരിമ പ്രസരിപ്പിച്ച യെച്ചൂരിയുടെ ആശയസംവേദനക്ഷമത അത്യപൂർവമായ പ്രതിഭാസമായിരുന്നു. കടൽത്തീരത്തെ മുക്കുവരോടും താഴ്വാരത്തിലെ പുരുഷാരത്തോടും അവർക്ക് മനസ്സിലാകുന്ന ഭാഷയിലാണ് യേശു സംസാരിച്ചത്. തെരുവിലെ പ്രക്ഷോഭകരോടും പാർലമെന്റിലെ സഹപ്രവർത്തകരോടും അവരുടെ ഭാഷയിലാണ് യെച്ചൂരി സംസാരിച്ചത്.

സോവിയറ്റ് യൂനിയന്റെ തിരോധാനത്തോടെ ആഗോള കമ്യൂണിസത്തിന്റെ അന്ത്യമായി എന്നു കരുതി അന്ധാളിച്ചവരോടും ആഹ്ലാദിച്ചവരോടും യെച്ചൂരി ഒരുകാര്യം പറഞ്ഞു: അസ്തമിച്ചത് സോവിയറ്റ് യൂനിയനാണ്; കമ്യൂണിസമല്ല. ലളിതമായ ആ വാക്യത്തിലെ ചരിത്രപരമായ യുക്തി ലോകം മനസ്സിലാക്കിയതുകൊണ്ടാണ് ‘മാർക്സാണ് ശരി’ എന്ന മുദ്രാവാക്യം വാൾസ്ട്രീറ്റിലെ പ്രക്ഷോഭകാരികൾ മുഴക്കുന്നത് നമ്മൾ കേൾക്കാനിടയായത്. പാർലമെന്റിൽ തലയെണ്ണിക്കൊണ്ടല്ല ഇടതുപക്ഷത്തിന്റെ ആശയപരമായ പ്രസക്തിയും രാഷ്ട്രീയമായ പ്രാധാന്യവും നിർണയിക്കേണ്ടത് എന്ന പാഠം അദ്ദേഹം ജനാധിപത്യ ഭാരതത്തെയും പഠിപ്പിച്ചു.

ജയിക്കാനായി ജനിച്ചവൻ എന്ന് യെച്ചൂരിയെക്കുറിച്ച് നിസ്സംശയം പറയാം. ചുണ്ടുകളിൽ കരുതിവെച്ചിരിക്കുന്ന പുഞ്ചിരിയും മുഖത്തെ സ്ഥായിയായ കൗമാരഭാവവും എതിർവശത്തിരിക്കുന്നവരെ തന്നോടൊപ്പം ചേർക്കുന്നതിനുള്ള യെച്ചൂരിയുടെ ഫലപ്രദമായ ആയുധങ്ങളായിരുന്നു. രാജാവ് ഗളഹസ്തം ചെയ്യപ്പെട്ട നേപ്പാളിൽ ബ്രിട്ടീഷ് മാതൃകയിൽ ഭരണഘടനക്ക് വിധേയമായി രാജവാഴ്ച പുനഃസ്ഥാപിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയത് യെച്ചൂരിയുടെ നയതന്ത്രജ്ഞതയായിരുന്നു. ഇന്ത്യയെ മാതൃകയാക്കിക്കൊണ്ട് ഭരണഘടനാവിധേയമായ പാർലമെന്ററി ജനാധിപത്യം എന്ന ആശയം വിധ്വംസകവാദികളായ മാവോയിസ്റ്റുകളെക്കൊണ്ടുപോലും അംഗീകരിപ്പിക്കാൻ യെച്ചൂരിക്കു കഴിഞ്ഞു.

വിദേശങ്ങളിൽ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച ഗുഡ് വിൽ അംബാസഡറായിരുന്നു. വിദേശങ്ങളിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നു എന്ന് ബി.ജെ.പി ആക്ഷേപിക്കുന്ന തരത്തിലുള്ള ആക്ഷേപം യെച്ചൂരിക്കെതിരെ ഉണ്ടായില്ല. മന്ത്രിയാകാൻ അവസരം കിട്ടിയിരുന്നെങ്കിൽ അദ്ദേഹം മികച്ച വിദേശകാര്യ മന്ത്രിയാകുമായിരുന്നു. ആഭ്യന്തരമായി ഭരണകൂടത്തിന്റെ വിമർശകൻ ആയിരിക്കുമ്പോഴും യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ സ്വന്തം രാജ്യത്തി​ന്റെ താൽപര്യങ്ങൾക്കനുസൃതമായി എപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നതിന് ഉദാഹരണമായി 1977ലെ വാജ്പേയിയെ ചൂണ്ടിക്കാണിക്കാനുണ്ട്.

പ്രാഗല്ഭ്യമുള്ളവർക്ക് അത് തെളിയിക്കാൻ അവസരം നൽകാതെ അധികാരത്തോട് അടുക്കുമ്പോൾ അകന്നുപോകുന്ന ശീലം യെച്ചൂരിയുടെ പാർട്ടിക്കുണ്ട്. തിരുത്താൻ കഴിയാത്ത വിധം അബദ്ധം ചരിത്രത്തിന്റെ ഭാഗമായിക്കഴിയുമ്പോൾ മാത്രം നിലപാടിനെ വിലയിരുത്തുന്ന സ്വഭാവം പാർട്ടിക്കുള്ളതിനാൽ 1996ൽ ജ്യോതി ബസുവിനെ പിന്നിലേക്ക് വലിച്ചപ്പോഴുണ്ടായ അബദ്ധം 2004ൽ ആവർത്തിച്ചു.

നാല് എം.പിമാർക്ക് ഒരു മന്ത്രി എന്ന കണക്കിൽ പതിനഞ്ചോ പതിനാറോ മന്ത്രിമാരെ അന്ന് ഇടതുപക്ഷത്തിന് ലഭിക്കുമായിരുന്നു. പാർട്ടി തയാറായിരുന്നുവെങ്കിൽ സോമനാഥ ചാറ്റർജി അന്ന് ഉപപ്രധാനമന്ത്രി ആകുമായിരുന്നു. പൊതുമിനിമം പരിപാടിയെക്കുറിച്ച് യു.പി.എ സർക്കാറിനെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്ന ഞങ്ങൾക്ക് സ്വന്തം മന്ത്രിമാരിലൂടെ അത് നടപ്പാക്കിയെടുക്കുന്നതിനുള്ള അവസരം ലഭിക്കുമായിരുന്നു. പക്ഷേ, അധികാരത്തിൽനിന്നുള്ള വിട്ടുനിൽക്കൽ അബദ്ധമോ തന്ത്രപരമായ വീഴ്ചയോ ആയി കാണുന്നില്ല എന്നതാണ് യെച്ചൂരിയുടെ പാർട്ടിയുടെ സവിശേഷത.

യെച്ചൂരിയുടെ മൂല്യം യു.പി.എ മന്ത്രിമാർക്ക് നന്നായി അറിയാമായിരുന്നതിനാൽ മന്ത്രാലയങ്ങളിൽ അദ്ദേഹത്തിനു ലഭിച്ചിരുന്ന സ്വീകാര്യത വലുതായിരുന്നു. ഞങ്ങൾ കേരള എം.പിമാർ അത് നല്ല നിലയിൽ പ്രയോജനപ്പെടുത്തി. പാലക്കാട് ഡിവിഷൻ ഏതാണ്ട് ഇല്ലാതാകുന്ന രീതിയിലുള്ള പ്രൊക്രൂസ്റ്റിയൻ വെട്ടിമുറിക്കലിന് തമിഴ്നാട് സമ്മർദം ചെലുത്തിക്കൊണ്ടിരിക്കേ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ് ഇരുകൂട്ടരെയും സംയുക്തമായി ചർച്ചക്കു വിളിച്ചു. തമിഴ്നാട് എം.പിമാർക്കൊപ്പം കേന്ദ്രമന്ത്രി ബാലുവിനെക്കൂടി കണ്ടപ്പോൾ ഞങ്ങൾ കേരള എം.പിമാർ അൽപം അനാഥത്വം അനുഭവിച്ചു. ആ പ്രതിസന്ധിയിൽ ഞങ്ങളുടെ സഹായത്തിനെത്തിയത് സീതാറാം യെച്ചൂരി ആയിരുന്നു. ഞങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് പാലക്കാട് ഡിവിഷൻ നിലനിർത്തുന്ന കാര്യത്തിൽ കേരളത്തിന് അനുകൂലമായ നിലപാടിലേക്ക് അദ്ദേഹം ലാലു പ്രസാദിനെ എത്തിച്ചു. കേരളത്തിനുവേണ്ടി അൽപം സ്വാധീനവും സമ്മർദവും ചെലുത്താൻ ഞങ്ങൾ പലപ്പോഴും യെച്ചൂരിയെ സമീപിച്ചിട്ടുണ്ട്.

ചാർമിനാറിന്റെ നാട്ടിൽനിന്ന് വന്ന യെച്ചൂരിയുടെ ബലഹീനതയായിരുന്നു ചാർമിനാർ. ജെ.എൻ.യുവിൽ ധനതത്ത്വശാസ്ത്രം പി.ജി കോഴ്സിന് അഭിമുഖം നടത്തിയ അധ്യാപകനൊപ്പം ചാർമിനാർ പുകച്ചുകൊണ്ടാണ് യെച്ചൂരി പ്രവേശനം സമ്പാദിച്ചത്. ആ സ്വാതന്ത്ര്യം യെച്ചൂരിക്ക് എല്ലാക്കാലത്തും എവിടെയും ഉണ്ടായിരുന്നു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പുകവലി നിരോധിച്ചപ്പോൾ സ്പീക്കർ സോമനാഥ് ചാറ്റർജി ഒതുക്കമുള്ള ഒരു മുറി പുകവലിക്കുന്നവർക്കായി വിട്ടുകൊടുത്തത് യെച്ചൂരിയെ കണ്ടുകൊണ്ടാകണം.

പുകച്ചുരുളുകളെ ആസ്വദിച്ചിരുന്ന യെച്ചൂരി ഒരിക്കലും പുകമറകൾ സൃഷ്ടിച്ചില്ല. പ്രത്യയശാസ്ത്രബോധ്യത്തോട് നീതി പുലർത്തിക്കൊണ്ടുള്ള തുറന്ന പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കമ്യൂണിസ്റ്റുകാർക്ക് ജീവിതത്തിലെ കൊച്ചുകൊച്ചു സുഖങ്ങൾ നിഷേധിക്കുന്നവർ ഹെയ്തിയൻ സംവിധായകൻ റൗൾ പെക് സംവിധാനം ചെയ്ത ‘ദ യങ് കാൾ മാർക്സ്’ എന്ന ജീവചരിത്രസിനിമ കാണണം. മാനിഫെസ്റ്റോയുടെ രചനപോലെ സർഗാത്മകമാണ് വിപ്ലവമെങ്കിൽ അതിന്റെ പ്രഭവമാകുന്നതിന് ശരീരത്തെയും മനസ്സിനെയും പരുവപ്പെടുത്തണം.

പ്രത്യയശാസ്ത്രത്താൽ നിർവചിതവും എന്നാൽ, പ്രത്യയശാസ്ത്രത്തിൽ ബന്ധിതമല്ലാത്തതുമായ രാഷ്ട്രീയജീവിതമായിരുന്നു യെച്ചൂരിയുടേത്. 19ാം നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ 21ാം നൂറ്റാണ്ടിലെ സൗമ്യവും ദീപ്തവുമായ മുഖമായിരുന്നു സീതാറാം യെച്ചൂരി. ലക്ഷ്യത്തിലേക്ക് മാർഗങ്ങൾ പലതുണ്ടെന്ന തിരിച്ചറിവാണ് യെച്ചൂരിയെ പ്രായോഗികവാദിയാക്കിയത്. അടിയന്തരാവസ്ഥയിൽ നിർണയിക്കപ്പെട്ട യെച്ചൂരിയുടെ രാഷ്ട്രീയജീവിതം മൂന്ന് ദശകം പിന്നിട്ടപ്പോൾ ഇന്ദിര ഗാന്ധിയുടെ മരുമകളുടെയും കൊച്ചുമകന്റെയും അഭ്യുദയകാംക്ഷിയും സംരക്ഷകനുമായി യെച്ചൂരിയെ മാറ്റി.

ഹർകിഷൻ സിങ് സുർജിത് നിർമിച്ച പാലം യെച്ചൂരി വലിച്ചില്ല. ബി.ജെ.പിയുടെ കോൺഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യത്തിൽ ഫാഷിസ്റ്റ് വിരുദ്ധർ ആകൃഷ്ടരായപ്പോൾ അതിലെ അപകടം രാഷ്ട്രത്തെ ബോധ്യപ്പെടുത്തിയത് യെച്ചൂരിയായിരുന്നു. രാജ്യം മുഴുവൻ വേരും സ്വാധീനവുമുള്ള പാർട്ടി കോൺഗ്രസാണെന്ന തിരിച്ചറിവിലേക്ക് അദ്ദേഹം രാഷ്ട്രീയ പാർട്ടികളെ എത്തിച്ചു. 1977ൽ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് പിരിച്ചുവിടപ്പെട്ട ജനസംഘവുമായും 1996ലും 2004ലും മതനിരപേക്ഷതയുടെ സംരക്ഷണാർഥം കോൺഗ്രസുമായും ഇടതുപക്ഷം സഖ്യത്തിലായതിന്റെ പൊരുൾ കേരളത്തിലെ കോൺഗ്രസുകാരെപ്പോലെ പലരും ഇനിയും മനസ്സിലാക്കിയിട്ടില്ല.

ഹർകിഷൻ സിങ്​ സുർജിത്​

യെച്ചൂരിയെപ്പോലെ ദേശീയവും സാർവദേശീയവുമായ ഇടതുപക്ഷവീക്ഷണമുള്ള കമ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയജീവിതം പ്രക്ഷുബ്ധവും സങ്കീർണവുമായിരിക്കും. അമേരിക്ക എന്ന മുതലാളിത്ത രാജ്യവുമായുള്ള ആണവ കരാർ യു.പി.എ സർക്കാർ ഒപ്പിടുന്നതിനുമ്പ് അത് സൂക്ഷ്മപരിശോധന നടത്തിയത് യെച്ചൂരിയായിരുന്നു. പാർട്ടിക്ക് തൃപ്തികരമായ രീതിയിൽ കരാർ തിരുത്തിയെഴുതിയതിനുശേഷവും ഒപ്പിട്ടപ്പോൾ ഇടതുപക്ഷം പിന്തുണ പിൻവലിച്ചത് യെച്ചൂരിയുടെമേൽ കാരാട്ട് ആധിപത്യം നേടിയതുകൊണ്ടായിരുന്നു.

രാഷ്ട്രീയ തീരുമാനങ്ങൾ വൈയക്തികമാകരുതെന്ന പക്ഷക്കാരനായിരുന്നു യെച്ചൂരി. അതേസമയം, വ്യക്തിയിൽനിന്ന് വേറിട്ട് രാഷ്ട്രീയമില്ലെന്ന പാഠംകൂടിയാണ് യെച്ചൂരിയുടെ ജീവിതം. ശ്രീരാമകൃഷ്ണൻ എന്ന പേരിൽ ആകൃഷ്ടനായി നിയമസഭയിലെ ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ സ്പീക്കർ സ്ഥാനത്തേക്ക് സി.പി.എം സ്ഥാനാർഥിക്ക് വോട്ടുചെയ്തു. സീതാറാം എന്ന പേരിൽ ആകൃഷ്ടരായ ഹിന്ദുത്വവാദികളെ യെച്ചൂരി ഓർമപ്പെടുത്തി: മാനവികതയുടെയും മതനിരപേക്ഷതയുടെയും പ്രതീകവും പ്രതിനിധിയും സംരക്ഷകനുമാണ് സീതാറാം.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.