മാറാട്ടം

ബോ​ധ​രാ​ശി വി​ക​സി​ച്ച ജീ​വി​ക​ൾ​ക്കെ​ല്ലാ​മു​ണ്ട് ആ​ന്ത​രി​ക ജീ​വി​തം. വി​കാ​സം തെ​ല്ലു കൂ​ടി​പ്പോ​യ മ​നു​ഷ്യ​ജീ​വി​ക്ക് സ്വാ​ഭാ​വി​ക​മാ​യും കൂ​ടും, ഉ​ള്ള​റ പ്ര​ശ്ന​ങ്ങ​ൾ. ഇ​വി​ടെ​യാ​ണ് മ​തം പ്ര​വേ​ശി​ക്കു​ന്ന​ത്.ആടയാഭരണങ്ങൾ ഊരിക്കളഞ്ഞാൽ മതം ഒരു വാസപ്പുരയാണ്​, മനസ്സിന്റെ. മതംമാറ്റം പുര മാറ്റവും.ബോധരാശി വികസിച്ച ജീവികൾക്കെല്ലാമുണ്ട് ആന്തരിക ജീവിതം. വികാസം തെല്ലു കൂടിപ്പോയ മനുഷ്യജീവിക്ക് സ്വാഭാവികമായും കൂടും, ഉള്ളറ പ്രശ്നങ്ങൾ. ഇവിടെയാണ് മതം പ്രവേശിക്കുന്നത്. ആത്മീയതയുടെ കൽപിതപ്രമാണങ്ങളും ആചാരവ്യവസ്ഥകളുമായി അതൊരു പ്രവർത്തന പരിസ്​ഥിതി ഒരുക്കുന്നു, മനുഷ്യരിൽ....

ബോ​ധ​രാ​ശി വി​ക​സി​ച്ച ജീ​വി​ക​ൾ​ക്കെ​ല്ലാ​മു​ണ്ട് ആ​ന്ത​രി​ക ജീ​വി​തം. വി​കാ​സം തെ​ല്ലു കൂ​ടി​പ്പോ​യ മ​നു​ഷ്യ​ജീ​വി​ക്ക് സ്വാ​ഭാ​വി​ക​മാ​യും കൂ​ടും, ഉ​ള്ള​റ പ്ര​ശ്ന​ങ്ങ​ൾ. ഇ​വി​ടെ​യാ​ണ് മ​തം പ്ര​വേ​ശി​ക്കു​ന്ന​ത്.

ആടയാഭരണങ്ങൾ ഊരിക്കളഞ്ഞാൽ മതം ഒരു വാസപ്പുരയാണ്​, മനസ്സിന്റെ. മതംമാറ്റം പുര മാറ്റവും.ബോധരാശി വികസിച്ച ജീവികൾക്കെല്ലാമുണ്ട് ആന്തരിക ജീവിതം. വികാസം തെല്ലു കൂടിപ്പോയ മനുഷ്യജീവിക്ക് സ്വാഭാവികമായും കൂടും, ഉള്ളറ പ്രശ്നങ്ങൾ. ഇവിടെയാണ് മതം പ്രവേശിക്കുന്നത്. ആത്മീയതയുടെ കൽപിതപ്രമാണങ്ങളും ആചാരവ്യവസ്ഥകളുമായി അതൊരു പ്രവർത്തന പരിസ്​ഥിതി ഒരുക്കുന്നു, മനുഷ്യരിൽ. ആന്തരികതയുടെ പ്രശ്നങ്ങൾക്ക് സ്വന്തം പരിപ്രേക്ഷ്യംവെക്കുന്നു, പരിഹാരക്രിയകൾ കൽപിക്കുന്നു, പരിഹൃതമാവുമെന്ന തോന്നൽ പകരുന്നു. ഇങ്ങനെ വിശ്വാസം ആശ്വാസമാകുന്നു ഉടലിന്​ ഭൗതികലോകംപോലെ ഉള്ളിന് ഒരാവാസലോകം. അവിടെ ജീവിച്ചുപോകാമെന്ന വിശ്വാസമാണ് മനുഷ്യരെ മതങ്ങളിൽ വിളക്കിനിർത്തുന്നത്​. ഇൗ വിശ്വാസം ക്ഷയിക്കുമ്പോൾ വിലാസം മാറിനോക്കും. വാസയോഗ്യമല്ലാതാകെ പുര മാറു​മ്പോലെ.

മതം ഒരു ബാല്യകാല അച്ചുകുത്താണ്. ജനയിതാക്കൾ പിന്തുടരുന്ന വിശ്വാസം മക്കൾ പിൻപറ്റുക സ്വാഭാവികം. മുതിരാൻ ആശ്രയം വേണ്ടുന്ന മനുഷ്യജീവി വിശേഷിച്ചും. ആശ്രിതാന്തരീക്ഷത്തിൽ മറ്റു അഭയങ്ങളെക്കുറിച്ച ധാരണ ​നന്നേ കമ്മി. കാരണം, അത് അന്നേരം ആവശ്യമില്ല. ചിന്തക്ക് ചിറകുറക്കുന്ന പ്രായത്തിലാണ് അകലോകം പത്തി നീർത്തുക. അതുവരെയുള്ള സമ്മോഹന ശാന്തിലോകം ഉലഞ്ഞുതുടങ്ങിയെന്നുവരാം ചിലരിൽ. അങ്ങനൊരു ചിന്തയേ അനുവദിക്കില്ല പലരും. ഉലച്ചിലൊക്കെ പുറത്താണെന്നു കരുതി, ഉള്ളിൽ പരുവപ്പെട്ട വിശ്വാസത്തെ കൂടുതൽ മുറുകെപ്പിടിക്കും. ​​

പോരെങ്കിൽ അത്രടം ഉറപ്പിച്ചുപോന്നത് നിഷേധിക്കാൻ മനപ്പേടി, പറ്റപ്പേടി. ചിലർ ഉലഞ്ഞു​പോയ ആല മാറാൻ ​ധൈര്യ​െപ്പടും. അവർക്ക് പ്രേരണ മിക്കപ്പോഴും ഭൗതിക പരിസരങ്ങളുടെ തിക്തതയാവും. ഉദാഹരണം ഹിന്ദു മതത്തിൽനിന്നുള്ള മതംമാറ്റം. അയിത്തത്തി​ന്റെയും ജാത്യാടിമത്തത്തിന്റെയും ദീർഘഭീകരതയിൽനിന്നാണ് അധഃകൃതരാക്കപ്പെട്ടവർ മതംമാറിയത്. അതിൽ ബഹുഭൂരിപക്ഷവും ശൂദ്രരും ദലിതരും. വിരോധാഭാസം ദലിതരുടെ കാര്യത്തിലാണ്. ഒരിക്കലും അകത്തില്ലാതിരുന്നവർ പുറത്തുപോയെന്ന് എങ്ങനെ പറയാനാവും? ദലിതർ മതം മാറുകയല്ല, നടാടെ മതം വരിക്കുകയാണ്.

ആക്രമിച്ച് അധികാരം കവർന്ന വിദേശികൾ ചിലർ തദ്ദേശീയരെ വാൾമുനയിൽ മതംമാറ്റിയ ചരിത്രമാണ് ഉത്തരേന്ത്യയുടേത്. ​തെക്ക് കഥ മറിച്ചാണ് –തദ്ദേശ മതത്തിനുള്ളിലെ ഭീകര​​​പ്രവർത്തനം നിർബന്ധിതരാക്കുകയായിരുന്നു, മനുഷ്യരെ മാറ്റത്തിന്. കേരളം മാത്രം എടുത്താൽ, മലബാറിൽ അവർ മാറിയത്​ ഇസ്​ലാമിലേക്ക്​ –മാലിക്​ ദീനാറിന്​ നന്ദി. തിരുവിതാംകൂറിൽ ക്രിസ്​തുമത​ത്തിലേക്ക്​ –ക്​നായി തൊമ്മൻ തൊട്ട്​ സി.എം.എസിന്​ വരെ സ്​തുതി. ഹിന്ദുമതത്തിൽ തന്നെയുണ്ട്​ അവാന്തര മാറ്റങ്ങളുടെ രണചരിത്രം –ശൈവ, വൈഷ്​ണവ ചോരപ്പോര്​. തച്ചും തുലച്ചും ബൗദ്ധരെ തുരത്തിയ വൈദികമതം വക കോളനിവത്കരണം വേറെ. എന്നിട്ടും മതമാറ്റത്തി​ന്റെ രാഷ്​ട്രീയത്തിൽ പഴിയത്രയും ഇറക്കുമതിക്ക്​. എന്നാൽ, മത പരിവർത്തനത്തിന്റെ കയറ്റുമതി തുടങ്ങിയത്​ ഇന്ത്യൻ മണ്ണിൽനിന്നാണെന്നൊരു വിലോമനേരുണ്ട്​. പല ദേശങ്ങൾക്കും മതങ്ങൾക്കുതന്നെയും ലീനമായ അടിമുദ്രകളിട്ട ആ ചരിത്രം മുങ്ങിക്കിടക്കയാണ്, ചരിത്രത്തിൽ.

2300 കൊല്ലം മുമ്പ് ശ്രമണമത സംഘത്തെ യവ​നത്തേക്ക്​ അയച്ച അശോക ചക്രവർത്തിയാണ് മിഷനറി പ്രതിഭാസത്തിന്റെ ഉദ്ഘാടകൻ. യവനത്ത് അവരോതിയത് അഹിംസയും ദാനധർമവും പരിത്യാഗവും –അന്നോളം ​ഗ്രീസിലോ ഈജിപ്തിലോ ബാബിലോണിലോ എബ്രായദേശത്തോ അത്ര പരിചിതമല്ലാതിരുന്ന ജീവമൂല്യങ്ങൾ. വിശാലമായ മ​ധ്യേഷ്യാ പ്രദേശങ്ങളിൽ അതൊക്കെ അവർ ജീവിച്ചുകാട്ടി. ആന്റിയോക്കിലും അലക്സാൻഡ്രിയയിലും ഇന്നും കാണാം അന്നത്തെ ബുദ്ധവിഹാരങ്ങളുടെ ശേഷിപ്പുകൾ. നൂറ്റാണ്ടുകൾ പലത് ആ മിഷനറി ​പ്രവർത്തനം തുടർന്നതിന്റെ തെളിവാണ്.

 

മൗര്യ സാമ്രാജ്യത്തിന്റെ ബി.സി 265ലെ ഭരണപ്രദേശം

‘ഇന്ത്യയിൽനിന്നുള്ള കപടപ്രവാചകരെ’പ്പറ്റി ​െസന്റ് ജറോം നാലാം നൂറ്റാണ്ടിൽ നടത്തിയ ക്ഷുഭിത പരിദേവനം. ഇഷ്ടൻ ഏറെ വൈകിപ്പോയിരുന്നു. അതിനെത്രയോ മുമ്പേ അവർ മെഡിറ്ററേനിയൻ മ​നസ്സിൽ പാദമുദ്രയിട്ട് കഴിഞ്ഞിരുന്നു – ‘ജീവിതവിശുദ്ധി’ തേടാനുള്ള ത്വരക്ക്. പ്രാദേശികമായ എത്രയോ മതങ്ങളിൽ ബൗദ്ധദർശനത്തിന്റെ ഇഴനാരുകൾ കലർന്നുകഴിഞ്ഞിരുന്നു –ഗ്രീസിൽ, ഈജിപ്തിൽ, യഹൂദ്യയിൽ ഈ സ്വാധീനമാണ് വൈകാതെ ക്രൈസ്തവീയതയു​െട ഉദയത്തിനു വഴിമരുന്നിട്ടതും. യേശുവിന്റെ ജീവിതകഥ എഴുതിയ ഏണസ്റ്റ് റെനാൻ അത് മണത്തു: ‘ക്രിസ്തുവിന്റെ ലോകത്ത് ബൗദ്ധമായ എന്തോ ചിലതുണ്ട്’ (Life of Jesus).

ഇന്ത്യാദേശത്ത് യവനരുടെ ആസ്ഥാനമായിരുന്നു ഇന്ന് വടക്കൻ പാകിസ്താനിലുള്ള തക്ഷശില. അവിടത്തെ പഗോഡകളുടെയും വിഹാരങ്ങളുടെയും ശേഷിപ്പുകൾ ഒറ്റനോക്കിലേ ഓർമപ്പെടുത്തും, പിൽക്കാല ക്രൈസ്തവാവിഷ്കാരങ്ങളെ. ഇതൊന്നും കേവലം യാദൃച്ഛികമല്ല. അലക്സാണ്ടർ ഇന്ത്യയിലേക്ക് പടയിറക്കിയത് എ.ഡി 327ൽ. തുടർന്ന് ധാരാളം യവനകലാകാരന്മാർ അവിടേക്ക് കുടിയേറി. ശ്രമണന്മാരോടും ആസ്തികന്മാരോടും ഇടപഴകി (തദ്ദേശീയ സന്യാസികൾക്ക് അവരിട്ട വിളിപ്പേരുതന്നെ ജിംനോസോഫിസ്റ്റുകൾ എന്നാണ് –തുണിയുടുക്കാത്ത തത്ത്വചിന്തകർ.

ശ്രമണത്തിലെ ‘ദിഗംബര’ന്മാരുടെ കാര്യമാണ്) ശിലയിലും കുമ്മായച്ചാന്തിലും ബുദ്ധന്റെ ജീവചരി​തം തീർത്തു, ഈ കുടിയേറ്റ യവനർ. അങ്ങനെ പിറക്കുന്നു, ഗാന്ധാരകല. ആ ബുദ്ധശിൽപങ്ങളിലെ മുഖം ആരുടേതാണ്? 19ാം നൂറ്റാണ്ടിൽ തക്ഷശിലയിലെ ഉദ്ഗ്രഥനങ്ങളിൽ കിട്ടിയ അവശിഷ്ടങ്ങൾ സന്ദേഹമെല്ലാം തീർത്തു –യവനപുരാണത്തിലെ അപ്പോളോ ദേവന്റെ ഛായയിലാണ് ബുദ്ധമുഖം. യവനരുടെ വരവിന് മുമ്പ് പ്രതീകാത്മകം മാത്രമായിരുന്നു ബുദ്ധാവിഷ്കാരങ്ങൾ –കാൽപാദം, കൈപ്പത്തി അല്ലെങ്കിൽ താമര. യവനരാണോ ബുദ്ധനെ ആദ്യം കൊത്തിവെച്ചത്? വ്യക്തമല്ല. ഒന്നുറപ്പ് -അവരാണ് ബുദ്ധനെ പശ്ചിമേഷ്യയിലും പടിഞ്ഞാറുമെത്തിച്ചത്.

അശോകന്റെ മിഷനറി ദൗത്യം അങ്ങനെ പന്തലിച്ചു. അതിന്റെ പ്രത്യക്ഷങ്ങൾ ഏറ്റവുമുള്ളത് ക്രൈസ്തവീയതയിലാണ്. ആൽമരച്ചോട്ടിൽ മരണം കാത്തിരിക്കുന്ന ബുദ്ധൻ, അപ്പോഴും മുന്നിൽ കാതോർത്തിരിക്കുന്ന ശിഷ്യർ –ക്രിസ്തുവിന്റെ അന്ത്യഘട്ട ചിത്രങ്ങളിൽനിന്ന്​ ഇതിനുള്ള വ്യത്യാസം കുരിശിന്റെ അഭാവം മാത്രം. റെനാനെപ്പോലുള്ള വ്യാഖ്യാതാക്കൾ ഈ കിഴക്കൻ സ്വാധീനം യേശുവിന്റെ ഗിരിപ്രഭാഷണത്തിലും കാണുന്നു. യഹൂദ പാരമ്പര്യത്തിൽനിന്നുള്ള വ്യക്തമായ വേറിടലാണല്ലോ ആ പ്രഭാഷണം. ‘പഴയ നിയമ’ത്തോട് ചേർത്തുവെച്ച് വായിക്കുന്നപക്ഷം അതിലെ ബുദ്ധമാർഗം സ്പഷ്ടമായ വ്യത്യസ്തതയാണ്. ഓർക്കുക, പരിത്യാഗവും ഭിക്ഷുസന്യാസവും ഇന്ത്യൻ ആശയങ്ങളാണ്; ഒരിക്കലും യഹൂദിയല്ല.

മധ്യപ്രദേശിലെ സാ​ഞ്ചി​യി​ൽ അ​ശോ​ക​ൻ നി​ർ​മി​ച്ച മ​ഹാ​സ്തൂ​പം

 

ക്രിസ്തുവിനും മൂന്നു നൂറ്റാണ്ടു മുമ്പ് ചന്ദ്രഗുപ്ത മൗര്യന്റെ കൊട്ടാരത്തിലേക്ക് ഗ്രീസയച്ച പ്രതിനിധി –മെഗസ്തനീസ്. ‘മരണം ആനന്ദകരമെന്ന്’ ഇവിടത്തെ വേദജ്ഞർ പറയുന്നു. ജീവിതം അവർക്ക് മിഥ്യ, മരണത്തിനായുള്ള തയാറിപ്പ്. യവനദൂതൻ നാട്ടിലേക്കയച്ച കുറിപ്പുകൾ വായിച്ച് നടുങ്ങിയത് യവനർ മാത്രമല്ല യഹൂദികളുമാണ്. മധ്യധരണ്യാഴിക്ക് ചുറ്റിലും ആ വായനയും നടുക്കവും പരന്നു. അലക്സാൻഡ്രിയയിലെ പരീശന്മാർ മരിച്ചവരുടെ ഉയിർപ്പ് എന്ന വിശ്വാസം ഇന്ത്യരിൽനിന്ന് കടംകൊണ്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്, യഹൂദി ചരിത്രകാരൻ ​​ഫ്ലേവിയസ് ജോസഫസ്.

എബ്രായ പ്രമാണങ്ങൾക്ക് അന്യമായിരുന്ന ഈ സങ്കൽപം ക്രമേണ അതിലേക്ക് ആവാഹിക്കപ്പെടുകയായിരുന്നു. അങ്ങനെയാവണം ക്രിസ്തുവിന്റെ ഉയിർപ്പും സ്വീകാര്യമായ അവസ്ഥാന്തരമായി അവതരിക്കപ്പെട്ടത്. കുറേക്കൂടി സാധാരണതലത്തിൽ നോക്കിയാൽ തിരുശേഷിപ്പുകൾ പൂജിക്കുക, മണിമുഴക്കുക, സുഗന്ധവ്യഞ്ജനങ്ങൾ പുകക്കുക ഇത്യാദി ക്രിസ്തുവിനും നൂറ്റാണ്ടുകൾ മുമ്പേയുള്ള ഇന്ത്യൻ രീതികളാണ് പുതിയ മിശിഹാമതവും സ്വീകരിച്ചത്.

കിഴക്കുനിന്നുള്ള ഈ ബഹുതല സ്വാധീനങ്ങൾ ഇന്ന് അത്ഭുതങ്ങളുളവാക്കാം. അവിശ്വസനീയതയും. എന്നാൽ, വേദോപനിഷത്തുകൾ തർജമ ചെയ്യപ്പെട്ട 19ാം നൂറ്റാണ്ടിൽ ഇതെല്ലാം പടിഞ്ഞാറൻ ലോകം ചർച്ചചെയ്തതാണ്. അന്ന് ഇന്ത്യയിലെ മതഗ്രന്ഥങ്ങളുടെ ‘ഇവാഞ്ചലിക്കൽ ടോണി’നെപ്പറ്റി വിസ്മയം കൂറിയത് കിർകെഗാദിനെപ്പോലുള്ള ചിന്തകർ. ഈ ‘ടോണാ’ണ് ക്രൈസ്തവീയതയുടെ സെമിറ്റിക് ഭാവം ചോർത്തിക്കളഞ്ഞ് ആര്യവത്കരണം നടത്താൻ നാസികൾ വസൂലാക്കിയതും. ആ ദിശയിൽ ചരിത്രം മുന്നോട്ടുപോയില്ലെന്നു മാത്രം –ഹിറ്റ്ലറുടെ പതനത്തിന് നന്ദി.

‘ചാവുകടൽ ചുരുളുകൾ’ കണ്ടെത്തിയതോടെ മറ്റൊരു ചരിത്രവും പൊന്തിവന്നു –യെരുശലേമിന് സമീപത്തെ എസ്സേനിയൻ ജനവിഭാഗവും ബുദ്ധസന്യാസിമാരും തമ്മിലെ ഉറ്റബന്ധം. എസ്സേനിയന്മാർ പരിത്യാഗവും ദാനധർമവും ആചരിച്ചിരുന്നു, ബൗദ്ധരുടെ ആശ്രമജീവിതം പകർത്തിയിരുന്നു. യേശു അവരോട് ഇടപഴകിയിരുന്നോ? തെളിവൊന്നും ഇതുവരെ തരമായിട്ടില്ല. ഒരുവേള, ഐഹിക ജീവിതത്തിൽ തന്നെയുള്ള വിമുക്തിമോഹം രണ്ടു വ്യത്യസ്ത ദേശങ്ങളിലെ മനുഷ്യരിൽ സദൃശമായി മുളച്ചിരിക്കാം. എങ്കിലും പടിഞ്ഞാറൻ മനസ്സിലേറ്റ കിഴക്കൻകാറ്റ് നിഷേധിക്കുന്നതിൽ അർഥമില്ല –യേശു കശ്മീരിൽ വന്ന് യോഗം പഠിച്ചിരുന്നെന്ന കെട്ടുകഥ തള്ളിയാലും. അത്തരം കഥകൾകൊണ്ട് നുണക്കഥകൾ തമസ്കരിക്കപ്പെടുകയുമില്ല. പക്ഷേ ഒന്നുണ്ട് -യഹൂദികൾക്കും ക്രിസ്ത്യാനികൾക്കുമിടയിലെ സംഗതമായൊരു കാലവിടവ്. അക്കാല ചരിത്രത്തിലെ ഏതാനും നൂറ്റാണ്ടുകൾ യുക്തിസഹം വിശദീകരിക്കുന്നതിൽ ഇരുകൂട്ടർക്കുമിടയിലെ ധാരണാവൈരുധ്യം ഇന്നും നിലനിൽക്കുന്നു.

 

ബുദ്ധൻ

അതിലൊരു കെണി ഇല്ലാതില്ല. യേശുവിന് മോശയോടുള്ള കടപ്പാട് ഇന്ത്യയോടുമുണ്ടെങ്കിൽ യഹൂദി-ക്രൈസ്തവീയതക്ക് അതിന്റെ മൂല്യസഞ്ചയത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടും. യഹൂദികളോ ക്രിസ്ത്യാനികളോ അതംഗീകരിക്കുന്ന പ്രശ്നവുമില്ല. വിശേഷിച്ചും, മതപരമെന്നതിലുപരി രാഷ്ട്രീയപരമാണ് യഹൂദി-ക്രൈസ്തവീയത എന്നിരിക്കെ. മറ്റൊരു ദിശയിൽ നീട്ടരുതോ മനസ്സ്? പല പ്രവാചകർ പല കാലങ്ങളിൽ പല ദേശങ്ങളിൽ ഉയർന്നുവന്നതായിക്കൂടേ? വ്യത്യസ്ത സാമൂഹിക-സാംസ്കാരികതകളിൽ അവരുടെ ഉൾക്കാഴ്ചകൾ വ്യത്യസ്തമായിരിക്കെയും അതിനെല്ലാമൊരു ല.സാ.ഗു ഉണ്ടായിക്കൂടേ –മനുഷ്യനാണ് ആ ചിന്തയുടെയെല്ലാം കേന്ദ്രബിന്ദു എന്നിരിക്കെ? കിഴക്കും പടിഞ്ഞാറും ദിക്കുകളാണ്. സൂര്യനു നേർക്ക് ഭൂമി പിടിക്കുന്ന മുഖത്തിന്റെ ഭ്രമണവ്യതിയാനങ്ങൾക്കൊത്ത്​ ദിശ മാറിവരും. വീശ്​ എവിടന്ന് എവിടേക്കെന്നല്ല, കാറ്റ് എന്തു മാറ്റമുണ്ടാക്കുന്നു എന്നതാണ് പ്രസക്തം.

മതംമാറ്റത്തെക്കുറിച്ച രാഷ്ട്രീയ തർക്കങ്ങളിൽ വരികയില്ല, മതങ്ങൾ ഇങ്ങനെ പരസ്പരം സ്വാധീനിക്കപ്പെടുന്ന ചരിത്രം! മതങ്ങളും ഗർവുകാട്ടും ഇത്തരം പ്രമേയങ്ങളിൽ. തങ്ങളുടെ മതമാണ് ശരിയെന്ന ശാഠ്യം എല്ലാ മതങ്ങളും മുറുക്കിപ്പിടിക്കും. അതുകൊണ്ട്, ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് മാറിയാൽ തെറ്റ്, അമർഷം, പക. എല്ലാ മതങ്ങൾക്കും യോജിപ്പുള്ള ഒരു പൊതു ശത്രുവുണ്ട് –മതരഹിതർ. മാറാനുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ സ്വാഭാവിക അവകാശമാണെന്നിരിക്കെ മതാത്മകമായ മനോമാളികയൊന്നും വേണ്ടെന്നുവെക്കാനുള്ള അവകാശവും സ്വാഭാവികമല്ലേ?

അശോകനയച്ച ചരിത്രത്തിലെ ആദ്യ മിഷനറിമാരും നേരിട്ടിരിക്കും ഇമ്മാതിരി കടമ്പകൾ, അവരെ നേരിട്ടവരും. എങ്കിലും അഹിംസ, കരുണ, പരിത്യാഗം തുടങ്ങിയ പരി​വ്രാജക മൂല്യങ്ങൾ സന്നിവേശിപ്പിച്ചുകൊണ്ട് അവർ മനപ്പുരയുടെ ഭൂമിക വിസ്തൃതമാക്കി, സമൃദ്ധവും. അതൊന്നും മതങ്ങളുടെ ചരിത്രത്തിൽ രേഖപ്പെടുത്തില്ല. ചരിത്രം ചാരിതം കൂടിയാണ്​ –വാറ്റിയുണ്ടാക്കുന്നത്​.

(തുടരും)

 

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT