ചെറിയ ജയിലിൽനിന്ന്​ വലുതിലേക്കുള്ള സ്വാതന്ത്ര്യം

ജാമ്യവ്യവസ്​ഥയിൽ എന്തായിരിക്കും ഒരു രാഷ്​ട്രീയ തടവുകാര​​ന്റെ /തടവുകാരിയുടെ ജീവിതം? മാവോവാദിയെന്നാരോപിക്കപ്പെട്ട്​ തടവറയിലടക്കപ്പെട്ട ഷൈന ജയിൽമോചിതയായിട്ട്​ നാല്​ വർഷം കഴിഞ്ഞു. പക്ഷേ, ജാമ്യവ്യവസ്​ഥകൾ വലിയ ഒരു ജയിൽ സൃഷ്​ടിച്ചിരിക്കുന്നുവെന്ന്​ അവർ എഴുതുന്നു.നി​ങ്ങ​ൾ ഈ ​നി​മി​ഷം​ മു​ത​ൽ സ്വ​ത​ന്ത്ര​നാ​ണ്. നി​ങ്ങ​ൾ​ക്ക്​ സ്വ​ത​ന്ത്ര​ലോ​ക​ത്തേ​ക്ക് പോ​കാം!സ്വ​ത​ന്ത്ര​ൻ..! സ്വ​ത​ന്ത്ര ലോ​കം..! ഏ​തു സ്വ​ത​ന്ത്ര ലോ​കം?വ​ൻ ജ​യി​ലി​ലേ​ക്കു വേ​ണ​മ​ല്ലോ പോ​കാ​ൻ! ആ​ർ​ക്കു​വേ​ണം ഈ ​സ്വാ​ത​ന്ത്ര്യം?ഈ ​ബ​ഷീ​റി​യ​ൻ ചോ​ദ്യ​ത്തെ വി​ര​ഹി​യാ​യ ഒ​രു...

ജാമ്യവ്യവസ്​ഥയിൽ എന്തായിരിക്കും ഒരു രാഷ്​ട്രീയ തടവുകാര​​ന്റെ /തടവുകാരിയുടെ ജീവിതം? മാവോവാദിയെന്നാരോപിക്കപ്പെട്ട്​ തടവറയിലടക്കപ്പെട്ട ഷൈന ജയിൽമോചിതയായിട്ട്​ നാല്​ വർഷം കഴിഞ്ഞു. പക്ഷേ, ജാമ്യവ്യവസ്​ഥകൾ വലിയ ഒരു ജയിൽ സൃഷ്​ടിച്ചിരിക്കുന്നുവെന്ന്​ അവർ എഴുതുന്നു.

നി​ങ്ങ​ൾ ഈ ​നി​മി​ഷം​ മു​ത​ൽ സ്വ​ത​ന്ത്ര​നാ​ണ്.

നി​ങ്ങ​ൾ​ക്ക്​ സ്വ​ത​ന്ത്ര​ലോ​ക​ത്തേ​ക്ക് പോ​കാം!

സ്വ​ത​ന്ത്ര​ൻ..! സ്വ​ത​ന്ത്ര ലോ​കം..!

ഏ​തു സ്വ​ത​ന്ത്ര ലോ​കം?

വ​ൻ ജ​യി​ലി​ലേ​ക്കു വേ​ണ​മ​ല്ലോ പോ​കാ​ൻ!

ആ​ർ​ക്കു​വേ​ണം ഈ ​സ്വാ​ത​ന്ത്ര്യം?

ഈ ​ബ​ഷീ​റി​യ​ൻ ചോ​ദ്യ​ത്തെ വി​ര​ഹി​യാ​യ ഒ​രു പ്ര​ണ​യി​യു​ടെ പ്ര​ശ്ന​മെ​ന്ന​നി​ല​ക്ക​ല്ല, സ്വാ​ത​ന്ത്ര്യ​മെ​ന്ന സ​ങ്ക​ൽ​പ​ന​ത്തി​​​ന്റെ വി​വ​ക്ഷ​ക​ളെ​ക്കു​റി​ച്ചും ആ​പേ​ക്ഷി​ക​ത​യെ​ക്കു​റി​ച്ചു​മു​ള്ള വി​ശാ​ല​മാ​യ ഒ​രു സൈ​ദ്ധാ​ന്തി​ക അ​ന്വേ​ഷ​ണ​മാ​യി​ട്ടാ​ണ് ന​മ്മ​ൾ പ​രി​ഗ​ണി​ക്കാ​റു​ള്ള​ത്. മ​തി​ലു​ക​ൾ​ക്കു പു​റ​ത്തു​ള്ള സ്വ​ത​ന്ത്ര​മെ​ന്നു​ ക​രു​ത​പ്പെ​ടു​ന്ന ലോ​കം ആ​പേ​ക്ഷി​ക​മാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്റേ​താ​ണെ​ന്നും മ​തി​ലു​ക​ളും അ​ദൃ​ശ്യ​മാ​യ ത​ട​വ​റ​ക​ളും അ​വി​ടെ​യു​ണ്ടെ​ന്നും മ​ന​സ്സി​ലാ​ക്കാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടി​ല്ല; പ്ര​ത്യേ​കി​ച്ചും ഒ​രു അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന ന​മ്മു​ടെ നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക്. ഇ​തി​നു​മെ​ത്ര​യോ കാ​ലം മു​മ്പുത​ന്നെ വ​യ​ലാ​ർ ക​റു​ത്ത ച​ക്ര​വാ​ള​മ​തി​ലു​ക​ൾ ചൂ​ഴും കാ​രാ​ഗൃ​ഹ​മാ​ണീ ഭൂ​മി എ​ന്ന് എ​ഴു​തി​യി​രു​ന്നു. അ​ങ്ങ​നെ​യാ​യി​രി​ക്കേ രാ​ജ്യ​േ​ദ്രാ​ഹി​യെ​ന്ന് മു​ദ്ര​കു​ത്ത​പ്പെ​ടു​ക​യും ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ യു​ദ്ധം​ചെ​യ്ത അ​പ​ക​ട​കാ​രി​യാ​യ ത​ട​വു​കാ​രി​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ക​യും ഒ​രാ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ജ​യി​ലി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പാ​ര​ത​ന്ത്ര്യ-സ്വാ​ത​ന്ത്ര്യ ദ്വ​ന്ദ്വ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള വ്യ​ത്യാ​സം താ​ര​ത​മ്യേ​ന ഇ​ടു​ങ്ങി​യ​താ​വാ​തെ ത​ര​മി​ല്ല.

രൂപേഷിനെയും ഷൈനയെയും കോടതിയിൽ ഹാജരാക്കുന്നു.

2015 മേ​യ്​ 4നാ​ണ് ഞാ​ൻ അ​റ​സ്റ്റ്ചെ​യ്യ​പ്പെ​ടു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ കോ​യ​മ്പ​ത്തൂ​രി​ലെ ഒ​രു ചാ​യ​ക്ക​ട​യി​ൽ ഇ​രു​ന്ന് ചാ​യ കു​ടി​ക്കു​മ്പോ​ഴാ​ണ് എ​ന്നെ​യും രൂ​പേ​ഷിനെ​യും മ​റ്റു മൂ​ന്നു​ പേ​രോ​ടൊ​പ്പം അ​റ​സ്റ്റ്ചെ​യ്ത​തെ​ന്ന് േപ്രാ​സി​ക്യൂ​ഷ​ൻ ത​ന്നെ പ​റ​യു​ന്നു​ണ്ട്. (പി​ണ​റാ​യി വി​ജ​യ​ൻ സ​ഖാ​വ് ആ​യി​രു​ന്നെ​ങ്കി​ൽ ചി​ല​പ്പോ​ൾ ചാ​യ കു​ടി​ക്കാ​ൻ പോ​യ​താ​യ​തു​കൊ​ണ്ട് ഞ​ങ്ങ​ളെ അ​റ​സ്​​റ്റ്ചെ​യ്യാ​തെ വി​ട്ടേ​നേ!) ചാ​യ​ക്ക​ട​യി​ൽ ഇ​രു​ന്നു​കൊ​ണ്ട് ത​മി​ഴ്നാ​ട്, കേ​ര​ളം, ക​ർ​ണാ​ട​ക എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ന​ട​ത്താ​ൻ പോ​കു​ന്ന വി​ധ്വം​സ​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ഞ​ങ്ങ​ൾ പ്ലാ​ൻ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും ഇ​ത്ത​രം കേ​സു​ക​ളി​ൽ പ​തി​വു​ള്ള​തു​പോ​ലെ പൊ​ലീ​സു​കാ​രും വി​ല്ലേ​ജ് അ​സി​സ്​​റ്റ​ന്റ് ഓ​ഫി​സ​റും ഇ​തെ​ല്ലാം ഞ​ങ്ങ​ളു​ടെ പി​റ​കി​ൽ കു​ത്തി​യി​രു​ന്ന് കേ​ട്ടു എ​ന്നു​മാ​ണ് ആ​രോ​പ​ണം. വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റ് ഓ​ഫി​സ​ർ​ക്ക് ഇ​വി​ടെ​ന്തു കാ​ര്യ​മെ​ന്നു ചോ​ദി​ക്ക​രു​ത്. ത​മി​ഴ്നാ​ട്ടി​ലെ ഒ​രു പ​ഴ​യ ആ​ചാ​ര​ത്തി​​​ന്റെ ബാ​ക്കി​യാ​ണ​ത്. അ​റ​സ്​​റ്റ്ചെ​യ്ത് പി​റ്റേ​ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​റ​സ്​​റ്റ്ചെ​യ്യ​പ്പെ​ടു​മ്പോ​ൾ എ​​​ന്റെ പേ​രി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് ഒ​രു കേ​സാ​യി​രു​ന്നു. അ​താ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ലു​മാ​യി​രു​ന്നു. അ​റ​സ്റ്റു​ചെ​യ്ത കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചാ​ലും പു​റ​ത്തു പോ​കാ​തി​രി​ക്കാ​നാ​യി ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി​യി​രു​ന്നു. ഒ​രു വ​ർ​ഷം ക​രു​ത​ൽ ത​ട​ങ്ക​ൽ ചു​മ​ത്തു​ന്ന ഈ ​നി​യ​മ​ത്തി​ൽ ഞ​ങ്ങ​ളെ ത​ള​ച്ചി​ടാ​ൻ ഒ​രു റി​വ്യൂ​ബോ​ർ​ഡി​​​ന്റെ അ​നു​മ​തി​കൂ​ടെ​വേ​ണം. ഈ ​റി​വ്യൂ​ബോ​ർ​ഡി​​​ന്റെ ത​ല​വ​ൻ ഒ​രു ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​റാ​ണ്. ഗു​ണ്ടാ ആ​ക്ട് തു​ട​ങ്ങി​യ പ​ല ക​രു​ത​ൽ ത​ട​ങ്ക​ൽ നി​യ​മ​ങ്ങ​ൾ​ക്കും പൊ​തു​വാ​യ റി​വ്യൂ​ബോ​ർ​ഡാ​ണ് ഇ​ത്. ഈ ​ബോ​ർ​ഡി​നു മു​ന്നി​ൽ ന​മു​ക്ക് സ്വ​യം വാ​ദി​ക്കാ​ന​ല്ലാ​തെ ഒ​രു വ​ക്കീ​ലി​നെ വെ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ന​മ്മു​ടെ അ​ടു​ത്ത ഒ​രു ബ​ന്ധു​വി​നോ മ​ക്ക​ൾ​ക്കോ ബോ​ർ​ഡി​നു മു​ന്നി​ൽ ഹാ​ജ​രാ​യി ന​മു​ക്കു​വേ​ണ്ടി സം​സാ​രി​ക്കാ​വു​ന്ന​താ​ണ്. ഞ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഞ​ങ്ങ​ളു​ടെ മ​ക്ക​ളാ​ണ് വ​ന്ന​ത്. ബോ​ർ​ഡി​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ചെ​ന്ന​പ്പോ​ൾ പൊ​ലീ​സു​കാ​ര​ൻ ആ ​മു​റി​യി​ൽ ക​ട​ക്കു​ന്ന​തി​നു മു​മ്പ് ചെ​രി​പ്പു​ക​ൾ അ​ഴി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ഞ​ങ്ങ​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി​മു​റി​ക്ക​ക​ത്ത് മ​റ്റു​ള്ള​വ​രെ​ല്ലാം ചെ​രി​പ്പി​ടു​മ്പോ​ൾ ഞ​ങ്ങ​ൾ മാ​ത്രം ചെ​രി​പ്പു അ​ഴി​ച്ചു​മാ​റ്റ​ണ​മെ​ന്ന് പ​റ​യു​ന്ന​തി​നെ ഞ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ല. ഈ ​ബോ​ർ​ഡ്റി​വ്യൂ​വി​ൽ അ​ത്ഭു​ത​ങ്ങ​ൾ ഒ​ന്നും പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്നും ഇ​ത്​ വെ​റും ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ഏ​ർ​പ്പാ​ടാ​ണെ​ന്നും ഞ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. അ​ഴി​മ​തി​ക്കു​ള്ള മ​റ്റൊ​രു സാ​ധ്യ​ത​യാ​ണീ തു​റ​ക്കു​ന്ന​തെ​ന്നാ​ണ് ജ​യി​ൽ​ജീ​വി​ത​ത്തി​നി​ട​യി​ൽ ക​ണ്ടു​മു​ട്ടി​യ പ​ല​രി​ൽ​നി​ന്നും അ​റി​ഞ്ഞ​ത്. ഞ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് ഒ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ലെ​ന്നും ഈ ​അ​റ​സ്​​റ്റി​നു മു​മ്പ് ഞ​ങ്ങ​ളെ മു​മ്പ് അ​റ​സ്റ്റു​ചെ​യ്യു​ക​യോ ശി​ക്ഷി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ത് ക​ള്ള​ക്കേ​സാ​ണെ​ന്നും ഞ​ങ്ങ​ൾ വാ​ദി​ച്ചു. അ​തി​നു മ​റു​പ​ടി​യാ​യി എ​നി​ക്ക് ജ​ഡ്ജി കാ​ണി​ച്ചുത​ന്ന​ത്​ രൂ​പേ​ഷി​​​ന്റെ സാ​യു​ധ​വേ​ഷ​ത്തി​ലു​ള്ള ഒ​രു ഫോ​ട്ടോ​യാ​ണ്. ആ ​ഫോ​ട്ടോ​യു​ടെ മൗ​ലി​ക​ത പ​രി​ശോ​ധി​ക്കാ​ൻ ഈ ​റി​വ്യൂ ബോ​ർ​ഡി​ന് സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​തൊ​രു തെ​ളി​വാ​യി എ​ടു​ക്ക​രു​തെ​ന്നും ഇ​നി അ​ഥ​വാ അ​തു സ്വീ​ക​രി​ച്ചാ​ൽ​പോ​ലും എ​​​ന്റെ​മേ​ൽ എ​ൻ.​എ​സ്.​എ ചു​മ​ത്തു​ന്ന​തി​ന് അ​തൊ​രു കാ​ര​ണ​മാ​കു​ക​യി​ല്ലെ​ന്നും ഞാ​ൻ വാ​ദി​ച്ചു. ഞ​ങ്ങ​ളു​ടെ മ​ക്ക​ളും ബോ​ർ​ഡി​നു മു​ന്നി​ൽ ഹാ​ജ​രാ​യി ഞ​ങ്ങ​ളു​ടെ​മേ​ൽ ഈ ​നി​യ​മം ചു​മ​ത്തു​ന്ന​തു​മൂ​ലം ത​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടാ​നി​ട​യു​ള്ള പ്ര​യാ​സ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ച്ചെ​ങ്കി​ലും അ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്ക​പ്പെ​ട്ടി​ല്ല. അ​ങ്ങ​നെ ഞ​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷം ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​കു​ക​യി​ല്ലെ​ന്ന് ഭ​ര​ണ​കൂ​ടം ഉ​റ​പ്പാ​ക്കി. ഞ​ങ്ങ​ളെ അ​റ​സ്​​റ്റ്ചെ​യ്ത കേ​സി​നും കേ​ര​ള​ത്തി​ൽ മു​മ്പു​ണ്ടാ​യി​രു​ന്ന കേ​സി​നും ജാ​മ്യം ല​ഭി​ച്ചു​വെ​ങ്കി​ലും ഞ​ങ്ങ​ൾ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ലും പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കു​ന്ന​തി​ന് ഞ​ങ്ങ​ളെ അ​റ​സ്റ്റു​ചെ​യ്ത സ​മ​യ​ത്ത് നി​ര​വ​ധി ഫോ​ണു​ക​ൾ എ​​​ന്റെ കൈ​യി​ൽ​നി​ന്നും കി​ട്ടി​യെ​ന്നാ​രോ​പി​ച്ച് ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി പ​ത്തു കേ​സു​ക​ൾ (9 എ​ണ്ണം ത​മി​ഴ്നാ​ട്ടി​ലും 1 കേ​ര​ള​ത്തി​ലും) വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് ഞാ​ൻ സിം ​കാ​ർ​ഡു​ക​ൾ വാ​ങ്ങി എ​ന്ന​വ​കാ​ശ​പ്പെ​ട്ട് എ​​​ന്റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തു​പോ​രാ​തെ കേ​ര​ള​ത്തി​ൽ ന​ട​ന്ന വി​വി​ധ കേ​സു​ക​ളി​ൽ എ​​​ന്റെ പേ​രി​ൽ ഗൂ​ഢാ​ലോ​ച​നാ കു​റ്റം ചു​മ​ത്തു​ക​യും​ചെ​യ്തു. ഈ ​കേ​സു​ക​ളി​ൽ ഒ​ന്നൊ​ന്നാ​യി ഞാ​ൻ ജാ​മ്യം നേ​ടി​യെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ലെ നാ​ല്​ സിം ​കാ​ർ​ഡ് കേ​സു​ക​ളി​ൽ എ​നി​ക്ക് ജാ​മ്യം കി​ട്ടി​യി​ല്ല. എ​ഫ്.​ഐ.​ആ​ർ ഒ​ന്ന് ഓ​ടി​ച്ചുവാ​യി​ച്ചാ​ൽ​ത​ന്നെ ക​ള്ള​ക്കേ​സു​ക​ളാ​ണെ​ന്ന് മ​ന​സ്സി​ലാ​വു​ന്ന​വ​യാ​ണ് ഇ​വ​യെ​ങ്കി​ലും (അ​തി​ൽ ഒ​രു കേ​സി​ൽ ക​ള​ഞ്ഞു​പോ​യ ഒ​രു ബാ​ഗ് എ​ങ്ങ​നെ​യോ എ​​​ന്റെ കൈ​യി​ൽ കി​ട്ടു​ക​യും അ​തി​ലു​ണ്ടാ​യി​രു​ന്ന ഐഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഞാ​ൻ സിം ​എ​ടു​ത്തു എ​ന്നു​മാ​ണ്) അ​ന്ന് അ​വി​ടു​ണ്ടാ​യി​രു​ന്ന വ​നി​താ ജ​ഡ്ജി എ​നി​ക്ക് ര​ണ്ടു വ​ർ​ഷ​ത്തോ​ളം ജാ​മ്യം നി​ഷേ​ധി​ച്ചു. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു​ദി​വ​സം അ​പ്ര​തീ​ക്ഷി​ത​മാ​യി ന്യൂ​മോ​ണി​യ ബാ​ധി​ച്ച് പ്ര​സ്​​തു​ത ജ​ഡ്ജി അ​ന്ത​രി​ക്കു​ക​യും അ​വ​ർ​ക്ക് പ​ക​രം വ​ന്ന മ​റ്റൊ​രു ജ​ഡ്ജി എ​നി​ക്ക് ക​ർ​ശ​നോ​പാ​ധി​ക​ളോ​ടെ​യാ​ണെ​ങ്കി​ലും ജാ​മ്യം ത​രുക​യും​ചെ​യ്തു. ഇ​ത്ര​യും ക​ഷ്ട​പ്പെ​ട്ട് മൂ​ന്നേ​കാ​ൽ വ​ർ​ഷ​ത്തി​നുശേ​ഷം ജാ​മ്യം നേ​ടി​യെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങാ​ൻ ത​ട​സ്സ​ങ്ങ​ൾ അ​ന​വ​ധി​യു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും പ​ല കോ​ട​തി​ക​ളി​ലാ​യി 17 കേ​സു​ക​ളി​ൽ ജാ​മ്യ​മെ​ടു​ക്കാ​ൻ വേ​ണ്ട ജാ​മ്യ​ക്കാ​രെ ല​ഭി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ആ​ദ്യ ക​ട​മ്പ. പ​ല​യി​ട​ത്തും സ്​​നേ​ഹ​പൂ​ർ​വം പ​ല സ​ഖാ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ജാ​മ്യ​ത്തി​നാ​യി മു​ന്നോ​ട്ടു​വ​ന്നെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ൽ ചി​ല​യി​ട​ത്തെ​ല്ലാം ര​ക്ത​ബ​ന്ധ​ത്തി​ലു​ള്ള​വ​രാ​യി​രി​ക്ക​ണം ജാ​മ്യ​ക്കാ​ർ എ​ന്ന വ്യ​വ​സ്​​ഥമൂ​ലം ഉ​മ്മ ത​ന്നെ വ​രേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഉ​മ്മ എ​​​ന്റെ ഉ​മ്മത​ന്നെ​യാ​ണെ​ന്ന​തി​ന് തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ൽ ഒ​രു പ്ര​തി​സ​ന്ധി​യു​ണ്ടാ​യി. എ​​​ന്റെ പേ​ര് വീ​ട്ടി​ലെ റേ​ഷ​ൻ കാ​ർ​ഡി​ൽ ഇ​ല്ലാ​യി​രു​ന്നു. ഭാ​ഗ്യ​വ​ശാ​ൽ എ​​​ന്റെ എ​സ്.​എ​സ്.​എ​ൽ.​സി പു​സ്​​ത​ക​ത്തി​ൽ ഉ​മ്മ​യു​ടെ പേ​ര് ഉ​ണ്ടെ​ന്ന് എ​നി​ക്കോ​ർ​മ വ​ന്നു. വീ​ടി​നു പു​റ​ത്ത് ഒ​രു​ദി​വ​സം​പോ​ലും നി​ൽ​ക്കാ​ത്ത ഉ​മ്മ ആ ​അ​നാ​രോ​ഗ്യ​ത്തി​ലും ആ​ദ്യ​മാ​യി ഒ​രാ​ഴ്ച​യോ​ളം കോ​യ​മ്പ​ത്തൂ​ർ വ​ന്ന് താ​മ​സി​ച്ചാ​ണ് എ​​​ന്റെ ജാ​മ്യ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​രി​ട​ത്ത് മ​ക​ൾ ആ​മി​യാ​യി​രു​ന്നു ജാ​മ്യം നി​ന്ന​ത്.

ജയിൽമോചിതയായ ശേഷം

ഇ​തി​​​ന്റെ ഒ​ടു​വി​ല​ത്തെ അ​ധ്യാ​യ​മാ​യി​രു​ന്നു ക​ണ്ണൂ​രേ​ക്കു​ള്ള എ​​​ന്റെ മാ​റ്റ​വും അ​വി​ടെ​നി​ന്നു​ള്ള ജ​യി​ൽ​മോ​ച​ന​വും. കോ​യ​മ്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ പ്രി​സ​ണി​ലെ സ്​​ത്രീ​ക​ളു​ടെ ജ​യി​ലി​ൽ​നി​ന്നും ആ​ഗ​സ്റ്റ് 12ന് ​എ​ന്നെ ക​ണ്ണൂ​രി​ലെ സ്​​ത്രീ​ക​ളു​ടെ ജ​യി​ലി​ലേ​ക്ക് തി​ര​ക്കു​പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴമൂ​ലം വ​യ​നാ​ട്ടി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ നി​ശ്ചി​ത ദി​വ​സം ക​ൽ​പ​റ്റ കോ​ട​തി​യി​ൽ​നി​ന്നും ജാ​മ്യ​മെ​ടു​ത്ത് ഉ​ത്ത​ര​വ് കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തി​ക്കാ​ൻ എ​​​ന്റെ ജാ​മ്യ​ക്കാ​ർ​ക്ക്​ ക​ഴി​ഞ്ഞി​ല്ല, ജാ​മ്യ ഉ​ത്ത​ര​വി​നാ​യി ഒ​രു ദി​വ​സം​കൂ​ടി കാ​ത്തുനി​ൽ​ക്കാ​തെ, ത​മി​ഴ്നാ​ട്ടി​ലെ കേ​സു​ക​ൾ​ക്ക് എ​ല്ലാം ജാ​മ്യം ല​ഭി​ച്ചു​വെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് എ​ന്നെ ഒ​രു ദി​വ​സ​ത്തേ​ക്കു മാ​ത്ര​മാ​യി ക​ണ്ണൂ​രി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. മു​മ്പ​ത്തെ മൂ​ന്നു​വ​ർ​ഷ​വും തൃ​ശൂ​ർ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ പ്രി​സ​ണി​ലേ​ക്ക് എ​ന്നെ മാ​റ്റാ​നു​ള്ള അ​പേ​ക്ഷ​ക​ളെ​ല്ലാം നി​ഷ്ക​രു​ണം കോ​ട​തി​ക​ൾ ത​ള്ളി​യ​ത്​​ കേ​ര​ള​ത്തി​ലെ ജ​യി​ലു​ക​ളി​ലൊ​ന്നി​ലും എ​ന്നെ ത​ട​വി​ൽ​വെ​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ല എ​ന്ന പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്. അ​തു​കാ​ര​ണം കൗ​മാ​ര​പ്രാ​യ​ത്തി​ലു​ള്ള എ​​ന്റെ ര​ണ്ട് പെ​ൺ​മ​ക്ക​ളും ഒ​രു​ദി​വ​സം മു​ഴു​വ​ൻ യാ​ത്ര ചെ​യ്ത് കോ​യ​മ്പ​ത്തൂ​രി​ൽ എ​ന്നെ കാ​ണാ​ൻ വ​രേ​ണ്ടി​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഒ​രു കോ​ട​തി​വി​ധി​യു​ടെ​യും പി​ൻ​ബ​ല​മി​ല്ലാ​തെ, എ​​​ന്റെ ശാ​രീ​രി​ക​സ്​​ഥി​തി​പോ​ലും പ​രി​ഗ​ണി​ക്കാ​തെ ഒ​രൊ​റ്റ ദി​വ​സ​ത്തേ​ക്കാ​യി എ​ന്നെ രാ​യ്ക്കു​രാ​മാ​നം എ​ത്ര​യോ ദൂ​രെ​യു​ള്ള ക​ണ്ണൂ​രി​ലേ​ക്ക​് അയ​ക്കു​മ്പോ​ൾ ജ​യി​ലു​ക​ളു​ടെ ബ​ല​ത്തെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളെ​ല്ലാം അ​വ​ർ മാ​റ്റി​വെ​ച്ചു. ആ ​വേ​ദ​ന​ക്കി​ട​യി​ലും ഈ ​ത​മാ​ശ​യോ​ർ​ത്ത് ഞാ​ൻ ചി​രി​ച്ചി​രു​ന്നു. ‘മ​തി​ലു​ക​ളി’​ലെ നാ​രാ​യ​ണി കി​ട​ന്ന ജ​യി​ലും അ​വ​രെ​യും ബ​ഷീ​റി​നെ​യും വേ​ർ​തി​രി​ച്ച മ​തി​ലു​ക​ളും ഒ​രു​പ​ക്ഷേ ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. എ​ന്നാ​ൽ, അ​തേ ദീ​ർ​ഘ​നി​ശ്വാ​സ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും ആ ​മ​തി​ലു​ക​ൾ​ക്ക​ക​ത്ത് വീ​ണ്ടു​മെ​ത്ര​യോ കൊ​ഴി​ഞ്ഞു​വീ​ണി​രി​ക്ക​ണം. അ​ന്ന് സ്വ​ത​ന്ത്ര ലോ​ക​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ ആ ​ബ​ഷീ​റി​യ​ൻ മു​ന്ന​റി​യി​പ്പ് ഞാ​ൻ മു​ഴു​വ​നാ​യി മ​ന​സ്സി​ലാ​ക്കി​യി​രു​ന്നി​ല്ല.

21ാം നൂ​റ്റാ​ണ്ടി​ലെ കേ​ര​ളം ഒ​രു പ്ര​ള​യ​ത്തെ ആ​ദ്യ​മാ​യി നേ​രി​ടു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഞാ​ൻ ജ​യി​ലി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് വ​രു​ന്ന​ത്. വൈ​കി​വ​ന്ന ഒ​രു ജാ​മ്യ ഉ​ത്ത​ര​വി​​​ന്റെ ബ​ല​ത്തി​ൽ നീ​ണ്ട മൂ​ന്നേ​കാ​ൽ വ​ർ​ഷ​ത്തെ ത​ട​വു​ജീ​വി​ത​ത്തി​​​ന്റെ അ​വ​സാ​ന ച​ര​ടും പൊ​ട്ടി​ച്ച് ഞാ​ൻ വി​ടു​ത​ൽ നേ​ടു​മ്പോ​ൾ പു​റ​ത്ത് മ​ഴ ക​ന​ത്തി​രു​ന്നു. ത​ട​വു​കാ​ർ​ക്കു​ള്ള അ​ക്കൗ​ണ്ടി​ൽ എ​​​ന്റെ പേ​രി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന തു​ക മു​ഴു​വ​ൻ ഉ​പ​യോ​ഗി​ച്ച് തോ​രാ​തെ പെ​യ്ത ആ ​മ​ഴ​യി​ൽ ക​ണ്ണൂ​ർ​നി​ന്നും വ​ല​പ്പാ​ടു​ള്ള എ​​​ന്റെ വീ​ട്ടി​ലേ​ക്ക്​ ഏ​താ​നും സ​ഖാ​ക്ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ച്ചു. പു​ല​ർ​ച്ചെ 4.30ന് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ ഉ​റ​ക്ക​ച്ച​ട​വോ​ടെ ഉ​മ്മ​യും ചെ​റി​യ മ​ക​ളും കാ​ത്തി​രു​ന്നി​രു​ന്നു. പു​ല​ർ​ച്ചെ 6.30 വ​രെ​യു​ള്ള ര​ണ്ടു മ​ണി​ക്കൂ​ർ ര​ണ്ടു പേ​ർ​ക്കു മാ​ത്രം ക​ഷ്ടി​ച്ചു കി​ട​ക്കാ​വു​ന്ന ഒ​രു കൊ​ച്ചു​ക​ട്ടി​ലി​ൽ ഞ​ങ്ങ​ൾ മൂ​ന്നു​പേ​ർ തി​ങ്ങി​ഞെ​രു​ങ്ങി​ക്കി​ട​ന്നു. ഞ​ങ്ങ​ൾ​ക്കു​മേ​ൽ വേ​ർ​പാ​ടി​​​ന്റെ പ​ത്തു വ​ർ​ഷ​ങ്ങ​ൾ ക​മ്പി​ളി​പോ​ലെ പു​ത​ഞ്ഞു​കി​ട​ന്നു. ഞ​ങ്ങ​ൾ മൂ​ന്നു​പേ​രും ഉ​റ​ങ്ങി​യി​ല്ല. ഞ​ങ്ങ​ളു​ടെ മൗ​ന​ങ്ങ​ൾ​പോ​ലും നീ​ണ്ട വേ​ർ​പാ​ടി​​ന്റെ വി​ശേ​ഷ​ങ്ങ​ൾ കൈ​മാ​റി. ഞാ​ൻ പു​റ​ത്തി​റ​ങ്ങു​ന്ന​ത് കാ​ണാ​ൻ ഏ​റെ കാ​ത്തി​രു​ന്ന മൂ​ത്ത​മ​ക​ൾ ആ​മി പ​ക്ഷേ ആ ​സ​മ​യ​ത്ത് ഓ​ണേ​ഴ്സി​ന് വി​ശ്വ​ഭാ​ര​തി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ അ​ഡ്മി​ഷ​ൻ നേ​ടി ശാ​ന്തി​നി​കേ​ത​നി​ലേ​ക്ക് പോ​യി​രു​ന്നു. അ​വ​ളു​ടെ അ​ഭാ​വം ആ ​സ​ന്തോ​ഷ​ത്തി​​​ന്റെ തി​ള​ക്കം ലേ​ശം കു​റ​ച്ചു. എ​ങ്കി​ലും എ​ത്ര​യോ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​മ്മ ഒ​രു​പ​ക്ഷേ ഏ​റ്റ​വും സ​മാ​ധാ​ന​മ​റി​ഞ്ഞ​ത് ആ ​ദി​വ​സ​മാ​ണ്. രൂ​പേ​ഷി​​​ന്റെ സ​ഹോ​ദ​ര​നും ഏ​താ​നും പ​ത്ര​ക്കാ​രും എ​​​ന്റെ വ​ര​വ​റി​ഞ്ഞ് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​​​ന്റെ പാ​യ​സ​വും കൊ​ണ്ടു​വ​ന്ന കോ​ള​ജ്കാ​ലം മു​ത​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളാ​യ സ​ലിം​രാ​ജും ജി​ഷ​യു​മാ​യി​രു​ന്നു അ​ന്ന​ത്തെ സ​ന്ദ​ർ​ശ​ക​ർ. പി​റ്റേ​ന്നുത​ന്നെ ജാ​മ്യ​വ്യ​വ​സ്​​ഥ പ്ര​കാ​രം ഒ​പ്പി​ടേണ്ട​ന്ന​തി​നാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് എ​നി​ക്ക് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്നു. ഉ​ച്ച​യോ​ടെ ഞാ​ൻ പോ​കാ​നി​റ​ങ്ങു​മ്പോ​ൾ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ട് ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തി​വെ​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. രൂ​പേ​ഷി​​​ന്റെ ചേ​ട്ട​ൻ എ​ന്നെ​യും കൂ​ടെ വ​ന്നി​രു​ന്ന അ​ഭി​ലാ​ഷി​നെ​യും തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ഞ​ങ്ങ​ളു​ടെ െട്ര​യി​നാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ​നി​ന്നും പു​റ​പ്പെ​ട്ട അ​വ​സാ​ന​ത്തെ െട്ര​യി​ൻ എ​ന്നു ക​രു​തു​ന്നു. ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു ശേ​ഷം വ​ന്നെ​ത്തി​യ പ്ര​ള​യ​ത്തി​ൽ കേ​ര​ളം മു​ഴു​വ​നും ഒ​രു ജ​യി​ലാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു.

ഉമ്മയോടൊപ്പം മക്കൾ

കോ​യ​മ്പ​ത്തൂ​രി​ൽ ഞ​ങ്ങ​ളെ അ​റ​സ്​​റ്റ് ചെ​യ്ത​പ്പോ​ൾ ര​ജി​സ്​​റ്റ​ർ​ചെ​യ്ത കേ​സി​ൽ ഞ​ങ്ങ​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​ത് മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ൽ​നി​ന്നാ​ണ്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പ​ത്ത​രക്കും വൈ​കു​ന്നേ​രം നാ​ല​ര​ക്കും ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫി​സ​റു​ടെ മു​മ്പാ​കെ ഒ​പ്പി​ട​ണ​മെ​ന്നാ​ണ് ജാ​മ്യ​വ്യ​വ​സ്​​ഥ​ക​ളി​ലൊ​ന്ന്. എ​ന്നാ​ൽ പൊ​ള്ളാ​ച്ചി കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​തേ അ​ന്വേ​ഷ​ണ ഉദ്യോ​ഗ​സ്​​ഥ​​​ന്റെ മു​ന്നി​ൽ ഒ​പ്പി​ടേ​ണ്ട​ത് പ​ത്തു മ​ണി​ക്കും നാ​ലു മ​ണി​ക്കു​മാ​ണ്. ഫ​ല​ത്തി​ൽ ദി​വ​സ​വും നാ​ലു ത​വ​ണ ഒ​പ്പി​ടു​ക​യും ഇ​തി​നാ​യി ഒ​രു മ​ണി​ക്കൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കാ​ത്തു​കെ​ട്ടി നി​ൽ​ക്കു​ക​യും​ ചെ​യ്യ​ണം. വി​വി​ധ സ​മ​യ​ത്തെ ഒ​പ്പി​ട​ൽ ര​ണ്ടു നേ​രം ഒ​രേ സ​മ​യ​മാ​യി മാ​റ്റി​ക്കി​ട്ടാ​ൻ വ​ല്ല സാ​ധ്യ​ത​യു​മു​ണ്ടോ എ​ന്ന് വ​ക്കീ​ലി​നോ​ട് ഞാ​ൻ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ജാ​മ്യം കി​ട്ടി​യ​തുത​ന്നെ വ​ലി​യ കാ​ര്യം ഇ​നി അ​തു​മി​തും പ​റ​ഞ്ഞ് കോ​ട​തി​യി​ൽ പെ​റ്റീ​ഷ​ൻ കൊ​ടു​ത്ത് കോ​ട​തി​യെ​ വെ​റു​പ്പി​ക്കേ​ണ്ട എ​ന്നാ​ണ് എ​നി​ക്കു കി​ട്ടി​യ ഉ​പ​ദേ​ശം. ന​മ്മ​ൾ ര​ണ്ടു നേ​രം ഒ​പ്പി​ട​ണ​മെ​ന്ന് മാ​ത്ര​മാ​ണ് കോ​ട​തി ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ളൂ, അ​ത് നാ​ലു നേ​ര​മാ​യി മാ​റി​യ​ത് ഒ​രു ചെ​റി​യ നോ​ട്ട​പ്പി​ശ​കി​ലൂ​ടെ​യാ​ണ്, അ​ത്​ തി​രു​ത്തു​ന്ന​തി​ൽ എ​ന്താ​ണ് പ്ര​യാ​സം എ​ന്നാ​ണ് ഞാ​ൻ ആ​ലോ​ചി​ച്ച​ത്. വെ​റും കെ​ട്ടി​ച്ച​മ​ച്ച കേ​സു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ മൂ​ന്നേ​കാ​ൽ വ​ർ​ഷം അ​ന്യാ​യ​മാ​യി ജ​യി​ലി​ൽ കി​ട​ന്ന എ​നി​ക്ക് ജാ​മ്യം കി​ട്ടി​യ​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്ന് തോ​ന്നി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, എ​ന്നോ​ട് അ​ന്യാ​യ​മാ​ണ് കാ​ണി​ച്ച​ത് എ​ന്ന​​തി​ലു​ള്ള അ​മ​ർ​ഷ​വും വേ​ദ​ന​യു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, തു​ട​ർ​ന്നു​ള്ള അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ എ​ന്നേ​ക്കാ​ൾ കു​റ​വ് കേ​സു​ക​ൾ​ക്ക്, അ​തി​ലും ചെ​റി​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​​​ന്റെ ഇ​ര​ട്ടി​യി​ല​ധി​കം കാ​ലം ജ​യി​ലി​ൽ ക​ഴി​യു​ന്ന പ​ല സ​ഖാ​ക്ക​ളെ​യും ഞാ​ൻ കാ​ണു​ക​യും ന​മ്മു​ടെ വ​ള​രെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കോ​ട​തി​യി​ൽ ഫ​യ​ൽ​ചെ​യ്യു​ന്ന പെ​റ്റീ​ഷ​നു​ക​ളെ പോ​ലും കോ​ട​തി ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ക്കി കോ​ട​തി​ക്കു മു​ന്നി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന പ്രോ​സി​ക്യൂ​ഷ​നെ കോ​ട​തി ശ​രി​വെ​ക്കു​ന്ന​ത്​ കാ​ണു​ക​യും​ ചെ​യ്ത​പ്പോ​ഴാ​ണ്​ കോ​ട​തി​യു​ടെ മ​നോ​ഗ​തം എ​ന്താ​ണെ​ന്ന് എ​ന്നെ​ക്കാ​ൾ കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കി​യ വ​ക്കീ​ലി​​​ന്റെ വാ​ക്കു​ക​ളു​ടെ പൊ​രു​ൾ മ​ന​സ്സി​ലാ​യ​ത്. എ​​​ന്റെ കൂ​ടെ അ​റ​സ്റ്റ്ചെ​യ്യ​പ്പെ​ട്ട​വ​രി​ൽ എ​ല്ലാ കേ​സു​ക​ൾ​ക്കും ജാ​മ്യം കി​ട്ടി​യി​ട്ടു പോ​ലും സ​ങ്കീ​ർ​ണ​മാ​യ ജാ​മ്യ​വ്യ​വ​സ്​​ഥ​ക​ൾമൂ​ലം പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കാ​തെ നീ​ണ്ട​കാ​ലം ജ​യി​ലി​ൽ തു​ട​രേ​ണ്ടി വ​ന്ന​യാ​ളും ഇ​നി​യും പു​റ​ത്തുവ​രാ​ൻ സാ​ധി​ക്കാ​തെ കി​ട്ടി​യ ജാ​മ്യം നി​യ​മ​വി​രു​ദ്ധ​മാ​യ രീ​തി​യി​ൽ റ​ദ്ദുചെ​യ്യ​പ്പെ​ട്ട സ​ഖാ​വും ഏ​ഴ​ര വ​ർ​ഷ​ത്തി​നുശേ​ഷ​വും ജാ​മ്യം ല​ഭി​ക്കാ​ത്ത ആ​ളു​ക​ളു​മു​ണ്ട്. വി​വി​ധ കേ​സു​ക​ളി​ൽ സ​മാ​ന അ​വ​സ്​​ഥ​യി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ വേ​റെ​യു​മു​ണ്ട്. ജാ​മ്യ​മാ​ണ് നി​യ​മ​വും നീ​തി​യു​മെ​ന്നി​രി​ക്കേ അ​ത് നി​ഷേ​ധി​ക്ക​പ്പെ​ട്ട് ജ​യി​ലു​ക​ളി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ചാ​ര​ണ ത​ട​വു​കാ​ർ ക​ഴി​യു​മ്പോ​ൾ എ​ത്ര ത​വ​ണ ഒ​പ്പി​ടേ​ണ്ടി വ​ന്നാ​ലും ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക എ​ന്ന​ത് ഒ​രു ഭാ​ഗ്യ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​ൽ എ​ന്ത് അ​തി​ശ​യ​മാ​ണു​ള്ള​ത്. അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യ ഒ​രാ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു വ​ക്കീ​ലി​​​ന്റെ കു​റി​പ്പ് വാ​യി​ച്ച​തോ​ർ​ക്കു​ന്നു. നീ​തി കി​ട്ടാ​ക്ക​നി​യാ​കു​ന്ന ഒ​രു സാ​മൂ​ഹി​ക വ്യ​വ​സ്​​ഥ​യി​ൽ ഭാ​ഗി​ക​മാ​യ​തും അ​പ​ര്യാ​പ്ത​മാ​യ​തു​മാ​യ നീ​തിപോ​ലും ഒ​രു അ​സു​ല​ഭ ഭാ​ഗ്യ​മാ​യി മാ​റു​ന്നു.

ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ​തി​നു ശേ​ഷം എ​​​ന്റെദി​വ​സം ര​ണ്ടുനേ​രം ഒ​പ്പി​ടാ​നു​ള്ള യാ​ത്ര​യു​ടേ​താ​യി മാ​റി. ആ​ദ്യ​ത്തെ ദി​വ​സം കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്​​ഥ​​​ന്റെ ഓ​ഫി​സി​ലെ​ത്തി​യ എ​നി​ക്കു കി​ട്ടി​യ നി​ർ​ദേ​ശം ന​ഗ​ര​ത്തി​ൽ കോ​ട​തി​യു​ടെ തൊ​ട്ടു മു​ന്നി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​​​ന്റെ ഓ​ഫി​സി​നു പ​ക​രം ന​ഗ​ര​ത്തി​ൽ​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​ക​ലെ, ബ​സി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം സ​ഞ്ച​രി​ച്ച് പി​ന്നീ​ട് അ​ര കി​ലോ​മീ​റ്റ​റെ​ങ്കി​ലും ന​ട​ന്ന് എ​ത്താ​ൻ ക​ഴി​യു​ന്ന ക്യൂ-ബ്രാ​ഞ്ച് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​നാ​ണ്. ദി​വ​സ​വും ര​ണ്ടു നേ​രം ഒ​പ്പി​ടേ​ണ്ട​തു​കൊ​ണ്ട് എ​​​ന്റെ വ​ര​വി​നാ​യി പ​ത്തു വ​ർ​ഷ​മാ​യി കാ​ത്തുകാ​ത്തി​രു​ന്ന എ​​​ന്റെ മ​ക്ക​ളോ​ടൊ​പ്പ​മോ ഉ​മ്മ​യോ​ടൊ​പ്പ​മോ ഒ​രുദി​വ​സം പോ​ലും നി​ൽ​ക്കാ​ൻ എ​നി​ക്കു സാ​ധി​ച്ചി​ല്ല. ഒ​ന്നു ര​ണ്ടു മാ​സം ക​ഴി​യു​മ്പോ​ഴേ​ക്ക് ജാ​മ്യവ്യ​വ​സ്​​ഥ ഇ​ള​വു​ചെ​യ്തു കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞ​തി​നാ​ൽ ര​ണ്ടു മാ​സ​ത്തി​ന​കം വീ​ട്ടി​ലേ​ക്ക് പോ​കാ​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു എ​നി​ക്ക്. എ​ന്നാ​ൽ, വി​വി​ധ കോ​ട​തി​ക​ളി​ലാ​യി ഇ​തു​പോ​ലെ ഒ​പ്പി​ടാ​നു​ള്ള വ്യ​വ​സ്​​ഥ ഇ​ക്കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി കേ​സു​ക​ളി​ലെ ഒ​പ്പി​ട​ൽ ക്യൂ-ബ്രാ​ഞ്ച് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ആ​യി​രു​ന്ന​തി​നാ​ൽ അ​തു പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും തി​രു​പ്പൂ​രി​ലെ കേ​സു​ക​ളി​ൽ തി​രു​പ്പൂ​രി​ലെ മ​ജി​സ്​േ​ട്ര​റ്റി​​​ന്റെ മു​മ്പാ​കെ​യാ​ണ് ഒ​പ്പി​ടേ​ണ്ടി​യി​രു​ന്ന​ത്, അ​തു​പോ​ലെ കോ​യ​മ്പ​ത്തൂ​രി​ലെ ഒ​രു കേ​സി​ൽ രാ​മ​നാ​ഥ​പു​രം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലാ​യി​രു​ന്നു ഒ​പ്പി​ടേ​ണ്ടി​യി​രു​ന്ന​ത്. ശ്രീ​വി​ല്ലി​പു​ത്തൂ​രി​ൽ സ​മാ​ന​മാ​യ അ​വ​സ്​​ഥ​യു​ണ്ടാ​യി​രു​ന്നു. ഈ ​ഓ​രോ കോ​ട​തി​യിലും ഞാ​ൻ കോ​യ​മ്പ​ത്തൂ​ർ ഒ​പ്പി​ടു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മെ​മ്മോ ഇ​ടേ​ണ്ടി​യി​രു​ന്നു. ആ ​സ്​​ഥ​ല​ങ്ങ​ളി​ലെ കേ​സു​ക​ൾ​ക്കാ​യും ഇ​തേ സ്​​ഥ​ല​ത്തുത​ന്നെ ഒ​പ്പി​ട്ടാ​ൽ​മ​തി​യെ​ന്ന് ഓ​ർ​ഡ​ർ വാ​ങ്ങേ​ണ്ടി​യി​രു​ന്നു. തി​രു​പ്പൂ​രി​ലൊ​ഴി​കെ എ​ല്ലാ​യി​ട​ത്തും അ​ത് ന​ട​ന്നെ​ങ്കി​ലും തി​രു​പ്പൂ​രി​ൽ എ​ന്തോ നോ​ട്ട​ക്കു​റ​വു​കൊ​ണ്ട് വ​ക്കീ​ൽ അ​ത് ചെ​യ്തി​ല്ല. ന​മ്മ​ൾ വേ​റെ എ​വി​ടെയും ഒ​ളി​ച്ചു​പോ​കു​ന്നി​ല്ല എ​ന്നും നി​യ​മ​ന​ട​പ​ടി​ക​ളി​ൽ ന​മ്മു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​വ്യ​വ​സ്​​ഥ​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ഒ​പ്പി​ട​ണ​മെ​ന്ന് കൃ​ത്യ​മാ​യി പ​റ​യു​ന്ന ഒ​രു വ്യ​വ​സ്​​ഥ നി​യ​മ​ത്തി​ലെ​വി​ടെ​യെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ജാ​മ്യം ന​ൽ​കു​ന്ന സ​മ​യ​ത്ത് മ​ജി​സ്​േ​ട്ര​റ്റി​നു യു​ക്ത​മാ​യി തോ​ന്നു​ന്ന വ്യ​വ​സ്​​ഥ ഉ​ൾ​പ്പെ​ടു​ത്താം എ​ന്നു​ള്ള നി​യ​മ​ത്തി​ലെ ഒ​രു വ​കു​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ങ്ങ​നെ ഒ​പ്പി​ടു​വി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ ചാ​ർ​ജ് ഷീ​റ്റു ന​ൽ​കു​ന്ന​തു​വ​രെയാണ് (അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ) ഇ​ങ്ങ​നെ ഒ​പ്പി​ടു​വി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, പ​ല കോ​ട​തി​ക​ളും ഇ​ത് ഒ​രു ശി​ക്ഷാ​വി​ധിപോ​ലെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് എ​​​ന്റെ അ​നു​ഭ​വം. പു​റ​ത്തി​റ​ങ്ങി​യി​ട്ട് ആ​റേ​ഴു വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ഇ​ങ്ങ​നെ ഒ​പ്പി​ടു​ന്ന ആ​ളു​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ ഉ​ണ്ടെ​ന്നു ഞാ​ൻ പി​ന്നീ​ട​റി​ഞ്ഞു.

തി​രു​പ്പൂ​ർ കോ​ട​തി​യി​ൽ എ​​ന്റെ ഒ​പ്പി​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും മെ​മ്മോ കൊ​ടു​ത്തി​ട്ടി​ല്ല എ​ന്ന​ത് വ​ലി​യ ഒ​രു പ്ര​ശ്ന​മാ​യി തീ​രു​മെ​ന്ന് എ​നി​ക്ക​ന്ന് അ​റി​യു​മാ​യി​രു​ന്നി​ല്ല. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഞാ​ൻ എ​ല്ലാ ദി​വ​സ​വും ര​ണ്ടു നേ​രം കോ​യ​മ്പ​ത്തൂ​ർ ഒ​പ്പി​ടു​ന്നു​ണ്ടെ​ന്ന​തി​നാ​ൽ അ​തേ സ​മ​യ​ത്ത് തി​രു​പ്പൂ​ർ​കൂ​ടി ഒ​പ്പി​ടു​ന്ന​ത് മ​നു​ഷ്യ​സാ​ധ്യ​മാ​യ കാ​ര്യ​മ​ല്ലെ​ന്ന് ഏ​ത് ജ​ഡ്ജി​ക്കും മ​ന​സ്സി​ലാ​ക്കാ​ൻ പ​റ്റു​ന്ന സാ​മാ​ന്യ​യു​ക്തി​യാ​ണ​ല്ലോ എ​ന്ന വി​ചാ​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി​ക​ളി​ൽ സാ​മാ​ന്യ​യു​ക്തി​ക്ക് യാ​തൊ​രു സ്​​ഥാ​ന​വു​മി​ല്ല എ​ന്ന് ഞാ​ൻ മ​ന​സ്സി​ലാ​ക്കാ​ൻ പോ​കു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കോ​യ​മ്പ​ത്തൂ​രി​ലെ കേ​സു​ക​ളി​ലെ ഒ​പ്പി​ട​ൽ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മാ​യി മാ​റ്റി​യ ഉ​ട​നെ മ​റ്റു​ള്ള സ്​​ഥ​ല​ത്തെ ഒ​പ്പി​ട​ലി​നും അ​തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​ത്തി​നാ​യു​ള്ള ഹ​ര​ജി​ക​ൾ സ​മ​ർ​പ്പി​ച്ച​പ്പോ​ഴാ​ണ് തി​രു​പ്പൂ​രി​ൽ ഇ​തു​വ​രെ ഞാ​ൻ ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്ന​തി​നാ​ൽ എ​​​ന്റെ ജാ​മ്യം റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടോ എ​ന്ന് ജ​ഡ്ജി ചോ​ദി​ക്കു​ന്ന​ത്. ഓ​ർ​ക്കാ​പ്പു​റ​ത്ത് അ​ശ​നി​പാ​തം​പോ​ലെ​യു​ള്ള ഈ ​ഓ​ർ​ഡ​ർ വ​ന്ന​പ്പോ​ഴാ​ണ് ഞാ​ൻ ആ​കെ അ​മ്പ​ര​ന്നുപോ​കു​ന്ന​ത്. ഞാ​ൻ ഓ​ടി തി​രു​പ്പൂ​ർ മ​ജി​സ്​േ​ട്ര​റ്റി​​​ന്റെ മു​ന്നി​ൽ ചെ​ന്നെ​ങ്കി​ലും ഇ​ത്ര​യും നാ​ൾ ഒ​പ്പി​ടാ​ത്ത​തി​നാ​ൽ എ​ന്നെ ഒ​പ്പി​ടാ​ൻ അനു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് മ​ജി​സ്​േ​ട്ര​റ്റ് പ​റ​യു​ന്ന​ത്. വീ​ണ്ടും ഓ​ടി തി​രു​പ്പൂ​ർ ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ ജാ​മ്യം റ​ദ്ദാ​ക്കി​യി​ല്ലെ​ങ്കി​ലും പി​റ്റേ​ന്ന് മു​ത​ൽ ഞാ​ൻ ദി​വ​സ​വും തി​രു​പ്പൂ​ർ കേ​സി​നാ​യി ഒ​പ്പി​ട​ണ​മെ​ന്ന് ജ​ഡ്ജി ഒ​രു ശി​ക്ഷ​പോ​ലെ നി​ർ​ദേ​ശി​ച്ചു. ചെ​റി​യ ഒ​രു സ​മാ​ശ്വാ​സം​പോ​ലെ ദി​വ​സ​വും തി​രു​പ്പൂ​ർ പോ​കു​ന്ന​തി​നു പ​ക​രം കോ​യ​മ്പ​ത്തൂ​രി​ലെ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്​​ഥ​​​ന്റെ മു​ന്നി​ൽ ഒ​പ്പി​ട്ടാ​ൽ മ​തി​യെ​ന്നും​ വി​ധി​ച്ചു. പ​ത്തു വ​ർ​ഷ​ങ്ങ​ളാ​യി എ​ന്നെ കാ​ത്തി​രി​ക്കു​ന്ന രോ​ഗി​യാ​യ ഉ​മ്മ​യോ അ​ഞ്ചു വ​യ​സ്സി​നു ശേ​ഷം എ​ന്നോ​ടൊ​പ്പം നി​ൽ​ക്കാ​ത്ത, എ​​​ന്റെ ശ്ര​ദ്ധ​യും പ​രി​ഗ​ണ​ന​യും ആ​വ​ശ്യ​മാ​യ മ​ക​ളോ കോ​ട​തി​യു​ടെ മു​ന്നി​ൽ വി​ഷ​യ​ങ്ങ​ളാ​യി​ല്ല. പ​തി​ന​ഞ്ച് ദി​വ​സം ഒ​പ്പി​ട്ടാ​ൽ ന​മു​ക്ക് വീ​ണ്ടും ഇ​ള​വു ചോ​ദി​ക്കാം എ​ന്ന് പ​റ​ഞ്ഞ് എ​ന്നെ സ​മാ​ധാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വ​ക്കീ​ലി​ന് പ​ക്ഷേ പി​ന്നീ​ട് ആ ​കോ​ട​തി​യി​ൽ​നി​ന്ന് ഒ​രി​ക്ക​ലും ഒ​രു ഇ​ള​വു വാ​ങ്ങി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഓ​രോ ത​വ​ണ ഇ​ള​വി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​മ്പോ​ഴും എ​ന്നാ​ൽ ദി​വ​സം ര​ണ്ടു​ത​വ​ണ ഒ​പ്പി​ടാ​നു​ള്ള ഓ​ർ​ഡ​ർ പാ​സാ​ക്കാം എ​ന്ന് കോ​ട​തി പ​റ​യു​മാ​യി​രു​ന്നു. ഏ​റ്റ​വും ക​ടു​ത്ത പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​പോ​ലും കോ​ട​തി ഇ​തി​ൽ ഒ​രു ഇ​ള​വു വ​രു​ത്താ​ൻ സ​ന്ന​ദ്ധ​മാ​യി​ല്ല.

രൂപേഷിനെ കോടതിയിലേക്ക് കൊണ്ടുവരുന്നു

ജാ​മ്യം ല​ഭി​ച്ച് മാ​സ​ങ്ങ​ളാ​യി​ട്ടും എ​ന്നോ​ടൊ​പ്പം ഒ​രു​മി​ച്ച് നി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ എ​​​ന്റെ ഉ​മ്മ​ക്ക് ക​ടു​ത്ത നി​രാ​ശ​യു​ണ്ടാ​യി​രു​ന്നു. ഹൃേ​ദ്രാ​ഗി​യാ​യി​രു​ന്ന​തി​നാ​ൽ ഉ​മ്മ​ക്ക് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ചെ​ക്ക​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. 2018 ന​വം​ബ​റി​ൽ ആ​ണെ​ന്നാ​ണ് ഓ​ർ​മ, ചെ​ക്ക​പ്പി​​ന്റെ സ​മ​യ​ത്ത് ക​ഴു​ത്തി​ൽ വ​ല്ലാ​ത്ത ഒ​രു ക​ഴ​പ്പ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട് എ​ന്ന് ഉ​മ്മ ഡോ​ക്ട​റോ​ട് പ​രാ​തി പ​റ​ഞ്ഞു. ക​ഴ​പ്പി​​​ന്റെ വി​വ​ര​ണ​ത്തി​ൽ​നി​ന്നും​ത​ന്നെ വീ​ണ്ടും ഉ​മ്മ​യു​ടെ ഹൃ​ദ​യ​ധ​മ​നി​ക​ൾ​ക്ക് ത​ട​സ്സ​മു​ണ്ടാ​യി​രി​ക്കു​ന്നു എ​ന്ന് ഡോ​ക്ട​ർ ഊ​ഹി​ച്ചു. തു​ട​ർ​പ​രി​ശോ​ധ​ന​യാ​യി ഒ​രു ആ​ൻ​ജി​യോ​ഗ്രാ​മും അ​തി​ൽ കു​ഴ​പ്പ​മു​ണ്ടെ​ങ്കി​ൽ അ​പ്പോ​ൾ​ത​ന്നെ ഒ​രു ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​യും ന​ട​ത്തി ​െസ്റ്റ​ന്റ് ഇ​ടേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ർ സൂ​ചി​പ്പി​ച്ചു. ഉ​മ്മ​യു​ടെ കൂ​ടെ എ​​​ന്റെ പ​തി​നാ​റു വ​യ​സ്സു​ള്ള ഇ​ള​യ​മ​ക​ൾ മാ​ത്ര​മാ​ണ് അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. ജാ​മ്യ​വ്യ​വ​സ്​​ഥ​യി​ൽ ഇ​ള​വാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഞാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കോ​ട​തി എ​​​ന്റെ അ​പേ​ക്ഷ ത​ള്ളു​ക​യും പ​ഴ​യ നി​ല​പാ​ട് ആ​വ​ർ​ത്തി​ക്കു​ക​യും​ ചെ​യ്തു. ഉ​മ്മ​യു​ടെ ആ​ൻ​ജി​യോ​ഗ്രാ​മി​​​ന്റെ സ​മ​യ​ത്തുപോ​ലും ഒ​പ്പി​ടു​ന്ന​തി​ൽ എ​നി​ക്ക് ഒ​രു ലീ​വ് പോ​ലും അ​നു​വ​ദി​ച്ചി​ല്ല. അ​ന്ന് ഞാ​ൻ താ​മ​സി​ച്ചി​രു​ന്ന വീ​ടി​​​ന്റെ ഉ​ട​മ​സ്​​ഥ​നാ​യ സു​ഹൃ​ത്ത് അ​ദ്ദേ​ഹ​ത്തി​​​ന്റെ കാ​റും ൈഡ്ര​വ​റെ​യും എ​നി​ക്ക് ഉ​മ്മ​യെ കാ​ണാ​ൻ പോ​കാ​നാ​യി വി​ട്ടുത​ന്നു. ഒ​പ്പി​ട്ട ഉ​ട​നെ ത​ന്നെ ഞാ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ച്ചു. ഉ​മ്മ ആ ​സ​മ​യം ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ലാ​യി​രു​ന്നു. ഇ​നി ഒ​രു ത​വ​ണ ഉ​മ്മ​യെ ജീ​വ​നോ​ടെ കാ​ണാ​ൻ സാ​ധി​ക്കു​മോ എ​ന്ന​റി​യാ​തെ ഞാ​ൻ പു​റ​ത്ത് കാ​ത്തി​രു​ന്നു. ഉ​മ്മ​യു​ടെ ഓ​പ​റേ​ഷ​ൻ ക​ഴി​ഞ്ഞ് പോ​സ്​​റ്റ് ഓ​പ​റേ​റ്റി​വ് ഐ.​സി.യു​വി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ഞാ​ൻ ഉ​മ്മ​യെ ക​യ​റി ക​ണ്ടു. ആ ​ഓ​പ​റേ​ഷ​ൻ പൂ​ർ​ണ​വി​ജ​യ​മ​ല്ലെ​ന്നും ഉ​മ്മ​യു​ടെ ഹൃ​ദ​യ​ത്തി​​​ന്റെ വാ​ൽ​വ് കാ​ൽ​സി​ഫി​ക്കേ​ഷ​ൻമൂ​ലം 90 ശ​ത​മാ​നം അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന​തി​നാ​ലും നേ​ര​ത്തേ ഒ​രു ബൈ​പാ​സ്​ സ​ർ​ജ​റി ക​ഴി​ഞ്ഞി​ട്ടു​ള്ള​തി​നാ​ലും ​െസ്റ്റ​ന്റി​ടാ​ൻ പ​റ്റാ​ത്ത അ​വ​സ്​​ഥ​യാ​ണെ​ന്നും ഒ​രു ബ​ലൂ​ൺ ഇ​ടു​ക മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ എ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു. ഉ​മ്മ​യു​ടെ ആ​രോ​ഗ്യം വ​ള​രെ മോ​ശ​മാ​ണെ​ന്നും ഒ​രു ക​പ്പു വെ​ള്ളം പോ​ലും ത​നി​യെ എ​ടു​ക്ക​രു​തെ​ന്നും കു​ളി​ക്കാ​ൻ​പോ​ലും ത​നി​ച്ചു വി​ട​രു​തെ​ന്നും ഡോ​ക്ട​ർ ഉ​പ​ദേ​ശി​ച്ചു. എ​ന്നാ​ൽ, ഉ​മ്മ​യെ റൂ​മി​ലേ​ക്ക് കൊ​ണ്ടുവ​രും മു​മ്പ് പു​ല​ർ​ച്ചെ ആ​റു​മ​ണി​ക്കുത​ന്നെ ആ ​ദി​വ​സ​ത്തെ ഒ​പ്പി​ടാ​നാ​യി കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ഞാ​ൻ തി​രി​ച്ച് വ​രേ​ണ്ടി വ​ന്നു. ഉ​മ്മ​യെ നോ​ക്കാ​ൻ അ​ടു​ത്ത വീ​ട്ടി​ലെ ഒ​രു സ്​​ത്രീ​യെ ജോ​ലി​ക്കാ​യി ഏ​ർ​പ്പാ​ടു​ചെ​യ്തു.

ഉ​മ്മ​യു​ടെ ആ​രോ​ഗ്യ​സ്​​ഥി​തി വ​ള​രെ മോ​ശ​മാ​യി​രു​ന്നു. താ​ച്ചു​വി​നെ കൂ​ടെ നി​ർ​ത്തി നോ​ക്കാ​ൻപോ​ലും പ​റ്റാ​ത്ത​തി​നാ​ൽ അ​വ​ളെ ഞാ​ൻ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടുപോ​ന്നു. അ​ത്ത​വ​ണ ക്രി​സ്​​മ​സ്​ വെ​ക്കേ​ഷ​ന് വ​ന്ന ആ​മി കോ​യ​മ്പ​ത്തൂ​രി​ൽ ബോ​റ​ടി​ച്ചി​രു​ന്ന താ​ച്ചു​വി​നെ ഒ​രു മാ​റ്റ​ത്തി​നാ​യി ബം​ഗാ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. 2019 ജ​നു​വ​രി 24നാ​ണെ​ന്നു തോ​ന്നു​ന്നു കേ​സി​​​ന്റെ കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​ൻ എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രേ​ണ്ട സ​ന്ദ​ർ​ഭ​മു​ണ്ടാ​യി. തി​രി​ച്ചുവ​രു​മ്പോ​ൾ ഞാ​ൻ ഉ​മ്മ​യെ പോ​യി ക​ണ്ടു. ഉ​മ്മ​ക്ക് ചെ​റി​യ പ​നി​യും ചു​മ​യു​മു​ണ്ടാ​യി​രു​ന്നു. ഒ​രു രാ​ത്രിപോ​ലും ഒ​രു​മി​ച്ചുനി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​​​ന്റെ ഖേ​ദം ഉ​മ്മ എ​ന്നോ​ട് പ​ങ്കു​വെ​ച്ചു. എ​ന്നാ​ണെ​ടീ നി​​​ന്റെ​ഈ ഒ​പ്പി​ട​ൽ അ​വ​സാ​നി​ക്കു​ക; ഞാ​ൻ മ​രി​ച്ചി​ട്ടോ എ​ന്ന് ഉ​മ്മ സ​ങ്ക​ട​ത്തോ​ടെ ചോ​ദി​ച്ചു. അ​ത് അ​ങ്ങ​നെ​യൊ​ന്നും അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്ന് അ​ന്ന് ഉ​മ്മ​ക്കും എ​നി​ക്കു​മ​റി​യി​ല്ലാ​യി​രു​ന്നു. ഉ​മ്മ​യു​ടെ മ​ര​ണം ക​ഴി​ഞ്ഞ് നാ​ലു വ​ർ​ഷ​മാ​കാ​റാ​യി​ട്ടും ഇ​ന്നും ഞാ​ൻ ഒ​പ്പി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്ന​റി​യു​മ്പോ​ൾ ഉ​മ്മ എ​ന്താ​യി​രി​ക്കും ചി​ന്തി​ക്കു​ക എ​ന്ന് ഞാ​ന​തി​ശ​യി​ക്കു​ന്നു.

അ​ന്ന് ഞാ​ൻ കാ​ണു​മ്പോ​ൾ ഉ​മ്മ​ക്ക് വ​ല്ലാ​ത്ത ഏ​കാ​ന്ത​ത​യും മ​നോ​വേ​ദ​ന​യു​മു​ണ്ടാ​യി​രു​ന്നു. ഉ​മ്മ​യെ ക​ണ്ട് അ​തി​രാ​വി​ലെ ഞാ​ൻ തി​രി​ച്ചുവ​രു​മ്പോ​ൾ ഉ​മ്മ എ​ന്നെ കെ​ട്ടി​പ്പി​ടി​ച്ചു ക​ര​ഞ്ഞു. ഉ​മ്മ​യെ ഒ​രു ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ ഞാ​ൻ ചേ​ട​ത്തി​യെ വി​ളി​ച്ചുപ​റ​ഞ്ഞു. എ​നി​ക്ക് വ​ല്ലാ​ത്ത ഒ​രു നി​സ്സ​ഹാ​യാ​വ​സ്​​ഥ തോ​ന്നി. ഉ​മ്മ​യെ വേ​ണ​മെ​ങ്കി​ൽ കൂ​ടെ​ കൊ​ണ്ടുവ​ന്ന് നി​ർ​ത്താമെ​ന്ന് ഞാ​ൻ താ​മ​സി​ക്കു​ന്ന സ്​​ഥ​ല​ത്തെ സു​ഹൃ​ത്ത് എ​ന്നോ​ടു പ​റ​ഞ്ഞു. പ​രി​ചി​ത​മാ​യ വീ​ടും ആ​ളു​ക​ളെ​യും വി​ട്ട് ഈ ​വാ​ർ​ധ​ക്യ​ത്തി​ൽ എ​വി​ടെ​യും ഉ​മ്മ വ​രി​ല്ലെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. അ​ന്ന് വൈ​കു​ന്നേ​രം ഉ​മ്മ​ക്ക് ചു​മ ക​ല​ശ​ലാ​യി ശ്വാ​സ​മെ​ടു​ക്കാ​ൻ പ​റ്റാ​താ​യി. ഉ​മ്മ​ക്ക് ഒ​രു ഹാ​ർ​ട്ട് അ​റ്റാ​ക്കു​ണ്ടാ​യി ഐ.​സി.​യു​വി​ലാ​ണെ​ന്നാ​ണ് പി​ന്നീ​ട് ഞാ​ൻ അ​റി​യു​ന്ന​ത്. അ​റി​യി​ക്കേ​ണ്ട​വ​രെ​യെ​ല്ലാം അ​റി​യി​ക്കാ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​താ​യി ചേ​ട​ത്തി എ​ന്നെ വി​ളി​ച്ചുപ​റ​ഞ്ഞു. വ​രു​ന്ന​തു വ​ര​ട്ടെ എ​ന്ന് ക​രു​തി ഞാ​ൻ ഒ​രു ദി​വ​സ​ത്തെ ലീ​വ് കൊ​ടു​ത്ത് കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നും രാ​ത്രിത​ന്നെ തൃ​ശൂ​ർ​ക്ക് തി​രി​ച്ചു വ​ന്നു. എ​നി​ക്കാ​യി വീ​ണ്ടും ജാ​മ്യ​വ്യ​വ​സ്​​ഥ ഇ​ള​വു​ചെ​യ്യാ​ൻ പെ​റ്റീ​ഷ​ൻ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഇ​ത്ത​വ​ണ​യും എ​​​ന്റെ ജാ​മ്യ​വ്യ​വ​സ്​​ഥ ഇ​ള​വുചെ​യ്തു ത​ന്നി​ല്ല. എ​നി​ക്ക​ത് താ​ങ്ങാ​നാ​വു​ന്ന​തി​ലു​ം അധി​ക​മാ​യി​രു​ന്നു. പ​ക്ഷേ, ജാ​മ്യം റ​ദ്ദാ​ക്ക​പ്പെ​ടാള്ള സാ​ധ്യ​ത ത​ല​ക്കുമീ​തെ ഡെ​മോ​ക്ലീ​സി​​ന്റെ വാ​ൾ​പോ​ലെ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ എ​നി​ക്കു തി​രി​ച്ചു കോ​യ​മ്പ​ത്തൂ​ർ പോ​കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു.

എ​​​ന്റെ അ​വ​സ്​​ഥ മ​ന​സ്സി​ലാ​ക്കി അ​ന്ന് ഗ​ൾ​ഫി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന മൂ​ത്ത സ​ഹോ​ദ​ര​ൻ നാ​ട്ടി​ലെ​ത്തി ഉ​മ്മ​യെ അ​ദ്ദേ​ഹ​ത്തി​​​ന്റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി. ഉ​മ്മ​യും മ​റ്റു മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ അ​ങ്ങോ​ട്ടു പോ​കാ​ൻ സ​മ്മ​തി​ച്ചു. ഉ​മ്മ​യു​ടെ ജീ​വി​ത​ത്തി​ലെ വി​ധി നി​ർ​ണാ​യ​ക​മാ​യ ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നു അ​തെ​ന്ന് ഞ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നി​ല്ല. സ​ന്തോ​ഷ​പൂ​ർ​വം അ​വി​ടെ താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും അ​പ​രി​ചി​ത​മാ​യ ഒ​രു വീ​ടി​​​ന്റെ സ്​​ഥ​ല​രാ​ശി​ക​ൾ സ്വ​ന്തം വീ​ടി​​​ന്റെ ഓ​രോ മൂ​ല​യും പ​രി​ചി​ത​മാ​യ ഉ​മ്മ​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് ത​ട​സ്സ​മു​ണ്ടാ​ക്കി. ര​ണ്ടോ മൂ​ന്നോ ആ​ഴ്ച​ക​ൾ​ക്കുശേ​ഷം ഒ​രു ദി​വ​സം ഉ​മ്മ ബാ​ത്ത്റൂ​മി​ൽ​നി​ന്നും തി​രി​ച്ചുവ​ന്ന് ക​ട്ടി​ലി​ൽ കി​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​ക്ക് തെ​ന്നി​വീ​ണു. അ​ത് അ​വ​സാ​ന​ത്തെ വീ​ഴ്ച​യാ​യി​രു​ന്നു. കൈ​കാ​ലു​ക​ളു​ടെ ബ​ലം ന​ഷ്ട​പ്പെ​ട്ട​തി​നാ​ലോ ച​ല​ന​ങ്ങ​ളു​ടെ േക്രാ​ഡീ​ക​ര​ണ​ത്തി​നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മോ ആ​യി​ടെ ഉ​മ്മ ഇ​ട​ക്കി​ട​ക്ക് തെ​ന്നിവീ​ഴാ​ൻ തു​ട​ങ്ങി​യി​രു​ന്നു. വീ​ട്ടി​ലാ​കു​മ്പോ​ൾ ക​ണ്ണ​ട​ച്ചുപോ​ലും ന​ട​ക്കാ​വു​ന്ന ചി​ര​പ​രി​ചി​ത​ത്വം​മൂ​ലം വീ​ഴാ​ൻ പോ​കു​മ്പോ​ൾ എ​വി​ടെ പി​ടി​ക്ക​ണ​മെ​ന്നൊ​ക്കെ ഉ​മ്മ​ക്ക് ഒ​രു ക​ണ​ക്കു​ണ്ടാ​യി​രു​ന്നി​രി​ക്ക​ണം. എ​ന്നാ​ൽ, സ​ഹോ​ദ​ര​​​ന്റെ വീ​ട്ടി​ലെ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള ക​ട്ടി​ലു​ക​ളും കൂ​ടു​ത​ൽ മി​നു​സ​മു​ള്ള ടൈ​ലു​ക​ളും മു​റി​ക​ളു​ടെ വി​ശാ​ല​ത​യും കാ​ര​ണം ഉ​മ്മ​യു​ടെ ക​ണ​ക്കു​ക​ളൊ​ക്കെ പി​ഴ​ച്ചു. ആ ​വീ​ഴ്ച​യി​ൽ തു​ട​യു​ടെ സ​ന്ധി ഒ​ടി​ഞ്ഞു. ദു​സ്സ​ഹ​മാ​യ വേ​ദ​ന​യി​ൽ ഉ​മ്മ ക​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ഞാ​ൻ വീ​ണ്ടും കോ​യ​മ്പ​ത്തൂ​രുനി​ന്നും ഓ​ടി എ​ത്തു​ന്ന​ത്. ഒ​രു ഓ​പ​റേ​ഷ​നി​ലൂ​ടെ പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​മാ​ണെ​ങ്കി​ലും ഉ​മ്മ​യു​ടെ ഹൃ​ദ​യാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​പ​റേ​ഷ​ൻ സാ​ധ്യ​മ​ല്ല എ​ന്ന് ഡോ​ക്ട​ർ​മാ​ർ തീ​ർ​ത്തുപ​റ​ഞ്ഞു. കോ​യ​മ്പ​ത്തൂ​രി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഓ​ട്ട​ത്തി​നി​ട​ക്ക് എ​നി​ക്ക് ഉ​മ്മ​യെ വേ​ണ്ടും​വി​ധം പ​രി​ച​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. എ​​​ന്റെ അ​വ​സ്​​ഥ ക​ണ്ട​റി​ഞ്ഞ് ര​ണ്ടാ​മ​ത്തെ സ​ഹോ​ദ​ര​ൻ ഗ​ൾ​ഫി​ൽ​നി​ന്നും ലീ​വെ​ടു​ത്തു വ​ന്നു​വെ​ങ്കി​ലും എ​​​ന്റെ അ​ഭാ​വ​ത്തി​ൽ ഉ​മ്മ​യു​ടെ ഡ​യ​പ്പ​ർ മാ​റ്റാ​നും മ​റ്റും അ​ദ്ദേ​ഹ​ത്തി​ന് ന​ഴ്സു​മാ​രു​ടെ സ​ഹാ​യം​വേ​ണ്ടി​യി​രു​ന്നു. ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​നുശേ​ഷം ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​രു​ടെ എ​ണ്ണം കാ​ര്യ​മാ​യി വെ​ട്ടി​ക്കു​റ​ച്ചി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം പോ​യി വി​ളി​ച്ചാ​ലും ന​ഴ്സി​ങ് സ്​​റ്റാ​ഫ് എ​ത്താ​ൻ ദീ​ർ​ഘ​സ​മ​യം ആ​വ​ശ്യ​മാ​യിവ​ന്നി​രു​ന്നു. ഇ​തി​​​ന്റെ ഭാ​ഗ​മാ​യി ഉ​മ്മ​യു​ടെ പു​റ​ത്ത് ആ​ശു​പ​ത്രി​യി​ൽ​വെ​ച്ച് ബെ​ഡ്സോ​ർ രൂ​പ​പ്പെ​ടു​ക​യും പ്ര​മേ​ഹ​രോ​ഗി​യാ​യ​തി​നാ​ൽ ഈ ​വ്ര​ണം പി​ന്നീ​ട് എ​ത്ര​യൊ​ക്കെ മ​രു​ന്നു​ക​ൾ ചെ​യ്തി​ട്ടും മ​ര​ണം​വ​രെ മാ​റാ​തി​രി​ക്കു​ക​യും​ചെ​യ്തു. ഒ​രു ഘ​ട്ട​ത്തി​ൽ തു​ട​യി​ലെ വേ​ദ​ന​യേ​ക്കാ​ൾ ഉ​മ്മ​യെ അ​ല​ട്ടി​യി​രു​ന്ന​ത് ഈ ​വ്ര​ണ​ത്തി​ലെ വേ​ദ​ന​യാ​യി​രു​ന്നു. ഹൈ​േ​കാ​ട​തി​യി​ൽ​നി​ന്നും തി​രു​പ്പൂ​ർ കേ​സു​ക​ളി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഒ​പ്പി​ട്ടാ​ൽ മ​തി​യെ​ന്ന ഓ​ർ​ഡ​ർ വ​രു​ന്ന​ത് ഹോ​സ്​​പി​റ്റ​ലി​ൽ​നി​ന്നും ഇ​നി പ്ര​ത്യേ​കി​ച്ച് ഒ​ന്നും​ചെ​യ്യാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഉ​മ്മ​യെ തി​രി​ച്ചു കൊ​ണ്ടുവ​ന്ന ദി​വ​സ​മാ​യി​രു​ന്നു. അ​ന്ന് അ​ത് എ​നി​ക്കു വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. ഉ​മ്മ​യെ ഞ​ങ്ങ​ൾ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചുകൊ​ണ്ടു​വ​ന്നു. ഞാ​ൻ കോ​യ​മ്പ​ത്തൂ​രി​ലെ എ​​ന്റെ താ​മ​സ​സ്​​ഥ​ല​ത്തോ​ട് താ​ൽ​ക്കാ​ലി​ക​മാ​യി വി​ട​പ​റ​ഞ്ഞു.

കുടുംബചിത്രം

ഉ​മ്മ​യു​ടെ ചെ​റു​പ്പ​കാ​ല​ത്തെ കു​റി​ച്ച്, അ​ന്ന​ത്തെ നാ​ട്ടി​ലെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ കാ​ലാ​വ​സ്​​ഥ​യെ കു​റി​ച്ച് എ​ല്ലാം ഉ​മ്മ എ​ന്നോ​ട് സം​സാ​രി​ക്കു​മാ​യി​രു​ന്നു. ജ​യി​ലി​ൽ​വെ​ച്ച് അ​തി​നെ​യെ​ല്ലാം ഉ​പ​ജീ​വി​ച്ച് ആ​ത്മ​ക​ഥാ​പ​ര​മാ​യ ഒ​രു നോ​വ​ൽ എ​ഴു​തു​ന്ന​തി​നെ കു​റി​ച്ച് ഞാ​ൻ ചി​ന്തി​ച്ചി​രു​ന്നു. അ​തി​നു​ള്ള കു​റ​ച്ച് കു​റി​പ്പു​ക​ൾ ഞാ​ൻ ത​യാ​റാ​ക്കു​ക​യും അ​ൽ​പം എ​ഴു​തി​ത്തു​ട​ങ്ങു​ക​യും​ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ജ​യി​ലി​ലെ അ​വ​സാ​ന നാ​ളു​ക​ൾ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​തി​നാ​ൽ അ​ത് നി​ന്നുപോ​യി. ജാ​മ്യ​ത്തി​ലി​റ​ങ്ങി ഉ​മ്മ​യോ​ടൊ​പ്പം താ​മ​സി​ച്ച് ഉ​മ്മ​യു​ടെ ക​ഥ​ക​ൾ കേ​ട്ട് അ​തി​നെ പ​റ്റി എ​ഴു​താ​മെ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്നു. എ​ന്നാ​ൽ, സ​ങ്ക​ട​ക​ര​മെ​ന്നു പ​റ​യാം, വേ​ദ​ന​യു​ടെ വി​വി​ധ അ​വ​സ്​​ഥ​ക​ളി​ലൂ​ടെ​യും അ​ത് ശ​മി​പ്പി​ക്കാ​ൻ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന മ​രു​ന്നു​ക​ളു​ടെ ഭാ​ഗ​മാ​യും ശ​രീ​ര​ത്തി​ലെ പൊ​ട്ടാ​സ്യ​ത്തി​​​ന്റെ അ​ള​വു​ക​ളു​ടെ സ​ന്തു​ല​നാ​വ​സ്​​ഥ​യി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾമൂ​ല​വും പ​ല​പ്പോ​ഴും ഉ​മ്മ ക​ടു​ത്ത നി​രാ​ശ​യി​ലും സ​ങ്ക​ട​ത്തി​ലും​വി​ഭ്ര​മാ​വ​സ്​​ഥ​യി​ലു​മാ​യി​രു​ന്നു. മ​ര​ണ​ഭ​യം, ക​ടു​ത്ത വേ​ദ​ന, മാ​ന​സി​ക വി​ഭ്രാ​ന്തി എ​ല്ലാം​കൊ​ണ്ടും ഉ​മ്മ​യു​ടെ അ​വ​സ്​​ഥ വ​ല്ലാ​തെ മോ​ശ​മാ​യി​രു​ന്നു. അ​ത് ഒ​രു മാ​ർ​ച്ച് മാ​സ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​​​ന്റെ ക​ടം​വീ​ട്ടാ​നെ​ന്ന വി​ധം സൂ​ര്യ​ൻ ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ ക​ത്തി​യെ​രി​ഞ്ഞു. രാ​ത്രി​ക​ളി​ൽ വി​യ​ർ​പ്പി​ൽ കു​തി​ർ​ന്ന് ഉ​മ്മ ഉ​ണ​രും. സ്വ​പ്ന​ങ്ങ​ളി​ൽ ഉ​മ്മ​യെ കൊ​ണ്ടു​പോ​കാ​ൻ കാ​ര​ണ​വ​ന്മാ​ർ മു​ഖം​മൂ​ടു​ന്ന ക​റു​ത്ത തു​ണി​യു​മാ​യി വ​ന്നി​രു​ന്നു. ഉ​മ്മ​ക്ക് ശ്വാ​സം​മു​ട്ടി നി​ല​വി​ളി​ച്ച്​ ഉ​മ്മ അ​വ​ർ മൂ​ടി​യി​രു​ന്ന തു​ണി​ക​ൾ പ​റി​ച്ചെ​റി​ഞ്ഞു. നി​ല​വി​ളി കേ​ട്ടു ഞ​ങ്ങ​ൾ ചെ​ല്ലു​മ്പോ​ൾ ന​ഗ്ന​യാ​യി ഉ​മ്മ കി​ട​ക്ക​യി​ൽ ശ്വാ​സം​മു​ട്ടി കി​ട​ക്കു​ന്നു​ണ്ടാ​കും. ഉ​മ്മ​യെ വ​സ്​​ത്ര​ങ്ങ​ൾ ധ​രി​പ്പി​ക്കാ​ൻ ഞ​ങ്ങ​ൾ ക​ഷ്ട​പ്പെ​ട്ടു. തി​രി​ച്ചി​ട്ട നൈ​റ്റി​ക​ൾ ബ​ട്ട​ണി​ടാ​തെ ഇ​ട്ടി​ട്ടും ഉ​മ്മ​ക്ക് ശ്വാ​സം മു​ട്ടി. നൈ​റ്റി​ക​ളു​ടെ പി​ൻ​ഭാ​ഗ​വും തു​റ​ന്ന് വെ​റു​തെ ഒ​രു പു​ത​പ്പു​പോ​ലെ ഇ​ട്ടി​രു​ന്നാ​ലും ഉ​മ്മ അ​തെ​ല്ലാം ഊ​രി​ക്ക​ള​ഞ്ഞി​രി​ക്കും. എ​നി​ക്ക് പ​രി​ചി​ത​യാ​യ ക​ർ​ശ​ന​ക്കാ​രി​യെ​ങ്കി​ലും സൗ​മ്യ സ്വ​ഭാ​വി​യാ​യ ഉ​മ്മ​യെ കാ​ണാ​ൻ സാ​ധി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ൾ കു​റ​ഞ്ഞു​വ​ന്നു. ആ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​ക​ട്ടെ എ​ന്നെ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ വേ​ദ​ന ത​ന്ന് കി​ട​ത്തി​യി​രി​ക്കു​ന്ന​ത്, എ​നി​ക്കു മ​ര​ണ​ത്തെ ത​ന്നു​കൂ​ടെ എ​ന്ന് ഉ​മ്മ പ​ട​ച്ച​വ​നോ​ട് കേ​ണു​കൊ​ണ്ടി​രു​ന്നു. അ​ന്നെ​ല്ലാം രാ​ത്രി പ​ണി​യെ​ല്ലാം ഒ​തു​ക്കി​യി​ട്ട് ഞാ​ൻ പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​ക്ക് കു​ളി​ച്ചി​ട്ട് ര​ണ്ട​ര​ക്കാ​ണ് കി​ട​ക്കാ​റ്. ഒ​ന്നു മ​യ​ങ്ങു​മ്പോ​ഴേ​ക്കും ഉ​മ്മ എ​ണീ​റ്റ് വെ​ള്ളം ചോ​ദി​ക്കാ​ൻ തു​ട​ങ്ങും. അ​ന്ന് ഒ​ടു​ങ്ങാ​ത്ത ദാ​ഹ​മാ​യി​രു​ന്നു ഉ​മ്മ​ക്ക്. വെ​ള്ള​ത്തി​ലൂ​ടെ​യാ​കും ഉ​മ്മ ജീ​വി​ത​ത്തെ കൈ​യെ​ത്തി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഉ​മ്മ​ക്ക് മൂ​ത്രം പോ​കാ​നി​ട്ട ട്യൂ​ബ് മാ​റ്റി​യി​ട്ടി​ട്ടും​ മൂ​ത്ര​ത്തി​ൽ പ​ഴു​പ്പു ബാ​ധി​ച്ചു. ആ​ദ്യം ചു​മ​യാ​യി തു​ട​ങ്ങി​യ​ത് ന്യൂ​മോ​ണി​യ​യാ​യി മാ​റി. കോ​യ​മ്പ​ത്തൂ​രി​നും ആ​ശു​പ​ത്രി​ക​ൾ​ക്കും ഇ​ട​യി​ൽ അ​ന്നെ​​​ന്റെ ജീ​വി​തം ഊ​യ​ലാ​ടി.

അ​തി​നി​ട​യി​ലാ​ണ് ആ​മി​യു​ടെ വി​വാ​ഹം. ഞാ​ൻ പു​റ​ത്തു പോ​കു​ന്ന​ത് ഉ​മ്മ​ക്ക് ഇ​ഷ്ട​മി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് വി​വാ​ഹ​ത്തി​​​ന്റെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം എ​​​ന്റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് ചെ​യ്ത​ത്. ഇ​തി​നി​ട​യി​ൽ ഉ​മ്മ​യു​ടെ അ​സു​ഖം മൂ​ർ​ച്ഛി​ച്ച്​ വെ​ന്റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ന്ന സ്​​ഥി​തി​യെ​ത്തി. ഉ​മ്മ​യു​ടെ ഹൃ​ദ​യ​ശ​സ്​​ത്ര​ക്രി​യ​ ചെ​യ്ത ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് വീ​ണ്ടും പോ​യ​ത്. അ​വി​ടെ​വെ​ച്ച് ഉ​മ്മ ആ​രോ​ഗ്യം കു​റ​ച്ചൊ​ക്കെ വീ​ണ്ടെ​ടു​ത്തെ​ങ്കി​ലും അ​വി​ട​ത്തെ ഡോ​ക്ട​ർ​മാ​രു​ടെ സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി തു​ട​യെ​ല്ല് ഓ​പ​റേ​ഷ​ൻ ചെ​യ്യാ​ൻ ഉ​മ്മ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, അ​ത് അ​പ​ക​ട​ക​ര​മാ​യ ഒ​രു തീ​രു​മാ​ന​മാ​യി​രു​ന്നു. ഓ​പ​റേ​ഷ​നു ശേ​ഷം ഉ​മ്മ ബോ​ധം വീ​ണ്ടെ​ടു​ത്തെ​ങ്കി​ലും ര​ണ്ട​ര മ​ണി​ക്കൂ​റി​നുശേ​ഷം ഒ​രു ക​ടു​ത്ത ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി മ​ര​ണ​മ​ട​ഞ്ഞു. ഒ​രു​പ​ക്ഷേ എ​​​ന്റെ ജാ​മ്യ​വ്യ​വ​സ്​​ഥ​ക​ൾ​ക്ക് ഇ​ള​വു​കി​ട്ടു​ക​യും ഉ​മ്മ​യോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ൽ ഉ​മ്മ കു​റ​ച്ചു കാ​ലം​കൂ​ടി ജീ​വി​ച്ചി​രു​ന്നേ​നെ എ​ന്ന ചി​ന്ത എ​ന്നും എ​​​ന്റെ ഉ​ള്ളി​ലു​ണ്ട്. അ​തി​​​ന്റെ കു​റ്റ​ബോ​ധ​ത്തി​ൽ​നി​ന്ന് എ​നി​ക്ക് ഒ​രി​ക്ക​ലും മോ​ച​നം ല​ഭി​ക്കു​ക​യി​ല്ല.

ഉ​മ്മ​യു​ടെ മ​ര​ണം എ​​​ന്റെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ​ സം​ഭ​വ​മാ​യി​രു​ന്നു. എ​​​ന്റെ അ​ഭാ​വ​ത്തി​ൽ കു​ട്ടി​ക​ളെ നോ​ക്കു​ന്ന​തു മു​ത​ൽ ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി പ്ര​ത്യേ​കി​ച്ച് ജോ​ലി​യൊ​ന്നും ഇ​ല്ലാ​തി​രു​ന്ന എ​ന്നെ​യും കു​ട്ടി​ക​ളെ​യും സം​ര​ക്ഷി​ച്ചി​രു​ന്ന​ത് ഉ​മ്മയായി​രു​ന്നു. ഉ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ വീ​ടി​​​ന്റെ മു​ഴു​വ​ൻ ചു​മ​ത​ല​യും എ​​​ന്റെ ചു​മ​ലി​ൽ ആ​യി. ആ​ഴ്ച​തോ​റും കോ​യ​മ്പ​ത്തൂ​രി​ൽ ഒ​പ്പി​ടാ​നും ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​സ്​ ന​ട​ത്താ​നും പോ​കേ​ണ്ടി​യി​രു​ന്ന എ​ന്നെ സം​ബ​ന്ധി​ച്ച് ഒ​രു ജോ​ലി​ചെ​യ്യു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഒ​പ്പി​ടാ​നു​ള്ള യാ​ത്ര​ക​ൾ​ക്കും കേ​സ്​ സം​ബ​ന്ധ​മാ​യ യാ​ത്ര​ക​ൾ​ക്കും കേ​സ്​ ന​ട​ത്തി​പ്പി​നും പ​ണം ആ​വ​ശ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​ത്യേ​കി​ച്ച് വ​രു​മാ​ന​മോ ജോ​ലി​യോ ഇ​ല്ല. അ​പ്പോ​ഴും ഉ​മ്മ​യു​ടെ പേ​രി​ലു​ള്ള കു​റ​ച്ചു പ​ണം ബാ​ങ്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് നോ​മി​നി ആ​യി​രു​ന്ന​തി​നാ​ൽ എ​നി​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞു. ര​ണ്ടു വ​ർ​ഷ​ത്തോ​ളം ഈ ​വ​രു​മാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഞാ​നും മ​ക്ക​ളും ജീ​വി​ച്ച​ത്. ഇ​തി​നി​ടെ എ​ല്ലാ ആ​ഴ്ച​യും ഒ​പ്പി​ടു​ന്ന​തി​ൽ​നി​ന്ന്​ മാ​സ​ത്തി​ൽ ര​ണ്ടുത​വ​ണ ഒ​പ്പി​ടു​ന്ന​തി​ലേ​ക്ക് ജാ​മ്യ​വ്യ​വ​സ്​​ഥ ഇ​ള​വ്ചെ​യ്ത്​ ല​ഭി​ച്ചു. ആ ​സ​മ​യ​ത്താ​ണ് കോവിഡ് പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത്. കോവിഡ്മൂ​ലം ലോ​കം മു​ഴു​വ​നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​നു​ഭ​വി​ച്ച​പ്പോ​ൾ അ​തി​ൽ ആ​ശ്വാ​സം അ​നു​ഭ​വി​ച്ച അ​പൂ​ർ​വം ആ​ളു​ക​ളി​ൽ ഒ​രാ​ൾ ഞാ​ൻ ആ​യി​രി​ക്കും. കോവിഡ് കാ​ല​ത്ത് ലോ​ക്ഡൗ​ൺമൂ​ലം പൊ​തു​ഗ​താ​ഗ​തം നി​രോ​ധി​ച്ച​പ്പോ​ൾ എ​നി​ക്ക് കോ​യ​മ്പ​ത്തൂ​രേ​ക്കോ കോ​ട​തി​ക​ളി​ലേ​ക്കോ പോ​കേ​ണ്ട​തി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​യും അ​ത​നു​ബ​ന്ധി​ച്ചു​ള്ള സാ​മ്പ​ത്തി​ക ചെ​ല​വും ഒ​ഴി​വാ​യി. എ​ങ്കി​ലും 2020 മ​ധ്യ​മാ​യ​പ്പോ​ഴേ​ക്കും വി​ല​ക്ക​യ​റ്റം​മൂ​ല​വും കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം തീ​ർ​ന്നു​തു​ട​ങ്ങി​യ​തു മൂ​ല​വും ഞാ​ൻ ഒ​രു ജോ​ലി അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​യി. അ​ങ്ങ​നെ വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ഞാ​ൻ വീ​ണ്ടും അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. എ​​​ന്റെ ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഞാ​ൻ എ​റ​ണാ​കു​ള​ത്തേ​ക്ക് തി​രി​ച്ചു​വ​രുക​യും എ​​​ന്റെ പ​ഴ​യ ഒ​രു സീ​നി​യ​റി​​​ന്റെ കൂ​ടെ വീ​ണ്ടും ഹൈ​േ​കാ​ട​തി​യി​ൽ പ്രാ​ക്ടീ​സ്​ പു​ന​രാ​രം​ഭി​ക്കു​ക​യും​ ചെ​യ്തു. എ​​​ന്റെ പ​ഴ​യ വീ​ട് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഒ​രു വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് അ​തി​ലാ​ണ് ഞാ​ൻ മോ​ളോ​ടൊ​പ്പം താ​മ​സി​ച്ച​ത്. നാ​ട്ടി​ലെ വീ​ടി​​ന്റെ വാ​ട​ക​യും ചി​ല സു​ഹൃ​ത്തു​ക്ക​ളു​ടെ​ സ​ഹാ​യ​വും പ്രാ​ക്ടീ​സി​ൽ​നി​ന്നു​ള്ള ചെ​റി​യ വ​രു​മാ​ന​വും ചേ​ർ​ന്ന്​ ക​ഷ്ടി​ച്ച് ജീ​വി​ച്ചുപോ​കാ​വു​ന്ന അ​വ​സ്​​ഥ​യി​ലാ​യി. ഇ​തി​നി​ട​യി​ൽ കോ​യ​മ്പ​ത്തൂ​രി​ലെ കേ​സു​ക​ളി​ൽ മാ​സ​ത്തി​ൽ ഒ​രു ത​വ​ണ ഒ​പ്പി​ട്ടാ​ൽ മ​തി​യെ​ന്ന ത​ര​ത്തി​ൽ ജാ​മ്യ​വ്യ​വ​സ്​​ഥ​യി​ൽ ഇ​ള​വ്​ ല​ഭി​ക്കു​ക​യും​ചെ​യ്തു. കോവിഡ്മൂ​ലം അ​പ്പോ​ഴും ഒ​പ്പി​ട​ൽ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ൽ എ​നി​ക്ക്​​ കോവിഡ് ബാ​ധി​ക്കു​ക​യും​ ചെ​യ്തു. തി​രു​പ്പൂ​രി​ലെ കേ​സു​ക​ളു​ടെ ജാ​മ്യ​വ്യ​വ​സ്​​ഥ അ​പ്പോ​ഴും ഇ​ള​വ്ചെ​യ്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​ത് ഇ​ള​വ്ചെ​യ്തു കി​ട്ടാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ അ​ത് ഇ​ള​വ്ചെ​യ്യു​ന്ന​തി​ന് പ​ക​രം വീ​ണ്ടും ഉ​ട​ന​ടി ഒ​പ്പി​ട​ൽ ആ​രം​ഭി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​ന്ന് എ​നി​ക്ക്​ കോവിഡ് മാ​റി​യി​രു​ന്നെ​ങ്കി​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ തു​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, കോ​ട​തി അ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ ത​മി​ഴ്നാ​ട്ടി​ൽ കോവിഡ് കാ​ര്യ​മാ​യി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഉ​ട​നെ ഒ​പ്പി​ട​ൽ പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജാ​മ്യം റ​ദ്ദാ​ക്കു​മെ​ന്ന്​ വാ​ക്കാ​ൽ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം​ത​ന്നെ ത​മി​ഴ്നാ​ട്ടി​ലെ കോ​ട​തി​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​രം​ഭി​ക്കു​ക​യും​ ചെ​യ്തു. എ​​​ന്റെ കോ​യ​മ്പ​ത്തൂ​ർ കേ​സി​ലെ ജാ​മ്യ​വ്യ​വ​സ്​​ഥ മാ​സ​ത്തി​ൽ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​യും ഒ​പ്പി​ടു​ക എ​ന്ന​താ​യി മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ തി​രു​പ്പൂ​ർ കേ​സു​ക​ളി​ൽ ഒ​പ്പി​ടേ​ണ്ട​ത് എ​ല്ലാ മാ​സ​ത്തി​ലും ഒ​ന്നാം തീ​യ​തി​യും പ​തി​ന​ഞ്ചാം തീ​യ​തി​യും ആ​ണ്. ഫ​ല​ത്തി​ൽ ഓ​രോ മാ​സ​വും മൂ​ന്നു​ദി​വ​സം വീ​തം ഒ​പ്പി​ടാ​നാ​യി കോ​യ​മ്പ​ത്തൂ​ർ​ക്ക് പോ​ക​ണം. ഇ​പ്പോ​ൾ ഞാ​ൻ താ​മ​സി​ക്കു​ന്ന​ത് എ​റ​ണാ​കു​ള​ത്താ​ണ്. തൃ​പ്ര​യാ​റി​ൽ​നി​ന്ന് അ​തി​രാ​വി​ലെ നാ​ലേ​മു​ക്കാ​ലി​ന് ബ​സ്​ ക​യ​റി​യാ​ൽ ഒ​പ്പി​ടേ​ണ്ട സ​മ​യ​ത്ത് കോ​യ​മ്പ​ത്തൂ​ർ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, എ​റ​ണാ​കു​ള​ത്തു​നി​ന്നാ​കു​മ്പോ​ൾ ഇ​ത് സാ​ധ്യ​മ​ല്ല. രാ​വി​ലെ കോ​യ​മ്പ​ത്തൂ​ർ എ​ത്തു​ന്ന െട്ര​യി​നു​ക​ളും ഇ​ല്ല. അ​തു​കൊ​ണ്ട് ത​ലേ​ദി​വ​സം​ത​ന്നെ പു​റ​പ്പെ​ടേ​ണ്ടി​വ​രു​ന്നു. ഇ​തി​നാ​ൽ ഓ​രോ യാ​ത്ര​യും ര​ണ്ടു​ദി​വ​സ​ത്തെ പ​രി​പാ​ടി​യാ​ണ്. ചി​ല​പ്പോ​ൾ ഇ​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ കേ​സി​​​ന്റെ ഹി​യ​റി​ങ് ഉ​ണ്ടെ​ങ്കി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം അ​തി​നു​കൂ​ടി ത​ങ്ങേ​ണ്ടി​വ​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ നാ​ലു കോ​ട​തി​ക​ളി​ൽ കേ​സു​ക​ൾ ഉ​ള്ള​തി​നാ​ൽ അ​തി​നും ഇ​തു​പോ​ലെ ര​ണ്ടു​ദി​വ​സം വീ​തം മാ​റ്റി​വെ​ക്കേ​ണ്ടി​വ​രു​ന്നു. എ​ല്ലാ കേ​സു​ക​ൾ​ക്കും ഹാ​ജ​രാ​വു​ക​യാ​ണെ​ങ്കി​ൽ ഒ​രു മാ​സം 14 ദി​വ​സ​ം കേ​സു​ക​ൾ​ക്കും ഒ​പ്പി​ട​ലി​നു​മാ​യി മാ​റ്റി​വെ​ക്കേ​ണ്ടി​വ​രു​ന്നു. കേ​ര​ള​ത്തി​ലെ കോ​ട​തി​ക​ളി​ലെ മി​ക്ക കേ​സു​ക​ളും എ​റ​ണാ​കു​ള​ത്തേ​ക്ക് മാ​റ്റി​യ​തി​നാ​ൽ എ​റ​ണാ​കു​ളം​വി​ട്ട് കോ​യ​മ്പ​ത്തൂ​ർ പോ​യി താ​മ​സി​ക്കാ​നും സാ​ധി​ക്കു​ക​യി​ല്ല. പ​രി​മി​ത​മാ​യ രീ​തി​യി​ൽ സ്വ​ന്തം കേ​സു​ക​ൾ എ​ങ്കി​ലും വാ​ദി​ക്ക​ണ​മെ​ങ്കി​ൽ എ​റ​ണാ​കു​ള​ത്ത് ത​ന്നെ താ​മ​സി​ക്കേ​ണ്ട​തു​ണ്ട്. നി​ല​വി​ൽ രൂ​പേ​ഷി​​​ന്റെ എ​ൻ.​ഐ.​എ കോ​ട​തി​യി​ലു​ള്ള കേ​സും ഹൈ​കോ​ട​തി​യി​ലെ കേ​സു​ക​ളും ന​ട​ത്തു​ന്ന​തി​ൽ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നെ ഞാ​ൻ അ​സി​സ്റ്റ്ചെ​യ്യു​ന്നു​ണ്ട്. മു​മ്പ് ഞാ​ൻ പ്രാ​ക്ടീ​സ്​​ചെ​യ്തി​രു​ന്ന ഓ​ഫിസി​ൽ​നി​ന്ന് ഇ​ക്കാ​ര​ണ​ങ്ങ​ളാ​ൽ ഞാ​ൻ പി​രി​ഞ്ഞു പോ​രു​ക​യാ​യി​രു​ന്നു. മാ​സ​ത്തി​ൽ പ​കു​തി​യും നാ​ട്ടി​ൽ ഇ​ല്ലാ​ത്ത ഒ​രാ​ൾ​ക്ക് എ​വി​ടെ ജോ​ലി ല​ഭി​ക്കാ​ൻ? എ​​​ന്റെ ജാ​മ്യ​വ്യ​വ​സ്​​ഥ​ത​ന്നെ ഒ​രു ശി​ക്ഷ​യാ​യി മാ​റു​ന്ന അ​വ​സ്​​ഥ​യാ​ണി​പ്പോ​ൾ. നി​ത്യ​വൃ​ത്തി​ക്കു​ള്ള വ​ഴി​പോ​ലും ഇ​തി​നാ​ൽ അ​ട​ഞ്ഞു​പോ​യി​രി​ക്കു​ന്നു. സ്വാ​ത​ന്ത്ര്യ​ത്തി​നും അ​സ്വാ​ത​ന്ത്ര്യ​ത്തി​നും ഇ​ട​യി​ലു​ള്ള നേ​ർ​ത്ത വ​ര​മ്പു​ക​ൾ മാ​ഞ്ഞു​പോ​യി​രി​ക്കു​ന്നു. തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ കേ​സു​ക​ളി​ൽ വീ​ണ്ടും ജാ​മ്യ​വ്യ​വ​സ്​​ഥ​യി​ൽ ഇ​ള​വു ചോ​ദി​ച്ചു​ള്ള പെ​റ്റീ​ഷ​ൻ ഇ​ട്ടി​രു​ന്നെ​ങ്കി​ലും മു​മ്പ​ത്തെ അ​തേ കാ​ര​ണം കാ​ണി​ച്ച് കോ​ട​തി അ​തു ത​ള്ളു​ക​യാ​യി​രു​ന്നു. വീ​ണ്ടും ഒ​രു പെ​റ്റീ​ഷ​ൻ ഇ​പ്പോ​ൾ ഇ​ടു​ന്നു​ണ്ട്. ഇ​ത്ത​വ​ണ എ​ന്താ​ണ് സം​ഭ​വി​ക്കു​ക എ​ന്ന​റി​യു​ക​യി​ല്ല. ഇ​നി ഒ​രു കാ​ര​ണ​വ​ശാ​ലും ഒ​പ്പി​ട​ൽ മു​ട​ക്ക​രു​തെ​ന്നാ​ണ് എ​നി​ക്ക് മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ലെ വ​ക്കീ​ലി​ൽ​നി​ന്നും ല​ഭി​ച്ച നി​ർ​ദേ​ശം. ക​ഴി​ഞ്ഞ​ത​വ​ണ ക​ടു​ത്ത പ​നി​യും വ​യ​റി​ള​ക്ക​വും പ​ല്ലു​വേ​ദ​ന​യും മൂ​ലം മൂ​ന്നു ത​വ​ണ മു​ട​ങ്ങി​യ​തി​നാ​ലാ​ണ് എ​​​ന്റെ പെ​റ്റീ​ഷ​ൻ ത​ള്ളി​യ​തെ​ന്നാ​ണ് വ​ക്കീ​ൽ ക​രു​തു​ന്ന​ത്. അ​സു​ഖ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ ഞാ​ൻ കൃ​ത്യ​മാ​യ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്ന​തു​മാ​ണ്. ഞാ​ൻ ഓ​രോ ത​വ​ണ ഒ​പ്പി​ടാ​നാ​യി പോ​കു​മ്പോ​ഴും പ​ത്തൊ​മ്പ​ത് -ഇ​രു​പ​ത് വ​യ​സ്സാ​യ മോ​ളെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി​യി​ട്ടാ​ണ് പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ അ​വ​ൾ​ക്ക് ക​ടു​ത്ത പ​നി​യും ഛർ​ദി​യും ബാ​ധി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഞാ​ൻ ഒ​പ്പി​ടാ​നാ​യി പോ​യ​ത്. ഞാ​നി​റ​ങ്ങു​മ്പോ​ഴു​ള്ള അ​വ​ളു​ടെ ദ​യ​നീ​യ​മാ​യ നോ​ട്ടം എ​​​ന്റെ മ​ന​സ്സി​ലു​ണ്ട്. പ​ക്ഷേ, നി​വൃ​ത്തി​യി​ല്ല​ല്ലോ. എ​​​ന്റെ അ​സു​ഖം ക​ണ​ക്കാ​ക്കാ​ത്ത കോ​ട​തി എ​​​ന്റെ മ​ക​ളു​ടെ അ​സു​ഖം ക​ണ​ക്കി​ലെ​ടു​ക്കാ​ൻ വ​ഴി​യി​ല്ല​ല്ലോ.

ഷൈന ഒളിവിൽ പോകുംമുമ്പ് എഴുതിയ തുറന്നകത്ത് പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പ്.

ഈ ​പു​തു​വ​ർ​ഷ​ത്തി​ന് ഞാ​ൻ ക്യൂ ​ബ്രാ​ഞ്ച് പൊലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടു​ക​യാ​യി​രി​ക്കും. ക​ഴി​ഞ്ഞ പു​തു​വ​ർ​ഷ​ങ്ങ​ളും അ​ങ്ങ​നെ​യാ​യി​രു​ന്നു. പെ​രു​ന്നാ​ൾ, ഓ​ണം, വി​ഷു... അ​ങ്ങ​നെ മി​ക്ക ആ​ഘോ​ഷ​ങ്ങ​ളും അ​വി​ടെ ത​ന്നെ​യാ​യി​രി​ക്കും... ഈ ​മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളെ കു​റി​ച്ച് ഇ​ത്ര വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​തു​ണ്ടോ എ​ന്ന് ചി​ല​രെ​ങ്കി​ലും തി​രി​ച്ചു ചോ​ദി​ക്കും. ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക്, അ​ടു​പ്പ​മു​ള്ള​വ​ർ​ക്ക് ... ഒ​ക്കെ മ​റ്റെ​ന്ത് ആ​ഘോ​ഷ​മാ​ണു​ള്ള​ത്? ഒ​രു പി​റ​ന്നാ​ൾ ഒ​ഴി​കെ? അ​വ​രോ​ട് സ്വാ​ത​ന്ത്ര്യദി​ന​വും റി​പ്പ​ബ്ലി​ക് ദി​ന​വും ആ​ഘോ​ഷി​ച്ചോ​ളൂ എ​ന്നു പ​റ​യ​ണോ? എ​ല്ലാ സ്വാ​ത​ന്ത്ര്യദി​ന​വും (ആ​ഗ​സ്റ്റ് 15) 15ാം തീ​യ​തി ആ​യ​തി​നാ​ൽ ഒ​പ്പി​ടേ​ണ്ട ദി​വ​സ​ങ്ങ​ൾ ത​ന്നെ​യാ​ണ്.

ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​ഒ​പ്പി​ട​ൽ ആ​രം​ഭി​ച്ചി​ട്ട്. ഓ​രോ യാ​ത്ര​ക്കും മി​നി​മം അ​ഞ്ഞൂ​റു രൂ​പ ചെ​ല​വാ​കും. ശാ​രീ​രി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ വേ​റെ​യും. എ​നി​ക്കി​പ്പോ​ൾ അ​മ്പ​ത്തൊ​ന്നു വ​യ​സ്സാ​യി. പ്ര​മേ​ഹ​മു​ണ്ട്, സ​ന്ധി​വാ​ത​ത്തി​​​ന്റെ പ്ര​ശ്ന​മു​ണ്ട്, ഗ്യാ​സ്​​ട്രി​ക് പ്ര​ശ്ന​ങ്ങ​ൾ വേ​റെ​യും. ഓ​രോ യാ​ത്ര​യും ക​ഴി​യു​മ്പോ​ൾ എ​​​ന്റെ ശ​രീ​രം മു​റു​മു​റു​ക്കു​ന്നു​ണ്ട്. എ​​​ന്റെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു. എ​​​ന്റെ പേ​രി​ലു​ള്ള ഒ​രു കു​റ്റം​പോ​ലും ഇ​നി​യും തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​നി​യും മി​ക്ക കേ​സു​ക​ളി​ലും​ചാ​ർ​ജ് പോ​ലും െഫ്ര​യിം ചെ​യ്തി​ട്ടി​ല്ല. ചാ​ർ​ജ് െഫ്ര​യിം ചെ​യ്ത് വി​ചാ​ര​ണ ആ​രം​ഭി​ച്ച കേ​സി​ൽ ആ​ദ്യ സാ​ക്ഷി​യെ വി​സ്​​ത​രി​ച്ച​പ്പോ​ൾ ത​ന്നെ കേ​സു പൊ​ളി​ഞ്ഞു​പോ​യി എ​ന്നു മ​ന​സ്സി​ലാ​ക്കി​യ പ്രോ​സി​ക്യൂ​ഷ​ൻ കേ​സു​ക​ൾ കോ​യ​മ്പ​ത്തൂ​രി​ലെ ബോം​ബ് ബ്ലാ​സ്​​റ്റ് കേ​സ്​ വി​ചാ​ര​ണ ന​ട​ത്തി​യ കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ല്ലാ കേ​സു​ക​ളും ഒ​റ്റ കോ​ട​തി​യി​ലേ​ക്ക് വി​ചാ​ര​ണ​ക്കാ​യി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രൂ​പേ​ഷ് മ​ദ്രാ​സ് ​​ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ ശ​ക്തി​യു​ക്തം അ​തി​നെ എ​തി​ർ​ത്ത് കേ​സ്​ ത​ള്ളി​ക്ക​ള​യി​ച്ച അ​തേ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി​യാ​ണ് കോ​ട​തി​ക​ളെ ക​രു​വാ​ക്കി പി​ൻ​വാ​തി​ലി​ലൂ​ടെ ഇ​തേ ആ​വ​ശ്യ​ത്തി​നാ​യി ഒ​രു അ​ഡ്മി​നി​സ്​േ​ട്ര​റ്റി​വ് ഉ​ത്ത​ര​വി​നാ​യി ന​ട​ക്കു​ന്ന​ത്. ഈ ​കേ​സു​ക​ൾ ഇ​നി എ​ന്നു വി​ചാ​ര​ണ​ക്കെ​ടു​ക്കും എ​ന്ന​റി​യി​ല്ല. ജ​യി​ലി​ൽ കി​ട​ക്കു​ന്ന ഒ​രു സ​ഖാ​വി​ന് ഇ​തി​നോ​ടൊ​പ്പ​മു​ള്ള ഒ​രു കേ​സി​ൽ ചാ​ർ​ജ് െഫ്ര​യിം ചെ​യ്താ​ൽ​ ജാ​മ്യം ന​ൽ​കാ​മെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​പ്പോ​ൾ കോ​ട​തി മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ ​കേ​സി​ൽ ചാ​ർ​ജ് െഫ്ര​യിം ചെ​യ്യാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹം ജ​യി​ലി​ൽ​ത​ന്നെ തു​ട​രു​ന്നു. അ​ങ്ങ​നെ നോ​ക്കു​മ്പോ​ൾ എ​നി​ക്ക് ആ​ശ്വ​സി​ക്കാം, ഞാ​ൻ ജ​യി​ലി​നു പു​റ​ത്താ​ണ്. എ​നി​ക്ക് ചാ​യ കു​ടി​ക്കാ​ൻ തോ​ന്നു​മ്പോ​ൾ കു​ടി​ക്കാം വേ​ണ്ടെ​ങ്കി​ൽ വേ​ണ്ട എ​ന്നു​വെ​ക്കാം. ഫോ​ൺ ചെ​യ്യാം, സു​ഹൃ​ത്തു​ക്ക​ളെ കാ​ണാം. സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​തേ, സ്വാ​ത​ന്ത്ര്യം... ക​യ​റി​​​ന്റെ അ​റ്റം എ​ത്ര​ത്തോ​ളം നീ​ളു​മോ അ​ത്ര​യും സ്വാ​ത​ന്ത്ര്യം. നി​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന് എ​ത്ര നീ​ള​മു​ണ്ട്? അ​ല്ലെ​ങ്കി​ൽ​ത​ന്നെ ഈ ​രാ​ജ്യ​ത്ത്, ആ​ന​ന്ദ് തെ​ൽ​തും​ബ്ഡെ​യെ​യും ഗൗ​തം ന​വ​്ല​ഖ​യെ​യും​ പോ​ലു​ള്ള​വ​രെ, സു​രേ​ന്ദ്ര ഗാ​ഡ്​​ലി​ങ്, സു​ധ ഭ​ര​ദ്വാ​ജ്... തു​ട​ങ്ങി​യ വ​ക്കീ​ല​ന്മാ​രെ​യും ഹാ​നി​ബാ​ബു, സാ​യി​ബാ​ബ, ഷോ​മ സെ​ൻ പോ​ലു​ള്ള അ​ധ്യാ​പ​ക​രെ​യും സ്റ്റാ​ൻ സ്വാ​മി​യെപോ​ലു​ള്ള സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രെ​യും സി​ദ്ദീ​ഖ് കാ​പ്പ​നെ പോ​ലു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ​യും മ​റ്റ​നേ​കം ബു​ദ്ധി​ജീ​വി​ക​ളെ​യും രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും ജ​യി​ലി​ല​ട​ക്കു​ന്ന ഒ​രി​ട​ത്ത് രാ​ജ്യം മു​ഴു​വ​ൻ ഒ​രു ജ​യി​ലാ​യി പ​രി​ണ​മി​ക്കു​മ്പോ​ൾ എ​ത്രകാ​ലം നി​ങ്ങ​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​കും? അ​ല്ല, അ​തി​ന് ഈ ​രാ​ജ്യം നി​ങ്ങ​ളു​ടേ​തു ത​ന്നെ​യാ​ണോ എ​ന്ന് അ​വ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടോ..?

ഹേ, ​ബ​ഷീ​ർ... നി​ങ്ങ​ൾ പ​റ​ഞ്ഞ​തെ​ത്ര ശ​രി​യാ​ണ്. ഏ​തു സ്വ​ത​ന്ത്രലോ​കം? അ​തി​ലും വ​ലി​യ ഒ​രു ജ​യി​ൽ അ​ത്ര മാ​ത്ര​മ​ല്ലേ?

Tags:    
News Summary - shyna pa on her bail life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.