ഒരു നഗരവും വേറിട്ട തുരുത്തല്ല, ഒന്നിന്റെയും. നഗരവും ‘പുറംലോക’വും വേർതിരിക്കുന്ന പ്രതീതിഛായകളാണ് വഴിതെറ്റിക്കുന്ന വലിയ നുണ. ഗ്രാമങ്ങളും ഹരിതാഭയുംപോലെ നഗരങ്ങളും പ്രകൃതിജന്യ പ്രക്രിയകളുടെ ഇഴച്ചരടുകളിൽതന്നെ. അവിടെ വേറിട്ട പുലർച്ചയൊന്നുമില്ല, ജീവിതത്തിന്. നഗര-ഗ്രാമ വ്യത്യാസമൊന്നുമില്ലതിന്, കാതലിൽ.
നഗരം ഒരു നുണ, നാം നമ്മോട് പറയുന്ന. നഗരം ഇല്ലെന്നല്ല, ഉള്ളതിന്മേലും പറയാം നുണ, കല്ലുവെച്ചും െവക്കാണ്ടും.നഗരനുണയുടെ കാമ്പ് ഒരു വിഭജനത്തിലാണ്. നഗരസ്ഥിതിയിൽനിന്ന് മനുഷ്യജീവിതത്തെ വേർപെടുത്തി കാണുന്നതിൽ. കമ്പിയും സിമന്റും ചില്ലും തടിയുംകൊണ്ടുള്ള വേർപെടുത്തൽ ഒന്ന്. ഭൂപടവും ആസൂത്രണവും ചുറ്റുവട്ട നിർമിതികളുംകൊണ്ട് മറ്റൊന്ന്. മനുഷ്യയിടം, ശിഷ്ടയിടം എന്ന ദ്വന്ദ്വം. മാലിന്യവും ദീനവും, കാടും മേടും, ജന്തുജാലവും കീടജാലവും മനുഷ്യന്റെ ഇടത്തിന് പുറത്തെന്നാണ് ഭാവന.
ഇങ്ങനെ ഒഴിവ് കൽപിക്കുന്നതിനൊക്കെ വിലക്കുമുണ്ട് നഗരഭാവനയിൽ. കേവല ഭാവനയല്ലിത്. ചുറ്റുപ്രകൃതി മറച്ചും മേഖലകളായി പകുത്തും നീരിടങ്ങൾ മൂടിയും ഭാവനയുടെ ഭൗതികമൊരുങ്ങുന്നു. നഗരത്തെക്കുറിച്ച കഥാഖ്യാനങ്ങൾ അതിനെ ആന്തരീകരിക്കുന്നു. അനന്തരം, ‘പുതിയ’ നഗരത്തിനുള്ള സാധ്യതകളുടെ വിഭാവന. മിക്ക നഗരങ്ങൾക്കുമുണ്ട് ഈ നവാന്തരങ്ങൾ –ദില്ലിക്ക് ന്യൂദില്ലി, മുംബൈക്ക് നവി മുംബൈ... പക്ഷേ ‘പുറംലോകം’ എപ്പോഴൊക്കെ നഗരത്തെ തുളക്കുന്നോ, ഈ നുണ അനാവൃതമാകുന്നു. നേര് സ്വയമുറപ്പിക്കുമ്പോൾ മനുഷ്യന്റെ നിർണയങ്ങൾ ഊർന്നുവീഴുന്നു.
നേരാണ്, നഗരത്തിനൊരു ദേഹനേരുണ്ട്. ചുറ്റിടങ്ങളിൽനിന്ന് അതിരിട്ട് മാറ്റിയ ഭൗതിക രൂപം. അതിപ്പോ ചുറ്റുമതിലാവാം, ഹരിതവലയമാവാം, ജലരാശിയോ മലനിരയോ, കുറഞ്ഞപക്ഷം മൈൽക്കുറ്റിയെങ്കിലുമാവാം. വൻനഗരങ്ങൾക്ക് ഉപനഗരികൾ ചുറ്റിടുമ്പോഴും അവക്ക് വേറെയാവും, ഭരണവ്യവസ്ഥിതി. കൊച്ചി നോക്കൂ– പൂണിത്തുറ വേറെ, കളമശ്ശേരി വേറെ, വൈപ്പിൻ വേറെ. നാളെ ഇനി കലൂരും വൈറ്റിലയും വേറെയാകിലും അതിശയമില്ല. ഭരണസൗകര്യം എന്ന പേരിൽ ഇടവിഭജനം പുഷ്ടിപ്പെടുന്നു. എന്നാലും, സ്വയമിടുന്ന അതിരുകൾക്കപ്പുറത്തെ ഇടങ്ങളെ ആശ്രയിച്ചാണ് നഗരമേതും പുലരുക. അന്നം, കുടിനീര്, മരുന്ന്, ഇന്ധനം, സാമഗ്രികൾ തൊട്ട് പണിക്കാരും വണിക്കുകളും വരെ ‘പുറത്തു’നിന്ന് വേണം. എന്തിനേറെ, സ്വന്തം മാലിന്യം ഏറ്റുവാങ്ങാൻ ഏതു നഗരത്തിനും വേണം, പര്യമ്പുറത്തൊരു ബ്രഹ്മപുരം. ഒരു നഗരവും സ്വാശ്രയമേടയല്ല, നടിപ്പ് മറിച്ചാണെങ്കിലും.
നഗരത്തെക്കുറിച്ച സാമാന്യഭാവനക്ക് മർമങ്ങൾ മൂന്നുണ്ട്. ഒന്ന്, മനുഷ്യർ തനിച്ചാണ് നഗരം നിർമിക്കുന്നതെന്ന്. അതുകൊണ്ട് നാഗരികത മനുഷ്യന്റെ മാത്രം സാംസ്കാരിക വൈഭവമെന്ന്. രണ്ട്, നഗരത്തിനും നാഗരികതക്കും ഒരു ബാഹ്യലോകമുണ്ടെന്ന്– അനാഗരികതയുടെ ഇടങ്ങൾ. മൂന്ന്, നഗരം അമൂർത്ത ഭാവരൂപിയെന്ന്, അതിന്റെ പ്രത്യക്ഷങ്ങൾ മാത്രമാണ് ഏതു നഗരവുമെന്ന്. ഇവ മൂന്നും പരസ്പരാശ്രിതങ്ങളാണ്.
മുംബൈ നഗരത്തിന്റെ പ്രശസ്തമായ ഇടങ്ങളിലൂടൊന്ന് ചലിക്കയേ വേണ്ടൂ, ഭൂരാശി എങ്ങനെ ‘നഗരത്തിന്’ രൂപമേകുമെന്ന് ഒറ്റനോക്കിലറിയാം. കൊങ്കൺതീരത്തെ 25 ദ്വീപുകളിലൊന്നാണ് മുംബൈ. ഇതുതന്നെ ഏഴു ചെറുദ്വീപുകളുടെ കരക്കൂട്ടം. തെക്കേയറ്റത്ത് കൊളാബയും ലോവർ കൊളാബയും, വടക്ക് മസഗാവും വർളിയും മാഹിമും പരേലും, മധ്യേ H ആകൃതിയിൽ കൂട്ടത്തിലേറ്റം വലിയ ദ്വീപ് – ബോംബെ. കാലം 1661. പറങ്കിരാജകുമാരി കാതറിനെ വേൾക്കാൻ ബ്രിട്ടീഷ് രാജകുമാരൻ ചാൾസ് രണ്ടാമന് സ്ത്രീധനമായി ഈ ദ്വീപുകളിൽ ഒരു പങ്ക്. നൂറ്റാണ്ടൊന്നെടുത്ത് മിച്ചംകൂടി കവർന്നു, ശീമക്കാർ. ഹോൺബി വെല്ലാഡ് പദ്ധതി വഴി ഇതെല്ലാം കൂട്ടിച്ചേർത്ത് ഒരൊറ്റ ദ്വീപാക്കുന്നു, 1782ൽ. (വെല്ലാഡ് എന്നാൽ പറങ്കിയിൽ ‘തീരം തൊട്ടുപോകുന്ന തിട്ടപാത’). അങ്ങനെയാണ് ഇന്നത്തെ നഗരത്തിന്റെ അസ്തിവാരം.
അത് മനുഷ്യക്കണ്ണിൽ. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് ഏഷ്യാറ്റിക് ലൈബ്രറിയിലേക്ക് പോകുന്നോരറിയുന്നില്ല, കൊളാബാ ദ്വീപിൽനിന്ന് ലോവർ കൊളാബാ ദ്വീപിലേക്കാണ് നടന്നുകയറുന്നതെന്ന്. 194 ചതുരശ്ര കിലോമീറ്ററിൽ കയറിയിറങ്ങി കിടക്കുന്ന കടൽഭൂവിന് ഇടക്കണ്ണികളിട്ട് ചമച്ചതാണീ താണ നിലമെന്ന്. ‘താണനിലത്തേ നീരോടൂ’ –പഴമൊഴി ഇവിടെ പിഴക്കുന്നു: നിലമൊരുക്കിയ ഓരോ ചുവടിലും നീരോടിയത് പുറത്തേക്കാണ്– കടലിലേക്ക്. അഥവാ നഗരത്തിന്റെ ഓരോ തനുവും കടലാണ്. അതാണ് മുംബൈയുടെ യഥാർഥ ഭൂമിശാസ്ത്രം. ഇത് കടൽഭൂവല്ലായിരുന്നെങ്കിൽ, അതിന്റെ അടിപടലം പാറക്കെട്ടല്ലായിരുന്നെങ്കിൽ ഈ നഗരമില്ല. പാറപ്പുറത്ത് പുര വാഴില്ലെന്ന വേദപുസ്തകവാക്യം ഇവിടെ പിഴച്ചുപെറ്റത് പാഴ്പുരകളെയല്ല, മേഘചുംബികളെ. നൂറുകണക്ക്. ചതുപ്പിന്റെ വിജനതയിൽ സ്ത്രീധനം കിട്ടിയ ദ്വീപക്കൂട്ടം സായ്വിന്റെ കൈയിൽ ലോകനഗരമായെന്ന് മനുഷ്യചരിത്രം പറയും. ശരിച്ചരിത്രം, ആ കഥനത്തിൽ പ്രാക്തന ശിലകൾ തൊട്ട് പ്രചണ്ഡസൂനാമികൾ വരെ ഉൾപ്പെടും. അത്രയും, നഗരനുണയുടെ ഒന്നാംഘടകത്തിന്.
അടുത്ത രണ്ടു ഘടകങ്ങളിലേക്ക് നയിക്കുക, മറ്റൊന്നാണ്. ഭൗമശാസ്ത്ര സമയം, അതിന് നഗരത്തച്ചിലുള്ള പങ്ക്. മനുഷ്യകൃതമായാണ് നാം നഗരവത്കരണത്തെ കാണുന്നത് –പ്രകൃതിയുടേതിൽനിന്ന് വേറിട്ട കർമമായി. ഓരോ നഗരത്തിന്റെയും സവിശേഷ പ്രകൃതം നഗരങ്ങൾക്ക് പൊതുവിൽ കൽപിക്കുന്ന പ്രകൃതത്തോളം പ്രധാനമല്ലെന്നു പറയും. ഈ ധാരണാബിന്ദുവിലാണ് കടലിനോ കാറ്റിനോ മലകൾക്കോ ഒന്നും നഗരവത്കരണത്തിൽ കാര്യമില്ലെന്ന നുണ പിറക്കുന്നത്. ഭൂമിയുടെ സ്ഥലരാശിപോലെ മനുഷ്യേതരമായ ക്രിയകളെ അടങ്കം വിഗണിക്കാൻ അതിടയാക്കുന്നു. കൊച്ചി നോക്കൂ. വെറും ഏഴ് നൂറ്റാണ്ടു മുമ്പുവരെ ഇൗ നോക്കിൽ അവിടെ കാണുക നീലായം മാത്രം. 1341ലെ പ്രകൃതി താണ്ഡവത്തിൽ മുസ്രിസ് തുറ അപ്പാടെ കടലെടുത്തു. പകരം കടൽ െവച്ചുനീട്ടിയതാണ് തൊട്ടിപ്പുറത്തെ കൊച്ചി. ആഴിനീരൊഴിഞ്ഞ് കരവെച്ചുവെച്ചുണ്ടായ ദ്വീപക്കൂട്ടം. ആ വയ്പ്പ് പേരിലേ ഉണ്ടവിടെ –വൈപ്പിൻ. ഇപ്പഴേ
കൊച്ചി താഴ്ന്നമരുന്നുണ്ട് അണുവിടെയായി കൊല്ലംതോറും. വച്ചു നീട്ടിയത് കടൽ തിരിച്ചെടുത്തെന്നും വരാം. എന്നിട്ടും കഥയറിയാതെ നമ്മൾ നഗരസൃഷ്ടിയുടെ സ്തുതി വീതിക്കുന്നു, പറങ്കികൾക്കും ശീമക്കാർക്കും പെരുമ്പടപ്പുകാർക്കുമൊക്കെ. നഗരവത്കരണത്തിന് നഗരത്തേക്കാൾ വിപുലമായ മേഖലകളുണ്ട്. ഉദാഹരണമായി, നഗരത്തിന് കുടിനീര് വേണം, ആഹാരവും ഇന്ധനവും വേണം. സ്വന്തമായി അതുണ്ടാക്കാൻ കഴിയാത്തതുകൊണ്ട് ചുറ്റുനിർമിതികൾ വഴി നഗരം പുറത്തോട്ട് കൈനീട്ടുന്നു: പണം തരാം, ത്രാണം തരൂ. (ഇത്, ഗ്രാമങ്ങൾക്കും ഇന്ന് ബാധകം). എങ്കിൽ, നഗരം അവസാനിക്കുന്നതെവിടെ? ത്രാണമർമങ്ങൾ ‘പുറത്താ’ണെങ്കിൽ.നഗരാന്തര ക്രിയകൾ പ്രകൃതിയെ മാറ്റിപ്പണിയുകയാണോ? അതോ, പ്രകൃതിയെ കൈകാര്യംചെയ്യുന്നതിലെ മാറ്റങ്ങളുടെ ഉൽപന്നമോ നഗരം?
ദേബയാനി ഭട്ടാചാര്യയുടെ പഠനമുണ്ട്, കൊൽക്കത്തയുടെ സൃഷ്ടിയെപ്പറ്റി (Empire and Ecology in the Bengal Delta). നീരും നിലവും പരിരംഭണം ചെയ്യുന്ന അഴിപ്രദേശം. ‘കുതിർന്ന പരിസ്ഥിതി’യുടെ നീരൂറ്റി കരയുണ്ടാക്കി, കോളനിഭരണകൂടം അവിടെ കെട്ടിപ്പൊക്കിയ കോൺക്രീറ്റ് നഗരമാണ് ഇന്നത്തെ കൊൽക്കത്ത.
നീരിൽനിന്ന് കരയെ പാടേ വേറിട്ട സ്വത്വമായി കണക്കാക്കുന്ന ഭൂനിയമങ്ങളും അന്നുണ്ടാക്കി. അങ്ങനെ പല സ്വാഭാവിക ജീവിതങ്ങളുടെയും മനോനിലകളുടെയും അസ്ഥിത്തറമേലാണ് നഗരത്തിന്റെ നിൽപ്. അതിന്റെ തർപ്പണബാക്കി പോലെ ഇന്നും മഴയൊന്ന് കനത്താൽ മുങ്ങുന്നു, നഗരകേന്ദ്രങ്ങൾ പലതും. അതൊന്നും കൊൽക്കത്തയുടെ പുകഴുള്ള ചരിത്രത്തിലില്ല. പരിസ്ഥിതി ചരിത്രകാരൻ വില്യം ക്രോനൻ സമാനമായൊരു ഗോപ്യചരിത്രം കണ്ടെത്തുന്നുണ്ട്, ഷികാഗോ നഗരത്തിൽനിന്ന് (Nature's Metropolis). ഷികാഗോയുടെ ചരിത്രത്തിൽ മറവുചെയ്യപ്പെട്ടിരിക്കയാണ് പടിഞ്ഞാറൻ അമേരിക്കയുടെ ജീവചരിത്രം. പുറത്ത്, താഴ്വാരങ്ങളിൽ വളർത്തുന്ന കാലികളിൽനിന്നാണ് ആ നഗരത്തിന് മാംസ്യം കിട്ടുന്നത്. കേവലമായ ക്രയവിക്രയമല്ലിത്. പടിഞ്ഞാറൻ അമേരിക്കയിലെ കൃഷിക്കളങ്ങൾ പിറന്നതുതന്നെ ഷികാഗോയിൽ പെരുകുന്ന നഗരജനത്തെ തീറ്റിപ്പോറ്റാൻ.
മങ്ങിമങ്ങിപ്പോകുന്നു. ഒരുവശത്ത്, നാഗരിക ജീവിതത്തിന് വേണ്ടതത്രയും പുറത്തുനിന്ന് ശേഖരിക്കുന്നു –മൊബൈൽ ഫോണിനുള്ള വിശേഷലോഹങ്ങൾ തൊട്ട് തീൻമേശയിലെ വിഭവചേരുവകൾ വരെ. മറുവശത്ത്, നഗരത്തിന്റെ സമസ്ത നാഡിയും കവരുന്ന പ്ലാസ്റ്റിക് മാലിന്യം-മിഠായിപ്പൊതി തൊട്ട് മരുന്നുകൂടു വരെ. ഭീകരവ്യാളിയായി പടരുന്നു, നഗരത്തിന്റെ ആവശ്യങ്ങളും അവശിഷ്ടങ്ങളും. രണ്ടിനും നഗരേതര ദേശങ്ങൾ ചുമടുതാങ്ങികളായി കഴിയുന്നു. സങ്കീർണമായൊരു ഗാഢബന്ധമാണത്. ഭൗതികം മാത്രമല്ല, സാംസ്കാരികവും രാഷ്ട്രീയവുമാണ് ആ ബന്ധക്കണ്ണികൾ. അതുകൊണ്ടുതന്നെ നഗരം ഒരിക്കലുമൊരു ഭദ്രകോശമല്ല, ചരടുകളുടെ കുരുക്കുപടർപ്പാണ്.
നേരുതന്നെ, എല്ലാത്തരം ആവാസമേടകളും അങ്ങനെത്തന്നെ. പക്ഷേ, മനുഷ്യഭാവനയിൽ നഗരത്തിനൊരു അമിതപ്രിയം, അതിപ്രാധാന്യം. കാരണം അവിടം പ്രവൃത്തികളാൽ സാന്ദ്രം, ചടുലം. ആയിരമായിരം സഹജീവികളെ കണ്ടുമുട്ടാം. നവസൗകര്യങ്ങളുടെ സുഖം നുകരാം. മോഹങ്ങൾക്ക് ചിറക് നൽകാം. മോഹഭംഗങ്ങൾക്ക് മറയൊരുക്കാം, തിരക്കിലേക്ക് സ്വയമെറിഞ്ഞ് കാലപ്രവാഹത്തിൽ മുങ്ങാം, കാലഭയത്തിന് നേരമില്ലാണ്ടാക്കാം, അങ്ങനെയങ്ങനെ. മനുഷ്യനുള്ള ഏറ്റവും മികച്ച ഇടമായി നഗരത്തെ കാണുന്നു.
അവിടെയാണ് അമൂർത്തതയുടെ നുണ –നഗരജീവിതമാണ് മനുഷ്യസംസ്കാരത്തിന് പിറവിയേകിയതെന്ന്. ഈ ബിന്ദുവിൽ പ്രകൃതിയിൽനിന്നുള്ള വേറിടൽ ഭൗതികതക്കപ്പുറമൊരു മാനം നേടുന്നു. ഒന്നൂടൊന്ന് ഓർത്തുനോക്കൂ നഗരത്തെ. കണ്ടിട്ടുള്ള നഗരങ്ങളും കണ്ടിട്ടില്ലാത്തവയും തമ്മിൽ ഭേദപ്രശ്നമില്ലാതാവുന്ന നില ഒന്നുണ്ട്, മനസ്സിൽ. കാരണം, ആധുനിക നഗരങ്ങൾ സാംസ്കാരിക ബിംബങ്ങളായി മരുവുന്നുണ്ട്, മനസ്സിൽ. തെരുവുകൾ, കെട്ടിടങ്ങൾ, ആളുകൾ ഒക്കെ അമൂർത്തമായങ്ങനെ... നേരിലറിയുമ്പോൾ
പക്ഷേ, അവയൊക്കെ കൂടുതൽ നിഷ്കൃഷ്ടമാവും, അമൂർത്തത കുറഞ്ഞുവരും. നഗരസങ്കൽപം മനസ്സിൽ വരഞ്ഞ ചിത്രമല്ല പ്രായോഗികമായി നഗരജീവിതം വരയുന്നതെന്നറിയും. ‘നഗരം ഒരാകസ്മിക ഗോത്രം’ –ദസ്തോവിസ്കിയുടെ കണ്ണെത്ര കണിശം. പലേടത്തുനിന്നായി വന്നുപെടുന്ന പലർ നിത്യവൃത്തിയാൽ മേയ്ക്കപ്പെടുന്ന ഇടം –മേയിൻ കാട്. അത് ആദ്യമേ പകരുക വ്യഗ്രതയാവും. ജനാരണ്യത്തിലെ ഏകാകിത. അതുമായി മെല്ലെ പരിചയിക്കുന്നതോടെ പിന്നെ പിടിച്ചുനിൽപിനുള്ള തത്രം. കരുതിയപോലെ ഒട്ടും ആയാസരഹിതമാവുന്നില്ല ചുവടുകൾ. ആ ചൂടറിഞ്ഞ് വരുമ്പോഴേക്കും നഗരം ആളെ വിഴുങ്ങിയിരിക്കും, അതിന്റെ പതിവുകളിലേക്ക്, യാന്ത്രികതയിലേക്ക്. മനസ്സിലെ അമൂർത്തതയിൽനിന്ന് മൂർത്ത നേര് മുഖപടം ഒന്നൊന്നായി ചിന്തി മുഖം കാട്ടും. ഒരു നഗരത്തിന്റെയും സ്വഭാവവും സംസ്കാരവും അവിടത്തെ നിർമിതികളല്ല, കൽപിത ഛായയുമല്ല; മനസ്സിലെ പ്രതിഛായകൾ പ്രതീതി മാത്രം –നഗരം മനുഷ്യനെ ബോധ്യപ്പെടുത്തും.
ഒരു നഗരവും വേറിട്ട തുരുത്തല്ല, ഒന്നിന്റെയും. നഗരവും ‘പുറംലോക’വും വേർതിരിക്കുന്ന പ്രതീതി ഛായകളാണ് വഴിതെറ്റിക്കുന്ന വലിയ നുണ. ഗ്രാമങ്ങളും ഹരിതാഭയുംപോലെ നഗരങ്ങളും പ്രകൃതിജന്യ പ്രക്രിയകളുടെ ഇഴച്ചരടുകളിൽതന്നെ. അവിടെ വേറിട്ട പുലർച്ചയൊന്നുമില്ല, ജീവിതത്തിന്. നഗര-ഗ്രാമ വ്യത്യാസമൊന്നുമില്ലതിന്, കാതലിൽ. വികസനം ഒരുക്കുന്നെന്ന് വിചാരിക്കപ്പെടുന്ന യന്ത്രസാങ്കേതികത്വവും ഈ കർമവ്യൂഹത്തിലെ കണ്ണിയൊന്ന് മാത്രം. ഇന്ന്, ജൈവതയോടുള്ള ബന്ധം മുറിക്കുന്നതിലാണ് ഈ കണ്ണിയുടെ കൈ. നാളെ ഒരുനാൾ, മുറിഞ്ഞ കണ്ണികൾ വിളക്കുന്ന സാങ്കേതികത്വം വന്നെന്നുവരാം. അതിനും അവശ്യം വേണ്ടത്, നഗരം വേറിട്ട ദ്വീപകമോ സംസ്കൃതിയുടെ അമൂർത്തനാകമോ അല്ലെന്ന തിരിച്ചറിവ്. ഒരു നഗരവും തീർത്തത് മനുഷ്യനല്ല. ആ തച്ചിൽ പങ്കുകൊണ്ട ചെറു മെയ്ക്കാടുകാരൻ മാത്രമാണയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.