ഉത്തര പശ്ചിമേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് വിവിധ കാലഘട്ടങ്ങളിലായി കച്ചവടം, സൈനികസേവനം എന്നിത്യാദി കാര്യങ്ങൾക്കായി കേരളത്തിലെത്തിച്ചേർന്ന ഹിന്ദുസ്ഥാനി മുസ്ലിംകൾക്ക്, അർഹമായ പരിഗണന നൽകുന്ന കാര്യത്തിൽ അക്കാലത്തെ ഭരണാധികാരികൾ പ്രത്യേകം ശ്രദ്ധനൽകി. ഇവരിൽ ബഹുഭൂരിപക്ഷം പേരും ഹിന്ദുസ്ഥാനി/ഉർദു മാതൃഭാഷയായിട്ടുള്ളവരും അറബി-പേർഷ്യൻ ലിപി വകഭേദമായ 'നാസ്ഥാലിക്' ഉപയോഗിച്ചിരുന്നവരുമായിരുന്നു. അത്തരക്കാരുടെ ഭാഷ ഒരു സ്വതന്ത്രഭാഷയാണെന്നും ഭാഷാ മിശ്രിതമാണെന്നും അഭിപ്രായമുണ്ട്. െഡക്കാൻ പ്രദേശത്തുനിന്നെത്തിയവർ ഉപയോഗിച്ചിരുന്ന സംസാരഭാഷയെന്ന അർഥത്തിൽ 'ദക്കിനി' എന്ന പേരിൽ തെക്കനിന്ത്യയിൽ അറിയപ്പെട്ട ഹിന്ദുസ്ഥാനിയെ ഹിന്ദിയോട് ആഭിമുഖ്യം പുലർത്തിവന്നിരുന്നവർ 'ദക്കിനി ഹിന്ദി' എന്നും ഉർദു പണ്ഡിതർ 'ദക്കിനി ഉർദു'വെന്നും വിളിച്ചു.1 'ഉർദു'വെന്ന നിലയിൽ പരിഗണിച്ചിരുന്നവരും ഇല്ലാതില്ല. ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഹിന്ദുസ്ഥാനിയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്, ദേവനാഗരി ലിപിയിലുള്ള ഹിന്ദിയും അറബി-പേർഷ്യൻ ലിപിയിലുള്ള ഉർദുവും വ്യത്യസ്ത അളവിൽകൂടി ചേർന്ന ഒരു ഭാഷയെന്ന നിലയിലാണ്.2 ഹിന്ദിക്കും ഉർദുവിനും ഇടയിലുള്ളൊരു സുവർണ മാധ്യമമായി ജവഹർലാൽ നെഹ്റു ഹിന്ദുസ്ഥാനിയെ കണക്കാക്കുമ്പോൾ ഇവ രണ്ടുംകൂടി മധുരതരമായി സമ്മേളിച്ചിരിക്കുന്ന ഒരു ഭാഷയായി ഹിന്ദുസ്ഥാനിയെ മഹാത്മാ ഗാന്ധിയും വിശേഷിപ്പിക്കുന്നുണ്ട്.3 എന്നാൽ, കേരളത്തിൽ ഹിന്ദുസ്ഥാനി എന്നത് ഉർദുവിനെ കുറിക്കുന്ന പദം തന്നെയായി മാറിയിരുന്നു.
കേരളത്തിലെ വിവിധ നാടുവാഴികൾ പഷ്ത്തൂൺ/പത്താൻ/പട്ടാണി വിഭാഗത്തിലുള്ള ഹിന്ദുസ്ഥാനി മാതൃഭാഷയായ മുസ്ലിംകളെ തങ്ങളുടെ സൈന്യത്തിൽ നിലനിർത്തിവന്നിരുന്നു. ഉത്തരേന്ത്യയിൽനിന്നുമെത്തി ഡെക്കാൻ മുസ്ലിം രാജവംശങ്ങളിലെ വിവിധ നവാബുമാർക്കിടയിൽ സൈനികസേവകരായിരുന്ന ഇവരെ വേണാട് ഉൾപ്പെടെയുള്ള നാട്ടുരാജാക്കന്മാർ സേവകരാക്കിയിരുന്നു. ഉമയമ്മറാണി വേണാട് ഭരിക്കുന്ന കാലത്ത് തെക്കൻ അതിർത്തി വഴി കടന്നാക്രമിച്ച് വേണാടിന്റെ അധികാരം പിടിച്ച 'മുകിലൻപട'യുടെ കാലത്ത് മുകിലന്റെ സൈന്യത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് കടക്കുന്നതിൽനിന്നും തടഞ്ഞത് മണക്കാട് താവളമടിച്ചിരുന്ന പട്ടാണി സൈനികരായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്.4 സാമൂതിരിക്ക് കുഞ്ഞാലി മരയ്ക്കാന്മാരെ പോലെയായിരുന്നു വേണാട്ടരചന് പട്ടാണി സൈനികരെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്.5 വേണാടിന് പുറമെ പെരുമ്പടപ്പ് സ്വരൂപത്തിലും (കൊച്ചി) നെടിയിരുപ്പ് സ്വരൂപത്തിലും (കോഴിക്കോട്) പട്ടാണിസൈന്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കോഴിക്കോട്ടെ പട്ടാണികൾ ബീജാപ്പൂരിലെ സുൽത്താന്മാരുടെ സൈനികവിഭാഗത്തിൽനിന്നെത്തിയവരാണെന്ന് അവകാശപ്പെടുന്നുണ്ട്. ഒപ്പംതന്നെ മൈസൂർ സുൽത്താൻമാരുടെ ആധിപത്യകാലത്ത് കേരളത്തിലേക്ക് ധാരാളം പട്ടാണി സൈനികരെത്തിയിരുന്നു. കച്ചവടാവശ്യത്തിനായി ഗുജറാത്തിൽനിന്ന് എത്തിയ കച്ചിമേമൻ സേട്ടുകൾക്ക് പുറമെ കൊച്ചിയിൽ കുടിയേറിയ ദാവൂദീ ബൊഹ്റകൾ, ഗുജറാത്തിൽനിന്നുള്ള മാർവാഡികൾ എന്നിങ്ങനെ വിപുലമായൊരു ഹിന്ദുസ്ഥാനി ഭാഷാ സംസ്കാരത്തിന്റെ വിദാതാക്കളെ കേരളത്തിൽ കാണാൻ സാധിക്കും.
പട്ടാണി സൈനികരെ തിരുവിതാംകൂർ സൈന്യത്തിന്റെ ഭാഗമായി കൊട്ടാരം കാവൽ ജോലിക്കാരായും രാജാവിന്റെ അംഗരക്ഷകരായും നിയമിക്കപ്പെട്ടത് മാർത്താണ്ഡ വർമയുടെ കാലത്താണ്. രാജ്യതന്ത്രജ്ഞനായ അദ്ദേഹത്തിന്റെ കാലത്ത് ഖിലാദർ, രസൽദാർ, സിപ്പേസലാർ, സർക്കാരീ മുൻഷി എന്നീ നിലകളിൽ അവർ പ്രവർത്തിച്ചിരുന്നു.6 1875ലെ തിരുവിതാംകൂർ സെൻസസ് പ്രകാരം ഹിന്ദുസ്ഥാനി മാതൃഭാഷയായുള്ള 2844 പേർ ഇവിടെ ജീവിച്ചുവന്നിരുന്നു.7 തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, കോട്ടാർ, ആലുവ എന്നിവിടങ്ങളിൽ കൂടുതൽ പേർ അധിവസിച്ചിരുന്നു. തിരുവനന്തപുരത്ത് അധിവസിച്ചിരുന്ന ഹിന്ദുസ്ഥാനി മുസ്ലിംകൾ തങ്ങളുടെ കുട്ടികളുടെ ആധുനിക വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങൾ തിരുവിതാംകൂറിലാദ്യമായി രാജാസ് ഫ്രീ സ്കൂൾ ആരംഭിച്ച കാലം മുതൽ തുടങ്ങിവന്നിരുന്നു. 1834ൽ ആദ്യ ബാച്ചിൽ പ്രവേശനം നേടിയവരിൽ 48ാം റെജിമെന്റിലെ പട്ടാണി സൈനികന്റെ മകനായ മദാർഖാനും ഉൾപ്പെട്ടിരുന്നതായി കാണാം. എന്നാൽ, ഔപചാരിക വിദ്യാഭ്യാസ പ്രക്രിയക്കൊപ്പം മാതൃഭാഷയായ ഹിന്ദുസ്ഥാനി കൂടി വിദ്യാലയങ്ങൾ വഴി അഭ്യസിപ്പിക്കുന്നതിനുള്ള അവസരങ്ങൾ തേടിയതിന്റെ സൂചനയാണ് ഹിന്ദുസ്ഥാനി മുൻഷിയുടെ നിയമനം.
കേരളത്തിലെ സ്കൂളുകളിൽ ഔദ്യോഗികമായി ഉർദു/ഹിന്ദുസ്ഥാനി പഠിപ്പിക്കാൻ തുടങ്ങിയിട്ട് 2022ൽ 150 വർഷമാകുകയാണ്. ലഭ്യമായ തെളിവുകൾപ്രകാരം ആദ്യമായി ഇത്തരത്തിൽ ഹിന്ദുസ്ഥാനി മുൻഷിയെ നിയമിച്ചത് തിരുവിതാംകൂറിലും. നിയമനം നടന്നതോ, തിരുവനന്തപുരം മഹാരാജാസ് ഹൈസ്കൂൾ ആൻഡ് കോളജിലും. അതായത്, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഒന്നാംസ്ഥാനത്തുനിൽക്കുന്ന ഇന്നത്തെ യൂനിവേഴ്സിറ്റി കോളജിൽ. 1872 ഫെബ്രുവരിയിൽ തങ്ങളുടെ ആശ്രിതന്മാരായ ഹിന്ദുസ്ഥാനി മുസ്ലിംകളുടെ ആവശ്യാർഥം ഹിന്ദുസ്ഥാനി മുൻഷി നിയമിക്കപ്പെടുമ്പോൾ തിരുവിതാംകൂർ മഹാരാജാവ് ഔദ്യോഗികമായി ഒരു മുസ്ലിമിനെ കൊളോണിയൽ ആധുനികതയുടെ ഭാഗമായുണ്ടായ വിദ്യാഭ്യാസ പ്രക്രിയയിൽ സേവന-വേതന വ്യവസ്ഥകൾക്ക് വിധേയമായി ശമ്പളം പറ്റുന്ന ഒരു അധ്യാപകനായി നിയമിക്കുകയായിരുന്നു. ഈ ചരിത്ര നിയോഗത്തിലേക്കെത്തുന്നത് സയ്യിദ് ലെഫുദ്ദീൻഖാൻ എന്ന പണ്ഡിതനും.
1872ലെ (കൊ.വ. 1047) തിരുവിതാംകൂർ ഭരണറിപ്പോർട്ടിൽ മഹാരാജാവിന്റെ മുസൽമാൻ പ്രജകളുടെ ഇടയിൽ വിദ്യാഭ്യാസ േപ്രാത്സാഹനത്തിനായി ഒരു ഹിന്ദുസ്ഥാനി മുൻഷിയെ നിയമിക്കുകയുണ്ടായി എന്ന് പ്രസ്താവിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിനുവേണ്ടി റിപ്പോർട്ട് നൽകിയ മഹാരാജാസ് ഹൈസ്കൂൾ ആൻഡ് കോളജിലെ അന്നത്തെ പ്രിൻസിപ്പൽ ജോൺ റോസ് രേഖപ്പെടുത്തിയത്: ''ക്ഷമാപണത്തോടെ പറയട്ടെ, ഈ സംരംഭത്തിന്റെ ഭാവിയത്രകണ്ട് ശുഭകരമായി തീരണമെന്നില്ല. ഇരുപത്തിയൊന്ന് കുട്ടികളുമായി തുടങ്ങിയ ഹിന്ദുസ്ഥാനി ക്ലാസ് വർഷാവസാനമായപ്പോഴേക്കും ശുഷ്കിച്ച് പത്തുപേർ മാത്രമായി. പഠിതാക്കളുടെ എണ്ണത്തിൽ വർധനയുണ്ടായെങ്കിൽ മാത്രമേ മുൻഷിയുടെ നിലനിൽപിന് സാധ്യത കൽപിക്കാൻ കഴിയുകയുള്ളൂ.''8
1872ൽ ലെഫുദ്ദീൻ ഖാൻ നിയമിതനാകുമ്പോൾ സഹപ്രവർത്തകരായി അവിടെയുണ്ടായിരുന്നത് 'കേരള കൗമുദി' എന്ന വ്യാകരണഗ്രന്ഥത്തിന്റെ കർത്താവും സംസ്കൃത- മലയാള ഭാഷാപണ്ഡിതനുമായിരുന്ന കോവുണ്ണി നെടുങ്ങാടി, ചട്ടമ്പി സ്വാമികളുടെ തമിഴ് ഭാഷാ ഗുരുവായിരുന്ന സ്വാമിനാഥദേശികർ എന്നിങ്ങനെയുള്ളവരായിരുന്നു.9 (തിരുവനന്തപുരം ഹിസ് ഹൈനസ് മഹാരാജാസ് കോളജ് ആൻഡ് ഹൈസ്കൂൾ പ്രിൻസിപ്പലായ ജോൺ റോസിന് പുറമെ ഫിലോസഫി പ്രഫസറായ റോബർട്ട് ഹാർവി, ഒന്നാം അസിസ്റ്റന്റായി രംഗറാവു, രണ്ടാം അസിസ്റ്റന്റായി കെ. വാസുദേവ റാവു, മലയാളം മുൻഷിയായി എൻ. കോവുണ്ണി നെടുങ്ങാടി, തമിഴ് മുൻഷിയായി സി. സ്വാമിനാഥ ദേശികർ, സംസ്കൃതം മുൻഷിയായി എസ്. വൈദ്യനാഥ ശാസ്ത്രി എന്നിവർ കോളജ്-ഹൈസ്കൂൾ വിഭാഗത്തിലും ഇവർക്ക് പുറമെ ഹൈസ്കൂളിലേക്ക് മാത്രമായി ഒ.എച്ച്. ബെൻസ്ലി, കെ. കുഞ്ഞുണ്ണി മേനോൻ, സി. ലൂക്ക്, പി. പൽപ്പുപ്പിള്ള, കൃഷ്ണൻ പോറ്റി, സ്വാമിനാഥപ്പിള്ള എന്നിവരും പ്രവർത്തിച്ചിരുന്നു.10) തിരുവിതാംകൂർ രാജാവിന്റെ മുസ്ലിംകളായ പ്രജകൾക്ക് വേണ്ടിയാണ് ഹിന്ദുസ്ഥാനി മുൻഷിയെ നിയമിച്ചതെന്ന് ഭരണറിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. അക്കാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തി തിരുവിതാംകൂറിന്റെ വിവിധ കേന്ദ്രങ്ങളിൽ താമസിച്ചുവന്നിരുന്ന ഹിന്ദുസ്ഥാനി മുസ്ലിംകൾക്ക് തദ്ദേശീയ മുസ്ലിംകളെക്കാൾ അധികാരസ്ഥാനങ്ങളുമായി കൂടുതൽ അടുത്തിടപഴകാൻ കഴിഞ്ഞിരുന്നു. എന്നിരുന്നാലും കുട്ടികളുടെ കുറവുമൂലം അധികകാലം ഹിന്ദുസ്ഥാനി മുൻഷിക്ക് തുടരാൻ കഴിഞ്ഞില്ല.
ഹിന്ദുസ്ഥാനി റെസിഡൻസി എസ്കോർട്ട് സ്കൂൾ തങ്ങളുടെ ആശ്രിതരായ ഹിന്ദുസ്ഥാനി മുസ്ലിംകളുടെ ഭാഷാ അഭ്യസനത്തിനും മറ്റുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച ചരിത്രം തിരുവിതാംകൂറിൽ ദർശിക്കാൻ കഴിയും. തൈക്കാട് കേന്ദ്രീകരിച്ചുകൊണ്ട് ഹിന്ദുസ്ഥാനി മാതൃഭാഷയായ മുസ്ലിം സൈനികർക്കുവേണ്ടി ആരംഭിച്ച പള്ളിക്കൂടത്തിന്റെ ചരിത്രം അത്തരത്തിലൊന്നാണ്. ശിപായിമാരുടെ ഔപചാരിക വിദ്യാഭ്യാസത്തിനായി ആരംഭിച്ച 'ഹിന്ദുസ്ഥാനി റെസിഡൻസി എസ്കോർട്ട് സ്കൂൾ' സമീപത്തെ വിദ്യാർഥികളുടെ ഹിന്ദുസ്ഥാനി പഠനത്തിനുകൂടി ഉപയുക്തമായ ചരിത്രമാണ് പറയാനുള്ളത്. (ഇതുസംബന്ധമായി 2019 ആഗസ്റ്റിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ, മുഖപത്രമായ 'ഉർദു ബുള്ളറ്റിനി'ൽ ഈ ലേഖകന്റേതായി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.)
1899 മാർച്ച് 10ന് തിരുവിതാംകൂറിലെ ബ്രിട്ടീഷ് റെസിഡന്റായിരുന്ന ജെ.ഡി. റീസിന്റെ നിർദേശത്താൽ ആരംഭിച്ച ഹിന്ദുസ്ഥാനി പള്ളിക്കൂടം തിരുവിതാംകൂറിലെ സൈനികരായി പ്രവർത്തിച്ചുവരുന്ന പട്ടാണി മുസ്ലിംകളിൽ മൂന്നുവർഷ സർവിസ് പൂർത്തീകരിച്ചിട്ടില്ലാത്തവർക്ക് മാതൃഭാഷ ഉൾപ്പെടെ പഠിക്കുന്നതിന് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതായിരുന്നു.11 തിരുവിതാംകൂർ ചീഫ് സെക്രട്ടറിയായിരുന്ന വാർട്സിന്റെയും ബ്രിഗേഡ് കമാൻഡന്റ് കേണൽ കിച്ചെന്റയും േപ്രാത്സാഹനം തുടക്കത്തിൽ ലഭിച്ചിരുന്നു. ബ്രിട്ടീഷ് റെസിഡന്റിന്റെ താൽപര്യത്താൽ ആരംഭിച്ച ഹിന്ദുസ്ഥാനി സ്കൂൾ തുടർന്ന് നടത്തുന്നതിനായി തിരുവിതാംകൂർ സർക്കാറിന് വിട്ടുനൽകി. കായികക്ഷമത മാത്രം ആവശ്യമായിട്ടുള്ള സൈനികവൃത്തിക്ക് ചേർന്നിരുന്ന പട്ടാണികളിൽ പലർക്കും ആവശ്യത്തിന് പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല. ശിപായിമാരുടെ ആവശ്യത്തിനായി ആരംഭിച്ച ഹിന്ദുസ്ഥാനി എസ്കോർട്ട് സ്കൂളിൽ ക്രമേണ അവരുടെ മക്കൾക്ക് കൂടി പഠിക്കുന്നതിനുള്ള അവസരം നൽകിത്തുടങ്ങി. ഹിന്ദുസ്ഥാനി പഠിപ്പിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകിയതോടെ മണക്കാട്, ചാക്കാ, കവടിയാർ, കന്റോൺമെന്റ് പ്രദേശങ്ങളിൽനിന്നുള്ള ശിപായിമാർ തങ്ങളുടെ മക്കളെ തൈക്കാട് ഹിന്ദുസ്ഥാനി എസ്കോർട്ട് സ്കൂളിൽ ചേർക്കാൻ താൽപര്യം കാണിച്ചു.
1899 മാർച്ചിൽതന്നെ അഞ്ചുരൂപ ശമ്പളത്തിൽ ഉർദു പണ്ഡിതനായ സയ്യിദ് അബ്ദുൽ ജലീലിനെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം വന്നു. റെസിഡൻസി സർവിസിൽ എട്ടു വർഷത്തോളം 'സർക്കാരീ മുൻഷി'യായി പ്രവർത്തിച്ചശേഷമാണ് സ്കൂൾ മാസ്റ്റർ ലൈസൻസുണ്ടായിരുന്ന അദ്ദേഹം തിരുവിതാംകൂർ സർവിസിലേക്കു വന്നത്. സ്കൂൾ പരിസരത്തായി ഒരു ക്വാർട്ടേഴ്സും മാസാമാസം 20 രൂപ പ്രത്യേക ഗ്രാന്റായും സർക്കാർ അദ്ദേഹത്തിന് നൽകി.12
തിരുവിതാംകൂർ വിദ്യാഭ്യാസ ചട്ടം പാലിക്കുന്നതിനായി 1902ൽ സ്കൂളിനെ 'െറസിഡൻസി എസ്കോർട്ട് ലോവർ േഗ്രഡ് വെർണാക്കുലർ സ്കൂൾ' എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് നാട്ടുഭാഷാ പള്ളിക്കൂടമാക്കി മാറ്റിയെങ്കിലും ഹിന്ദുസ്ഥാനിക്ക് നൽകിവന്ന പ്രാധാന്യത്തിന് കുറവു വരുത്തിയില്ല. തദ്ദേശീയരായ കുട്ടികൾകൂടി സ്കൂൾ ഉപയോഗിച്ച് തുടങ്ങിയതോടെ അറബിഭാഷകൂടി പഠിപ്പിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. തുടർന്ന് പ്രാദേശികമായി ഒരു അറബി മുൻഷിയെ നിലനിർത്തി പഠനപ്രവർത്തനങ്ങൾ നടത്തി. 1919ലെ മുസ്ലിം വിദ്യാഭ്യാസ െറഗുലേഷൻ നടപ്പിൽവന്നപ്പോൾ തൈക്കാട് ഹിന്ദുസ്ഥാനി എസ്കോർട്ട് സ്കൂളിൽ ഒരു അറബി മുൻഷിയെ സ്ഥിരമായി നിയമിക്കുന്നതിന് സർക്കാർ തീരുമാനിച്ചു. അക്കാലത്ത് നിയമിക്കപ്പെട്ട 18 അറബി മുൻഷിമാരിൽ ഒരാൾ ഇവിടെയായിരുന്നു.
1920 അധ്യയനവർഷം വരെ മൂന്നാം ക്ലാസ് വരെ മാത്രമാണുണ്ടായിരുന്നത്. 1920 ആഗസ്റ്റ് 21ന് നാലാം ക്ലാസ് അനുവദിക്കുകയുമുണ്ടായി. അതിനായി പുറത്തിറക്കിയ ഉത്തരവിൽനിന്നും സ്കൂളിന്റെ പ്രവർത്തനരീതി മനസ്സിലാക്കാൻ സാധിക്കും. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ എൽ.സി. ഹോഗ്സൻ രേഖപ്പെടുത്തിയിട്ടുള്ളതിൻപ്രകാരം പട്ടാളക്കാർക്കും കുട്ടികൾക്കുമായി രണ്ടു സ്ട്രീമുകളിലായിട്ടാണ് സ്കൂൾ നടന്നുവന്നിരുന്നത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്: ''രണ്ടു സ്ട്രീമുകളിലായി റെസിഡൻസി എസ്കോർട്ട് ശിപായിമാരിൽ നിരക്ഷരരായവർക്കു വേണ്ടി ഹിന്ദുസ്ഥാനി ഉൾപ്പെടെയുള്ള പ്രാഥമികതല പഠനവും അവരുൾപ്പെടെ സമീപത്തുള്ള വിദ്യാർഥികൾക്കുവേണ്ടി ഔപചാരിക പഠനവും നിലനിന്നിരുന്നു. ഇപ്പോൾ ആകെ 103 പഠിതാക്കളാണുള്ളത്. അതിൽ, 72 പേർ എസ്കോർട്ട് ശിപായിമാരും ബാക്കിയുള്ളവർ സ്കൂൾ പ്രായത്തിലുള്ളവരുമാണ്. ഒന്നാം ക്ലാസിൽ 44 ശിപായിമാരും 19 കുട്ടികളും രണ്ടാം ക്ലാസിൽ 5 ശിപായിമാരും 8 കുട്ടികളും മൂന്നാംക്ലാസിൽ 9 ശിപായിമാരും 4 കുട്ടികളും പഠിക്കുന്നു. പുതിയതായി നാലാം ക്ലാസ് ആരംഭിക്കുന്നത് ശിപായിമാർക്കുവേണ്ടിയാണ്.''13 ഇത്തരത്തിൽ പുതുമ നിറഞ്ഞ ഒരു രീതിയായിരുന്നു ഹിന്ദുസ്ഥാനി എസ് കോർട്ട് സ്കൂളിേന്റത്.
തുടക്കത്തിൽ കാണിച്ചിരുന്ന താൽപര്യം ശിപായിമാർപോലും തുടരാതെ വന്നതിനാലും പലരും മദ്രാസ് പ്രസിഡൻസിയുടെ വിവിധ ഭാഗങ്ങളിലേക്ക് സേവനാവശ്യം പോയതിനാലും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ മാന്ദ്യം നേരിട്ടു. മുസ്ലിം സമുദായത്തിന് കൂടുതൽ പഠനാവസരങ്ങൾ വന്നപ്പോൾ തൈക്കാട് എസ്കോർട്ട് സ്കൂളിലേക്ക് കുട്ടികളെ അയക്കുന്നതിൽ രക്ഷിതാക്കളും വിമുഖതകാട്ടി. തൽഫലമായി സ്കൂൾ അടച്ച് പൂട്ടലിന്റെ വക്കിലേക്കെത്തി. 1924 സെപ്റ്റംബർ 27ന് കന്റോൺമെന്റ് പ്രദേശത്ത് താമസിച്ചു വന്നിരുന്ന ഹിന്ദുസ്ഥാനി മുസ്ലിംകൾ സ്കൂൾ അടച്ചുപൂട്ടരുതെന്നാവശ്യപ്പെട്ട് ഒരു നിവേദനം മഹാരാജാവിന് സമർപ്പിച്ചു. സയ്യിദ് ഫരീദ്, നൂറുദ്ദീൻഖാൻ, സയ്യിദ് അബ്ദുല്ല, ശൈഖ് ഇബ്രാഹീം, സയ്യിദ് അബ്ദുൽ വഹാബ്, മുഹമ്മദ് ഖാൻ, സയ്യിദ് അബ്ദുൽ റഹീം, എം. മാഥൂർ ഖാൻ തുടങ്ങിയ സർക്കാറിനോട് ചേർന്നു നിന്നിരുന്ന സമ്പന്ന ഹിന്ദുസ്ഥാനി മുസ്ലിംകളായിരുന്നു നിവേദനത്തിൽ ഒപ്പുെവച്ചത്.
1927-28 അധ്യയനവർഷം തിരുവനന്തപുരം മേഖലയിലെ നാട്ടുഭാഷാ വിദ്യാലയ ഡയറക്ടർ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ സ്കൂളിന്റെയും ഹിന്ദുസ്ഥാനി പഠനത്തിന്റെയും പരിതാപകരമായ അവസ്ഥ വിവരിച്ചിരിക്കുന്നു. ''രണ്ടു ക്ലാസുകൾ മാത്രമേ നിലവിൽ പ്രവർത്തിക്കുന്നുള്ളൂ. ഒന്നാം ക്ലാസിൽ 16 കുട്ടികൾ പഠിക്കുന്നതിൽ രണ്ടുപേർ മാത്രമാണ് ഹിന്ദുസ്ഥാനി പഠിക്കുന്നത്. രണ്ടാം ക്ലാസിൽ ആരുംതന്നെ ഹിന്ദുസ്ഥാനി പഠിക്കുന്നില്ല. തുടർന്ന്, 1928 ജനുവരി 26 ന് വിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലും ഹിന്ദുസ്ഥാനി സ്കൂളിന്റെ ദയനീയസ്ഥിതി വരച്ചുകാട്ടുന്നുണ്ട്: ''സ്കൂൾ ആരംഭകാലത്ത് ശിപായിമാരും അവരുടെ കുട്ടികളും ഹിന്ദുസ്ഥാനി പഠിക്കുന്നതിൽ താൽപര്യം കാണിച്ചിരുന്നുവെങ്കിൽ അവരുടെ പിന്മുറക്കാരിൽ പലരും ഇന്നാട്ടിൽനിന്നും പോയിരിക്കുന്നു. നിലവിലുള്ളവർക്കാണെങ്കിൽ ഹിന്ദുസ്ഥാനി പഠനത്തോട് തന്നെ താൽപര്യമില്ല.''14 ഹിന്ദുസ്ഥാനി മുസ്ലിംകൾ പാർക്കുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്കൂൾ ആയിട്ടുകൂടി കുട്ടികളെ എത്തിക്കുന്ന കാര്യത്തിൽ അവരും താൽപര്യം കാണിച്ചിരുന്നില്ല. തുടർന്ന് സ്കൂൾ അടച്ചുപൂട്ടുക എന്ന നിലയിലേക്ക് സർക്കാറും നീങ്ങി. നിവേദകരായെത്തിയവർക്കുപോലും കൂടുതലായി ഒന്നും ചെയ്യാൻ കഴിയാതിരുന്ന സാഹചര്യത്തിൽ 1927-28 അധ്യയനവർഷം സ്കൂൾ അടച്ചുപൂട്ടുന്നതിലേക്ക് സർക്കാർ എത്തി. തുടർന്ന്, 1928 മേയ് അഞ്ചിന് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം തിരുവിതാംകൂറിലെ ആദ്യ ഉർദു സ്കൂൾ വിസ്മൃതിയിലേക്കു മറഞ്ഞു. (കാസർകോട് ഉപ്പളയിലാണ് ആദ്യത്തെ ഹിന്ദുസ്ഥാനി സ്കൂൾ (1890) സ്ഥാപിതമായതെന്നാണ് സൂചന. 1887ൽ ബ്രിട്ടീഷുകാർ തലശ്ശേരിയിൽ ആരംഭിച്ച ൈപ്രമറി സ്കൂളിൽ 1906ൽ മാത്രമാണ് ഉർദു പഠനം ആരംഭിക്കുന്നതെന്ന് കാണാം.)
ഹിന്ദുസ്ഥാനി പഠനം േപ്രാത്സാഹിപ്പിക്കുന്നതിനായി ആദ്യകാലം മുതൽതന്നെ തിരുവിതാംകൂറിൽ വിവിധ വ്യക്തികളും സംഘടനകളും പ്രവർത്തിച്ചുവന്നിരുന്നു. തിരുവിതാംകൂർ പ്രജാസഭയിൽ അംഗമായിരുന്നുകൊണ്ട് അത്തരത്തിൽ ധാരാളം ഇടപെടലുകൾ നടത്തിയ ഡോ. ഇസ്മായീൽ മുനവരിയുടെ ശ്രമഫലമായി അറബി മുൻഷി യോഗ്യത പരീക്ഷയുടെ സിലബസിൽ ഒരു ഓപ്ഷനൽ വിഷയമായി മലയാളത്തിനും തമിഴിനും ഒപ്പം ഉർദുകൂടി ഉൾപ്പെടുത്തി.15 1929 മുതൽ നടപ്പിൽ വരുത്തിയ പരിഷ്കാരപ്രകാരമുള്ള ഉർദു പുസ്തകങ്ങൾ ബോംബെ, ലാഹോർ എന്നിവിടങ്ങളിൽനിന്നും വരുത്തി വിപണനം ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടന്നുവന്നിരുന്നു. ഉർദു പരിപോഷണത്തിനായി ബിജിലി കുടുംബം നടത്തിവന്നിരുന്ന പരിശ്രമങ്ങൾ ആ കുടുംബത്തിലെ അവസാന കണ്ണികളിലൊരാളായ ബി.എഫ്.ആർ.എച്ച് ബിജിലിയിലൂടെ ഇപ്പോഴും തുടർന്നുവരുന്നുണ്ട്.
മലബാറിലെ സർക്കാർ കോളജുകൾ ഉൾപ്പെടെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉർദു ബിരുദ കോഴ്സുകൾ ഇപ്പോൾ നടന്നുവരുമ്പോഴും ഹിന്ദുസ്ഥാനി എന്നനിലയിൽ ഉർദു പഠിപ്പിച്ചു തുടങ്ങിയ പഴയ തിരുവിതാംകൂർ പ്രദേശത്ത് ഉർദുവിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ വരുന്നുവെന്നത് ഉർദുവിനെ സ്നേഹിക്കുന്നവരിൽ നൊമ്പരമായി അവശേഷിക്കുന്നു.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകൻ
സൂചിക
1. ഡോ. മുഹമ്മദ് കുഞ്ഞ് മേത്തർ, ഹിന്ദുസ്ഥാനി പാഠമാല, സമന്വയ പ്രകാശൻ, ആലപ്പുഴ, 2014, പു. 67.
2. Ramachandra Guha, India After Gandhi. The History of World's largest Democracy, Pan MacMillan Ltd, London, 2007, p. 118
3. Ibid, p. 119
4. T.K. Velupillai, The Travancore State Manual, Vol. II, Trivandrum, 1940, p. 811
5. V. Kunjali, Muslim Communities in Kerala to 1798, Unpublished Ph.D Thesis, Aligarh University 1986, p. 193.
6. ഷംസുദ്ദീൻ തിരൂർക്കാട്, തിരുവിതാംകൂറിലെ ഉർദു സാന്നിധ്യം, വിജ്ഞാന കൈരളി, വാല്യം -36, ലക്കം-5, മേയ് 2006, തിരുവനന്തപുരം, പു. 53.
7. Census of India- Travancore, 1875, Madras, p. 273.
8. Travancore Administrative Report, 1872 (1047 ME), Trivandrum, pp. 65-66.
9. Travancore Almanac, 1875, Trivandrum, pp. 64-65
10. Ibid.
11. File No. 158/1920, Bundle No. 115, Kerala State Archives (KSA), Trivandrum, p. 23.
12. Ibid
13. Ibid
14. Fie No. 406/1928, KSA, pp. 6-8
15. File No. 39/1929, KSA, pp. 2-4
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.