പത്രവാര്‍ത്തകള്‍ക്ക് കമ്യൂണിസ്റ്റ് മുഖമുണ്ടായിരുന്നെങ്കില്‍ അത് ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടേതാകുമായിരുന്നു. പാര്‍ട്ടിയുടെ വിപ്ലവവാര്ത്തകളെ ദേശാന്തര യാത്രക്ക് അണിയിച്ചൊരുക്കിയിരുന്നത് അദ്ദേഹമായിരുന്നു. 1962 ജനുവരി 10ന് രാത്രിയില്‍ കിഴക്കന്‍ ജർമനിയുടെ തലസ്ഥാനമായ ബര്‍ലിനിലെ ഷൊനിഫെല്ഡ് വിമാനത്താവളത്തിലിറങ്ങിയ കുഞ്ഞനന്തന് നായരെ സ്വീകരിക്കാന്‍ രണ്ടുപേര്‍ കമ്പിളി പുതച്ച് കുഞ്ഞനന്തന് നായര്‍ എന്ന പേരെഴുതിയ ബോര്‍ഡുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കിഴക്കന്‍ ജർമന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാർവദേശീയ കാര്യങ്ങളുടെ തലവന്‍ പീറ്റര്‍ േഫ്ലാറിനും ഇന്ത്യന്‍ കാര്യങ്ങളുടെ ചുമതലക്കാരനായ ഡോ. ജോക്കിം റാദ്ദേയുമായിരുന്നു അവര്‍. അവര്‍ കുഞ്ഞനന്തന് നായരോട് പറഞ്ഞു: ''ശത്രുക്കളുടെ നുഴഞ്ഞുകയറ്റം തടയാനാണ് ബര്‍ലിന്‍ മതില് ഉയര്‍ത്തിയത്. ഇതിനെതിരെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന ജോലി വിഷമം പിടിച്ചതായിരിക്കും. സാമ്രാജ്യത്വശക്തികളും ടാങ്കുകളും സൈന്യങ്ങളും ഏജന്റുമാരും രണ്ട് കിലോമീറ്റര്‍ അകലെയുണ്ട്. നാളെ രാവിലെ ടെറസില്‍നിന്ന് നോക്കിയാല്‍ ബര്‍ലിന്‍ മതില് കാണാം. സോഷ്യലിസ്റ്റ് ലോകത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയാണ് നാം സംരക്ഷിക്കുന്നത്. അതിനെക്കുറിച്ച് ഇന്ത്യക്കാരെ അറിയിക്കാനുള്ള ചുമതല താങ്കള്‍ക്കാണ്. ചരിത്രപരമായ ദൗത്യമാണ് താങ്കള്‍ ഏറ്റെടുത്തിരിക്കുന്നത്.''
മൂന്ന് പതിറ്റാണ്ട് ജർമനിയില്‍ താമസിച്ച് വാര്‍ത്തകളെ ചുവപ്പടിച്ച് ലോകത്തിന്റെ പലഭാഗത്തേക്കും പ്രസരിപ്പിക്കുന്ന അസാധാരണനായ ഒരു പത്രപ്രവര്‍ത്തകനായി അദ്ദേഹം മാറി. ആ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ഊർജം സഖാവ് പി. കൃഷ്ണപിള്ളയായിരുന്നു. പി. കൃഷ്ണപിള്ളയും ടി.സി. നാരായണന് നമ്പ്യാരുമായിരുന്നു കുഞ്ഞനന്തന് നായരുടെ രാഷ്ട്രീയ ഗുരുക്കന്മാര്. ആദ്യമായി കൃഷ്ണപിള്ളയെ അദ്ദേഹം പരിചയപ്പെടുന്നത് അദ്ദേഹത്തിന്റെ അധ്യാപകനായ ടി.സി. നാരായണന് നമ്പ്യാരുടെ വീട്ടില്‍വെച്ചായിരുന്നു. കുളിക്കുന്നതിനുമുമ്പ് ഉടുത്ത വസ്ത്രം അലക്കിയിട്ട് കുളിക്കാനുള്ള തോര്ത്തുടുത്താണ് കൃഷ്ണപിള്ള ഇരുന്നത്. അതു കണ്ട് കുഞ്ഞനന്തന് സങ്കടം തോന്നി. അദ്ദേഹം ആത്മകഥയില്‍ അത് എഴുതി: ''എനിക്ക് സങ്കടം തോന്നി. ഇത്ര വലിയ നേതാവായിട്ടും മാറ്റാന്‍ പകരം വസ്ത്രങ്ങളില്ലേ... ഒറ്റവസ്ത്രധാരിയായി, നഗ്നപാദനായി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത കൃഷ്ണപിള്ളയാണ് കുഞ്ഞനന്തനെ ബാലഭാരത സംഘത്തിന്റെ നേതാവാക്കിയത്. ബാലസംഘത്തിന്റെ പ്രസിഡന്റായത് ഏറമ്പാല കൃഷ്ണനെന്ന ഇ.കെ. നായനാരും സെക്രട്ടറിയായത് കുഞ്ഞനന്തനുമായിരുന്നു. സമ്മേളനത്തില്‍ കേരളീയന്, എന്‍.സി. ശേഖര്‍, വിഷ്ണു ഭാരതീയന്, എ.വി. കുഞ്ഞമ്പു എന്നിവര്‍ പങ്കെടുത്തു. കല്യാശ്ശേരി ഹര്ഷന് സ്മാരക വായനശാല കേന്ദ്രീകരിച്ചു നടന്ന ബാലസംഘത്തിന്റെ പ്രവര്‍ത്തനമാണ് ബക്കളം സമ്മേളനത്തിന്റെ പ്രചാരണ ഊർജം. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ അതൊരു വഴിത്തിരിവായിരുന്നു.''
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് 1943 മേയ് മാസത്തില്‍ ബോംബെയിലാണ് നടന്നത്. 1942ല്‍ പാര്‍ട്ടിയുടെ അംഗത്വം നേടിയ കുഞ്ഞനന്തന് കേരളത്തില്‍നിന്നുള്ള സമ്മേളന പ്രതിനിധിയായിരുന്നു. അദ്ദേഹത്തിന് അപ്പോള്‍ പതിനേഴ് വയസ്സായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കുഞ്ഞനന്തന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഇ.എം.എസ്, കൃഷ്ണപിള്ള, സി. ഉണ്ണിരാജ, കെ.സി. ജോർജ്, കെ.എ. കേരളീയന്, എ.കെ. തമ്പി, പി. യശോധ ടീച്ചര്‍ (കന്തലോട്ട് കുഞ്ഞമ്പുവിന്റെ ഭാര്യ) എന്നിവരായിരുന്നു കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍.
സമ്മേളന നഗരിയില്വെച്ചാണ് പി. സി. ജോഷി, ജി. അധികാരി, എസ്.എ. ഡാങ്കെ, സി. രാജേശ്വര രാവു, ബി.ടി. രണദിവെ, മുസഫര്‍ അഹമ്മദ്, എസ്.വി. ഘാട്ടെ, എന്‍.കെ. കൃഷ്ണന്, മോഹന്‍ കുമാരമംഗലം, പി. രാമമൂര്‍ത്തി തുടങ്ങിയ പ്രഗല്ഭരായ കമ്യൂണിസ്റ്റ് നേതാക്കളെ അദ്ദേഹം നേരിട്ടു പരിചയപ്പെടുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തും ഛിന്നഭിന്നമായി പ്രവര്‍ത്തിച്ചിരുന്ന ചെറു കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ 1925ല്‍ കാണ്‍പൂരില്‍ സമ്മേളിച്ച് ഒരു അഖിലേന്ത്യാ പാര്‍ട്ടി ആയെങ്കിലും ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞത് 1943ലാണ്. അന്ന് 1600 പാര്‍ട്ടി അംഗങ്ങളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇവരില്‍ 695 പേര് ജയിലിലായിരുന്നു. അതില്‍തന്നെ 105 പേര് ജീവപര്യന്ത തടവുകാര്‍ ആയിരുന്നു.
സമ്മേളനത്തില്‍ നിശ്ശബ്ദമാക്കപ്പെട്ടത് ക്വിറ്റിന്ത്യാ സമരത്തോടുള്ള പാര്‍ട്ടി സമീപനമായിരുന്നു. പാര്‍ട്ടി നയമല്ലെങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം എന്ന നിലയില്‍ കുഞ്ഞനന്തന് നായര്‍ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും രണ്ടാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. ക്വിറ്റിന്ത്യാ സമരത്തോടുള്ള പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ സമീപനം പാര്‍ട്ടിയുടെ വളര്‍ച്ചയെ തകര്‍ക്കുന്നതായിരുന്നു. 'സോഷ്യലിസ്റ്റ് ശിശു'വായ സോവിയറ്റ് യൂനിയനെയും ലോകത്തെയും ഫാഷിസത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ സോവിയറ്റ് യൂനിയനോടൊത്ത് ഫാഷിസത്തിനെതിരെ പോരാടുന്ന ബ്രിട്ടനെ സഹായിക്കുക എന്ന നിലപാട് സൈദ്ധാന്തികമായി ഏറെ ശരിയായിരുന്നെങ്കിലും ബ്രിട്ടനെ ദേശീയ ശത്രുവായി കാണുന്ന കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കും പാര്‍ട്ടി അണികള്‍ക്കും അത് ദഹിച്ചിരുന്നില്ല. അത് വ്യക്തമാക്കുന്ന നിലപാടാണ് കുഞ്ഞനന്തനുണ്ടായിരുന്നത്.
ക്വിറ്റിന്ത്യാ സമരത്തെ യഥാർഥത്തില്‍ നയിച്ചത് കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണന്, അച്യുത് പട് വർധന്, അരുണ ആസിഫലി എന്നിവരായിരുന്നു. ബോംബെ എ.ഐ.സി.സിയില്‍ ക്വിറ്റിന്ത്യാ പ്രമേയം അംഗീകരിച്ച ഉടന്‍തന്നെ ഗാന്ധിജിയും മറ്റു കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും അറസ്റ്റിലായി. അറസ്റ്റിലായ ജയപ്രകാശ് നാരായണനും അച്യുത് പട് വർധനും അരുണാ ആസിഫലിയും മറ്റും ജയില്‍ചാടി പുറത്തുവന്നാണ് സമരത്തിന് നേതൃത്വം നല്‍കിയത്. നാടെങ്ങും അട്ടിമറി സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിനിടയിലാണ് അരുണ ആസിഫലി രഹസ്യമായി കേരളത്തിലെത്തിയത്.
'പാട്രിയറ്റ്' പത്രത്തിന്റെ സ്ഥാപക എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ഇടത്തട്ട നാരായണന്റെ തലശ്ശേരിയിലെ വീട്ടിലാണ് അരുണ ആദ്യം താമസിച്ചത്. പിന്നീട് രഹസ്യമായി കുഞ്ഞനന്തന്റെ സഹോദരി അമ്മാളുവിന്റെ വീട്ടിലെത്തി. അവിടെ രാത്രിയില്‍ നടന്ന ചര്‍ച്ചയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനം ആത്മഹത്യാപരമാണെന്ന് അവര്‍ വ്യക്തമാക്കി. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുക്കാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനം സൈദ്ധാന്തികമായി ശരിയാണെങ്കിലും പ്രായോഗികമായി അത് വലിയൊരു വിഡ്ഢിത്തമാണെന്ന് അവര്‍ വാദിച്ചു. ദേശീയ കാഴ്ചപ്പാട് ഉപേക്ഷിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് അരുണ വ്യക്തമാക്കി. ഈ സമരത്തില്‍നിന്ന് ഒളിച്ചോടുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ വിലനല്‍കേണ്ടി വരുമെന്ന് അരുണ വ്യക്തമാക്കി. അത് ശരിയാണെന്ന് വിശ്വസിച്ച ഒരാളായിരുന്നു കുഞ്ഞനന്തന്. അതിനാല്‍ അദ്ദേഹം ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പിന്നീട് 1948 ല്‍ പാര്‍ട്ടിയിലെ ഉൾപാര്‍ട്ടി സമരത്തില്‍ നിലപാടെടുക്കാന്‍ സ്റ്റാലിന്റെ ഉപദേശം നേടാന്‍ സോവിയറ്റ് റഷ്യയിലേക്ക് പാര്‍ട്ടിയുടെ നാലംഗ സംഘം പോയി. ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ത്തതുമൂലം പാര്‍ട്ടി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുപോയി എന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ പറഞ്ഞപ്പോള്‍ സ്റ്റാലിന് ചോദിച്ചത് ''ആ സമരത്തെ എതിര്‍ക്കാന്‍ നിങ്ങളോട് ആരു പറഞ്ഞു'' എന്നായിരുന്നു. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയമായ തിരിച്ചടിക്കു കാരണം ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ത്തതാണെന്ന് കുഞ്ഞനന്തന് എന്നും വിശ്വസിച്ചിരുന്നു. മരിക്കുമ്പോഴും ആ വിശ്വാസത്തിന് മാറ്റമുണ്ടായിരുന്നില്ല.
ഒളിവിലായിരുന്ന കാലത്തെ ചില വൈകാരിക മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം തന്റെ ആത്മകഥയില്‍ പ്രതിപാദിക്കുന്നുണ്ട്. ഒളിവില്‍ ഒരു രാത്രിയില്‍ വീട്ടിലെത്തിയ കുഞ്ഞനന്തനോട് അമ്മ പറയുന്നു: ''മോനേ, നാളെ വിഷുവാണ്. നീ നാട്ടിലില്ലാത്തതും ജാനുവിന് സുഖമില്ലാത്തതു കാരണംകൊണ്ടും കണിവെക്കാനുള്ള ഒരുക്കമൊന്നും നടത്തിയിട്ടില്ല. നാട്ടിലെ മിക്ക വീട്ടിലും ഇതുതന്നെ സ്ഥിതി. പല വീടുകളിലും കഞ്ഞിക്കുള്ള വക പോലുമില്ല. പൊലീസിനെ പേടിച്ച് ആരും പണിക്കും പോകുന്നില്ല. കുട്ടികള്‍പോലും വീടിന് പുറത്തിറങ്ങാറില്ല. പൊലീസും എം.എസ്.പിയും കോണ്‍ഗ്രസ് ഗുണ്ടകളും പാര്‍ട്ടിക്കാരെ വേട്ടയാടുകയാണ്. വയലില്‍ വിത്തിറക്കാനുള്ള സമയമായി. പണിക്കാരെ കിട്ടാനില്ല.'' അമ്മയുടെ ദുഃഖപൂർണമായ വാക്കുകള്‍ കേട്ടാണ് അന്ന് ഒളിവിലായിരുന്നിട്ടും അദ്ദേഹം വീട്ടില്‍തന്നെ ഉറങ്ങിയത്. പിറ്റേദിവസം കുഞ്ഞനന്തന് എഴുന്നേറ്റ് ജാനുചേച്ചിക്ക് മരുന്നു വാങ്ങാന്‍ ചിറക്കല്‍ പുതിയ തെരുവിലേക്കു പോയി. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മുണ്ടോന്‍ വയലിലൂടെ കുഞ്ഞനന്തന് നടന്നു. പോക്കറ്റില്‍ ബോംബെയിലേക്ക് അയക്കാനുള്ള ചില കത്തുകള്‍, കഷായത്തിന്റെ ചാര്‍ത്ത്, ചില രഹസ്യകോഡുകള്‍, കുറച്ചു രൂപ. പുഴ കടന്ന് അദ്ദേഹം കാട്ടാമ്പള്ളിയിലെത്തി. കത്തുകള്‍ പോസ്റ്റ് ചെയ്തു. കഷായത്തിനുള്ള മരുന്നുകള്‍ വാങ്ങി. കടയില്നിന്നിറങ്ങുമ്പോള് ഒരു ബലിഷ്ഠമായ കൈ കഴുത്തിന് ചുറ്റിപ്പിടിച്ചു. കുതറിമാറാന്‍ ശ്രമിച്ചു. അപ്പോള്‍ മറ്റൊരാള്‍ കുഞ്ഞനന്തനെ ചവിട്ടി. ഇരുവരും അവിടത്തെ പ്രമുഖ ഗുണ്ടകളായിരുന്നു. ഗാന്ധി മുകുന്ദനും കത്തിയാള് കണ്ണനും. ഇരുവരും ചേര്‍ന്ന് കുഞ്ഞനന്തനെ മർദിച്ചവശനാക്കി. ഇതിനിടയില്‍ രഹസ്യ കോഡ് എഴുതിയ കടലാസ് കുഞ്ഞനന്തന് വിഴുങ്ങി. അത് പള്‍പ്പായി ആമാശയത്തിലെത്തി. ഗാന്ധി മുകുന്ദന്റെ നിർദേശപ്രകാരം പൊലീസെത്തി സ്റ്റേഷനിലേക്കു കൊണ്ടുപോയി. മർദനത്തിന് പേരു കേട്ട, പാടിക്കുന്നില്‍ മൂന്ന് സഖാക്കളെ ഇടിച്ചുകൊന്ന കൊലയാളിയായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റേയുടെ മുന്നിലാണ് കുഞ്ഞനന്തനെ അവര്‍ എത്തിച്ചത്. പിന്നീട് ഭീകര മർദനമായിരുന്നു. ഈ സമയത്ത് തൊട്ടടുത്ത് പൊലീസ് എ.കെ.ജിയെ മർദിക്കുന്നുണ്ടായിരുന്നു. ലോക്കപ്പില്‍ അടച്ച കുഞ്ഞനന്തനോട് കുറച്ചു കഴിഞ്ഞ് ഒരു പൊലീസുകാരന് ചോദിച്ചു, ''താന്‍ വിഴുങ്ങിയ സാധനമെന്തടാ.'' അതിന് മറുപടി ''മിഠായി'' എന്നായിരുന്നു. വയറ്റിന് ഒരു കുത്തു കൊടുത്തിട്ട് പൊലീസുകാരന് ദേഷ്യത്തോടെ ഉള്ളിലേക്കു പോയി.
കേരള രാഷ്ട്രീയ സമരചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ് അമരാവതി സമരം. കോണ്‍ഗ്രസിന്റെ ഒത്താശയോടുകൂടി ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി ധനാഢ്യരും കാട്ടുരാജാക്കന്മാരും സാധാരണ കൃഷിക്കാരും കൈയേറി. അവിഭക്ത കോട്ടയം ജില്ലയിലെ മീനച്ചില്‍, തൊടുപുഴ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി തുടങ്ങിയ ഇടങ്ങളിലാണ് വനം കൈയേറ്റം കൂടുതല്‍ നടന്നത്. പുതുതായി ഉടലെടുത്ത വനം മാഫിയകള്‍ ഏജന്റുമാര്‍ മുഖേന വനഭൂമി പാവപ്പെട്ട കൃഷിക്കാര്‍ക്ക് വിൽപന നടത്തി. നിഷ്കളങ്കരായ കൃഷിക്കാര്‍ തങ്ങളുടെ സർവസ്വവും വിറ്റുപെറുക്കി കിട്ടിയ പണംകൊണ്ട് ഹൈറേഞ്ചില്‍ ഭൂമി വാങ്ങി. അവര്‍ ചതിക്കപ്പെട്ടു. അവര്‍ക്ക് കിട്ടിയ പ്രമാണങ്ങള്‍ കള്ളപ്രമാണങ്ങളായിരുന്നു. കാര്യമൊന്നുമറിയാതെ കൃഷിക്കാര്‍ കനകം വിളയിച്ചു. ചോര നീരാക്കി അവര്‍ മണ്ണിനെ ഹരിതാഭമാക്കി.
1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ അട്ടിമറിക്കപ്പെട്ടശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍ സൂചിപ്പിച്ച കര്‍ഷകരെ വനം കൈയേറ്റക്കാരാക്കി കുടിയൊഴിപ്പിക്കാന്‍ ആരംഭിച്ചു. 1700 കുടുംബക്കാരെ കുടിയൊഴിപ്പിച്ചിട്ട് അമരാവതിയിലെ കാട്ടില്‍ തള്ളി. അവരുടെ ജീവിതം ദുസ്സഹമാക്കി. നിരവധിപേര്‍ മരിച്ചു. രണ്ടു കുട്ടികള്‍ നീര്‍ച്ചാലില്‍ ഒഴുകിപ്പോയി. പാര്‍ലമെന്റ് അംഗമായിരുന്ന എ.കെ.ജി പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി അമരാവതിയിലെത്തി. പതിനായിരങ്ങളുടെ ദുരിതം കണ്ട് കണ്ണുനനഞ്ഞ എ.കെ.ജി പാര്‍ട്ടിയോടുപോലും ആലോചിക്കാതെ കുടിയിറക്കിന് എതിരെ നിരാഹാരസമരം പ്രഖ്യാപിച്ചു. കോട്ടയത്ത് തിരുനക്കര മൈതാനിയില്‍ നിരാഹാരം പ്രഖ്യാപിച്ച എ.കെ.ജി, ഇ.എം.എസ്, സുശീല, കൊച്ചുകുട്ടി ലൈല, കുഞ്ഞനന്തന് നായര്‍, ശർമാജി എന്നിവരടക്കം അമരാവതിയിലേക്കു യാത്ര തിരിച്ചു. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം വന്‍ജനസഞ്ചയമാണ് അവരെ കാത്ത് അമരാവതിയില്നിന്നിരുന്നത്. ഇ.എം.എസ് നല്കിയ നാരങ്ങാനീരു കുടിച്ച് എ.കെ.ജി നിരാഹാരസമരം ആരംഭിച്ചു. സമരം ആളിപ്പടര്‍ന്നു.
1960 ജൂണ്‍ 14 പുലര്‍ച്ചെ രണ്ടുമണി. കുമളിയിലെ ഒരു ചെറിയ ഹോട്ടലില്‍ ഒരു കുടുസ്സ് മുറിയില്‍ ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞനന്തന് നായരെ ഏതാനും പേര് കുലുക്കി ഉണര്‍ത്തി. അവര്‍ അദ്ദേഹത്തോടു പറഞ്ഞു, ''എ.കെ.ജിയെ അറസ്റ്റ് ചെയ്യാന്‍ വന്‍ പൊലീസ് സന്നാഹം അമരാവതിയിലേക്കു പോയിരിക്കുന്നു. സഖാവ് എന്തെങ്കിലും ഉടനെ ചെയ്യണം.'' സമരം ആരംഭിച്ചത് ജൂണ്‍ ആറിനായിരുന്നു. ഓരോ ദിവസവും സമരത്തിന്റെ തീക്ഷ്ണത വർധിച്ചുകൊണ്ടിരുന്നു. ഇതവസാനിപ്പിക്കാനാണ് പൊലീസ് ശ്രമം. കുഞ്ഞനന്തന്‍നായര്‍ അപ്പോള്‍ എ.കെ.ജിയുടെ സെക്രട്ടറിയായിരുന്നു. പുറത്ത് കനത്ത മഴ. അതിനെ മറികടന്നുകൊണ്ട് 'ദീപിക' ലേഖകനും ഫോട്ടോഗ്രാഫറും വന്ന വണ്ടിയില്‍ കുഞ്ഞനന്തന്‍നായര്‍ അമരാവതിയിലേക്ക് തിരിച്ചു. അവര്‍ അവിടെ ചെല്ലുമ്പോള്‍ അമരാവതി യുദ്ധഭൂമിയായി മാറിയിരുന്നു. ഒരു വശത്ത് എ.കെ.ജിയെ സംരക്ഷിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ സംഘം. മറുവശത്ത് നൂറുകണക്കിന് പൊലീസുകാര്‍ എ.കെ.ജിയെ അറസ്റ്റ് ചെയ്യാന്‍ അസഹിഷ്ണുതയോടുകൂടി വെമ്പിനില്‍ക്കുന്നു. എന്തു സംഭവിച്ചാലും എ.കെ.ജിയെ അറസ്റ്റു ചെയ്യും എന്നായിരുന്നു പൊലീസിന്റെ നിലപാട്. സത്യഗ്രഹ പന്തലിന് അടുത്തുള്ള ഷെഡിലേക്ക് കുഞ്ഞനന്തന് നായര്‍ ചെന്നു. മൈക്ക് ഓണ്‍ ചെയ്തു. എന്നിട്ട് ഉച്ചത്തില്‍ അനൗണ്‍സ് ചെയ്തു: ''പ്രിയപ്പെട്ട സഖാക്കളെ, നാട്ടുകാരെ, കുടിയിറക്കപ്പെട്ട കര്‍ഷക മക്കളെ... സഖാവ് എ.കെ.ജിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയിരിക്കുന്നു. ഉടന്‍ സത്യഗ്രഹ പന്തലില്‍ എത്തണം. അറസ്റ്റ് ചെയ്യാനുള്ള നീക്കം എന്തു വിലകൊടുത്തും തടയണം.'' അനൗണ്‍സ്മെന്റ് രണ്ട് മൂന്ന് തവണ ആവര്‍ത്തിച്ചു. പൊലീസ് എസ്.പി മാഞ്ഞൂരാന് കുഞ്ഞനന്തന് നായരുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു. അവര്‍ തമ്മില്‍ ഉന്തും തള്ളുമായി. താന്‍ എ.കെ.ജിയുടെ സെക്രട്ടറിയാണെന്നും അക്രഡിറ്റേഷന് ഉള്ള പത്രപ്രവര്ത്തകനാണെന്നും തന്നെ മർദിച്ചൊതുക്കാന്‍ നോക്കണ്ടെന്നും കുഞ്ഞനന്തന് നായര്‍ പറഞ്ഞു. അപ്പോഴേക്കും നാട്ടുകാര്‍ രംഗത്തേക്ക് ഇരച്ചെത്തി. പലരുടെയും കൈകളില്‍ വെട്ടുകത്തിയും വടിയും മറ്റ് ആയുധങ്ങളും. പൊലീസ് ബലം പ്രയോഗിക്കാന്‍ വിമുഖരായി. കാരണം ബലപ്രയോഗം വെടിവെപ്പില്‍ കലാശിക്കും. തര്‍ക്കം നീണ്ടു. നേരം വെളുത്ത് പത്തു മണിവരെ അതു തുടര്‍ന്നു. പിന്നീട് എ.കെ.ജിയെ സമാധാനപരമായ അന്തരീക്ഷത്തില്‍ അറസ്റ്റ് ചെയ്യുകയും അവസാനം കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം ഉറപ്പുവരുത്തി എ.കെ.ജിയുടെ സമരം വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വം കര്‍ശനമായ പ്രത്യയശാസ്ത്ര നിഷ്ഠയോടുകൂടി കുടിയിറക്കപ്പെട്ടവര്ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തത്.
1964ല്‍ ഡാങ്കെ കുഞ്ഞനന്തനെ സി.പി.ഐയില്‍നിന്നും 'ന്യൂ ഏജ്' പത്രത്തില്‍നിന്നും പുറത്താക്കി. സ്വന്തം വിപ്ലവ നയങ്ങളെ ലോകത്തിന്റെ പൂമുഖത്തു പ്രതിഷ്ഠിക്കാന്‍ ആഗ്രഹിച്ച കുഞ്ഞനന്തന് നായര്‍ ഡാങ്കെ വിരുദ്ധനായി മാറിയപ്പോള്‍ അദ്ദേഹത്തിനു 'ന്യൂ ഏജി'ല്‍നിന്ന് പുറത്തുപോകേണ്ടിവന്നു. പിന്നീട് അദ്ദേഹം 'ബ്ലിറ്റ്സി'ല്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നു. 1964 മുതല്‍ 1991 വരെ ബ്ലിറ്റ്സില്‍ ജോലിയില്‍ തുടര്‍ന്നു. 'ബ്ലിറ്റ്സ്' എന്നത് ഒരു ജർമന്‍ വാക്കാണ്. അതിന്റെ അർഥം ഇടിമിന്നല്‍ എന്നാണ്. ബ്ലിറ്റ്സിന്റെ സ്ഥാപകനായ റൂസ്സി കരഞ്ചിയ രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യന്‍ പത്രങ്ങളുടെ യുദ്ധകാര്യ ലേഖകനായിരുന്നു. ഹിറ്റ് ലറുടെ മിന്നല്‍വേഗത്തിലുള്ള ആക്രമണതന്ത്രം കരഞ്ചിയയെ വിസ്മയിപ്പിച്ചിരുന്നു. ആ യുദ്ധതന്ത്രത്തിന്റെ പേര് 'ബ്ലിറ്റ്സ് ക്രീഗ്' (മിന്നല്‍ യുദ്ധം) എന്നായിരുന്നു. ഈ വിസ്മയമാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയ അനേകം വാര് സ്കൂപ്പുകള് എഴുതിയ കരഞ്ചിയ യുദ്ധാനന്തരം ബോംബെയില്‍ ഒരു വാരിക ആരംഭിച്ചപ്പോള്‍ അതിന് 'ബ്ലിറ്റ്സ്' എന്ന പേരു കൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
പണത്തിനോ പദവിക്കോ ആയിരുന്നില്ല കുഞ്ഞനന്തന് നായര്‍ ബ്ലിറ്റ്സില്‍ ചേര്‍ന്നത്. കമ്യൂണിസ്റ്റ് ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണമായിരുന്നു അത്. പ്രത്യയശാസ്ത്രത്തിലും രാഷ്ട്രീയവീക്ഷണത്തിലും ഒരേ തരംഗദൈര്‍ഘ്യം ഉണ്ടായിരുന്ന സായിനാഥും കുഞ്ഞനന്തന് നായര്‍ക്കൊപ്പം ബ്ലിറ്റ്സില്‍ തുടര്‍ന്നു. സായിനാഥാണ് ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പ് പത്രലോകത്ത് എത്തിച്ചത്. 30 കൊല്ലത്തെ ബ്ലിറ്റ്സ് ജീവിതത്തിനിടയില്‍ 1200ഓളം ലേഖനങ്ങളും സ്കൂപ്പുകളും ഇന്റര്‍വ്യൂകളും പ്രസിദ്ധീകരിച്ചു. ഇതില്‍ പ്രധാനപ്പെട്ടവ സോവിയറ്റ് നേതാക്കളായ ക്രൂഷ്ചേവ്, ബ്രഷ്നേവ്, അമേരിക്കന്‍ പാര്‍ട്ടി ചെയര്മാന് ഹെൻറി വില്സന്, കനേഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ടിം ബെക്കി, ജി.ഡി.ആര് നേതാക്കളായ വാള്‍ട്ടര്‍ ഉള്‍ബ്രിറ്റ്, ഹോണിക്കര് ആല്‍ബര്‍ട്ട് നോര്‍ഡന്‍, ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോ, ഗയാനന്‍ പ്രധാനമന്ത്രി ചെദ്ദി ജഗാന്‍ തുടങ്ങിയവരുടെ ഇന്റര്‍വ്യൂകളാണ്.
1985 മാര്‍ച്ച് ഒമ്പതിന്റെ ബ്ലിറ്റ്സില്‍ കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ച രണ്ട് സ്കൂപ്പുകള് ലോകത്തെ ഞെട്ടിച്ചു. 'പ്ലോട്ട് ടു കില്‍ പി.എം ഇന്‍ പാരിസ്' (രാജീവ് ഗാന്ധിയെ പാരിസില്‍ വധിക്കാന്‍ ഗൂഢാലോചന) എന്നതും ഖലിസ്താന്‍ ഭീകരര്‍ കനിഷ്കവിമാനം തകര്‍ത്തതിന്റെ പിന്നിലെ ഗൂഢാലോചനകളും ആയിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി പാരിസില്‍ ഇന്ത്യന്‍ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യാനെത്തുമ്പോള്‍ സമ്മേളനവേദിയായ ഈഫല്‍ ടവറില്വെച്ചു വധിക്കാന്‍ ഖലിസ്താന്‍ തീവ്രവാദികള്‍ ഗൂഢാലോചന നടത്തിയതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. വാര്‍ത്തയെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ സാംസ്കാരികോത്സവത്തിന്റെ വേദി മാറ്റി. മൂന്ന് ഗൂഢാലോചനക്കാരെ അറസ്റ്റ് ചെയ്തു. കാനഡയില്‍നിന്നും ഡൽഹിയിലേക്കുള്ള 'കനിഷ്ക' വിമാനം അറ്റ് ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണത്. ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഇതിന്റെ പിന്നില്‍ ഖലിസ്താന്‍ ഗൂഢാലോചന ഉണ്ടായിരുന്നു. ഈ കാര്യങ്ങള്‍ ഒരു സ്കൂപ്പായി ബര്‍ലിന്‍ എഴുതി. ഇത് 1995 ജൂണ്‍ 25ന്റെ ബ്ലിറ്റ്സിലാണ് പ്രസിദ്ധീകരിച്ചത്. രാജീവ് ഗാന്ധിയെ വധിക്കാന്‍ കഴിയാത്തതിലുള്ള പ്രതികാരമാണ് 'കനിഷ്ക' വിമാനം തകര്‍ത്തത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സിഖ് ഭീകരരുടെ പേരുവിവരം കുഞ്ഞനന്തന് നായര്‍ പുറത്തുകൊണ്ടു വന്നു. വളരെ വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് കാനഡ സര്‍ക്കാര്‍ അവരെ അറസ്റ്റ്ചെയ്തു കേസെടുത്തത്.
കമ്യൂണിസ്റ്റ് അധികാരം അഴിമതിയിലേക്ക് നടന്നുകയറുന്നത് കുഞ്ഞനന്തന് നായര്‍ കണ്ടത് സോവിയറ്റ് റഷ്യയിലെ സുഖവാസ കേന്ദ്രമായ മോസ്കോവാ നദീതീരത്തായിരുന്നു. മോസ്കോ നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലമുള്ള ഈ സുഖവാസകേന്ദ്രം സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെയും ഉയര്‍ന്ന ബ്യൂറോക്രാറ്റുകളുടെയും താവളമാണ്. 1964ലെ ബ്രഷ്നേവ് യുഗം ആരംഭിച്ചതോടുകൂടി ലെനിനും സ്റ്റാലിനും വളര്‍ത്തിയെടുത്ത കമ്യൂണിസ്റ്റ് സംസ്കാരവും ബോള്‍ഷെവിക് ജീവിതശൈലിയും ദുര്‍ബലപ്പെടാന്‍ തുടങ്ങി. ബ്രഷ്നേവിന്റെ കാലത്താണ് രാഷ്ട്രത്തിന്റെ സമ്പത്ത് സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്ന നേതൃത്വനിര വളര്‍ന്നുവന്നത്. ജനങ്ങള്‍ പാര്‍ട്ടിക്ക് നല്കുന്ന സംഭാവനകളും പൊതുസ്ഥാപനങ്ങളിലെ വരുമാനവും നേതാക്കള്‍ക്ക് സുഖിച്ചുതീര്ക്കാനാണെന്ന ചിന്ത രൂഢമൂലമായി.
സ്വന്തമായി ദാച്ചയും (ബംഗ്ലാവ്) ഡോളര്‍ അക്കൗണ്ടും സർവകലാശാലകള്‍ നല്കുന്ന ഡോക്ടറേറ്റ് ബിരുദവും പാര്‍ട്ടി നേതാക്കള്‍ക്ക് -പ്രാദേശിക കമ്മിറ്റി സെക്രട്ടറിമാര്‍ മുതല്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ വരെ- അനിവാര്യമാണെന്ന നിലവന്നു. അതൊന്നും അഴിമതിയല്ലെന്ന വിശ്വാസവും. സോവിയറ്റ് യൂനിയനില്‍ വളര്‍ന്നുവന്നതും കമ്യൂണിസ്റ്റ് സദാചാരങ്ങള്‍ക്ക് നിരക്കാത്തതുമായ ഈ സംസ്കാരത്തിന് 'ത്രീഡി' സംസ്കാരം (ദാച്ച, ഡോളര്‍, ഡോക്ടറേറ്റ്) എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ത്രീഡി സംസ്കാരമാണ് സോവിയറ്റ് പാര്‍ട്ടിയെ സമ്പൂർണ ജീർണതയില് എത്തിച്ചതെന്നാണ് ബര്‍ലിന്റെ നിരീക്ഷണം.
ഡോളര്‍ സമ്പാദിക്കാന്‍ നേതാക്കളും ബ്യൂറോക്രാറ്റുകളും പല മാർഗങ്ങള്‍ സ്വീകരിച്ചിരുന്നു. റഷ്യന്‍ കറന്‍സിയായ റൂബിള്‍ കരിഞ്ചന്തയില്‍ മാറ്റിയും പ്രബന്ധങ്ങളും ഗവേഷണപേപ്പറുകളും വിദേശ എംബസിമാര്ക്ക് വിറ്റും ഇവര്‍ ഡോളര്‍ സമ്പാദിച്ചു. ഡോക്ടറേറ്റ് കിട്ടാന്‍ പാര്‍ട്ടിയുടെ സ്വാധീനവും അധികാരവും സർവകലാശാലകളില്‍ ചെലുത്തി. ഇതിനായി സർവകലാശാല പ്രഫസര്‍മാര്‍ക്ക് വിദേശത്തു പോകാന്‍ അനുമതി സംഘടിപ്പിച്ചുകൊടുത്തു. കെ.ജി.ബിയുടെ അനുമതിയും തരപ്പെടുത്തിനല്‍കി. നൂറു പേജുള്ള ഒരു സാധാരണ ഉപന്യാസത്തിനുപോലും ഡോക്ടറേറ്റ് കിട്ടിത്തുടങ്ങി. പ്രബന്ധത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും അപ്പോള്‍ അധികാരത്തിലിരിക്കുന്ന സി.പി.എസ്.യു ജനറല്‍ സെക്രട്ടറിയുടെ (കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി) ഉദ്ധരണികള്‍ ഉണ്ടായിരിക്കണം എന്നുമാത്രം.
കേരളത്തില്‍ സി.പി.എമ്മിലുണ്ടായ വിഭാഗീയത പാര്‍ട്ടിയില്‍ വലിയ ജീർണതക്കു വഴിയൊരുക്കി എന്ന് കുഞ്ഞനന്തന് നായര്‍ക്ക് തോന്നി. അത് വ്യക്തമാക്കാന്‍ എഴുതിയ പുസ്തകമാണ് 'ഒളികാമറകള്‍ പറയാത്തത്'. ഇതില്‍ പിണറായി വിജയനെതിരെ അദ്ദേഹം വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. കുഞ്ഞനന്തന് നായരുടെ മരുമകന് ഡോ. പി.കെ. ഗംഗാധരന്റെ അഭിപ്രായത്തില്‍ അത്തരം തുറന്നെഴുത്തുകള്‍ പല വിഗ്രഹങ്ങളെ പൊളിച്ചടുക്കും എന്നുതന്നെയായിരുന്നു. അതിനാല്‍ അദ്ദേഹം അമ്മാവനെ അതില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. പക്ഷേ, കുഞ്ഞനന്തന് നായരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന് ആര്‍ക്കും കഴിഞ്ഞില്ല. വിപ്ലവപ്രസ്ഥാനത്തിന്റെ വിശുദ്ധഭൂമിയിലെ അപഥസഞ്ചാരങ്ങളെക്കുറിച്ച് പറയാതിരിക്കാന്‍ എനിക്കാവില്ല എന്ന നിലപാടാണ് അദ്ദേഹം പുലര്‍ത്തിയത്. കുഴിമാടത്തിലും ഞാന്‍ ഉണര്‍ന്നിരിക്കും റിവിഷനിസത്തിനെതിരെ പോരാടാന്‍ എന്നതായിരുന്നു ബര്‍ലിന്റെ നിലപാട്.
കമ്യൂണിസം ഒരു സ്വപ്നമാണ്. ആ സ്വപ്നത്തിനൊപ്പം ജീവിച്ചൊരാളാണ് കുഞ്ഞനന്തന് നായര്‍. ആത്മത്യാഗത്തിന്റെ സന്ദേശം പ്രസരിപ്പിച്ച ഒട്ടനവധി കമ്യൂണിസ്റ്റുകള്‍ക്കൊപ്പം ജീവിച്ച കുഞ്ഞനന്തന് നായര്‍ക്ക് അവസാന നാളുകളില്‍ അത്തരം ആളുകളെ കാണാന്‍തന്നെ കഴിയാതെയായി. സാമൂഹികമായ ഒറ്റപ്പെടല്‍ പാര്‍ട്ടിയിലേക്കു തിരിച്ചുകയറി തീര്‍ക്കുകയായിരുന്നു ബര്‍ലിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.