സിദ്ധാന്ത വഴികൾ

സിദ്ധാന്ത പഠനത്തിന് ഒരാമുഖമാണിത്​. കഴിഞ്ഞ ലക്കം തുടർച്ച. സിദ്ധാന്തവും വിമർശനവും തമ്മിലെ വ്യത്യാസം, ഉദാരമാനവികതയുടെ തുടക്കം, പരിണാമം, സിദ്ധാന്തത്തിന്റെ ഉദയങ്ങൾ, അതിന്റെ സ്വഭാവ സവിശേഷതകൾ, പരിണാമവും വർത്തമാന അവസ്ഥയും എന്നിവയൊക്കെ വിശദമായി പ്രതിപാദിക്കുകയാണ്​ ഇൗ പഠനലേഖനത്തിൽ അക്കാദമിക വിചക്ഷണൻകൂടിയായ ലേഖകൻ.

ഡോ. ജോണ്‍സണ്‍ ഒരേസമയംതന്നെ പ്രായോഗിക വിമര്‍ശകനും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു. അദ്ദേഹത്തിന്‍റെ പ്രശസ്ത കൃതികളായ ‘പ്രിഫസ് ടു ഷേക്സ്പിയറും’ (1765) ‘ലൈവ്സ് ഓഫ് പോയറ്റ്സും’ (1781) സാഹിത്യകൃതികളുടെ വിലയിരുത്തലും വിശകലനവും മാത്രമല്ല. സാഹിത്യരചനയെ നിയന്ത്രിക്കുകയും നിര്‍വചിക്കുകയുംചെയ്യുന്ന അടിസ്ഥാനപരമായ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്, ഈ കൃതികളില്‍. ജീവിതത്തിന്‍റെ സത്യസന്ധവും സര്‍ഗാത്മകവുമായ ആവിഷ്കാരമാണ് സാഹിത്യം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനതത്ത്വം.

മാനുഷികവികാരങ്ങളെ മനുഷ്യന് പരിചിതമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് സാഹിത്യത്തിന്‍റെ ലക്ഷ്യമെന്ന കാഴ്ചപ്പാടിലാണ് അദ്ദേഹം ഷേക്സ്പിയറിനെ സമീപിക്കുന്നത്. ഈ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുവെന്നതുതന്നെയാണ് ഷേക്സ്പിയറിന്‍റെ മഹത്ത്വത്തിനു നിദാനമെന്ന് അദ്ദേഹം തിരിച്ചറിയുന്നുമുണ്ട്. എബ്രഹാം കൗളി മുതല്‍ തോമസ് ഗ്രേ വരെയുള്ള 52 കവികളുടെ ലഘു ജീവചരിത്രവും വിമര്‍ശനാത്മക വിലയിരുത്തലുകളുമാണ് ‘ലൈവ്സ് ഓഫ് പോയറ്റ്സി’ന്‍റെ ഉള്ളടക്കം. ജോണ്‍സണ്‍ പ്രായോഗികനിരൂപണത്തിനു നല്‍കിയ നിസ്തുലമായ സംഭാവനയായി ഈ കൃതിയെ കാണുന്നതില്‍ തെറ്റില്ല.

ഇംഗ്ലീഷ് കവികളായ വേഡ്സ് വര്‍ത്തും കോള്‍റിജും കാൽപനിക കലാപത്തിനു ഊര്‍ജം പകര്‍ന്ന സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചവരായിരുന്നു. വേഡ്സ് വര്‍ത്തിന്‍റെ ‘പ്രിഫസ് ടു ലിറിക്കല്‍ ബാലഡ്സ്’ (1800) അദ്ദേഹത്തിന്‍റെയും സുഹൃത്തായ കോള്‍റിജിന്‍റെയും ബൗദ്ധിക കൂട്ടായ്മയുടെ സൃഷ്ടിയാണ്. 1798ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ലിറിക്കല്‍ ബാലഡ്സ്’, ഈ രണ്ട് കവികളുടെയും തിരഞ്ഞെടുക്കപ്പെട്ട കവിതകളുടെ സമാഹാരമാണ്. പ്രമേയത്തിലും ആവിഷ്കാര രീതിയിലും വേറിട്ടുനില്‍ക്കുന്ന ഈ കവിതകള്‍ ഒരു പുതിയ സൗന്ദര്യവിപ്ലവത്തിന് കാരണമായി. കവിതയുടെ കണ്ടുമടുത്ത രൂപഭാവങ്ങള്‍ സൃഷ്ടിച്ച വിരസതയില്‍നിന്നും വായനക്കാരനുള്ള മോചനമാണ് പുതിയ കവിതകള്‍ സമ്മാനിച്ചത്. പുത്തൻ ഭാവുകത്വനിര്‍മിതിക്ക് ആവശ്യമായ ലാവണ്യനിയമങ്ങളായിരുന്നു, ‘പ്രിഫസി’ല്‍ ഉണ്ടായിരുന്നത്. അന്നു പ്രചാരത്തിലിരുന്ന കാവ്യഭാഷ കൃത്രിമവും അലങ്കാരജടിലവുമായിരുന്നു.

സാധാരണ സംസാരഭാഷയില്‍നിന്നും ഏറെ വ്യത്യസ്തമായിരുന്നു അത്. ലളിതവും പരിചിതവും ജീവിതഗന്ധിയുമായ ഭാഷയുടെ അഭാവം കവിതയെ സാധാരണക്കാരില്‍നിന്നും അകറ്റുകയാണ് ചെയ്തത്. കവിതയുടെ ജനാധിപത്യവത്കരണമാണ് വേഡ്സ് വര്‍ത്തും കോള്‍റിജും സാധ്യമാക്കിയത് എന്നതില്‍ തര്‍ക്കമില്ല. പുതിയ പദാവലിയും ബിംബകൽപനയും വിഷയങ്ങളും അവതരണരീതിയും കവിതയെ ഒരുതരം അപരിചിതവത്കരണത്തിന് വിധേയമാക്കി.

 

പരിചിതമായതിനെ വിചിത്രവത്കരിക്കാന്‍ വേഡ്സ് വര്‍ത്ത് ശ്രമിച്ചപ്പോള്‍ വിചിത്രമായതിനെ പരിചിതമാക്കാനാണ് കോള്‍റിജ് ആഗ്രഹിച്ചത്. സാധാരണക്കാരന്‍റെ ജീവിതവും അനുഭവവും അവന്‍റെ ഭാഷയില്‍ അവതരിപ്പിക്കപ്പെട്ടു. പുതിയ സംവേദനശീലങ്ങള്‍ നിര്‍മിക്കുന്നതോടൊപ്പം തങ്ങളുടെ കവിതയുടെ പ്രസക്തിയെ ന്യായീകരിക്കാനും ശ്രമിച്ചു, ഈ കവികള്‍. പുതുകവിതയെ ഉള്‍ക്കൊള്ളാൻ ആവശ്യമായ സൗന്ദര്യശിക്ഷണം വായനക്കാരന് നല്‍കുകയായിരുന്നു, അവരുടെ ലക്ഷ്യം. കാവ്യഭാഷയും സാധാരണ ഭാഷയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ചില മൗലികമായ നിരീക്ഷണങ്ങള്‍ ‘പ്രിഫസി’ലുണ്ട്.

കോള്‍റിജിന്‍റെ ‘ബയോഗ്രഫിയാ ലിറ്ററേറിയ’ (1815)യുടെ പതിനാലാം അധ്യായം ‘ലിറിക്കല്‍ ബാലഡ്സി’ന്‍റെ ഉൽപത്തിയെക്കുറിച്ചും അതിന്‍റെ രണ്ടാം പതിപ്പിന്‍റെ പ്രശസ്തമായ ആമുഖത്തെക്കുറിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്. കവിതയെയും കാവ്യസാഹിത്യത്തെയും നിര്‍വചിക്കുന്നതോടൊപ്പം അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കുകകൂടി ചെയ്യുന്നു, കോള്‍റിജ്. ‘പ്രിഫസി’ലെ ആശയങ്ങള്‍ പലതും കോള്‍റിജിന്‍റെ സംഭാവനയായിരുന്നുവെങ്കിലും അതിനെ തന്‍റെ കൃതിയില്‍ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. വേഡ്സ് വര്‍ത്തിന്‍റെ സിദ്ധാന്തവും പ്രയോഗവും തമ്മില്‍ പലപ്പോഴും പൊരുത്തപ്പെടാറില്ല എന്ന പരാതിയും കോള്‍റിജ് ഉന്നയിക്കുന്നു.

തന്‍റെ സിദ്ധാന്തങ്ങള്‍ വിസ്മരിക്കുമ്പോള്‍ മാത്രമാണ് വേഡ്സ് വര്‍ത്തിന്‍റെ കാവ്യഭാവന ചിറകുവിടര്‍ത്തുന്നത് എന്നു തുറന്നുപറയാന്‍ അദ്ദേഹം തെല്ലും മടിക്കുന്നില്ല. ഭാവനയുടെ ഉൽപന്നമാണെങ്കിലും കവിതക്ക് ഒരു രൂപമുണ്ടെന്നും ഈ രൂപമാണ് അതിനെ മറ്റു രചനകളില്‍നിന്നും വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കവിതയുടെ രൂപവും ഉള്ളടക്കവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധം അദ്ദേഹം വിശദമായി പരിശോധിക്കുന്നുണ്ട്.

കവിതയുടെ ഭാഷയും ഗദ്യത്തിന്‍റെ ഭാഷയും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളില്ല എന്ന വേഡ്സ് വര്‍ത്തിന്‍റെ വിവാദപരമായ നിരീക്ഷണത്തെ കോള്‍റിജ് ശക്തമായി എതിര്‍ക്കുന്നു. അനുവാചകനെ ആനന്ദിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയുമാണ് കവിതയുടെ ലക്ഷ്യമെങ്കില്‍ അതിന്‍റെ ഭാഷയും വ്യത്യസ്തമായിരിക്കുമെന്ന് കോള്‍റിജ് ഉറപ്പിച്ചു പറയുന്നു. ഭാഷ, ആനന്ദം പകര്‍ന്നുതരുന്നത് അതിന് സര്‍ഗാത്മകവ്യതിയാനം സംഭവിക്കുമ്പോഴാണ്, അത് കാവ്യഭാഷയാകുമ്പോഴാണ്, സൗന്ദര്യാനുഭൂതി ജനിപ്പിക്കുമ്പോഴാണ്.

കാൽപനിക കവിയായ ഷെല്ലിയുടെ ‘ഡിഫന്‍സ് ഓഫ് പോയട്രി’ (1821) യില്‍ ഈ ആശയത്തിന്‍റെ തുടര്‍ച്ചയും വികാസവും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. കവിത അപരിചിതവത്കരണത്തിന്‍റെ സൃഷ്ടിയാണെന്ന് ഷെല്ലി വിശ്വസിച്ചിരുന്നു. പില്‍ക്കാലത്ത് റഷ്യന്‍ ‘ഫോര്‍മലിസ്റ്റ്’ നിരൂപകരിലൂടെ പ്രചാരം സിദ്ധിച്ച അപരിചിതവത്കരണം എന്ന സര്‍ഗാത്മക പ്രക്രിയയെക്കുറിച്ച് ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഷെല്ലി ബോധവാനായിരിക്കണം. കവിത അടുപ്പത്തിന്‍റെയും പരിചയത്തിന്‍റെയും മൂടുപടം മാറ്റി പ്രപഞ്ചത്തെ വിചിത്രവും അത്ഭുതകരവുമാക്കുന്നു എന്ന കാൽപനിക സങ്കൽപം, പിന്നീട് മറ്റൊരു രീതിയില്‍ കാൽപനികതയുമായി ഏറെ അകലം പാലിച്ചിരുന്ന ടി.എസ്. എലിയറ്റിന്‍റെ ‘ട്രഡീഷന്‍ ആന്‍ഡ് ഇന്‍ഡിവിജ്വല്‍ ടാലന്‍റ്’ (1919) എന്ന ലേഖനത്തിന്‍റെ സൈദ്ധാന്തികഘടനയെ രൂപപ്പെടുത്തുന്നതായി കാണാം.

 

സാഹിത്യകൃതിക്ക് പുറത്തുള്ള വ്യക്തിയും അതിനുള്ളിലെ എഴുത്തുകാരനും തമ്മിലുള്ള സംഘര്‍ഷാത്മകബന്ധത്തെക്കുറിച്ചുള്ള തന്‍റെ ചിന്തകള്‍ ഈ ലേഖനത്തില്‍ എലിയറ്റ് പങ്കുവെക്കുന്നു. ഇവര്‍ തമ്മിലുള്ള അകലം കൂടുന്നതനുസരിച്ച് രചനയുടെ നിലവാരവും ഉയരുമെന്ന് അദ്ദേഹം വിശ്വസിച്ചു. കലാകാരന്‍ പൂര്‍ണത കൈവരിക്കുന്നത് അയാളിലെ വ്യക്തി കടന്നുപോകുന്ന ജീവിതാനുഭവങ്ങള്‍ അയാളുടെ സൃഷ്ടിയില്‍ ഒട്ടും പ്രതിഫലിക്കാതിരിക്കുമ്പോഴാണ് എന്നതും എലിയറ്റിന്‍റെ കാവ്യദര്‍ശനത്തിന് മൗലികത പകരുന്നു.

എന്നാല്‍, കവിത വ്യക്തിപരമായ അനുഭവങ്ങളുടെ ബോധപൂര്‍വമുള്ള ആവിഷ്കാരമല്ല എന്ന ആശയത്തെക്കുറിച്ച് ഷെല്ലിക്ക് തികഞ്ഞ ഉള്‍ക്കാഴ്ചയുണ്ടായിരുന്നുവെന്ന് ‘ഡിഫന്‍സ് ഓഫ് പോയട്രി’ സാക്ഷ്യപ്പെടുത്തുന്നു. പില്‍ക്കാലത്ത് പ്രസിദ്ധമായ ആധുനിക നിരൂപണസിദ്ധാന്തത്തിലെ കാഴ്ചപ്പാടുകള്‍ പലതും കാൽപനിക നിരൂപണം മുന്‍കൂട്ടി കണ്ടിരുന്നു. കാൽപനിക കവിതയില്‍ ഫ്രോയിഡിയന്‍ ചിന്തകളുടെ അനുരണനങ്ങളുണ്ടാവാം. ഒരുപക്ഷേ, അതുകൊണ്ടായിരിക്കാം കാൽപനിക കവിത ഫ്രോയിഡിയന്‍ വായനക്ക് വഴങ്ങുന്നത്.

ഇംഗ്ലീഷ് നിരൂപണ സിദ്ധാന്തത്തിന്‍റെ വികാസപരിണാമങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട്: രണ്ടു മുഖ്യധാരകളിലൂടെയായിരുന്നു അത് സഞ്ചരിച്ചിരുന്നത്. ഡോ. ജോണ്‍സണ്‍, മാത്യു ആര്‍നോള്‍ഡ്, ടി.എസ്. എലിയറ്റ്, എഫ്.ആര്‍. ലീവിസ് എന്നിവരിലൂടെ വളര്‍ന്ന് പുഷ്ടിപ്രാപിച്ച പ്രായോഗിക വിമര്‍ശനത്തിന്‍റെയാണ് ആദ്യത്തെ വഴി. രണ്ടാമത്തെ വഴി സിഡ്നി, വേഡ്സ് വര്‍ത്ത്, കോള്‍റിജ്, ജോര്‍ജ് എലിയറ്റ്, ഹെൻറി ജയിംസ് എന്നിവരിലൂടെ കരുത്താര്‍ജിച്ചതാണ്. സാഹിത്യരചനക്ക് അനുപേക്ഷ്യമായ വ്യാകരണത്തിന്‍റെ നിര്‍മിതിയിലായിരുന്നു അവര്‍ക്ക് താൽപര്യം. ഈ വഴിയാണ് പില്‍ക്കാലത്ത് രൂപാന്തരപ്പെട്ട് സിദ്ധാന്തമെന്നറിയപ്പെടാന്‍ തുടങ്ങിയത്. ആംഗ്ലോ അമേരിക്കന്‍ സാഹിത്യത്തില്‍ എക്കാലവും സൈദ്ധാന്തികതയുടെ ഒരന്തര്‍ധാരയുണ്ടായിരുന്നുവെന്നത് അവിതര്‍ക്കിതമാണ്.

പ്രായോഗിക വിമര്‍ശനത്തിനടിസ്ഥാനമായ ഗാഢവായനാ രീതി പ്രചരിപ്പിക്കുന്നതില്‍ വിക്ടോറിയന്‍ കവിയും നിരൂപകനുമായ മാത്യു ആര്‍നോള്‍ഡ് വഹിച്ച പങ്ക് വളരെ വലുതാണ്. മതവിശ്വാസത്തിന്‍റെ തകര്‍ച്ചമൂലമുണ്ടാകുന്ന സാമൂഹിക ശിഥിലീകരണത്തെക്കുറിച്ചും കൊടിയ വിപത്തിനെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. വിശ്വാസത്തിന്‍റെ സ്ഥാനത്ത് സാഹിത്യത്തെ പ്രതിഷ്ഠിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ആശിച്ചു. എന്നാല്‍, ജനാധിപത്യത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട മധ്യവര്‍ഗത്തിനു സംഭവിച്ച അപചയം അദ്ദേഹത്തെ നിരാശനാക്കി.

അവര്‍ ഭൗതികവാദികളും ജനകീയ സംസ്കാരത്തിന്‍റെ ഇരകളുമായിരുന്നു. അവരെ സംസ്കാരസമ്പന്നരും ഉത്തരവാദിത്തമുള്ളവരുമാക്കാനുള്ള ചുമതല നിരൂപണത്തിനാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ ലോകത്തെ ഉദാത്തമായ വിജ്ഞാനത്തെയും ചിന്തയെയും പഠിക്കുകയും പ്രചരിപ്പിക്കുകയും പുതിയ ആശയങ്ങളുടെ ഒരു പ്രവാഹത്തെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് നിരൂപണത്തിന്‍റെ ധര്‍മമെന്ന് ആര്‍നോള്‍ഡ് വിശ്വസിച്ചു.

 

വില്യം വേഡ്സ് വർത്ത്,സാമുവൽ ജോൺസൺ

‘ഫങ്ഷന്‍ ഓഫ് ക്രിട്ടിസിസം അറ്റ് ദി പ്രസന്‍റ് ടൈം’, ‘സ്റ്റഡി ഓഫ് പോയട്രി’ എന്നീ ലേഖനങ്ങളില്‍, വിമര്‍ശനം രാഷ്ട്രീയമായി നിഷ്പക്ഷത പുലര്‍ത്തുകയാണ് വേണ്ടതെന്നും അതിന് പ്രത്യേകിച്ച് എന്തിനോടെങ്കിലും പ്രതിബദ്ധതയുണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വസ്തുതകളെ അതായിട്ടുതന്നെ കാണാന്‍ ശ്രമിക്കുകയാണ് വിമര്‍ശകന്‍ ചെയ്യേണ്ടത്. ഉല്‍കൃഷ്ടങ്ങളായ പുരാതന സാഹിത്യകൃതികള്‍ നല്‍കുന്ന ഉള്‍ക്കാഴ്ചയുപയോഗിച്ച് വര്‍ത്തമാനകാല സാഹിത്യത്തെ വിലയിരുത്താന്‍ അദ്ദേഹം നിരൂപകരെ ഉപദേശിക്കുന്നുണ്ട്. ശ്രേഷ്ഠ കവികളുടെ ഉദാത്തമെന്നു വിശേഷിപ്പിക്കാവുന്ന പ്രയോഗങ്ങളും ബിംബങ്ങളും ഉരകല്ലുകളായി മാറണമെന്നാണ് ആര്‍നോള്‍ഡ് നിഷ്കര്‍ഷിക്കുന്നത്. കവിതയുടെ വസ്തുനിഷ്ഠമായ വിമര്‍ശനത്തിന് അടിസ്ഥാനതത്ത്വങ്ങളായി മാറുന്നുണ്ട്, അദ്ദേഹത്തിന്‍റെ നിഗമനങ്ങള്‍.

എലിയറ്റിന്‍റെ നിരൂപണ സമീപനങ്ങളും അതിനടിസ്ഥാനമായിട്ടുള്ള ആശയങ്ങളും ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിന്‍റെ ഗതിയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ‘ട്രഡീഷന്‍ ആന്‍ഡ് ഇന്‍ഡിവിജ്വല്‍ ടാലന്‍റ്’ എന്ന അദ്ദേഹത്തിന്‍റെ പ്രശസ്തമായ ലേഖനത്തില്‍, കവിതക്ക് അനിവാര്യമായ നിര്‍വ്യക്തിത്വത്തെക്കുറിച്ചും (ഇംപേഴ്സനാലിറ്റി) വസ്തുനിഷ്ഠതയെക്കുറിച്ചുമാണ് അദ്ദേഹം പ്രധാനമായും ചിന്തിക്കുന്നത്. വ്യക്തിപരതയുടെ തമസ്കരണത്തിലൂടെയാണ് ഉത്തമ കവിത പിറക്കുന്നതെന്ന എലിയറ്റിന്‍റെ കണ്ടെത്തല്‍, കാൽപനികതയുടെ പ്രചോദനത്താല്‍ മൗലികതക്കും ആത്മാവിഷ്കാരത്തിനും കാവ്യരചനയില്‍ പ്രാമുഖ്യം നല്‍കുന്ന ആധുനിക നിലപാടുമായി കലഹിക്കുന്നതായിരുന്നു.

അമേരിക്കയിലെ നവമാനവികതാവാദവുമായുള്ള അടുപ്പവും ക്ലാസിസ്റ്റ് ഭാവുകത്വവും വ്യക്തിത്വത്തിന്‍റെ ആവിഷ്കാരമായ സാഹിത്യരചനാ പദ്ധതിയോട് സന്ധിയില്ലാത്ത സമരം ചെയ്യാന്‍ എലിയറ്റിനെ പ്രേരിപ്പിച്ചിരുന്നതായി കാണാം. കാൽപനികതയോട് മുഖംതിരിച്ചു നിന്ന അദ്ദേഹം പാരമ്പര്യത്തിനാണ്, പ്രതിഭക്കല്ല പ്രാധാന്യം നല്‍കിയത്. പാരമ്പര്യം ചരിത്രബോധത്തില്‍നിന്നാണുണ്ടാവുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. ഹോമര്‍ മുതല്‍ വര്‍ത്തമാനകാലത്തിലെ കവികള്‍ വരെ പാരമ്പര്യമാകുന്ന അനുസ്യൂതിയുടെ അവിഭാജ്യഘടകങ്ങളാണ്. കവി, തന്‍റെ വ്യക്തിത്വത്തെ തന്നെക്കാള്‍ ഉദാത്തമായ പാരമ്പര്യത്തിന്‍റെ മുന്നില്‍ സമര്‍പ്പിക്കുന്നു. അയാളുടെ നല്ല രചനകള്‍, ഒരുപക്ഷേ അയാള്‍ മൗലികമെന്നു വിശേഷിപ്പിക്കുന്നവയായിരിക്കില്ല. അയാളുടെ ശ്രേഷ്ഠമായ കൃതികളിലൂടെ മുഴങ്ങുന്നത് അയാളുടെ മുന്‍ഗാമികളുടെ ശബ്ദമാണ്.

 

‘ഹാംലെറ്റ് ആന്‍ഡ് ഹിസ് പ്രോബ്ലംസി’ല്‍ (1919) വികാരങ്ങളുടെ ബിംബവത്കരണത്തെക്കുറിച്ച് മൗലികമായ ചില നിരീക്ഷണങ്ങള്‍ എലിയറ്റ് നടത്തുന്നുണ്ട്. വികാരങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു, ഇവിടെ. ഹാംലെറ്റ് നിരൂപണത്തില്‍ ഒരു വഴിത്തിരിവാകുന്നുമുണ്ട്, ഈ ലേഖനം. വികാരങ്ങളെ കവിതയില്‍ നേരിട്ട് ആവിഷ്കരിക്കാന്‍ കഴിയുന്നില്ല. ചില വസ്തുക്കള്‍, സംഭവപരമ്പരകള്‍, സാഹചര്യങ്ങള്‍ –ഇവയെല്ലാം കവിതയില്‍ കവി ആവിഷ്കരിക്കാനൊരുങ്ങുന്ന വികാരങ്ങളെ ഉണര്‍ത്താന്‍ പര്യാപ്തമാണ്. അതിനെ ‘ഒബ്ജക്ടിവ് കോറിലേറ്റിവ്’ എന്ന് എലിയറ്റ് വിശേഷിപ്പിക്കുന്നു. ബിംബങ്ങളുടെയും പ്രതീകങ്ങളുടെയും രൂപകങ്ങളുടെയും കലയാണ് കവിത. കവി ഉദ്ദേശിക്കുന്ന വികാരങ്ങള്‍ അനുവാചകരില്‍ ഉണര്‍ത്താന്‍ പുതുപുത്തന്‍ കാവ്യസങ്കേതങ്ങളുടെ സമര്‍ഥമായ പ്രയോഗം അനിവാര്യമാണ്.

‘ദി മെറ്റാഫിസിക്കല്‍ പോയട്രി’ (1921) മെറ്റാഫിസിക്കല്‍ കവിതയോടുള്ള എലിയറ്റിന്‍റെ ആദരം രേഖപ്പെടുത്തുന്ന ലേഖനമാണ്. മെറ്റാഫിസിക്കല്‍ കവിതയിലെ ഏകീകൃത ഭാവുകത്വം –എലിയറ്റിന്‍റെ ഭാഷയില്‍, ‘യൂനിഫൈഡ് സെന്‍സിബിലിറ്റി’– ഇവിടെ പ്രശംസിക്കപ്പെടുന്നു. ചിന്തയും വികാരവും തമ്മിലുള്ള സ്വാഭാവിക സമ്മേളനം മെറ്റാഫിസിക്കല്‍ കവിതയില്‍ സംഭവിക്കുന്നു. എന്നാല്‍, പതിനേഴാം നൂറ്റാണ്ടിന്‍റെ ഉത്തരാർധത്തില്‍ സംവേദനക്ഷമതയുടെ വിഘടനം (ഡിസോസിയേഷന്‍ ഓഫ് സെന്‍സിബിലിറ്റി) കവിതയില്‍, ചിന്തയും വികാരവും തമ്മിലുള്ള നികത്താനാവാത്ത അകലം സൃഷ്ടിച്ചെന്ന് എലിയറ്റ് ചൂണ്ടിക്കാട്ടുന്നു. ഈ വിഘടനം, ഇംഗ്ലണ്ടിലെ ആഭ്യന്തര കലാപത്തിന്‍റെ പരിണതഫലമായിരുന്നു എന്ന് എലിയറ്റ് പറയാതെ പറയുന്നുണ്ട്.

ഉദാര മാനവികതാവാദത്തിന്‍റെ കരുത്തനായ വക്താവും പ്രചാരകനുമായിരുന്നു, എഫ്.ആര്‍. ലീവിസ്. സമൂഹത്തിന്‍റെ ഭദ്രതക്കും നിലനിൽപിനും സാഹിത്യം അനുപേക്ഷണീയമാണെന്ന അദ്ദേഹത്തിന്‍റെ നിലപാട്, ആര്‍നോള്‍ഡിനോട് അദ്ദേഹത്തെ അടുപ്പിക്കുന്നു. ആദ്യകാലത്ത് എലിയറ്റിന്‍റെ ആരാധകനായിരുന്ന ലീവിസ് പിന്നീട് ഏറക്കുറെ സ്വതന്ത്രമായ സമീപനങ്ങളാണ് സ്വീകരിച്ചത്. സാഹിത്യനിരൂപണത്തിനായി പലപ്പോഴും ദുര്‍ഗ്രഹമായ പദാവലികള്‍ സൃഷ്ടിക്കുന്ന പ്രവണത നിലനിന്നിരുന്ന കാലത്ത് സാധാരണ പദങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് ഒരു നിരൂപണശൈലി രൂപപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു.

ലീവിസിന്‍റെ ആദ്യകാല വിമര്‍ശനങ്ങള്‍ കവിതയെക്കുറിച്ചായിരുന്നു. ‘ന്യൂ ബെയറിങ്സ് ഇന്‍ ഇംഗ്ലീഷ് പോയട്രി’ (1932), ‘റീവാല്വേഷന്‍’ (1936) എന്നീ കൃതികളില്‍, പതിനേഴാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെയുള്ള കവിതയുടെ പുനഃപരിശോധനയാണ് നടക്കുന്നത്. ലീവിസിന്‍റെ നോവല്‍ വിമര്‍ശനമാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. ‘ദി ഗ്രേറ്റ് ട്രഡീഷന്‍’ (1948) നോവലിനെ സാമൂഹികവും സാംസ്കാരികവുമായ പുനരവലോകനത്തിനു വിധേയമാക്കുന്നു. ജീവിതത്തെ ദീപ്തവും സമ്പന്നവുമാക്കുന്നു. ഉത്തമ സാഹിത്യകൃതികള്‍ എന്ന വ്യക്തമായ ധാരണ സമ്മാനിക്കുന്ന ഉള്‍ക്കാഴ്ചയാണ് ഈ കൃതിക്ക് ആഴവും സങ്കീര്‍ണതയും നല്‍കുന്നത്. ഇംഗ്ലീഷ് നോവലില്‍, മഹത്തായ പാരമ്പര്യത്തിന്‍റെ വക്താക്കളായി ലീവിസ് കണ്ടെത്തിയത്, ജയിന്‍ ഓസ്റ്റിന്‍, ജോര്‍ജ് എലിയറ്റ്, ഹെന്‍റി ജയിംസ്, ജോസഫ് കോണ്‍റാഡ് എന്നിവരെയാണ്. അവര്‍ ജീവിതത്തില്‍ നടത്തുന്ന തീവ്രമായ ധാര്‍മിക ഇടപെടല്‍ അവരുടെ കൃതികളുടെ രൂപത്തെയും ഉള്ളടക്കത്തെയും നിര്‍വചിക്കുന്നുവെന്ന നിരീക്ഷണത്തില്‍ മൗലികതയുണ്ട്.

ഡോ. ജോണ്‍സന്‍റെ ധാര്‍മികബോധവും ആര്‍നോള്‍ഡിന്‍റെ സിദ്ധാന്തവിരുദ്ധ നിലപാടും ലീവിസില്‍ സമ്മേളിച്ചിരുന്നു. സംസ്കാരത്തിന്‍റെ പുനര്‍നിര്‍മാണത്തിനും സംരക്ഷണത്തിനും സാഹിത്യം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ നിരൂപകനായിരുന്നു, ലീവിസ്. സാഹിത്യകൃതിയെ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുമ്പോള്‍ത്തന്നെ, അതിന് മനുഷ്യനും സമൂഹവും സംസ്കാരവുമായുള്ള പാരസ്പര്യം വിലയിരുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. വാണിജ്യസംസ്കാരത്തിന്‍റെ നീരാളിപ്പിടിത്തത്തില്‍ മാനവസംസ്കാരം നാശോന്മുഖമാകുമെന്ന ആശങ്ക ലീവിസിന്‍റെ വിമര്‍ശന സിദ്ധാന്തത്തിന്‍റെ അടിയൊഴുക്കുകളായി രൂപപ്പെട്ടിരുന്നു. ജനകീയ സംസ്കാരത്തിന്‍റെയും വ്യവസായവത്കരണത്തിന്‍റെയും സംയുക്തമായ കടന്നുകയറ്റത്തെ അതിജീവിക്കാന്‍ മാനവികമൂല്യങ്ങള്‍ക്ക് കഴിയുമോ എന്ന ഭീതി അദ്ദേഹം പങ്കുവെച്ചു.

 

ഷെല്ലി,ടി.എസ്. എലിയറ്റ്

പ്രായോഗിക വിമര്‍ശനം എന്ന് ഇംഗ്ലണ്ടിലും നവ വിമര്‍ശനമെന്ന് അമേരിക്കയിലും ഖ്യാതി നേടിയ ഗാഢവായനാ രീതി, ഐ.എ. റിച്ചാര്‍ഡ്സ് കേംബ്രിജില്‍ തുടങ്ങി​െവച്ച കലാപത്തിന്‍റെ പരിണിതഫലമായിരുന്നു. 1920കളില്‍ കേംബ്രിജിലെ ക്ലാസ് മുറികളിലാണ് പ്രായോഗികവിമര്‍ശനം ജന്മമെടുത്തത്. കവിതയുടെ വായന പൂർണമായും അതിലെ പദങ്ങളുടെയും സങ്കേതങ്ങളുടെയും ഭാഷയുടെയും ബിംബകൽപനയുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും ബാഹ്യമായ ഒരു വിവരവും കവിതയെ അറിയാനും ആസ്വദിക്കാനും വായനക്കാരന് ആവശ്യമില്ലെന്നും അദ്ദേഹം സ്ഥാപിച്ചു. പ്രായോഗിക വിമര്‍ശന രീതിയുടെ ഉദ്ഘാടനമായിരുന്നു, കേംബ്രിജില്‍ നടന്നത്.

റിച്ചാര്‍ഡ്സിന്‍റെ പ്രശസ്തനായ വിദ്യാര്‍ഥി, വില്യം എംപ്സന്‍റെ ‘സെവന്‍ ടൈപ്സ് ഓഫ് ആംബിഗ്വിറ്റി’ (1930) പ്രായോഗിക വിമര്‍ശനത്തിന്‍റെ എല്ലാ സാധ്യതകളും പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന കൃതിയാണ്. വായനക്കാരന്‍ നേരിടുന്ന ഭാഷാപരമായ വെല്ലുവിളികളിലേക്കാണ് എംപ്സണ്‍ വിരല്‍ചൂണ്ടുന്നത്. വായനക്കാരന്‍ ഒട്ടും പ്രതീക്ഷിക്കാത്ത അര്‍ഥങ്ങള്‍ വാക്കുകളില്‍ ഒളിഞ്ഞിരിക്കുമ്പോള്‍ വായനതന്നെ അസാധ്യമാകുന്നു. അര്‍ഥങ്ങളുടെ അസ്ഥിരതയെക്കുറിച്ചുള്ള ഈ ഉത്കണ്ഠക്ക് ഘടനാനന്തരവാദം സൈദ്ധാന്തികതയുടെ പരിവേഷം നല്‍കുന്നതായി കാണാം. ഒരു മാധ്യമമെന്ന നിലയില്‍ ഭാഷക്ക് ഒട്ടും വിശ്വാസ്യതയില്ല എന്ന എംപ്സന്‍റെ കണ്ടെത്തലില്‍ മൗലികത ഏറെയുണ്ട്.

സാഹിത്യത്തോടുള്ള ഉദാര മാനവികതാവാദത്തിന്‍റെ സമീപനത്തിന് ചില സവിശേഷതകളുണ്ട്. ഉത്തമസാഹിത്യത്തിന് കാലദേശങ്ങള്‍ക്കതീതമായ പ്രാധാന്യമുണ്ടെന്ന് അത് അംഗീകരിക്കുന്നു. സാഹിത്യകൃതിക്ക് അത് രചിക്കപ്പെടുന്ന കാലഘട്ടത്തിന്‍റെ പരിമിതിയെ മറികടക്കാന്‍ കഴിയുന്നുണ്ട്. വായനക്കാരന് അതിന്‍റെ അര്‍ഥംതേടി അതിനു പുറത്തേക്കു പോകേണ്ട ആവശ്യമില്ല. കാരണം, അര്‍ഥം അതില്‍തന്നെയുണ്ട്.

അതുകൊണ്ടുതന്നെ സാമൂഹികവും രാഷ്ട്രീയവും ചരിത്രപരവും വ്യക്തിപരവുമായ സന്ദര്‍ഭങ്ങള്‍ വായനയില്‍ അപ്രസക്തമാകുന്നു. സൂക്ഷ്മവായനയാണ് കൃതിയെ പഠിക്കാനും വിശകലനം നടത്താനും അവലംബിക്കേണ്ട രീതി. വാക്കുകളും പ്രയോഗങ്ങളും സങ്കേതങ്ങളും ബിംബങ്ങളും അവ തമ്മിലുള്ള ബന്ധങ്ങളും പൊതുവില്‍ ഭാഷ കൈകാര്യംചെയ്യുന്ന രീതിയും കൃതിയെ വിലയിരുത്താനുള്ള വായനക്കാരന്‍റെ സാമഗ്രികളായി മാറുന്നു. പ്രത്യയശാസ്ത്രപരവും പ്രായോഗികവും വ്യക്തിപരവുമായ മുന്‍വിധികളോ പ്രതീക്ഷകളോ ഇല്ലാത്ത സമീപനമാണ് അഭിലഷണീയമായിട്ടുള്ളത്. വസ്തുനിഷ്ഠമായ വിലയിരുത്തലിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാനേ അതിന് കഴിയൂ.

മനുഷ്യസ്വഭാവം മാറ്റത്തിനു വിധേയമല്ലെന്നും ഒരേ വികാരങ്ങളും സാഹചര്യങ്ങളുമാണ് മനുഷ്യചരിത്രത്തിലുടനീളം നിലനില്‍ക്കുന്നതെന്നും ഉദാര മാനവികതാവാദം സാക്ഷ്യപ്പെടുത്തുന്നു. സാഹിത്യം ഒരു പ്രവാഹമാണ്, ഒരനുസ്യൂതിയാണ്. അതില്‍ പരീക്ഷണോന്മുഖമായ മാറ്റങ്ങള്‍ക്ക് പ്രസക്തിയില്ല. ഓരോ മനുഷ്യന്‍റെയും വ്യക്തിപരമായ സവിശേഷതയാണ് അവനെ നിര്‍വചിക്കുന്നത്. പരിസ്ഥിതികള്‍ക്കും സാഹചര്യങ്ങള്‍ക്കും അതീതമാണത്.

ഉദാര മാനവികതാവാദം സാഹിത്യത്തിന്‍റെ ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടുന്നത് ജീവിതത്തിന്‍റെ മഹത്ത്വവത്കരണവും മാനുഷികമൂല്യങ്ങളുടെ പ്രചാരണവുമാണ്. എന്നാല്‍, ഈ പ്രക്രിയ സോദ്ദേശ്യപരമായ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടിയല്ല. സാഹിത്യകൃതിയുടെ രൂപവും ഉള്ളടക്കവും തമ്മിലുള്ള ഒത്തുചേരല്‍ തികച്ചും ജൈവപരമാണ്. രൂപപരമായ സവിശേഷതകള്‍, പൂർണതപ്രാപിച്ച കൃതിയുടെ മേല്‍ ചാര്‍ത്തുന്ന ആഭരണങ്ങളല്ല. ഉള്ളടക്കവും രൂപവും പരസ്പരം നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നു. രൂപം ഉള്ളടക്കത്തില്‍നിന്നും അടര്‍ത്തിമാറ്റാന്‍പറ്റാത്തവിധം അതുമായി ചേര്‍ന്നുനില്‍ക്കുന്നു.

ഉദാര മാനവികതാവാദം സാഹിത്യരചനയില്‍ സാഹിത്യകാരന്‍റെ ആത്മാര്‍ഥതക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അനുഭവത്തോടും തന്നോടുതന്നെയും സത്യസന്ധത പുലര്‍ത്തുന്നു, നല്ല എഴുത്തുകാര്‍. അവര്‍ക്ക് മനുഷ്യനോട് സ്നേഹവും അനുകമ്പയുമുണ്ട്. ആത്മാര്‍ഥതയെ അളക്കുക പ്രയാസമാണ്. എന്നാല്‍, എഴുത്തുകാരന്‍റെ ശൈലിയും അയാള്‍ സ്വീകരിക്കുന്ന രചനാതന്ത്രങ്ങളും അയാളുടെ ആത്മാര്‍ഥതയിലേക്കോ അതിന്‍റെ അഭാവത്തിലേക്കോ വെളിച്ചംവീശുന്നു.

 അനാര്‍ഭാടവും ലളിതവുമായ ഭാഷയുടെ അകൃത്രിമമായ ഉപയോഗത്തിലൂടെ ഭാഷയും അതു പ്രതിനിധാനംചെയ്യുന്ന വസ്തുവും തമ്മിലുള്ള ദൂരത്തെ മറികടക്കാന്‍ എഴുത്തുകാരന് കഴിയുമെന്ന് കരുതപ്പെടുന്നു. സാഹിത്യത്തില്‍ ഒന്നും വിശദീകരിക്കേണ്ടതായില്ല. നിശ്ശബ്ദം ചിലതൊക്കെ കാട്ടിക്കൊടുക്കുക മാത്രമാണ് സംഭവിക്കുന്നത്. അമൂര്‍ത്തമായ ആശയങ്ങള്‍ക്ക് സാഹിത്യത്തില്‍ നിലനിൽപില്ല. ആശയം മൂര്‍ത്തരൂപങ്ങളായി മാറുമ്പോഴാണ് സാഹിത്യം സുന്ദരവും കരുത്തുറ്റതുമാകുന്നത്. കേവലമായ ആശയങ്ങളോടുള്ള വിപ്രതിപത്തി ഇംഗ്ലീഷ് സാംസ്കാരിക ചരിത്രത്തിന്‍റെ അടിസ്ഥാന പ്രമാണമായി അംഗീകരിക്ക​െപ്പട്ടിട്ടുള്ളതാണ്.

ഉദാര മാനവികതാവാദം ഊര്‍ജം പകര്‍ന്ന വിമര്‍ശന പദ്ധതി സാഹിത്യകൃതിയുടെ വ്യാഖ്യാനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. വായനക്കാരനും സാഹിത്യകൃതിയുമായുള്ള സംവാദം സാധ്യമാക്കുന്നത് വിമര്‍ശനമാണ്. ഈ വിമര്‍ശനരീതിയാണ് സിദ്ധാന്തത്തിന്‍റെ വരവോടെ ചോദ്യംചെയ്യപ്പെട്ടത്. വായനയുടെയും സാഹിത്യത്തിന്‍റെയും പൊതുസ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനായിരുന്നു, സൈദ്ധാന്തികര്‍ക്ക് താൽപര്യം. ഏതെങ്കിലും കൃതിയെ വിശകലനംചെയ്യുകയോ അതിന്‍റെ മൂല്യനിര്‍ണയം നടത്തുകയോ ചെയ്യാതെ, വളരെ വിശാലവും സങ്കീര്‍ണവുമായ വിതാനങ്ങളിലേക്ക് സാഹിത്യത്തെ ഉയര്‍ത്തുവാനുള്ള സാധ്യതകളാണ് സിദ്ധാന്തം പരിശോധിച്ചത്.

(അവസാനിച്ചു)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT