സ്റ്റാർട്ട്, ആക് ഷൻ, കാമറ! (പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ)

തമിഴ്​നാട്ടിൽ പുതിയ രാഷ്​ട്രീയ പാർട്ടി രൂപവത്കരിക്കപ്പെട്ടിരിക്കുന്നു -നടൻ വിജയി​യുടെ തമിഴക വെട്രി കഴകം. എന്താവും വിജയി​യുടെ രാഷ്ട്രീയഭാവി? എന്താണ്​ പുതിയ പാർട്ടി രൂപവത്കരണത്തിലൂടെ സംഭവിക്കുക? -മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലേഖക​ന്റെ വിശകലനം. ഒരു തട്ടുപൊളിപ്പൻ തമിഴ് മസാല സിനിമയുടെ വർണപ്പകിട്ടാണ് നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) വിക്രവാണ്ടി മഹാസമ്മേളന വേദിയിൽ കാണാനായത്. ഒക്ടോബർ 27ന് ലക്ഷങ്ങളെ സാക്ഷിയാക്കി ദളപതി വിജയ് തന്റെ രാഷ്ടീയ പാർട്ടിക്ക് തുടക്കംകുറിച്ചപ്പോൾ തമിഴകത്തെ അധികാരകേന്ദ്രങ്ങളിൽ കൊച്ചുകൊച്ചു ഭൂകമ്പങ്ങൾ ഉടലെടുത്തു. തങ്ങളുടെ...

തമിഴ്​നാട്ടിൽ പുതിയ രാഷ്​ട്രീയ പാർട്ടി രൂപവത്കരിക്കപ്പെട്ടിരിക്കുന്നു -നടൻ വിജയി​യുടെ തമിഴക വെട്രി കഴകം. എന്താവും വിജയി​യുടെ രാഷ്ട്രീയഭാവി? എന്താണ്​ പുതിയ പാർട്ടി രൂപവത്കരണത്തിലൂടെ സംഭവിക്കുക? -മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലേഖക​ന്റെ വിശകലനം. 

ഒരു തട്ടുപൊളിപ്പൻ തമിഴ് മസാല സിനിമയുടെ വർണപ്പകിട്ടാണ് നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) വിക്രവാണ്ടി മഹാസമ്മേളന വേദിയിൽ കാണാനായത്. ഒക്ടോബർ 27ന് ലക്ഷങ്ങളെ സാക്ഷിയാക്കി ദളപതി വിജയ് തന്റെ രാഷ്ടീയ പാർട്ടിക്ക് തുടക്കംകുറിച്ചപ്പോൾ തമിഴകത്തെ അധികാരകേന്ദ്രങ്ങളിൽ കൊച്ചുകൊച്ചു ഭൂകമ്പങ്ങൾ ഉടലെടുത്തു. തങ്ങളുടെ നിലപാടുകളുടെ അടിത്തറയിൽ വിള്ളലുകൾ സൃഷ്ടിക്കുമോ എന്നുപോലും ഭരണവേതാളങ്ങൾ ഭയപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വില്ലുപുരത്തെ വിക്രവാണ്ടിയിലെത്തിയ ലക്ഷക്കണക്കിന് സാധാരണക്കാർ ഈ നടനിൽനിന്ന് എന്താണ് പ്രതീക്ഷിച്ചതെന്ന് വ്യക്തമായിരുന്നില്ല. രാഷ്ട്രീയ ചൂഷണങ്ങളാൽ ദരിദ്രമായിപ്പോയ തങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഈ ദളപതിക്കാവുമോ? അവരുടെ മുഖങ്ങളിൽ ദയനീയതയിൽ കുതിർന്ന ആ ചോദ്യം ഉയർന്നുനിന്നു.

പക്ഷേ, വിജയ് വോട്ടറന്മാരെ വശീകരിക്കാൻ നടത്തിയ വാചകക്കസർത്തുകൾ സ്വന്തം ചിത്രങ്ങളിൽ വിളക്കിച്ചേർത്തവയിൽനിന്ന് വ്യത്യസ്തമായിരുന്നില്ല. മറ്റ് രാഷ്ടീയ കക്ഷികളുടെ ആശയങ്ങളിൽനിന്ന് വേറിട്ട് സഞ്ചരിക്കാൻ ബോധപൂർവമായ ഒരു ശ്രമം ദളപതിയിൽ കാണാമായിരുന്നു. സാധാരണ വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ചെത്തുന്ന തമിഴകത്തെ നേതാക്കളിൽനിന്ന് വിഭിന്നമായിരുന്നു വിജയിയുടെ വേഷം.

കോടിക്കണക്കിന് പ്രതിഫലം വാങ്ങുന്ന ഒരു ചലച്ചിത്ര താരം സാധാരണ പാന്റും ഷർട്ടും ധരിച്ച് വിലക്കുറഞ്ഞ ചപ്പലുമായി വേദിയിൽ എത്തിയപ്പോൾ അവിടെക്കൂടിയ സാധാരണ ജനങ്ങൾ അത്ഭുതപ്പെട്ടു. അവർ ആർപ്പുവിളിച്ചു ദളപതിയെ എതിരേറ്റു. നൂറടി ഉയരമുള്ള കൊടിമരത്തിലാണ് പാർട്ടിയുടെ പതാക ഉയർന്നത്. നാലുമണിക്ക് എത്തിയ വിജയ് വേദിക്കു സമീപമുള്ള റാംപിലൂടെ നടന്ന് ആരാധകരെ ആശീർവദിക്കുകയും അഭിനന്ദിക്കുകയുംചെയ്തു. ആറായിരം പൊലീസുകാരും 22 ആംബുലൻസും 18 മെഡിക്കൽ ടീമുകളും വേദിക്ക് സമീപം സജ്ജമായിരുന്നു.

സെക്രട്ടേറിയേറ്റ് ആസ്ഥാനമായ സെന്റ് ഫോർട്ടിന്റെ ആകൃതിയിലുള്ള സമ്മേളനപ്പന്തലിന്റെ കവാടത്തിൽ ഇ.വി.ആർ, അണ്ണാദുരൈ, അംബേദ്കർ, വേലു നാച്ചിയാർ, അഞ്ജലി അമ്മാൾ എന്നിവരുടെ കട്ടൗട്ടുകൾ സ്ഥാപിക്കുക വഴി ചരിത്രത്തിന്റെ തനതു വഴികളിലൂടെ താൻ സഞ്ചരിക്കുകയാണെന്ന് വിജയ് സമർഥിക്കുകയായിരുന്നു. വിജയിയുടെ രാഷ്ട്രീയ കന്നിപ്രസംഗത്തിന്റെ ഉള്ളടക്കം ഡി.എം.കെയെയാണ് ഏറ്റവുമധികം വിഷമവൃത്തത്തിലാക്കിയത്. തമിഴകത്ത് കാര്യമായ പ്രതിപക്ഷം ഇല്ലെന്ന നഗ്നസത്യം കണ്ടറിഞ്ഞുകൊണ്ടാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുദ്ധസന്നാഹങ്ങളുമായി ടി.വി.കെ രംഗത്തുവന്നിരിക്കുന്നത്.

തന്റെ പാർട്ടിയുടെ ആദർശവുമായി യോജിക്കാൻ കഴിയുന്നവർക്ക് തെരഞ്ഞെടുപ്പിനു ശേഷം ഭരണപങ്കാളിത്തം നൽകാൻ തയാറാണെന്ന വിജയിയുടെ തുറന്നുപറച്ചിൽ പലരെയും അങ്കലാപ്പിലാക്കി. സഖ്യകക്ഷികളെ വർഷങ്ങളായി വെറും കാഴ്ചക്കോമാളികളാക്കി ഭരിക്കുന്ന ഡി.എം.കെയുടെ നിലപാടുകൾക്കെതിരെ സഖ്യകക്ഷികളിൽനിന്ന് അടുത്തിടെ അടക്കംപറച്ചിലുകൾ വന്ന സാഹചര്യത്തിൽ വിജയിയുടെ ആശയത്തെ ആവേശപൂർവമാണ് ഒരു വിഭാഗം വരവേറ്റത്. എന്നാൽ, ഡി.എം.കെ, ബി.ജെ.പി എന്നീ കക്ഷികളെ പേരെടുത്തു പറയാതെയാണ് വിജയ് വിമർശിച്ചത്. രാഷ്ട്രീയത്തിലെ ജയപരാജയങ്ങൾ പഠിച്ച ശേഷമാണ് താൻ രംഗത്തുവന്നതെന്നും സിനിമയുടെ പാരമ്യതയിലാണ് താൻ ഇപ്പോൾ നിൽക്കുന്നതെന്നും വിജയ് തുടക്കത്തിലേ പറഞ്ഞു​െവച്ചു.

ഇ.വി.ആർ, അണ്ണാദുരൈ, അംബേദ്കർ എന്നീ മഹാത്മക്കളുടെ ആദർശത്തിലും ആശയസംഹിതയിലും ഉറച്ചു വിശ്വസിക്കുണ്ടെങ്കിലും ഇ.വി.ആറിന്റെ നിരീശ്വരവാദത്തെ മാത്രം മാറ്റിനിർത്തുകയാണെന്ന് വിജയ് വ്യക്തമാക്കി. ടി.വി.കെ ഭരണത്തിലെത്തിയാൽ പലതും നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. വിദ്യാഭ്യാസം സംസ്ഥാന പദവിയിൽ കൊണ്ടുവരണം, സെക്രട്ടേറിയറ്റിന്റെ ബ്രാഞ്ച് മധുരയിൽ സ്ഥാപിക്കണം, തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ മൂന്നിലൊന്ന് സ്ത്രീകൾ ആയിരിക്കണം, അഴിമതിവിരുദ്ധ സർക്കാർ ഉണ്ടാകണം, ജാതി-മത-ലിംഗ-സമത്വം ഉറപ്പാക്കണം, വർണാശ്രമ ധർമത്തെ എതിർക്കണം തുടങ്ങിയ മാറ്റങ്ങളാണ് തന്റെ സ്വപ്നങ്ങളെന്ന് വിജയ് അടിവരയിട്ടു പറഞ്ഞു.

 

അണ്ണാദുരൈ,അംബേദ്കർ  

സിനിമാക്കാരെ കൂത്താടികൾ (അഭിനേതാക്കൾ) എന്ന് വിളിച്ച് കളിയാക്കുന്നവരുണ്ട് തമിഴകത്ത്. എന്നാൽ, വലിയ കൂത്താടികളായ എം.ജി.ആറിനെയും എൻ.ടി. രാമറാവുവിനെയും ആർക്കും വിസ്മരിക്കാനാവില്ലെന്ന് വിജയ് സൂചിപ്പിച്ചു. അഭിനയം മോശപ്പെട്ട കാര്യമല്ല. എം.ജി.ആറും എൻ.ടി.ആറും മഹാപ്രസ്ഥാനങ്ങളായിത്തീർന്നത് കൂത്താടികളായതിനാലാണ് എന്ന് നാം ഓർക്കണം. സിനിമയെന്നാൽ ഡാൻസും പാട്ടും ഫൈറ്റും കോമഡിയും മാത്രമല്ല.

കലയും സംസ്കാരവും ജീവിതരീതിയും സാഹിത്യവുമൊക്കെയാണ്. ദ്രാവിഡപ്രസ്ഥാനം സാധാരണക്കാരിൽ എത്തിയത് സിനിമയിലൂടെയും നാടകത്തിലൂടെയുമാണ്. താൻ സിനിമയിലെത്തുമ്പോൾ തന്റെ രൂപത്തെക്കുറിച്ച് മോശപ്പെട്ട അഭിപ്രായമാണ് പലരും ഉയർത്തിയിരുന്നത്. കഠിനപ്രയത്നത്തിലൂടെ താൻ ഇന്നത്തെ നിലയിലെത്തി. ഇനി ജനങ്ങളുടെ നന്മയാണ് തന്റെ ലക്ഷ്യം –വിജയ് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുമ്പോൾ ജനം കൈയടിച്ചു സ്വീകരിച്ചു.

കുടുംബ ഭരണത്തിന്റെ താക്കോൽ സുരക്ഷിതമാക്കുകയാണ് ചില അധികാരികളുടെ ലക്ഷ്യം. ‘‘ഒൺട്രേ കുലം ഒരുവനേ ദേവൻ’’ എന്ന അണ്ണാദുരൈയുടെ ചൊല്ലിനെ വിസ്മരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അനുയായികളുടെ പോക്ക്. ഇന്നത്തെ ഭരണവർഗം പ്രത്യയശാസ്ത്രത്തിന്റെ മുഖംമൂടി അണിഞ്ഞുവന്നു സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്നവരാണ്. അവരെയാണ് നാം സൂക്ഷിക്കേണ്ടത്. ഫാഷിസ്റ്റുകളായ ബി.ജെ.പിയെ വിമർശിക്കുന്നവർ സ്വയം ഫാഷിസ്റ്റ് നടപടികൾ സ്വീകരിക്കുകയാണെന്നും വിജയ് വിമർശിച്ചു.

എന്തായാലും വിജയിയുടെ രാഷ്ട്രീയപ്രവേശം തമിഴക രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിൽ ശക്തമായ പ്രകമ്പനങ്ങൾ സഷ്ടിച്ചിരിക്കുകയാണ്, വിജയകാന്തിനോ കമൽഹാസനോ സൃഷ്ടിക്കാൻ കഴിയാത്ത ആവേശം അമ്പതുകാരനായ വിജയിക്ക് കൈവരിക്കാൻ കഴിഞ്ഞെങ്കിൽ അത് യുവാക്കളുടെ ‘വിജയ് പ്രേമം’ തന്നെയാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14-15 ശതമാനം വോട്ടു കൈവരിക്കാൻ കഴിഞ്ഞാൽ ടി.വി.കെ തമിഴക രാഷ്ട്രീയത്തിൽ നിർണായക ഘടകമായി മാറും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കാരണം, യുവാക്കളാണ് ഈ നടന്റെ മുതൽക്കൂട്ട്.

 

തമിഴക വെട്രി കഴകം പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ നടൻ വിജയ് അണികളെ അഭിസംബോധന ചെയ്യുന്നു

തമിഴ്നാട്ടിലെയും കേന്ദ്രത്തിലെയും ഭരണവർഗങ്ങളെ കടന്നാക്രമിച്ചുകൊണ്ടാണ് വിജയ് തന്റെ 45 മിനിറ്റ് നേരം നീണ്ടുനിന്ന കന്നിപ്രസംഗം അവസാനിപ്പിച്ചത്. ഡി.എം.കെ രാഷ്ട്രീയശത്രുവാണെങ്കിൽ ബി.ജെ.പി പ്രത്യയശാസ്ത്ര ശത്രുവാണെന്ന് വിജയ് പറഞ്ഞു. ഭരണത്തിലും മറ്റെല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിക്കുന്ന, ബന്ധുക്കൾക്കുമാത്രം സമുന്നത സ്ഥാനങ്ങൾ നൽകുന്ന ഭരണകുടുംബത്തെ വിജയ് ഭംഗ്യന്തരേണ വിമർശിച്ചു.

രാഷ്ട്രീയത്തിന്റെ വളർച്ചക്ക് തമിഴകം സിനിമയുടെയും നാടകത്തിന്റെയും തോളിൽ കൈയിട്ടു നടക്കാൻ തുടങ്ങിയത് ദ്രാവിഡ കഴകം നേതാവ് അണ്ണാദുരൈയുടെ കാലം മുതലാണ്. എഴുപത്തഞ്ചോളം വർഷം പിന്നിട്ടപ്പോൾ സിനിമയും രാഷ്ട്രീയവും സയാമീസ് ഇരട്ടകളെപ്പോലെ വിച്ഛേദിക്കാനാവാത്തവിധം മാറിക്കഴിഞ്ഞിരുന്നു. സിനിമ വിട്ടൊരു രാഷ്ട്രീയമില്ലെന്ന ചിന്താഗതി തമിഴ് മക്കളുടെ മനസ്സിൽ വേരുറച്ചതോടെ കാമറയുടെയും ആർച്ച് ലൈറ്റുകളുടെയും മുന്നിൽനിന്ന് നിരവധിപേർ അധികാരത്തിന്റെ സുഖശീതള ഛായയിലേക്ക് നീന്തിക്കയറാൻ മുന്നോട്ടുവന്നു. എം.ജി.ആറും ജയലളിതയും വിജയകാന്തും രജനീകാന്തും കമൽഹാസനുമൊക്കെ അത്തരത്തിൽ വന്നുപെട്ടവരാണ്.

ജയലളിതയുടെയും കലൈജ്ഞറുടെയും അസ്തമയത്തോടെ ഓൾ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) തകർന്നടിയുകയും മുത്തുവേൽ കരുണാനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ ഭരണം പിടിച്ചെടുക്കുകയും ചെയ്തപ്പോൾ തമിഴകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് പുതുജീവൻ വെക്കുകയായിരുന്നു. ദ്രാവിഡത്തനിമയിൽ ഉറച്ചുനിൽക്കുന്ന സ്റ്റാലിൻ ഭരണത്തിന്റെ മൂന്നാം വർഷം പിന്നിടുമ്പോൾ നടൻ ദളപതി വിജയ് പുതിയൊരു രാഷ്ട്രീയ സമവാക്യവുമായി ജനങ്ങൾക്കിടയിൽ വന്നു എന്നതാണ് ഒക്ടോബർ മാസത്തെ ഏറ്റവും വലിയ വിശേഷം.

വിജയിയുടെ രാഷ്ട്രീയപ്രവേശനത്തെ അനുകൂലിക്കാനും പ്രതികൂലിക്കാനും നിലവിലുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തുവന്നു. പാർട്ടിയുടെ ഐഡിയോളജി ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതാകട്ടെ എന്നാണ് എൽ.ടി.ടി ആഭിമുഖ്യമുള്ള നാം തമിഴർകക്ഷി (എൻ.ടി.കെ) നേതാവ് സീമാൻ അഭിപ്രായപ്പെട്ടത്. 75 വർഷത്തിനുള്ളിൽ അനേകം രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നത് നമുക്കറിയാം. അവയുടെ സേവനങ്ങളാണ് നാം വിലയിരുത്തേണ്ടത് എന്നാണ് ഡി.എം.കെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം.

 

വേലു നാച്ചിയാർ,അഞ്ജലി അമ്മാൾ

പെരിയാറിന്റെയും അംബേദ്കറിന്റെയും കാമരാജിന്റെയും വേലു നാച്ചിയാരുടെയും അഞ്ജലൈ അമ്മാളിന്റെയും ചിത്രങ്ങൾ സമ്മേളനപ്പന്തലിൽ ​െവച്ചതിലൂടെ വിജയിയുടെ രാഷ്ട്രീയ കടപ്പാട് വ്യക്തമാക്കുന്നു എന്നാണ് ഡി.എം.കെ സഖ്യകക്ഷിയായ വി.സി.കെയുടെ നേതാവ് ആദവ് അർജുന പറഞ്ഞത്. കാമരാജിന്റെ തത്ത്വങ്ങൾ പിന്തുടരുകയെന്നത് നല്ല കാര്യമാണെന്ന് ടി.എം.സി പ്രസിഡന്റ് ജി.കെ. വാസനും പ്രസ്താവിച്ചു. കഴിഞ്ഞ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സഖ്യകക്ഷികൾക്ക് അധികാരം പങ്കുവെക്കാൻ ഒരു കക്ഷി തയാറാകുന്നതെന്ന് പുതിയ തമിഴകം സ്ഥാപകൻ കെ. കൃഷ്ണസ്വാമി പറഞ്ഞു.

===========

അടിക്കുറിപ്പ്:

2021 മാർച്ചിൽ വിജയ് ജോസഫിന്റെ പിതാവും മുൻകാല ചലച്ചിത്ര സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് വിജയ് ഫാൻസിന്റെ പേരിൽ പാർട്ടി രൂപവത്കരിക്കാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്നാണ് പാർട്ടിയുടെ പേരെന്നും ചന്ദ്രശേഖർ പറഞ്ഞു. മകനെ തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു കക്ഷിയുടെ ഉള്ളിലിരിപ്പ്. ചന്ദ്രശേഖർ സെക്രട്ടറിയും വിജയ് ഫാൻസ് ഭാരവാഹി പത്മനാഭൻ പ്രസിഡന്റും വിജയിയുടെ അമ്മ ശോഭാ ചന്ദ്രശേഖർ ട്രഷററുമായി പാർട്ടിയുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ദളപതി വിജയിയുടെ രാഷ്ട്രീയപ്രവേശന വാർത്ത കോടമ്പക്കത്തു വളർന്നു പന്തലിച്ചു. പിറ്റേ ദിവസം മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വിജയ് രോഷാകുലനായി.

 

വിജയ് പാർട്ടി പതാകയുമായി

തനിക്ക് ഇത്തരമൊരു പാർട്ടിയുമായി ബന്ധമില്ലെന്ന് പ്രസ്താവനയിറക്കി. അതോടെ ഇയക്കം പ്രതിസന്ധിയിലായി. അങ്ങനെ പാർട്ടി തുടക്കത്തിൽതന്നെ അലസിപ്പോയി. എന്നാൽ, 2024 തുടക്കത്തിലാണ് വീണ്ടും പാർട്ടിയുടെ ചിന്ത വിജയിയെ ആവേശിക്കുന്നത്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും മാർഗങ്ങളിലൂടെ സഞ്ചരിക്കുന്ന ദ്രാവിഡകക്ഷികൾ സൃഷ്ടിച്ച അരാജകത്വത്തിൽനിന്ന് തമിഴകത്തെ മോചിപ്പിക്കാൻ പുതിയൊരു പാർട്ടി ആവശ്യമാണെന്ന് വിജയിക്ക് താമസിയാതെ ബോധ്യമാകുന്നു. അതാണ് കഴിഞ്ഞ ദിവസം വിക്രവാണ്ടിയിൽ ഉദിച്ചുയർന്ന തമിഴക വെട്രി കഴകം. വരാൻ പോകുന്ന പൂരം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ദ്രാവിഡ കക്ഷികളും തമിഴകത്തെ സാധാരണക്കാരും.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-11 02:30 GMT
access_time 2024-11-04 05:30 GMT