ഉത്താരിക

നർത്തകർക്കേ നൃത്തമാവൂ- വേരുറച്ചുപോയ ധാരണപ്പിശക്. വേരിൽ തിരഞ്ഞാൽ കിട്ടും പിശകിന്റെ മർമം. മനഃശാസ്ത്രം പറയുന്നു, നൃത്തം ഉല്ലാസത്തിന് അല്ലെങ്കിൽ വ്യായാമത്തിന് അതുമല്ലെങ്കിൽ കലാവിഷ്കാരത്തിന്. എങ്കിൽ, വ്യക്തിപരമായ മെച്ചപ്പെടലിനുള്ള ഒരുപകരണം മാത്രമാകുന്നു നൃത്തം.ജീവലക്ഷണമാണ് ചലനം. കിടന്ന കിടപ്പിലും ചലനത്തെ പര്യവേക്ഷണം ചെയ്യുകയല്ലേ ശിശു, സ്വദേഹത്തും ചുറ്റുവട്ടത്തും? മുതിരുമ്പോൾ പക്ഷേ, ഈ നൈസർഗികത അടക്കിയൊതുക്കുന്നു, ഉദ്ദിഷ്ട കാര്യങ്ങൾക്ക് വേണ്ടുംവിധം മാത്രമാക്കുന്നു. കാരണം, ഉടലിനോട് അതിന്റെ ഉടമക്കുള്ള സമീപനത്തെ സമൂഹവും സംസ്കാരവും നിയന്ത്രിക്കുന്നു. ഫലം: മനുഷ്യന്റെ ചലനഭാഷ ശുഷ്കിക്കുന്നു....

നർത്തകർക്കേ നൃത്തമാവൂ- വേരുറച്ചുപോയ ധാരണപ്പിശക്. വേരിൽ തിരഞ്ഞാൽ കിട്ടും പിശകിന്റെ മർമം. മനഃശാസ്ത്രം പറയുന്നു, നൃത്തം ഉല്ലാസത്തിന് അല്ലെങ്കിൽ വ്യായാമത്തിന് അതുമല്ലെങ്കിൽ കലാവിഷ്കാരത്തിന്. എങ്കിൽ, വ്യക്തിപരമായ മെച്ചപ്പെടലിനുള്ള ഒരുപകരണം മാത്രമാകുന്നു നൃത്തം.

ജീവലക്ഷണമാണ് ചലനം. കിടന്ന കിടപ്പിലും ചലനത്തെ പര്യവേക്ഷണം ചെയ്യുകയല്ലേ ശിശു, സ്വദേഹത്തും ചുറ്റുവട്ടത്തും? മുതിരുമ്പോൾ പക്ഷേ, ഈ നൈസർഗികത അടക്കിയൊതുക്കുന്നു, ഉദ്ദിഷ്ട കാര്യങ്ങൾക്ക് വേണ്ടുംവിധം മാത്രമാക്കുന്നു. കാരണം, ഉടലിനോട് അതിന്റെ ഉടമക്കുള്ള സമീപനത്തെ സമൂഹവും സംസ്കാരവും നിയന്ത്രിക്കുന്നു. ഫലം: മനുഷ്യന്റെ ചലനഭാഷ ശുഷ്കിക്കുന്നു. ഈ ചുരുൾച്ചയുടെ എതിർദിശയിലുണ്ട് ഇതേ മനുഷ്യന്റെ മറ്റൊരു വൃത്തി –നൃത്തം. വൈകാരികവും ധൈഷണികവും സർഗാത്മകവുമായ ഊർജവീചികൾ സമന്വയിക്കുന്നിടം. ശരീരത്തിന് അവിടെ സ്വയം അനുഭവിക്കാം, ചിന്തിക്കാം, വിനിമയംചെയ്യാം. നൃത്തം വിമോചനമാണ് –നിത്യജീവിതം ചങ്ങലക്കിട്ട ചലനപ്രപഞ്ചത്തിന്റെ.

ശരീരവുമായി ഒരു സംഭാഷണത്തിനാണ് നൃത്തം പ്രേരിപ്പിക്കുന്നത്. ഉള്ളിന്​ വായനപോലെ ഉടമ്പിന്റെ ഉത്താരിക. ഒറ്റക്ക് പദമാടുമ്പോൾ അകതാരിന്റെ ആഴങ്ങൾ തൊട്ടെന്നുവരാം. ആടുന്നത് മറ്റൊരാളുമൊത്താവുമ്പോൾ വാചികത്തിൽ സാധ്യമാവുന്നതിലും ഗാഢമായ വിനിമയം സംഭവിച്ചെന്നുവരാം. സംഘനൃത്തമാടുമ്പോൾ ദേഹപരിധിക്കപ്പുറത്തേക്ക് നയിച്ചെന്നുവരും, സംഘടിതോർജം. ഈ സംഭാഷണത്തിന് ഇങ്ങനെ പരിമാണം പലവിധം.

സംസ്കാര നിബദ്ധമാണ് നൃത്തരൂപങ്ങൾ. എന്നിട്ടും സാർവലൗകികം. ഏതെങ്കിലും പ്രത്യേക സാംസ്കാരിക ഭൂമികയിൽ പിറന്നതെങ്കിലും അതിരുകൾക്കപ്പുറമാവുന്നു അതിന്റെ വാഴ്​വ്​. പ്രാചീനകാലത്ത് സമൂഹജീവിതത്തിന്റെ അഭാജ്യഘടകമായിരുന്നല്ലോ ആട്ടം. കണിയും കാണിയും വേറിട്ടിരുന്നില്ല. സകലരും ആടിപ്പാടി. കാലാന്തരേ സ​ങ്കേതങ്ങൾ നെയ്തു, ശൈലികൾ തുന്നി –ചലനത്തിന്റെ അർഥചാരുതക്ക്. അതെല്ലാം തലമുറകളിലൂടെ സ്ഫുടംചെയ്തപ്പോൾ രൂപം പലതും ശാസ്ത്രീയമായി. സരളമായ ഗ്രാമ്യരൂപങ്ങളുടെ സ്ഥാനത്ത് സങ്കീർണമായ ശാസ്ത്രീയ ശിൽപങ്ങൾ.

ചില സവിശേഷ ചലനരീതികളാണ് ഘടനയും ശാസ്ത്രീയതയുമൊക്കെ നിർണയിക്കുക. ക്ലാസിക്കൽ ബാലെ ആട്ടവേദി വിപുലമാക്കി: വിശാലാകാശത്തെ തൂവൽചലനങ്ങളിലായി നൃത്തസഞ്ചാരം. ഇന്ത്യൻ ശാസ്ത്രീയതയിൽ കരചലനങ്ങളും മുഖഭാവങ്ങളും ശൈലീകൃതമാക്കി. കണ്ണിമ തൊട്ട് കാൽവിരലോളം പങ്കുചേരുന്ന സിംഫണി. അപ്പോഴും ശേഷിക്കുന്നുണ്ട്, അമൂർത്ത പ്രകൃതിയുള്ള നൃത്തങ്ങൾ, പ്രത്യേകിച്ചൊരു അർഥാപേക്ഷയുമില്ലാത്ത ശുദ്ധചലനങ്ങൾ.

നർത്തകർക്കേ നൃത്തമാവൂ –വേരുറച്ചുപോയ ധാരണപ്പിശക്. വേരിൽ തിരഞ്ഞാൽ കിട്ടും പിശകിന്റെ മർമം. മനഃശാസ്ത്രം പറയുന്നു, നൃത്തം ഉല്ലാസത്തിന് അല്ലെങ്കിൽ വ്യായാമത്തിന് അതുമല്ലെങ്കിൽ കലാവിഷ്കാരത്തിന്. എങ്കിൽ, വ്യക്തിപരമായ മെച്ചപ്പെടലിനുള്ള ഒരുപകരണം മാത്രമാകുന്നു നൃത്തം. വ്യക്തിവികാസത്തിനുള്ള പല ഉപകരണങ്ങളുംപോലൊന്ന്്. നരവംശ ശാസ്ത്രം പറയുന്നു, രക്തബന്ധത്തിനപ്പുറം സമൂഹബന്ധം പടുക്കാൻ ആദിമനുഷ്യർ കണ്ട ഉപാധിയാണ് നൃത്തമെന്ന്. പിൽക്കാലത്ത് കൂടുതൽ ഫലപ്രദമായ ഉപാധികൾ വന്ന് ആ സ്ഥാനം കവർന്നെന്ന്​ –ഭാഷ, മതം, ദേശീയത, പ്രത്യയശാസ്ത്രം.

കുഞ്ഞോരു ചോദ്യം രണ്ടു വിശാരദ ചിന്തകളുടെയും മുനയൊടിക്കുന്നു: എങ്കിലെന്തേ ഇന്നും മനുഷ്യൻ നൃത്തം തുടരുന്നു, കൂടുതൽ കൂടുതൽ ശരീരങ്ങളിലൂടെ പലേ പലേ രൂപങ്ങളിലൂടെ?

പിശകിന്റെ വേര് മാറിക്കിട്ടുക മറ്റൊരിടത്താണ്. വലുപ്പമുള്ള മസ്തിഷ്കം. അനുതാപിയായ ബോധമണ്ഡലം, പാരിസ്ഥിതികമായ അനുകൂലനം –ആ നിലക്ക് പരിണമിച്ചെത്തിയതാണ് നമ്മുടെ തലച്ചോറ്. ഒരു നിമിഷം... ഇപ്പറഞ്ഞ ഘടകങ്ങൾ ഉരുത്തിരിക്കാൻ പിറന്നതാണ്​ നൃത്തമെങ്കിലോ?

ശരീരചലനം മനുഷ്യവംശത്തിന്റെ പരിണാമത്തിൽ കൈയൊപ്പിടുന്നുണ്ട്, പണ്ടു മാത്രമല്ല ഇന്നും –വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിൽ. കേവലമായ ദേഹചലനങ്ങൾക്ക് പുറമെ മൂന്നു ശേഷികൾ കൂടിയുണ്ടതിൽ: ചലനമാതൃകകൾ ശ്രദ്ധിക്കാനും പകർത്താനുമുള്ള ശേഷി, അവ ഓർമിച്ചുവെക്കാനും പങ്കിടാനുമുള്ളത്, ഈ മാതൃകകൾ വെച്ച് എന്തും തിരിച്ചറിയാനും അറിഞ്ഞതിനോട് പ്രതികരിക്കാനുമുള്ളത്. നൃത്തവിദ്യയേതും അനുവർത്തിക്കുന്നതും ഈ ശേഷികളല്ലേ? I of the Vortexൽ നാഡീശാസ്ത്രജ്ഞൻ റൊഡാൾഫോ ലിനസ്​ ആ കണ്ടെത്തൽ വിശദമാക്കുന്നുണ്ട്. നാഡികളുടെയും പേശികളുടെയും കൂട്ടിണക്കുകൾ ആദ്യം രേഖപ്പെടുത്തും. പിന്നെ ആ ബന്ധപ്പിണരുകളുടെ ഫലങ്ങൾ (സുഖം/ വേദന) ഓർമിച്ചുവെക്കും. ഒരു പ്രത്യേക ചലനം വീണ്ടും അവലംബിക്കണോ വേണ്ടയോ എന്ന് നിർണയിക്കുക ഈ അനുഭവരേഖയാണ്.

ശരീരചലനമാണ് മസ്തിഷ്കത്തെ ആകൃതിപ്പെടുത്തുന്നതെങ്കിൽ ശരീരത്തിന്റെ ഏതു ചലനവും സുപ്രധാനമാകുന്നു. ചലനത്തിന്റെ ആവർത്തനമോരോന്നും ഉള്ളും ഉടലും കോർത്തിണക്കുന്ന ഇഴത്തറിക്ക് കരുത്തുകൂട്ടും. ആവർത്തനംതന്നെയാണ് പിൽക്കാലത്തെ ശ്രദ്ധക്കും ഊർജപ്രയോഗത്തിനും വേണ്ട വേദിക പണിയുന്നതും. ഇപ്രകാരം നിർമിച്ച്, സ്മൃതിശേഖരത്തിൽ കരുതിവെക്കുന്ന ഏതു ചലനവും വ്യക്തിയുടെ വളർച്ചയെ പരുവപ്പെടുത്തുന്നു, ആളിന്റെ അനുഭൂതിയും പ്രതികരണവും രൂപപ്പെടുത്തുന്നു.ചലനം മൊത്തത്തിൽ മാത്രമല്ല, ഓരോ ചലനാംശവും ഈ വളർച്ചയെ നിർണയിക്കുന്നുണ്ട്.

ഉദാഹരണമായി ​െെകകൾ. ഗർഭത്തിലെ അനക്കങ്ങൾ മുഖേനയാണ് അവക്ക് ആ രൂപം കിട്ടുക. അംശകോശങ്ങളുടെ സങ്കോച-വികാസങ്ങൾ അസ്ഥികളും പേശികളും കൊരുത്തുവലിച്ച് ആ രൂപത്തിലാക്കുകയാണ്. ഈ അർഥത്തിൽ ദേഹവികാസത്തിന്റെ അനുസ്യൂത താളമാണ് മനുഷ്യൻ. ഓരോ കുറിയും ആർജിച്ച ചലനങ്ങൾ തുറന്നിടുന്ന ജാലികളിലൂടെ ഓരോരോ പുതുചലനങ്ങൾ നിർമിക്കപ്പെടുകയാണ്. ശരീരത്തിന്റെ താളാത്മകമായ ഈ ആയിത്തീരലിനുള്ള നടവഴിയാണ് നൃത്തം. നിഷ്കളങ്കമായ തെളിവുതരും, സ്വന്തം പുലർച്ചക്കായ് ശിശു നടത്തുന്ന ചലനങ്ങൾ.

നരവംശ ശാസ്ത്രജ്ഞ സാറ ബ്ലാഫർ ഹൃഡിയുടെ പ്രസിദ്ധമായ നിഗമനമുണ്ട്്, പാകപ്പെടാതെയാണ് മനുഷ്യക്കുഞ്ഞ് പിറക്കുന്നതെന്ന്. നാഡീ-പേശീ പാകതക്ക് ചിമ്പാൻസിക്കുഞ്ഞ് 21 മാസം ഗർഭത്തിൽ കഴിയുമ്പോൾ അതിന്റെ പാതിനേരം അങ്ങനെ കാക്കുന്നില്ല മനുഷ്യക്കുഞ്ഞ്. ക്ഷമയില്ലാതെ ലോകത്തേക്ക് ഇറങ്ങിയിട്ട് പിന്നെ പരിചരണക്കാരെ ആശ്രയിക്കുകയാണ്, പാകപ്പെടാൻ. പരിചരണക്കാരുടെ ചലനങ്ങൾ ശ്രദ്ധിക്കും, പകർത്തും, ഓർത്തുവെക്കും. ശിശു തന്റെ മസ്തിഷ്കം പണിതുയർത്തുന്നത് ഗർഭപാത്രത്തിന് പുറത്താണെന്ന് സാരം –ചുറ്റുവട്ടത്തെ താളാത്മക ചലനമാതൃകകൾക്ക് നന്ദി. അവിടെ ആർജിക്കുന്നത് നൃത്തമാണ്.

 

റൊഡാൾഫോ ലിനസ്​

മിറർ-ന്യൂറോണുകളെക്കുറിച്ച കണ്ടെത്തലുകൾ ശരിവെക്കുന്നുണ്ട് ഈ നിഗമനത്തെ. ഇതര സസ്തനികളെക്കാൾ ഒരുപാടുണ്ട് മനുഷ്യനിൽ മിറർ-ന്യൂറോൺ. ശ്രദ്ധയും പകർത്തലും നടത്താൻ വേണ്ട നാഡീ-പേശീ സംയോജനം നിർവഹിക്കുന്ന സിരാതന്തു. സംസ്കാര വികാസത്തിലേക്ക് മനുഷ്യനെ നയിക്കുന്ന പരിണാമ ചാവിയാണിതെന്ന്​ വി.എസ്. രാമചന്ദ്രൻ പറയും (The Tell Tale brain). അനുതാപത്തിനും മറ്റുള്ളവരുടെ കാഴ്ചപ്പാട് സ്വീകരിക്കാനുമുള്ള ശേഷി മുഖേനയാണ് ഈ സംസ്കരണത്തികവ്. കണ്ണാടിയാണ് മിറർ. ആ ഉപമ പക്ഷേ, ഇവിടത്ര യുക്തമല്ല. കാരണം, ശരീരത്തിന്റെ കർതൃത്വപങ്കിനെ ഈ പ്രയോഗം മറയ്​ക്കുന്നു. നിഷ്ക്രിയമായ നോക്കല്ല മസ്തിഷ്കം നടത്തുന്നത്. കണ്ണ് ദൃശ്യം രേഖപ്പെടുത്തുമ്പോൾ അതുള്ളിലറിയിക്കുന്നത് മുമ്പേർ വികസിച്ച ചില ചലനങ്ങളാണ്. ആ ചലനങ്ങൾ ഒരുക്കിയിട്ട സഞ്ചാരപഥത്തിന് അനുസൃതമായാണ് പ്രതികരണം.

ഈ പരിപ്രേക്ഷ്യത്തിൽ നൃത്തം തികച്ചും സ്വാഭാവികമായ ഒരു മനുഷ്യപ്രവൃത്തിയാണ്. അല്ലാതെ, സാധ്യമായ പ്രവൃത്തികളിൽ കേവലം ഒന്നു മാത്രമല്ല, മസ്തിഷ്കം വികസിക്കാൻ അവശ്യം വേണ്ടുന്ന ശേഷിയാണ്. ഒപ്പം, പുലർച്ചയുടെ സ്രോതസ്സുകളാട് ഇണങ്ങിച്ചേരാൻ അനിവാര്യമായതും. ഓരോ നൃത്തവിദ്യയും ഇത്തരം ‘അറിവു’കളുടെ ഓരോ ധാരകളാണ് –നിരന്തരം പരിണമിക്കുന്ന ചലനമാതൃകകളുടെ സംഘാതങ്ങൾ. സ്വന്തം ചലനങ്ങൾ എന്തെന്ന് മാത്രമല്ല എത്രക്ക് പ്രധാനമെന്നും അത് മനുഷ്യനെ ​േബാധിപ്പിക്കുന്നു. സ്വന്തം ചലനങ്ങൾ എങ്ങനെ അവബോധത്തിലേക്കും അനുതാപത്തിലേക്കും നയിക്കുന്നെന്നും. അതുകൊണ്ട് സന്ദേഹമില്ലാതെ ഉറപ്പിക്കാം, ജീവമർമങ്ങളുടെ കലയാണ് നൃത്തം.

മനുഷ്യചലനങ്ങളെല്ലാം നൃത്തസൃഷ്ടിയിലേക്ക് നയിക്കുന്നു എന്നിരിക്കെ എല്ലാവരും നർത്തകരാണ്. ആടുമ്പോൾ ഉടലം കടന്നുപോകുന്നത് എന്തിലൂടൊക്കെയാണ്: പല തലങ്ങൾ, പല ദിശകൾ, പല പ്രയോഗമർദങ്ങൾ; ഒക്കെയും പല കാലമാത്രകളിലൂടെ. കന്നിച്ചുവടിലേ അറിയുന്നു, സ്വശരീരം അന്തമറ്റ ചലനമാതൃകകൾ പേറുന്ന സംഭരണിയെന്ന്. ഏകമാന മഴച്ചാർത്തല്ലത്, അതിരില്ലാ മേഘരാശിയാണ്. ഉരുത്തിരിഞ്ഞുരുത്തിരിഞ്ഞ് ഉരുവിനെ സ്വതന്ത്രമാക്കുന്ന വർഷരേണുക്കളുടെ സഹസ്രകലശം. നേർസാക്ഷ്യം ഭരതനാട്യം.

ഇന്ത്യൻ ലാവണ്യ പദ്ധതിയിൽ ഉള്ളിലെ ഉൺമ സാക്ഷാത്കരിക്കാനുള്ള ഉപാധിയാണ് നർത്തകന്/ നർത്തകിക്ക് ശരീരം. ആ ലക്ഷ്യത്തിലേക്ക് സ്ഫുടംചെയ്തെത്തണം ദേഹം. ഭരതനാട്യ ശിൽപത്തിൽ അതിനുണ്ടൊരു കൃത്യമായ ഘടന –അലരിപ്പ്, ജതിസ്വരം, ശബ്ദം, വർണം, പദങ്ങൾ, തില്ലാന, ശ്ലോകം. താളത്തിൽ മാത്രം അധിഷ്ഠിതമായ അലരിപ്പ് (പൂമൊട്ട് വിരിയൽ) ഉടലിനെ അഴിച്ചിടുകയാണ് –വ്യക്തി എന്ന ഇറുക്കത്തിൽനിന്ന്. താളത്തിന്റെ സവിശേഷത കുശാഗ്ര ശ്രദ്ധക്കുള്ള വൈഭവമാണ്.

അലരിപ്പ് ഈ ഏകാഗ്രത പകരുന്നു. അടുത്തത് മെലഡിയുടെ ആനന്ദവായ്പ്: ജതിസ്വരം. വാക്കോ സ്വരക്കൂട്ടോ കൂടാതെ വ്യക്തിയെ സ്വന്തം ഉള്ളിനോട് ഇമ്പപ്പെടുത്തുന്നത്. ‘ശബ്ദ’ത്തിൽ വാക്കും അർഥവും കടന്നുവന്ന് നാട്യത്തിന്റെ വ്യത്യസ്ത ഭാവനിലകൾ ഒരുക്കുന്നു. ഉള്ളുൺമക്ക് അരികത്തെ പ്രശാന്തിയാണ് അവിടെ അനുഭവം. അത്രടമുള്ള നടവഴിയുടെ പ്രശോഭ അതാ മായുകയായി. ‘വർണ’ങ്ങളുടെ താളാത്മക നിപുണികൾ ഉണർത്തുന്ന സംഗീതത്തിലേക്കാണിനി –പദാഭിനയം. ആത്മദർശനത്തിന് തൊട്ടരികത്തെ നിരാമയനിലയിലേക്ക്. പിന്നെ തില്ലാന. അതുവരെ പുറത്തുനിന്ന് അർച്ചിച്ചതത്രയും അകക്കാമ്പിൽനിന്നു​െകാണ്ട് ചെയ്യുന്ന ദീപാരാധന.

ചലനപ്രഭവം തേടിയുള്ള യാത്രയിൽ ഇങ്ങനെ അകംപുറം ഇതളിതായി ഇറുന്നുപോകും, പോകണം. അതിലൊരു ഭീമക്ലേശമുണ്ട്​. ഉൗർന്നൂർന്നൊഴിയുന്ന ദേഹഭാരവും. ഉടൽ തൂവൽ ആകുന്നു, ഉള്ളം ചെരാതും. അഴിവിന്റെ തുഞ്ചത്ത്​ ചലനവിശ്രാന്തി. അന്നേരം അറിയും, ഞാൻ ഏകമാണ്​, അനേകത്തി​ന്റെ ഏകം –അത്​ ആനന്ദമേകും. അതേസമയം ഞാൻ ഏകാകിയുമാണ്, അത്രമേൽ തനിച്ച്​ –അത്​ നൊമ്പരമിയറ്റും. മഴയും വെയിലും ഒന്നിച്ചുവരു​േമ്പാലെ നൊമ്പരാനന്ദങ്ങൾ ഏക കാലികത്തിൽ. ഇൗ ​​ശ്ലഥബിന്ദുവിൽ നൃത്തമൊരു ദ്വിത്വ സന്ധി. സത്യത്തിൽ ഇൗ രണ്ട്​ അനുഭൂതികളും ഒന്നല്ലേ, ഒരേ നിമിഷം അനുഭവിക്കേ?

ആടുന്നോരുടെ ആന്തര പ്രത്യക്ഷമാണ് ആട്ടം. മൃണാളിനി സാരാഭായ് പറഞ്ഞ ഒരനുഭവമുണ്ട്. തഞ്ചാവൂരിൽ മീനാക്ഷീ സുന്ദരം പിള്ളയിൽനിന്ന് പഠിക്കുന്ന കാലം. ഗുരു നൽകിയ ഒരു പ്രത്യേക ‘അടവ്’ ശിഷ്യയുടെ ഉടൽ സ്വീകരിക്കുന്നില്ല, അഴകില്ലെന്നു കണ്ട് മനസ്സും. രണ്ടുമൂന്നു നാൾ... മടിച്ചുമടിച്ച് ഗുരുവിനോട് തിരക്കി, അതൊന്ന് മാറ്റിത്തരുമോ? മാറ്റിക്കൊടുത്തിട്ട്​ ഗുരു തിരക്കി എന്തേ നിനക്കത് പിടിച്ചില്ല? ശിഷ്യ: ‘‘എന്തോ! ശരീരവും മനസ്സും ശക്തിയായി വിസമ്മതിച്ചു.’’ ഗുരുവിന് ചെറുചിരി: ‘‘അത് ഒരു സിനിമയിൽനിന്നെടുത്തതാണ്, ഭരതനാട്യമല്ല. അത് നിനക്കുള്ളതായിരുന്നില്ല.’’

ചലനാനുഭവം അവയവങ്ങളോടുള്ള ചലനത്തിന്റെ ഇണക്കത്തിലാണ്. മനസ്സിന്റെയും ശരീരത്തിന്റെയും വൈകാരികപ്പൊരുത്തത്തിൽ. ഈ അനുഭവം കർമമാകുമ്പോൾ നൃത്തം സ്വത്വത്തിന്റെ ഭാഗമാകുന്നു. കാരണം, നൃത്തം അവതരണമാണ് –നാം എന്തെന്നതിന്റെ. കവിത എന്നെ എഴുതണം –അങ്ങനെയേ കവി പറയൂ. ആടൽ എന്നെ ആടണം– പറയേണ്ടത് നർത്തകരാണ്, മനുഷ്യരായവരും.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.