Begin typing your search above and press return to search.
proflie-avatar
Login

കേ​ര​ള​ത്തി​ലെ ആ​ദ്യ​കാ​ല ഉ​ർ​ദു പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് എന്തു സംഭവിച്ചു?

കേ​ര​ള​ത്തി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ർ​ദു പ​ഠ​നം തു​ട​ങ്ങി​യി​ട്ട്​ 150 വ​ർ​ഷ​മാ​കു​ന്നു​വെ​ന്ന്​ ച​രി​ത്രാ​ധ്യാ​പ​ക​നാ​യ ലേ​ഖ​ക​ൻ സ​മ​ർ​ഥി​ക്കു​ന്നു. ആ​ദ്യ​കാ​ല​ത്തെ ഉ​ർ​ദു പ​ഠ​നം എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം ആ ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ എ​ന്തു​സം​ഭ​വി​ച്ചെ​ന്നും എ​ഴു​തു​ന്നു.

കേ​ര​ള​ത്തി​ലെ ആ​ദ്യ​കാ​ല ഉ​ർ​ദു പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് എന്തു സംഭവിച്ചു?
cancel
camera_alt

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് -പഴയ ചിത്രം

​ത്ത​ര പ​ശ്ചി​മേ​ന്ത്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ക​ച്ച​വ​ടം, സൈ​നി​കസേ​വ​നം എ​ന്നി​ത്യാ​ദി കാ​ര്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി​ച്ചേ​ർ​ന്ന ഹി​ന്ദു​സ്​​ഥാ​നി മു​സ്‍ലിം​ക​ൾ​ക്ക്, അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​ക്കാ​ല​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധ​ന​ൽ​കി. ഇ​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രും ഹി​ന്ദു​സ്​​ഥാ​നി/​ഉ​ർ​ദു മാ​തൃ​ഭാ​ഷ​യാ​യി​ട്ടു​ള്ള​വ​രും അ​റ​ബി-​പേ​ർ​ഷ്യ​ൻ ലി​പി വ​ക​ഭേ​ദ​മാ​യ 'നാ​സ്​​ഥാ​ലി​ക്' ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​രു​മാ​യി​രു​ന്നു. അ​ത്ത​ര​ക്കാ​രു​ടെ ഭാ​ഷ ഒ​രു സ്വ​ത​ന്ത്ര​ഭാ​ഷ​യാ​ണെ​ന്നും ഭാ​ഷാ മി​ശ്രി​ത​മാ​ണെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്. ​െഡ​ക്കാ​ൻ പ്ര​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സം​സാ​ര​ഭാ​ഷ​യെ​ന്ന അ​ർ​ഥ​ത്തി​ൽ 'ദ​ക്കി​നി' എ​ന്ന പേ​രി​ൽ തെ​ക്ക​നി​ന്ത്യ​യി​ൽ അ​റി​യ​പ്പെ​ട്ട ഹി​ന്ദു​സ്​​ഥാ​നി​യെ ഹി​ന്ദി​യോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തിവ​ന്നി​രു​ന്ന​വ​ർ '​ദ​ക്കി​നി ഹി​ന്ദി' എ​ന്നും ഉ​ർ​ദു പ​ണ്ഡി​ത​ർ 'ദ​ക്കി​നി ഉ​ർ​ദു'​വെ​ന്നും വി​ളി​ച്ചു.1 'ഉ​ർ​ദു'​വെ​ന്ന നി​ല​യി​ൽ പ​രി​ഗ​ണി​ച്ചി​രു​ന്ന​വ​രും ഇ​ല്ലാ​തി​ല്ല. ച​രി​ത്ര​കാ​ര​നാ​യ രാ​മ​ച​ന്ദ്ര ഗു​ഹ ഹി​ന്ദു​സ്​​ഥാ​നി​യെ​ക്കു​റി​ച്ച് പ്ര​സ്​​താ​വി​ച്ചി​രി​ക്കു​ന്ന​ത്, ദേ​വ​നാ​ഗ​രി ലി​പി​യി​ലു​ള്ള ഹി​ന്ദി​യും അ​റ​ബി-​പേ​ർ​ഷ്യ​ൻ ലി​പി​യി​ലു​ള്ള ഉ​ർ​ദു​വും വ്യ​ത്യ​സ്​​ത അ​ള​വി​ൽ​കൂ​ടി ചേ​ർ​ന്ന ഒ​രു ഭാ​ഷ​യെ​ന്ന നി​ല​യി​ലാ​ണ്.2 ഹി​ന്ദി​ക്കും ഉ​ർ​ദു​വി​നും ഇ​ട​യി​ലു​ള്ളൊ​രു സു​വ​ർ​ണ മാ​ധ്യ​മ​മാ​യി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഹി​ന്ദു​സ്​​ഥാ​നി​യെ ക​ണ​ക്കാ​ക്കു​മ്പോ​ൾ ഇ​വ ര​ണ്ടും​കൂ​ടി മ​ധു​ര​ത​ര​മാ​യി സ​മ്മേ​ളി​ച്ചി​രി​ക്കു​ന്ന ഒ​രു ഭാ​ഷ​യാ​യി ഹി​ന്ദു​സ്​​ഥാ​നി​യെ മ​ഹാ​ത്മാ​ ഗാ​ന്ധി​യും വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ട്.3 എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ഹി​ന്ദു​സ്​​ഥാ​നി എ​ന്ന​ത് ഉ​ർ​ദു​വി​നെ കു​റി​ക്കു​ന്ന പ​ദം ത​ന്നെ​യാ​യി മാ​റി​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ വി​വി​ധ നാ​ടു​വാ​ഴി​ക​ൾ പ​ഷ്ത്തൂ​ൺ/​പ​ത്താ​ൻ/​പ​ട്ടാ​ണി വി​ഭാ​ഗ​ത്തി​ലു​ള്ള ഹി​ന്ദു​സ്​​ഥാ​നി മാ​തൃ​ഭാ​ഷ​യാ​യ മു​സ്‍ലിം​ക​ളെ ത​ങ്ങ​ളു​ടെ സൈ​ന്യ​ത്തി​ൽ നി​ല​നി​ർ​ത്തി​വ​ന്നി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്നു​മെ​ത്തി ഡെ​ക്കാ​ൻ മു​സ്‍ലിം രാ​ജ​വം​ശ​ങ്ങ​ളി​ലെ വി​വി​ധ ന​വാ​ബു​മാ​ർ​ക്കി​ട​യി​ൽ സൈ​നി​കസേ​വ​ക​രാ​യി​രു​ന്ന ഇ​വ​രെ വേ​ണാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​രാ​ജാ​ക്ക​ന്മാ​ർ സേ​വ​ക​രാ​ക്കി​യി​രു​ന്നു. ഉ​മ​യ​മ്മ​റാ​ണി വേ​ണാ​ട് ഭ​രി​ക്കു​ന്ന കാ​ല​ത്ത് തെ​ക്ക​ൻ അ​തി​ർ​ത്തി വ​ഴി ക​ട​ന്നാ​ക്ര​മി​ച്ച് വേ​ണാ​ടി​ന്റെ അ​ധി​കാ​രം പി​ടി​ച്ച 'മു​കി​ല​ൻ​പ​ട'​യു​ടെ കാ​ല​ത്ത് മു​കി​ല​ന്റെ സൈ​ന്യ​ത്തെ പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ൽ​നി​ന്നും ത​ട​ഞ്ഞ​ത് മ​ണ​ക്കാ​ട് താ​വ​ള​മ​ടി​ച്ചി​രു​ന്ന പ​ട്ടാ​ണി സൈ​നി​ക​രാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്ര​കാ​ര​ന്മാ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.4 സാ​മൂ​തി​രി​ക്ക് കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ന്മാ​രെ പോ​ലെ​യാ​യി​രു​ന്നു വേ​ണാ​ട്ട​ര​ച​ന് പ​ട്ടാ​ണി സൈ​നി​ക​രെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​വ​രു​മു​ണ്ട്.5 വേ​ണാ​ടി​ന് പു​റ​മെ പെ​രു​മ്പ​ട​പ്പ് സ്വ​രൂ​പ​ത്തി​ലും (കൊ​ച്ചി) നെ​ടി​യി​രു​പ്പ് സ്വ​രൂ​പ​ത്തി​ലും (കോ​ഴി​ക്കോ​ട്) പ​ട്ടാ​ണിസൈ​ന്യ​ത്തി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ പ​ട്ടാ​ണി​ക​ൾ ബീ​ജാ​പ്പൂ​രി​ലെ സു​ൽ​ത്താ​ന്മാ​രു​ടെ സൈ​നി​കവി​ഭാ​ഗ​ത്തി​ൽ​നി​ന്നെ​ത്തി​യ​വ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. ഒ​പ്പംത​ന്നെ മൈ​സൂ​ർ സു​ൽ​ത്താ​ൻ​മാ​രു​ടെ ആ​ധി​പ​ത്യ​കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ധാ​രാ​ളം പ​ട്ടാ​ണി സൈ​നി​ക​രെ​ത്തി​യി​രു​ന്നു. ക​ച്ച​വ​ടാ​വ​ശ്യ​ത്തി​നാ​യി ഗു​ജ​റാ​ത്തി​ൽ​നി​ന്ന് എ​ത്തി​യ ക​ച്ചി​മേ​മ​ൻ സേ​ട്ടു​ക​ൾ​ക്ക് പു​റ​മെ കൊ​ച്ചി​യി​ൽ കു​ടി​യേ​റി​യ ദാ​വൂ​ദീ ബൊ​ഹ്റ​ക​ൾ, ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള മാ​ർ​വാ​ഡി​ക​ൾ എ​ന്നി​ങ്ങ​നെ വി​പു​ല​മാ​യൊ​രു ഹി​ന്ദു​സ്​​ഥാ​നി ഭാ​ഷാ സം​സ്​​കാ​ര​ത്തി​ന്റെ വി​ദാ​താ​ക്ക​ളെ കേ​ര​ള​ത്തി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

പ​ട്ടാ​ണി സൈ​നി​ക​രെ തി​രു​വി​താം​കൂ​ർ സൈ​ന്യ​ത്തി​ന്റെ ഭാ​ഗ​മാ​യി കൊ​ട്ടാ​രം കാ​വ​ൽ ജോ​ലി​ക്കാ​രാ​യും രാ​ജാ​വി​ന്റെ അം​ഗ​ര​ക്ഷ​ക​രാ​യും നി​യ​മി​ക്ക​പ്പെ​ട്ട​ത് മാ​ർ​ത്താ​ണ്ഡ വ​ർ​മ​യു​ടെ കാ​ല​ത്താ​ണ്. രാ​ജ്യ​ത​ന്ത്ര​ജ്ഞനാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ല​ത്ത് ഖി​ലാ​ദ​ർ, ര​സ​ൽ​ദാ​ർ, സി​പ്പേ​സ​ലാ​ർ, സ​ർ​ക്കാ​രീ മു​ൻ​ഷി എ​ന്നീ നി​ല​ക​ളി​ൽ അ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.6 1875ലെ ​തി​രു​വി​താം​കൂ​ർ സെ​ൻ​സ​സ്​ പ്ര​കാ​രം ഹി​ന്ദു​സ്​​ഥാ​നി മാ​തൃ​ഭാ​ഷ​യാ​യു​ള്ള 2844 പേ​ർ ഇ​വി​ടെ ജീ​വി​ച്ചു​വ​ന്നി​രു​ന്നു.7 ത​ല​സ്​​ഥാ​ന​ന​ഗ​രി​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പു​റ​മെ കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ടാ​ർ, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ അ​ധി​വ​സി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ധി​വ​സി​ച്ചി​രു​ന്ന ഹി​ന്ദു​സ്​​ഥാ​നി മു​സ്‍ലിം​ക​ൾ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ തി​രു​വി​താം​കൂ​റി​ലാ​ദ്യ​മാ​യി രാ​ജാ​സ്​ ഫ്രീ ​സ്​​കൂ​ൾ ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ തു​ട​ങ്ങി​വ​ന്നി​രു​ന്നു. 1834ൽ ​ആ​ദ്യ ബാ​ച്ചി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രി​ൽ 48ാം റെ​ജി​മെ​ന്റി​ലെ പ​ട്ടാ​ണി സൈ​നി​ക​ന്റെ മ​ക​നാ​യ മ​ദാ​ർ​ഖാ​നും ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യി കാ​ണാം. എ​ന്നാ​ൽ, ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​​ക്കൊ​പ്പം മാ​തൃ​ഭാ​ഷ​യാ​യ ഹി​ന്ദു​സ്​​ഥാ​നി കൂ​ടി വി​ദ്യാ​ല​യ​ങ്ങ​ൾ വ​ഴി അ​ഭ്യ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ തേ​ടി​യ​തി​ന്റെ സൂ​ച​ന​യാ​ണ് ഹി​ന്ദു​സ്​​ഥാ​നി മു​ൻ​ഷി​യു​ടെ നി​യ​മ​നം.

കേ​ര​ള​ത്തി​ലെ ഉ​ർ​ദു​പ​ഠ​നം @ 150

കേ​ര​ള​ത്തി​ലെ സ്​​കൂ​ളു​ക​ളി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ർ​ദു/​ഹി​ന്ദു​സ്​​ഥാ​നി പ​ഠി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് 2022ൽ 150 ​വ​ർ​ഷ​മാ​കു​ക​യാ​ണ്. ല​ഭ്യ​മാ​യ തെ​ളി​വു​ക​ൾപ്ര​കാ​രം ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ൽ ഹി​ന്ദു​സ്​​ഥാ​നി മു​ൻ​ഷി​യെ നി​യ​മി​ച്ച​ത് തി​രു​വി​താം​കൂ​റി​ലും. നി​യ​മ​നം ന​ട​ന്ന​തോ, തി​രു​വ​ന​ന്ത​പു​രം മ​ഹാ​രാ​ജാ​സ് ഹൈ​സ്​​കൂ​ൾ ആ​ൻ​ഡ് കോ​ള​ജി​ലും. അ​താ​യ​ത്, കേ​ര​ള​ത്തി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഒ​ന്നാം​സ്​​ഥാ​ന​ത്തു​നി​ൽ​ക്കു​ന്ന ഇ​ന്ന​ത്തെ യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ. 1872 ഫെ​ബ്രു​വ​രി​യി​ൽ ത​ങ്ങ​ളു​ടെ ആ​ശ്രി​ത​ന്മാ​രാ​യ ഹി​ന്ദു​സ്​​ഥാ​നി മു​സ്‍ലിം​ക​ളു​ടെ ആ​വ​ശ്യാ​ർ​ഥം ഹി​ന്ദു​സ്​​ഥാ​നി മു​ൻ​ഷി നി​യ​മി​ക്ക​പ്പെ​ടു​മ്പോ​ൾ തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു മു​സ്‍ലി​മി​നെ കൊ​ളോ​ണി​യ​ൽ ആ​ധു​നി​ക​ത​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യ വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യി​ൽ സേ​വ​ന-​വേ​ത​ന വ്യ​വ​സ്​​ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി ശ​മ്പ​ളം പ​റ്റു​ന്ന ഒ​രു അ​ധ്യാ​പ​ക​നാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ച​രി​ത്ര നി​യോ​ഗ​ത്തി​ലേ​ക്കെ​ത്തു​ന്ന​ത് സ​യ്യി​ദ് ലെഫു​ദ്ദീ​ൻ​ഖാ​ൻ എ​ന്ന പ​ണ്ഡി​ത​നും.


1872ലെ (​കൊ.​വ. 1047) തി​രു​വി​താം​കൂ​ർ ഭ​ര​ണറി​പ്പോ​ർ​ട്ടി​ൽ മ​ഹാ​രാ​ജാ​വി​ന്റെ മു​സ​ൽ​മാ​ൻ പ്ര​ജ​ക​ളു​ടെ ഇ​ട​യി​ൽ വി​ദ്യാ​ഭ്യാ​സ േപ്രാ​ത്സാ​ഹ​ന​ത്തി​നാ​യി ഒ​രു ഹി​ന്ദു​സ്​​ഥാ​നി മു​ൻ​ഷി​യെ നി​യ​മി​ക്കു​ക​യു​ണ്ടാ​യി എ​ന്ന് പ്ര​സ്​​താ​വി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു​വേ​ണ്ടി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ മ​ഹാ​രാ​ജാ​സ്​ ഹൈ​സ്​​കൂ​ൾ ആ​ൻ​ഡ് കോ​ള​ജി​ലെ അ​ന്ന​ത്തെ പ്രി​ൻ​സി​പ്പ​ൽ ജോ​ൺ റോ​സ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്: ''ക്ഷ​മാ​പ​ണ​ത്തോ​ടെ പ​റ​യ​ട്ടെ, ഈ ​സം​രം​ഭ​ത്തി​ന്റെ ഭാ​വി​യ​ത്ര​ക​ണ്ട് ശു​ഭ​ക​ര​മാ​യി തീ​ര​ണ​മെ​ന്നി​ല്ല. ഇ​രു​പ​ത്തി​യൊ​ന്ന് കു​ട്ടി​ക​ളു​മാ​യി തു​ട​ങ്ങി​യ ഹി​ന്ദു​സ്​​ഥാ​നി ക്ലാ​സ്​ വ​ർ​ഷാ​വ​സാ​ന​മാ​യ​​പ്പോ​ഴേ​ക്കും ശു​ഷ്കി​ച്ച് പ​ത്തു​പേ​ർ മാ​ത്ര​മാ​യി. പ​ഠി​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യെ​ങ്കി​ൽ മാ​ത്ര​മേ മു​ൻ​ഷി​യു​ടെ നി​ല​നി​ൽ​പി​ന് സാ​ധ്യ​ത ക​ൽ​പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.''8

1872ൽ ​ലെ​ഫു​ദ്ദീ​ൻ ഖാ​ൻ നി​യ​മി​ത​നാ​കു​മ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത് 'കേ​ര​ള കൗ​മു​ദി' എ​ന്ന വ്യാ​ക​ര​ണ​ഗ്ര​ന്ഥ​ത്തി​ന്റെ ക​ർ​ത്താ​വും സം​സ്​​കൃ​ത- മ​ല​യാ​ള ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യി​രു​ന്ന കോ​വു​ണ്ണി നെ​ടു​ങ്ങാ​ടി, ച​ട്ട​മ്പി സ്വാ​മി​ക​ളു​ടെ ത​മി​ഴ് ഭാ​ഷാ ഗു​രു​വാ​യി​രു​ന്ന സ്വാ​മി​നാ​ഥ​ദേ​ശി​ക​ർ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രാ​യി​രു​ന്നു.9 (തി​രു​വ​ന​ന്ത​പു​രം ഹി​സ്​ ഹൈ​ന​സ്​ മ​ഹാ​രാ​ജാ​സ്​ കോ​ള​ജ് ആ​ൻ​ഡ് ഹൈ​സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യ ജോ​ൺ റോ​സി​ന് പു​റ​മെ ഫി​ലോ​സ​ഫി പ്ര​ഫ​സ​റാ​യ റോ​ബ​ർ​ട്ട് ഹാ​ർ​വി, ഒ​ന്നാം അ​സി​സ്റ്റ​ന്റാ​യി രം​ഗ​റാ​വു, ര​ണ്ടാം അ​സി​സ്റ്റ​ന്റാ​യി കെ. ​വാ​സു​ദേ​വ റാ​വു, മ​ല​യാ​ളം മു​ൻ​ഷി​യാ​യി എ​ൻ. കോ​വു​ണ്ണി നെ​ടു​ങ്ങാ​ടി, ത​മി​ഴ് മു​ൻ​ഷി​യാ​യി സി. ​സ്വാ​മി​നാ​ഥ ദേ​ശി​ക​ർ, സം​സ്​​കൃ​തം മു​ൻ​ഷി​യാ​യി എ​സ്. വൈ​ദ്യ​നാ​ഥ ശാ​സ്​​ത്രി എ​ന്നി​വ​ർ കോ​ള​ജ്-​ഹൈ​സ്​​കൂ​ൾ വി​ഭാ​ഗ​ത്തി​ലും ഇ​വ​ർ​ക്ക് പു​റ​മെ ഹൈ​സ്​​കൂ​ളി​ലേ​ക്ക് മാ​ത്ര​മാ​യി ഒ.​എ​ച്ച്. ബെ​ൻ​സ്ലി, കെ. ​കു​ഞ്ഞു​ണ്ണി മേ​നോ​ൻ, സി. ​ലൂ​ക്ക്, പി. ​പ​ൽ​പ്പു​പ്പി​ള്ള, കൃ​ഷ്ണ​ൻ പോ​റ്റി, സ്വാ​മി​നാ​ഥ​പ്പി​ള്ള എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.10) തി​രു​വി​താം​കൂ​ർ രാ​ജാ​വി​ന്റെ മു​സ്‍ലിം​ക​ളാ​യ പ്ര​ജ​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഹി​ന്ദു​സ്​​ഥാ​നി മു​ൻ​ഷി​യെ നി​യ​മി​ച്ച​തെ​ന്ന് ഭ​ര​ണറി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​ക്കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നെ​ത്തി തി​രു​വി​താം​കൂ​റി​ന്റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ഹി​ന്ദു​സ്​​ഥാ​നി മു​സ്‍ലിം​ക​ൾ​ക്ക് ത​ദ്ദേ​ശീ​യ മു​സ്‍ലിം​ക​ളെ​ക്കാ​ൾ അ​ധി​കാ​ര​സ്​​ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തി​ട​പ​ഴ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നി​രു​ന്നാ​ലും കു​ട്ടി​ക​ളു​ടെ കു​റ​വു​മൂ​ലം അ​ധി​ക​കാ​ലം ഹി​ന്ദു​സ്​​ഥാ​നി മു​ൻ​ഷി​ക്ക് തു​ട​രാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഹി​ന്ദു​സ്​​ഥാ​നി റെ​സി​ഡ​ൻ​സി എ​സ്​​കോ​ർ​ട്ട് സ്​​കൂ​ൾ ത​ങ്ങ​ളു​ടെ ആ​ശ്രി​ത​രാ​യ ഹി​ന്ദു​സ്​​ഥാ​നി മു​സ്‍ലിം​ക​ളു​ടെ ഭാ​ഷാ അ​ഭ്യ​സ​ന​ത്തി​നും മ​റ്റു​മാ​യി വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച ച​രി​ത്രം തി​രു​വി​താം​കൂ​റി​ൽ ദ​ർ​ശി​ക്കാ​ൻ ക​ഴി​യും. തൈ​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് ഹി​ന്ദു​സ്​​ഥാ​നി മാ​തൃ​ഭാ​ഷ​യാ​യ മു​സ്‍ലിം സൈ​നി​ക​ർ​ക്കു​വേ​ണ്ടി ആ​രം​ഭി​ച്ച പ​ള്ളി​ക്കൂ​ട​ത്തി​ന്റെ ച​രി​ത്രം അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്. ശി​പാ​യി​മാ​രു​ടെ ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ആ​രം​ഭി​ച്ച 'ഹി​ന്ദു​സ്​​ഥാ​നി റെ​സി​ഡ​ൻ​സി എ​സ്​​കോ​ർ​ട്ട് സ്​​കൂ​ൾ' സ​മീ​പ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹി​ന്ദു​സ്​​ഥാ​നി പ​ഠ​ന​ത്തി​നു​കൂ​ടി ഉ​പ​യു​ക്ത​മാ​യ ച​രി​ത്ര​മാ​ണ് പ​റ​യാ​നു​ള്ള​ത്. (ഇ​തുസ​ംബ​ന്ധ​മാ​യി 2019 ആ​ഗ​സ്റ്റി​ൽ കേ​ര​ള ഉ​ർ​ദു ടീ​ച്ചേ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ, മു​ഖ​പ​ത്ര​മാ​യ 'ഉ​ർ​ദു ബു​ള്ള​റ്റി​നി'​ൽ ഈ ​ലേ​ഖ​ക​ന്റേ​താ​യി ഒ​രു ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.)

1899 മാ​ർ​ച്ച് 10ന് ​തി​രു​വി​താം​കൂ​റി​ലെ ബ്രി​ട്ടീ​ഷ് റെ​സി​ഡ​ന്റാ​യി​രു​ന്ന ജെ.​ഡി. റീ​സി​ന്റെ നി​ർ​ദേ​ശ​ത്താ​ൽ ആ​രം​ഭി​ച്ച ഹി​ന്ദു​സ്​​ഥാ​നി പ​ള്ളി​ക്കൂ​ടം തി​രു​വി​താം​കൂ​റി​ലെ സൈ​നി​ക​രാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന പ​ട്ടാ​ണി മു​സ്‍ലിം​ക​ളി​ൽ മൂ​ന്നുവ​ർ​ഷ സ​ർ​വി​സ്​ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് മാ​തൃ​ഭാ​ഷ ഉ​ൾ​പ്പെ​ടെ പ​ഠി​ക്കു​ന്ന​തി​ന് അ​വ​സ​രം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച​താ​യി​രു​ന്നു.11 തി​രു​വി​താം​കൂ​ർ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വാ​ർ​ട്സി​ന്റെ​യും ബ്രി​ഗേ​ഡ് ക​മാ​ൻഡ​ന്റ് കേ​ണ​ൽ കി​ച്ച​​െന്റ​യും േപ്രാ​ത്സാ​ഹ​നം തു​ട​ക്ക​ത്തി​ൽ ല​ഭി​ച്ചി​രു​ന്നു. ബ്രി​ട്ടീ​ഷ് റെ​സി​ഡ​ന്റി​ന്റെ താ​ൽ​പ​ര്യ​ത്താ​ൽ ആ​രം​ഭി​ച്ച ഹി​ന്ദു​സ്​​ഥാ​നി സ്​​കൂ​ൾ തു​ട​ർ​ന്ന് ന​ട​ത്തു​ന്ന​തി​നാ​യി തി​രു​വി​താം​കൂ​ർ സ​ർ​ക്കാ​റി​ന് വി​ട്ടു​ന​ൽ​കി. കാ​യി​ക​ക്ഷ​മ​ത മാ​ത്രം ആ​വ​ശ്യ​മാ​യി​ട്ടു​ള്ള സൈ​നി​കവൃ​ത്തി​ക്ക് ചേ​ർ​ന്നി​രു​ന്ന പ​ട്ടാ​ണി​ക​ളി​ൽ പ​ല​ർ​ക്കും ആ​വ​ശ്യ​ത്തി​ന് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സംപോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. ശി​പാ​യി​മാ​രു​ടെ ആ​വ​ശ്യ​ത്തി​നാ​യി ആ​രം​ഭി​ച്ച ഹി​ന്ദു​സ്​​ഥാ​നി എ​സ്കോ​ർ​ട്ട് സ്​​കൂ​ളി​ൽ ക്ര​മേ​ണ അ​വ​രു​ടെ മ​ക്ക​ൾ​ക്ക് കൂ​ടി പ​ഠി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ൽ​കി​ത്തുട​ങ്ങി. ഹി​ന്ദു​സ്​​ഥാ​നി പ​ഠി​പ്പി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യ​തോ​ടെ മ​ണ​ക്കാ​ട്, ചാ​ക്കാ, ക​വ​ടി​യാ​ർ, ക​ന്റോ​ൺ​മെ​ന്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ശി​പാ​യി​മാ​ർ ത​ങ്ങ​ളു​ടെ മ​ക്ക​ളെ തൈ​ക്കാ​ട് ഹി​ന്ദു​സ്​​ഥാ​നി എ​സ്​​കോ​ർ​ട്ട് സ്​​കൂ​ളി​ൽ ചേ​ർ​ക്കാ​ൻ താ​ൽ​പ​ര്യം കാ​ണി​ച്ചു.

1899 മാ​ർ​ച്ചി​ൽ​ത​ന്നെ അ​ഞ്ചു​രൂ​പ ശ​മ്പ​ള​ത്തി​ൽ ഉ​ർ​ദു പ​ണ്ഡി​ത​നാ​യ സ​യ്യി​ദ് അ​ബ്ദു​ൽ ജ​ലീ​ലി​നെ ആ​ദ്യ ഹെ​ഡ്മാ​സ്റ്റ​റാ​യി നി​യ​മി​ച്ചുകൊ​ണ്ട് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം വ​ന്നു. റെ​സി​ഡ​ൻസി സ​ർ​വി​സി​ൽ എ​ട്ടു വ​ർ​ഷ​ത്തോ​ളം 'സ​ർ​ക്കാ​രീ മു​ൻ​ഷി'​യാ​യി പ്ര​വ​ർ​ത്തി​ച്ച​ശേ​ഷ​മാ​ണ് സ്​​കൂ​ൾ മാ​സ്റ്റ​ർ ലൈ​സ​ൻ​സു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം തി​രു​വി​താം​കൂ​ർ സ​ർ​വി​സി​ലേ​ക്ക​​ു വ​ന്ന​ത്. സ്​​കൂ​ൾ പ​രി​സ​ര​ത്താ​യി ഒ​രു ക്വാ​ർ​ട്ടേ​ഴ്സും മാ​സാ​മാ​സം 20 രൂ​പ പ്ര​ത്യേ​ക ഗ്രാ​ന്റാ​യും സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി.12

തി​രു​വി​താം​കൂ​ർ വി​ദ്യാ​ഭ്യാ​സ ച​ട്ടം പാ​ലി​ക്കു​ന്ന​തി​നാ​യി 1902ൽ ​സ്​​കൂ​ളി​നെ 'െറ​സി​ഡ​ൻ​സി എ​സ്​​കോ​ർ​ട്ട് ലോ​വ​ർ േഗ്ര​ഡ് വെ​ർ​ണാ​ക്കു​ല​ർ സ്​​കൂ​ൾ' എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു​കൊ​ണ്ട് നാ​ട്ടു​ഭാ​ഷാ പ​ള്ളി​ക്കൂ​ട​മാ​ക്കി മാ​റ്റി​യെ​ങ്കി​ലും ഹി​ന്ദു​സ്​​ഥാ​നി​ക്ക് ന​ൽ​കി​വ​ന്ന പ്രാ​ധാ​ന്യ​ത്തി​ന് കു​റ​വു വ​രു​ത്തി​യി​ല്ല. ത​ദ്ദേ​ശീ​യ​രാ​യ കു​ട്ടി​ക​ൾ​കൂ​ടി സ്​​കൂ​ൾ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യ​തോ​ടെ അ​റ​ബി​ഭാ​ഷ​കൂ​ടി പ​ഠി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​രം​ഭി​ച്ചു. തു​ട​ർ​ന്ന് പ്രാ​ദേ​ശി​ക​മാ​യി ഒ​രു അ​റ​ബി മു​ൻ​ഷി​യെ നി​ല​നി​ർ​ത്തി പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. 1919ലെ ​മു​സ്‍ലിം വി​ദ്യാ​ഭ്യാ​സ െറ​ഗു​ലേ​ഷ​ൻ ന​ട​പ്പി​ൽ​വ​ന്ന​പ്പോ​ൾ തൈ​ക്കാ​ട് ഹി​ന്ദു​സ്​​ഥാ​നി എ​സ്​​കോ​ർ​ട്ട് സ്​​കൂ​ളി​ൽ ഒ​രു അ​റ​ബി മു​ൻ​ഷി​യെ സ്​​ഥി​ര​മാ​യി നി​യ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. അ​ക്കാ​ല​ത്ത് നി​യ​മി​ക്ക​പ്പെ​ട്ട 18 അ​റ​ബി മു​ൻ​ഷി​മാ​രി​ൽ ഒ​രാ​ൾ ഇ​വി​ടെ​യാ​യി​രു​ന്നു.

1920 അ​ധ്യ​യ​നവ​ർ​ഷം വ​രെ മൂ​ന്നാം ക്ലാ​സ് വ​രെ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. 1920 ആ​ഗ​സ്റ്റ് 21ന് ​നാ​ലാം ക്ലാ​സ് അ​നു​വ​ദി​ക്കു​ക​യു​മു​ണ്ടാ​യി. അ​തി​നാ​യി പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ​നി​ന്നും സ്​​കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​ന​രീ​തി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. അ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ൽ.​സി. ഹോ​ഗ്സ​ൻ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​ൻപ്ര​കാ​രം പ​ട്ടാ​ള​ക്കാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ര​ണ്ടു സ്​​ട്രീ​മു​ക​ളി​ലാ​യി​ട്ടാ​ണ് സ്​​കൂ​ൾ ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്: ''ര​ണ്ടു സ്​​ട്രീ​മു​ക​ളി​ലാ​യി റെ​സി​ഡ​ൻ​സി എ​സ്​​കോ​ർ​ട്ട് ശി​പാ​യി​മാ​രി​ൽ നി​ര​ക്ഷ​ര​രാ​യ​വ​ർ​ക്കു വേ​ണ്ടി ഹി​ന്ദു​സ്​​ഥാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക​ത​ല പ​ഠ​ന​വും അ​വ​രു​ൾ​പ്പെ​ടെ സ​മീ​പ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ഔ​പ​ചാ​രി​ക പ​ഠ​ന​വും നി​ല​നി​ന്നി​രു​ന്നു. ഇ​പ്പോ​ൾ ആ​കെ 103 പ​ഠി​താ​ക്ക​ളാ​ണു​ള്ള​ത്. അ​തി​ൽ, 72 പേ​ർ എ​സ്​​കോ​ർ​ട്ട് ശി​പാ​യി​മാ​രും ബാ​ക്കി​യു​ള്ള​വ​ർ സ്​​കൂ​ൾ പ്രാ​യ​ത്തി​ലു​ള്ളവ​രു​മാ​ണ്. ഒ​ന്നാം ക്ലാ​സി​ൽ 44 ശി​പാ​യി​മാ​രും 19 കു​ട്ടി​ക​ളും ര​ണ്ടാം ക്ലാ​സി​ൽ 5 ശി​പാ​യി​മാ​രും 8 കു​ട്ടി​ക​ളും മൂ​ന്നാം​ക്ലാ​സി​ൽ 9 ശി​പാ​യി​മാ​രും 4 കു​ട്ടി​ക​ളും പ​ഠി​ക്കു​ന്നു. പു​തി​യ​താ​യി നാ​ലാം ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​ത് ശി​പാ​യി​മാ​ർ​ക്കു​വേ​ണ്ടി​യാ​ണ്.''13 ഇ​ത്ത​ര​ത്തി​ൽ പു​തു​മ നി​റ​ഞ്ഞ ഒ​രു രീ​തി​യാ​യി​രു​ന്നു ഹി​ന്ദു​സ്​​ഥാ​നി എ​സ്​ കോ​ർ​ട്ട് സ്​​കൂ​ളിേ​ന്റ​ത്.

തു​ട​ക്ക​ത്തി​ൽ കാ​ണി​ച്ചി​രു​ന്ന താ​ൽ​പ​ര്യം ശി​പാ​യി​മാ​ർപോ​ലും തു​ട​രാ​തെ വ​ന്ന​തി​നാ​ലും പ​ല​രും മ​ദ്രാ​സ്​ പ്ര​സി​ഡ​ൻ​സി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സേ​വ​നാ​വ​ശ്യം പോ​യ​തി​നാ​ലും സ്​​കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​ന്ദ്യം നേ​രി​ട്ടു. മു​സ്‍ലിം സ​മു​ദാ​യ​ത്തി​ന് കൂ​ടു​ത​ൽ പ​ഠ​നാ​വ​സ​ര​ങ്ങ​ൾ വ​ന്ന​പ്പോ​ൾ തൈ​ക്കാ​ട് എ​സ്​​കോ​ർ​ട്ട് സ്​​കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ അ​യ​ക്കു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ളും വി​മു​ഖ​ത​കാ​ട്ടി. ത​ൽ​ഫ​ല​മാ​യി സ്​​കൂ​ൾ അ​ട​ച്ച് പൂ​ട്ട​ലി​ന്റെ വ​ക്കി​ലേ​ക്കെ​ത്തി. 1924 സെ​പ്റ്റം​ബ​ർ 27ന് ​ക​ന്റോ​ൺ​മെ​ന്റ് പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചു വ​ന്നി​രു​ന്ന ഹി​ന്ദു​സ്​​ഥാ​നി മു​സ്‍ലിം​ക​ൾ സ്​​കൂ​ൾ അ​ട​ച്ചു​പൂ​ട്ട​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു നി​വേ​ദ​നം മ​ഹാ​രാ​ജാ​വി​ന് സ​മ​ർ​പ്പി​ച്ചു. സ​യ്യി​ദ് ഫ​രീ​ദ്, നൂ​റു​ദ്ദീ​ൻ​ഖാ​ൻ, സ​യ്യി​ദ് അ​ബ്ദു​ല്ല, ശൈ​ഖ് ഇ​ബ്രാ​ഹീം, സ​യ്യി​ദ് അ​ബ്ദു​ൽ വ​ഹാ​ബ്, മു​ഹ​മ്മ​ദ് ഖാ​ൻ, സ​യ്യി​ദ് അ​ബ്ദു​ൽ റ​ഹീം, എം. ​മാ​ഥൂ​ർ ഖാ​ൻ തു​ട​ങ്ങി​യ സ​ർ​ക്കാ​റി​നോ​ട് ചേ​ർ​ന്നു നി​ന്നി​രു​ന്ന സ​മ്പ​ന്ന ഹി​ന്ദു​സ്​​ഥാ​നി മു​സ്‍ലിം​ക​ളാ​യി​രു​ന്നു നി​വേ​ദ​ന​ത്തി​ൽ ഒ​പ്പു​െ​വ​ച്ച​ത്.


1927-28 അ​ധ്യ​യ​നവ​ർ​ഷം തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ നാ​ട്ടു​ഭാ​ഷാ വി​ദ്യാ​ല​യ ഡ​യ​റ​ക്ട​ർ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ സ്​​കൂ​ളി​ന്റെ​യും ഹി​ന്ദു​സ്​​ഥാ​നി പ​ഠ​ന​ത്തി​ന്റെ​യും പ​രി​താ​പ​ക​ര​മാ​യ അ​വ​സ്​​ഥ വി​വ​രി​ച്ചി​രി​ക്കു​ന്നു. ''ര​ണ്ടു ക്ലാ​സു​ക​ൾ മാ​ത്ര​മേ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളൂ. ഒ​ന്നാം​ ക്ലാ​സി​ൽ 16 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​തി​ൽ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് ഹി​ന്ദു​സ്​​ഥാ​നി പ​ഠി​ക്കു​ന്ന​ത്. ര​ണ്ടാം ക്ലാ​സി​ൽ ആ​രുംത​ന്നെ ഹി​ന്ദു​സ്​​ഥാ​നി പ​ഠി​ക്കു​ന്നി​ല്ല. തു​ട​ർ​ന്ന്, 1928 ജ​നു​വ​രി 26 ന് ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലും ഹി​ന്ദു​സ്​​ഥാ​നി സ്​​കൂ​ളി​ന്റെ ദ​യ​നീ​യ​സ്​​ഥി​തി വ​ര​ച്ചു​കാ​ട്ടു​ന്നു​ണ്ട്: ''സ്​​കൂ​ൾ ആ​രം​ഭ​കാ​ല​ത്ത് ശി​പാ​യി​മാ​രും അ​വ​രു​ടെ കു​ട്ടി​ക​ളും ഹി​ന്ദു​സ്​​ഥാ​നി പ​ഠി​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​വ​രു​ടെ പി​ന്മു​റ​ക്കാ​രി​ൽ പ​ല​രും ഇ​ന്നാ​ട്ടി​ൽ​നി​ന്നും പോ​യി​രി​ക്കു​ന്നു. നി​ല​വി​ലു​ള്ള​വ​ർ​ക്കാ​ണെ​ങ്കി​ൽ ഹി​ന്ദു​സ്​​ഥാ​നി പ​ഠ​ന​ത്തോ​ട് ത​ന്നെ താ​ൽ​പ​ര്യ​മി​ല്ല.''14 ഹി​ന്ദു​സ്​​ഥാ​നി മു​സ്‍ലിം​ക​ൾ പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് സ്​​ഥി​തിചെ​യ്യു​ന്ന സ്​​കൂ​ൾ ആ​യി​ട്ടു​കൂ​ടി കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​വ​രും താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് സ്​​കൂ​ൾ അ​ട​ച്ചു​പൂ​ട്ടു​ക എ​ന്ന നി​ല​യി​ലേ​ക്ക് സ​ർ​ക്കാ​റും നീ​ങ്ങി. നി​വേ​ദ​ക​രാ​യെ​ത്തി​യ​വ​ർ​ക്കു​പോ​ലും കൂ​ടു​ത​ലാ​യി ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 1927-28 അ​ധ്യ​യ​നവ​ർ​ഷം സ്​​കൂ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ലേ​ക്ക് സ​ർ​ക്കാ​ർ എ​ത്തി. തു​ട​ർ​ന്ന്, 1928 മേ​യ് അ​ഞ്ചി​ന് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പ്ര​കാ​രം തി​രു​വി​താം​കൂ​റി​ലെ ആ​ദ്യ ഉ​ർ​ദു സ്​​കൂ​ൾ വി​സ്​​മൃ​തി​യി​ലേ​ക്കു മ​റ​ഞ്ഞു. (കാ​സ​ർ​കോ​ട് ഉ​പ്പ​ള​യി​ലാ​ണ് ആ​ദ്യ​ത്തെ ഹി​ന്ദു​സ്​​ഥാ​നി സ്​​കൂ​ൾ (1890) സ്​​ഥാ​പി​ത​മാ​യ​തെ​ന്നാ​ണ് സൂ​ച​ന. 1887ൽ ​ബ്രി​ട്ടീ​ഷു​കാ​ർ ത​ല​ശ്ശേ​രി​യി​ൽ ആ​രം​ഭി​ച്ച ൈപ്ര​മ​റി സ്​​കൂ​ളി​ൽ 1906ൽ ​മാ​ത്ര​മാ​ണ് ഉ​ർ​ദു പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് കാ​ണാം.)

ഹി​ന്ദു​സ്​​ഥാ​നി പ​ഠ​നം േപ്രാ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ദ്യ​കാ​ലം മു​ത​ൽ​ത​ന്നെ തി​രു​വി​താം​കൂ​റി​ൽ വി​വി​ധ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്നു. തി​രു​വി​താം​കൂ​ർ പ്ര​ജാ​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്നു​കൊ​ണ്ട് അ​ത്ത​ര​ത്തി​ൽ ധാ​രാ​ളം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ ഡോ. ​ഇ​സ്​​മാ​യീ​ൽ മു​ന​വ​രി​യു​ടെ ശ്ര​മ​ഫ​ല​മാ​യി അ​റ​ബി മു​ൻ​ഷി യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ സി​ല​ബ​സി​ൽ ഒ​രു ഓ​പ്ഷ​ന​ൽ വി​ഷ​യ​മാ​യി മ​ല​യാ​ള​ത്തി​നും ത​മി​ഴി​നും ഒ​പ്പം ഉ​ർ​ദു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി.15 1929 മു​ത​ൽ ന​ട​പ്പി​ൽ വ​രു​ത്തി​യ പ​രി​ഷ്കാ​ര​പ്ര​കാ​ര​മു​ള്ള ഉ​ർ​ദു പു​സ്​​ത​ക​ങ്ങ​ൾ ബോം​ബെ, ലാ​ഹോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും വ​രു​ത്തി വി​പ​ണ​നം ചെ​യ്യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു​വ​ന്നി​രു​ന്നു. ഉ​ർ​ദു പ​രി​പോ​ഷ​ണ​ത്തി​നാ​യി ബി​ജി​ലി കു​ടും​ബം ന​ട​ത്തിവ​ന്നി​രു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ ആ ​കു​ടും​ബ​ത്തി​ലെ അ​വ​സാ​ന ക​ണ്ണി​ക​ളി​ലൊ​രാ​ളാ​യ ബി.​എ​ഫ്.​ആ​ർ.​എ​ച്ച് ബി​ജി​ലി​യി​ലൂ​ടെ ഇ​പ്പോ​ഴും തു​ട​ർ​ന്നുവ​രു​ന്നു​ണ്ട്.

മ​ല​ബാ​റി​ലെ സ​ർ​ക്കാ​ർ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ ചി​ല ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ർ​ദു ബി​രു​ദ കോ​ഴ്സു​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നുവ​രു​മ്പോ​ഴും ഹി​ന്ദു​സ്​​ഥാ​നി എ​ന്നനി​ല​യി​ൽ ഉ​ർ​ദു പ​ഠി​പ്പി​ച്ചു തു​ട​ങ്ങി​യ പ​ഴ​യ തി​രു​വി​താം​കൂ​ർ പ്ര​ദേ​ശ​ത്ത് ഉ​ർ​ദു​വി​ന് വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ല​ഭി​ക്കാ​തെ വ​രു​ന്നു​വെ​ന്ന​ത് ഉ​ർ​ദു​വി​നെ സ്​​നേ​ഹി​ക്കു​ന്ന​വ​രി​ൽ നൊ​മ്പ​ര​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ച​രി​ത്രവി​ഭാ​ഗം അ​ധ്യാ​പ​ക​നാ​ണ്​ ലേ​ഖ​ക​ൻ

സൂ​ചി​ക

1. ഡോ. ​മു​ഹ​മ്മ​ദ് കു​ഞ്ഞ് മേ​ത്ത​ർ, ഹി​ന്ദു​സ്​​ഥാ​നി പാ​ഠ​മാ​ല, സ​മ​ന്വ​യ പ്ര​കാ​ശ​ൻ, ആ​ല​പ്പു​ഴ, 2014, പു. 67.

2. Ramachandra Guha, India After Gandhi. The History of World's largest Democracy, Pan MacMillan Ltd, London, 2007, p. 118

3. Ibid, p. 119

4. T.K. Velupillai, The Travancore State Manual, Vol. II, Trivandrum, 1940, p. 811

5. V. Kunjali, Muslim Communities in Kerala to 1798, Unpublished Ph.D Thesis, Aligarh University 1986, p. 193.

6. ​ഷം​സു​ദ്ദീ​ൻ തി​രൂ​ർ​ക്കാ​ട്, തി​രു​വി​താം​കൂ​റി​ലെ ഉ​ർ​ദു സാ​ന്നി​ധ്യം, വി​ജ്ഞാ​ന കൈ​ര​ളി, വാ​ല്യം -36, ല​ക്കം-5, മേ​യ് 2006, തി​രു​വ​ന​ന്ത​പു​രം, പു. 53.

7. Census of India- Travancore, 1875, Madras, p. 273.

8. Travancore Administrative Report, 1872 (1047 ME), Trivandrum, pp. 65-66.

9. Travancore Almanac, 1875, Trivandrum, pp. 64-65

10. Ibid.

11. File No. 158/1920, Bundle No. 115, Kerala State Archives (KSA), Trivandrum, p. 23.

12. Ibid

13. Ibid

14. Fie No. 406/1928, KSA, pp. 6-8

15. File No. 39/1929, KSA, pp. 2-4

Show More expand_more
News Summary - kerala first urdu studies