ചരിത്രത്തിന്റെ അജ്ഞാത അധ്യായങ്ങളിലാണ് കെ.പി.ബി. പാട്യം എന്ന കവി ഇപ്പോൾ ജീവിക്കുന്നത്. വിഷാദവും ഉന്മാദവും ഭാവനയും സ്വപ്നങ്ങളും ചേർന്ന ആ ജീവിതം അവശേഷിപ്പിച്ച കവിതകൾ കാലത്തിന്റെ അടയാളങ്ങൾ പതിഞ്ഞതാണ്. കൗമാരവും യുവത്വവുമെല്ലാം തീക്ഷ്ണവും വ്യഥിതവുമായിരുന്നു. കവിതകൊണ്ട് അത് മറികടക്കാനാണ് പലപ്പോഴും ശ്രമിച്ചത്. പേക്ഷ, അത് സഫലമായില്ല, കെ.പി. ബാലകൃഷ്ണൻ എന്ന...
ചരിത്രത്തിന്റെ അജ്ഞാത അധ്യായങ്ങളിലാണ് കെ.പി.ബി. പാട്യം എന്ന കവി ഇപ്പോൾ ജീവിക്കുന്നത്. വിഷാദവും ഉന്മാദവും ഭാവനയും സ്വപ്നങ്ങളും ചേർന്ന ആ ജീവിതം അവശേഷിപ്പിച്ച കവിതകൾ കാലത്തിന്റെ അടയാളങ്ങൾ പതിഞ്ഞതാണ്. കൗമാരവും യുവത്വവുമെല്ലാം തീക്ഷ്ണവും വ്യഥിതവുമായിരുന്നു. കവിതകൊണ്ട് അത് മറികടക്കാനാണ് പലപ്പോഴും ശ്രമിച്ചത്. പേക്ഷ, അത് സഫലമായില്ല, കെ.പി. ബാലകൃഷ്ണൻ എന്ന കെ.പി.ബി. പാട്യം നിരവധി ദുരൂഹതകൾ ബാക്കിവെച്ച് 41ാമത്തെ വയസ്സിൽ യാത്രയായി.
കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പാട്യം ഗ്രാമത്തിലാണ് 1928 ജനുവരി 15ന് ആലംപറ്റ ബാലകൃഷ്ണൻ നമ്പിയാർ ജനിച്ചത്. ചെറുപ്പത്തിൽതന്നെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്നു. സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ വിദ്യാർഥിയായ ബാലകൃഷ്ണൻ പങ്കെടുത്തു. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ആ വിദ്യാർഥി കതിരൂർ ഹൈസ്കൂളിൽ 10ാം ക്ലാസിൽ പഠിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തിന് പതാക ഉയർത്തുമ്പോൾ ആലപിക്കാൻ ഒരു കവിത വേണം. അധ്യാപകനായ കവി വി.വി.കെ അത് എഴുതാൻ ചുമതലപ്പെടുത്തിയത് ബാലകൃഷ്ണനെയാണ്. സ്കൂളിൽതന്നെ ഇരുന്ന് ഒരു സ്വാതന്ത്ര്യഗീതം എഴുതി. പിറ്റേദിവസം കുട്ടികൾ ഏറ്റുചൊല്ലിയത് ആ കവിതയായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്താണ് കോഴിക്കോട്ട് സാഹിത്യ പരിഷത്ത് നടക്കുന്നത്. വള്ളത്തോൾ, മുണ്ടശ്ശേരി തുടങ്ങിയവർ പ്രസംഗിക്കുന്നു. കേൾക്കാൻ ആഗ്രഹം. പോകാൻ വണ്ടിക്കൂലിയില്ല. ഒരു സുഹൃത്തിനെ കൂടെക്കൂട്ടി തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ കണ്ടു കാര്യം പറഞ്ഞു. അദ്ദേഹം അവർക്ക് സൗജന്യയാത്ര തരപ്പെടുത്തിക്കൊടുത്തു. കോഴിക്കോട് ക്രിസ്ത്യൻ കോളജിൽ നടന്ന സാഹിത്യ പരിഷത്തിലെ പ്രസംഗങ്ങൾ കേട്ടു, തിരിച്ചുപോന്നു. ചെറുപ്പത്തിൽതന്നെ സാഹിത്യത്തോടും എഴുത്തിനോടും വലിയ താൽപര്യമുണ്ടായിരുന്നു. വിദ്യാർഥിജീവിത കാലത്ത് ദേശീയപ്രസ്ഥാനത്തോട് ആയിരുന്നു താൽപര്യം. പിന്നീട് ഇന്ത്യയിൽ രൂപപ്പെട്ടുവന്ന ഇടതുപക്ഷ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തി. എഴുത്തിലും ചിന്തയിലും അതിന്റെ അനുരണനങ്ങളുണ്ടായി.
'ലോകവാണി'യിൽ (1948 ജൂലൈ ലക്കം) പ്രസിദ്ധീകരിച്ച, കെ.പി.ബി. പാട്യത്തിന്റെ കവിത
വിദ്യാഭ്യാസത്തിനുശേഷം 1948ൽ തൊഴിൽതേടി പോയത് മദിരാശിയിലേക്കാണ്. അവിടെ പത്രപ്രവർത്തകനായി. മലയാളത്തിലെ നിരവധി മാസികകൾ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നത് മദിരാശിയിൽനിന്നാണ്. പി. ഭാസ്കരൻ, ഡോ. കെ.എം. ജോർജ്, എം. ഗോവിന്ദൻ, എം.വി. ദേവൻ, സി.ജെ. തോമസ് തുടങ്ങി നിരവധി എഴുത്തുകാരും കലാകാരന്മാരും അവിടെ ഉണ്ടായിരുന്നു. അവരുടെ ഇടയിലേക്കാണ് കെ.പി.ബി. പാട്യം എത്തിയത്. അക്കാലത്ത് മദിരാശിയിൽനിന്ന് ഇറങ്ങിയ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടത്ര മൂലധനമോ പ്രവർത്തന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് പ്രസിദ്ധീകരണങ്ങളും പത്രപ്രവർത്തകരും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. കെ.പി.ബിക്കും അത്തരം അനുഭവങ്ങൾ നേരിടേണ്ടിവന്നു. പിൽക്കാലത്ത് എഴുതിയ ഡയറിക്കുറിപ്പുകളിൽനിന്നാണ് അക്കാലത്തെ ദുരിതങ്ങൾ മനസ്സിലായത്. ആദ്യം കെ.എം. ജോർജിന്റെ 'ലോകവാണി'യിലാണ് സഹപത്രാധിപരായി ചേർന്നത്. അവിടെ നിരവധി പ്രയാസങ്ങൾക്കിടയിലൂടെയാണ് പ്രവർത്തിച്ചത്. ആ കാലത്തെക്കുറിച്ച് കെ.പി.ബി. എഴുതി, ''എനിക്ക് നിത്യവും താംബരത്തുനിന്ന് മദിരാശിക്ക് പോകേണ്ടിയിരുന്നു. രാവിലെ എട്ടിനു മുമ്പേ പത്രമുടമസ്ഥനായ പത്രാധിപരുടെ വീട്ടിലെത്തണം. അവിടെനിന്ന് മാറ്ററും നിർദേശങ്ങളും ചുമന്നു മദിരാശിയിൽ എത്തണം. ഇലക്ട്രിക് ട്രെയിൻ യാത്ര ആരോഗ്യത്തെ സാരമായി ബാധിച്ചു. കൂടാതെ, താംബരത്തെ കഠിനോഷ്ണവും. രാവിലെ താമസസ്ഥലത്തുനിന്ന് വല്ലതും കഴിച്ച് പ്രസിൽ എത്തിയാൽ പിടിപ്പത് ജോലിയുണ്ട്. പ്രൂഫ് തിരുത്തണം. വരിക്കാരുടെയും മറ്റും അഡ്രസ് എഴുതണം. കവർചിത്രത്തിന്റെ ബ്ലോക്ക് ഏൽപിക്കുകയും തിരിച്ചുവാങ്ങുകയും വേണം... പാക്ക് ചെയ്യുന്നതുവരെയുള്ള എല്ലാ നുറുങ്ങു വേലകളും ചെയ്യണം. ജോലിക്കിടയിൽ സമയം കിട്ടുമ്പോഴേക്കും ഹോട്ടലുകളിലെങ്ങും ഊണ് തീർന്നിരിക്കും. അങ്ങനെ ജോലിചെയ്തും ഉപവാസമെടുത്തും എന്റെ ജീവിതം മരവിച്ചനിലയിൽ തള്ളിനീക്കപ്പെട്ടു. ഇതിനെല്ലാം കിട്ടിയ പ്രതിഫലം കേവലം തുച്ഛമായിരുന്നു. നിത്യാവശ്യങ്ങൾ കഷ്ടിച്ചു നിവർത്തിക്കാൻതന്നെ മതിയായിരുന്നില്ല.
എന്റെ ജീവിതത്തിൽ ഉന്മേഷം കുറഞ്ഞുവന്നു. ക്രമേണ വൈരാഗ്യം ഉടലെടുത്തു. ഞാനൊരു വല്ലാത്ത വേഷമായി. ഉടുപ്പുതേപ്പും കുളിയും പല്ലുതേപ്പും മുറക്ക് നടന്നില്ല... പരിചയക്കാർ അധികം ഇല്ലെന്നത് രക്ഷതന്നെ. എന്നാലും ശൂന്യത മരവിപ്പിക്കുന്നതായിരുന്നു. എന്തിന് പറയുന്നു, ആ ജീവിതം എനിക്ക് വളരെ വേഗത്തിൽ കയ്ച്ചുതുടങ്ങി. ഹോട്ടലിൽ നിന്ന് കിട്ടുന്ന ആഹാരം അറപ്പോടുകൂടി വേണം അകത്താക്കാൻ. അത്രക്ക് മോശമായിരുന്നു. ഇതിനെല്ലാം പുറമെ മനുഷ്യത്വത്തോടെ ഇടപെടാൻ കഴിയുന്ന ഒരൊറ്റ സുഹൃത്തിനെ പോലും എനിക്ക് നേടാൻ കഴിഞ്ഞില്ല. ഞാൻ ഓമനിച്ചിരുന്ന മധുരപ്രതീക്ഷകളെല്ലാം വരണ്ട് തുടങ്ങിയിരുന്നു. ശരീരത്തിന് വല്ലാത്ത ക്ഷീണവും ബാധിച്ചു. എല്ലാറ്റിനോടും എനിക്ക് വെറുപ്പ് തോന്നി. അങ്ങനെ തകർച്ചയിൽനിന്നും തകർച്ചയിലേക്ക് എന്റെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.'' താൻ നേരിടുന്ന പ്രശ്നങ്ങൾ കെ.പി.ബി പത്രാധിപരോട് പറഞ്ഞു. പക്ഷേ, അനുകൂല മറുപടി ഉണ്ടായില്ല. പത്രത്തിനു വേണ്ടത്ര പണമില്ലെന്നും വേണമെങ്കിൽ വിട്ടുപോകാമെന്നും പത്രാധിപർ പറഞ്ഞു. അങ്ങനെ ലോകവാണി വിട്ടു. ചില സുഹൃത്തുക്കളുടെ സഹായത്തോടെ മദിരാശിയിൽ തങ്ങി, തൊഴിൽ അന്വേഷണം നടത്തി.
കുറച്ചു ദിവസത്തിനുശേഷം ഡോ. സി.ആർ. കൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള 'ജയകേരള'ത്തിൽ സഹപത്രാധിപരായി ചേർന്നു. 'ജയകേരള'ത്തിലെ ജോലി കെ.പി.ബിക്ക് മറ്റൊരു അനുഭവമായിരുന്നു. അവിടെ പ്രസിദ്ധീകരിക്കാൻ എത്തിയിരുന്നത് ഗൗരവമുള്ള സൃഷ്ടികളായിരുന്നു. അതുകൊണ്ട് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. മാത്രമല്ല, അക്കാലത്ത് മദിരാശിയിൽ ഉണ്ടായിരുന്ന പ്രമുഖ എഴുത്തുകാരുമായി ബന്ധപ്പെടാനും കലാസാഹിത്യ കാര്യങ്ങൾ കൂടുതൽ അറിയാനുമുള്ള സന്ദർഭങ്ങൾ ഉണ്ടായി. എം. ഗോവിന്ദൻ ഒരു ഗുരുനാഥനെപ്പോലെ കെ.പി.ബിയെ മുന്നോട്ടു നയിച്ചു. കെ.പി.ബി എഴുതി, ''ഇക്കാലത്ത് എനിക്ക് മദിരാശിയിൽ ഒരു പ്രസിദ്ധ ചിന്തകനും സാഹിത്യത്തിലെ വളരുന്ന തലമുറയുടെ സന്തതസഹചാരിയും വിപ്ലവോന്മുഖമായ സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ ഒരു പുതിയ സുഹൃത്തിനെ കിട്ടി. ഇദ്ദേഹം എന്നെ സാഹിത്യപ്രവർത്തനങ്ങളിൽ പുതിയ ആശയപ്രവണതകളിലൂടെ വളരെയധികം സഹായിച്ചു. ഒരു മനുഷ്യസ്നേഹിയായ സാഹിത്യകാരന് അവശ്യംവേണ്ട പുസ്തകപരിചയത്തിലും താത്ത്വികവിഷയങ്ങളുടെ പഠനത്തിലും എന്നെ കൈപിടിച്ചു മുന്നോട്ടു നയിച്ചത് ഈ സുഹൃത്താണ്. ഒരു ഗുരുനാഥന്റെ തന്റേടത്തോടെ അദ്ദേഹം എന്റെ കാഴ്ചപ്പാടിനെ നിയന്ത്രിച്ചിരുന്നു. ഭാഷയിലെ ഇന്നത്തെ ഒരു തലയെടുപ്പമുള്ള സാഹിത്യവിമർശകനാണീ മനുഷ്യൻ.'' ഇക്കാലത്തെ സാമൂഹികാനുഭവങ്ങൾ കെ.പി.ബിയെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. രാഷ്ട്രീയബോധത്തിൽപോലും വലിയ മാറ്റങ്ങൾ ഉണ്ടായി. 'ജയകേരളം' അക്കാലത്ത് ഏറെ പ്രാമുഖ്യമുണ്ടായിരുന്ന പ്രസിദ്ധീകരണമായിരുന്നു. മലയാളത്തിലെ എല്ലാ പ്രമുഖ എഴുത്തുകാരും അതിൽ രചനകൾ നൽകിയിരുന്നു.
'ജയകേരള'ത്തിൽ കെ.പി.ബിക്ക് നേരിടേണ്ടിവന്നത് മാസികയുടെ ഉള്ളടക്കവുമായി ഉണ്ടായ പ്രശ്നങ്ങൾ ആയിരുന്നു. ഒരു പ്രത്യേക സന്ദർഭത്തിൽ മാസികയിൽ ലേഖനങ്ങൾ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്തം കെ.പി.ബിക്ക് ആയിരുന്നു. മറ്റൊരു സഹപ്രവർത്തകനും കൂടെയുണ്ടായി. ചില കമ്യൂണിസ്റ്റ് അനുഭാവലേഖനങ്ങൾ അദ്ദേഹം മാസികയിൽ പ്രസിദ്ധപ്പെടുത്തി. കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം പുലർത്തിയിരുന്ന ആ പ്രസിദ്ധീകരണത്തിലെ ഈ ലേഖനങ്ങൾ വലിയ ചർച്ചയായി. പത്രാധിപർ അയാളെ പിരിച്ചുവിട്ടു. അപ്പോഴാണ് കെ.പി.ബിയുടെ ചില റിപ്പോർട്ടുകൾ ഒരു മന്ത്രിയെ വിമർശിക്കുന്നതാണെന്ന് പത്രാധിപർ ഡോ. സി.ആർ. കൃഷ്ണപിള്ള കണ്ടെത്തുന്നത്. അതോടെ, 'ജയകേരള'ത്തിൽനിന്ന് കെ.പി.ബിയെയും പിരിച്ചുവിട്ടു. വീണ്ടും തൊഴിൽരഹിതനായി മദിരാശിയിൽ അലയാൻ തുടങ്ങി. എം. ഗോവിന്ദനെ പോലുള്ളവരുടെ ശിപാർശപ്രകാരം ഒരു പ്രസിൽ പ്രൂഫ്റീഡറുടെ ജോലി കിട്ടി. പേക്ഷ, ജോലിയിൽ പ്രവേശിക്കാൻ ചെന്നപ്പോൾ കമ്യൂണിസ്റ്റുകാരനാണെന്നു പറഞ്ഞ് ഒഴിവാക്കി. ഒരു പരാജിതനെപ്പോലെ മദിരാശിയിൽ നടന്നു. റേഡിയോനിലയത്തിൽ പരിപാടികൾ അവതരിപ്പിച്ചു കിട്ടിയ ചെറിയ പണംകൊണ്ട് ജീവിച്ചു. അക്കാലത്തെ കുറിച്ച് കെ.പി.ബി എഴുതി, ''മറ്റെല്ലാ മാർഗങ്ങളും എനിക്ക് അടഞ്ഞുതന്നെ കിടന്നു. എല്ലാ സുഹൃത്തുക്കളും എന്നിൽനിന്ന് അകന്നു. ബീഡിവലി അനിയന്ത്രിതമായി. ആകപ്പാടെ ഒരു നിരാശ്രയബോധവും അതിൽനിന്നുണ്ടാവുന്ന വെറുപ്പും വൈരാഗ്യവും എന്നെ വല്ലാത്ത ബീഭത്സ പ്രകൃതിയാക്കി മാറ്റി.'' അക്കാലത്തെ മദിരാശിയിലെ തൊഴിലാളികളുടെ ജീവിതം നേരിട്ട് അറിയാൻ ശ്രമിച്ചു. അവരുടെ ജീവിതത്തിന്റെ ദുരിതങ്ങൾ അടുത്തറിഞ്ഞു. അത് ആധാരമാക്കി കവിതകളും ലേഖനങ്ങളും എഴുതി. ഒടുവിൽ ദുരിതങ്ങളോട് വിടപറഞ്ഞ് മദിരാശിയിൽനിന്ന് നാട്ടിലേക്ക് മടങ്ങി. യൗവനകാലത്തെ ഈ അനുഭവങ്ങൾ കെ.പി.ബിയുടെ ശരീരത്തെയും മനസ്സിനെയും ഏറെ ബാധിച്ചു. ഏകാന്തതയുടെ തീക്ഷ്ണ സന്ദർഭങ്ങൾ വിഷാദത്തിലേക്കും ഉന്മാദത്തിലേക്കും നയിച്ചു. പ്രത്യാശകൾ ഇല്ലാതെ അരക്ഷിതാവസ്ഥയിലേക്ക് എത്തി. ജീവിതം മാറിമറിഞ്ഞു തുടങ്ങി. വീട്ടിലെത്തി സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി. ടാഗോറിന്റെ 'ഗീതാഞ്ജലി' പരിഭാഷപ്പെടുത്തി. പക്ഷേ, അതിൽ അച്ചടിമഷി പുരണ്ടില്ല. ഈ സന്ദർഭത്തിലാണ് ഡോ. കെ.എം. ജോർജിന്റെ വിളിവരുന്നത്, 'ലോകവാണി' പത്രാധിപരായി നിയമിച്ചുകൊണ്ട്. വീണ്ടും മദിരാശിയിലേക്ക് പോയി. എല്ലാവരിലും പ്രതീക്ഷയുടെ പ്രകാശം പടർന്നു. എന്നാൽ, ആ യാത്ര കെ.പി.ബിയെ ഇരുട്ടിലേക്ക് നയിക്കുന്നതായിരുന്നു. മനസ്സിന്റെ വാതിലുകൾ അടഞ്ഞുതുടങ്ങി. അക്ഷരങ്ങൾ വഴുതിപ്പോകുന്നു. 1953ൽ ഒരു കമ്പിസന്ദേശം പാട്യത്തെ വീട്ടിലെത്തി– ''കെ.പി.ബിക്ക് അസുഖമാണ്. ആരെങ്കിലും ഉടനെ എത്തണം.'' മദിരാശിയിൽ അന്വേഷിച്ച് എത്തിയവർ കണ്ടത് ഒരു മനോരോഗിയെയാണ്. ജീവിതം ഉന്മാദത്തിന്റെ അഗാധതയിലേക്ക് വീണുകഴിഞ്ഞു.
ദുരിതങ്ങൾ നേരിടാനുള്ള കരുത്ത് കവിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. ചെറിയ വിമർശനങ്ങൾപോലും സഹിക്കാൻ കഴിയാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. സി.പി. ശ്രീധരൻ ഒരു സന്ദർഭം ഓർക്കുന്നു. 1950ൽ പ്രസിദ്ധീകരിച്ച കെ.പി.ബിയുടെ 'ഗാനചിത്രങ്ങൾ' എന്ന സമാഹാരത്തെക്കുറിച്ച് എഴുതിയപ്പോൾ കവിതകളിൽ വിഷാദഛായ അതിരുകടക്കുന്നില്ലേ എന്ന് സി.പി ഒരു നിരീക്ഷണം നടത്തി. ''ഒരുദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷൻ വെയ്റ്റിങ് റൂമിൽവെച്ച് യാദൃച്ഛികമായി ആ കവിയെ കണ്ടുമുട്ടേണ്ടിവന്നപ്പോൾ ഞാനാകെ വിഷമത്തിലായി. ആ വിമർശനത്തിൽ അസ്വസ്ഥനായ കവി വികാരഭരിതനായി: സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടിവന്നതും അനുഭവിക്കുന്നതുമായ പരുഷങ്ങളായ ദുരിതാനുഭവങ്ങളുടെയും മനുഷ്യകാപട്യങ്ങൾ തൊടുത്തുവിടുന്ന കൂരമ്പുകളുടെയും നിരന്തര സമ്മർദങ്ങളേറ്റ് മുറിഞ്ഞുനീറുന്ന ഹൃദയം എങ്ങനെ ആത്മഹർഷത്തിന്റെ രോമാഞ്ചം കൊയ്യുമെന്നർഥത്തിൽ ഒട്ടേറെ ചോദ്യങ്ങൾ: കരുണമായ വിലാപത്തിൽനിന്നല്ലേ മഹത്തായ കവിതയുണ്ടായിട്ടുള്ളൂ എന്ന വാദം: പ്രകാശത്തിന്റെ തീരം കാണാനുള്ള അസ്വസ്ഥമായ യാത്രയിൽ പ്രതീക്ഷയുടെ തീനാളങ്ങൾക്കൊപ്പം, വേദനയുടെ സീൽക്കാരങ്ങൾ കലർന്നുപോയാൽ അപകടമാവുന്നതെങ്ങനെ എന്ന അന്വേഷണം. വികാരാവേശംകൊണ്ട് കരഞ്ഞുപോകുമോ എന്ന ശങ്കയിൽ ദുരുദ്ദേശ്യരഹിതമായ ആസ്വാദനത്തിന്റെയും സ്നേഹനിർഭരമായ അഭിനന്ദനത്തിന്റെയുമിടക്ക് ഞാൻ പ്രകടിപ്പിച്ച സംശയങ്ങൾ അന്യഥാ കരുതുവാനിടയാക്കിയതിൽ ഖേദപ്രകടനം നടത്തി ഞാൻ വിരമിച്ചു. ഏറ്റവും ഇഷ്ടപ്പെട്ട ഒരു കവിയുടെ ലോലലോലമായ ഹൃദയത്തെ ഇത്രയധികം വേദനിപ്പിച്ചല്ലോ എന്നോർത്ത് അന്നുറങ്ങിയില്ല! നിത്യജീവിതത്തിന്റെ ഏകാന്തതയിൽ ഇത്രയധികം വേദന തിന്നുന്ന, ദുരിതം പേറുന്ന ആ വിശുദ്ധഹൃദയത്തെ നോവിച്ചു പോയതിലുള്ള കുറ്റബോധം വളരെക്കാലം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു'' ('മിന്നലും മുഴക്കവും', കെ.പി.ബി കവിതകൾ അവതാരിക). ഇത്തരം ചെറിയ വിമർശനങ്ങൾപോലും ഉൾക്കൊള്ളാൻ കെ.പി.ബിക്കായില്ല.
വീട്ടിൽ തിരിച്ചെത്തിയ കവിക്ക് വ്യത്യസ്ത രീതികളിലുള്ള ചികിത്സകൾ നടത്തി. ആയുർവേദവും ആധുനികരീതികളും പ്രയോഗിച്ചു. അക്കാലത്തെ കുറിച്ച് കവികൂടിയായ സഹോദരൻ പാട്യം വിശ്വനാഥൻ എഴുതുന്നു: ''രണ്ടു വർഷത്തെ ഇരുട്ടിനുശേഷം ഒരിത്തിരി വെട്ടം! ജയിച്ചു. ആശ്വാസത്തിന്റെ ഊഷ്മളനിശ്വാസങ്ങൾ! വീണ്ടും എഴുത്തായി. പ്രസിദ്ധീകരണങ്ങളിലെല്ലാം കവിതകൾ, ലേഖനങ്ങൾ, റേഡിയോവിൽ നാടകങ്ങൾ. ഇനി മംഗല്യച്ചരടിൽ തളച്ചിടണമെന്ന തലമൂത്തവരുടെ വിദഗ്ധ ഉപദേശം -വിവാഹം. ഒരു ദിവ്യദുഃഖം ഏറ്റുവാങ്ങാൻ ഇറങ്ങിയ കുലകന്യക. ബന്ധത്തിൽപെട്ട കുട്ടി പദ്മാവതി. ''ഈ ഇരുണ്ട കാലത്താണ് കവി വിവാഹിതനായത്. കല്യാണം കഴിച്ചാൽ രോഗം ഭേദമാവുമെന്ന വിശ്വാസമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. പേക്ഷ, ഊഷ്മളമായ ദാമ്പത്യബന്ധം അവർക്കിടയിൽ ഉണ്ടായില്ല. ഇടക്ക് കടന്നുവരുന്ന രോഗം ആ ജീവിതബന്ധത്തെ ബാധിച്ചു. ഒരു മകൾ പിറന്നു, മീന. പേക്ഷ, മകൾക്ക് അച്ഛനെ കണ്ട ഓർമയില്ല. പ്രകാശത്തിന്റെ നേർത്ത രശ്മിയും അണഞ്ഞു. 1969 നവംബർ 21ന് ആ കാവ്യജീവിതം അവസാനിച്ചു. സഹപാഠിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ.പി. വിജയൻ എഴുതി, ''കുഞ്ഞിരാമൻ നായരോളം ഭ്രാന്തുണ്ടായിരുന്നില്ല കെ.പി.ബിക്ക്. ഒരു സ്വപ്നജീവിയായിരുന്നു അയാൾ. വി.വി.കെ എന്ന കവിഗുരുവിന്റെ ശിഷ്യഗണത്തിൽപെട്ടവരായിരുന്നു ഞങ്ങൾ. 20ാം വയസ്സിൽതന്നെ കെ.പി.ബി കവിതയിൽ വേറിട്ട ശബ്ദം കേൾപ്പിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധമില്ലെങ്കിലും കവിതകളിൽ വിപ്ലവാദർശങ്ങൾ നിറഞ്ഞിരുന്നു. മനോരോഗിയായിരുന്ന കാലത്തുപോലും ജന്മനാ ഉള്ള സ്വഭാവത്തിന്റെ ആ മൃദുലത അദ്ദേഹത്തിലുണ്ടായിരുന്നു. അക്രമാസക്തനാവാതെ, ദീർഘമായ മൗനത്തിലായിരുന്നു കവി.''
'ലോകവാണി' 1948 ആഗസ്റ്റ് ലക്കത്തിന്റെ പുറംചട്ട
വ്യത്യസ്ത കാവ്യധാരകൾ സജീവമായി തുടരുന്ന നാൽപതുകളിലാണ് കെ.പി.ബി കാവ്യജീവിതം ആരംഭിക്കുന്നത്. ചങ്ങമ്പുഴയുടെ കാവ്യപ്രഭാവം സൂര്യസാന്നിധ്യമായി നിലനിന്നിരുന്നു. പുരോഗമന സാഹിത്യ സമീപനങ്ങളുടെ സംവാദാത്മക അന്തരീക്ഷം പടർന്നുനിന്നു. ദേശീയ രാഷ്ട്രീയ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികളും പുറത്തുവന്നിരുന്നു. കാലത്തെ സൂക്ഷ്മമായി പിന്തുടരുന്ന ഒരാൾക്ക് തിരഞ്ഞെടുപ്പിൽ സന്ദിഗ്ധതകൾ നേരിടുന്ന ഒരു സന്ദർഭമായിരുന്നു അത്. കെ.പി.ബി ചങ്ങമ്പുഴയുടെ വഴിയാണ് തിരഞ്ഞെടുത്തത്. വൈകാരിക അനുഭൂതികൾക്കും മനസ്സിന്റെ തൃഷ്ണകൾക്കും സ്വപ്നസഞ്ചാരങ്ങൾക്കും ആവിഷ്കാരം നൽകാനാണ് കെ.പി.ബി ആദ്യകാലത്ത് ശ്രമിച്ചത്. ചങ്ങമ്പുഴയുടെ ഭാവലോകത്തോട് ചേർന്നുനിന്നു. ചങ്ങമ്പുഴക്ക് സമർപ്പിക്കുന്ന ഒരു കവിത എഴുതി – കല്ലറയിലെ കുറിപ്പ്.
''ഇവിടേക്ക് നോക്കുന്ന ലോകമേ, നിൻ
കവിളിണ തെല്ലും നനയരുതേ
അനുതാപലേശം പൊഴിക്കുവാനാ-
യണയരുതാരുമീക്കല്ലറയിൽ''
എന്നാണ് കവിത അവസാനിക്കുന്നത്. ചങ്ങമ്പുഴ സാന്നിധ്യംതന്നെ ഈ വരികളിൽ ഉണ്ട്. ചങ്ങമ്പുഴയെ അനുകരിക്കാനല്ല ശ്രമിച്ചത്, ആ കാവ്യപ്രപഞ്ചത്തെ ഉൾക്കൊള്ളാനും അതിന്റെ ഊർജപ്രസരണം സ്വീകരിക്കാനുമാണ് ആഗ്രഹിച്ചത്. സ്വന്തം അനുഭവങ്ങളുടെ പരിഭാഷയാണ് കവിതയിലൂടെ നിർവഹിച്ചത്. 'ഗാനചിത്രങ്ങൾ' എന്ന കവിതാസമാഹാരത്തിന്റെ ആമുഖത്തിൽ കെ.പി.ബി എഴുതി: ''എന്റെ ജീവിതവും ചുറ്റുപാടുകളും എന്നെ എഴുതുവാൻ പ്രേരിപ്പിച്ചു; ഞാൻ എഴുതി. ഇവയെല്ലാം മികച്ച കവിതകളാണെന്ന് ഞാൻ അഭിമാനിക്കുന്നില്ല. എങ്കിലും, ഒന്നെനിക്ക് പറയാനുണ്ട്. പല്ലക്കും ദന്തഗോപുരവും എനിക്കില്ല. പാണ്ഡിത്യത്തിന്റെ കസർത്തുവിദ്യയെക്കാൾ, വിദ്വേഷത്തിന്റെ ആവേശ തള്ളലിനെക്കാൾ, ആത്മാർഥതയില്ലാത്ത മധുരപ്രസംഗത്തെക്കാൾ മനുഷ്യന്റെ ഭാഷയാണ്, വേദന നിറഞ്ഞ ജീവിതത്തിന്റെ തുളുമ്പിമറിയുന്ന മൂകഭാഷയാണ് എനിക്കിഷ്ടം.'' കെ.പി.ബി കവിതയോട് തികഞ്ഞ പ്രതിബദ്ധത പുലർത്തി.
ആത്മാവിഷ്കാരത്തോടൊപ്പം സാമൂഹിക രാഷ്ട്രീയ അവസ്ഥകളോടും പ്രതികരിച്ചു. സാമൂഹിക പരിവർത്തനത്തിന്റെ സാധ്യതകളും അനിവാര്യതയും കവിതയിലൂടെ ഉന്നയിച്ചു. അക്കാലത്ത് മലയാളത്തിൽ ഉയർന്നുവന്ന വിപ്ലവകവിതയുടെ ധാരയിൽ ചേർന്നുനിൽക്കുന്ന രചനകളാണ് സൃഷ്ടിച്ചത്. 'പടയാളികൾ', 'ചരിത്രം ആവർത്തിക്കുന്നു', 'തീനാമ്പുകൾ' തുടങ്ങി അത്തരം നിരവധി കവിതകൾ എഴുതി. 'പടയാളികൾ' എന്ന കവിതയിൽ എഴുതി:
''ഇനിയും തുടരുകില്ലിമ്മട്ടനീതികൾ,
ജനതയുണർന്നു മിഴിതുറന്നു
അറിയാമവർക്കിന്നു നിങ്ങൾതൻ പുഞ്ചിരി-
ക്കടിയിലൊളിക്കുന്ന വഞ്ചനകൾ
അടിവെച്ചടിെവച്ചു മുന്നോട്ടുനീങ്ങുമീ-
യണികൾ മുറിക്കുവാനാവുകില്ല.''
ഇത്തരം ആഹ്വാനങ്ങളും പ്രബോധനങ്ങളും നിരവധി കവിതകളിലുണ്ട്. മുദ്രാവാക്യത്തിന്റെ ലാളിത്യത്തിലേക്കോ പടപ്പാട്ടിന്റെ ആരവത്തിലേക്കോ പോകാതെ കവിതയുടെ മൗലിക ചോദനകളിൽ കവി ഉറച്ചുനിൽക്കുന്നു. സി.പി. ശ്രീധരൻ എഴുതി: ''പാട്യം, വിപ്ലവത്തിന്റെ തീപന്തം ഉയർത്തിപ്പിടിച്ചാലും ഏകാന്തവിഷാദത്തിന്റെ ഗദ്ഗദം പുറപ്പെടുവിച്ചാലും കവിതയിലവയല്ല, കവിതതന്നെയാണ് പ്രധാനം. അതിനാൽ വിപ്ലവാഭിലാഷങ്ങൾക്ക് ചിറക് ലഭിക്കുമ്പോഴും അത് പ്രകൃതിയുടെ വസന്തസൗഭാഗ്യങ്ങളെയും, ജീവിതത്തിന്റെ മുഗ്ധസങ്കൽപങ്ങളെയും ലാവണ്യശേവധികളെയും സൗന്ദര്യലമ്പടനായി യഥാർഥ കവി വേട്ടയാടാതിരിക്കില്ല.''
കവിതയിൽ ഇത്തരം വൈവിധ്യം നിലനിർത്തി. ഉറൂബും പാട്യം കവിതകളുടെ സവിശേഷതകൾ കണ്ടെത്തിയിട്ടുണ്ട്. ഗാനചിത്രങ്ങൾ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ എഴുതി: ''സ്വന്തം കാലഘട്ടത്തിന്റെ ഹൃദയസ്പന്ദനത്തെ ചെവിക്കൊള്ളാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്: അതും സമഗ്രാവബോധത്തോടെ. പാടുന്നതിലും പടവാളിളക്കുന്നതിലും സ്വപ്നം കാണുന്നതിലും ഒരേവിധം താങ്കൾ ഉന്മേഷംകൊള്ളുന്നു. അത് നല്ല തുടക്കമാണ്. മനുഷ്യജീവിതം അഗാധവും വിശാലവുമാണെന്ന ബോധത്തിന്റെ പ്രകടനമാണല്ലോ അത്.''
ചുരുങ്ങിയ കാലം മാത്രമേ -1948-53- കെ.പി.ബി സജീവമായി എഴുതിയുള്ളൂ. പക്ഷേ, സാഹിത്യലോകം ആ കവിതകൾ ശ്രദ്ധിച്ചിരുന്നു. മലയാള കവിതാ സാഹിത്യ ചരിത്രത്തിൽ ഡോ. എം. ലീലാവതി എഴുതി: ''തുടക്കത്തിലേ രചനാവേഗം നിലനിന്നിരുന്നുവെങ്കിൽ, വിഭ്രാന്തധീത്വം അതിനെ തടഞ്ഞിരുന്നില്ലെങ്കിൽ ഇടപ്പള്ളികവികളെ പിന്തള്ളുമായിരുന്ന സർഗശക്തിധനനാണ് കവി.'' ഇടപ്പള്ളി കവിതയിലെ ആത്മീയയാതനയും അന്തഃസംഘർഷവും സർഗശക്തിപ്രവാഹവും കെ.പി.ബിയുടെ കവിതകളിൽ കാണുമെന്നും എം. ലീലാവതി പറയുന്നു. എം.വി. ദേവൻ മറ്റൊരു താരതമ്യമാണ് നടത്തിയത്: ''ആ തലമുറയിൽപെട്ട ഞങ്ങളിൽ പലർക്കും പി. ഭാസ്കരനാണോ പാട്യമാണോ മികച്ചുനിൽക്കുന്നത് എന്ന് തീരുമാനിക്കാൻ ഏറെ വിഷമിക്കേണ്ടിവന്നിട്ടുണ്ട്. ഞങ്ങളിൽ ചിലരുടെ ചായ്വ് പാട്യത്തോടായിരുന്നു. പരോക്യലിസം ഇതിൽ ഒട്ടും ഉണ്ടായിരുന്നില്ല.'' ജീവിതത്തിലെ നിശ്ശബ്ദ വേദനകളും സമൂഹത്തിലെ സംഘർഷങ്ങളും പ്രകാശിപ്പിച്ച ഈ കവിതകൾ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.