അവസാന ചിരി ആരുടേത്?

ജമ്മു-കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽനിന്ന്​ ഇൻഡ്യ മുന്നണിക്കും ബി.ജെ.പിക്കും പഠിക്കാൻ പാഠങ്ങൾ ഏറെയുണ്ട്​. എന്തുകൊണ്ട്​ ഇൗ വിജയപരാജയങ്ങൾ? എന്താണ്​ ജനം ഇച്ഛിക്കുന്നത്​? എന്താവും അന്തിമഫലം?ഒരു തെരഞ്ഞെടുപ്പിൽ ജനം ഏറ്റെടുക്കുന്ന അജണ്ട ആര് നിശ്ചയിക്കുന്നുവോ അവസാന ചിരി അവരുടേതായിരിക്കുമെന്ന് ലോക്സഭക്ക് പിന്നാലെ ജമ്മു-കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളും തെളിയിച്ചു. ബി.ജെ.പി ഹരിയാനയിൽ സൃഷ്ടിച്ച അട്ടിമറിയും ജമ്മുവിലുണ്ടാക്കിയ നേട്ടവും നാഷനൽ കോൺഫറൻസ് കശ്മീരിൽ നടത്തിയ മുന്നേറ്റവും നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ട് പാർട്ടികളും നിശ്ചയിച്ച അജണ്ടകളുടെ ഫലമാണ്....

ജമ്മു-കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽനിന്ന്​ ഇൻഡ്യ മുന്നണിക്കും ബി.ജെ.പിക്കും പഠിക്കാൻ പാഠങ്ങൾ ഏറെയുണ്ട്​. എന്തുകൊണ്ട്​ ഇൗ വിജയപരാജയങ്ങൾ? എന്താണ്​ ജനം ഇച്ഛിക്കുന്നത്​? എന്താവും അന്തിമഫലം?

ഒരു തെരഞ്ഞെടുപ്പിൽ ജനം ഏറ്റെടുക്കുന്ന അജണ്ട ആര് നിശ്ചയിക്കുന്നുവോ അവസാന ചിരി അവരുടേതായിരിക്കുമെന്ന് ലോക്സഭക്ക് പിന്നാലെ ജമ്മു-കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളും തെളിയിച്ചു. ബി.ജെ.പി ഹരിയാനയിൽ സൃഷ്ടിച്ച അട്ടിമറിയും ജമ്മുവിലുണ്ടാക്കിയ നേട്ടവും നാഷനൽ കോൺഫറൻസ് കശ്മീരിൽ നടത്തിയ മുന്നേറ്റവും നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ട് പാർട്ടികളും നിശ്ചയിച്ച അജണ്ടകളുടെ ഫലമാണ്. തെരഞ്ഞെടുപ്പിന്റെ അജണ്ട നിർണയിക്കുന്നതിൽ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷി എതിർപക്ഷത്തുള്ള ബി.ജെ.പിയോട് മാത്രമല്ല, സ്വന്തം പക്ഷത്തുള്ള നാഷനൽ കോൺഫറൻസിനോടുപോലും തോറ്റുപോയി എന്നാണ് ഈ രണ്ട് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്.

കോൺഗ്രസ് നേതാക്കളുടെ അതിരു കടന്ന ആത്മവിശ്വാസവും താൻപോരിമയുമെല്ലാം പരാജയ കാരണമായി വിലയിരുത്താമെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനം സ്വീകരിക്കുന്നൊരു നരേറ്റിവ് ഒരുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കോൺഗ്രസ് ശക്തമായൊരു കാമ്പയിൻപോലും നടത്താതിരുന്ന താഴ്വരയിൽ കശ്മീരികളുടെ വികാരം പ്രതിഫലിപ്പിച്ച് 370 തെരഞ്ഞെടുപ്പ് അജണ്ടയായി നിർണയിച്ചത് നാഷനൽ കോൺഫറൻസായിരുന്നു. മഹാരാഷ്ട്രയും ഝാർഖണ്ഡും നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കുമ്പോൾ ഇൻഡ്യ സഖ്യത്തെ നയിക്കുന്ന രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടി എന്ന നിലക്ക് കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളിയും അതാണ്.

ജമ്മുവും കശ്മീരും ഏറ്റെടുത്ത ‘370’

സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ജമ്മു-കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ നിർബന്ധിതമായ കേന്ദ്ര സർക്കാർ കേന്ദ്ര തെര​െഞ്ഞടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതു തൊട്ട് സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു നരേറ്റിവ് ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചാലും തോറ്റാലും ജമ്മു-കശ്മീരിൽ ആത്യന്തിക ജയം ബി.ജെ.പിക്കാണ് എന്നതായിരുന്നത്. ജമ്മു-കശ്മീരിനെ ഇന്ത്യയുമായി ചേർത്തു നിർത്തിയ ഇന്ത്യൻ ഭരണഘടനയുടെ 370ാം അനുച്ഛേദം ഇന്ത്യൻ ഭരണഘടനയിൽനിന്ന് എടുത്തുകളഞ്ഞ ബി.ജെ.പി അജണ്ട നിയമസഭാ തെരഞ്ഞെടുപ്പിലെ അവരുടെ പങ്കാളിത്തത്തോടെ കശ്മീർ ജനത അംഗീകരിച്ചു കഴിഞ്ഞുവെന്നതായിരുന്നു ആ നരേറ്റിവിനടിസ്ഥാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങി മഹ്ബൂബ സർക്കാറിൽ ഉപമുഖ്യമന്ത്രിയായിരുന്ന ജമ്മു-കശ്മീർ ബി.ജെ.പി പ്രസിഡന്റ് നിർമൽ സിങ് വരെയുള്ളവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതു തൊട്ട് സൃഷ്ടിച്ചെടുത്തതാണ് ഈ കഥാകഥനം.

മൂന്നു ഘട്ടത്തിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം വോട്ടുയന്ത്രങ്ങളിലായ ശേഷവും ബി.ജെ.പി ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ജമ്മു-കശ്മീരിലെ വിഘടനവാദികളായ നേതാക്കൾപോലും തെരഞ്ഞെടുപ്പിൽ പങ്കാളികളായതും കേന്ദ്ര സർക്കാർ നിരോധിച്ച ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‍ലാമി സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയതുമെല്ലാം ഇതിന്റെ നിദർശനമായി ബി.ജെ.പി ഉയർത്തിക്കാട്ടി.

രണ്ടാം ഘട്ട വോട്ടെടുപ്പ് വേളയിൽ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളെ കശ്മീരിലേക്ക് കൊണ്ടുവന്ന് 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി ശരിയാണെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമവും കേന്ദ്ര സർക്കാർ നടത്തി. ആത്യന്തികമായി ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനായത് തങ്ങളുടെ ജയമായി ബി.ജെ.പി പ്രചരിപ്പിച്ചു. അവസാന ഘട്ട വോട്ടെടുപ്പിനു മുമ്പ് ജമ്മു -കശ്മീരിലെത്തിയപ്പോൾ ബി.ജെ.പിയുടെ ഈ പ്രചാരണം തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരിൽ പോലും എന്തുമാത്രം ഏശിയെന്ന് കാണാനായി.

എന്നാൽ, താഴ്വരയിൽ സംസാരിച്ച കശ്മീരികളിൽ ഒരാൾ പോലും ഈ വാദഗതി അംഗീകരിച്ചിരുന്നില്ല എന്നതാണ് വാസ്തവം. പോളിങ് 30 ശതമാനത്തോളം താഴ്ന്ന തണുപ്പൻ പ്രതികരണമുണ്ടായ ശ്രീനഗറിലും നൂറുകണക്കിന് സ്ത്രീകൾ മിഠായികൾ വർഷിച്ച് സ്ഥാനാർഥിയെ വരവേറ്റത് കണ്ട ബാരാമുല്ലയിലും നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ യാത്ര കണ്ട സോപോറിലും കശ്മീരികൾക്കെല്ലാം ഒരേ സ്വരം. താഴ്വരയുടെ മനസ്സിനെ ഇന്ത്യയുമായി ചേർത്തുനിർത്തിയിരുന്ന പൊക്കിൾക്കൊടിയായി തങ്ങൾ കണ്ടിരുന്ന ഇന്ത്യൻ ഭരണഘടനയുടെ 370ാം അനു​ച്ഛേദം മുറിച്ചുമാറ്റിയ ബി.ജെ.പിയോടുള്ള പ്രതിഷേധം അടയാളപ്പെടുത്താനുള്ള ഒരു സന്ദർഭമായിരുന്നു അവർക്ക് ഈ തെരഞ്ഞെടുപ്പ്.

 

നരേന്ദ്ര മോദി

അതായിരുന്നു ശരിയെന്ന് താഴ്വരയിലെ തെരഞ്ഞെടുപ്പ് ഫലവും തെളിയിച്ചു. 370 തിരിച്ചു കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത നാഷനൽ കോൺഫറൻസ് താഴ്വര തൂത്തുവാരി. അതെടുത്തുകളഞ്ഞ ബി.ജെ.പിയെ മാത്രമല്ല, അവർക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയ പി.ഡി.പിയെയും താഴ്വരയിലെ ജനങ്ങൾ ശിക്ഷിച്ചു. 2014ൽ ബി.ജെ.പി സഖ്യത്തിൽ അധികാരത്തിലേറിയ പി.ഡി.പി കേവലം മൂന്ന് സീറ്റിലേക്ക് കൂപ്പുകുത്തി. ജയിച്ച ഏക സി.പി.എം സ്ഥാനാർഥി അടക്കം നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം ജമ്മു-കശ്മീരിൽ നേടിയ 49 സീറ്റുകളിൽ 41ഉം താഴ്വരയിൽനിന്നായിരുന്നു.

സഖ്യത്തിൽ നാഷനൽ കോൺഫറൻസിന്റെ തോളിലേറി നേടിയ കേവലം ആറ് സീറ്റുകൾ കൊണ്ട് കോൺഗ്രസിന് തൃപ്തിപ്പെടേണ്ടി വന്നു. ശ്രീനഗറിൽ പോളിങ് കുറഞ്ഞതിന്റെ കാരണമായി വോട്ടുചെയ്യാത്തവർ ചൂണ്ടിക്കാണിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളിലുള്ള വിശ്വാസക്കുറവിലേക്കാണ്. ഇങ്ങനെ വോട്ടുചെയ്യാത്തവരിൽ വലിയൊരു വിഭാഗം സർക്കാർ ജീവനക്കാരാണ്. അവരും പങ്കുവെക്കുന്നത് ഇതേ വിശ്വാസക്കുറവാണ്.

എന്നാൽ, ഇതിന് നേർവിപരീതമായിരുന്നു ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിലെ വിധിയെഴുത്ത്. 370 എടുത്തുകളഞ്ഞ കാരണത്താൽ താഴ്വര തിരസ്കരിച്ച ബി.ജെ.പിയെ അതേ കാരണത്താൽ ജമ്മു സ്വീകരിച്ചു. 370 റദ്ദാക്കി മണ്ഡല പുനർനിർണയം നടത്തിയതോടെ താഴ്വരയിലുള്ളവർക്ക് സംസ്ഥാനത്തുണ്ടായിരുന്ന അപ്രമാദിത്തം ഇല്ലാതായെന്ന ബി.ജെ.പി വാദം അവർ വിശ്വസിച്ചു.

പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ നേരത്തേ കൊടുത്തതിലും ഇരട്ടി വിലക്ക് ഇന്ധനം വാങ്ങുന്നതിന്റെ വേദനയെല്ലാം ഈ ആശ്വാസത്തിൽ അവർ മറന്നു. അതോടെ, അവിടെ പ്രതീക്ഷിച്ചതത്രയും നേടിയ ബി.ജെ.പി നിയമസഭയിൽ 29 സീറ്റുകൾ സ്വന്തം അക്കൗണ്ടിലെത്തിച്ചു. താഴ്വരയിൽ കാര്യമായ പ്രചാരണം നടത്താതെ ജമ്മു കേന്ദ്രീകരിച്ച് കോൺഗ്രസ് നടത്തിയ അത്യധ്വാനമത്രയും വൃഥാവിലായി. പ്രചാരണം മുറുകിയ വേളയിൽ ജമ്മുവിൽ ബി.ജെ.പിയുടെ സീറ്റുകൾ 20ൽ താഴേക്ക് പോകുമോ എന്ന് തോന്നിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഹിന്ദു സമുദായത്തിന് സ്വാധീനമുള്ള ഒരു മണ്ഡലത്തിൽപോലും ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസിനായില്ല.

370 തിരിച്ചുകൊണ്ടുവരുമെന്ന നാഷനൽ കോൺഫറൻസിന്റെ വാഗ്ദാനം താഴ്വര പിടിക്കാൻ അവരെ പ്രാപ്തരാക്കിയെങ്കിൽ അതേ വാഗ്ദാനത്തിലേക്ക് ചൂണ്ടി താഴ്വരക്ക് ആധിപത്യമുള്ള സർക്കാർ വീണ്ടും വരുമെന്ന് ഭയപ്പെടുത്തി ജമ്മുവിൽ ബി.ജെ.പി കോൺഗ്രസിനെയും ചുരുട്ടിക്കെട്ടി. ജമ്മുവിനും താഴ്വരക്കുമിടയിലെ വിടവ് നികത്താൻ കോൺഗ്രസിലൂടെ പാലം പണിയാമെന്ന നാഷനൽ കോൺഫറൻസിന്റെ കണക്കുകൂട്ടലാണ് ഇതോടെ പാളിയത്. ജമ്മു മേഖലയിൽ എൻ.സിയും കോൺഗ്രസും കൂടി ചേർന്ന് ആകെ നേടിയ എട്ട് സീറ്റുകളും കുന്നിൻ പ്രദേശങ്ങളിൽനിന്നായിരുന്നു. അതേസമയം, ജമ്മു മേഖലയിൽ 28 സീറ്റ് നേടുകയും താഴ്വരയിൽ ഒന്നോ രണ്ടോ സീറ്റ് അതിനോടൊപ്പം ചേർക്കുകയും ചെയ്താൽ തങ്ങൾ സ്പോൺസർ ചെയ്ത ചെറു പാർട്ടികളെയും സ്വതന്ത്രന്മാരെയും പിടിച്ച് സർക്കാറുണ്ടാക്കാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടൽ തെറ്റി.

ജമ്മുവിലെ ബി.ജെ.പിയുടെയും കശ്മീരിലെ നാഷനൽ കോൺഫറൻസിന്റെയും മുന്നേറ്റം 370 എന്ന അവർ സൃഷ്ടിച്ച തെരഞ്ഞെടുപ്പ് അജണ്ടയിൽനിന്നായിരുന്നുവെന്ന് വ്യക്തം. ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഈ വൈരുധ്യമായിരിക്കും ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഖ്യത്തിനുള്ള പ്രധാന കടമ്പയും. ജമ്മുവിനോട് പ്രത്യേക വാത്സല്യമുള്ള കേന്ദ്ര സർക്കാറും ​െലഫ്റ്റനന്റ് ഗവർണറും എൻ.സി-കോൺഗ്രസ് മേധാവിത്വമുള്ള കശ്മീരിനോട് പുലർത്തുന്ന സമീപനം എന്തായിരിക്കുമെന്നതാണ് ഫലം വന്നശേഷം ഏവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 90 എം.എൽ.എമാർക്ക് പുറമെ ​െലഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് എം.എൽ.എമാരെ നാമനിർദേശം ചെയ്യാം. താഴ്വരയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ​െലഫ്റ്റനന്റ് ഗവർണറും സർക്കാറും തമ്മിൽ ഡൽഹി മോഡൽ ഏറ്റുമുട്ടലിലേക്കായിരിക്കും ജമ്മു-കശ്മീരുമെത്തുക.

ഹരിയാനയിലെ സർപ്പദംശനം

ഒരേ മാളത്തിൽനിന്ന് നിരവധിതവണ സർപ്പദംശനമേറ്റാലും വീണ്ടും അതേ മാളത്തിൽ കൈയിട്ടുകൊടുക്കുകയെന്നതാണ് കോൺഗ്രസ് രീതി. മധ്യപ്രദേശിനും രാജസ്ഥാനും ഛത്തിസ്ഗഢിനും ശേഷം ഹരിയാനയിലും ബി.ജെ.പി ദംശനമേറ്റതിന് പിന്നിലെ കാരണങ്ങൾ തേടി തലപുകക്കേണ്ട കാര്യമൊന്നുമില്ല. കർഷകരുടെ പ്രക്ഷോഭവും ഗുസ്തിക്കാരുടെ സമരവും തങ്ങൾക്ക് അനുകൂലമാക്കിയ മണ്ണ് സ്വന്തം കാലിനടിയിൽനിന്ന് ഒലിച്ചുപോകുന്നത് ഇതുമൂലം കോൺഗ്രസിന് കാണേണ്ടിവന്നു. കർഷകരും ഗുസ്തി താരങ്ങളുമുണ്ടാക്കിയ ബി.ജെ.പി വിരുദ്ധ വികാരത്തിലേക്കായിരുന്നു രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വരവ്.

അതിനുശേഷം ഭരണഘടന ഉയർത്തിപ്പിടിച്ച് സംവരണം ഇല്ലാതാക്കാനുള്ള ബി.ജെ.പി നീക്കം രാഹുൽ ചർച്ചയാക്കിയതോടെ നല്ലൊരു വിഭാഗം ദലിത് വോട്ടുകളും കോൺഗ്രസിലെത്തിയതായിരുന്നു. സമാനമായ രാഷ്ട്രീയ സന്ദർഭത്തിലായിരുന്നു മാസങ്ങൾക്കു മുമ്പെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. കർഷകരും ഗുസ്തിക്കാരും ഉഴുതുമറിച്ചിട്ട മണ്ണിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുക കൂടി ചെയ്തതോടെ 19 ശതമാനത്തിന്റെ വോട്ടുവർധനയുണ്ടാക്കി ആകെ പത്തിൽ അഞ്ച് സീറ്റും നേടി കോൺഗ്രസ് ബി.ജെ.പിക്ക് ഒപ്പത്തിനൊപ്പമെത്തി. വോട്ടുശതമാനത്തിൽ 2019ൽ ബി.ജെ.പിയേക്കാളും 30 ശതമാനം താഴെയായിരുന്നു കോൺഗ്രസ്.

2024ൽ ആ വോട്ടുവ്യത്യാസം കേവലം ഒരു ശതമാനത്തിലെത്തി. ഹരിയാനക്കാരൻകൂടിയായ യോഗേന്ദ്ര യാദവ് പറഞ്ഞതുപോലെ കർഷക-ഗുസ്തി-ഭരണഘടനാ സമവാക്യം ഏശിയ ഹരിയാനയിൽ 10 വർഷത്തെ ബി.ജെ.പി ഭരണത്തോടുള്ള വിരുദ്ധ വികാരംകൂടി ചേർത്ത് ഒരുക്കുന്ന മണ്ണ് എന്തുമാത്രം അനുകൂലമാണെന്നോർക്കണം.കോൺഗ്രസിന് വിജയവും ബി.ജെ.പിക്ക് പരാജയവും സുനിശ്ചിതമായ ഈ സാഹചര്യത്തിലും കോൺഗ്രസ് പരാജയമേറ്റുവാങ്ങിയെങ്കിൽ സാഹചര്യങ്ങൾ അനുകൂലമായാൽ മാത്രം ജയം കൂടെപ്പോരില്ലെന്നാണ് ഹരിയാന കോൺഗ്രസിനെ പഠിപ്പിക്കുന്നത്. അധികാരമുറപ്പിച്ച അഹങ്കാരത്തിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം വേണ്ടെന്നുവെച്ച് മുഖ്യമന്ത്രിപദത്തിന് ഭീഷണിയാകുമെന്നു കണ്ട് മറ്റു നേതാക്കളെല്ലാം വെട്ടിനിരത്തി സീറ്റ് നിർണയവും ജാട്ട് മേൽവിലാസത്തിലാക്കി കോൺഗ്രസിലെ അതികായൻ ഭൂപീന്ദർ സിങ് ഹൂഡ ജാട്ട് വിരുദ്ധ നരേറ്റിവിന് ബി.ജെ.പിക്ക് മരുന്നിട്ടു കൊടുക്കുകയായിരുന്നു.

ലോക്സഭയിലെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരാനുള്ള നിർദേശം രാഹുൽ ഗാന്ധിയെ നേരിൽകണ്ട് മുന്നോട്ടുവെച്ചത്. ഇതുൾക്കൊണ്ടാണ് രാഹുൽ സഖ്യ നിർദേശം ഹരിയാന പ്രദേശ് കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ വെച്ചത്. 20 സീറ്റുകൾ ചോദിച്ചിടത്ത് വിലപേശി അവർ കേവലം അഞ്ചിലെത്തി. എന്നിട്ടും പ്രദേശ് കോൺഗ്രസ് വഴങ്ങിയില്ല. ആ അഞ്ച് സീറ്റും കോൺഗ്രസ് തോൽക്കാൻ വിട്ടുകൊടുക്കുന്നതിന് തുല്യം എന്നായിരുന്നു അഹങ്കാരം കൊണ്ടുയർന്ന എതിർവാദം. ആപിന് ഒരു ശതമാനം വോട്ടു കിട്ടുമെങ്കിൽ അതു മതി ബി.ജെ.പിയെ അനായാസം തോൽപിക്കാൻ എന്ന കണക്കിലേക്കൊന്നും അധികാരമുറപ്പിച്ച് മുഖ്യമന്ത്രിയാകാനുള്ള സത്യപ്രതിജ്ഞക്ക് കാത്തിരുന്ന കോൺഗ്രസ് നേതാക്കൾക്ക് കഴിഞ്ഞില്ല.

മറുഭാഗത്ത് ജാട്ട് നേതാവ് ഹൂഡയുടെ അമിത ആത്മവിശ്വാസവും അപ്രമാദിത്തവും ജാട്ടുകൾക്കെതിരെ ജാട്ട് ഇതര വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള ആയുധമാക്കി ബി.ജെ.പി മാറ്റി. കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ ഭൂരിഭാഗവും ജാട്ടുകളാണെന്നുകൂടി കണ്ടുള്ളതായിരുന്നു ഈ ‘ജാട്ടു ശാഹി’ നരേറ്റിവ്. മറ്റു ജാതി സമുദായങ്ങളിൽ കേന്ദ്രീകരിച്ച ആപുമായി സഖ്യത്തിനുള്ള രാഹുലിന്റെ നിർദേശം പ്രദേശ് കോൺഗ്രസ് സ്വീകരിച്ചിരുന്നുവെങ്കിൽ ഇത്രയും ഫലപ്രദമായി ആ നരേറ്റിവ് സൃഷ്ടിച്ചെടുക്കാൻ ബി.ജെ.പിക്ക് കഴിയില്ലായിരുന്നു. അവർക്ക് ഇപ്പോൾ കിട്ടിയ 1.79 ശതമാനത്തിലേറെ വോട്ട് സഖ്യത്തിൽ വന്നുചേരുമായിരുന്നു.

 

ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി

കോൺഗ്രസിന് അനുകൂലമായ ഘടകങ്ങളെയെല്ലാം ഈയൊരു ജാതിവാദത്തിലൂടെ നിർവീര്യമാക്കാൻ എല്ലാ ജാട്ടിതര സമുദായങ്ങൾക്കിടയിലും ബി.ജെ.പി പണിയെടുത്തു. ജാട്ട് ഇതര വിഭാഗക്കാരായ സ്ഥാനാർഥികളെയും നേതാക്കളെയും ഹൂഡ പട്ടികയിൽനിന്ന് വെട്ടിമാറ്റിയത് ബി.ജെ.പിക്ക് കാര്യങ്ങൾ വീണ്ടും എളുപ്പമാക്കി. ആ നരേറ്റിവ് ഹരിയാനയിൽ ഏശിയതോടെ ഒരു ജാതി ഒരു ഭാഗത്തും 35 ജാതികൾ മറുഭാഗത്തുമായി പോർക്കളത്തിൽ നിൽക്കുന്ന മത്സരത്തിനാണ് ഹരിയാന പിന്നീട് സാക്ഷ്യം വഹിച്ചത്.

36 ജാതി സമുദായങ്ങളുടെയും കൂടി സർക്കാറായിരിക്കും തങ്ങളുടേതെന്ന രാഹുലിന്റെ വാക്കുകളൊന്നും ആ പോർക്കളത്തിൽ വിലപ്പോയില്ല. കോൺഗ്രസ് ഒരു ജാട്ടു പാർട്ടിയാണെന്നും അവർക്ക് വോട്ടു ചെയ്താൽ ഭരണം ഒരു കുടുംബത്തിലേക്കും അവരുടെ ജില്ലയിലേക്കും അവരുടെ ജാതിയിലേക്കും ഒതുങ്ങുമെന്നുമുള്ള ബി.ജെ.പി പ്രചാരണമേൽക്കുകയും ചെയ്തു. വോട്ടുയന്ത്രങ്ങളുടെ കാര്യത്തിലും വോട്ടെണ്ണുന്നതു വരെ കോൺഗ്രസ് കാണിച്ച അലംഭാവവും ഇതോടൊപ്പം ചേർത്തുപറയേണ്ടതാണ്. വോട്ടുയന്ത്രങ്ങളെ കുറിച്ച് നിരന്തരം ആക്ഷേപമുയരുന്ന രാജ്യത്ത് ആ വിഷയം നിരന്തരമുന്നയിക്കുന്ന ഒരു പാർട്ടി ജയിക്കാനെന്തും ചെയ്യാനുറച്ച ഭരണകക്ഷിയെ എതിരിടുമ്പോൾ കാണിക്കേണ്ട ജാഗ്രതയും ഹരിയാനയിലുണ്ടായിട്ടില്ല.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT