കർക്കടകം

ഇളവയസ്സർക്കും ഇടവയസ്സർക്കും ‘വയസ്സരോ’ടുള്ള ബന്ധത്തിന്റെ മുഖമുദ്രതന്നെ സന്ദിഗ്ധതയാണ്: നരയെടുത്ത തലയിൽനിന്ന് നവമെന്ത് കിട്ടാൻ? ആരോഗ്യവും ബുദ്ധിയും ഇടറുന്ന പ്രായം. രുചിസംവേദനങ്ങൾ പഴകി. വിഭവങ്ങൾ കമ്മി, ഉള്ളിലും പക്കലും. വരായ്ക വല്ലതും ഉണ്ടെങ്കിൽ സന്തതികളുടെ മുറുമുറുപ്പ് ലേശം കുറഞ്ഞിരിക്കും, ഇല്ലെന്നാകിൽ പറയാനില്ല കഥ പിന്നെ.അസ്തിത്വവാദത്തിന്റെ ആചാര്യന് സ്വന്തം അസ്തിത്വത്തിന്റെ കർക്കടകമെങ്ങനെ? സാർത്രിന്റെ ഒടുതാൾ വായിച്ചുതന്നില്ല, പ്രിയതമ ബുവാ പോലും. കാരണം അതത്ര സുഖമുള്ള ഒന്നായിരുന്നില്ല. എഡ്വേഡ് സെയ്ദിൽനിന്നാണ് ചെറുസൂചനയെങ്കിലും വന്നത്. പാരിസിലെ കൂടിക്കാഴ്ചയെപ്പറ്റി അതിഥി...

ഇളവയസ്സർക്കും ഇടവയസ്സർക്കും ‘വയസ്സരോ’ടുള്ള ബന്ധത്തിന്റെ മുഖമുദ്രതന്നെ സന്ദിഗ്ധതയാണ്: നരയെടുത്ത തലയിൽനിന്ന് നവമെന്ത് കിട്ടാൻ? ആരോഗ്യവും ബുദ്ധിയും ഇടറുന്ന പ്രായം. രുചിസംവേദനങ്ങൾ പഴകി. വിഭവങ്ങൾ കമ്മി, ഉള്ളിലും പക്കലും. വരായ്ക വല്ലതും ഉണ്ടെങ്കിൽ സന്തതികളുടെ മുറുമുറുപ്പ് ലേശം കുറഞ്ഞിരിക്കും, ഇല്ലെന്നാകിൽ പറയാനില്ല കഥ പിന്നെ.

അസ്തിത്വവാദത്തിന്റെ ആചാര്യന് സ്വന്തം അസ്തിത്വത്തിന്റെ കർക്കടകമെങ്ങനെ?

സാർത്രിന്റെ ഒടുതാൾ വായിച്ചുതന്നില്ല, പ്രിയതമ ബുവാ പോലും. കാരണം അതത്ര സുഖമുള്ള ഒന്നായിരുന്നില്ല. എഡ്വേഡ് സെയ്ദിൽനിന്നാണ് ചെറുസൂചനയെങ്കിലും വന്നത്. പാരിസിലെ കൂടിക്കാഴ്ചയെപ്പറ്റി അതിഥി കുറിച്ചു: ‘‘സാർത്രിന്റെ സാന്നിധ്യം അവലക്ഷണം തികഞ്ഞ് നിഷ്ക്രിയവും നിർഗുണവുമായിരുന്നു. മണിക്കൂറുകളോളം ഒന്നുമേ മിണ്ടിയില്ല. ഉച്ചയൂണിന് മുന്നിലിരിക്കെ മൂകനും പാടേ മൗനിയും. മുട്ടയും മയോണൈസും ആ മുഖത്തൂടെ ഒലിച്ചിറങ്ങുന്നു. സംഭാഷണത്തിൽ ഏർപ്പെടാൻ ഞാൻ ശ്രമിച്ചു, വഴങ്ങിയില്ല. ബധിരനായിത്തീർന്നിരുന്നോ, അറിയില്ല, എന്തായാലും, പ്രശസ്തമായ ആ വെടിപ്പില്ലായ്മ, പുകയില ൈപപ്പ്, വിലക്ഷണമായ ഉടയാട... എല്ലാം ഒഴിഞ്ഞ വേദികയിൽ തൊങ്ങുന്ന പല എടുപ്പുകൾപോലെ.’’

അറപ്പും വെറുപ്പും ഇങ്ങനെ ഉൗറിയതെന്തേ –അതും സെയ്ദിനെപ്പോലെ ഒരാളിൽനിന്ന്? ഉജ്ജ്വല ധിഷണയും ചടുലജീവിതവുമുള്ള വലിയ മനുഷ്യനുപോലും കിഴവ് കരുതിവെച്ചതെന്തെന്ന് കണ്ടതിന്റെ നടുക്കമാവാം, ഒരുപക്ഷേ. അതിന്റെ അറംപറ്റിയ വ്യാഖ്യാനമാവുമോ സാക്ഷാൽ ബുവാ മറ്റൊരു വേള കുറിച്ചത്: ‘‘വാർധക്യം മനുഷ്യരുടെ ഉള്ളിൽ സഹജവാസനയാൽ വെറുപ്പുണർത്തുന്നു, ജൈവമായൊരു ജുഗുപ്സ.’’

സെയ്ദിലേത് സാമാന്യ മനുഷ്യരുടെ സഹജവാസന, അത്ഭുതമില്ല. ആരും എത്തിപ്പെടാൻ ഇടയുള്ളതും എത്താൻ ഇഷ്ടപ്പെടാത്തതുമായ ജീവിതഖണ്ഡമാണ് വാർധക്യം. അേങ്ങാട്ടെത്തുമെന്ന തോന്നൽ​േപാലും ഉള്ളുലക്കും. ഗത്യന്തരമില്ലാണ്ട്​ അത് നീട്ടിവെക്കാൻ കിണയും. നര കറുപ്പിച്ചും ജര ഒളിപ്പിച്ചും മുഖം മിനുക്കിയും ചർമമുയർത്തിയുമൊക്കെ. ആഹാരനീഹാര പരീക്ഷണങ്ങളും വൈദ്യസൂത്രങ്ങളും വഴി വേറെയും. ആന്റി എയ്​ജിങ് കിടുപിടികളുടെ ക​േമ്പാളം കൊച്ചു കേരളത്തിലും എത്ര സമ്പുഷ്ടമെന്ന് ഒാർക്കയേ വേണ്ടൂ, അനിവാര്യമായൊരു ജീവിതദശ അവധിക്കുവെക്കാനുള്ള തത്രപ്പാടറിയാൻ.

സ്വന്തം കിഴവിൽനിന്ന് പലായനം ചെയ്യുന്നോർ ആ ദശയെത്തിയോരിൽനിന്ന് അകന്നുനിൽക്കാനായും മനസ്സാ. ‘അവർ’ അങ്ങനെ ‘അപര’രാകുന്നു. സമൂഹത്തിന്റെ പ്രകീർത്തിക്കപ്പെടുന്ന ആ സാധാരണനിലയുണ്ടല്ലോ –അതിൽനിന്ന് ബഹിഷ്കൃതരാണവർ. അന്യവംശം കണക്കെ. ഉപയോഗം കഴിഞ്ഞോരെന്ന അദൃശ്യമുദ്ര നെറുകയിൽ. എല്ലാരുമുണ്ടായിരിക്കെയും ഏകാകിതയുടെ ഹൃദയവാഴ്വ്. വിരാമം പടിക്കലെത്തിയെന്ന ബോധമിടിപ്പ്. ഉയരാറില്ല, അവരുടെ നാവ്. വല്ലപ്പോഴും ഒന്നുയരുക നിഷ്ഠുരതകളേറ്റു സഹികെടുമ്പോൾ, അല്ലെങ്കിൽ ആരാനുമറിഞ്ഞ് പുറത്തറിയിക്കുമ്പോൾ. അമ്മയെ നടതള്ളിയ മകൾ, അച്ഛനെ പുറംതള്ളിയ മകൻ, ശരണാലയത്തിലേക്ക് ഭരമൊഴിച്ച് കൈകഴുകിയവർ... വന്നുപെടുന്നതോടെല്ലാം പൊരുത്തം വരിച്ച് കാലം കഴിക്കുന്നു, വൃദ്ധർ. നിശ്ശബ്ദമായ ഈ അന്യവത്കരണത്തിൽ ലീനമായി പതിയിരിപ്പുണ്ട്, നേര്: ഇന്നത്തെ അവൃദ്ധരുടെ ഭാവിരൂപമാണ് ഇന്നത്തെ വൃദ്ധർ.

ഇളമയിലേ പാകുന്നുണ്ടുള്ളിൽ കിഴമയ്ക്കുള്ള അപരത്വത്തിന്റെ ബീജങ്ങൾ– പല വാർപ്പു മാതൃകകൾ. ഒന്ന്, മുത്തശ്ശിയും മുത്തശ്ശിക്കഥകളും. അച്ഛനമ്മമാരുടെ ജനയിതാക്കൾ ഉമ്മറത്തോ ഉറക്കറയിലോ പേരക്കുട്ടിക്ക് കഥയോതാനുള്ള ഉരുപ്പടിയാണെന്ന സംസ്കാരത്തഴമ്പ്. മറ്റൊന്ന്, ‘‘വയസ്സായാൽ ഒരു ഭാഗത്തിരുന്ന് നാമംചൊല്ലി കാലം പോക്കണം.’’ ദൈവത്തെയോർത്ത് കഴിയാനുള്ള നേരമേ മിച്ചമുള്ളൂന്ന്. ഇനിയൊന്ന്: ‘‘മൂപ്പിന്നു കാഞ്ഞ മോനാ’’ തുടങ്ങി വക്രബുദ്ധിയുടെ ഡാഗിനിയമ്മൂമ്മ വരെയുണ്ട് കല്ലേച്ചിത്രങ്ങൾ. ഇക്കൂട്ടത്തിലേക്ക് ടി.വി സീരിയലുവക പുതിയൊരിനവും: സർവംസഹരായി പ്രത്യേകിച്ചൊന്നും ചെയ്യാനാവതില്ലാത്ത പാവം മുത്തശ്ശിയും മുത്തച്ഛനും. ഈ പാവകൽപനയിലൂടെ അവരുടെ ‘കൊള്ളരുതായ്മ’ ബാലമനസ്സുകളിൽ അടയാളമിടുന്നു. വൃദ്ധരെ ഒളിച്ചുകേൾക്കുന്ന മക്കൾ, കുത്തിപ്പറയുന്ന ബന്ധുക്കൾ, പൊത്തിച്ചിരിക്കുന്ന അയൽപക്കർ... അതുകൂടിയാവുമ്പോൾ വാർധക്യത്തിന്റെ സാമൂഹിക മുദ്രണത്തിൽ ഭാവിപൗരാവലിയുടെ ശീലനം പൂർത്തി.

ഇളവയസ്സർക്കും ഇടവയസ്സർക്കും ‘വയസ്സരോ’ടുള്ള ബന്ധത്തിന്റെ മുഖമുദ്രതന്നെ സന്ദിഗ്ധതയാണ്: നരയെടുത്ത തലയിൽനിന്ന് നവമെന്ത് കിട്ടാൻ? ആരോഗ്യവും ബുദ്ധിയും ഇടറുന്ന പ്രായം. രുചിസംവേദനങ്ങൾ പഴകി. വിഭവങ്ങൾ കമ്മി, ഉള്ളിലും പക്കലും. വരായ്ക വല്ലതും ഉണ്ടെങ്കിൽ സന്തതികളുടെ മുറുമുറുപ്പ് ലേശം കുറഞ്ഞിരിക്കും, ഇല്ലെന്നാകിൽ പറയാനില്ല കഥ പിന്നെ. പരബോധ്യത്തിനായുള്ള ബാധ്യത നിറവേറ്റലാണ് മിക്കവാറും. ആ പർദകൂടി ഊർന്നുപോകും പ്രാരബ്ധമേറിയാൽ. പിൻഗണനാക്രമത്തിലാണ് കിഴവർ കുടുംബത്ത് മുമ്പർ.

ജരാനരയും കാഴ്ച-കേൾവിക്കുറവും പോലുള്ള ദേഹമുദ്രകൾ മാത്രമല്ല അപരത്വത്തിന് വഴിയൊരുക്കുക. ഈ അടയാളങ്ങളെ ആളിന്റെ ആന്തരപ്രത്യക്ഷങ്ങളായി ഗണിക്കുന്നിടത്താണ് മർമം. മനശ്ശേഷി നഷ്ടമാകാതിരിക്കെയും മനസ്സ് മങ്ങിയവരായി എളുപ്പത്തിലങ്ങ് കരുതുകയാണ്. അതുകൊണ്ടുതന്നെ, അവർക്കിനി ആവശ്യങ്ങളും ആഗ്രഹങ്ങളും കുറവെന്ന്​, കുറവ് മതിയെന്നും. പ്രായം ചെന്നോർക്ക് വിധിച്ചിട്ടുള്ള വേഷങ്ങളുണ്ട്, ജൗളിനിറങ്ങൾ പോലുമുണ്ട്. അവർക്കിടയിൽ രതിവിചാരം പാടേ നിഷിദ്ധം. എങ്ങാനും വന്നുപോയാലോ? മഹാപരാധം, സമൂഹ ‘മനസ്സാക്ഷി’ക്ക് ഞെട്ടൽ, ധാർമിക വിസ്ഫോടനം. ചുരുക്കിയാൽ വൃദ്ധരെ എണ്ണുന്നത് സാധാരണ മനുഷ്യരായല്ല, സാധാരണ മനുഷ്യാവലിക്ക് അന്യരായി.

ഈ അന്യത കിഴമനസ്സിൽ കിളുപ്പിക്കുന്ന ഒരധപ്പതന ബോധമുണ്ട്. ദേഹക്ഷയംപോലെ സ്വാഭാവികമായ ഒന്നല്ല ഈ മനക്ഷയം. ഒഴിവാക്കാവുന്ന ഒന്നാണ്, ഭാവിവൃദ്ധർ മനസ്സുവെച്ചാൽ. അതുതന്നെയാണ് പ്രശ്നവും –കണ്ണേകേണ്ടവർക്ക് തോന്നേണ്ടേ സ്വന്തം ഭാവിയാണ് കൺമുന്നിലെന്ന്?

നിശ്ശബ്ദമായ അന്യവത്കരണത്തിൽനിന്ന് പല സമൂഹങ്ങളും ‘പൊളിറ്റിക്കലി കറക്ടാ’വാനുള്ള ശ്രമത്തിലാണിന്ന്. സംവാദ പ്രവാഹമാണ് വൃദ്ധപ്രമേയത്തിന്മേൽ. ‘സീനിയർ സിറ്റിസൺ’ തന്നെ പുതിയ രാഷ്ട്രീയശരിമക്കുള്ള ഭംഗിവിളി. ഈ പുതുവ്യവഹാരത്തിലെ വൃദ്ധക്ഷേമത്തിന്റെ ഋഷഭസ്വരമൊന്ന് കേട്ടുനോക്കൂ– പുറമെ നിന്നുള്ള കിഴമക്കാഴ്ചയുടെ രി... രി... രി. ഇപ്പോഴും കിഴവർ ‘അവരും’ ശിഷ്ടം ‘നമ്മളും’ തന്നെ. ‘അവർ’ പ്രശ്നമാണ്, അങ്ങനെയാണ് അവതരണം. എന്താണാ പ്രശ്നത്തിന്മേൽ ചെയ്യേണ്ടത്, അതാണ് ചർച്ചാരിക. അലോസരമായ നിശ്ശബ്ദതക്ക് പകരം രാഷ്ട്രീയ ശരിമയുടെ ശബ്ദസുഖം.

വൃദ്ധതയെക്കുറിച്ച മുഖ്യധാരാ മനോഭാവം പല സമീപനമുഖങ്ങൾ തുറക്കും. ലാഭകേന്ദ്രിതമാണ് മുതലാളിത്ത സമൂഹങ്ങൾ. സാമ്പത്തികാടിസ്ഥാനത്തിലാണ് അവിടെ മനുഷ്യവില. മുഖ്യമാനദണ്ഡം ആളിന്റെ ഉപയോഗം. വൃദ്ധർ പക്ഷേ, ഏകകമല്ല, പ്രത്യേക ജനവിഭാഗവുമല്ല. നാനാതുറക്കാരും തരക്കാരുമാണ്. വ്യത്യസ്ത സാമൂഹിക-സാമ്പത്തികാവസ്ഥകൾ ആ ജീവിതങ്ങൾക്ക് ഇഴയിടുന്നു. സമ്പദ്നില മാത്രമല്ല സാമൂഹിക സമ്മതിയും മതിപ്പും അവിടെ പ്രധാനം. നമ്മുടേതുപോലെ പാതി ഫ്യൂഡൽ, മുതലാളിത്തോന്മുഖ സമൂഹങ്ങളിലെ വിചിത്രനില നോക്കുക: ‘സീനിയർ സിറ്റിസണ്’ ആദരവും കരുതലും ഭാവിക്കും– ഫ്യൂഡൽ നല്ലപിള്ളയുടെ സാംസ്കാരിക ചുമട്. സ്വന്തം പുരയിൽ മിക്കവാറും വിരുദ്ധ പ്രകടനം– അണുകുടുംബകത്തെ ആധുനികതയുടെ വീർപ്പുമുട്ട്​.

മുതലാളിത്ത സാംസ്കാരികതയുടെ കുരുക്കുവള്ളിയാണ് ഇനിയൊന്ന്– വാർധക്യം പ്രായോഗികമായി ഉപയോഗപ്രദമല്ലെന്ന ധാരണ സൂക്ഷിക്കെത്തന്നെ അതിനുള്ളിൽ ചില സംവരണങ്ങൾ. ഉദാഹരണത്തിന്, രാഷ്ട്രീയത്തിലെയും വ്യവസായത്തിലെയും മറ്റും വൃദ്ധനേതാക്കൾക്ക് കൽപിക്കുന്ന പ്രയോജനമൂല്യം –ശരദ് പവാർ തൊട്ട് നരേന്ദ്ര മോദി വരെയുള്ള വൃദ്ധർ സാക്ഷി. പിണറായി വിജയന്റെ കിഴവില്ല എം. സ്വരാജിന്.​ പക്ഷേ, കൽപിതവില കൂടുതലാർക്ക്? മമ്മൂട്ടിയുടെ കിഴവില്ല ആസിഫലിക്ക്, പക്ഷേ ഡിമാൻഡാർക്ക്? സംവരണത്തിലും ഉപയോഗസൂചിക കണിശാൽ കണിശം.

അപ്പോൾ, കർക്കടകമണഞ്ഞ സഹജീവികളോട് എങ്ങനെയാകണം സമൂഹം?

ഇല്ലില്ല, ഒറ്റമൂലിയും കുറുക്കുവഴിയും. കാരണം, കിഴവ് ഏകവചനമല്ല. ആവശ്യങ്ങളും ആഗ്രഹങ്ങളും ഒന്നോടൊന്ന് വ്യത്യസ്തം, വ്യതിരിക്തം. പ്രായമേറുന്തോറും അവക്കും വരും വ്യതിയാനങ്ങൾ. ഒരേ വ്യക്തിയുടെ വാർധക്യത്തിനുതന്നെ ദശകൾ പലതുണ്ട്– തൻകാലിൽ നിൽക്കുന്ന പ്രാരംഭങ്ങളിൽനിന്ന് ആശ്രയം വേണ്ടുന്ന അനന്തരങ്ങളിലേക്ക്. ബലക്ഷയങ്ങളുടെ ഒടുഖണ്ഡം ഇനിയൊന്ന് വേറെ. എങ്കിലുമാവാം, സമീപനത്തിന് ചില പൊതു മാനദണ്ഡങ്ങൾ. ഒന്ന്, ഭൗതികാവശ്യങ്ങൾ. കേവല വരുമാനത്തിനപ്പുറം പൊതുവിഭവങ്ങളും സൗകര്യങ്ങളും വൃദ്ധർക്കും ലഭ്യമാകണം– സംവരണമായല്ല, സ്വാഭാവികമെന്നോണം. രണ്ട്, ഉറ്റവർക്കിടയിലും സമൂഹത്തിലും വിലയുള്ളോരെന്ന സമ്മതി. രണ്ടിനും വേണ്ടത് ഒരൊറ്റ മനോഭാവം: വൃദ്ധരിൽ തന്നെത്തന്നെ കാണുന്ന മനസ്സ്, മറ്റുള്ളോർക്ക്.

പറഞ്ഞപ്പോൾ എന്തെളുപ്പം. പ്രയോഗമെത്ര ദുഷ്‍കരം. അത്രക്ക് ആഴമുണ്ട് നമ്മുടെ കിഴവുപേടിക്ക്. അത്രക്ക് വ്യാപ്തിയുണ്ട് കിഴവിന്റെ അന്യവത്കരണത്തിന്. എങ്കിലും, വാർധക്യം അതിന് മുമ്പത്തെ ജീവിതശൽക്കങ്ങളുടെ വാലറ്റ പാരഡിയായി വഴുതാതിരിക്കാൻ ചെറുവഴികളില്ലാതില്ല. പുലർച്ചക്ക് അർഥം പകരുന്ന പ്രവൃത്തികളിൽ ഏർപ്പെടാൻ വിടുക, വൃദ്ധരെ. സ്വജീവിതത്തിനൊപ്പം ഇതരജീവിതങ്ങൾക്കും മൂല്യം കൽപിക്കുമ്പോഴേ അതിന് മനസ്സുവരൂ. വൃദ്ധരുടെ വരായ്ക കൂട്ടാനല്ലിത്, അവരും സമൂഹത്തിൽ ക്രിയാത്മക പങ്കുവഹിക്കുന്നെന്ന ബോധം സൃഷ്ടിക്കാൻ, അവരിലും മറ്റുള്ളവരിലും.

നേരാണ്, കിഴവേറുന്തോറും പ്രവൃത്തികളിൽ ശക്തിചൈതന്യങ്ങൾ മങ്ങിവരാം. അതിപ്പോ, അവൃദ്ധരുടെ പ്രവൃത്തികളിലുമുണ്ടല്ലോ ഇൗ മങ്ങലും ചുങ്ങലും. പക്ഷേ, ചലനംതന്നെ ദുസ്സഹവും വിനിമയം അസാധ്യമാകുന്ന ഒടുദശയിലോ? ഉത്തരം വിലങ്ങും ആർക്കും. ആ ശ്ലഥബിന്ദുവിൽ ലോകത്തുനിന്ന് വേർപെട്ട നിലയിലാവും മനുഷ്യൻ. അന്യർക്ക് പ്രവേശനമില്ലാത്തിടത്ത്. അവിടെയും മൂല്യമില്ലാതാവുന്നില്ല മനുഷ്യന്. മറവിരോഗത്തിൽ ആഴ്ന്നുപോയ വൃദ്ധരുടെ മനോചലനങ്ങളെപ്പറ്റി ഉറ്റവരെഴുതിയ അനുഭവക്കുറികളിലുണ്ട്, അ​വരെങ്ങനെ ആ ‘പുതിയ’ലോകത്തെ കണ്ടെന്ന്. ആ കാഴ്ച ഒപ്പമുള്ളോർക്കെങ്ങനെ പുതിയ കണ്ടെത്തലാകുന്നെന്ന്. അങ്ങനെ, മനുഷ്യന്റെ ജീവിതക്കാഴ്ച എങ്ങനെ വിപുലപ്പെടുന്നെന്ന്.

എഡ്വേഡ് സെയ്ദ്

 നിശ്ശബ്ദതയുടെ ഒടിവിദ്യയും ‘അപര’പ്രേമത്തിന്റെ നാട്യവിദ്യയും കളഞ്ഞ്, നേരിനെ നേരിടുകയാണ് സരളമാർഗം. കാരണം, വൃദ്ധർ അവരല്ല, നാം തന്നെയാണ്. കർക്കടകം മറ്റേതോ കലണ്ടറിലല്ല, നമ്മുടെ സ്വന്തം തുലാവൃശ്ചികങ്ങൾ വന്നുപോകുന്ന അതേ കൊല്ലവർഷത്താളിൽ.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT