മാർച്ച് 29ന് 79ാം വയസ്സിൽ വിടപറഞ്ഞ രാജ്യാന്തര പ്രശസ്ത ചിത്രകാരൻ വിവാൻ സുന്ദരത്തെ ഒാർമിക്കുകയാണ് ചിത്രകാരനും എഴുത്തുകാരനുമായ ലേഖകൻ. കൊച്ചിയിൽ പലവട്ടം എത്തിയ അദ്ദേഹമൊത്തുള്ള നിമിഷങ്ങൾ ഒാർത്തെടുക്കുന്നു. ‘‘ചന്ദ്രനിലേപ്പോലെ വിചിത്രവും ദുരൂഹവുമായ സ്ഥലരാശിയായിരിക്കണം’’ കൊച്ചി-മുസിരിസ് ബിനാലെയിൽ സൃഷ്ടിക്കപ്പെടുന്ന ഇൻസ്റ്റലേഷനെന്ന് വിവാൻ സുന്ദരം ഭാവനകൊണ്ടു. ലണ്ടൻ/ ന്യൂയോർക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ദി ആർട്ട് ന്യൂസ്...
മാർച്ച് 29ന് 79ാം വയസ്സിൽ വിടപറഞ്ഞ രാജ്യാന്തര പ്രശസ്ത ചിത്രകാരൻ വിവാൻ സുന്ദരത്തെ ഒാർമിക്കുകയാണ് ചിത്രകാരനും എഴുത്തുകാരനുമായ ലേഖകൻ. കൊച്ചിയിൽ പലവട്ടം എത്തിയ അദ്ദേഹമൊത്തുള്ള നിമിഷങ്ങൾ ഒാർത്തെടുക്കുന്നു.
‘‘ചന്ദ്രനിലേപ്പോലെ വിചിത്രവും ദുരൂഹവുമായ സ്ഥലരാശിയായിരിക്കണം’’ കൊച്ചി-മുസിരിസ് ബിനാലെയിൽ സൃഷ്ടിക്കപ്പെടുന്ന ഇൻസ്റ്റലേഷനെന്ന് വിവാൻ സുന്ദരം ഭാവനകൊണ്ടു.
ലണ്ടൻ/ ന്യൂയോർക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ദി ആർട്ട് ന്യൂസ് പേപ്പർ’ വിവാൻ സുന്ദരത്തെ വിശേഷിപ്പിക്കുന്നത് ‘ഇന്ത്യയുടെ ആദ്യ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ്’ എന്നാണ്. 2012ലെ ആദ്യ കൊച്ചി- മുസിരിസ് ബിനാലെയിൽ വിവാൻ സുന്ദരത്തിന്റെ ഇൻസ്റ്റലേഷൻ സൃഷ്ടിക്കുന്നതിന്റെ പടിപടിയായ പ്രവർത്തനങ്ങൾക്ക് ബിനാലെയുടെ സംഘാടകരായ ഞാൻ ഉൾപ്പെടെയുള്ളവർ സാക്ഷികളായി. ഇൻസ്റ്റലേഷൻ എന്ന കലാമാധ്യമം കേരളീയർ അത്രകണ്ട് പരിചയപ്പെട്ടിട്ടില്ലായിരുന്ന അക്കാലത്ത് വിവാൻ സുന്ദരം ഇൻസ്റ്റലേഷൻ സൃഷ്ടിക്കുന്നത് വിദ്യാർഥികളുടെ കൗതുകത്തോടെ ഞങ്ങൾ കണ്ടു. ഇൻസ്റ്റലേഷൻ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് വിവാൻ സുന്ദരം ഇന്റർവ്യൂവിൽ പറഞ്ഞത്, ബിനാലെയിൽ അദ്ദേഹം ഒരുക്കുന്ന ഇൻസ്റ്റലേഷൻ ഒരുപക്ഷേ ചന്ദ്രനിലേപ്പോലെ വിചിത്രവും നിഗൂഢവുമായ സ്ഥലരാശിയായിരിക്കുമെന്ന്.
‘ബ്ലാക്ക് ഗോൾഡ്’ എന്നായിരുന്നു 2012 ബിനാലെയിലെ വിവാൻ സുന്ദരത്തിന്റെ ഇൻസ്റ്റലേഷന്റെ പേര്. 12/12/'12ന് ബിനാലെ പ്രദർശനാരംഭത്തിനു മാസങ്ങൾക്കു മുമ്പെ ഇൻസ്റ്റലേഷൻ സൃഷ്ടിക്കുന്ന ജോലികൾക്കായി വിവാൻ സുന്ദരം കൊച്ചിയിലെത്തി. ബ്ലാക്ക് ഗോൾഡ് എന്നാൽ കറുത്തപൊന്ന് അഥവാ കുരുമുളക്. നൂറ്റാണ്ടുകൾക്കു മുമ്പ്, അക്ഷാംശരേഖാംശങ്ങൾ അടയാളപ്പെടുത്തിയിട്ടില്ലാത്ത കടലിലൂടെ, കാറ്റും നക്ഷത്രങ്ങളും നയിച്ച ചാലുകളിലൂടെ കടലുകൾക്കപ്പുറത്തുള്ളവർ അന്വേഷിച്ചുവന്ന, കേരളചരിത്രത്തിന് രാസത്വരകമായ കുരുമുളക്. കേരളത്തിന്റെ ചരിത്രഭൂതകാലത്തിനും വർത്തമാനകാലത്തിനും ഇടയിൽ ഭാവനയുടെ കലാഭൂമി നിർമിക്കാനുള്ള ശ്രമമായിരുന്നു വിവാൻ സുന്ദരത്തിന്റെ ബ്ലാക്ക് ഗോൾഡ് ഇൻസ്റ്റലേഷൻ.
വിവാൻ സുന്ദരത്തിന്റെ മെറ്റൽ ബോക്സ് ഇൻസ്റ്റലേഷൻ
ബിനാലെയുടെ പ്രധാനവേദിയായ ഫോർട്ടുകൊച്ചിയിലെ ആസ്പിൻവാൾ ഹൗസിൽ പ്രദർശിപ്പിച്ചു വിവാൻ സുന്ദരത്തിന്റെ ഇൻസ്റ്റലേഷൻ. ആസ്പിൻവാൾ ഹൗസ് 19ാം നൂറ്റാണ്ടിൽ നിർമിച്ച ബ്രിട്ടീഷ് കെട്ടിടമാണ്. കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ കൂടാതെ കയർ, മരത്തടി, പുൽത്തൈലം, ചായ, കാപ്പി എന്നുതുടങ്ങിയ വിഭവങ്ങൾ കയറ്റിയയച്ച സ്ഥാപനം. ലോകത്തിന്റെ വിവിധയിടങ്ങളുമായി കുരുമുളക് കച്ചവടം നടത്തിയ സ്ഥാപനത്തിന്റെ കെട്ടിടത്തിൽ ഒരുക്കിയ ബ്ലാക്ക് ഗോൾഡ് എന്ന ഇൻസ്റ്റലേഷനുമായി പ്രദർശനവേദിക്ക് രസകരമായ പൊരുത്തമുണ്ടായി. കൊച്ചിയുടെ കോളനിക്കാല ചരിത്രത്തിന്റെ പ്രാതിനിധ്യമാണ് ആസ്പിൻവാൾ ഹൗസ് കെട്ടിടം.
കടൽ-കായൽ സന്ധിക്കു സമീപം ഈ കെട്ടിടം നിലനിൽക്കുന്ന സ്ഥാനത്ത് 1844ൽ ജെ. ഓട്ടേഴ്സൺ, കാംപെൽ എന്നീ ബ്രിട്ടീഷുകാർ ചേർന്ന് ഓട്ടേഴ്സൺ ആൻഡ് കാംപെൽ കമ്പനി ആരംഭിച്ചു. മരക്കപ്പൽ നിർമാണവും മരത്തടി കയറ്റിയയക്കലുമായിരുന്നു കമ്പനിയുടെ ആദ്യ ഇടപാടുകൾ. 1846ൽ ഇന്ന് ആസ്പിൻവാൾ ഹൗസ് നിലനിൽക്കുന്ന സ്ഥലത്തിന്റെ ഒരുഭാഗം ലേലത്തിൽ വാങ്ങി ഓട്ടേഴ്സൺ ആൻഡ് കാംപെൽ കമ്പനി. 1853ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്ന് സമീപത്തെ ഭൂമി ഓട്ടേഴ്സൺ ആൻഡ് കാംപെൽ കമ്പനി പാട്ടത്തിനെടുത്തു. കാംപെലുമായി ബിസിനസ് ബന്ധം അവസാനിപ്പിച്ച് 1851ൽ ഓട്ടേഴ്സൺ കായലരികിൽ മരക്കപ്പൽ നിർമാണ ബിസിനസ് തുടർന്നു. ബിസിനസ് നഷ്ടത്തിലായപ്പോൾ ഓട്ടേഴ്സൺ കമ്പനി സ്കോട്ട് സഹോദരൻമാരായ ആർച്ചിബാൾഡ്, മൈക്കിൾ എന്നിവർക്ക് വിറ്റു. ഇവരുടെ ബിസിനസ് പാർട്ണറായി ജോൺ എച്ച്. ആസ്പിൻവാൾ ബിസിനസിൽ പങ്കാളിയായി. സ്കോട്ട് സഹോദരൻമാരുടെ ബോംബെയിലെ പരുത്തി ബിസിനസ് നഷ്ടത്തിലായപ്പോൾ അവരിൽനിന്ന് കമ്പനിയുടെ ഉടമസ്ഥത ജോൺ എച്ച്. ആസ്പിൻവാൾ വാങ്ങി. തുടർന്ന് 1867 ജൂൺ 30ന് ‘ആസ്പിൻവാൾ ആൻഡ് കമ്പനി’ എന്ന പേരിൽ വ്യാപാരസ്ഥാപനം നിലവിൽവന്നു. ജോൺ എച്ച്. ആസ്പിൻവാൾ നിർമിച്ച കെട്ടിടമാണ് ഇന്നത്തെ ആസ്പിൻവാൾ ഹൗസ്.
ആസ്പിൻവാൾ ഹൗസ് കെട്ടിടത്തിന്റെ ചരിത്രപശ്ചാത്തലം ഇൻസ്റ്റലേഷൻ ഭാവനകൊള്ളുമ്പോൾത്തന്നെ വിവാൻ സുന്ദരം മനസ്സിലാക്കിയിരുന്നു. ആസ്പിൻവാൾ ഹൗസ് നിർമിച്ച ജോൺ എച്ച്. ആസ്പിൻവാൾ കൊച്ചിയിൽ ജനകീയനായിരുന്നു. 1870ൽ കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. 1875-1878 കാലത്ത് ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റായിരുന്നു. കൊച്ചിയുടെ വികസനത്തെക്കുറിച്ചുള്ള ദൂരക്കാഴ്ചയുമായി ജോൺ എച്ച്. ആസ്പിൻവാൾ കൊച്ചി തുറമുഖം ആധുനികമാക്കണമെന്ന് 1870ൽ ബ്രിട്ടീഷ് അധികൃതർക്ക് നിവേദനം നൽകി. 1879ൽ കൊച്ചിക്ക് തീവണ്ടി യാത്രാസൗകര്യം വേണമെന്നും അദ്ദേഹം ബ്രിട്ടീഷ് അധികൃതരോട് ആവശ്യപ്പെട്ടു. 1884 സെപ്റ്റംബർ 11ന് ജോൺ എച്ച്. ആസ്പിൻവാൾ ലണ്ടനിൽ മരിച്ചപ്പോൾ ദുഃഖസൂചകമായി കൊച്ചിയിൽ കടകമ്പോളങ്ങൾ അടച്ചിട്ടു.
ഇൻസ്റ്റലേഷൻ പ്രദർശിപ്പിക്കുന്ന വേദിയുടെ ചരിത്രമെന്നപോലെ ഇൻസ്റ്റലേഷൻ നിർമാണത്തിന്റെ ആദ്യപടിയായി വിവാൻ സുന്ദരം കൊച്ചിയുടെ ചരിത്രവും മനസ്സിലാക്കാൻ ശ്രമിച്ചു. അറബിക്കടലിലേക്ക് എഴുന്നുനിൽക്കുന്ന ചീനവലനിരകൾക്കടുത്തുള്ള ആസ്പിൻവാൾ കെട്ടിടത്തിന്റേത് നല്ല ലാവണ്യമുള്ള ചുറ്റുപാടാണ്. കടലിലെ അസ്തമയസൂര്യനെ മുഴുവനായി കാണാം ആസ്പിൻവാൾ ഹൗസിന്റെ അരികിൽനിന്ന്. ആസ്പിൻവാൾ കെട്ടിടത്തിനു മുന്നിൽ അറബിക്കടലും എറണാകുളം (വേമ്പനാട്) കായലും സന്ധിചേരുന്നതിൽ പെരിയാർ നദിയും വന്നുചേരുന്നു. ചരിത്രപ്രാധാന്യമുള്ള ജലസന്ധിയാണിത്. ഇവിടെയാണ് കൊച്ചി ഒരു തുറമുഖമായി 14ാം നൂറ്റാണ്ടിൽ രൂപപ്പെട്ടത്. ഈ വെള്ളച്ചാലിലൂടെയാണ് അറബികളും ചൈനക്കാരും പോർചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും കൊച്ചിയിൽ വന്നതും പോയതും. അവരുടെ വരവുപോക്കുകൾക്ക് കുരുമുളക് ഒരു പ്രധാന പ്രചോദനമായി. പോർചുഗീസുകാരും ഡച്ചുകാരും കൊച്ചിയിൽ കോട്ട സ്ഥാപിച്ചതിലും കുരുമുളകിന്റെ പ്രചോദനമുണ്ട്.
കുരുമുളക് വിലപിടിപ്പുള്ള വൻ കച്ചവട വിഭവമായിരുന്നു. സ്ത്രീധനമായും നികുതിയായും വാടക ഈടായും വരെ കുരുമുളക് ഉപയോഗിക്കപ്പെട്ടു. കൊച്ചി തുറമുഖത്തിന്റെ കുരുമുളക് വ്യാപാര കേന്ദ്രമായിരുന്ന മട്ടാഞ്ചേരി ആസ്പിൻവാൾ ഹൗസിന് സമീപമാണ്. ഇവയെല്ലാം ഉൾക്കൊണ്ടിരുന്നു ബ്ലാക്ക് ഗോൾഡ് ഇൻസ്റ്റലേഷൻ ഒരുക്കുന്ന വിവാൻ സുന്ദരം.
ബ്ലാക്ക് ഗോൾഡ് ഇൻസ്റ്റലേഷൻ
കുരുമുളക് ഉൾപ്പെടെയുള്ള വിഭവങ്ങൾ സാമ്പത്തികൈശ്വര്യമുണ്ടാക്കിയ കൊച്ചിയിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കച്ചവടത്തിനും ജോലിക്കും വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും വന്നെത്തി. അവരുടെ പുതുതലമുറ ഇന്നും ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശത്തുണ്ട്. ഇത് ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശത്തെ മലയാളം കൂടാതെ, 16 ഭാഷകൾ ഉപയോഗിക്കുന്ന പ്രദേശമാക്കി. വിവിധ ഭാഷ, മത, ജാതി, വംശങ്ങൾ സഹവസിക്കുന്ന ഈ ഭൂമികയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതായിരുന്നു 2012ലെ ബിനാലെയുടെ തലക്കെട്ട്: കോസ്മോപൊളിറ്റനിസം അഥവാ സാർവലൗകികത. ബഹുസ്വരതയെ ബഹുമാനിച്ചിരുന്ന വിവാൻ സുന്ദരത്തിന് ബിനാലെയുടെ കോസ്മോപൊളിറ്റനിസം തലക്കെട്ടിനോടും കൊച്ചിയുടെ ബഹുസ്വരതയോടും സ്നേഹമായിരുന്നു.
ബ്ലാക്ക് ഗോൾഡ് ഇൻസ്റ്റലേഷൻ ഒരുക്കാനായി വിവാൻ സുന്ദരം ഫോർട്ടുകൊച്ചി-മട്ടാേഞ്ചരി പ്രദേശത്തിന് ഏതാണ്ട് 25-30 കിലോമീറ്റർ വടക്കുള്ള കൊടുങ്ങല്ലൂർ മേഖലയിലെ മുസിരിസ് പദ്ധതിയിൽ കുഴിച്ചെടുത്ത ചരിത്രബന്ധമുള്ള ആയിരക്കണക്കിന് മൺകല കഷണങ്ങളെ ഉപയോഗപ്പെടുത്തി. പതിനാലാം നൂറ്റാണ്ടിൽ പ്രകൃതിക്ഷോഭത്തിൽ മൺമറഞ്ഞ മുസിരിസ് തുറമുഖത്തെ വിവാൻ സുന്ദരം കണ്ടത് ചരിത്രത്തിലെ കോസ്മോപൊളിറ്റൻ നഗരമെന്ന നിലയിലാണ്. മാത്രമല്ല, കുരുമുളക് കച്ചവടത്തിന്റെ എംപോറിയമായിരുന്നു മുസിരിസെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കുരുമുളകിനെ ‘യവനപ്രിയ’ എന്ന് വിളിച്ചു മുസിരിസ് തുറമുഖത്ത്. യവനപ്രിയ വാങ്ങാൻ ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്ന് കപ്പലുകൾ മുസിരിസിലെത്തി. ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ളവർ സന്ദർശിക്കുകയും സഹവസിക്കുകയും ചെയ്തു മുസിരിസിൽ. റോമാക്കാരുടെ താമസസ്ഥലം അടയാളപ്പെടുത്തിയിരിക്കുന്നു മുസിരിസിനെക്കുറിച്ചുള്ള ഭൂപടത്തിൽ. ജൂത, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങൾ ഇന്ത്യയിലെത്തിയ വഴിയായിരുന്നു മുസിരിസെന്ന് വിശ്വാസം. നിർമാണഭംഗിയുള്ള ഹൈന്ദവ ക്ഷേത്രങ്ങൾക്കൊപ്പം ജൈന, ബുദ്ധ മതങ്ങൾക്കും സ്ഥാനമുണ്ടായിരുന്നു മുസിരിസിൽ. ഇങ്ങനെയുള്ള മുസിരിസിന്റെ കോസ്മോപൊളിറ്റനിസത്തെക്കുറിച്ച് ലാവണ്യത്തോടെ പറയാൻ വിവാൻ സുന്ദരം കണ്ടെത്തിയ രൂപകമാണ് ബ്ലാക്ക് ഗോൾഡ്!
മുസിരിസും കൊച്ചിയും തമ്മിൽ പൊക്കിൾക്കൊടി ബന്ധമുണ്ട്. 1431ലെ പ്രകൃതിക്ഷോഭത്തിൽ മുസിരിസ് തുറമുഖവും പട്ടണവും നശിച്ചപ്പോൾ തുറമുഖമായി കൊച്ചി രൂപപ്പെട്ടെന്ന് ചരിത്രം. ഫോർട്ടുകൊച്ചിയിൽനിന്ന് ജങ്കാറിൽ യാത്രചെയ്ത് കായൽ കടന്ന് വൈപ്പിൻ ദ്വീപിലെത്തി അവിടെനിന്നും മുസിരിസ് പൈതൃക പഠന പ്രദേശത്തെത്തി, അവിടെ ഗവേഷണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത പതിനായിരക്കണക്കിന് മൺകല കഷണങ്ങൾ സംഭരിച്ച് ഫോർട്ടുകൊച്ചിയിൽ കൊണ്ടുവന്നു വിവാൻ സുന്ദരം. ചാക്കുകണക്കിന് മൺകലകഷണങ്ങൾ. ഓരോ മൺകല കഷണവും നൂറ്റാണ്ടുകൾക്കുമുമ്പ് മൺമറഞ്ഞവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നവ. സംസ്കാരത്തിന്റെ ഭാഗമായിരുന്നവ. മൺകല കഷണങ്ങളുടെ കൂമ്പാരം ബിനാലെ പ്രവർത്തകരെയും വിവാൻ സുന്ദരത്തിന്റെ സഹപ്രവർത്തകരെയും അത്ഭുതപ്പെടുത്തി.
ഇനിയെന്ത്? -ഇതായിരുന്നു ആശ്ചര്യം. ഇതിനു മറുപടിയെന്നോണം വിവാൻ സുന്ദരത്തിന്റെ കരവിരുതിൽ ബ്ലാക്ക് ഗോൾഡ് ഇൻസ്റ്റലേഷൻ മെല്ലെ രൂപപ്പെട്ടുവന്നു. അത് വിവാൻ സുന്ദരം ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ വിചിത്രവും ദുരൂഹവുമായ സ്ഥലരാശിയായിരുന്നു.
40 അടി നീളവും 15 അടി വീതിയുമുള്ള ഇൻസ്റ്റലേഷനായിരുന്നു ബ്ലാക്ക് ഗോൾഡ്. ബിനാലെ പ്രദർശനം ആരംഭിച്ചതുമുതൽ ഇൻസ്റ്റലേഷൻ ബിനാലെ സന്ദർശകരെ ദൃശ്യഭംഗികൊണ്ടും ആശയഗാംഭീര്യംകൊണ്ടും ആകർഷിച്ചു. ഈ ഇൻസ്റ്റലേഷനിലൂടെ മുസിരിസ്- കൊച്ചി ചരിത്രം ലോകവ്യാപകമായി ചർച്ചചെയ്യപ്പെട്ടു.
ഒപ്പം ചർച്ചചെയ്യപ്പെട്ടത് ഇൻസ്റ്റലേഷന്റെ കാമ്പായ കോസ്മോപൊളിറ്റനിസം. ബഹുസ്വരതയെക്കുറിച്ച് അഭിമാനത്തോടെ ലോകേത്താട് വിളിച്ചുപറയുന്ന ആക്ടിവിസ്റ്റിന്റെ കലയായിരുന്നു ബ്ലാക്ക് ഗോൾഡ്. വിവാൻ സുന്ദരം പലതവണ പറഞ്ഞിട്ടുണ്ട്, ‘‘ഞാൻ മേയ് 1968ന്റെ കുട്ടിയാണെ’’ന്ന്. ഫ്രാൻസിൽ 1968 മേയ് മാസത്തിൽ വിദ്യാർഥികൾ നേതൃത്വം നൽകിയ സമരങ്ങളും പ്രതിഷേധങ്ങളും 1970 വരെ യൂറോപ്പിലായിരുന്ന വിവാൻ സുന്ദരത്തെ സ്വാധീനിച്ചിരുന്നു.
കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാമത്തെ എഡിഷന്റെ പ്രദർശനം നടക്കുമ്പോൾ വിവാൻ സുന്ദരത്തിന്റെ കലാസൃഷ്ടികൾ ആസ്പിൻവാൾ ഹൗസിൽ പ്രദർശനത്തിനുണ്ട്. ഇതായിരിക്കാം വിവാൻ സുന്ദരം ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ അവസാന കലാപ്രദർശനം.
2012 കൊച്ചി-മുസിരിസ് ബിനാെലയുടെ റിസർച് കോഓഡിനേറ്ററായി പ്രവർത്തിക്കുമ്പോഴാണ് ഈ ലേഖകൻ വിവാൻ സുന്ദരത്തെ പരിചയപ്പെട്ടത്. ബഹുസ്വരതക്കായി നിലകൊണ്ട വലിയ കലാകാരന്റെ വിടവാങ്ങൽ, ബഹുസ്വരത വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് വ്യക്തമായ ഒഴിവ് പ്രകടമാക്കുന്നതാണ്.
വിവാൻ സുന്ദരം
ചിത്രകലയും ശിൽപകലയും മുതൽ ഫോട്ടോഗ്രഫി വരെയുള്ള വിവിധ മേഖലകളിൽ പേരുകേട്ട കലാകാരനായിരുന്നു വിവാൻ സുന്ദരം. 1943ൽ ഷിംലയിലാണ് ജനനം. ലോ കമീഷൻ മുൻ ചെയർമാൻ കല്യാൺ സുന്ദരമാണ് പിതാവ്. പ്രശസ്ത ചിത്രകാരി അമൃത ഷേർഗിലിന്റെ സഹോദരി ഇന്ദിര ഷേർഗിലാണ് മാതാവ്. പുരോഗമന പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ വിവാൻ സുന്ദരം 1968 മേയ് മാസത്തിൽ ഫ്രാൻസിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തു. 1970 വരെ ലണ്ടനിൽ കമ്യൂൺ ജീവിതം നയിച്ചു. ’71ൽ ഇന്ത്യയിൽ തിരിച്ചെത്തി. അടിയന്തരാവസ്ഥക്കാലത്തടക്കം പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.
ശിൽപം, ഫോട്ടോ, വിഡിയോ എന്നിവ ഉപയോഗിച്ച് 1990 മുതൽ ഇൻസ്റ്റലേഷനുകൾ സൃഷ്ടിച്ചിരുന്നു. മുംബൈ കലാപത്തെക്കുറിച്ചുള്ള ‘മെമ്മോറിയൽ’ ശ്രദ്ധേയമായ കലാസൃഷ്ടിയാണ്. 2012ൽ ആദ്യ കൊച്ചി ബിനാലെയിൽ വിവാൻ സുന്ദരത്തിന്റെ ‘ബ്ലാക്ക് ഗോൾഡ് ’ എന്ന ഇൻസ്റ്റലേഷൻ ഏറെ ശ്രദ്ധ നേടി. പഴയ മുസിരിസിൽനിന്ന് ഖനനം ചെയ്ത് കിട്ടിയ മൺപാത്രങ്ങളുടെ കഷണങ്ങളും കുരുമുളകുമടക്കം ഉപയോഗിച്ചായിരുന്നു ‘ബ്ലാക്ക് ഗോൾഡ്‘ ഒരുക്കിയത്. കൊച്ചിയിൽ നടക്കുന്ന ബിനാലെയിൽ വിവാൻ സുന്ദരത്തിന്റെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. രണ്ട് പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. സഫ്ദർ ഹശ്മി മെമ്മോറിയൽ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റിയാണ്. ഡൽഹിയിലായിരുന്നു അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.