പല ബസുകൾ മാറിക്കയറി കോട്ടൂർ നരയംകുളത്ത് എത്തുമ്പോൾ ടി.പി. രാജീവനെ ചിതയിലേക്കെടുക്കാനായിരുന്നു. ഒരു നോക്ക് കണ്ടു. സ്വയം ഉള്ളിൽ കെട്ടിയിടാൻ ശരിക്കും ക്ലേശിച്ചു. കണ്ണടച്ചില്ലുകൾ മങ്ങിയപ്പോൾ മനസ്സിലായി, നനഞ്ഞുകൊണ്ടേയിരുന്ന കണ്ണുകളെ എനിക്ക് നിയന്ത്രിക്കാനാകുന്നില്ലെന്ന്. അൽപസമയത്തിനുള്ളിൽ സംസ്ഥാന ബഹുമതിയോടെയുള്ള ആദരാഞ്ജലി. ഫ്യൂണറൽ പാർട്ടി എന്ന വിളി, ബ്യൂഗിൾ വായന. പൊലീസുകാരുടെ ബൂട്ട് ചവിട്ടിത്തിരിയലുകളുടെ ശബ്ദങ്ങൾ. മുകളിലേക്കുയരുന്ന തോക്കുകൾ. അപ്പോൾ 'വൈക്കം മുഹമ്മദ് ബഷീർ ഒരു പുള്ളിയോ' എന്ന ശീർഷകത്തിൽ (ശീർഷകം ഓർമയിൽനിന്നെടുത്തത്) രാജീവനെഴുതിയ ചെറുലേഖനം ഓർമയിലേക്കു വന്നു. ബഷീറിന്റെ മൃതദേഹത്തെച്ചുറ്റി തോക്കുകളുമായി നിൽക്കുന്ന പൊലീസുകാരുടെ ചിത്രവും ആ ലേഖനത്തിനൊപ്പമുണ്ടായിരുന്നു. ബഷീറിന്റെ അന്ത്യയാത്രയിൽ സംസ്ഥാന ബഹുമതിയുടെ ചിഹ്നമായിരുന്നു തോക്കേന്തിയ പൊലീസുകാർ. ഒരു കുറ്റവാളിയെ പൊലീസുകാർ വളഞ്ഞതുപോലെയാണ് ആ രംഗം തനിക്ക് അനുഭവപ്പെട്ടതെന്ന് അന്ന് രാജീവനെഴുതി. അതേ രംഗം രാജീവന്റെ കാര്യത്തിലും സംഭവിക്കുന്നു. ഇപ്പോൾ അദ്ദേഹത്തിന് അതിനെ അനുകൂലിക്കാനോ എതിർക്കാനോ കഴിയില്ല. ഫ്യൂണറൽ പാർട്ടി എന്ന വിളി വീണ്ടുമുയർന്നു. രാജീവന്റെ 'രാഷ്ട്രതന്ത്രം' എന്ന കവിതയും ഓർമയിലേക്കു വന്നു. ഒരെഴുത്തുകാരൻ എന്തിനെ എതിർത്തു, അതയാളുടെ ജീവിതത്തിന്റെ ഭാഗമാക്കലാണ് രാഷ്ട്രതന്ത്രം. ഈ മനുഷ്യൻ ആ രാഷ്ട്രതന്ത്രങ്ങളിൽനിന്നും കുതറിയ ഒരാളായിരുന്നു. പക്ഷേ, അങ്ങനെ ഒരാളെയും സ്വന്തമാക്കാൻ രാഷ്ട്രതന്ത്രത്തിനു ചിലപ്പോൾ എളുപ്പം കഴിയും. രാജീവൻ തന്റെ എഴുത്തിലൂടെ നിരന്തരം വിമർശിച്ചത്, തുറന്നുകാണിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത് ഈ രാഷ്ട്രതന്ത്രത്തെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം രാഷ്ട്രതന്ത്രം. രാജീവന്റെ ഭൗതികത ചിതയിലില്ലാതാവുകയാണ്. അതു കണ്ടുനിൽക്കുക ഒട്ടും എളുപ്പമായിരുന്നില്ല.
വീട്ടുവളപ്പിൽനിന്നും പുറത്തിറങ്ങി അവിടെ പലരായി സ്ഥാപിച്ച ആദരാഞ്ജലി ബോർഡുകൾ കണ്ടു. അതിലൊന്ന് ഇങ്ങനെ വായിച്ചു: നാടിന്റെ എഴുത്തുകാരൻ ശ്രീ. ടി.പി. രാജീവന് കണ്ണീർപ്രണാമം. ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷൻ കൗൺസിൽ. കോഴിക്കോട് നഗരംവിട്ട് അമ്മനാടായ നരയംകുളത്ത് താമസിക്കാൻ തുടങ്ങിയശേഷം ചെങ്ങോടുമല ഖനനവിരുദ്ധ പ്രവർത്തനത്തിൽ ഈ എഴുത്തുകാരൻ മുൻനിരയിലുണ്ടായിരുന്നു.
ആ ബോർഡ് നോക്കിനിന്നപ്പോൾ 80കളുടെ മധ്യത്തിൽ ഒരിക്കൽ ഞങ്ങൾ സംസാരിച്ച ഒരു കാര്യം ഓർമയിലേക്കു വന്നു. എനിക്കത് പുല്ലാണ് എന്ന പ്രയോഗത്തെക്കുറിച്ച് രാജീവൻ സൂക്ഷ്മമായി പറയുകയായിരുന്നു. ഒരു ഇക്കോ സിസ്റ്റത്തിന്റെ അടിപ്പടവാണ് പുല്ല്. അതില്ലാതെ, അതിന്റെ വകഭേദങ്ങളില്ലാതെ ഒരു ആവാസവ്യൂഹത്തിനും നിലനിൽപില്ല. അങ്ങനെയൊന്നിനെ ഏറ്റവും നിസ്സാരമായി കാണുന്ന ഭാഷക്ക് എന്തോ പ്രശ്നമുണ്ട് –കവി പറഞ്ഞു (അന്നദ്ദേഹം നോവലിസ്റ്റല്ല). തൃണവൽക്കരിക്കുക എന്ന പ്രയോഗമൊക്കെ നമ്മൾ ജീവിക്കുന്ന സ്ഥലം എങ്ങനെയുണ്ടായി എന്നത് മനസ്സിലാക്കാതെയുള്ള ഭാഷാപ്രയോഗമാണ്. പുല്ലുവില എന്ന് പറയുന്ന ഒരാൾക്കും മനുഷ്യജീവിതത്തിൽ പുല്ലിനുള്ള വില എത്ര മാത്രമുണ്ടെന്ന് മനസ്സിലായിട്ടില്ല. അടിപ്പടവുകളെ വിസ്മരിച്ച ഭാഷാപ്രയോഗത്തിനുള്ള ഉദാഹരണമായി പിന്നീടും ഞങ്ങളുടെ സംസാരത്തിൽ പുല്ല്് കടന്നുവന്നിട്ടുണ്ട്.
ഈ സംസാരത്തിനു ശേഷം കുറച്ചുനാളുകൾ കഴിഞ്ഞ് അദ്ദേഹം പി. കുഞ്ഞിരാമൻ നായരുടെ കവിതകളെക്കുറിച്ചെഴുതി. വെട്ടും കിളയുമേൽക്കാത്ത കവിതകളാണ് 'പി'യുടേത് എന്നായിരുന്നു ആ ലേഖനത്തിന്റെ കാതൽ. വായനക്കാർക്കും നിരൂപകർക്കും ഭക്തകവി മാത്രമായിരുന്ന 'പി'യെ രാജീവൻ ആ ലേഖനത്തിലൂടെ വിമോചിപ്പിച്ചു. ഒരു മലയാള കവിയുടെ ആവാസവ്യൂഹം വെട്ടും കിളയുമേൽക്കാത്ത ഭൂമിയും കൃഷിഭൂമിയുമാണെന്നും അത് സാക്ഷാത്കരിച്ചത് പി. കുഞ്ഞിരാമൻ നായരാണെന്നും രാജീവൻ ആ ലേഖനത്തിൽ സമർഥിച്ചു. അക്കാലത്ത് കേരളത്തിൽ മസനോബു ഫുക്കുവോക്കയുടെ 'ഒറ്റ വൈക്കോൽ വിപ്ലവം' പ്രകൃതി-പ്രതിരോധ സംഘങ്ങൾ ചർച്ചചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സമയംകൂടിയാണ്. വെട്ടും കിളയുമില്ലാതെ ഭൂമിയിൽ വിത്ത് വിതക്കുന്ന ഫുക്കുവോക്കയുടെ കൃഷിരീതി കവിതയിൽ ഏറെ മുമ്പെ പ്രയോഗിക്കുകയാണ് പി ചെയ്തതെന്ന് രാജീവൻ ആ ലേഖനത്തിൽ വ്യക്തമാക്കി. പുസ്തകവായന, അല്ലെങ്കിൽ ഉദ്ധരണികൾ ഉപയോഗിക്കൽ, എങ്ങനെയാണ് സമർഥമായും സാർഥകമായും സാധിക്കുക എന്ന് അടുത്തുനിന്ന് അറിഞ്ഞത് ഇങ്ങനെ രാജീവനിൽനിന്നാണ്. ഒരു പുസ്തകം വായിച്ച് അതിനെക്കുറിച്ച് പുസ്തകനിരൂപണം/പരിചയം എഴുതുന്ന രീതിയല്ല വേണ്ടതെന്നും വായിച്ചത് ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയണമെന്നും അദ്ദേഹം പറയുമായിരുന്നു.
ഒരിക്കൽ സംസാരിക്കുമ്പോൾ രാജീവൻ ചോദിച്ചു, എന്റെ പുതിയ കവിത പൂച്ച വായിച്ചോ? വായിച്ചല്ലോ. എന്തു തോന്നി. നല്ല കവിത. പിന്നെ സങ്കടത്തോടെ പറഞ്ഞു, ആ കവിത ആർക്കും മനസ്സിലായില്ല എന്നു തോന്നുന്നു. അത് ബാബരി മസ്ജിദ് പൊളിച്ചതിനോടുള്ള എന്റെ പ്രതികരണമായിരുന്നു. ഇപ്പോൾ ഞാനാ കവിത വീണ്ടും വായിക്കുന്നു:
ഓരോ നിഴലിനും
നാലു കാലുകൾ
ഓരോ നിശ്ചലതയ്ക്കും
ഇളകുന്നൊരു പുള്ളിവാൽ
ഓരോ നിശ്ശബ്ദതക്കും
കൂർത്ത അഞ്ച് നഖങ്ങൾ
ഓരോ ഇരുട്ടിനും
പാതാളത്തിലേക്ക് തുറക്കുന്ന
ഒരു വായ
ഉദിക്കുന്ന
ഓരോ കണ്ണിലും
ഓരോ എലിയുടെ ഭ്രൂണം.
ഇന്നത് സമ്പൂർണമായും മറ്റൊരു കവിതയായി മാറിയിരിക്കുന്നു. പൂച്ചയുടെ കണ്ണിൽ ഉദിക്കുന്ന എലിയുടെ ഭ്രൂണം – ഒരു കവി നാെളയെ പ്രവചിക്കുന്നത് ഇങ്ങനെയായിരിക്കുമെന്നുതന്നെ കരുതാം.
തന്റെതന്നെ അവസ്ഥകളോട് ഏറ്റവും ഇന്റിമേറ്റായാണ് രാജീവൻ പ്രതികരിക്കുക. 40 വയസ്സിനു മുമ്പെ പ്രമേഹം പിടികൂടിയതിനെക്കുറിച്ച് പല കഥകളും കാണുമ്പോഴെല്ലാം പറയും. കുറ്റ്യാടിയിൽനിന്നും ബസിൽ വരുമ്പോൾ തല പുറത്തേക്കിട്ട് ഉറങ്ങിയ രാജീവനെ ഒരാൾ തട്ടിവിളിച്ചു, തല പോകുന്ന ഉറക്കമാണല്ലോ എന്നും പറഞ്ഞു. ആ ഉറക്കത്തിൽ രോഗലക്ഷണം കണ്ടാണ് ചോര പരിശോധിച്ചത്. കടുത്ത പ്രമേഹബാധ രാജീവനെ പിടികൂടിയിരുന്നു. പിന്നീട് പല രോഗങ്ങൾക്കും കാരണമായത് പ്രമേഹബാധയായിരുന്നു. ജീവിതാനന്ദങ്ങൾക്ക് മുഖമറയിടാൻ കഴിയാത്ത ഒരാളെയാണല്ലോ രോഗങ്ങൾക്ക് പ്രിയങ്കരം. അവസാന നാളുകളിലും അടുത്ത സുഹൃത്തുക്കളോടെല്ലാം രാജീവൻ പറഞ്ഞത്, എനിക്ക് വിഷമമൊന്നുമില്ല, ജീവിതാഹ്ലാദങ്ങളുടെ സമ്പന്നമായ ഓർമകൾ എനിക്കുണ്ട് എന്നാണ്. 'പ്രമേഹം' എന്ന പേരിൽതന്നെ രാജീവൻ കവിതയെഴുതി. ആ രോഗത്തിന്റെ തുടക്കനാളുകളിൽ തന്നെ.
കാവിലുത്സവ നാൾ
സന്ധ്യക്ക്
അമ്മയുടെ
ഒക്കത്തിരുന്നു
നെറ്റിപ്പട്ടം കെട്ടിയ
ഒരാനയെ
ഒറ്റയ്ക്കു
തിന്നു തീർത്തു
കോളേജിൽ
പഠിക്കുമ്പോൾ
നാട്ടിലവധിക്കു
വരുമ്പോൾ
ആളൊഴിഞ്ഞ
കല്പടവിലിരുന്നു
പായൽമൂടിയ
ഒരമ്പലക്കുളം
കുടിച്ചുവറ്റിച്ചു
തൊഴിൽ തേടി
നടന്ന നാൾ
ആരും കാണാതെ
പാളത്തിൽ
മലർന്നു കിടന്നു
ഒറ്റ രാത്രികൊണ്ട്
ഒരു തീവണ്ടി വിഴുങ്ങി
പട്ടണത്തിൽ
ജോലി ചെയ്യുമ്പോൾ
പാതിരായ്ക്ക്
മട്ടുപ്പാവിൽനിന്നു
ഉറങ്ങിക്കിടന്ന
തെരുവുകൾ
പുലരും വരെ
ചവച്ചിറക്കി
ഇപ്പോൾ രുചികൾ
കൊടിയിറങ്ങിയ
നാവിൽ
ഒരു തരി മധുരത്തിൽ
അലിഞ്ഞു തീരുന്നു.
രോഗി എന്ന നിലയിലുള്ള രാജീവന്റെ സത്യപ്രസ്താവനയാണ് ഈ കവിത. എപ്പോഴും അദ്ദേഹത്തിന്റെ എഴുത്തിൽ ആധുനിക ഫോക് ലോർ അംശങ്ങൾ നിറഞ്ഞുനിന്നു. ഫോക് ലോറിൽനിന്നും അർബൻ സ്കേപ്പിലേക്ക് നടന്നുകൊണ്ടേയിരിക്കുന്ന നിരവധി മനുഷ്യരുടെ കഥകളും കവിതകളും എഴുതുകയായിരുന്നു രാജീവൻ എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. നാട്ടുവൈദ്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായപോലെ എന്നൊരിക്കൽ ഇതിെനക്കുറിച്ച് പറഞ്ഞപ്പോൾ അതിലൊരു ശരിയുണ്ടെന്ന് പറഞ്ഞ് അത്യാഹ്ലാദത്തിൽ ചിരിച്ച് കവി അതിനെ ശരിവെച്ചു. എവിടെ പോയാലും അദ്ദേഹം അങ്ങനെയായിരുന്നു. ഒരിക്കൽ വിദേശത്ത് റൈറ്റേഴ്സ് റെസിഡൻസിയിൽ പങ്കെടുക്കാൻപോയ രാജീവനെഴുതിയ 'സുതാര്യം' എന്ന കവിത ഇപ്പറഞ്ഞതിനെ ശരിവെക്കുന്നു. ആ കവിതയുടെ അവസാന വരികൾ ഇങ്ങനെ:
''ഉറക്കം അപ്പോൾ നമ്മുടെ രാജ്യത്തിന്റെ
അതിർത്തികൾ കടന്നു കാണും.
അറേബ്യൻ മരുഭൂമികൾ ഇപ്പോൾ
പാതിയുറക്കത്തിലായിരിക്കും.
യൂറോപ്പ്്് ഉറങ്ങാൻ തയ്യാറെടുക്കുകയാവും
കുറച്ചുകൂടി കഴിയുമ്പോൾ നീ ഉണരുമ്പോഴേക്കും
ഞാനും ഉറങ്ങിയിട്ടുണ്ടാവും;
പക്ഷേ, അപ്പോഴും ഉറങ്ങിയിട്ടുണ്ടാവില്ല,
മനസ്സിന്റെയോ ശരീരത്തിന്റെയോ
ഏതു പ്രവിശ്യയിൽനിന്നെന്നറിയാത്ത
ഈ വേദന.''
മോഡേൺ ലാൻഡ് സ്കേപ് ഫോക് ലോറിൽനിന്ന് ആരംഭിച്ച് വേദനയിൽ വന്നു മുട്ടിനിൽക്കുന്ന ഈ കവിതയുടെ സ്വരൂപം അദ്ദേഹത്തിന്റെ എഴുത്തിനെ എക്കാലത്തും നിർണയിച്ചുപോന്നു. 'ദീർഘകാലം' എന്ന രാജീവന്റെ കവിതാസമാഹാരംപോലെ ഒന്ന് അദ്ദേഹത്തിന്റെ സമകാലികരിൽനിന്നും കണ്ടുകിട്ടുക എളുപ്പമല്ല. അതുകൊണ്ടു തന്നെയായിരിക്കണം അത്രയും ഉജ്ജ്വലമായ ഈ പുസ്തകം സമ്പൂർണമായും അവഗണിക്കപ്പെട്ടത്.
ഞാൻ ജിദ്ദയിൽ കഴിഞ്ഞകാലത്ത് ടെലിഫോണിൽ ഏറ്റവും കൂടുതൽ സംസാരിച്ചവരിൽ ഒരാൾ രാജീവനായിരുന്നു. കുറഞ്ഞ ചാർജിന് ടെലിഫോൺ കണക്ട് ചെയ്തുതരുന്ന ഫോൺ റിഗ്ഗേഴ്സ് അക്കാലത്ത് ഞങ്ങളുടെയൊക്കെ ബാച്ലർ മുറികളിൽ ഇടക്കു വരും. അരമണിക്കൂറിന് ഇത്ര റിയാൽ എന്നു പറഞ്ഞ്. അങ്ങനെയുള്ള അവസരങ്ങളിലെല്ലാം ദീർഘമായും സംസാരിച്ചത് രാജീവനുമായായിരുന്നു. എടാ നിന്റെ കാശ് പോകില്ലേ എന്ന് ഇടക്ക് ചോദിക്കും, റിഗ്ഗേഴ്സിനും ജീവിക്കണ്ടേ എന്നു പറഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കും. അത്തരമൊരു സംസാരത്തിനിടയിൽ രാജീവൻ പറഞ്ഞു: മരുഭൂമിയിൽ പോയി കുഴിച്ചുനോക്ക്, ഒരു തുള്ളിയാണെങ്കിലും ആ വെള്ളമായിരിക്കും നിന്റെ സംസം – സത്യത്തിൽ മരുഭൂ യാത്രകളിലേക്ക് എന്നെപ്പോലെ ഒരാളെ നയിച്ചത് ആ വാക്കുകളായിരുന്നു. പറഞ്ഞത് എനിക്ക് ശരിക്കും മനസ്സിലായില്ലേ എന്ന് ശങ്കിച്ച് ആ കാര്യത്തെക്കുറിച്ച് വിശദമായി എഴുതിയ അദ്ദേഹത്തിന്റെ ഒരു കത്ത് രണ്ടാഴ്ചകഴിഞ്ഞ് എന്നെ തേടിവരുകയും ചെയ്തു. അങ്ങനെയാണ് സ്വന്തം സംസം തേടി ഞാൻ അറേബ്യൻ മരുഭൂമികളിലേക്ക് യാത്ര തുടങ്ങുന്നത്. അതിൽ രാജീവനുള്ള പങ്ക് വളരെ വലുതാണ്. 'പുറപ്പെട്ടുപോയ വാക്ക്' പോലെ ഒരു യാത്രാവിവരണ പുസ്തകം മലയാളത്തിൽ വേറെയില്ല. കട്ടായം. അതിന്റെ രണ്ടാം പതിപ്പ് മാതൃഭൂമി ബുക്സ് പ്രസിദ്ധപ്പെടുത്തി. രാജീവൻ എന്നെ വിളിച്ചു, എം.ടി പുസ്്തകം പ്രകാശിപ്പിക്കും, നീ ഏറ്റുവാങ്ങണം. എം.ടി പ്രസംഗിക്കും. നീയും അതുകഴിഞ്ഞ് പ്രസംഗിക്കണം. അതായിരുന്നു രാജീവൻ.
'ക്രിയാശേഷ'ത്തിന്റെ പ്രകാശനം | ഫോട്ടോ അഭിജിത്ത്.
എന്റെ ജിദ്ദ കാലത്ത് രാജീവൻ ഇസ്രായേലിൽ റൈറ്റേഴ്സ് ഇൻ റെസിഡൻസിയിൽ വന്നു. ഞങ്ങൾ അയൽരാജ്യങ്ങളിൽ കഴിഞ്ഞ അക്കാലത്ത് ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്താൽ അവിടെ ചോരപ്പുഴ ഒഴുകുന്നുണ്ടായിരുന്നു. ടെലിഫോണിൽ ബന്ധപ്പെടാൻ കഴിയുമായിരുന്നില്ല. ഇ-മെയിലിൽ ഞാൻ രാജീവന് എഴുതി. അവിടെ ഒഴുകുന്ന രക്തപ്പുഴയെക്കുറിച്ച് വല്ലതും അറിയുന്നുണ്ടോ? നീ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ ഇതൊരു എംബഡഡ് റെസിഡൻസിയാണ്. ഞാനിവിടെ നടക്കുന്നതൊന്നും അറിയുന്നില്ല. അമീർ ഓറിനെപ്പോലെയൊരു കവിയെ രാജീവൻ കണ്ടുമുട്ടുന്നത് അവിടെവെച്ചാണ്. രാജീവന്റെ ചിതക്കരികെ നിന്ന അമീർ ഓർ ആ സൗഹൃദത്തെ വിളംബരം ചെയ്യുകയായിരുന്നു. കേരളത്തിൽ വന്ന് രാജീവനൊപ്പം കുറച്ചുനാൾ കഴിയാനാണ് അമീർ വന്നത്. പക്ഷേ, രാജീവന്റെ രോഗം അതസാധ്യമാക്കി. ഇറ്റലിയിലെ റൈറ്റേഴ്സ് റെസിഡൻസിയിൽനിന്നും മടങ്ങി വീട്ടിലെത്തുമ്പോൾ കാലിൽ ഉണങ്ങാത്ത വലിയൊരു മുറിവുണ്ടായിരുന്നു. പ്രമേഹത്തിന്റെ സംഭാവനതന്നെ, ചിരിച്ചുകൊണ്ട് രാജീവൻ പറഞ്ഞു. രോഗവുമായുള്ള ഏറ്റുമുട്ടൽ ആ ജീവിതത്തിൽ എപ്പോഴുമുണ്ടായിരുന്നു.
രാജീവനുമായി രണ്ടുതവണയാണ് ഏറ്റവും രൂക്ഷമായി വിയോജിക്കേണ്ടിവന്നിട്ടുള്ളത്. ആദ്യത്തേത് യു.ഡി.എഫ് സർക്കാറിന്റെ സാംസ്കാരിക ഉപദേഷ്ടാവായി സ്ഥാനമേറ്റപ്പോൾ. സി.പി.എമ്മുമായി കലഹിക്കുന്നവർ യു.ഡി.എഫിലാണോ എത്തേണ്ടത് എന്ന ന്യായമായ ചോദ്യമായിരുന്നു എനിക്ക് ഉന്നയിക്കാനുണ്ടായിരുന്നത്. മറ്റൊന്ന് '1921' സംബന്ധിച്ച സിനിമാ വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ ജന്മഭൂമി പാകത്തിനുള്ള പ്രസ്താവനകളും അഭിപ്രായങ്ങളും പറഞ്ഞപ്പോൾ. സിനിമാബന്ധങ്ങൾ രാജീവനെയും പോപുലറാക്കി. പക്ഷേ, Popularity kills the real politik എന്നു പറയാറുള്ളത് രാജീവനിലും അപ്പോൾ താൽക്കാലികമായി സത്യമായി. വിയോജിപ്പുകൾ എപ്പോഴും ഉണ്ടാകും. പക്ഷേ, അതെപ്പോഴും റിപ്പയറബിൾ ആയിരുന്നു. അതും രാജീവൻ പഠിപ്പിച്ച ഒരു കാര്യമാണ്. തർക്കങ്ങളും വിയോജിപ്പുകളും വ്യക്തിബന്ധത്തെ ബാധിക്കേണ്ടതില്ല എന്ന കാര്യം.
കവിത, കോളങ്ങൾ, യാത്രാവിവരണങ്ങൾ, കവിതാ എഡിറ്റോറിയലുകൾ അങ്ങനെ പലതും എഴുതിയ രാജീവനെ തിരിച്ചറിഞ്ഞവർ വളരെക്കുറവായിരുന്നു. പക്ഷേ, 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതക'ത്തിന്റെ കഥ വന്നതോടെ കാര്യം മാറി. ഇതെന്താ രാജീവാ ഇങ്ങനെ എന്ന ചോദ്യത്തോട് പതിവ് ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങൾ കവികൾക്ക് നോവലിന്റെ രാഷ്ട്രതന്ത്രം വേണ്ടവിധത്തിൽ മനസ്സിലായില്ല, അതുതന്നെ: അന്ന് നോവൽ, ഭരണഘടന എന്ന സങ്കൽപത്തെക്കുറിച്ചൊക്കെ വിശദമായി സംസാരിച്ചു. പക്ഷേ, കവിത ഒരിക്കലും കൈവിട്ടില്ല. മരണക്കിടക്കയിലും സാധനയോട് കവിതകൾ എഴുതിയെടുക്കാൻ പറഞ്ഞു. അതിൽ രണ്ടു കവിതകൾ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. രാജീവന്റെ അവസാനകാല കവിതകളുടെ സമാഹാരം 'നീലക്കൊടുവേലി' ഉടൻ പുറത്തിറങ്ങും. 'നീലക്കൊടുവേലി' എന്തൊരു ഗംഭീര കവിതയാണ്.
രാജീവൻ മൂന്നു നോവലുകളും ആഴ്ചപ്പതിപ്പുകളിലെഴുതിയത് അതത് ആഴ്ചകളിലായിരുന്നു. എനിക്ക് മാധ്യമം ആഴ്ചപ്പതിപ്പിന്റെ ചുമതലയുള്ളപ്പോഴാണ് 'ക്രിയാശേഷം' എഴുതുന്നത്. ഓരോ ആഴ്ചയും ഓരോ അധ്യായം തരും. ചിലപ്പോൾ ഇ-മെയിലിൽ. പലപ്പോഴും നേരിൽ പോയി വാങ്ങേണ്ടിയും വന്നിട്ടുണ്ട്. ഇതിനിടെ, ചിലപ്പോഴെല്ലാം ഡെഡ്ലൈൻ വഴക്കുകളുമുണ്ടാകും. നോവൽ 30 ശതമാനത്തോളമായപ്പോൾ അദ്ദേഹം ഷാങ്ഹായ് ലിറ്റററി റെസിഡൻസിയിൽ പങ്കെടുക്കാൻ പോയി. ആ സമയത്ത് കൃത്യമായി അധ്യായങ്ങൾ വരും. എഴുതി സ്കാൻ ചെയ്ത് ചൈനയിലും ഷാങ്ഹായിലും അനുവദിക്കപ്പെട്ടിട്ടുള്ള ഒരു ഇ-മെയിലിൽനിന്നുമാണ് (അവിടെ ജി-മെയിൽ അനുവദിക്കപ്പെട്ടിരുന്നില്ല) അധ്യായങ്ങൾ വരുക. ആദ്യം തങ്ങൾക്കറിയാത്ത ഭാഷയിലെഴുതി അയക്കുന്ന രാജീവന്റെ മെയിലുകൾ അവർ പിടിച്ചുവെക്കുമായിരുന്നു (അതിനുള്ള ഫിൽട്ടറിങ് സംവിധാനം അവർക്കുണ്ടായിരുന്നു). പിന്നീട് റെസിഡൻസിക്കാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. 'ക്രിയാശേഷം' എഴുതുന്നതിനുമുമ്പ് എം. സുകുമാരനെ രാജീവൻ ബന്ധപ്പെട്ടിരുന്നു. 'ശേഷക്രിയ'യുടെ തുടർച്ചയായിരുന്നുവല്ലോ ആ നോവൽ. സുകുമാരന്റെ അനുമതി തേടിയാണ് രാജീവൻ ബന്ധപ്പെടുന്നത്. അതൊന്നും എന്നോട് ചോദിക്കേണ്ട ഒരാവശ്യവുമില്ല, അതൊരു പൊതുമുതലാണ് എന്ന നിലപാടാണ് സുകുമാരനെടുത്തത്. 'ക്രിയാശേഷ'ത്തിന്റെ കോഴിക്കോട്ടു നടന്ന പ്രകാശനത്തിലും പുസ്തകം ഏറ്റുവാങ്ങാൻ രാജീവൻ എന്നെ വിളിച്ചു.
'അഡോണിസി'ന് ആശാൻ ൈപ്രസ് കൊടുത്തതിൽ രാജീവന് വലിയ റോളുണ്ടായിരുന്നു. അതേപോലെ ബെൻ ഓക്രിയെ തിരുവനന്തപുരത്ത് കൊണ്ടുവന്നതിലും. നൊബേൽ സമ്മാനജേതാവായ ട്രാൻസ് നോമർ, വിസ്ലോ ഷിംബോസ്ക എന്നിവരെ കണ്ടതിനെക്കുറിച്ച് പറയുമ്പോൾ അനുഭവ സത്യസന്ധത എന്ന സങ്കൽപത്തെക്കുറിച്ച് പറഞ്ഞത് ഓർക്കുന്നു. ഷിംബോസ്കയുടെ മുന്നിൽ സ്വന്തം കവിത രാജീവൻ ചൊല്ലി. മലയാളത്തിലും ഇംഗ്ലീഷിലും. കൂടെയുള്ള സഹായി പോളിഷിൽ കവിത വിവർത്തനം ചെയ്തു. ഷിംബോസ്ക രാജീവനോട് ചോദിച്ചു, കവിതയിൽ തീവണ്ടി കടന്നുവരുന്നുണ്ടല്ലോ, നിങ്ങൾ തീവണ്ടി ഓഫിസിലോ െട്രയിനുകളിലോ ജോലിചെയ്തിട്ടുണ്ടോ? ഇല്ല എന്ന് മറുപടി. ഞാൻ തീവണ്ടിയെക്കുറിച്ചെഴുതിയത് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിൽ ജോലിചെയ്യുന്ന കാലത്തായിരുന്നു എന്ന് ഷിംബോസ്ക. അനുഭവ സത്യസന്ധത അനിവാര്യമാണെന്ന അവരുടെ നിലപാടിനോട് സമ്പൂർണമായി യോജിക്കാനാവില്ല. പക്ഷേ, ഞാനതിനെ മാനിക്കുന്നുവെന്ന് രാജീവൻ ആവർത്തിച്ച് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷ് പുസ്തക പ്രസാധനത്തിനായി യതി ബുക്സ് തുടങ്ങിയ കാലത്ത് സൗദിയിൽനിന്നും കുറച്ചുപേരുടെ സഹായം വേണമെന്ന് പറഞ്ഞു. കുറച്ച് സഹൃദയർ സഹകരിക്കുകയും ചെയ്തു. പക്ഷേ, അത് പരാജയപ്പെട്ടു. നോഹ് ഹോഫൻ ബർഗിന്റെ കവിതാ സമാഹാരം, ബ്രിങ്ക് എന്ന ശീർഷകത്തിലുള്ള സമകാലിക ലോക കവിതകളുടെ ആന്തോളജി തുടങ്ങിയ പ്രധാനപ്പെട്ട പുസ്തകങ്ങൾ ഇറക്കാൻ യതിക്ക് കഴിഞ്ഞു. പക്ഷേ, വിതരണം/വിൽപന എന്നിവയിലെ ധാരണക്കുറവ് ആ സംരംഭത്തെ പരാജയപ്പെടുത്തി.
അവസാന നാളുകളിൽ രാജീവൻ ടെലിഫോണിൽ പറഞ്ഞു, മുസഫർ എനിക്ക് എന്റെ ശരീരം അങ്ങേയറ്റം അപരിചിതമായ ഒന്നായിത്തോന്നുന്നു, നോക്കാം അല്ലേ? പിന്നെ ശബ്ദം ചിതറാൻ തുടങ്ങി. നരയംകുളത്ത് വീടുവെച്ചപ്പോൾ ഒരുദിവസം താമസിക്കാൻ ചെല്ലാൻ പറഞ്ഞു. രാത്രി പലതും സംസാരിച്ച് കുട്ടിക്കാലത്തേ മരിച്ചുപോയ അനുജനെക്കുറിച്ച് പറഞ്ഞ് കരയാൻ തുടങ്ങി. അവനെയും ഇവിടെയാണ് അടക്കിയിരിക്കുന്നത് എന്ന് പറഞ്ഞു. കളിക്കുന്നതിനിടെ ടെറ്റനസ് ബാധിച്ചു മരിക്കുകയായിരുന്നു. അങ്ങനെ കരയുന്ന ഒരു രാജീവനെ ഞാൻ കണ്ടിട്ടേയില്ലായിരുന്നു. അപ്പോൾ 'ഹൊഗനേക്കൽ' എന്ന കവിത ഓർമയിൽ വന്നു. അതിലെ അവസാന വരികൾ ഇങ്ങനെയാണല്ലോ:
''ഒരു കൊല്ലം സ്കൂൾ തുറന്നു.
അച്ഛൻ വന്നു വിളിച്ചിട്ടും
ഞാനും അനിയത്തിയും ഞങ്ങളുടെ പാവകളും
മരിച്ചുപോയ അനിയനും കരഞ്ഞിട്ടും,
അമ്മ വീട്ടിലേക്ക് തിരിച്ചു വരാത്തതുപോലെ
എന്റെ കിണറിലേക്ക് ഇനി വരാതിരിക്കുമോ
അതും.''
വയൽക്കരെ ഇപ്പോഴില്ലാത്ത ഞങ്ങളുടെ വീട്ടിൽ മരിച്ചുപോയ അനിയൻ വന്നുപോകുന്നതായുള്ള സങ്കൽപം രാജീവനിൽ എപ്പോഴുമുണ്ടായിരുന്നു. മറഞ്ഞുപോയവരുടെ ആത്മാക്കളുമായി സംസാരിക്കാനുള്ള തന്നിൽനിന്നുള്ള കണ്ണിയായി മരിച്ചുപോയ അനിയനെ അയാൾ കണ്ടുപോന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയത്:
''മരിച്ചവർ തിരിച്ചു വരില്ല
എന്നു കരുതിയാൽ
നിങ്ങൾക്കു തെറ്റി;
മരിച്ചതുപോലെത്തന്നെ
അവർ തിരിച്ചു വരും,
എപ്പോഴാണ് എന്ന്്് മാത്രം
മുൻകൂട്ടി പറയാൻ കഴിയില്ല,
മരണംപോലെ തന്നെ.''
യൂനിവേഴ്സിറ്റിയിലെ 'ദ കുറുക്കൻ' കാലത്ത് പി.ആർ.ഒ ഇരിക്കുന്ന മുറി അടിച്ചുവാരി ആ കൊട്ട അയാൾ ഇരിക്കുന്ന കസേരയിൽതന്നെ വെക്കാൻ യൂനിയൻ നിർദേശം നൽകിയതിനെ കേരളത്തിൽ രാജീവനെപ്പോലെ ഒരാൾക്കേ നേരിടാനാകൂ. മറ്റുള്ളവർ തോറ്റുമടങ്ങും. പിൽക്കാലത്ത് രാജീവൻ പറഞ്ഞു, ''അന്നങ്ങനെ സംഭവിച്ചത് നന്നായി, അതുകൊണ്ട് ഞാൻ ലോകത്തിന്റെ പല ഭാഗങ്ങളിലുമെത്തി. ശമ്പളമില്ലാത്ത ലീവു തരാൻ യൂനിവേഴ്സിറ്റിക്ക് ബഹുസന്തോഷം.'' അങ്ങനെ അയാൾ പോയി വന്ന വഴികളുടെ ആഖ്യാനമാണ് 'പുറപ്പെട്ടു പോകുന്ന വാക്ക്'. ആ വാക്ക് ഇപ്പോൾ പുറപ്പെട്ടുപോയിരിക്കുന്നു.
ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനംചെയ്ത് എം.ടി പറഞ്ഞു: ''ഞങ്ങളുടെ ഗ്രാമത്തിലൊക്കെ പുറപ്പെട്ടുപോവുക എന്ന് പറഞ്ഞാൽ എങ്ങോട്ടോ പ്രത്യേകിച്ച്് ലക്ഷ്യമൊന്നുമില്ലാതെ പോവുക എന്നാണ്. പക്ഷേ, അങ്ങനെ പോകുന്നവർ പിന്നീട് കുറേക്കാലം കഴിഞ്ഞ് തിരിച്ചു വരും. ചിലർ വരുകയുമില്ല.'' അങ്ങനെ പുറപ്പെട്ടു പോയവരുടെ വാക്കുകളിലൂടെയായിരുന്നു രാജീവന്റെ സാഹിത്യസഞ്ചാരം. താൻ എന്നും ഗർഭപാത്രത്തിലാണെന്നും അവിടെയിരുന്ന് പുറപ്പെട്ടു പോയവരെ അന്വേഷിക്കുകയാണ് താനെന്നുമുള്ള മാനസിക ഘടന രാജീവന്റെ എല്ലാ എഴുത്തിലുമുണ്ട്. അതുതന്നെയാണ് വ്യതിരിക്തമായി എഴുതാൻ അദ്ദേഹത്തെ സഹായിച്ചതും. ഡോം മൊറയ്സ് മുതൽ ഏറ്റവും പുതിയ ഒരെഴുത്തുകാരനോടു വരെ ഒരേപോലെ ആശയവിനിമയത്തിലേർപ്പെടാൻ രാജീവന് കഴിഞ്ഞത് ഈ മനോഘടനയിൽനിന്നു തന്നെയാണ്.
'ഴ' എന്ന അക്ഷരം മേൽമല നായാട്ടിനു പോയ മുത്തച്ഛനാണ് എന്ന് എഴുതുമ്പോൾ പുറപ്പെട്ടുപോയ അക്ഷരങ്ങളെക്കുറിച്ചുള്ള ഒരു ഭാവന രൂപപ്പെടുന്നത് അനുഭവിക്കാനാകും.
രാജീവന്റെ ബന്ധങ്ങളും സൗഹൃദങ്ങളും അത്ഭുതകരമായിരുന്നു. കേരളത്തിലെന്നപോലെ പുറത്തും (ഇന്ത്യക്കു പുറത്തും) സൗഹൃദഭൂപടം നീണ്ടുനിവർന്നു കിടന്നു. എവിടെപ്പോയാലും അയാൾ ചങ്ങാതിക്കൂട്ടത്തിന്റെ നടുവിൽ അതിനെ നയിച്ചുകൊണ്ട് സജീവമായി ഉണ്ടാകും. ഒഡിഷക്കാരനും ജയന്ത് മഹാപത്രയുടെ കവിതകളെക്കുറിച്ചുള്ള പുസ്തകം എഴുതുകയും ചെയ്ത ദുർഗപ്രസാദ് പാണ്ട റായ്ഗഢിൽ കവി വന്നതിനെക്കുറിച്ച് പറഞ്ഞു: റായ്ഗഢ് ലിറ്റററി ഫെസ്റ്റിവലിന് വന്ന രാജീവൻ രണ്ടുദിവസമാണ് അവിടെയുണ്ടായത്. ആ സമയംകൊണ്ട് അദ്ദേഹം താരമായി. 2001ലാണത്. രാജീവനു ചുറ്റുമായിരുന്നു ജനങ്ങൾ. ഫെസ്റ്റിവൽ ഭാരവാഹികൾ രാജീവന്റെ കാര്യങ്ങൾ നോക്കാൻ എന്നെയാണ് ഏൽപിച്ചിരുന്നത്. ആ രണ്ടു ദിസവത്തെ ബന്ധം എന്നേക്കുമായുള്ള ഒന്നായി വളർന്നു: ഇങ്ങനെ ടെലിഫോണിൽ പറഞ്ഞ് ആർക്കും ഉത്തരമില്ലാത്ത ചോദ്യം പാണ്ട ഉന്നയിച്ചു, എന്തേ രാജീവൻ ഇത്ര നേരത്തേ പോയി? വൈ സോ ഏർലി?
രാജീവൻ അതിനുള്ള മറുപടി 'വിലാപം' എന്ന കവിതയിൽ ഇങ്ങനെ നൽകിയിട്ടുണ്ട്:
''ഉറുമ്പുകളാണ്
ആദ്യമെത്തുക,
മൗനം
മുഖം താഴ്ത്തി;
ഓർമയുടെ നനവോ
മധുരമോ തേടി
അവ അരിച്ചു നടക്കും:
മൂർധാവിൽ, കൺതടങ്ങളിൽ
ചുണ്ടിൽ, മുലക്കണ്ണിൽ
അരക്കെട്ടിൽ.
തെരുവുനായ്ക്കളാണ്
പിന്നീടെത്തുക;
ഉണങ്ങിയ ചോരപ്പാടുകൾ
തിരിച്ചറിയാൻ കഴിയാതെ
നക്കിയും മണപ്പിച്ചും
അവ കുരച്ചുചാടും.
എല്ലാവരും പോയ്ക്കഴിഞ്ഞാൽ
കഴുകൻമാർ താഴ്ന്നിറങ്ങിവരും;
കരളിന്റെ ഉറപ്പും
കണ്ണുകളുടെ ആഴവും
ചൂഴ്ന്നറിഞ്ഞ്
അവ ചിറകടിക്കും.
പുഴുക്കൾ
എപ്പോഴും
എവിടെ നിന്നും വരാം;
ഭൂമിയെ
മുഴുവൻ തിന്നാലും
തീരാത്തതാണ്
അവയുടെ വിശപ്പ്.
വേരുകളാണ്
അവസാനമെത്തുക;
ഓരോ മുറിവിലും
രഹസ്യത്തിലും
ആഴ്ന്നിറങ്ങി,
വേദനയും
കയ്പും
കുടിച്ചു കുടിച്ച്
അവ നിശ്ശബ്ദമായി
പൊട്ടിച്ചിരിച്ച്
പൂക്കളാകും.''
വേരുകൾ ലോകത്തിന് പൂക്കൾ നൽകണമല്ലോ. ആ പ്രവൃത്തിക്കുവേണ്ടി അൽപം നേരത്തേ ഞാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ടു തന്നെയാണ് രാജീവൻ കടന്നുപോയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.