‘‘ഒളിമ്പിക്സ് ത്രില്ലർ’’ എന്നാണ് പല പത്രങ്ങളും പാരിസ് ഒളിമ്പിക്സിന്റെ സമാപനത്തെ വിശേഷിപ്പിച്ചത്. പ്രത്യേകിച്ച് അതിലെ അവസാന മത്സരത്തെ. യു.എസ്-ഫ്രാൻസ് വനിത ബാസ്കറ്റ്ബാൾ മത്സരം അവസാനംവരെ ഉദ്വേഗം നിറഞ്ഞതായിരുന്നു. മത്സരത്തിനെത്തിയ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം യു.എസിനോ ൈചനക്കോ എന്ന് തീരുമാനിക്കുന്ന നിർണായക മത്സരംകൂടിയാണത്. ഫ്രാൻസിനോട് അമേരിക്ക തോറ്റാൽ ചൈന ചാമ്പ്യന്മാരാകും. അവസാന നിമിഷംവരെ ആവേശം നിലനിർത്തിയ മത്സരത്തിന്റെ ഏറ്റവുമൊടുവിൽ ഒരൊറ്റ പോയന്റ് വ്യത്യാസത്തിന് ചൈന തോൽക്കുന്നു. അതോടെ ചൈനക്കും യു.എസിനും സ്വർണമെഡലുകളുടെ എണ്ണം തുല്യമാക്കുന്നു. അതോടെ ബാക്കി മെഡലുകളുടെ എണ്ണം നോക്കി...
‘‘ഒളിമ്പിക്സ് ത്രില്ലർ’’ എന്നാണ് പല പത്രങ്ങളും പാരിസ് ഒളിമ്പിക്സിന്റെ സമാപനത്തെ വിശേഷിപ്പിച്ചത്. പ്രത്യേകിച്ച് അതിലെ അവസാന മത്സരത്തെ.
യു.എസ്-ഫ്രാൻസ് വനിത ബാസ്കറ്റ്ബാൾ മത്സരം അവസാനംവരെ ഉദ്വേഗം നിറഞ്ഞതായിരുന്നു. മത്സരത്തിനെത്തിയ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം യു.എസിനോ ൈചനക്കോ എന്ന് തീരുമാനിക്കുന്ന നിർണായക മത്സരംകൂടിയാണത്. ഫ്രാൻസിനോട് അമേരിക്ക തോറ്റാൽ ചൈന ചാമ്പ്യന്മാരാകും.
അവസാന നിമിഷംവരെ ആവേശം നിലനിർത്തിയ മത്സരത്തിന്റെ ഏറ്റവുമൊടുവിൽ ഒരൊറ്റ പോയന്റ് വ്യത്യാസത്തിന് ചൈന തോൽക്കുന്നു. അതോടെ ചൈനക്കും യു.എസിനും സ്വർണമെഡലുകളുടെ എണ്ണം തുല്യമാക്കുന്നു. അതോടെ ബാക്കി മെഡലുകളുടെ എണ്ണം നോക്കി ഫലം പ്രഖ്യാപിക്കുന്നു –ചൈനയെ പിന്തള്ളി യു.എസ് ഒന്നാംസ്ഥാനത്ത്. സ്പോർട്സിനും സ്പോർട്സ് ജേണലിസത്തിനും ഇതിൽപരം എന്തുവേണം?
കളിയെഴുത്തിന് മലയാള പത്രങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. പാരിസിലേക്ക് അനേകം മാധ്യമങ്ങൾ ലേഖകരെയും ഫോട്ടോഗ്രാഫർമാരെയും അയച്ചു. ആറായിരത്തിലധികം പ്രസ് അക്രഡിറ്റേഷൻ വിവിധ ദേശീയ ഒളിമ്പിക് കമ്മിറ്റികൾ മുഖേന വിതരണംചെയ്തിരുന്നു.ഒളിമ്പിക്സ് മത്സരങ്ങളുടെ ആവേശവും ചാരുതയും ചോരാതെ മാധ്യമങ്ങൾ വായനക്കാരിലും കാണികളിലും ശ്രോതാക്കളിലും എത്തിച്ചു.
മത്സരാർഥികളുടെ വ്യക്തിവിവരങ്ങളും അനുബന്ധ കഥകളും മത്സരങ്ങളുടെ ചടുലതയും സൗന്ദര്യവും വൈകാരിക മുഹൂർത്തങ്ങളും വിജയ-പരാജയ ഗാഥകളും –ഇതൊക്കെ നിത്യേന മാധ്യമങ്ങളുടെ കായിക റിപ്പോർട്ടിങ്ങിന്റെ ഭാഗമായി.
പാരിസ് ഒളിമ്പിക്സിന്റെ വിജയത്തെ പ്രകീർത്തിക്കുന്നവയാണ് ഒരുപാട് റിപ്പോർട്ടുകൾ. ജൂലൈ 26ലെ ഉദ്ഘാടന ചടങ്ങ് ഉദാഹരണം. ആദ്യമായിട്ടാണ് സ്റ്റേഡിയത്തിന് പുറത്ത് അത് നടത്തുന്നത്. അതുതന്നെ, സെൻ നദിയിലൂടെ. അത്‍ലറ്റുകളുടെ പരേഡ് ബോട്ടുകളിൽ. ഓരോ ബോട്ടിലും ഘടിപ്പിച്ച കാമറകളാണ് ദൃശ്യങ്ങൾ പുറത്തെത്തിച്ചത്. ആറു കിലോമീറ്റർ താണ്ടിയായിരുന്നു പരേഡ്. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് വീഴ്ചകളും വിവാദങ്ങളും കുറവല്ല. റിപ്പോർട്ടുകളിൽ അവർക്ക് ഇടം കുറവായിരുന്നു എന്നുമാത്രം.
ചെറുതല്ലാത്ത അമളികൾ സെൻ നദിയിലെ പരേഡ് മുതൽ ഉണ്ടായി. ദക്ഷിണ കൊറിയയെ സംഘാടകർ പരിചയപ്പെടുത്തിയത് ആ രാജ്യത്തിന്റെ ശത്രുപക്ഷമെന്ന് കരുതപ്പെടുന്ന വടക്കൻ കൊറിയയുടെ പേര് (ഡെമോക്രാറ്റിക് പീപ്ൾസ് റിപ്പബ്ലിക് ഓഫ് കൊറിയ) കൊണ്ടായിരുന്നു. ശരിയായ പേര് ‘റിപ്പബ്ലിക് ഓഫ് കൊറിയ’ എന്ന്.
ദക്ഷിണ കൊറിയ രോഷാകുലരായി എന്ന് പറയേണ്ടതില്ലല്ലോ. ദക്ഷിണ സുഡാന്റെ ബാസ്കറ്റ്ബാൾ മത്സരം തുടങ്ങുന്നതിനുമുമ്പ് ഒളിമ്പിക്സിലെ പതിവുരീതി പിൻപറ്റി ആ രാജ്യത്തിന്റെ ദേശീയഗാനം കേൾപ്പിച്ചു. അവിടെയും പിണഞ്ഞു അബദ്ധം. അത് സുഡാന്റെ ദേശീയ ഗാനമായിരുന്നു. സുഡാനിൽനിന്ന് വേറിട്ടുപോയ രാജ്യമാണ് ദക്ഷിണ സുഡാൻ.
ഉദ്ഘാടന ചടങ്ങിൽ ക്രിസ്തുവിന്റെ അവസാന അത്താഴത്തെ അനുസ്മരിച്ചുള്ള അവതരണം ഉണ്ടായിരുന്നു. ക്രിസ്തുമതത്തെ നിന്ദിക്കുന്ന തരത്തിലുള്ള അതും വിമർശിക്കപ്പെട്ടു. യൂറോപ്യൻ രാജ്യത്തെ ഒളിമ്പിക്സിനോട് ആഗോള മാധ്യമങ്ങൾക്ക് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നോ? ചില താരതമ്യങ്ങൾ അത്തരം ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
ലോക കപ്പും ഒളിമ്പിക്സും
2022 നവംബർ-ഡിസംബർ കാലത്ത് ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് മത്സരം ഓർക്കുക. അന്ന് ഉദ്ഘാടന ചടങ്ങിലെ വ്യതിരിക്തമായ ഒരു പരിപാടിയായിരുന്നു സഹിഷ്ണുതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയുമുള്ള ഒരു സംഭാഷണം. അമേരിക്കക്കാരനും കറുത്ത വർഗക്കാരനുമായ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനും അരക്കുതാഴെ ശരീരം ഇല്ലാത്ത ഗാനിം എന്ന യുവ സംരംഭകനും തമ്മിലുള്ള സംഭാഷണത്തിൽ ഖുർആനിൽനിന്നുള്ള വാക്യം ഉദ്ധരിക്കുകയും വിശാല മാനവികതയെ പറ്റി ഇരുവരും സംസാരിക്കുകയും ചെയ്തിരുന്നു.
അത് ബി.ബി.സിയുടെ പ്രേക്ഷകർ കണ്ടില്ല. ബി.ബി.സി അത് കാണിച്ചില്ല. പകരം, ‘‘ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ’’ കുറിച്ച് മുൻകൂട്ടി തയാറാക്കിയ പരിപാടി സംപ്രേഷണംചെയ്തു.
പാരിസ് ഒളിമ്പിക്സിൽ സഭ്യേതരമായ അവതരണത്തിലൂടെ യേശുവിനെയും ക്രിസ്തുമതത്തെയും അവഹേളിച്ചത് ബി.ബി.സി അടക്കമുള്ള മാധ്യമങ്ങൾ ഒരു വിവാദമായി പോലും എടുത്തില്ല. പാരിസ് ഉദ്ഘാടന ചടങ്ങിലെ അമളികൾ വെറും ആനുഷംഗിക വർത്തമാനം മാത്രമായി. കാരണം ഇത് പാരിസാണ്, യൂറോപ്പാണ്.
ഫ്രഞ്ച് പത്രങ്ങൾക്കും കുറ്റവും കുറവും വലിയ വാർത്തയല്ല. ഖത്തർ ലോകകപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ അങ്ങനെ ആയിരുന്നില്ല. മാത്രമല്ല, വംശീയത നുരയുന്ന റിപ്പോർട്ടുകളായിരുന്നു ഉടനീളം. ഫ്രഞ്ച് ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ല കനാഡ് അന്ന് ഒരു കാർട്ടൂൺ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഖത്തറിന്റെ ജേഴ്സി അണിഞ്ഞ കുറെ താടിക്കാർ കത്തിയും തോക്കുമായി വിലസുന്ന ചിത്രം.
ഇക്കുറി പാരിസിൽ ഈ വംശീയത മറ്റൊരു തരത്തിലാണ്. ഇസ്രായേലിനെ പങ്കെടുപ്പിക്കാനുള്ള ഒളിമ്പിക്സ് കമ്മിറ്റിയുടെ തീരുമാനത്തിലെ പ്രകടമായ വംശീയച്ചായ്വും രാഷ്ട്രീയ വിവേചനവും കണ്ടില്ലെന്നു വെച്ചതാണ് പാരിസിൽ മാധ്യമങ്ങൾചെയ്ത കുറ്റം. ഇസ്രായേലിന്റെ പങ്കാളിത്തം ഒളിമ്പിക്സിന്റെ അടിസ്ഥാന തത്ത്വങ്ങളുടെ നിരാകരണമായിട്ടുപോലും, ഫലസ്തീനിൽ കൂട്ടക്കുരുതി നടക്കുന്ന സമയത്തായിട്ടുപോലും അത് പ്രശ്നമാക്കേണ്ടെന്ന നിലപാട് മാധ്യമങ്ങൾ സ്വീകരിച്ചു.
റഷ്യയോട് ഒളിമ്പിക്സ് കമ്മിറ്റിയും ഫിഫയും ആഗോള മാധ്യമങ്ങളും സ്വീകരിച്ച നിലപാടിന്റെ വിപരീതമാണിത്. യുക്രെയ്നിൽ റഷ്യൻ സൈന്യം കടന്നുകയറിയതോടെ (2022) ഫിഫ പറഞ്ഞു, മത്സരങ്ങൾ റഷ്യയിൽ നടത്തില്ലെന്ന് –യുക്രെയ്ൻ യുദ്ധമാണ് കാരണം. റഷ്യക്കെതിരെ പലതരം ഉപരോധങ്ങൾ ഫിഫ പ്രഖ്യാപിച്ചു. റഷ്യക്ക് ഫിഫ മത്സരങ്ങളിൽ വിലക്കും വന്നു.
റഷ്യ ചെയ്ത കുറ്റങ്ങളും അതിലേറെയും അനേകം ഇരട്ടി തീവ്രതയോടെ ചെയ്യുന്നുണ്ട് ഇസ്രായേൽ. എന്നിട്ടും ഒളിമ്പിക്സിന് തൊട്ടുമുമ്പ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ഇസ്രായേൽ സന്ദർശിച്ച് പിന്തുണ അറിയിച്ചു. ഒളിമ്പിക്സ് കമ്മിറ്റിയും ഇസ്രായേലിന് അനുമതി നൽകി.
ഇസ്രായേലി അത്‌ലറ്റുകൾ വെറും കായിക താരങ്ങളല്ല. അവരെല്ലാം ഇസ്രായേലി സൈന്യത്തിന്റെ ഭാഗമാണ്. ഗസ്സയിലേക്ക് തൊടുക്കാനുള്ള ബോംബിന്മേൽ ‘‘ഫലസ്തീൻ കുട്ടികളെ, നിങ്ങൾക്ക് എന്റെ വക’’ എെന്നഴുതി ഒപ്പിട്ട പീറ്റർ പാൾച്ചിക് ആണ് ഒളിമ്പിക്സ് പരേഡിൽ ഇസ്രായേലിന്റെ പതാക വഹിച്ചത്. അയാൾ അടങ്ങുന്ന ഇസ്രായേലി സേന നടത്തുന്ന വംശഹത്യക്കിടെ കൊല്ലപ്പെട്ടവരിൽ 340ലധികം ഫലസ്തീൻ കായികതാരങ്ങളുമുണ്ട്; 69 ഒളിമ്പ്യൻമാരുണ്ട്.
ഒളിമ്പിക്സ് സീസണിൽപോലും ഇസ്രായേൽ ഫലസ്തീനിലെ ഫുട്ബാൾ ഗ്രൗണ്ടിൽ ബോംബിട്ട് കളിക്കാരെയും കാണികളെയും കൊന്നു.
എന്നാലും ഇസ്രായേലിന് വിലക്കില്ല. അതാണ് പാരിസ് ഒളിമ്പിക്സിന്റെ ഏറ്റവും വലിയ വാർത്തയാകേണ്ടത്. ഒളിമ്പിക്സിനെ തന്നെ പരാജയപ്പെടുത്തുന്ന യുദ്ധ കുറ്റവാളിയുടെ സാന്നിധ്യം അതിനെ ‘ജനസൈഡ് ഒളിമ്പിക്സാ’ക്കി എന്നത്.
പാരിസ് ഒളിമ്പിക്സിലെ മറ്റൊരു കളങ്കത്തെ പറ്റി ടൈം മാഗസിനിൽ ജൂൾ ബോയ് കോഫ്, ഡേവ് സിറിൻ എന്നിവർ എഴുതിയിട്ടുണ്ട്. ഒളിമ്പിക്സിന്റെ യഥാർഥ ശ്രദ്ധാകേന്ദ്രമായ കായികതാരങ്ങളെ കഷ്ടപ്പെടാൻ വിട്ട് ഒളിമ്പിക്സ് കമ്മിറ്റിക്കാർ ആഡംബരത്തിൽ ജീവിക്കുന്നതിന്റെ കഥകൾ. ‘‘അത്‌ലറ്റുകൾക്ക് പ്രഥമ പരിഗണന’’ (Putting athletes first) എന്ന മുദ്രാവാക്യത്തെ ഐ.ഒ.സി തന്നെ ലംഘിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ.
രാജ്യങ്ങൾ തമ്മിലാണ് മത്സരമെങ്കിലും ഒളിമ്പിക് കായിക വിനോദങ്ങൾ സങ്കുചിത ദേശീയതക്കെതിരാണ് എന്നേത്ര പറയാറ്. ‘സ്പോർട്സ്മാൻ സ്പിരിറ്റ്’ എന്നാൽ സ്വന്തവും സ്വാർഥവും മറന്ന് മികവിനെ അംഗീകരിക്കലാണ്.
പക്ഷേ, മറ്റു രാജ്യങ്ങളിൽ എന്നപോലെ ഇന്ത്യയിലും പലപ്പോഴും സ്പോർട്സ് പേജുകളെ പോലെ തീവ്രദേശീയത ചുരത്തുന്ന ഇനങ്ങൾ കുറവാണ്. അതുകൊണ്ടു കൂടിയാണല്ലോ ജാവലിൻ ത്രോയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ പാകിസ്താന്റെ നദീം അർഷദും ഇന്ത്യയുടെ നീരജ് ചോപ്രയും അത്യപൂർവ വാർത്തയാകുന്നത്. അവരുടെയും അവരുടെ മാതാക്കളുടെയും അപര സ്നേഹം അപൂർവ വാർത്തക്കുമപ്പുറം മറ്റേതോ ലോകത്തെ വിസ്മയവിശേഷംപോലെ ആകുന്നത്. അത്തരം സൗഹൃദങ്ങളെ സാധാരണ രീതിയാക്കാൻ കളിക്കും കളിയെഴുത്തിനും കഴിയേണ്ടതായിരുന്നു. പക്ഷേ ഇപ്പോൾ ചായ്‍വ് മറുഭാഗത്തേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.