എന്നും കൂടെത്തന്നെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഒരുദിവസം ഇല്ലാതായി എന്ന സത്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഞാനിപ്പോഴും. കുറച്ചുദിവസം മുമ്പാണ് പുതുതായി വാങ്ങിയ ‘പ്ലാറ്റോയുടെ സംവാദങ്ങൾ’ എന്ന പുസ്തകം വായിക്കാൻ ഞാൻ ബിജുവിനെ വീട്ടിലേക്ക് വിളിച്ചത്. നമുക്കിത് നമ്മൾ തമ്മിലുള്ള സംവാദമാക്കി വായിച്ചു പഠിക്കാമെന്ന എന്റെ ആഗ്രഹം ബിജു സന്തോഷത്തോടെ സ്വീകരിച്ചു. ഞങ്ങൾ സ്വയം അതിലെ സോക്രട്ടീസും ഹിപ്പിയാസുമായി പരസ്പരം സംവാദകരെ വെച്ചുമാറി വായന ആരംഭിച്ചു....
എന്നും കൂടെത്തന്നെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഒരുദിവസം ഇല്ലാതായി എന്ന സത്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഞാനിപ്പോഴും.
കുറച്ചുദിവസം മുമ്പാണ് പുതുതായി വാങ്ങിയ ‘പ്ലാറ്റോയുടെ സംവാദങ്ങൾ’ എന്ന പുസ്തകം വായിക്കാൻ ഞാൻ ബിജുവിനെ വീട്ടിലേക്ക് വിളിച്ചത്. നമുക്കിത് നമ്മൾ തമ്മിലുള്ള സംവാദമാക്കി വായിച്ചു പഠിക്കാമെന്ന എന്റെ ആഗ്രഹം ബിജു സന്തോഷത്തോടെ സ്വീകരിച്ചു. ഞങ്ങൾ സ്വയം അതിലെ സോക്രട്ടീസും ഹിപ്പിയാസുമായി പരസ്പരം സംവാദകരെ വെച്ചുമാറി വായന ആരംഭിച്ചു. അതിൽ ലയിച്ചു ആനന്ദിച്ചു. ഇഷ്ടത്തോടെ ഒരധ്യായം വായിച്ചുതീർത്തു. അതിനിടയിൽ ഞങ്ങളുടെ പതിവ് സമകാല സാഹിത്യസംവാദവും തുടർന്നു. അതിനടുത്ത ആഴ്ച രണ്ടാം അധ്യായവായനക്ക് ക്ഷണിക്കാൻ വിചാരിച്ചിരിക്കെയാണ് ബിജു 11ാം തീയതി ഇങ്ങോട്ട് വിളിച്ചത്. അവൻ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി നാട്ടിലുള്ള ഒരാശുപത്രിയിൽ അഡ്മിറ്റായ കാര്യം അറിയിക്കാനായിരുന്നു അത്. കുറെ വർഷമായി ഹൃദയത്തിലെ ബ്ലോക്കിന്റെ മരുന്നു ചികിത്സയിലായിരുന്നു ബിജു. പിന്നീട് ആശുപത്രിയിലെത്തിയ ഞാൻ കണ്ടത് ഹൃദയത്തിലുള്ള ബ്ലോക്ക് നീക്കിക്കഴിഞ്ഞ സന്തോഷത്തിൽ കിടക്കുന്ന ബിജുവിനെയാണ്. രണ്ടു ദിവസം കഴിഞ്ഞ് റൂമിലേക്ക് മാറ്റിയെന്നറിഞ്ഞു. അപ്പോഴൊന്നും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. 14ാം തീയതി പുലർച്ചെ മൂന്നേകാലിന് ബിജുവിന്റെ അനുജൻ ബൈജു വിളിച്ച് പറയുന്നു, ബിജു പോയി എന്ന്. രാത്രി ബ്ലീഡിങ് ആയെന്നും ഉടനെ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിെച്ചന്നും. ആ വാർത്തയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. ഏത് ഭാഷകൊണ്ട് അടയാളപ്പെടുത്താനാവും ആ തീരാസങ്കടം!
കവിതയുടെയും ചിത്രകലയുടെയും ഏറ്റവും നൂതനമായ സ്പന്ദനം അറിയുന്ന നല്ലൊരു കവിയാണ് ബിജു കാഞ്ഞങ്ങാട്. പ്രതിഭാശാലിയായ ചിത്രകാരൻ. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള മികച്ച അധ്യാപകൻ. അങ്ങനെയുള്ള പ്രിയപ്പെട്ട ബിജുവിന്റെ വിയോഗം എന്നെ സംബന്ധിച്ചിടത്തോളം തീരാത്ത നഷ്ടമാണ്. കാരണം, ഏത് കവിത എഴുതിയാലും ഞാൻ ആദ്യം കാണിക്കുന്നത് ബിജുവിനെയാണ്. കവിതയുടെ സൂക്ഷ്മതയിൽ ഏറെ ശ്രദ്ധാലുവാണ് ബിജു. പ്രായംകൊണ്ട് അവൻ എന്നെക്കാൾ വളരെ ചെറുപ്പമെങ്കിലും കവിതയിലെ അവന്റെ ഭാഷ ഏറെ മുതിർന്നതും പക്വതയുള്ളതുമാണ്. എന്റെ പതിവു കാവ്യനടത്തങ്ങളുടെ പഴയ വഴികളെ അവൻ നവഭാവുകത്വത്തിന്റെ പുതുവെളിച്ചം കാട്ടിത്തന്ന് നേർവഴിക്ക് നയിച്ചു. എന്റെ വയസ്സായ ജഡകാവ്യഭാഷക്ക് അവൻ പുതുകവിതാ ഭാവുകത്വത്തിന്റെ ജീവശ്വാസം നൽകി, ഗദ്യത്തിന്റെ ധ്വനിസാന്ദ്രയുവത്വ പാഠങ്ങളാൽ. എന്റെ കവിതയിലെ ആവർത്തനതെറ്റുകളുടെ ആവൃത്തി പറഞ്ഞുതന്നു. അവയിലെ നല്ലവരികളിലെ സൗന്ദര്യസാക്ഷാത്കാരത്തിൽ നിഷ്കളങ്കമായി ആഹ്ലാദംകൊണ്ടു. ഒരു നല്ല പുസ്തകം വായിച്ചാൽ, നല്ല സിനിമ കണ്ടാൽ, സംഗീതം കേട്ടാൽ ഉടൻ അവനെന്നെ ഫോൺ വിളിക്കും. നേരവും കാലവുമില്ലാതെ നിർത്താതെ ഉന്മാദത്തോടെ സംസാരിക്കും. അവന്റെ വീട്ടിൽ ഞാനും എന്റെ വീട്ടിൽ അവനും ഒന്നിച്ചിരുന്ന് സാഹിത്യവും കലയും കൊറിക്കും. വൈകുന്നേരം പല ദിവസങ്ങളിലും ഞങ്ങൾ ഒന്നിച്ച് നടക്കും; ചിലപ്പോൾ ആനന്ദാശ്രമത്തെ ‘മഞ്ഞംപൊതികുന്നി’ലേക്ക്. അല്ലെങ്കിൽ കാഞ്ഞങ്ങാട് ‘മാതൃഭൂമി ബുക്സി’ലേക്ക്. പിന്നെ ‘ഡി.സി ബുക്സി’ലേക്ക്. കോട്ടച്ചേരി ഗണേഷ് ഭവനിൽനിന്ന് ചായയും കുടിച്ച് റോഡ്സൈഡിലൂടെ ഞങ്ങൾ കുറേ നടക്കും. ആനുകാലികങ്ങളിൽ വന്ന ഏറ്റവും പുതിയ കവിതകളെയും കഥകളെയും വായിച്ച പുസ്തകങ്ങളെയുമൊക്കെ കുറിച്ചാവും ഞങ്ങളപ്പോൾ സംസാരിക്കുക.
കെ.എ. ജയശീലൻ മാഷുടെ കവിതകളിലേക്കൊക്കെ എനിക്ക് ആസ്വാദനത്തിന്റെ വാതിൽ തുറന്നുതന്നത് ബിജുവാണ്. അവനെന്നും പുതുമയുടെ സൗന്ദര്യാസ്വാദകനായിരുന്നു. നവകവിതാഭാവുകത്വത്തിന്റെ അടരുകൾ അവൻ നിവർത്തി വായിച്ചുകൊണ്ടിരുന്നു. അവന്റെ പുതിയ വീട്ടിലെ അലമാരകൾ നിറയെ പുസ്തകങ്ങളാണ്. പൂർവകവികളുടെയും കഥാകൃത്തുക്കളുടെയും തൊട്ട് ഏറ്റവും പുതിയ തലമുറയിലുള്ള എഴുത്തുകാരുടെ വരെ നല്ല കൃതികൾ അതിലുണ്ട്. ലോകപ്രശസ്ത ചിത്രകാരൻമാരുടെ ചിത്രങ്ങളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങൾ, ബുദ്ധനെക്കുറിച്ചുള്ളവ, ഹിമാലയൻ യാത്രകളെപ്പറ്റിയുള്ളവ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ പലരുടെയും പരിഭാഷകൾ... തുടങ്ങി നല്ലവരുടെ നല്ലതു മാത്രമായ എത്രയെത്ര പുസ്തകങ്ങളാണ് അവൻ വാങ്ങി സൂക്ഷിച്ചത്, വളരെ തിടുക്കത്തോടെ വായിച്ച് തീർത്തത്! എത്ര ഭംഗിയായാണ് അവയത്രയും അവൻ അടുക്കിസൂക്ഷിച്ചുവെച്ചത്! പതിയെപ്പതിയെ ബിജുവിന്റെ കവിതകളുടെ ആവേഗവും പ്രവേഗവുമെല്ലാം എനിക്ക് മനസ്സിലായിത്തുടങ്ങി.
അവന്റെ ചിത്രചാരുതയാർന്ന കവിതകളിലെ വിസ്മയത്തിൽ അതിശയിച്ച് ബിജുവിനെക്കുറിച്ച് ഞാൻ 2018ൽ ഞാൻ ‘ചിത്രകാവ്യം’ എന്നൊരു കവിതയെഴുതിയിരുന്നു. കലാപൂർണ മാസികയിൽ വന്ന ആ കവിത ‘ഡി.സി ബുക്സ്’ പ്രസിദ്ധീകരിച്ച, എന്റെ ‘ഉറവിടം’ എന്ന കവിതാസമാഹാരത്തിലുണ്ട്.
അവന്റെ കവിത മറ്റൊരു ഭാഷയായി നമ്മുടെ മുന്നിൽ പലപ്പോഴും പിടിതരാതെ ഒളിച്ചുകളിയിലേർപ്പെട്ടു. ആ സൗന്ദര്യശലഭങ്ങളുടെ പറക്കൽ വരുംകാലത്തേക്കുള്ള വാക്കുകളുടെ പരാഗങ്ങളുമായുള്ള ഭാഷയുടെ മൂകസഞ്ചാരങ്ങളായി ഇപ്പോൾ അനുഭവപ്പെടുന്നു; മൗനത്തിനുള്ളിൽ അടയിരുന്ന ശബ്ദത്തെ ചെറുതുകളുടെ സൗന്ദര്യത്തെ, അതിന്റെ അനിവാര്യസാന്നിധ്യത്തെ, അടയാളപ്പെടുത്തിക്കൊണ്ട്. എഴുത്തിലും അധ്യാപനത്തിലും വായനയിലും ഏതു സർഗാത്മക ഇടപെടലുകളിലും നവീനമായ സൗന്ദര്യത്തിന്റെ നിരന്തരമായ ധ്യാനത്തിലായിരുന്നു എന്നും ബിജു. വളരെ ചെറിയ പ്രായത്തിൽതന്നെ അവന്റെ പ്രണയമഴ പൊഴിയുന്ന ‘ജൂൺ’ എന്ന കവിത ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലും പുതുകവിതയുടെ ഗതിരേഖ കുറിക്കുന്ന ‘കുഞ്ഞിരാമന്’ എന്ന കവിത ‘ഭാഷാപോഷിണി’യിലും മറ്റു പല കവിതകളും ‘മാധ്യമ’ത്തിലുമെല്ലാം പ്രസിദ്ധീകരിച്ചു കണ്ടപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു. മലയാളത്തിലെ മുഖ്യധാരയിലുള്ള പ്രസിദ്ധീകരണങ്ങളിൽ ഇക്കാലമത്രയും ബിജു കാഞ്ഞങ്ങാട് നിറഞ്ഞുനിന്നു.
പ്രതിഭാശാലിയായ ചിത്രകാരനാണ് ബിജു. ചുരുക്കം രേഖകൾകൊണ്ട് സൂക്ഷ്മസ്വഭാവരൂപങ്ങൾ, അപൂർവ വർണങ്ങൾകൊണ്ട് ജീവഭാവങ്ങൾ, കടുത്ത നിറങ്ങൾകൊണ്ട് കറുത്തഹാസ്യം അെതല്ലാം അവന്റെ കവിതകൾ വെളിപ്പെടുത്തി. പ്രകൃതിപ്പച്ചയായി മഹാകവി പി അവനെ നവീനഭാഷയിൽ തൊട്ടനുഗ്രഹിച്ചപോലെ തോന്നിച്ചു, അവന്റെ കവിതകളിലെ പാരിസ്ഥിതിക ബോധ്യങ്ങൾ. അങ്ങനെ വാക്കിനുള്ളിലെ സവിശേഷ ചിത്രസന്നിവേശത്താൽ ബിജുവിന്റെ അക്ഷരങ്ങൾ പറഞ്ഞുതന്ന സൗന്ദര്യത്തിന്റെ പൂർണമായ വെളിവ്, അക്ഷരബുദ്ധധ്യാനം ഇവയെല്ലാം മൗനങ്ങളിൽ പതിയിരിക്കുന്ന സംഗീതത്തിന്റെ സൂക്ഷ്മസ്വരങ്ങൾ കേൾപ്പിച്ചു. ചെറുതുകളുടെ അനിവാര്യസാന്നിധ്യങ്ങളെ അവ അടയാളപ്പെടുത്തി. കൊക്കൂണിൽനിന്ന് വിചിത്രശലഭങ്ങളിലേക്കുള്ള രൂപാന്തരണം ഓർമിപ്പിക്കുന്നവയായിരുന്നു അവന്റെ വാഗർഥപ്പൊരുന്നകൾ. അതിരുകളിലേക്കും അതിനപ്പുറത്തെ സ്വതന്ത്രസ്വപ്നങ്ങളിലേക്കും ഭാവനാസഞ്ചാരം അവ സാധ്യമാക്കി. ദുരൂഹമെന്ന് തോന്നിച്ച അവന്റെ കവിതകൾ കൂടുതൽക്കൂടുതൽ വെളിപ്പെട്ടുവരുന്ന ഒരുകാലം വിദൂരമല്ല. ഏറ്റെടുത്ത കാര്യങ്ങളിൽ അവൻ പുലർത്തുന്ന ആത്മാർഥതക്ക് അവന്റെ വൃത്തിയുള്ള ൈകയക്ഷരങ്ങൾപോലെ നിഷ്കളങ്കതയാർന്ന നന്മയും വിശുദ്ധിയുമുണ്ടായിരുന്നു.
സ്കൂളിൽ പഠിപ്പിക്കുമ്പോൾ മുന്നിലുള്ള കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കാൻ അവൻ കാണിക്കുന്ന ഉത്സാഹവും പാഠഭാഗങ്ങൾക്കനുബന്ധമായ സമകാലികമായ വായനകളും വിവരശേഖരണത്തിനുള്ള അധ്വാനവുമെല്ലാം അവൻ ഒരു ഉത്സവമായി കൊണ്ടുനടന്നു. ആത്മാർഥമായ ഒരു സർഗസമർപ്പണമായിരുന്നു ബിജുവിന് അവയെല്ലാം. ബിജു ചെയ്ത കവർ ലേഔട്ടുകളും രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും പല എഴുത്തുകാർക്കും മിക്ക പ്രസിദ്ധീകരണങ്ങൾക്കും അവയുടെ വായനക്കാർക്കും കലാത്മകമായ സൗന്ദര്യബോധത്തിന്റെ നവീനമായ ഉൾക്കാഴ്ച പ്രദാനം ചെയ്തു.
‘ആകാശപ്പൂച്ചകൾ’ എന്ന കവിതയിൽ ‘‘ഉള്ളിലുള്ള മേഘങ്ങളെ/ അഴിച്ചുവിട്ടതാരാണ്?’’ എന്ന് ചോദിച്ച് ബിജു ഇങ്ങനെ എഴുതുന്നുണ്ട്:
‘‘മേയുകയാണ് /മുരളുന്ന കുഞ്ഞുങ്ങൾ/കാറ്റാവാനുള്ള/അതിന്റെ ആശയെ/ഒരൊറ്റ നിമിഷംകൊണ്ട്/മേഘമാക്കി വെച്ചു/ഈ കുന്നിൻപുറത്തുനിന്ന്/എനിക്കെല്ലാം കാണാം/തടാകത്തെ ഇളക്കാതെ/നീ കൺകെട്ട് വിദ്യയാൽ/മാഞ്ഞുപോകുന്നത്/ചിരിക്കുന്നത്/എല്ലാം/ഒരു ഞൊടി/അതിന്റെ ഈണം/ഏത് ജന്മത്തിലേതെന്ന്/വിചാരിച്ചു.’’
ഇപ്രകാരം പ്രപഞ്ചത്തിന്റെ സൂക്ഷ്മഭാവങ്ങളുടെ അപാരതയിലേക്ക് ഒരു എത്തിനോട്ടവും സ്ഥലകാലജന്മാന്തരബന്ധങ്ങൾപോലെ പ്രകൃതിയിലേക്കുള്ള അഗാധമായ ഒരു കാവ്യധ്യാനവും ബിജുവിന്റെ കവിതകളിലെല്ലാം കാണാം.
‘ജീവന്റെ നദി’ എന്ന കവിതയിൽ ‘‘കൂടെയില്ലാത്ത ഒരാളെക്കുറിച്ച് /പറയേണ്ടിവരുമ്പോഴല്ലേ/ഓർമകളെ കൊണ്ടുവരേണ്ടൂ/അതുകൊണ്ട്/എനിക്കങ്ങനെയല്ല/വർഷങ്ങളുടെ കണക്കെടുപ്പൊന്നും/എനിക്കുവേണ്ട/മാസങ്ങളെയും ദിവസങ്ങളെയും/ നോക്കേ വേണ്ട/ശ്വാസത്തിന്റെ ഈ നിമിഷം മതി/നിന്റെ മിടിപ്പ്/എന്റെ രക്തത്തോട് വർത്തമാനം പറയുന്നത് കേൾക്കാൻ/ഓരോ ചുവടിലും/ഞാൻ നിന്റെയും/നീ എന്റെയും/നിഴലുകളാവുന്നുണ്ടല്ലോ.’’ ഇത്തരം രക്തത്തോട് വർത്തമാനങ്ങളാണ് ഈ കവിതാശ്വാസങ്ങളിൽ മിടിക്കുന്നത്.
‘‘കണ്ണിലെ ഒരു മിന്നലാട്ടം/ പറയുന്ന രീതിയിലെ ഊന്നലുകൾ/ഒഴുക്കുകൾ/വിടവുകൾ/നീ കുതിരുവാനുള്ള/ഒഴിവിടം തന്നെ/എന്റെ ഹൃദയതാളം/ചെവിയോർക്കുന്നില്ലേ/ആ സൗരഭ്യം/പിടിച്ചെടുക്കുന്നില്ലേ/നിങ്ങൾക്കതിനാവുന്നില്ലെങ്കിലും/നിന്നെക്കുറിച്ച്/പറയാനായില്ലെങ്കിലും/ആ അനുഭവം/ എന്തൊക്കെയോ വിതരണം ചെയ്യുന്നുണ്ട്/സ്വയം വ്യാപിയായി മാറുകയാണ്/ഞാൻ/ നിങ്ങളിലേക്ക് എത്തിയോ/ ഇല്ലയോ എന്നത്/പ്രധാനമേയല്ല’’ എന്ന് ‘പുസ്തകറേക്കിൽ കൈതൊട്ടു നടന്ന് ’ എന്ന കവിതയിൽ ബിജു തന്റെ തന്നെ കവിതയിലൂടെ വികിരണംചെയ്യുന്ന കാവ്യബോധത്തെ വെളിപ്പെടുത്തുന്നുണ്ട്.
ഭൂമിയിൽനിന്ന് മാത്രമല്ല ആകാശത്തുനിന്നും കവിത വായിക്കാം എന്ന കവിതാവായനയുടെ മാനം അനന്തമാണ്. പ്രത്യക്ഷത്തിൽനിന്ന് ജീവിതത്തെ പ്രപഞ്ചത്തോളം വായിക്കുന്ന ഗൂഢകവിതയാണ് ബിജുവിന്റേത്. കവിതയുടെ ഭാഷ കേവല ഭാഷകൾക്കപ്പുറമാണെന്ന തിരിച്ചറിവ് ‘ഗ്രഹനില’ എന്ന കവിതയിൽ ബിജു അടയാളപ്പെടുത്തുന്നുണ്ട്.
‘‘ഇല്ലാത്ത സ്ഥലത്ത്/ചുവരുകളോ തൂണുകളോ ഇല്ലാത്ത വീട്ടിൽ/അത് വസിച്ചു/എങ്കിലും/ഇല്ലാത്ത സ്ഥലത്തുനിന്നും പുറപ്പെട്ട്/ഭാവിയിൽ/ ഉണ്ടാകാനിരിക്കുന്ന/ഒരു സ്ഥലത്താണല്ലോ എത്തിച്ചേരുക. ജീവികൾ പ്രകൃതിയിൽ എഴുതുന്ന കവിതകളെ വായിച്ചെടുത്ത് സൂക്ഷ്മചിത്രണം ചെയ്യുകയാണ് വാക്കിനാൽ ബിജു കാഞ്ഞങ്ങാട്.
17 വർഷം മുമ്പാണ് ബിജു കാഞ്ഞങ്ങാടിന്റെ ആദ്യ കവിതാ സമാഹാരം ‘തൊട്ടുമുമ്പ് മഞ്ഞയിലയോട്’ എന്ന കവിത ഡി.സി ബുക്സിലൂടെ പുറത്തുവന്നത്. കവിതയിൽ പുതിയൊരു ദൃശ്യഭാഷ അത് നമുക്ക് കാട്ടിത്തന്നു. പിന്നീട് വന്ന ‘അഴിച്ചുകെട്ട്’ പുതിയ ചിത്രഭാഷയിൽ കവിതയെ അഴിച്ചുകെട്ടി. ‘ജൂൺ’ എന്ന പ്രണയകവിതയിൽ പ്രകൃതിയുടെ വിവിധ പ്രണയഭാവങ്ങൾ പകർന്നുതന്നു. അതിലെ ‘കുളത്തിൽ പച്ച’ എന്ന കവിതയിൽ,
‘‘തൊടുമ്പോഴൊക്കെ
അകന്നുപോയി
എന്നാലെന്താ,
തിരിച്ചു വന്നില്ലേ
അതിനേക്കാൾ വേഗത്തിൽ
കൈയെടുത്തപ്പോഴൊക്കെ’’
എന്നിടത്ത് അഭാവത്തിൽ അനുഭവമാവുന്ന മൗനപ്രണയത്തെ, കവിതയെത്തന്നെ പ്രപഞ്ചപ്പെടുത്തുന്നുണ്ട് ബിജു.
‘ഉള്ളനക്കങ്ങൾ’ എന്ന സമാഹാരം പ്രണയത്തിന്റെ സാന്ദ്രവും ആർദ്രവുമായ വിസ്മയവർണസഞ്ചയമാണ്. ബിജു അനുഭവിച്ച തന്നിലെ മാഷ് പ്രമേയമായി വരുന്ന ‘ലാസ്റ്റ് ബെല്ല്’ സമകാല സാമൂഹിക രാഷ്ട്രീയ പരിസരങ്ങളുടെ ഇരുൾക്കാഴ്ചകൾ ഒപ്പിയെടുക്കുന്ന ഭാഷയുടെ പ്രതിരോധപ്രവേഗമാർന്ന ‘വെള്ളിമൂങ്ങ’ എന്നീ രണ്ട് ദീർഘകവിതകൾ അടങ്ങിയ ‘വെള്ളിമൂങ്ങ’ എന്ന സമാഹാരവും അതിന്റെ വിഷയവൈവിധ്യംകൊണ്ട് ശ്രദ്ധേയമാണ്. ‘മഴയുടെ ഉദ്യാനത്തിൽ’ ലോകപ്രശസ്ത ചിത്രകാരന്മാരുടെ കവിതകളുടെ കാവ്യവായനയാണെങ്കിൽ ‘മഞ്ഞ’ വാൻഗോഗ് ചിത്രങ്ങളിലുള്ള കവിതാധ്യാനമാണ്. ഇത്തരം ചിത്രവായനകൾപോലെ തന്നെയാണ് പക്ഷികളെ കുറിച്ചുള്ള കവിതകളുടെ സമാഹാരമായ ‘ആഴത്തിൽ ഉയരത്തിൽ’. ഓരോ പക്ഷിയെയും കവിതയിലേക്ക് ആവാഹിച്ച് ജീവിതത്തെ വായിക്കാൻ ശ്രമിക്കുകയാണ് ബിജു. ‘പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്’ എന്ന സമാഹാരവും ‘ഒച്ചയിൽനിന്നുള്ള അകലം’ എന്ന തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരവും വീണ്ടും വീണ്ടും വായിക്കുമ്പോൾ അവയിലെ സൂക്ഷ്മാർഥങ്ങൾ അതിശയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. വായനയിലും ഭാവനയിലും നവീനമായ ഒരു ഉണർവ് നമുക്ക് അത് സാധ്യമാക്കുന്നു. ‘കവിത മറ്റൊരു ഭാഷയാണ്’, ‘വാക്കിന്റെ വഴിയും വെളിച്ചവും’ എന്നീ പഠനഗ്രന്ഥങ്ങളും ബിജുവിന്റെ ഗദ്യത്തിലുള്ള സവിശേഷമായ ൈകയൊതുക്കവും ഭാഷയുടെ സാന്ദ്രസൗന്ദര്യവും നമ്മെ അനുഭവിപ്പിക്കുന്നു. മരണമെന്ന നിഗൂഢകാവ്യത്തിന്റെ ഭാഷ അഴിച്ചുകെട്ടുകയാവും അനന്തതയിൽ അവനിപ്പോൾ. അവന്റെ അഭാവത്തിൽ അവന്റെ കവിതകളുടെ ആഴത്തിലും ഉയരത്തിലുമുള്ള സൂക്ഷ്മഭാവാർഥങ്ങളുടെ ധ്വനികൾ കൂടുതൽ വെളിവാകുന്നതുപോലെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.