കേരളത്തിന്റെ സാംസ്കാരിക രംഗത്ത് സി.ആർ. രാജഗോപാലൻ നൽകിയ സംഭാവനകൾ അതിവിപുലമാണ്. ഫോക് ലോറിന്റെ ചിട്ടവട്ടങ്ങൾ പലവിധത്തിൽ പൊളിച്ചെഴുതിയ, പുതിയ വഴികൾ വെട്ടിയ അദ്ദേഹത്തിന്റെ സംഭാവനകൾ ഓർമിക്കുകയും രേഖപ്പെടുത്തുകയുമാണ് ഈ പഠനത്തിൽ ലേഖകൻ.
ഒരിക്കൽ ഷാമൻ
പാക്കനാരെ കണ്ടുമുട്ടി
അവരന്യോന്യം ദേശകഥ പറഞ്ഞു രസിച്ചു
മുളങ്കാട്ടിൽ പനിപിടിച്ചു കിടന്നു
ചരിത്രം അത് മ്യൂസിയത്തിലെത്തിച്ചു
(ഷാമൻ, സി.ആർ. രാജഗോപാലൻ)
അധിനിവേശത്തിന്റെ ‘അറിവുരൂപ’ങ്ങളായ മ്യൂസിയക്കാഴ്ചയെ സക്രിയമായി ചെറുത്ത് തന്റേതായ വഴിതുറന്ന വ്യക്തിയായിരുന്നു നാട്ടറിവു ചിന്തകനും എഴുത്തുകാരനുമായിരുന്ന ഡോ. സി.ആർ. രാജഗോപാലൻ. ഒരുവശത്ത് ഗോത്രങ്ങളും ജനസമൂഹങ്ങളും ചൂഷണം ചെയ്യപ്പെടുകയും കുടിയിറക്കപ്പെടുകയും ഇല്ലാതാക്കപ്പെടുകയും സമീകരിക്കപ്പെടുകയും ചെയ്യുമ്പോൾ മറുവശത്ത് അവരുടെ ഭാഗധേയങ്ങൾ ചില്ലുകൂടാരങ്ങളിലേക്ക് കടത്തപ്പെടുകയാണെന്നും “എത്രയോ ജനതതികളുടെ വിജ്ഞാനങ്ങൾ കുഴിച്ചുമൂടിയിട്ടാണ് പുരാവസ്തുവിജ്ഞാനീയം ജന്മമെടുത്തത്” എന്നും ‘മ്യൂസിയങ്ങൾ തിരസ്കരിക്കണം’ (മാതൃഭൂമി, ഒക്ടോബർ 23, 2016) എന്ന ലേഖനത്തിൽ അദ്ദേഹം എഴുതുന്നു. നന്നങ്ങാടികളിൽനിന്ന് മനുഷ്യർ എഴുന്നേറ്റുവരുന്നതും മൺപാത്രങ്ങളിൽനിന്ന് വരിനെല്ല് മുളച്ചുവരുന്നതും 1990കളിൽ എഴുതിയ ‘പുരാവസ്തുശേഖരത്തിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു’ എന്ന കവിതയിൽ അദ്ദേഹം സങ്കൽപിക്കുന്നുണ്ട്.
സി.ആർ. രാജഗോപാലനെ വായനക്കാർ ഓർക്കുക ഫോക് ലോറിനെക്കുറിച്ച്, പുറത്താക്കപ്പെട്ട മനുഷ്യരെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് ഒക്കെ ഒരുപാട് വികാരവിചാരങ്ങൾ പങ്കുവെച്ചു പിരിഞ്ഞ ഒരാളായാണ്. നാട്ടുചരിത്രത്തെപ്പറ്റി, തെങ്ങിന്റെയും പ്ലാവിന്റെയും നെല്ലിന്റെയും പുഴയുടെയും നാട്ടറിവുകളെപ്പറ്റി, ഭാഷയുടെ നാട്ടുപലമയെപ്പറ്റി ഒക്കെ ചെറുത്തുനിൽപിന്റെ ഭാഷയിൽ എഴുതിയ ആൾ. ആധുനികതയുടെയും മുതലാളിത്തത്തിന്റെയും ഏകഭാഷിതത്തിലും (monoglossia) തെരുവിലും സൈബർസ്േപസിലും ചെറുത്തുമുളക്കുന്ന നാടോടിത്തത്തിന്റെ പലമകളെക്കുറിച്ച് വാചാലനായി. ഏതു ശ്രേഷ്ഠചിഹ്നത്തെയും തച്ചുടക്കാനും തന്റേടമാക്കിമാറ്റാനും ഫോക് ക്രിയേറ്റിവിറ്റിക്കുള്ള കഴിവാണ്, ‘വാഴ്ത്തി സ്തുതിച്ചു’ എന്നതിന് ‘വാട്ടിത്തൊലിച്ചു’വെന്നും ‘സംസ്കൃതം’ എന്നതിന് അമുക്കിതം എന്നും വക്രീകരിക്കുന്ന പൊറാട്ടുവത്കരണംതന്നെയാണ് ബ്ലോഗ് വത്കരണത്തിലൂടെ നടന്നതെന്ന് കാണാൻ കഴിഞ്ഞു. ചിത്രകല പലപ്പോഴും വ്യവസ്ഥയുടെ ഭാഗമാകുമ്പോൾ അതിന്റെ സാമൂഹിക-പ്രതിഷേധ ധർമം നിർവഹിക്കുന്നത് പെരുവഴിചിത്രങ്ങളാണ്, ഗ്രാഫിറ്റികളാണ് എന്ന് വിളിച്ചുപറഞ്ഞു. സാഹിത്യത്തെയും നാടകത്തെയും അനുഷ്ഠാനപരതയിലൂടെ നോക്കിക്കാണാനുള്ള ശ്രമങ്ങളുണ്ടായി. അധിനിവേശങ്ങളിൽ കൊന്നുകൂട്ടിയ, വലിച്ചിറക്കപ്പെട്ട ഗോത്രസമൂഹങ്ങളെപ്പറ്റി ഓർമിപ്പിച്ചുകൊണ്ടിരുന്നു.
ഇടപെടലിന്റെയും പ്രതിരോധങ്ങളുടെയും ഒരു ചരിത്രസന്ദർഭത്തിലാണ് സി.ആർ. രാജഗോപാലൻ ഈ എഴുത്തുകളിലേക്ക് തിരിയുന്നത്, തന്റെ നാൽപതുകളിൽ. 1970കളുടെ അവസാനം സൈലന്റ് വാലി പ്രക്ഷോഭങ്ങളിൽനിന്ന് ഉണർന്നുവന്ന പരിസ്ഥിതിചിന്തകളുടെ തുടർച്ചയിലാണ് അവയുടെ തുടക്കം. 1980കളിൽ കേരളവർമ കോളജിൽ അധ്യാപകനായിരിക്കെ തുടങ്ങിയ അറിവന്വേഷണങ്ങൾ തന്റെ ഗവേഷണത്തിന്റെ ഉപാദാനശേഖരണമായിരുന്നില്ല അദ്ദേഹത്തിന്. “പൊന്നാനി മുതൽ ആനമലവരെയുള്ള പുഴയോര നടത്തങ്ങളും വയൽവരമ്പുകളിലൂടെയുള്ള ദേശംവലത്തുകളും കാടിന്റെ മറുകര തേടിയുള്ള ചുവടുകളും” (ആമുഖം: മണ്ണിന്റെ ലാവണ്യം പ്രതിരോധം) അക്കാദമിക പണ്ഡിതന്മാരെക്കാളും സാങ്കേതികവിദഗ്ധരെക്കാളും ആഴത്തിലുള്ള അറിവുകൾ മണ്ണിനോടൊത്തു ജീവിക്കുന്ന സാധാരണക്കാർക്കുണ്ടെന്ന അറിവുതന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്. ഗോത്രവർഗങ്ങൾക്കിടയിൽ, കൈവേലക്കാർക്കിടയിൽ, ജനപഥങ്ങളിൽ, നാടോടികൾക്കിടയിൽ അവരോടൊപ്പം അറിഞ്ഞനുഭവിച്ചവയാണ് അദ്ദേഹം കൊണ്ടുനടന്നത്; ചിലപ്പോൾ എഴുതിയത്. ബർദ്വാൻ ഗ്രാമങ്ങളിലെ ബാവുലുകൾക്കൊപ്പവും ഹിമാലയൻ താഴ്വരയിലെ ഗഢ്വാളികൾക്കൊപ്പവും ജീവിച്ചു; താഴ്വരകളിലും തീരങ്ങളിലും അലഞ്ഞു (‘ഹിമകാദംബരി’ എന്ന നോവൽ അക്കാലത്തിന്റേതാണ്. 2020ൽ ആണ് അച്ചടിക്കുന്നത്). പിൽക്കാലത്ത് ഷാമനുകളിലേക്കും ജിപ്സികളിലേക്കും ഈ സഞ്ചാരങ്ങൾ നീളുന്നുണ്ട്.
വിദ്യാർഥികാലത്തുതന്നെ ‘വാക്ക്’ മാസികയിലും ജോൺസി ജേക്കബിന്റെ ‘സൂചീമുഖി’യിലും എഴുതുന്ന കവിതകളിൽ സി.ആർ. രാജഗോപാലന്റെ പാരിസ്ഥിതികവും രാഷ്ട്രീയവുമായ ജാഗ്രതയുണ്ട്. ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ജയപ്രകാശ് നാരായണന്റെ മുന്നേറ്റത്തോട് അനുഭാവമുണ്ടായിരുന്ന പരിവർത്തനവാദി പ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരുന്നു അന്ന്. 1987ൽ മസനോബു ഫുക്കുവോക്കയുടെ ‘ഒറ്റ വൈക്കോൽ വിപ്ലവ’ത്തിന്റെ വിവർത്തനം (സി.പി. ഗംഗാധരന്റെ) പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും നടത്തിയ പരിശ്രമം ഒരു വഴിത്തിരിവായിരുന്നു എന്ന് അനുസ്മരിക്കുന്നുണ്ട് അദ്ദേഹം. 1993ലാണ് തൃശൂരിൽ നാട്ടറിവു പഠനകേന്ദ്രം ആരംഭിക്കുന്നത്. വിദ്യാർഥികൾ, ഗവേഷകർ, നാട്ടുകലാകാരന്മാർ, അധ്യാപകർ തുടങ്ങി വിദഗ്ധരും ഉത്സാഹികളുമായ ഒരുപറ്റം ആളുകൾ നാട്ടറിവു പഠനകേന്ദ്രത്തിന്റെ ഭാഗമായിരുന്നു. 1995ൽ ‘കേരളീയതയുടെ നാട്ടറിവ്’ എന്ന പേരിൽ മലയാളത്തിലെ ആദ്യത്തെ ഫോക് ലോർ ജേണൽ (ത്രൈമാസികം) ഇറങ്ങുന്നതും സി.ആറിന്റെ ഉദ്യമത്തിലാണ്.
അപകോളനീകരണത്തിന്റെ നാടോടിവഴി
അരികുവത്കരിക്കപ്പെട്ട അറിവുകളുടെയും അനുഭവങ്ങളുടെയും ആവിഷ്കാരങ്ങളുടെയും എഴുതപ്പെടാത്ത നാൾവഴികളുടെയും പക്ഷത്താണ് സി.ആർ. രാജഗോപാലൻ നിന്നത്; ആഭിജാത്യത്തിനും ഔപചാരികതക്കും പുറത്തുള്ള ഈ ജീവിതസാകല്യത്തെയാണ് നാട്ടറിവായി അദ്ദേഹം അടയാളപ്പെടുത്തിയത്. ഇത് അധീശനോട്ടത്തിന്റെ ഫോക് ലോറിൽനിന്നും ഫോക് ലോറിസ്റ്റിക്സിൽനിന്നും ഭിന്നമാണ്. കൊളോണിയലിസത്തെയും സവർണതയെയും എതിർഭാഗത്തുനിർത്തി അവയെ “വെളുമ്പൻ കലാചിന്തകൾ” എന്ന് വിളിച്ചുകൊണ്ടാണ് സി.ആർ വിചാരണചെയ്യുന്നത്. മൂന്നാം ലോകത്തുതന്നെ ഫോക് ലോറിസ്റ്റിക്സ് ഒരു വരേണ്യചിന്താപദ്ധതിയായി നിലനിൽക്കുന്നുവെന്നും അടിയാളരുടെ ജ്ഞാനദർശനവും ലോകവീക്ഷണവും ഒറ്റപ്പെട്ട തുരുത്താണെന്നും അദ്ദേഹം പറയുന്നു. സവർണരുടെ നാട്ടുവഴക്കങ്ങളും ഫോക് ലോറിന്റെ ഭാഗമാണെങ്കിലും അരികുജനതയുടെ സൗന്ദര്യശാസ്ത്രത്തെ, ജ്ഞാനശാസ്ത്രത്തെ പറ്റിയാണ് അദ്ദേഹം സംസാരിച്ചത്.
ആധുനികതയുടെയും അതിന്റെ ഉപോൽപന്നമായ മുതലാളിത്തത്തിന്റെയും അതിന്റെതന്നെ വികസിതരൂപമായ ആഗോളീകരണത്തിന്റെയും കോർപറേറ്റിസത്തിന്റെയും വിമർശപക്ഷത്തായിരുന്നു സി.ആർ. രാജഗോപാലൻ. അരികുകളുടെ ദർശനത്തെ അവതരിപ്പിക്കാൻ ഫ്രഞ്ച് ചിന്തകരായ ഴ്ഷീൽ ദെലൂസും ഫെലിക്സ് ഗത്താറിയും നാടോടിത്തം (nomadism) എന്ന ആശയം അവതരിപ്പിക്കുന്നുണ്ട്. സി.ആർ. രാജഗോപാലൻ എഴുത്തുകളിലൊന്നും ഇവരെ ഉദ്ധരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചേർന്നുനിൽക്കുന്നത് ഈ ദർശനങ്ങളോടാണ് (അദ്ദേഹത്തിന്റെ ‘നടമ’ എന്ന പദവും സങ്കൽപവും ഇതുതന്നെയാണ്). ഭരണകൂട കേന്ദ്രീകരണത്തിന്റെ, അതിരുറപ്പിക്കലിന്റെ (territorialisation) മറുവശമാണ്, നിശ്ചലമോ (sedentary) നിശ്ചിതമോ അല്ലാത്ത സന്ദർഭമാണ് നാടോടിത്തം. അന്തർലീനമായ പോരാട്ടചോദനയും സൃഷ്ട്യുന്മുഖമായ (ചിലപ്പോൾ വിനാശകരവും) നിഷ്ക്രമണപ്രവണതകളും (line of flight) അതിന്റെ സ്വഭാവമാണ്. വഴക്കങ്ങളാണ് (nomos), ബാഹ്യാധികാരപരമായ വചനങ്ങൾ (logos) അല്ല അതിനെ നയിക്കുന്നത്. അത് അതിരുകളെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുന്നു (deterritorialise). സഞ്ചാരിയാണതിന്റെ ഭാവവും സ്വഭാവവും. അവിടെയാണ് സി.ആർ. രാജഗോപാലന്റെ ഷാമനും പാക്കനാരും കണ്ടുമുട്ടുന്നത്.
ഫോക് ലോറിന്റെയല്ല, സി.ആറിന്റെ പഠനങ്ങളുടെ രീതിപദ്ധതി നരവംശശാസ്ത്രപരമാണ്. ഒരുപക്ഷേ കൊളോണിയൽ ജ്ഞാനശാഖകളിൽ ഏറ്റവും വിമർശിക്കപ്പെട്ടതും ഇന്നും സംശയത്തോടെ അധിനിവിഷ്ടസമൂഹങ്ങളും കുറ്റബോധത്തോടെ വെളുത്തവരും നോക്കുന്നതുമായ മേഖല (അക്കാരണംകൊണ്ടുതന്നെ സ്വതന്ത്ര ഇന്ത്യയിൽ നരവംശ ശാസ്ത്രപഠനമല്ല, സോഷ്യോളജിയാണ് സ്വീകരിക്കപ്പെട്ടത്). സി.ആർ. രാജഗോപാലൻ നിൽക്കുന്നത് കൊളോണിയൽ നരവംശപഠനങ്ങളുടെ എതിർസ്ഥാനത്താണ്. നരവംശ ശാസ്ത്രപദ്ധതിയെ വിമർശിക്കാതെ ഫോക് ലോറിനെ അപകോളനീകരിക്കാനാവില്ല എന്ന തിരിച്ചറിവുണ്ടതിൽ.
കേരളീയ നാടകവേദികളിലെ പൊയ്മുഖങ്ങളെക്കുറിച്ചുള്ള സി.ആർ. രാജഗോപാലന്റെ ഗവേഷണ കൃതി (കാലമില്ലാ കോലങ്ങൾ: മുഖാവരണങ്ങളും അരങ്ങും) തന്നെ നരവംശപരമായ പഠനമാണ്. തെയ്യം, കുമ്മാട്ടി, പൂതൻകളി, പടയണി, കൃഷ്ണനാട്ടം, ആധുനിക നാടകവേദി എന്നിങ്ങനെ വ്യത്യസ്ത അരങ്ങുകളെ ആസ്പദമാക്കിയാണ് പഠനം. കൃഷ്ണനാട്ടവും മറ്റ് അനുഷ്ഠാന അരങ്ങുകളും തമ്മിലുള്ള ഭേദം വ്യക്തമാക്കുമ്പോൾത്തന്നെ പരിണാമത്തിന്റെ ഏറ്റക്രമത്തിലല്ല തിരശ്ചീനതലത്തിലാണ് ഇവയെ പഠിക്കുന്നത്. പൊയ്മുഖങ്ങൾ അപരിഷ്കൃതരീതിയാണെന്നും ‘‘മരമോന്തവെച്ച വേഷത്തിന്റെ മുഖത്ത് രസാഭിനയം മരവിച്ചു നിൽക്കു’’മെന്നുമൊക്കെയുള്ള പ്രൗഢകലാവാദികളുടെ ആക്ഷേപത്തെ ഖണ്ഡിച്ച് നരവംശപരവും കലാസ്വാദനപരവുമായ അതിന്റെ സാംഗത്യം വ്യക്തമാക്കുന്നതാണ് ഈ ഗവേഷണം. നടനശരീരത്തെയും രംഗത്തെയും മായികവും അമാനുഷികവുമായ കഥാപാത്രങ്ങളിലേക്ക്, കഥാസന്ദർഭങ്ങളിലേക്ക് രൂപാന്തരപ്പെടുത്താൻ (metamorphosis) മുഖാവരണങ്ങൾക്കും മുഖത്തെഴുത്തിനുമുള്ള കഴിവിനെ പല ലേഖനങ്ങളിലും വിശദീകരിക്കുന്നുണ്ട്. ‘ആട്ടത്തിന്റെ നരവംശ ശാസ്ത്രം/എടക്കൽ ഗുഹാചിത്രങ്ങളിൽനിന്ന് നരവംശോത്സവങ്ങളിലേക്ക്’ ആണ് സി. ആറിന്റെ ശ്രദ്ധേയമായ മറ്റൊരു നരവംശ ശാസ്ത്രപഠനം. അതുപോലെതന്നെ ആദിപ്രരൂപ (archetypal) പഠനത്തിന്റെയും ഫ്രോയിഡിയൻ മനോവിശകലനത്തിന്റെയും യാന്ത്രികതയിൽനിന്ന് മാറിനിൽക്കുന്ന നരവംശ/മനഃശാസ്ത്ര അന്വേഷണങ്ങളാണ് ‘പൂതപ്പാട്ടി’ന്റെയും ‘സഹ്യന്റെ മകന്റെ’യും പഠനങ്ങൾ.
പരിസ്ഥിതി നരവംശശാസ്ത്രപരമായ (ecological anthropology) ചിന്ത സി.ആറിന്റെ എല്ലാ എഴുത്തുകളിലും കാണാനാകും. ഒരേപോലെ നവാജോ റെഡ് ഇന്ത്യരിലേക്കും ആസ്ട്രേലിയയിലെയും മെലനേഷ്യയിലെയും പോളിനേഷ്യയിലെയും സമുദ്രസഞ്ചാരികളായ ഗോത്രജനതകളിലേക്കും വയനാട്ടിലെ കുറിച്യരിലേക്കും ആഫ്രിക്കയിലെ പെറോ, യാരൂബ അമേരിക്കയിലെ യാനോമാമി ഗോത്രങ്ങളിലേക്കും ഒക്കെ വിവരണങ്ങൾ നീങ്ങും. മായൻ സംസ്കാരത്തെക്കുറിച്ച് പറഞ്ഞുവരുമ്പോൾ പെട്ടെന്നാകും വയനാട്ടിലെ എടക്കലിലേക്കും മധ്യ ബ്രസീലിലെ ചിത്രങ്ങളിലേക്കും തെയ്യത്തിന്റെ അലങ്കാരത്തിലേക്കുമൊക്കെ കടക്കുക. പടയണിയെക്കുറിച്ച് പറയുമ്പോൾ തെയ്യത്തിലേക്കും കൂടിയാട്ടത്തിലേക്കും മുടിയേറ്റിലേക്കും ഒക്കെ പടരുന്നു. അവിടെനിന്ന് നേരെ മാവോരിയിലേക്കും നവാജോയിലേക്കും ചെന്നാണ് തിരിച്ചുവരുക; തിരിച്ചുവന്നെന്നും വരില്ല. ഇത്തരത്തിൽ പടർച്ചയില്ലാത്ത എഴുത്ത് ഒരുപക്ഷേ സി.ആർ എഴുതിക്കാണില്ല. നരവംശപഠനത്തിന്റേതിനപ്പുറം ഇതിനൊരു റൈസോമാറ്റിക് സ്വഭാവമുണ്ട്. സി.ആർ. രാജഗോപാലന്റെ ഭാഷാരീതിയും അങ്ങനെതന്നെയാണ്. അത് രേഖീയമായല്ല നീങ്ങുന്നത്.
പ്രതിരോധപാഠത്തിലൂന്നിയാണ് സി.ആർ. രാജഗോപാലൻ നാട്ടറിവിനെ മനസ്സിലാക്കുന്നത്. ഏതു കാലത്തെയും അഭിജാത/ഔദ്യോഗിക സംസ്കാരത്തിന് എതിരുനിൽക്കുന്ന ആഖ്യാനങ്ങളാണ് നാടോടിജീവിതം ഉൽപാദിപ്പിക്കുന്നത്. അവയെ അദ്ദേഹം വിളിക്കുന്നത് അരികുസത്യങ്ങൾ എന്നാണ്. മിഷേൽ ഫൂക്കോയുടെ അഭിപ്രായത്തിൽ പ്രാദേശികവും അവ്യവസ്ഥിതവുമായ കീഴടക്കപ്പെട്ട അറിവിന്റെ (subjugated knowledge) കടന്നുവരവാണ് അറുപതുകൾക്കുശേഷമുണ്ടായ വിമർശനധാരയുടെ സന്ദർഭം. അരികുസമൂഹത്തിന്റെ പ്രതിരോധപരമായ നിലനിൽപിന്റെ നിർമിതികളാണ് ഓരോ പാട്ടും കലാരൂപവും എന്ന് സി.ആർ പറയുന്നുണ്ട്.
നവമാധ്യമങ്ങളുടെ ഘട്ടത്തെ സി.ആർ. രാജഗോപാലൻ കാണുന്നത് കാതോരസംസ്കാരത്തിന്റെയും വാമൊഴിയുടെയും രണ്ടാം വരവായാണ്. നാടോടി സംസ്കാരം പഴമയുടെ പ്രതീകമായി കാഴ്ചബംഗ്ലാവുകളിലെ പ്രദർശനവസ്തുവായി മാറുന്നതല്ലെന്നും നാഗരിക-നവമാധ്യമ കേന്ദ്രീകൃത സമൂഹത്തിലും നാടോടി സംസ്കാരത്തിന്റെ അടിസ്ഥാനചോദനകൾ നിലനിൽക്കുന്നുവെന്നും ‘നവമാധ്യമങ്ങളിലെ നാടോടിത്തം’ എന്ന ലേഖനം (മാതൃഭൂമി, ജൂൈല 12, 2015) വ്യക്തമാക്കുന്നു. നാട്ടറിവിന്റെ സ്വഭാവമായ അറിവിന്റെ തുറവിയും പങ്കാളിത്തവും സൈബറിടത്തിനുണ്ട്. വൈവിധ്യത്തിന്റെ ഉത്സവങ്ങൾ സാധ്യമാകുന്ന, മാനകസംസ്കാരവും അറിവിന്റെ സ്ഥാപനവത്കൃതരൂപങ്ങളും തിരസ്കരിക്കപ്പെടുന്ന സൈബർ ലോകത്ത് ചെറുത്തുനിൽപിന്റെ പുതിയ രൂപങ്ങൾ, സാംസ്കാരികസങ്കരങ്ങൾ ഉണ്ടായിവരുന്നതും നവസാങ്കേതികവിദ്യക്കകത്ത് നുഴഞ്ഞുകയറി നാടോടിത്തം അതിന്റെ സാമൂഹിക ധർമം നിർവഹിച്ചുകൊണ്ടിരിക്കുന്നതും അദ്ദേഹം എഴുതുന്നു.
അനുഭവ ചരിത്രദർശനം
കേരളീയതയുടെ നാട്ടറിവിന്റെ ഒന്നാം ലക്കം തുടങ്ങുന്നത് ‘മണ്ണുക്കാരൻ സംസാരിക്കുന്നു’ എന്ന ശബ്ദരേഖയോടെയാണ്. നാട്ടറിവുകൾ സ്വയം സംസാരിക്കട്ടെ എന്നതായിരുന്നു ഉദ്ദേശ്യം. ആവേദകരും അവയെ വിശകലനം ചെയ്യുന്ന ഇടനിലക്കാരും ഇല്ലാതാകുന്ന ആദർശമാണ് ഈ ജേണലിനുണ്ടായിരുന്നത്. നാട്ടറിവിന്റെ സജീവവാഹകർ അങ്ങനെ നേരിട്ട് തനിമൊഴിയിൽ അറിവും വീക്ഷണവും പങ്കുവെക്കുന്ന സ്വജനഗവേഷകരായി (autoethnographers) മാറുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച നാട്ടറിവുകൾ സീരീസിന്റെ ആമുഖത്തിൽ അദ്ദേഹം നാട്ടറിവിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് പറഞ്ഞശേഷം ഇങ്ങനെ എഴുതി: “അറിവുകൾ പറഞ്ഞുതരുന്നവരെ പാരമ്പര്യ ശാസ്ത്രീയ ഗവേഷകരെന്നും ജനതതി ഗവേഷകരെന്നും വിശേഷിപ്പിക്കാം. പാരമ്പര്യ അറിവുകൾ പ്രസിദ്ധീകരിക്കുമ്പോൾ ഇവർക്ക് പ്രാധാന്യം നൽകണം. കാരണവക്കൂട്ടത്തിന്റെ പേരിലാണ് ഈ അറിവുകൾ രജിസ്റ്റർ ചെയ്യുന്നത്. പ്രഫഷനൽ ഗവേഷകർക്ക് ഇതിൽ മൂകമായ പങ്കേ ഉള്ളൂ. സമൂഹത്തിന്റെ ഏതുതലത്തിൽപെട്ട ആൾക്കും നാട്ടറിവുകൾ ഇങ്ങനെ ശേഖരിക്കാം. നാട്ടറിവിൽ പടിഞ്ഞാറൻ ശാസ്ത്രത്തിൽനിന്നു വ്യത്യസ്തമായ സ്വന്തം വർഗീകരണതത്ത്വങ്ങളുണ്ട്. പ്രകൃതിയെപ്പറ്റിയുള്ള യുക്തിനിഷ്ഠ നിരീക്ഷണമുണ്ട്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്തതും സുസ്ഥിരവുമായ വികസനതന്ത്രങ്ങളുണ്ട്. പ്രകൃതിവിഭവങ്ങളെ വിദഗ്ധമായുപയോഗിക്കുന്ന പ്രയോഗവഴക്കങ്ങളുണ്ട്. നാട്ടുസാങ്കേതികവിദ്യയിലൂടെ വിഭവത്തെയും വൈഭവത്തെയും അവർ ഒന്നിപ്പിക്കുന്നു.” ‘കാഞ്ഞൻ പൂശാരി സംസാരിക്കുന്നു’, ‘ബൊമ്മിയമ്മയും അനസിയും സംസാരിക്കുന്നു’ തുടങ്ങി കേരളീയതയുടെ നാട്ടറിവ് നാട്ടുഭാഷണങ്ങൾകൊണ്ട് നിറഞ്ഞിരുന്നു.
അനുഭവാത്മകമാകാനാണ് സി.ആർ. രാജഗോപാലൻ എഴുത്തുകളിൽ ശ്രമിച്ചത്. കൊളോണിയൽ ഫോക് ലോറിസ്റ്റിക്സിൽ ആണ്ടുമുങ്ങിയ ‘വസ്തു’നിഷ്ഠവും നിർവികാരവുമായ നോട്ടം അദ്ദേഹത്തിനു വശമില്ലായിരുന്നു. അക്കാദമിക വരേണ്യവാദത്തിൽനിന്നു വിട്ടുനിന്നതിനാൽത്തന്നെ അക്കാദമികർക്ക് പലപ്പോഴും അസ്വീകാര്യനുമായി. നാട്ടറിവുകൾ സീരീസിലെ അദ്ദേഹത്തിന്റെ പല എഴുത്തുകളും അറിവനുഭവങ്ങളായിരുന്നു; ചിലവ കാതോര അനുഭവങ്ങളും. “അക്കാദമിക് ശൈലിക്കു പകരം നാടോടി അനുഭവത്തിന്റെ ആത്മനിഷ്ഠമായ ഭാഷയും പ്രതീകങ്ങളുമാണ് ഈ പഠനത്തിൽ സ്വീകരിച്ചിട്ടുള്ളത്” എന്ന് ‘കാവേറ്റം’ എന്ന ലേഖനസമാഹാരത്തിന്റെ ആമുഖത്തിൽ അദ്ദേഹം പറയുന്നു.
അബ്രാഹ്മണിക ലോകത്തിന്റെ കാൽപനികവും തിരശ്ചീനവുമായ ഒരു വിന്യാസമാണ് സി.ആർ. രാജഗോപാലന്റെ സങ്കൽപത്തിലുള്ളത്. ഫ്യൂഡൽ-ജാതിവ്യവസ്ഥയാണ് ഗ്രാമീണജ്ഞാനസമ്പ്രദായത്തെ മാറ്റിയതെന്നു പറയുമ്പോൾ അതിനും മുമ്പുള്ള ഒരു മാവേലിനാടാണ് അദ്ദേഹത്തിൽ. അതിനാൽത്തന്നെയാകാം തീവ്രമായ നഷ്ടബോധത്തിൽ ആകുലപ്പെടുമ്പോഴും ഫ്യൂഡൽ ഗൃഹാതുരത ആ എഴുത്തുകളിൽ കാണാത്തത്. അവ ആദിസ്മൃതികളാണ്. മലയാളി എന്ന സ്വത്വത്തെ ഈ ആദർശലോകത്താണ് നമ്മൾ കണ്ടുമുട്ടുക സി.ആറിന്റെ എഴുത്തുകളിൽ. നഷ്ടബോധമല്ല, ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് അവയെ തീവ്രമാക്കുന്നത്. “മലയാളിയുടെ അവ്യക്തമായ ചരിത്രബോധങ്ങളെ കൂട്ടിയിണക്കുന്ന ചങ്ങലയാണ് ഓണമിത്തുകൾ” എന്നും “മണ്ണിലേക്ക് ചവിട്ടിത്താഴ്ത്തുകയും വർഷത്തിലൊരിക്കൽ മുളപൊട്ടുകയും ചെയ്യുന്ന വിത്തിന്റെ തത്ത്വം” അവയിലുണ്ട് എന്നും നിരീക്ഷിക്കുന്നു അദ്ദേഹം. മാവേലിക്കഥയുടെ അപമിത്തീകരണം ഗ്രസ്തചരിത്രത്തിന്റെ വീണ്ടെടുപ്പിൽ സുപ്രധാനമായ ഘട്ടമായി അദ്ദേഹം കരുതി. അതിനായി കാട്ടു-നാട്ടു ജനതകളുടെ സമൂഹസ്മൃതികളിൽ ‘മങ്ങിയൊതുങ്ങിയിരി’ക്കുന്ന വൈവിധ്യമാർന്ന മാവേലിപുരാവൃത്തങ്ങൾ അദ്ദേഹം ശേഖരിക്കുകയും ശേഖരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. മണ്ണും അധിനിവേശവും വീണ്ടെടുപ്പും ഒക്കെയാണ് ഇവയിലെ കഥനാംശങ്ങളും മോട്ടിഫുകളും ആവിഷ്കരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മാവേലിയോണം മുടക്കുന്ന വാമനന് തുടർച്ചയുണ്ട്. അതുതന്നെയാണ് അതിന്റെ പ്രസക്തിയും.
വർത്തമാനവും ഭൂതവും തമ്മിലുള്ള നിലക്കാത്ത സംവാദം എന്ന നിർവചനം ഫോക് ലോറിനും യോജിക്കുന്നുവെന്നും മണ്ണിന്റെ യഥാർഥ അവകാശികളെക്കുറിക്കുന്ന ചരിത്രസൂചിതങ്ങൾ ഓരോ നാട്ടുമിത്തിലും അടയാളപ്പെടുത്തിയിട്ടുണ്ട് എന്നും സി.ആർ. രാജഗോപാലൻ നിരീക്ഷിക്കുന്നു. വടമയിൽ കാർത്യായനിയമ്മ പറഞ്ഞുതന്ന മണ്ണാർമണിഞണ്ടും മണ്ണാർമണിത്തുമ്പിയും മണ്ണുകൂട്ടിവെച്ചു കേരളം നിർമിച്ച കഥ കീഴാളരുടെ അധ്വാനത്തിന്റെ ചരിത്രമുൾക്കൊള്ളുന്നതാണ്. വയനാട്ടിലെ മുള്ളുക്കുറുമരുടെ ഉൽപത്തി ചരിത്രത്തിലാകട്ടെ മണ്ണിനുവേണ്ടിയുള്ള അഭിവാഞ്ഛയുടെ രാഷ്ട്രീയമാണുള്ളത്. പറമ്പിക്കുളത്തെ കാടരുടെ കഥയിൽ, മനുഷ്യരും മറ്റു മൃഗങ്ങളും ബന്ധുക്കളായിരുന്ന അവസ്ഥ മാറുന്നത് മനുഷ്യന്റെ ആർത്തി കാരണമാണ്. ലോകമൊട്ടാകെയുള്ള അരികുസമൂഹങ്ങൾ ഈ ആഖ്യാനങ്ങളിൽ പരസ്പരം കണ്ണിചേരുന്നു. അവ അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും വ്യവഹാരശേഷിപ്പുകളും ഉൾക്കൊള്ളുന്നുണ്ട്. വെളുമ്പൻ പുരാവൃത്തങ്ങളെ (white mythologies) പ്രതിരോധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് നാട്ടുഭാവനയുടെ എതിരാഖ്യാനങ്ങളായ കറുത്ത മിത്തുകളുടെ സമകാലിക പ്രസക്തിയും രാഷ്ട്രീയവും എന്ന് സി.ആർ ഊന്നിപ്പറയുന്നു. മ്യൂസിയത്തിലെടുത്തുവെക്കപ്പെടാത്ത ചരിത്രമാണത്. “ഏകലവ്യന്മാർ നട്ടുവളർത്തിയ വിരൽവൃക്ഷങ്ങൾ” എന്ന് ‘ഗോത്രം’ എന്ന കവിതയിൽ നാട്ടുചരിത്രത്തെ വിശേഷിപ്പിക്കുന്നുണ്ട് അദ്ദേഹം.
സർവേകൾ, പൈതൃകഭൂപടം, അഭിമുഖങ്ങൾ, പങ്കാളിത്തനിരീക്ഷണം തുടങ്ങി വാമൊഴിചരിത്രത്തിനുള്ള കൃത്യമായ രീതിശാസ്ത്ര പദ്ധതികൾ അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. എന്നാൽ, “ജനങ്ങൾ സംസ്കാരത്തെ നിർണയിക്കുന്നതെങ്ങനെയെന്നു കണ്ടെത്താൻ ഔദ്യോഗികമായ ചരിത്രബോധത്തിൽനിന്ന് നിർമുക്തമാകണം” എന്ന് അദ്ദേഹം നിർദേശിക്കുന്നു. ഘടനാത്മകവിശകലനത്തിലൂടെ, ആന്തരികാർഥങ്ങളുടെ ആരോപണങ്ങളിലൂടെ ചരിത്രത്തെ നിർണയിക്കാനല്ല, പ്രത്യക്ഷമായ വ്യവഹാരശേഷിപ്പുകളെ ചേർത്തുവെച്ച് വിവരിക്കാനാണ് സി.ആർ ശ്രമിച്ചത്. ആഖ്യാനങ്ങളുടെ പലമയെ തടഞ്ഞ് ഏകപാഠത്തെ രൂപപ്പെടുത്താനോ യുക്തിമത്കരിക്കാനോ ശ്രമിച്ചുമില്ല.
അരങ്ങും അനുഷ്ഠാനവും
1987ലാണ് സി.ആർ. രാജഗോപാലൻ സ്കൂൾ ഓഫ് ഡ്രാമയിൽ ഗവേഷണത്തിനു ചേരുന്നത്. നാട്ടരങ്ങിന്റെ അനുഭൂതികളോട് ആധുനിക അരങ്ങനുഭവത്തിന്റെ ഈ കലർച്ച അദ്ദേഹത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഫോക് ലോറിനെ കാലികമായ അവതരണമായി കാണുന്നതിൽ അദ്ദേഹത്തെ സഹായിക്കുന്നത് ഷെഹനറുടെ (Richard Schechner) പ്രകടന സിദ്ധാന്തമാണ്. ഫോക് ലോറിനെ പ്രകടനസിദ്ധാന്തവുമായി ബന്ധിപ്പിക്കുന്നതുപോലെ നാടകത്തിൽ, സാഹിത്യത്തിൽ ഒക്കെ അനുഷ്ഠാനപരതയെ കണ്ടെടുക്കാനും സി.ആറിനു കഴിഞ്ഞു. അതിൽ നരവംശ ശാസ്ത്രജ്ഞനായ ടേണറുടെയും (Victor Turner) നാടകപ്രവർത്തകനായ അർത്തോയുടെയും (Antonin Artaud) പങ്കുണ്ടെങ്കിലും സിദ്ധാന്തങ്ങളെ ഉദ്ധരിക്കാനല്ല, തന്റേതായ രീതിയിൽ ഉൾക്കൊണ്ടു പ്രയോഗിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഉപകരണപ്രായമായ വിമർശനസങ്കേതങ്ങളെ തള്ളിക്കളഞ്ഞു. പഠിതാവിന്റെ അപരനോട്ടമല്ല, പങ്കാളിയുടെ കാഴ്ചവട്ടമായിരുന്നു അവയിൽ. അത് കലയെ, ലോകത്തെ ഷാമനിക് അനുഭവമായി മനസ്സിലാക്കുന്നതിലേക്ക് നയിച്ചു. തൃശൂർ നാടകോത്സവത്തിൽ അരങ്ങേറിയ ‘മാക്ബെത്ത്: ഹൂ ഈസ് ദാറ്റ് ബ്ലഡീഡ് മാൻ’ എന്ന നാടകത്തെ വിശകലനം ചെയ്യുമ്പോൾ (മാതൃഭൂമി, ഏപ്രിൽ 13, 2013) കാഴ്ച ഇങ്ങനെ പലതിലേക്ക് പടരുന്നുണ്ട്.
വരകളുടെയും വർണങ്ങളുടെയും അന്വേഷണങ്ങൾ മുഖാവരണങ്ങളിൽനിന്ന് നാട്ടുജീവിതസമഗ്രതയിലേക്ക് വ്യാപരിക്കുന്ന കാഴ്ചയുണ്ട് ഒരുപാട് ലേഖനങ്ങളിൽ. ഫൂക്കോക്കുശേഷം ശരീരം സാമൂഹികമായി നിർമിക്കപ്പെട്ട പാഠമായാണ് നമ്മൾ മനസ്സിലാക്കുന്നത്. ബോധപൂർവവും അബോധപൂർവവുമായ ചലനങ്ങളിലൂടെ (enacting) നിരന്തരം അർഥങ്ങൾ സൃഷ്ടിക്കുന്ന ശരീരം ചിഹ്നശാസ്ത്രപരമായും പഠിക്കപ്പെട്ടു. എടക്കൽ ചിത്രങ്ങളിലെ ആട്ടക്കോലങ്ങളിൽനിന്ന് പ്രാചീനരംഗാവതരണത്തിലെ അനുഷ്ഠാനശരീരത്തെ കണ്ടെടുക്കാനും നൃത്തസ്വഭാവത്തെ പുനഃസൃഷ്ടിക്കാനും അദ്ദേഹം ശ്രമിക്കുന്നു. പുലികളി നിർമിക്കുന്ന ശരീരത്തിന്റെ, ചലനങ്ങളുടെ പ്രതിസൗന്ദര്യത്തെക്കുറിച്ചും അദ്ദേഹം എഴുതി. ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം കൂടിയാട്ടത്തിലെ പകർന്നാട്ടത്തെക്കുറിച്ചുള്ളതാണ്. അഭിനയം രൂപാന്തരണവും ആഹാര്യങ്ങൾ അതിന്റെ സഹായവുമായിരിക്കെ പകർന്നാട്ടമെന്ന സങ്കേതം പാത്രശരീരത്തെത്തന്നെ അസ്ഥിരപ്പെടുത്തിക്കൊണ്ട് നാട്യവൈഭവത്തെ ആവാഹനമന്ത്രവാദത്തിന്റെ അപൂർവാനുഭവത്തിലെത്തിക്കുന്നതായി സി.ആർ. രാജഗോപാലൻ കാണുന്നു. ഹനുമാന്റെ വേഷംകെട്ടി സീതയെ ആടുന്നതിൽ അനൗചിത്യമാണ് സാങ്കേതികനിരൂപകർ കണ്ടതെങ്കിൽ ഇവിടെ അത് സാധ്യതകളുടെ തുറവിയാണ്.
ഉദാത്തസ്ഥാനങ്ങൾ സഞ്ചാരീഭവിക്കുന്നു
യാഥാർഥ്യത്തെ അതിരുതിരിച്ച് ഉറച്ച സംവർഗങ്ങളിൽ മനസ്സിലാക്കുന്ന ശാസ്ത്രയുക്തിക്കു പകരം പകർച്ചയിലും തുടർച്ചയിലും സമീപിക്കുന്നതാണ് സി.ആർ. രാജഗോപാലന്റെ രീതി. ദേശി എന്ന ആശയത്തെ നാട്യസങ്കേതത്തിൽനിന്ന് പ്രയോഗപദ്ധതിയാക്കി മാറ്റുകയാണ് അദ്ദേഹം. ശുദ്ധശാസ്ത്രത്തിന്റെ സാർവത്രികങ്ങൾ (universals) സി.ആർ പിന്തുടരുന്നില്ല. വ്യത്യസ്തതകളുടെ സഹവർത്തിത്വത്തിലാണ് ഊന്നൽ. “ദേശാഖ്യാനങ്ങളിൽനിന്നാണ് ബൃഹദാഖ്യാനങ്ങളുണ്ടാകുന്നത്. എപ്പോഴും ദേശിയാണ് മാർഗിയാകുന്നത്” എന്ന നോട്ടപ്പാടാണ് അദ്ദേഹത്തിന്റേത്. സാർവത്രികമായതിനെ എടുക്കുകയും സാന്ദർഭികമായതിനെ നിരസിക്കുകയും ചെയ്യുന്ന ശാസ്ത്രത്തിന്റെ പരിമിതി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് ആധുനികാനന്തര ചിന്തയിൽ. “വിവേകമില്ലാത്ത വിജ്ഞാനത്തിന്റെ യുക്തിയാണ് ശാസ്ത്രതന്ത്രം” (കാവേറ്റം) എന്ന് സി.ആർ. രാജഗോപാലൻ വിലയിരുത്തുന്നു. അറിവിനെയും സൗന്ദര്യത്തെയും കീഴാളവത്കരിച്ചുകൊണ്ട്, ദേശീമത്കരിച്ചുകൊണ്ട് ദന്തഗോപുരങ്ങളെ ഇളക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. നാട്ടറിവും ശാസ്ത്രീയജ്ഞാനവും തമ്മിലുള്ള വ്യത്യാസത്തെ വിവരിച്ചുകൊണ്ട് നാട്ടറിവുകളുടെ ആമുഖത്തിൽ ഈ പുതിയ സമീപനത്തെ വ്യക്തമാക്കുന്നുണ്ട്.
ശാസ്ത്രത്തിന് പരസ്പരം വിനിമയം ചെയ്യുന്ന രണ്ടു രൂപങ്ങളുണ്ടെന്ന് ദെലൂസും ഗത്താറിയും പറയുന്നു. പ്രൗഢശാസ്ത്രം (Major/royal/state science) അനിശ്ചിതമായ നാടോടി/അരികു ശാസ്ത്രത്തിന്റെ (nomad/minor science) ഉള്ളടക്കത്തെ സ്വാംശീകരിച്ച് സംസ്കരിച്ച് ഉറപ്പിച്ചെടുക്കുമ്പോൾ നാടോടിശാസ്ത്രം പ്രൗഢശാസ്ത്രത്തിന്റെ ഉള്ളടക്കത്തെ നിരന്തരം അയച്ചുകൊണ്ടിരിക്കും. ഭാവനാത്മകമാണ്, സൃഷ്ടിപരമാണ്, കൈവിരുതിന്റേതാണ് നാടോടിശാസ്ത്രം. ഫോക് കലയും ശാസ്ത്രീയകലയും തമ്മിലും ഫോക് മതവും മുഖ്യധാരാ മതവും തമ്മിലും അവയുടെ മിത്തോളജികൾ തമ്മിലും ബന്ധപ്പെടുന്നതും വ്യത്യാസപ്പെടുന്നതും ഇങ്ങനെതന്നെയാണ് എന്നുപറയാം. ശിൽപകല, വാസ്തു, ആയുർവേദം, ഗണിതം, നാട്യകല തുടങ്ങിയവയെ സംബന്ധിക്കുന്ന ഗ്രന്ഥങ്ങളുടെ സ്രോതസ്സുകൾ നാട്ടറിവുകളാണെന്നും ആ അറിവിനെ സ്വാംശീകരിച്ച് ഉയർന്ന/ഉണ്ടാക്കിയ കലകളെയും സ്ഥാപനങ്ങളെയുമാണ് പൈതൃകമായി സംരക്ഷിക്കുന്നതെന്നും സി.ആർ. രാജഗോപാലൻ പറയുന്നുണ്ട്. ‘കൃഷിഗീത’യെക്കുറിച്ചു പറയുമ്പോൾ ഈ അധിനിവേശ സങ്കൽപങ്ങളെയും സാമ്പ്രദായികമായ വ്യവഹാരതന്ത്രങ്ങളെയും അദ്ദേഹം പരാമർശിക്കുന്നുണ്ട്.
സാഹിത്യത്തിന്റെ പൂർവഘട്ടമായാണ് സാഹിത്യചരിത്രങ്ങൾ നാടൻപാട്ടുകളെയും കഥകളെയും അവതരിപ്പിക്കുന്നത്. അവ ഒരു പരിണാമക്രമത്തിലാണ്. എന്നാൽ സാഹിത്യത്തിന്, ‘ക്ലാസിക്കൽ’ പാരമ്പര്യങ്ങൾക്ക് ഫോക്കിനോടുള്ള ആധമർണ്യവും തിരശ്ചീനമായ തുടർച്ചയുമാണ് സി.ആർ വിവരിക്കുന്നത്. എഴുത്തച്ഛന്റെ വൃത്തങ്ങൾ നാടോടിപ്പാട്ടുകളിൽനിന്ന് രൂപപ്പെടുന്നതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഈണത്തിനപ്പുറം വരികളുടെ വിതാനങ്ങളും ഉള്ളടക്കവും എങ്ങനെ തോറ്റംപാട്ടിന്റെയും കളമെഴുത്തിന്റെയും നാടോടി അനുഷ്ഠാനങ്ങളുമായി ചേർന്നിരിക്കുന്നുവെന്ന് സി.ആർ. രാജഗോപാലൻ വ്യക്തമാക്കുന്നുണ്ട്, “ഭദ്രകാളിക്കളത്തിന്റെ പകർന്നാട്ടമാണ് പാർഥസാരഥീവർണനം” എന്ന വിശദീകരണത്തോടുകൂടി. അതുപോലെതന്നെ പടയണിയടക്കമുള്ള കുട്ടനാടൻ കാവരങ്ങിന്റെയും വയൽക്കലകളുടെയും പ്രതിഫലനമാണ് തുള്ളലെന്നും സമർഥിക്കുന്നു. മണിപ്രവാളത്തിലും കൂത്തമ്പലത്തിലും നുഴഞ്ഞുകയറുന്ന നാട്ടുമലയാളത്തിന്റെയും നാട്ടരങ്ങിന്റെയും വിപ്ലവമുണ്ടതിൽ. ‘ക്ലാസിക്കു’കളിലേക്ക് ഇത്തരം അനഭിജാതമായ നോട്ടം നീട്ടാൻ സി.ആർ എന്നും താൽപര്യപ്പെട്ടിരുന്നു. സ്വരൂപപരമായ ഭേദങ്ങളിരിക്കെത്തന്നെ, സാമൂഹികാധികാരത്തിന്റെ ഭേദങ്ങളിരിക്കെത്തന്നെ, ഫോക്/ക്ലാസിക് അതിർത്തികളെ നിരാകരിച്ചുകൊണ്ട് ആധുനികത നിർമിച്ച ഏറ്റക്രമത്തെയും ശുദ്ധതാസങ്കൽപങ്ങളെയും ഇളക്കാനാണ് പൈതൃകപഠനമെന്ന ആശയത്തെ സി.ആർ. രാജഗോപാലൻ പ്രയോജനപ്പെടുത്തിയത്. മുഖാവരണത്തെക്കുറിച്ചുള്ള ഫോക്-നരവംശ ശാസ്ത്ര അന്വേഷണങ്ങളിലും തെയ്യവും കൃഷ്ണനാട്ടവും കഥകളിയും പടയണിയും കബൂക്കിയുമൊക്കെ വ്യാജമായ അതിർത്തികൾ ഭേദിച്ച് ഇങ്ങനെ ഒരു കലർപ്പുണ്ടാവുന്നുണ്ട്.
പൈതൃകപഠനത്തെ സി.ആർ. രാജഗോപാലൻ സമീപിക്കുന്നത് മുമ്പു വിവരിച്ച സാധ്യതയുടെയും പരിമിതിയുടെയും സന്ദിഗ്ധതയോടെയാണ്. സാമ്രാജ്യാധിപത്യകാലത്ത് രൂപംകൊണ്ട ‘മ്യൂസിയം’ എന്ന സങ്കൽപത്തെ മറികടന്നുകൊണ്ടുള്ള നവസംസ്കാര ചരിത്രപഠനത്തിലാണ് ‘ജനതാ പൈതൃകം’ എന്ന സങ്കൽപം രൂപംകൊണ്ടതെങ്കിലും പൈതൃകസങ്കൽപത്തിന്റെയും ചാർച്ച യൂറോപ്പിന്റെ സാംസ്കാരിക നാട്യത്തോടാണെന്ന് അദ്ദേഹം പറയുന്നുണ്ട്. എങ്കിലും, സംസ്കാര രൂപവത്കരണത്തിൽ ചെറുദേശീയതകളും ഗോത്രവർഗക്കാരും ഗ്രാമീണരും വഹിച്ച പങ്കിനെ അത് തിരിച്ചറിയുന്നുവെന്നാണ് സി.ആർ കാണുന്നത്. പൈതൃകപഠന സമീപനത്തിലാണ് ‘കണ്ണാടി നോക്കുമ്പോൾ’ എന്ന കൃതി എഴുതുന്നത്.
ദേശി, സഞ്ചാരം, ഷാമൻ എന്നീ മൂന്നു ആശയങ്ങളിൽ സംഗ്രഹിക്കാം സി.ആർ. രാജഗോപാലന്റെ ചിന്തയെ. അത് ദ്വന്ദ്വയുക്തിയെ പ്രതിരോധിക്കുകയും പ്രൗഢനിർമിതികളെ വൈവിധ്യപൂർണവും ചലനാത്മകവുമായ ഉണ്മയിലേക്ക് പടർത്തുകയുമായിരുന്നു. അടുക്കും ചിട്ടയുമുലയ്ക്കുന്ന, വ്യാകരണത്തിന്റെ അതിർത്തി മുറിക്കുന്ന ഒരു കവി ഉണ്ടായിരുന്നു അതിലെന്നും.
കലാ(പ)പൂർണമായ പ്രതിഭ
ആദ്യകാല കവിതകൾ ചേർത്ത് 2002ൽ ആണ് സി.ആർ. രാജഗോപാലന്റെ ‘എല്ലാം കത്തിയെരിയുകയാണ്’ എന്ന സമാഹാരം ഇറങ്ങുന്നത്. പിന്നീട് ‘ഷാമൻ’ എന്ന കൃതിയാകട്ടെ 2018ൽ രോഗശയ്യയിൽ. കവിത പക്ഷേ എഴുത്തിൽ, ചിന്തയിൽ പിന്തുടരുന്നു.
‘എല്ലാം കത്തിയെരിയുകയാണ്’ എന്ന കവിത തുടങ്ങുന്നത് “തഥാഗതൻ വഴിയിലിറങ്ങിയിരിക്കുകയാണ് / കപിലവസ്തുവിലെ ആദ്യത്തെ തെരുവിൽ വെച്ചുതന്നെ/ ഒരെല്ലിൻകൂട് സുവർണരഥത്തിൽ കുടുങ്ങി” എന്നാണ്. വേനലിൽ കണ്ണീരിന്റെ ഉറവതേടിയുള്ള യാത്രകളാണ് തഥാഗതന്റേത്. വിരലുകൾ നഷ്ടപ്പെട്ട ആൾക്കൂട്ടത്തിനിടയിൽ അക്കാദമി അംഗത്വവും ഉറക്കുമരുന്നും നൽകിയിട്ടും “കാരണമെന്താണ്” എന്ന് ചോദിക്കുന്ന ബുദ്ധനുണ്ട്. ഭൂതവാസ്തവങ്ങളെ നിഷേധിക്കുന്ന, കലണ്ടറിലെ അക്ഷരങ്ങൾ തെറ്റിക്കുന്ന, ഓർമകളെ കുഴക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തെക്കുറിച്ചാണ്, അടിയന്തരാവസ്ഥയുടെ ഭീകരതയെക്കുറിച്ചാണ് ‘ജൂൺ 26’ എന്ന കവിത. “നിങ്ങൾ കലണ്ടറിൽ കാലം സൂക്ഷിക്കുന്നുവെങ്കിൽ / രക്തപങ്കിലമായ ജൂൺ എവിടെ?” എന്നു കവി ചോദിക്കുന്നു. “നാം പാവം / ജീവനുള്ള രക്തച്ചെടികൾ” എന്ന് ‘മുക്തി’ എന്ന കവിതയിൽ. ‘പിളരുന്ന പർവതങ്ങൾ’ എന്ന കവിതയിൽ എഴുതുന്നു: “മാനുകളെയും മുയലുകളെയും കൊന്ന് / നഗരത്തിലേക്കു തിരിച്ച സോഷ്യോളജിസ്റ്റുകൾ/ പിളർന്ന കരിങ്കൽ തൂണുകൾക്കിടയിൽ/ ഇപ്പോഴും വിശ്രമിക്കുകയാണ്/... /കുന്നുകൾക്കു താഴെ നഗരത്തിലെ മേടകളിൽ/ മുദ്രാവാക്യവും മൂലധനവും ഒത്തുചേർന്ന് പകിട കളിക്കുകയാണ്.” പാരിസ്ഥിതികമായ ആകുലതകളും നിസ്സഹായമായ മനുഷ്യാവസ്ഥകളും ഭരണകൂടത്തിന്റെ ഭീഷണരൂപവും അസ്വസ്ഥമായ സഞ്ചാരചിത്രങ്ങളും ഒക്കെ നിറഞ്ഞവയാണ് സി.ആറിന്റെ കവിതകൾ. പുതിയ രൂപങ്ങളും പരീക്ഷണങ്ങളും കവിതയിൽ കൊണ്ടുവരുന്നുണ്ട് അദ്ദേഹം.
‘ഷാമൻ’ ഒറ്റക്കവിതയോ കവിതാസമാഹാരമോ അല്ല. സഞ്ചാരവ്യഗ്രമായ ശരീരത്തിൽനിന്ന് ഇന്ദ്രിയങ്ങളെ അഴിച്ചുവിടുകയാണ് കവി; സ്ഥലകാലങ്ങളുടെ ബഹുകൽപങ്ങളിൽ (manifold) സഞ്ചരിക്കുന്ന ഷാമനെ അവ പിന്തുടർന്നുപോകുന്നു. ബിംബങ്ങളോ രൂപകങ്ങളോ നിർമിച്ചു മുന്നേറുന്ന രേഖീയമായ ആഖ്യാനമല്ല ഇതിലുള്ളത്. സ്വപ്നവായനക്ക് വഴങ്ങാത്ത, നേരും നുണയുമല്ലാത്ത വിഭ്രാന്തമായ അനുഭവങ്ങളാണ്. ചിലപ്പോൾ ഹൈക്കുപോലെ.
ഹിമാലയതടങ്ങളിലെ അലച്ചിലുകളും ജീവിതവും ഓർമകളും ചേരുന്ന ‘ഹിമകാദംബരി’ എന്ന നോവൽ തന്റെ യൗവനത്തിൽതന്നെ എഴുതുന്നതാണെങ്കിലും പങ്കാളി ശീതളിന്റെ സ്നേഹനിർബന്ധത്തിലാണ് ഉപേക്ഷവെച്ചിരുന്ന ഈ നോവൽ 2019ൽ പ്രസിദ്ധീകരണത്തിനയക്കുന്നത്. എഴുത്തുസാഹിത്യത്തിൽനിന്നുള്ള പിൻവാങ്ങലിൽ സാഹിത്യത്തോടുള്ള അദ്ദേഹത്തിന്റെ വിയോജിപ്പുണ്ടായിരുന്നിരിക്കാം. “വൈവിധ്യമായ സംസ്കാരരൂപങ്ങളിലേക്ക് പോകാൻ ഏറ്റക്കുറവുകളുള്ള സാഹിത്യത്തിന് കഴിയില്ല” എന്നും “വീർപ്പിച്ചുകെട്ടിയ ആഭിജാതരൂപമായ സാഹിത്യത്തെ പൊളിച്ചുകളയാൻ വാമൊഴി പാരമ്പര്യത്തിനും രംഗാവതരണങ്ങൾക്കും കഴിയും” എന്നും അദ്ദേഹം എഴുതുന്നുണ്ട്. 80-90കളിൽ ഇറങ്ങുന്ന പുസ്തകങ്ങളുടെ പുറംചട്ടകളിൽ, മാസികകളിലെ ഇലസ്ട്രേഷനുകളിൽ ഒക്കെ സി.ആർ. രാജഗോപാലന്റെ വരയുടെ മാന്ത്രികത കാണാം.
പ്രതിരോധ ജീവിതസമുച്ചയം
ബഹുലമായിരുന്നു സി.ആർ. രാജഗോപാലന്റെ പ്രവർത്തനവും പ്രതിഭയും. അധ്യാപകനായിരിക്കുമ്പോഴും സാമൂഹികവിഷയങ്ങളിൽ നിരന്തരജാഗ്രത തുടരുന്നുണ്ട് അദ്ദേഹം. ആഗോളീകരണവും ഉദാരവത്കരണവും സർക്കാർ നയങ്ങളെ രൂപപ്പെടുത്തിത്തുടങ്ങിയ സന്ദർഭമായിരുന്നു 80കൾ. സാമൂഹിക വനവത്കരണമെന്ന പേരിൽ അക്കേഷ്യയും യൂക്കാലിയും വെച്ചുപിടിപ്പിക്കുന്നതിനെതിരെ, പൂയംകുട്ടി ജലവൈദ്യുതി പദ്ധതിക്കെതിരെ, ആണവനിലയശ്രമങ്ങൾക്കെതിരെ, പശ്ചിമഘട്ടസംരക്ഷണത്തിന്, കേരളവർമ കോളജിലെ ‘ഊട്ടി’ നിലനിർത്തുന്നതിന് ഒക്കെയുള്ള സമരനിരയിൽ അദ്ദേഹമുണ്ടായി. പരിസ്ഥിതി ക്യാമ്പുകളും സ്ലൈഡ് പ്രദർശനങ്ങളും ബോധവത്കരണങ്ങളും സംഘടിപ്പിച്ചു. ലഘുലേഖകൾ തയാറാക്കി. സമാന്തര മാസികകളിലും പുസ്തകപ്രസിദ്ധീകരണങ്ങളിലും പ്രചാരണത്തിലും പങ്കുകൊണ്ടു. പരിസ്ഥിതിചിന്തയെ ബാധിച്ചിരുന്ന ആധ്യാത്മികതയിൽനിന്ന് വഴിമാറി നടക്കാനും മാനവികത ഉയർത്തിപ്പിടിക്കാനുമുള്ള ജാഗ്രത അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് നാട്ടറിവിലേക്കുള്ള വഴിതുറന്നത്.
ജീവിതത്തിന്റെ സകലമേഖലകളിലും നാട്ടറിവിന്റെ വീക്ഷണം സാധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു. അക്കാദമിക മേഖലക്ക് അത് ഉൾക്കാഴ്ചയും ചലനവും തിരുത്തലുകളും നൽകി. നാട്ടറിവെന്ന ആശയം നിർമിച്ച വ്യവഹാരങ്ങളുടെ ഫലമായാണ് ഫോക് ലോർ ഗവേഷണമേഖല ഫോക് വീക്ഷണത്തിന്റെയും മൂന്നാം ലോക/കോളനിയനന്തര വിമർശനത്തിന്റെയും വഴിയിലേക്ക് തിരിയുന്നത്. നാട്ടറിവു പഠനകേന്ദ്രം സ്ഥാപിക്കുന്നതിലും നാട്ടറിവാളരെയും ലബ്ധപ്രതിഷ്ഠരും പുതുനിരക്കാരുമായ അനേകം എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും ഒന്നിച്ചുകൊണ്ടുവന്ന് ഒരു സംവാദമേഖല രൂപപ്പെടുത്തുന്നതിലും സി.ആറിന്റെ നിരന്തര പരിശ്രമമുണ്ട്. നാട്ടുകൂട്ടായ്മകളും നാടൻ കലാസംഘങ്ങളും ക്യാമ്പുകളും ചർച്ചകളും ഉയർന്നുവരുന്നതിനും പുതിയ ഭാവുകത്വം രൂപപ്പെടുന്നതിലും കേരളീയതയുടെ നാട്ടറിവ് മാസികയും ഏറെ പ്രചോദനമായിരുന്നു. അക്കാലത്തെ ഒട്ടുമിക്ക ബദൽ പ്രസ്ഥാനങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ശബ്ദമായും നാട്ടറിവ് പ്രവർത്തിച്ചിരുന്നു. നാട്ടറിവു സംബന്ധമായ പരിപാടികൾ, പുസ്തക-ലേഖന സൂചികൾ, പുസ്തക റിവ്യൂകൾ എന്നിവയും കേരളീയതയുടെ നാട്ടറിവിൽ ഉൾച്ചേർത്തിരുന്നു.
നാനാതുറകളിൽനിന്നും സ്വരുക്കൂട്ടിയ വിപുലമായ സൗഹൃദങ്ങൾ സി.ആറിന് നാട്ടറിവുകളെപ്പോലെതന്നെ പ്രിയപ്പെട്ടതായിരുന്നു. അപൂർവമായ സൗഹൃദവും സഹയാത്രയുമായിരുന്നു സി.ആർ. രാജഗോപാലനും വിജയകുമാർ മേനോനും തുടർന്നിരുന്നത്. വി.എം. കുട്ടികൃഷ്ണമേനോൻ, എൽ.എസ്. രാജഗോപാലൻ തുടങ്ങിയവരുടെ പ്രസക്തി വ്യക്തമാക്കുന്നതിലും അവരുടെ എഴുത്തുകൾ പ്രസിദ്ധീകരിക്കുന്നതിലും സി.ആറിന്റെ പരിശ്രമമുണ്ട്. ചെറുവയൽ രാമൻ, കീഴില്ലം ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി നാട്ടറിവാളരും കലാകാരന്മാരുമായുള്ള സൗഹൃദവും അദ്ദേഹത്തിൽ വലിയ സ്വാധീനമുണ്ടാക്കി. ജോസ് തെറ്റയിലുമായി പരിവർത്തനവാദി പ്രസ്ഥാനത്തിൽ തുടങ്ങിയ സൗഹൃദം സിനിമാപ്രവർത്തനങ്ങളിലും ഒടുവിൽ മന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സെക്രട്ടറിയായും തുടരുകയുണ്ടായി.
നാട്ടരങ്ങുകളും അനുഷ്ഠാന കലകളും ഇന്ന് ദ്വിതീയ സന്ദർഭങ്ങളിൽ, പൊതുവേദികളിൽ സാധാരണമായിത്തീരുന്നതിൽ സി.ആർ. രാജഗോപാലൻ നടത്തിയ ഇടപെടലുകൾക്ക് വലിയ പങ്കുണ്ട്. ഒരു ജനകീയ അതിജീവനോപാധി ക്രമേണ കലയാവുന്നതും അതു ജനപ്രിയകലയാവുന്നതും സ്വാഭാവികമാണെന്നും ഒരർഥത്തിൽ ജാതീയമായ സ്വത്വത്തെ ഈ സന്ദർഭം അപ്രസക്തമാക്കുന്നുണ്ടെന്നും പ്രദീപൻ പാമ്പിരിക്കുന്ന് പറയുന്നു. സ്വയം നേരിടേണ്ടിവരുന്ന സാമൂഹികവും സാങ്കേതികവുമായ പ്രതിസന്ധികൾകൊണ്ടും അവയെ കലയായി പരിവർത്തിപ്പിച്ച് ഉയർത്തിപ്പിടിക്കേണ്ടത് സ്വന്തം സമുദായത്തിന്റെ ബാധ്യതയായിത്തീരുന്നുണ്ടെന്നും.
1995ൽ പി.ആർ. രമേഷിന്റെ നേതൃത്വത്തിൽ കൂട്ടം (പിന്നീട് കരിന്തലക്കൂട്ടമായി) ആരംഭിക്കുമ്പോൾ നാടൻപാട്ടു-കലാസംഘങ്ങൾ കേരളത്തിൽ അപൂർവമായിരുന്നു. രണ്ടായിരത്തോടടുത്ത് നിരവധി നാടൻപാട്ടു സംഘങ്ങൾ രൂപമെടുക്കുന്നത് ഫോക് ലോറിൽനിന്ന് നാട്ടറിവിലേക്കുള്ള വ്യതിചലനത്തിന്റെ, തിരിച്ചറിവിന്റെ ഫലമായാണ്. സി.ആർ. രാജഗോപാലന്റെ താമസസ്ഥലമായിരുന്ന കണിമംഗലത്തെ നാട്ടുകലാകാരർ ചേർന്നാണ് 2001ൽ ‘തൈവമക്കൾ’ ആരംഭിക്കുന്നത്. ആറങ്ങോട്ടുകരയിൽ 2004ൽ ആരംഭിച്ച ‘വയലി’ പിന്നീട് ഇന്ത്യയിലെ ആദ്യത്തെ ബാംബൂ മ്യൂസിക് ബാൻഡ് ആയി. ‘കാവേറ്റം’, ‘പുനർജനി’, ‘ഉണർവ്’ ഇങ്ങനെ അറുപതോളം വരുന്ന നാടൻപാട്ടു സംഘങ്ങളുണ്ടായി. പല സംഘങ്ങളെയും പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും അവർക്ക് വിദേശങ്ങളിലടക്കം വേദികളന്വേഷിച്ച് നൽകുന്നതിലും മാർഗനിർദേശങ്ങൾ നൽകുന്നതിലും സി.ആർ കൂട്ടുണ്ടായിരുന്നു. ആഗോളതലത്തിലും മലയാളമണ്ണിലും ഉണ്ടായ പാട്ടിന്റെ ഈ ഉണർവിനെ വൈകാരികമായും സമീപിക്കുന്നതാണ് ‘പാട്ടിനുവിടാത്ത മലനാട്’ എന്ന ലേഖനം.
പരമ്പരാഗത ഫോക് ലോറുകളുടെ പുനരുൽപാദനം എങ്ങനെ എന്നത് ഒരു സങ്കീർണമായ പ്രശ്നമാണ്. സാമൂഹികശ്രേണീകരണവുമായി ബന്ധപ്പെട്ടും പാരമ്പര്യത്തൊഴിലുകളുമായി ബന്ധപ്പെട്ടും നിലനിന്ന അറിവും അവതരണങ്ങളുമെന്ന നിലയിൽ അവ ജാതിയുടെയും അന്ധവിശ്വാസത്തിന്റെയും പുനരുൽപാദനമായേക്കുമെന്ന് ചിലർ നിരീക്ഷിക്കുന്നു. ജാതിയല്ല ആത്യന്തികമായി കേരളീയ നാടോടിത്തത്തെ രൂപപ്പെടുത്തിയതും അതിന്റെ സൗന്ദര്യാംശത്തെ നിലനിർത്തിയതും എന്നതാണ് സി.ആർ. രാജഗോപാലന്റെ തിരിച്ചറിവ്. നാട്ടുത്സവങ്ങൾ, കരകൗശല വിപണികൾ, നാടൻകലാ സംഘങ്ങൾ, വിദ്യാഭ്യാസത്തിന്റെ പുനഃക്രമീകരണം തുടങ്ങി നാട്ടറിവുകളുടെ തുടർച്ചക്കായി ചില മാതൃകകൾ അദ്ദേഹം അവതരിപ്പിക്കുകയും അവ നടപ്പാക്കുന്നതിൽ ഉത്സാഹിക്കുകയും ചെയ്യുന്നുണ്ട്. നാടോടിത്ത സംസ്കാരം പങ്കുവെക്കുന്നതിനും ഗ്രഹിക്കുന്നതിനുമാണ് നാട്ടരങ്ങുകളും നാട്ടുത്സവങ്ങളും ലക്ഷ്യംവെക്കുന്നത്. 1997 ജനകീയാസൂത്രണത്തിന്റെ ഭാഗമായി നാട്ടുത്സവങ്ങൾ ആരംഭിക്കുന്നത് ഈ ലക്ഷ്യവുമായാണ്. തൃശൂർ പ്രദേശങ്ങളിൽ വിവിധ നാട്ടുത്സവങ്ങൾ നാട്ടറിവു പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. നാടൻപാട്ടുകളുടെയും നാട്ടറിവുകളുടെയും ശേഖരണത്തിനും സി.ആർ പ്രയത്നിക്കുന്നുണ്ട്. അങ്ങനെ വടമയിൽ കാർത്യായനിയമ്മ തുടങ്ങി പഴയ തലമുറക്കാരിൽനിന്ന് അനവധി പാട്ടുകൾ ശേഖരിച്ചു പുനരുജ്ജീവിപ്പിച്ചു. “എന്തുതന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്”, “വന്നുദിച്ചേ നിന്നുദിച്ചേ” , “കാളയോ കാളയോ” തുടങ്ങി ഇന്ന് ജനകീയവും ജനപ്രിയവുമായിത്തീർന്ന നിരവധി പാട്ടുകൾ കേട്ടെടുക്കുന്നതും പാട്ടുകൂട്ടങ്ങളിലൂടെ പുനരവതരിപ്പിക്കുന്നതും പാട്ടു കാസറ്റുകൾ ഇറക്കുന്നതും നാട്ടറിവു പഠനകേന്ദ്രമാണ്. ‘കാരണവക്കൂട്ടം’ എന്ന പേരിൽ നാട്ടറിവാശാന്മാരുടെ കൂടിച്ചേരലുകളും സംവാദവും നടക്കുന്നുണ്ട് തൃശൂരിൽ. ചിമ്മിനി ഡാമിൽവെച്ച് ‘അരികുസത്യങ്ങൾ’ എന്ന പേരിൽ 1996ൽ ചേർന്ന കൂട്ടായ്മയിലും നാട്ടറിവുകളുടെ ക്ലാസുകളും സെമിനാറുകളും ബോധവത്കരണങ്ങളും സംഘടിപ്പിക്കുന്നതിലും സി.ആറിന്റെ പരിശ്രമമുണ്ട്.
ഫോട്ടോകൾ, ആർട്ടിഫാക്ടുകൾ, വിഡിയോകൾ, സ്കെച്ചുകൾ, നോട്ടുകൾ എന്നിങ്ങനെ ഫോക് ലോർ ഡോക്യുമെന്റേഷൻ സി.ആർ എക്കാലത്തും തുടർന്നിരുന്നു. അദ്ദേഹം നേതൃത്വം നൽകിയ ഫോക് ലോർ മാപ്പിങ് ഫീൽഡ് വർക്കിന്റെയും വാമൊഴി ചരിത്രരചനയുടെയും മാതൃകകളാണ്. ദേശചരിത്രങ്ങളുടെ, നാട്ടറിവുകളുടെ ഒക്കെ സമാഹരണത്തിലും മുൻകൈയെടുക്കുന്നുണ്ട് അദ്ദേഹം. 1980കളിൽതന്നെ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നാട്ടറിവുകളുടെ പ്രചാരത്തിനും പ്രതിരോധത്തിനും സാങ്കേതികമേഖലയെ ഉപയോഗപ്പെടുത്തുന്നതിൽ മുന്നേയായിരുന്നു. ‘പിണിയാൾ’, ‘വിന്നോ മാജിക്’, ‘കൂത്താമ്പാള പള്ളിച്ചി’ (തിരക്കഥ), ‘ഗദ്ദിക’, ‘ഡെസ്റ്റിനേഷൻ’ എന്നീ ഡോക്യുമെന്ററികൾ അതിന്റെ ഭാഗമായിരുന്നു. 2011ൽ തൃശൂർ അന്തർദേശീയ ചലച്ചിത്രമേള യുടെ (IFFT) ഭാഗമായി ഇക്കോ-ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടുത്തുന്നതും പിന്നീട് ‘ഷാമൻ’ എന്ന പേരിൽ സ്വതന്ത്രമായി തുടരുന്നതും അദ്ദേഹത്തിന്റെ ഉദ്യമത്തിലാണ്. ഇതിന്റെ തുടർച്ചയായാണ് 2017ൽ തൃശൂരിൽ ഇന്റർനാഷനൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
അധിനിവേശാധുനികതയോടും സവർണാധിനിവേശത്തോടും ചെറുത്ത് വളരുന്ന പ്രതിരോധസംസ്കാരമായാണ് ഫോക് ലോറിനെ മനസ്സിലാക്കേണ്ടത് എന്ന സമീപനമാറ്റമാണ് സി.ആർ. രാജഗോപാലൻ കൈക്കൊണ്ടത്. മനഃശാസ്ത്രം, പരിസ്ഥിതിചിന്ത, സൗന്ദര്യശാസ്ത്രം, നരവംശശാസ്ത്രം, ചരിത്രം, കലാവിമർശനം, സമൂഹവിജ്ഞാനം, ശൈലീപഠനം, പ്രകടനസിദ്ധാന്തം എന്നിങ്ങനെ പല മേഖലകളിലേക്ക് പടരുന്നതാണ് അദ്ദേഹത്തിന്റെ പഠനങ്ങൾ. അതിരു തിരിക്കുന്നതായിരുന്നില്ല ശാഖാതിവർത്തിയായ (Transdisciplinary) ജ്ഞാനസമീപനമായിരുന്നു അദ്ദേഹത്തിന്റേത്. അതിന് പ്രാപ്തനാക്കിയത് നാട്ടറിവിന്റെ എപ്പിസ്റ്റീം തന്നെയായിരുന്നു. നൊമാഡിക്കായ ചിന്തയുടെ സംഘർഷപൂർണമായ പരപ്പാണ് അത് അദ്ദേഹത്തിനു നൽകിയത്. സംഘർഷം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിജീവിതവും. സങ്കീർണമായ അന്തർമുഖത്വവും ക്രിയാത്മകമായ പൊതുരംഗവും പൊരുത്തക്കേടും പ്രശ്നങ്ങളുമുണ്ടാക്കി. മകൾ കാവ്യയുടെ മരണം നൽകിയ ആഘാതത്തിനുമേലാണ് മസ്തിഷ്കശോഷണം (MSA) ശരീരത്തെ തളർത്തുന്നത്. പക്ഷേ മരിക്കുന്നതുവരെ ഊർജസ്വലമായ മനസ്സുമായി കർമവ്യഗ്രനായി നിന്നു അദ്ദേഹം. അവസാന നാളുകളിൽ പെയിന്റ് ബ്രഷ് വഴങ്ങാതെ വന്നപ്പോൾ വിരലുകൾ വർണത്തിൽ മുക്കിയും വരച്ചുകൊണ്ടിരിക്കാൻ ഇഷ്ടപ്പെട്ടു. ചിന്തയും അധ്വാനവും അദ്ദേഹത്തെ തളർത്തി എന്ന് സുഹൃത്തുക്കൾ പറയുന്നു. പറഞ്ഞത് ആവർത്തിക്കാനല്ല, പറയാത്ത കാര്യങ്ങൾ ആവിഷ്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിൽ പുതിയ സൈദ്ധാന്തികപദ്ധതികളുണ്ട്. ജൈവചിന്ത ഏതർഥത്തിലും പുലർത്തിയ ആളാണ് സി.ആർ. രാജഗോപാലൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.