മാങ്കുളത്തെ താപ്പാനകൾ

ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ആരംഭിച്ച ‘പ്രോജക്ട് എലിഫന്റി​’ന്റെ അവസ്ഥയെന്താണ്​? മാങ്കുളത്ത്​ അഴിമതിക്കുള്ള സൂത്രവാക്കായി അത്​ മാറിയോ? എന്താണ്​ അവിടെ നടക്കുന്ന തട്ടിപ്പുകൾ? ‘മാധ്യമം’ ലേഖകൻ അന്വേഷിക്കുന്നു.

ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും 1992 ഫെബ്രുവരിയില്‍ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് എലിഫന്റ്. ആനകളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും ആന ഇടനാഴികളുടെയും സംരക്ഷണം, ആനകളും മനുഷ്യരുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനും തടയാനുമായി സെന്‍സസ്, ഫീല്‍ഡ് ഉദ്യോഗസ്ഥ പരിശീലനം, വേട്ടക്കാരില്‍നിന്നും ആനകളുടെ സംരക്ഷണം, ആനക്കൊമ്പ് അനധികൃത കച്ചവടം തടയൽ, ആനകളുടെ സംരക്ഷണത്തിനായി ശാസ്ത്രീയവും ആസൂത്രിതവുമായ മാനേജ്മെന്റ് തന്ത്രങ്ങള്‍ വികസിപ്പിക്കൽ എന്നിവയൊക്കെയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

അരുണാചല്‍പ്രദേശ്, അസം, ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, കേരളം, കര്‍ണാടക, മേഘാലയ, മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ഒഡിഷ, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആനസംരക്ഷണരീതി കൂടുതലായി നടപ്പാക്കുന്നത്. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനവും ആനസംരക്ഷണത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു.

ആനത്താരകൾ നഷ്ടപ്പെടുകയും വനനശീകരണം ശക്തിപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കാട്ടാന ആക്രമണങ്ങള്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയത്. അത് ഒടുവിൽ അരിക്കൊമ്പനെ നാടുകടത്തുന്നതിൽ വരെയെത്തി.

ആനകളുടെ കേരളത്തിലെ പ്രധാന സഞ്ചാരപാതയാണ് ഇടുക്കിയിലെ മാങ്കുളത്തിന് അടുത്തുള്ള ആനക്കുളം. പ്രകൃതിയും മനുഷ്യനുമായുള്ള അടുപ്പം നേരിട്ടുകാണാന്‍ സാധിക്കുന്ന സ്ഥലം. ഗ്രാമത്തിലേക്ക് എത്തിച്ചേരുന്ന റോഡിനു സമീപമാണ് ആനകള്‍ സ്ഥിരമായി വെള്ളം കുടിക്കാന്‍ എത്തിച്ചേരുന്ന ഈറ്റച്ചോലയാർ ഒഴുകുന്നത്. റോഡിന് ഒരുവശം കുറച്ചു കടകൾ. റോഡിനു മറുവശം ചോലയാറും കാടും. കുട്ടമ്പുഴ ഫോറസ്റ്റ് ഡിവിഷനിലാണ്​ ഇവിടം.

ജനവാസ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന കാട്ടാനകളെ തുരത്താന്‍ മറ്റു പലയിടത്തുമെന്നപോലെ മാങ്കുളം ഫോറസ്റ്റ് ഡിവിഷന്‍ പുതിയ വഴി തേടി. പൊതുവേ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഏറ്റവും കുറവുള്ള മേഖലകളിലൊന്നാണ്​ മാങ്കുളം. എന്നാലും ഇടക്കിടെ ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങള്‍ക്ക് അറുതിവരുത്താന്‍ ലക്ഷ്യമിട്ട് മാങ്കുളം ഡി.എഫ്.ഒ ബി.എന്‍. നാഗരാജിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു.

വനവുമായി അതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ കാട്ടാനകളെ തുരത്താന്‍ സോളാര്‍ വൈദ്യുതിവേലികള്‍ സ്ഥാപിക്കുകയാണ് പതിവ്. ഈ വേലികളില്‍ തട്ടുമ്പോള്‍ ആനകള്‍ക്കു ഷോക്കേല്‍ക്കും. അതോടെ ആനകൾ പിന്തിരിയും. എന്നാല്‍, ഇത്തരത്തില്‍ ഷോക്കേല്‍ക്കുന്ന ആനകൾ പലപ്പോഴും അക്രമകാരികളാകാറുണ്ട്.

വലിയ തടിക്കഷണങ്ങള്‍കൊണ്ടും മറ്റും സോളാര്‍ വേലികളില്‍ അടിച്ചു വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം ജനവാസകേന്ദ്രങ്ങളില്‍ ആനകൾ കടക്കാൻ തുടങ്ങി. അതിനാലാണ് ബദല്‍മാര്‍ഗം പരീക്ഷിക്കാന്‍ മാങ്കുളം ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചത്. അതാകട്ടെ ക്രാഷ് ഗാര്‍ഡ് റോപ് ഫെൻസിങ് എന്ന പുതു പദ്ധതിയായിരുന്നു.

മാങ്കുളത്തെ ആനക്കുളം

ഒരുകാലത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ കാട്ടാനകളുടെ ദേശീയ സങ്കേതമായി പ്രഖ്യാപിക്കാൻ തിരഞ്ഞെടുത്ത വനമേഖലയായിരുന്നു ആനക്കുളം. ആനക്കുളത്തു മാത്രം പ്രകൃതി ഒരുക്കിയ അപൂര്‍വ പ്രതിഭാസമുണ്ട്. ഇടുക്കി-ദേവികുളം താലൂക്കിലെ മാങ്കുളം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്തുകൂടി ഒഴുകി പെരിയാറിൽ എത്തുന്ന ഈറ്റച്ചോലയാറിലെ ആനക്കുളത്തെ ഓരിൽനിന്നുള്ള വെള്ളം ധാതുക്കളടങ്ങിയതും ഉപ്പുരസമുള്ളതുമാണ്. മണ്ണിനടിയിൽനിന്ന് കുമിളകളായി വെള്ളം ഉയർന്നുവരും.

ആ വെള്ളം കുടിക്കാനാണ് ഇവിടേക്ക് ആനക്കൂട്ടമെത്തുന്നത്. ആനകള്‍ സാധാരണ വെള്ളം കണ്ടാല്‍ നന്നായി കുളിക്കാറുണ്ട്. ഈ വെള്ളത്തില്‍ ആനകള്‍ കുളിക്കാറില്ല. നാട്ടുകാര്‍ പറയുന്നത് ആനകള്‍ക്ക് ഈറ്റച്ചോലയാറിലെ വെള്ളം കുടിക്കുമ്പോള്‍ ഒരുതരം മത്ത് അനുഭവപ്പെടുന്നു എന്നാണ്. ആനകളുടെ ‘ബിവറേജസ് ഔട്ട്​ലെറ്റ്’ എന്നാണ് നാട്ടുകാരുടെ വിശേഷണം. വെള്ളം കുടിക്കാന്‍ വേനല്‍ക്കാലത്ത് മിക്കവാറും ദിവസങ്ങളില്‍ ആനകള്‍ കൂട്ടമായി ഇവിടെ എത്തും.

ആനക്കുളത്തെ ഈറ്റച്ചോലയാറിന്റെ പ്രത്യേക ഭാഗത്തുനിന്നുള്ള വെള്ളത്തിന് ഉപ്പുരസമുള്ളതിനാലാണ് കാട്ടാനകള്‍ ഇവിടെനിന്ന് വെള്ളം കുടിക്കാന്‍ കാരണം. ഓരുവെള്ളം എന്നാണ് ഇതിനെ നാട്ടുകാർ പറയുന്നത്. കരിന്തിരിയാറിന്റെ ഒരു ചെറിയ കൈവഴിയുടെ തീരമാണിത്.

വെള്ളം കുടിച്ച് ആനക്കൂട്ടം കാട് കയറും. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ വനമേഖലയിൽനിന്നാണ് ആനക്കുളത്തേക്ക് ആനകളെത്തുന്നത്. വൈകീട്ട് വരുന്ന ആനക്കൂട്ടം മിക്കവാറും രാത്രി മുഴുവനും വെള്ളം കുടിച്ചിട്ട് പുലര്‍ച്ചെയാണ് കാടുകയറുന്നത്. പത്തും ഇരുപതും ആനകളുള്ള ഗ്രൂപ്പുകളാണ് വരുന്നത്.

മാങ്കുളം പശ്ചിമഘട്ടത്തിൽ കുന്നുകളാൽ ചുറ്റപ്പെട്ടു കഴിയുന്ന സുന്ദര പ്രകൃതിയുള്ള പ്രദേശമാണ്. ഒരേ സമയം മൂന്നു വ്യത്യസ്ത കാലാവസ്ഥകൾ അനുഭവിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഭൂമിശാസ്ത്രപരമായി മാങ്കുളത്തിനുള്ള പ്രത്യേകത. ഉഷ്ണവും തണുപ്പും, അത് രണ്ടും കലർന്ന സമ്മിശ്ര അവസ്ഥയും മാങ്കുളത്തിന്റെ വ്യത്യസ്തഭാഗങ്ങളിൽ ഒരേസമയമുണ്ട്​. മാങ്കുളത്തുനിന്ന് ആനക്കുളത്തേക്കുള്ള വഴി ഒരു ബസിന്‌ മാത്രം പോകാൻ കഴിയുന്നതാണ്. പല വളവുകളും വളച്ചെടുക്കാൻ ഡ്രൈവർ നന്നേ പാടുപെടും.

1800കളിലാണ് മാങ്കുളത്ത് കുടിയേറ്റം തുടങ്ങുന്നത്. എഡ്ഗർ സായിപ്പിനുവേണ്ടി റബർത്തോട്ടമൊരുക്കാൻ വന്നവരായിരുന്നു ഇവിടത്തെ ആദ്യകാല താമസക്കാർ. ഇന്നും ഏകദേശം പതിമൂന്നോളം ആദിവാസി ഊരുകൾ മാങ്കുളത്തിനും സമീപ പ്രദേശങ്ങളിലുമായുണ്ട്. 1924ലെ പേമാരിയും വെള്ളപ്പൊക്കവും മാങ്കുളത്തെ മറ്റു പ്രദേശങ്ങളിൽനിന്ന് ഒറ്റപ്പെടുത്തി. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.

പിന്നീട് ഇന്ന് കാണുന്ന രീതിയിലുള്ള കുടിയേറ്റം പുനരാരംഭിച്ചത് 1970കളിലാണ്. കോട്ടയം ഭാഗത്തുനിന്നുള്ളവരായിരുന്നു ഇതിൽ സിംഹഭാഗവും. ഇടുക്കിയുടെ വളർച്ചയുടെ ഏറിയപങ്കും അവിടത്തെ പ്രകൃതിവിഭവങ്ങളിൽനിന്നാണ് ഉണ്ടായിട്ടുള്ളത്. പൊന്നു വിളയിക്കാനുതകുന്ന മണ്ണും വെള്ളവും കാലാവസ്ഥയും ഏലത്തെയും കാപ്പിയെയും റബറിനെയും തേയിലയെയും ഇടുക്കിയിൽ തഴച്ചുവളർത്തി.

ഇതെല്ലാം ഇടുക്കിയുടെ പ്രധാന സാമ്പത്തിക ​സ്രോ തസ്സുകളായി മാറി. എന്നാൽ, ടൂറിസത്തിന്റെ വളർച്ച ഇടുക്കിയിൽ തുറന്നിട്ടത് പ്രകൃതിചൂഷണത്തിന്റെ പുതിയൊരധ്യായമാണ്. പണം ധാരാളമുള്ളവർ കോൺക്രീറ്റ് കെട്ടിടങ്ങൾ കാടിന്റെ വേരുകളിൽ ആഴ്ത്തിയിറക്കി. പരിസ്ഥിതിലോലമായ പലയിടങ്ങളിലും കൂറ്റൻ കെട്ടിടങ്ങൾ ഉയർന്നു. മരങ്ങൾ വെട്ടിനിരത്തി.

വഴിത്തിരിവായ പരാതി

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനാണ് വനംവകുപ്പ് പലയിടത്തും ഫെൻസിങ് അടക്കമുള്ള പദ്ധതികൾ നടപ്പാക്കിയത്. മാങ്കുളം ഫോറസ്റ്റ് ഡിവിഷനിൽ ആനക്കുളത്തും അത്തരമൊരു പദ്ധതി നടപ്പാക്കി -എലിഫന്റ് ക്രാഷ് ഗാർഡ് റോപ് ഫെൻസിങ്. പദ്ധതിയിൽ അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി വനം മന്ത്രിക്ക് പരാതി ലഭിച്ചു; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം വിദഗ്ധരും പരിസ്ഥിതിപ്രവർത്തകരും മാധ്യമങ്ങളും മാങ്കുളം ഡി.എഫ്.ഒയെ നേരിട്ടുകണ്ട് ഇന്ത്യയിൽ മറ്റൊരിടത്തും പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത എലിഫന്റ് ക്രാഷ് ഗാർഡ് റോപ് പോലുള്ളൊരു ആശയം ആനക്കുളംപോലെ ഏറ്റവും സവിശേഷതകളുള്ള വനമേഖലയിൽ നടപ്പാക്കാൻ അനുവാദം നൽകരുതെന്ന് അറിയിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടി.

പുഴയുടെ പ്രകൃതിദത്തമായ അതിർത്തിക്ക് അകത്തുകൂടി ഇരുമ്പുവടങ്ങൾ കടത്തിവിടാനുള്ള ‘C Channel type pillars’ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കാൻ കുഴികൾ എടുക്കുന്ന ഭാഗം പുഴയിലെ മണലും ഉരുളൻകല്ലുകളും നിറഞ്ഞ ഭാഗമാണെന്നും മഴക്കാലത്ത് നാലു മാസത്തോളം വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന ഭാഗത്തുകൂടി കോൺക്രീറ്റ് ചെയ്ത തൂണുകൾ പരമാവധി ഒരു വർഷത്തിനുള്ളിൽ ബലക്ഷയം വന്ന് വേലി നിലംപൊത്തുമെന്നും പരാതിയിൽ വ്യക്തമാക്കി.

ഈറ്റച്ചോലയാർ 

ക്രാഷ് ഗാർഡ് റോപ് ഫെൻസിങ്ങിന്റെ ഇരുപതിൽ ഒന്ന് മാത്രം ചെലവുള്ള സോളാർ വേലി പരാജയമല്ലാതിരുന്നിട്ടും കിലോമീറ്റിന് 50 ലക്ഷം മുടക്കി വേലി നിർമിക്കുന്നത് അനാവശ്യമാണെന്നും പരാതിയിൽ സൂചിപ്പിച്ചു. സോളാർ വേലികൾ വനത്തിന്റെ അതിരായി കണക്കാക്കാനാവില്ലെങ്കിലും കോൺക്രീറ്റ് ചെയ്ത് വലിയ തൂണുകളിൽ ഉറപ്പിച്ചു നിർമിക്കുന്ന ക്രാഷ് ഗാർഡ് റോപ് വേലി അതിരായിത്തീരുകയും സർക്കാറിന് വനഭൂമി വീണ്ടെടുക്കാനാവാതെ നഷ്ടപ്പെടുകയും ചെയ്യും.

തീർത്തും വനത്തിന്റെ സ്വാഭാവികത തകർക്കുന്ന ഒരു പ്രവൃത്തിയാണെന്നും പരാതിയിൽ പറയുന്നു. ആനക്കുളം പുഴയിൽ ഇറക്കി നിർമിച്ചിരിക്കുന്ന വാച്ച് ടവർ ഇന്ന് ഈ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ അശാസ്ത്രീയ നിർമാണങ്ങൾക്കും ഉദാഹരണമാണെന്നും പരാതിയിലുണ്ട്. പരാതി സംബന്ധിച്ച് ആദ്യ അന്വേഷണം നടത്തിയത് വനംവകുപ്പാണ്.

തട്ടിപ്പിന്റെ അരങ്ങേറ്റം

പദ്ധതി സംബന്ധിച്ച് പരാതികൾ ഉയർന്നപ്പോൾതന്നെ വനംവകുപ്പിന്റെ വ്യത്യസ്ത തലങ്ങളിലുള്ള ഓഫിസർമാർ വിശദ പരിശോധനകൾ നടത്തിയിരുന്നു. വനംവകുപ്പ് അഡീഷനൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (റീജനൽ സൗത്ത് -കൊല്ലം) ആണ് ആദ്യ പരിശോധന നടത്തിയത്. 50 ലക്ഷം രൂപ ചെലവിൽ ഒരു ഗുണവും ലഭിക്കാത്ത ക്രാഷ് ഗാർഡ് സ്ഥാപിച്ച നടപടി സർക്കാർ പണം ദുർവിനിയോഗം ചെയ്യുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഈ പ്രവൃത്തി സംബന്ധിച്ച എസ്റ്റിമേറ്റ് അനുവദിച്ച ‘ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ വേണ്ടത്ര പരിശോധനയോ, വിദഗ്ധോപദേശമോ തേടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ അടിവരയിട്ടു. അതിനാൽ, മാങ്കുളം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കമെന്നായിരുന്നു റിപ്പോർട്ടിലെ ശിപാർശ.

തൊട്ടുപിന്നാലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് അന്വേഷണം നടത്തി. ആദ്യ റിപ്പോർട്ടിന് വിരുദ്ധമായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. 2022 ആഗസ്റ്റ് 17ന് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ശിപാർശക്ക് ഉപോദ്ബലകമായ തെളിവുകൾ ഒന്നും അന്വേഷണ റിപ്പോർട്ടിലോ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഫയലുകളിലോ ലഭ്യമല്ലാത്തതിനാൽ ഈ വിഷയത്തിലെ തുടർനടപടി അവസാനിപ്പിക്കാമെന്നായിരുന്നു ശിപാർശ.

ഒരു വിഷയത്തിൽ വനംവകുപ്പിനുള്ളിൽ പരസ്പരവിരുദ്ധമായ രണ്ട് റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ പരാതി സംബന്ധിച്ച് അന്വേഷണം ധനകാര്യ പരിശോധനാ വിഭാഗത്തിന് കൈമാറി. അതിന്റെ അടിസ്ഥാനത്തിൽ ധനകാര്യ വിഭാഗം മാങ്കുളം ഫോറസ്റ്റ് ഡിവിഷനൽ ഓഫിസ്, പരാതിയിൽ സൂചിപ്പിക്കുന്ന നിർമാണങ്ങൾ നടത്തിയ പ്രദേശങ്ങൾ, മാങ്കുളം പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ പരിശോധന നടത്തി.

1971ലാണ് കണ്ണൻദേവൻ മലകൾ ഭൂമി വീണ്ടെടുക്കൽ നിയമം നിയമസഭ പാസാക്കിയത്. പഴയ കോട്ടയം ജില്ലയിലെ ദേവികുളം താലൂക്കിലുള്ള കണ്ണൻദേവൻ ഹിൽസ് വില്ലേജിലെ തോട്ടങ്ങൾ അല്ലാത്ത ഭൂമികൾ വീണ്ടെടുക്കാനും അങ്ങനെയുള്ള ഭൂമികൾ കൃഷി ചെയ്യാനും അതിന് സഹായകമായ കാര്യങ്ങൾക്കുവേണ്ടി വിതരണം ചെയ്യണം എന്ന വ്യവസ്ഥയായിരുന്നു ഈ നിയമം.

1877 ജൂലൈ 11ന് അന്നത്തെ പൂഞ്ഞാർ തമ്പുരാൻ ലണ്ടനിലെയും പീരുമേടിലെയും മരിച്ചുപോയ ജോൺ ഡാനിയൽ മൺട്രോവിന് കോട്ടയം ദേവികുളം താലൂക്കിലുള്ള കണ്ണൻദേവൻ മലകൾ എന്ന നിലയിൽ മുഴുവൻ റവന്യൂ വില്ലേജും ഉൾപ്പെടുന്ന ഭൂമി കാപ്പി കൃഷിക്കായി പാട്ടത്തിന് കൊടുത്തു. പിന്നീട് പാട്ടം കൊടുത്ത ആളുകളുടെ അവകാശവും ഉടമാവകാശവും അവകാശബന്ധവും തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു.

ഈ ഭൂമി തിരുവിതാംകൂർ സർക്കാർ വകയായിത്തീർന്നു. കേരളസർക്കാർ തിരുവിതാംകൂറിന്റെ പിൻഗാമിയാണ്. ആ വില്ലേജിലെ വളരെ വിസ്തൃതമായ കൃഷിഭൂമികൾ തോട്ടങ്ങളായി മാറ്റുകയോ തോട്ടത്തിന്റെ ആവശ്യത്തിനായി ഉപയോഗപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്തതിനാൽ അങ്ങനെയുള്ള ഭൂമി നിലവിലുള്ള തോട്ടത്തിന്റെ കാര്യങ്ങൾക്ക് ആവശ്യമില്ലാത്തതിനാൽ കൃഷിക്കുവേണ്ടി വിതരണംചെയ്യാനായി വീണ്ടെടുക്കാൻ സി. അച്യുതമേനോൻ സർക്കാർ നിയമനിർമാണം നടത്തി. നിയമം പ്രാബല്യത്തിലായതോടെ ദേവികുളം താലൂക്കിലുള്ള കണ്ണൻദേവൻ മലകൾക്ക് ബാധകമായി.

നിയമപ്രകാരം ഇടുക്കി ജില്ലയിലെ മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലെ കണ്ണൻദേവൻ ടീ വില്ലേജിൽപ്പെട്ട സർവേ നമ്പർ 75 പാർട്ട് 77ലെ 22, 251 ഏക്കർ (9005.72 ഹെക്ടർ) ഭൂമി സംരക്ഷണാർഥം വനംവകുപ്പിന് കൈമാറിയിരുന്നു. ജൈവസാന്നിധ്യവും നിത്യഹരിതവുമാർന്ന സമ്പന്നമായ പ്രദേശം 1980 ഏപ്രിൽ 11 മുതൽ മാങ്കുളം ഫോറസ്റ്റ് ഡിവിഷന് കീഴിൽ റവന്യൂ ഭൂമിയായി സംരക്ഷിക്കപ്പെട്ടു.

വനവിഭവങ്ങളുടെ കൊള്ളയും കൈയേറ്റവും തടയാൻ ഭൂമിയുടെ പുതിയ സ്റ്റാറ്റസ് തടസ്സമായതിനാൽ ഈ ഭൂമി 2007 മേയ് 16ലെ സർക്കാർ ഉത്തരവ് പ്രകാരം 1961ലെ കേരള വന നിയമം സെക്ഷൻ നാല് (ആക്ട് 4 of 1962) പ്രകാരം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചു. ഈ പ്രദേശത്തിൽ വരുന്ന ആനക്കുളം റേഞ്ച് പരിധിയിലെ ഈറ്റചോലയാറിന്റെ വലതുവശത്തുള്ള നിബിഡ വനത്തിൽനിന്നാണ് കാട്ടാനകൾ കൂട്ടംകൂട്ടമായി ആനക്കുളത്ത് എത്തുന്നത്.

കാട്ടാനകൾ ഈറ്റ ചോലയാർ ഓര് മുതൽ വലിയപാറക്കുട്ടി വരെയുള്ള ജനവാസ മേഖലയിലും കൃഷിയിടങ്ങളിലുമാണ് സഞ്ചരിച്ചിരുന്നത്. മേലേ ചേരിയാർ, നല്ലതണ്ണിയാർ, ഈറ്റചോലയാർ എന്നിവ മൂന്നും ചേരുന്നയിടമാണ് വലിയപാറക്കുട്ടി.

വനം മന്ത്രി ആനക്കുളം സന്ദർശിച്ചപ്പോൾ പ്രദേശവാസികളെയും കർഷകരെയും കാർഷിക വിളകളും വന്യമൃഗങ്ങളിൽനിന്നു സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകി. അതിന്റെ അടിസ്ഥാനത്തിൽ ആനകളും വലിയപാറക്കുട്ടി പ്രദേശത്ത് മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുണ്ടാകുന്ന സംഘർഷം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനായി മാങ്കുളം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ അധ്യക്ഷതയിൽ യോഗം വിളിക്കുന്നതിന് തീരുമാനിച്ചു.

ഈ യോഗത്തിൽ ആനക്കുളം മുതൽ വലിയ പാറക്കുട്ടി വരെയുള്ള 1.2 കിലോമീറ്റർ ദൂരത്തിൽ 50 ലക്ഷം രൂപ ചെലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ക്രാഷ് ഗാർഡ് റോപ് ഫെൻസ് നിർമിക്കുന്നതിന് തീരുമാനിച്ചു (ഡോ. പി.എസ്. ഈസ ഐ.യു.സി.എൻ അംഗം അസം ആന സ്പെഷലിസ്റ്റ് ഗ്രൂപ് ഡോ. ടി.കെ. സുധീഷ്, അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്മെന്റ് ഓഫ് സിവിൽ എൻജിനീയറിങ് ഐ.ഐ.ടി പാലക്കാട്, ഡോ. സുനിൽകുമാർ, ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ, കേരള വനം-വന്യജീവി വകുപ്പ് എന്നിവർ പങ്കെടുത്തു).

ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് എന്നു പേരിട്ടിട്ടുള്ള പ്രത്യേക വേലി ആനക്കുളം മുതല്‍ വലിയ പാറക്കുട്ടി വരെയുള്ള ഭാഗത്തായി ഈറ്റച്ചോലയാറിന്റെ തീരത്ത് സ്ഥാപിക്കാൻ തീരുമാനിച്ചു. ഗാല്‍വനൈസ്ഡ് സ്റ്റീല്‍ റാഡുകളില്‍ അയേണ്‍ റോപ്പുകള്‍ കോര്‍ത്ത് സിമന്റ് ഉപയോഗിച്ച് തറയില്‍ തൂണുകൾ ഉറപ്പിക്കുന്നതാണ് പദ്ധതി. സ്റ്റീല്‍ റാഡുകള്‍ക്കിടയില്‍ കോര്‍ക്കുന്ന റോപ്പില്‍ ഗ്രീസ് തേക്കുന്നതിനാല്‍ ആനകള്‍ക്ക് പിടിക്കാനുമാവില്ല.

ഇത്തരത്തില്‍ ആനകള്‍ക്കു ഹാനികരമാകാത്ത തരത്തിലുള്ള ഫെൻസിങ് സ്ഥാപിക്കുന്നതിലൂടെ ആനകള്‍ ജനവാസ കേന്ദ്രത്തിലേക്കു പ്രവേശിക്കുന്നതു തടയാനാകുമെന്നായിരുന്നു മാങ്കുളം ഡി.എഫ്.ഒ ബി.എന്‍. നാഗരാജ് പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടായ 50 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു പ്രത്യേക പദ്ധതി.

പദ്ധതിക്കായി 48,55,000 രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റ് കളർവില്ല ആർക്കിടെക്സ് എന്ന ഏജൻസിയെക്കൊണ്ട് തയാറാക്കി. അതിന് 47,890 രൂപ പ്രതിഫലവും നൽകി. ഈ പദ്ധതി നടപ്പാക്കിയാൽ 15 വർഷ കാലയളവിൽ മേജർ റിപ്പയർ വർക്ക് ഒന്നും ഉണ്ടാവുകയില്ലെന്ന് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റും മാങ്കുളം ഡി. എഫ്.ഒ ഹാജരാക്കി. പദ്ധതിയുടെ എസ്റ്റിമേറ്റ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഹൈറേഞ്ച് സർക്കിൾ (കോട്ടയം) അംഗീകരിച്ചു.

തുടർന്ന് ഇ-ടെൻഡറിൽ രണ്ട് കരാറുകാർ ടെൻഡർ സമർപ്പിച്ചു. അടങ്കൽ തുകയിൽനിന്ന് 16.2 ശതമാനം കുറച്ച് ക്വാട്ട് ചെയ്ത എ.എം. അനീഫ, എ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിന്റെ ടെൻഡർ അംഗീകരിച്ചു. തുടർന്ന് കരാർ ഒപ്പിട്ടു. വ്യവസ്ഥപ്രകാരം 2018 മാർച്ച് 31ന് പദ്ധതി പൂർത്തിയാക്കണമെങ്കിലും 2018 മേയ് 19ന് പൂർത്തിയാക്കി. കരാറുകാരന് ആകെ 43,63,383 രൂപ അനുവദിച്ചു. എന്നാൽ, പദ്ധതിയുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ഇനിയും ലഭ്യമായിട്ടില്ല.

വന്യമൃഗങ്ങളും മനുഷ്യരുമായുള്ള സംഘർഷം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെൻസിങ് നിർമാണം തുടങ്ങിയത്. എന്നാൽ, 2017 മുതൽ വന്യമൃഗങ്ങൾ കൃഷിനാശം വരുത്തിയ വകയിലും ഭവനങ്ങൾ നശിപ്പിക്കപ്പെട്ട വകയിലും വന്യമൃഗങ്ങളിൽ നിന്നും പരിക്കുപറ്റി നഷ്ടപരിഹാരം നൽകേണ്ടിവന്നതിലും കുത്തനെയുള്ള വർധന വന്നിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ 2022 വരെ ഈയിനത്തിൽ വന്ന ചെലവുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഇത് വ്യക്തമാക്കുന്നു.

• 2017ൽ കുരങ്ങ്, കാട്ടാന, കാട്ടുപന്നി കൃഷിനാശം വരുത്തി -2,09,190 രൂപ.

• 2018ൽ കാട്ടാന വീടുകൾക്ക് നാശം വരുത്തി, കാട്ടാന, കുരങ്ങ്, പന്നി, കാട്ടുപോത്ത് കൃഷിനാശം വരുത്തി -5,69,279 രൂപ.

• 2019ൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണം, പാമ്പുകടിയേറ്റ് മരണം, കാട്ടുപന്നിയുടെയും കാട്ടുപോത്തിന്റെയും ആക്രമണത്തിൽ പരിക്ക്, കാട്ടാന, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ ആക്രമണം -17,44,163 രൂപ.

• 2020ൽ കാട്ടാന വീടുകൾക്ക് നാശം വരുത്തി. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്, പാമ്പുകടിയേറ്റ് പരിക്ക്, കാട്ടാന, കാട്ടുപന്നി, കുരങ്ങ് എന്നിവ കൃഷിനാശം വരുത്തി -15,70,897 രൂപ.

• 2021ൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്, കാട്ടാന വീടിന് നാശം വരുത്തി, കാട്ടാന, കാട്ടുപന്നി, കുരങ്ങ് എന്നിവമൂലം കൃഷിനാശം, വസ്തുനാശം - 13,49,124 രൂപ.

ആകെ 54,42,653 രൂപയാണ് സർക്കാറിന് ചെലവായത്.

2017-18 സാമ്പത്തിക വർഷമാണ് ക്രാഷ് ഗാർഡ് റോപ് ഫെൻസ് നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ഈ വർഷം 3,60,089 രൂപയുടെ അധിക നഷ്ടപരിഹാരം നൽകിയെന്നാണ് കണക്ക്. തൊട്ടടുത്ത വർഷത്തെ അപേക്ഷിച്ച് 11,74,884 രൂപ അധികം നഷ്ടപരിഹാരം നൽകി. 2017ലെ നഷ്ടപരിഹാര തുകയിൽനിന്നും 15,34,973 രൂപയുടെ വർധന 2019ൽ ഉണ്ടായി.

മാങ്കുളത്ത് സ്ഥാപിച്ച എലിഫന്റ് ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് 

ക്രാഷ് ഗാർഡ് റോപ് ഫെൻസിന്റെ നിർമാണത്തോടെ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം മൂലമുള്ള നഷ്ടപരിഹാര തുകയിൽ വൻ വർധന ഉണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതായത്, ക്രാഷ് ഗാർഡ് റോപ് ഫെൻസിന്റെ നിർമാണംമൂലം ജനവാസ മേഖലയിലേക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് വന്യമൃഗങ്ങൾ കടന്നുവരുകയും തിരികെ കാട്ടിലേക്ക് മടങ്ങുന്നതിനുള്ള വഴി തടസ്സപ്പെടുകയും തന്മൂലം അവ അക്രമാസക്തരാകുന്ന സ്ഥിതിവിശേഷം സംജാതമായി.

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനായി വിഭാവനം ചെയ്ത പദ്ധതി, സംഘർഷം കുറക്കുകയല്ല മറിച്ച് പതിന്മടങ്ങ് വർധിപ്പിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ശാസ്ത്രീയമായ പഠനത്തിന്റെ അഭാവം ഇവിടെ പകൽപോലെ വ്യക്തമാണ്. അതുപോലെ പരിസ്ഥിതിയുടെ സന്തുലനം മുൻനിർത്തിയുള്ള നിർമാണം നടത്തുന്നതിൽ പദ്ധതി പരാജയപ്പെട്ടു. ഇതുമൂലം ഖജനാവിന് വൻ ചോർച്ച സംഭവിച്ചുവെന്ന കാര്യത്തിലും തർക്കമില്ല.

ക്രാഷ് ഗാർഡ് റോപ് ഫെൻസിനുവേണ്ടി ചെലവിട്ട 59,76,166 രൂപക്ക് പുറമേ ജനവാസ മേഖലയിലെ ജനങ്ങൾക്ക് വന്യമൃഗ ആക്രമണങ്ങൾമൂലം നൽകപ്പെട്ട 54,42,653 രൂപയുടെ നഷ്ടവും സംഭവിച്ചു. 2017ൽ ക്രാഷ് ഗാർഡ് റോപ് ഫെൻസ് ഇല്ലാതിരുന്ന അവസരത്തിൽ കേവലം 2,09,190 രൂപയാണ് നഷ്ടപരിഹാരം നൽകിയത്. എന്നാൽ, അശാസ്ത്രീയമായ ഉരുക്കുവേലി നിർമിതിക്കുശേഷം അടുത്തവർഷം 5,69,279 ആയും അതിനടുത്തവർഷം 17,44,163 രൂപയായും 15,70,897, 13,49,124 എന്ന രീതിയിൽ വർധിക്കുകയുണ്ടായി.

നിർമാണത്തിലെ അപാകത

മതിയായ പഠനമില്ലാതെ നടത്തിയ വനംവകുപ്പിന്റെ പ്രയോഗമാണ് ആനക്കുളത്ത് അരങ്ങേറിയത്. പരീക്ഷണാടിസ്ഥാനത്തിൽ വലിയ മുതൽമുടക്കിൽ ഉരുക്കുവടം ഉപയോഗിച്ച് കാട്ടാനകളെ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ നടത്തിയ പദ്ധതി മതിയായ പഠനമോ വിലയിരുത്തലോ നടത്തിയതിന് ശേഷമല്ല നടപ്പാക്കിയത്. ആനക്കുളം മുതൽ വലിയപാറക്കുട്ടി വരെയുള്ള ഈറ്റച്ചോലയാറിന്റെ ഇടതുവശത്ത് ഏകദേശം 1.300 കി.മീ ദൂരമുണ്ട്.

ഈറ്റച്ചോലയാറിനും വലിയ പാറക്കുട്ടി റോഡിനും ഇടയിൽ 17 വീടുകളാണ് നിലവിലുള്ളത്. ഇതിൽ ഭൂരിഭാഗം വീടുകളും വനം കൈയേറി നിർമിച്ചവയും താമസക്കാർ ഇല്ലാത്തതുമാണെന്ന് ധനകാര്യ പരിശോധനാവിഭാഗം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇതിൽ അഞ്ചിലധികം വീടുകൾ അനധികൃത ഹോം സ്റ്റേകളും റിസോർട്ടുകളുമാണ്.

അനധികൃതമായ നിർമാണ പ്രവൃത്തികളും ചില മേഖലകളിൽ നടക്കുന്നുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പരിശോധന വേളയിൽ ഉരുക്കുവേലി പലയിടങ്ങളിലും തകർന്ന നിലയിലാണ്. ഇത്തരത്തിലുള്ള പ്രവൃത്തി പരീക്ഷണാടിസ്ഥാനത്തിൽ ആണെങ്കിലും കരാറുകാരന്റെ മുൻപരിചയം പരിശോധിച്ചിരുന്നില്ല.

മാങ്കുളം ഡിവിഷനിലെ ആനക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫിസറാണ് പദ്ധതി തയാറാക്കിയത്. അതേസമയം, ഈ പ്രവൃത്തി മേഖലയിൽ മുൻപരിചയമില്ലാത്ത കളർ വില്ല, ആർക്കിടെക്ട്സ് എന്ന സ്ഥാപനത്തെയാണ് എസ്റ്റിമേറ്റ് തയാറാക്കാൻ ഏൽപിച്ചത്. മാങ്കുളം ഡി.എഫ്.ഒയുടെ 2018 നവംബർ 27ലെ ഉത്തരവ് പ്രകാരം 47,890 രൂപ എസ്റ്റിമേറ്റ് തയാറാക്കിയതിന് പ്രതിഫലമായി അനുവദിച്ചു.

എന്നാൽ, പ്രതിഫലം അനുവദിച്ച ഉത്തരവിൽ ഈ തുക ആർക്കാണ് നൽകേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. ആനക്കുളത്ത് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബാംബൂ പാർക്ക് നിലവിലുണ്ട്. പാർക്ക് വരെ കാട്ടാനകൾ കയറുന്നത് തടയാൻ സോളാർ ഫെൻസ് നിലവിലുണ്ട്. ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ കടന്നുകയറുന്നത് തടയാൻ വേലി നിർമിക്കുകയാണെങ്കിൽ അത് ബാംബൂ പാർക്കിൽ അവസാനിക്കുന്ന വേലി മുതൽ ആയിരിക്കണം.

എന്നാൽ, കാട്ടാനകൾ കൂട്ടമായി വന്നിറങ്ങുന്ന ഭാഗത്ത് ബാംബൂ പാർക്ക് മുതൽ ഏകദേശം 100 മീറ്റർ ദൂരം ഒഴിവാക്കിയ ശേഷമാണ് വേലി നിർമിച്ചത്. അതായത്, നിർദിഷ്ട വേലികൊണ്ട് ഒരു പ്രയോജനവുമില്ലെന്നത് വ്യക്തം. കാട്ടാനകൾ കൂട്ടമായി പുഴയിൽ വന്നിറങ്ങിയശേഷം ജനവാസ മേഖലയിലേക്ക് കടന്നുവരാൻ 100 മീറ്റർ ദൂരം തുറന്നിട്ട ശേഷമാണ് വേലി നിർമിച്ചത്.

മലയാറ്റൂരിനു മേലുണ്ടായ അധിനിവേശം

ഈ പദ്ധതി മാങ്കുളം ഫോറസ്റ്റ് ഡിവിഷനിൽ നടത്തുന്നതിനു പകരം മലയാറ്റൂർ ഡിവിഷന്റെ അധീനതയിലുള്ള സ്ഥലത്ത് നടത്തിയതിനാൽ ഫെൻസിങ്ങിനെതിരായ നിരവധി പരാതികൾ ലഭിച്ചിരുന്നു. പരാതിയുടെ പകർപ്പ് കോതമംഗലം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒക്കും ലഭിച്ചിരുന്നു. പരാതിയിൽ അന്വേഷണവും നടത്തി.

ഫ്ലയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ, ആനക്കുളം സ്റ്റേഷൻ സ്റ്റാഫ്, ആനക്കുളം സെക്ഷൻ സ്റ്റാഫ് എന്നിവർ ചേർന്ന് ഈ സ്ഥലം പരിശോധിച്ചു. പ്രഥമ ദൃഷ്ട്യാ ഈ സ്ഥലം മലയാറ്റൂർ ഡിവിഷന്റെ ഭാഗമാണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ മലയാറ്റൂർ ഡിവിഷനുമായും റവന്യൂ വകുപ്പുമായും ബന്ധപ്പെട്ട് ഇതിന് ഒരു വ്യക്തത വരുത്തിയശേഷം മാത്രമേ പദ്ധതി തുടങ്ങാനാവൂ എന്ന് കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിൽ കത്ത് നൽകി.

കുട്ടമ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇതേ സ്ഥലം മലയാറ്റൂർ പരിധിയിലാണെന്നും വേലി കെട്ടുന്നത് അവരുടെ ദൈനംദിന വനസംരക്ഷണ പ്രവർത്തനങ്ങളെയും കൈയേറ്റം ഒഴിപ്പിക്കുന്നതിനെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് 2018 ജനുവരി 20ന് കത്ത് നൽകി. ഈ പരാതിയുടെ പകർപ്പ് ആനക്കുളം സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എന്നിവർക്ക് അന്വേഷണത്തിനായി നൽകി.

2018 ജനുവരി 27ന് ആനക്കുളം റേഞ്ച് ഓഫിസർ പദ്ധതിയുടെ നിർമാണ പുരോഗതി പരിശോധിച്ചപ്പോൾ മലയാറ്റൂർ ഡിവിഷന്റെ പരിധിയിൽ പ്രവൃത്തി എടുത്തിട്ടുള്ളതായി കണ്ടെത്തി. ഇക്കാര്യം റിപ്പോർട്ട് ചെയ്തു. 2018 ജനുവരി ഒന്നിന് ഡിവിഷൻ അവരുടെ അധികാരപരിധിയിലുള്ള സ്ഥലത്ത് അനുവാദമില്ലാതെ നടത്തുന്ന നിർമാണം നിർത്തിവെക്കാൻ കോൺട്രാക്ടർക്ക് സ്റ്റോപ് മെമ്മോയും കൊടുത്തു. തുടർന്ന് 2018 ഫെബ്രുവരി 15 വരെ പണികൾ നിർത്തിവെച്ചു.

ആനക്കുളത്തുനിന്നുള്ള കാഴ്ച 

കരാറിലും എസ്റ്റിമേറ്റിലും പറഞ്ഞിരിക്കുന്നത് പ്രകാരം ഈ ജോലി മാങ്കുളം ഡിവിഷനിലെ ആനക്കുളം റേഞ്ച് പരിധിയിലാണ് നടത്തേണ്ടത്. എന്നാൽ, നിർമാണം തുടങ്ങിയത് മലയാറ്റൂർ ഡിവിഷന്റെ സ്ഥലത്താണെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഇത് കേരള വന നിയമം സെക്ഷൻ എട്ട് പ്രകാരം, കരാർ വ്യവസ്ഥകളുടെ ലംഘനമാണ്. ഇക്കാര്യം ആനക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ റിപ്പോർട്ട് ചെയ്തിരുന്നു.

മാത്രമല്ല, സ്ഥലം മാറിയുള്ള ഈ നിർമാണം നിർത്തിവെച്ച് ശരിയായ സ്ഥലത്ത് നിർമാണം നടപ്പാക്കേണ്ടത് കേരള ഫിനാൻസ് നിയമങ്ങൾ പാലിക്കുന്നതിനും കേരള വന നിയമം വകുപ്പ് 78 അനുസരിച്ച് കോൺട്രാക്ടർ ലംഘനം ഒഴിവാക്കുന്നതിനും അത്യാവശ്യമാണെന്നും കുട്ടമ്പുഴ റേഞ്ചിൽ എടുത്തിട്ടുള്ള കേസുകളുടെ വിജയത്തിനും വനം കൈയേറ്റങ്ങൾ ഇല്ലാതാക്കുക എന്ന സർക്കാറിന്റെ താൽപര്യം സംരക്ഷിക്കുന്നതിനും അത്യാവശ്യമാണെന്നും റിപ്പോർട്ട് ചെയ്തിരുന്നു.

ആനക്കുളം ബാംബൂ പാർക്ക് മുതൽ വലിയ പാറക്കുട്ടി വരെയുള്ള ഭാഗത്ത് ഉരുക്കുവേലി നിർമിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി. എന്നാൽ, ആനക്കുളം മുതൽ വലിയ പാറക്കുട്ടി വരെയുള്ള പദ്ധതിപ്രദേശം മാങ്കുളം ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെട്ട സ്ഥലമല്ല. ആനക്കുളം ഭാഗം മുതൽ വലിയ പാറക്കുട്ടി ഭാഗത്തെ സ്ഥലം മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന സ്ഥലമാണ്.

മറ്റൊരു ഡിവിഷനിൽ നിർമാണം നടത്താൻ മാങ്കുളം ഡി.എഫ്.ഒയെ ആരും ചുമതലപ്പെടുത്തിയിരുന്നില്ല. മലയാറ്റൂർ ഡിവിഷന്റെ അധീനതയിലുള്ള പ്രദേശത്ത് അനുവാദമില്ലാതെ നിർമാണ പ്രവർത്തനം നടക്കുന്നത് അറിഞ്ഞ് മലയാറ്റൂർ ഡി.എഫ്.ഒ ഇതിന് സ്റ്റോപ് മെമ്മോ നൽകി.

തുടർന്ന്, മാങ്കുളം ഡി.എഫ്.ഒ നിരവധി കത്തിടപാടുകൾ നടത്തുകയും മലയാറ്റൂർ ഡിവിഷനിൽ ഇനി മേലിൽ കടന്നുകയറി അനധികൃതമായി നിർമാണം നടക്കുന്നില്ലെന്ന് ഡി.എഫ്.ഒ ഉറപ്പുവരുത്തണമെന്ന വ്യവസ്ഥയിൽ പ്രവൃത്തി പുനരാരംഭിക്കാൻ അനുമതി നൽകുകയും ചെയ്തു.

അശാസ്ത്രീയ നിർമാണം

പദ്ധതി നടത്തിപ്പിൽ മുൻപരിചയമില്ലാത്ത കരാറുകാരനാണ്​ നിർമാണം ഏറ്റെടുത്തത്. എസ്റ്റിമേറ്റിലെ അപാകത കാരണം കാട്ടാനകളെ പ്രതിരോധിക്കാൻ പര്യാപ്തമായ അളവിലുള്ള ഉരുക്കു വടങ്ങൾ നിർമാണത്തിന് ഉപയോഗിച്ചിരുന്നില്ല. അതിനാൽ, കാട്ടാനകൾ നിരവധി സ്ഥലങ്ങളിൽ വേലി കുത്തിമറിച്ച് ജനവാസമേഖലകളിലേക്ക് കയറി.

കാട്ടാനകളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് ആനക്കുളത്ത് പില്ലറുകള്‍ താഴ്ത്തി ഇരുമ്പുവടം ഉപയോഗിച്ച് നിർമിച്ച ഇരുമ്പ് വേലി തകർന്നു. വേലി തകർന്നതോടെ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവായി.

ഈറ്റചോലയാറിന്റെ സമീപത്ത് അശാസ്ത്രീയമായ നിലയിൽ അനധികൃത കൈയേറ്റങ്ങൾക്ക് സംരക്ഷണം നൽകി. വനഭൂമി വീണ്ടും കൈയേറുന്നതിന് അവസരം ഒരുക്കി. യഥേഷ്ടം സ്ഥലം കൈയേറ്റക്കാർക്ക് വിട്ടുനൽകിയാണ് ഉരുക്കുവേലി നിർമാണം നടത്തിയത്. ഉരുക്കുവേലിക്ക് ഉപയോഗിക്കുന്ന ഇരുമ്പ് തൂണുകൾ സർഫസ് ലെവലിൽ ഒരേ ഉയരത്തിൽ സ്ഥാപിക്കേണ്ടതാണ്.

ഈ ബാലപാഠം അവഗണിച്ചാണ് നിലവാരമില്ലാത്തതും നിർദിഷ്ട അളവിലല്ലാത്തതുമായ വടങ്ങൾ ഉപയോഗിച്ച് വേലി നിർമാണം നടത്തിയത്. വടം മുറുക്കിയ അവസരത്തിൽ തന്നെ ഇരുമ്പ് തൂണുകൾ നിലത്തുനിന്ന് ഉയർന്ന് അന്തരീക്ഷത്തിൽ നിൽക്കുന്ന അവസ്ഥയുണ്ടായി. പലയിടങ്ങളിലും വേലി മറിയുകയും ചെയ്തു. ആനക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർ നിർമാണത്തിലെ അശാസ്ത്രീയതയും വേലിയുടെ തകർച്ചയും ചൂണ്ടിക്കാട്ടി ഒരു റിപ്പോർട്ട് 2018 ഫെബ്രുവരി 16ന് സമർപ്പിച്ചിരുന്നു.

ആനക്കുളം ഭാഗത്ത് 2017-18 സാമ്പത്തിക വർഷത്തിൽ ആനക്കുളം ഓരു മുതൽ വലിയ പാറക്കുട്ടി വരെയുള്ള ഭാഗത്ത് 1.2 കിലോമീറ്റർ ദൂരത്തിൽ നിർമിച്ച ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് പരിശോധിച്ചതിൽ നിരവധി അപാകത കണ്ടെത്തിയെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് ആകെ 315 കാലുകളാണുള്ളത്. ഈ തൂണുകളിൽ ക്രമമായി നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ആനകൾ നിരന്തരമായി ഇരുമ്പ് തൂണുകൾക്കിടയിലൂടെ കയറുന്നതിനാൽ ധനകാര്യ വകുപ്പ് പരിശോധന നടത്തുന്ന സമയത്ത് 24 കാലുകൾ ചരിഞ്ഞ അവസ്ഥയിലായിരുന്നു. ഇതിൽ 190ാമത്തെ കാൽ തുരുമ്പുപിടിച്ച് ഫൗണ്ടേഷനിൽനിന്ന് അടർന്ന അവസ്ഥയിലാണെന്നും പരിശോധനയിൽ വ്യക്തമായി.

ചോലയാറിന്റെ തീരത്തെ ക്രമരഹിതമായ തറനിരപ്പും തൂണുകൾ സ്ഥാപിച്ച ഭാഗത്തെ ഭൂമിയുടെ ചരിവും ഫെൻസിങ് കാലുകൾ കടന്നുപോകുന്ന ഭാഗത്തെ തിരിവുകളും കാരണം കമ്പികൾ ചെയിൻ ബ്ലോക്ക് ഉപയോഗിച്ച് മുറുക്കുന്ന സമയത്ത് ഇതിൽ പ്രയോഗിക്കുന്ന ബലത്താൽ കാലുകൾ നാട്ടിയ സ്ഥലത്തെ മണ്ണിന്റെ ബലക്കുറവുമൂലം തറനിരപ്പിൽനിന്നും ഉയർന്നുപൊങ്ങുന്ന അവസ്ഥയിലായി.

ഇരുമ്പ് തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 16 എം.എമ്മിന്റെ മൂന്ന് ഇരുമ്പുവടങ്ങളും എട്ട് എം.എമ്മിന്റെ രണ്ട് ഇരുമ്പുവടങ്ങളും കാലാവസ്ഥാ വ്യതിയാനത്താൽ തുരുമ്പുപിടിച്ചു. നിർമാണവേളയിൽ ആറ് എം.എമ്മിന്റെ രണ്ട് ഇരുമ്പുവടങ്ങളാണ് ഉപയോഗിച്ചിരുന്നത്.

എന്നാൽ, ഇവയുടെ ബലക്കുറവ് കാരണം പല സ്ഥലങ്ങളിലും വേലി പൊട്ടിയതിനാൽ എട്ട് എം.എമ്മിലേക്ക് മാറ്റിസ്ഥാപിച്ചു. എന്നാൽ, ശക്തമായ മഴയിൽ തുരുമ്പുപിടിച്ച എട്ട് എം.എമ്മിന്റെ ഇരുമ്പുവടം ആനകളുടെ നിരന്തരമായ ആക്രമണത്താൽ ബലക്ഷയം കാരണം നിരവധി സ്ഥലങ്ങളിൽ പൊട്ടി.

അതിനാൽ, വേലികൾക്കിടയിലൂടെ പല സ്ഥലങ്ങളിലും ആന ഉള്ളിലേക്ക് നിരന്തരമായി പ്രവേശിക്കുന്നു. നിർമാണവേളയിൽ മുഴുവൻ ഇരുമ്പുവടങ്ങളും 16 എം.എം ഉപയോഗിച്ചിരുന്നെങ്കിൽ ഗുണമേന്മയോടെ പ്രവൃത്തി പൂർത്തിയാക്കാൻ സാധിക്കുമായിരുന്നു. വേലി നടന്നു പരിശോധിച്ചാൽ ഈറ്റച്ചോലയാറിൽ ആനകൾ വെള്ളം കുടിക്കുന്നതിന് സമീപം ഉപയോഗിച്ച തൂണുകൾക്കും വടങ്ങൾക്കും അൽപം കനമുണ്ട്.

എന്നാൽ, വലിയ പാറക്കുട്ടിവരെ സഞ്ചരിക്കുമ്പോൾ ഇതിന്റെ കനം ക്രമേണ കുറഞ്ഞുവരുകയാണ്. പലയിടത്തും വളരെ കനംകുറഞ്ഞ തൂണും വടവുമാണ് ഉപയോഗിച്ചിരിക്കുന്നത് (ലേഖകൻ നടത്തിയ പരിശോധനയിലും ഇത് ബോധ്യമായി). പൊട്ടിപ്പോയ പലയിടത്തും വീണ്ടും തുന്നിക്കെട്ടിയിരിക്കുന്നതും കാണാം.

നവംബർ 13ന് കുറ്റിപ്പാലയിൽ ജോണി സെബാസ്റ്റ്യൻ, ഭാര്യ ഡെയ്സി എന്നിവർക്ക് വേലിയിടയിലൂടെ കയറിയ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെൻസിങ് ഏതെങ്കിലും ഭാഗം തകർത്ത് ജനവാസ പ്രദേശത്തിനുള്ളിലേക്ക് കടക്കുന്ന ആനകൾക്ക് സുഗമമായി തിരികെ വനപ്രദേശത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ ആനകൾ കൂടുതൽ ആക്രമണകാരികളായി മാറും. അവ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന സംഭവങ്ങൾ വർധിച്ചു.

ഇരുമ്പ് വടങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി എട്ട് എം.എമ്മിന്റെ 950ഓളം കമ്പികൾ ഇവക്കിടയിൽ നട്ടും ബോൾട്ടും ഉപയോഗിച്ച് മുറുക്കിയിട്ടുണ്ട്. എന്നാൽ, ആന കയറുന്നത് തടയുന്നതിനായി ഇത് ഫലപ്രദമല്ല. പലയിടത്തും ആന ഇത് തകർത്തിട്ടുള്ളതിനാൽ ഇവ വടങ്ങളിൽനിന്ന് വേർപെട്ട അവസ്ഥയിലാണ്. ഇരുമ്പ് വടങ്ങൾ ചെയിൻ ബ്ലോക്ക് ഉപയോഗിച്ച് മുറുക്കുന്ന സമയത്ത് ഫെൻസിങ്ങിന്റെ പ്രധാന തൂണുകൾ തറനിരപ്പിൽനിന്നും ഇളകിപ്പോകുന്നതിനാൽ വടങ്ങൾ പൂർണമായി ബലപ്പെടുത്താൻ കഴിയുന്നില്ല.

ഇതിന് പ്രതിവിധിയായി റോപ് ഫെൻസിങ്ങിന് സമാന്തരമായി ഇതിനെ ബന്ധിപ്പിച്ച് സോളാർ ഫെൻസിങ് നിർമിച്ചാൽ ആന കയറുന്നത് പ്രതിരോധിക്കുന്നതിന് സാധിക്കും. റോപ് ഫെൻസിങ് അവസാനിക്കുന്ന ഭാഗം മുതൽ 1.6 കിലോമീറ്റർ ദൂരത്തിൽ 2020- 21 സാമ്പത്തിക വർഷത്തിലും ഇതിനു തുടർച്ചയായി 1.6 കിലോമീറ്റർ ദൂരത്തിൽ 2022-23ലും രണ്ട് സോളാർ ഫെൻസിങ്ങുകൾ നിർമിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ മുൻ വർഷങ്ങളെക്കാൾ കാട്ടാനശല്യം വളരെയധികം കുറഞ്ഞുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

നോക്കുകുത്തിയായി വാച്ച് ടവർ

ആനക്കുളത്ത് കാട്ടാനയെ കാണാനെത്തുന്നവർക്ക് മുന്നിൽ ഈറ്റച്ചോലയാറിന്റെ കരയിൽ നോക്കുകുത്തിയായി വാച്ച് ടവർ നിൽക്കുന്നു. അത് അഴിമതിയുടെ സ്മാരകമാണ്​. കേന്ദ്രസർക്കാറിന്റെ 2009 മാർച്ച് 25ലെ നടപടിക്രമം പ്രകാരമാണ്​ ആനക്കുളത്ത് ആനകളുടെ സംരക്ഷണം മെച്ചപ്പെടുത്താൻ വാച്ച് ടവറും നിരീക്ഷണ സംവിധാനവും ആരംഭിച്ചത്.

ഇതിനായി ബജറ്റിൽ അഞ്ച് ലക്ഷം രൂപ നീക്കിവെച്ചു. ഈ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി. പദ്ധതി ഇടുക്കി ജില്ലാ നിർമിതി കേന്ദ്രം വഴി നടപ്പാക്കാൻ തീരുമാനിച്ചു. അതിന് 5,60,000 രൂപക്കുള്ള പ്ലാനും അടങ്കലും 2009 ഡിസംബർ 30ലെ കത്ത് പ്രകാരം നിർമിതി കേന്ദ്രം സമർപ്പിച്ചു. ഈ അടങ്കൽ 5,20,000 രൂപക്ക് കൊല്ലം സി.സി.എഫ് (ആർ.എസ്) പാസാക്കി. തുടർന്ന് 2010 മാർച്ച് 18ന് ഈ പ്രവൃത്തി നിർമിതി കേന്ദ്രം വഴി ചെയ്യുന്നതിനായുള്ള അനുവാദം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവ് പ്രകാരം നൽകി.

അതിനെ തുടർന്ന് സർക്കാറിനുവേണ്ടി മാങ്കുളം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും നിർമിതി കേന്ദ്രത്തിനുവേണ്ടി മെംബർ സെക്രട്ടറി ഇടുക്കി സബ് കലക്ടറും ചേർന്ന് 2010 ജൂൺ 23ന് ഉടമ്പടി വെച്ചു. ഉടമ്പടിയുടെ വ്യവസ്ഥ പ്രകാരം 2010 മാർച്ച് 31ന് അഡ്വാൻസ് പേമെന്റ് ആയി 3,50,000 രൂപ നിർമിതി കേന്ദ്രത്തിന് മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ ഓഫിസിൽനിന്നും നൽകി.

കരാറിലെ അഞ്ചാമത്തെ വ്യവസ്ഥ പ്രകാരം ആനക്കുളം വാച്ച് ടവർ നിർമാണം 2010 സെപ്റ്റംബർ 30ന് പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ, നിർമിതി കേന്ദ്രം പണി ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല. 2012 മാർച്ച് 26ന് നിർമിതി കേന്ദ്രം ഈ നിർമാണത്തിന് 8,85,000 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു.

ഈ എസ്റ്റിമേറ്റ് മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ ഓഫിസിൽനിന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ ഓഫിസിൽ സമർപ്പിച്ചു. എന്നാൽ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (കോട്ടയം ഹൈറേഞ്ച് സർക്കിൾ) 2012 ആഗസ്റ്റ് 24ന് അത് നിരസിച്ചു.

ആനക്കുളം വാച്ച് ടവർ 

തുടർന്ന് നഷ്ടോത്തരവാദിത്തത്തിൽ ജോലി പുനർലേലം ചെയ്യുന്നതിനുള്ള അറിയിപ്പ് 2012 നവംബർ 16ന് നിർമിതി കേന്ദ്രത്തിന് നൽകി. 2021 നവംബറിൽ നിർമിതി കേന്ദ്രം പണി പുനരാരംഭിക്കുകയും 2021 ഡിസംബർ ആറിന് 8,91,412 രൂപയുടെ അന്തിമ ബില്ലും പൂർത്തീകരണ റിപ്പോർട്ടും സമർപ്പിച്ചു.

പൂർത്തീകരിച്ച പ്രവൃത്തി, അംഗീകരിച്ച എസ്റ്റിമേറ്റ് പ്രകാരമുള്ളവയായിരുന്നില്ല. അതിനാൽ, പ്രവൃത്തിയുടെ എം ബുക്ക് ലഭ്യമാക്കാൻ നിർമിതി കേന്ദ്രത്തോട് മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ 2022 ഫെബ്രുവരി 16ന് ആവശ്യപ്പെട്ടു. അത് നാളിതു വരെ സമർപ്പിച്ചിട്ടില്ല.

കരാർ വ്യവസ്ഥപ്രകാരം നിർമിതി കേന്ദ്രം 2010 സെപ്റ്റംബർ 30നകം പ്രവൃത്തി പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, 10 വർഷം പിന്നിട്ടതിനുശേഷം 2021 നവംബർ 15ന് പൂർത്തീകരിച്ചെന്നാണ് നിർമിതി കേന്ദ്രം സർട്ടിഫിക്കറ്റ് നൽകിയത്. ഈ നിർമാണ പ്രവൃത്തി എഗ്രിമെന്റ് വ്യവസ്ഥയുടെ ലംഘനമാണ്. അംഗീകൃത എസ്റ്റിമേറ്റിൽനിന്നും വ്യതിചലിച്ചാണ് ഇവർ പണി പൂർത്തീകരിച്ചിട്ടുള്ളത്.

ധനകാര്യ പരിശോധനാ വകുപ്പിന്റെ പരിശോധന സമയത്ത് പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല. ഈ നിർമാണം പൂർത്തീകരിക്കുന്നതിനായുള്ള എക്സ്റ്റൻഷൻ പീരിയഡിന് രേഖാമൂലം അപേക്ഷ ഈ ഓഫിസിൽ സമർപ്പിച്ചിട്ടുള്ളതായി കാണുന്നില്ല.

കരാർ വ്യവസ്ഥക്ക് വിരുദ്ധമായി കാലദൈർഘ്യമെടുത്ത് പണികൾ പൂർത്തീകരിച്ച നിർമിതികേന്ദ്രത്തിൽനിന്നും കരാർ വ്യവസ്ഥ പ്രകാരം പിഴ ഈടാക്കണം. അംഗീകാരമില്ലാതെ പൂർത്തീകരിച്ചിട്ടുള്ള പ്രവൃത്തികളുടെ അന്തിമ ബില്ലിന്റെ തുക 8,91,412 രൂപയാണ്. ഇതിൽനിന്നും 3,50,000 രൂപ കിഴിച്ച് ബാക്കിയുള്ള 5,41,412 രൂപ അന്തിമ ബില്ലിൽ ഇവർ ആവശ്യപ്പെട്ടു. എന്നാൽ, അംഗീകൃത അടങ്കൽ പ്രകാരം 5,20,000 രൂപയിൽനിന്നും 3,50,000 രൂപ കഴിച്ച് ബാക്കിയുള്ള 1,70,000 രൂപയാണ് നൽകാനുള്ളത്.

അതിൽനിന്നും ചെയ്യാത്ത ജോലികൾക്കുള്ള തുക കുറക്കണം. ഒപ്പം എഗ്രിമെന്റ് വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ നിർമാണത്തിന് നിർമിതി കേന്ദ്രത്തിൽനിന്ന്​ പിഴയും ഈടാക്കണം. പിഴ ഇനത്തിലുള്ള തുക കണക്കാക്കി അത് ഒടുക്കാനുള്ള നിർദേശം നിർമിതി കേന്ദ്രത്തിന് നൽകണം.

ചെയ്യാത്ത പ്രവൃത്തികൾക്കുള്ള തുക ബില്ലിൽനിന്ന് വെട്ടിക്കുറക്കാനും അംഗീകൃത എസ്റ്റിമേറ്റിൽനിന്നു വ്യതിചലിച്ച് ചെയ്ത നിലവാരമില്ലാത്ത ജി 1 പൈപ്പുകൾകൊണ്ടുള്ള കൈവരി നിർമാണം സുരക്ഷിതമല്ലാത്തതിനാൽ അംഗീകരിക്കാതിരിക്കാനും തീരുമാനിച്ചു. നിർമിതി കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾമൂലം ആനക്കുളം വാച്ച് ടവർ പൊതുജനത്തിന് തുറന്നുകൊടുക്കാനോ ഈ വാച്ച് ടവറിന്റെ ലക്ഷ്യം നാളിതുവരെ കൈവരിക്കാനോ സാധിച്ചിട്ടില്ല. ലേഖകൻ ആനക്കുളത്ത് എത്തിയപ്പോഴും അത് നോക്കുകുത്തിയായി അവിടെയുണ്ട്.

പദ്ധതി നടപ്പാക്കിയതിൽ ഗുരുതര വീഴ്ച

മാങ്കുളം ഫോറസ്റ്റ് ഡിവിഷനിൽ 2017-18 സാമ്പത്തിക വർഷം 54,16,246 രൂപയും 2020-21 സാമ്പത്തികവർഷം 5,59,918 രൂപയും ചെലവിട്ട് ക്രാഷ് ഗാർഡ് റോപ് ഫെൻസ് നിർമിച്ചു. പദ്ധതിക്കായി ആകെ 59,76,166 ചെലവഴിച്ചു. ക്രാഷ് ഗാർഡ് റോപ് ഫെൻസിന്റെ അശാസ്ത്രീയമായ രൂപകൽപനയും നിർമാണവും മനുഷ്യവാസ പ്രദേശത്തേക്കുള്ള ആനകളുടെ കടന്നുവരവ് തടയാൻ ഉതകിയില്ല.

മാത്രമല്ല, അവയുടെ ആക്രമണം നാശനഷ്ടം വർധിപ്പിക്കുകയും ചെയ്തുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അശാസ്ത്രീയമായ ഈ നിർമാണത്തിലൂടെ സർക്കാറിന് നഷ്ടമായത് 60 ലക്ഷത്തോളം രൂപയാണ്.

ക്രാഷ് ഗാർഡ് റോപ് ഫെൻസ് പദ്ധതി നടപ്പാക്കുന്നതിന് തൊട്ടു മുൻവർഷം മാങ്കുളം ഫോറസ്റ്റ് ഡിവിഷനിൽ നൽകിയിരുന്ന ആനയുടെ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങൾക്കുള്ള നഷ്ടപരിഹാരം 2,09,190 രൂപ ആയിരുന്നെങ്കിൽ പദ്ധതി നടപ്പാക്കിയതിന് ശേഷമുള്ള തൊട്ടടുത്ത മൂന്നുവർഷം അത് ശരാശരി 15 ലക്ഷത്തിലധികം രൂപയായി ഉയർന്നു.

ഈറ്റച്ചോലയാറിലെ ഓരിൽ വെള്ളം കുടിക്കാൻ കൂട്ടമായെത്തുന്ന കാട്ടാനകൾ വെള്ളം കുടിച്ചശേഷം ക്രാഷ് ഗാർഡ് റോപ് ഫെൻസിനും വനംവകുപ്പ് നിർമിച്ചിരിക്കുന്ന ബാംബൂ പാർക്കിനും ഇടയിൽ ജനവാസ മേഖലയിലേക്ക് തുറന്നുകിടക്കുന്ന ഏകദേശം 100 മീറ്റർ വീതിയുള്ള ഇടനാഴിയിലൂടെ കടന്നുകയറുകയും തിരികെ അവക്ക് വനത്തിനുള്ളിൽ പ്രവേശിക്കുന്നതിന് ക്രാഷ് ഗാർഡ് റോപ് ഫെൻസ് തടസ്സമായി മാറുകയും ചെയ്യുന്നു.

തിരികെ കാട്ടിൽ പ്രവേശിക്കുന്നത് തടസ്സപ്പെടുമ്പോൾ കാട്ടാനകൾ അക്രമാസക്തരായി ഏതുവിധത്തിലും കാട്ടിനുള്ളിൽ കടക്കുന്നതിന് ശ്രമിക്കുകയും മുന്നിൽ കാണുന്നതെന്തും നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ക്രാഷ് ഗാർഡ് റോപ് ഫെൻസ് പലയിടത്തും തകർന്നു. ആനകൾ ഫെൻസിലെ ഇരുമ്പ് വടങ്ങൾ മറികടന്ന് ജനവാസ കേന്ദ്രങ്ങളിലെത്തി നിർബാധം അക്രമം നടത്തുന്നു.


ഈറ്റച്ചോലയാറിന്റെ സമീപം വനഭൂമി കൈയേറിയ കൈയേറ്റക്കാർക്ക് വീണ്ടും വനഭൂമി കൈയേറുന്നതിന് ആവശ്യമായ ഭൂമി വിട്ടുനൽകിയാണ് ഉരുക്കുവേലി നിർമാണം നടത്തിയത്. ഈറ്റച്ചോലയാറിനും വലിയ പാറക്കുട്ടി റോഡിനും ഇടയിൽ റോഡിനും ജനവാസ മേഖലക്കും സംരക്ഷണം നൽകി നിർമിക്കേണ്ട ഉരുക്കുവടവേലി ഈറ്റച്ചോലയാറിൽ ജലം ഒഴുകുന്ന ഭാഗത്തേക്ക് ഇറക്കിയും കയറ്റിയും വളച്ചും തിരിച്ചും അശാസ്ത്രീയമായും സർഫസ് ലെവലിൽനിന്ന് ഉയർന്നും താഴ്ന്നും വരുന്ന അവസ്ഥയിലാണ്.

നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച ആനക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർമാരെയും പരിസ്ഥിതി പ്രവർത്തകരെയും തദ്ദേശവാസികളെയും അവഗണിച്ചാണ് നിർമാണം നടത്തിയത്. ഒരു കിലോമീറ്റർ ദൂരം കേവലം രണ്ടു ലക്ഷം രൂപക്കു താഴെ ചെലവിൽ സോളാർ ഫെൻസിങ് സിസ്റ്റം ഏർപ്പെടുത്താം. ഇക്കാര്യം മറച്ചുവെച്ചാണ് മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ ഓഫിസർ വൻ ചെലവ് വരുന്ന പദ്ധതി നടപ്പാക്കുകവഴി ഗുരുതര കൃത്യവിലോപം നടത്തിയത്.

ഉത്തരവാദികൾക്കെതിരെ നടപടി?

ക്രാഷ് ഗാർഡ് റോപ് ഫെൻസിന്റെ അശാസ്ത്രീയ രൂപകൽപനയും നിർമാണവും മൂലം ലക്ഷ്യം നേടാതെ പരാജയപ്പെട്ട ഒരു പദ്ധതിയായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. നിർമാണം നടത്തി ഏതാനും നാളുകൾക്കുള്ളിൽതന്നെ ആനകൾ ഈ വേലികൾ തകർത്ത് ജനവാസ മേഖലയിൽ കടന്ന് നാശനഷ്ടമുണ്ടാക്കുകയുണ്ടായി. കൂടുതൽ പണം ചെലവാക്കി വേലി ബലപ്പെടുത്തിയെങ്കിലും അതും ആനകൾ തകർത്തു.

നിലവിൽ പലയിടത്തും ആനകൾക്ക് നിർബാധം ഭേദിക്കാവുന്ന നിലയിലാണ് വേലിയുടെ അവസ്ഥ. ഈറ്റച്ചോലയാറിലെ ഓരിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടന്നുവരുന്നതിന് ആവശ്യമായ സ്ഥലം തുറന്നിട്ടശേഷമാണ് ഉരുക്കുവേലി നിർമിച്ചത്. ഒരു മുൻ മാതൃകയും ഇല്ലാതെ സ്വന്തം നിലക്ക് അശാസ്ത്രീയമായി ക്രാഷ് ഗാർഡ് റോപ് ഫെൻസ് നിർമിച്ചതിലൂടെ സർക്കാർ ഖജനാവിൽനിന്നും പാഴായത് 60 ലക്ഷത്തോളം രൂപയാണ്.

പദ്ധതി വഴി സർക്കാറിന് കനത്ത നഷ്ടമുണ്ടാക്കിയതിന് മാങ്കുളം ഡി.എഫ്.ഒയുടെ ചുമതല നിർവഹിച്ചിരുന്ന ബി.എൻ. നാഗരാജിനെതിരെ ഉചിതമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കേണ്ടതും സർക്കാറിനുണ്ടായ നഷ്ടം ബി.എൻ. നാഗരാജ് ഉൾപ്പെടെയുള്ള ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കേണ്ടതുമാണ്.

മാങ്കുളം ഫോറസ്റ്റ് ഡിവിഷനിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിയാണിത്. എന്നാൽ, പദ്ധതി നടപ്പാക്കിയതാകട്ടെ മലയാറ്റൂർ ഡിവിഷനിലാണ്. തന്റെ അധികാരപരിധിയിൽനിന്ന് വ്യതിചലിച്ച് മറ്റൊരു ഡിവിഷന്റെ പരിധിയിൽ അനുവാദം തേടാതെ നടത്തിയ നിർമാണപ്രവൃത്തി അധികാര ദുർവിനിയോഗവും സർക്കാർ പ്രവൃത്തികൾ നടത്തുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനവുമാണ്.

ഇക്കാലത്ത് മാങ്കുളം ഡി.എഫ്.ഒയുടെ ചുമതല വഹിച്ചിരുന്ന ബി.എൻ. നാഗരാജിൽനിന്നും ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടണം. ചട്ടലംഘനത്തിന് ഇദ്ദേഹത്തിനെതിരെ ഉചിതമായ വകുപ്പുതല നടപടികൾ സ്വീകരിക്കണം.

വലിയ പാറക്കുട്ടി റോഡിനും ഈറ്റച്ചോലയാറിനും ഇടയിൽ താമസിക്കുന്ന കൈയേറ്റക്കാർക്ക് കൂടുതൽ വനഭൂമി കൈയേറുന്നതിന് മതിയായ സൗകര്യം ലഭ്യമാക്കുംവിധമാണ് നിർമാണം നടത്തിയത്. വനഭൂമി സംരക്ഷിക്കാൻ നിയുക്തനായ ഓഫിസർ വനഭൂമി കൈയേറാൻ അവസരം ഒരുക്കുകയാണ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

നഷ്ടപ്പെട്ട സർക്കാർഭൂമി വീണ്ടെടുക്കുന്നതിന് വനംവകുപ്പ് ആവശ്യമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണം. വന്യമൃഗങ്ങളിൽനിന്നു കൃഷിഭൂമിക്ക് നേരെയുണ്ടാകുന്ന ശല്യം ഒഴിവാക്കുന്നതിന് സോളാർ ഫെൻസിങ് സിസ്റ്റം പര്യാപ്തമാണ്. അത് പരിശോധിക്കപ്പെടാതിരുന്നതിന്റെ സാഹചര്യം ഭരണവകുപ്പ് പരിശോധിച്ച് തുടർനടപടി എടുക്കണമെന്നാണ് ശിപാർശ.

ആനക്കുളം ഭാഗത്ത് അനധികൃതമായ നിർമാണങ്ങളും അനധികൃത ഹോംസ്റ്റേ റിസോർട്ടുകൾ എന്നിവയും നടന്നുവരുന്നു. ഇവയിൽ നിയമവിരുദ്ധമായ നിർമാണങ്ങളും മറ്റും ഉടൻ അവസാനിപ്പിക്കാനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കണം. അതേസമയം, നിയമാനുസൃതമായ റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും അംഗീകാരം നൽകി വിനോദസഞ്ചാരം പരിപോഷിപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും മുൻകൈയെടുക്കണം.

വാച്ച് ടവർ നിർമാണത്തിൽ ഇടുക്കി ജില്ല നിർമിതി കേന്ദ്രം ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിരിക്കുന്നത്. കരാറെടുത്ത് 3,50,000 രൂപ മുൻകൂർ വാങ്ങി. പിന്നെ വർഷത്തിനുശേഷമാണ് എസ്റ്റിമേറ്റിൽനിന്നു വ്യതിചലിച്ച് നിർമാണം നടത്തിയത്. കരാർപ്രകാരം നിർമിതി കേന്ദ്രം ഒടുക്കാനുള്ള പിഴ കണക്കാക്കി ഈടാക്കേണ്ടതും കരാർ പ്രകാരം ഗുണനിലവാരത്തോടെ പ്രവൃത്തി പൂർത്തിയാക്കേണ്ടതുമാണ്.

സാധാരണഗതിയിൽ ഉയർന്ന സ്ഥലത്ത് നിർമിക്കുന്നതിന് പകരം ആനക്കുളത്ത് താഴ്ന്ന സ്ഥലത്ത് ഈറ്റച്ചോലയാറിനോട് ചേർന്നാണ് വാച്ച് ടവർ നിർമിച്ചിരിക്കുന്നത്. ഉചിതമായ സ്ഥലത്താണോ വാച്ച് ടവർ നിർമിച്ചതെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അന്വേഷണം നടത്തി ആവശ്യമായ തുടർനടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. എന്നാൽ, വനംവകുപ്പിനെ സംബന്ധിച്ചിടത്തോളം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത് അപൂർവ സംഭവമാണ്. അതിനാൽ ഈ റിപ്പോർട്ടും ചുവപ്പുനാടയിൽ കുരുങ്ങുമോ എന്ന് പരാതി നൽകിയവർക്ക് ആശങ്കയുണ്ട്. 

Tags:    
News Summary - What is the status of Project Elephant which was started for the conservation and management of elephant-investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT