''അറിവുമറിഞ്ഞിടുമര്‍ഥവും പുമാന് ത-
ന്നറിവുമൊരാദി മഹസ്സു മാത്രമാകും
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലിമര്ന്നതു മാത്രമായിടേണം''
- ശ്രീനാരായണഗുരു
മൂക്കുത്തിയെക്കുറിച്ച് നമുക്കൊരു വിശദപഠനമായാലോ...
മൂക്കുത്തിയെക്കുറിച്ച് വിശദപഠനമോ?
ആ... നീയൊന്നു നോക്ക്. അതില്‍ ഫാഷന്‍ ഉണ്ട്. കേരളീയ ആഭരണനിര്‍മാണ ചരിത്രം വരും. കേരളത്തിന്റെ സാംസ്കാരിക ചരിത്രം ധാരാളമുണ്ട്. മോഹിനിയാട്ടത്തിന്റെ സാംസ്കാരിക പരിണാമങ്ങളും അതുവഴി കലാചരിത്രവും വരും. ജാതിയും ജാതിക്കെതിരായ പോരാട്ടങ്ങളും വരും. സസ്യശാസ്ത്രത്തിലേക്ക് കടക്കാനാവും. ചരകന്റെ ശസ്ത്രക്രിയ മുതലുള്ള ആരോഗ്യശാസ്ത്രം നോക്കേണ്ടിവരും. മൂക്കു കുത്തുന്ന ശാസ്ത്രകലയുടെ പരിണാമങ്ങള്‍ ധാരാളം വരും. മണിപ്രവാളം മുതലുള്ള സാഹിത്യം കാര്യമായി പറയേണ്ടിവരും. രവിവര്മചിത്രങ്ങളും നരവംശശാസ്ത്രവും പറയാതെ പറ്റില്ലല്ലോ. സ്വര്‍ണാഭരണ നിര്‍മാണത്തെക്കുറിച്ചും സ്വര്‍ണ വിപണിയെക്കുറിച്ചും പഠിക്കേണ്ടിവരും... പോരെങ്കില്‍ നിനക്ക് തികച്ചും അക്കാദമിക് ആയി വായിനോട്ടവും നടക്കും. ഡോ. സ്കറിയാ സക്കറിയ എപ്പോളും പറഞ്ഞുകൊണ്ടേയിരുന്നത്, പതിവുമട്ടിനു പുറത്തുനില്‍ക്കുന്ന ഇത്തരം ജ്ഞാനവിസ്താരങ്ങളെക്കുറിച്ചായിരുന്നു. പലപല അടരുകളായി കയറിയിറങ്ങിയും വിവിധ വിജ്ഞാനമേഖലകളിലെ അറിവിടങ്ങള്‍ കൂടിക്കലര്‍ന്നും കിടക്കുന്നതിനെക്കുറിച്ച്. ഏറ്റവും ലളിതവും സാധാരണവുമായ കാര്യങ്ങളില്‍നിന്ന് ആഴമാര്‍ന്ന അറിവു രൂപപ്പെടുത്തുന്നതിനെക്കുറിച്ച്. സരസങ്ങള്‍ ഗഹനങ്ങള്‍ എന്ന് ഉണ്ണായിവാര്യര്‍ പാടിയതുപോലെ.
സാധാരണ ജീവിതത്തില്‍നിന്ന് വേര്‍പെട്ട് മസിലുപിടിച്ചു നില്ക്കുന്ന ഒരു മഹാകാര്യമാണ് അറിവ് എന്നമട്ടിലുള്ള ഗൗരവനാട്യങ്ങളെ പരിഹാസമില്ലാത്ത ഒരു നറുചിരിയോടെയേ ഡോ. സ്കറിയാ സക്കറിയ കണ്ടിട്ടുള്ളൂ. അതേസമയം ഒരു വിവരം അല്ലെങ്കില്‍, ഒരു സംഗതി അറിവായി രൂപപ്പെടുന്നതിനും വിനിമയപ്പെടുന്നതിനും ചില രീതിശാസ്ത്ര പരികൽപനകള് കൂടിയേ തീരൂ എന്നും അദ്ദേഹം എപ്പോഴും ഓര്‍മിപ്പിച്ചു. നമ്മുടെ നിത്യജീവിതത്തില്നിന്നാണ് അറിവ് രൂപപ്പെടുന്നത് എന്നും ആ അറിവാണ് ജീവിതത്തെ നിരന്തരം പുതുക്കിക്കൊണ്ടേയിരിക്കുന്നത് എന്നുമാണ് അദ്ദേഹം പഠിപ്പിച്ചത്.
മൂക്കുത്തിയെക്കുറിച്ചോ മുടിയഴകിനെക്കുറിച്ചോ നിത്യജീവിതത്തിലെ മതത്തിന്റെ ഇടപെടലുകളെക്കുറിച്ചോ അഗംബന്റെ ദര്‍ശനങ്ങളെക്കുറിച്ചോ മിഖായേല്‍ ബക്തിന്റെ സാഹിത്യസമീപനങ്ങളെക്കുറിച്ചോ ചോംസ്കിക്കു ശേഷമുള്ള ഭാഷാചിന്താ മുന്നേറ്റങ്ങളെക്കുറിച്ചോ ഒക്കെ പഠിക്കുന്നത് ഒരേപോലെ പ്രധാനമായിരുന്നു അദ്ദേഹത്തിന്. ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ നിത്യജീവിതത്തിലെ നാട്ടുകഥകളും നാട്ടുപാട്ടുകളും ഓര്മക്കഥകളും ഒക്കെ ജാഗ്രതയോടെ ശേഖരിച്ച് വിവേകത്തോടെ വിശകലനംചെയ്ത് വിലയേറിയ അറിവുനിര്മാണങ്ങള് നടത്താനാണ് അദ്ദേഹം തന്റെ ഗവേഷക വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നത്. മലബാറിലെ സ്ത്രീകളുടെ ഓര്‍മയില്‍നിന്ന് മലബാര്‍ കലാപകാലം വീണ്ടെടുക്കുന്ന പ്രഫ. ഷംഷാദ് ഹുസൈന്റെ ഗവേഷണം, കുട്ടനാട്ടിലെ സാധാരണക്കാര്‍ക്കിടയിലെ കഥകളില്‍നിന്ന് കേരളീയ ജീവിതത്തിലെ ബുദ്ധമത സ്വാധീനം തിരിച്ചറിയുന്ന ഡോ. അജു നാരായണന്റെ പഠനം, പുലയരുടെ നാടോടിപ്പാട്ടുകളില്നിന്ന് ജീവിതം കണ്ടെടുക്കുന്ന പ്രഫ. സജിത കെ.ആറിന്റെ ഗവേഷണം, ചെങ്ങന്നൂരാതിയുടെ പാട്ടുകഥകളില്നിന്ന് ഒരു ജനതയുടെ ജീവിതമൂല്യങ്ങള്‍ തെളിച്ചുകാണിക്കുന്ന ഡോ. എ.കെ. അപ്പുക്കുട്ടന്റെ പ്രബന്ധം എന്നിങ്ങനെ ഉദാഹരണങ്ങള്‍ എത്രയെങ്കിലുമുണ്ട് അറിവുൽപാദനത്തിന്റെ സ്കറിയാവഴികളില്. സമൂഹത്തിന്റെ താഴെത്തട്ടുകളില്നിന്നും പാര്‍ശ്വവത്കരിക്കപ്പെട്ട ഇടങ്ങളില്‍നിന്നും അറിവു കണ്ടെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
എപ്പോഴും പുതുമകളെക്കുറിച്ചാണ് പ്രഫ. സ്കറിയാ സക്കറിയ സംസാരിക്കാറുള്ളത്. പുതിയൊരു കാര്യത്തിന് അതിന്റെ പുതുമ എന്ന ഒറ്റ മൂല്യംകൊണ്ടുമാത്രം വലിയൊരളവോളം സ്വീകാര്യതയുണ്ടായിരുന്നു സാറിനടുത്ത്. എന്നാലോ എപ്പോഴും അദ്ദേഹം അറുപഴഞ്ചന്‍ രേഖകളിലേക്കും അറിവിടങ്ങളിലേക്കുമാണ് ഊളിയിട്ടുകൊണ്ടിരുന്നത്. എടത്വയില്‍ ജനിച്ച കുട്ടനാട്ടുകാരന് ഊളിയിടലുകളും മുങ്ങിക്കളിയും പൊങ്ങിക്കളിയുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗംതന്നെയായിരുന്നല്ലോ. 1947 മേയ് 16ന് എടത്വ ചെക്കിടിക്കാട്ടെ കരിക്കമ്പള്ളി വീട്ടിലാണ് സ്കറിയയുടെ ജനനം. അപ്പന്റെ പേരും സ്കറിയ എന്നുതന്നെ. അമ്മ ക്ലാരമ്മ. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അപ്പന്റെയും മകന്റെയും പേരു ചേര്‍ത്ത് സ്കറിയ സ്കറിയ എന്നായി. ഏയ്... ഒരേ പേര് ആവര്‍ത്തിക്കുന്നതില്‍ ഒരു രസമില്ല എന്നു പറഞ്ഞ് അധ്യാപകനാണ് സ്കറിയാ സക്കറിയ എന്ന് പേരു പരിഷ്കരിച്ചത്. പ്രീഡിഗ്രി വിദ്യാര്‍ഥിയായി 1962ല്‍ എസ്.ബി കോളജിലേക്ക് എത്തിയപ്പോള്‍ മുതല്‍ ചങ്ങനാശ്ശേരിക്കാരനായി. ഡിബേറ്റുകള്‍, പ്രസംഗങ്ങള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയിലൊക്കെ അക്കാലത്ത് എസ്.ബി കോളജിലെ താരമായിരുന്നു അദ്ദേഹം. സ്കറിയാ സക്കറിയയുടെ ഗരിമയാര്‍ന്ന പ്രഭാഷണ-സംസാരങ്ങളുടെ തുടക്കം എസ്.ബി കോളജില്‍തന്നെ. ഫിസിക്സില്‍ ബിരുദം എടുത്തശേഷമാണ് കൂടുതല്‍ പ്രിയപ്പെട്ട മലയാള പഠനത്തിലേക്കു തിരിഞ്ഞത്. എം.എ പൂര്‍ത്തിയാക്കിയത് സചിവോത്തമ ഷഷ്ട്യബ്ദപൂര്‍ത്തി സ്വര്‍ണമെഡലോടെ. അദ്ദേഹത്തെ അക്കൊല്ലംതന്നെ അവിടെ അധ്യാപകനായി നിയമിച്ചു. 22ാം വയസ്സില്‍ എം.എ ക്ലാസില്‍ പഠിപ്പിച്ചുതുടങ്ങി. 1969 മുതല്‍ 1994 വരെ 25 കൊല്ലം ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ അധ്യാപകനായിരുന്നു. തുടര്‍ന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ചേര്‍ന്ന അദ്ദേഹം ആദ്യത്തെ രണ്ടു കൊല്ലം ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തിലായിരുന്നു. പിന്നീട് വകുപ്പധ്യക്ഷനായി കാലടിയിലേക്ക് മാറി.
പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞനായിരുന്ന ഡോ. എ.പി. ആന്ഡ്രൂസുകുട്ടിക്കൊപ്പം, മിഷനറിമാരുടെ ഭാഷാസംഭാവനകളെക്കുറിച്ചായിരുന്നു സ്കറിയാ സക്കറിയയുടെ ഗവേഷണം. വിപുലമായ അന്വേഷണങ്ങളിലൂടെ ഒട്ടേറെ രേഖകള്‍ കണ്ടെത്തി ഇംഗ്ലീഷില്‍ തയാറാക്കിയ ആ പ്രബന്ധം മലയാളത്തിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചുണ്ടായിരുന്ന പല പരമ്പരാഗത ധാരണകളെയും തിരുത്തിക്കുറിച്ചു. പ്രസിദ്ധീകരിക്കാനിരിക്കുന്നതേയുള്ളൂ ആ ഗവേഷണപ്രബന്ധം. ജോസഫ് പുലിക്കുന്നേലിന്റെ ഓശാനമൗണ്ടില്‍നിന്ന് മലയാളം ബൈബിള്‍ പ്രസിദ്ധീകരിച്ചത് 1993ലാണ്. എന്‍.വി. കൃഷ്ണവാര്യര്‍, പ്രഫ. എം.വി. പൈലി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു വിവര്‍ത്തന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. സ്കറിയാ സക്കറിയ കോഓഡിനേറ്ററും. ബൈബിള്‍ അത്രമേല്‍ കേരളീയമാണെന്നും വിവര്‍ത്തനം എത്ര വിപുലമായ സാംസ്കാരിക പ്രവര്‍ത്തനമാണെന്നും മനസ്സിലാക്കിയത് അതുവഴിയാണെന്ന് അദ്ദേഹം പറയുമായിരുന്നു.
1986ല്‍ ബര്‍ലിനില്‍ നടന്ന ഗുണ്ടര്‍ട്ട് സ്മാരക ലോക മലയാള സമ്മേളനത്തില്‍ പങ്കെടുത്തതാണ് ഡോ. സ്കറിയാ സക്കറിയയുടെ ജീവിതത്തിലെന്നപോലെ മലയാള പഠന ഗവേഷണ രംഗങ്ങളിലും വലിയൊരു വഴിത്തിരിവുണ്ടാക്കിയത്. കേരളത്തില്‍നിന്ന് ഒട്ടേറെ പ്രഗല്ഭ ഗവേഷകരും മുതിര്‍ന്ന പത്രപ്രവര്‍ത്തകരും ഒക്കെ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഒരു വിദേശ രാജ്യത്ത് കേരളപഠനങ്ങളെ മുന്‍നിര്‍ത്തി നടന്ന ഏറ്റവും വലിയ വൈജ്ഞാനിക സമ്മേളനങ്ങളിലൊന്നായിരുന്നു അത്. അര്‍ണോസു പാതിരിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു സാറിന്റെ ചുമതല. ഇംഗ്ലീഷിലുള്ള ആ വലിയ പേപ്പറും പ്രസിദ്ധീകരിക്കാനിരിക്കുന്നതേയുള്ളൂ. ജര്‍മനിയില്‍വെച്ച് ട്യൂബിങ്ങനിലെ പ്രഗല്ഭ ഇന്‍ഡോളജിസ്റ്റും ഗുണ്ടര്‍ട്ട് ഗവേഷകനുമായ ആല്‍ബ്രഷ്ട് ഫ്രന്‍സുമായി പരിചയപ്പെട്ടു. ആഗോളതലത്തിൽതന്നെ ഗുണ്ടര്‍ട്ട് പഠിതാക്കള്‍ക്കിടയില്‍ ആചാര്യനാണ് ഡോ. ഫ്രന്‍സ്. 36 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും ശയ്യാവലംബികളായപ്പോഴും ആ വ്യക്തിബന്ധത്തിനും അക്കാദമിക് ഉത്സാഹങ്ങള്‍ക്കും ഉടവൊന്നും പറ്റിയില്ല.
20 വര്‍ഷം മാത്രം കേരളത്തില്‍ ചെലവഴിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1859 ഏപ്രില്‍ 11ന് 45ാം വയസ്സില്‍ കേരളത്തില്‍നിന്ന് ജന്മദേശത്തേക്ക് മടങ്ങിയിരുന്നു. അതിനിടയിൽതന്നെ മലയാളം പഠിച്ചെടുത്ത്് നമ്മുടെ ഭാഷക്ക് ഒരു വ്യാകരണവും വലിയൊരു നിഘണ്ടുവും ഒട്ടേറെ മറ്റു കൃതികളും രചിക്കുകയും ചെയ്തു ഗുണ്ടര്‍ട്ട്. മലയാളത്തിന്റെ ഭാഗ്യം എന്നേ പറയാനുള്ളൂ -കേരളത്തില്‍നിന്ന് കിട്ടാവുന്നത്ര പുസ്തകങ്ങളും താളിയോലകളും നോട്ടുബുക്കുകളും ഒക്കെ ശേഖരിച്ചാണ് ആ ജര്‍മന്‍ മിഷനറി യാത്രയായത്. 100-120 കൊല്ലക്കാലം ആ രേഖകളെല്ലാം ഭദ്രമായി സൂക്ഷിച്ചു ഗുണ്ടര്‍ട്ടിന്റെ കുടുംബവും ട്യൂബിങ്ങന്‍ യൂനിവേഴ്സിറ്റിയും. വിപുലമായ ആ രേഖാശേഖരം കണ്ടെടുക്കാനും തിരിച്ചറിഞ്ഞ് ഓരോന്നിനെക്കുറിച്ചും വിശദപഠനങ്ങള്‍ നടത്താനും ഡോ. സ്കറിയാ സക്കറിയക്കു കഴിഞ്ഞു. ഡോ. ഫ്രന്‍സും ഡോ. സ്കറിയായും ചേര്‍ന്ന് മലയാളത്തിലും ഇംഗ്ലീഷിലും ജര്‍മനിലും നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഡോ. സ്കറിയാ സക്കറിയയുടെ പുസ്തകങ്ങൾ
പയ്യന്നൂര്‍ പാട്ടുകളുടെ വീണ്ടെടുക്കലാണ് ഭാഷാചരിത്രത്തെക്കുറിച്ചുള്ള പുതുബോധ്യങ്ങളിലേക്കു നയിച്ച ഒന്ന്. യഹൂദശാസനത്തെക്കുറിച്ചുള്ള എഫ്.ഡബ്ല്യു. എല്ലിസിന്റെ പ്രബന്ധത്തില്‍ കാണുന്ന അഞ്ചുവണ്ണക്കാരെക്കുറിച്ചുള്ള പരാമര്‍ശം വിശദീകരിക്കാനായിട്ടാണ് ഗുണ്ടര്‍ട്ട് പയ്യന്നൂര്‍ പാട്ടിലെ 14 വരികള്‍ രേഖപ്പെടുത്തിയിരുന്നത്. അത് കണ്ടെത്തി ഉള്ളൂര്‍ സാഹിത്യചരിത്രത്തില്‍ ഉദ്ധരിച്ചു. അതിനപ്പുറം പയ്യന്നൂര്‍ പാട്ടുകളെക്കുറിച്ച് ആര്‍ക്കും ഒരറിവുമില്ലായിരുന്നു. മലയാളത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷാഗാനങ്ങളിലൊന്നാണത്. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് വലിയ വിവരങ്ങള്‍ തരുന്ന കൃതി. എന്നാല്‍, അങ്ങനെയൊന്നുണ്ടോ എന്നുപോലും സംശയിച്ചിരുന്ന കാലത്ത് ഗുണ്ടര്‍ട്ടിന്റെ രേഖാശേഖരത്തില്നിന്ന് പയ്യന്നൂര്‍ പാട്ട് കണ്ടെടുക്കാന്‍ കഴിഞ്ഞത് ഭാഷാഗവേഷകന്‍ എന്നനിലയില്‍ ഡോ. സ്കറിയാ സക്കറിയക്ക് എല്ലാ തുറകളില്‍നിന്നുമുള്ള അംഗീകാരം നേടിക്കൊടുത്തു. എസ്. ഗുപ്തന് നായരും എം.ജി.എസ്. നാരായണനും ഉള്‍പ്പെടെയുള്ളവര്‍ പിന്നീട് പയ്യന്നൂര്‍ പാട്ടിനെക്കുറിച്ച് വിശദപഠനങ്ങള്‍ നടത്തി. മലയാളത്തിലെത്തിയ ആദ്യ നോവല്‍ 'ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' എന്ന ബംഗാളി കൃതിയുടെ പരിഭാഷയാണ്. ഹന്ന കാതറിന് മുള്ളന്‍സ് എന്ന മദാമ്മ 1852ല്‍ ബംഗാളിയില്‍ പ്രസിദ്ധീകരിച്ച ഈ കൃതി ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട ആദ്യ നോവല്‍കൂടിയാണ്. റവ. ജോസഫ് പീറ്റ് മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്ത ഈ കൃതിയുടെ കോപ്പിയും ഗുണ്ടര്‍ട്ട് ശേഖരത്തില്‍നിന്നാണ് കണ്ടെടുത്തത്. (സാന്ദര്‍ഭികമായി പറഞ്ഞോട്ടെ, മലയാളത്തിന്റെ വികാസത്തിന് വലിയ സംഭാവനകള്‍ നല്കിയ ജോസഫ് പീറ്റിനെക്കുറിച്ചും ഡോ.സ്കറിയാ സക്കറിയ തന്നിട്ടുള്ള വിവരങ്ങള്‍ക്കപ്പുറം ഒന്നും നമുക്ക് ഇന്നും അറിയില്ല!) ഈ കൃതിയുടെ പകര്‍പ്പുമായി സ്കറിയാ സക്കറിയ കേരളത്തിലെത്തുമ്പോള്‍ എസ്. ഗുപ്തന് നായര്‍ ആയിരുന്നു കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍. ഡോ. സ്കറിയായെ ഒപ്പം ഇരുത്തി പ്രത്യേക വാർത്താസമ്മേളനം വിളിച്ച് ഈ അപൂര്‍വ കണ്ടെത്തലിനെക്കുറിച്ച് ഗുപ്തന് നായര്‍ ആഹ്ലാദത്തോടെ സംസാരിച്ചു. അന്ന് കണ്ടെടുത്ത ഏതാണ്ടെല്ലാ കൃതികളും സ്കറിയാ സക്കറിയയുടെ വിശദമായ ആമുഖപഠനങ്ങളോടെ പ്രസിദ്ധീകരിച്ചു. ഭാഷയുടെയും സംസ്കാരത്തിന്റെയും ആകരങ്ങളായ ഇത്രയേറെ കൃതികളുടെ വീണ്ടെടുപ്പു നടത്തിയ മറ്റൊരാള്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ മാത്രമായിരിക്കും. ഭാഷാചരിത്രത്തെക്കുറിച്ചും കേരളീയ സാംസ്കാരിക ചരിത്രത്തെക്കുറിച്ചും അന്നോളമുണ്ടായിരുന്ന പല ധാരണകളും മാറ്റിമറിക്കാന്‍ പോന്നതാണ് ഡോ. സ്കറിയയുടെ കണ്ടെത്തലുകള്‍. 1599ല്‍ ഉദയംപേരൂരില്‍ നടന്ന സുനഹദോസിന്റെ കാനോനകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദപഠനം ഒരു കാലഘട്ടത്തിലെ കേരളീയ ജീവിതത്തിന്റെയും ഭാഷയുടെയും നാനാമുഖങ്ങളെ തുറന്നു കാണിക്കുന്നതാണ്.
വളരെ പ്രധാനപ്പെട്ട മറ്റു രണ്ടു വീണ്ടെടുപ്പുകള്‍ തലശ്ശേരി രേഖകളും പഴശ്ശി രേഖകളുമാണ്. മലബാറില്‍ ബ്രിട്ടീഷ് ആധിപത്യത്തിന്റെ തുടക്കക്കാലമായ 1796-1800 കാലത്ത് അവിടത്തെ നാട്ടുരാജാക്കന്മാരും സാധാരണക്കാരും അധികാരികള്‍ക്ക് എഴുതിയ കത്തുകളും സമര്‍പ്പിച്ച പരാതികളും ഒക്കെയായ 1684 കത്തുകള്‍ ഗുണ്ടര്‍ട്ട് ശേഖരിച്ച് കൊണ്ടുപോയിരുന്നു. ആ രേഖാശേഖരത്തില്‍ 255 കത്തുകള്‍ പഴശ്ശിരാജയുമായി ബന്ധപ്പെട്ടവയാണ്. അക്കാലത്തെ മലബാര്‍ മലയാളത്തിന്റെ ചൊടിയും ചുണയുമുള്ള മലയാള ഗദ്യമാണ് അവയില്‍. അക്കാലത്തെ മലയാള ഗദ്യത്തിന്റെ ഇത്ര വലിയൊരു ശേഖരം വേറേ കിട്ടിയിട്ടില്ല. ഡോ. ജോസഫ് സ്കറിയയുമായി ചേര്‍ന്ന് ഈ വിപുലശേഖരത്തിന്റെ വ്യവഹാരമാതൃകാ പഠനം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോന്നോരോന്നായി ഇങ്ങനെ എടുത്തുപറയാന്‍ നോക്കിയാല്‍ വല്ലാതെ നീണ്ടുപോകും. എങ്കിലും ജൂതപ്പാട്ടുകളെക്കുറിച്ച് പറയാതെ വയ്യാ. ഇസ്രായേലിലേക്ക് കുടിയേറിപ്പോയ മലയാളികള്‍ തലമുറ പിന്നിട്ടിട്ടും കൈവിടാതെ സൂക്ഷിച്ച മലയാളം പാട്ടുകള്‍ പഴയ നോട്ടുബുക്കുകളില്നിന്നും മുതിര്‍ന്ന സ്ത്രീകളുടെ ഓര്മകളില്നിന്നുമൊക്കെയായി ശേഖരിച്ച് വിശകലനംചെയ്ത് മലയാളത്തിലും ഹീബ്രുവിലും ജര്‍മനിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ചു. അഞ്ചു രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ പങ്കാളിയായ വിപുലമായ ഈ അന്താരാഷ്ട്ര ഗവേഷണ പദ്ധതിയുടെ അമരത്ത് ഡോ. സ്കറിയ ആയിരുന്നു. 'കാര്‍കുഴലി' എന്ന ആ പാട്ടുസമാഹാരം ഇപ്പോള്‍ മലയാളത്തിന്റെ നാട്ടറിവുകളുടെ ഭാഗംകൂടിയായിട്ടുണ്ട്.
പേരക്കുട്ടി ഗൗതമിനും സഹായിയും ഗവേഷണ വിദ്യാർഥിയുമായ ബിന്റോക്കും ഒപ്പം ഡോ. സ്കറിയാ സക്കറിയ
ഒരു അധ്യാപകന്റെ പ്രഥമവും പ്രധാനവുമായ പണി ക്ലാസില്‍ കുട്ടികളോടു സംവദിക്കുക എന്നതാണ് എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടായിരുന്നില്ല അദ്ദേഹത്തിന്. നമ്മുടെ ചൊല്ക്കൊണ്ട പല അധ്യാപകരും പുറത്ത് ഘോരഘോരം പ്രസംഗിക്കുകയും കഴിയുമെങ്കില്‍ ക്ലാസില്‍ പോകാതിരിക്കുകയും ചെയ്യുന്നവരായിരുന്നല്ലോ. ക്ലാസ് മുറികള്‍ ഏറ്റവും സാര്‍ഥകമായ സംവാദവേദികളായിരുന്നു സ്കറിയാ സക്കറിയ എന്ന അധ്യാപകന്. വിദ്യാര്‍ഥികള്‍ അദ്ദേഹത്തെയും അദ്ദേഹം വിദ്യാര്‍ഥികളെയും നിരന്തരം പുതുക്കിക്കൊണ്ടേയിരിക്കുകയായിരുന്നു ആ ക്ലാസ് മുറികളില്‍. കുട്ടികളില്‍നിന്ന് അറിവും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വീകരിക്കാനുള്ള ആ മനോഭാവമാണ് ഒരധ്യാപകന് എന്നനിലയില്‍ പ്രഫ. സ്കറിയാ സക്കറിയയുടെ അനിതരസാധാരണത്വം. സഹപ്രവര്‍ത്തകരായിരുന്ന ഡോ. സുനില്‍ പി. ഇളയിടത്തെയും ഡോ. എന്‍. അജയകുമാറിനെയും ഡോ. പി. പവിത്രനെയും പോലെയുള്ളവര്‍ ക്ലാസ് മുറിയിലെ ജനാധിപത്യം എന്ന പരികൽപനയില് പിന്നീട് പലപ്പോഴും വിവരിച്ചിട്ടുള്ളതും ആ മനോഭാവങ്ങളെത്തന്നെ. തനിക്കൊപ്പം ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന് സഹപ്രവര്‍ത്തകരായിരുന്നു.
അന്താരാഷ്ട്രതലത്തില്‍ സംസ്കാര പഠനം-കള്‍ച്ചറല്‍ സ്റ്റഡീസ്- ഒരു സവിശേഷ ജ്ഞാനമേഖലയായി വികസിച്ചുവന്ന് വൈകാതെതന്നെ കാലടി സര്‍വകലാശാലയില്‍ ഒരു സംസ്കാര പഠന കേന്ദ്രം രൂപവത്കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ വേഗമാണ് നമ്മുടെ കല-സാഹിത്യ പഠനങ്ങളാകെത്തന്നെ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ വഴക്കങ്ങളിലായിത്തീര്ന്നത്. സാഹിത്യം വായിക്കുന്നതിന്റെ, സിനിമ കാണുന്നതിന്റെ, പാട്ടുകേള്‍ക്കുന്നതിന്റെ, ചരിത്രമോ വാര്‍ത്തകളോ ഉള്‍ക്കൊള്ളുന്നതിന്റെ ഒക്കെ രീതികള്‍തന്നെ സാംസ്കാരിക പഠനത്തിന്റെ വഴിവഴക്കങ്ങളിലായിത്തീര്ന്നിട്ടുണ്ടല്ലോ ഇപ്പോള്‍. ആ നിലയില്‍ നോക്കിയാല്‍ മലയാളിയുടെ ഭാവുകത്വത്തെത്തന്നെ പുതുക്കിപ്പണിതിട്ടുണ്ട് ഡോ. സ്കറിയാ സക്കറിയ.
1995ല്‍ പാലാക്കടുത്ത് ഇടമറ്റത്തെ ഓശാന മൗണ്ട് കേന്ദ്രമായി താരതമ്യപഠന സംഘം (താപസം) എന്ന ഗവേഷകക്കൂട്ടായ്മക്ക് രൂപം നല്കി. എല്ലാ വര്‍ഷവും മൂന്നോ നാലോ ക്യാമ്പ് സെമിനാറുകള്‍, നവംബറില്‍ വാര്‍ഷിക സെമിനാര്‍ എന്നിങ്ങനെ വൈജ്ഞാനിക സംഗമങ്ങള്‍ നിരന്തരം നടന്നു. എം.ജി.എസ്, എം.ആര്. രാഘവവാര്യര്, എ.പി. ആന്‍ഡ്രൂസ് കുട്ടി, ടി.ബി.വേണുഗോപാലപ്പണിക്കര്‍, ഡി. ബെഞ്ചമിന്‍, രാഘവന് പയ്യനാട്, പി. ഗോവിന്ദപ്പിള്ള, കെ.ജി. പൗലോസ് തുടങ്ങി അന്ന് കേരളത്തിലെ വൈജ്ഞാനികലോകത്ത് സജീവമായിരുന്ന മുതിര്‍ന്ന പണ്ഡിതരില്‍ ഒട്ടുമിക്കവരും താപസം കൂട്ടായ്മകളിലെ പതിവുകാരായിരുന്നു. എന്‍. അജയകുമാര്‍, സുനില്‍ പി. ഇളയിടം, പി. പവിത്രന്, ഷാജി ജേക്കബ്, പി. ആന്റണി, ടി. പവിത്രന് തുടങ്ങി ശക്തമായ ഒരു യുവനിരയും. താപസം പ്രവര്‍ത്തകരായി അജു കെ. നാരായണന്, ഷംഷാദ് ഹുസൈന്, ജയ സുകുമാരന്‍, വി.ജെ. വര്‍ഗീസ്, കെ.ആര്. സജിത, സുജ സൂസന് ജോര്‍ജ്, സെബാസ്റ്റ്യൻ കെ. ആന്റണി, ജോസഫ് സ്കറിയ, വിജയമോഹനന്‍ പിള്ള തുടങ്ങിയവരുടെ ഒരു നിര വേറെ. എല്ലാ സെമിനാറുകളെയും കൂട്ടായ്മകളെയും ജീവസ്സുറ്റതാക്കിയതാകട്ടെ സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും. ഏറ്റവും മുതിര്‍ന്ന പണ്ഡിതര്‍ക്കും ഏറ്റവും പുതിയ വിദ്യാര്‍ഥികള്‍ക്കും ഒരേ നിലയില്‍ ഇടപഴകാന്‍ കഴിയുന്നവിധത്തില്‍ സംവാദവേദികള്‍ ചിട്ടപ്പെടുത്തണം എന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു സ്കറിയാ സക്കറിയ. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടാണ് താപസത്തിന്റെ ആപ്തവാക്യമായി അദ്ദേഹം സ്വീകരിച്ചത്. 2004ല്‍ ആനന്ദിന്റെ കൃതികളെക്കുറിച്ച് മാത്രമായി നടത്തിയ മൂന്നു ദിവസത്തെ ഒരു സംവാദ ക്യാമ്പില്‍ ആദ്യന്തം ആനന്ദ് ഒപ്പമുണ്ടായിരുന്നു. 2005ല്‍ താപസം ജേണല്‍ ആരംഭിച്ചു. കേരള പഠനങ്ങള്‍ക്കുവേണ്ടിയുള്ള അക്കാദമിക് പ്രസിദ്ധീകരണം. ജേണലിനു വേണ്ട വിഷയം തിരഞ്ഞെടുക്കുന്നതു മുതല്‍ അച്ചടിച്ച ജേണല്‍ വിലാസം എഴുതി അയക്കുന്നതു വരെയുള്ള മിക്ക കാര്യങ്ങള്‍ക്കും പലപ്പോഴും സ്കറിയാ സക്കറിയയുടെ ഒറ്റയാൾപട്ടാളമേ ഉണ്ടായിരുന്നുള്ളൂ. അച്ചടിക്കൂലി കൊടുക്കാനും. എന്നാല്‍, താപസത്തില് വരുന്ന ഓരോ ലേഖനവും പീര്‍ റിവ്യൂ ചെയ്ത് ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങളില്തന്നെയാവണം എന്ന കാര്യത്തില്‍ അദ്ദേഹം നിഷ്കര്‍ഷിച്ചു. മലയാളത്തില്‍ ഇപ്പോഴും വേണ്ടത്ര മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ വരുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടു. ഒരിക്കല്‍പോലും 200ലധികം വരിക്കാരുണ്ടായിട്ടില്ലാത്ത ആ പ്രസിദ്ധീകരണത്തിന്റെ ഓരോ ലക്കവും കെട്ടുകെട്ടായി അദ്ദേഹത്തിന്റെ വീട്ടിലെ ഓരോ മുറികളിലും നിറഞ്ഞു. ബാങ്ക് ബാലന്‍സ് കുറഞ്ഞു. പലപ്പോഴും താപസത്തിന്റെ പ്രസിദ്ധീകരണം 'താമസം' ആയി. എന്നാല്‍, കേരളപഠനങ്ങളെ ഗൗരവമായി കാണുന്ന അക്കാദമിക് ലോകം താപസത്തിനു വേണ്ടി കാത്തിരുന്നു. കാത്തിരിക്കുന്നു. താപസം സംഘടനയുടെയും ജേണലിന്റെയും ആസ്ഥാനം അദ്ദേഹത്തിന്റെ വീടുതന്നെയാണ്. വിദ്യാര്‍ഥികളും ഗവേഷകരും ഒക്കെ ഒരു പൊതുസ്ഥാപനത്തിലെന്നോണം അവകാശമനോഭാവത്തോടെ കയറിയിറങ്ങുന്ന തുറന്ന വീട്. ജര്‍മനിയിലും ഇസ്രായേലിലും ഇംഗ്ലണ്ടിലും ഡല്‍ഹിയിലും ഹൈദരാബാദിലും ഒക്കെയുള്ള സര്‍വകലാശാലകളില്‍നിന്ന് വന്ന പല ഗവേഷണ പ്രബന്ധങ്ങളുടെയും സൈറ്റേഷനില്‍ താപസം ജേണല്‍ വരുന്നു.
1997ല്‍ 'കേരളപാണിനീയം' ശതാബ്ദിയുടെ ഭാഗമായി ആ വ്യാകരണഗ്രന്ഥത്തിന് വിശദമായ അടിക്കുറിപ്പുകള്‍, വിമര്‍ശനാത്മകമായ ആമുഖപഠനം, പദസൂചി, അനുബന്ധങ്ങള്‍ എന്നിവ ചേര്‍ത്ത് പ്രസിദ്ധീകരിച്ചത് അദ്ദേഹമാണ്. മലയാള വ്യാകരണ പഠനരീതിയെ ആകെത്തന്നെ നവീകരിച്ചു ആ പ്രയത്നങ്ങള്‍. ഡി.സി കിഴക്കേമുറിയുമായുണ്ടായിരുന്ന ആത്മബന്ധം ഇത്തരം വലിയ അധ്വാനങ്ങളുടെയും വലിയ പ്രസിദ്ധീകരണ പദ്ധതികളുടെയും വിജയത്തിന് അങ്ങോട്ടുമിങ്ങോട്ടും പിന്‍ബലമായിട്ടുണ്ട്.
2007ല്‍ സര്‍വകലാശാലയില്‍നിന്ന് വിരമിച്ചതോടെ താപസത്തിന്റെ സെമിനാറുകള്‍ ഇടക്ക് മുടങ്ങി. വിദേശ സര്‍വകലാശാലകളുമായും പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് ഒട്ടേറെ പ്രോജക്റ്റുകളില്‍ സഹകരിക്കേണ്ടിവന്നതാണ് ഒരു കാരണം. ഓക്സ്ഫഡ്, കേംബ്രിജ്, ഹീബ്രു യൂനിവേഴ്സിറ്റി, ഗെയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ട്, ബെന്സ്വി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി ഒട്ടേറെ സര്‍വകലാശാലകളില്‍ ക്ഷണം സ്വീകരിച്ച് കേരളപഠനങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ടൂബിങ്ങന്‍ സര്‍വകലാശാല ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ചെയര്‍ തുടങ്ങിയപ്പോള്‍ ആദ്യ അധ്യക്ഷനായി. സ്വിറ്റ്സര്‍ലന്‍ഡിലെ മിലനില്നിന്നും ഒട്ടേറെ മലയാളം രേഖകള്‍ ഇക്കാലത്ത് കണ്ടെടുത്തിട്ടുണ്ട്.
കേരളപഠനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ഒട്ടുമിക്ക വിദേശ പണ്ഡിതരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. അക്കൂട്ടത്തില്‍, ഡോ. സ്കറിയാ സക്കറിയയുടെയും ഭാര്യ മേരിക്കുട്ടിയുടെയും ആതിഥ്യം സ്വീകരിച്ചിട്ടില്ലാത്തവര്‍ കുറവാണെന്നു പറയാം. ഡോ. റോഡ്നി എഫ്. മോഗ്, ഡോ. ആഷര്‍, ആല്ബ്രഷ്ട്ര് ഫ്രന്‍സ്, ജോര്‍ജ് ബൗമാന്, ബാര്‍ബറാ ജോണ്സന്, ഡേവിഡ് ഷൂള്മാന്, ഹൈക്കെ ഒബെര്‍ലിന്‍, ഒഫീറ ഗാംലിയേല്‍...ലോകം ആദരിക്കുന്ന എത്രയോ വലിയ അക്കാദമികര്‍.
ക്രൈസ്തവ മൂല്യങ്ങളില്‍ തികഞ്ഞ ഊടുറപ്പുണ്ടായിരുന്ന ആ മതവിമര്‍ശകനെ നിരന്തരം പ്രചോദിപ്പിച്ചിരുന്നത് ശ്രീനാരായണ ഗുരുവിന്റെ പാരസ്പര്യ ബോധമായിരുന്നു. ജീവിതാഹ്ലാദങ്ങളോട് അദ്ദേഹം ഒരിക്കലും പുറംതിരിഞ്ഞുനിന്നിട്ടില്ല. ഭാഷ ആശയവിനിമയത്തിനുള്ളതാണെന്നതുപോലെതന്നെ രസിക്കാനും രസിപ്പിക്കാനും കൂടിയുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. ഭാഷയായാലും ഭക്ഷണമായാലും ശബ്ദമായാലും അവയുടെ അടിസ്ഥാനമൂല്യങ്ങള്‍ കഴിഞ്ഞാല്‍ അവയൊക്കെ ഒരു എന്റർടെയ്ന്മെന്റ് മൂല്യത്തിലേക്ക് കടക്കുന്നുണ്ടെന്നും ആ രസാത്മകത സാധാരണ മനുഷ്യരുടെ ജീവിതത്തെ കൂടുതല്‍ ആസ്വാദ്യമാക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. തന്നെപ്പോലെതന്നെ പ്രധാനപ്പെട്ടവരാണ് തന്റെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും എന്ന ഉള്ളുണര്‍വ് അദ്ദേഹത്തിന്റെ ആത്മബോധത്തിന്റെ ഭാഗമായിരുന്നു. മക്കളായ ഡോ. സുമ സ്കറിയ (ഇക്കണോമിക്സ് വിഭാഗം, കര്‍ണാടക സെന്‍ട്രല്‍ യൂനിവേഴ്സിറ്റി, ഗുല്‍ബര്‍ഗ), ഡോ. അരുള്‍ ജി.എസ് (നാഷനല്‍ ലോ സ്കൂള്‍, ബംഗളൂരു യൂനിവേഴ്സിറ്റി) എന്നിവരുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍പോലും ഒരു 'ചങ്ക് ഫ്രണ്ട്' ആയി 'കട്ടയ്ക്ക് കൂടെ' നില്ക്കുന്ന തികഞ്ഞ ന്യൂജെന്‍ ആയിരുന്നു അദ്ദേഹം.
ലാഘവം നിറഞ്ഞ ഒരു പ്രസരിപ്പിന്റെ പ്രഭവകേന്ദ്രമായി എപ്പോഴും ഒപ്പംനിന്ന ഭാര്യ മേരിക്കുട്ടി 2020 മാര്‍ച്ചില്‍ സ്ട്രോക് വന്ന് കിടപ്പിലായത് ഡോ. സ്കറിയാ സക്കറിയയെ കാര്യമായി ബാധിച്ചു. മുമ്പേ ഉണ്ടായിരുന്ന പാര്‍ക്കിന്‍സണിസം അദ്ദേഹത്തിന്റെ ചലനങ്ങളുടെയും സംസാരത്തിന്റെയും ചടുലത കുറച്ചു. അപ്പോഴും എന്നും ഒപ്പമുണ്ടായിരുന്ന ഗവേഷകര്‍ ജിബിന്‍ കുര്യന്, സജു, ബിന്റോ അലക്സ് എന്നിവര്‍ക്കൊപ്പം എല്ലാ ദിവസവും വായിക്കുകയും സിനിമകള്‍ കാണുകയും പറഞ്ഞുകൊടുത്ത് എഴുതിക്കുകയും ഒക്കെ ചെയ്തുപോന്നു. 2022 സെപ്റ്റംബറില്‍ എം.ജി സര്‍വകലാശാലാ അധികൃതര്‍ വീട്ടിലെത്തി അദ്ദേഹത്തിന് ഡി.ലിറ്റ് സമര്‍പ്പിച്ചു. മുമ്പ് മലയാളം സര്‍വകലാശാലയും വീട്ടിലെത്തി ഡി.ലിറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചു. ഒക്ടോബര്‍ 18ന് രാത്രിയില്‍ അദ്ദേഹത്തിന്റെ ശാന്തനിദ്ര നിത്യശാന്തിയിലെ നിത്യനിദ്രയായി.
ഭാഷാ സാഹിത്യ പഠനങ്ങളിലും സംസ്കാര ചിന്തകളിലും അദ്ദേഹം തെളിച്ച വിചാരമാതൃകകള്‍ - ആ സ്കറിയാ വഴികള്‍ ഇന്ന് കേരളത്തിലെ അക്കാദമിക് രംഗത്ത് ജനനിബിഡമായ പാതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.