ആഴ്ചപ്പതിപ്പിൽ (ലക്കം: 1392) ജെ. രഘു എഴുതിയ ലേഖനത്തോടുള്ള രണ്ട് പ്രതികരണങ്ങൾ. സ്വാമി വിവേകാനന്ദന്റെ ചില ഒറ്റപ്പെട്ട പരാമർശങ്ങൾമാത്രം ഉദ്ധരിച്ചുകൊണ്ട് വെറുമൊരു സങ്കുചിത ഹിന്ദുവാദിയായി ചിത്രീകരിക്കാൻ ഇവിടത്തെ ഹൈന്ദവസംഘടനകൾ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തെറ്റായ വ്യാഖ്യാനത്തിലൂടെ അവർക്ക് തീറെഴുതിക്കൊടുക്കാനുള്ള ശ്രമം തെറ്റാണെന്ന് രാജൻ ബാലുശ്ശേരി വാദിക്കുന്നു. എന്നാൽ, ജെ. രഘുവിന്റെ വാദങ്ങൾക്ക് അടിവരയിടുകയാണ് ഡോ. എ.കെ. വാസു.‘ഹിന്ദു ഫാഷിസവും വിവേകാനന്ദനും തമ്മിൽ എന്ത്’ ഓപൺ ഫോറത്തിൽ...
ആഴ്ചപ്പതിപ്പിൽ (ലക്കം: 1392) ജെ. രഘു എഴുതിയ ലേഖനത്തോടുള്ള രണ്ട് പ്രതികരണങ്ങൾ. സ്വാമി വിവേകാനന്ദന്റെ ചില ഒറ്റപ്പെട്ട പരാമർശങ്ങൾമാത്രം ഉദ്ധരിച്ചുകൊണ്ട് വെറുമൊരു സങ്കുചിത ഹിന്ദുവാദിയായി ചിത്രീകരിക്കാൻ ഇവിടത്തെ ഹൈന്ദവസംഘടനകൾ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തെറ്റായ വ്യാഖ്യാനത്തിലൂടെ അവർക്ക് തീറെഴുതിക്കൊടുക്കാനുള്ള ശ്രമം തെറ്റാണെന്ന് രാജൻ ബാലുശ്ശേരി വാദിക്കുന്നു. എന്നാൽ, ജെ. രഘുവിന്റെ വാദങ്ങൾക്ക് അടിവരയിടുകയാണ് ഡോ. എ.കെ. വാസു.
‘ഹിന്ദു ഫാഷിസവും വിവേകാനന്ദനും തമ്മിൽ എന്ത്’ ഓപൺ ഫോറത്തിൽ ജെ. രഘു എഴുതിയ ലേഖനം (മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1392) വെറും ആനുഷംഗിക പരാമർശങ്ങളിൽ മാത്രം അടയിരുന്നുള്ള ഉപരിപ്ലവമായ വിലയിരുത്തലായി. ഫാഷിസ്റ്റ് ശക്തികളുടെ ലക്ഷ്മണരേഖക്കുള്ളിലേക്ക് വിവേകാനന്ദനെയും ഗാന്ധിജിയെയും നാരായണ ഗുരുവിനെയുമൊക്കെ തള്ളിവിടാനുള്ള ഒരുതരം നിദ്രാപ്രേരണ മാത്രമാണ് ഇത്തരം വിശകലനംകൊണ്ടു സാധ്യമാകുന്നത്. ഫാഷിസ്റ്റ് കൈകളിൽനിന്നും നമ്മുടെ രാജ്യത്തിന്റെ മഹദ് പാരമ്പര്യത്തെയും മഹദ് വ്യക്തിത്വങ്ങളെയും മോചിപ്പിച്ചെടുക്കാനുള്ള ചിന്തകൾക്ക് ശക്തികൂട്ടേണ്ട കാലത്താണ് ഇത്തരം അബദ്ധധാരണകളുടെ അകമ്പടിയുമായി രഘുവിനെപ്പോലെയും സലീംകുമാറിനെപ്പോലെയുമുള്ള ഉപരിപ്ലവ ചിന്തകന്മാർ വന്നുകൊണ്ടിരിക്കുന്നത് എന്നത് അപലപനീയമായിട്ടാണ് തോന്നുന്നത്.
വിവേകാനന്ദന്റെ ചിന്തകളുടെ കാലത്തിന് ഏകദേശം 150 വർഷത്തോളം പഴക്കമുണ്ട് എന്നത് വിസ്മരിച്ചുകൂടാ. ആധുനിക ഗതാഗത സൗകര്യംപോലും ഇല്ലാതിരുന്ന ഒരു ഇരുണ്ടകാലത്ത് വിവേകാനന്ദൻ ഭാരതം മുഴുവൻ സഞ്ചരിച്ചത് ഒരു ഹിന്ദുരാഷ്ട്ര രൂപവത്കരണത്തിന്റെ ആവശ്യകത മുന്നിൽ കണ്ടല്ലായിരുന്നു. 130 വർഷം മുമ്പ് ഷികാഗോ സർവമത സമ്മേളനത്തിലും തുടർന്നു യൂറോപ്പിലാകെയും സഞ്ചരിച്ച് പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടത്തിയതും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി മാറ്റിയെടുക്കാനുള്ള തിടുക്കംകൊണ്ടല്ലായിരുന്നു എന്നു കാണാൻ വിവേകാനന്ദ സാഹിത്യ സർവസ്വം മുഴുവൻ വാള്യങ്ങളും ഒരു തവണയെങ്കിലും വായിച്ചാൽ മതിയാകും. കുരുടൻ ആനയെ കണ്ടതുപോലെ വിവേകാനന്ദനെ കാണാൻ ശ്രമിച്ചതിന്റെ ഫലം പോലെയായി ജെ. രഘുവിന്റെ ലേഖനം എന്നു പറയട്ടെ.
അദ്വൈത വേദാന്തത്തെ പ്രായോഗിക വേദാന്തമായി കണ്ട സന്യാസി ശ്രേഷ്ഠനായിരുന്നു വിവേകാനന്ദൻ. വിശക്കുന്ന മനുഷ്യനോട് വേദാന്തമോതുന്നത് പാപമാണെന്ന് പറഞ്ഞുകൊണ്ട് അവന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തേണ്ടതിനെപ്പറ്റി ഊന്നിപ്പറഞ്ഞ വിവേകാനന്ദൻ വിശക്കുന്ന മനുഷ്യന് ഭക്ഷണം കൊടുക്കുന്നതാണ് ഏറ്റവും വലിയ ഈശ്വരോപാസനയെന്നും പറഞ്ഞു. മാത്രമല്ല ഒരു നേരത്തെ ഭക്ഷണം കൊടുത്തതുകൊണ്ടായില്ല, നിത്യവും ഭക്ഷണം ലഭിക്കാനുള്ള മാർഗം സൃഷ്ടിക്കണമെന്നും ദശലക്ഷങ്ങൾ പട്ടിണി കിടക്കുന്ന ഇന്ത്യയിൽ അവരുടെ പട്ടിണി ദൂരീകരിക്കലാണ് ഈശ്വരോപാസന, അതാണ് എന്റെ മതമെന്ന് ഉറക്കെപ്പറയാൻ വിവേകാനന്ദന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഒരു ജനതയെ ഉദ്ധരിക്കാൻ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ബുദ്ധിയും വിദ്യയും ഒരു വിഭാഗം ആളുകളുടെ കൈയിലൊതുങ്ങി നിൽക്കുന്നതാണ് സാമൂഹിക അസമത്വങ്ങൾക്ക് കാരണമെന്നും വിവേകാനന്ദൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരസ്പരം കലഹിച്ചിരുന്ന സവർണരെ ഒന്നിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രമെന്ന നിലക്കാണ് വിവേകാനന്ദൻ വേദാന്തത്തിന് പുനർവ്യാഖ്യാനം നൽകിയതെന്ന് ലേഖകൻ പറയുന്നത് തെറ്റായ ധാരണകൊണ്ടാണെന്ന് പറയട്ടെ. തന്റെ മതം വേദാന്തമാണെന്ന് വിവേകാനന്ദൻ പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഹിന്ദുമതവും വേദാന്തവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നതായി കാണാം. വിവേകാനന്ദൻ പറയുന്നു, ‘‘വേദാന്തം ഒരു വിസ്തീർണ സമുദ്രമാണ്. അതിന് മേലെ ഗംഭീര യുദ്ധക്കപ്പലിനും ചെറിയ കെട്ടുവള്ളത്തിനും അടുത്തടുത്ത് കിടക്കാം. അതിനാൽ, വേദാന്തത്തിൽ ഒരു മഹായോഗിക്ക് ഒരു വിഗ്രഹാരാധകന്റെയോ ഒരു നാസ്തികന്റെയോ കൂടെ ജീവിക്കാം.
അതു മാത്രമല്ല, വേദാന്തത്തിൽ ഹിന്ദുവും മുഹമ്മദീയനും ക്രിസ്ത്യാനിയും പാർസിയും എല്ലാം ഒന്നുതന്നെ. എല്ലാവരും സർവശക്തനായ ഈശ്വരന്റെ അരുമക്കിടാങ്ങൾ.’’ വേദാന്തത്തെ പരസ്പര വിരുദ്ധമായി വാദിക്കാൻ കഴിയുന്നതുതന്നെ അതിന്റെ അഗാധതകൊണ്ടാണെന്നും കാണാൻ പ്രയാസമില്ല. ഇന്നു കാണുന്ന മനുഷ്യദൈവങ്ങൾ, ഹൈന്ദവ സംഘടനകൾ, ശ്രീശങ്കരൻ, വിവേകാനന്ദൻ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു തുടങ്ങി ആധ്യാത്മികരംഗത്തെ ചിന്തകരെല്ലാം വേദാന്തികളായിരുന്നു. പ്രാചീന വേദാന്തവും നവീന വേദാന്തവും തമ്മിലായിരുന്നു സംവാദങ്ങൾ അരങ്ങേറിയത്.
ശ്രീശങ്കരന്റേത് പ്രാചീന വേദാന്തമായിരുന്നു. 1500 വർഷങ്ങൾക്കുമുമ്പ് ശങ്കരന്റെ ചിന്തയെ മറ്റൊരു ഭൗതിക പുരോഗതിയും സ്വാധീനിച്ചിട്ടുണ്ടാകാനും ഇടയുണ്ടാകില്ല എന്നു വേണമെങ്കിൽ സമാധാനിക്കാം. എന്നാൽ, വിവേകാനന്ദനും ചട്ടമ്പി സ്വാമികൾക്കും ശ്രീനാരായണ ഗുരുവിനും നവ്യവേദാന്തത്തെ പുണരാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ടാകില്ല. ശങ്കരന്റെ അദ്വൈതവേദാന്തത്തെ ഇവരെല്ലാം പ്രായോഗികവേദാന്തമാക്കി മാറ്റുകയായിരുന്നു ചെയ്തത്. വേദാന്തത്തിന് ദാർശനികം, പുരാണങ്ങൾ, അനുഷ്ഠാനങ്ങൾ എന്നീ മൂന്നു മുഖങ്ങളുണ്ടെന്നും അതിന്റെ രണ്ടും മൂന്നും മുഖങ്ങൾ പൊയ്മുഖങ്ങളാണെന്നുവരെ വിവേകാനന്ദൻ തുറന്നടിച്ചിട്ടുണ്ട്. വേദാന്തത്തിന്റെ ഈ രണ്ടും മൂന്നും മുഖങ്ങളിൽ അഭിരമിക്കുന്നവരാണ് ഇന്നത്തെ ഹൈന്ദവ ഭക്തരും ഫാഷിസ്റ്റ് ശക്തികളും എന്നത് തിരിച്ചറിയാതെ പോകരുത്. ഇക്കൂട്ടർക്ക് വിശ്വാസത്തിന്റെ നിലയിൽനിന്ന് വിജ്ഞാനത്തിന്റെ നിലവാരത്തിലേക്ക് ഉയർന്നു ചിന്തിക്കുവാൻ ഇനിയും കാതങ്ങളേറെ കാത്തിരിക്കേണ്ടി വരും.
പ്രാചീന വേദാന്തികളും പരിഷ്കൃത വേദാന്തികളും നിലനിർത്താനാഗ്രഹിച്ച അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വേദങ്ങളും ഉപനിഷത്തുക്കളും മുറുകെ പിടിച്ചുകൊണ്ടുതന്നെയായിരുന്നു വിവേകാനന്ദൻ വിമർശിച്ചു തള്ളിയത്. പ്രാചീന വേദാന്തത്തിന്റെയും പരിഷ്കൃത വേദാന്തത്തിന്റെയും ക്രൂരമായ നയങ്ങൾക്കെതിരായാണ് ഇന്ത്യയിൽ ജൈനമതവും സിഖു മതവും വൈഷ്ണവ മതവും ശൈവ മതവുമൊക്കെ ഉണ്ടായത്. വാദത്തിൽ തോറ്റവരെ ജീവനോടെ ചുട്ടെരിക്കുന്ന സമീപനമാണ് ശ്രീ ശങ്കരന്റെ പരിഷ്കൃത വേദാന്തം സ്വീകരിച്ചിരുന്നത്. വിവേകാനന്ദന്റെ നവ്യ വേദാന്തം ഒരു പരിവർത്തന ചിന്തയുടെ വേദാന്തമായിരുന്നു.
ഈ നവ്യ വേദാന്തം ആകാശത്തിനപ്പുറമുള്ള ഒരു സ്വർഗീയ ജീവിതത്തിൽ വിശ്വസിച്ചിരുന്നില്ല. ഇഹലോകത്തെ ദുരിത ജീവിതത്തെ സ്വർഗീയ ജീവിതമാക്കാനുള്ള തീവ്ര ശ്രമമായിരുന്നു ലക്ഷ്യമിട്ടത്. മരണശേഷം സ്വർഗത്തിനുവേണ്ടി ഭൗതിക ജീവിതം ഉപേക്ഷിക്കണമെന്ന അഭിപ്രായത്തോട് വിവേകാനന്ദൻ യോജിച്ചിരുന്നില്ല. വേദങ്ങൾക്ക് വിരുദ്ധമായി പറയുന്നതെല്ലാം അവിശ്വാസമെന്ന നിലയിൽ വർജ്യങ്ങളാണ്. വേദങ്ങളെക്കാൾ ഉയർന്ന പീഠത്തിലേക്ക് നാം പുരാണങ്ങളെ പ്രതിഷ്ഠിച്ചതോടെയാണ് വേദചിന്തയിലെ പ്രാധാന്യം കുറഞ്ഞുവന്നത്. വേദങ്ങളിൽ വിജ്ഞാനം മാത്രമേയുള്ളൂ എന്നാൽ, മറ്റുള്ളതിലെല്ലാം സ്വാർഥ താൽപര്യങ്ങളുണ്ട്. വേദത്തിന് സംഭവിച്ചിരിക്കുന്ന ദുർഗതിയെപ്പറ്റി വിവേകാനന്ദൻ പരിതപിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പരിതപം ഒരു വേദകാലത്തെ നിലനിർത്താനല്ലായിരുന്നു. മറിച്ച് അജ്ഞതയെ നീക്കി വിജ്ഞാനത്തെ കണ്ടെത്താനായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂട്ടിനുണ്ടായാൽ മുഴു ഭ്രാന്തനാകാൻ എളുപ്പമാണെന്ന് വിവേകാനന്ദൻ വിശ്വസിച്ചു. വിവേകാനന്ദൻ പറയുന്നു, ‘‘അജ്ഞതയും നീചതയുമാണ് ഹൃദയത്തിൽ പുരണ്ട അഴുക്കും പൊടിയും. സ്വാർഥതയാണ് പാപങ്ങളിൽ ഏറ്റവും മികച്ചത്. സ്വാർഥിയായ മനുഷ്യൻ ക്ഷേത്രങ്ങളിലൊക്കെ പോയിരിക്കാം, തീർഥങ്ങളെല്ലാം സന്ദർശിച്ചിരിക്കാം, ഭസ്മചന്ദനാദികൾ ശരീരത്തിലാകെ പൂശി പുള്ളിപ്പുലിയെപോലെ ഇരിക്കുന്നുണ്ടാകാം എങ്കിലും അയാൾ ശിവനിൽനിന്നും വളരെ അകലെയാണ്.’’ (വി.സ. വാള്യം 3, പേജ് 28)
മനുഷ്യനെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടുന്നതിനെതിരെ കഠിനമായ ശ്രമമാണ് വിവേകാനന്ദൻ നടത്തിയിരുന്നത്. ലോകത്ത് മറ്റിടങ്ങളിലുണ്ടായതിനെക്കാൾ മെച്ചപ്പെട്ട സംസ്കാരവും ചിന്തയും ഉടലെടുത്ത ഭൂവിഭാഗമാണ് ഇന്ത്യ. ആയുർവേദം, സിദ്ധവൈദ്യം, യോഗ, ഗണിതം തുടങ്ങിയ ഒട്ടനവധി മേഖലകളിൽ മികച്ച നിലവാരം പുലർത്തിയിരുന്നു. എന്നാൽ, ഈ അറിവ് സാമാന്യജനതക്ക് കൈമാറാൻ അത് കൈയടക്കിയിരുന്ന വരേണ്യവർഗം തയാറായില്ല എന്നത് വിവേകാനന്ദൻ തിരിച്ചറിഞ്ഞിരുന്നു. അധഃപതനം മരണമാണെന്നും അന്ധവിശ്വാസങ്ങൾക്കായി മനുഷ്യൻ കഴിവ് പാഴാക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. ശ്രീശങ്കരനടക്കമുള്ള പണ്ഡിതന്മാർ ദൈവത്തിൽ കൂടി മനുഷ്യരെ കണ്ടെത്താൻ ശ്രമിച്ചവരായിരുന്നു. എന്നാൽ, അതിൽനിന്നും വിഭിന്നമായി മനുഷ്യനിൽക്കൂടി ദൈവത്തെ കാണാൻ ശ്രമിച്ച മഹദ് വ്യക്തിത്വമായിരുന്നു വിവേകാനന്ദൻ.
ലോക സർവമത സമ്മേളനത്തിലേക്ക് പോകുന്നതിനുമുമ്പ് വിവേകാനന്ദൻ നടത്തിയ ഇന്ത്യ പര്യടനം വെറുമൊരു സന്യാസിയുടെ അലഞ്ഞുതിരിഞ്ഞ സഞ്ചാരം മാത്രമായിരുന്നില്ല. ഇന്ത്യയെ പഠിക്കാനും, രാജ്യത്തിന്റെ ശോച്യാവസ്ഥ കണ്ടറിയാനും കൂടിയായിരുന്നു. യാത്രയുടെ അവസാനം ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള കന്യാകുമാരി ദേവിയുടെ സവിധത്തിൽ സാഗര സംഗമ തീരത്തെ പാറക്കെട്ടിൽ മൂന്നുദിവസങ്ങളിലായി നടത്തിയ ധ്യാന തപസ്സിൽ അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെട്ട ഒരു കർമപദ്ധതിയെക്കുറിച്ച് വിവേകാനന്ദൻ പറയുന്നുണ്ട്, ‘‘സന്യാസിമാരായ നമ്മൾ ധാരാളം പേരുണ്ട്, ചുറ്റിനടന്നു നാം ജനങ്ങളെ അധ്യാത്മവിദ്യ പഠിപ്പിക്കുന്നു. ഇതെല്ലാം വെറും ഭ്രാന്താണ്.
വിശക്കുന്ന വയറിന് മതം നന്നല്ല, ഒരു രാഷ്ട്രമെന്ന നിലയിലുള്ള നമ്മുടെ സവിശേഷ സത്ത നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ എല്ലാ കുചേഷ്ഠിതങ്ങൾക്കും കാരണം ഇതാണ്. സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുകയാണ് ആദ്യമായി വേണ്ടത്. അവനവന്റെയുള്ളിലെ ആത്മശക്തിയെ ഉണർത്തിയാലേ ഇതു സാധ്യമാകുകയുള്ളൂ.’’ 1892 ഡിസംബർ 25, 26, 27 തീയതികളിലായിരുന്നു ഈയൊരു ധ്യാനതപസ്സ് എന്നോർക്കണം. ബ്രിട്ടീഷ് അധീശത്വത്തിലും സവർണ മേധാവിത്വത്തിലും രാജ്യം അടിമത്തത്തിൽ കഴിഞ്ഞിരുന്ന കാലം കൂടിയായിരുന്നു ഇത്. കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു കേരളത്തിലൂടെയും വിവേകാനന്ദൻ കടന്നുപോയത്.
കേരളത്തിൽ ജാതീയത കൊടികുത്തിവാണിരുന്ന ഒരു കാലമായിരുന്നു ഇത്. താഴ്ന്ന ജാതിക്കാരന് പഠിക്കാനോ ഉദ്യോഗ നിയമനം ലഭിക്കുന്നതിനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഉയർന്ന ജാതിക്കാരനു മുന്നിൽ താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ പാടില്ലായിരുന്നു. ശൂദ്രസ്ത്രീകൾ തങ്ങളുടെ വീടുകൾ ബ്രാഹ്മണർക്കു വേണ്ടിഏതു സമയത്തും തുറന്നുകൊടുക്കേണ്ട അവസ്ഥ. ഈയൊരു സാമൂഹിക വ്യവസ്ഥ അനുഭവിച്ചറിഞ്ഞ ശേഷമായിരുന്നു വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരവും മറ്റും നടന്നത് വിവേകാനന്ദന്റെ കേരളയാത്രക്ക് ശേഷമാണെന്നതും പ്രസ്താവ്യമാണ്.
ബോംബെയിലെ ഒരു സ്വീകരണ യോഗത്തിൽ വെച്ചായിരുന്നു ഷികാഗോയിലെ ലോക മത മഹാസമ്മേളനത്തിൽ വിവേകാനന്ദനെ പങ്കെടുപ്പിക്കണമെന്ന തീരുമാനമുണ്ടായത്. എന്നാൽ, ഈ തീരുമാനത്തിനെതിരെ അക്കാലത്തെ ഹിന്ദുമത സംഘടനകൾതന്നെ രംഗത്തുവന്നു. ഹിന്ദുക്കൾ കടൽ കടക്കുന്നത് നിഷിദ്ധമാണെന്നായിരുന്നു ഇവരുടെ വാദം. അതുകൊണ്ടുതന്നെ ഹിന്ദുവിന്റെ പേരിൽ സമ്മതപത്രം കൊടുക്കാൻ കഴിയില്ലെന്ന തീരുമാനത്തിൽ മതസംഘടനകൾ ഉറച്ചുനിന്നു. അവസാനം ആരുടെയും സമ്മതപത്രമില്ലാതെ തന്നെ വിവേകാനന്ദന് ഷികാഗോയിലെ മത മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ സാർവലൗകിക ചിന്തയുടെയും ആശയങ്ങളുടെയും ഫലംകൊണ്ടു കൂടിയായിരുന്നു.
ഉറ്റസ്നേഹിതനും ഖേത്രി മഹാരാജാവുമായിരുന്ന രാജാ അജിത് സിങ് നൽകിയ സാമ്പത്തിക സഹായത്താലായിരുന്നു യാത്ര. ഔപചാരികമായ ക്ഷണംപോലും ലഭിക്കാതെയായിരുന്നു വിവേകാനന്ദൻ മത മഹാസമ്മേളനത്തിലേക്ക് പുറപ്പെട്ടത്. പ്രാമാണ്യപത്രവും ഉണ്ടായിരുന്നില്ല. ഷികാഗോ തെരുവീഥികളിൽ അലഞ്ഞുതിരിഞ്ഞ് പട്ടിണി കിടക്കേണ്ടിവന്ന വിവേകാനന്ദന് ഒരു വിദേശ സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു സമ്മേളനവേദിയിലേക്കുള്ള പ്രാമാണ്യപത്രം സംഘടിപ്പിക്കാൻ കഴിഞ്ഞത്. 1893 സെപ്റ്റംബർ 11ന് സർവമത സമ്മേളനത്തിൽ വിവേകാനന്ദൻ നടത്തിയ ആ എട്ട് മിനിറ്റ് നീണ്ടുനിന്ന പ്രസംഗം ഇന്ത്യയുടെ സവിശേഷമൂല്യങ്ങളെ അനാവരണം ചെയ്യുക മാത്രമല്ല അവിടെ സമ്മേളിച്ച മറ്റു മത പണ്ഡിതന്മാരുടെ ശ്രദ്ധയെ ഇന്ത്യയുടെ സമന്വയചിന്തയിലേക്ക് ആകർഷിക്കാൻപോലും കഴിവുറ്റതായിരുന്നു.
ആദ്യ പ്രസംഗം ഉപസംഹാരത്തിലേക്ക് കടന്നപ്പോൾ വിവേകാനന്ദൻ ലോകത്തിനു മുന്നിലേക്ക് നൽകിയ ചിന്തകൾ മതൈക്യത്തിന്റെ കാഹളമന്ത്രങ്ങൾ തന്നെയായിരുന്നു. അതിങ്ങനെ, ‘‘വിഭാഗീയതയും മൂഢമായ കടുംപിടിത്തവും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ ദീർഘകാലമായി കൈയടക്കിവെച്ചിരിക്കയാണ്. അവ ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരിക്കുന്നു, അതിനെ മനുഷ്യരക്തത്താൽ പലവുരു കുതിർത്തിരിക്കുന്നു, സംസ്കാരത്തെ നശിപ്പിച്ച് മാനവരാശിയെ നൈരാശ്യത്തിലേക്ക് എത്തിച്ചിരിക്കുന്നു.
ഈ കൊടും പിശാചുക്കൾ ഇല്ലായിരുന്നെങ്കിൽ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാൽ, അവയുടെ അന്ത്യസമയം സമാഗതമായിരിക്കുന്നു. ഈ സമ്മേളനത്തിന്റെ ബഹുമാനാർഥം ഇന്ന് പുലർകാലത്ത് ഇവിടെ മുഴങ്ങിയ മണിനാദം വിഭാഗീയ ചിന്താഗതികളുടെയും മതഭ്രാന്തിന്റെ വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും, ഒരേ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്ന മനുഷ്യർക്കിടയിലുള്ള എല്ലാ അധാർമികതയുടെയും വിദ്വേഷത്തിന്റെയും മരണമണിയായി തീരട്ടെയെന്ന് ഞാൻ അകമഴിഞ്ഞ് ആശിക്കുന്നു.’’ നിലക്കാത്ത ഹർഷാരവത്തോടെയായിരുന്നു വിവേകാനന്ദന്റെ പ്രസംഗം സദസ്സ് സ്വീകരിച്ചത്. അതുവരെ കേൾക്കാത്ത മതത്തിന്റെ ഐക്യസൂക്തം അദ്ദേഹത്തിന്റെ ഉജ്ജ്വലപ്രസംഗത്തിലൂടെ അവർക്ക് പുതിയ അനുഭവമായി തോന്നി.
‘മാനുഷികമായ വാഗ്മിത്വത്തിന്റെ അത്യുന്നത സ്ഥാനം’ എന്നായിരുന്നു അമേരിക്കയിലെ പത്രങ്ങളും സാംസ്കാരിക നായകന്മാരും പുകഴ്ത്തിയത്. വിവേകാനന്ദന്റെ പണ്ഡിതോചിതവും ആകർഷകവുമായ പ്രഭാഷണം കൊണ്ടുതന്നെ അദ്ദേഹത്തെ ഒരു ഹിന്ദുമത പ്രതിനിധിയായി മുദ്രകുത്താനും തിടുക്കം വർധിച്ചു. തുടർന്നുള്ള ദിവസങ്ങളിലും വിവേകാനന്ദന്റെ പ്രഭാഷണങ്ങൾ കേൾക്കാനായി സദസ്സ് തിങ്ങിനിറഞ്ഞു. യാഥാസ്ഥിതിക ഹിന്ദുമതവും വേദാന്തശാസ്ത്രവും, ഭാരതത്തിലെ ആധുനിക മതങ്ങൾ എന്നിങ്ങനെയായിരുന്നു പ്രസംഗങ്ങൾ.
ലോകമത സമ്മേളനത്തിന് തിരശ്ശീല താഴ്ന്നപ്പോൾ സെപ്റ്റംബർ 30ന് ഇറങ്ങിയ ബോസ്റ്റൺ പത്രം വിവേകാനന്ദന്റെ പ്രഭാഷണത്തെ കുറിച്ച് എഴുതി, ‘‘മുകളിലെ നീലാകാശംപോലെ വിശാലമായ പ്രഭാഷണം’’ എന്ന്. ദൈവികമായ നിയോഗംകൊണ്ട് പ്രഭാഷകനായ ആൾ എന്നായിരുന്നു ‘ക്രിട്ടിക്’ പത്രം എഴുതിയത്. വിവേകാനന്ദന്റെ പ്രഭാഷണങ്ങൾ അവസാനിച്ചപ്പോൾ അമേരിക്കയിലെ പ്രശസ്തമായ ‘ന്യൂയോർക് ഹെറാൾഡ്’ എഴുതിയത് ഇങ്ങനെ: ‘‘മതമഹാസമ്മേളനത്തിൽ ഏറ്റവും മഹാനായ വ്യക്തി സ്വാമി വിവേകാനന്ദൻ തന്നെ എന്നതിൽ സംശയമില്ല.
അദ്ദേഹത്തിന്റെ പ്രബുദ്ധ രാഷ്ട്രത്തിലേക്ക് മിഷനറിമാരെ അയക്കുന്നത് എന്തൊരു വിഡ്ഢിത്തമാണ് എന്നാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടപ്പോൾ ഞങ്ങൾക്കു തോന്നിയത്’’ എന്നായിരുന്നു. വിവേകാനന്ദന്റെ കാഴ്ചപ്പാടും നേട്ടവും ഒരു പുതിയമതം ആവിഷ്കരിക്കുന്നതിലല്ലായിരുന്നു. പഴയതിനെ കർക്കശമായ ചട്ടവട്ടങ്ങൾക്കിടയിൽനിന്നും മോചിപ്പിച്ച് ജനസേവനയുക്തമാക്കുന്നതിനായിരുന്നു. മനുഷ്യലോകവും മനുഷ്യേതരലോകവും തമ്മിലുള്ള സംഘട്ടനമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യനാണ് സകലബന്ധങ്ങൾക്കും, വിശ്വാസങ്ങൾക്കുമപ്പുറമെന്ന് വിവേകാനന്ദന് പറയാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനുകാരണം അദ്ദേഹത്തിന്റെ സാർവജനീനമായ സമഗ്രവീക്ഷണമാണ് എന്നുള്ളതിൽ സംശയമില്ല.
ഇന്ത്യയുടെ ചരിത്രത്തെപ്പറ്റിയും മതങ്ങളെപ്പറ്റിയും യുദ്ധങ്ങളെപ്പറ്റിയും സമഗ്രമായ പഠനം നടത്തിയിട്ടുള്ള ആളായിരുന്നു വിവേകാനന്ദൻ. വിവേകാനന്ദന്റെ കാഴ്ചപ്പാടുകൾ ഒരു വിശ്വമതാദർശത്തിന്റേതായിരുന്നുവെന്ന് കാണാൻ ഏറെ ചിന്തിക്കേണ്ടിവരില്ല. എന്നാൽ, അദ്ദേഹത്തിന്റെ ചില ഒറ്റപ്പെട്ട പരാമർശങ്ങൾമാത്രം ഉദ്ധരിച്ചുകൊണ്ട് വെറുമൊരു സങ്കുചിത ഹിന്ദുവാദിയായി ചിത്രീകരിക്കാൻ ഇവിടത്തെ ഹൈന്ദവ സംഘടനകൾ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല അത്തരം പരിശ്രമങ്ങൾക്കു ആക്കംകൂട്ടുന്ന രീതിയിൽ വിവേകാനന്ദനെ ഹിന്ദുസംഘടനകൾക്ക് തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങൾ മറ്റു ഇതര മതചിന്തകന്മാരിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നുള്ളതും ദുഃഖകരമാണ്.
ഒരു സർവലോകമതം എന്നെങ്കിലും ആവിർഭവിക്കുമെങ്കിൽ അത് ഈ ത്രിവിധമനസ്സുകൾക്കും വേണ്ടുന്ന ആഹാരംകൊടുക്കത്തക്കവണ്ണം വിശാലവും മഹത്ത്വവുമായിരിക്കണം! അത് തത്ത്വാന്വേഷകന് തത്ത്വജ്ഞാനബലം കൊടുക്കുന്നതായിരിക്കണം. ഭക്തന് ഭക്തിരസവും, ആരാധകന് ആശ്ചര്യകര വിഗ്രഹാദി ചിഹ്നങ്ങൾമൂലം ധരിപ്പിക്കാവുന്നതത്രയും പ്രദാനം ചെയ്യണം. കലാവത്സലന് ഗ്രഹിക്കാൻ കഴിവുള്ളിടത്തോളം സരസഭാവനകളും മറ്റും വേണം. ഇത്രയും സംഭരിച്ചുകൊടുക്കുന്നതായിരിക്കണം സർവലോകമതമെന്ന് ആഗ്രഹിച്ച സന്യാസി ശ്രേഷ്ഠനായ വിവേകാനന്ദൻ മനുഷ്യചിന്തയുള്ളിടത്തോളം കാലം സ്മരിക്കപ്പെടുമെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.