കെ.ജി. ജോർജ്

ഒരു ഫ്ലാഷ്ബാക്ക്

മലയാള സിനിമയിലെ ‘ക്രാഫ്റ്റ്സ്​മാനാ’യി അറിയപ്പെടുന്ന കെ.ജി. ജോർജ് ഓർമയായിട്ട് സെപ്റ്റംബർ 24ന് ഒരു വർഷം തികഞ്ഞു. അദ്ദേഹത്തി​ന്റെ സിനിമകളെയും ചലച്ചിത്രജീവിതത്തെയും കുറിച്ച്​ എഴുതുകയാണ്​ ചലച്ചിത്രപ്രവർത്തകൻകൂടിയായ ലേഖകൻ.

‘‘പ്രേക്ഷകർ എന്താണോ ആഗ്രഹിക്കുന്നത് അത് കൊടുക്കുന്ന ആളല്ല സംവിധായകൻ. അവരുടെ ആസ്വാദനത്തിൽ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. സംവിധായകൻ എന്ന നിലയിൽ ഞാൻ ശ്രമിച്ചത് അതാണ്’’–കെ.ജി. ജോർജ്

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ്​ കെ.ജി. ജോർജ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സംവിധാനത്തിൽ സ്വർണമെഡലോടെ പാസായ കെ.ജി. ജോർജ് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്സ്​മാൻമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ജോർജിന്റെ പല സിനിമകളും േപ്രക്ഷകർ സ്വീകരിച്ചവയായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വിജയമായിരുന്നു എന്നല്ല അർഥം. ‘യവനിക’, ‘ഉൾക്കടൽ’ പോലുള്ള ചില സിനിമകളെങ്കിലും ജനപ്രീതി നേടി. പുണെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും വന്ന് സിനിമകളെടുത്ത് വിജയിപ്പിച്ച സംവിധായകൻ നമുക്കു വേറെയില്ല.

നാലു പതിറ്റാണ്ടിനിടെ 19 സിനിമകളേ കെ.ജി. ജോർജിന്റേതായി പുറത്തുവന്നിട്ടുള്ളൂ. അതിൽ മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ ചിത്രവും (യവനിക) കാമ്പസ്​ സിനിമയും (ഉൾക്കടൽ) ആക്ഷേപഹാസ്യചിത്രവും (പഞ്ചവടിപ്പാലം) സ്​ത്രീപക്ഷ സിനിമയും (ആദാമി​ന്റെ വാരിയെല്ല്) സൈക്കോളജിക്കൽ ത്രില്ലറും (ഇരകൾ) ജോർജി​ന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്​ഥിരം കാണുന്ന സിനിമകളിൽനിന്നും വ്യത്യസ്​തമായ ഴോണറിൽപെട്ട ചലച്ചിത്രം ചെയ്യണമെന്നാഗ്രഹിച്ച സംവിധായകനായിരുന്നു അദ്ദേഹം.

സിനിമ സംവിധായക​ന്റെ കലയാണെന്ന് പറയുകയും ത​ന്റെ സിനിമകളിലൂടെ അത് തെളിയിക്കുകയുംചെയ്ത സംവിധായകൻ. ജോർജ് സംവിധാനംചെയ്ത ഓരോ സിനിമയും താരതമ്യങ്ങളില്ലാത്ത കലാസൃഷ്​ടികളായിരുന്നു. മലയാള സിനിമ അതുവരെ പരിചയിച്ചിട്ടില്ലാത്ത പ്രമേയവും ആവിഷ്കാരരീതിയുമായിരുന്നു ഓരോ സിനിമയും. ജീവിതത്തി​ന്റെ സങ്കീർണതകളും കഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ഇത്രമേൽ മനോഹരമായി സെല്ലുലോയ്ഡിൽ പകർത്തിയ ചലച്ചിത്രകാരന്മാർ മലയാളത്തിൽ അപൂർവമാണ്. അദ്ദേഹത്തി​ന്റെ രാഷ്ട്രീയചിത്രങ്ങളും സ്​ത്രീപക്ഷ സിനിമകളും എല്ലാ കാലത്തേക്കുമായി നിർമിക്കപ്പെട്ടവയാണ്.

തിരുവല്ല കുളക്കാട്ടിൽ സാമുവലി​ന്റെയും അന്നാമ്മയുടെയും മകനായി 1945 മേയ് 24നാണ് കെ.ജി. ജോർജി​ന്റെ ജനനം. കുളക്കാട്ടിൽ ഗീവർഗീസ്​ ജോർജ് എന്നാണ് മുഴുവൻ പേര്. ചങ്ങനാശ്ശേരി എൻ.എസ്​.എസ്​ കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷമാണ് പുണെയിൽ സംവിധാനം പഠിക്കാൻ പോകുന്നത്. അപ്പൻ സാമുവലിന് പെയിന്റിങ്ങായിരുന്നു ജോലി. ലോറികളുടെയും ഷോപ്പുകളുടെയും ബോർഡ് എഴുതും. അങ്ങനെയാണ് ജോർജിനും പെയിന്റിങ്ങിനോട് കമ്പംകയറിയത്. കോളജിൽ പഠിക്കുമ്പോൾ ജോർജും പെയിന്റിങ്ങിന് പോയിത്തുടങ്ങി. അക്കാലത്ത് നാട്ടിൽ ബെൻസ്​ ലോറികളുടെ പിറകുവശത്തുള്ള ജോർജി​ന്റെ ചിത്രങ്ങൾ വളരെ പ്രസിദ്ധമായിരുന്നു.

ഒരുപക്ഷേ, സിനിമയിലേക്കുള്ള ജോർജി​ന്റെ തുടക്കം ഈ ചിത്രകലയായിരിക്കണം. പെയിന്റിങ്ങിൽനിന്നുള്ള വരുമാനംകൊണ്ടായിരുന്നു ജോർജിന് സിനിമകൾ കാണാൻ സാധിച്ചത്. കോട്ടയത്തെ സ്റ്റാർ തിയറ്ററിൽ തിരുവല്ലയിലെ വീട്ടിൽനിന്നും കിലോമീറ്ററുകൾ ദൂരം വന്ന് സ്​ഥിരമായി സിനിമകൾ കണ്ടു. അക്കാലത്തുകണ്ട സിനിമകളുടെ മുഴുവൻ നോട്ടീസുകളും സൂക്ഷിച്ചു​െവച്ചു.

ജോൺ എബ്രഹാമിനെയും ജി. അരവിന്ദനെയുമൊക്കെ കണ്ടുമുട്ടിയത് കോട്ടയത്തെ സ്റ്റാർ തിയറ്ററിൽ ​െവച്ചാണെന്ന് ജോർജ് തന്നെ പറഞ്ഞിട്ടുണ്ട്. പുണെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാലത്ത് ഹിന്ദി സിനിമകൾക്ക് ടൈറ്റിലുകൾ എഴുതിയും വരുമാനമുണ്ടാക്കിയിരുന്നുവെന്ന് ജോർജ് പറഞ്ഞിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും പുറത്തിറങ്ങി ആദ്യം ചെയ്ത ‘സ്വപ്നാടന’മടക്കം പല സിനിമകളുടെയും പോസ്റ്ററുകളും ടൈറ്റിലെഴുത്തും ജോർജ് തന്നെയാണ് ചെയ്തത്. ‘സ്വപ്നാടന’ത്തിലെ നായകൻ ഡോക്ടർ മോഹൻദാസിന് ശബ്ദം നൽകിയതും അദ്ദേഹംതന്നെ.

ത​ന്റെ ജീവിതത്തി​ന്റെ ചിന്തയിലാകെ മാറ്റം വന്നതും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കാലഘട്ടമാണെന്ന് ജോർജ് അടിവരയിട്ട് പറയാറുണ്ടായിരുന്നു. സത്യജിത് റായ്, ഋത്വിക് ഘട്ടക്, ബിമൽ റോയ്, മണി കൗൾ, മൃണാൾസെൻ തുടങ്ങിയ വിഖ്യാത സംവിധായകരൊക്കെ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കും. അവരുമായി ഇടപഴകാനും അടുത്ത ചങ്ങാത്തമുണ്ടാക്കാനും സാധിച്ചു.

കോഴ്സ്​ കഴിഞ്ഞാൽ മദ്രാസിലേക്കു വരുന്നോ എന്ന് രാമു കാര്യാട്ട് ചോദിച്ചപ്പോൾ അല്ലാതെ വേറെ മാർഗമില്ലെന്നാണ് മറുപടി പറഞ്ഞത്. പുണെയിൽനിന്നു പുറത്തിറങ്ങിയ രണ്ടുപേരെ മാത്രമാണ് രാമു കാര്യാട്ട് കൂടെ കൂട്ടിയത് കെ.ജി. ജോർജിനെയും ബാലു മഹേന്ദ്രയെയും. കെ.ജി. ജോർജ് രാമു കാര്യാട്ടി​ന്റെ ‘മായ’യിൽ (1972) സഹായിയായാണ് തുടക്കം. കാര്യാട്ടി​ന്റെതന്നെ ‘നെല്ലി’ന് (1974) അദ്ദേഹത്തി​ന്റെ കൂടെ ചേർന്ന് തിരക്കഥയുമെഴുതി, സഹസംവിധായകനുമായി.

കെ.ജി. ജോർജ് സ്വതന്ത്ര സംവിധായകനായ ആദ്യത്തെ സിനിമ ‘സ്വപ്നാടനം’ 1976ലാണ് റിലീസാകുന്നത്. സ്വപ്നത്തിനും യാഥാർഥ്യത്തിനുമിടയിലെ ഭ്രാന്തസഞ്ചാരങ്ങളുടെ മനോഹരമായ ആവിഷ്കാരമായിരുന്നു അത്. അടൂർ ഗോപാലകൃഷ്ണ​ന്റെ ‘സ്വയംവര’ത്തിനൊപ്പമുള്ള നവതരംഗ സിനിമയുടെ സഞ്ചാരമായിരുന്നു അത്. ഒരു പക്ഷേ, മലയാള സിനിമ കറകളഞ്ഞ നവഭാവുകത്വത്തി​ന്റെ തുടക്കം കുറിക്കുന്നത് കെ.ജി. ജോർജി​ന്റെ ‘സ്വപ്നാടന’ത്തിലൂടെ തന്നെയായിരുന്നു എന്നുവേണം പറയാൻ. കേരളത്തിലെ ആദ്യ സൈക്കോളജിസ്റ്റായി അറിയപ്പെടുന്ന പ്രഫ. ഇളയിടത്ത് മുഹമ്മദി​ന്റെ മനഃശാസ്​ത്രാധിഷ്ഠിതമായ കഥക്ക് കെ.ജി. ജോർജും പമ്മനും ചേർന്നാണ് ‘സ്വപ്നാടന’ത്തിന് തിരക്കഥയൊരുക്കിയത്.

മികച്ച മലയാള സിനിമക്കുള്ള ദേശീയ അവാർഡും മികച്ച സിനിമക്കും തിരക്കഥക്കും (കെ.ജി. ജോർജ്, പമ്മൻ) നടിക്കും (റാണിചന്ദ്ര) സഹനടനും (സോമൻ) സഹനടിക്കും (മല്ലിക) സംഗീതസംവിധായകനും (ഭാസ്​കർ ചന്ദ്രവർക്കർ) സംസ്​ഥാന അവാർഡുകളും നേടിക്കൊടുത്ത സിനിമയായിരുന്നു ‘സ്വപ്നാടനം’. ഒന്നോ രണ്ടോ സിനിമകളിൽ മാത്രം ചെറിയ വേഷങ്ങൾ അഭിനയിച്ച ഒരാളെ ഒരു സംവിധായക​ന്റെ ആദ്യസിനിമയിൽതന്നെ നായകനാക്കുക എന്ന ധൈര്യം ജോർജിനു മാത്രം സാധിക്കുന്നതാണ്.

സിനിമയുടെ പതിവ് വഴക്കങ്ങളിൽനിന്നുമാറി അർഥവത്തായ പുതിയ സിനിമയെക്കുറിച്ച് ചിന്തിക്കാൻ, ചലച്ചിത്ര സങ്കൽപങ്ങളെ തന്നെ മാറ്റിമറിക്കാൻ ‘സ്വപ്നാടന’ത്തിന് കഴിഞ്ഞു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തും കാമറാമാനുമായ രാമചന്ദ്ര ബാബുവും കൂടെ ചേർന്നപ്പോൾ സാങ്കേതികത്തികവുകളെ സംബന്ധിച്ച സൂക്ഷ്മമായ ശ്രദ്ധയും ‘സ്വപ്നാടന’ത്തിന് കൈവരിക്കാൻ കഴിഞ്ഞു. ‘‘സിനിമ ഡയറക്ടറുടെ ആർട്ട് ആണ്. അത് വ്യത്യസ്​തമായ രീതിയിൽ നമുക്ക് പറയാൻ കഴിയണം. ഓരോ സിനിമ കഴിയുന്തോറും ക്രാഫ്റ്റ് നവീകരിച്ചുകൊണ്ടേയിരിക്കണം. സിനിമ നമുക്ക് ഒരു ഇമോഷനൽ ഫീലിങ് തരണം.

അത് ഉണ്ടാക്കാനാണ് ക്രാഫ്റ്റ് വേണ്ടത്. ഒരിക്കൽ ചെയ്ത കഥാപാത്രങ്ങളോ സിറ്റ്വേഷനോ വീണ്ടും ചെയ്യുന്നതിൽ രസമില്ല. ഒരു സിനിമ കഴിഞ്ഞാൽ പിന്നെ ആ സിനിമ പൂർണമായും വിട്ടുകളയുന്നതാണ് എ​ന്റെ രീതി. വ്യത്യസ്​ത കഥകൾ തേടിയത് എനിക്കുതന്നെ പുതുമ തോന്നാൻവേണ്ടിയാണ്. ആദ്യം എനിക്കുതന്നെ ബോറടിക്കാൻ പാടില്ലല്ലോ. ത്രിൽ എന്ന് പറയുന്നത് പുതിയ സാധനങ്ങൾ കണ്ടെത്തുന്നതിലാണ്. കണ്ടെത്തലുകളാണ് ഞാൻ ചെയ്ത ഏറ്റവും വലിയ കോൺട്രിബ്യൂഷൻ. എനിക്ക് ക്രിയേറ്റിവായി എന്തെങ്കിലും ചെയ്യാനുള്ളപ്പോഴേ ഞാൻ സിനിമ ചെയ്തിട്ടുള്ളൂ. ആരെങ്കിലും ആവശ്യപ്പെട്ടിട്ടോ മറ്റെന്തിങ്കിലും കാരണംകൊണ്ടോ ഒരു സിനിമയും ഞാൻ ചെയ്തിട്ടില്ല.’’

‘സ്വപ്നാടന’ത്തിനുശേഷം ജോർജ് ചെയ്ത ചില സിനിമകൾ ആദ്യ സിനിമയുടെ നിലവാരത്തിൽനിന്നും പിന്നാക്കം നിൽക്കുന്നതായിരുന്നു. കലാപരമായി മാത്രമല്ല വാണിജ്യപരമായും ആ സിനിമകളുടെ പരാജയം ജോർജിനെ ഏറെ വിഷമിപ്പിച്ചു. ‘ഇനി അവൾ ഉറങ്ങട്ടെ’ (1978), ‘ഓണപ്പുടവ’ (1978), ‘വ്യാമോഹം’ (1978), ‘രാപ്പാടികളുടെ ഗാഥ’ (1978), ‘മണ്ണ്’ (1978) തുടങ്ങിയവയാണ് ആ ചിത്രങ്ങൾ. ഇതിൽ ‘മണ്ണും’, ‘രാപ്പാടികളുടെ ഗാഥയും’ പ്രമേയപരമായി കുറച്ചെങ്കിലും നീതി പുലർത്തിയ സിനിമകളായിരുന്നു. ‘വ്യാമോഹം’ കൂടുതൽ മോശം സിനിമയായിരുന്നു. ‘പോലീസുകാര​ന്റെ മകൾ’ എന്ന തമിഴ് സിനിമയുടെ റീമേക്കായിരുന്നു ‘വ്യാമോഹം’. ശാരദയും ബഹദൂറും പ്രധാന വേഷങ്ങൾചെയ്ത ‘ഓണപ്പുടവ’യും ശ്രദ്ധിക്കപ്പെട്ടില്ല.

എറണാകുളം റെയിൽവേ സ്റ്റേഷനുസമീപത്തുള്ള ചേരികളിൽ ​ചിത്രീകരിച്ച സിനിമയായിരുന്നു അത്. ചേരികളിലെ അധോലോക ജീവിതവും അവിടത്തെ മനുഷ്യരുടെ ദാരിദ്യ്രവുമായിരുന്നു ‘ഓണപ്പുടവ’യുടെ സബ്ജക്ട്. ‘മണ്ണ്’ പ്രമേയപരമായി ഏറെ ഔന്നത്യം പുലർത്തിയ സിനിമയായിരുന്നു. അന്ധവിശ്വാസങ്ങൾക്കും കപടദൈവങ്ങൾക്കുമെതിരെ ഒറ്റക്കുനിന്ന് പൊരുതുന്ന ധീരനായ ഒരു ചെറുപ്പക്കാര​ന്റെ കഥയായിരുന്നു അത്. എം.ജി. സോമനാണ് ചെറുപ്പക്കാര​നെ അവതരിപ്പിച്ചത്.

ഡോ. പവിത്ര​ന്റെ ‘മണ്ണ്’ എന്ന നാടകത്തി​ന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു സിനിമ. ഡോ. പവിത്രൻ തന്നെയെഴുതിയ വരികൾക്ക് എ.ടി. ഉമ്മറി​ന്റെ സംഗീതത്തിൽ യേശുദാസ്​ പാടിയ ‘‘അകലങ്ങളിലെ അത്ഭുതമേ അറിയുമോ നീ അറിയുമോ’’ എന്ന സൂപ്പർഹിറ്റ് ഗാനം ‘മണ്ണി’ലേതാണ്. 1979ലെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലേക്ക് മണ്ണ്​ തെരഞ്ഞെടുക്കപ്പെട്ടു. പത്മരാജ​ന്റെ ഒരേയൊരു തിരക്കഥയേ ജോർജ് സിനിമയാക്കിയിട്ടുള്ളൂ –‘രാപ്പാടികളുടെ ഗാഥ’. ‘രാപ്പാടികളുടെ ഗാഥ’യും കെ.ജി. ജോർജിന് ഗുണംചെയ്തില്ല.

മലയാള സിനിമയിൽ കെ.ജി. ജോർജിന് കലാപരമായും വാണിജ്യപരമായും ഇരിപ്പിടം സമ്മാനിച്ച സിനിമ ‘ഉൾക്കടൽ’ (1979) ആയിരുന്നു. ‘ഉൾക്കടൽ’ പ്രണയത്തി​ന്റെ മാത്രമല്ല വിരഹത്തി​ന്റെയുംകൂടി കഥയാണ്. രാഹുലനും റീനയും, മീരയും തുളസിയും എല്ലാം ഒരു കാലഘട്ടത്തി​ന്റെ ഗൃഹാതുരമായ ഓർമകളായി ഇപ്പോഴും നമ്മളെ പിന്തുടരുന്നു. ഒരു സാധാരണ േപ്രമകഥയെ അവതരണത്തിലും പ്രതിപാദനത്തിലുമുള്ള മിടുക്കുകൊണ്ട് കെ.ജി. ജോർജ് മികച്ച കലാസൃഷ്​ടിയാക്കുമായിരുന്നു.

തിലകന് കിട്ടുന്ന ആദ്യത്തെ മികച്ച വേഷങ്ങളിലൊന്ന് ‘ഉൾക്കടൽ’ സിനിമയിലായിരുന്നു. തിലക​ന്റെ ഭാഷയിൽ പറഞ്ഞാൽ ‘‘എന്നെ ആരും വിളിച്ചിരുന്നില്ല, ഞാൻ ആരുടെ അടുത്തും ചാൻസ്​ ചോദിച്ചും നടന്നില്ല. ഞാൻ നാടകങ്ങളുമായി പോയി.’’ തിലകൻ നാടകത്തിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തി​ന്റെ റിഹേഴ്സൽ കാണാൻ ചെന്നിരിക്കാറുള്ള കെ.ജി. ജോർജ് പക്ഷേ, വളരെ ശ്രദ്ധാപൂർവം തിലകനിലെ നടനെ നിരീക്ഷിച്ചിരുന്നു. അങ്ങനെയാണ് ‘ഉൾക്കടലി’ലെ വേണു നാഗവള്ളിയുടെ അച്ഛ​ന്റെ വേഷം കൊടുത്തത്. ‘ഉൾക്കടലിൽ’ ജലജ അവതരിപ്പിച്ച ‘സൂസന്ന’ ശോഭയുടെ ‘റീന’യെപ്പോലെതന്നെ അവിസ്​മരണീയ കഥാപാത്രമാണ്.

കർത്താവി​ന്റെ മണവാട്ടിയാകുകയും പിന്നീട്, വിഷമത്തോടെ തിരുവസ്​ത്രങ്ങളഴിച്ചുവെച്ച് കോൺവെന്റിൽനിന്നു പുറത്തുവരുന്നതും ഡേവിസിനെ (രതീഷ്) പരിചയപ്പെടുന്നതും ബൈക്കപകടത്തിൽ ഡേവിസ്​ മരിക്കുമ്പോൾ ഉൾക്കടലിൽ അകപ്പെടുന്ന വേദന പകർന്ന നിമിഷങ്ങളും സൂസന്നയെ ജലജ ഉജ്ജ്വലമാക്കി. അവിസ്​മരണീയമായ സ്​ത്രീകഥാപാത്രങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽതന്നെയാണ് ജലജയുടെ സൂസന്നയും. ജോർജ് ഓണക്കൂറി​ന്റെ ‘ഉൾക്കടൽ’ എന്ന നോവൽ ഓണക്കൂറി​ന്റെതന്നെ തിരക്കഥയിൽ കെ.ജി. ജോർജ്, നോവലി​ന്റെ കാൽപനികത ഒട്ടും ചോരാതെയാണ് അതിമനോഹര ദൃശ്യാവിഷ്കാരമാക്കിയത്. കെ.ജി. ജോർജ് പറഞ്ഞു: ‘‘എ​ന്റെ പ്രണയത്തി​ന്റെ അനുഭവംതന്നെയാണ് ‘ഉൾക്കടൽ’. ഞാനനുഭവിച്ച േപ്രമത്തി​ന്റെ ശക്തിയാണ് ആ സിനിമയെ അത്രക്കും മനോഹരമാക്കിയത്.’’

1980ൽ പുറത്തുവന്ന ‘മേള’ സർക്കസ്​ കലാകാരൻമാരുടെ പൊള്ളുന്ന ജീവിത ചിത്രീകരണമായിരുന്നു. ശ്രീധരൻ ചമ്പാടി​ന്റെ നോവലാണ് ‘മേള’ക്ക് മൂലകഥയായത്. കെ.ജി. ജോർജും ശ്രീധരൻ ചമ്പാടും ചേർന്നാണ് തിരക്കഥയൊരുക്കിയത്. സർക്കസിൽ കോമാളിയായി വേഷമിടുന്ന ഒരു കുള്ള​ന്റെ ആത്മസംഘർഷങ്ങളുടെ അതിമനോഹര ആവിഷ്കാരംകൂടിയായിരുന്നു ‘മേള’.

പി.ജെ. ആന്റണിയുടെ ‘ഒരു ഗ്രാമത്തി​ന്റെ ആത്മാവ്’ എന്ന നോവലി​ന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരമായിരുന്നു ‘കോലങ്ങൾ’ (1981). (ഇതേ പ്രമേയത്തെ ഒരു നാടകമാക്കിയും എഴുതിയിട്ടുണ്ട് പി.ജെ. ആന്റണി ‘മൂന്നു പെണ്ണുങ്ങളും കുറേ നാട്ടുകാരും’ എന്ന പേരിൽ). ഗ്രാമത്തി​ന്റെ പച്ചയായ, നമുക്കൊക്കെ പരിചിതമായ ജീവിതകഥയാണ് ‘കോലങ്ങൾ’ പറയുന്നത്. ഗ്രാമത്തി​ന്റെ ജീവിതക്കാഴ്ചകൾ, ആ കാഴ്ചകളിൽ പ്രതിഫലിക്കുന്ന ജീവിതവ്യാഖ്യാനങ്ങൾ എത്ര സമർഥമായാണ് കെ.ജി. ജോർജ് ‘കോലങ്ങളി’ലൂടെ വരച്ചിട്ടത്. ‘കുഞ്ഞമ്മ’യും (മേനക), മറിയവും (രാജം കെ. നായർ), ചെറിയാനും (വേണു നാഗവള്ളി) പരമുവും (നെടുമുടി വേണു) കള്ളു വർക്കിയും (തിലകൻ) കേശവനും (ശ്രീനിവാസൻ) കുട്ടിശങ്കരൻ നായരും (അസീസ്​) പൈലിയും (ഡോ. ഫിലിപ്) മണ്ണി​ന്റെ മണമുള്ള ശുദ്ധ ഗ്രാമീണ തനിമയുള്ള കഥാപാത്രങ്ങളായിരുന്നു.

ജീവിതയാഥാർഥ്യങ്ങളെ നർമബോധത്തോടെ അവതരിപ്പിക്കാനുള്ള ശ്രമംകൂടിയായിരുന്നു ‘കോലങ്ങൾ’. കോലങ്ങളിലെ മുളയും ഓലയുമൊക്കെ ചേർത്തുകെട്ടിയുണ്ടാക്കിയ കേശവ​ന്റെ ചെറിയ ചായക്കടയും കടയുടെ മുന്നിലെ ‘സംതൃപ്തിവിലാസം നായർ ഹോട്ടൽ’ എന്ന ബോർഡും കടയോട് ചേർന്നുനിൽക്കുന്ന മാവിൻചുവട്ടിലെ ​െബഞ്ചുകളും മാവിൽ തൂക്കിയിട്ടിരിക്കുന്ന ‘രാഷ്ട്രീയം പറയരുത്’ എന്ന കാർഡ് ബോർഡും പാൽ നിറച്ച കുപ്പികളുമായി കടത്തുവള്ളത്തിലിരിക്കുന്ന കുഞ്ഞമ്മയും തമാശക്കഥ പറഞ്ഞ് ചിരിച്ചുകൊണ്ട് വള്ളം തുഴയുന്ന പൈലിയും വീടി​ന്റെ തിണ്ണയിൽ പായ വിരിച്ച് കിടന്നുറങ്ങുന്ന പ​േത്രാസും നദിയിലൂടെ വലിയ പായ് കെട്ടിയ വള്ളങ്ങൾ കടന്നുപോകുന്നതുമായ രംഗങ്ങൾ കെ.ജി. ജോർജ് മനോഹരമായ ദൃശ്യഭാഷകൊണ്ട് താനൊരു അസാധാരണ ചലച്ചിത്രകാരനാണെന്ന് തെളിയിച്ചു.

1982ലാണ് മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിലൊന്നായി അറിയപ്പെടുന്ന കെ.ജി. ജോർജി​ന്റെ ‘യവനിക’യുടെ പിറവി. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളിൽ ഒരു പാഠപുസ്​തകമായിരുന്നു ‘യവനിക’. മലയാളത്തിലെ ആദ്യത്തെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണിത്. ആദ്യത്തെ മിസ്​ട്രി ത്രില്ലറും. മികവുറ്റ അവതരണവും അഭിനയവും എല്ലാം ചേർന്ന് ‘യവനിക’യെ ക്ലാസിക്കാക്കി മാറ്റുകയായിരുന്നു. ഒരു കൊലപാതകവും അതിനെ ചൂഴ്ന്നുനിൽക്കുന്ന നിഗൂഢതകളും ഉദ്വേഗവും എല്ലാം ചേർന്ന പുതിയൊരു അനുഭവമായിരുന്നു ‘യവനിക’. തബലിസ്റ്റ് അയ്യപ്പ​ന്റെ തിരോധാനവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുമാണ് സിനിമയുടെ കാതൽ. ഇത്ര കലാത്മകതയോടെ കുറ്റാന്വേഷണം ആവിഷ്കരിച്ച സിനിമ പിൽക്കാലത്തും മലയാള സിനിമയിൽ ഉണ്ടായില്ല എന്നതും എടുത്തുപറയേണ്ടതാണ്.

 

കെ.ജി. ജോർജ് എന്ന ഫിലിം മേക്കർ എല്ലാ രീതിയിലും സാധാരണ േപ്രക്ഷകരുടെയും വലിയ ബുദ്ധിജീവികളുടെയും അസൂയാർഹമായ ജനപ്രീതി ‘യവനിക’യിലൂടെ നേടിയെടുത്തു. ’. സിനിമയുടെ ക്രാഫ്റ്റ് അറിയുന്നവനാണ് ഫിലിം മേക്കർ എന്ന് ജോർജ് അടിവരയിട്ട് തെളിയിച്ചു. ‘യവനിക’യിൽ ഗോപിയെന്ന പ്രതിഭ തീർത്ത ഭാവപ്രപഞ്ചം അത്ര വലുതായിരുന്നു. ഹെൻട്രി മൂവീസിനുവേണ്ടി കെ.ജി. ജോർജ് കഥയും തിരക്കഥയുമൊരുക്കിയ ‘യവനിക’ക്ക് സംഭാഷണമെഴുതിയത് എസ്​.എൽ. പുരം സദാനന്ദനാണ്.

മികച്ച സിനിമക്കും തിരക്കഥക്കും സഹനടനുമുള്ള (തിലകൻ) സംസ്​ഥാന അവാർഡുകൾ നേടിയിട്ടുണ്ട് ‘യവനിക’. ‘ഉൾക്കടലി’ന് ഗാനമൊരുക്കിയ ഒ.എൻ.വിയും എം.ബി. ശ്രീനിവാസനും ചേർന്നാണ് യവനികക്കു ഗാനങ്ങൾ ചെയ്തത്. യേശുദാസ്​ പാടിയ ‘‘ചമ്പകപുഷ്പസുവാസിതയാമം...’’, ‘‘മിഴികളിൽ നിറകതിരായ് സ്​നേഹം...’’, യേശുദാസും സൽമയും ചേർന്നു പാടിയ ‘‘ഭരതമുനിയൊരു കളം വരച്ചു...’’ തുടങ്ങിയ ഗാനങ്ങൾ സിനിമപോലെ തന്നെ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഗാനങ്ങളാണ്.

‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ 1983ലാണ് പുറത്തുവരുന്നത്. കോടമ്പാക്കത്തെ സിനിമയുടെ പശ്ചാത്തലത്തിലാണ് കെ.ജി. ജോർജ് ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ കഥ പറയുന്നത്. സിനിമക്കുള്ളിലെ സിനിമാക്കഥ പറഞ്ഞ ആദ്യത്തെ ബയോപിക് ആയിരുന്നു അത്​. മദ്രാസിലെ സിനിമാതെരുവിൽ ജീവിതം ഹോമിക്കപ്പെട്ട ഒരു നടിയുടെ ജീവിതമാണ് സിനിമയിലൂടെ വരച്ചുകാട്ടിയത്. വളരെ ചെറിയ പ്രായത്തിൽ ആത്മഹത്യചെയ്ത ശോഭ (ശാലിനി എ​ന്റെ കൂട്ടുകാരി, ഉൾക്കടൽ) എന്ന നടിയുടെ ഓർമയുണർത്തുന്ന പ്രമേയമായിരുന്നു ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’. സിനിമാരംഗത്തെ ജീർണതകളും കൂടി ഈ സിനിമയിലൂടെ തുറന്നുകാട്ടിയപ്പോൾആ ’ അക്കാലത്ത് ഏറെ വിവാദമായി.

‘ആദാമി​ന്റെ വാരിയെല്ല്’ (1984) കെ.ജി. ജോർജ് സ്​ത്രീമനസ്സി​ന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് കഥ പറഞ്ഞ സിനിമയാണ്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സ്​ത്രീപക്ഷ സിനിമയായാണ് ‘ആദാമി​ന്റെ വാരിയെല്ല്’ അറിയപ്പെടുന്നത്. സ്​ത്രീകളുടെ നിസ്സഹായാവസ്​ഥയും പകയും അതിജീവനവും സ്വാതന്ത്ര്യത്തിലേക്കുള്ള ഓട്ടവും ‘ആദാമി​ന്റെ വാരിയെല്ലി’ൽ നമുക്ക് കാണാം. അസ്വസ്ഥമാകുന്ന മനസ്സുകളുടെ വിഭ്രാന്തികളെ അസാധാരണമായ ചലച്ചിത്രാനുഭവമാക്കി മാറ്റുകയാണ് ജോർജ് ‘ആദാമി​ന്റെ വാരിയെല്ലി’ലൂടെ ചെയ്തത്. ദാരുണവും പ്രത്യാശാരഹിതവുമായ, സംഘർഷനിർഭരവും സങ്കീർണവുമായ മനസ്സി​ന്റെ ഉള്ളറകളെ അവിസ്​മരണീയമായ കലാസൃഷ്​ടിയാക്കിമാറ്റിയ സിനിമയാണ് ‘ആദാമി​ന്റെ വാരിയെല്ല്’.

അന്നോളം മലയാള സിനിമ കണ്ടിട്ടില്ലാത്ത സ്​ത്രീത്വത്തി​ന്റെ അസാധാരണമായ ചലച്ചിത്രാവിഷ്കാരമായിരുന്നു അത്. വാസന്തി, അമ്മിണി, ആലീസ്​ തുടങ്ങി സമൂഹത്തിലെ വ്യത്യസ്​ത തലങ്ങളിലുള്ള സ്​ത്രീകളുടെ ജീവിതത്തിലൂടെ പുതിയൊരു ചലച്ചിത്രഭാവുകമായി മാറിയ സിനിമയായിരുന്നു അത്​. ആലീസ്​ എന്ന ഒരുപാട് ഭാവവൈചിത്യ്രങ്ങളിലൂടെ കടന്നുപോകുന്ന അസാധാരണമായ കഥാപാത്രത്തെ ത​ന്റെ അഭിനയസാമർഥ്യത്തിലൂടെ അനശ്വരമാക്കിയത് ശ്രീവിദ്യയായിരുന്നു. കഥാപാത്രമായി മാറുമ്പോൾ ഒരു നടിക്കുണ്ടാകുന്ന ഭാവാവിഷ്കാര മികവി​ന്റെ മികച്ച ഉദാഹരണമാണ് ‘ആദാമി​ന്റെ വാരിയെല്ലി’ലെ ശ്രീവിദ്യയുടെ പെർഫോമൻസ്​.

സിനിമ മികച്ച രണ്ടാമത്തെ ചിത്രത്തിനും ഗാനരചനക്കും (ഒ.എൻ.വി) സംസ്​ഥാന അവാർഡുകൾ നേടി.സിനിമയിലെ ആലീസും അമ്മിണിയും വാസന്തിയും രക്ഷപ്പെടാൻ വയ്യാത്തരീതിയിൽ ഞെരിഞ്ഞമരുന്ന അവസ്​ഥ സത്യത്തിൽ ക്രൂരമായ യാഥാർഥ്യ ലോകത്തി​ന്റെ നേർക്കാഴ്ചയായിരുന്നു. ‘ആദാമി​ന്റെ വാരിയെല്ലി​’ന്റെ ക്ലൈമാക്സ്​ വൈകാരികമായ ഉച്ചാവസ്​ഥയിലാണ് അവസാനിക്കുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള സ്​ത്രീകളുടെ ഓട്ടം ത​ന്റെ കലാസൃഷ്​ടിയുടെ സഫലമായ സാക്ഷാത്കാരമികവു കൂടിയായാണ് കെ.ജി. ജോർജെന്ന മാസ്റ്റർ ഡയറക്ടർ തുറന്നിട്ടത്. സിനിമയെ മനസ്സുകൊണ്ടനുഭവിച്ചറിഞ്ഞ ചലച്ചിത്രകാരനെ ‘ആദാമി​ന്റെ വാരിയെല്ലി’ൽ കാണാം.

‘പഞ്ചവടിപ്പാലം’ (1984) സറ്റയർ സിനിമമലയാളസിനിമയിലെ ഒരു ക്ലാസിക് ഉദാഹരണമാണ്. മലയാളസിനിമയിൽ ഒന്നാന്തരം ക്ലാസിക് ത്രില്ലറെടുത്ത കെ.ജി. ജോർജ് തന്നെയാണ് ‘പഞ്ചവടിപ്പാല’വുമെടുത്തത്. കാരിക്കേച്ചറുകളുടെ ഒരു സമ്മേളനമാണ് ‘പഞ്ചവടിപ്പാലം’. അഴിമതികൊണ്ടു നിറഞ്ഞ നമ്മുടെ രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകൾ, ഇവിടത്തെ രാഷ്ട്രീയക്കാരുടെ പൊയ്മുഖങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ മനോഹരമായിട്ടാണ് കെ.ജി. ജോർജ് നമ്മുടെ അവതരിപ്പിച്ചത്. തനിക്കു ചുറ്റുമുള്ള ജീവിതത്തിൽനിന്ന് പറിച്ചുനട്ടതെന്ന് തോന്നലുണർത്തുന്ന കഥാപാത്രങ്ങളെ നമ്മുടെ യഥാർഥ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിൽനിന്നും കണ്ടെത്തുന്ന കാഴ്ച അതിശയിപ്പിക്കുന്നതാണ്.

ദുശ്ശാസനക്കുറുപ്പ്, ശിഖണ്ഡി പിള്ള, മണ്ഡോദരിയമ്മ, പൂതന, യൂദാസ്​കുഞ്ഞ്, ഇസഹാക് തരകൻ, ഹാബേൽ, ബറാബാസ്​, ജീമൂതവാഹനൻ, ജഹാംഗീർതാത്ത, അനാർക്കലി, അവറാച്ചൻ സ്വാമി... തുടങ്ങി ഓരോ കഥാപാത്രങ്ങളെയും അസാധാരണമായ നിരീക്ഷണങ്ങളോടെ തിരശ്ശീലയിൽ അവതരിപ്പിച്ചു.വേളൂർ കൃഷ്ണൻകുട്ടിയുടെ ‘പാലം അപകടത്തിൽ’ എന്ന കഥക്ക് കെ.ജി. ജോർജാണ്​ തിരക്കഥയൊരുക്കിയത്. കാർട്ടൂണിസ്റ്റ് യേശുദാസ​ന്റെ കുറിക്കുകൊള്ളുന്ന സംഭാഷണംകൂടിയായപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ–സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായി മാറി. അഭിനയിച്ച എല്ലാവരും ഗംഭീരപ്രകടനമാണ് സിനിമയിൽ കാഴ്ച​െവച്ചത്.

 

പ്രത്യേകിച്ച് ദുശ്ശാസനക്കുറുപ്പ് ആയി വരുന്ന ഭരത് ഗോപിയും മണ്ഡോദരി ആയി അഭിനയിച്ച ശ്രീവിദ്യയും. ഓരോ അഭിനേതാവും –നെടുമുടി വേണുവും ഇന്ന​സെന്റും കൽപനയും ജഗതിയും തിലകനും ശ്രീനിവാസനും നിറഞ്ഞാടിയ സിനിമയായിരുന്നു ‘പഞ്ചവടിപ്പാലം’. വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും രാഷ്ട്രീയക്കാരും ഉദ്യോഗസ്​ഥരും കാണിക്കുന്ന അഴിമതികൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് കാണുമ്പോഴാണ് ‘പഞ്ചവടിപ്പാല’ത്തി​ന്റെയും കെ.ജി. ജോർജി​ന്റെയും പ്രസക്തി വർധിക്കുന്നത്. മഗാന്ധിമതി ഫിലിംസി​ന്റെ ബാനറിൽ ബാലനാണ് ‘പഞ്ചവടിപ്പാലം’ നിർമിച്ചത്. ഛായാഗ്രഹണം ഷാജി എൻ. കരുണും.

കെ.ജി. ജോർജി​ന്റെ മറ്റൊരു മാസ്റ്റർപീസാണ് ‘ഇരകൾ’ (1985). മരണവും ജീവിതവുമാണ് ‘ഇരകളി’ലെ പ്രതിപാദ്യം. ആധുനിക ജീവിതസാഹചര്യങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിലെ മനുഷ്യരുടെ അമ്പരപ്പിക്കുന്ന ഗതിവേഗങ്ങളുടെ, ദുരൂഹസമസ്യകളുടെ സമഗ്രമായ ചലച്ചിത്രാവിഷ്കാരമാണ് ഇരകൾ. മലയാളി അതുവരെ പുലർത്തിപ്പോന്ന ലൈംഗികസദാചാരമൂല്യങ്ങളെ പൊളിച്ചെഴുതിയ സിനിമകൂടിയായിരുന്നു ‘ഇരകൾ’. പകയും പ്രതികാരവും നിന്ദയും കാപട്യവും ആത്മവഞ്ചനയും ലൈംഗികതയും തുടങ്ങി സമ്പന്നരുടെ പൊള്ളത്തരങ്ങളും നെടുവീർപ്പുകളും ഒറ്റപ്പെട്ടു പോയ അവരുടെ തേങ്ങലുകളും വരെ ‘ഇരകളി’ൽ കാണാം. പ്രമേയത്തി​ന്റെ ആർജവംകൊണ്ടും ആവിഷ്കാരഭംഗികൊണ്ടും മലയാളത്തിലെ മറക്കാനാവാത്ത സിനിമയായിരുന്നു ‘ഇരകൾ’.

എല്ലാ സ്​ത്രീകളും ഇരകളാണെന്നും സ്​നേഹം നിലനിൽക്കുമ്പോഴും വേറൊരു മറ തീർത്ത് പുതിയ സുഖം തേടി പോകുന്ന മനുഷ്യരാണ് കൂടുതലെന്നും ‘ഇരകൾ’ പറഞ്ഞുവെക്കുന്നു. വളരെ യാഥാർഥ്യബോധത്തോടെ അവതരിപ്പിച്ച സിനിമ ഒരു ഫിലിംമേക്കറുടെ സഫലമായ ചലച്ചിത്രാവിഷ്‍കാരം കൂടിയായിരുന്നു. സാധാരണ ജീവിതത്തി​ന്റെ അകത്തും പുറത്തും നിറഞ്ഞുനിൽക്കുന്ന അതിരുകവിഞ്ഞ വയലൻസ്​, ലൈംഗികത, വിശ്വാസക്കുറവ് ഇത്രത്തോളം ഗൗരവമായി കൈകാര്യം ചെയ്ത സിനിമ മലയാളസിനിമയിൽ ആദ്യമായിരുന്നു. പണത്തി​ന്റെ കുമിഞ്ഞുകൂടലിൽ അധികാരവും പകയും ഭീതിദവും ക്രൂരവുമാകുന്ന അവസ്​ഥ. തനിക്ക് ചുറ്റുമുള്ള ജീവിതങ്ങളുടെ സ്വാർഥതകൾ എത്രമാത്രം ഭീകരമാണെന്ന് ‘ഇരകൾ’ നമുക്ക് കാണിച്ചുതന്നു.

വേണുവിന് സംസ്​ഥാന അവാർഡ് നേടിക്കൊടുത്ത ‘ഇരകളി’ലെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. ലൈറ്റിങ്ങിലും മറ്റ് സാങ്കേതിക ഘടകങ്ങളിലും മികച്ചുനിന്ന ഛായാഗ്രഹണമായിരുന്നു ഇരകളുടേത്. അവതരണരീതിയിൽ പുലർത്തിയ തീക്ഷ്ണവും തീവ്രവുമായ വൈകാരികതലം ഒരു ക്രിസ്​ത്യൻ കുടുംബത്തി​ന്റെ പശ്ചാത്തലത്തിൽ വ്യക്തിബന്ധങ്ങൾക്കു സംഭവിക്കുന്ന അപചയത്തെ സൂക്ഷ്മമായ അവതരണരീതിയിൽ കലാമേന്മയോടെ അവതരിപ്പിച്ച ഇരകളിലെ ചടുലമായ വൈകാരികതയുടെ കണ്ണിമുറിയാതെ നിർത്തുന്ന എഡിറ്റിങ്ങും (എം.എൻ. അപ്പു) പശ്ചാത്തല സംഗീതവും (എം.ബി. ശ്രീനിവാസൻ) പുതുമയായിരുന്നു. എം.എസ്​. ഫിലിംസിനുവേണ്ടി നടൻ സുകുമാരനാണ് ‘ഇരകൾ’ നിർമിച്ചത്. വേണുവിന് ലഭിച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് കൂടാതെ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച തിരക്കഥക്കും (കെ.ജി. ജോർജ്) മികച്ച രണ്ടാമത്തെ നടിക്കും (ശ്രീവിദ്യ) കേരള സംസ്​ഥാന ചലച്ചിത്ര അവാർഡുകൾ ‘ഇരകൾ’ നേടിയിട്ടുണ്ട്.

‘മറ്റൊരാൾ’ (1988) മനസ്സി​ന്റെ സമനിലയെ അസ്വസ്​ഥമാക്കുന്ന കെ.ജി. ജോർജി​ന്റെ മികച്ച കലാസൃഷ്​ടിയായിരുന്നു. വളരെയധികം ഇമോഷനൽ ഫീലിങ് അനുഭവിപ്പിച്ച ചലച്ചിത്രംകൂടിയായിരുന്നു അത്. സ്വയം സംരക്ഷണത്തിനായി കവചമൊരുക്കുന്ന, സ്വാർഥതയുടെ കറകൾ പുരണ്ട സ്​ത്രീഹൃദയത്തി​ന്റെ ജീവിതാനുഭവങ്ങളുടെ സ്​ഫുടം ചെയ്ത സത്യസന്ധമായ ആവിഷ്കാരമികവും മറ്റൊരാളുടെ പ്രത്യേകതയായിരുന്നു. കെ.ജി. ജോർജ് മറ്റൊരാൾ അവതരിപ്പിച്ചിരിക്കുന്നത് ഒരു മനഃശാസ്​ത്രജ്ഞ​ന്റെ സൂക്ഷ്മതയോടുകൂടിയാണ്. പ്രണയവും സുരക്ഷിതത്വവും സ്​നേഹവും സൗഹൃദങ്ങളും ആഗ്രഹങ്ങളും നിഷേധിക്കപ്പെടുന്ന ഉത്കണ്ഠാനിർഭരമായ ലോകത്തി​ന്റെ സവിശേഷമായ ചലച്ചിത്രാനുഭവമാണ് മറ്റൊരാൾ.

സ്​ത്രീ-പുരുഷ ബന്ധത്തി​ന്റെ സങ്കീർണതകൾ കൃത്യമായി അളന്നെടുത്ത് ചലച്ചിത്രാനുഭവമാക്കി മാറ്റുകയായിരുന്നു ഈ ചിത്രത്തിലൂടെ കെ.ജി. ജോർജ്. ഒരു സുപ്രഭാതത്തിൽ വീടുവിട്ടിറങ്ങി പോകുന്ന കുടുംബിനിയാണ് സിനിമയിലെ നായിക. ഭർത്താവ് ഓഫിസിൽനിന്നും വീട്ടിലെത്തുമ്പോൾ, ഭാര്യ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നറിയുമ്പോൾ സമൂഹത്തി​ന്റെ മുന്നിൽ അയാൾ ആരായിരിക്കും? മറ്റുള്ളവരെ എങ്ങനെ ഫേസ്​ ചെയ്യും? എന്നൊക്കെയുള്ള ചോദ്യം ‘മറ്റൊരാൾ’ ചോദിക്കുന്നു. മനുഷ്യ​ന്റെ മാനസികവ്യാപാരങ്ങളെ സാമൂഹികവും രാഷ്ട്രീയവുമായി നോക്കിയ മികച്ച കലാനുഭവമായിരുന്നു കെ.ജി. ജോർജി​ന്റെ മറ്റൊരാൾ. മനുഷ്യാവസ്​ഥയിലെ ഏകാന്തതയെയും ദുരന്തങ്ങളെയും അതിമനോഹരമായി ആവിഷ്കരിച്ച സിനിമകൂടിയാണിത്.

അസാധാരണവും വിഭ്രാത്മകവുമായ ജീവിതതീക്ഷ്ണതകളെ മനുഷ്യ​ന്റെ വ്യക്തിപരവും സാമൂഹികവുമായ കാഴ്ചപ്പാടിൽ നോക്കിക്കാണുന്ന കലാസൃഷ്​ടിയായിരുന്നു മറ്റൊരാൾ. ജീവിതത്തി​ന്റെ വിചിത്രമായ ദൂരവും വിദൂരതയും ഒരു സാങ്കൽപിക ലോകത്തി​ന്റെ ആവിഷ്കാരത്തിലൂടെ മറ്റൊരാളിൽ കാണാം. യാഥാർഥ്യവും കാൽപനികതയും ഭ്രമാത്മകതയും എങ്ങനെ സമർഥമായി സമന്വയിപ്പിക്കാമെന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്സ്​മാൻ നമുക്ക് കാണിച്ചുതന്നു ‘മറ്റൊരാളി’ലൂടെ. പ്രശസ്​ത എഴുത്തുകാരൻ സി.വി. ബാലകൃഷ്ണ​ന്റെ ഒരു നോവലാണ് ‘മറ്റൊരാൾ’ എന്ന ചലച്ചിത്രത്തിനാധാരം.

കരമന ജനാർദനൻ നായരുടെ കൈമളും സീമയുടെ സുശീലയും മലയാള സിനിമയിലെ അസാധാരണമായ രണ്ട് കഥാപാത്രങ്ങളായിരുന്നു. ആ കഥാപാത്രങ്ങൾക്ക് മിഴിവുറ്റ മാനം നൽകാൻ വളരെയെളുപ്പത്തിൽ അവർക്ക് കഴിയുകയുംചെയ്തു. സ്വപ്നചിത്ര മൂവിമേക്കേഴ്സി​ന്റെ ബാനറിലുള്ള സിനിമയുടെ തിരക്കഥ കെ.ജി. ജോർജും സി.വി. ബാലകൃഷ്ണനും ചേർന്നാണ് എഴുതിയത്. ഛായാഗ്രഹണം രാമചന്ദ്ര ബാബുവും.

‘യാത്രയുടെ അന്ത്യം’ (1991) കെ.ജി. ജോർജി​ന്റെ മറ്റൊരു മികച്ച കലാസൃഷ്​ടിയായിരുന്നു. പാറപ്പുറത്തി​ന്റെ ‘കോട്ടയം മാനന്തവാടി’ എന്ന ചെറുകഥയെ ആസ്​പദമാക്കി കെ.ജി. ജോർജ് ദൂരദർശനുവേണ്ടി ചെയ്ത സിനിമയായിരുന്നു ‘യാത്രയുടെ അന്ത്യം’. യാത്രയുടെ അന്ത്യം മികച്ച ദൃശ്യാനുഭവമായിരുന്നു. ഒരു ബസും ബസ്​ യാത്രക്കിടയിലെ കുറെ മനുഷ്യരും അവരുടെ പ്രശ്നങ്ങളും പലവിധ സമസ്യകളിലൂടെ കടന്നുപോകുന്ന ജീവിതഗന്ധിയായ ആവിഷ്കാരമായിരുന്നു യാത്രയുടെ അന്ത്യം. ഈ സിനിമയിലൂടെയും കെ.ജി. ജോർജ് പറയാൻ ശ്രമിച്ചത് മനുഷ്യമനസ്സി​ന്റെ സങ്കീർണതകൾ തന്നെയാണ്.

 

കെ.ജി. ജോർജും ജോൺ സാമുവലുംകൂടിയാണ് യാത്രയുടെ അന്ത്യത്തിന് തിരക്കഥയെഴുതിയത്. വേണുവും സണ്ണി ജോസഫും ചേർന്നായിരുന്നു ഛായാഗ്രഹണം. മുരളിയും എം.ജി. സോമനും കരമനയും ആഷാ ജയറാമും നന്നായി അഭിനയിക്കുകയും ചെയ്ത ‘യാത്രയുടെ അന്ത്യം’ കെ.ജി. ജോർജി​ന്റെ സർഗപരമായ മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു. വ്യത്യസ്​ത പ്രമേയങ്ങളും അവയുടെ മൗലികവും സവിശേഷവുമായ ആവിഷ്കാരങ്ങളാണ് കെ.ജി. ജോർജ് സിനിമകളുടെ പ്രത്യേകത. അത് ‘യാത്രയുടെ അന്ത്യ’ത്തിലും നമുക്കു കാണാം. ‘കഥയ്ക്കു പിന്നിൽ’ (1987), ‘ഈ കണ്ണികൂടി’ (1990), ‘ഇലവങ്കോട് ദേശം’ (1998) തുടങ്ങിയ ചിത്രങ്ങൾ കെ.ജി. ജോർജ് ചെയ്യാൻ പാടില്ലാത്തതായിരുന്നു.

‘സ്വപ്നാടന’ത്തിനും ‘മേള’ക്കുമിടയിൽ കെ.ജി. ജോർജ് ചെയ്ത കുറച്ച് മോശം സിനിമകളുണ്ടായിരുന്നു. കലാപരമായും സാമ്പത്തികമായും മേന്മ പുലർത്താൻ കഴിയാതെ പോയ സിനിമകൾ. അതുതന്നെയാണ് ഈ ചിത്രങ്ങൾക്കും സംഭവിച്ചത്. കെ.ജി. ജോർജ് എന്ന വലിയ ഫിലിംമേക്കറിൽനിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമകൾ! ഇതിനിടയിൽ ‘മഹാനഗരം’ (സംവിധാനം രാജീവ്കുമാർ) എന്ന ഒട്ടും നിലവാരമില്ലാത്ത ഒരു കച്ചവടസിനിമയും കെ.ജി. ജോർജ് നിർമിച്ചു എന്നത് എല്ലാവരെയും അതിശയിപ്പിച്ചതാണ്.

പിന്നീട്, 1998ൽ റിലീസായ ‘ഇലവങ്കോട് ദേശ’മാണ് അതി​ന്റെ പൂർണതയിലെത്തിയത്. കെ.ജി. ജോർജെന്ന ഒരു ഇതിഹാസ ചലച്ചിത്രകാരനിൽനിന്നും സ്വപ്നത്തിൽപോലും േപ്രക്ഷകർക്ക് ചിന്തിക്കാൻ പറ്റാത്ത സിനിമയായിരുന്നു അത്. ഇതോടെ, കെ.ജി. ജോർജ് സിനിമ സംവിധാനം അവസാനിപ്പിച്ചു. മോഹൻലാലിനെ നായകനാക്കി സി.വി. ബാലകൃഷ്ണ​ന്റെ തിരക്കഥയിൽ ‘കാമമോഹിതം’ എന്ന ഒരു സിനിമ ചെയ്യാൻ കെ.ജി. ജോർജ് പ്ലാനിട്ടിരുന്നു. പക്ഷേ, എന്തുകൊണ്ടോ അതു നടന്നില്ല. മോഹൻലാലിനെ മലയാളത്തി​ന്റെ ‘ഒറിജിനൽ ആക്ടറെ’ന്ന് എപ്പോഴും വിശേഷിപ്പിക്കുന്ന കെ.ജി. ജോർജിന് ‘കാമമോഹിതം’ ഒരു സ്വപ്നസിനിമയായിരുന്നു.

മനസ്സി​ന്റെ ആഴങ്ങളിലെവിടെയോ തറഞ്ഞുകയറുന്ന അനുഭവങ്ങളായിരുന്നു കെ.ജി. ജോർജി​ന്റെ ഓരോ സിനിമയും. സിനിമയോടുള്ള അദ്ദേഹത്തി​ന്റെ അടങ്ങാത്ത അഭിനിവേശവും ആത്മർഥമായ അർപ്പണബോധവുമായിരുന്നു അതിനുപിന്നിൽ. നിത്യജീവിതത്തിലെ യഥാർഥ ദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ആഖ്യാനരീതികളായിരുന്നു സിനിമകളൊക്കെയും. വാക്കുകളേക്കാൾ ഷോട്ടുകൾക്ക് പ്രാധാന്യം കൊടുക്കുന്ന സംവിധായകനായിരുന്നു കെ.ജി. ജോർജ്. സംവിധായകനും എഴുത്തുകാരനും അഭിനേതാക്കളും സാങ്കേതികവിദഗ്ധരും തമ്മിലുള്ള അനുപാതം കൃത്യമാകുന്ന കാഴ്ച അദ്ദേഹത്തി​ന്റെ സിനിമകളെ അവിസ്​മരണീയമാക്കുന്നത് കാണാം. മൗലികമായ നരേറ്റിവാണ് ഓരോ സിനിമയും. പ്രമേയത്തി​ന്റെ പ്രത്യേകതകൊണ്ടും ആവിഷ്കാരമേന്മകൊണ്ടും മിഴിവുറ്റതായിരുന്ന കെ.ജി. ജോർജ് ചലച്ചിത്രങ്ങൾ.

ആർഭാടപൂർവമായ സെറ്റുകളോ എണ്ണമറ്റ താരങ്ങളോ വലിയ വർണ ശബളിമയോ കെ.ജി. ജോർജിന് താൽപര്യമുണ്ടായിരുന്നില്ല. നമ്മുടെ എക്കാലത്തെയും സർഗാത്മക കലാകാരന്മാരിൽ ഒരാളായിരുന്നു കെ.ജി. ജോർജ്. അദ്ദേഹത്തി​ന്റെ ശ്രദ്ധേയമായ ഓരോ സിനിമയും എണ്ണംപറഞ്ഞ ചലച്ചിത്ര ക്ലാസിക്കുകളാണ്. നമുക്കുചുറ്റുമുള്ള ആളുകളെ സൂക്ഷ്മത്തിൽ നിരീക്ഷിച്ചറിയാൻ കെ.ജി. ജോർജിന് അസാധാരണമായ മിടുക്കുണ്ടായിരുന്നു. സാമൂഹികവിമർശനത്തി​ന്റെ അപാരമായ അളവ് അദ്ദേഹത്തി​ന്റെ സിനിമകളിൽ നാം കൂടുതൽ കണ്ടു. സാമൂഹിക രാഷ്ട്രീയ പരിസ്​ഥിതികളുടെ കരുത്തുറ്റ ചിത്രീകരണങ്ങളാണ് ഓരോ സിനിമയും. സമകാലിക സമൂഹത്തി​ന്റെ നേർക്ക് മൂർച്ചയേറിയ വിമർശനശരമായി കെ.ജി. ജോർജ് സിനിമകൾ മാറിയതും അതുകൊണ്ടുതന്നെ.

സ്​ത്രീ-പുരുഷ ബന്ധങ്ങളെ ഇത്ര ആഴത്തിൽ പഠനവിധേയമാക്കിയ ചലച്ചിത്രകാരൻ കെ.ജി. ജോർജിനെപ്പോലെ മറ്റൊരാളില്ല. സ്​ത്രീകളുടെ അതിജീവനത്തി​ന്റെയും പോരാട്ടത്തി​ന്റെയും കഥകളാണ് പലതും. ഓരോ സിനിമ കഴിയുന്തോറും തനിക്കുചുറ്റുമുള്ള ജീവിതങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന സംവിധായകനായിരുന്നു അദ്ദേഹം. തബലിസ്റ്റ് അയ്യപ്പൻ, കള്ളുവർക്കി, ചന്തമറിയം, തങ്കച്ചൻ, ആലീസ്​, വാസന്തി, അമ്മിണി, ബേബി, മാത്തുകുട്ടി, ആനി, റീന, സൂസന്ന, രാഹുലൻ തുടങ്ങി താൻ സിനിമയിലവതരിപ്പിച്ച ഓരോ കഥാപാത്രവും അദ്ദേഹം ജീവിതത്തിൽ കണ്ടുമുട്ടിയിട്ടുള്ള മനുഷ്യരായിരുന്നു. ‘ചങ്ങനാശ്ശേരിയിൽ താമസിച്ചിരുന്നകാലത്ത് ഗീഥ ആർട്സ്​ ക്ലബ് എന്നൊരു നാടകക്കമ്പനിയുണ്ടായിരുന്നു.

അയൽപക്കമായതുകൊണ്ട് അവിടെ റിഹേഴ്സൽ നടക്കുന്നതും നാടകത്തി​ന്റെ എല്ലാ വശങ്ങളും കാണാനും മനസ്സിലാക്കാനും എങ്ങനെ ഒരു നാടകം പൂർണതയിലെത്തുന്നു എന്ന് കണ്ടുപഠിക്കാനുമുള്ള ഭാഗ്യമുണ്ടായിരുന്നു’വെന്ന് കെ.ജി. ജോർജ് പലപ്പോഴും പറഞ്ഞിരുന്നു. മഹത്തായ രചനകൾകൊണ്ട് ഇന്ത്യൻ സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് കെ.ജി. ജോർജ്. ജീവിതത്തി​ന്റെ സമഗ്രഭാവങ്ങളുടെ ആവിഷ്കാരങ്ങളായിരുന്നു ജോർജി​ന്റെ സിനിമകൾ.

സിനിമയെന്ന കലാരൂപത്തെ അത് ആവശ്യപ്പെടുന്ന പൂർണതയിലേക്കെത്തിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. പച്ചയായ മനുഷ്യരുടെ ജീവിതചിത്രീകരണങ്ങളാണ് കെ.ജി. ജോർജ് സിനിമകൾ. സുഖവും ദുഃഖവും പകയും വിദ്വേഷവും നിലനിൽക്കുന്ന സമൂഹത്തെ തികച്ചും വ്യത്യസ്​തതയോടെ ജീവിതയാഥാർഥ്യങ്ങളുടെ സൗന്ദര്യാത്മകമായ ആവിഷ്കാരമാക്കിമാറ്റി അദ്ദേഹം. വിലകുറഞ്ഞ വിനോദങ്ങൾക്ക് പിന്നാലെ പോകാതെ സാമൂഹിക ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും മനുഷ്യ​ന്റെ ആഴമേറിയ പ്രശ്നങ്ങളെ വളരെ സൂക്ഷ്മമായി ഹൃദയഹാരികളായ ചലച്ചിത്രങ്ങളാക്കിയ തന്റേടമുള്ള സംവിധായകനാണദ്ദേഹം.

പരീക്ഷണത്തിനായി സ്വയം നവീകരിച്ച ചലച്ചിത്രകാരനാണ് കെ.ജി. ജോർജ്. പ്രമേയങ്ങളുടെ അമ്പരപ്പിക്കുന്ന വൈവിധ്യവും അവയിലൂടെ അനാവൃതമാകുന്ന ജീവിതമേഖലകളുടെ വൈചിത്യ്രവുംകൊണ്ട് സർഗാത്മകമായ വെല്ലുവിളികൾ ഉയർത്തിയ കലാകാരനാണദ്ദേഹം. വർത്തമാന ജീവിതസന്ധികളുമായി നിരന്തരം കലഹിച്ചുകൊണ്ടിരുന്ന സംവിധായകനായിരുന്നു കെ.ജി. ജോർജ്. മൗലികമായ ആവിഷ്കാരസാധ്യതകൾ കണ്ടെത്തുന്നതും ഇത്തരം കലഹത്തിലൂടെതന്നെ. കേവലമനുഷ്യരുടെ വിഹ്വലതകൾ നിലവിലുള്ള സാമൂഹികവ്യവസ്​ഥിതിയിൽ എങ്ങനെ പരിഹരിക്കപ്പെടുമെന്ന ആശങ്കയും വെച്ചുപുലർത്തിയ കലാകാരനായിരുന്നു അദ്ദേഹം.

കെ.ജി. ജോർജിന് ഓരോ ചിത്രവും ഓരോ പുതിയ സാഹസികതയായിരുന്നു. െഫ്രയിമുകൾ മനസ്സിൽ കണ്ടാൽ പിന്നെ കാമറ എങ്ങോട്ടുനീക്കണമെന്ന് തിരിച്ചറിവുണ്ടായിരുന്ന സംവിധായകനായിരുന്നു അദ്ദേഹം. യാഥാർഥ്യങ്ങളോട് ആവുന്നത്ര സത്യസന്ധത പുലർത്താൻ കെ.ജി. ജോർജ് എപ്പോഴും ശ്രമിച്ചിരുന്നു. ഒട്ടും മുഴച്ചുനിൽക്കുകയോ ‘ക്ലീഷേ’കളിൽ കുരുങ്ങിപ്പോവുകയോ ചെയ്യാത്ത കഥാപാത്രങ്ങളെ കെ.ജി. ജോർജി​ന്റെ സിനിമകളിലാണ് നമ്മൾ കൂടുതലും കണ്ടത്. അതുകൊണ്ടാണ് അദ്ദേഹത്തി​ന്റെ സിനിമകൾ ചരിത്രപരമായ അനുഭവങ്ങളായി മാറുന്നതും. 70കളിലെയും 80കളിലെയും ത​ന്റെ സമകാലികർക്കിടയിൽ ഏറ്റവും ജനസമ്മതി നേടിയ ചലച്ചിത്രകാരൻ കെ.ജി. ജോർജാണെന്ന് അവകാശപ്പെടാൻ കഴിയുകയില്ല.

പക്ഷേ, വ്യത്യസ്​തമായ പ്രമേയങ്ങളിലൂടെ, സാങ്കേതിക മികവിലൂടെ ചലച്ചിത്രത്തി​ന്റെ ‘ക്രാഫ്റ്റ്’ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം പുലർത്തിയ മികവ് അസൂയാവഹമാണ്. അത് പറയാതിരിക്കാൻ നിർവാഹമില്ല. ദൃശ്യവും ശബ്ദവും ഏറ്റവും കലാപരമായി ഏകോപിപ്പിച്ച സംവിധായകനാണ് കെ.ജി. ജോർജ്. ഗ്രാമീണജീവിതത്തി​ന്റെയും ഒപ്പം നാഗരികജീവിതത്തി​ന്റെയും പങ്കപ്പാടുകളും വിഹ്വലതകളും തികഞ്ഞ വൈവിധ്യത്തോടെ ചലച്ചിത്രങ്ങളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാഗരിക ജീവിത പരിസരങ്ങളിൽ വ്യക്തിയും സമൂഹവും തമ്മിലുള്ള മത്സരം കെ.ജി. ജോർജ് സിനിമകളിലൂടെയാണ് തീക്ഷ്ണമായ ആവിഷ്കാരങ്ങളായി മാറിയത്.

വർത്തമാന ജീവിതാവസ്​ഥയോട് ചേർന്നുനിൽക്കുന്ന പലതരം ജീവിത ചിത്രങ്ങൾ കെ.ജി. ജോർജ് സിനിമകളിൽ സുലഭമായി നമുക്കു കാണാം. അത്തരം ജീവിതമുഹൂർത്തങ്ങൾ, വിഷ്വലുകൾ തികഞ്ഞ യാഥാർഥ്യബോധത്തോടെ ആവിഷ്കരിക്കുന്നതിൽ അദ്ദേഹം പുലർത്തിയ നിഷ്കർഷത മറ്റു ചലച്ചിത്രകാരന്മാരുമായി സമാനതകളില്ലാത്തതായിരുന്നു. വ്യക്തികളുടെ ആന്തരിക ജീവിതസംഘർഷങ്ങൾ മുഖ്യ അന്തർധാരയാകുമ്പോഴും വർത്തമാന യാഥാർഥ്യങ്ങളെ മാനുഷികമായ ഉൾക്കാഴ്ചയോടെ കാണുന്നതിലായിരുന്നു കെ.ജി. ജോർജിന് മുഖ്യശ്രദ്ധ.

കാരണം, ആ സിനിമകളിലൊക്കെയും സുവ്യക്തമായി രാഷ്ട്രീയബോധം നമുക്കുകാണാം. ജീവിതാനുഭവങ്ങളുടെ വൈവിധ്യമാർന്ന ലോകമാണ് കെ.ജി. ജോർജെന്ന സാർഥകമായ വ്യക്തിത്വം രൂപപ്പെട്ടത്. അനന്യദൃശ്യമായ സൂക്ഷ്മതയോടെ സവിശേഷമായ ചലച്ചിത്രങ്ങളിലൂടെ പുതിയ അനുഭവങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരന്മാരിൽ മുൻപന്തിയിലായിരുന്നു ജോർജ്. ചടുലമായ ആഖ്യാനത്തിലൂടെയും ആവിഷ്കാരത്തിലൂടെയുമുള്ള നിതാന്തമായ പരിശ്രമവും ഇവിടെ എടുത്തുപറയണം.

സമൂഹത്തി​ന്റെ ഇടത്തട്ടിൽ ജീവിക്കുന്ന തികച്ചും സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളാണ് ജോർജ് സിനിമകളുടെ ഇതിവൃത്തങ്ങൾ. ജീവിതയാഥാർഥ്യങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും മൗലികമായ ഉത്കണ്ഠകളാണ്, സൂക്ഷ്മമായ ദൃശ്യവ്യാഖ്യാനങ്ങളാണ് മിക്ക ചലച്ചിത്രങ്ങളും. സാമൂഹികപ്രശ്നങ്ങളെ നമ്മുടെ ജീവിതാനുഭവങ്ങളുമായി കോർത്തിണക്കി. സിനിമ ജീവിതത്തി​ന്റെ പരിച്ഛേദമായിരിക്കണമെന്ന് നിർബന്ധമുള്ള ചലച്ചിത്രകാരനായിരുന്നു കെ.ജി. ജോർജ്. സിനിമ സംവിധായക​ന്റെ കലയാണെന്ന യാഥാർഥ്യം അടിവരയിട്ട് അദ്ദേഹം തെളിയിച്ചു.

സിനിമയിലൂടെ പണമോ ധാരാളിത്തമോ ആർഭാടജീവിതമോ ആഗ്രഹിച്ച ആളായിരുന്നില്ല അദ്ദേഹം. മറിച്ച്, സിനിമ ജീവിതഗന്ധിയായിരിക്കണമെന്നും യഥാതഥമായിരിക്കണമെന്നും മാത്രമാണ് ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ compromiseകൾക്ക് തയാറാകാത്ത സാഹസിക ചലച്ചിത്രജീവിതമായിരുന്നു കെ.ജി. ജോർജിന്റേത്. സ്​ത്രീ-പുരുഷ ബന്ധങ്ങളിലെ അലോസരങ്ങളും അസ്വസ്​ഥതകളും യാഥാർഥ്യബോധത്തോടെ ജോർജ് ചലച്ചിത്രങ്ങളിൽ തലയുയർത്തിനിൽക്കുന്നത് കാണാം. ചുറ്റുമുള്ള മനുഷ്യരെയാണ് അദ്ദേഹം ത​ന്റെ സിനിമകളിലെ കഥാപാത്രങ്ങളായി തിരഞ്ഞെടുക്കാറുള്ളത്. മനസ്സി​ന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിനിമയെന്ന മാധ്യമത്തി​ന്റെ ആത്മാവിലേക്ക് കടന്നുകയറിയ പ്രതിഭാധനനായിരുന്നു അദ്ദേഹം.

മലയാള സിനിമയുടെ ചലച്ചിത്ര രുചിയിലും സാമൂഹികബോധത്തിലും നവഭാവുകത്വം സമ്മാനിച്ച, കാലഹരണപ്പെട്ട കപടമൂല്യങ്ങൾ ​െവച്ചുപുലർത്തുന്ന മലയാളി സമൂഹത്തിന് ഒരു താക്കീതായിരുന്നു കെ.ജി. ജോർജി​ന്റെ സിനിമകൾ. വ്യത്യസ്​തമായ പ്രമേയങ്ങളും മനുഷ്യമനസ്സിലെ വൈകാരിക വൈരുധ്യങ്ങളുടെ തീവ്രമായ ആവിഷ്കാരവും മാത്രമല്ല, രാഷ്ട്രീയവും സാമൂഹികവുമായ സർഗാത്മകദൗത്യം കൂടിയാണ് അദ്ദേഹത്തി​ന്റെ സിനിമകളിലൂടെ സാക്ഷാത്കാരമായത്.

‘സിനിമ’ കൂടുതൽ സ്വതന്ത്രവും പൂർണവുമായി തീരുന്നതും സിനിമയിൽ ക്രാഫ്റ്റിനുള്ള സ്​ഥാനവും കെ.ജി. ജോർജ് സിനിമകളിലൂടെയാണ് മലയാളികൾ കണ്ട് പഠിച്ച് മനസ്സിലാക്കിയത്. അത്തരം സിനിമകൾക്ക് ചരിത്രത്തി​ന്റെ പിന്തുണയുണ്ടാകുമെന്നും നമ്മളെ ബോധ്യപ്പെടുത്തിയ ഇതിഹാസ ചലച്ചിത്രകാരൻ തന്നെയായിരുന്നു അദ്ദേഹം.

 

ത​ന്റെ ആദ്യസിനിമയായ ‘സ്വപ്നാടന’ത്തിൽ പാട്ടുപാടാൻ അവസരം ചോദിച്ചുവന്ന സൽമയെയാണ് പിന്നീട് കെ.ജി. ജോർജ് വിവാഹം കഴിച്ചത്. നടനും ഗായകനുമായിരുന്ന പാപ്പുകുട്ടി ഭാഗവതരുടെ മകളായിരുന്നു സൽമ. ‘സ്വപ്നാടന’ത്തിൽ പാട്ടുകളൊന്നുമില്ലെന്നു പറഞ്ഞ് തിരിച്ചയച്ച കെ.ജി. ജോർജ് ത​ന്റെ അടുത്ത ചിത്രങ്ങളായ ‘വ്യാമോഹ’ത്തിലും ‘ഓണപ്പുടവ’യിലും അവസരങ്ങൾ നൽകി. പിന്നീട്, ‘ഉൾക്കടലി’ലും. ‘ഉൾക്കടലി’ൽ സൽമ പാടിയ ‘‘ശരദിന്ദു മലർദീപനാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി...’’ എന്ന ഗാനം വലിയ ഹിറ്റായി. ‘ഉൾക്കടലി’​ന്റെ സമയത്തുതന്നെയായിരുന്നു ഇവരുടെ വിവാഹവും.

സംസ്​ഥാന ദേശീയ അവാർഡ് കരസ്​ഥമാക്കിയ സിനിമകളുടെ സംവിധായകനായും ഇന്ത്യയിലെ മികച്ച ഫിലിം മേക്കർമാരിലൊരാളായും അറിയപ്പെട്ടിട്ടും സംസ്​ഥാനതലത്തിലോ ദേശീയതലത്തിലോ മികച്ച സംവിധായകനുള്ള പുരസ്​കാരം കെ.ജി. ജോർജിന് ഒരു തവണപോലും ലഭിച്ചില്ല എന്നത് കൗതുകകരമാണ്. 2016ൽ ജെ.സി. ഡാനിയേൽ പുരസ്​കാരം നൽകി സംസ്​ഥാനം ആദരിച്ചിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ അധ്യക്ഷനായും മാക്ടയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പലതവണ സംസ്​ഥാന–ദേശീയ ചലച്ചിത്ര അവാർഡ് ജൂറികളിലും അംഗമായി. വാർധക്യസഹജമായ അസുഖങ്ങളും പിന്നീട് പക്ഷാഘാതവും വന്ന് ചികിത്സയിലായിരുന്ന കെ.ജി. ജോർജി​ന്റെ മരണം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT
access_time 2024-12-02 01:45 GMT