നൂല്​പ്​

ഏതു ദേശത്തിനുമുണ്ടൊരു ദേശീയ കവി. മൊഴിഭേദങ്ങൾക്കും കാലഭേദ്യങ്ങൾക്കും അപ്പുറത്തെ ഏക് താര. ജർമനിക്ക് ഷിലർ, റഷ്യക്ക് പുഷ്‍കിൻ, ഫ്രാൻസിന് യൂഗോ, ലാറ്റിനമേരിക്കക്ക് വയാഹോ... ഇന്ത്യക്കോ? സ്പർധകൾ മുദ്രവെച്ച സിരകൾ മടിച്ചാലും ചങ്ങലക്കിടാത്ത ഹൃദയങ്ങൾ മന്ത്രിക്കും, കബീർഒന്നിൽ പിഴച്ചാൽ മൂന്നെന്നല്ലേ? മൂന്നാംവട്ടം ചെല്ലുമ്പോഴും പക്ഷേ പിഴച്ചിരുന്നില്ല കാശിക്ക്, പെഴവൊന്നുമേ. ദശാശ്വമേധിന്റെ പടവുകളിൽ നൂറ്റാണ്ടുകളുടെ മെഴുക്കിന് വഴുക്ക്, അതേപടി. ആളിയ ഇന്നലെകളുടെ അസ്ഥിക്കനൽ ആറാതെയുണ്ട്, മണികർണികയിൽ, പതിവിൻ പടി. ശവപ്പുരകളിൽ തപ്പിത്തിരയുന്ന തെണ്ടികൾ –പരലോകം പൂകിയോരുടെ ദേഹശിഷ്ടങ്ങളിൽ ഇഹലോക വാഴ്വിന്...

ഏതു ദേശത്തിനുമുണ്ടൊരു ദേശീയ കവി. മൊഴിഭേദങ്ങൾക്കും കാലഭേദ്യങ്ങൾക്കും അപ്പുറത്തെ ഏക് താര. ജർമനിക്ക് ഷിലർ, റഷ്യക്ക് പുഷ്‍കിൻ, ഫ്രാൻസിന് യൂഗോ, ലാറ്റിനമേരിക്കക്ക് വയാഹോ... ഇന്ത്യക്കോ? സ്പർധകൾ മുദ്രവെച്ച സിരകൾ മടിച്ചാലും ചങ്ങലക്കിടാത്ത ഹൃദയങ്ങൾ മന്ത്രിക്കും, കബീർ

ഒന്നിൽ പിഴച്ചാൽ മൂന്നെന്നല്ലേ? മൂന്നാംവട്ടം ചെല്ലുമ്പോഴും പക്ഷേ പിഴച്ചിരുന്നില്ല കാശിക്ക്, പെഴവൊന്നുമേ.

ദശാശ്വമേധിന്റെ പടവുകളിൽ നൂറ്റാണ്ടുകളുടെ മെഴുക്കിന് വഴുക്ക്, അതേപടി. ആളിയ ഇന്നലെകളുടെ അസ്ഥിക്കനൽ ആറാതെയുണ്ട്, മണികർണികയിൽ, പതിവിൻ പടി. ശവപ്പുരകളിൽ തപ്പിത്തിരയുന്ന തെണ്ടികൾ –പരലോകം പൂകിയോരുടെ ദേഹശിഷ്ടങ്ങളിൽ ഇഹലോക വാഴ്വിന് വഹതേടുന്നു, പഴയപടി. കിഴവുറയുന്ന തറികളിൽ നൂൽപ്പുഴുവിന് ശേഷക്രിയ– ബനാറസ് പട്ടിന്റെ ഊടുപാവിൽ തളരുന്ന ​ൈകക്കുഴകൾ, പഴയപാട്. എല്ലാമറിഞ്ഞും ഒന്നുമറിയാതെ ഗംഗ– ജനിമൃതികളുടെ വിഴുപ്പ് തേച്ചും മായ്ച്ചും; നിത്യപടി.

ഇടവഴികളിൽ വിശ്വാസത്തിന്റെ നനനിലം കുഴിച്ചുനോക്കുന്ന ബഹുകൃത വേഷങ്ങൾ, എമ്പാടും. രാജപാതകൾക്ക് കാവൽ, മാനം മറയ്ക്കുന്ന കോർപറേറ്റ് ഫലകങ്ങൾ– മുമ്പതിൽ കൊക്കകോള, ഇന്ന് നരേന്ദ്ര മോദി. കാമ്പിലില്ല, മാറ്റം ബ്രാൻഡ് നാമത്തിൽ മാത്രം. വിശ്വനാഥന്റെ അയൽമുറിയിൽ ഇപ്പഴുമുണ്ട് ദുവാ. എങ്കിലും പുതിയൊരു ചോദ്യചിഹ്നം നിഴലിടുന്നു, മെദുവാ. ഉത്തരച്ചിഹ്നമിടേണ്ടത് ഇനി ദൈവങ്ങളല്ല, മനുഷ്യക്കോടതി.

ഇങ്ങനെയങ്ങനെ പെറ്റും ചത്തും പെഴയ്ക്കുന്ന വാഴ്വിൽ ലീനമായുണ്ട്​ ആ മിടിപ്പ് ഇന്നും: കുളിപ്പടവുകളിൽ, അസ്ഥിമാടങ്ങളിൽ, വിശ്വനാഥന്റെ പച്ചഭാംഗിൽ, ആ മത്തിറക്കാൻ മോന്തുന്ന പുളിമോരിൽ,കളിമണ്ണ് വിയർക്കുന്ന അഖാഡകളിൽ, വിഷംതുപ്പുന്ന ശകടക്കിതപ്പുകളിൽ... എവിടെയും അശരീരിസ്പന്ദമായ്, കബീർ.

ഏതു ദേശത്തിനുമുണ്ടൊരു ദേശീയ കവി. മൊഴിഭേദങ്ങൾക്കും കാലഭേദ്യങ്ങൾക്കും അപ്പുറത്തെ ഏക് താര. ജർമനിക്ക് ഷിലർ, റഷ്യക്ക് പുഷ്‍കിൻ, ഫ്രാൻസിന് യൂഗോ, ലത്തീനമേരിക്കക്ക് വയാഹോ... ഇന്ത്യക്കോ? സ്പർധകൾ മുദ്രവെച്ച സിരകൾ മടിച്ചാലും ചങ്ങലക്കിടാത്ത ഹൃദയങ്ങൾ മന്ത്രിക്കും, കബീർ. കാരണം, ഈ ദേശത്തിന്റെ ദേഹീദേഹങ്ങളിൽ പതിഞ്ഞുകിടക്കുന്നുണ്ട്, ആ വരികൾ– സരളം, സാരശക്തം, സംഗീതയുക്തം. സാക്ഷരർ ഉദ്ധരിക്കുന്നു, നിരക്ഷരർ ഉരുക്ക്​ അഴിക്കുന്നു. കാശിയിലെ ആ നൂലാളൻ ഒപ്പി​െവച്ച പഴയ സെൽഫിയുണ്ട്, അതിന്റെ മുഖക്കുറിയായ്:

‘‘ഞാൻ തൊടുന്നില്ല മഷിയോ കടലാസോ.

ഈ കൈ ഒരിക്കലും പിടിച്ചിട്ടില്ലൊരു തൂലിക.

നാലു യുഗങ്ങളുടെ മഹത്ത്വം കബീറോതുക

നാവൊന്നുകൊണ്ടു മാത്രം.’’

നൂറ്റാണ്ട് ആറു മുമ്പാണ് ആ നാവ് ചലിച്ചത്. ഇന്നും അത് തീർത്തും സമകാലികം. ദർബാറിന്റെയോ ദന്തഗോപുരത്തിന്റെയോ അല്ല, അയൽക്കുടിയിലെ കവിയാണ് കബീർ. അന്നുമിന്നും. ദരിദ്രധാപകർ നാടിന്റെ വിഴുപ്പലക്കുന്ന കുളക്കരയിലെ നെയ്ത്തുകാരിലൊരുവൻ. ധോബീഘട്ടിൽ കാശി ഇന്നും വിഴുപ്പലക്കുന്നു, ചാരെ തറികളിന്നും കറുമുറുക്കുന്നു –പണ്ട് കബീറിരുന്ന് പട്ടിനും പാട്ടിനും ഇഴയിട്ട അതേ കുളക്കരെ.

കാശിയിൽ ഇന്നുമുണ്ട് കബീർ, അനുയായികൾ പടുത്ത മഠങ്ങളിലെ അസാന്നിധ്യമായി. മണ്ണടിഞ്ഞ് നൂറ്റാണ്ട്​ ഒന്ന് കഴിയുമ്പഴേ പൊന്തിയതാണീ മഠങ്ങൾ. ചിതക്കൂട്ടിൽ അന്നേ ഞെളിപിരികൊണ്ടിരിക്കും, ‘‘ഞാനെന്റെ പുര കത്തിച്ചുകളഞ്ഞെ’’ന്നു പറഞ്ഞവൻ. ‘‘എന്നെ അനുകരിക്കാൻ മുതിരുന്നോനെ കത്തിക്കാനൊരു പന്തം കരുതിയിട്ടുണ്ടെ’’ന്നു പറഞ്ഞവൻ. കഷ്ടം! ഓതിയതൊന്നും കാതിലേശിയ ലക്ഷണമില്ല. അത്രക്കുണ്ട് കബീർപന്ഥികൾ ഇന്ന്, ആയിരത്തിൽപരം. ഇന്ത്യൻ ജീനിലുള്ളതാണ് ആരാധന. എക്സും വൈയും കഴിഞ്ഞുള്ള Z- ക്രോമസോം. അത് നീർത്തുന്ന ഭക്തിക്കില്ല അതിര്, ഇല്ലാതില്ല തിമിര്.

കാലശേഷം കബീർ കവിതകൾ സ്വരുക്കൂട്ടി, അനുയായികൾ. ആ പാട്ടുപുസ്തകമാണ് ഇന്നവരുടെ വേദപുസ്തകം. ഇതൊരു മതമല്ല, വിമത ശാഖിയുമല്ല. മതാത്മകത സഫലമാക്കിയ കൂട്ടായ്​മയാണ്. കാശിയിൽ ഇന്നുള്ള രണ്ടു കബീർ സംഘങ്ങളും പറയും, തങ്ങളുടേതാണ് കൂടുതൽ പഴയത്, അതുകൊണ്ടുതന്നെ കൂടുതൽ ആധികാരികം. എന്തോ! രണ്ട് മഠങ്ങളും ദരിദ്രമായി സൂക്ഷിച്ചിട്ടുണ്ട്. വിഗ്രഹങ്ങളില്ല, കെട്ടിച്ചമയങ്ങളില്ല, കൊട്ടിഗ്ഘോഷങ്ങളില്ല. ഒരു തെരുമൂലയ്ക്ക് നീലച്ചായമിട്ട ചെറു കെട്ടിടം.

മെഴുകാത്ത തറ. ഉമ്മറക്കോലായിൽ എലിയും പാറ്റയും. മുറ്റത്ത്​ എല്ലുംതോലുമായ പശു. അയലത്തുനിന്ന് നെയ്യുരുക്കുന്ന മണം, ഹർഷ ഭോഗ് ലെയുടെ ക്രിക്കറ്റ് സ്വരം –ഏതോ അന്യഗ്രഹ സംസ്കൃതിയുടെ വീചികൾപോലെ അവ. പടികടന്നാൽ, അകത്ത് ആകെയുള്ളത് കബീറിന്റെ പഴകിയ ഛായാപടം– ആരോ എ​േന്നാ വരച്ചത്. അന്തേവാസികൾക്കു കഴിയാൻ ഏതാനും മുറികൾ. അവയിൽ മൂന്നുവീതം കയറുകട്ടിൽ, വേറൊന്നുമേയില്ല. ഇത്ര പ്രസിദ്ധനായ ഒരാളുടെ ആശ്രമം ഇത്ര ദരിദ്രം? ശാന്തമായി വന്നു മഠാധിപന്റെ അല്ലല്ല കുടുംബനാഥന്റെ സ്വരം: ‘‘കബീർ ആവശ്യപ്പെടുന്നത് കഠിനപഥമാണ്. ഓരോരുത്തരോടും പറയുന്നത് ഉള്ളിലെ ഈശ്വരനെ തേടാനാണ്​ –സ്​ഥാപനവത്കൃത മതങ്ങളുടെ ഊന്നുവടികളില്ലാതെ. ഇവിടെ ആചാരങ്ങളില്ല, പുരോഹിതരില്ല, ജാതിമത വർഗങ്ങളില്ല.’’

അന്തേവാസികൾ നിത്യവും ‘നാഥൻ’ പറയുന്നത് ചെയ്യും. അവർ കബീറിനെ വായിക്കുന്നില്ല. വായിക്കാനറിയില്ല. ബീജക് ചൊല്ലും –ആ ഗീതകങ്ങൾ. കാരണം, കബീർതന്നെ നിരക്ഷരനായിരുന്നു, ആ വാമൊഴി ​പൈതൃകം തുടരുകയാണിന്നും. കാശിത്തെരുവുകളിൽ എത്രയോ ആശ്രമങ്ങളുടെ പ്രചാരകരെ കാണാം. പരസ്പരം ഇകഴ്ത്തിയും സ്വന്തം പുകഴുയർത്തിയും തീർഥാടകരെ വശീകരിക്കാൻ മത്സരിക്കുന്നവർ. കബീറിന്റെ കൂട്ടർ ആരെയും തേടിപ്പോവുന്നില്ല, വേണ്ടവർ അങ്ങോട്ട് തേടിയെത്തുന്നു.

കബീർ കലയായിരുന്നു; എല്ലാ മൗലിക കലകളെയുംപോലെ കലാപവും. അസമത്വത്തിനും അധികാരത്തിനും ആചാരത്തിനും എതിരെയായിരുന്നു ആ കലാപകല. ‘‘ആചാരങ്ങളാൽ ദേഹപീഡ ചെയ്യുവതെന്തേ, ദൈവത്തിന്റെ കണ്ണിൽ ജീവിതാധ്വാനം തന്നെ ദീർഘമായ ദേഹപീഡയായിരിക്കെ?’’ ഈ ദൈവത്തിന് കബീറിട്ട വിളിപ്പേരാണ് റാം. മലയാളത്തിൽ രാമൻ. ത്രേതായുഗ രാമനല്ലത്, അയോധ്യയിലോ തൃപ്രയാറിലോ അയാൾക്ക്​ ആധാർ കാർഡുമില്ല. നിരാമയവും രൂപരഹിതവുമായ ആ സത്യസങ്കൽപത്തോട് മാത്രമായിരുന്നു കബീറിന് പ്രേമം. സ്വാഭാവികമായും ആ പ്രണയാഗ്നിയിൽനിന്ന് സ്ഫുലിംഗങ്ങൾ ചിന്നിവീണ് നാട്ടുനടപ്പുകൾക്ക് തീപിടിച്ചു:

 

‘‘...ബ്രാഹ്മണൻ ചതുരനാം അറവുകാരൻ

ആടിനെ അറുത്തിട്ട് കാളക്കായോടുന്നവൻ,

ഹൃദയത്തിൽ നോവിന്റെ തരിമ്പുമില്ലാതെ.

അവൻ കുളിച്ചൊരുങ്ങി കുറിയിടുന്നു

ദേവകൾക്കായ് പാടുന്നു. മനുഷ്യരെ

ഒരൊറ്റ നോക്കാൽ ​ഞെരിച്ചുടക്കുന്നു.

ഒഴുകിക്കൊണ്ടേയിരിക്കുന്നു, ചോരപ്പുഴ...’’

ഒരുകൂട്ടർക്ക് അതു കൊടുത്തിട്ട് മറുകൂട്ടർക്ക് ദേ ഇത്:

‘‘എന്തിനിങ്ങനെ ഒച്ചയിടുന്നു,

എല്ലായിടത്തുമുണ്ടെന്ന് പറയുന്ന

ദൈവമെന്താ ബധിരനോ?

ക്വാസീ, ഏതു ഗ്രന്ഥമാണ് നീയോതുന്നത്

അറഞ്ഞറഞ്ഞ്​ രാവും പകലും?

നിനക്കുണ്ടോ മൗലിക ചിന്ത, ഒന്നെങ്കിലും?’’

ഓർക്കണം, മുഗള ഭരണക്കീഴിലാണ് ഈ ധിക്കാരഗീതം. കാശിയിൽനിന്ന് ഭ്രഷ്ടനാക്കിയിട്ടും പാട്ട് നിർത്തിയില്ല, ദരിദ്ര ധിക്കാരി. ഒടുക്കത്തെ രണ്ടു പതിറ്റാണ്ട് ഉത്തരേന്ത്യയാകെ ഇതേ പാട്ടുകൾ പാടിനടന്നു. അതാണ്​ നാലു നൂറ്റാണ്ടിപ്പുറം ഗാന്ധി കടംകൊണ്ട നാലു ശക്തിവേലുകളിൽ പ്രഥമം –കാൽനട. ഇന്ത്യയുടെ മുക്കും മൂലയും നടന്നുചെന്ന് തൊട്ടറിഞ്ഞവർ ഗാന്ധിയോളമില്ലാരും വേറെ. വിധിവിശ്വാസത്തിൽ നിശ്ചേതനായിപ്പോയ ഇന്ത്യക്കാരന്റെ നേർവിപരീതത്തെയാണ് പദയാത്ര വഴി കബീർ സൃഷ്ടിച്ചത്. നിഷ്ക്രിയമായി ചിതറിക്കിടന്ന ദേശങ്ങളെ സ്വാതന്ത്ര്യസമരച്ചരടിൽ കോർത്തിണക്കാൻ ഗാന്ധിക്കത് ഉത്തോലകമായി.

ബ്രിട്ടന്റെ ആധിപത്യമർമം ഭേദിക്കാൻ ഗാന്ധി നടത്തിയ സാമ്പത്തികയുദ്ധമായിരുന്നു സത്യത്തിൽ, സ്വദേശി പ്രസ്ഥാനം. മാഞ്ചസ്റ്ററിലെ ജൗളിവ്യാപാരം ക്ഷയിക്കുന്നത് കോളനിപ്രഭുവിന്റെ നടുവൊടിക്കും. അതിനായി, സ്വയം നൂൽനൂറ്റ് സ്വന്തം ഉടുതുണി ചമയ്ക്കാൻ ഗാന്ധി പിടിച്ച അങ്കച്ചുരികയും കബീർ വക –ചർക്ക. ശക്തിവേൽ നമ്പർ മൂന്ന്, റാം. കബീറി​ന്റെ അമൂർത്തരാമനെ രഘുപതിരാഘവനായി മൂർത്തവത്കരിച്ചു, ഗാന്ധി. അത്​, അമൂർത്തതകൾ വഴങ്ങാത്ത പ്രാ​േയാഗിക രാഷ​്ട്രീയക്കാര​ന്റെ മനോനില, ഉൗനമാനം.

നാലാം വേൽ, സംഭാഷണം. ഇന്ത്യൻ സംഭാഷണ കലയുടെ ശേമുഷി വരഞ്ഞിട്ടതാണ് കബീറിന്റെ ചോദ്യോത്തര ശൈലി. മിണ്ടിയും കൊണ്ടും വാമൊഴി വിനിമയം അനന്തദിശകളിൽ ചലിക്കുന്നു. വാചികമല്ലിൽ സംഘർഷങ്ങൾ അലിഞ്ഞുപോകുന്നു. കബീറിന്റെ ലിറിസിസം അതിന്റെ ഇന്ദ്രജാലമായപ്പോൾ ഗാന്ധി അതിൽനിന്ന് പറ്റിയത്, ആ ഭാഷണകല മൈനസ് കാവ്യാത്മകത. അതായി പിന്നെ ഗാന്ധിയുടെ വജ്രായുധം –ഏത് ആൾക്കും ആൾക്കൂട്ടത്തിനും മുന്നിൽ.

ബഹുതല പാരതന്ത്ര്യങ്ങളുടെ ആ പഴങ്കാലത്തും എവിടുന്നുണ്ടായി ഇത്ര മൗലികമായ സ്വാതന്ത്ര്യബോധം, കബീറിന്? പഠിപ്പില്ല, പണമില്ല, പദവിയില്ല. അത്തരം പടവുകളിലേക്ക് ചുവടു വിലക്കുന്ന സമൂഹവ്യവസ്ഥിതിയിൽ ഇസ്‍ലാമിലേക്ക് മാറിയ നിസ്വരായിരുന്നു അച്ഛനുമമ്മയും. ജാതീയതയുടെ കരാളതയിൽ അന്ന് അതായിരുന്നു പലർക്കും രക്ഷാവഴി. കാരണം ഇസ്‍ലാമിൽ ജന്മങ്ങളുടെ പൂർവാപരങ്ങളില്ല, ശ്രേണികളുടെ കീഴ്മേലും. എന്നിട്ടും തുല്യതയിലും മോചനത്തിലും നങ്കൂരമിട്ട രക്ഷാവഴിയും എങ്ങനെ മാമൂൽപ്പിടിയിലായി?

അതിന്റെ ഉത്തരവും കബീറിലുണ്ട്: മതസത്തക്ക് ഇടനിലക്കാരുടെ കൂച്ചുവിലങ്ങ്​. ആത്മീയതക്ക് പൗരോഹിത്യത്തിന്റെ വാരിക്കുഴി. ഈ ദുരവസ്ഥ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം തലവരയല്ല.

‘‘എല്ലാം എല്ലും തോലും

മലവും മൂത്രവും മാംസവും ചോരയും.

ഒരു തുള്ളിയിൽനിന്ന് ഒരു പ്രപഞ്ചം.

ആര് ബ്രാഹ്മണൻ, ആര് ശൂദ്രൻ?’’

ഭാവനയുടെ മേദസ്സുകൂടി കുടഞ്ഞുകളഞ്ഞ് കാര്യം കുറേക്കൂടി യഥാതഥമാക്കുന്നു:

‘‘പൂജ്യരേ, അറിവിനായ് ഹൃദയം പരതൂ

എന്നിട്ട് പറയൂ, തീണ്ടലെവിടുന്നു വന്നൂ

ചുവന്ന പഴച്ചാറും വെളുത്ത പഴച്ചാറും

പ്രാണവായുവും ചേർത്തിളക്കിനോക്കൂ-

ദേഹത്തിനകത്താണ് ദേഹം ചുട്ടെടുക്കുന്നത്.’’

–യുക്തി ലളിതം, ശക്തി സ്പഷ്ടം. സംവേദനം ഹൃദയത്തോട്, മൊഴി തനി നാടൻ– യേശുവും അറാമിക്കുംപോലെ. ഇവിടെ പക്ഷേ, ആൾ കവിയാണ്. അതുകൊണ്ട് ആ വിനിമയകലയുടെ വർണരാജിക്ക് തെളിമ കൂടും, ഗാഢതയേറും. ഇന്ത്യൻ ദേശ്യ-സംഗീതത്തിന്റെ മിസ്റ്ററിയ​ത്രയും ഉള്ളടക്കുന്നുണ്ട് ഈ തെളിഗീതങ്ങൾ. നേരാണ്, ഇന്ത്യൻ സംഗീതവും ഘടനാപരം തന്നെ. എങ്കിലും അതിനില്ല ദാർഢ്യം; പാടുംവഴിയേ പുതുക്കാം, പുതുവഴി​ തെളിക്കാം– ശ്രോതാക്കളുടെ മനോനിലക്ക് നിരക്കുമാറ് ആ നവസഞ്ചാരത്തെ നിയന്ത്രിക്കാമെന്നുണ്ടെങ്കിൽ. കബീറിനത് ഇളനീരു പോലെ വഴങ്ങി. നൂൽ നൂറ്റുകൊണ്ടാണ് അയാൾ പാടിയത്. രണ്ടു വൃത്തികൾക്കും അടിസ്ഥാനം താളം. അത് പിഴക്കാതിരിക്കെ ശ്രുതി ശുദ്ധം. കബീറിൽ മായയില്ല, മറിമായങ്ങളും. വരികളിൽ അയാളിട്ട സർറിയൽ ഞൊറിവുകൾപോലും മായികമല്ല. കാരണം, കാത് പ്രതീക്ഷിക്കുന്നതിന്റെ വിപരീത ധ്വനികൾ നിഷ്ക്രിയതക്കുള്ള ഉണർത്തടികളാണ്, ഇന്ത്യക്കാർക്ക് വിശിഷ്യാ, അനിവാര്യമായവ.

 

‘‘ഭൂമി, ആകാശത്തേക്ക് തിരികെപ്പാഞ്ഞു

ഉറുമ്പിൻ കണ്ണിലൊരാന പോയി

മലകൾ കാറ്റില്ലാതെ പറന്നു

ആത്മാക്കളും ജന്തുക്കളും മരം കയറി

വറ്റിയ തടാകത്തിൽ അലയടിച്ചു

വെള്ളമില്ലാതെ ജലപ്പക്ഷികൾ നീന്തി

പണ്ഡിതരിരുന്ന് നിയമംവായിച്ചു-

ഒരിക്കലുമറിയാത്തതിന്മേൽ വളവളാന്ന്.

കബീറിന്റെ പാട്ട് തിരിയുന്നതാർക്കോ

കാലാറുതിയോളം വിശുദ്ധനാകുമയാൾ.’’

ഇത് പാടിയിട്ട് നൂറ്റാണ്ട് ആറു കഴിഞ്ഞു. തിരിഞ്ഞുവോ പാട്ട്, നമുക്ക്? ആന്റി ക്ലൈമാക്സിന് ഒരു കഥ കൂട്ടുണ്ട്: മരിച്ചപ്പോൾ കബീറിന്റെ ജഡത്തിനായി തല്ലുകൂടി, ഹിന്ദുക്കളും മുസ്‍ലിംകളും. ഹിന്ദുക്കൾക്ക് ദേഹം ദഹിപ്പിക്കണം. മുസ്‍ലിംകൾക്ക് മയ്യിത്ത് മറവുചെയ്യണം. ഒടുവിൽ രണ്ടായി പകുക്കാൻ തീരുമാനം. ശവക്കച്ച നീക്കിയപ്പോൾ ജഡം ഒരു പൂക്കൂന. പൂക്കളിൽ പാതി മുസ്‍ലിംകൾ കുഴിച്ചുമൂടി. മറുപാതി ഹിന്ദുക്കൾ ചിതയിലെരിച്ചു. ഇങ്ങനെയൊക്കെയാണ്​ Z-ക്രോമസോമി​ന്റെ ഫലശ്രുതി. എല്ലാം ഉള്ളടക്കി ജാഹ്നവി, സാന്ദ്രം, ശാന്തം –പതിവിൻപടി.

(തുടരും)

Tags:    
News Summary - weely articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT