ഇസ്രായേൽ-ഫലസ്തീൻ റിപ്പോർട്ടുകളിൽ ബി.ബി.സി നിഷ്പക്ഷത പുലർത്തിയില്ല, 1500 തവണയെങ്കിലും ചായ്‍വ് കാട്ടി എന്ന് ആരെങ്കിലും പറഞ്ഞാൽ നമ്മൾ എന്താണ് വിചാരിക്കുക? ഇസ്രായേലിനോട് അത്രയേറെ ചായ്‍വ് അവർ കാട്ടി എന്നല്ലേ? പക്ഷേ, സൺഡേ ടെലിഗ്രാഫ് പത്രത്തിൽ ട്രെവർ ആസർസന്റേതായി വന്ന റിപ്പോർട്ട് ആരോപിക്കുന്നത് തിരിച്ചാണ്. വാർത്താ അവതരണത്തിൽ ബി.ബി.സി ഇസ്രായേലിനോട് വിരോധം പുലർത്തുന്നുവത്രെ.അത്ഭുതപ്പെടേണ്ട. ഇതുമൊരു അടവാണ്. ചോംസ്കിയും ഹെർമനും എഴുതിയ മാനുഫാക്ചറിങ് കൺസെന്റ് (പൊതുസമ്മതി നിർമിക്കൽ) എന്ന മാധ്യമ നിരൂപണ ഗ്രന്ഥത്തിൽ, പൊതുജനാഭിപ്രായത്തെ കൃത്രിമമായി വളച്ചെടുക്കാൻ മാധ്യമങ്ങൾക്കുമേൽ സമ്മർദ...
ഇസ്രായേൽ-ഫലസ്തീൻ റിപ്പോർട്ടുകളിൽ ബി.ബി.സി നിഷ്പക്ഷത പുലർത്തിയില്ല, 1500 തവണയെങ്കിലും ചായ്‍വ് കാട്ടി എന്ന് ആരെങ്കിലും പറഞ്ഞാൽ നമ്മൾ എന്താണ് വിചാരിക്കുക? ഇസ്രായേലിനോട് അത്രയേറെ ചായ്‍വ് അവർ കാട്ടി എന്നല്ലേ? പക്ഷേ, സൺഡേ ടെലിഗ്രാഫ് പത്രത്തിൽ ട്രെവർ ആസർസന്റേതായി വന്ന റിപ്പോർട്ട് ആരോപിക്കുന്നത് തിരിച്ചാണ്. വാർത്താ അവതരണത്തിൽ ബി.ബി.സി ഇസ്രായേലിനോട് വിരോധം പുലർത്തുന്നുവത്രെ.
അത്ഭുതപ്പെടേണ്ട. ഇതുമൊരു അടവാണ്. ചോംസ്കിയും ഹെർമനും എഴുതിയ മാനുഫാക്ചറിങ് കൺസെന്റ് (പൊതുസമ്മതി നിർമിക്കൽ) എന്ന മാധ്യമ നിരൂപണ ഗ്രന്ഥത്തിൽ, പൊതുജനാഭിപ്രായത്തെ കൃത്രിമമായി വളച്ചെടുക്കാൻ മാധ്യമങ്ങൾക്കുമേൽ സമ്മർദ ശക്തിയായി വർത്തിക്കുന്ന കാര്യങ്ങളെപ്പറ്റി പറയുന്നുണ്ട്. ഉടമസ്ഥരുടെ താൽപര്യം, പരസ്യക്കാരുടെ സ്വാധീനം തുടങ്ങി അഞ്ചെണ്ണം. ഇത്തരം സ്വാധീനങ്ങളിലൊന്നാണ് വിമർശനം അഥവാ എതിർ പ്രതികരണം (flak). ഒരു വിഷയത്തിൽ തുടർച്ചയായി വിമർശനമേൽക്കുമ്പോൾ അൽപം വഴങ്ങിക്കൊടുക്കാൻ മാധ്യമങ്ങൾ നിർബന്ധിതരാകും.
സൺഡേ ടെലിഗ്രാഫിന്റെ ബി.ബി.സി വിമർശനം അത്തരമൊന്നാവാം. ഇസ്രായേലിനനുകൂലമായി കൂടുതൽ വാർത്തകൾ ചെയ്യാൻ ബി.ബി.സിയെ നിർബന്ധിതരാക്കുകയാവണം ലക്ഷ്യം. അതുകൊണ്ടുതന്നെയാവാം, ആ പത്രത്തിൽ വിമർശന റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെ ലണ്ടൻ എക്സ്പ്രസ്, മെയ്ൽ, സൺ, ജൂയിഷ് ക്രോണിക്ൾ തുടങ്ങി എട്ടോളം മാധ്യമങ്ങൾ അത് വാർത്തയാക്കിയത്.
വസ്തുതകൾക്കെതിരാണ് ആ റിപ്പോർട്ടിലെ ‘‘കണ്ടെത്തലു’’കൾ. രീതിശാസ്ത്രംതന്നെ പിഴച്ചു. ഡേറ്റ വിശകലനത്തിനും നിഗമനത്തിനും അത് നിർമിതബുദ്ധി (എ.ഐ)യെയാണ് ആശ്രയിക്കുന്നത്. ബി.ബി.സി ഉപയോഗിച്ച 90 ലക്ഷത്തോളം വാക്കുകൾ കമ്പ്യൂട്ടറിലേക്കിട്ട്, നിഗമനങ്ങൾ നൽകാൻ എ.ഐയോട് ആവശ്യപ്പെടുന്നു. അങ്ങനെ കിട്ടുന്നത് പഠനഫലമായി എടുക്കുന്നു.
ചാറ്റ്ജിപിടി എന്ന എ.ഐ ഭാഷാവിദ്യ നിഷ്പക്ഷമാണെന്നും അതിന് മനുഷ്യസഹജമായ മുൻവിധികൾ ഉണ്ടാകില്ലെന്നുമാണ് വാദം. എന്നാൽ, ചാറ്റ്ജിപിടിക്ക് നൽകുന്ന ചോദ്യങ്ങളിലും നിർദേശങ്ങളിലും മാനുഷിക പക്ഷപാതിത്വമുണ്ടാകും. മാത്രമല്ല, വാർത്തകളുടെ പശ്ചാത്തലവും സന്ദർഭവും അതിപ്രധാനമാണ്; നിർമിതബുദ്ധിയുടെ ഡേറ്റ വിശകലനത്തിൽ അത് ഉൾപ്പെട്ടു എന്നുവരില്ല.
ബി.ബി.സി വാർത്തകളിൽ ഹമാസിനെ ‘ഭീകരസംഘടന’യായി വിശേഷിപ്പിക്കുന്നില്ല എന്നതാണ് ആസർസൺ ഇങ്ങനെ ‘‘കണ്ടെത്തിയ’’ കാര്യം. വാസ്തവത്തിൽ ഹമാസിനെ ഭീകരസംഘടനയായി ഇസ്രായേൽ കണക്കാക്കുന്നുണ്ടെങ്കിലും മിക്ക രാജ്യങ്ങളും അതിനെ ചെറുത്തുനിൽപു പ്രസ്ഥാനമായാണ് മനസ്സിലാക്കുന്നത്. എ.ഐയുടെ ‘പഠന’ത്തിൽ ‘‘കണ്ടെത്തിയ’’ പക്ഷപാതിത്വങ്ങളുടെ സ്വഭാവം കാണാൻ ഈ ഉദാഹരണം മതി.
ഇസ്രായേലിന്റെയും ഹമാസിന്റെയും യുദ്ധക്കുറ്റങ്ങൾ തുല്യപ്രാധാന്യത്തോടെയല്ല ബി.ബി.സി കൈകാര്യം ചെയ്യുന്നതെന്നും ഇസ്രായേലി കുറ്റങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നു എന്നുമാണ് ആസർസൺ റിപ്പോർട്ടിലെ മറ്റൊരു ‘‘കണ്ടെത്തൽ’’.
ഇത് തമാശയോ അതോ അറിവില്ലായ്മയോ? യുദ്ധക്കുറ്റങ്ങൾ, വംശഹത്യ, അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനങ്ങൾ തുടങ്ങിയ കുറ്റങ്ങൾ ഇസ്രായേൽ ധാരാളം ചെയ്യുമ്പോൾ വാർത്തകളിൽ അത് പ്രതിഫലിക്കുക സ്വാഭാവികം. അത് മനസ്സിലാക്കാൻ നിർമിതബുദ്ധി വേണ്ട, വെറും ബുദ്ധി മതി.
ആശയക്കുഴപ്പമുണ്ടാക്കി ഇസ്രായേലിനെ കുളിപ്പിച്ചെടുക്കാനുള്ള മറ്റൊരു തന്ത്രമായി മാത്രമേ ആസർസൺ ‘റിപ്പോർട്ടി’നെയും കാണാനാകൂ. ബി.ബി.സിക്ക് പക്ഷപാതിത്വമുണ്ടെന്നത് സത്യമാണ്. പക്ഷേ, അത് ഇസ്രായേലിന് അനുകൂലമായ ചായ്‍വാണ്. മറിച്ചല്ല. ഉദാഹരണത്തിന്, ‘‘വംശഹത്യ’’ എന്ന വാക്ക് ഇസ്രായേലിനോട് ചേർത്തുപറയാൻ ബി.ബി.സിക്ക് മടിയാണ്. ബി.ബി.സി തന്നെ 18 വർഷം മുമ്പ്, 2006ൽ, ചെയ്യിച്ച ആത്മപരിശോധനാ പഠനമായ തോമസ് റിപ്പോർട്ടിൽതന്നെ ഇതടക്കം എടുത്തുപറഞ്ഞിരുന്നു. അധിനിവേശ രാജ്യത്തെയും ഇരയായ സമൂഹത്തെയും ഒരേ തട്ടിൽ കാണുന്നു എന്നായിരുന്നു ആ സ്വയം വിമർശനം.
ട്രെവർ ആസർസന്റെ പഠനം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് ബി.ബി.സി തള്ളിയിരിക്കുന്നു. ബൈലൈൻ ടൈംസ് എന്ന ഡിജിറ്റൽ പത്രത്തിൽ ലണ്ടൻ യൂനിവേഴ്സിറ്റി പ്രഫസർ ഡെസ് ഫ്രീഡ്മൻ എഴുതിയ വിശദമായ പ്രതികരണത്തിൽ, ആസർസന്റെ ഓരോ വാദത്തിനും മറുപടി പറയുന്നുണ്ട്. മറുവശത്ത്, ബി.ബി.സിയുടെ ഇസ്രായേൽ അനുകൂല ശൈലി എടുത്തുകാട്ടുന്ന പഠനങ്ങൾ അരഡസനോളം വരും. സെന്റർ ഫോർ മീഡിയ മോണിറ്ററിങ്, ഗ്ലാസ്ഗോ യൂനിവേഴ്സിറ്റി മീഡിയ ഗ്രൂപ് തുടങ്ങിയവയുടെ വിശദമായ പഠനങ്ങൾ അക്കൂട്ടത്തിലുണ്ട്.
ബി.ബി.സിക്ക് ഇസ്രായേൽ ഭാഷ
ജൂണിൽ ഇസ്രായേലി സൈന്യം നാലു ബന്ദികളെ ഹമാസ് തടവിൽനിന്ന് രക്ഷപ്പെടുത്തിയത് സിവിലിയന്മാർക്കുനേരെ അനിയന്ത്രിതമായി വെടിവെച്ചുകൊണ്ടായിരുന്നു. 55 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. പിന്നെയും കുറേ മൃതദേഹങ്ങൾ തെരുവുകളിൽ കിടക്കുന്നുണ്ടായിരുന്നു. അന്നേരത്തെ ബി.ബി.സി റിപ്പോർട്ടിന്റെ തലക്കെട്ട്: ‘‘മധ്യ ഗസ്സയിലെ റെയ്ഡിൽ നാല് ഇസ്രായേലി ബന്ദികൾ മോചിപ്പിക്കപ്പെട്ടു.’’ ഇസ്രായേലിന്റെ കണ്ണുകളിലൂടെയാണ് ബി.ബി.സിയും മറ്റും സംഭവങ്ങളെ കണ്ടത് എന്ന് വ്യക്തം.
ഇത് ഒരു സംഭവത്തിൽ മാത്രമല്ല. ഇസ്രായേലിന്റെ ഭാഗം ശരിവെക്കുന്ന തരത്തിലാണ് പാശ്ചാത്യ മാധ്യമങ്ങൾ വർഷങ്ങളായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗസ്സ വംശഹത്യയിൽ ഈ ശീലം കൂടുതൽ തെളിഞ്ഞുകണ്ടു എന്നുമാത്രം. മേൽപറഞ്ഞ സംഭവത്തിന്റെ തൊട്ടുപിന്നാലെ വെസ്റ്റ് ബാങ്കിൽ ഇസ്രായേലി പട്ടാളം ഒരു ഫലസ്തീൻകാരനെ മനുഷ്യകവചമാക്കി. വ്യക്തമായ യുദ്ധക്കുറ്റമായിട്ടും ബി.ബി.സി (മറ്റു പാശ്ചാത്യ മാധ്യമങ്ങളും) അക്കാര്യം മറച്ചുപിടിച്ചാണ് വാർത്ത ചെയ്തത്. തലക്കെട്ട്: ‘‘മുറിവേറ്റ ഫലസ്തീനിയെ ഇസ്രായേൽസേന ജീപ്പിന് മുന്നിൽ കെട്ടിയിട്ടു.’’ മനുഷ്യകവചം എന്ന വാക്ക് ഒഴിവാക്കി.
പശുക്കിടാവിനെക്കൊണ്ടൊരു പ്രതിച്ഛായ നിർമിതി; ഭയപ്പെടുത്തിക്കൊണ്ടൊരു രാജി. മോദി-കെജ്രിവാൾ കാർട്ടൂൺ മഞ്ജുളിന്റെ വക
ജൂലൈയിൽ യുക്രെയ്നിലെ റഷ്യൻ ബോംബാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേലി ബോംബാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ബി.ബി.സിയുടെ തലക്കെട്ടുകൾ ഇങ്ങനെ: ‘‘റഷ്യൻ ആക്രമണത്തിൽ മധ്യ യുക്രെയ്നിലെ അഞ്ചുപേർ കൊല്ലപ്പെട്ടു.’’ ‘‘ഗസ്സ സ്കൂളിലെ വ്യോമാക്രമണത്തിൽ ചുരുങ്ങിയത് 15 പേർ കൊല്ലപ്പെട്ടു.’’ ആദ്യത്തേതിൽ ആക്രമണകാരിയെ ചൂണ്ടിപ്പറയുന്നു; രണ്ടാമത്തേതിൽ മറച്ചുപിടിക്കുന്നു.
ഹിന്ദ് റജബ് എന്ന ആറുവയസ്സുകാരി അടക്കം സഞ്ചരിച്ച കാറിന് വെടിവെച്ച് ഇസ്രായേൽ സൈന്യം മറ്റു യാത്രക്കാരെ കൊന്നതും, ഹിന്ദിനെ സഹായിക്കാൻ ചെന്ന ആംബുലൻസിലുള്ളവരെയും ഹിന്ദിനെത്തന്നെയും പിന്നീട് കൊന്നതും ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. ബി.ബി.സിയുടെ തലക്കെട്ട് സംഭവം അവതരിപ്പിച്ചത് ഇങ്ങനെ: ‘‘സഹായത്തിനായി ഫോൺ വിളിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹിന്ദ് റജബിനെ (6) മരിച്ചനിലയിൽ കണ്ടെത്തി.’’
സൂക്ഷ്മതയാണ് വിഷയമെന്ന് ബി.ബി.സി വാദിച്ചേക്കും. ഹിന്ദിനെ ഇസ്രായേൽ പട്ടാളക്കാർ കൊന്നത് ആരും കണ്ടിട്ടില്ലല്ലോ എന്ന് വാദിക്കാം. എങ്കിൽ, ഈ വാർത്ത (2024 ഫെബ്രുവരി 11) വന്നതിന് നാലു ദിവസം മുമ്പ് (2024 ഫെബ്രു. 7) ബി.ബി.സി ചെയ്ത യുക്രെയ്ൻ വാർത്തയുടെ തലക്കെട്ട് കാണുക: ‘‘യുക്രെയ്ൻ യുദ്ധം: ഖാർകീവ് ഹോട്ടലിൽ റഷ്യ നടത്തിയ ആക്രമണത്തിൽ കുഞ്ഞ് കൊല്ലപ്പെട്ടു.’’
ഡൗൺ സിൻഡ്രോം ബാധിച്ച ഫലസ്തീൻ യുവാവിനെ ഇസ്രായേലി പട്ടാളം നായെക്കൊണ്ട് കടിപ്പിച്ചു; എന്നിട്ടയാളെ ചോരവാർന്ന് മരിക്കാൻ വിട്ടു. ബി.ബി.സി തലക്കെട്ട്: ‘‘ഡൗൺ സിൻഡ്രോം രോഗബാധിതനായ ഗസ്സക്കാരന്റെ ഏകാന്ത മരണം’’ (The lonely death of Gaza man with Down's syndrome). വിമർശനമുയർന്നപ്പോൾ തലക്കെട്ട് അവർ ചെറുതായി മാറ്റി. ഇസ്രായേൽ സേനയുടെ (ഐ.ഡി.എഫ്) പേര് ചേർത്തു. അപ്പോഴും സംഭവത്തിന്റെ ഭീകരത മയപ്പെടുത്തി (Gaza man with Down's syndrome attacked by IDF dog and left to die, mother tells BBC).
വാക്കുകളുടെ രാഷ്ട്രീയത്തെപ്പറ്റി നല്ല ബോധ്യമുള്ളവരാണ് ബി.ബി.സി. ഫലസ്തീൻ എന്ന വാക്ക് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കും. Gaza man എന്നതിന് Palestinian എന്ന് ബി.ബി.സി എഴുതില്ല. ‘ഫലസ്തീൻ’ യഥാർഥമല്ലാത്തതുകൊണ്ടല്ല; അതിനെ ഇസ്രായേൽ അംഗീകരിക്കാത്തതുകൊണ്ട്. ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിങ്ങനെയല്ലാതെ ‘ഫലസ്തീൻ’ എന്ന് വാർത്തയിൽ എഴുതരുതെന്ന് ബി.ബി.സി എഡിറ്റോറിയൽ മാർഗരേഖ പറയുന്നുണ്ട്. ‘അധിനിവിഷ്ടം’ എന്ന വാക്കും വർജ്യം. ‘ഇസ്രായേൽ-ഫലസ്തീൻ യുദ്ധം’ എന്ന് പറയരുത്; ‘ഇസ്രായേൽ-ഗസ്സ യുദ്ധം’ എന്ന് വേണം. ‘വംശഹത്യ’, ‘വംശീയ ഉന്മൂലനം’ തുടങ്ങിയ പദങ്ങളും നിഷിദ്ധം. എന്നിട്ടും ചിലർ പറയുന്നു ബി.ബി.സി ഫലസ്തീൻ പക്ഷത്താണെന്ന്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.