മുസ്ലിം സമുദായത്തെ അപരവത്കരിക്കാനും സമൂഹത്തിൽ മതധ്രുവീകരണം സാധ്യമാക്കാനും ഹിന്ദുത്വവാദികൾ സൃഷ്ടിക്കുന്ന ഹലാൽ വിവാദത്തെ പരിശോധിക്കുകയാണ് ചിന്തകനായ ലേഖകൻ. ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ്, ഭക്ഷണ ജിഹാദ് എന്നിങ്ങനെ പ്രത്യക്ഷപ്പെടുന്ന ആക്ഷേപങ്ങൾ ആർക്കാണ് ഗുണം, ദോഷം?
ഉത്തരേന്ത്യയിലും കർണാടകപോലുള്ള തെക്കൻ സംസ്ഥാനങ്ങളിലും പശുവിെൻറ പേരിൽ കീഴാളരെയും മുസ്ലിംകളെയും ആക്രമിക്കുന്നതും കൊല്ലുന്നതും പതിവാണ്. ഇതിനൊപ്പം പശുവിെൻറ മഹത്ത്വവർണന നടത്തുന്നതും അതിെൻറ മൂത്രം കുടിക്കുന്നതും ചാണകം തിന്നുന്നതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാറുമുണ്ട്. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക നേതൃത്വങ്ങളും മാധ്യമങ്ങളും പൊതുവായി ഉന്നയിക്കുന്ന ആത്മവിശ്വാസം ''ഇത് കേരളമാണ്. ഇവിടെ ഇങ്ങനെയൊന്നും നടക്കുകയില്ല'' എന്നതാണ്. കേരളത്തിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മതേതര ഭാവനയുടെ കണ്ണികൾ സുദൃഢമായതിനാൽ സംഘ്പരിവാറിെൻറ കുത്തിത്തിരുപ്പുകൾ ഫലം കാണില്ലെന്നാണ് ഈ പറയുന്നതിെൻറ അർഥം.
പശുവിെൻറ പേരിലുള്ള സാമൂഹിക മർദനങ്ങൾ ഇവിടെ കാര്യമായി ഉണ്ടാവുന്നില്ലെന്നത് വസ്തുതയാണ്. എന്നാൽ ഹനു ജി. ദാസ് ഒരു പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ, കേരളത്തിൽ ബീഫ് എന്ന വാക്ക് പോത്തിെൻറയോ എരുമയുടെയോ കാളയുടെയോ പര്യായമാണ്. അതിൽ പശുവിെൻറ ഇറച്ചി ഉൾപ്പെടാത്തതുമൂലമാവാം ഇത്തരം സംഘർഷങ്ങൾ പ്രത്യക്ഷപ്പെടാത്തതെന്നു അനുമാനിക്കാവുന്നതാണ്.
കേരളത്തിൽ ബീഫ് കഴിക്കുന്നതിനെ ഒരു പ്രശ്നമാക്കി മാറ്റാൻ സംഘ്പരിവാർ സംഘടനകൾ ശ്രമിക്കുന്നില്ലെങ്കിലും ഇവിടത്തെ വരേണ്യരിൽ വെജിറ്റേറിയനിസത്തോടുള്ള അനുകൂല മനോഭാവം ശക്തമാണ്. മാംസം കഴിക്കുന്നത് ഗുരുതരമായ 'ആരോഗ്യ പ്രശ്നങ്ങൾക്ക്' കാരണമാവും എന്നത് മുതൽ അത് ഉപയോഗിക്കുന്നവരിൽ മനോനൈർമല്യം കുറവായിരിക്കുമെന്നൊക്കെയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതിലൂടെ സസ്യാഹാരം കഴിക്കുന്നതിലുള്ള അഭിമാനബോധം ഉയർത്തുന്നതിനൊപ്പം മാംസാഹാരികളെ ഇകഴ്ത്തലും കൃത്യമായി ഉൽപാദിപ്പിക്കുന്നുണ്ട്.
ലവ്ജിഹാദും ഫാഷിസ്റ്റ് ആശയങ്ങളുടെ സംഭരണകേന്ദ്രവും
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ബീഫ് വലിയൊരു പ്രശ്നമല്ലെങ്കിലും, മറ്റുതരത്തിലുള്ള സംഘ്പരിവാർ കുത്തിത്തിരുപ്പുകൾക്ക് നല്ല ഫലം കിട്ടുന്ന സുവർണഭൂമിതന്നെയാണ് കേരളം. ലവ്ജിഹാദ്, ഇൻറലക്ച്വൽ ജിഹാദ്, നാർകോട്ടിക് ജിഹാദ്, ഭക്ഷണ ജിഹാദ് എന്നൊക്കെയുള്ള പേരിൽ ഇവിടെ നിരന്തരം ഉൽപാദിപ്പിക്കപ്പെടുന്ന മുസ്ലിം വെറുപ്പ് ഈ വസ്തുതക്ക് അടിവരയിടുന്നു.
ഏറക്കുറെ പതിനഞ്ച് വർഷം മുമ്പാണ് കേരളത്തിൽ ലവ്ജിഹാദ് നടക്കുന്നു എന്ന തരത്തിലുള്ള സംഭ്രമജനകമായ വാർത്ത ഒരു മുഖ്യധാരാ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. മുസ്ലിം മതസ്ഥരായ ആണുങ്ങൾ ഇതര മതങ്ങളിലും ജാതികളിലുമുള്ള പെൺകുട്ടികളെ കൃത്രിമേപ്രമം നടിച്ചു വശത്താക്കി മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുന്നു എന്നതാണ് ലവ്ജിഹാദ് എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഇപ്രകാരം മതംമാറ്റത്തിന് വിധേയരായ പെൺകുട്ടികളെ സിറിയയിലെ ഐ.എസ് കേന്ദ്രത്തിലേക്കും അഫ്ഗാനിസ്താനിലെ താലിബാൻ പ്രസ്ഥാനത്തിലേക്കും മനുഷ്യക്കടത്ത് നടത്തുന്നു എന്ന ഭയാനകമായ പ്രമേയവും ഈ വാർത്തയിൽ ഉള്ളടങ്ങിയിരുന്നു. കണക്കുകളും സംഭവചിത്രീകരണങ്ങളും വെച്ചുകൊണ്ടുള്ള വ്യാജ ആധികാരികതയും ഇതിൽ ഉറപ്പാക്കിയിരുന്നു.
ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മീഡിയകൾ എന്തുതന്നെയായാലും, അതിെൻറ ഉറവിടം ഫാഷിസ്റ്റ് വെറുപ്പ് ഉൽപാദനത്തിെൻറ സംഭരണ കേന്ദ്രങ്ങളാണെന്ന യാഥാർഥ്യത്തെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ആർക്കും കഴിയേണ്ടതാണ്. എന്നാൽ, വലിയൊരു ശതമാനം മതേതരവാദികൾപോലും ഇതിൽ വിശ്വസിച്ചു എന്നതാണ് വസ്തുത. തൽഫലമായി പൊലീസ് അന്വേഷണവും കോടതി നടപടികളുമുണ്ടായി. അവസാനം കേരള ഹൈകോടതി ലവ്ജിഹാദ് എന്ന സംഭവമേ ഇല്ലെന്നു വിധി പ്രസ്താവിച്ചു.
ഇപ്രകാരം കെട്ടടങ്ങിയെങ്കിലും പൊതുബോധത്തിൽ അതിന് തുടർജീവിതമുണ്ടായെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ പിന്നാക്ക സമുദായ സംഘടനയായ എസ്.എൻ.ഡി.പിയുടെ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ ലവ്ജിഹാദ് നടക്കുന്നുണ്ടെന്നു പറഞ്ഞ് രംഗത്തുവരുകയുണ്ടായി. ചില ക്രിസ്ത്യൻ മതമേലധികാരികളും ഇതേ നിലപാട് സ്വീകരിച്ചു. തുടർന്ന് സംഘ്പരിവാർ മാധ്യമങ്ങൾ ഈ വിഷയം ആവർത്തിക്കാൻ തുടങ്ങി.
എന്തുകൊണ്ടാണ് ലവ്ജിഹാദ് പോലുള്ള കാര്യങ്ങളെ സർക്കാർ ഏജൻസികളും ഹൈകോടതിയും തള്ളിക്കളഞ്ഞിട്ടും പൊതുസമൂഹത്തിനകത്ത് കെടാത്ത കനൽപോലെ കിടക്കുന്നത്? ഇതിന് പിന്നിൽ സംഘ്പരിവാറിെൻറ നുണ പ്രചാരണ സംഘങ്ങൾ ഉണ്ടെന്നത് നിശ്ചയമാണ്. എന്നാൽ മുസ്ലിം സമുദായത്തിെൻറ സാമൂഹിക സംഘാടകത്വങ്ങളോട് പൊതുസമൂഹത്തിനുള്ള അകൽച്ചയും ഭയപ്പാടുകളും കണക്കിലെടുക്കേണ്ടതാണ്. മാത്രമല്ല, ആ സമുദായത്തിലെ യുവജനങ്ങളിൽ ഉണ്ടാവുന്ന പുതുകർത്തൃത്വ രൂപവത്കരണങ്ങളെ പിശാചുവത്കരിക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യുന്ന മട്ടിലുള്ള മതേതര വിമർശനങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നതാണ് യാഥാർഥ്യം.
ഉദാഹരണമായി കേരളത്തിലെ മുസ്ലിം സംഘാടകത്വങ്ങളെ 'വർഗീയത', 'മതമൗലികവാദം', 'മതരാഷ്ട്ര വാദം' എന്നിങ്ങനെ മുൻകൂർ നിശ്ചയിക്കപ്പെട്ട കള്ളികളിൽ അടച്ചുകൊണ്ടുള്ള പൊതു വിലയിരുത്തലുകളാണ് പ്രാബല്യത്തിലുള്ളത്. തൽഫലമായി, മേൽപറഞ്ഞ സംഘടനകളുടെ സാന്നിധ്യത്തെ ''നിഗൂഢശക്തികളുടെ അപരഭീഷണിയായി'' കാണാൻ സമൂഹം പരിശീലിക്കപ്പെടുന്നു. മുസ്ലിം സംഘടനകൾക്ക് പൊതുരംഗത്തുള്ള ഒരു മുഖം മാത്രമല്ല അതിനുമപ്പുറം അവർക്ക് മറ്റൊരു രഹസ്യമുഖവുമുണ്ടെന്ന് മതേതരവാദികളിൽ വലിയൊരു ശതമാനവും വിശ്വസിക്കുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, മുസ്ലിം ജനതയുടെ സാമൂഹിക സംഘാടകത്വത്തെ ജനാധിപത്യപരമായി ഉൾക്കൊള്ളുകയോ അതിനോട് തുറന്നു സംവദിക്കുകയോ ചെയ്യാതെ നിഗൂഢവത്കരിക്കുന്നതിെൻറ ഫലമായിട്ടാണ് ലവ്ജിഹാദ് അടക്കമുള്ള ഫാഷിസ്റ്റ് പ്രചാരണങ്ങൾക്ക് സംഘ്പരിവാറിെൻറ പരിധികളും കവിഞ്ഞ് പ്രവഹിക്കാനാവുന്നത്.
മറ്റൊരു കാരണമായി തോന്നുന്നത്, ഇൻറർനെറ്റും സമൂഹമാധ്യമങ്ങളും വിരൽതുമ്പിലായതോടെ പെൺകുട്ടികളുടെ മേലുള്ള ചതിക്കുഴികൾ സാർവത്രികമായി മാറിയെന്ന തരത്തിലുള്ള പരമ്പരാഗത സമൂഹത്തിെൻറ ഭയപ്പാടുകളാണ്. കേരളത്തിൽ ഏറ്റവും കൂടുതലുള്ളത് അതീവ യാഥാസ്ഥിതികരായ മത-ജാതി മേധാവികൾ നടത്തുന്ന സ്കൂളുകളും കോളജുകളുമാണ്. ഇവിടെ നടപ്പിലാകുന്ന നിയമങ്ങളും ചട്ടങ്ങളും കൗൺസലിങ് സംവിധാനവും ഒരുതരം ജീവശാസ്ത്ര നിർണയവാദത്തിൽ അധിഷ്ഠിതമാണ്. മാത്രമല്ല, കേരളത്തിലെ കുടുംബജീവിതത്തിെൻറയും പാരൻറിങ് സമ്പ്രദായത്തിെൻറയും അടഞ്ഞ രീതികൾ പെൺകുട്ടികളും ആൺകുട്ടികളും വഴിതെറ്റി പോകുന്നതിന് കാരണമായ പ്രശ്നങ്ങളായിട്ടാണ് നവസാങ്കേതികതയുടെയും യുവത്വത്തിനകത്തെ സൗഹൃദങ്ങളെയും പ്രണയങ്ങളെയും പരിചയങ്ങളെയും കൂട്ടായ്മകളെയും കാണുന്നത്. തൽഫലമായി ഉന്നയിക്കപ്പെടുന്ന കരുതലുകൾ 'അജ്ഞാത'മായതിെൻറ അല്ലെങ്കിൽ നിഗൂഢ ശക്തികളിൽനിന്നുള്ള കടന്നാക്രമണത്തെ മുൻകൂർ ഭാവന ചെയ്യുന്നതാണ്. യുവത്വത്തെ, പ്രത്യേകിച്ചും പെൺകുട്ടികളെ വഴിതെറ്റിക്കുന്ന നിഗൂഢശക്തികൾ മുസ്ലിംകളോ കീഴാളരോ ആയ ആണുങ്ങൾ ആയിരിക്കാമെന്ന തീർപ്പ് പൊതുസമൂഹത്തിൽ വേരോടുന്നത് ഈ പശ്ചാത്തലത്തിലാണ്.
എടുത്തുകാണിക്കാവുന്ന ദലിത് ബഹുജൻ വിദ്യാർഥി സംഘടനകളോ യുവജന പ്രസ്ഥാനങ്ങളോ ഇവിടെ ഇല്ലാത്തതുമൂലം അപരവത്കരണത്തിെൻറ ഭാരം മുഴുവൻ പതിക്കുന്നത് മുസ്ലിംകളുടെ തലയിലാണ്. അതായത്, അപരത്വം പങ്കുവെക്കപ്പെടാത്ത സവിശേഷ സാഹചര്യം നിലനിൽക്കുന്നതുമൂലമാണ് ലവ്ജിഹാദ് അടക്കമുള്ള എല്ലാ പ്രചാരണങ്ങളും മുസ്ലിംകളെ ചുറ്റിപ്പറ്റി മാത്രം ഉണ്ടാവുന്നതെന്ന് സാരം.
നാർകോട്ടിക് ജിഹാദും ൈക്രസ്തവ വംശീയതയുടെ പുതുക്കലും
കേരളത്തിൽ മുമ്പേതന്നെ കഞ്ചാവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരും അവ വിതരണം ചെയ്യുന്ന സംഘങ്ങളും വ്യക്തികളും നിലനിൽക്കുന്നുണ്ട്. ഇതിനൊപ്പം സ്വർണ കള്ളക്കടത്തും ഹവാല ഇടപാടുകളും വ്യാപകമായിട്ടുണ്ട്.
എങ്കിലും കോവിഡ് അനന്തരകാലത്ത് ഇത്തരം ഏർപ്പാടുകൾ നടത്തുന്നവരുടെ എണ്ണത്തിലും വ്യാപ്തിയിലും വർധന വന്നിട്ടുള്ളതായി തോന്നുന്നു. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന കുറെ കുറ്റവാളികൾ എന്നതിനപ്പുറം യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ പെരുകിയതും പലരുടെയും ഉപജീവനം വഴിമുട്ടിയിരിക്കുന്നു എന്നതും കാണാതിരുന്നുകൂടാ. പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിനൊപ്പം സാഹസികമായിട്ടാണെങ്കിലും അതിജീവിക്കുക എന്ന േപ്രരണയും ഇത്തരം പ്രവൃത്തികളുടെ പിന്നിലുണ്ടാവും.
ചില കുറ്റവാളിത്തങ്ങളെ സാമൂഹികമായ അസമത്വങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ കാണേണ്ടവയാണ്. അമേരിക്കൻ പ്രസിഡൻറായിരുന്ന ജോർജ് ബുഷ് ലഹരിമരുന്നു വിൽപനക്ക് എതിരെ നടത്തിയ അടിച്ചമർത്തൽ അവിടത്തെ ആേഫ്രാ-അമേരിക്കൻ ജനതക്കും മറ്റിതര പാർശ്വവത്കൃതർക്കും നേരെയുണ്ടായ ആഭ്യന്തര യുദ്ധമായി മാറിയെന്നത് പാഠമാണ്.
കേരളത്തിൽ നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് വിവാദം കെട്ടടങ്ങിയപ്പോൾ ആഞ്ഞടിച്ചത് നാർകോട്ടിക് ജിഹാദാണ്. പാലായിലെ ഒരു ബിഷപ്പാണ് അത് കെട്ടഴിച്ചു വിട്ടത്. മുസ്ലിംകൾ കേരളത്തിലെ ക്രിസ്ത്യാനികളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപിപ്പിക്കാൻ നിഗൂഢമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനെതിരെ ക്രിസ്ത്യാനികളും പൊതുസമൂഹവും ഏകീകരിക്കണമെന്നും തെൻറ അനുയായികളെ ഉദ്ബോധിപ്പിച്ചു. സമൂഹത്തിൽ അത്യുന്നതപദവിയുള്ള ഒരാൾ ഇപ്രകാരം കരുതിക്കൂട്ടി മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെ ഭരണകൂടം നടപടിയെടുക്കേണ്ടതാണ്. അവർ അത് ചെയ്യുന്നതിനുപകരം, മന്ത്രിസഭയിലെ ഒരംഗം ബിഷപ്പിെൻറ അടുത്ത് നേരിട്ടു ചെന്ന് നല്ല സർട്ടിഫിക്കറ്റ് കൊടുക്കുകയാണുണ്ടായത്.
എങ്കിൽപോലും, മുസ്ലിം സംഘടനകളുടെയും സിവിൽ സമുദായത്തിെൻറയും പ്രതിഷേധത്തിെൻറയും സോഷ്യൽ മീഡിയയിലെ കൗണ്ടർ നരേറ്റിവുകളുടെയും ഫലമായി ബിഷപ് ഏറക്കുറെ ഒറ്റപ്പെട്ട സ്ഥിതിയുണ്ടായി. ലാറ്റിൻ-സി.എസ്.ഐ പോലുള്ള കീഴാള പ്രാതിനിധ്യം കൂടുതലുള്ള ൈക്രസ്തവ സഭകളും ബിഷപ് മാർ കൂറിലോസിനെപോലുള്ള സുപ്രധാന വ്യക്തികളും വ്യത്യസ്ത നിലപാട് സ്വീകരിച്ചു.
കേരളത്തിലെ ൈക്രസ്തവ സഭാധികാരികളിൽ ഒരുവിഭാഗം ഹൈന്ദവവത്കരണത്തോട് തുറന്ന ആഭിമുഖ്യം പുലർത്തുന്നവരാണ്. തങ്ങൾ നമ്പൂതിരിമാർ മാർഗംകൂടിയവരാണെന്ന് മേന്മ പറയുകയും സ്വന്തം സഭകളിലെ ദലിത് ൈക്രസ്തവരോട് വിവേചനം കാണിക്കുകയും അവർക്ക് അവസര സമത്വം നിഷേധിക്കുന്നവരുമാണവർ.
കേരളത്തിൽ മയക്കുമരുന്ന് ഉപഭോഗിക്കുന്നവരും വിൽപന നടത്തുന്നവരും എല്ലാ മതങ്ങളിലും ഉൾപ്പെട്ടവരാണെന്ന് അറിയാത്ത ആൾക്കാരല്ല പാലാ ബിഷപ്പും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. എന്നിട്ടും ഒരു പ്രത്യേക മതത്തെ പ്രതിചേർക്കാൻ ഇവർ വ്യഗ്രത കാണിക്കുന്നതെന്തുകൊണ്ടാണ്?
സമകാലിക ഹിന്ദുത്വ ഭരണകൂടത്തോട് ഒളിഞ്ഞും തെളിഞ്ഞും ചായ്വ് കാണിക്കുന്നവരാണ് ൈക്രസ്തവ സഭാനേതൃത്വത്തിലെ ചിലർ. അനർഹമായി സ്വരൂപിച്ച സ്വത്തുക്കളും പദവികളും സുരക്ഷിതമാക്കി മാറ്റുക എന്നതാണ് ഇതിെൻറ പിന്നിലുള്ള േപ്രരണ. ഹിന്ദുത്വവാദികൾക്കൊപ്പം നിൽക്കാൻ, തങ്ങൾ മുസ്ലിംകളെപോലെ അപരർ അല്ലെന്നു സ്ഥാപിക്കുകയും േശ്രഷ്ഠർ തന്നെയാണെന്ന് പറയാതെ പറയുകയുമാണ് ഇത്തരം ജൽപനങ്ങളുടെ ഉദ്ദേശ്യം. അതായത്, തങ്ങളുടെ വംശീയ മനോഭാവത്തെ പുതുക്കി നിർമിച്ചുകൊണ്ട് സ്വയം േശ്രഷ്ഠരായി അവരോധിക്കാനും അതിലൂടെ ഹിന്ദുത്വഭരണവർഗത്തിെൻറ കടാക്ഷം കിട്ടാനുമാണ് ഇവർ വെറുപ്പ് പ്രചാരകരാവുന്നത്.
തുപ്പൽ ഭക്ഷണം, ഹലാൽ ജിഹാദ്
പലരും ശ്രദ്ധിക്കാത്ത കാര്യമാണ് കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിലുണ്ടായ രൂപാന്തരണങ്ങളും അതിലെ ചില ഘടകങ്ങളുടെ തീവ്ര വലതുപക്ഷവത്കരണവും.
മുൻകാലത്ത് സഹോദരൻ അയ്യപ്പൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.സി. ജോസഫ് മുതലായവർ നേതൃത്വം കൊടുത്ത യുക്തിവാദ പ്രസ്ഥാനം സാമൂഹിക യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടിരുന്നു. മതത്തെയും ദൈവത്തെയും നിഷേധിച്ച സഹോദരൻ അയ്യപ്പൻപോലും വിശ്വാസ സ്വാതന്ത്ര്യത്തെ വിലമതിച്ചിരുന്നു. മാത്രമല്ല, ഇന്ത്യയിലെ ജാതിവ്യവസ്ഥ അവസരസമത്വത്തെ നിഷേധിക്കുന്നതിനാൽ അതിനോടുള്ള എതിർപ്പുകൾ ഹിന്ദുയിസത്തിനോടുള്ള പ്രത്യയശാസ്ത്രവിമർശനംകൂടി ഉൾക്കൊള്ളുന്നതാണെന്ന സങ്കൽപവും അവർക്കുണ്ടായിരുന്നു. ഇതിനർഥം മുൻകാല യുക്തിവാദ പ്രസ്ഥാനം സാമൂഹിക വിപ്ലവത്തിെൻറ ധാരകളെ സാംശീകരിച്ചിരുന്നു എന്നതാണ്.
എന്നാൽ, കുറെ നാളായി പ്രത്യേകിച്ചും സോഷ്യൽ മീഡിയ പ്രബലമായതോടെ പലതരം യുക്തിവാദ സംഘങ്ങൾ ഉദയംകൊള്ളുകയും അവയിൽ ചിലത് കടുത്ത വംശീയതയുടെ വക്താക്കളായി മാറുകയും ചെയ്തു. സി. രവിചന്ദ്രനെ പോലുള്ളവരാണ് ഇത്തരം സംഘങ്ങളുടെ ബുദ്ധികേന്ദ്രവും ആദർശപുരുഷരും. ഇക്കൂട്ടർ മതവിമർശനത്തെ മതനിന്ദയാക്കി മാറ്റി. യുക്തിചിന്തക്ക് പകരം സ്വതന്ത്രചിന്ത എന്ന ആശയം സ്വീകരിച്ചു. ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങളെ തങ്ങളുടെ സാങ്കൽപിക യുേട്ടാപ്യകളായി ചിത്രീകരിച്ചു.
സ്വതന്ത്ര ചിന്ത എന്ന ആശയംതന്നെ യൂറോ കേന്ദ്രവാദത്തിെൻറ ഒരു കൈവഴിയാണ്. അതിനെപറ്റി തൽക്കാലം വിശദീകരിക്കുന്നില്ല. എന്നാൽ സമൂഹത്തിെൻറയും വ്യക്തികളുടെയും സ്വതന്ത്രജീവിതത്തിന് കാരണമായ ഏക തടസ്സം മതങ്ങളാണെന്നും അവയുടെ സദാചാര കൽപനകളാണ് ആൾക്കാരെ പിറകോട്ട് വലിക്കുന്നതെന്നും ഏകപക്ഷീയമായി പറയുന്നതിൽ ചിന്താ ദാരിദ്യ്രം പ്രകടമാണ്. മതങ്ങൾക്ക് പ്രതിലോഭകരമായ ദൗത്യം മാത്രമല്ല, വിമോചനാത്മക തലങ്ങളും ഉണ്ടെന്ന് എഴുതുകയും പറയുകയും ചെയ്ത ഗാന്ധിജിയും ഡോ. ബി.ആർ. അംബേദ്കറുമാണല്ലോ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട മതേതര ബിംബങ്ങൾ തന്നെ. മതത്തെക്കാൾ സമൂഹത്തെ ആകമാനം ചൂഴ്ന്നുനിൽക്കുന്ന ദേശീയത, സാംസ്കാരിക അബോധം, സ്റ്റേറ്റ് സംവിധാനങ്ങൾ, വർഗ-വംശ അധികാര ഘടന എന്നിവയിലൂടെയാണ് സദാചാരം കൂടുതലായും സംസ്ഥാപിക്കപ്പെടുന്നത്.
ഇതൊന്നും കാണാതെ മതമാണ് സമൂഹത്തിലെ ഏറ്റവും വലിയ നിയന്ത്രണ/നിരോധനശക്തിയെന്ന് പറയുമ്പോൾ അതിൽനിന്നും ഹിന്ദുമതവും ൈക്രസ്തവമതവും ഒഴിവാക്കപ്പെടും. കാരണം, ഹിന്ദുമതത്തിന് ദേശീയതയുടെയും സാംസ്കാരിക അബോധത്തിെൻറയും മേലധികാരം ഉള്ളതിനാൽ അതിന് ഏറക്കുറെ സെക്കുലർ സ്റ്റാറ്റസാണ് ഉള്ളത്. ൈക്രസ്തവ മതമാണെങ്കിൽ യൂറോപ്പിൽ ജ്ഞാനോദയ യുക്തികളാൽ മെരുക്കപ്പെട്ടതും ഇന്ത്യയിൽ ഹൈന്ദവവത്കരണത്തോട് ആഭിമുഖ്യം പുലർത്തുന്നതുമാണ്. അപ്പോൾ വിമർശിക്കപ്പെടേണ്ട/ നിന്ദിക്കപ്പെടേണ്ട ഏക മതം ഇസ്ലാമാണെന്നു വരുന്നു. അതിനാലാണ് സ്വതന്ത്ര ചിന്തകരുടെ മതവിരുദ്ധത മുഴുവൻ ഇസ്ലാമിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നത്.
രസകരമായ കാര്യം, ഇന്ത്യയിലെ ടെലിവിഷൻ ചാനലുകൾ തുറന്നാൽ നൂറുകണക്കിന് ഹൈന്ദവ ചാനലുകളും ൈക്രസ്തവ ചാനലുകളും കാണാം. അവയിലൂടെ രാപ്പകൽ പ്രവഹിക്കുന്ന അന്ധവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും സ്വതന്ത്രചിന്തകരെ അലട്ടാറില്ല. അവർക്ക് മൊത്തം വിഷയം ഏതെങ്കിലും ഉസ്താദോ മൊല്ലാക്കയോ പറയുന്ന പടുവിഡ്ഢിത്തങ്ങൾ മാത്രമാണ്.
ഇത്തരം സ്വതന്ത്ര യുക്തിവാദ ഗ്രൂപ്പുകളും അവരോട് മുസ്ലിം വെറുപ്പ് എന്ന ഒറ്റ കാര്യംകൊണ്ട് ഐക്യപ്പെട്ട ചില ൈക്രസ്തവ വംശീയവാദികളുമാണ് മുസ്ലിംകൾ ബിസ്മി ചൊല്ലുന്നതിനെയും, ഹലാൽ ഭക്ഷണം നിഷ്കർഷിക്കുന്നതിനെയും 'ആഹാരത്തിൽ തുപ്പുന്നു' എന്ന വിധത്തിലുള്ള പ്രതീതിയാഥാർഥ്യമായി മാറ്റിമറിച്ചത്.
ഭക്ഷണം വൃത്തിയുള്ളതാവുക എന്നത് സമൂഹം ആഗ്രഹിക്കുന്ന കാര്യമാണ്. അപ്പോൾ അതിൽ മതാചാരത്തിെൻറ പേരിൽ തുപ്പുന്നു എന്നു പ്രചരിക്കപ്പെടുമ്പോൾ പൊതുബോധത്തിലുണ്ടാകുന്ന ആഘാതം ആലോചിക്കാവുന്നതാണ്. ഇതിലൂടെ ഇത്തരം ആചാരങ്ങൾ അനുഷ്ഠിക്കുന്നവർ ജീവശാസ്ത്രപരമായി അധഃപതിച്ചവരാണ് എന്ന അധിക അർഥമാണ് സമൂഹത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നത്.
ഇതുതന്നെയാണ് സംഘ്പരിവാർ ആഗ്രഹിച്ചതും. നാസികൾ ജൂതജനതയെ ജീവശാസ്ത്രപരമായി അധഃപതിച്ചവരായി കണ്ടു. അവരുടെ മതപരവും വിശ്വാസപരവുമായ വ്യത്യാസത്തെ അധഃപതനത്തിെൻറ ഉറവിടമായി നിർണയിച്ചു. സമാനമായ വിധത്തിലുള്ള വ്യവഹാരങ്ങളാണ് കേരളത്തിലെ നവയുക്തിവാദികളും ൈക്രസ്തവ വംശീയവാദികളും ഹിന്ദുത്വവാദികളും കൂട്ടുചേർന്നു ഉണ്ടാക്കുന്നത്. ഇത്തരം വ്യവഹാരങ്ങളുടെ മറുപുറം അപരഹിംസകളും അതിക്രമങ്ങളും അനുഷ്ഠാനപരമായി മാറുമെന്നതാണ്.
വമ്പിച്ച കോർപറേറ്റ് മൂലധനം കേന്ദ്രീകരിച്ചിട്ടുള്ളതും രാജ്യാന്തര വ്യാപാരശൃംഖലകൾ ഉള്ളതുമായ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ ഹലാൽ മുദ്ര പതിക്കപ്പെട്ടതിൽ മുസ്ലിംകൾക്ക് നേരിട്ട് പങ്കില്ലെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇങ്ങനെ വിപണി കൈയടക്കിയവരിൽ വലിയൊരു ശതമാനവും ഹിന്ദുക്കൾ തന്നെയാണ്.
ഫുഡ് സ്ട്രീറ്റും ഉദാര മതേതരത്വവും
തുപ്പൽ വിവാദം അടക്കമുള്ളവ സംഘ്പരിവാർ വലിയൊരു പ്രചാരണമാക്കുകയും അതിനു നേതൃത്വം കൊടുക്കാൻ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻതന്നെ രംഗത്തു വരുകയും ചെയ്തതോടെ കേരളത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ പ്രതിരോധമേറ്റെടുത്തു. 'ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘ്പരിവാർ രാഷ്ട്രീയത്തിന്' എതിരെ ജില്ലാ കേന്ദ്രങ്ങളിൽ ഫുഡ് സ്ട്രീറ്റ് നടത്തുകയാണ് അവർ ചെയ്തത്.
ഈ സമരമുറ ഇന്ത്യയിലെ ചില കീഴാള യുവജന പ്രസ്ഥാനങ്ങൾ മുമ്പ് നടത്തിയിട്ടുള്ളതിെൻറ അനുകരണമായിരുന്നു എന്നതാണ് ആദ്യമായി സൂചിപ്പിക്കാനുള്ളത്. കേന്ദ്രത്തിലെ ഹിന്ദുത്വഭരണകൂടവും വിവിധ സംസ്ഥാന സർക്കാറുകളും ബീഫ് നിരോധനം ഏർപ്പെടുത്തിയപ്പോൾ, അതിനോട് പ്രതിഷേധിക്കാനായി ഹൈദരാബാദിലെ ദലിത് ബഹുജൻ വിദ്യാർഥി കൂട്ടായ്മയാണ് ആദ്യമായി ഒരു ബീഫ് ഫെസ്റ്റിവൽ നടത്തിയത്. അവർ പരിപാടിയിൽ പോർക്കിെൻറ ഭക്ഷണം ഉൾപ്പെടുത്തിയിരുന്നില്ല. മുസ്ലിംകളോടുള്ള സാഹോദര്യഭാവന ഉയർത്തിപ്പിടിക്കാനും, ആ സമുദായത്തിെൻറ മതപരമായ വിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്യുക എന്നതിെൻറ അടിസ്ഥാനത്തിലാണ് അവർ പോർക്കിറച്ചി ഒഴിവാക്കിയത്.
കേരളത്തിലെ ഫുഡ്സ്ട്രീറ്റിൽ പോർക്കിറച്ചി ഉണ്ടാവുമോ എന്ന് ഏതാണ്ടൊരു വെല്ലുവിളിപോലെ ഹിന്ദുത്വവാദികൾ ചോദ്യമുന്നയിച്ചു. അതിനു നേരിട്ട് മറുപടി പറഞ്ഞില്ലെങ്കിലും ഡി.വൈ.എഫ്.ഐയുടെ ഫുഡ് സ്ട്രീറ്റിൽ പോർക്കിറച്ചിയും വിളമ്പി. ഇതോടെ നേരത്തേ പരിഹാസമുന്നയിച്ച ഹിന്ദുത്വർ ഇടതുപക്ഷത്തെ അഭിനന്ദിക്കുകയും ചെയ്തു.
യഥാർഥത്തിൽ ഭക്ഷണത്തിൽ മതം കലർത്തുകയല്ല, ഭക്ഷണവും വസ്ത്രങ്ങളും വിശ്വാസങ്ങളും മതവും അടക്കമുള്ള സകലതിനെയും അപരവത്കരണത്തിന് വേണ്ട ഉപാധികളാക്കി മാറ്റുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. മുേമ്പ സൂചിപ്പിച്ചതുപോലെ ഇതിലൂടെ മുസ്ലിംകളെയും അവരോട് സഹകരിക്കുന്ന മറ്റിതര കീഴാള ജനവിഭാഗങ്ങളെയും ജീവശാസ്ത്രപരമായി അധഃപതിച്ചവരായി ചിത്രീകരിക്കുകയെന്നതാണ് അവർ ഉദ്ദേശിക്കുന്നത്. അതായത് ഭക്ഷണത്തിെൻറ 'മതേതര ശുദ്ധിയിൽ' കളങ്കം വരുത്തുകയല്ല, മറിച്ച് മുസ്ലിംകളെയും ഇതര ദലിത് ബഹുജൻ ജനതകളെയും സവിശേഷമായി വേർതിരിച്ചുകൊണ്ട് തങ്ങളുടെ വംശീയ രാഷ്ട്രീയത്തിന് പരപ്പ് കൂട്ടാനാണ് അവർ ശ്രമിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ, ഡി.വൈ.എഫ്.ഐയുടെ മുദ്രാവാക്യം ലക്ഷ്യം തെറ്റിയതാണെന്ന് കാണാം.
പോർക്കിറച്ചി മുസ്ലിംകൾക്ക് ഹറാമാണെങ്കിലും അത് മറ്റുള്ളവർ കഴിക്കുന്നതിനോടോ വിൽപന നടത്തുന്നതിനോടോ അവർ എതിർപ്പ് പ്രകടിപ്പിക്കാറില്ല. ഗൾഫ്നാടുകളിലടക്കം അവയുടെ വിൽപനയും ഉപഭോഗവും നടക്കുന്നുണ്ട്. പശുവിറച്ചിയുടെ സ്ഥിതി അതല്ല. നൂറുകണക്കിന് പേരാണ് ആ മൃഗത്തിെൻറ മാംസത്തിെൻറ പേരിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ഈ വസ്തുതകൾ മറച്ചുവെച്ച്, പോർക്കിറച്ചി നിങ്ങളുടെ പ്രതിരോധ സമരത്തിൽ ഉണ്ടാവുമോ എന്നു സംഘ്പരിവാർ പരിഹസിക്കുമ്പോൾ അതനുസരിച്ച് ഉദാരവാദികൾ ആകുന്നവരും മുസ്ലിംകൾക്കും കീഴാളർക്കുമെതിരെയുള്ള അതിക്രമങ്ങളെ ഫോക്കസ് ചെയ്യാതെ ഭക്ഷണത്തെ മതേതരവത്കരിക്കാനും ശ്രമിക്കുന്നവർ ഫലത്തിൽ സംഘ്പരിവാറിനെതന്നെയാണ് കുറ്റമുക്തരാക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇന്ത്യയിലെ ലിബറൽ ദേശീയവാദികളും ഇടതുപക്ഷവും പിന്തുടരുന്ന മതേതരത്വ കാഴ്ചപ്പാടുകൾ മുസ്ലിം പ്രീണനമാണെന്ന് വിലയിരുത്തിയിട്ടുള്ളവരാണ് സംഘ്പരിവാർ. മുസ്ലിം പ്രീണനം ഇല്ലായ്മ ചെയ്യാനാണ് ദേശീയ ന്യൂനപക്ഷ കമീഷൻ പിരിച്ചുവിട്ട് മനുഷ്യാവകാശ കമീഷൻ രൂപവത്കരിക്കണമെന്നും, ഏക സിവിൽകോഡ് നടപ്പാക്കണമെന്നുമൊക്കെ അവർ പറയുന്നത്. ഇത്തരം കപട വാക്ധോരണികൾ കേട്ട് മുസ്ലിംകളുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും കീഴാള ബഹുജനങ്ങളുടെയും സവിശേഷ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാതെ, ഉദാര മതേതരവാദികളായി മാറുന്നവർ അറിഞ്ഞോ അറിയാതെയോ സംഘ്പരിവാറിെൻറ കെണിയിൽതന്നെയാണ് അകപ്പെടുന്നതെന്ന് പറയാതെ വയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.