അവയവ മോഷണവും വിൽപനക്കഥകളുമൊക്കെ വാർത്തയാകും മുമ്പ് അത്തരമൊരു കഥയുമായി വന്ന സാബു സുരേന്ദ്രൻ എന്ന ‘കഥാകൃത്തി’നെ മാധ്യമപ്രവർത്തകനായ പ്രേംചന്ദ് ഒാർക്കുന്നു. തിരസ്കാരത്തിലൂടെ കഥയുടെ ലോകത്തുനിന്ന് സാബു സുരേന്ദ്രൻ എെന്നന്നേക്കുമായി പുറത്തായി.
* തീരദേശ മേഖലയിൽ
അവയവവിൽപന വ്യാപകം*
* അവയവം വിറ്റത് 22 പേർ *
* നൽകിയവരിലേറെയും
സ്ത്രീകൾ*
[വാർത്ത: 2021 സെപ്റ്റംബർ 10, മാതൃഭൂമി ഏഴാം പേജ്]
അവയവ വിൽപന ഇന്ന് വലിയ വാർത്തയല്ല. അത് ഒന്നാം പേജിൽനിന്നും ഏഴാം പേജിലേക്ക് വരെ എത്തിക്കഴിഞ്ഞു. എന്നാൽ, അത്തരം വാർത്തകൾ എപ്പോൾ പുറത്തുവരുമ്പോഴും സാബു സുരേന്ദ്രൻ എന്ന സുഹൃത്തിനെ അറിയാതെ ഓർത്തു പോകും. എൺപതുകളുടെ ‘ജനകീയ സാംസ്കാരിക വേദി ’ കാല സുഹൃത്താണ് സാബു സുരേന്ദ്രൻ. ഫിലിം സൊസൈറ്റി ആക്ടിവിസ്റ്റായും ചലച്ചിത്ര നിരൂപകനായും സാംസ്കാരിക പ്രവർത്തകനായുമൊക്കെ സാബു അറിയപ്പെടുന്ന പ്രതിഭാസമായിരുന്നു അന്നേ. പിൽക്കാലത്ത് നടൻ, നാടകകൃത്ത്, നാടക സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി പലരംഗത്തും സാബു പോരാട്ടങ്ങൾ തുടർന്നു.
വെബ്സീരീസുകളുടെ കാലം വന്നതോടെ ലോകത്തെവിടെ നിന്നുമുള്ള ആശുപത്രികളിലെ അവയവ വിൽപനയും അവയവ മോഷണവും വിഷയമായ ത്രില്ലറുകൾ പെരുകി. മെഡിക്കൽ ത്രില്ലറുകൾ -സിനിമയിലും നോവലിലുമൊക്കെ അത് ചൂടുള്ള വിഷയമാണ്. എന്നാൽ, കർഷക ആത്മഹത്യകൾ കേരളത്തിലും ചെറിയതോതിൽ മാധ്യമവാർത്തയായി വന്ന് മുഖ്യധാരയുടെ സ്വാസ്ഥ്യംകെടുത്തി തുടങ്ങിയകാലത്ത് അവയവ വിൽപന വലിയ വിഷയമായി കടന്നുവന്നിട്ടില്ല. ദാരിദ്ര്യവും അവയവങ്ങൾ വിൽക്കാൻ നിർബന്ധിതരായവരും കഥയിൽ വന്ന് ഹൃദയം തൊട്ടിട്ടില്ല. ആ കാലത്താണ് അവയവ വിൽപന വിഷയമാക്കിയുള്ള ഒരു കഥയുമായി സാബു സുരേന്ദ്രൻ എന്നെ തേടിവരുന്നത്.
വരൾച്ച കാരണം കൃഷി നശിച്ച ഒരു മലയോര കർഷകൻ മകളുടെ വിവാഹത്തിനായി സ്വന്തം അവയവങ്ങൾ പരസ്യമായി വിൽക്കാൻ വെക്കുന്നതും അവയവ വേട്ടക്കാർ പട്ടിണിക്കാരായ മനുഷ്യരെ തേടി തകർന്ന ഗ്രാമങ്ങളിലേക്ക് നീങ്ങുന്നതുമാണ് ഓർമയിൽ ബാക്കിനിൽക്കുന്ന സാബുവിന്റെ കഥ. വായിച്ചപ്പോൾ ഒരുൾക്കിടിലം തോന്നിയ കഥയായിരുന്നു അത്.
പിടിച്ചപിടിയാൽ ഒറ്റയിരിപ്പിന് വായിക്കാൻ നിർബന്ധിച്ച് മുന്നിലിരിക്കുകയായിരുന്നു സാബു . എനിക്ക് ഇഷ്ടപ്പെട്ടാലേ അത് ആർക്കെങ്കിലും കൊടുക്കേണ്ടതുള്ളൂ എന്ന വാശിയോടെ. വായിച്ചുതീരും വരെ ശ്വാസംമുട്ടി കാത്തിരുന്നു.
‘‘കൊള്ളാം, ഹൃദയത്തെ സ്പർശിക്കും, ഒരു ഞെട്ടലുണ്ടാക്കും. വരാനിരിക്കുന്ന ആസുരകാലത്തിന്റെ ഒരു മുന്നറിയിപ്പ് ഇതിൽ വായിക്കാം’’ – എന്റെ പ്രതികരണം സാബുവിന് ആശ്വാസമായി. കഥയുമായി അവൻ നേരെ ആഴ്ചപ്പതിപ്പിലേക്ക് പോയി. പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങളാണ്. കഥയോ കവിതയോ ലേഖനമോ, എന്തായാലും അത് പത്രാധിപർക്കയച്ച് തീരുമാനം കാത്തിരിക്കുന്നത് ഒരു ശ്വാസംമുട്ടിക്കുന്ന അനുഭവമാണ്. തീരുമാനം പെട്ടെന്നു പറയാതെ സൃഷ്ടികളെ പതുക്കെ കൊല്ലുന്നത് ഒരധികാരതന്ത്രമാണ്. വേണ്ട എന്ന് പറഞ്ഞാൽ എഴുത്തുകാർക്ക് മറ്റ് സാധ്യതകൾ തേടാം. എന്നാൽ, െവച്ചിരുത്തി ഇല്ലാതാക്കുന്ന രീതി പേടിപ്പിക്കുന്നതാണ്. വിഖ്യാത എഴുത്തുകാരൻ നാരായന്റെ ജീവിതത്തിലെ ആദ്യ നോവൽ ഒരു വലിയ നിരൂപകന്റെ അഭിപ്രായവും കാത്ത് ഒരു ദശകത്തിലേറെ അദ്ദേഹത്തിന്റെ ലൈബ്രറിയിൽ കവർപോലും തുറക്കപ്പെടാതെ പുസ്തകപ്പുഴുക്കൾ മാത്രം തിന്നിരുന്ന കഥ ലോകം അറിഞ്ഞത് വർഷങ്ങൾ കഴിഞ്ഞാണ്.
കഥ വായിച്ചോ അതിന്മേൽ തീരുമാനമെടുത്തോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിൽ സാബു പലതവണ വന്നു. വേദനകൾ പറഞ്ഞു. ന്യൂട്ട് ഹാംസന്റെ ‘വിശപ്പ്’ എന്ന നോവലിലെ കഥാപാത്രംപോലെയായിരുന്നു സാബു അപ്പോൾ. പലതവണ ആഴ്ചപ്പതിപ്പിലെ സുഹൃത്തുക്കളുടെ ശ്രദ്ധയിൽ അത് ഞാനും പെടുത്തി നോക്കി: കഥ വേണ്ടെങ്കിൽ വേണ്ട എന്ന് പറഞ്ഞേക്ക്, തിരിച്ചുകൊടുത്തേക്ക് എന്നുവരെ. തിരഞ്ഞെടുപ്പുകളുടെ മുൻഗണനാ ക്രമങ്ങളിലാണ് നേരത്തേ എഴുതി പ്രശസ്തനാകാത്ത ഒരാൾ പിന്നിലായിപ്പോവുന്നതും പ്രശസ്തർ കൂടുതൽ തുല്യരാകുന്നതും.
ഒന്നുമുണ്ടായില്ല. കാത്തിരിപ്പുകൾ വിഫലമായി. ഒരുനാൾ ഇനി മതി കാത്തിരിപ്പ് എന്ന തീരുമാനവുമായി അസ്വസ്ഥനായ സാബു കഥ തിരിച്ചുവാങ്ങാനെത്തി. അപ്പോൾ തിരിച്ചുകൊടുക്കലിന് ഒരു സമയം ചോദിച്ച് എടുത്തുെവക്കാം എന്ന് പറഞ്ഞ് ആഴ്ചപ്പതിപ്പിലെ സുഹൃത്തുക്കൾ സാബുവിനെ തിരിച്ചുവിട്ടു. ആ തിരച്ചിൽ തീർന്നില്ല. കഥ തിരിച്ചു കിട്ടിയതുമില്ല.
പത്രാധിപരുടെ ശേഖരത്തിൽനിന്നും കഥ കാണാതെ പോവുകയായിരുന്നു. തിരിച്ചയക്കാൻ സ്റ്റാമ്പൊട്ടിച്ച കവർ ഒപ്പം െവക്കാത്ത സൃഷ്ടികൾ അക്കാലത്തനുഭവിച്ചു പോന്ന പ്രധാന ദുരന്തങ്ങളിൽ ഒന്നായിരുന്നു അത്. ചവറ്റുകൊട്ടയിലേക്കുള്ള വഴിയിലാണതിന്റെ ജീവിതം. ആ ഓർമപോലും പിന്നെ ഇല്ലാതാകും. എന്നാൽ, കൊട്ടയിലിട്ടു എന്നാരും പറഞ്ഞതുമില്ല. നിരാശയും ക്ഷോഭവും അടക്കി കഥ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ സാബു കുറെനാൾ കൂടി കാത്തിരുന്നു. പിന്നെ കാത്തിരിപ്പ് നഷ്ടകഥയുടെ ഓർമ മാത്രമായി. 2003ന്റെ രണ്ടാം പാതിയിലായിരിക്കണം അത്.
അവയവ മോഷണവും വിൽപനക്കഥകളുമൊക്കെ പിന്നീട് വലിയ വാർത്തകളായി. കേരളത്തിൽ അവയവ മാഫിയ സജീവമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വൃക്കക്കച്ചവടങ്ങൾ അന്വേഷിക്കണമെന്ന മുറവിളികൾ ഉയർന്നു. ചതിക്കപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നു. 2012ൽ അവയവ മാറ്റത്തിന് സർക്കാറിന്റെ മൃതസഞ്ജീവനി പദ്ധതി നിലവിൽവന്നു. പണം കൊടുത്ത് അവയവം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് കുറ്റമാണ്. ജീവിച്ചിരിക്കുമ്പോൾ കരൾ, വൃക്ക, മജ്ജ എന്നിവ ദാനം ചെയ്യാം. കണ്ണ്, പാൻക്രിയാസ്, ശ്വാസകോശം, ഹൃദയം , ചെറുകുടൽ എന്നിവ മസ്തിഷ്കമരണം സംഭവിച്ചശേഷവും ദാനംചെയ്യാം. ജീവിച്ചിരിക്കുന്ന വ്യക്തിക്ക് അടുത്ത ബന്ധുവിന് മാത്രമേ കരളും വൃക്കയും മജ്ജയും പകുത്ത് നൽകാനാവൂ. അതിന് പറ്റാത്ത സാഹചര്യത്തിൽ കടുത്ത നിബന്ധനകൾക്ക് വിധേയമായി ചില ഇളവുകൾ അനുവദിക്കും എന്നുമാത്രം. എന്നാൽ, തീരദേശങ്ങളിൽനിന്നടക്കം അവയവ വിൽപനയുടെ പരാതികൾ നിരന്തരം ഉയർന്നിരുന്നു. അപകട മരണങ്ങളിൽ അവയവ മാഫിയയുടെ പങ്ക് സംശയിക്കപ്പെട്ടു. ലക്ഷങ്ങളുടെയും കോടികളുടെയും കച്ചവടം നടക്കുന്നതായി ആരോപണങ്ങൾ ഉയർന്നു. എന്നാൽ, വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ എല്ലാം കഥകളായി മാറി.
വരും കാലത്തിന്റെ പ്രവചനസ്വഭാവം പേറിയ കഥ നഷ്ടപ്പെട്ടതോടെ അത് അതേ രീതിയിൽ പുനഃസൃഷ്ടിക്കാൻ സാബുവിനായില്ല. അത് ഒരു തീരാവേദനയായി കൊണ്ടുനടന്ന സാബു പിന്നെ കഥയുമായി ഒരിക്കലും തേടിയെത്തിയില്ല. അവയവ മാറ്റം വെള്ളിത്തിരയിൽ പിന്നീട് പലവട്ടം കഥയായി വന്നു. 2011 ൽ രാജേഷ് പിള്ള സംവിധാനംചെയ്ത ‘ട്രാഫിക്’ അവയവ മാറ്റത്തിനുള്ള ഹൃദയവുമായുള്ള യാത്ര ഒരു സംഭവമാക്കി മാറ്റി.
എൺപതുകളുടെ തുടക്കത്തിൽ പടിയന്റെ ‘ത്രാസ’ (1981) ത്തെക്കുറിച്ച് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ തന്നെ മികച്ച ചലച്ചിത്ര നിരൂപണമെഴുതി എഴുത്തിന്റെ ലോകത്തേക്ക് കടന്ന സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്നു സാബു. ‘ഒരു വാതിലടയുമ്പോൾ’ എന്നായിരുന്നു ആ പോയിപ്പോയ കഥയുടെ പേര്. സാബു അത് മറന്നില്ല; ഓർമകൊണ്ട് തിരിച്ചുപിടിക്കാനാവാതെ ഒരു വേദനയായി അത് മാറിയെങ്കിലും. ഇ-മെയിലും വാട്സ്ആപ്പുമൊക്കെ വരുന്നതിനുമുമ്പ് ഒരു സൃഷ്ടിയുടെ അവസാനരൂപം പകർപ്പില്ലാതെ അയക്കുന്നതിൽപരം അപകടം വേറെ ഉണ്ടായിരുന്നില്ല. സ്റ്റാമ്പൊട്ടിച്ച കവർ ഒപ്പംെവച്ചാലും അത് തിരിച്ചുകിട്ടിയാലേ കിട്ടി എന്ന് പറയാനാവൂ.
‘ഒരു വാതിലടയുമ്പോൾ’, എന്ന പേരും സാബുവിനെ സംബന്ധിച്ചിടത്തോളമെങ്കിലും അറംപറ്റിയത് പോലെയായി. കഥയുടെ ആ വാതിൽ അടഞ്ഞു. സാബു പിന്നെയും പലവട്ടം ജീവിതത്തിലേക്ക് കയറിവന്നിട്ടുണ്ട്. പല വേഷത്തിൽ. നടനായും തിരക്കഥാകൃത്തായും മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവായുമൊക്കെ. ജീവിക്കാനും പിടിച്ചുനിൽക്കാനുമുള്ള ബദ്ധപ്പാടുകളായിരുന്നു അതെല്ലാം. എന്നാൽ, ഒരിക്കലും ഒരു കഥാകൃത്തായി സാബു സുരേന്ദ്രൻ പിന്നെ തിരിച്ചുവന്നില്ല.
തിരഞ്ഞെടുക്കപ്പെടാത്ത, മേൽവിലാസമെഴുതിയ സ്റ്റാമ്പ് ഒട്ടിച്ച കവർ ഒപ്പം െവക്കാത്ത എത്രയോ മികച്ച രചനകൾ അവകാശികളിലേക്ക് തിരിച്ചെത്താതെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുന്നുണ്ട്. അങ്ങനെ പാഴ്വസ്തു വിഭാഗത്തിലേക്ക് മാറ്റപ്പെടുന്ന തോറ്റ എഴുത്തുകാരുടെ ലോകം ആരുമറിയുന്നില്ല. അവർ പിടിച്ചുനിന്ന് അതേ പാതയിൽ മുന്നോട്ടുവന്നിട്ടില്ലെങ്കിൽ അവർ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു. അങ്ങനെ കാണാതായിപ്പോയ സൃഷ്ടികളെക്കുറിച്ച് പരിതപിക്കുന്നവർ ഇ-മെയിൽ പൂർവകാലത്ത് ഇപ്പോഴും അലഞ്ഞുതിരിയുന്നുണ്ടാകും.
ഒരെഴുത്തുകാരനെ ഇല്ലാതാക്കാനും ഉണ്ടാക്കാനും കഴിയുന്ന തിരഞ്ഞെടുപ്പുകൾ, നോട്ടങ്ങൾ, നോട്ടപ്പിശകുകൾ ഒക്കെ മാധ്യമചരിത്രത്തിന്റെ ഭാഗമാണ്. അതിന്റെ അധോതലങ്ങളിലേക്ക് നോക്കിയാൽ പുറത്തുവരുന്ന വേദനയുടെ കഥകൾക്ക് അറ്റമുണ്ടാകില്ല. കുറ്റമറ്റ രുചി നിർണയത്തിന് വസ്തുനിഷ്ഠമായ ഒരു യന്ത്രമാതൃകയൊന്നുമില്ല. അതൊരു അനന്തസാധ്യത മാത്രമാണ്. തിരഞ്ഞെടുക്കപ്പെടാം, പെടാതിരിക്കാം. പെടാത്ത എത്രയോ പേരങ്ങനെ ഒരിക്കലും എഴുത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകാതെ ഇല്ലാതായിട്ടുണ്ടാകും. തിരഞ്ഞെടുക്കാൻ നിയുക്തരായവർ മറ്റൊരു വിഭാഗം പേരായിരുന്നെങ്കിൽ ഇന്ന് ചരിത്രത്തിലില്ലാത്ത എത്രയോ രചനകൾ വെളിച്ചം കാണുമായിരുന്നു. പാതാളങ്ങളിൽ അടിഞ്ഞുകൂടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയുമൊക്കെ ഗതിയും ഇങ്ങനെയൊക്കെത്തന്നെ.
തിരഞ്ഞെടുക്കപ്പെടാതെയും അല്ലാതെയും നഷ്ടമാകുന്ന എഴുത്തുകൾ പറയാൻ ബാക്കിെവച്ച കാര്യങ്ങൾ നിരവധിയുണ്ടാകും. തടവറകളിലെ സാഹിത്യംപോലെ. ജയിലിൽനിന്നും പുറത്തെത്തിക്കാനായതുകൊണ്ടുമാത്രം ഇറ്റാലിയൻ മാർക്സിസ്റ്റ് ചിന്തകൻ അന്റോണിയോ ഗ്രാംഷിയുടെ ‘പ്രിസൺ നോട്ട് ബുക്ക്’ ചരിത്രമായി; ഗ്രാംഷിയും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.