ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളും ഭരണമാറ്റവും തുടർ സംഭവങ്ങളും ആ രാജ്യത്തെക്കാൾ ഇന്ത്യൻ പൊതുബോധത്തെയാണ് സ്വാധീനിച്ചതെന്ന് തോന്നിപ്പോകും. അത്ര ശക്തവും വ്യാപകവുമാണ് ഇന്ത്യയിൽ പ്രചരിച്ച വ്യാജവാർത്തകൾ. ആഗോള മാധ്യമരംഗത്ത് ഇത് വ്യാജ വാർത്താ നിർമിതിയുടെ വലിയ ഉദാഹരണമായി എടുത്തുകാട്ടപ്പെടുന്നു. ബംഗ്ലാദേശിലെ പ്രചാരമേറിയ ബംഗാളി ഭാഷാപത്രമായ പ്രോതോം അലോ മുതൽ ബി.ബി.സി യും ഡോയ്ഷെ വെലെയും വരെ അനേകം മാധ്യമങ്ങൾ വസ്തുതാ പരിശോധന നടത്തി പുറത്തുകൊണ്ടുവന്ന വ്യാജവാർത്തകൾ നിരവധിയാണ്. ആഗസ്റ്റ് അഞ്ചു മുതൽ 15 വരെയായി 50 സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നുമാത്രം 15 കോടി 40 ലക്ഷം പേർ വ്യാജവാർത്തകൾ വായിച്ചു....
ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളും ഭരണമാറ്റവും തുടർ സംഭവങ്ങളും ആ രാജ്യത്തെക്കാൾ ഇന്ത്യൻ പൊതുബോധത്തെയാണ് സ്വാധീനിച്ചതെന്ന് തോന്നിപ്പോകും. അത്ര ശക്തവും വ്യാപകവുമാണ് ഇന്ത്യയിൽ പ്രചരിച്ച വ്യാജവാർത്തകൾ. ആഗോള മാധ്യമരംഗത്ത് ഇത് വ്യാജ വാർത്താ നിർമിതിയുടെ വലിയ ഉദാഹരണമായി എടുത്തുകാട്ടപ്പെടുന്നു. ബംഗ്ലാദേശിലെ പ്രചാരമേറിയ ബംഗാളി ഭാഷാപത്രമായ പ്രോതോം അലോ മുതൽ ബി.ബി.സി യും ഡോയ്ഷെ വെലെയും വരെ അനേകം മാധ്യമങ്ങൾ വസ്തുതാ പരിശോധന നടത്തി പുറത്തുകൊണ്ടുവന്ന വ്യാജവാർത്തകൾ നിരവധിയാണ്.
ആഗസ്റ്റ് അഞ്ചു മുതൽ 15 വരെയായി 50 സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നുമാത്രം 15 കോടി 40 ലക്ഷം പേർ വ്യാജവാർത്തകൾ വായിച്ചു. കള്ളവാർത്ത പ്രചരിപ്പിച്ച ഈ അക്കൗണ്ടുകളിൽ 72 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവയായിരുന്നു. ബംഗ്ലാദേശിൽ ഇപ്പോൾ നടന്ന അക്രമസംഭവങ്ങളിൽ ഇരുനൂറിലേറെ പേർ കൊല്ലപ്പെട്ടു; രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നു അവ. കൊല്ലപ്പെട്ടവരിൽ ഹിന്ദുക്കൾ നന്നേ കുറവത്രേ (രണ്ടുപേർ എന്ന് പ്രാഥമിക കണക്ക്).
എന്നാൽ, ഇന്ത്യയിൽ വർഗീയ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് ഹിന്ദുക്കളെ വംശഹത്യ ചെയ്യുന്നു എന്ന തരത്തിലാണ്. അതിന് തെളിവെന്നോണം ഒരുപാട് വ്യാജ വാർത്തകൾ പരത്തി. ഇന്ത്യയിൽ വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം ഇതിനു പിന്നിലുമുണ്ടാകണം.
റിപ്പബ്ലിക് ടി.വിയുടെ ബംഗാളി പതിപ്പായ റിപ്പബ്ലിക് ബംഗ്ല ചാനൽ, മിറർ ന്യൂസ്, സുദർശൻ ന്യൂസ്, മലയാളത്തിലെ സംഘ്പരിവാർ മാധ്യമങ്ങൾ തുടങ്ങിയവയും വ്യാജപ്രചാരണങ്ങളിൽ ഭാഗഭാക്കായി. ബംഗ്ലാദേശിൽനിന്നുള്ള ഫാക്ട് ചെക്കിങ് സൈറ്റായ ‘റൂമർ സ്കാനർ’ (Rumour Scanner) അതിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന അനേകം വ്യാജങ്ങളിൽ ഒന്ന് ഒരു വിഡിയോ വാർത്തയാണ്.
ഒരു ഹിന്ദു സമുദായക്കാരൻ തന്റെ കാണാതായ മകനെച്ചൊല്ലി വിലപിക്കുന്നതാണ് വിഡിയോ. അയാൾ വിളിച്ചുപറയുന്നു: ‘‘എന്റെ ജീവൻ കൊടുത്തും എന്റെ കുട്ടിക്ക് നീതികിട്ടാനായി ഞാൻ ശ്രമിക്കും. എവിടെ എന്റെ മകൻ? അവനെ തേടി ഞാൻ വീടുകൾതോറും അലയുന്നു. ആരും കേൾക്കുന്നില്ല.’’
‘റൂമർ സ്കാനർ’ ഈ വിഡിയോ ഫാക്ട്ചെക്ക് ചെയ്തു. വാസ്തവത്തിൽ വിഡിയോയിൽ കാണുന്നയാൾ ഹിന്ദു അല്ല, മുസ്‍ലിമാണ്. പേര് ബാബുൽ ഹൗലാദർ. തന്റെ കാണാതായ മകനുവേണ്ടി 2013 മുതൽ അന്വേഷണത്തിലാണ് അയാൾ. അതിനായി പ്രക്ഷോഭത്തിലും പങ്കെടുത്തു.
വർഷങ്ങൾ പഴക്കമുള്ള ഒരു വിഡിയോ ഉപയോഗിച്ച് ആരോ ഇറക്കിയ വ്യാജവാർത്ത പരിശോധന കൂടാതെ ഏറ്റുപിടിച്ച് പ്രചരിപ്പിച്ചവരിൽ ഇന്ത്യയിലെ അനേകം സമൂഹമാധ്യമക്കാർ മാത്രമല്ല ഉള്ളത്. ചുരുങ്ങിയത് മൂന്ന് മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളെങ്കിലും അത് സ്വന്തം ‘എക്സ്’ അക്കൗണ്ടുകളിലൂടെ ലോകമാകെ പരത്തി. എൻ.ഡി.ടി.വി, മിറർ നൗ എന്നീ വാർത്താചാനലുകളും അനേകം മാധ്യമങ്ങൾക്ക് വാർത്തകൾ വിതരണം ചെയ്യുന്ന എ.എൻ.ഐ എന്ന ന്യൂസ് ഏജൻസിയുമാണ് ഈ സ്ഥാപനങ്ങൾ.
‘‘ജിഹാദിസ്റ്റുകൾ’’ ഒരു ക്യാമ്പിൽ ബോംബ്പൊട്ടിച്ച് ഹിന്ദുസ്ത്രീകളെ കൊന്നു എന്നു പറഞ്ഞ് ഒരു വിഡിയോ ആഗസ്റ്റ് ഒമ്പതിന് ‘ദീപക് ശർമ’ എന്ന പേരിൽ ‘എക്സി’ൽ പോസ്റ്റ്ചെയ്തു. വാസ്തവത്തിൽ അത് ജഗന്നാഥ രഥയാത്രക്കിടെ ജൂലൈ ഏഴിന് വൈദ്യുതിയേറ്റ് മരിച്ച അഞ്ച് സ്ത്രീകളുടെ ദൃശ്യമായിരുന്നു എന്ന് ‘റൂമർ സ്കാനർ’ കണ്ടെത്തി.
റൂമർ സ്കാനറിന്റെ ഫാക്ട് ചെക്ക്
കള്ളം പൊളിഞ്ഞാൽ
ഇന്ത്യയിലെ സംഘ്പരിവാർപക്ഷ വെബ്സൈറ്റായ ‘ഒാപ് ഇന്ത്യ’യുടെ എഡിറ്റർ ഇൻ ചീഫ് നൂപുർ ശർമ നിരന്തരം തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യാജവാർത്തകൾ പരത്തുന്നതായി ‘റൂമർ സ്കാനർ’ കണ്ടു. ‘റൂമർ സ്കാനർ’ സംഘത്തിലെ ഒരംഗം നൂപുർ ശർമയുടെ ഒരു വ്യാജം പൊളിച്ചുകാട്ടിക്കൊണ്ട് ‘എക്സി’ൽ ആഗസ്റ്റ് 11ന് പോസ്റ്റ് ചെയ്തു. അതിന് അവരുടെ പ്രതികരണം എന്തായിരുന്നു? അവർ വ്യാജം പിൻവലിക്കുകയല്ല, ആ പോസ്റ്റിട്ട ‘റൂമർ സ്കാനർ’ അംഗത്തെ ബ്ലോക്ക് ചെയ്യുകയാണ് ചെയ്തത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളെന്നു പറഞ്ഞ് അനേകം കള്ളവാർത്തയും ഇറങ്ങിയത് ബി.ബി.സിയുടെ ഫാക്ട് ചെക്ക് സ്ഥാപനമായ ‘ബി.ബി.സി വെരിഫൈ’ (BBC Verify)യും ശ്രദ്ധിച്ചിട്ടുണ്ട്. ‘ബി.ബി.സി ഗ്ലോബൽ ഡിസിൻഫർമേഷൻ ടീമി’ലെ ജാക്കി വേക്ക് ഫീൽഡും ‘ബി.ബി.സി വെരിഫൈ’യിലെ ശ്രുതി മേനോനും നടത്തിയ പഠനത്തിന്റെ ഫലം അവർ പുറത്തുവിട്ടിട്ടുണ്ട്.
ബംഗ്ലാദേശിലെ അസ്വസ്ഥതകൾ മുതലെടുത്ത് കള്ളക്കഥകളും വർഗീയ പ്രചാരണവും ശക്തമാക്കിയവരിൽ ആ നാട്ടിലെ വർഗീയവാദികളുണ്ട്; വിവിധ വിദേശ നാടുകളിലുള്ളവരും ഉണ്ട്. പ്രോതോം അലോ എന്ന ബംഗ്ലാ പത്രത്തിന്റെ ‘റൂമർ സ്കാനർ’ സൽവാൻ മൂമിക എന്ന ഇറാഖിയുടെ വകയായി കുറെ എണ്ണം കണ്ടെത്തി; ‘ബി.ബി.സി വെരിഫൈ’യുടെ പരിശോധനയിൽ, ബ്രിട്ടനിലെ ഒരു സ്റ്റീവൻ യാക്സിലി-ലെനർ (‘ടോമി റോബിൻസൺ’ എന്ന കള്ളപ്പേരിൽ) ബംഗ്ലാ സംഭവങ്ങളെപ്പറ്റി പ്രകോപനപരമായ അനേകം വ്യാജ വിഡിയോകൾ നിർമിച്ചിറക്കിയതായും മറ്റുള്ളവർ ഇറക്കിയ വ്യാജങ്ങൾ കാര്യമായി പ്രചരിപ്പിച്ചതായും കണ്ടെത്തി. ‘ബംഗ്ലാദേശിലെ ഇസ്‍ലാമിസ്റ്റുകൾ’ ഹിന്ദുക്ഷേത്രത്തിന് തീയിട്ടുവെന്നാണ് ഒന്ന്.
ചിറ്റഗോങ്ങിലെ അവാമി ലീഗ് പാർട്ടി ഓഫിസിന് പ്രതിഷേധകർ തീകൊടുത്തതായിരുന്നു യഥാർഥ സംഭവം. തൊട്ടടുത്ത് ക്ഷേത്രമുണ്ട്; ഈ ‘നവഗ്രഹ ക്ഷേത്ര’ത്തിന് കേടൊന്നും പറ്റിയിട്ടുമില്ല. ബംഗ്ലാദേശിലെ ഹിന്ദുവായ ഒരു ക്രിക്കറ്ററുടെ വീട് തീയിട്ട് നശിപ്പിച്ചെന്ന് മറ്റൊരു പോസ്റ്റ്. വാസ്തവത്തിൽ അത് അവാമി ലീഗിലെ ഒരു മുസ്‍ലിം എം.പിയുടെ വീടായിരുന്നു.
വസ്തുതർക്കമായാലും
‘‘ഇസ്‍ലാമിസ്റ്റുകൾക്ക് ഭൂരിപക്ഷം കിട്ടിയാൽ ഇങ്ങനെയിരിക്കു’’മെന്ന കുറിപ്പോടെ ‘ടോമി റോബിൻസൺ’
പോസ്റ്റ് ചെയ്ത ഒരു ദൃശ്യത്തിൽ, വീട് ആക്രമിക്കാനെത്തിയവരോട് തന്റെ ഭർത്താവിന്റെ ജീവനുവേണ്ടി യാചിക്കുന്ന ഹിന്ദുസ്ത്രീയെ കാണിച്ചിരിക്കുന്നു. സത്യത്തിൽ, ഭൂമിതർക്കവുമായി ബന്ധപ്പെട്ട പഴയ ഒരു കേസിലേതാണ് സംഭവം. അതിന് സാമുദായിക മാനങ്ങളില്ല; അതിക്രമകാരികളിൽ ഹിന്ദുക്കളും മുസ്‍ലിംകളുമുണ്ട്. ആ പ്രദേശത്തെ ഹിന്ദു കുടുംബങ്ങൾക്കോ ക്ഷേത്രങ്ങൾക്കോ ഒരു ഭീഷണിയുമില്ലെന്ന് ‘ബി.ബി.സി വെരിഫൈ’ തെളിയിച്ചു.
ഹിന്ദുക്കൾ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടുന്ന എ.എഫ്.പിയുടെ ഫാക്ട് ചെക്കിങ്ങിൽ പറയുന്നത്, അവാമി ലീഗ് നേതാക്കളെയാണ് അക്രമികൾ നോട്ടമിട്ടത് എന്നാണ് –അല്ലാതെ വർഗീയമായിട്ടല്ല. കൊല്ലപ്പെട്ട അവാമി ലീഗുകാരിൽ 50ലേറെ േപർ മുസ്‍ലിംകളാണ്; ഹിന്ദുക്കൾ രണ്ടുപേരും.
അക്രമങ്ങൾക്കിടെ ഹിന്ദുക്ഷേത്രങ്ങൾക്ക് മുസ്‍ലിംകൾ കാവലിരുന്ന കുറെ സംഭവങ്ങളുണ്ട്്; ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മസ്ജിദുകളിൽനിന്ന് ആഹ്വാനങ്ങളുണ്ടായി. വർഗീയവൈരം തടയാൻ മുസ്‍ലിംകളും ഹിന്ദുക്കളും കൈകോർത്ത സംഭവങ്ങളും ധാരാളം. ഇതൊക്കെയുണ്ടെങ്കിലും ബംഗ്ലാദേശിൽ പലേടത്തും ഹിന്ദുക്കൾ സാമുദായികമായി ആക്രമിക്കപ്പെട്ടു എന്നതും വാസ്തവമാണ്. പക്ഷേ അത്തരം വർഗീയത നിയന്ത്രിക്കാനല്ല, പടർത്താനാണ് വ്യാജവാർത്തകളിലൂടെ ദുഷ്ടശക്തികൾ ശ്രമിച്ചത്.
വിവിധ രാജ്യങ്ങളിലെ വ്യാജപ്രചാരകർ ബംഗ്ലാദേശ് സംഭവങ്ങളെ വർഗീയമായി ഊതിക്കത്തിക്കാൻ ശ്രമിച്ചു; ഇന്ത്യയിലെ ചിലരുടെ (മാധ്യമപ്രവർത്തകരടക്കം) പങ്ക് വലുതാണ്. ഈ വർഷം ജനുവരിയിൽ ലഭ്യമായ കണക്കനുസരിച്ച്, ലോകത്തൊട്ടാകെ ഇറങ്ങിക്കൊണ്ടിരിക്കുന്ന വ്യാജവാർത്തകളിൽ വളരെ കൂടുതലും ഇന്ത്യയിൽനിന്നാണ്. വ്യാജവാർത്ത ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നതും ഇന്ത്യയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.