എൺപതുകളുടെ മധ്യത്തിലാണ് എസ്.വി. വേണുഗോപൻ നായരെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം ചേർത്തല എൻ.എസ്.എസ് കോളജിലെ അധ്യാപകനായിരുന്നു. ഞാൻപഠിച്ച കലാലയത്തിലെ ഒരു സാഹിത്യസമ്മേളനത്തിന് ക്ഷണിക്കാനായി പോയപ്പോഴാണ് ആ ഊഷ്മളബന്ധം ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ കേരള യൂനിവേഴ്സിറ്റി ലൈബ്രറിയിലെ കേരളവിഭാഗത്തിൽ, ലൈബ്രേറിയൻ വേലപ്പൻ...
എൺപതുകളുടെ മധ്യത്തിലാണ് എസ്.വി. വേണുഗോപൻ നായരെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം ചേർത്തല എൻ.എസ്.എസ് കോളജിലെ അധ്യാപകനായിരുന്നു. ഞാൻപഠിച്ച കലാലയത്തിലെ ഒരു സാഹിത്യസമ്മേളനത്തിന് ക്ഷണിക്കാനായി പോയപ്പോഴാണ് ആ ഊഷ്മളബന്ധം ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ കേരള യൂനിവേഴ്സിറ്റി ലൈബ്രറിയിലെ കേരളവിഭാഗത്തിൽ, ലൈബ്രേറിയൻ വേലപ്പൻ നായരുടെ സാന്നിധ്യത്തിൽവെച്ച് പലപ്പോഴും കണ്ടുമുട്ടിയിരുന്നു. ചിലപ്പോൾ ശ്രീവരാഹം ബാലകൃഷ്ണനും ഉണ്ടാവും. ഒരു വിദ്യാർഥിയായ എന്നെ ആ പരിഗണന നൽകാതെ സമശീർഷനായാണ് അവർ കണ്ടത്. ചരിത്രം, സാഹിത്യം എല്ലാം ആ ചെറിയ സദസ്സിൽ സജീവമായിരുന്നു. ഒരു പാട് വ്യക്തികളെയും ചരിത്രസന്ദർഭങ്ങളെയും മനസ്സിലാക്കിയത് ഈ പ്രതിഭാശാലികളിൽനിന്നാണ്. ഒരു ടെലിവിഷൻ ചാനലിനുവേണ്ടി എസ്.വിയുമായി ദീർഘമായി സംസാരിച്ചു. ജീവിതത്തിന്റെ നിരവധി വഴികൾ അന്ന് തുറന്നിട്ടു.
എസ്.വിയുടെ ജീവിതം എന്നും കഥകൾക്കുള്ളിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. കഥയായിരുന്നു വഴിയും വെളിച്ചവും. കഥയുടെ ചെറുവൃത്തത്തിൽ ജീവിക്കാനായിരുന്നു എന്നും ആഗ്രഹിച്ചത്. തന്റെ പ്രതിഭയുടെ പ്രകാശനത്തിന് ചെറുകഥ എന്ന മാധ്യമം മതി എന്ന് തീരുമാനിക്കുകയായിരുന്നു. ടി. പത്മനാഭന്റെയും സി.വി. ശ്രീരാമന്റെയും പാരമ്പര്യത്തിലൂടെയാണ് എസ്.വി സഞ്ചരിച്ചത്. ബ്രഹത്തായ നോവലുകൾ എഴുതാനുള്ള കഥകളും അനുഭവങ്ങളും ആ ജീവിതത്തിൽ ഉണ്ടായിരുന്നു. അത് സൃഷ്ടിക്കാനുള്ള സർഗാത്മക കരുത്തും ഉണ്ടായിരുന്നു. പക്ഷേ, നോവൽ സംഭവിച്ചില്ല. ഒരിക്കൽ ജി.ആർ. ഇന്ദുഗോപൻ അദ്ദേഹത്തോട് ചോദിച്ചു, ''എന്തേ നോവൽ എഴുതാത്തത്?'' എസ്.വി പറഞ്ഞു: ''സംശയമെന്ത്? സി.വി ഉണ്ടാക്കിയ നോവൽ സങ്കൽപം തന്നെ. അപ്പുറത്ത് സഹ്യൻ. ഇപ്പുറത്തു വേറൊരു പർവതംപോലെ സി.വി. പർവതമെന്നല്ല, ഭാഷാരാക്ഷസൻ എന്ന് സ്നേഹപൂർവം വിളിക്കാം. രണ്ടു ഭാഗങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന കഥകൾവരെ എഴുതി. അതിനപ്പുറം കടക്കാനായില്ല. മൂപ്പിലാൻ പേടിപ്പിച്ചു നിർത്തിയിരിക്കുകയാണ്. മലബാറിൽ ചന്തുമേനോനെ ഭേദിക്കാൻ എളുപ്പമായിരുന്നു. സൂരി നമ്പൂതിരിപ്പാട് എന്നൊരു കഥാപാത്രത്തെ വിട്ടാൽ, 'ഇന്ദുലേഖ' സാധാരണ പ്രണയകഥയാണ്. ഭാഷയും ലളിതം. അതുകൊണ്ടാണ്, നോവലിന്റെ മാനസികഭാവങ്ങളിൽ ഉറൂബിന് വിജയം നേടാനായത്. തെക്കാകട്ടെ തുടക്കംതന്നെ സി.വി എന്ന മഹാസ്വരൂപത്തിലാണ്. ഒരു നാടിന്റെ സർഗശക്തി മുഴുവൻ ആവാഹിച്ചുകൊണ്ട് ആകാശഛേദിയായ ഒരു മഹാസ്വരൂപം ആവിർഭവിച്ചാൽ പിന്നെ അതുപോലെ മറ്റൊന്ന് ഉണ്ടായിവരാൻ നൂറ്റാണ്ടുകൾ പിടിക്കും'' (വളവുകൾ ഇല്ലാത്ത പുഴ /അഭിമുഖം).
അറുപതുകളുടെ മധ്യത്തോടെയാണ് എസ്.വി കഥ എഴുതിത്തുടങ്ങുന്നത്. മലയാളത്തിൽ ആധുനികതയുടെ പ്രഭാതരശ്മികൾ പടർന്ന കാലം. സക്കറിയ, എം. സുകുമാരൻ, പത്മരാജൻ തുടങ്ങിയവർ എഴുതിത്തുടങ്ങിയ കാലം. അവരുടെ വഴികളിലൂടെ ആയിരുന്നില്ല എസ്.വി സഞ്ചരിച്ചത്. ആധുനികതയെ വിമർശനാത്മകമായി സമീപിക്കുകയാണ് ഈ എഴുത്തുകാരൻ ചെയ്തത്. ആധുനികതാ വാദത്തിന്റെ ദാർശനിക സമസ്യകളെ ഉൾക്കൊണ്ടില്ല. അസ്തിത്വാന്വേഷണം, നിരാശാബോധം തുടങ്ങിയ ആധുനികതയുടെ സ്വഭാവങ്ങളോട് താൽപര്യം പുലർത്തിയില്ല. ആധുനിക കഥയുടെ രീതികളെയും സമ്പ്രദായങ്ങളെയും വിമർശിക്കുന്ന കഥയാണ് ആദ്യം എഴുതിയത്, 'ചെറുകഥ എഴുതാനറിയാമോ?'. മദിരാശിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്വേഷണം മാസികയിലാണ് കഥ പ്രസിദ്ധീകരിച്ചത്. നമ്മുടെ കഥാസാഹിത്യത്തിൽ ഒരു വിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് ആധുനികത വന്ന കാലത്ത് എഴുതിയ കഥയാണിതെന്ന് എസ്.വി എഴുതിയിട്ടുണ്ട്. എസ്.വി പറയുന്നു, ''എനിക്ക് ആദ്യം ഈ കാക്കനാടനെയോ സക്കറിയയെയോ ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അപ്പോൾ അതിനെ കളിയാക്കിക്കൊണ്ടാണ് ആ കഥ എഴുതിയത്. കഥ എഴുത്തിന്റെ കഥയായിരുന്നു അത്. ഒന്നും മനസ്സിലാക്കരുത് എന്നാണ് പത്രാധിപർ ആ കഥയിൽ കഥാകൃത്തിനു കൊടുക്കുന്ന നിർദേശം'' (ഏകാന്തപഥികനായ കഥാകാരൻ /അശോകൻ ചരുവിൽ അഭിമുഖം). പിന്നീടും 'അന്വേഷണ'ത്തിൽ നിരവധി കഥകൾ എഴുതി. തിരുവനന്തപുരത്തുനിന്ന് ഇ.എൻ. മുരളീധരൻ നായർ പ്രസിദ്ധീകരിച്ചിരുന്ന 'യുഗരശ്മി'യിലും കഥകൾ എഴുതി. എസ്.വിയുടെ ആദ്യകാല കഥകൾ വന്നത് ഇത്തരം സമാന്തര മാസികകളിലായിരുന്നു. പിന്നീടാണ് മുഖ്യധാര മാസികകളിലേക്ക് എത്തിയത്.
എസ്.വി. വേണുഗോപൻ നായർ കേരള സാഹിത്യ അക്കാദമി അവാർഡ് (1990) സ്വീകരിക്കുന്നു
എസ്.വി എന്ന എഴുത്തുകാരനെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന സവിശേഷത, ആ ഭാഷയുടെ സൗന്ദര്യവും അസാധാരണത്വവുമാണ്. തെക്കൻ തിരുവിതാംകൂറിൽ ജനിച്ച എസ്.വി ആ നാടിന്റെ സംസ്കാരത്തിൽ പതിഞ്ഞുപോയ ഭാഷയുടെ ജൈവസാധ്യതകളെ കണ്ടെത്തുകയാണ് ചെയ്തത്. സി.വി. രാമൻപിള്ളക്കു ശേഷം ആരും എഴുത്തിൽ സജീവമായി ഉപയോഗിക്കാത്ത ഭാഷാരീതിയെയാണ് പുനരാനയിച്ചത്. വള്ളുവനാടൻ ഭാഷയുടെ മാസ്മരിക കാന്തിയിൽ ലയിച്ച മലയാളി വായനക്കാരന് മുന്നിലേക്കാണ് വേറിട്ട ഭാഷയുടെ പ്രകാശരശ്മികൾ പതിച്ചത്. ഈ ഭാഷ സാധാരണ വായനക്കാരന് പരിചിതമായിരുന്നില്ല. അതുകൊണ്ട് ആദ്യകാല കഥകളിൽ, 'കൊപ്ലൻ'പോലുള്ള കഥകളിൽ, നീണ്ട ടിപ്പണി ചേർത്തിരുന്നു. ഭാഷയുടെ ഈ വേറിട്ട പാരമ്പര്യത്തിൽ എസ്.വി ലയിച്ചുചേരുകയായിരുന്നു. ഈ ഭാഷയെക്കുറിച്ച് ധാരാളം നിരീക്ഷണങ്ങളുണ്ടായി. ഡോ. ഡി. ബഞ്ചമിൻ എഴുതുന്നു: ''എസ്.വി കഥ പറഞ്ഞിരുന്നത് സ്വന്തം ഭാഷയിലാണ്. തെക്കൻ തിരുവിതാംകൂറിന്റെ നിലവാരപ്പെട്ട ഭാഷയാണ് അതിന്റെ ഭൂമിക. വ്യത്യസ്ത പ്രമേയങ്ങൾ ഫലപ്രദമായി ആവിഷ്കരിക്കാൻ വേണ്ടത്ര വൈചിത്ര്യം ആ ഭാഷയിൽ വരുത്തിയിട്ടുണ്ടു താനും. ആഖ്യാനഭാഷയിൽ വമ്പിച്ച പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള എഴുത്തുകാരനാണ് അദ്ദേഹം. സാധാരണ ഗദ്യത്തിന് സഹജമല്ലാത്ത തികച്ചും സ്പർശക്ഷമമായ താളത്തിൽ പതിഞ്ഞുപോയ കഥകൾ പലതുമുണ്ട് അക്കൂട്ടത്തിൽ -ആദിശേഷൻ പോലെ'' (പ്രതിഭയുടെ രൂപാന്തരപ്രാപ്തി). തെക്കൻ ഭാഷയിൽ അഭിരമിക്കുമ്പോഴും മാറ്റൊരു കാവ്യാത്മക ഭാഷ എസ്.വി രൂപപ്പെടുത്തുന്നുണ്ട്. അതിന്റെ സാക്ഷ്യമാണ് 'തിക്തം', 'തീക്ഷ്ണം', 'തിമിരം' എന്നീ മൂന്നു കഥകൾ ചേർന്ന കഥാസംയുക്തം. ആ കഥകളുടെ ആഖ്യാനത്തിലും വിവരണങ്ങളിലും എല്ലാം ഒരു കവിയുടെ സാന്നിധ്യം കാണാം. വ്യത്യസ്തമായ ഈ കഥകളെ ബന്ധിപ്പിക്കുന്നതുതന്നെ കാവ്യാത്മക അനുഭവങ്ങൾതന്നെയാണ്. കെ.വി. രാമകൃഷ്ണൻ എഴുതുന്നു: ''മലയാള കഥാസാഹിത്യത്തിലെ അനന്വയമായ, കരുത്തുള്ള ഒരു ഖണ്ഡകാവ്യമെന്ന് ഈ കൃതിയെ ഞാൻ വിളിക്കട്ടെ. പഞ്ചേന്ദ്രിയങ്ങളും ഉണർന്ന് കാവ്യം അനുഭവിക്കാനുള്ള കൗതുകം നഷ്ടപ്പെട്ടിട്ടില്ലാത്ത അനുഭോക്താക്കൾക്ക് ആവർത്തിച്ച് വായിച്ചനുഭവിക്കാനുള്ള അപൂർവരചനയായി ഞാൻ ഇത് നിർദേശിക്കുകയും ചെയ്യട്ടെ.'' വിഭിന്ന അടരുകളുള്ള എസ്.വിയുടെ ഭാഷാസ്വരൂപത്തെക്കുറിച്ച് വിശദമായ പഠനങ്ങൾ സാധ്യമാവേണ്ടതാണ്.
ജീവിതം തിരയടിക്കുന്ന കഥാസരിത് സാഗരമാണ് എസ്.വിയുടെ കഥാപ്രപഞ്ചം. 1967മുതൽ 2017 വരെയുള്ള അമ്പത് വർഷത്തിനിടയിൽ നൂറ്റി അറുപതോളം കഥകൾ എഴുതി. വിഭിന്ന ജീവിതപരിസരങ്ങളും വ്യത്യസ്ത കാലങ്ങളും വേറിട്ട അനുഭവതീക്ഷ്ണതയുമാണ് ഈ വിശാല കഥാലോകത്ത് കാണാൻ കഴിയുന്നത്. അനുകരണത്തിന്റെ അധിനിവേശമോ ആവർത്തനത്തിന്റെ വിരസതയോ പ്രത്യക്ഷമല്ല. എഴുത്തിന്റെ നൈസർഗികതയിൽ കാലത്തിന്റെ മഷി പുരണ്ടതാണ് എസ്.വിയുടെ ഓരോ കഥയും. ചരിത്രത്തിന്റെ സാധ്യതകളെ ഭാഷയിലേക്ക് ലയിപ്പിച്ചെടുക്കുന്ന രസതന്ത്രമാണ് എസ്.വി എന്നും പിന്തുടർന്നത്. 'ഒറ്റപ്പാലം', 'എരുമ', 'ആദിശേഷൻ', 'റബ്ബർ', 'ഭൂമിപുത്രന്റെ വഴി', 'ഒരു പെണ്ണെഴുത്ത്', 'പ്രമീള' തുടങ്ങി പ്രസിദ്ധമായ കഥകൾ വായനയിൽ ആസക്തിയും അഭിനിവേശവും സൃഷ്ടിക്കുന്നവയാണ്. മലയാള കഥാചരിത്രത്തെ എക്കാലത്തും പ്രകാശഭരിതമാക്കാൻ ഈ കഥകൾക്ക് കഴിയും. കഥകൾക്കുള്ളിലും പുറത്തും സൃഷ്ടിച്ചിരിക്കുന്ന അസാധ്യ സർഗസാധനകൾ കാലാന്തര അതിജീവനത്തിന് ഊർജം നൽകുന്നു.
ഒരു ചോദ്യം ഇേപ്പാഴും അവശേഷിക്കുന്നു, ഈ കഥകളെ സവിശേഷതകളുടെ സമാഹാരമായി പരിഗണിക്കുമ്പോഴും നിരൂപണത്തിന്റെ വിശകലന പരിചരണമോ അന്വേഷണ പഠനങ്ങളുടെ ധ്യാനദീപ്തിയോ അവക്ക് എന്തുകൊണ്ട് ലഭിച്ചില്ല? ചരിത്രത്തിന്റെ ആഘോഷ ഘോഷയാത്രകളിൽ എസ്.വിയുടെ കഥകളെ ചേർത്തുനിർത്താറില്ല. 'തെക്കൻ ഭാഷയുടെ പ്രകാശകൻ' എന്ന പാർശ്വവത്കരണമാണ് പലപ്പോഴും ചാർത്തിക്കൊടുക്കുന്നത്. അതുകൊണ്ട് എസ്.വി. വേണുഗോപൻ നായർ എന്ന മലയാളി കഥാകാരനെ ചരിത്രത്തിന്റെ പൊതുധാരയിൽ പ്രതിഷ്ഠിക്കുന്ന കാലധർമമാണ് ഇനി നാം നിർവഹിക്കേണ്ടത്. അത് സാധ്യമാകും എന്ന് കരുതാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.