തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരിക്കുന്നു. എന്താണ് തമിഴ്നാട്ടിലെ രാഷ്ട്രീയത്തിന്റെ വർത്തമാന അവസ്ഥകൾ? കുടുംബവാഴ്ച തുടരുകയാണോ? ഡി.എം.കെ രാഷ്ട്രീയത്തിന്റെ ദിശ എന്താണ്? -ദീർഘകാലം ചെെന്നെയിൽ മാധ്യമപ്രവർത്തകനായിരുന്ന ലേഖകന്റെ നിരീക്ഷണങ്ങളും വിശകലനങ്ങളും. ആഴ്ചപ്പതിപ്പിൽ മുമ്പ് എഴുതിയ ശശികലയുടെയും പ്രതിപക്ഷത്തിന്റെയും വിശകലനങ്ങളുടെ മറ്റൊരു തുടർച്ചയാണ് ഇൗ ലേഖനം.
ബുദ്ധിയുള്ള മനിതരെല്ലാം വെട്രിപെറ്റതില്ലൈ
വെട്രിപെറ്റ മനിതരെല്ലാം ബുദ്ധിശാലിയല്ലൈ.
1962ല്‍ ‘അന്നൈ’ എന്ന ചിത്രത്തിനുവേണ്ടി കവി കണ്ണദാസന് എഴുതിയ ഈ വരികള്‍ ഇന്നത്തെ തമിഴകരാഷ്ട്രീയത്തിനു എന്തുകൊണ്ടും അനുയോജ്യമാണ്. “ബുദ്ധിയുള്ളവരെല്ലാം വിജയിച്ചിട്ടില്ല, വിജയിച്ചവരാകട്ടെ ബുദ്ധിശാലികളുമല്ല.” അധികാരത്തിന്റെ സോപാനങ്ങളിലേക്കുള്ള തള്ളിക്കയറ്റത്തിനിടയില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ നെടുംപുരകളില് ആടിത്തിമിര്‍ത്തവര്‍ വിജയികള്‍ മാത്രമായിരുന്നു. സമ്പത്തും കൈയൂക്കും അക്രമവുമായിരുന്നു രാഷ്ട്രീയമേലാളന്മാരുടെ മുതല്‍ക്കൂട്ട്.
സാധാരണക്കാരന്റെ ചങ്കിലുറച്ച ജനാധിപത്യവിശ്വാസത്തിന്റെ വിശുദ്ധിയിലേക്കാണ് അവര്‍ കാപട്യത്തിന്റെ ബുള്‍ഡോസറുകള്‍ പായിച്ചത്, അഴുക്കുചാലുകള്‍ ഒഴുക്കിവിട്ടത്. സ്വയംമര്യാദ (സ്വാഭിമാനം- Self-respect) എന്ന ആശയത്തിന്റെ തേരോടിച്ചാണ് ദ്രാവിഡകഴകം നേതാവായിരുന്ന പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ തമിഴ് ജനതയുടെ മനസ്സിലേക്ക് കയറിപ്പോയത്. ഇ.വി.ആറിന്റെ പിന്‍ഗാമിയായി അഭിമാനപൂര്‍വം കയറിവന്ന അണ്ണാദുരൈ മൂന്നു കൽപനകള് നല്‍കിയാണ് തന്റെ അണികളെ ബോധവത്കരിച്ചത് – കടമ, ആത്മാർഥത, അച്ചടക്കം (കടമൈ, കണ്ണിയം, കട്ടുപ്പാട്). എന്നാല്‍, ഇന്ന് ഇതൊക്കെ ദ്രവിച്ചുപോയ സംസ്കാരത്തിന്റെ പഴങ്കഥകളായി മാറിയിരിക്കുന്നു.
ഇന്ന് തമിഴകത്തിന്റെ മുഖമുദ്ര കുടുംബവാഴ്ചയാണ്. അണ്ണാദുരൈയുടെ അഭാവത്തിൽ കലൈജ്ഞർ കരുണാനിധി തുടങ്ങിെവച്ച ആ കീഴ് വഴക്കം ഇന്ന് സ്റ്റാലിന്റെ നേതൃത്വത്തിൽ അതിശക്തമായി മുന്നേറുകയാണ്. തന്റെ മകൻ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ കുടുംബവാഴ്ച തുടരാനും തന്റെ പിതാവും മുത്തച്ഛനും സംരക്ഷിച്ചുപോന്ന ചുറ്റുവട്ടങ്ങൾ അനുസ്യൂതം പരീക്ഷിക്കാനും കഴിയുന്നുണ്ട്. ഉദയനിധിയുടെ കിരീടധാരണം നടന്നതിനാൽ ഭരണചക്രം അതിന്റേതായ വഴിക്ക് ഭദ്രമായി തിരിഞ്ഞുകൊണ്ടിരിക്കുമെന്ന് സ്റ്റാലിനും കുടുംബവും കരുതുന്നുണ്ടാകും.
ജയലളിതയുടെ കാലത്ത് പാർട്ടിക്കുണ്ടായ അപചയം മേലിൽ ഉണ്ടാകാൻ പാടില്ല. കരുണാനിധിയുടെ കുടുംബം അടിച്ചമർത്തലുകളിലൂടെയും വക്രബുദ്ധികളിലൂടെയും പിടിച്ചടക്കിയ കോടിക്കണക്കായ ആസ്തികൾ നിലനിൽക്കണമെങ്കിൽ അധികാരം കുടുംബത്തിന്റെ കൈകളിൽ ഭദ്രമായിരിക്കണം. അഞ്ചു വർഷംകൊണ്ട് ജയലളിതയും ഉറ്റതോഴി ശശികലയും അവരുടെ മന്നാർക്കുടി മാഫിയയും വാരിക്കൂട്ടിയ സമ്പത്തിനേക്കാൾ നൂറു മടങ്ങാണ് തങ്ങളുടെ കുടുംബത്തിലുള്ളതെന്ന് കരുണാനിധിക്കുതന്നെ അറിയാമായിരുന്നു. തമിഴകം എന്നും ഭരണമാളുന്നവരുടെ വിളനിലമാണെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്.
ഈ സാഹചര്യത്തിൽ ഉദയനിധിയുടെ ഉപമുഖ്യമന്ത്രിപദവിക്ക് പ്രസക്തിയേറുന്നു. അതിനാൽ കിരീടധാരണം ആഘോഷമാക്കി മാറ്റാൻ മുൻകൈ എടുത്തത് അധികാരത്തിന്റെ അപ്പക്കഷണം നുണയുന്ന ഡി.എം.കെയിലെ തലമുതിർന്ന നേതാക്കൾതന്നെയാണ്. ജയലളിതയുടെ മരണശേഷം തകർന്നുവീണ എ.ഐ.എ.ഡി.എം.കെയുടെ കെട്ടുകാഴ്ചകളായിരുന്നു ഡി.എം.കെ നേതാക്കളുടെ സിരകളിൽ ആഹ്ലാദം പൂത്തുലയാൻ കാരണമായത്. ഇനിയൊരിക്കലും തലപൊക്കാനാകാത്ത വിധം പ്രതിപക്ഷം ശിഥിലമായപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും ഡി.എം.കെ ആയിരുന്നു.
ഭരണത്തിലൊന്നും കാര്യമായ പ്രാവീണ്യമില്ലാത്ത ഉദയനിധിയെ ഉപമുഖ്യമന്ത്രിക്കസേരയിൽ കയറ്റിയിരുത്തുന്നതിൽ ഭരണത്തിലുള്ളവർക്ക് അൽപംപോലും ജാള്യതയുമില്ല. എന്നാൽ, ഒന്നിലും മടികാണിക്കാത്ത മുതിർന്ന പാർട്ടിനേതാക്കളാണ് സ്റ്റാലിനെ വിഷമവൃത്തത്തിലാക്കുന്നത്. ആദർശമാണോ കുടുംബാധിപത്യമാണോ പ്രധാനം എന്ന ചോദ്യത്തിന് സ്റ്റാലിന് ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല. തന്റെ പിതാവ് നട്ടുനനച്ചു വളർത്തിയ കുടുംബമെന്ന വടവൃക്ഷം കടപുഴകിവീഴാതെ നിലനിർത്തേണ്ടത് പാർട്ടിയുടെ അധിപൻ എന്നനിലക്ക് തന്റെ കടമയാണെന്ന് സ്റ്റാലിന് നന്നായറിയാം. ജയലളിതയുടെ കാലത്തു മാത്രമാണ് കലൈജ്ഞരുടെ കുടുംബവാഴ്ചക്കു അൽപം മങ്ങലേറ്റത്. ഏതു തരത്തിലുള്ള തീരുമാനങ്ങൾക്കും ഡി.എം.കെയുടെ പിന്തുണ ഇന്ന് തനിക്കുണ്ടാകുമെന്ന് സ്റ്റാലിന് ഉറപ്പുണ്ട്.
2021 മേയ് ഏഴിന് 234ൽ 159 സീറ്റുകളും നേടി അധികാരമേൽക്കുമ്പോൾ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നീരാളിപ്പിടിത്തത്തിൽ തകർന്നുവീണ സംസ്ഥാനമായിരുന്നു എം.കെ. സ്റ്റാലിന്റെ മുന്നിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം 39 സീറ്റും കരസ്ഥമാക്കി പ്രതിപക്ഷത്തെ നിലംപരിശാക്കിയതിന് പിന്നിൽ സ്റ്റാലിന്റെ സംഘടനാശേഷിയും ഭരണനേട്ടവും തന്നെയായിരുന്നു എന്ന് വിമർശകർപോലും വിധിയെഴുതി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഒത്തുകൂടിയ ദയാനിധി മാരൻ ഉൾപ്പെടെയുള്ള സീനിയർ ഡി.എം.കെ എം.പിമാർ ഒരേ സ്വരത്തിൽ പറഞ്ഞു: “സ്റ്റാലിന്റെ പിൻഗാമി ഉദയനിധിയാണ്. കലൈജ്ഞറുടെ പേരക്കിടാവ് അടുത്ത കുടുംബാവകാശിയാകണം”. ഡി.എം.കെ സഖ്യകക്ഷികളെ മാത്രമല്ല, പ്രതിപക്ഷത്തെപ്പോലും ഈ പ്രസ്താവന അത്ഭുതപ്പെടുത്തി.
തമിഴ് സിനിമയിലെ അനേകം പുതുമുഖ നടന്മാരിൽ ഒരാളും ചുരുക്കം ചില ചിത്രങ്ങളുടെ നിർമാതാവുമായ ഉദയനിധിക്ക് രാഷ്ട്രീയവുമായി കാര്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പുത്തൻതലമുറയിലെ നടന്മാരായ വിജയിയെപ്പോലെയോ ധനുഷിനെപ്പോലെയോ തമിഴ് സിനിമയിൽ പ്രേക്ഷകശ്രദ്ധയാകർഷിക്കുന്ന നല്ലൊരു നടനാകാനും ഉദയനിധിക്ക് കഴിഞ്ഞില്ല. 2019ലാണ് ഉദയനിധി ഔദ്യോഗികമായി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഡി.എം.കെ യൂത്ത് വിങ്ങിന്റെ സെക്രട്ടറിയായി രംഗത്തു വന്ന ഉദയനിധി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതോടെ തൽക്കാലം അഭിനയം ഉപേക്ഷിച്ച് സജീവരാഷ്ട്രീയത്തിലേക്ക് എടുത്തു ചാടുന്നു. സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സംസ്ഥാനത്ത് അധികാരം നട്ടുനനച്ചു വളർത്തുന്നതാണ് നല്ലതെന്ന് തമിഴക രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ വെളിപ്പെടുത്തുന്നു.
പല തലമുതിർന്ന യുവനേതാക്കളെയും സ്റ്റാലിൻ വെട്ടിവീഴ്ത്തിയാണ് ഉദയനിധിയെ യൂത്ത് വിങ് സെക്രട്ടറിയാക്കിയതെന്ന് അന്ന് നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. 2022 ഡിസംബറിൽ യുവജനക്ഷേമ-കായികമന്ത്രിയായി കിരീടധാരണം നടന്നതോടെ ഉദയനിധി പാർട്ടിയിലെ നിർണായക ഘടകമായി മാറി. ഉപമുഖ്യമന്ത്രി പദവി കൂടി കൈവരിച്ചതോടെ ഡി.എം.കെ എന്ന ദ്രാവിഡ പാർട്ടിയുടെ അമരത്ത് സ്വന്തം പിതാവിനെപ്പോലെ കയറിപ്പറ്റാൻ എതിർപ്പൊന്നും ഉണ്ടാവില്ല. കുടുംബാധിപത്യമാണ് ഇവിടെ കാലാകാലങ്ങളായി വിതച്ചുകൊയ്യുന്നതെന്ന് പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം വിളിച്ചുകൂവുമ്പോഴും ഡി.എം.കെ നേതാക്കൾ മൗനംപാലിക്കുകയാണ്.
എതിർവശത്തുനിന്ന വരുന്ന കൂരമ്പുകളെ തടയാൻ സ്റ്റാലിനുപോലും കഴിയുന്നില്ല. ആര് അധികാരത്തിൽ വന്നാലും തങ്ങൾക്ക് കിട്ടേണ്ട എല്ലിൻകഷണം അവിടെ ഉണ്ടാകുമെന്ന് ഡി.എം.കെയിലെ സമ്പന്നരായ കുടുംബക്കാർക്ക് നന്നായി അറിയാം. ലോക്സഭയിലും രാജ്യസഭയിലുമുള്ള പ്രമുഖസ്ഥാനങ്ങളെല്ലാം കുടുംബത്തിലുള്ളവർതന്നെ വീതിച്ചെടുത്തുകഴിഞ്ഞു. അവിടെ മുൻനിര സ്ഥാനങ്ങളിൽ കനിമൊഴിയും കലാനിധിയുമൊക്കെ ഉപവിഷ്ടരായിക്കഴിഞ്ഞു. പാർട്ടിയിലെ തലമുതിർന്ന ടി. ആർ. ബാലുവിനെപ്പോലും നിഷ്കരുണം പുറംതള്ളിയാണ് സഭാകക്ഷിനേതാക്കളെ സ്റ്റാലിൻ നിയോഗിച്ചത്.
ഉദയനിധിയെ ഭാവിമുഖ്യമന്ത്രിയുടെ കസേരയിൽ ഉപവിഷ്ടനാക്കുമ്പോൾ ആദർശമല്ല, അധികാരമാണ് വലുതെന്ന കരുണാനിധിയുടെ രാഷ്ട്രീയതന്ത്രമാണ് മുഖ്യമന്ത്രി സ്റ്റാലിനും പിന്തുടരുന്നത്. പണ്ട് വി. ഗോപാലസ്വാമി (വൈകോ) തുടങ്ങിയ മുൻനിര യുവനേതാക്കളെ വെട്ടിനിരത്തിക്കൊണ്ടാണ് കരുണാനിധി സ്റ്റാലിനെ സംരക്ഷിച്ച് കുടുംബാധിപത്യത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ചത്. അവിടെയെങ്ങും സംശുദ്ധ രാഷ്ട്രീയക്കാരന്റെ മുഖം കാണാനില്ലായിരുന്നു. എം.ജി.ആറിനെ സിനിമാരംഗത്തുനിന്ന് ചവിട്ടിപ്പുറത്താക്കാൻ കരുണാനിധി ആദ്യ ഭാര്യ പത്മാവതിയിലുള്ള മകൻ എം.കെ. മുത്തുവിനെ രോമത്തൊപ്പിയുംെവച്ച് കാമറക്ക് മുന്നിൽ എത്തിച്ചത് ചരിത്രത്തിന്റെ തമാശകൾ മാത്രം (ബോക്സ് കാണുക).
പാർട്ടിയിലും സർക്കാറിലും രാഷ്ട്രീയ നിലപാടുകളിലും ഉദയനിധിയെ ഉയർത്താനുള്ള വ്യഗ്രത ശക്തമായ വെല്ലുവിളികൾ ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്. മകനെ ഉയർത്താനുള്ള എം.പിമാരുടെയും എം.എൽ.എമാരുടെയും നീക്കങ്ങളെ തുടക്കത്തിൽ സ്റ്റാലിൻ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ, സ്വന്തം കുടുംബത്തിൽനിന്നുള്ള സമ്മർദങ്ങളെ സ്റ്റാലിന് തടുക്കാനായില്ല. 2024 ആഗസ്റ്റ് 20ന് ഭരണത്തിലേറിയതിന്റെ നൂറാംനാള്‍ തികച്ചപ്പോള്‍ തന്റെ വാഗ്ദാനങ്ങളില്‍ പലതും നിറവേറ്റാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു എന്നതാണ് പല ഭരണതന്ത്രജ്ഞരെയും അത്ഭുതപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ ബാലിശമായ ആക്രമണങ്ങളെ നേരിട്ടതാകട്ടെ തന്റെ പ്രവര്‍ത്തന മികവിലൂടെയാണ്. “എന്നെ പുകഴ്ത്താനല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവിടെ അവതരിപ്പിക്കാനാണ് ജനങ്ങള്‍ നിങ്ങളെ നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്. അക്കാര്യം മറക്കരുത്” എന്ന് നിയമസഭയില്‍ സ്റ്റാലിന് നടത്തിയ പ്രസ്താവന സഭാംഗങ്ങളെപ്പോലും ഞെട്ടിച്ചുകളഞ്ഞു.
ചരിത്രത്തിന്റെ പിന്നാമ്പുറങ്ങൾ
സംഭവബഹുലമായ തമിഴ്നാട് രാഷ്ട്രീയത്തിന്റെ മുന്നില്‍ തേരോടിച്ചു കയറിയ മൂന്ന് അതിശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു തിരുക്കുവളൈ മുത്തുവേല്‍ കരുണാനിധിയെന്ന സാക്ഷാല്‍ കലൈജ്ഞര്‍ കരുണാനിധി. മുമ്പേ നടന്നവരാകട്ടെ തന്തപ്പെരിയാര്‍ ഇ.വി. രാമസ്വാമിനായ്ക്കരും അറിഞ്ഞര്‍ അണ്ണാദുരൈയുമായിരുന്നു. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂരിനു സമീപം 1924 ജൂണ്‍ മൂന്നിനു ജനിച്ച കരുണാനിധിയുടെ രാഷ്ട്രീയ വളര്‍ച്ച ആരംഭിക്കുന്നത് 1942ല്‍ അണ്ണാദുരൈയെ കണ്ടുമുട്ടുന്നതോടെയാണ്. കഴിഞ്ഞ 76 വര്‍ഷക്കാലം തമിഴ്ജനതയുടെ ജീവിതത്തില്‍ തൊട്ടുനിന്നതായിരുന്നു കരുണാനിധിയുടെ ദ്രാവിഡ മനസ്സ്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും മക്കള്‍ സ്നേഹത്തിന്റെയും പണാഭിമുഖ്യത്തിന്റെയും കെടുകാര്യസ്ഥതയുടെയുമൊക്കെ ആള്‍രൂപമെന്നു മുദ്രകുത്തി പ്രതാപവും പ്രഭാവവും മങ്ങിത്തുടങ്ങിയ കാലത്തായിരുന്നു ഈ അതികായന്റെ പതനം.
തമിഴ് പണ്ഡിതനായ മുത്തുവേലിന്റെയും അഞ്ചുകത്തിന്റെയും മകനായ കരുണാനിധി 13ാം വയസ്സിലാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പക്ഷേ, തമിഴ്നാട് രാഷ്ട്രീയത്തിന്റെ സോപാനങ്ങളില്‍ അദ്ദേഹം കയറിപ്പോയത് അണ്ണായുടെ ബലിഷ്ഠമായ കൈകൾ പിടിച്ചായിരുന്നു. എം.എല്‍.എ സ്ഥാനത്തേക്ക് മത്സരിച്ച് മൂന്നുതവണ തോറ്റെങ്കിലും ജീവിതത്തിന്റെ ഒരു ക്ലാസിലും അദ്ദേഹം തോറ്റ ചരിത്രമില്ല. മാത്രമല്ല, അതിശക്തമായ കോട്ടകള്‍ കെട്ടിപ്പിടിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയുംചെയ്തു.
പെരിയാറിന്റെ ‘കുടിയരശു’ പത്രത്തില്‍ 40 രൂപ ശമ്പളത്തില്‍ സഹപത്രാധിപരായി എത്തിയതോടെയാണ് കരുണാനിധിയുടെ ജീവിതം തമിഴകത്തിന്റെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുന്ന തമിഴകത്തിന്റെ ഗോദയില്‍ കരുണാനിധി വേരുകള്‍ സ്ഥാപിച്ചത് കലാപ്രവര്ത്തനത്തിലൂടെയായിരുന്നു. ‘രാജകുമാരി’ എന്ന ചിത്രത്തിനു സംഭാഷണമെഴുതാന്‍ അവസരം ലഭിച്ചതോടെ എം.ജി.ആറുമായുള്ള സൗഹൃദം ആരംഭിക്കുന്നു. അതാകട്ടെ, തമിഴ്ജനതക്ക് പുതിയൊരു മാനം സൃഷ്ടിക്കാന്‍ പോരുന്നതുമായി. തൂക്കുമേട എന്ന നാടകത്തിലൂടെ കലൈജ്ഞര്‍ ആയി മാറിയ കരുണാനിധി നല്ലൊരു പ്രസംഗകനുമായിരുന്നു. പെരിയാറിന്റെ ഹിന്ദിവിരുദ്ധ പ്രക്ഷോഭമാണ് കലൈജ്ഞരെ തമിഴകത്തിന്റെ മാനസപുത്രനാക്കിയത്. തുടര്‍ന്നുള്ള നിരവധി സമരങ്ങളില്‍ അദ്ദേഹം മുന്നണിപ്പോരാളിയായി.
അറിഞ്ഞര്‍ അണ്ണാദുരൈയായിരുന്നു തന്തെപ്പരിയാറില്നിന്ന് തെറ്റിപ്പിരിഞ്ഞ് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സ്ഥാപിച്ചതെങ്കിലും പ്രിയപ്പെട്ട തമ്പിയായ കരുണാമയനായ കരുണാനിധിയെ ഒപ്പംനിര്‍ത്താന്‍ അദ്ദേഹം മറന്നിരുന്നില്ല. പെരിയാറിന്റെ ദ്രാവിഡകഴകത്തിന്റെ ചരിത്രം ജസ്റ്റിസ് പാര്‍ട്ടിയുടെ കടന്നാക്രമണങ്ങളുടെ കുത്തൊഴുക്കില്നിന്നാണ് ആരംഭിക്കുന്നത്. അന്നു പെരിയാറിനൊപ്പം ഉറച്ചുനിന്നിരുന്നവർ ആയിരുന്നു അണ്ണാദുരൈയും കരുണാനിധിയും.
പെരിയാര്‍ പുത്തന്‍ തലമുറക്ക് എന്നും ആവേശമായിരുന്നു. എന്നാല്‍, പെരിയാറുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതോടെ അണ്ണാദുെരെ സ്വന്തം പാത തേടാനിറങ്ങി. തമിഴ്നാടിനെ പ്രത്യേക രാഷ്ട്രമായി മാറ്റണമെന്നായിരുന്നു അണ്ണായുടെ വാശി. പക്ഷേ, ഇന്ത്യന്‍ യൂനിയനില്‍നിന്ന് മാറുന്നതിനോടു അണ്ണായ്ക്കും സംഘത്തിനും താല്പര്യമില്ലായിരുന്നു. മാത്രമല്ല, 70 വയസ്സുള്ള പെരിയാര്‍ മകളെപ്പോലെ കരുതിയിരുന്ന, 30 വയസ്സുള്ള മണിയമ്മയെ വിവാഹം കഴിച്ചതിലും അണ്ണായ്ക്ക് അതൃപ്തിയുണ്ടായിരുന്നു. 1949ല്‍ അണ്ണാദുെരെയുടെ ദ്രാവിഡ മുന്നേറ്റ കഴകത്തിനു തുടക്കം കുറിച്ചു. പെരിയാറിനോടു താല്പര്യം കാണിക്കാത്തവര്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിലേക്ക് ചേക്കേറി. 1973ല്‍ 95ാം വയസ്സില്‍ പെരിയാര്‍ അന്തരിക്കുന്നതോടെ തമിഴകത്തിന്റെ ഒരു തീപ്പൊരി കത്തിയമർന്നു.
പെരിയാറിന്റെ കള്‍ട്ടില്‍നിന്ന് ദ്രാവിഡജനതയെ കരകയറ്റാന്‍ അണ്ണാദുെരെക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു. പെരിയാര്‍ മുന്നോട്ടുെവച്ച നിരവധി സാമൂഹിക പരിഷ്കരണശ്രമങ്ങളായിരുന്നു അണ്ണായുടെ ശക്തിയും ഊർജവും. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ രൂപവത്കരണത്തോടെ പോരാട്ടങ്ങളുടെ നാളുകളായിരുന്നു അണ്ണാദുരൈക്ക്. സിനിമയും നാടകവുമൊക്കെ പാര്‍ട്ടിയുടെ ഉയിര്ത്തെഴുന്നേൽപിന് അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. അങ്ങനെ അദ്ദേഹം ജനങ്ങളുടെ ഇടയിലേക്ക് കടന്നുവരുകയും അവരുടെ അണ്ണനായി മാറുകയുംചെയ്യുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് പെരിയാർ താൽപര്യം കാണിച്ചിരുന്നില്ല. എന്നാൽ, അധികാരമില്ലാതെ സമൂഹത്തിൽനിന്നിട്ട് കാര്യമില്ല എന്ന പക്ഷക്കാരനായിരുന്നു അണ്ണാ. 1957ലെ തെരഞ്ഞെടുപ്പോടെ അണ്ണായുടെ ഡി.എം.കെ തമിഴക രാഷ്ട്രീയത്തിന്റെ കരുത്തായിത്തീര്‍ന്നു. 1967ലെ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ വന്‍വിജയം നേടി തമിഴകത്തിന്റെ പരംപൊരുളായി മാറി. കാഞ്ചീപുരത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അണ്ണാദുരൈ തമിഴ്നാടിന്റെ ഹൃദയമറിഞ്ഞ നേതാവായിത്തീര്‍ന്നു.
3.2 ശതമാനം മാത്രമുള്ള ബ്രാഹ്മണസമുദായം വന്‍ രാഷ്ട്രീയശക്തിയായി വളരുന്നതായിരുന്നു ദ്രാവിഡ കഴകത്തെ ചൊടിപ്പിച്ചത്. മദ്രാസ് പ്രസിഡന്‍സിയിലെ ഉന്നതപദവികളെല്ലാം ബ്രാഹ്മണര്‍ കൈയടക്കി ഭരിക്കുകയായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും ഇംഗ്ലീഷിലുള്ള പരിജ്ഞാനവും അവരെ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തില്‍ മാത്രമല്ല എല്ലായിടത്തും മുന്നിലാക്കി. അന്നത്തെ ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള പട്ടിക നോക്കിയാല്‍ തന്നെ 85.6 ശതമാനമുള്ള അബ്രാഹ്മണരുടെ ദുരന്തം മനസ്സിലാക്കാം. ഹോംറൂള്‍ പ്രസ്ഥാനവും ബ്രാഹ്മണരെ സഹായിക്കുന്നതായിരുന്നു. ബ്രാഹ്മണവിരോധമായിരുന്നു ഹിന്ദിവിരുദ്ധ സമരങ്ങള്‍ക്കും ആക്കം കൂട്ടിയത്. തമിഴകത്തിന്റെ ശക്തി കണ്ടറിഞ്ഞ പോരാട്ട നായകനായ അണ്ണാ മുഖ്യമന്ത്രി ആയിരിക്കെ 1969 ഫെബ്രുവരി രണ്ടിനു അന്തരിച്ചു.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ രൂപവത്കരണത്തോടെ പോരാട്ടങ്ങളുടെ നാളുകളായിരുന്നു അണ്ണാദുരൈക്കും കരുണാനിധിക്കും. എം.ജി.ആറിനു നേരെ പ്രതിനടന് എം.ആര്. രാധ ഉതിര്‍ത്ത വെടിയുണ്ടയായിരുന്നു അന്നത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിച്ചത്. അതാകട്ടെ പുതിയ മന്ത്രിസഭക്ക് കളമൊരുക്കി. അണ്ണായുമായുള്ള കരുണാനിധിയുടെ ബന്ധം മരണം വരെ നീണ്ടു. 1969 ഫെബ്രുവരി രണ്ടിനു അണ്ണാ അന്തരിച്ചു. പിന്നീട് തമിഴകത്തിന്റെ രാഷ്ട്രീയ ഭാഗാധേയം ഏറ്റുവാങ്ങുന്നത് കലൈജ്ഞരായിരുന്നു. ഫെബ്രുവരി എട്ടിന് അദ്ദേഹം മുഖ്യമന്ത്രിയായി. തുടര്‍ന്നുള്ള കരുണാനിധിയുടെ ജീവിതം തമിഴകത്തിന്റെയും സ്വന്തം കുടുംബത്തിന്റെയും ചരിത്രമായി മാറി.
ഇരുപതാമത്തെ വയസ്സില്‍ കരുണാനിധി വിവാഹിതനായി. പത്മാവതിയായിരുന്നു വധു. ന്യൂമോണിയ ബാധിച്ച് അവര്‍ മരിച്ചു. അതിൽ എം.കെ. മുത്തു എന്ന മകൻ. 1948ല്‍ ദയാളു അമ്മയെ വിവാഹം കഴിച്ചു. അതിൽ എം.കെ. അളഗിരി, എം.കെ . സ്റ്റാലിൻ, എം.കെ. തമിഴരശു, എം.കെ. ശെൽവി എന്നീ നാല് മക്കൾ. മൂന്നാമതു രാജാത്തി അമ്മാളിനെ വിവാഹം കഴിച്ചു. അതിൽ കനിമൊഴി എന്ന മകൾ. മൂന്നു ഭാര്യമാരിലും കൂടി ആറ് മക്കൾ. മക്കളും മരുമക്കളും അടങ്ങുന്ന വലിയ കുടുംബത്തെ സംരക്ഷിക്കുകയും അവരെ വ്യവസായങ്ങളുടെ ഉന്നതങ്ങളിൽ എത്തിക്കേണ്ട ബാധ്യതയും കരുണാനിധിക്കായി. കുടുംബത്തിന്റെ എല്ലാ അഴിമതിക്കും കരുണാനിധിക്കു കൂട്ടുനിൽക്കേണ്ടിവന്നു എന്നതാണ് തമിഴകത്തിന്റെ ദുര്യോഗം. കുടുംബത്തെ രക്ഷിക്കാൻ കാലാകാലങ്ങളിൽ പാർട്ടിയിലെ ശക്തരായ പലരെയും കരുണാനിധിക്ക് വെട്ടിനിരത്തേണ്ട സാഹചര്യവും ഉണ്ടായി. അതിലൊരാളായിരുന്നു വൈകോ എന്ന വൈ ഗോപാലസ്വാമി.
1978ല്‍ മധുരയിൽ നടന്ന പാർട്ടി പൊതുയോഗത്തിലാണ് ട്രഷറർ ആയിരുന്ന പുരട്ച്ചിത്തലൈവർ എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള സ്വരച്ചേര്‍ച്ച പ്രകടമാകുന്നത്. എം.ജി.ആറുമായുള്ള സംഘര്‍ഷം കരുണാനിധിയില്‍ ശത്രുത പാകി. പാര്‍ട്ടിയില്‍ പോരു മുറുകി. കരുണാനിധി എം.ജി.ആറിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നു. അദ്ദേഹം എ.ഡി.എം.കെ (അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) എന്ന പാര്‍ട്ടിയുമായി രംഗത്തുവന്നു. (സത്യാ ഗാർഡനിൽ െവച്ച് ജയലളിതയോട് കരുണാനിധി മോശമായി പെരുമാറിയതിന്റെ പേരിലാണ് കരുണാനിധിയും എം.ജി.ആറും തമ്മിലുള്ള ബന്ധം തകർന്നതെന്ന് അന്നൊക്കെ ചില കൊട്ടാരംവിദൂഷകർ പാടിനടന്നിരുന്നത്രേ!) എം.ജി.ആറിനെ സിനിമയില്‍നിന്നു പുകച്ചു പുറത്തു ചാടിക്കാനുള്ള അടവുകള്‍ വരെ നോക്കി കലൈജ്ഞര്‍. മകന് മുത്തുവിനെ നായകനാക്കി സിനിമ നിർമിക്കാന്‍ വരെ അദ്ദേഹം തയാറായി (ബോക്സ് കാണുക).
കരുണാനിധിയുടെ കണക്കുകൂട്ടലുകള്‍ ആദ്യമായി തെറ്റിച്ചത് എം.ജി.ആറായിരുന്നു. അനിഷേധ്യ നേതാവായി എം.ജി.ആര് ജനഹൃദയങ്ങളില്‍ വേരുറച്ചു. എം.ജി.ആറിനെതിരെ കരുണാനിധി നടത്തിയ ഗൂഢതന്ത്രങ്ങളൊക്കെ തിരിഞ്ഞടിക്കുകയായിരുന്നു. കലൈജ്ഞറുടെ ചാണക്യബുദ്ധി വിലപ്പോയില്ല. തമിഴ്നാടിന്റെ രാഷ്ട്രീയചരിത്രം മാറിമറിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്മാറ്റങ്ങള്ക്ക് സാക്ഷ്യം വഹിച്ചതായിരുന്നു തുടര്‍ന്നുള്ള വര്‍ഷങ്ങള്‍. 1976ല്‍ ഡി.എം.കെ സര്‍ക്കാറിനെ കേന്ദ്രം പിരിച്ചുവിട്ടു. കരുണാനിധിയുടെ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് 1977ലെ തെരഞ്ഞെടുപ്പില്‍ എം.ജി.ആറിന്റെ പാര്‍ട്ടി വന്‍ വിജയം നേടി അധികാരത്തിലേറി. കൂട്ടുകെട്ടുകള്‍ മാറിവന്നു. കലൈജ്ഞര്‍ ഇന്ദിര ഗാന്ധിയുമായി സഖ്യമുണ്ടാക്കി. 1980ലെ തോൽവി കരുണാനിധിയെ നിരവധി പാഠങ്ങള്‍ പഠിപ്പിച്ചു. 81ല്‍ ശ്രീലങ്കന്‍ തമിഴര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ കരുണാനിധി പ്രതിഷേധിച്ചു. ജയിലിലായി.
1983ല്‍ ശ്രീലങ്കയില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ദ്രാവിഡ കക്ഷികള്‍ക്ക് അതൊരു സുവര്‍ണാവസരമായിരുന്നു. 1984ല്‍ എം.ജി.ആര് രോഗബാധിതനായി. ആശുപത്രിക്കിടക്കയില്നിന്നും മത്സരിച്ച എം.ജി.ആര് വന്‍വിജയം നേടിയപ്പോള്‍ കരുണാനിധിയുടെ സര്‍വ പ്രതീക്ഷകളും മങ്ങി. 1987 ഡിസംബര്‍ 24നു എം.ജി.ആര് അന്തരിച്ചു. മരണവീട്ടില്പോലും കരുണാനിധിയെ പ്രവേശിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. എം.ജി.ആര് എന്ന വിസ്മയത്തിന്റെ അന്ത്യം കരുണാനിധിയുടെ ആശ്വാസമായിരുന്നു. കാരണം, എം.ജി.ആറിന്റെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത തലപൊക്കി. കരുണാനിധി അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി. ഒരു ദേശീയ നേതാവായി അദ്ദേഹം ഉയരുകയായിരുന്നു. താമസിയാതെ എം.ജി.ആറിന്റെ രാഷ്ട്രീയതട്ടകം കൈവശപ്പെടുത്തിക്കൊണ്ട് ജയലളിത രംഗത്തു വന്നു. പിന്നീടുണ്ടായതെല്ലാം സമീപകാല ചരിത്രങ്ങള്‍.
കലൈജ്ഞര്‍ കരുണാനിധി തമിഴ്നാടിന്റെ കരുത്തായി. മക്കളും മരുമക്കളും ചെറുമക്കളുമൊക്കെ പലതരത്തില്‍ വളരാന്‍ തുടങ്ങി. താന്‍ സൂക്ഷിച്ച സത്യധർമങ്ങള് ഒന്നൊന്നായി കൊഴിഞ്ഞുവീണു. പാര്‍ട്ടിയെന്നത് കുടുംബസ്വത്തായി. 2ജി സ്പെക്ട്രത്തിന്റെ പേരില്‍ പാർട്ടി ആടിയുലഞ്ഞു. കലൈജ്ഞർ ടി.വിയിൽ 20 ശതമാനം ഷെയർ കനിമൊഴിക്കും 60 ശതമാനം ചിറ്റമ്മ ദയാളു അമ്മക്കും ഉണ്ടെന്ന് സി.ബി.ഐ ഫയൽ ചെയ്ത് ചാർജ്ഷീറ്റിൽ കണ്ടെത്തി. കോടികളാണ് പല കമ്പനികളിൽനിന്ന് കലൈജ്ഞർ ടി.വിയിൽ എത്തിയതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
എ. രാജയും കനിമൊഴിയും ജയിലിലായി. അഴിമതിയുടെ കെട്ടുകള്‍ പുറത്തായപ്പോള്‍ ഒരിക്കലും അധികാരത്തിലെത്തുമെന്നു പ്രതീക്ഷിക്കാത്ത എം.ജി.ആറിന്റെ നിഴലും വെളിച്ചവുമായി നിന്നിരുന്ന കുമാരി ജയലളിത വീണ്ടും സെന്റ് ജോര്‍ജ് ഫോര്‍ട്ടിലെത്തി. മക്കളോടും മരുമക്കളോടും ചെറുമക്കളോടും അടുത്ത ബന്ധുക്കളോടുമുള്ള സ്നേഹമാണ് കരുണാനിധിയെ പ്രതിബദ്ധരാഷ്ട്രീയത്തില്നിന്നകറ്റിയത്. അധികാരത്തിന്റെ മുന്നില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയാറായിരുന്നില്ല.
എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും കുടുംബാധിപത്യം നിലനിർത്താനും കുടുംബക്കാരെ അധികാരത്തിന്റെ മുന്നണിയിൽ അവരോധിക്കാനും കുടുംബനാഥൻ മടിച്ചിട്ടില്ല. കരുണാനിധിയുടെ സഹോദരീ ഭർത്താവായ മുരശൊലിമാരന്റെ മരണശേഷം മകൻ ദയാനിധിമാരനെ കേന്ദ്രമന്ത്രിയായി ഡൽഹിയിൽ വാഴിക്കാൻ കരുണാനിധിക്ക് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ഒരിക്കൽ ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയായും മറ്റൊരിക്കൽ ടെക്സ്റ്റൈൽ മന്ത്രിയായും രംഗത്ത് നിറഞ്ഞാടി.
അഞ്ച് തവണ എം.എൽ.എയായ എം.കെ. സ്റ്റാലിനാണ് ഇപ്പോഴത്തെ നായകൻ. മൂത്തമകൻ എം.കെ. അഴഗിരി കേന്ദ്രത്തിലെ കെമിക്കൽ മന്ത്രിയായിരുന്നു. മകൾ കനിമൊഴി ലോക്സഭാംഗം. മറ്റൊരു അനന്തരവൻ കലാനിധിമാരൻ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടി.വി നെറ്റ് വർക്കായ സൺ പിക്ചേഴ്സിന്റെയും മുൻനിര സിനിമാ നിർമാണ കമ്പനിയുടെയും ഉടമയാണ്. മൂന്നാമത്തെ തലമുറയിലെ അരുവിൾ ദയാനിധി, ദയാനിധി അഴഗിരി, ഉദയനിധി സ്റ്റാലിൻ എന്നിവർ സിനിമാ നിർമാണ രംഗത്ത് സജീവമാണ്. 1996ൽ സ്റ്റാലിൻ ചെന്നൈയുടെ 44ാമത്തെ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാലാമത്തെ തവണ എം.എൽ.എ ആയപ്പോൾ 2009ൽ െഡപ്യൂട്ടി മുഖ്യമന്ത്രിയുമായി.
മുരശൊലിമാരന്റെ മക്കളെ അതിരുവിട്ടു സഹായിച്ചതിന്റെ പേരിൽ തുടക്കം മുതൽ കരുണാനിധിയെ ഒറ്റപ്പെടുത്തുന്നവരുണ്ട്. മാരന്മാരുടെ സാമ്പത്തിക നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ കരുണാനിധിയുടെ മക്കൾ വളരെ പിന്നിലാണ് എന്ന് കുടുംബത്തിലുള്ളവർപോലും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഒരിക്കൽ കലാനിധിമാരൻ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിൽ ഇരുപതാമത്തെ ബിസിനസുകാരനായി ഫോർബ്സ് കണ്ടെത്തിയിരുന്നു. കലാനിധി മാരന്റെ ‘ദിനകരൻ’ പത്രത്തിൽ വന്ന ഒരു അഭിപ്രായ സർവേയുടെ പേരിൽ കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെട്ട കലാനിധി ഒന്നര വർഷത്തിനുശേഷം വീണ്ടും മന്ത്രിയായി (ബോക്സ് കാണുക).
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പ്രധാനമായും ഉയർത്തിക്കാട്ടിയത് ഡി.എം.കെയിലെ അഴിമതിയെക്കുറിച്ചാണ്. ഡി.എം.കെ ഫയൽസ് എന്ന പേരിൽ പുറത്തിറക്കിയ വിവരങ്ങളിൽ ഡി.എം.കെ കുടുംബത്തിലെ അംഗങ്ങൾ നടത്തിയ അഴിമതിക്കഥകൾ നിരത്തിയിരുന്നു. ഡി.എം.കെയിലെ 13 അംഗങ്ങൾക്ക് 1.34 ലക്ഷം കോടിയുടെ ആസ്തിയുണ്ടെന്നാണ് ബി.ജെ.പി കണ്ടെത്തിയത്.
മുൻ ധനമന്ത്രി പഴനിവേൽ ത്യാഗരാജന്റെ പേരിൽ പ്രചരിച്ച ഓഡിയോ ക്ലിപ്പിൽ ഡി.എം.കെയെ ഭരിക്കുന്നത് ഉദയനിധിയും സ്റ്റാലിന്റെ മരുമകൻ വി. ശബരീശനുമാണെന്ന് പറയുന്നുണ്ട്. ധനമന്ത്രി സ്ഥാനം നഷ്ടപ്പെട്ട പളനിവേൽ ആ ശബ്ദരേഖ വ്യാജമാണെന്ന് പ്രസ്താവിച്ചിരുന്നു. തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങളെ തട്ടിത്തകർത്തു തരിപ്പണമാക്കി മുന്നേറാനും കുടുംബ സമ്പത്തും സ്ഥാനമാനങ്ങളും സംരക്ഷിക്കാനും തനിക്കാവുമെന്ന് കരുണാനിധി തെളിയിച്ചിരുന്നു. അതാവർത്തിക്കുക മാത്രമാണ് സ്റ്റാലിന് ചെയ്യാനുള്ളത്. പണത്തിനു മേൽ റോക്കറ്റും പറക്കില്ല എന്നാണല്ലോ പുതുമൊഴി.
മാരന്മാർ നാടകമേ ഉലകം
അഴിമതിയുടെ കാര്യത്തിൽ കുടുംബം ഒറ്റക്കെട്ടാണെങ്കിലും അധികാരത്തിന്റെയും സമ്പത്തിനോടുള്ള ആർത്തിയുടെയും പേരിലുള്ള അവരുടെ വടംവലികൾ കുപ്രസിദ്ധമാണ്. ഏറ്റവും കാതലായ അധികാരസാമ്രാജ്യത്തിലേക്ക് മക്കളെയും മരുമക്കളെയും ചെറുമക്കളെയുമൊക്കെ കൈപിടിച്ചു ഉയർത്തുമ്പോഴും ഒന്നും മതിവരാത്തവരാണ് ഒപ്പംനിൽക്കുന്നവരെന്ന് കരുണാനിധിക്ക് അറിയാമായിരുന്നു. അടിസ്ഥാന വിദ്യാഭ്യാസമോ ഭാഷാപരിചയമോ ഇല്ലാത്ത, മുഷ്ടിമിടുക്ക് മാത്രം കൈമുതലായ മൂത്തമകൻ അഴഗിരിയെ കേന്ദ്രമന്ത്രിക്കസേരയിൽ കയറ്റിയിരുത്താൻ വ്യഗ്രത കാണിച്ച പിതാവ് ജനാധിപത്യത്തിന്റെ മര്യാദകളെയാണ് കാറ്റിൽ പറത്തിയത്. ലോക്സഭാ സ്പീക്കർ ക്ഷണിച്ചിട്ടുപോലും ഒരക്ഷരം മിണ്ടാൻ കഴിയാതെ തടിതപ്പിയ സീനിയർ മന്ത്രിയായിരുന്നു അഴഗിരി എന്ന് ഡൽഹിയിലെ മാധ്യമങ്ങൾപോലും കൊട്ടിഗ്ഘോഷിച്ചു.
പാർട്ടിക്കുവേണ്ടി സൺ നെറ്റ് വർക്ക് സാമ്രാജ്യത്തിലൂടെ വൻപ്രചാരണം നടത്തുമ്പോഴും കരുണാനിധിയും മാരൻ സഹോദരന്മാരുമായി നല്ല ബന്ധമായിരുന്നില്ല പുലർത്തിയിരുന്നത്. 2006ൽ കമ്പനിയായി ‘സൺ ടി.വി’ മാറിയപ്പോൾ കുടുംബത്തിലുള്ളവരുടെ ഓഹരികളെല്ലാം കലാനിധിമാരൻ വാങ്ങിക്കൂട്ടിയത് സംശയങ്ങൾക്ക് കാരണമായി. തുടർന്നാണ് മാരൻ സഹോദരങ്ങളും കരുണാനിധി സംഘവും തമ്മിലുള്ള പോരാട്ടം ആരംഭിക്കുന്നത്.
2007 മേയ് ഒമ്പതിന് കലാനിധിയുടെ ഉടമസ്ഥതയിലുള്ള ‘ദിനകരൻ’ പത്രത്തിൽ ഒരു അഭിപ്രായ സർവേ വന്നതോടെ ദ്രാവിഡ കഴകത്തിന്റെ അടിത്തറ ആടാൻ തുടങ്ങി. കരുണാനിധിക്ക് ശേഷം ആരായിരിക്കും അമരത്തെത്തുക? മാരൻസംഘത്തിന്റെ സർവഗൂഢതന്ത്രങ്ങളും ആ സർവേ പുറത്തു കൊണ്ടുവന്നു. സർവേയിൽ പങ്കെടുത്ത 70 ശതമാനം പേർ സ്റ്റാലിനെ പിന്തുണച്ചപ്പോൾ അഴഗിരിക്കു രണ്ടു ശതമാനം മാത്രമാണ് വോട്ടു ചെയ്തത്. എന്നാൽ ഈ സർവേക്ക് മൂന്നുദിവസം മുമ്പ് പ്രസിദ്ധീകരിച്ച ഒരു സർവേയിൽ ഡൽഹിയിൽ ഏറ്റവും സ്വാധീനവും ശക്തിയുമുള്ള തമിഴ് മന്ത്രി ദയാനിധിമാരനാണെന്ന് ‘ദിനകരൻ’ കണ്ടെത്തി. കോൺഗ്രസ് മന്ത്രി ചിദംബരത്തെപ്പോലും പിന്തള്ളിയാണ് സർവേ ഫലം വെളിച്ചം കണ്ടത്.
മാരന്മാർക്ക് പൊതുജന പിന്തുണയില്ലെന്ന് കരുണാനിധിക്ക് അറിയാമായിരുന്നു. അത്തരത്തിലുള്ള അഭിപ്രായ സർവേകൾ സംഘടിപ്പിച്ച് പ്രസിദ്ധീകരിച്ചാൽ അത് പാർട്ടി അണികളിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്ന് കരുണാനിധി മുന്നറിയിപ്പ് നൽകിയിരുന്നു. നൂറുകണക്കിന് ഡി.എം.കെ പ്രവർത്തകർ ‘ദിനകരന്റെ’ മധുര ഓഫിസിൽ ഇരച്ചുകയറി പെട്രോൾബോംബുകൾ എറിഞ്ഞു. ന്യൂസ്റൂം അഗ്നിക്കിരയായി. രണ്ടു പത്രപ്രവർത്തകരും സെക്യൂരിറ്റി ഗാർഡും അഗ്നിയിൽ വെന്തു ചാമ്പലായി. അഴഗിരിയാണ് അക്രമം സൃഷ്ടിച്ചതെന്നു തെളിവുകൾ സഹിതം കലാനിധി മാരൻ പ്രസ്താവിച്ചു.
കരുണാനിധി മാരന്മാരെ വെട്ടിവീഴ്ത്താൻതന്നെ തീരുമാനിച്ചു. പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ ദയാനിധിമാരനെ കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കുന്നു. മാരന്റെ ‘സൺ ടി.വി’ക്ക് ബദലായി ‘കലൈജ്ഞർ ടി.വി’ ആരംഭിക്കാൻ കരുണാനിധി സർക്കാർ ഉത്തരവിറക്കുന്നു. മാരന്റെ കേബിൾ വിതരണ ശൃംഖല തകർക്കാനായി സർക്കാറിന്റെ കീഴിൽ അരശു കേബിൾ എന്ന സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നു.
മുരശൊലി മാരനും ദയാനിധിമാരനും കരുണാനിധിയോടൊപ്പം
2008 നവംബറിൽ മുരശൊലി പത്രത്തിൽ കരുണാനിധി എഴുതി: ‘‘മാരന്മാർ എന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കയാണ്.” ‘സൺ ടി.വി’യുടെ ഷെയറുകൾ മടക്കിവാങ്ങി തങ്ങളെ കബളിപ്പിക്കുകയും ചെയ്തു എന്നും കരുണാനിധി ആരോപിച്ചു. എന്നാൽ, തകർന്ന ആ ബന്ധം ഒന്നര വർഷത്തിനുള്ളിൽ വീണ്ടും സജീവമായി അരക്കിട്ടുറപ്പിച്ചു. മാരന്മാർ കരുണാനിധിയുടെ കാൽക്കൽ വീണ് മാപ്പു പറയുന്നു. അവർ ആറ് ബില്യൺ കരുണാനിധിയുടെ ഭാര്യമാർക്കു കൊടുത്തു എന്ന് ഡൽഹിയിലെ ചില പത്രങ്ങൾ എഴുതി. എന്നാൽ, ഡി.എം.കെ അതിനെതിരെ പ്രതികരിച്ചില്ല. വൻ സാമ്പത്തികാടിത്തറയും ടെലിവിഷൻ പവറും ആർത്തിയും വിപ്ലവവീര്യവും ഡൽഹിയിലെ വമ്പിച്ച രാഷ്ട്രീയ സ്വാധീനവും പലപാട് ആവർത്തിക്കാൻ തുടങ്ങി.
തുടർന്ന് ദയാനിധി മാരൻ വീണ്ടും കേന്ദ്രമന്ത്രിസഭയിൽ ഉപവിഷ്ടനാകുന്നു. കലാനിധിമാരൻ ഏഷ്യയിലെ ഏറ്റവും വലിയ, ആദായകരമായ നെറ്റ് വർക്കിന്റെ അധിപനായി തുടരുന്നു. മുൻ ഡി.എം.കെ മന്ത്രിയെ കൊലപ്പെടുത്തിയ അഴഗിരിയുടെ പേരിലുള്ള കേസുകൾ കോടതികളിൽ അന്യമാകുന്നു. അഴിമതിയുടെ മഹാസാമ്രാജ്യം വെള്ളപൂശുന്ന തിരക്കിലായി ദ്രാവിഡമക്കൾ.
എം.കെ. മുത്തു എം.ജി.ആറിന്റെ കുപ്പായം
ശത്രുവിനെ വെട്ടിവീഴ്ത്താൻ എന്തൊക്കെ അടവുകളും ഗൂഢതന്ത്രങ്ങളും പ്രയോഗിക്കാം? ഇതൊന്നും ദ്രാവിഡപ്പെരുമാളായ കരുണാനിധിക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. എം.ജി. രാമചന്ദ്രൻ പാർട്ടിയെ ഇടംകാൽകൊണ്ട് തൊഴിച്ചു പുറത്താക്കി മധുരവേദിയിൽ നിന്നിറങ്ങിപ്പോകുമ്പോൾ ഏതൊക്കെ വിധത്തിൽ ആക്രമിക്കാമോ എന്ന ചിന്തയിലായിരുന്നു കാരണവർ. സിനിമയിൽ കത്തിനിൽക്കുന്ന വേളയിലാണ് പാർട്ടിയിലെ കണക്ക് ചോദിച്ചതിന്റെ പേരിൽ എം.ജി.ആറിനെ കരുണാനിധി നിഷ്കരുണം പുറത്താക്കുന്നത്. പുതിയ പാർട്ടി ഉണ്ടാക്കി തന്റെ നിലനിൽപിനെത്തന്നെ വെല്ലുവിളിച്ച എം.ജി.ആറിനെ അഭിനയരംഗത്തുനിന്ന് ഔട്ടാക്കാൻ തന്റെ ആദ്യഭാര്യ പത്മാവതിയുടെ മകൻ എം.കെ. മുത്തുവിനെത്തന്നെ രംഗത്തിറക്കുന്നു. രാഷ്ട്രീയത്തിൽ താൽപര്യം കാണിക്കാത്ത മുത്തുവിനെ സിനിമയിൽ എത്തിച്ചാൽ അത് എം.ജി.ആറിന്റെ ചലച്ചിത്രജീവിതത്തെ തവിടുപൊടിയാക്കാൻ കഴിയുമെന്ന് ചാണക്യബുദ്ധിയുള്ള കലൈജ്ഞർ കരുതിയതിൽ തെറ്റില്ല. ‘പരാശക്തി’ മുതലുള്ള തന്റെ സിനിമാചരിത്രത്തിലൂടെ സഞ്ചരിച്ച അദ്ദേഹം സിനിമയാണ് മുത്തുവിന് അനുയോജ്യമെന്ന് വിധിക്കുന്നു. മുഖ്യമന്ത്രി എന്ന നിലക്ക് തന്റെ സ്വാധീനം ഉപയോഗിച്ച് മുത്തുവിന്റെ സിനിമകളെ മാർക്കറ്റിൽ എത്തിക്കാനും കഴിയും.
എം.ജി.ആർ അഭിനയിക്കുന്നതുപോലുള്ള വേഷങ്ങളായിരുന്നു മുത്തുവിനു വേണ്ടി പിതാവ് കണ്ടെത്തിയത്. ഫർതൊപ്പിയും െവച്ച് ഉലകംചുറ്റും വാലിബൻ പോലുള്ള കഥാപാത്രങ്ങൾ മുത്തുവിന് യോജിക്കുന്നതായിരുന്നില്ല. 55 വയസ്സുള്ള എം.ജി.ആർ അന്ന് പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കാലം. ‘പിള്ളയോ പിള്ളൈ’, ‘പൂക്കാരി’, ‘ചമയൽക്കാരൻ’, ‘അണയാവിളക്ക്’, ‘നമ്പിക്കൈ നച്ചത്രം’, ‘ഇങ്കേയും മനിതർകൾ’, ‘എല്ലാം അവളേ’ തുടങ്ങിയ ഏഴോളം ചിത്രങ്ങളിൽ മുത്തു പല വേഷങ്ങൾ കെട്ടിയാടി. സ്റ്റണ്ട് ചെയ്തു. വില്ലന്മാരെ ഇടിച്ചു പപ്പടമാക്കി. പാട്ടുകൾ പാടി മരംചുറ്റി നായികമാരോടൊപ്പം ഓടിനടന്നു. പ്രേക്ഷകർക്ക് മനസ്സിലാകാത്ത തമാശകൾ പറഞ്ഞു. ഒരുവിധം ആകാരസൗന്ദര്യമുണ്ടായിട്ടും ജനങ്ങളെ ആകർഷിക്കാൻ മുത്തുവിന്റെ ചിത്രങ്ങൾക്കായില്ല. ‘അടുത്ത എം.ജി.ആർ,’ ‘എം.ജി.ആറിനൊപ്പം സുന്ദരൻ’ തുടങ്ങിയ വിശേഷണങ്ങൾ വമ്പൻ കട്ടൗട്ടുകളിൽ നിരന്നു. ചിത്രങ്ങൾ ബോക്സോഫിസിൽ പരാജയപ്പെട്ടു. പ്രേക്ഷകർ തിയറ്ററിൽ കൂവിവിളിച്ചു.
കുഞ്ഞായിരിക്കുമ്പോൾ അമ്മ മരിച്ചുപോയ മുത്തുവിന് നഷ്ടപ്പെട്ടത് മാതൃസ്നേഹമായിരുന്നു. രാഷ്ട്രീയത്തിന്റെ തിരക്കുള്ള പിതാവിന് മകനെ സ്നേഹിക്കാനുള്ള സമയവും ഇല്ലായിരുന്നു. രണ്ടാമത്തെ വിവാഹത്തിൽ കരുണാനിധിക്ക് കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അനാഥനെപ്പോലെ കുടുംബത്തിൽ കഴിയേണ്ടിവന്ന ഒരു പയ്യന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. സിനിമയെല്ലാo ഉപേക്ഷിച്ച മുത്തു ജീവിക്കാൻ പലവേഷങ്ങൾ കെട്ടേണ്ടിവന്നു.
ജീവിതത്തിൽ സഹോദരങ്ങളുടെ സഹായംപോലുമില്ലാതായിത്തീർന്ന മുത്തു മദ്യത്തിന് അടിമയായി. സ്വന്തം പിതാവിനോടുള്ള വിദ്വേഷം കാരണം എം.ജി.ആറിന്റെ എ.ഐ.എ.ഡി.എം.കെയിൽ ചേരാൻവരെ ആലോചിച്ചു. എം.ജി.ആറിനു ശേഷം കരുണാനിധിയെ ഇകഴ്ത്താൻ ജയലളിത മുത്തുവിനെ ഉപയോഗിച്ചു. തെരുവിൽ അലഞ്ഞുതിരിയുന്ന മുത്തുവിനെ ആയിരുന്നു ജയലളിത നോട്ടമിട്ടത്. അന്ത്യനാളുകളിൽ കരുണാനിധി മുത്തുവിനെയും രണ്ടു മക്കളുള്ള കുടുംബത്തെയും സംരക്ഷിക്കാൻ മുന്നോട്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.