നമ്പർ 6, ജീസസ് അപ്പാർട്മെന്റ് കെ.ഇ.ബി. റോഡ് കൂവമ്പു നഗര എന്റെ വിലാസമെഴുതിയ കടലാസു തുണ്ട് ഞാനവളിലേക്ക് നീട്ടുകയും അവളത് വായിക്കാതെ ബ്ലൗസിനുള്ളിലേക്ക് തിരുകുകയും ചെയ്യുമ്പോൾ അവളുടെ നുണക്കുഴികൾ ഒരു മുല്ലമൊട്ടുപോലെ വിരിയുന്നു. അവളുടെ പൂപ്പാത്രത്തിലെ കനകാംബരത്തിന്റെ ഇതളുകൾ എന്നെ മുന്നേ അറിയാമെന്ന ഭാവത്തിൽ ചിരിക്കാൻ ശ്രമിക്കുന്നു. അവളുടെ നരച്ച മൂക്കുറ്റിയിൽ ഒരു വെള്ളിനക്ഷത്രം വന്നിറങ്ങുന്നു. തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ...
നമ്പർ 6,
ജീസസ് അപ്പാർട്മെന്റ്
കെ.ഇ.ബി. റോഡ്
കൂവമ്പു നഗര
എന്റെ വിലാസമെഴുതിയ കടലാസു തുണ്ട് ഞാനവളിലേക്ക് നീട്ടുകയും അവളത് വായിക്കാതെ ബ്ലൗസിനുള്ളിലേക്ക് തിരുകുകയും ചെയ്യുമ്പോൾ അവളുടെ നുണക്കുഴികൾ ഒരു മുല്ലമൊട്ടുപോലെ വിരിയുന്നു.
അവളുടെ പൂപ്പാത്രത്തിലെ കനകാംബരത്തിന്റെ ഇതളുകൾ എന്നെ മുന്നേ അറിയാമെന്ന ഭാവത്തിൽ ചിരിക്കാൻ ശ്രമിക്കുന്നു.
അവളുടെ നരച്ച മൂക്കുറ്റിയിൽ ഒരു വെള്ളിനക്ഷത്രം വന്നിറങ്ങുന്നു.
തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ വഴിയരികിലെ കെട്ടിടങ്ങളെല്ലാം മുല്ലപ്പൂ പന്തലുകൾപോലെ സുഗന്ധം വിതറുന്നു.
മല്ലിഗെ മല്ലിഗെ എന്ന നേർത്ത ശബ്ദം എന്നെ വിടാതെ പിന്തുടരുന്നു.
പിറ്റേന്നുള്ള പ്രഭാതങ്ങൾ കൃത്യം അഞ്ചേ അമ്പതിന് അവളുടെ കാൽപെരുമാറ്റത്തിലേക്ക് ഞാനുണരാൻ തുടങ്ങുന്നു.
വീട്ടുടമ ഇനിയും മാറ്റിത്തരാത്ത പൊട്ടിയ ജനൽച്ചില്ലയിലൂടെ ഒരു മുഴം മുല്ലവെളിച്ചം എന്റെ മുറിയിലാകെ സുഗന്ധം പരത്തുന്നു.
പൊടുന്നനെ, കോണിപ്പടിയിറങ്ങിപ്പോകുന്ന അവളുടെ കുപ്പിവളകൾ കിലുകിലുന്നനെ ചിരിച്ചുകൊണ്ടേയിരിക്കുന്നു
ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ അഞ്ചേ അമ്പതിന് കൃത്യമായി ഞാൻ മുല്ലവെളിച്ചത്തിലേക്ക് ഉണരുകയും കുപ്പിവള കിലുക്കത്തിൽ കോണിപ്പടികൾ ചടുലമായി നൃത്തംവെക്കുന്നതായി തോന്നുകയും ചെയ്യുന്നു.
വാതിൽ തുറന്ന് പുറത്തേക്കിറങ്ങി നിൽക്കുമ്പോൾ അഞ്ചേയമ്പത്തൊന്നിന്, ഒരിക്കലും ചിരിക്കാത്തവരുടെ അടച്ച ഗേറ്റിന് മുന്നിൽനിന്ന് ഒരു പുഞ്ചിരി ഒരു മുഴം മുല്ലമാല കണക്കെ എന്നിലേക്ക് പറന്നിറങ്ങിക്കൊണ്ടേയിരിക്കുന്നു.
മല്ലിഗെ... മല്ലിഗെ എന്ന ശബ്ദം
നേർത്ത് നേർത്ത്...
നേർത്ത് നേർത്ത്
മഞ്ഞിലലിഞ്ഞു തീരുമ്പോഴേക്കും
ഗല്ലികളാകെ
മുല്ലക്കൊട്ടാരങ്ങളായി മാറുന്നു.
നാലാം ദിവസം ആറേയഞ്ചിന്
തെരുവിലൂടെ ഒരു ഘോഷയാത്ര
കടന്നു പോകുന്നു.
പുരുഷന്മാർ പറായ് കൊട്ടുകയും
നൃത്തം വെക്കുകയും
സ്ത്രീകൾ ഉച്ചത്തിൽ
നിലവിളിക്കുകയും ചെയ്യുന്നു.
ഇവരിടയിലൂടെയാണ്
കോർപറേഷന്റെ
അലങ്കരിച്ച വാഹനം
കടന്നു പോകുന്നത്
ഇവരിടയിലൂടെയാണ്
ഒരു പെൺകുട്ടി
മുല്ലപ്പൂകൊണ്ടലങ്കരിച്ച പെട്ടിയിൽ
കിടന്നുറങ്ങുന്നത്.
അതിൽനിന്നെപ്പോഴോ ആണ്
ഒരു മുഴം മുല്ലമാല
എന്റെ മുറ്റത്തേക്ക്
പറന്നു വീണത്.
അതിനുശേഷം ഞാൻ
മുല്ലവെളിച്ചത്തിലേക്ക്
ഉണർന്നിട്ടേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.