തലക്കെട്ടെഴുത്തുകാരുടെ ദിവസമായിരുന്നു അത്. കർണാടക തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ കോൺഗ്രസിന്റെ കൂറ്റൻജയം തലക്കെട്ടുകളിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമം ഡെസ്കുകളിൽ നന്നായി നടന്നു. പത്രങ്ങളുടെ (മേയ് 14) ഒന്നാം പേജുകളിൽ വന്ന ചിലത് നോക്കാം. കോൺഗ്രസിന്റെ തൂത്തുവാരലും അതിൽ രണ്ട് നേതാക്കളുടെ പങ്കും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പങ്കുമടക്കം പലതും ചേർത്തുവെച്ചുള്ളതായിരുന്നു തലക്കെട്ടുകൾ.
‘‘സ്നേഹത്തിന്റെ കർണാ കട’’ എന്നാണ് മലയാള മനോരമ തലക്കെട്ടെഴുതിയത്. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു എന്ന രാഹുലിന്റെ പ്രസ്താവന ഓർമിപ്പിക്കുന്ന നല്ല ശീർഷകം.
‘‘താമര ഇറുത്ത് ‘കൈ’ക്കരുത്ത്’’ എന്ന് മംഗളം. ‘‘കൈക്കുമ്പിളിൽ കർണാടകം’’ (കേരള കൗമുദി), ‘‘കൈ വരിച്ചു’’ (മാതൃഭൂമി), ‘‘തണ്ടൊടിഞ്ഞ് താമര, ഉയരെ കൈ’’ (ചന്ദ്രിക), ‘‘തണ്ടൊടിഞ്ഞ് താമര, കൈയടക്കി’’ (സിറാജ്) തുടങ്ങിയ തലക്കെട്ടുകളും പാർട്ടി ചിഹ്നങ്ങൾ സൂചിപ്പിച്ചുള്ളവതന്നെ.
വിജയത്തിൽ രാഹുൽ ഗാന്ധിയുടെ പങ്ക് സൂചിപ്പിച്ച് മാധ്യമം എഴുതിയ തലക്കെട്ട് ‘‘കന്നട രാ.ഗാ.’’ എന്നാണ്. ‘‘കന്നഡ ജോഡോ’’ എന്ന് ദീപിക തലക്കെട്ടിലും ആ സൂചനയുണ്ട്.
ജന്മഭൂമിക്ക് ആഘോഷത്തലക്കെട്ട് പറ്റില്ലല്ലോ. ‘‘കർണാടക കോൺഗ്രസിന്’’ എന്ന് അവർ നേർക്കുനേരെ കാര്യം പറഞ്ഞു. അതേസമയം, ബി.ജെ.പിയെ തെക്കേ ഇന്ത്യ പുറംതള്ളിയതാണ് ദേശാഭിമാനിയും ജനയുഗവും എടുത്തുകാട്ടിയത്: ‘‘തെന്നിന്ത്യ ബി.ജെ.പിയെ തൂത്തെറിഞ്ഞു’’ (ദേശാഭിമാനി), ‘‘ദക്ഷിേണന്ത്യ ബി.ജെ.പി മുക്തം’’ (ജനയുഗം).
ഇംഗ്ലീഷ് പത്രങ്ങളിൽ ഹിന്ദുസ്താൻ ടൈംസിന്റെ തലക്കെട്ട് ഇങ്ങനെ: SOUTH POLL CONGQUERED. തെരഞ്ഞെടുപ്പിൽ (Poll) ദക്ഷിണധ്രുവം (South Pole) കോൺഗ്രസ് കീഴടക്കി എന്നതിന്റെ ചുരുക്കെഴുത്ത് KARNATAKA CONGUERED എന്ന് സൺഡേ ടൈംസ്.
മഹാവിജയത്തിനു പിന്നാലെ, കോൺഗ്രസിലെ രണ്ട് നേതാക്കൾ (സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ) മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദമുയർത്തിയതും അതുണ്ടാക്കിയ അനിശ്ചിതത്വവുമാണ് പിറ്റേന്നത്തെ തലക്കെട്ടുകൾ. ‘‘കർണാടക മുഖ്യമന്ത്രിസ്ഥാനം -ഹൈക്കമാൻഡിന് വിട്ടു’’ (സിറാജ്), ‘‘ഖാർഗെ തീരുമാനിക്കും’’ (മാധ്യമം), ‘‘ഖാർഗെ പറയും’’ (മാതൃഭൂമി), ‘‘ഖർഗെ പറയും’’ (മനോരമ), ‘‘തീരുമാനം ഖാർഗെക്ക്’’ (സുപ്രഭാതം), ‘‘തീരുമാനം ഹൈക്കമാൻഡിന്’’ (ദീപിക) എന്നെല്ലാം സൗമ്യമായി പത്രങ്ങൾ തലക്കെട്ടെഴുതി. കോൺഗ്രസിലെ ‘‘തമ്മിലടി’’യിലുള്ള സന്തോഷം മറച്ചുവെക്കാൻ കഴിയാതിരുന്നത് ജന്മഭൂമിക്കും (‘‘കർണാടകയിൽ അടി; തീരുമാനം വൈകുന്നു’’), ദേശാഭിമാനിക്കും (‘‘തുടങ്ങി... തർക്കം’’) ആണ്.
തെരഞ്ഞെടുപ്പിനു ശേഷമുള്ള സംഭവവികാസങ്ങൾ എന്തുതന്നെയായാലും ജനഹിതം വ്യക്തമാണ്: കോൺഗ്രസ് ജയിച്ചു, ബി.ജെ.പി തോറ്റു. ബി.ജെ.പി സർക്കാറിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഒരു ഡസനിലേറെ മന്ത്രിമാർ തോറ്റു. പ്രധാനമന്ത്രി മോദിയുടെ പ്രചാരണമൊന്നും ഫലം ചെയ്തില്ല.
മാധ്യമപ്രവർത്തനവും രാഷ്ട്രീയ പ്രചാരണവും തമ്മിൽ വ്യത്യാസമുണ്ടെന്നുപോലും തോന്നിക്കാത്ത തരത്തിലാണ് കുറെ മാധ്യമങ്ങൾ (പ്രത്യേകിച്ച് ചാനലുകൾ) പ്രവർത്തിച്ചത്. അഭിപ്രായ വോട്ടെടുപ്പുകളും എക്സിറ്റ് പോളുകളും വരെ ഏറെയും പ്രചാരണ പ്രധാനമായിരുന്നു. ഏഷ്യാനെറ്റ് സുവർണ ന്യൂസ് വോട്ടെടുപ്പിന്റെ രണ്ടാഴ്ച മുമ്പ് നടത്തിയ സർവേയിൽ പറഞ്ഞത് ബി.ജെ.പിക്ക് 114 സീറ്റ് വരെ കിട്ടുമെന്നായിരുന്നു; കോൺഗ്രസിന് പരമാവധി 98 വരെയും. വോട്ടിങ്ങിനെ സ്വാധീനിക്കാൻ പോന്ന ഘട്ടത്തിലായിരുന്നു അത്. (സീറ്റ് പ്രവചനങ്ങളിൽ യാഥാർഥ്യത്തോട് ഏറ്റവും അടുത്തുവന്നത് ‘ഈദിന’ എന്ന വാർത്താ പോർട്ടലിന്റേതായിരുന്നു. ഒരുമാസം മുമ്പ് അവർ പ്രവചിച്ച സീറ്റുകൾ മിക്കവാറും കൃത്യം.)
‘വലതുപക്ഷ’ ചാനലുകളിൽ ബി.ജെ.പിയുടെ പൂർണ തോൽവി ഉൾക്കൊള്ളാൻ അവതാരകർ പാടുപെടുന്നുണ്ടായിരുന്നു. കാലത്ത് പത്തുമണിയോടെ കോൺഗ്രസിന്റെ മിന്നുന്ന ജയം എല്ലാവരും തിരിച്ചറിയുമ്പോൾ റിപ്പബ്ലിക്കിലെ അർണബ് ഗോസ്വാമി ‘‘ഇത് കോൺഗ്രസിന്റെ തൂത്തുവാരലല്ല’’ എന്ന് സ്വയം ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ജനം ടി.വിയിലും ‘‘മാറിമറിഞ്ഞ് ലീഡ്’’, ‘‘പ്രവചനാതീതം’’, ‘‘കടുത്ത പോരാട്ടം’’ തുടങ്ങിയ ടിക്കറുകളാണ് വന്നുകൊണ്ടിരുന്നത്. ബി.ജെ.പിയുടെ തോൽവി വ്യക്തമായപ്പോൾ, ജനതാദളിന്റെയും സി.പി.എമ്മിന്റെയും പരാജയത്തിലേക്കായി സൂചന.
അതിനിടക്ക് ഉത്തർപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടിയത് ഇവർക്ക് ആശ്വാസമായി. പല ചാനലുകളും കർണാടക അസംബ്ലി തെരഞ്ഞെടുപ്പിനോളമോ അതിനേക്കാളോ പ്രാധാന്യം യു.പി തദ്ദേശ ഫലങ്ങൾക്ക് നൽകി പിടിച്ചുനിൽക്കാൻ ശ്രമിച്ചു.
എ.ബി.പി ചാനലിലെ റൂബിക ലിയാഖത്താകണം കർണാടക ഫലപ്രഖ്യാപനവേളയിലെ ദേശീയ ഹാസ്യതാരം. എവിടെനിന്നോ കിട്ടിയ കള്ളക്കണക്കുമായി, ബി.ജെ.പി ഇതാ ഭൂരിപക്ഷത്തിലേക്ക് എന്ന് അലറിവിളിക്കുന്ന അവരുടെ അത്യാഹ്ലാദം ഓൺലൈൻ തെരുവുകളിൽ പരിഹാസത്തിന്റെ കൂട്ടച്ചിരിയുയർത്തി. ‘‘ഇതാ, 113 സീറ്റുമായി ബി.ജെ.പി മുന്നിൽ. കോൺഗ്രസിന് 97 മാത്രം’’, റൂബിക ആർത്തുവിളിച്ചു.
കാലത്ത് ഒമ്പതുമണിക്കാണ് ഈ പ്രകടനം. ആ സീറ്റ് കണക്ക് എവിടെനിന്ന് കിട്ടിയെന്നോ ഡെസ്കിലെ എഡിറ്റർമാരുടെ പരിശോധനയെല്ലാം കഴിഞ്ഞ് സ്ക്രീനിൽ എങ്ങനെ എത്തിയെന്നോ വ്യക്തമല്ല. ചാനൽ ഒരിക്കലുമത് വിശദീകരിച്ചതായി അറിയില്ല. വാസ്തവത്തിൽ ഇലക്ഷൻ കമീഷന്റെ ഔദ്യോഗിക കണക്കുകൾപോലും മറിച്ചായിരുന്നു. എന്നിട്ടും വസ്തുതയുടെ പിൻബലമൊന്നുമില്ലാതെ ഒച്ചയിട്ട് സ്ക്രീനിൽ ഓടിപ്പാഞ്ഞ് റൂബിക ഇത്രകൂടി പറഞ്ഞു: ‘‘ഇതാ നിങ്ങളുടെ ചാനൽ (എ.ബി.പി) വോട്ടെണ്ണലിന്റെ റിപ്പോർട്ടിങ്ങിൽ മറ്റെല്ലാ ചാനലുകളേക്കാളും മുന്നിലാണ്.’’
കള്ളം മെനയുക, എന്നിട്ടത് പ്രചരിപ്പിക്കുക, എന്നിട്ടത് സ്വയം വിശ്വസിക്കുക – ഇന്ന് ചില വാർത്ത ചാനലുകൾ പിന്തുടരുന്ന രീതി ഇതാണെന്ന് തോന്നുന്നു. മറ്റു പലരും പല വിഷയങ്ങളിലും അനുവർത്തിക്കുന്ന ഈ ശൈലി എ.ബി.പിയുടെ കർണാടക കവറേജിൽ വളരെ പ്രകടവും വ്യക്തവുമായെന്നു മാത്രം.
ബി.ജെ.പി ജയിച്ചു എന്ന് സ്വയം വിശ്വസിച്ച നിമിഷങ്ങളിൽ എ.ബി.പി ന്യൂസ് അത് അവതരിപ്പിച്ചത് ‘‘ബജ്റംഗ് ബലി കീ’’ എന്ന നരേന്ദ്ര മോദിയുടെ മുദ്രാവാക്യം വിളി പശ്ചാത്തലത്തിൽ കേൾപ്പിച്ചും ബജ്റംഗ് ബലി വിഗ്രഹം സ്ക്രീനിൽ പ്രദർശിപ്പിച്ചുമായിരുന്നു.
മാധ്യമപ്രവർത്തനം രാഷ്ട്രീയദാസ്യമായാൽ ഇങ്ങനെയിരിക്കും.
മേയ് 15 ലോകചരിത്രത്തിലെ ഒരു മഹാപാതകത്തിന്റെ 75ാം വാർഷികമായിരുന്നു.
1990കളിൽ യൂറോപ്പിൽനിന്ന് ജൂതവിരുദ്ധരുടെ പലായനം തീവ്രദേശീയവാദികളായ സയണിസ്റ്റുകൾ മുതലെടുത്തു. ഫലസ്തീൻകാരുടെ മണ്ണിൽ സ്വന്തമായൊരു രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ പദ്ധതിയുടെ ഫലമാണ് ഇസ്രായേൽ.
സയണിസ്റ്റ് കുടിയേറ്റക്കാർ ആയിരക്കണക്കിന് ഫലസ്തീൻകാരെ സ്വന്തം വീടുകളിൽനിന്ന് ആട്ടിയോടിച്ചു. അവർ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും അവിടം കോളനിവാഴ്ച നടത്തിയിരുന്ന ബ്രിട്ടീഷുകാർ അതെല്ലാം അടിച്ചമർത്തി. 1947ൽ നിലവിൽവന്ന യു.എൻ ആകട്ടെ, ഫലസ്തീൻ ഭൂമിയിൽ ഇസ്രായേൽ സ്ഥാപിക്കാൻ അനുമതി നൽകി.
സയണിസ്റ്റ് കൈയേറ്റങ്ങൾക്കും ക്രൂരതകൾക്കും അതോടെ ശക്തി കൂടി. 1948 മേയ് 14ന് ഇസ്രായേൽ ‘‘സ്വാതന്ത്ര്യം പ്രഖ്യാപി’’ക്കുമ്പോഴേക്കും രണ്ടര ലക്ഷം മുതൽ മൂന്നര ലക്ഷം വരെ ഫലസ്തീനികൾ സ്വന്തം നാട്ടിൽനിന്ന് ഓടിക്കപ്പെട്ട് അഭയാർഥികളായിക്കഴിഞ്ഞിരുന്നു.
പിറ്റേന്ന് (മേയ് 15) ഫലസ്തീൻകാരുടെ നക്ബ (മഹാദുരന്തം) ദിനമായി അറിയപ്പെട്ടു.
ഓരോ നക്ബ ദിനവും ഓരോ ഓർമപ്പെടുത്തലാണ്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയെപ്പറ്റി. ഫലസ്തീൻകാരുടെ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും വരെ നിഷേധിക്കുന്നതിനെപ്പറ്റി. ഇസ്രായേൽ ഫലസ്തീൻകാരോട് പുലർത്തുന്ന ‘‘അപാർതൈറ്റ്’’ നയത്തെപ്പറ്റി. ദിനേനയെന്നോണം ഇസ്രായേൽ കൊല്ലുന്ന കുട്ടികളടക്കമുള്ള ഫലസ്തീൻകാരെപ്പറ്റി. ഇന്നും തുടരുന്ന നക്ബയെപ്പറ്റി.
ഇതെല്ലാം പടിഞ്ഞാറൻ മാധ്യമങ്ങൾ (അതുവഴി ലോക മാധ്യമങ്ങളും) മൂടിവെക്കുകയോ നിസ്സാരമാക്കി കാണിക്കുകയോ ചെയ്യുന്നു എന്നതാണ് മറ്റൊരു അനീതി.
ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾ വാർത്തയാകുന്നില്ല (ഫലസ്തീനി -അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷിറീൻ അബ്ബ ആഖിലയെ ഇസ്രായേലി പട്ടാളക്കാരൻ കൊന്നത് കഴിഞ്ഞ വർഷം. ഇത്രയും കാലം അവർ കുറ്റം നിഷേധിച്ചുവന്നു; ഇപ്പോൾ സമ്മതിച്ചെങ്കിലും കുറ്റക്കാരെ ശിക്ഷിക്കുന്നില്ല.)
ഇതാദ്യമായി ഇക്കൊല്ലം യു.എൻ ‘നക്ബ’ദിനം ആചരിച്ചു. ഇസ്രായേൽപക്ഷക്കാരായ ഏതാനും രാജ്യങ്ങൾ അത് ബഹിഷ്കരിച്ചെങ്കിലും, നക്ബയും ഫലസ്തീനെതിരായ അനീതിയും മറച്ചുവെക്കാനാകാത്തത്ര വ്യക്തമാണിന്ന്. ഇന്നുവരെ ‘നക്ബ’ എന്ന വാക്ക് ഉപയോഗിക്കാതിരുന്ന പാശ്ചാത്യ മാധ്യമങ്ങൾ പലതും അത് ഉപയോഗിച്ചുതുടങ്ങി.
ലോകത്തിന്റെ ഉണങ്ങാത്ത മുറിവാണ് ഫലസ്തീൻ. പക്ഷേ, നമ്മുടെ മാധ്യമങ്ങളിൽ അത്, വല്ലപ്പോഴും ഇസ്രായേലിലേക്ക് റോക്കറ്റ് തൊടുക്കുന്ന വില്ലനാണ്.
മാധ്യമങ്ങളും അനീതിക്ക് കൂട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.