ശിറീൻ അബു ആഖില -മാധ്യമപ്രവർത്തനത്തിനിടെ വധിക്കപ്പെട്ട വനിത. യുദ്ധം റിപ്പോർട്ട് ചെയ്യാനിറങ്ങിയ ആദ്യ അറബ് വനിത. അവരുടെ രക്തസാക്ഷിത്വം രണ്ട് കാര്യങ്ങൾ തെളിയിച്ചു: ഒന്ന്, ഫലസ്തീൻകാരും അല്ലാത്തവരുമായ ദശലക്ഷങ്ങൾക്ക് അവരോടുള്ള ഇഷ്ടം. രണ്ട്, ഏറ്റവും ക്രൂരമായ ആണവായുധമടക്കം ആവനാഴിയിലുള്ള ഒരു അധിനിവേശ രാജ്യത്തിന് ഒരു സ്ത്രീ റിപ്പോർട്ടറോടുണ്ടായിരുന്ന കടുത്ത പേടി. ബ്രിട്ടീഷ് മാധ്യമപ്രവർത്തക ഇവോൺ റിഡ്ലി എഴുതി: ''ചൂണ്ടയിൽ കോർത്ത ഇരയെപ്പോലെയാണ്...
ശിറീൻ അബു ആഖില -മാധ്യമപ്രവർത്തനത്തിനിടെ വധിക്കപ്പെട്ട വനിത. യുദ്ധം റിപ്പോർട്ട് ചെയ്യാനിറങ്ങിയ ആദ്യ അറബ് വനിത. അവരുടെ രക്തസാക്ഷിത്വം രണ്ട് കാര്യങ്ങൾ തെളിയിച്ചു: ഒന്ന്, ഫലസ്തീൻകാരും അല്ലാത്തവരുമായ ദശലക്ഷങ്ങൾക്ക് അവരോടുള്ള ഇഷ്ടം. രണ്ട്, ഏറ്റവും ക്രൂരമായ ആണവായുധമടക്കം ആവനാഴിയിലുള്ള ഒരു അധിനിവേശ രാജ്യത്തിന് ഒരു സ്ത്രീ റിപ്പോർട്ടറോടുണ്ടായിരുന്ന കടുത്ത പേടി.
ബ്രിട്ടീഷ് മാധ്യമപ്രവർത്തക ഇവോൺ റിഡ്ലി എഴുതി: ''ചൂണ്ടയിൽ കോർത്ത ഇരയെപ്പോലെയാണ് ഇസ്രായേൽ സർക്കാർ ഫലസ്തീനി ഫോട്ടോ ജേണലിസ്റ്റിന്റെ വധത്തെപ്പറ്റി ഞെരിപിരികൊണ്ട് കളിക്കുന്നത്. നാണമില്ലാതെ നുണയും കള്ളക്കഥയുമൊക്കെ ഇറക്കുന്നു...''
മൂന്ന് പതിറ്റാണ്ടുകാലത്തെ ഉശിരുള്ള മാധ്യമപ്രവർത്തനം. ജറൂസലമിലെ കത്തോലിക്ക കുടുംബത്തിൽ ജനിച്ച ശിറീന് മാധ്യമപ്രവർത്തനം കള്ളങ്ങൾക്കെതിരെ നേരുകൊണ്ടുള്ള പോരാട്ടമായിരുന്നു. സ്വദേശമായ ഫലസ്തീനുവേണ്ടിയുള്ള സ്വാതന്ത്ര്യസമരംകൂടിയായിരുന്നു. ഇസ്രായേൽ വല്ലാതെ ഭയപ്പെട്ട സത്യത്തിന്റെ കണ്ണാടിയായിരുന്നു.
2022 മേയ് 11ന് ഇസ്രായേൽ അധിനിവേശ സേന അവരെ വെടിവെച്ച് കൊന്നു. ജനീൻ അഭിയാർഥി ക്യാമ്പിൽ സേന കടന്നാക്രമണം നടത്തുന്നു എന്ന വിവരം കിട്ടി അത് റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു. 'പ്രസ്' എന്ന് വലിയ അക്ഷരത്തിൽ എഴുതിയ മേൽച്ചട്ടയും തലയിൽ ഹെൽമറ്റും ഉണ്ടായിരുന്നു. പക്ഷേ, കൃത്യമായ ഉന്നത്തോടെ ഇസ്രായേലി 'സ്നൈപ്പർ' (വെടിവിദഗ്ധൻ) രണ്ടിനുമിടയിൽ, ചെവിക്കുപിറകിലായി ഉണ്ട പായിച്ചു. കമിഴ്ന്നടിച്ച ശിറീനെ സഹായിക്കാൻ മറ്റൊരു റിപ്പോർട്ടറായ ശദാ ഹനാ ഇശ ശ്രമിച്ചപ്പോഴൊക്കെ അത് തടയാനെന്നോണം വെടിയുതിർത്തു.
യുദ്ധക്കുറ്റം. ഇസ്രായേലിന് മുമ്പില്ലാത്തത്ര രൂക്ഷമായ വിമർശനം. ഇതിനുമുന്നിൽ പിടിച്ചുനിൽക്കാൻ ഇസ്രായേൽ പതിവ് തന്ത്രം പുറത്തെടുത്തു -കള്ളം പറയുക.
സുവ്യക്തമായ വസ്തുതയെപ്പറ്റി സംശയം ജനിപ്പിക്കുകയാണ് ആദ്യ തന്ത്രം. സംഭവസ്ഥലത്തുണ്ടായിരുന്ന ഫലസ്തീൻ പോരാളി വെടിയുതിർത്തതിൽ പറ്റിപ്പോയതാണോ ഇതെന്ന് അന്വേഷിക്കണമെന്ന്. ഉടനെ മാധ്യമങ്ങൾ മുഖ്യവാർത്തക്കൊപ്പം ഈ ''സംശയ''വും തലക്കെട്ടാക്കി.
സംശയം ശക്തിപ്പെടുത്താനായി ഒരു വിഡിയോയും ഇറക്കി. ഇസ്രായേൽ പ്രധാനമന്ത്രി നാഫ്തലി ബെനറ്റ് അടക്കം അത് ഉടനെതന്നെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
പക്ഷേ, ഇത്തവണ അതും ഫലം ചെയ്തില്ല. ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ബൈത് സലേം (Israeli Information Centre for Human Rights in the Occupied Territories) സംഭവം നേരിട്ടന്വേഷിക്കാനിറങ്ങി. വിഡിയോ അവകാശവാദങ്ങൾ പരിശോധിച്ചു. ഉപഗ്രഹ മാപ്പുകൾ നോക്കി. നേരിട്ട് അളവെടുത്തു. ഒടുവിൽ കണ്ടെത്തി -കൊന്നത് ഇസ്രായേലി പട്ടാളക്കാർതന്നെ.
ഇസ്രായേലി സൈന്യം ഇറക്കിയ വിഡിയോയിൽ ഫലസ്തീൻ പോരാളികളുണ്ട് എന്നത് ശരിയാണ്. പക്ഷേ, ആ സ്ഥലം ശിറീൻ നിന്നിരുന്ന സ്ഥലത്തേക്ക് വെടിവെക്കാനോ കാണാൻപോലുമോ പറ്റാത്തത്ര അകലെയാണ്.
മാത്രമല്ല, ശിറീനും ശദാ ഹനാ ഇശയും മതിലിനോട് ചേർന്ന് മറഞ്ഞുനിന്ന ഇടം ഇസ്രായേലി പട്ടാളക്കാർ നിന്ന സ്ഥലത്തുനിന്ന് വ്യക്തമായി കാണാവുന്നതും വെടിവെക്കാവുന്നതുമായിരുന്നു.
ശദാ, അൽസമൂദി (ഇദ്ദേഹത്തിനും വെടികൊണ്ടു), മുജാഹിദ് അൽസഅദി തുടങ്ങി, സ്ഥലത്തുണ്ടായിരുന്ന മറ്റു നാലഞ്ചു മാധ്യമപ്രവർത്തകർ സംഭവത്തിന് ദൃക്സാക്ഷികളാണ്. അവർ ഒരേ സ്വരത്തിൽ പറയുന്നു, അവിടെ മറ്റു വെടിവെപ്പോ ബഹളമോ ഒന്നുമുണ്ടായിരുന്നില്ല -ഉന്നംവെച്ചുള്ള ആ വെടി മാത്രം.
ഇസ്രായേൽ ചെയ്യുന്ന അതിക്രമങ്ങൾ നിലക്കുന്നില്ല. എന്നാൽ, അവയുടെ വാർത്തകൾ വരാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. മാധ്യമങ്ങളുെട പങ്കും ഇതിൽ വലുതാണ്. തമസ്കരിക്കപ്പെട്ട വാർത്തകൾ ഏറെ.
വാർത്ത ചേർക്കേണ്ടി വരുമ്പോൾ അത് എങ്ങനെ വേണമെന്നതിനും ഉദാഹരണങ്ങളുണ്ട്. ഇസ്രായേലി അതിക്രമങ്ങളെ രണ്ട് തുല്യ ശക്തികൾ തമ്മിലുള്ള സംഘട്ടനമായി ചിത്രീകരിക്കലാണത്. ഇതിനുമുണ്ട് ഒരുപാട് ഉദാഹരണങ്ങൾ.
ഫലസ്തീൻകാരാണ് അക്രമങ്ങൾ തുടങ്ങുന്നതെന്നും ഇസ്രായേലിന്റേത് എപ്പോഴും തിരിച്ചടി മാത്രമാണെന്നും പ്രചരിപ്പിക്കലാണ് മറ്റൊന്ന്. അധിനിവേശ ശക്തിയോട് എങ്ങനെ പൊരുതാനും അധിനിവിഷ്ട ജനതക്ക് അന്താരാഷ്ട്ര നിയമം അനുമതി നൽകുന്നുണ്ട്. ഇവിടെ നാടൻ റോക്കറ്റുകൾ ഇസ്രായേലി സൈനിക കേന്ദ്രത്തിലേക്ക് തൊടുക്കുന്നത് ''ഭീകരത''യായും ഇസ്രായേൽ വാസസ്ഥലങ്ങളിൽ ബോംബിട്ട് സിവിലിയന്മാരെ കൊല്ലുന്നത് ''തിരിച്ചടി''യുമായി ചിത്രീകരിക്കുന്നതിന്റെ ഉദാഹരണങ്ങളും കുറവല്ല. ഇപ്പോൾ കൊല്ലപ്പെട്ട ശിറീനും ഒപ്പമുണ്ടായിരുന്നവരും ''കാമറകളെന്ന ആയുധങ്ങളുമായി'' (armed with cameras) ദൃശ്യങ്ങൾ പകർത്തിയതിനെ കുറ്റപ്പെടുത്തുന്നുണ്ട് ഇസ്രായേലി വക്താവ് റാൺ കൊച്ചാവ്.
ഫലസ്തീൻ സ്വാതന്ത്ര്യപ്പോരാളികളെ ''ഭീകരർ'' എന്ന് പതിവായി വിശേഷിപ്പിക്കുന്നതടക്കം ഭാഷയിൽ നടക്കുന്ന അധിനിവേശം വേറെ. ശിറീൻ വധിക്കപ്പെട്ട വാർത്തക്ക് ന്യൂയോർക് ടൈംസ് എങ്ങനെ തലക്കെട്ടിട്ടു എന്നത് ആരെയും അമ്പരപ്പിക്കും. ''ഫലസ്തീനി ജേണലിസ്റ്റ് ശിറീൻ അബു ആഖില 51ാം വയസ്സിൽ അന്തരിച്ചു''എന്ന്. കൊല്ലപ്പെട്ടതാണെന്ന് തുടർന്ന് പറയാതെയല്ല; പക്ഷേ, ''ശിറീനെ ഇസ്രായേലി പട്ടാളം കൊന്നു എന്ന് അൽജസീറ'' എന്ന വാഷിങ്ടൺ പോസ്റ്റ് തലക്കെട്ടുമായി തട്ടിച്ചാൽ അന്തരം വ്യക്തമാകും.
പൊളിയുന്ന വ്യാജം, കാപട്യം
ഇത്തരം പ്രചാരണതന്ത്രങ്ങളും തമസ്കരണവുമെല്ലാം തകർന്നാൽ എന്തു ചെയ്യും? അപ്പോൾ വരും മറ്റൊരടവ്: ''യുദ്ധമെന്നാൽ എല്ലാം വൃത്തിയായല്ല നടക്കുക. ഇടക്ക് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വെടികൊള്ളും.''
അര ഇഞ്ച് മേലോട്ടോ താഴോട്ടോ ആണ് ഉണ്ട വന്നുകൊണ്ടതെങ്കിൽ ശിറീൻ രക്ഷപ്പെടുമായിരുന്ന ''സ്നൈപ്പർ'' വെടിയെപ്പറ്റി, മറ്റൊരു ഏറ്റുമുട്ടലുമില്ലാത്തിടത്ത് 'പ്രസ്' അടയാളം ധരിച്ച ഫലസ്തീനിലെ ഏറ്റവും മികച്ച റിപ്പോർട്ടർക്കുനേരെ കരുതിക്കൂട്ടി ഉതിർത്ത വെടിയെപ്പറ്റി, വരെ അവരിങ്ങനെ പറയും.
പക്ഷേ, ഇത്തവണ ഇസ്രായേലിന്റെ പ്രചാരണങ്ങൾ വിലപ്പോകാതായിരിക്കുന്നു. ഫലസ്തീൻകാരാകും ശിറീനെ കൊന്നതെന്ന വാദത്തിൽനിന്ന്, തെളിവിന്റെ സമ്മർദത്തിൽ പിന്തിരിയേണ്ടി വന്നു അവർക്ക്.
ഇസ്രായേലി നുണയോട് അതിശക്തമായി പ്രതികരിച്ച ഒരാൾ, തോമസ് ഹേൺഡലിന്റെ അമ്മ ജോസ്ലിൻ ആണ്. ഫലസ്തീൻ സ്വാതന്ത്ര്യ പ്രസഥാനത്തിൽ സജീവമായിരുന്നു ബ്രിട്ടീഷുകാരനും ഫോട്ടോഗ്രഫി വിദ്യാർഥിയുമായ തോമസ്. 2003ൽ ഗസ്സയിൽവെച്ച് ഇസ്രായേലി സ്നൈപ്പർ തയ്സീർ ഹയ്ബ് ആ 23കാരനുനേരെ വെടിയുതിർത്തു. തലക്ക് മാരകമായി പരിക്കേറ്റ തോമസ് ഒമ്പതുമാസം ബോധമില്ലാതെ കിടന്നശേഷം ജീവൻ വെടിഞ്ഞു. ഇപ്പോൾ ശിറീന്റെ കാര്യത്തിലെന്നപോലെ അന്ന് തോമസിന്റെ കാര്യത്തിലും ഇസ്രായേലി പട്ടാളം കൃത്രിമ വിഡിയോ അടക്കം കള്ളത്തെളിവുകളുമായി വന്നു. പക്ഷേ, എല്ലാം പൊളിഞ്ഞു. കൊലപാതകക്കുറ്റത്തിന് തയ്സീർ എട്ടുവർഷം തടവിന് ശിക്ഷിക്കപ്പെട്ടു. 'ടോം, എന്റെ മകൻ' എന്ന പേരിൽ പുസ്തകമെഴുതിയ ജോസ്ലിൻ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തതിങ്ങനെ: ''ഇസ്രായേലിന്റെ ഇപ്പോഴത്തെ നുണ, എന്റെ മകന്റെ കൊലപാതകത്തെപ്പറ്റി പറഞ്ഞ നുണയുടെ തനിപ്പകർപ്പാണ്.''
പൊളിഞ്ഞുകൊണ്ടിരിക്കുന്ന നുണകൾ ഇസ്രായേലിന്റെ കൂട്ടാളികൾക്കും തലവേദനയാകുന്നുണ്ട്. യുക്രെയ്ന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിന്റെ കൂട്ടാളികളുടെ ഇരട്ടത്താപ്പുകൂടി വെളിപ്പെടുകയാണ്.
റഷ്യ യുക്രെയ്നെ ആക്രമിച്ച് രണ്ടു ദിവസമായപ്പോഴേക്കും പടിഞ്ഞാറൻ രാജ്യങ്ങളും യു.എന്നുമൊക്കെ ഉപരോധവുമായി തിരിച്ചടിച്ചു. മുക്കാൽ നൂറ്റാണ്ടായി ഇസ്രായേലിന്റെ അധിനിവേശം തുടരുന്നു; 'ബി.ഡി.എസ്'എന്ന ഉപരോധ ശ്രമങ്ങളെപ്പോലും എതിർക്കുകയാണ് ഈ ഇസ്രായേൽ കൂട്ടാളികൾ.
യുക്രെയ്നിൽ മാധ്യമപ്രവർത്തകരെ ഉന്നമിട്ട റഷ്യൻ പട്ടാളക്കാർക്കെതിരെ യു.എൻ അന്വേഷണം നടത്തുന്നു; ശിറീനെ ഉന്നമിട്ട ഇസ്രായേലി സ്നൈപ്പറെപ്പറ്റി ഇതുവരെ മിണ്ടാട്ടമില്ല. 2000 മുതൽ ഇസ്രായേലി പട്ടാളം 46 ഫലസ്തീൻ മാധ്യമപ്രവർത്തകരെ കൊന്നിട്ടുണ്ടെന്ന് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് പറയുന്നു. 2018ൽ അവർ യുവ നഴ്സ് റസാൻ അൽ നജ്ജാറിനെ വെടിവെച്ച് കൊന്നു; പിന്നാലെ യാസർ മുർതസ എന്ന ജേണലിസ്റ്റിനെ ഇസ്രായേലി സ്നൈപ്പർ കൊന്നു. ഇതിലൊന്നും നിയമനടപടികൾ ഉണ്ടായിട്ടില്ല. കുട്ടികളെവരെ കൊല്ലുന്നു; ആശുപത്രികളിൽ ബോംബിടുന്നു... യുക്രെയ്നിലെങ്കിൽ കൊടുംപാതകമാകുന്നത് ഫലസ്തീനിലായാൽ അനുവദിക്കപ്പെടുന്നു.
ജീവിതത്തിൽ ഇസ്രായേലിന്റെ ദുഷ്ചെയ്തികൾ തുറന്നുകാട്ടുകയായിരുന്നു ശിറീൻ. ഇപ്പോൾ മരണത്തിൽ അവർ ലോകത്തിന്റെ കാപട്യംകൂടി തുറന്നുകാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.