രാജ്യമാകെ ഇളകിമറിഞ്ഞ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തിന് രണ്ടു വയസ്സാകുന്നു. എന്തായിരുന്നു സമരത്തിെൻറ സ്വഭാവവും രൂപവും? വിദ്യാർഥികൾ എങ്ങനെയാണ് ചരിത്രമെഴുതിയത്? കലാലയം രാജ്യത്ത് പ്രതിപക്ഷത്തിെൻറ റോൾ എങ്ങനെയാണ് വഹിച്ചത്?
ഭരണഘടനാവിരുദ്ധതയുടെയും മൗലികാവകാശ ലംഘനങ്ങളുടെയും തുടരത്തുടരെയുള്ള ആവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന ഭരണകൂടം ഒരു രാജ്യത്ത് നിലനില്‍ക്കവെ, ബഹുജന പ്രാതിനിധ്യമുള്ള സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് സംശയം ലവലേശമില്ല. അവിടങ്ങളിലാണ് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഇത്തരം വിഷയങ്ങളില്‍ പുലര്‍ത്തുന്ന സങ്കീര്‍ണമായ മൗനത്തെയും നിസ്സംഗതയെയും നാം നോക്കിക്കാണേണ്ടത്. ഈ സങ്കീര്ണതയില്നിന്നുയരുന്ന മൗനത്തെ ഭേദിച്ചാണ് രാജ്യത്തെ തലയെടുപ്പുള്ള കാമ്പസുകള്‍ പല രാഷ്ട്രീയ പ്രശ്നങ്ങളിലും പ്രക്ഷുബ്ധമായിട്ടുള്ളത്. വിദ്യാർഥി സമരങ്ങൾക്ക് എക്കാലവും പ്രസക്തിയുണ്ട്. സമൂഹത്തിലെ ഏറ്റവും ചലനാത്മകമായ രാഷ്ട്രീയ ശക്തിയായിപോലും വിദ്യാർഥികളെ ചൂണ്ടിക്കാണിക്കാം. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയതു മുതൽ ഇന്ത്യയിൽ നടന്നിട്ടുള്ള പ്രധാന പ്രക്ഷോഭങ്ങളിലെല്ലാം വിദ്യാർഥികളും കലാലയങ്ങളും അവരുടേതായ പങ്ക് നിർവഹിച്ചിരിക്കുന്നത് കാണാം. ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമുലയുടെ സ്ഥാപനവത്കൃത കൊലപാതകവും രാജ്യതലസ്ഥാനത്തെ പ്രബുദ്ധ കലാലയമായ ജെ.എൻ.യുവിലെ വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാനവും അടക്കമുള്ള വിഷയങ്ങളിൽ കാമ്പസുകൾ എത്രമാത്രം പ്രക്ഷുബ്ധമായതാണെന്ന് നമ്മൾ കണ്ടതാണല്ലോ. കലാലയങ്ങളിൽനിന്ന് ഉയരുന്ന വൈജ്ഞാനിക അടിത്തറയുള്ള രാഷ്ട്രീയം മുമ്പെങ്ങുമില്ലാത്തവിധം പൊതുസമൂഹത്തിലേക്ക് വ്യാപിച്ചിട്ടുണ്ട്. അത് വെട്ടിത്തുറക്കുന്ന സമര-പ്രതിരോധ മാർഗത്തിന് താരതമ്യേന ശക്തി കൂടുതലുമായിരിക്കും. ഈ തരത്തിലുള്ള രാഷ്ട്രീയ മാർഗം സമീപകാലത്തുണ്ടായതൊന്നുമല്ല. രാഷ്ട്രീയ ചരിത്രങ്ങളിലേക്ക് ഉൗളിയിട്ടാല് വിദ്യാർഥി പ്രക്ഷോഭങ്ങളുണ്ടാക്കിയ മാറ്റങ്ങളുടെ വലിയൊരു നിരതന്നെ കാണാൻ സാധിക്കും. 1920കളിലെ നിസ്സഹകരണ പ്രസ്ഥാനത്തിലും 1930കളിലെ നിയമലംഘന മുന്നേറ്റത്തിലുമൊക്കെ ഇന്ത്യയിലെ പ്രധാന കാമ്പസുകള്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്. അക്കാലയളവില്‍ ഒരു വിദ്യാർഥി സമരത്തില്‍ പങ്കെടുത്ത് നെഹ്റു അഭിപ്രായപ്പെട്ടത് ''ദേശീയ സമരത്തില്‍ പങ്കെടുക്കല്‍ വിദ്യാർഥികളുടെ പരിശുദ്ധമായ ഉത്തരവാദിത്തമാണ്'' എന്നാണ്. മുല്ലപ്പൂ വിപ്ലവത്തിെൻറയും അമേരിക്കയിലെ വിയറ്റ്നാം യുദ്ധവിരുദ്ധ പോരാട്ടത്തിെൻറയും ചരിത്രമെടുത്തുനോക്കിയാലും ഈ മുന്നേറ്റം നമുക്ക് കാണാം. അടിയന്തരാവസ്ഥ കാലത്ത് ഏറ്റവും ശക്തമായ പ്രതികരണങ്ങളുണ്ടായത് രാജ്യത്തെ പ്രധാന കാമ്പസുകളില്നിന്നാണല്ലോ. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്ന നിലവരെ എത്തിയിരുന്നു. ബോംബെ, തെലങ്കാന തുടങ്ങിയ ഇടങ്ങളിലെ ഭാഷാടിസ്ഥാന സംസ്ഥാന വിഭജനത്തിെൻറ തീപ്പൊരികളുണ്ടായതും വിദ്യാർഥികളില്‍നിന്നുതന്നെ. ഇങ്ങനെ ചരിത്രപരമായി വിദ്യാർഥികളും കലാലയങ്ങളും ചടുലവും വൈജ്ഞാനികവുമായ രാഷ്ട്രീയ മാർഗം തുറന്നുവെച്ചവരാണ്. ഈ വഴികളിലൂടെയുള്ള മുന്നേറ്റത്തുടര്ച്ച എന്ന നിലയിലാണ്, 2019 വർഷാവസാനം നടന്ന സി.എ.എ-എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭങ്ങള്‍. ഈ സമരങ്ങളുടെ പ്രഭവകേന്ദ്രം കാമ്പസുകളാകുന്നതിെൻറ പശ്ചാത്തലംകൂടി ചര്‍ച്ചയാവേണ്ടതുണ്ട്. ഭരണഘടനാ വിരുദ്ധവും വിഭജന മാനവുമുള്ള നിയമങ്ങള്‍ കൊണ്ടുവന്ന് കേന്ദ്രസർക്കാർ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ ''ഈ രാജ്യത്തെ പ്രതിപക്ഷമെവിടെ'' എന്ന പരിഹാസ്യപൂരകമായ ചോദ്യം അന്തരീക്ഷത്തില്‍ ബാക്കിയാവുന്നുണ്ട്. ആകുലതയാര്‍ന്ന ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രാജ്യം കണ്ട സി.എ.എ-എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭങ്ങൾ. അവിടെയാണ് കലാലയം എന്ന പ്രതിപക്ഷമുണ്ടാകുന്നത്.
സി.എ.എ-എൻ.ആർ.സി വിരുദ്ധ സമരങ്ങൾ തുടങ്ങിയിട്ട് രണ്ടു വർഷം തികയുന്നു. പക്വമായ ബോധാടിസ്ഥാനത്തിൽ കലാലയങ്ങൾ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷക്കാരായി മാറിയതിെൻറ രണ്ടാംവർഷം. 2019 ഡിസംബർ ഒമ്പതിനാണ് 80നെതിരെ 311 വോട്ടുകളുമായി പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ പാസാകുന്നത്. തുടർന്ന് ഡിസംബർ 11ന് 105നെതിരെ 125 വോട്ടുകളുമായി രാജ്യസഭയിലും ബിൽ പാസായി. ജനാധിപത്യ ഇന്ത്യയുടെ ഇരുണ്ട ദിനങ്ങളിലൂടെയായിരുന്നു അന്ന് ജനം കടന്നുപോയത്. ഭരണഘടനക്ക് അപരിചിതമായ മതാധിഷ്ഠിത വിഭജനമായിരുന്നു കേന്ദ്രസർക്കാറിെൻറ ലക്ഷ്യം. ഭരണകൂടത്തിെൻറ ഉദാരതയായാണ് പൗരത്വത്തെ അവര്‍ കണ്ടത്. 1955ലെ പൗരത്വ നിയമത്തിെൻറ ഭേദഗതിയാണ് 2019ലെ പൗരത്വ ഭേദഗതി നിയമം. 2003ല്‍ വാജ്പേയിയുടെ കാലത്താണ് ഈ നിയമത്തിൽ നിർണായകമായ മറ്റൊരു ഭേദഗതി വന്നിട്ടുള്ളത് എന്നത് മനസ്സിലാക്കിയാൽതന്നെ ഇതിലെ സംഘ്പരിവാർ അജണ്ട നമുക്ക് വ്യക്തമാകും. പൗരത്വനിയമം ഭേദഗതി ചെയ്തതോടെ അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗങ്ങള്‍ അനധികൃത കുടിയേറ്റക്കാർ എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. ഇതിൽ രണ്ടുതരത്തിലാണ് വേർതിരിവ് (വിഭജനം) നിലനിൽക്കുന്നത്. ഒന്ന്- ഹിന്ദു, സിഖ്, പാഴ്സി, ജൈന, ക്രിസ്ത്യൻ എന്നിങ്ങനെ മതപരമായ വേർതിരിവ്. രണ്ട്- അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിങ്ങനെ രാജ്യങ്ങൾക്കനുസരിച്ചുള്ള വിഭജനം. ഇത് വ്യക്തമായും ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. മ്യാൻമറും ചൈനയും ശ്രീലങ്കയും നേപ്പാളുമൊന്നും നിയമത്തിെൻറ പരിധിയിലില്ല. സ്വാഭാവികമായും അവിടെനിന്നുള്ള റോഹിങ്ക്യകൾ, തമിഴ് വംശജർ തുടങ്ങിയവർക്ക് ഈ പരിരക്ഷ ലഭിക്കുന്നില്ല. ഒപ്പം പാകിസ്താനിൽനിന്നുള്ള ശിയാ, അഹ്മദിയ വിഭാഗങ്ങൾക്കും ഈ പരിഗണന ലഭിക്കുന്നില്ല എന്നുള്ളത് കൃത്യമായും വേർതിരിവാണ്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ ഇത്തരത്തിൽ, പൗരത്വ മാനദണ്ഡമായി മതം നിർണയിക്കപ്പെടുന്നത് ഭരണഘടനയിലെ 5 മുതൽ 11 വരെയും 14,15 വകുപ്പുകളുടെയും നഗ്നമായ ലംഘനമാണ്. ഒരു രാത്രിയിൽ, പ്രാബല്യത്തിലിരുന്ന നോട്ടുകൾ നിരോധിക്കുകയും അസാധുവാക്കുകയും ചെയ്തതിനോടാണ് പൗരത്വ പട്ടിക തയാറാക്കലിനെ പ്രശാന്ത് കിഷോർ ഉപമിച്ചത്. ഇന്ത്യാ ഗവൺമെൻറിെൻറ ഈ വിഭജന കഠാരകൾക്കെതിരെ അന്തർദേശീയ തലത്തിൽപോലും പ്രതിഷേധങ്ങളുണ്ടായി. അമേരിക്കയുടെ യു.എസ് ഫെഡറേഷൻ കമീഷൻപോലും ഈ നിയമത്തിനെതിരെ രംഗത്തു വന്നു. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന ലോകത്തിലെ തന്നെ ചുരുക്കം രാജ്യങ്ങളിൽ (ഒരുപക്ഷേ ഒരേയൊരു) ഒരു രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. നാസി സ്വഭാവമുള്ള തീവ്ര വലതുപക്ഷ ഭരണകൂടം ആദ്യം പൗരത്വവിവേചനമുണ്ടാക്കി മുസ്ലിം-കീഴാള വിഭാഗങ്ങളെ അടിച്ചമര്‍ത്തി. ഇപ്പോൾ പൗരത്വനിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈയൊരു സാമൂഹിക സാഹചര്യത്തിലാണ് മുസ്ലിം സമുദായത്തെ പ്രത്യക്ഷമായും, ഭരണഘടനയെയും, ഇന്ത്യയുടെ മതനിരപേക്ഷതയെ ആകെ തന്നെയും ബാധിക്കുന്ന ഈ വിഷയത്തിനെതിരെ പ്രതികരിക്കേണ്ടതിെൻറ ആവശ്യകത ഇന്ത്യയിലെ കലാലയങ്ങൾ മനസ്സിലാക്കുന്നത്. പൗരത്വനിയമഭേദഗതിയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയാണ് മുഖ്യധാര കാമ്പസുകളിലെ വിദ്യാർഥി സംഘടനകൾ ആദ്യം ചെയ്തത്.
സി.എ.എ വിരുദ്ധ സമരങ്ങളുടെ തീപ്പൊരി ആദ്യമുണ്ടാകുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ്. അവിടെയും വിദ്യാർഥികള്‍ തന്നെയായിരുന്നു സമരനേതൃത്വം ഏറ്റെടുത്തിരുന്നത്. അസമില്‍ 'ഓള് ഇന്ത്യ അസം സ്റ്റുഡൻറ്സ് യൂനിയനാ'ണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്തത്. സമരങ്ങൾക്ക് ദേശീയ ശ്രദ്ധ കിട്ടുന്നത് അതിനും ശേഷമാണ്. ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലെയും അലീഗഢ് മുസ്ലിം സർവകലാശാലയിലെയും വിദ്യാർഥികൾ സമരം ഏറ്റെടുത്തതോടെ സമരത്തിെൻറ തീപ്പൊരി ആളിക്കത്തി. ബില്‍ പാർലമെൻറില്‍ അവതരിപ്പിക്കുന്ന ദിവസങ്ങളിൽതന്നെ അലീഗഢ് മുസ്ലിം സർവകലാശാലയിൽ പ്രതിഷേധ പരിപാടികൾ ആരംഭിച്ചിരുന്നു. ഡിസംബർ എട്ടിന് അലീഗഢില്‍ പ്രതിഷേധസംഗമം നടക്കുമ്പോൾ ഇന്ത്യയിലെവിടെയും സമരപരിപാടികൾ സംഘടിപ്പിക്കപ്പെട്ടിരുന്നില്ല. തുടർന്ന് ജാമിഅ മില്ലിയ്യയിലെ പ്രതിഷേധങ്ങളെ പൊലീസ് കായികപരമായി നേരിട്ടു. കാമ്പസിനകത്ത് കയറി ഡല്‍ഹി പൊലീസ് നടത്തിയ കിരാതവാഴ്ച ഇന്ത്യയാകെ പ്രതിഷേധാഗ്നി പടരാന്‍ കാരണമായി. അലീഗഢിലും ജാമിഅയിലും സമാധാനപരമായി നടന്ന പ്രതിഷേധങ്ങളെ പൊലീസ് നേരിട്ടത് ബുള്ളറ്റുകളും സ്റ്റന് ഗ്രനേഡുകളുമുപയോഗിച്ചാണ്. പ്ലക്കാർഡുകള്‍ക്കും മുദ്രാവാക്യങ്ങൾക്കും മറുപടി ലഭിച്ചത് ടിയർ ഗ്യാസുകളിലൂടെയും പെല്ലറ്റുകളിലൂടെയുമാണ്. ഡിസംബർ 12ന് ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലെ ഗേൾസ് ഹോസ്റ്റലിൽനിന്ന് മെയിന്‍ കാമ്പസിലേക്ക് നടത്തിയ ഫ്ലാഷ് മാർച്ചാണ് പ്രതിഷേധങ്ങൾക്ക് വലിയ വിദ്യാർഥി പ്രാതിനിധ്യം ഉണ്ടാക്കിയത്. ഡിസംബർ 15ലെ ഡൽഹി പൊലീസിെൻറ മൃഗീയനടനം സമരങ്ങളുടെ ശക്തിയും ഊർജവും കൂട്ടി. പ്രസ്തുത ദിവസങ്ങളിൽ അലീഗഢ് മുസ്ലിം സർവകലാശാലയിൽ നടന്ന പ്രതിഷേധ പരിപാടികളിൽ 25000ത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്. ജാമിഅയിലെയും അലീഗഢിലെയും തുടർച്ചയായ പൊലീസ് അക്രമങ്ങൾക്കെതിരെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യയാകെ സമരപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ അതുവരെ ഏറ്റെടുക്കാൻ മടിച്ച പോരാട്ടത്തിെൻറ കനൽ ഹസ്തങ്ങൾ ഒറ്റരാത്രികൊണ്ടാണ് ഇന്ത്യയിലെ പരശതം കാമ്പസുകളിലേക്ക് പടർന്നുപിടിച്ചത്. യഥാർഥത്തിൽ ഇന്ത്യയിലെ മറ്റ് കാമ്പസുകളിൽ സമരങ്ങൾ സംഘടിക്കപ്പെട്ടതായിരുന്നില്ല. ജാമിഅ മില്ലിയ്യയും അലീഗഢ് സർവകലാശാലയും ഇന്ത്യയാകെ വ്യാപിക്കുകയായിരുന്നു.
തോക്കിനും ലാത്തിക്കും കീഴടങ്ങാതെ തെരുവുകളിലേക്കും തുടർന്ന് പള്ളികളിലും മഹല്ലുകളിലും സ്കൂളുകളിലും ഈ തീനാളങ്ങൾ ജ്വലിച്ചുനിന്നു. ഡൽഹിയിലെ ജാമിഅ ഹംദര്‍ദ്, ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്സിറ്റി, ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി, ജെ.എന്‍.യു, ഡൽഹി യൂനിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, ഐ.ഐ.ടി മുംബൈ, മുംബൈ യൂനിവേഴ്സിറ്റി, ഐ.ഐ.ടി ഡൽഹി, പട്ന യൂനിവേഴ്സിറ്റി, ജാദവ്പൂർ യൂനിവേഴ്സിറ്റി, പുതുച്ചേരി കേന്ദ്ര സർവകലാശാല, മദ്രാസ് ഐ.ഐ.ടി, പുണെ സാവിത്രി ഫൂലെ സർവകലാശാല, ലഖ്നോ ഇൻറഗ്രല്‍ സർവകലാശാല, നദ്വത്തുല് ഉലമ, ഐ.ഐ.എസ്.സി ബംഗളൂരു തുടങ്ങി ഐ.ഐ.ടികൾ മുതൽ ലോവർ പ്രൈമറി സ്കൂളുകൾ വരെ സമരരംഗത്തെത്തി.
ജാമിഅയിൽനിന്ന് തെരുവുകളിലേക്ക് വ്യാപിച്ച സമരം ശാഹീൻബാഗിലെ വിഖ്യാതമായ സമരപ്പന്തലിലേക്ക് വ്യാപിച്ചു. സമരം ശക്തിയുക്തമായതോടെ അതിനെ നേരിടാൻ പൊലീസിനൊപ്പം സംഘ്പരിവാർ 'ഐ.ടി മെഷീനുകളും' രംഗത്തെത്തി. 'ഗോദി മീഡിയ'കളെന്ന് പരിഹസിക്കപ്പെടുന്ന പല മുഖ്യധാരാ മാധ്യമങ്ങളും പ്രക്ഷോഭങ്ങളെ വളരെ മോശം രീതിയിൽ വളച്ചൊടിച്ചു. പൊലീസിെൻറ ക്രൂരതകളെ റിപ്പോർട്ട് ചെയ്യാതിരിക്കാൻ ഗോദി മീഡിയകള്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചകളും കണ്ടു. രാജ്യദ്രോഹി, ഹിന്ദുവിരുദ്ധന്‍, അര്‍ബന്‍ നക്സലൈറ്റ് തുടങ്ങിയ വാഗ്ധോരണികളാണ് സർവകലാശാല വിദ്യാർഥികള്‍ അന്ന് നേരിട്ടത്.
പൊലീസ് അതിക്രമത്തില്‍ കാഴ്ച നഷ്ടപ്പെട്ട, കൈകള്‍ നഷ്ടപ്പെട്ട, മറ്റു സാരമായി പരിക്കുകളേറ്റ വിദ്യാർഥികള്‍ ഈ പ്രക്ഷോഭത്തിലെ ജീവിക്കുന്ന രക്തസാക്ഷികൾതന്നെയാണ്. കാമ്പസുകൾ ഭരണാധികാരികളെ വിരൽചൂണ്ടി വിറപ്പിച്ചു നിർത്തുന്ന കാഴ്ചകളിൽ പരിഭ്രാന്തരായാണ്, അധികാരികൾ വിദ്യാർഥികളെ തല്ലിച്ചതക്കാൻ നിർദേശം നൽകിയത്. എന്നാൽ വിദ്വേഷത്തിനും വെറുപ്പിനും പകരം ജവഹർലാൽ നെഹ്റുവിെൻറ നെഞ്ചിലെ ചെമ്പനീർപൂക്കൾ നീട്ടി വിദ്യാർഥികൾ സമരനാള ചരിത്രങ്ങൾക്ക് പുതിയ ഭാഷ്യം എഴുതിത്തീർത്തു.
ബ്രിട്ടീഷ് ഭരണകൂടത്തിെൻറ ഭീഷണികൾക്കു മുന്നിൽ മുട്ടുകുത്താത്ത, ചരിത്രനായകന്മാരായ മുഹമ്മദലി ജൗഹറും സാകിർ ഹുസൈനും പടുത്തുയർത്തിയ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ പ്രക്ഷോഭത്തിെൻറ പ്രഭവകേന്ദ്രമാകുന്നത് ചരിത്രപരമായ സ്വാഭാവികതയാണ്
ഡൽഹി പൊലീസിെൻറയും സംഘ്പരിവാർ ഭരണാധികാരികളുടെയും വെറുപ്പും പകയും കാമ്പസുകളിലുമൊതുങ്ങിയില്ല. ഡൽഹിയിലും മറ്റും സംഘ്പരിവാർ കലാപത്തിന് ആഹ്വാനം ചെയ്തു. ജയ്ശ്രീരാം വിളിച്ചെത്തിയ ആയുധധാരികളെ പറ്റി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുസ്ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ടു. 53 പേരാണ് സംഘ്പരിവാറിെൻറ മൃഗീയാക്രമണത്തിൽ കൊല്ലപ്പെട്ടത്. തെളിവുകളുണ്ടായിട്ടും ഡൽഹി പൊലീസ് ബി.ജെ.പി നേതാക്കളെയും പ്രവർത്തകരെയും കേസെടുക്കാതെ രക്ഷിച്ചു. ഇതിനെ രൂക്ഷമായി വിമർശിച്ച ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധരനെ സ്ഥലം മാറ്റിയാണ് കേന്ദ്രം പകരംവീട്ടിയത്. തുടർന്ന് വിദ്യാർഥികളെയും സാമൂഹിക പ്രവർത്തകരെയും തിരഞ്ഞുപിടിച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ചു. വിദ്യാർഥി നേതാക്കളായിരുന്ന ശര്‍ജീല്‍ ഇമാം, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, സഫൂറ സര്‍ഗാര്‍, ശഫീഉല്ല തുടങ്ങിയവരെ പലകാലങ്ങളിലായി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ ഗര്‍ഭിണിയായിരുന്ന സഫൂറ സര്‍ഗാറിന് ഒരു മാനുഷിക പരിഗണനയും കൊടുക്കാത്തത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടും ഡൽഹി പൊലീസും കേന്ദ്രസർക്കാറും മൗനംപാലിക്കുകയാണുണ്ടായത്.
ഇക്കാലയളവിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, യോഗേന്ദ്ര യാദവ് തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പേരുകളും കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടു. പ്രതിഷേധിക്കുന്നവരെയും പ്രതികരിക്കുന്നവരെയും ജയിലിലടച്ച് മൗനികളാക്കുക എന്നതായിരുന്നു മോദിസർക്കാർ ചെയ്തത്. ''വസ്ത്രങ്ങൾ കണ്ടാല്‍ തിരിച്ചറിയാമെ''ന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽനിന്നുതന്നെ നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാമല്ലോ.
ബ്രിട്ടീഷ് ഭരണകൂടത്തിെൻറ ഭീഷണികൾക്കു മുന്നിൽ മുട്ടുകുത്താത്ത, ചരിത്രനായകന്മാരായ മുഹമ്മദലി ജൗഹറും സാകിർ ഹുസൈനും പടുത്തുയർത്തിയ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ പ്രക്ഷോഭത്തിെൻറ പ്രഭവകേന്ദ്രമാകുന്നത് ചരിത്രപരമായ സ്വാഭാവികതയാണ്. വിദ്യാർഥികളെ വെറുതെ ആവേശം കൊള്ളിക്കുന്നതിന് പകരം ഈ നിയമത്തെക്കുറിച്ചും അതിലെ അപകടങ്ങളെക്കുറിച്ചും കൃത്യമായ അവബോധം നൽകാനാണ് അവർ ശ്രമിച്ചത്. സർഗാത്മകമായ വൈജ്ഞാനിക അടിത്തറയുള്ള സമരമാർഗങ്ങൾ മുന്നോട്ടുവെക്കുന്ന വിദ്യാർഥിസമൂഹം സമീപകാല ഇന്ത്യയുടെ ക്രിയാത്മക പ്രതിപക്ഷമാണ്. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർഥിസമൂഹത്തിലെ പതിനായിരത്തോളം വിദ്യാർഥികൾക്കെതിരെയാണ് ഈ സമരങ്ങളിലാകെ എഫ്.െഎ.ആർ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ജാമിഅയിൽനിന്നും അലീഗഢിൽനിന്നും പൊട്ടിപ്പുറപ്പെട്ട് ഇന്ത്യയാകെ വ്യാപിച്ച പൗരത്വസമരത്തിെൻറ, മുഖ്യധാരാ കാമ്പസുകളിലെ നാള്‍വഴികളിലേക്ക്.
''ഇത് എനിക്ക് ചരിത്രം പഠിപ്പിക്കാനോ നിങ്ങൾക്ക് ചരിത്രം പഠിക്കാനോ ഉള്ള സന്ദർഭമല്ല, മറിച്ച് ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണ്'', ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയുടെ പ്രഥമ വൈസ് ചാൻസലർ ആയിരുന്ന മൗലാന മുഹമ്മദലി ജൗഹർ സ്വാതന്ത്ര്യസമരകാലത്ത് പറഞ്ഞ വാചകങ്ങളാണിവ. രാജ്യത്താകമാനം വ്യാപിച്ച പൗരത്വഭേദഗതി നിയമവിരുദ്ധ പോരാട്ടങ്ങളുടെ പ്രഭവകേന്ദ്രമായ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ചരിത്രാവർത്തനങ്ങളുടെ പാത കടക്കുകയാണ്. നിസ്സഹകരണ-ഖിലാഫത് പ്രചാരണങ്ങളിൽനിന്നും, ദേശീയ പ്രസ്ഥാനത്തിൽനിന്നും ഊർജംകൊണ്ടുണ്ടായ സ്ഥാപനത്തിെൻറ ചരിത്രപരമായ ഉത്തരവാദിത്തമാണ് ജാമിഅ നിറവേറ്റിയത്. രണ്ടാം സ്വാതന്ത്ര്യസമരത്തിെൻറ വളവും വളർച്ചയുമാവുക എന്നുള്ള ഉത്തരവാദിത്തം. ഗാന്ധിജി, മൗലാനാ മുഹമ്മദലി, ഹക്കീം അജ്മൽ ഖാൻ, സരോജിനി നായിഡു, മൗലാന മഹ്മൂദ് ഹസന്, ഇഖ്ബാൽ, സാകിര്‍ ഹുസൈന്, സൈഫുദ്ദീന് കിച്ച്ലു തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുണ്ടാക്കിയ ജാമിഅ മില്ലിയ്യ പോരാട്ടവീഥികളുടെ നായകത്വം വഹിക്കുന്നതില്‍ അത്ഭുതമില്ല.
പൗരത്വ നിയമഭേദഗതി ബില്‍ പാർലമെൻറിൽ വെക്കുന്ന ദിവസങ്ങളിൽതന്നെ ജാമിഅ മില്ലിയ്യയിൽ ചെറിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾ തുടങ്ങിവെക്കപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായ ഡിസംബർ 9ന് ബാഫഖി സ്റ്റഡി സര്‍ക്കിള്‍ സെന്‍ട്രല്‍ കാൻറീെൻറ മുന്‍വശത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഡിസംബർ 10ന് എം.എസ്.എഫ് ആഹ്വാനം ചെയ്ത സമരം വിദ്യാർഥി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഡിസംബർ 11ന് ഐസയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും ബോയ്സ് ഹോസ്റ്റലിൽനിന്ന് മെയിന്‍ കാമ്പസിലേക്ക് ടോര്ച്ച്മാര്ച്ചും നടന്നു. ഡിസംബർ 12ന് ഗേൾസ് ഹോസ്റ്റലിൽനിന്നും മെയിന്‍ കാമ്പസിലേക്ക് നടത്തിയ ഫ്ലാഷ് മാര്‍ച്ചാണ് സമരങ്ങൾക്ക് ഒരു മാസ്സിവ് മുഖം കൊടുത്തത്. അതോടെ സമരങ്ങൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഡിസംബര്‍ 13 വെള്ളിയാഴ്ച പാർലമെൻറ് സമ്മേളനത്തിലെ അവസാന ദിവസമായിരുന്നു. അന്ന് സംയുക്ത പാര്‍ലമെൻറ് മാര്‍ച്ചിന് വിവിധ വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്തു. മൂന്ന് മണിക്ക് 13ാം നമ്പര്‍ ഗേറ്റില്‍നിന്നും തുടങ്ങിയ 'ജാമിഅ ടു പാർലമെൻറ് മാർച്ച്' ഒന്നാം നമ്പർ ഗേറ്റിൽ െവച്ച് പൊലീസ് തടഞ്ഞു. കാമ്പസിൽനിന്നും വെറും 200 മീറ്റർ അകലെ വെച്ച്, കാമ്പസിൽ പരീക്ഷ നടന്നുകൊണ്ടിരിക്കെ, പൊലീസ് ടിയർ ഗ്യാസുകളും മറ്റുമുപയോഗിച്ച് വിദ്യാർഥികളെ ആക്രമിച്ചു. ലാത്തികൊണ്ട് തല്ലിച്ചതച്ചു. കാമ്പസിനകത്തേക്കും കണ്ണീർവാതകം പ്രയോഗിക്കുകയുണ്ടായി. പൊലീസുപയോഗിച്ച കണ്ണീർവാതക ഷെല്കൊണ്ട് ഒരു വിദ്യാർഥിയുടെ കൈ തകർന്നുപോയി. പിന്നീട് ഈ കൈ മുറിച്ചുമാറ്റേണ്ടിവന്നു. പൊലീസിെൻറ ക്രൂരമർദനത്തില്‍ മലയാളികളടക്കം മുപ്പതോളം വിദ്യാർഥികൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായി. സമാധാനപരമായ ഈ പ്രതിഷേധത്തെ തല്ലിച്ചതക്കുക മാത്രമല്ല, 42 വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്താണ് പൊലീസ് അവരുടെ അമർഷം തീർത്തത്.
''ഡിസംബർ 13, ഞങ്ങൾക്കന്ന് പരീക്ഷയുണ്ടായിരുന്നു. പുറത്തുനിന്നും ബഹളങ്ങൾ പരീക്ഷയുടെ തുടക്കത്തിൽതന്നെ കേൾക്കാമായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞതും ഉറക്കെ വെടിപൊട്ടുന്ന ശബ്ദം ഞങ്ങളുടെ ഹാളിലേക്ക് ഒന്നിന് പിറകെ ഒന്നായി കേൾക്കാൻ തുടങ്ങി. പുറത്തുനിന്നുമുള്ള പേടിപ്പിക്കുന്ന ശബ്ദങ്ങൾ കേട്ട് പരീക്ഷയെഴുതിക്കൊണ്ടിരുന്നവർ മുഖത്തോടുമുഖം നോക്കി പരസ്പരം ആശ്വസിപ്പിക്കാൻ തുടങ്ങി. പരീക്ഷയെഴുതിക്കൊണ്ടിരുന്ന പലർക്കും പിന്നീട് ശ്വാസതടസ്സവും ശാരീരികാസ്വാസ്ഥ്യവും നേരിട്ടു. 5.30ന് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഞങ്ങള്‍ കണ്ട ജാമിഅയുടെ മുന്നിലെ റോഡും, ജാമിഅ മുഴുവനായും ഒരു കലാപം കഴിഞ്ഞ പ്രതീതിയായിരുന്നു. പലരും പൊലീസിെൻറ മർദനമേറ്റ് ഹോസ്പിറ്റലുകളിലായിരുന്നു. എന്നാൽ ഇത് ജാമിഅയിലെ കുട്ടികളുടെ പ്രതിഷേധവീര്യം കൂട്ടുകയേ ചെയ്തുള്ളൂ'' (ഷാദിയ റഹ്മാന്, 'ജാമിഅ ഇന്ത്യയാകെ വ്യാപിക്കുകയായിരുന്നു', ചന്ദ്രിക ആഴ്ചപ്പതിപ്പ്, ലക്കം: 16).
ഡിസംബർ 13ലെ പൊലീസിെൻറ ക്രൂരമർദനത്തിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ പരീക്ഷകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. ജാമിഅയുടെ ജീനിൽ പറ്റിപ്പിടിച്ചു കിടക്കുന്ന നിസ്സഹകരണത്തിെൻറ അർഥമുൾക്കൊള്ളുന്ന ബഹിഷ്കരണമായിരുന്നു അത്. തുടർന്ന് ഡിസംബർ 14ന് വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചു. ഇത് സമരത്തിെൻറ ശക്തികൂട്ടി. തൊട്ടടുത്ത ദിവസമായ ഡിസംബർ 15ന്, ഡിസംബർ 13ലെ അക്രമത്തിെൻറ പശ്ചാത്തലത്തിൽ പീസ് മാർച്ച് സംഘടിപ്പിക്കപ്പെട്ടു. അന്ന് വൈകുന്നേരത്തോടെ, സമരക്കാർ DTC ബസിന് തീയിട്ടെന്ന വ്യാജവാർത്ത ബ്രേക്കിങ് ന്യൂസായി പ്രചരിക്കാന്‍ തുടങ്ങി. അവസരം മനസ്സിലാക്കിയ പൊലീസ് ആദ്യം ജാമിഅയുടെ പുറത്ത് സമാധാനമായി സമരം ചെയ്തിരുന്ന വിദ്യാർഥികളെയും തുടർന്ന് കാമ്പസിനകത്തുള്ളവരെയും ക്രൂരമായി മർദിച്ചു. കാമ്പസിനകത്ത് കയറിയ പൊലീസ് ചരിത്രത്തിലിന്നോളമില്ലാത്തവിധം മൃഗീയമായി പെരുമാറി. ലൈബ്രറിയിലിരുന്ന് പഠിക്കുന്ന വിദ്യാർഥികളെയടക്കം തല്ലിച്ചതച്ച പൊലീസ്, കാമ്പസിലെ പൊതുമുതലുകളും വെറുതെവിട്ടില്ല. ആറുമണിയോടെ മെയിന്‍ ലൈബ്രറിയിലെ ഇബ്നുസീന റീഡിങ് റൂമിലെത്തിയ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ലൈബ്രറിയാകെ നശിപ്പിക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ സമസ്തിപൂരില്നിന്നുള്ള മിന്ഹാജുദ്ദീന് എന്ന വിദ്യാർഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. അക്ഷരാർഥത്തില്‍ അന്ന് ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ ഒരു യുദ്ധഭൂമിയായി മാറി. സായുധരായ ഡൽഹി പൊലീസ് വിദ്യാർഥികൾക്ക് നേരെ അക്രമോത്സുക അഴിഞ്ഞാട്ടം തന്നെ നടത്തി. ജാമിഅ മില്ലിയ്യ ഒരു മധ്യകാല കോട്ടയല്ലെന്നും ആധുനിക ഇന്ത്യയിലെ സർവകലാശാലയാണെന്നും തിരിച്ചറിയാനുള്ള വിവേകം ഡൽഹി പൊലീസിനുണ്ടായിരുന്നില്ല. ഈ ദിവസത്തെ പൊലീസ് അക്രമത്തിൽ, മാനവവിഭവശേഷി മന്ത്രാലയത്തിന് സർവകലാശാല സമർപ്പിച്ച റിപ്പോർട്ട് പ്രകാരം രണ്ടര കോടിയോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഇതില്‍ 80 ശതമാനത്തോളം ലൈബ്രറിയിലാണ് എന്നുകൂടി ഓർക്കുക. ജാമിഅയുടെ മെയിന്‍ റോഡില്‍ കുഴപ്പമുണ്ടാക്കിയ അക്രമികളെ പിന്തുടർന്നാണ് തങ്ങൾ ജാമിഅയിൽ എത്തിയതെന്നായിരുന്നു പൊലീസ് വാദം. എന്നാൽ ആ സ്ഥലങ്ങളിൽ അക്രമസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. തെളിവായി കാണിച്ച കത്തിയ ബസുകൾ കിലോമീറ്ററുകൾക്കപ്പുറം ഈശ്വര്‍ നഗർ, മാതാമന്ദിര്‍ റോഡ്, ജുലൈന എന്നീ സ്ഥലങ്ങളിലായിരുന്നു. അതും ഡൽഹി പൊലീസിെൻറ ആസൂത്രണത്തിെൻറ ഭാഗമായിരുന്നു. ''സമാധാനപരമായി നടന്നുവന്ന പ്രക്ഷോഭം അട്ടിമറിക്കാൻ ഡൽഹി പൊലീസ് തന്നെയാണ് അക്രമവും തീവെപ്പും നടത്തിയതെന്ന് വ്യക്തമാക്കുന്ന വിഡിയോകള്‍ വിദ്യാർഥികൾ പുറത്തുവിട്ടു. പൊലീസ് യൂനിഫോമിലും സിവിൽ യൂനിഫോമിലുമുള്ള പൊലീസുകാർ വാഹനങ്ങൾക്ക് തീ വെക്കാന്‍ ശ്രമിക്കുന്നതിെൻറ വിഡിയോ ദൃശ്യം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെ ഡൽഹി പൊലീസ് വിദ്യാർഥികൾക്കുമേല്‍ ആരോപിച്ച ആരോപണത്തിെൻറ മുനയൊടിഞ്ഞു''(ഹസനുൽ ബന്ന, ചോരയിൽ മുക്കിയ പൗരത്വം, 20/12/2019, മാധ്യമം ദിനപത്രം).
ഈ സംഭവവികാസങ്ങളായിരുന്നു യഥാർഥത്തിൽ പൗരത്വനിയമ വിരുദ്ധ സമരങ്ങളെ രാജ്യമൊട്ടാകെ ശ്രദ്ധിക്കാൻ ഇടയാക്കിയത്. ജാമിഅയിലെ പൊലീസ് അക്രമത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യമൊട്ടാകെ സംഗമങ്ങളുണ്ടായി. ഇത് പൗരത്വസമരത്തിെൻറ ഗതിയെ തന്നെ മാറ്റി. സമരത്തെ അടിച്ചമർത്താമെന്ന ഭരണാധികാരികളുടെ കണക്കുകൂട്ടലുകൾ അന്ന് പിഴച്ചു. ''ഡിസംബർ 15ന് ഇന്ത്യ മുഴുവൻ ജാമിഅയിലേക്കും തൊട്ടടുത്ത ദിവസങ്ങളിൽ ജാമിഅ ഇന്ത്യയൊട്ടാകെയും വ്യാപിക്കുന്ന കാഴ്ചയാണ് കണ്ടത്'' (ഷാദിയ റഹ്മാന്, 'ജാമിഅ ഇന്ത്യയാകെ വ്യാപിക്കുകയായിരുന്നു', ചന്ദ്രിക ആഴ്ചപ്പതിപ്പ്, ലക്കം: 16).
തുടർന്നുള്ള ദിവസങ്ങളിലും കാമ്പസിൽ പ്രതിഷേധ സമരങ്ങൾ ശക്തമായി. അധ്യാപകരും വിദ്യാർഥികളും ചേർന്നുണ്ടാക്കിയ 'ജാമിഅ കോഒാഡിനേഷൻ കമ്മിറ്റി' സമരങ്ങൾക്ക് നേതൃത്വം വഹിച്ചു. കൊടുംതണുപ്പിലെ സമരച്ചൂടിന് തടയിടാന്‍ അധികൃതർ പല വഴിയും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഇതിെൻറ ഭാഗമായി, പരീക്ഷ മാറ്റിവെക്കുകയും നേരത്തേ തീരുമാനിച്ചതില്‍നിന്ന് 10 ദിവസം മുന്നേ ശൈത്യകാല അവധി പ്രഖ്യാപിക്കുകയുംചെയ്തു. പക്ഷേ ഇതൊന്നും സമരത്തിെൻറ തീവ്രത കുറയ്ക്കാൻ പാകത്തിനില്ലായിരുന്നു. 'റീഡ് ഫോര്‍ റവലൂഷന്' എന്ന പേരില്‍ ഇന്ത്യൻ ഭരണഘടന, മൗലികാവകാശങ്ങൾ, ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പുസ്തകങ്ങളും മാസികകളും ലഭ്യമാക്കുന്ന വേദികളൊരുക്കി സമരത്തെ കൂടുതൽ സർഗാത്മകമാക്കുകയാണ് വിദ്യാർഥികൾ ചെയ്തത്. പട്ടാളക്കാരുടെ റൂട്ട് മാർച്ചുകള്‍ ഒരുഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് കവിതകളും പാട്ടുകളും പെയിൻറിങ്ങുകളും അണിനിരന്നു. ''കേന്ദ്രസർക്കാർ കാമ്പസ് അടച്ചുപൂട്ടിയെങ്കിലും കാമ്പസിലെ ഏഴാം നമ്പർ കവാടമായ അബുൽ കലാം ആസാദ് ഗേറ്റിനു മുന്നിൽ മൗലാനാ മുഹമ്മദലി ജൗഹർ മാർഗില്‍ സമരപ്പന്തൽ തല ഉയർത്തിനിൽക്കുന്നു. വിദ്യാർഥികൾ ഇപ്പോഴും സമരമുഖത്ത് സജീവമായി നിലയുറപ്പിച്ചിരിക്കുന്നു. ഹോളി ഫാമിലി ഹോസ്പിറ്റൽ മുതൽ ബട്ല ഹൗസ് വരെ റോഡിെൻറ ഇരുവശങ്ങളും എഴുത്തുകളാലും വരകളാലും പോസ്റ്റുകളാലും ചിത്രങ്ങളാലും നിറഞ്ഞപ്പോള്‍ അക്ഷരാർഥത്തില്‍ ജാമിഅ നഗർ ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന് സാക്ഷ്യം വഹിക്കുക കൂടിയാണ്'' (ശുഹൈബ് മണ്ണാർക്കാട്, 'ആ ദിവസം ബിരിയാണിക്ക് ചോരയുടെ രുചി', ചന്ദ്രിക ആഴ്ചപ്പതിപ്പ്, ലക്കം:16). ജാമിഅയിലെ വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാൻ പൊലീസിനോ അധികാരികൾക്കോ കഴിഞ്ഞില്ല. ജാമിഅയിൽനിന്ന് പടര്‍ന്ന സമരം ശാഹീന്ബാഗുകളായും ചൂണ്ടുവിരലുകളായും ഇന്ത്യയാകെ വ്യാപിച്ചു.
പൗരത്വനിയമത്തിനെതിരെ വളരെ ശക്തമായ സമരങ്ങൾ നടന്ന കാമ്പസുകളിലൊന്നാണ് അലീഗഢ് മുസ്ലിം സർവകലാശാല. രാജ്യത്ത് മറ്റു സമരവേദികള്‍ ഉണ്ടാകുന്നതിനും മുന്നേ തന്നെ അലീഗഢില്‍ സമരങ്ങൾ ആരംഭിച്ചിരുന്നു. ഡിസംബര്‍ 8ന് പ്രതീകാത്മകമായി ബിൽ കത്തിച്ചാണ് അലീഗഢില്‍ സമരങ്ങൾക്ക് തുടക്കമിട്ടത്. ഡിസംബര്‍ 9ന് കെന്നഡി ഓഡിറ്റോറിയത്തിെൻറ ലോണില്‍ വെച്ച് സംഘടിപ്പിച്ച പബ്ലിക് മീറ്റിങ്ങാണ് ഈ വിഷയത്തിൽ അലീഗഢില്‍ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ പ്രതിഷേധ സംഗമം. അസമിലല്ലാതെ പ്രത്യക്ഷമായ സമരങ്ങള്‍ ഇന്ത്യയില്‍ മറ്റെവിടെയും തുടങ്ങാത്ത സമയമായിരുന്നു അത്. ഡിസംബര്‍ 10ന് മൗലാനാ ആസാദ് ലൈബ്രറി മുതല്‍ പ്രധാന കവാടമായ ബാബേ സയ്യിദ് വരെ നടന്ന പ്രതിഷേധ റാലിയില്‍ പതിനയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികളെ സംബോധന ചെയ്ത് രാജീവ് യാദവ് സംസാരിച്ചു. അന്ന് ബാബേ സയ്യിദിൽ നടന്ന 'മഷാല്‍ ജുലൂസ്' ധർണ നടത്തിയ വിദ്യാർഥികൾക്കെതിരെ നിരോധനാജ്ഞ ലംഘിച്ചെന്ന പേരിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 12 പേർക്കെതിരെയും പേരറിയാത്ത എഴുന്നൂറോളം വിദ്യാർഥികള്ക്കുമെതിരെയാണ് പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ഡിസംബർ 11ന് 28,000 വിദ്യാർഥികൾ പങ്കെടുത്ത 'മാസ് ഹംഗര്‍ സ്ട്രൈക്' നടന്നു. അന്ന് ബാബേ സയ്യിദില്‍ നടന്ന പ്രതിഷേധ സംഗമത്തിൽ അബ്ദുല്ലാഹ് അസം, ശർജീൽ ഇമാം, അഫ്രീൻ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. ഡിസംബർ 12ന് കഫീൽഖാൻ, യോഗേന്ദ്ര യാദവ്, അഡ്വക്കേറ്റ് ഫവാസ് ഷഹീന്, മഷ്കൂര്‍ ഉസ്മാനി തുടങ്ങിയവർ കാമ്പസിലെത്തി. തൊട്ടടുത്ത ദിവസം ഡിസംബർ 13ന് വിദ്യാർഥി യൂനിയെൻറ നേതൃത്വത്തിൽ ജില്ല മജിസ്ട്രേറ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. ഇതിൽ പതിനായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ അഡ്രസ് ചെയ്തുകൊണ്ട് തയാറാക്കിയ മെമ്മോറാണ്ടവുമായി ഡി.എം ഓഫിസിലേക്ക് നീങ്ങിയ മാർച്ച് യൂനിവേഴ്സിറ്റി സർക്കിളിൽ പൊലീസ് തടഞ്ഞു. ഈ സമരത്തിൽ പങ്കെടുത്ത പേരറിയാവുന്ന 20 പേർക്കും പേരറിയാത്ത 200 പേർക്കും കലാപശ്രമ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. തുടർന്ന് ഡിസംബർ 15ന് ജാമിഅ മില്ലിയ്യയിൽ പൊലീസിെൻറ ക്രൂരമായ അക്രമമുണ്ടായ ദിവസം രാത്രി, ജാമിഅയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി പ്രതിഷേധിച്ച വിദ്യാർഥികളെ, വി.സിയുടെയും രജിസ്ട്രാറിെൻറയും അനുവാദം കിട്ടിയ പൊലീസുകാർ കാമ്പസിനകത്തു കയറി മർദിച്ചു. അന്ന് രാത്രി പൊലീസിെൻറ കിരാതനടപടികളുടെ അഴിഞ്ഞാട്ടമായിരുന്നു കാമ്പസിൽ കണ്ടത്. മുൻകൂട്ടി തയാറാക്കിയ തിരക്കഥപോലെയാണ് യോഗി ആദിത്യനാഥിെൻറ സംഘ്പരിവാർ പൊലീസ് വിദ്യാർഥികളെ ആക്രമിച്ചത്. ജാമിഅ അക്രമം നടന്നതിന് തൊട്ടുപിന്നാലെ കാമ്പസിലെ ഹോസ്റ്റലുകൾ കയറിയിറങ്ങി വിദ്യാർഥികളെ സംഘടിപ്പിച്ചതും പൊലീസ് സേനക്ക് നേരെ കല്ലെറിഞ്ഞതും കാമ്പസിലെ വിദ്യാർഥികളായിരുന്നില്ലെന്ന് പിന്നീട് വിദ്യാർഥി നേതാക്കൾ സ്ഥിരീകരിച്ചു. ''സമരത്തിെൻറ തലേ ദിവസം കാമ്പസ് പൂര്‍ണമായും വൃത്തിയാക്കിയിരുന്നെന്നും കാമ്പസില്‍ വിദ്യാർഥികള്‍ക്ക് എളുപ്പത്തില്‍ പെറുക്കിയെറിയാന്‍ കല്ലുകള്‍പോലും ഉണ്ടായിരുന്നില്ലെന്നും ഹിന്ദി പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു'' (AMUSU Fact Finding Report). ഈ വാർത്തയെ കൂടി അതിനോട് ചേർത്ത് വായിച്ചാൽ കാമ്പസ് അധികൃതരും യു.പി പൊലീസും ചേർന്ന് നടത്തിയ ആസൂത്രിതമായ അക്രമമാണ് ഡിസംബർ 15ലേതെന്ന് മനസ്സിലാക്കാം.
യുദ്ധസമാനമായ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്ന സ്റ്റന് ഗ്രനേഡുകളുപയോഗിച്ചാണ് രാജ്യത്തിലെ പ്രധാന സർവകലാശാലയിലെ വിദ്യാർഥികളെ പൊലീസ് നേരിട്ടത്. ഇതിനോടൊന്നിച്ച് പലതവണ കാമ്പസിനകത്തേക്ക് വെടിയുതിർത്തതായും റിപ്പോർട്ടുകളിൽ കാണാം. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ടിയര്‍ ഗ്യാസുകളും പെല്ലറ്റുകളുമായി ഒരു സർവകലാശാലയിലെ വിദ്യാർഥികളെ, അതേ സർവകലാശാലയിലെ അധികൃതരുടെ അനുവാദത്തോടെ ക്രൂരമായി അമർച്ച ചെയ്യുന്നത് ലോകത്തിൽ മറ്റെവിടെ കാണാനാവും? സർവകലാശാല വൈസ് ചാൻസലർ പ്രഫ.(ഡോ.) താരിഖ് മൻസൂറിനും രജിസ്ട്രാര്‍ അബ്ദുൽ ഹമീദ് IPSനും ഈ സംഭവങ്ങളിലുള്ള പങ്ക് തൊട്ടടുത്ത ദിവസം തന്നെ തെളിവുകളോടെ പുറത്തുവന്നു. രജിസ്ട്രാർ പൊലീസിനെ കാമ്പസിൽ വിന്യസിക്കുന്നതിെൻറ ചർച്ചക്ക് പോയ ചിത്രവുമായിട്ടാണ് ഒരു പ്രാദേശിക ഹിന്ദി പത്രം അന്ന് പുറത്തിറങ്ങിയത്. ഇത് വി.സിയുടെയും രജിസ്ട്രാറിെൻറയും രാജിക്കുവേണ്ടിയുള്ള ശക്തമായ സമരങ്ങളിലേക്ക് വളർന്നു.
അലീഗഢിൽ ഇൻറർനെറ്റ് സൗകര്യം വിച്ഛേദിച്ചു. ഇത് പൊലീസ് ഭീകരത പുറംലോകമറിയുന്നതിനെ വളരെയധികം ബാധിച്ചു. എട്ട് ദിവസത്തോളമാണ് കാമ്പസിലും പരിസരത്തും ഇൻറർനെറ്റ് കട്ട് ചെയ്യപ്പെട്ടത്. പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ലാതെ കാമ്പസ്, ആദ്യം ജനുവരി അഞ്ചു വരെയും പിന്നീട് അനിശ്ചിതമായും അടച്ചിട്ടു.
ഡിസംബർ 15ന് രാത്രി ജാമിഅയിലേതുപോലെ അലീഗഢിലും യുദ്ധസമാനമായിരുന്നു. ബാബേ സയ്യിദ് ഗേറ്റിലൂടെ അകത്ത് കയറിയ പൊലീസ് കണ്ണിൽ കണ്ട എല്ലാ വിദ്യാർഥികളെയും തല്ലിച്ചതച്ചു. പൊലീസിെൻറ കണ്ണിൽ പെട്ട കാമ്പസിലെ മുഴുവൻ വാഹനങ്ങളും തല്ലിത്തകർത്തു. പ്രശ്നം അതിരൂക്ഷമായതോടെ വിദ്യാർഥികൾ പലഭാഗങ്ങളിലായി ചിതറിയോടി. കാമ്പസുകളിലെ പലസ്ഥലങ്ങളിലും അഭയംതേടി. മോറിസണ്‍ കോര്‍ട്ട് ഹോസ്റ്റലിലെ റൂം നമ്പർ 46ല്‍ ഇങ്ങനെ അഭയം തേടിയ വിദ്യാർഥികളെ പുറത്തിറക്കാൻ പൊലീസ് റൂമിനകത്തേക്ക് സൗണ്ട് ഗ്രനേഡുകളും ടിയർ ഷെല്ലുകളും വലിച്ചെറിഞ്ഞ് തീ പടർത്തി. നിർബന്ധപൂർവം പുറത്തിറങ്ങിയ വിദ്യാർഥികളെ പൊലീസ് മർദിക്കുകയും ഡീറ്റെയിന്‍ ചെയ്യുകയും ചെയ്തു. പൊലീസിെൻറ കൈയിലകപ്പെട്ട വിദ്യാർഥികളെകൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുകയും പാകിസ്താനി, രാജ്യദ്രോഹി തുടങ്ങിയ വാക്കുകൾകൊണ്ട് സംബോധന ചെയ്യുകയും ചെയ്തു. കെമിസ്ട്രി പിഎച്ച്.ഡി വിദ്യാർഥി മുഹമ്മദ് താരിഖിെൻറയും B.A, L.L.B വിദ്യാർഥി നാസർ ചമെൻറയും കൈപ്പത്തി പൊലീസിെൻറ ഗ്രനേഡ് ആക്രമണത്തിൽ പൊട്ടിത്തെറിച്ചു. പരിക്കേറ്റ വിദ്യാർഥികൾക്കുവേണ്ടി അലീഗഢ് മെഡിക്കൽ കോളജിൽനിന്ന് വന്ന 19 ആംബുലൻസുകൾ രജിസ്ട്രാറുടെ നിർദേശത്തെ തുടർന്ന് പ്രോക്ടർ ഇടപെട്ട് തടഞ്ഞു. തുടർന്ന് അധ്യാപകർ ഇടപെട്ട് ഏർപ്പാടാക്കിയ സ്വകാര്യ ആംബുലൻസുകൾ െഗസ്റ്റ് ഹൗസിനു മുന്നിൽെവച്ച് പൊലീസ് അടിച്ചുതകർക്കുകയും അതിലുണ്ടായിരുന്ന ഡ്രൈവറെയും വിദ്യാർഥികളെയും മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമിഅ പോലെ അലീഗഢും അക്ഷരാർഥത്തിൽ ഒരു കലാപഭൂമിയായി മാറിയിരുന്നു.
''അലീഗഢിലെ ഒരു യുവഗവേഷകൻ സർവകലാശാല മെഡിക്കൽ കോളജ് ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. അവെൻറ ധൈര്യവും സ്ഥൈര്യവും ഉൾക്കൊള്ളാൻ കഴിയാത്തത്ര അപാരം. പൊലീസ് മിസൈൽ പോലെ തൊടുത്തുവിട്ട ഗ്രനേഡിെൻറ പ്രഹരത്തിൽ അവെൻറ കൈപ്പത്തി പൊട്ടിത്തെറിച്ചിരിക്കുന്നു. അവെൻറ ജീവന് രക്ഷിക്കാനായി ഡോക്ടർമാർ ആ കൈപ്പത്തി മുറിച്ചുമാറ്റിയിരിക്കുന്നു. ഈ വിവരം തെൻറ മാതാവിനെ എങ്ങനെ അറിയിക്കുമെന്നാണ് അവെൻറ ആശങ്ക. അത്തരമൊരു വാര്‍ത്തയെ ആ മാതാവ് എങ്ങനെ അതിജീവിക്കുമെന്നതാണ് അവനെ ആകുലപ്പെടുത്തുന്നത്. മനുഷ്യാവകാശ പ്രവർത്തകരായ ഹര്‍ഷ് മന്ദര്‍, ജോണ്‍ ദയാല്‍, ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ നന്ദി നിസുന്ദര്, സിനിമാ നിര്‍മാതാവ് നടാഷാ ബധ്വാര്‍, അഭിഭാഷകരായ അങ്കിത രാംഗോപാല്‍, സുമിത്കുമാര്‍ ഗുപ്ത, ഗവേഷകരായ വര്‍ണ ബാലകൃഷ്ണന്, സയ്യിദ് മുഹമ്മദ് സഹീര്‍, അന്‍വര്‍ ഹഖ് തുടങ്ങിയവരടങ്ങുന്ന സംഘം ഉത്തർപ്രദേശിലെ അലീഗഢ് സർവകലാശാലയിൽ പോയി തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിെൻറ ആമുഖമായി കുറിച്ച വാചകങ്ങളാണിത്. രാജ്യം കണ്ട ഏറ്റവും ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടാൻ ഉത്തർപ്രദേശ് പൊലീസ് നടത്തിയ മനുഷ്യത്വരഹിതമായ വേട്ടയുടെ വിശദാംശങ്ങളുമായി അരഡസനിലേറെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളാണ് ഇതുപോലെ പുറത്തുവന്നിട്ടുള്ളത്'' (ഹസനുൽ ബന്ന, 'ചോരയിൽ മുക്കിയ പൗരത്വം', 20/12/2019, മാധ്യമം ദിനപത്രം).
ഡിസംബർ 15ലെ ഈ അക്രമത്തിൽ നൂറോളം വിദ്യാർഥികൾക്ക് കാര്യമായ പരിക്കുകളേറ്റു. ഇരുപത്തിയഞ്ചോളം അറസ്റ്റുകൾ നടത്തി. പേരറിയാവുന്ന 500 വിദ്യാർഥികൾക്കും പേരറിയാത്ത 2000 വിദ്യാർഥികൾക്കുമെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. ഗുണ്ടാ ആക്ട് പ്രകാരം എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടത് 5000 പേർക്കെതിരെയാണ് എന്നത് ഭരണകൂട ഭീകരതയുടെ നേർചിത്രം മനസ്സിലാക്കിത്തരുന്നു. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അർപ്പിക്കാനെത്തിയ കണ്ണൻ ഗോപിനാഥനെ അതിർത്തിയിൽ യു.പി പൊലീസ് തടഞ്ഞു. തൊട്ടടുത്ത ദിവസംതന്നെ അലീഗഢിൽ ഇൻറർനെറ്റ് സൗകര്യം വിച്ഛേദിച്ചു. ഇത് പൊലീസ് ഭീകരത പുറംലോകമറിയുന്നതിനെ വളരെയധികം ബാധിച്ചു. എട്ട് ദിവസത്തോളമാണ് കാമ്പസിലും പരിസരത്തും ഇൻറർനെറ്റ് കട്ട് ചെയ്യപ്പെട്ടത്. പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ലാതെ കാമ്പസ്, ആദ്യം ജനുവരി അഞ്ചു വരെയും പിന്നീട് അനിശ്ചിതമായും അടച്ചിട്ടു. ഹോസ്റ്റല്‍ മുറികള്‍ സീൽ ചെയ്തു. യാത്രാദൂരം വളരെക്കൂടുതലുള്ള കശ്മീർ, നോർത്ത് ഈസ്റ്റ്, കേരള വിദ്യാർഥികൾ ആശങ്കയിലായി. എന്നാൽ, ഡൽഹി കെ.എം.സി.സിയുടെയും ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെയും അടിയന്തര ഇടപെടലില്‍ മലയാളി വിദ്യാർഥികൾക്ക് കേരള ഹൗസിൽ സുരക്ഷിതമായ ഇടം ലഭിക്കുകയും നാട്ടിലേക്ക് യാത്രാസൗകര്യം ഏർപ്പാടാവുകയും ചെയ്തു.
അലീഗഢിലെ അതിക്രമ കേസ് പരിഗണിക്കവെ അലഹബാദ് ഹൈേകാടതി കാമ്പസിലെ പൊലീസ് തേര്‍വാഴ്ചകളുടെ ചിത്രങ്ങൾ കണ്ട് സ്വമേധയാ കേസെടുക്കാൻ പ്രേരിപ്പിക്കുന്നതാണ് എന്ന് പറഞ്ഞു. വിദ്യാർഥി പ്രക്ഷോഭങ്ങളെ ഭയന്ന അധികൃതർ കാമ്പസ് അടച്ച് സമരത്തെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും ആ സമയങ്ങളിൽതന്നെ രാജ്യത്തെ മറ്റ് കലാലയങ്ങള്‍ ഈ സമരാഗ്നി ഏറ്റുപിടിച്ചിരുന്നു.
ജാമിഅയും അലീഗഢും തൊടുത്തുവിട്ട സമരാഗ്നി ഇന്ത്യയാകെ വ്യാപിച്ചു. ഉത്തരേന്ത്യയിലെ പ്രധാന കാമ്പസുകളായ ജെ.എന്‍.യു, ഡൽഹി യൂനിവേഴ്സിറ്റി, ബനാറസ് ഹിന്ദു സർവകലാശാല തുടങ്ങിയവയില്‍ സമരം ശക്തമായി നടന്നു.
വലതുപക്ഷ-സവർണ ജാതി രാഷ്ട്രീയം പ്രതിഫലിച്ചു നിൽക്കാറുള്ള ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ വിദ്യാർഥികൾ സക്രിയമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഡിസംബര്‍ 12ന് തന്നെ ഡി.യുവില്‍ ഇടതുവിദ്യാർഥി സംഘടനകളുടെയും എം.എസ്.എഫിെൻറയും എസ്.െഎ.ഒയുടെയും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 15ന് ജാമിഅയും അലീഗഢും ആക്രമിക്കപ്പെട്ട ശേഷം ഡി.യുവില്‍ ശക്തമായ സമരങ്ങൾ നടന്നു. അന്യായമായി പൊലീസ് കസ്റ്റഡിയിലെടുത്ത ജാമിഅ വിദ്യാർഥികളെ വിട്ടയക്കാൻ ജെ.എന്‍.യു സ്റ്റുഡൻറ്സ് യൂനിയൻ നടത്തിയ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ഘരാവോക്ക് ഡി.യുവിലെ വിദ്യാർഥിസംഘടനകൾ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പങ്കെടുത്തു.
ബനാറസ് ഹിന്ദു സർവകലാശാലയിലും എടുത്തുപറയത്തക്ക രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഡിസംബർ 10ന് തന്നെ ബനാറസിൽ ഒരുകൂട്ടം വിദ്യാർഥികൾ CABക്കെതിരെ മാർച്ച് സംഘടിപ്പിച്ചിരുന്നു. 15ലെ ജാമിഅ-അലീഗഢ് പൊലീസ് അക്രമങ്ങൾക്ക് ശേഷം BHUവിലും സമരം ശക്തിയായി. 19ന് ബെനിയബാഗില് പ്രതിഷേധിച്ചവരിൽ 12 വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഈ വിഷയത്തിൽ സർവകലാശാല പാലിച്ച മൗനം ചോദ്യംചെയ്യപ്പെട്ടു. തൊട്ടടുത്ത ദിവസം നടന്ന യൂനിവേഴ്സിറ്റിയുടെ നൂറ്റി ഒന്നാം കോൺവെക്കേഷൻ പരിപാടിക്കുശേഷം ഈ വിദ്യാർഥികളുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് ഔദ്യോഗിക വസ്ത്രങ്ങളണിഞ്ഞ് വിദ്യാർഥികൾ പ്രതിഷേധം നടത്തി. തുടർന്ന് കാമ്പസിനകത്തെ വിശ്വനാഥൻ ക്ഷേത്രത്തിലെത്തുകയും പ്രതിഷേധ സൂചകമായി തലപ്പാവുകളും പ്രതിഷേധ പോസ്റ്ററുകളും സർവകലാശാല സ്ഥാപകൻ മദൻ മോഹൻ മാളവ്യയുടെ പ്രതിമക്കു താഴെ സമർപ്പിക്കുകയും ചെയ്തു. പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് ഹിസ്റ്ററി വിദ്യാർഥി രജത് സിങ് കോൺവെക്കേഷനിൽ ഡിഗ്രി കൈപ്പറ്റാതെ നിരസിച്ചതും ശ്രദ്ധിക്കപ്പെട്ടു.
ഐ.ഐ.ടി ഡൽഹിയിലെ പൗരത്വ നിയമ വിരുദ്ധ സമരങ്ങൾ എടുത്തുപറയേണ്ടതാണ്. 'നോ പൊളിറ്റിക്സ് ഇന്‍ കാമ്പസ്' എന്ന ചട്ടക്കൂടിനെ പൊളിച്ച് അവർ നടത്തിയ സമരങ്ങൾ വിപ്ലവകരമാണ്. രാജ്യതലസ്ഥാനത്ത് ജെ.എൻ.യുവിലും ജാമിഅ ഹംദർദിലുമടക്കം ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലും കേരളത്തിലെ പ്രധാന കാമ്പസുകളായ ഫാറൂഖ് കോളജ്, സർ സയ്യിദ് കോളജ് തുടങ്ങിയ കാമ്പസുകളിലും പ്രക്ഷോഭങ്ങളുണ്ടായി. വിദ്യാർഥികളുടെ ഈ സമരങ്ങളാണ് തെരുവിലേക്കും പടർന്നത്.
ഫാഷിസ്റ്റ് കാലത്തെ കലാലയ രാഷ്ട്രീയത്തിെൻറ ഭാവി
വർത്തമാന ഇന്ത്യയിൽ നാം കാണുന്നതുപോലെ കാമ്പസുകളിലെ ഏറിവരുന്ന പൗരബോധവും ജനാധിപത്യ-ആൻറി ഫാഷിസ്റ്റ് മനോഭാവവുമൊക്കെ കേന്ദ്രസർക്കാറിനെ ഭയപ്പെടുത്തുന്നുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. 2014ല്‍ മോദിസർക്കാർ അധികാരത്തിലേറിയത് മുതല്‍ കാമ്പസുകളെ കാവി പുതപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അഡ്മിനിസ്ട്രേഷൻ ലെവലിലേക്ക് തൽപരകക്ഷികളെ നിയമിച്ചാണ് ഇത് നടപ്പിലാക്കുന്നത്. അതിെൻറ പ്രതിഫലനമാണല്ലോ അലീഗഢ് മുസ്ലിം സർവകലാശാലയിൽ കണ്ടത്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തീവ്ര രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കേന്ദ്രമാകുന്നു എന്നാരോപിച്ച് അവയെ നിയന്ത്രിക്കണമെന്ന് 2011ല്‍ ദേശീയ ഉദ്ഗ്രഥന കൗൺസിലിെൻറ ഇടപെടലുണ്ടായിരുന്നു. 2013ല്‍ മാനവവിഭവശേഷി മന്ത്രാലയവും സമാനവിഷയത്തില്‍ വി.സിമാർക്ക് കത്തയച്ചിട്ടുണ്ട്. കാമ്പസുകളിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന 2015ലെ യു.ജി.സിയുടെ വിവാദ നിർദേശവും കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ്.
2019ലെ CAA വിരുദ്ധ സമരങ്ങളിലടക്കം നിർണായക പങ്കുവഹിച്ച വിദ്യാർഥികൾ എല്ലാകാലത്തും അവരുടെ സ്വത്വബോധാധിഷ്ഠിതമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ജാമിഅയിൽ ഡൽഹി പൊലീസിന് നേരെ ആയിഷ റെന്ന ചൂണ്ടിയ വിരൽ പ്രതിനിധാനംചെയ്യുന്നത് ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന വിദ്യാർഥികളെയാണ്. ആസിഫ് തന്‍ഹക്കും നടാഷ നര്‍വാളിനും ദേവാങ്കണ കാളിതക്കും ശേഷം ഇപ്പോൾ ശര്‍ജീല്‍ ഇമാമിനും ജാമ്യം ലഭിച്ചിരിക്കുന്നു. ഈ പ്രതീക്ഷകൾ നൽകുന്ന ഊർജപാതകളില് വിദ്യാർഥി സമരങ്ങളും വിപ്ലവങ്ങളും ബാക്കിയാവുമെന്ന് പ്രത്യാശിക്കാം.
അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാർഥിയാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.