ഇന്ത്യൻ കാൽപന്തിൽ വിസ്മയങ്ങൾ തീർത്ത എൻ.പി. പ്രദീപ് തെന്റ ജീവിതം പറയുന്നു. ഫുട്ബാളിെന്റ അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെക്കുന്നു.
1983 ഏപ്രിൽ 28ന് ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് ബിഷപ് വയലിൽ ഹോസ്പിറ്റലിൽ ആണ് എെന്റ ജനനം. അച്ഛൻ പാപ്പച്ചൻ അമ്മ സാവിത്രി. അങ്ങനെ എടുത്തുപറയാൻ മാത്രം വലിയ പ്രത്യേകതകൾ ഒന്നുംതന്നെ അവകാശപ്പെടാനില്ല. കുട്ടിക്കാലം തൊട്ടേ ഫുട്ബാൾ എന്ന് പറഞ്ഞാൽ ജീവനായിരുന്നു. വീട്ടിൽ ആർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു. ഇപ്പോഴുള്ള പോലെ ടർഫുകളും അക്കാദമികളും ഒന്നും അന്നില്ല. ഇപ്പോഴും ഇടുക്കി ജില്ലയിൽ വിരലിൽ എണ്ണാവുന്ന ടർഫുകളേയുള്ളൂ.
പഠിച്ചത് മൂലമറ്റം ഐ.എച്ച്.ഇ.പി സ്കൂളിലും ഗവൺമെന്റ് സ്കൂളിലും ആയിരുന്നു. അവിടെനിന്നാണ് കളിച്ചുതുടങ്ങിയത്. എന്നും വൈകീട്ട് ഗ്രൗണ്ടിൽ കളിയുണ്ടാവും. ആദ്യമൊക്കെ ഞാൻ കാഴ്ചക്കാരനായിരുന്നു. പിന്നെ പതിയപ്പതിയെ കളിച്ചുതുടങ്ങി. മൂലമറ്റം വികാസ് ക്ലബ് ആണ് എന്നെ ഫുട്ബാളിലേക്കു കൊണ്ടുവരുന്നത്.
ഇപ്പോഴത്തെ കെ.എഫ്.എ പ്രസിഡന്റ് കൂടിയായ ടോം ജോസ് കുന്നേൽ, സി.എസ്. മാമ്മൻ, പി.ആർ. ബിജു, മാർട്ടിൻ,ബിജു, ജിമ്മി, രാജേഷ് ഗോളി, പ്രസാദ് ഗോളി, സെൽവൻ, ഗണേഷ് സർ, വക്കൻ ചേട്ടൻ, ലൂണ കുഞ്ചൻ, മണികണ്ഠൻ, മുരുഗൻ കാട്ടു (സുരാപ്പി), ഗൈൻ, ടോമി ഇവരൊക്കെ ആയിരുന്നു അന്നത്തെ എെന്റ ഹീറോസ്.
ആ സമയത്ത് വികാസ് ക്ലബ് നടത്തിവന്നിരുന്ന വികാസ് ഫുട്ബാൾ മേളയൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. അന്ന് സന്തോഷ് ട്രോഫി ഒക്കെ കളിച്ച് അത്യാവശ്യം പ്രശസ്തിയിൽ ഒക്കെ നിൽക്കുന്ന നാട്ടുകാരനായ മാമ്മൻ ചേട്ടനായിരുന്നു അക്കാലത്തെ എെന്റ ഹീറോ. അന്ന് പുള്ളിയുടെ കൂടെ കളിക്കാൻ വന്നിരുന്നത് തിരുവനന്തപുരത്തുള്ള കെ.എസ്.ഇ.ബി പ്ലയേഴ്സ് ഒക്കെയായിരുന്നു. അവരുടെ ഒക്കെ കളി കണ്ട് അമ്പരന്നു നിന്നിട്ടുണ്ട്.
മുൻ സന്തോഷ് ട്രോഫി താരവും ഇപ്പോൾ ഇടുക്കി ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റുമായ സലീം കുട്ടി സാറിന്റെ അടുത്താണ് ഞാൻ പരിശീലനത്തിന് പോയിരുന്നത്. അദ്ദേഹം ആണെങ്കിൽ ഫുട്ബാളിനു വേണ്ടി ജീവിതം മാറ്റിവെച്ച മനുഷ്യനും. അങ്ങനെയൊരാളുടെ അരികിൽ എത്തിപ്പെടാൻ കഴിഞ്ഞതുകൊണ്ടാണ് ഞാനെന്ന കളിക്കാരൻ ഉണ്ടായത്. ഏതാണ്ട് 20 കിലോമീറ്ററുകൾ ഉണ്ടാവും മൂലമറ്റത്തുനിന്ന് തൊടുപുഴക്ക്. എന്നും പോയി വരുന്നതൊന്നും അത്ര എളുപ്പമായിരുന്നില്ല. ആ സമയത്തൊക്കെ സലീം കുട്ടി സാറൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
2007 ൽ നെഹ്റു കപ്പ് ഫൈനലിൽ സിറിയക്കെതിരെ ഗോൾ നേടിയ എൻ.പി. പ്രദീപിന്റെ ആഘോഷം
അന്നെല്ലാം കൂടെ എന്തിനും കട്ടക്ക് നിൽക്കുന്ന കുറെ കൂട്ടുകാർ ഉണ്ടായിരുന്നു. അന്നത്തെ എെന്റ സമ്പാദ്യവും അവരൊക്കെത്തന്നെയായിരുന്നു. ബിനോയ്, നിസാം, ഷിഹാബ്, അനസ്, ജെയ്സൺ, ഭാസി, സിജു ഇവരൊക്കെ അവരിൽ ചിലരാണ്. നാട്ടിൽ പോവുമ്പോഴൊക്കെ ഞങ്ങൾ ഒത്തുകൂടാറുണ്ട്.
മൂലമറ്റം വികാസ് ക്ലബ്, യൂനിറ്റി സോക്കർ ക്ലബ്, ഈ രണ്ട് ക്ലബുകളും ഫുട്ബാൾ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള ക്ലബുകളാണ്. ഞാനെന്ന കളിക്കാരനെ ആദ്യമായി വിശ്വസിച്ചത് അവരാണ്. അന്നൊക്കെ എല്ലാ ജില്ലകളിലും സമ്മർ കോച്ചിങ് ക്യാമ്പുകൾ നടക്കാറുണ്ട്. ഓരോ ജില്ലയിൽനിന്നും രണ്ടുപേർക്ക് ആ ക്യാമ്പിലേക്ക് പ്രവേശനം നൽകിയിരുന്നു.
അണ്ടർ -14 തലത്തിൽ ഇടുക്കി ജില്ലയിൽനിന്ന് സെലക്ഷൻ കിട്ടിയ രണ്ട് കളിക്കാരിൽ ഒരാൾ ഞാനായിരുന്നു. തിരുവനന്തപുരത്ത് നടന്ന ക്യാമ്പിൽ അണ്ടർ-14 തലത്തിൽ ടാറ്റാ ഫുട്ബാൾ അക്കാദമിക്കെതിരെയാണ് പ്രഫഷനൽതലത്തിൽ ആദ്യമായി ബൂട്ടണിഞ്ഞത്. സ്വന്തമായി ഒരു ബൂട്ടൊക്കെ അന്നൊക്കെ സത്യംപറഞ്ഞാൽ സ്വപ്നംകാണാൻപോലും പറ്റില്ല. പക്ഷേ, അമ്മ എങ്ങനെയോ പൈസ സ്വരുക്കൂട്ടി വെച്ച് ആദ്യമായി ബൂട്ട് വാങ്ങിത്തന്നു. ഇന്നും അതോർക്കുമ്പോൾ കണ്ണുകൾ നിറയും.
പിന്നീട് ഇടുക്കി ജില്ലയുടെ അണ്ടർ-16 ജില്ല ടീമിലേക്ക് എനിക്ക് സെലക്ഷൻ കിട്ടി. ജില്ല ടീമിനു വേണ്ടി സെമിഫൈനൽ വരെയുള്ള മത്സരങ്ങളിൽ നന്നായി കളിക്കാൻ കഴിഞ്ഞു. അത് കഴിഞ്ഞ് ഇടുക്കി ജില്ലയുടെ അണ്ടർ-21 തലത്തിൽ ഫൈനൽ വരെ എത്താനേ പറ്റിയുള്ളൂ. ആദ്യമായി ഒരു ടൂർണമെന്റിലെ മികച്ച താരമാവുന്നത് ആ സമയത്താണ്.
എൻ.പി. പ്രദീപ് കളിക്കളത്തിൽ
അന്ന് കൂടെ കളിച്ചിരുന്ന പലരും കേരളത്തിനു വേണ്ടി സബ് ജൂനിയർതലത്തിൽ ഒക്കെ മത്സരിച്ചിരുന്നു. എനിക്ക് പക്ഷേ, കളിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രീഡിഗ്രിക്ക് ഞാൻ കേരളവർമ കോളജിൽ ആയിരുന്നു. ആവശ്യത്തിലധികം യൂനിവേഴ്സിറ്റി താരങ്ങൾ അന്നും അവിടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കോളജ് ടീമിലൊന്നും ഞാൻ കളിച്ചിട്ടില്ല. പിന്നെ ഞാൻ വീണ്ടും നാട്ടിലെത്തി പ്രദീപ് വികാസ് ക്ലബിനൊപ്പം കളിക്കാൻ തുടങ്ങി. ആ വർഷം നടന്ന വികാസ് ഫുട്ബാൾ മേളയിൽ കളിക്കാൻ ബൂട്ട് വാങ്ങി നൽകിയത് സി.എസ്. മാമ്മെന്റ സഹോദരൻ ആയ ബില്ലി ആയിരുന്നു.
ആ വർഷമാണ് സി.എസ്. മാമ്മൻ ചേട്ടൻ എന്നെ കെ.എസ്.ഇ.ബിയുടെ ട്രയൽസിനു വിളിക്കുന്നത്. 10 ദിവസത്തോളം ആ ടീമിന്റെ കൂടെയായിരുന്നു. മാമ്മൻ ചേട്ടെന്റ കൂടെയാണ് താമസിച്ചതൊക്കെ. അടുത്ത വർഷം എന്നോട് കെ.എസ്.ഇ.ബിയിൽ ഗെസ്റ്റ് ആയി സൈൻ ചെയ്യാൻ അവർ പറഞ്ഞു. അന്ന് കെ.എസ്.ഇ.ബി കോച്ച് ആയ ജാഫർ സാറും ഭരതൻ സാറുമെല്ലാം എന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചവരാണ്.
17 വയസ്സുള്ളപ്പോഴാണ് അണ്ടർ 21 കേരള ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടുന്നത്. ഇടുക്കി ജില്ല അണ്ടർ 14, 16, 19 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായി കേരളത്തിനു വേണ്ടി കളിച്ചത് അണ്ടർ 21 ടീമിലായിരുന്നു. ആ സമയത്താണ് എസ്.ബി.ടി പുതിയ താരങ്ങൾക്കായി സെലക്ഷൻ ട്രയൽസ് നടത്തുന്നത്.
അന്നത്തെ കോച്ച് നജീബ് സാറിന്റെ നേതൃത്വത്തിൽ നടത്തിയ ട്രയൽസിൽ നാട്ടുകാരനായ സനുഷ് രാജ് അടക്കമുള്ള ആറു താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. അന്ന് ഭരതൻ സാറാണ് എന്നെയുംകൂടി അവരുടെ കൂടെ കൂട്ടാൻ നജീബ് സാറിനോട് പറഞ്ഞത്. അങ്ങനെയാണ് സ്റ്റേറ്റ് ബാങ്ക് ടീമിൽ ഞാൻ സൈൻ ചെയ്യുന്നത്. ആരാധനയോടെ കണ്ടിരുന്ന ആസിഫ് സഹീർ, ഇഗ്നേഷ്യസ് സിൽവസ്റ്റർ, സാബിർ, ഹകീം തുടങ്ങിയ ആ കാലഘട്ടത്തിലെ താരരാജാക്കന്മാരുടെ കൂടെ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ചത് ഫുട്ബാൾ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്.
സ്റ്റേറ്റ് ബാങ്കിൽ ജോയിൻചെയ്ത സമയത്താണ് മുംബൈ സന്തോഷ് ട്രോഫി നടന്നത്. സന്തോഷ് ട്രോഫി ക്യാമ്പിൽ ഞാൻ ഉണ്ടായിരുന്നുവെങ്കിലും ടീമിൽ ഇല്ലായിരുന്നു. ആ സമയത്താണ് 2001ൽ മുൻകാല കെ.എഫ്.എ സെക്രട്ടറി സുഗുണൻ സാർ ബാംഗ്ലൂരിൽ അണ്ടർ-19 ഇന്ത്യൻ ടീമിന്റെ ട്രയൽസിൽ പങ്കെടുക്കാൻ ഞാൻ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെ പറഞ്ഞുവിടുന്നത്. അന്ന് കേരളത്തിൽനിന്നു പോയ ഏഴുപേരിൽനിന്ന് എനിക്ക് മാത്രമാണ് ഇന്ത്യൻ അണ്ടർ-19 ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചത്. കേരളത്തിൽനിന്ന് കോഴിക്കോട്ടുകാരനായ ശിവദത്ത് റോണിയും അപ്പോൾ ടീമിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ക്യാമ്പിൽ സതീഷ് മാമ, സുബ്രതാപോൾ, നബി, സുഭാഷ് ചക്രവർത്തി തുടങ്ങിയ താരങ്ങളോടൊപ്പം കൽക്കത്തയിൽ നടന്ന എ.എഫ്.സി ക്വാളിഫൈ മാച്ചിൽ ഞങ്ങൾ ഖത്തറിൽ നടന്ന എ.എഫ്.സി കപ്പിന് യോഗ്യത നേടി. കൊൽക്കത്തയിലും ഇന്ത്യൻ അണ്ടർ-19 ടീമിനു വേണ്ടി ഞാൻ മത്സരിക്കുകയും നല്ല രീതിയിൽ കളിക്കാൻ കഴിയുകയുംചെയ്തു.
2000 -2003 കാലഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ടീമിനുവേണ്ടി ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു. രണ്ടുവർഷം തുടർച്ചയായി കളിക്കാൻ കഴിയുകയും, മൂന്നാം വർഷം ഐ ലീഗ് ക്വാളിഫൈ ചെയ്യുകയുംചെയ്തു. 2002ൽ ആംഗ്ൾ ഇഞ്ചുറി മൂലം എനിക്ക് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയില്ല. ആ സമയത്ത് ഞാൻ അണ്ണാമലൈ യൂനിവേഴ്സിറ്റിക്കു വേണ്ടി കളിക്കുന്നുണ്ടായിരുന്നു. ഇന്റർ യൂനിവേഴ്സിറ്റി സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ എം.ജി യൂനിവേഴ്സിറ്റിയെ പരാജയപ്പെടുത്തി ക്വാളിഫൈ നേടിക്കൊടുത്തതിൽ ടീമിനുവേണ്ടി രണ്ട് ഗോളും ഞാൻ അടിച്ചു.
2003ൽ അണ്ണാമലൈ യൂനിവേഴ്സിറ്റി ആയിരുന്നു ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി ടൂർണമെന്റിൽ സൗത്ത് സോൺ ചാമ്പ്യന്മാർ. ഓൾ ഇന്ത്യ ഇന്റർ യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ അണ്ണാമലൈ യൂനിവേഴ്സിറ്റി ഫൈനലിൽ പരാജയപ്പെട്ടു. അതിനു മുമ്പുള്ള മത്സരങ്ങളിൽ രണ്ട് കാർഡ് കിട്ടിയതുകൊണ്ട് എനിക്ക് ഫൈനൽ കളിക്കാൻ കഴിഞ്ഞില്ല. ഫൈനൽ കളിക്കാൻ പറ്റിയില്ലെങ്കിലും ടൂർണമെന്റിലെ മികച്ച താരം ആവാനുള്ള ഭാഗ്യം എനിക്കുണ്ടായി. 2004ലെ സന്തോഷ് ട്രോഫിയിലാണ് ഞാൻ ആദ്യമായി കേരളത്തിനുവേണ്ടി കളിച്ചത്. അന്നും എനിക്ക് ഫൈനലിൽ കളിക്കാൻ കഴിഞ്ഞില്ല.
ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഐ.എം. വിജയേട്ടെന്റ കൂടെ കളിക്കുക എന്നുള്ളത്. 2005 സന്തോഷ് ട്രോഫിയിൽ അദ്ദേഹത്തിന്റെ കൂടെ കളിക്കാൻ എനിക്ക് അവസരം ലഭിച്ചു. അന്നാണ് കേരളത്തിനുവേണ്ടി ഞാൻ ആദ്യമായി ഗോൾ നേടുന്നത്. മധ്യപ്രദേശിനെതിരെ ആയിരുന്നു ആദ്യഗോൾ. സെമിഫൈനലിൽ നമ്മൾ മഹാരാഷ്ട്രയോട് പരാജയപ്പെട്ടിരുന്നു.
കേരളത്തിനുവേണ്ടി നാലുതവണ (2004, 2005, 2006, 2008) സന്തോഷ് ട്രോഫി കളിക്കാൻ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. 2008ൽ കോയമ്പത്തൂരിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റൻ ഞാനായിരുന്നു. 2013ൽ കേരളത്തിൽ നടന്ന സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയുടെ ക്യാപ്റ്റനായി. 2004ൽ എസ്.ബി.ടിയിൽ കളിക്കുന്ന സമയത്ത് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലക്ഷൻ കിട്ടിയിരുന്നു. 2005ൽ എ.എഫ്.സി ചലഞ്ച് കപ്പിെന്റ ആദ്യ എഡിഷൻ ബംഗ്ലാദേശിൽ നടന്നപ്പോൾ ഞാനായിരുന്നു ക്യാപ്റ്റൻ. ആദ്യമായി ക്യാപ്റ്റെന്റ ആം ബാൻഡണിഞ്ഞ് മത്സരത്തിനിറങ്ങിയത് ഇന്നും എന്റെ കൺമുന്നിലുണ്ട്. അന്ന് കൂടെ കളിച്ച മലയാളികളായിരുന്നു തൃശൂർകാരനായ റിനോ ആന്റോയും വയനാട്ടുകാരനായ ഷഫീക്കും.
അണ്ടർ-23 ക്യാപ്റ്റനായ സമയത്തൊക്കെ ടീമിനുവേണ്ടി നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇന്ത്യൻ സീനിയർ ടീം കോച്ച് നഈമുദ്ദീൻ സാർ ഇന്ത്യൻ സീനിയർ ടീമിലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിലാണ് ഞാൻ ആദ്യമായി ഇന്ത്യൻ സീനിയർ ടീമിനുവേണ്ടി ബൂട്ട് അണിഞ്ഞത്. പാലക്കാട്ടുകാരനായ അബ്ദുൽ ഹകീമും അന്ന് ടീമിൽ ഉണ്ടായിരുന്നു. പാകിസ്താനുമായി നടന്ന സൗഹൃദമത്സരം ആയിരുന്നു ഇന്ത്യൻ ജഴ്സിയിൽ സീനിയർ ടീമിനു വേണ്ടി എെന്റ ആദ്യ പ്രകടനം. ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ആദ്യ മത്സരവും അതുതന്നെ. ആ വർഷംതന്നെ ഫിജിയിൽ നടന്ന അണ്ടർ 23 സൗഹൃദ മത്സരത്തിലും ഞങ്ങൾ ഒരുമിച്ച് കളിച്ചിരുന്നു.
2005 -2006 കാലഘട്ടത്തിലാണ് ഇന്ത്യ നഈമുദ്ദീൻ കോച്ചിെന്റ കീഴിൽ ജപ്പാനിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ പങ്കെടുക്കുന്നത്. അന്ന് ജപ്പാനോടും യമനോടും തോറ്റ് നമ്മൾ പുറത്തായി. ഇന്ത്യൻ ടീമിെന്റ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ബോബ് ഹൂട്ടൻ എത്തുന്നത് ആ സമയത്താണ്. എന്നെ ഒരു മികച്ച കളിക്കാരൻ ആക്കി മാറ്റിയതിൽ അദ്ദേഹത്തിന് വലിയ സ്ഥാനമുണ്ട്.
നെഹ്റു കപ്പ് ഫുട്ബാൾ ആണ് ഫുട്ബാൾ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. 2007ൽ നെഹ്റു കപ്പിന് തയാറെടുക്കുന്ന സമയത്ത് ജൂലൈ 28നാണ് എന്റെ അച്ഛെന്റ മരണം. ആ സമയത്ത് ഞാൻ ഇന്ത്യൻ ടീമിനൊപ്പം പോർചുഗലിൽ ആയിരുന്നു. അവസാനത്തെ രണ്ട് പരിശീലന മത്സരങ്ങളിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. എന്നാൽ, നെഹ്റു കപ്പ് തുടങ്ങാൻ അധികം ദിവസങ്ങൾ ഇല്ലാതിരുന്നതുകൊണ്ടുതന്നെ 10 ദിവസത്തിനകം ഇന്ത്യൻ ക്യാമ്പിലേക്ക് തിരികെ പോവേണ്ടിവന്നു. മാനസികമായി ആകെ തകർന്നുപോയ സമയമായിരുന്നു അത്. അന്നെന്നെ വിളിച്ച് ആശ്വസിപ്പിച്ച് ആത്മവിശ്വാസം നൽകിയത് മുൻ ഇന്ത്യൻ താരം ലയണൽ ചേട്ടൻ ആയിരുന്നു. നെഹ്റു കപ്പിൽ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ഗോൾ എെന്റ വക ആയിരുന്നു. കംബോഡിയക്കെതിരെ ആയിരുന്നു ആദ്യത്തെ ഗോൾ.
കലാശപ്പോരാട്ടത്തിൽ സിറിയ ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ. ഗാലറിയിൽ മുഴുവൻ ‘ഇന്ത്യ ഇന്ത്യ’ എന്ന ആരവം മുഴങ്ങുന്നത് ഞങ്ങൾക്ക് കേൾക്കാം. സിറിയൻ ബോക്സിനുള്ളിൽ സുനിൽ ഛേത്രി ഹെഡ് ചെയ്ത പന്ത് ബൈച്യുങ് ബൂട്ടിയയിലൂടെ നേരെ ബോക്സിന് പുറത്തുള്ള എനിക്കാണ് കിട്ടുന്നത്. രണ്ട് പ്രതിരോധ താരങ്ങളുടെയും ഗോളിയുടെയും കാലുകൾക്കിടയിലൂടെയാണ് ഞാൻ ആ ഗോളടിച്ചത്.
സത്യം പറഞ്ഞാൽ ആ നിമിഷം ഒരുവേള ഹൃദയം നിലച്ചുപോവുമോ എന്ന് ഞാൻ ഭയന്നുപോയി. കളിയുടെ 43ാം മിനിറ്റിലാണ് ഗോളടിച്ചത്. ഇന്ത്യൻ ഫുട്ബാളിെന്റ ചരിത്രത്തിലാദ്യമായി നെഹ്റു കപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പിറ്റേന്ന് പത്രത്തിലൊക്കെ ഒരുപാട് വാർത്തകളൊക്കെ വന്നിരുന്നു. ടീം മുഴുവൻ ആഘോഷത്തിലായിരുന്നു ആ രാത്രി. എനിക്ക് പക്ഷേ, അന്നുറങ്ങാൻ കഴിഞ്ഞില്ല. ഗോളടിച്ചതിനു ശേഷം ഗ്രൗണ്ടിൽ ഞാൻ സ്ലൈഡിങ് സെലിബ്രേഷൻ നടത്തിയിരുന്നു. അതിെന്റ ബാക്കിയായി രണ്ട് കാൽമുട്ടുകളുടെയും തൊലിയുരിഞ്ഞുപോയി.
2009ലും സിറിയയെ തോൽപിച്ച് കിരീടം നിലനിർത്തുമ്പോൾ ഞാൻ ആദ്യമായും അവസാനമായും ഒരു മാഗസിനു വേണ്ടി അഭിമുഖം നൽകിയത് നാട്ടിലെത്തന്നെ മുട്ടം പോളിടെക്നിക് കോളജിനു വേണ്ടിയായിരുന്നു. നെഹ്റു കപ്പ് ജയിച്ചുവന്ന എനിക്ക് നാട്ടിലും വീട്ടിലുമൊക്കെ നല്ല സ്വീകരണമായിരുന്നു.
എൻ.പി. പ്രദീപ് മുത്തശ്ശിക്കൊപ്പം,ഹോക്കി താരം പി.ആർ. ശ്രീജേഷിനും മുഹമ്മദ് റാഫിക്കുമൊപ്പം
പിന്നെ 2008ൽ ഇന്ത്യ എ.എഫ്.സി ചലഞ്ച് കപ്പ് വിജയിച്ചു. നീണ്ട 23 വർഷത്തെ കാത്തിരിപ്പിന് വിരാമംകുറിച്ച് നമ്മൾ ഏഷ്യ കപ്പിന് യോഗ്യത നേടി. ഹൈദരാബാദിൽ നടന്നുവന്നിരുന്ന മത്സരത്തിെന്റ ഫൈനൽ നടന്നത് ഡൽഹിയിലായിരുന്നു. മഴ കാരണം ഡൽഹിയിൽ നടത്തിയ മത്സരത്തിൽ ഇന്ത്യ തജികിസ്താനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഏഷ്യ കപ്പ് യോഗ്യത ഉറപ്പിക്കുന്നത്. 2011ൽ ഖത്തറിൽ നടന്ന ഏഷ്യ കപ്പിൽ നമ്മൾ തോറ്റുപോയെങ്കിലും ടൂർണമെന്റിൽ ഉടനീളം നല്ല രീതിയിൽ കളിക്കാനുള്ള അവസരം ലഭിച്ചു.
എസ്.ബി.ടി, മഹീന്ദ്ര യുനൈറ്റഡ്, മോഹന്ബഗാൻ, വിവ കേരള, മുംബൈ എഫ്.സി -അങ്ങനെ ഒരുവിധം എല്ലാ ക്ലബുകളിലും എല്ലാ ഏജ് കാറ്റഗറികളിലും ഫുള് ബാക്കായും വിങ് ബാക്കായും ഡിഫന്സിവ്- അറ്റാക്കിങ് മിഡ് ഫീൽഡറായും ഫോര്വേഡായും ഒക്കെ ഞാൻ കളിച്ചിട്ടുണ്ട്. അണ്ടർ -23 ടീമിന് വേണ്ടി സാഫ് ഗെയിംസിൽ സെമി ഫൈനൽ മത്സരത്തിൽ ഭൂട്ടാനെതിരെ 40 വാര അകലത്തിൽനിന്ന് ഞാൻ ഒരു ലോങ് റേഞ്ചർ ഗോൾ നേടിയിരുന്നു. അതുപോലെ ഇന്ത്യൻ സീനിയർ ടീമിനുവേണ്ടി പാകിസ്താനെതിരെ നേടിയ ഗോളും സ്വകാര്യ സന്തോഷങ്ങളാണ്.
2005 -2006 കാലഘട്ടത്തിലാണ് ഞാൻ എസ്.ബി.ടി വിട്ട് മഹീന്ദ്ര യുനൈറ്റഡിലേക്ക് പോവുന്നത്. ആ സമയത്ത് ഐ ലീഗ് ഉൾപ്പെടെയുള്ള പ്രഫഷനൽ ടൂർണമെന്റുകളിലെ പ്രകടനത്തിെന്റ അടിസ്ഥാനത്തിൽ ആയിരുന്നു കൂടുതലും ദേശീയ ടീമിലേക്കുള്ള സെലക്ഷനൊക്കെ. അങ്ങനെയാണ് ഞാൻ എസ്.ബി.ടി വിടുന്നത്. ഐ ലീഗ് കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പല ക്ലബുകളിൽനിന്നും എനിക്ക് ഓഫറുകൾ വന്നിരുന്നു. മഹീന്ദ്ര യുനൈറ്റഡിനുവേണ്ടി മുഹമ്മദ് റാഫിയും ഞാനും ഒരുമിച്ചാണ് സൈൻ ചെയ്തത്. ഡെറിക് പെരേര ആയിരുന്നു കോച്ച്. ഞങ്ങൾ മഹീന്ദ്രക്ക് വേണ്ടി കളിച്ച സമയത്ത് രണ്ടുതവണ ഐ.എഫ്.എ ഷീൽഡ് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഡ്യൂറൻഡ് കപ്പും നേടിയിട്ടുണ്ട്. അക്കാലത്ത് മുംബൈ ലീഗിലെ സ്ഥിരം ചാമ്പ്യന്മാർ മഹീന്ദ്ര യുനൈറ്റഡ് ആയിരുന്നു.
2010ൽ ശ്രീലങ്കയും മാൽഡവിസും ആതിഥേയത്വം വഹിച്ച സാഫ് കപ്പിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ഫൈനലിൽ ഇന്ത്യ ഒരു ഗോളിന് മാൽഡവിസിനോട് പരാജയപ്പെട്ടു. 2011 ൽ ഏഷ്യ കപ്പിന് ശേഷമാണ് ഞാൻ വിവാ കേരളയിൽ ജോയിൻ ചെയ്യുന്നത്. നാലുമാസമാണ് ഞാൻ അവിടെ കളിച്ചത്. പിന്നീട് മോഹൻബഗാൻ ക്ലബിലേക്ക് മാറി. അവിടെ എെന്റ കൂടെ ഉണ്ടായിരുന്നവരാണ് ധനരാജും സുനിൽ ഛേത്രിയുമെല്ലാം. പിന്നീട് ഞാൻ മുംബൈ ടൈഗേഴ്സ് ടീമിൽ ജോയിൻചെയ്തു. ഐ.എസ്.എൽ കരാറൊപ്പിട്ടു. മുംബൈ എഫ്.സിക്ക് വേണ്ടി കളിച്ച സമയത്താണ് എനിക്ക് പരിക്ക് പറ്റുന്നത്. തുടർന്ന് ഞാൻ നാട്ടിലേക്ക് തിരിച്ചുവന്നു. പിന്നീട് 2014 -15 സീസൺ ചെന്നൈയിൻ എഫ്.സിക്കുവേണ്ടി കരാർ ഒപ്പിട്ടു. ചെന്നൈയുടെ ആദ്യ ഇലവനിൽ ഞാൻ ഉണ്ടായിരുന്നു എങ്കിലും പരിശീലന മത്സരത്തിനിടയിൽ വീണ്ടും പരിക്ക് വില്ലനായതുകൊണ്ട് തുടർന്ന് എനിക്ക് ഐ.എസ്.എൽ കളിക്കാൻ സാധിച്ചില്ല.
പരിക്ക് മാറി തിരിച്ചെത്തിയ ഞാൻ മുംബൈ ടീമിനുവേണ്ടി ഐ ലീഗിൽ ക്യാപ്റ്റനായിരുന്നു. 2017ൽ ചെന്നൈ ക്ലബായ ഹിന്ദുസ്ഥാൻ ടീമിനു വേണ്ടിയും കളിച്ചു. തുടർന്ന് കണ്ണൂരിലെ ജിംഖാന ക്ലബിനു വേണ്ടിയും, കണ്ണൂർ സ്പിരിറ്റഡ് യൂത്ത് ടീമിനു വേണ്ടിയും കളിച്ചു. ആ സമയത്തൊന്നും ഞാൻ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നില്ല. ഇപ്പോൾ ഞാൻ റിക്വസ്റ്റ് കൊടുത്തിട്ട് കുറച്ചു നാളുകളായി. എന്താണ് തീരുമാനം എന്നതൊന്നും അറിയില്ല. ജൂനിയർ തലത്തിലും സീനിയർ തലത്തിലും ജി.വി. രാജ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2008ൽ വി.പി. സത്യൻ സാറിന്റെ പേരിൽ നൽകാറുള്ള കെസ്പാ അവാർഡും കിട്ടിയിട്ടുണ്ട്.
ഓർമവെച്ച നാൾ മുതൽ തുടങ്ങിയ ഫുട്ബാൾ ജീവിതത്തിൽ പലഘട്ടങ്ങളിലായി കൈപിടിച്ചുയർത്തിയവരാണ് സലീം കുട്ടി അണ്ണൻ, ഭരതൻ സാർ, നജീബ് സാർ, ജാഫർ സാർ, ചാത്തുണ്ണി സാർ, പീതാംബരൻ സാർ, വി.പി. ഷാജി സാർ, നഈമുദ്ദീൻ സാർ, ബോബ് ഹ്യൂട്ടൻ, സുഖിന്ദർ സിങ്, ടെറിക് പെരേര, ടോമി കുന്നൻ, ഐ.എം. വിജയൻ -ഇവരോടൊക്കെ എനിക്കെന്നും കടപ്പാടുണ്ട്.
ഓർമ ഉള്ളപ്പോ മുതൽ ഇപ്പോഴും മൂലമറ്റം ഗ്രൗണ്ടിൽ എത്തുമ്പോൾ ഞാൻ കാണുന്ന ഒരേയൊരു മുഖമാണ് ഗണേഷ് ചേട്ടൻ. 2008ലായിരുന്നു വിവാഹം. ഭാര്യ ബ്യൂള. മകള്: ആന് ജെറിക്ക. മകൻ: ആദം ജെറാർഡ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട കളിക്കാരെന്റ പേരാണ് മക്കൾക്ക് ഞാനിട്ടത്. ഇപ്പോൾ കണ്ണൂരിലാണ് താമസം. ഇവിടെ NP 7 എന്ന പേരിൽ ഒരു ടർഫ് നടത്തിവരുന്നു. ഞാനിപ്പോഴും ഇടക്ക് മൂലമറ്റത്തിനു പോവാറുണ്ട്. അമ്മയും രണ്ട് സഹോദരിമാരും അവിടെയാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.