ഫെബ്രുവരി നാലിന് വിടവാങ്ങിയ അതുല്യ ഗായിക വാണി ജയറാമിനെ പിന്നണിഗായികയായ മഞ്ജരി ഓർമിക്കുന്നു.എഴുത്ത്: സജി ശ്രീവത്സംഒരു വെറും ഗായികയായല്ല, ഒരു ലെജൻഡായാണ് ഞാൻ വാണിയമ്മയെ കാണുന്നത്. അവർ ഗാനങ്ങളിൽ പുലർത്തുന്ന സൂക്ഷ്മതയും സംശുദ്ധിയും സ്നേഹവായ്പുംപോലെ, നന്മയും സ്നേഹവുമുള്ള ഒരമ്മയായും ഞാൻ കാണുന്നു. അവരോടൊപ്പം നിരവധി സ്റ്റേജ് ഷോകൾ നടത്താൻ എനിക്ക് അവസരമുണ്ടായത് വലിയ ഭാഗ്യമാണ്....
ഫെബ്രുവരി നാലിന് വിടവാങ്ങിയ അതുല്യ ഗായിക വാണി ജയറാമിനെ പിന്നണിഗായികയായ മഞ്ജരി ഓർമിക്കുന്നു.
എഴുത്ത്: സജി ശ്രീവത്സം
ഒരു വെറും ഗായികയായല്ല, ഒരു ലെജൻഡായാണ് ഞാൻ വാണിയമ്മയെ കാണുന്നത്. അവർ ഗാനങ്ങളിൽ പുലർത്തുന്ന സൂക്ഷ്മതയും സംശുദ്ധിയും സ്നേഹവായ്പുംപോലെ, നന്മയും സ്നേഹവുമുള്ള ഒരമ്മയായും ഞാൻ കാണുന്നു. അവരോടൊപ്പം നിരവധി സ്റ്റേജ് ഷോകൾ നടത്താൻ എനിക്ക് അവസരമുണ്ടായത് വലിയ ഭാഗ്യമാണ്. ഞാൻ ഗാനരംഗത്തു വന്ന് അധികകാലം കഴിയുന്നതിന് മുമ്പ് ദുബൈയിൽെവച്ചുള്ള ഒരു ഷോയിലാണ് ആദ്യമായി വാണിയമ്മയോടൊപ്പം പാടുന്നത്. അന്ന് ഞാൻ പോയി പരിചയപ്പെട്ടു; അപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു; ‘‘എനിക്കറിയാം, ഞാൻ പാട്ട് കേട്ടിട്ടുണ്ട്; ‘മുകിലിൻ മകളേ...’ നന്നായി പാടിയിട്ടുണ്ട്.’’ അന്ന് ആ പാട്ടിറങ്ങിയ സമയമായിരുന്നു. അത് വളരെ ഷോക്കിങ് ആയിരുന്നു. ചെറുപ്പക്കാരുടെ പാട്ടുകളൊക്കെ കേൾക്കുകയും ഓർത്തുവെക്കുകയും ചെയ്തിരുന്നു അവർ. അത്രത്തോളം ഗാനങ്ങൾക്കായി ജീവിച്ചവരാണവർ. അതുപോലെ പുതുതലമുറക്കാരെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗാനമേഖലയിൽ വലുപ്പച്ചെറുപ്പമേയില്ല വാണിയമ്മക്ക്. നമ്മളോട് സംസാരിക്കുമ്പോൾ നമ്മുടെ പ്രായത്തിലുള്ള ആളാണെന്ന് തോന്നും.
അവർ പാടുന്നത് ഞാൻ വീക്ഷിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തതയുള്ള ശബ്ദമാണ്. ഏത് ഗായികമാരിൽനിന്നും വേറിട്ടു നിൽക്കുന്ന, എടുത്തറിയുന്ന തനിമയുള്ള ശബ്ദം. അതുപോലെ സ്ട്രോങ്ങും. ഇത്രയും ശക്തിയുള്ള ശബ്ദം അധികം ഉണ്ടാകില്ല. അതാണ് ഇത്രയും വ്യത്യസ്തതയുള്ള ഗാനങ്ങൾ പാടാൻ അവർക്ക് കഴിഞ്ഞത്. അതുപോലെ ഭാഷാശുദ്ധി. ഏതു ഭാഷ പാടിയാലും അതിന്റെ തനിമ നിലനിർത്തുന്നു. ഹിന്ദിയിൽ ‘‘ബോലെറേ പപ്പിഹര’’ പോലുള്ള ഗാനമമൊക്കെ പാടാൻ കഴിഞ്ഞത് അതുകൊണ്ടല്ലേ, മലയാളത്തിൽ എത്രയോ പ്രിയതരങ്ങളായ ഗാനങ്ങളുണ്ട്. അതിലൊക്കെ മലയാളിത്തം തുളുമ്പുകയല്ലേ, ഓണമായാൽ നാം എവിടെയെല്ലാം മുഴങ്ങിക്കേൾക്കും, ‘‘തിരുവോണപുലരിതൻ തിരുമുൽകാഴ്ച വാങ്ങാൻ’’ എന്ന ഗാനം. ഞാൻതന്നെ എത്രയോ, എല്ലാ ഓണത്തിനും ആ ഗാനം പലപല വേദികളിൽ പാടുന്നു. അത്രയും തനിമയാണ് അവരുടെ പാട്ടിന്. അത് ഏതു ഭാഷയിലും അങ്ങനെ തന്നെ. ക്ലാസിക്കൽ ഗാനങ്ങളിലാണെങ്കിൽ അതിന്റെ സംശുദ്ധി ആരെയും ആകർഷിക്കുന്നതാണ്. അതുപോലെതന്നെ ഹിന്ദുസ്ഥാനിയും അതേ തനിമയോടെ തന്നെ പാടാനുള്ള പ്രത്യേക കഴിവ്. എത്ര സ്ട്രോങ് ആയി പാടുമ്പോഴും മുഖത്ത് ഒരു ഭാവവ്യത്യാസവും കാണില്ല, ഗാനത്തിൽ അലിഞ്ഞാണ് പാടുന്നത്. ഏതു ഗാനവും റെക്കോഡിങ് ക്വാളിറ്റിയിൽതന്നെയാണ് സ്റ്റേജിൽ പാടുന്നത്. സ്റ്റുഡിയോയിൽ പാടുന്ന അതേ ശബ്ദത്തിൽ, അതേ ഭാവത്തിൽ എപ്പോഴും പാടാൻ പലർക്കും കഴിയാറില്ല. പലതരത്തിലുള്ള വോയിസ് പുറത്തുനിന്നുണ്ടാകും. എന്നാൽ, വാണിയമ്മക്ക് എപ്പോഴും അനായാസം അത് സാധിക്കുന്നു. വാണിയമ്മയുടെ സംഭാവനകൾ ഇന്ത്യൻ സംഗീതത്തിൽ മാത്രം ഒതുക്കാൻ കഴിയില്ല, ഒരു യൂനിവേഴ്സൽ ലെജൻഡ് എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് താൽപര്യം. ‘ശങ്കരാഭരണ’ത്തിലെയൊക്കെ പാട്ടുകൾ ഉന്നതനിലവാരം പുലർത്തുന്ന പാട്ടുകളാണ്.
എസ്. ജാനകിയോടൊപ്പം വാണി ജയറാം
അടുത്തകാലത്തും ഞാൻ ഒപ്പം പാടി. അവരുടെ ശബ്ദത്തിന് ഒരു കുഴപ്പവുമില്ല, വളരെ യുവത്വം ഉള്ളതായി തോന്നുന്നു. അവർ ശരീരവും നന്നായി കാത്തുസൂക്ഷിച്ചിരുന്നു. എപ്പോഴും ചിരിയാണ്. വശ്യമാർന്ന ആ ചിരിയാണ് ആകർഷണീയത. ആ ചിരി എപ്പോഴും ഒരു പോസിറ്റിവ് എനർജി തരുന്നതാണ്.
അതുപോലെ ജീവിതാവസാനംപോലും വലിയ ബഹുമതിയാണ് ലഭിച്ചത്. അതിലെ സന്തോഷം നിറഞ്ഞുനിന്ന കാലത്താണ് ഇങ്ങനെയൊരു വിയോഗവാർത്ത അറിയുന്നത്.
വാണിയമ്മയെ എപ്പോഴും കാണുന്നത് ഭർത്താവായ ജയറാം സാറിനൊപ്പമാണ്. എവിടെ പ്രോഗ്രാമുണ്ടെങ്കിലും അവിടെയെല്ലാം നിഴലായി അദ്ദേഹം ഉണ്ടായിരിക്കും. ഇങ്ങനെയൊരു ദമ്പതികൾ ആരിലും ആദരവുളവാക്കുന്ന കാര്യമാണ്. അത് പലപ്പോഴും ഫീൽ ചെയ്തിട്ടുണ്ട്. പറഞ്ഞു കേട്ടിട്ടുണ്ട്, ഭർത്താവാണ് അവർക്ക് പാട്ടു പാടാനുള്ള എല്ലാ പ്രചോദനവും നൽകിയതെന്ന്. അത് അക്ഷരാർഥത്തിൽ ജീവിതാവസാനംവരെ നിലനിർത്തുക എന്നത് സ്വപ്നസമാനമായ ഒരു കാര്യംകൂടിയാണ്.
ഒരു ഗായികക്ക് ഏറ്റവും ആവശ്യം അവരുടെ കുടുംബത്തിൽനിന്നും ജീവിതപങ്കാളിയിൽനിന്നുമുള്ള പ്രോത്സാഹനമാണ്.
എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന ഒരു കാര്യംകൂടിയാണ്. അക്കാര്യത്തിൽ വളരെയധികം ഭാഗ്യവതിയായിരുന്നു വാണിയമ്മ. ഇത്തരം കാര്യങ്ങൾകൂടി നമ്മൾ ഗായികമാരിൽനിന്ന് കാണണം. ഒരു ഗായിക എന്ന നിലയിൽ മാത്രമേ നമുക്ക് പലരെയും അറിയൂ. എന്നാൽ, അവരുടെ വ്യക്തിജീവിതത്തിൽനിന്ന് ഇങ്ങനെ പലതും നമുക്ക് മനസ്സിലാക്കാൻ കഴിയും. ഇതുപോലെയായിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചു പോകുന്ന ജീവിതം. ഗാനങ്ങളിലൂടെ മാത്രമല്ല, അവർ ജീവിതത്തിലൂടെയും നമ്മെ സ്വാധീനിക്കുന്നു, ആകർഷിക്കുന്നു. അനശ്വരങ്ങളായ ഗാനങ്ങളിൽ അവർ അവശേഷിപ്പിച്ചുപോയ നൈർമല്യംപോലെ.
♦
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.