ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ് ജനങ്ങൾ ഭരണകർത്താക്കളെ തീരുമാനിക്കുക എന്നത്. സ്വതന്ത്രവും നീതിപൂർവകവുമായിരിക്കലാണ് തെരഞ്ഞെടുപ്പിന്റെ ഉപാധി. ഇതിന് അത്യാവശ്യമാണ് സ്വതന്ത്ര മാധ്യമപ്രവർത്തനം. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തിലൂടെയാണ് തെളിയേണ്ടത്. ജമ്മു-കശ്മീർ എന്ന ‘‘കേന്ദഭരണ മേഖല’’യിലെ തെരഞ്ഞെടുപ്പിനെപ്പറ്റി ജനാധിപത്യവാദികൾ ആശങ്ക...
ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ് ജനങ്ങൾ ഭരണകർത്താക്കളെ തീരുമാനിക്കുക എന്നത്. സ്വതന്ത്രവും നീതിപൂർവകവുമായിരിക്കലാണ് തെരഞ്ഞെടുപ്പിന്റെ ഉപാധി.
ഇതിന് അത്യാവശ്യമാണ് സ്വതന്ത്ര മാധ്യമപ്രവർത്തനം. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തിലൂടെയാണ് തെളിയേണ്ടത്. ജമ്മു-കശ്മീർ എന്ന ‘‘കേന്ദഭരണ മേഖല’’യിലെ തെരഞ്ഞെടുപ്പിനെപ്പറ്റി ജനാധിപത്യവാദികൾ ആശങ്ക പ്രകടിപ്പിക്കുന്നത് അവിടത്തെ മാധ്യമ സ്വാതന്ത്ര്യമില്ലായ്മകൂടി ചൂണ്ടിക്കാട്ടിയാണ്.
ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞതിന്റെ അഞ്ചാം വാർഷികദിനമായിരുന്നു ആഗസ്റ്റ് 5. രാജ്യത്ത് മറ്റു പ്രദേശങ്ങളിലെ മാധ്യമങ്ങൾ ജമ്മു-കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയും കഴിഞ്ഞ അഞ്ചുവർഷം അവിടത്തെ ജനങ്ങളനുഭവിച്ച പ്രയാസങ്ങളും പ്രതിപാദിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി. എന്നാൽ, ജമ്മു-കശ്മീരിലെ പത്രങ്ങൾ വാർഷികംതന്നെ കണ്ടില്ലെന്നു നടിച്ചു.
കശ്മീർ താഴ്വരയിൽ ഏറ്റവും പ്രചാരമുള്ള ഗ്രേറ്റർ കശ്മീർ പത്രം ആഗസ്റ്റ് 5ന് എഡിറ്റ് പേജിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനം വയനാട്ടിലെ ഉരുൾപൊട്ടലിനെപ്പറ്റിയായിരുന്നു; അത്തരമൊന്ന് കശ്മീരിൽ സംഭവിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും. മറ്റൊരു ലേഖനം, കശ്മീരിലെ പാലങ്ങൾക്ക് വശങ്ങളിൽ സംരക്ഷണവേലി കെട്ടുന്നത് ആത്മഹത്യകൾ കുറക്കാൻ സഹായകമാകും എന്ന്.
താഴ്വരയിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ നിലപാട് പേജുകൾ ഓൺലൈൻ വാർത്താപോർട്ടലായ ദ വയർ പരിശോധിച്ചു. കേന്ദ്രഭരണപ്രദേശമായി നിലനിന്നതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പത്രങ്ങൾ സ്വന്തം വീക്ഷണങ്ങൾ അവതരിപ്പിക്കും എന്നാണല്ലോ കരുതേണ്ടത്. എന്നാൽ, ജൂലൈ 20 മുതൽ ആഗസ്റ്റ് 5 വരെയുള്ള ദിവസങ്ങളിൽ ഗ്രേറ്റർ കശ്മീർ, റൈസിങ് കശ്മീർ എന്നീ പത്രങ്ങൾ യഥാർഥ പ്രശ്നങ്ങൾ കൈകാര്യംചെയ്തില്ല എന്നാണ് പഠനത്തിൽ കണ്ടത്.
അതേസമയം, യൂനിയൻ സർക്കാറിന്റെ നയങ്ങളെയും കശ്മീരിലെ ‘‘വികസന’’ത്തെയും പ്രകീർത്തിക്കുന്ന ലേഖനങ്ങളും റിപ്പോർട്ടുകളും ധാരാളം. ഇവ കൃത്രിമ നിർമിതികളാണെന്ന സൂചനയും പഠനത്തിൽനിന്ന് ലഭിച്ചു.
ഉദാഹരണത്തിന്, റൈസിങ് കശ്മീരിൽ അച്ചടിച്ച അനേകം ലേഖനങ്ങൾ, ഡൽഹിയിലെ ‘ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ’ എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽനിന്ന് എടുത്തവയാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഫണ്ട് ലഭിക്കുന്ന സ്ഥാപനമാണ് ഈ ഫൗണ്ടേഷൻ. ഗ്രേറ്റർ കശ്മീരിൽ ഭരണാനുകൂല ലേഖനങ്ങൾ നിർമിത ബുദ്ധിയുടെ സംഭാവനയാണെന്ന് ദ വയർ കണ്ടെത്തി.
ഒരേതരം രാഷ്ട്രീയവീക്ഷണം വായനക്കാരിലേക്ക് അടിച്ചിറക്കുന്ന ലേഖനങ്ങളും എഡിറ്റോറിയലുകളുമാണ് രണ്ടു പത്രങ്ങളിലും കാണാനായത്. ബി.ജെ.പിയുമായി അടുപ്പമുള്ള എഴുത്തുകാരുടെ ആധിക്യമാണ് ജമ്മു-കശ്മീർ പത്രങ്ങളിൽ ദ വയർ ശ്രദ്ധിച്ച മറ്റൊരു കാര്യം. മാധ്യമസ്വാതന്ത്ര്യം ഇല്ലാത്ത, സ്വതന്ത്ര മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കിയ പശ്ചാത്തലം തെരഞ്ഞെടുപ്പിന് എത്രത്തോളം സാധുത നൽകും എന്ന ചോദ്യമുയരുന്നുണ്ട്.
ആ അഞ്ചു പേർ
ഹേമ കമ്മിറ്റി റിപ്പോർട്ട് സൃഷ്ടിച്ച കോലാഹലം അടങ്ങിയിട്ടില്ല. മലയാള സിനിമാരംഗത്തെ ജീർണതയുടെ ചിത്രങ്ങൾ അത് നൽകുന്നു. ഈ റിപ്പോർട്ടും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വിവരത്തിന്റെ ശക്തി നമ്മെ ബോധ്യപ്പെടുത്തുന്നു. സിനിമാലോകത്തെ അസുഖകരമായ രീതികൾ പുറംലോകമറിയാതെ പോയാൽ പരിഹാര ശ്രമങ്ങളും ഉണ്ടാകില്ലല്ലോ.
അസുഖകരമെങ്കിലും സത്യമായ ആ വിവരം പുറത്തുവരാൻ കാരണക്കാരായത് ആരൊക്കെയാണ്? ഇതിനെല്ലാം തുടക്കം ആക്രമിക്കപ്പെട്ട നടിയും അവർക്ക് കരുത്തു പകർന്ന വിമൻ ഇൻ സിനിമ കലക്ടിവും (ഡബ്ല്യു.സി.സി) ആണ്.
പിന്നെ, വിസ്തരിച്ച് പഠനം നടത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റിയും, നാലര വർഷം അവരുടെ പഠനറിപ്പോർട്ട് മൂടിവെച്ചിട്ടും അത് നിയമത്തിന്റെ ബലമുപയോഗിച്ച് പുറത്തുവിട്ട സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. അബ്ദുൽ ഹകീമും. ‘‘ആ ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യം’’ നിർണായകമായി (ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ അനിൽ എസിന്റെ റിപ്പോർട്ട്, ആഗസ്റ്റ് 31). ‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ടുദ്ദേശിച്ച പൊതുതാൽപര്യം നിറവേറ്റപ്പെടുന്നു എന്നുറപ്പുവരുത്താൻ എ. അബ്ദുൽ ഹകീം നടത്തിയത് ഒരു ഒറ്റയാൾപ്പോരാട്ടമായിരുന്നു.’’
വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകണമെന്ന ആവശ്യവുമായി വിവരാവകാശ കമീഷനെ സമീപിച്ച അഞ്ചു മാധ്യമപ്രവർത്തകർ ഈ സംഭവ വികാസങ്ങളുടെ കേന്ദ്രബിന്ദുവാണ്. അവരുയർത്തിയ ആവശ്യവും അതിനോട് കമീഷൻ സ്വീകരിച്ച നീതിയുക്തമായ സമീപനവും ചരിത്രമാവുകയായിരുന്നു.
അനിരു അശോകൻ (മാധ്യമം), ലെസ്ലി ജോൺ (കൈരളി ടി.വി), ഉല്ലാസ് ഇലങ്കത്ത് (മനോരമ ഓൺലൈൻ), മനോജ് വിജയരാജ് (കേരള കൗമുദി), ആർ. അജിത്കുമാർ എന്നിവരാണ് ആർ.ടി.ഐ എന്ന ആയുധമുപയോഗിച്ച് പൊരുതി ജയിച്ചത്.
മുൻ വിവരാവകാശ കമീഷണർ വ്യക്തിസ്വകാര്യത ചൂണ്ടിക്കാട്ടി അപ്പീൽ തിരസ്കരിച്ചിരുന്നു. പുതിയ കമീഷണർ ഡോ. അബ്ദുൽ ഹകീം അപ്പീൽ അനുകൂലമായി പരിഗണിച്ചു തുടങ്ങിയപ്പോഴേ വിവരം മൂടിവെക്കുന്ന സംവിധാനങ്ങൾ സജീവമായി. സർക്കാറിന്റെ സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥർ മാറിമാറി പലതരം ന്യായങ്ങൾ ബോധിപ്പിച്ചു –എല്ലാം റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെടുന്നത്. റിപ്പോർട്ട് തന്നെ സെക്രട്ടേറിയറ്റിൽ കൂടുതൽ ‘‘സുരക്ഷിത’’സ്ഥാനത്തേക്ക് മാറ്റപ്പെട്ടു.
നേരിട്ടു പരിശോധിക്കാൻ കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു; അപ്പോഴും ഉയർന്നു തടസ്സങ്ങൾ. സാംസ്കാരിക വകുപ്പു മന്ത്രിയോട് അഭിപ്രായം തേടുന്നുണ്ടെന്ന്; മന്ത്രിസഭയെ സമീപിക്കുന്നുണ്ടെന്ന്; നിയമോപദേശം കാത്തിരിക്കുകയാണെന്ന്...
ഒടുവിൽ ജുഡീഷ്യൽ നടപടിയിലേക്ക് നീങ്ങുമെന്ന് കമീഷണർ മുന്നറിയിപ്പു കൊടുത്തപ്പോഴേ റിപ്പോർട്ട് എത്തിയുള്ളൂ. നിയമത്തിന്റെ പഴുതുകളെല്ലാം ഭദ്രമായി അടച്ചുകൊണ്ട്, ചില ഭാഗങ്ങൾ രഹസ്യമാക്കിതന്നെ വെക്കണമെന്ന് നിർദേശിച്ചുകൊണ്ട്, ഹേമ കമ്മിറ്റി റിപ്പോർട്ട് അതാവശ്യപ്പെട്ട അഞ്ച് ആർ.ടി.ഐ അപേക്ഷകർക്ക് ഒരേസമയം നൽകാൻ കമീഷൻ ഉത്തരവിട്ടു. അതിന് അവർ ഒരുമിച്ച് എത്തണം.
അഞ്ചുപേരും ഒരുമിച്ചെത്തിയപ്പോഴേക്കും പുതിയ തടസ്സം: കോടതിയിൽ അപ്പീൽ ചെന്നിരിക്കുന്നു. ഇനി അതിന്റെ പകർപ്പ് വരണം. അങ്ങനെയും കാലതാമസം. പക്ഷേ, ഹൈകോടതി സിംഗ്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും കമീഷണറുടെ ഉത്തരവ് ശരിവെച്ചു. ഈ തടസ്സങ്ങൾ കൂടി മറികടന്നാണ് ആ അഞ്ചുപേർ കേരള സമൂഹത്തിനുവേണ്ടി റിപ്പോർട്ട് ഏറ്റുവാങ്ങിയത്.
വിവരത്തിന്റെ വില! അത് മറച്ചുപിടിക്കാൻ പരക്കം പായുന്നവരുടെ ബലവും അധികാരവും കണ്ടാലറിയാം ആ വില ചെറുതല്ലെന്ന്.
1889ൽ എം.എ; 1990ൽ ഐ.എ.എസ്
ജോലിയിൽനിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് പിൻഗാമിയായി അദ്ദേഹത്തിന്റെ ഭാര്യ വരുന്നത് കൗതുകവാർത്തയാണ്. ആ കൗതുകമില്ലെങ്കിൽപ്പോലും സംസ്ഥാനത്തെ ഏറ്റവും വലിയ ബ്യൂറോക്രാറ്റിക് പദവിയിലെത്തുന്നയാളുടെ ജന്മനാട്ടിന് അത് ആഘോഷമാകും –വലിയ വാർത്തയും.
അങ്ങനെയൊരു വാർത്ത മാധ്യമത്തിൽ സെപ്റ്റംബർ ഒന്നിന് വന്നു. പുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ജന്മനാടായ മാളയിൽനിന്നാണ് റിപ്പോർട്ട്. വിലപ്പെട്ട ചില വിവരങ്ങൾ അതിലുണ്ട്. അതിലൂടെ കണ്ണോടിക്കുമ്പോൾ പുതിയ ചീഫ് സെക്രട്ടറിയുടെ നേട്ടങ്ങളെപ്പറ്റി വായനക്കാർ അത്ഭുതംകൂറും.
‘‘1991ൽ എസ്.എസ്.എൽ.സിക്ക് റാങ്ക് നേടി. 1889ൽ എം.എക്ക് ഒന്നാം റാങ്ക് നേടിയ ശാരദ 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്...’’
നിരാശപ്പെടുത്തേണ്ട ഒരു കാര്യം, ഈ അമൂല്യജ്ഞാനം മാധ്യമം തൃശൂർ എഡിഷനിൽ മാത്രമേ വന്നുള്ളൂ എന്നതാണ്. വാർത്താമൂല്യം തിരിച്ചറിയുന്നതിൽ പാളിച്ചപറ്റി എന്നുതന്നെ കരുതാം.
തിരിച്ചറിയാത്തവർ
ബംഗ്ലാദേശിലെ സംഭവങ്ങളെപ്പറ്റി ഇറങ്ങിയ അനേകം വ്യാജവാർത്തകളുടെ മുഖ്യ ഉറവിടം നമ്മുടെ നാടാണെന്നത് (മീഡിയസ്കാൻ, ലക്കം 1383: ആഗസ്റ്റ് 26-സെപ്റ്റംബർ 2) ദുഃഖകരമെന്ന് വായനക്കാരൻ. സത്യാന്വേഷണ പരീക്ഷണങ്ങൾ നടത്തിയ ഗാന്ധിജിയുടെ നാട് വ്യാജങ്ങളുടെ ഉറവിടമായി എന്നതു മാത്രമല്ല സങ്കടകരം എന്ന് ടി.ഐ. ലാലു (മുണ്ടൂർ, തൃശൂർ) എഴുതുന്നു. ‘‘വ്യാജവാർത്തകൾ പടച്ചുവിടുന്നവരുടെ ദുഷ്ടനാക്കും ദുഷ്ടലാക്കും’’ തിരിച്ചറിയാൻ കഴിയാത്തവരുടെ എണ്ണവും നമ്മുടെ നാട്ടിൽ വളരെ കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.