ജനസൈഡും മീഡിയ സൈഡും

ഏതു നിമിഷവും വീഴാവുന്ന ബോംബിനും വെടിയുണ്ടകൾക്കുമിടയിൽ ജീവൻ കൈയിൽപിടിച്ച് ലോകത്തിന് സത്യം കാട്ടി​ക്കൊടുക്കുന്ന ഉജ്ജ്വല ത്യാഗത്തിന്റെ പേരായിരിക്കുന്നു ഫലസ്തീ​ൻ ജേണലിസം. ഗസ്സയിൽ സ്വതന്ത്ര പത്രപ്രവർത്തനം അസാധ്യമാക്കുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളുമുണ്ട്. നിലക്കാത്ത ബോംബ് ​സ്ഫോടനത്തിന്റെയും സൈറന്റെയും ഭീതിപ്പെടുത്തുന്ന ശബ്ദം. ഏതു നിമിഷവും എത്രനേരത്തേക്കും നിലച്ചുപോകാവുന്ന വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും. ഇതിനിടയിലാണ്, മാധ്യമപ്രവർത്തകർക്ക് അന്താരാഷ്ട്ര നിയമപ്രകാരം ലഭിക്കേണ്ട പരിരക്ഷ ഇല്ലാതെ, അവരെ നോട്ടമിട്ട് ആക്രമിക്കുന്ന ഇസ്രായേലി രീതിയെ വരെ നേരിട്ട്, അവിടെനിന്നുള്ള...

ഏതു നിമിഷവും വീഴാവുന്ന ബോംബിനും വെടിയുണ്ടകൾക്കുമിടയിൽ ജീവൻ കൈയിൽപിടിച്ച് ലോകത്തിന് സത്യം കാട്ടി​ക്കൊടുക്കുന്ന ഉജ്ജ്വല ത്യാഗത്തിന്റെ പേരായിരിക്കുന്നു ഫലസ്തീ​ൻ ജേണലിസം.

ഗസ്സയിൽ സ്വതന്ത്ര പത്രപ്രവർത്തനം അസാധ്യമാക്കുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളുമുണ്ട്. നിലക്കാത്ത ബോംബ് ​സ്ഫോടനത്തിന്റെയും സൈറന്റെയും ഭീതിപ്പെടുത്തുന്ന ശബ്ദം. ഏതു നിമിഷവും എത്രനേരത്തേക്കും നിലച്ചുപോകാവുന്ന വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും. ഇതിനിടയിലാണ്, മാധ്യമപ്രവർത്തകർക്ക് അന്താരാഷ്ട്ര നിയമപ്രകാരം ലഭിക്കേണ്ട പരിരക്ഷ ഇല്ലാതെ, അവരെ നോട്ടമിട്ട് ആക്രമിക്കുന്ന ഇസ്രായേലി രീതിയെ വരെ നേരിട്ട്, അവിടെനിന്നുള്ള വിവരങ്ങൾ അപ്പപ്പോൾ ലോകത്തിനു നൽകാൻ ഫലസ്തീൻ ജേണലിസ്റ്റുകൾ കഠിനാധ്വാനംചെയ്യുന്നത്.

കഴിഞ്ഞ ഒക്ടോബർ 7 മുതൽ ഗസ്സയിൽ അന്താരാഷ്ട്ര ജേണലിസ്റ്റുകളെ ഇസ്രായേൽ അനുവദിക്കുന്നില്ല. അതോടെ റിപ്പോർട്ടിങ് ഉത്തരവാദിത്തം മുഴുവൻ നാട്ടുകാരായ ജേണലിസ്റ്റുകളുടെ ചുമലിലായി. പലപ്പോഴും റിപ്പോർട്ടിങ് പരിശീലനം ലഭിക്കാത്ത കുട്ടികളടക്കമുള്ളവർ വാർത്താ റിപ്പോർട്ടിങ്ങിന് ഫോൺ കാമറയുമായി ഇറങ്ങി. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്തിരുന്നവരും വാർത്താ റിപ്പോർട്ടർമാരായി.

കാരണം, അവർക്ക് പ്രതിരോധിക്കാൻ ആയുധമായുള്ളത് അതാണ്. അത് മാത്രമാണ്. അവർ അതുമായി ഇറങ്ങുന്നു –ഏതു സമയവും എവിടെവെച്ചും ജീവൻ നഷ്ടപ്പെടാം എന്ന് അറിഞ്ഞുതന്നെ. (അങ്ങനെ വാർത്ത പറയാനിറങ്ങി കൊല്ലപ്പെട്ട ഗസ്സ ജേണലിസ്റ്റുകൾ ഒന്നും രണ്ടുമല്ല. നൂറിലധികമാണ്.)

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയുടെ രംഗങ്ങൾ നേരിൽ കാണാൻ ലോകത്തിന്റെ കണ്ണും കാതുമായി അവർ. ചിലർ വീടില്ലാതെ വാഹനത്തിൽതന്നെ കഴിച്ചുകൂട്ടിക്കൊണ്ടാണ് വാർത്തകൾ റിപ്പോർട്ട് ചെയ്തത്. ഉറക്കം വാഹനത്തിൽ. ശുചിമുറികൾ കണ്ടെത്തുകപോലും പ്രയാസം. അതുകാരണം ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ പരമാവധി കുറച്ചു.

ഇന്റർനെറ്റ് കണക്ഷനും ഫോൺ കണക്ഷനും എല്ലായിടത്തും കിട്ടില്ല. ഫോണിൽ ബാറ്ററി തീരുമ്പോൾ റീചാർജ് ചെയ്യുന്നതുപോലും ഏറെ പ്രയാസപ്പെട്ടാണ്. കാരണം വൈദ്യുതി കൂടക്കൂടെ ഇല്ലാതാകും. ചില വീടുകളിൽ ചെറിയ ജനറേറ്ററുകളുണ്ട്. ഇടക്ക് അവ പ്രവർത്തിപ്പിക്കും. അത്തരം ഇടങ്ങളിൽനിന്നാണ് അവർ തങ്ങളുടെ കാമറയും പ്രക്ഷേപണനിലയവും എല്ലാമായ ഫോണുകൾ റീചാർജ് ചെയ്യുന്നത്.

ടി.ആർ.ടി അറബി ചാനൽ ഗസ്സ റിപ്പോർട്ടിങ്ങിലെ പ്രയാസങ്ങളും അപകടങ്ങളും വിവരിക്കുന്ന വിശദമായ ഡോക്യുമെന്ററി തന്നെ തയറാക്കിയിട്ടുണ്ട് (Journalism Under Genocide). അതിൽ അവതാരക എസ്ഗി തോപർ പറയുന്നു: ‘‘ഗസ്സ റിപ്പോർട്ടർമാർക്ക്, മറ്റു യുദ്ധമേഖലകളിലെ റിപ്പോർട്ടർമാർക്കില്ലാത്ത മറ്റൊരു പ്രശ്നംകൂടിയുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്യു​ന്നതിനൊപ്പംതന്നെ, ജീവനോടെ ഇരിക്കാനുള്ള അധിക കരുതലും അവർ ശീലിക്കണം.’’

(ടി.ആർ.ടിയുടെ ഈ ഡോക്യുമെന്ററി ‘ഫേസ്ബുക്ക്’, ‘ഇൻസ്റ്റഗ്രാം’ കമ്പനിയായ മെറ്റ നീക്കംചെയ്തു എന്നത് മറ്റൊരു വിശേഷം.)

 

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർഥികളായ ട്രംപിനും കമല ഹാരിസിനും ഇന്ത്യൻ വംശജരുടെ വോട്ട് നിർണായകമാകാം. അതിനുവേണ്ടിയുള്ള വേഷംകെട്ടാണ് സുബ്ഹാനിയുടെ (ഡെക്കാൻ ക്രോണിക്ൾ) കാർട്ടൂണിന്റെ വിഷയം

മാധ്യമങ്ങൾ ലക്ഷ്യം

ഒക്ടോബറിൽ ഇസ്രായേലിന്റെ നരനായാട്ട് തുടങ്ങി ഒരാഴ്ചക്കുള്ളിൽ ജേണലിസ്റ്റുകളെ ഉന്നമിട്ട് കൊല്ലുന്നതായ വാർത്തകൾ വന്നുതുടങ്ങി. റോയിട്ടേഴ്സ് റിപ്പോർട്ടർ ഇസ്സാം അബ്ദുല്ലയായിരുന്നു ആദ്യ ഇരകളിലൊന്ന്. ഇസ്രായേൽ-ലബനാൻ അതിർത്തിയിൽ ഇസ്രായേലിന്റെ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യവെയാണ് മാധ്യമപ്രവർത്തകർ നിന്ന സ്ഥലത്തേക്ക് ഇസ്രായേൽ ആയുധം തൊടുത്തത്. ഇസ്സാം കൊല്ലപ്പെട്ടതിനു പുറമെ രണ്ടു റിപ്പോർട്ടർമാർക്ക് മുറിവേൽക്കുകയുംചെയ്തു.

ഇസ്സാമിന്റെ കൊലക്കു പിന്നാലെ അൽ ജസീറ ബ്യൂറോ മേധാവി വാഇൽ അൽ ദഹ്ദൂഹിന്റെ ഭാര്യ, മകൻ, മകൾ, പേരമകൻ എന്നിവർ കൊല്ലപ്പെട്ട സംഭവം അബദ്ധവശാൽ സംഭവിച്ചതായിരുന്നില്ല. ഇസ്രായേൽ സുരക്ഷിതസ്ഥലമെന്ന് ഉറപ്പുനൽകിയ നുസൈറാത് അഭയാർഥി ക്യാമ്പിലാണ് അവർ ബോംബിട്ടത്.

‘അനദോലു’ വാർത്താ ഏജൻസിയുടെ കാമറാമാൻ മുഹമ്മദ് അൽ അലൂലിന്റെ നാലു മക്കൾ അൽ മഗാസി അഭയാർഥി ക്യാമ്പിലിട്ട ഇസ്രായേലി ബോംബിങ്ങിൽ കൊല്ലപ്പെട്ടു.

ഒരു കാമറ, ‘പ്രസ്’ എന്നെഴുതിയ പുറംകുപ്പായം, ഹെൽമറ്റ് –ഇത്രയുമാണ് മാധ്യമപ്രവർത്തകരുടെ ആയുധങ്ങൾ. പക്ഷേ, ആയുധങ്ങളെ ഇസ്രായേലിന് ഭയമാണ്. ഒക്ടോബർ 8 മുതൽ 11 ദിവസംകൊണ്ട് 48 മാധ്യമസ്ഥാപനങ്ങൾ ഇസ്രായേൽ കേടുവരുത്തി. 17 മാധ്യമപ്രവർത്തകരുടെ ജീവനെടുത്തു. ഗ്രൗണ്ട് റിപ്പോർട്ടിങ്ങിലായിരുന്ന പലരുടെയും ഉപകരണങ്ങൾ നശിപ്പിച്ചു.

ഇപ്പോൾ ഒരുവർഷം തികയാറാകുമ്പോൾ ഇസ്രായേലി വംശഹത്യ​ക്കിരയായ മാധ്യമപ്രവർത്തകർ നിരവധിയാണ്.

കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് (സി.പി.ജെ) കഴിഞ്ഞ വർഷം ഒക്ടോബറിൽതന്നെ മാധ്യമപ്രവർത്തനത്തിനെതിരായ ഇസ്രായേലി അതിക്രമങ്ങളുടെ തീവ്രത വെളിപ്പെടുത്തി. ഒക്ടോബർ എട്ടു മുതൽ 22 വരെ, ഇരുപത്തിമൂ​േന്നാ അതിലധികമോ ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

നവംബറോടെ വിവിധ പാശ്ചാത്യ രാജ്യങ്ങളിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരുൾപ്പെ​െട 750 മാധ്യമപ്രവർത്തകർ ഒരു തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തി. മാധ്യമങ്ങളെ ലക്ഷ്യമിട്ട് ബോംബിടുകയും മാധ്യമപ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇസ്രായേലിനെ അപലപിക്കുന്ന ആ എഴുത്തിൽ ‘റോയിട്ടേഴ്സ്’, വാഷിങ്ടൺ പോസ്റ്റ്, ലോസാഞ്ചലസ് ടൈംസ്, ബ്ലുംബർഗ് തുടങ്ങി പ്രമുഖ മാധ്യമങ്ങളിലുള്ളവർ ഒപ്പുവെച്ചിരുന്നു.

ഫലമുണ്ടായില്ല, ഒരുവർഷം തികയാനിരിക്കെ ഗസ്സയിൽ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപാലമായിട്ടുണ്ട് മാധ്യമപ്രവർത്തനം. എന്നിട്ടും അവർ റിപ്പോർട്ടിങ് നിർത്തുന്നില്ല.

യുദ്ധമേഖലകളിൽ മാധ്യമപ്രവർത്തകർക്ക് പരിരക്ഷ നൽകണമെന്നത് അന്താരാഷ്ട്ര നിയമമാണ്. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് കൊല്ലുന്നത് യുദ്ധക്കുറ്റങ്ങളിൽപെടും. ജനീവ കരാറിലെ 79ാം വകുപ്പ് മാധ്യമപ്രവർത്തകരെ സിവിലിയന്മാരായി കണക്കാക്കണമെന്ന് നിഷ്കർഷിക്കുന്നു.

പക്ഷേ, ഫലസ്തീനിൽ റിപ്പോർട്ടർമാരെ ഇസ്രായേൽ ഉന്നമിട്ട് കൊല്ലുന്നുണ്ടെന്നതിന്റെ തെളിവുകൾ ധാരാളം വന്നുകഴിഞ്ഞിട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്യാനിറങ്ങുന്നവർ തന്നെ കൊല്ലപ്പെട്ട് സ്വയം വാർത്തയായി മാറിയതിന്റെ ഉദാഹരണങ്ങൾ.

വിശദീകരണം ഇല്ലെങ്കിൽ...

കൂട്ടുകക്ഷികൾ കൈവിട്ടു; ഇടതുമുണിയിൽ എതിർപ്പ്; പാർട്ടിക്കുള്ളിലും മുറുമുറുപ്പ്. സി.പി.എമ്മിനെ എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ വാർത്തകൾ എത്ര വലിയ പ്രതിസന്ധിയിലാക്കി എന്നതിന് മുഖ്യമന്ത്രിയുടെ ദിവസങ്ങൾ നീണ്ട മൗനത്തേക്കാൾ വലിയ തെളിവ് ദേശാഭിമാനി മുഖപ്രസംഗം (സെപ്. 10) ആവണം.

പാർട്ടിയെയും സർക്കാറിനെയും പ്രതിരോധിക്കാനുദ്ദേശിച്ചുള്ള മുഖപ്രസംഗം വായിച്ചുതീർന്നാൽ ബോധ്യപ്പെടുക, എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടതിൽ ഒരു ന്യായവും പറയാനില്ല എന്നാണ്.

കൂടിക്കാഴ്ച അജിത്കുമാർ എന്ന പൊലീസുകാരന്റെ കാര്യം, അയാൾ മാത്രം ഉത്തരം പറയേണ്ടത് എന്നാണ് മുഖപ്രസംഗം പറയുന്നത്. ആ മനുഷ്യൻ എ.ഡി.ജി.പിയാണെന്നും ക്രമസമാധാനമടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുന്നയാളാണെന്നും, അയാളുടെ കൂടിക്കാഴ്ചയെപ്പറ്റി സർക്കാറിന് അന്നേ വിവരം കിട്ടിയിരുന്നു എന്നും, വിശദീകരണം ചോദിച്ചില്ലെന്നും, ചോദിക്കേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം സി.പി.എം നേതാവാണെന്നും മുഖപ്രസംഗം പരിഗണിച്ചിട്ടേ ഇല്ല. പകരം, കോൺഗ്രസും സംഘ്പരിവാറും തമ്മിലുണ്ടായിട്ടുള്ള ബന്ധങ്ങളുടെ ​​ചെറുതല്ലാത്ത പട്ടിക അതിലുണ്ട്. വിമർശിക്കുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നുമുണ്ട്.

വിഷയത്തിൽനിന്ന് വഴുതിമാറി എങ്ങനെ എഴുതാമെന്നതിന് മാതൃകയാണ് ഈ മുഖലേഖനം. മുന്നണിയെയോ പാർട്ടിയെയോ വായനക്കാരെയോ ബോധ്യപ്പെടുത്താൻ കഴിയാത്ത കുറിപ്പിന്റെ തലക്കെട്ട്:

‘‘ഗീബൽസിനെ വെല്ലുന്ന വലതുപക്ഷ മാധ്യമങ്ങൾ.’’

ആരാണ് ഇവിടെ ഗീബൽസ്? ആരാണ് ശരിക്കും വലതുപക്ഷം?

Tags:    
News Summary - weely column media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.