ഒരു ഭാഗത്ത് വ്ലാദിമിർ പുടിൻ എന്ന വില്ലൻ. മറുഭാഗത്ത് വൊേളാദിമിർ സെലൻസ്കി എന്ന അതിമാനുഷൻ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത ദ്വന്ദ്വമാണിത്. ഇത്ര ലളിതമല്ല കാര്യങ്ങളെന്നും ഇസ്രായേലിന്റെ അധിനിവേശത്തെ പൂർണമായും പിന്തുണക്കുന്ന സെലൻസ്കി റഷ്യൻ അധിനിവേശത്തെ തെറ്റായി കാണുന്നതിൽ സത്യസന്ധതയില്ലെന്നും റഷ്യൻപക്ഷത്തുനിന്നുള്ള വാദങ്ങളൊന്നും മാധ്യമങ്ങളിൽ വരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. അത് ശരിയുമാണ്. പക്ഷേ, യുക്തിയല്ലല്ലോ രാജ്യാന്തര ബന്ധങ്ങളെ ഭരിക്കുന്നത്. പ്രോപഗണ്ടയും ഏകപക്ഷീയതയും റിപ്പോർട്ടുകളെ സ്വാധീനിക്കുന്ന ആദ്യ സംഭവമല്ല...

രു ഭാഗത്ത് വ്ലാദിമിർ പുടിൻ എന്ന വില്ലൻ. മറുഭാഗത്ത് വൊേളാദിമിർ സെലൻസ്കി എന്ന അതിമാനുഷൻ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത ദ്വന്ദ്വമാണിത്.

ഇത്ര ലളിതമല്ല കാര്യങ്ങളെന്നും ഇസ്രായേലിന്റെ അധിനിവേശത്തെ പൂർണമായും പിന്തുണക്കുന്ന സെലൻസ്കി റഷ്യൻ അധിനിവേശത്തെ തെറ്റായി കാണുന്നതിൽ സത്യസന്ധതയില്ലെന്നും റഷ്യൻപക്ഷത്തുനിന്നുള്ള വാദങ്ങളൊന്നും മാധ്യമങ്ങളിൽ വരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. അത് ശരിയുമാണ്. പക്ഷേ, യുക്തിയല്ലല്ലോ രാജ്യാന്തര ബന്ധങ്ങളെ ഭരിക്കുന്നത്.

പ്രോപഗണ്ടയും ഏകപക്ഷീയതയും റിപ്പോർട്ടുകളെ സ്വാധീനിക്കുന്ന ആദ്യ സംഭവമല്ല യുക്രെയ്ൻ. പ്രചാരണങ്ങൾക്ക് പിന്നിൽ, യുദ്ധംവഴി ലാഭം കൊയ്യുന്ന ആയുധക്കച്ചവടക്കാരും ഉണ്ടാകാം.

പ്രശ്നത്തിന് ഏകപരിഹാരം യുക്രെയ്ന് കൂടുതൽ ആയുധം നൽകി യുദ്ധം മുറുക്കലാണെന്ന പൊതുബോധം പടിഞ്ഞാറൻ നാടുകളിൽ വളർത്തപ്പെട്ടുകഴിഞ്ഞു. വൈറ്റ്ഹൗസിലെ വാർത്താ സമ്മേളനങ്ങളിൽ മാധ്യമങ്ങൾ സ്ഥിരമായി ചോദിക്കുന്നു, എന്തുകൊണ്ടാണ് യുക്രെയ്നെ കൂടുതൽ ആയുധമണിയിക്കാൻ മടിക്കുന്നതെന്ന്.

പുടിനോ ബൈഡനോ സെലൻസ്കിയോ സമാധാന പ്രിയരാണെന്ന് പറയാനാകില്ല. സെലൻസ്കി അധികാരത്തിൽ വന്നത് ജനാധിപത്യത്തിലൂടെയല്ല; അമേരിക്കയുടെയും നവനാസികളുടെയും സഹായത്തോടെ നടത്തിയ അട്ടിമറിയിലൂടെയാണ്. അധിനിവേശത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇസ്രായേൽ പക്ഷപാതിത്വത്തിൽ പ്രകടമാണ്. പുടിൻ ചെച്നിയയോടു ചെയ്തുവരുന്നത് ശ്രദ്ധിച്ച ആർക്കും യുക്രെയ്നിലെ ക്രൂരതകളിൽ അത്ഭുതം തോന്നില്ല. ബൈഡനാകട്ടെ ജോർജ് ബുഷ് നുണകൾ നിരത്തി ഇറാഖിനെ ആക്രമിക്കാനൊരുങ്ങുമ്പോൾ അതിനെ പിന്തുണച്ച 77 സെനറ്റർമാരിൽ ഒരാളാണ്; ''ഡ്രോൺ പ്രസിഡന്റ്'' എന്ന അപഖ്യാതി നേടിയ ഒബാമയുടെ കീഴിൽ വൈസ് പ്രസിഡന്റായിരുന്നു.

ഇവിടെ പുണ്യവാളനും പിശാചുമില്ല; യുദ്ധഭ്രാന്താണ് എങ്ങും. മറ്റിടങ്ങളിലെന്നപോലെ യുക്രെയ്നിലും പൂർണ യുദ്ധമുണ്ടാകാൻ ആഗ്രഹിക്കുന്ന ആയുധക്കമ്പനികൾക്ക് മാധ്യമങ്ങളിലും ഏജന്റുമാരുണ്ടെന്ന് ഊഹിക്കാനാകും. ഇന്റർസെപ്റ്റ് എന്ന ഓൺലൈൻ മാധ്യമ സ്ഥാപനം ഒരു വൈറ്റ്ഹൗസ് വാർത്താസമ്മേളനത്തിൽ റിപ്പോർട്ടർമാർ ഉന്നയിച്ച ചോദ്യങ്ങൾ പരിശോധിച്ചു. എന്തുകൊണ്ട് റഷ്യക്കെതിരെ യുക്രെയ്ന് കൂടുതൽ ആയുധം നൽകുന്നില്ല, എന്തുകൊണ്ട് ശക്തമായി എതിരിടുന്നില്ല തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഒട്ടെല്ലാം. സമാധാനശ്രമങ്ങളെപ്പറ്റി ചോദിച്ചത് ഒരാൾ മാത്രം.

ഒരു വാർത്താ ചാനൽ (എൻ.ബി.സി) കഴിഞ്ഞ മാസം ഒരു വിദഗ്ധനെ പങ്കെടുപ്പിച്ച് ചർച്ച നടത്തി. ജേ ജോൺസൺ എന്നാണ് വിദഗ്ധന്റെ പേര്. അദ്ദേഹം ലോക്ഹീഡ് മാർട്ടിൻ എന്ന ആയുധക്കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണെന്ന് വെളിപ്പെടുത്താതെയാണ് അവതാരകൻ ചർച്ച നയിച്ചത്. യുദ്ധത്തിന് അനുകൂലമായാണ് വാദം മുന്നോട്ടുപോയതെന്ന് പറയേണ്ടതില്ലല്ലോ. ഇതുതന്നെ മിക്ക അമേരിക്കൻ ചാനലുകളുടെയും സ്ഥിതി. ദ ലീവർ എന്ന പോർട്ടലിൽ അദിതി രാമസ്വാമിയും ആൻഡ്രു പെരേസും അനേകം വിദഗ്ധരെപ്പറ്റി പറയുന്നുണ്ട്- എല്ലാം ചാനലുകളിൽ യുദ്ധത്തിന് വേണ്ടി വാദിക്കുന്നവർ; എല്ലാം തങ്ങളുടെ യുദ്ധവ്യവസായ ബന്ധം മറച്ചുവെച്ചവർ.

ചരമക്കുറിപ്പുകൾ മറച്ചുവെക്കുന്നത്

ജീവിച്ചിരിക്കെ കൂട്ടക്കൊലക്കും യുദ്ധക്കുറ്റങ്ങൾക്കും നേതൃത്വം കൊടുത്തവർ; മാധ്യമങ്ങൾ അവരുടെ കുറ്റങ്ങൾ അവഗണിക്കുന്നു; മരിച്ചുകഴിഞ്ഞാലോ അവരെ വീരനായകരാക്കുന്നു.

ഇരകളുടെ ഭാഗമല്ല, മാധ്യമങ്ങൾ കാണുന്നത് എന്നതുതന്നെ കാരണം. അങ്ങനെയാണ് വിൻസ്റ്റൻ ചർച്ചിൽ എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി പിന്നീട് ഇന്ത്യക്കാർക്കുവരെ മഹാനാകുന്നത്.

കഴിഞ്ഞ മാസം അന്തരിച്ച മാഡലീൻ ആൽബ്രൈറ്റ് ആണ് ഈ പട്ടികയിൽ പുതുതായി ചേർക്കപ്പെട്ടയാൾ. ''അമേരിക്കയുടെ ആദ്യ വനിത വിദേശകാര്യ സെക്രട്ടറിയായിരുന്ന ആൽബ്രൈറ്റ് പ്രഗല്ഭ നയതന്ത്രജ്ഞയായി പേരെടുത്തിരുന്നു...'' (മാതൃഭൂമി, മാർച്ച് 24). ഈ ''പ്രഗല്ഭ''യുടെ നയതന്ത്രത്തിന്റെ പ്രത്യാഘാതം കൂടിയാണ് ഇന്ന് യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം എന്നൊന്നും നാം വാർത്തയിൽ കാണില്ല. ''ശീതയുദ്ധത്തിന് ശേഷം പാശ്ചാത്യ വിദേശനയ രൂപീകരണത്തിലും നാറ്റോയുടെ വിപുലീകരണത്തിനും നിർണായക പങ്കുവഹിച്ചു'' (കേരള കൗമുദി, മാർച്ച് 25) എന്ന് പറയുമ്പോഴും, ശീതയുദ്ധം തീർന്നതിനാൽ തികച്ചും അനാവശ്യമായിരുന്ന ആ വിപുലീകരണമാണ് റഷ്യയെ യുക്രെയ്നിലെത്തിച്ചതെന്ന് വിശദമാക്കുന്നില്ല.

മലയാള പത്രങ്ങൾക്ക് ഇങ്ങനെ എഴുതാൻ കഴിയുന്നത് സ്വതന്ത്രമായി വിലയിരുത്തുന്നതിനു പകരം വിദേശ വാർത്താ ഏജൻസികളെ പൂർണമായി ആശ്രയിക്കുന്നതിനാലാണ്. പാശ്ചാത്യ മാധ്യമങ്ങളുടെ പകർപ്പായി നമ്മുടെ മാധ്യമങ്ങളും മാറുന്നത് അങ്ങനെയാണ്.

'റോയിട്ടേഴ്സ്' റിപ്പോർട്ട്: മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും സ്ത്രീശക്തിയുടെ പ്രതീകവുമായ (ഫെമിനിസ്റ്റ് ഐക്കൺ) മാഡലീൻ ആൽബ്രൈറ്റ് 84ാം വയസ്സിൽ അന്തരിച്ചു.

വാഷിങ്ടൺ പോസ്റ്റ് അവരെ വിശേഷിപ്പിച്ചത് പുതുപാത വെട്ടിയ വ്യക്തി (trailblazer) എന്നാണ്. ''അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ കരുത്തയായ വനിത'' എന്ന് ന്യൂയോർക്കർ. ''ഫെമിനിസ്റ്റ് വിദേശനയത്തിന്റെ സ്രഷ്ടാവ്'' എന്ന് സി.എൻ.എൻ; ആൽബ്രൈറ്റ് ''പൊതുരംഗത്ത് മറ്റു വനിതകൾക്ക് പിൻപറ്റാവുന്ന ധന്യമായ മാതൃക ബാക്കിവെച്ചു''വത്രെ; പോരാ, ''നാറ്റോയുടെ ഹീറോ'' ആണവർ.

1990കളിൽ ബിൽ ക്ലിന്റൻ പ്രസിഡന്റായിരുന്ന കാലത്താണ് മാഡലീൻ ആൽബ്രൈറ്റ് ആദ്യം യു.എന്നിലെ അമേരിക്കൻ പ്രതിനിധിയായും പിന്നീട് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചത്. ഇന്ന് മാധ്യമങ്ങൾ അവരെ ''സ്ത്രീ ശക്തിയുടെ പ്രതീക''മെന്നും ''കരുത്തുറ്റ വനിത''യെന്നും ''വനിതകൾക്ക് മാതൃക''യെന്നുമൊക്കെ പ്രശംസിക്കുന്നതിന്റെ അടിസ്ഥാനമെന്താവും?

അമേരിക്ക ഇറാഖിനെ കടന്നാക്രമിച്ച രണ്ട് സന്ദർഭങ്ങൾക്കിടയിലാണ് ക്ലിന്റൻ ഭരണം. യു.എന്നിനെകൊണ്ട് ഇറാഖിനെതിരെ ഉപരോധം ഏർപ്പെടുത്തിച്ചതാണ് ആൽബ്രൈറ്റിന്റെ ഒരു സുപ്രധാന ''നേട്ടം''.

ലക്ഷ്യം ഇറാഖി ജനതയെ പട്ടിണിക്കിടുകതന്നെ. ഗതികെട്ട് ഇറാഖി ജനത പ്രസിഡന്റ് സദ്ദാം ഹുസൈനെതിരെ തിരിയുമെന്ന് ആൽബ്രൈറ്റ് കണക്കുകൂട്ടി.

ഇറാഖ് കടുത്ത ഭക്ഷ്യക്ഷാമത്തിൽ തളർന്നു. ജനങ്ങൾ ദാരിദ്ര്യത്തിലും പട്ടിണിയിലുമായി. അവർ (പ്രത്യേകിച്ച് കുഞ്ഞുങ്ങൾ) മരിച്ചുവീഴാൻ തുടങ്ങി. യു.എൻ അന്ന് പുറത്തുവിട്ട കണക്കനുസരിച്ച് അഞ്ചുലക്ഷം കുഞ്ഞുങ്ങൾ ഉപരോധം കാരണം മരിച്ചു.

സി.ബി.എസ് ന്യൂസ് ചാനലിന്റെ ലെസ്‍ലി സ്റ്റാൾ ആൽബ്രൈറ്റുമായി 1996ൽ അഭിമുഖം നടത്തി. സ്റ്റാൾ ചോദിച്ചു: ''അഞ്ചുലക്ഷം കുഞ്ഞുങ്ങൾ മരിച്ചെന്ന കണക്കുണ്ടല്ലോ. ഹിരോഷിമയിൽ മരിച്ചവരെക്കാൾ കൂടുതൽ. (സദ്ദാമിനെതിരെ ജനരോഷമുയർത്താൻ) ഇത്ര വലിയ വില കൊടുക്കേണ്ടിയിരുന്നോ?''

ആൽബ്രൈറ്റിന്റെ മറുപടി: ''(ഉപരോധമെന്ന) തീരുമാനം എളുപ്പമായിരുന്നില്ല. പക്ഷേ, ഇപ്പോൾ തോന്നുന്നു, അതൊരു നഷ്ടമായില്ല എന്ന്.'' (''We think the price is worth it.'')

അഞ്ചുലക്ഷം കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട് കൊന്ന ഉപരോധം ലാഭക്കച്ചവടമായി എന്നുതന്നെ! അത്രകണ്ട് സദ്ദാമിനെതിരെ രോഷമുയർന്നല്ലോ!

ഈ സ്ത്രീയെയാണ് മാധ്യമങ്ങൾ ''ഹീറോ'' എന്നും ''മാതൃക'' എന്നുമൊക്കെ വാഴ്ത്തുന്നത്.

റഷ്യയെ ഒതുക്കിനിർത്തുന്നതിന് നാറ്റോ സൈനികസഖ്യം യൂറോപ്പിലേക്ക് വ്യാപിപ്പിക്കാൻ വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്തയാളാണ് ആൽബ്രൈറ്റ്. ആൽബ്രൈറ്റിന്റെ ആ നയംകൂടിയാണ് ഇന്ന് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ കലാശിച്ചത്.

മറ്റനേകം നയവൈകല്യങ്ങളും മേധാവിത്വ ശൈലികളുംകൊണ്ട് അശാന്തി വിതറിയ മാഡലീൻ ആൽബ്രൈറ്റിൽ മഹത്ത്വമാരോപിക്കുന്ന മാധ്യമങ്ങൾ ഇതാദ്യമായിട്ടല്ല യുദ്ധക്കുറ്റവാളികളെ പുണ്യവാളരാക്കുന്നത്. ഹിറ്റ്ലറും സ്റ്റാലിനും പാശ്ചാത്യ മാധ്യമങ്ങൾക്ക് അഭിമതരായിരുന്നെങ്കിൽ അവരെയും നാം മഹാന്മാരായി കാണേണ്ടിവന്നേനെ.

പാശ്ചാത്യ ഏജൻസികളിൽനിന്ന് പകർപ്പെഴുത്ത് നടത്താത്ത ചില മാധ്യമങ്ങളെങ്കിലും ആൽബ്രൈറ്റിനെ ശരിയായി വിലയിരുത്തി. ''ആൽബ്രൈറ്റിന്റെ ഭയങ്കര കാലഘട്ടം'' (ദ ഇന്റർസെപ്റ്റ്), ''മാഡലീൻ ആൽബ്രൈറ്റ് ഒരു കൊലയാളിയായിരുന്നു'' (ജാക്കബിൻ മാഗ്) എന്നിവയും അൽജസീറയിൽ അഹ്മദ് ൈ ത്വ ജ് എഴുതിയ ''ഞാനൊരു ഇറാഖി; ആൽബ്രൈറ്റ് ശരിക്കും ആരായിരുന്നു എന്ന് എനിക്ക് ഓർമയുണ്ട്'' എന്ന ലേഖനവും വായിച്ചാൽ അവരെ ''മാതൃകാവനിത''യാക്കിയ മാധ്യമങ്ങളോട് സഹതാപം തോന്നും.

Tags:    
News Summary - madhyamam weekly mediascan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.