ഫെബ്രുവരി നാലിന് വിടവാങ്ങിയ അതുല്യ ഗായിക വാണി ജയറാമിനെ പിന്നണിഗായകനും സംഗീത സംവിധായകനുമായ രാജേഷ് വിജയ് ഓർമിക്കുന്നു.എഴുത്ത്: സജി ശ്രീവത്സം, ചിത്രീകരണം: വിനീത് എസ്. പിള്ളവാണിയമ്മയെന്ന ഗായിക ആരെന്നറിയാതെയാണ് കുട്ടിക്കാലത്ത് അവരുടെ പാട്ടുകൾ ആസ്വദിച്ചത്. എസ്. ജാനകിയെയും ലതാ മങ്കേഷ്കറെയുമൊക്കെ കേട്ടിട്ടുണ്ടെങ്കിലും മറ്റുള്ള ഗായികമാരെ അങ്ങനെ തിരിച്ചറിഞ്ഞിരുന്നില്ല. ചിത്രച്ചേച്ചിയൊക്കെ...
ഫെബ്രുവരി നാലിന് വിടവാങ്ങിയ അതുല്യ ഗായിക വാണി ജയറാമിനെ പിന്നണിഗായകനും സംഗീത സംവിധായകനുമായ രാജേഷ് വിജയ് ഓർമിക്കുന്നു.
എഴുത്ത്: സജി ശ്രീവത്സം, ചിത്രീകരണം: വിനീത് എസ്. പിള്ള
വാണിയമ്മയെന്ന ഗായിക ആരെന്നറിയാതെയാണ് കുട്ടിക്കാലത്ത് അവരുടെ പാട്ടുകൾ ആസ്വദിച്ചത്. എസ്. ജാനകിയെയും ലതാ മങ്കേഷ്കറെയുമൊക്കെ കേട്ടിട്ടുണ്ടെങ്കിലും മറ്റുള്ള ഗായികമാരെ അങ്ങനെ തിരിച്ചറിഞ്ഞിരുന്നില്ല. ചിത്രച്ചേച്ചിയൊക്കെ വന്ന ശേഷമാണ് ഓരോരുത്തരുടെയും ഗാനങ്ങൾ പ്രത്യേകമായി കേട്ട് ആസ്വദിക്കുന്നത്. എന്നാൽ, ഇവരുടെയൊക്കെ ഗാനങ്ങൾ ധാരാളമായി മനസ്സിൽ കിടക്കുന്നുണ്ട്; പലയാവർത്തി കേൾക്കുകയും പാടുകയുമൊക്കെ ചെയ്യുന്നുണ്ട്.
ഇളയരാജയുടെ ‘പുന്നകൈ മന്നനി’ലെ ‘‘കവിതൈ കേള്ങ്കൾ കറുവിൽ പിറന്തത് യാര്’’ എന്ന ഗാനത്തിലൂടെയാണ് യഥാർഥത്തിൽ വാണി ജയറാമിന്റെ ഗാനങ്ങൾ വ്യത്യസ്തമായി തിരിച്ചറിയാൻ തുടങ്ങിയത്. പിന്നീടാണ് പഴയകാലത്ത് അവർ പാടിയ നിരവധി ഗാനങ്ങൾ യഥാർഥ ആസ്വാദ്യതയോടെ കേൾക്കുന്നത്. വാണിയമ്മയുടെ ശൈലിയും ശബ്ദത്തിലും ആലാപനത്തിലുമുള്ള പ്രത്യേകത ഓരോരോ ഗാനങ്ങളിലൂടെ തിരിച്ചറിയുകയായിരുന്നു. സലിൽ ചൗധരിയുടെ ‘‘ധും തന ധുതനന ധുംന ധുംന ചിലങ്കേ’’ എന്ന മനോഹരമായ ഗാനം എത്ര വശ്യതയോടെയാണ്, എത്ര അനായാസമായാണ് അവർ പാടിയിരിക്കുന്നത് എന്നതൊക്കെ ഞാൻ പാടിത്തുടങ്ങിയിട്ടാണ് കൂടുതലായി മനസ്സിലാക്കുന്നത്. അങ്ങനെ എണ്ണം പറഞ്ഞ ഗായകർക്കൊപ്പം വാണിയമ്മയുടെ ഗാനങ്ങളും മനസ്സിൽ കുടിയേറി. വർഷങ്ങളായി മുടങ്ങാതെ കേൾക്കുന്നൊരു ഗാനമുണ്ട്; ജോൺസൺ മാഷിന്റെ ‘‘ഏതോ ജന്മകൽപനയിൽ...’’ ആഴ്ചയിൽ നാലഞ്ചു തവണ ഇന്നും മുടങ്ങാതെ കേൾക്കുന്നുണ്ട് ആ ഗാനം. അത്രയധികം അനുഭൂതിയാണ് അത് തരുന്നത്. അപ്രതീക്ഷിതമായി വാണിയമ്മ നമ്മെ വിട്ടുപോകുമ്പോഴാണ് ഞാൻ ചിന്തിക്കുന്നത്. എന്തുകൊണ്ടാണ് ആ ഗാനം ഇത്രത്തോളം മനസ്സിനെ ആകർഷിച്ചത്?
കെ.എസ്. ചിത്രയ്ക്കൊപ്പം വാണി ജയറാം
നല്ല വരികളാണ്, എന്നാൽ, അതിന്റെ അർഥതലങ്ങളിലൂടെയൊന്നും ഞാൻ സഞ്ചരിക്കാറില്ല, ജോൺസൺ മാഷിന്റെ വശ്യമാർന്ന ഈണം. എന്നാൽ, ആ ഈണം എന്റെ മനസ്സിനെ ഉണർത്തുന്നത് വാണിയമ്മയുടെ ശബ്ദമാണ്. ഓരോ വാക്കിനും അവർ കൊടുത്ത വികാരഭാവമാണ്. അതിനായി അവർ ഉള്ളിലാവാഹിച്ച സംഗീതമാണ്. അങ്ങനെയുള്ളവരെയാണ് നാം മഹത്തായ ഗായകർ എന്ന് വിളിക്കുന്നത്. ഇങ്ങനെ എത്രയെത്ര ഗാനങ്ങൾ വാണിയമ്മ നമുക്കായി പാടിത്തന്നു. ഇളയരാജയുടെ ‘‘ഇൻട്രെയ്ക്ക് ഏനിനന്ത ആനന്ദമേ’’ എന്ന ഗാനവും ഇതുപോലെ ഇന്നും ആവർത്തിച്ചാവർത്തിച്ച് കേൾക്കുന്നതാണ്. സ്വരങ്ങൾ പാടുമ്പോഴൊക്കെ അവർ പുലർത്തുന്ന ജാഗ്രത, അതിന്റെ പെർഫെക്ഷൻ -വല്ലാതെ ആദരവ് തോന്നിപ്പോയി.
വർഷങ്ങൾക്കു ശേഷം അങ്ങനെ ആ ഭാഗ്യം വന്നുചേർന്നു. ചിത്രച്ചേച്ചിയും ദാസ് സാറും ശങ്കർ മഹാദേവനും ഉൾപ്പെടെ മിക്ക പ്രമുഖ ഗായകർക്കുമൊപ്പം സ്റ്റേജ് ഷോകളിൽ പാടാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ, അവരെപോലെ ആരാധിക്കുന്ന വാണിയമ്മക്കൊപ്പം അതുവരെ പാടാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെയാണ് എനിക്ക് ആ അവസരം കൈവന്നത്. എറണാകുളത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ണിമേനോന്റെ ഷോയിലായിരുന്നു. വാണിയമ്മയാണ് പാടാൻ വന്നത്. ഞാൻ സ്റ്റേജിൽ വന്ന് കണ്ടപ്പോൾതന്നെ എന്റെ മനസ്സിലൂടെ ആ ഗാനങ്ങൾ കടന്നുവന്നു. കണ്ടപാടെ കാലിൽ വീണ് നമസ്കരിച്ചു. എന്നെ പേരു വിളിച്ച് അലിവോടെ സംസാരിച്ചു. ആ മഹാഗായികയുടെ നിർമലമായ സ്നേഹം മനസ്സ് തണുപ്പിച്ചു. ഒപ്പം അവരുടെ ഭർത്താവ് ജയറാം സാറും ഉണ്ടായിരുന്നു. വളരെ കുലീനനായ മനുഷ്യൻ. അദ്ദേഹവുമായും സംസാരിച്ചു. വാണിയമ്മയുടെ പാട്ടുകൾ ഞാൻ സ്റ്റേജിൽനിന്ന് വീക്ഷിച്ചു. ഒരു ഡയറി ഒതുക്കിപ്പിടിച്ച് പാട്ടിലലിഞ്ഞുള്ള ആലാപനം; എത്ര നല്ല സംഗതികളും അനായാസമായി പാടും. ഇടക്കിടെ ഓർക്കസ്ട്രക്കാരെ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കും. ഗാനമേളക്കിടെ പലപ്പോഴും എന്നോട് സംസാരിച്ചു. അതോർക്കുമ്പോൾ അതേ നിർവൃതി ഇപ്പോഴും; ഒരു നോവായി. പ്രോഗ്രാം കഴിഞ്ഞ് കാറിൽ കയറാനായി പുറത്തേക്ക് കൊണ്ടുവിട്ടത് ഞാനായിരുന്നു. എന്നോട് യാത്ര പറഞ്ഞു പോയത് ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നു.
വ്യത്യസ്തമായ ശബ്ദമാണ് വാണിയമ്മയുടെ പാട്ടുകളെ വേറിട്ട് നിർത്തുന്നത്. അതുപോലെ ഉന്നതമായ ക്ലാസിക്കൽ ജ്ഞാനം. കർണാട്ടിക്കും ഹിന്ദുസ്ഥാനിയും ഒരുപോലെ വഴങ്ങും. കേട്ടിട്ടുണ്ട് സ്റ്റുഡിയോയിൽ പാട്ടുകൾ റൊട്ടേറ്റ് ചെയ്താണ് പാടുന്നതെന്ന്. അത് സംഗീത സംവിധായകർക്ക് വളരെ എളുപ്പമാണ്. അതുകൊണ്ടാണല്ലോ സലിൽ ചൗധരിയും ബപ്പി ലാഹിരിയും ഒ.പി. നയ്യാരും പോലെയുള്ള മഹാൻമാരായ സംഗീതസംവിധായകർ അവരെക്കൊണ്ട് പാട്ടുകൾ പാടിച്ചിട്ടുള്ളത്. ചില പാട്ടുകൾ കേൾക്കുമ്പോൾ ഇത് വാണിയമ്മക്കായി അറിഞ്ഞ് കൊടുത്തതാണെന്ന് തോന്നും; അത്രത്തോളം ആ ഗാനം ശബ്ദത്തിലലിയുന്നു.
‘‘ഇൻട്രെയ്ക്ക് ഏനിന്ത’’ പോലുള്ള ഇളയരാജയുടെ പല പാട്ടുകളും അങ്ങനെയാണ്. ‘‘സൗരയൂഥത്തിൽ വിരിഞ്ഞൊരു സൗവർണ സൗഗന്ധികമാണീ ഭൂമി’’ എന്ന ഗാനം അവർ ആദ്യമായി മലയാളത്തിൽ പാടിയതാണ്. എന്നാൽ, നമുക്ക് ചിരപരിചിതയായ ഒരു പാട്ടുകാരി പാടിയതുപോലെയാണ് മലയാളികൾ അത് സ്വീകരിച്ചത്. അവർ പാടിയ ഓരോ പാട്ടും കാലം വീണ്ടും അനുസ്മരിക്കും. മലയാളം ഉള്ളിടത്തോളം ആസ്വദിക്കാവുന്ന പാട്ടുകൾ തന്നെയാണ് ആ മഹാഗായിക നമുക്ക് സമ്മാനിച്ച് മടങ്ങിയത്. അത്രയധികം റൊമാന്റിക് ഗാനങ്ങൾ മലയാളം അവർക്ക് സമ്മാനിച്ചിട്ടില്ല. അത് എന്തുകൊണ്ടാണെന്നറിയില്ല. എത്രയോ ഗാനങ്ങൾ ഇനിയും അവർ പാടേണ്ടിയിരുന്നു എന്ന് തോന്നിപ്പോവുകയാണ്.
♦
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.